നരേട്ടൻ പെട്ടെന്ന് അവന്‍റെ അടുത്തെത്തി അവനെ ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.
“അരുൺ... ഇനി മുതൽ നീ ഞങ്ങൾക്ക് മകനാണ്. ഞങ്ങളുടെ രാഹുൽ മോന് പ്രിയപ്പെട്ടവൻ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഞങ്ങൾക്ക് അവനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ അവൻ മുകളിലിരുന്ന് സന്തോഷിക്കട്ടെ...”
അവർ അൽപം നേരം കൂടി ആലിംഗനബദ്ധരായി നിന്നു. അങ്ങകലെ ചക്രവാള സീമയിൽ രാഹുൽ മോൻ എല്ലാം കണ്ട് പുഞ്ചിരി വിരിയിച്ചു നിൽക്കുന്നതായി തോന്നി. ഒരു ഈറൻ കാറ്റ് ഞങ്ങളെ കടന്നു പോയി. ആരുടെയോ നേർത്ത സ്പന്ദനം പോലെ.
മമ്മീ... പപ്പാ... കരയരുത്. ഞാനിവിടെത്തന്നെയുണ്ട് എന്ന് ആ കാറ്റ് ഞങ്ങളോട് മൂകമായി മന്ത്രിയ്ക്കും പോലെ തോന്നി.
അൽപം കഴിഞ്ഞ് നരേട്ടനിൽ നിന്നും വേർപെട്ട് അരുൺ പറഞ്ഞു.
“ഞാൻ ഇടയ്ക്ക് വീട്ടിൽ വരാം സാർ... എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചോളൂ. ഒരു മകനെ പോലെ ഞാൻ അടുത്തുണ്ടാകും.” ഒരു നിമിഷം നിർന്നിമേഷരായി ഞങ്ങൾ പരസ്പരം നോക്കി നിന്നു. രാഹുലിന്‍റെ സ്‌ഥാനത്ത് ഒരു മകനെക്കിട്ടിയ നിർവൃതിയോടെ.
അകലങ്ങളിൽ അപ്പോൾ സന്ധ്യാബരം തുടുത്തു തുടങ്ങിയിരുന്നു. വികാരവിവശനായ ഒരച്ഛനെപ്പോലെ സൂര്യനും ചുവന്നു തുടുത്ത് ഞങ്ങളെ നോക്കി. താഴേയ്ക്കു ഗമനം തുടർന്നു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു കാണുന്ന വെള്ളി മേഘക്കീറുകളും, വെള്ളിൽപ്പറവകളും ആകാശത്തിൽ അഭൗമാന്തരീക്ഷമൊരുക്കി ഞങ്ങളെ ആഹ്ലാദഭരിതരാക്കി. ഒരു നിമിഷം ഞങ്ങൾ നിശബ്ദരായി ആ ജഗന്നിയന്താവിന്‍റെ ഗതിവിഗതികളെക്കുറിച്ച് ഓർത്തു. ഒന്നു നഷ്ടപ്പെടുമ്പോൾ മറ്റൊന്നു നൽകി നമ്മെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനാവുന്നു. ഒരിക്കൽ കൂടി അരുണിന്‍റെ ശബ്ദം ഞങ്ങളെ ഉണർത്തി.
“ഞാൻ വരാം സർ... ഇപ്പോൾ ഞങ്ങൾ പോകട്ടെ.”
“അരുൺ തീർച്ചയായും വരണം. ഞങ്ങൾ അരുണിനെ പ്രതീക്ഷിച്ചിരിക്കും.”
അവൻ കൈവീശി ബൈക്കിൽക്കയറി യാത്രയാകുന്നതു നോക്കി ഞങ്ങൾ ഒരു നിമിഷം നിർന്നിമേഷരായി നിന്നു. പിന്നെ തിരികെ കൈവീശി അവനെ യാത്രയാക്കുമ്പോൾ രാഹുലിനെപ്പോലെ ഒരു മകനെക്കിട്ടിയതിൽ ഞങ്ങളുടെ ഹൃദയം ആനന്ദതുന്ദിലമായിത്തീർന്നു.
ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടും രണ്ടു ദിവസത്തേയ്ക്ക് അവിടെ മൂകത തളം കെട്ടി നിന്നു. രാഹുൽമോന്‍റെ ഓർമ്മകൾ എല്ലാവരും അയവിറക്കുകയാണെന്നു തോന്നി. കൃഷ്ണമോൾ, രാഹുൽമോന്‍റെ ഫോട്ടോകൾ എടുത്തു നോക്കുന്നതും, അവന്‍റെ സ്വകാര്യ ആൽബത്തിലെ ഫോട്ടോകൾ ദേവാനന്ദിനെ കാണിക്കുന്നതും കണ്ടു. ദേവാനന്ദ് താൻ അതുവരെ കാണാത്ത രാഹുലിനെ ഉറ്റുനോക്കി പറയുന്നതു കേട്ടു.
“എത്ര നിഷ്ക്കളങ്കവും സുന്ദരവുമായ മുഖം. ഈ മുഖത്തിന്നുടമ തീർച്ചയായും ഒരു നല്ല ഹൃദയത്തിനുടമയായിരിക്കും.”
“അതെ ദേവേട്ടാ... ചേട്ടൻ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നിഷ്ക്കളങ്ക ഹൃദയത്തിന്നുടമ. ചേട്ടന് സംഗീതയോടുണ്ടായിരുന്ന പ്രേമത്തെക്കുറിച്ച് എന്നോടു പറയാറുണ്ടായിരുന്നു. മെഡിസിൻ പഠനം കഴിഞ്ഞ് അവർ ഒരുമിച്ചു ജീവിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അതേക്കുറിച്ച് പപ്പയോടും മമ്മിയോടും സംസാരിക്കാൻ എന്നെ ചട്ടം കെട്ടിയിരുന്നു. പക്ഷെ സംഗീത ഒരു മാർവാഡിയുടെ മകളാണ്. പണം പലിശയ്ക്ക് കൊടുത്ത് ആൾക്കാരെ ദ്രോഹിക്കുന്ന ഒരു മാർവാഡിയുടെ മകൾ. അത്തരമൊരു ബന്ധത്തിന് പപ്പയും മമ്മിയും സമ്മതിയ്ക്കുമോ എന്ന് ചേട്ടൻ ഭയന്നിരുന്നു. പക്ഷേ സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചു പഠിക്കുകയും, സ്നേഹിക്കുകയും ചെയ്‌ത അവർക്കു തമ്മിൽ പിരിയാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ഏറെ സ്നേഹം വരുമ്പോൾ മാത്രം അവൾ രാഹുലിനെ സംബോധന ചെയ്യാറുള്ള ചേട്ടാ എന്ന വിളി ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. “ആ സംഗീത എന്നു പേരുള്ള പെൺകുട്ടി ഇന്നെവിടെയാണ്?” ദേവാനന്ദ് താൽപര്യപൂർവ്വം ചോദിക്കുന്നതു കേട്ടു.





