"സുഷമേ, ഓഫീസിൽ പോകാൻ സമയമായി. പേയിംഗ് ഗസ്‌റ്റ് വന്നാൽ മുറി കാണിച്ചു കൊടുക്കണം." ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ഞാൻ സുഷമയോട് പറഞ്ഞു.
“പക്ഷേ ചേച്ചീ, ആരാ, എന്താ എന്നറിയാതെ ഞാനെങ്ങനെ അയാളെ മുറി കാണിക്കും. വല്ല സ്ത്രീയുമായിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇത് പക്ഷേ." സുഷമ നിസ്സഹായതയോടെ എന്നെ നോക്കി.
“നീ അതോർത്ത് ടെൻഷനടിക്കണ്ട. അയാൾ വന്നാൽ എന്നെ ഫോണിൽ കോണ്ടാക്‌ട് ചെയ്യാൻ പറയണം.”
“ശരി ചേച്ചി,” അവൾക്ക് അപ്പോഴാണ് ആശ്വാസമായത്. ഓഫീസിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ പേയിംഗ് ഗസ്റ്റ് വന്നോ എന്നറിയാനായി ഞാൻ ഫോൺ ചെയ്‌ൽ സുഷമയോട് കാര്യം തിരക്കി. പക്ഷേ, അപ്പോഴും അയാൾ എത്തിയിരുന്നില്ല. പേയിംഗ് ഗസ്റ്റായി വരുന്നയാൾ മൂത്ത ജ്യേഷ്ഠന്‍റെ മകൻ അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാണ്. അയാളെ വീട്ടിൽ താമസിപ്പിക്കണമെന്ന് അരുൺ പ്രത്യേകം ശുപാർശയും ചെയ്തിരുന്നു. അരുൺ നിർബന്ധിച്ചതിനാൽ വേണ്ടായെന്ന് പറയാനും കഴിഞ്ഞില്ല. എം.ബി.എയ്ക്ക് വേണ്ടിയുള്ള ഏതോ പ്രൊജക്ട് വർക്കിനായാണ് അയാൾ വരുന്നത്.
ഞാൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ വീട്ടിൽ സുഷമ മാത്രമേ കാണുകയുള്ളൂ. പേയിംഗ് ഗസ്റ്റ് ഒരു പുരുഷനായതുകൊണ്ട് അവൾക്ക് എതിർപ്പുണ്ടായിരുന്നു. സുഷമയുമായി എനിക്ക് നീണ്ട് 8-9 വർഷത്തെ ബന്ധമുണ്ട്. ഓഫീസിലെ എന്‍റെ സഹപ്രവർത്തക ഏർപ്പെടുത്തിത്തന്ന സഹായിയാണവൾ. എന്‍റെ പരിചാരികയായിരുന്നുവെങ്കിലും എനിക്കവൾ സ്വന്തം സഹോദരിയായിരുന്നു. ആഴ്ചയിൽ ആറുദിവസം അവൾ എനിക്കൊപ്പമുണ്ടാകും. ശനിയാഴ്ച അവൾ വീട്ടിൽ പോകും. തിങ്കളാഴ്‌ച രാവിലെയേ മടങ്ങി വരൂ. അതായിരുന്നു അവളുടെ പതിവ്. ഫോൺ മുഴങ്ങിയതു കേട്ട് ഞാൻ റിസീവർ കൈയിലെടുത്തു.
“എന്താ സുഷമേ,” ശബ്ദം തിരിച്ചറിഞ്ഞ് ഞാൻ കാര്യം തിരക്കി
"അത് ചേച്ചീ, പുതിയ പേയിംഗ് ഗസ്‌റ്റ് വന്നിട്ടുണ്ട്. ചേച്ചി സംസാരിച്ചോ. എന്നിട്ട് ഞാനയാളെ മുറി കാണിക്കാം." സുഷമ ബുദ്ധിമതി തന്നെ.
"ഹലോ"
"ഞാൻ പുതിയ പേയിംഗ് ഗസ്‌റ്റാ. സന്ദീപ് കൃഷ്ണൻ, അരുണിന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടാ." യുവാവ് തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു.
“ങ്ഹേ, സന്ദീപ് കൃഷ്‌ണനെന്നോ?" അരുതാത്തതെന്തോ കേട്ടതുപോലെ ഞാൻ ഞെട്ടിത്തരിച്ചിരുന്നു.
“അതെ." യുവാവ് മറുപടി പറഞ്ഞു.
"ഓകെ, ഫോൺ സുഷമയ്ക്ക് കൊടുക്കൂ." എന്‍റെ ശബ്ദത്തിൽ വല്ലാത്ത കയ്‌പ് പടർന്നിരുന്നു.
“ങ്ഹാ ചേച്ചി, പറഞ്ഞോ," സുഷമയുടെ ശബ്ദം മുഴങ്ങി. “നീ അയാൾക്ക് മുറി കാണിച്ചുകൊടുക്ക്."
"ശരി ചേച്ചി.” അവളുടെ ശബ്ദത്തിലും നീരസമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
“നീ വിഷമിക്കണ്ട. ഞാൻ ഇന്ന് നേരത്തേ എത്താൻ നോക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിച്ച് ഉറപ്പിക്കാം.” എന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ച ശേഷം ഞാൻ ഫോൺ വെച്ചു. ആ അപരിചിതന് എന്‍റെ ഭൂതകാലവുമായി എന്തെങ്കിലും ബന്ധം കാണുമോ? ആ ചോദ്യം എന്‍റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ഫോണിലൂടെ മുഴങ്ങിയ ഗാംഭീര്യം നിറഞ്ഞ ശബ്ദം എന്നെ ഭൂതകാലത്തേക്ക് പിടിച്ചു നടത്തി. കസേരയിൽ ചാരിയിരുന്ന് ഞാൻ കണ്ണുകളിറുക്കിയടച്ചു.
25 വർഷം പിന്നിലേയ്ക്ക് മനസ്സു പാഞ്ഞു. മനസ്സിന്‍റെ എതോ കോണിൽ ചിലരിച്ചു തുടങ്ങിയ ആ ഓർമ്മകളിലേക്ക്....