ബി.എ. പഠനം കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു രാജീവ്. ഇതേ അവസരത്തിലാണ് സ്നേഹ രാജീവിനെ പരിചയപ്പെടുന്നതും, രാജീവിന്‍റെ കൃത്യനിഷ്ഠയും ഉയരങ്ങൾ പിടിച്ചെടുക്കാനുള്ള ത്വരയുമൊക്കെ സ്നേഹയെ രാജീവിലേക്ക് കൂടുതലടുപ്പിച്ചതും. സ്നേഹ ഉടുക്കുന്ന സാരിയുടെ നിറം മുതൽ ഉപയോഗിക്കുന്ന കോസ്മെറ്റിക്സിനെക്കുറിച്ചു വരെ സംസാരിക്കാൻ അന്ന് രാജീവ് സമയം കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ കൊച്ചുകൊച്ചു കാര്യങ്ങൾക്കു പോലും സ്നേഹയെ അയാൾ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു.
അശ്രാന്ത പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ട് രാജീവിന് ഉന്നതപദവിയിലെത്താൻ സാധിച്ചു. എന്നാൽ ജോലിഭാരവും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും കൂടിയതോടെ സ്നേഹയെ ഫോൺ വിളിക്കാൻ പോലും രാജീവിനു സമയം തികയാതായി. ഒന്നുകിൽ മീറ്റിംഗ് അല്ലെങ്കിൽ ടൂർ പ്രോഗ്രാം... പക്ഷേ വീട്ടിലെത്തിയാൽ രാജീവ് എല്ലാം മറന്ന് സ്നേഹയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും. എന്നാൽ രാജീവിന്‍റെ ജോലിത്തിരക്ക് സ്നേഹയെ പലപ്പോഴും വല്ലാതെ അസ്വസ്ഥഥയാക്കിയിരുന്നു.
ഭർത്താവിന്‍റെ ഔദ്യോഗിക തിരക്കുകൾ മനസ്സിലാക്കാൻ ഭാര്യയ്ക്ക് സാധിക്കാതെ വരുന്നതാണ് പല പ്രശ്നനങ്ങൾക്കും കാരണമായിത്തിരുന്നത്. ഭർത്താവിന്‍റെ ആഗ്രഹങ്ങളും ഔദ്യോഗിക തിരക്കുകളും കാരണമാണ് ഭർത്താവ് വൈകുന്നതെന്ന് ഭാര്യ മനസ്സിലാക്കണം. പണം സമ്പാദിക്കണമെന്ന മോഹവും ഉദ്യോഗക്കയറ്റം എന്ന ലക്ഷ്യവും വ്യക്തിപരമായ ആഗ്രഹങ്ങളുമൊക്കെയാണ് ഒരാളെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. വീട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇക്കൂട്ടർ തയ്യാറായെന്നു വരില്ല. പ്രൊഫഷനിലും കരിയറിലുമാവും ഇക്കൂട്ടർക്ക് താല്പര്യം. 16 മണിക്കൂർ ജോലി ചെയ്താലും ഇവർക്ക് യാതൊരു പ്രശ്‌നവും തോന്നില്ല. പക്ഷേ, ഭർത്താവിന്‍റെ അഭാവം ഭാര്യയെ വല്ലാതെ ഒറ്റപ്പെടുത്തിയെന്നും വരാം.
ജോലി ഭ്രമം
ജോലിയോട് അമിതമായ ആസക്തിയുള്ളവർ നല്ല ചുണയും ചുറുചുറുക്കും പെട്ടെന്നു കോപിക്കുന്ന സ്വഭാവവുമുള്ളവരായിരിക്കും. വിജയലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്നവരാവും ഇവർ. അവിശ്വസനീയമായ ഏകാഗ്രതയും ഇവരിലുണ്ടാവും. വിവാഹനാളുകളിൽ ഭർത്താവിന്‍റെ ശ്രദ്ധാകേന്ദ്രം ഭാര്യയായിരിക്കും. ഭാര്യയുടെ അഗാധമായ സ്നേഹവും വിശ്വാസവും ജോലി സംബന്ധമായ പ്രശ്നനങ്ങളിലേക്ക്, വെല്ലുവിളികളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഭർത്താവിന് ആത്മധൈര്യം നൽകും
ഭാര്യ തന്നെ ആത്മമാർത്ഥമായി സ്നേഹിക്കുന്നു. വിശ്വസിക്കുന്നുവെന്ന ധാരണ ഭർത്താവിൽ കൂടുതൽ സന്തോഷം ഉളവാക്കും. കരിയറുമായി ബന്ധപ്പെട്ട കൂടുതൽ വെല്ലുവിളികളുള്ള ജോലിയുടെ നേർക്ക് തിരിയാൻ അപ്പോൾ അയാൾക്ക് ഉത്സാഹം കൂടും. ഭാര്യയുടെ സ്നേഹവും പൂർണ്ണ പിന്തുണയും ലഭിക്കുന്നതോടെ തന്‍റെ കരിയറിന് കൂടുതൽ കരുത്തു നൽകുന്നതിനുള്ള ശ്രമത്തിലാവും അയാൾ.
“എപ്പോഴും പിന്നാലെ ചുറ്റിപ്പറ്റി നടക്കുന്ന ഭർത്താവിനെ ഒരു ഭാര്യക്കും ഇഷ്‌ടമാവില്ല. ചിലർ ജോലിയിൽ ലയിച്ചിരിക്കാൻ ഏറെ താല്പര്യമുള്ളവരായിരിക്കും. സദാ പ്രണയിച്ചിരിക്കാൻ സാധിക്കുകയില്ലല്ലോ. ഇത്തരക്കാരെ സംബന്ധിച്ച് ജോലിയിലൂടെ ലഭിക്കുന്ന ആത്മസംതൃപ്‌തി മറ്റൊരു തരത്തിലുള്ള സന്തോഷവുമായി തുലനം ചെയ്യുവാൻ സാധിച്ചെന്നുവരില്ല." ഉദ്യോഗസ്‌ഥയായ നീത ഭർത്താവിനെക്കുറിച്ച് തന്‍റെ അഭിപ്രായം വ്യക്തമാക്കുന്നു.
ജോലിയോടുള്ള അമിതമായ താല്‌പര്യം, ആകാംക്ഷ, പണം സമ്പാദിക്കണമെന്ന ആഗ്രഹം ഇവയെല്ലാം പുരുഷന് സവിശേഷമായൊരു ആനന്ദം പ്രദാനം ചെയ്യുന്നുവെന്നാണ് മനഃശാസ്ത്രജന്മാർ കരുതുന്നത്. പുരുഷൻ സാമ്പത്തികമായും ഭൗതികമായും സമ്പന്നനായിരിക്കണമെന്നതാണ് സമൂഹത്തിൻറ കാഴ്ചപ്പാട്. ഭാര്യയുടെ കരിയർ എത്രയൊക്കെ ഉന്നതമാണെങ്കിലും ഭർത്താവിൻറ സ്ഥാനമാനങ്ങൾ അതിലും ഉന്നതമായിരിക്കണമെന്നാണ് എല്ലാവർക്കും താല്പര്യം.