എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്‍റെ സമീപമെത്തി അവനു മുത്തം നൽകുമ്പോൾ എന്‍റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ തോന്നി. ഇത്ര ദിവസവും നരേട്ടനെപ്പോലെ രാഹുൽമോന്‍റെ സാമീപ്യം ഞാനും അവനിലൂടെ അറിഞ്ഞിരുന്നു. ഒരു പേരക്കുട്ടിയെന്നതിലുപരിയായി അവൻ ഞങ്ങൾക്കു മകൻ തന്നെയായിരുന്നുവല്ലോ എന്നോർത്തു. ആ ഓർമ്മ ഹൃദയഭാരം ഇരട്ടിപ്പിച്ചു. കണ്ണുകൾ തുളുമ്പാതിരിക്കാൻ നന്നേ പരിശ്രമിക്കേണ്ടി വന്നു. ഒരു പക്ഷെ ഞാനും കൂടി ദുർബ്ബലയായാൽ അത് നരേട്ടനു താങ്ങാനാവുകയില്ലെന്നു തോന്നി. ഇറങ്ങുമ്പോൾ ദേവാനന്ദ് ഞങ്ങളിരുവരുടേയും കാൽതൊട്ട് വന്ദിച്ചു. നരേട്ടൻ ഒരിക്കൽ കൂടി കൃഷ്ണമോളുടെ പക്കൽ നിന്ന് ടുട്ടുമോനെ വാങ്ങി അവനെ മുത്തങ്ങൾക്കൊണ്ടു മൂടി. വേദന കടിച്ചമർത്തി അവനെ തിരികെ ഏല്പിക്കുമ്പോൾ നരേട്ടൻ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി.
“ഇനി നിങ്ങൾ വരുമ്പോൾ ഈ മുത്തശ്ശനിവിടുണ്ടാകുമെന്ന് തോന്നുന്നില്ല കുഞ്ഞെ... ഒരു നീണ്ട യാത്ര മുത്തശ്ശനു വേണ്ടി വന്നേക്കുമെന്ന് മനസ്സു പറയുന്നു. മടക്കമില്ലാത്ത ഒരു യാത്ര.”
“അരുത് പപ്പാ... ഇത്തരം വാക്കുകൾ ഇനി പപ്പ പറയരുത്. അത് ഞങ്ങളെ എല്ലാവരേയും സങ്കടപ്പെടുത്തും.”
പപ്പായെ ജീവനായ ഒരു മകളുടെ വാക്കുകളായിരുന്നു അവ. അവൾ പപ്പയെ കെട്ടിപ്പിടിച്ചു. ആ കവിളിൽ ഉമ്മ വച്ചു. നരേട്ടനും മോളുടെ നെറ്റിയിൽ ഉമ്മ നൽകിക്കൊണ്ടു പറഞ്ഞു.
“പപ്പ വെറുതെ പറഞ്ഞതാണ് മോളെ... മോൾ അതോർത്ത് വിഷമിക്കണ്ട.”
“ഇനി ഞങ്ങൾ വരുമ്പോൾ പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണണം. അതിനു പറ്റിയില്ലെങ്കിൽ ഈ വീടു വിറ്റിട്ടു ഞങ്ങളുടെ അടുത്തേയ്ക്കു പോരണം. പപ്പ സന്തോഷമായിട്ടിരിക്കുന്നതു കാണാനാണ് ആഗ്രഹമെങ്കിൽ മമ്മി അതിനു സമ്മതിക്കും. ഇല്ലേ മമ്മീ...”
അവൾ ഒരിക്കൽ കൂടി അനുനയരൂപത്തിൽ എന്നെ നോക്കി. പക്ഷെ അവളുടെ ആഗ്രഹം നടക്കുകയില്ലെന്ന് എന്‍റെ മനസ്സു പറഞ്ഞു. പപ്പയിലൂടെ അവൾ സാധിച്ചെടുക്കാൻ ശ്രമിക്കുന്ന ഗൂഡ ലക്ഷ്യത്തെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നു. വീടു വിറ്റു കിട്ടുന്ന പണത്തിൽ കുറെ ഭാഗം അവൾക്ക് സ്ത്രീധനക്കാശായി കൊടുക്കണം. ബാക്കി പണം അവൾക്ക് ധൂർത്തടിയ്ക്കാനും. അങ്ങനെ ഞങ്ങൾ ഭവനരഹിതരും ആലംബഹീനരുമായിത്തീരാനും. ഒരു ജീവിതകാലം മുഴുവൻ ഞങ്ങൾ അദ്ധ്വാനിച്ചു നേടിയ ആ വീട് ഇങ്ങനെ ദുരുപയോഗിക്കാനായി ആ മകൾക്ക് നൽകണോ എന്ന് ഞാൻ മനഃസാക്ഷിയോടു ചോദിച്ചു നോക്കി.
എന്നാൽ അതിനുത്തരം ഇല്ല എന്നായതിനാൽ അത്തരമൊരു ചിന്ത തന്നെ ഉപേക്ഷിക്കുവാൻ എനിക്ക് നരേട്ടനെ പ്രേരിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്തു.
ചിന്തകൾ കാടു കയറിയ മനസ്സുമായി നിൽക്കുമ്പോൾ കൃഷ്ണമോൾ വീണ്ടും പറഞ്ഞു.
“അപ്പോൾ അങ്ങിനെ തന്നെ. ഞാൻ അവിടെ ചെന്നിട്ട് പപ്പയേയും മമ്മിയേയും വിളിക്കാം. അപ്പോൾ തീരുമാനം അറിയിച്ചാൽ മതി.”
മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന മട്ടിലുള്ള കൃഷ്ണമോളുടെ ഉറച്ച നിലപാട് എനിക്ക് ഒട്ടും ബോധിക്കുന്നുണ്ടായിരുന്നില്ല. എന്‍റേയും ഇളക്കമില്ലാത്ത നിലപാട് കണ്ടിട്ടാവാം അവൾ പപ്പയോടു മാത്രം യാത്ര ചോദിച്ച് ഇറങ്ങി നടന്നു.