ഇത് വളരെ നല്ല ബന്ധമാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ തനു വന്ന് കഴിഞ്ഞേ ഇത് ഉറപ്പിക്കാനാവൂ. തനുവിന്‍റെ അച്‌ഛൻ ഗിരീഷ് വളരെ പ്രതീക്ഷയോടെ ഭാര്യയോട് പറഞ്ഞു.
“ഇനി അവൾ തീരുമാനിക്കട്ടെ. എത്ര നല്ല നല്ല ബന്ധങ്ങൾ വന്നതാ അവളെന്തെങ്കിലും കുറവ് കണ്ടെത്തും. കൂട്ടുകുടുംബം എന്ന് കേൾക്കുന്നതേ അവൾക്ക് കലിയാ. ഇനി അവൾ പറയുന്നതൊന്നും ഞാൻ കേൾക്കില്ല. അവളുടെ നിബന്ധനകളനുസരിച്ച് ഒത്തു വന്ന ബന്ധമാണിത്. പക്ഷേ എന്ത് പറയാനാ ചെറുക്കന്‍റെ കുടുംബം വലുതാണെന്ന് പറഞ്ഞ് അവൾ അങ്കം തുടങ്ങിയില്ലേ... എന്താ ഇപ്പോഴത്തെ ഈ പെൺകുട്ടികൾക്ക് പറ്റിയത്.” തനുവിന്‍റെ അമ്മ സുധ തെല്ല് സങ്കടത്തോടെ പറഞ്ഞു.
“ഇതൊക്കെ അവളുടെ ബെസ്റ്റ്ഫ്രണ്ടില്ലേ റിയാ അവള് കാരണമാണ്. നമ്മൾ പറയുന്നതിലും കൂട്ടുകാർ പറയുന്നതിലാണല്ലോ അവൾക്ക് കാര്യം.” ഗിരീഷ് അരിശത്തോടെ പറഞ്ഞു.
ഗിരീഷും സുധയും മകളുടെ പിടിവാശിയെ പറ്റി ആകുലതയോടെ പറഞ്ഞു കൊണ്ടിരിക്കെ തനു ഓഫീസിൽ നിന്നും മടങ്ങിയെത്തി. അച്‌ഛന്‍റെയും അമ്മയുടെയും മുഖം ഗൗരവം പൂണ്ടിരിക്കുന്നത് കണ്ട് തനു ചോദ്യഭാവത്തിൽ നോക്കി. തന്‍റെ കല്യാണ കാര്യമാണ് വിഷയം എന്ന് പിടികിട്ടിയതോടെ അവൾ പൊട്ടിച്ചിരിയോടെ പറഞ്ഞു.
“ഓ... പിന്നെയും വല്ല കല്യാണാലോചനയും വന്ന് കാണുമല്ലോ?”
തനുവിന്‍റെ തമാശ കലർത്തിയുള്ള സംസാരം കേട്ട് ഇരുവർക്കും ചിരിപൊട്ടി. നിമിഷനേരം കൊണ്ട് അന്തരീക്ഷമാകെ മാറി. അപ്പോഴേക്കും തനുവിന്‍റെ അമ്മ അടുക്കളയിൽ പോയി ചായയുമായി വന്നു.
ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഗിരീഷ് കണ്ണുകൊണ്ട് ആംഗ്യം കാട്ടിയതനുസരിച്ച് സുധ പുതിയ വിവാഹാലോചനയെ സംബന്ധിച്ചുള്ള വിഷയം എടുത്തിട്ടു.
“വളരെ നല്ല ബന്ധമായിട്ടാ ഞങ്ങൾക്ക് തോന്നിയത്. പയ്യന്‍റെ അച്‌ഛനും അമ്മയും മൂത്തമകന്‍റെ കുടുംബത്തിനുമൊപ്പം ഇവിടെയാ താമസം. ഇളയ മകന് മുംബൈയിലാ ജോലി. അവനൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രൊഡക്റ്റ് മാനേജരാ.”
“അപ്പോൾ തനിച്ച് താമസിക്കുകയാ അല്ലേ?” തനു ഒരു നിമിഷം ആലോചിച്ച ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതെ”
“അങ്ങനെയാണെങ്കിൽ ഞാൻ ഓകെ. പയ്യന്‍റെ അച്‌ഛനും അമ്മയും ഇടയ്ക്കിടയ്ക്ക് മുംബൈയിൽ വന്ന് ശല്യപ്പെടുത്താതിരുന്നാൽ മതി.” തനു വലിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു. തനുവിന്‍റെ നിസാരഭാവത്തിലുള്ള മറുപടി ഇഷ്ടപ്പെടാതെ സുധ പൊട്ടിത്തെറിച്ചു.
“നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? അത് അവരുടെ മകനാണ്. അവർക്ക് അവരുടെ മകനെ കാണാൻ അവിടെ ചെന്നു കൂടെ? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? എന്തൊരു ചിന്താഗതിയാ നിന്‍റേത്? കഷ്ടമാ ഇത്. നീ ഇത് എന്ത് വിചാരിച്ചാ. ഭർതൃ വീട്ടിൽ ഭർത്താവ് മാത്രമല്ല ഉള്ളത്. മറ്റ് ബന്ധുക്കളും ഉണ്ടാകും. അവരുമായും ഊഷ്മളമായ ബന്ധമുണ്ടാകണം.”
“വേണ്ടമ്മേ, എനിക്ക് അതൊക്കെ ഓർക്കുമ്പോഴെ ടെൻഷനാ, റിയ പറഞ്ഞത് എന്താണെന്ന് അറിയാമോ...”
തനു കൂട്ടുകാരിയുടെ പേര് പറയുന്നത് കേട്ടതോടെ സുധയുടെ ദേഷ്യം മൂർഛിച്ചു.
“എനിക്ക് ആ പെണ്ണ് പറഞ്ഞതൊന്നും കേൾക്കണ്ട. അവളൊറ്റ ഒരുത്തി കാരണമാ നീ ഇങ്ങനെ തലതിരിഞ്ഞു പോയത്. നമ്മുടെ കുടുംബത്തിൽ നമ്മൾ 3 പേരെയുള്ളൂ. ഒരു വലിയ കുടുംബത്തിൽ കുറേ അംഗങ്ങളുണ്ടാകും. അവരെല്ലാം ഒത്തുചേരുമ്പോൾ എന്ത് രസമായിരിക്കും.”