ഗംഗാധരന്‍റെ ഭാര്യ

ഫോൺ നിരന്തരം ശബ്‌ദിച്ചുകൊണ്ടിരുന്നു. അടുക്കളയിൽ വിസിലടിച്ചു കൊണ്ടിരുന്ന കുക്കർ ഓഫ് ആക്കി അവർ ഫോണെടുത്തു. ഈ സമയത്ത് ഇതാരായിരിക്കും?

“ഹലോ”

“ഹലോ അമ്മേ..” മിനിയുടെ ശബ്‌ദം. എന്താ ഈ സമയത്ത് മിനി വിളിക്കുന്നത്?

“നീ ഇതുവരെ ഓഫീസിൽ പോയില്ലേ?”

“പോകാൻ ഒരുങ്ങുകയാ, അതിനു മുമ്പ് അമ്മയെ വിളിക്കാമെന്ന് കരുതി” മിനി പറഞ്ഞു.

“എന്താ പ്രത്യേകിച്ച് കാര്യം?”

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. സുഖം തന്നെയല്ലേ?” മിനി ചോദിച്ചു.

“അതിന് എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ?” അവർ അതിശയത്തോടെ പറഞ്ഞു.

“അമ്മ ഫോൺ വളരെ വൈകിയാണല്ലോ എടുത്തത്. അതുകൊണ്ട് ചോദിച്ചതാ” മിനി പറഞ്ഞു.

“ഞാൻ അടുക്കളയിൽ പാചകം ചെയ്യുന്ന തിരക്കിലായിരുന്നു” അവർ പറഞ്ഞു.

“പിന്നെ എന്തുണ്ട് വിശേഷം” മിനി സംഭാഷണം നീട്ടിക്കൊണ്ട് പോകാൻ താൽപര്യം കാണിച്ചു.

“എല്ലാം നല്ലതുപോലെ നടക്കുന്നു മോളേ” ഇതു പറയുമ്പോഴും അവർ ആലോചിച്ചത് മിനിയ്‌ക്ക് ഇത് എന്തുപറ്റി എന്നാണ്. രാവിലെ തന്നെ ഓഫീസ് സമയത്ത് ഫോൺ ചെയ്യുന്നു. അലസമായി സംസാരിക്കുന്നു. കാര്യമായി എന്തോ ഉണ്ട്.

“അമ്മേ… ഇപ്പോൾ അച്‌ഛൻ ഫോൺ വിളിച്ചിരുന്നു” മിനി പറഞ്ഞു.

“അച്‌ഛൻ വിളിച്ചിരുന്നുവെന്നോ, പക്ഷേ എന്തിന്?” അവർ അതിശയിച്ചു.

“അമ്മയോട് സംസാരിക്കണമത്രേ. 3-4 ദിവസമായി മൂഡ് ശരിയല്ലെന്ന്” മിനി മടിച്ചു മടിച്ചു പറഞ്ഞു.

അതു ശരി, അപ്പോൾ അതാണ് കാര്യം. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവർ പറഞ്ഞു.

“ഏയ് ഒന്നുമില്ല. ചെറിയൊരു ക്ഷീണം. അതുപോട്ടെ നീ ഓഫീസിൽ പോകാൻ നോക്ക്. വെറുതെ വൈകണ്ട.”

“ശരി, അമ്മ സ്വയം ശ്രദ്ധിക്കണേ” മിനി ഫോൺ വച്ചു.

അവർക്ക് എല്ലാം മനസ്സിലായി. കഴിഞ്ഞ ആഴ്‌ചയിലെ പ്രശ്നമാണ്. ഗംഗാധരൻ ടിവി കാണുകയായിരുന്നു. അപ്പോൾ അവർ പറഞ്ഞു.

“ഇന്ന് ഉച്ചയ്‌ക്ക് ആനന്ദേട്ടന്‍റെ വീട്ടിൽ മോഷണം നടന്നു.”

“അതുശരി.”

“ആനന്ദേട്ടന്‍റെ ഭാര്യ മാർക്കറ്റിൽ പോയ സമയമായിരുന്നു. മടങ്ങി വന്നപ്പോഴാണ് വിവരമറിഞ്ഞത്. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ?” അവർ ടിവിയുടെ ഒച്ച കുറച്ച് കൊണ്ട് ചോദിച്ചു.

“ആ… ഞാൻ കേൾക്കുന്നുണ്ട്. ആനന്ദേട്ടന്‍റെ വീട്ടിൽ കള്ളൻ കയറി. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. അതല്ലേ… പറഞ്ഞത്. നിങ്ങൾ സ്‌ത്രീകൾ വായ തുറന്നാൽ അടയ്‌ക്കില്ല. എന്തെങ്കിലും കിട്ടിയാൽ സംസാരിച്ചു കൊണ്ടേയിരിക്കും” ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം ടിവിയുടെ വോള്യം കൂട്ടി.

ഇത് കേട്ടപ്പോൾ അവർ വല്ലാതായി. പട്ടാപ്പകൽ കോളനിയിൽ കള്ളൻ വരുന്നതും വീട്ടിൽ കയറി മോഷണം നടത്തുന്നതും ചെറിയ കാര്യമാണോ? ഈ ആണുങ്ങൾ എന്താ സംസാരിക്കാത്തവരാണോ? അവർ പിറുപിറുക്കാൻ തുടങ്ങി.

അന്നേ ദിവസം അവരുടെ പെരുമാറ്റത്തിൽ കാര്യമായ വ്യത്യാസം വന്നു. എന്തെങ്കിലും ചോദിച്ചാൽ ഉണ്ട്, ഇല്ല എന്നൊക്കെ രണ്ട് വാക്കിൽ മൂളാൻ തുടങ്ങി. അത്യാവശ്യം കാര്യം മാത്രം പറഞ്ഞു. ഒരു തരം പ്രതിഷേധം തന്നെയായിരുന്നു അത്. ഇങ്ങനെ സംഗതി കൂടുതൽ വഷളാകുമെന്ന് കണ്ടപ്പോഴാണ് ഗംഗാധരൻ മിനിയ്‌ക്ക് ഫോൺ ചെയ്‌തത്.

ഇത് ആദ്യ സംഭവമൊന്നുമല്ല. ഭാര്യ എന്തെങ്കിലും പറയാൻ തുനിയുമ്പോൾ അദ്ദേഹം ചെവി കൊടുക്കില്ല. നിസ്സാര കാര്യമായി അവരുടെ സംസാരത്തെ അവഗണിച്ചുകളയും. ഇങ്ങനെ പലപ്പോഴും സംഭവിച്ചപ്പോൾ, താൻ അപമാനിക്കപ്പെടുകയാണെന്ന് അവർക്ക് തോന്നി തുടങ്ങി…

അപ്പോഴാണ് അവർ ഒരു കാര്യം ഓർത്തത്. മറ്റൊരു ദിവസത്തെ കാര്യമാണ്. രണ്ടുപേരും ഉറങ്ങാൻ കിടന്നപ്പോൾ അവർ എന്തോ കാര്യം പറയാൻ തുടങ്ങി. “ഇന്ന് മഞ്ചുവിന്‍റെ ഫോൺ വന്നിരുന്നു. അവർ പറയുകയാണ്…”

“യ്യോ… ഉറക്കം വരുന്നു. ഞാനൊന്ന് ഉറങ്ങട്ടെ ഭാര്യേ. രാവിലെ എഴുന്നേറ്റ് ഞാൻ കഥ കേട്ടോളാം” ഗംഗാധരൻ ഒരു വശത്തേയ്‌ക്ക് ചെരിഞ്ഞു കിടന്നു.

സ്വന്തം വീട്ടിൽ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കണമെങ്കിൽ സമയവും കാലവും നിശ്ചയിക്കപ്പെടണമെന്ന് വരുന്നത് വലിയ കഷ്‌ടമാണ്. അവരുടെ മനസ്സ് കലങ്ങിപ്പോയി… പിന്നെ മിണ്ടാതെ കിടന്നു… ഉറക്കം വന്നത് വളരെ വളരെ കഴിഞ്ഞാണ്… ഗംഗാധരൻ രാവിലെ നടക്കാൻ പോയപ്പോൾ മഞ്ചുവിനെ കണ്ടു. എല്ലാവരും പെട്ടെന്ന് തന്നെ അഭിനന്ദനങ്ങൾ അറിയിച്ചു.

“എന്തിനാണടോ, അവർ അഭിനന്ദിച്ചത്. ഞാനും കൂടി ഒന്ന് അറിയട്ടെ” ഗംഗാധരൻ പറഞ്ഞു.

“പിങ്കു മെഡിക്കൽ എൻട്രൻസ് പാസായതിന്. ഞാൻ ഫോൺ ചെയ്‌തിരുന്നുവല്ലോ” മഞ്ചു ഉടനെ മറുപടി നൽകി.

“പിങ്കു വിജയിച്ച കാര്യം എന്നോട് എന്താ പറയാഞ്ഞത്?” വീട്ടിലെത്തിയ ഉടനെ ഗംഗാധരൻ ഭാര്യയോട് ചോദിച്ചു.

“രാത്രി ഞാനീ കാര്യം പറയാനാണ് വന്നത്. അപ്പോൾ ഇടയിൽ കയറി ഗംഗാധരൻ പറഞ്ഞു. “ആ.. സാരമില്ല വൈകുന്നേരം അവരുടെ വീട്ടിൽ പോയി അഭിനന്ദനം അറിയിക്കാം.”

വൈകുന്നേരം മഞ്ചുവിന്‍റെ വീട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഓർത്തത്. കുറച്ച് ദിവസം മുമ്പ് ശൈലേന്ദ്രന്‍റെ വിവാഹ വാർഷികമായിരുന്നല്ലോ.

“വേഗം റെഡിയാവൂ, നമ്മൾ എപ്പോഴും വൈകിയാണ് എത്താറുള്ളത്” ഗംഗാധരൻ ധൃതിപിടിച്ചു.

“ഞാൻ റെഡിയാ.”

“എന്താ പറഞ്ഞത്? നീ ഈ ഡ്രസ്സ് ഇട്ടാണോ വരുന്നത്… വേറെ നല്ല ഡ്രസ്സ് ഒന്നുമില്ലേ നിനക്ക്? നല്ലതില്ലെങ്കിൽ പുതിയത് തയ്‌പ്പിച്ചു കൂടേ” ഇങ്ങനെയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ കമന്‍റ്. അവർ ഉടനെ തനിക്ക് ഇഷ്‌ടപ്പെട്ട സാരി അഴിച്ചുമാറ്റി വേറെ ഒരെണ്ണം എടുത്ത് ഉടുത്തു.

“ഇത് കൊള്ളാം” അയാളുടെ മുഖം പ്രസന്നമായി. അഭിനന്ദനം ഇഷ്‌ടപ്പെടാത്തവരായി ആരുണ്ട്. അതിനാൽ ഇന്ന് അവർ അദ്ദേഹത്തിന്‍റെ ഇഷ്‌ടം അറിയാനായി ചോദിച്ചു.

“ഇതിൽ ഏത് സാരി ഉടുക്കണം ഞാൻ.”

“ഏതെങ്കിലും എടുത്ത് ഉടുത്തോളൂ. ഈ കാര്യങ്ങളെല്ലാം എന്നോട് ചോദിക്കണോ?” ഗംഗാധരൻ ചോദിച്ചു.

“അതു ശരി, ഇപ്പോ അങ്ങനെയായോ…” അവർ മനസ്സിൽ കരുതി. എന്നിട്ട് ഒരു സാരി വാരിവലിച്ചുടുത്ത് മഞ്ചുവിനെ കാണാൻ ഗംഗാധരനൊപ്പം ഇറങ്ങി.

ഇങ്ങനെയൊക്കെയായിരുന്നു അവരുടെ ജീവിതം. ഗംഗാധരൻ സരസൻ ആയിരുന്നില്ല. എല്ലാത്തിലും സീരിയസ്സാണെന്ന് തോന്നും. പക്ഷേ അത്ര സീരിയസ്സ് അല്ലതാനും.

മിനിയുടെ ഫോൺ എണ്ണയിൽ തീ ഒഴിക്കുന്ന പണിയാണ് ഉണ്ടാക്കിയത്. അവർ ഗംഗാധരനോട് കൂടുതൽ മിണ്ടാതായി. മഞ്ചുവും അവരും ഒരു ദിവസം ചുറ്റിക്കറങ്ങാനായി ഇറങ്ങി. മഞ്ചു ഒരു കിലോ മുന്തിരി വാങ്ങി. അവരും വാങ്ങി ഒരു കിലോ. നീ എന്താ ഒന്നും വാങ്ങിയില്ലെ എന്ന് ഗംഗാധരൻ ചോദിക്കുമല്ലോ എന്ന് കരുതിയാണ് അവർ മുന്തിരി വാങ്ങിയത്. അതും വിലക്കുറവ് ഉള്ളതുകൊണ്ട് മാത്രം. മാത്രമല്ല ഗംഗാധരന് മുന്തിരി വളരെ ഇഷ്‌ടവുമാണ്.

കൈയിൽ പൊതി കണ്ടതും ഗംഗാധരൻ ചോദിച്ചു. “അല്ല ഇതെന്താ വാങ്ങിയത്?”

“മുന്തിരി.”

“കിലോ എന്താ വില?”

“മുപ്പത് രൂപ.”

“അയ്യോ അത് കൂടുതലാണല്ലോ.” അര കിലോയോ മറ്റോ വാങ്ങിയാൽ പോരായിരുന്നോ? നാളെ ഞാൻ മാർക്കറ്റിൽ പോകാൻ ഇരിക്കുകയായിരുന്നു” ഗംഗാധരൻ പറഞ്ഞു.

ഇതുകേട്ടപ്പോഴാണ് അവർക്ക് ആ കാര്യം ഓർമ്മ വന്നത്. ഒരു ദിവസം അവർ ലക്‌സിന്‍റെ ഒരു സോപ്പ് വാങ്ങുകയായിരുന്നു.

“ഒന്ന് മതിയോ?”

“ബാക്കി നിങ്ങൾ മാർക്കറ്റിൽ പോകുമ്പോൾ ഹോൾ സെയിൽ കടയിൽ നിന്ന് വാങ്ങിയാൽ മതി” അവർ പറഞ്ഞു.

“നീ എന്തിനാ എല്ലാ പ്രാവശ്യവും കാശിനെപ്പറ്റി ചിന്തിക്കുന്നത്. ഒരു ഫാമിലി പാക്കറ്റ് സോപ്പ് വാങ്ങിക്കോ. ഇനി ഞാൻ മാർക്കറ്റിൽ എപ്പോഴാണ് പോകുന്നതെന്ന് അറിയില്ല” അതായിരുന്നു ഗംഗാധരന്‍റെ മറുപടി.

തന്‍റെ തെറ്റ് എവിടെയാണെന്നും ശരി എവിടെയാണെന്നും അവർക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല. എന്തു ചെ്‌യതാലും ഗംഗാധരന്‍റെ കണ്ണിൽ തിരുത്താനുള്ളത് ഉണ്ടാവും. ഇതെന്ത് ജീവിതമാണ് അപ്പാ.. ഓർമ്മകളിൽ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ രേഖപ്പെടുത്തി വച്ചിരുന്നു. ഈയിടെ ഇതു കാരണം നെഗറ്റീവ് ചിന്ത അവരിൽ വേരുറച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ പ്രാവശ്യം തറവാട്ടിൽ ചെന്നപ്പോൾ നാത്തൂൻ നല്ല കറികൾ ഉണ്ടാക്കിയിരുന്നു ഊണിന്. കഴിക്കുമ്പോൾ ഗംഗാധരൻ അവരെ വാതോരാതെയാണ് അഭിനന്ദിച്ചത്. ഇതുകേട്ട് അവർക്ക് നല്ല കലി വന്നിരുന്നു. പക്ഷേ സ്വന്തം വീട്ടിൽ വന്നിട്ട് ഒച്ച വയ്‌ക്കുന്നത് ആരെങ്കിലും കണ്ടാൽ മോശമല്ലേ…

താൻ വീട്ടിൽ എന്തുണ്ടാക്കിയാലും കുറ്റം പറയുന്ന ആൾക്ക് ഇത്ര നന്നായി അഭിനന്ദിക്കാനും അറിയാമെന്ന് അവർക്ക് അന്നാണ് മനസ്സിലായത്.

സംഗതി ശരിയാണ്. കറികൾ എല്ലാം നല്ല രുചിയുള്ളവ ആയിരുന്നു. ഇതുപോലെ താനും ഉണ്ടാക്കാറുണ്ടല്ലോ.. പക്ഷേ സന്തോഷത്തോടെ ഒരു നല്ല വാക്ക് ഇതുവരെ അതിന്‍റെ പേരിൽ കിട്ടിയിട്ടില്ല.

ഭർത്താവിന്‍റെ കോംപ്ലിമെന്‍റ് കേൾക്കാൻ ഇഷ്‌ടമില്ലാത്ത ഭാര്യമാരുണ്ടോ? ആ സന്തോഷം അവർ ഇതുവരെ അനുഭവിച്ചിട്ടില്ല. ഒരു കർക്കശക്കാരനായ സ്‌ക്കൂൾ അദ്ധ്യാപകന്‍റെ റോളായിരുന്നു ഗംഗാധരന് എന്ന് അവർക്ക് തോന്നി തുടങ്ങിയിരുന്നു. എന്തു ചെയ്‌താലും കുറ്റം കാണുന്ന മനസ്സ്. പക്ഷേ വീട്ടിൽ മാത്രമേ അതുള്ളൂ. പുറത്ത് പോകുമ്പോൾ എല്ലാം വാരിക്കോരി കൊടുക്കും.. അവർ ഇങ്ങനെ ഓരോന്ന് ഓർത്ത് കഴിയുന്നത് പതിവായി.

തന്‍റെ സാന്നിദ്ധ്യം ഇല്ലാതാകുന്നതോടെ തന്‍റെ വില അറിയും എന്ന് അവർ വിചാരിച്ചു. അങ്ങനെയിരിക്കേ അവരുടെ അമ്മയ്‌ക്ക് സുഖമില്ലാതായി. പതിനഞ്ച് ദിവസം തറവാട്ടിൽ പോയി നിൽക്കേണ്ടി വന്നു. അങ്ങനെ പോയി മടങ്ങി വന്ന ദിവസം ഒരു ഉൾപുളകത്തോടെ അവർ ഗംഗാധരനോട് ചോദിച്ചു. “ഞാനില്ലാത്തപ്പോൾ ഏകാന്തത തോന്നിയോ? ശരിക്കും രാത്രിയിൽ ബോറടിച്ചു കാണും അല്ലേ?”

“ഏയ് ഇല്ല. എനിക്ക് ഒറ്റപ്പെടൽ തോന്നിയതേയില്ല. ടിവി കണ്ടിരുന്ന് ഞാൻ ഉറങ്ങി പോകും. നേരം പോകുന്നത് അറിഞ്ഞതേയില്ല.”

പുരുഷന്മാരുടെ ഈഗോ അവരെ അങ്ങനെയേ പറയാൻ പ്രേരിപ്പിക്കൂ. ഈ ഈഗോ കണ്ടുപിടിച്ചത് തന്നെ ഗംഗാധരനാണ്. അവർക്ക് അന്ന് ശരിക്കും ദേഷ്യം വന്നു. ദേഷ്യം കലർന്ന സങ്കടം എന്ന് പറയുന്നതാവും ശരി.

ഒരു ചൂടു ചായ കുടിക്കാൻ തോന്നുന്നു. അവർ ഫ്രിഡ്‌ജിൽ നോക്കിയപ്പോൾ പാല് കുറവാണ്. വാച്ചിൽ നോക്കി. ഗംഗാധരൻ ഊണ് കഴിക്കാനായി വരാൻ ഇനിയും സമയമുണ്ട്. മൂന്നു മണിയ്‌ക്ക് പോകുമ്പോൾ ഒരു ചായ പതിവുള്ളതാണ്.

പീടികയിൽ എത്തിയതും മൊബൈൽ അടിച്ചു. അദ്ദേഹമാണ്. “ഈ നട്ടുച്ചയ്‌ക്ക് നീ വീടും പൂട്ടി എവിടെ പോയിരിക്കുകയാ… ഞാൻ പുറത്ത് കാത്ത് നിൽക്കുകയാണ്. എന്‍റെ കൈയിലാണെങ്കിൽ താക്കോലും ഇല്ല” ഒറ്റശ്വാസത്തിലാണ് ഗംഗാധരൻ സംസാരിച്ചത്.

“വീട്ടിൽ പാല് ഇല്ലായിരുന്നു. അത് വാങ്ങാൻ വന്നതാ.”

“ഈ പൊരി വെയിലത്തോ, വിളിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാൻ വാങ്ങിക്കൊണ്ട് വരുമായിരുന്നില്ലേ?”

“ഫോൺ ചെയ്‌താൽ കാശ് വെറുതെ പോകില്ലേ” എന്ന് ചോദിക്കാൻ അവരുടെ നാവ് പൊന്തിയതായിരുന്നു പിന്നെ വേണ്ടാന്ന് വച്ചു.

“ഒരു നടത്തം ആകുമല്ലോ എന്ന് കരുതി.”

“വെയിലത്ത് നടക്കാൻ ഭ്രാന്തുണ്ടോ?” വളരെ ശാന്തമായാണ് അയാൾ ചോദിച്ചത്. “നിന്‍റെ സൗന്ദര്യം വാടി പോകില്ലേ?”

“ഹയ്യോ… ഇദ്ദേഹം ഇത്രയ്‌ക്ക് റൊമാന്‍റിക് ആയിരുന്നോ?”

പെട്ടെന്നാണ് അവർ ആ കാര്യം ഓർത്തത്. മിനിമോൾ വിളിച്ചതിന്‍റെ രഹസ്യം. ലോഹ്യം കൂടാൻ ആണുങ്ങൾ അങ്ങനെ കൃത്രിമമായി പലതും പറയും. പഞ്ചാരവാക്കിൽ വീണു പോകരുത്. അത് ഭർത്താവിന്‍റെ ഭാഗത്തു നിന്നായാൽ പോലും.

ഹൃദയത്തിന്‍റെ ഉള്ളിൽ പുറത്ത് പറയാനുള്ള വാക്കുകൾ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഈ അമർഷം കാണിച്ചിട്ട് എന്തു നേടാനാണ്. അവർ ഗംഗാധരൻ ഉണരുന്നതിനു മുമ്പ് അടുക്കളയിൽ കയറി കാപ്പിയിട്ടു. നല്ലതുപോലെ പാൽ ചേർത്ത ആവി പറക്കുന്ന കാപ്പി. ഈ കാപ്പി കുടിച്ച ശേഷം അദ്ദേഹം എന്തു പറയുമെന്നോ അതിനു എന്ത് മറുപടി നൽകുമെന്നോ ആലോചിക്കാൻ നിന്നില്ല.

എന്തിനാണ് എല്ലാ വാക്കുകളിലും താൻ നെഗറ്റീവായ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്. മറ്റൊരാളെ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം മാറുന്നതല്ലേ?

“ഇതാ കാപ്പി!” ഗംഗാധരൻ ഉറക്കച്ചടവോടെ അവരുടെ മുഖത്തേയ്‌ക്ക് നോക്കി. കാപ്പി വാങ്ങി കുടിച്ചു.

“മധുരം തീരെ കുറവാണല്ലോ.”

“ആണോ? എങ്കിൽ ഞാൻ കുറച്ച് കൂടി പഞ്ചസാര ഇട്ടുതരാം.”

വളരെ ശാന്തമായ മനസ്സോടെ അവർ ഇതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

അവർ പഞ്ചസാര പാത്രം കൈയിലെടുത്ത് തിരിച്ച് മുറിയിലേയ്‌ക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ഒരു വിളികേട്ടു.

സരസ്വതി…

ഹൃദയത്തിന്‍റെ ഭാരം ഇറങ്ങിപോവുന്ന ഒരു സ്വരമായിരുന്നു അത്. അവർ ഉടനെ ചെന്ന് കാപ്പിയിൽ പഞ്ചസാര ഇട്ട് ഇളക്കാൻ തുടങ്ങി പഞ്ചസാരയോടൊപ്പം അവരുടെ മനസ്സിലെ എല്ലാ പിണക്കവും അലിഞ്ഞു പോയി.

സരസ്വതി എന്തോ ഓർത്തിരുന്നപ്പോൾ ഗംഗാധരൻ പറഞ്ഞു.

“ഇപ്പോ നിന്‍റെ കാപ്പി കൊള്ളാം.”

സാഗരസംഗമം ഭാഗം- 29

“അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങൾക്കുള്ളിൽ മനസ്സിനേറ്റ ആഘാതങ്ങൾ പലതായിരുന്നു എന്ന് എനിക്കു മാത്രം അറിവുള്ളതാണല്ലോ… അത് രാമേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ എനിക്കാവുകയില്ലെന്നറിയാമായിരുന്നു. എന്‍റെ ഒഴിഞ്ഞു മാറ്റത്തിന്‍റെ കാരണവും അതായിരുന്നു.

“അല്ല… മാഡത്തിന്‍റെ അമ്മ മരിച്ചുവെന്നറിഞ്ഞു. എന്തായിരുന്നു അസുഖം? എത്ര വയസ്സുണ്ടായിരുന്നു?”

അമ്മ മരിച്ച കാര്യം അരുന്ധതി ആയിരിക്കും പറഞ്ഞത്… രാമേട്ടനോട് ഒന്നും പറയാതെ ആയിരുന്നല്ലോ ഞാൻ നാട്ടിലേയ്ക്ക് പോയത്. അപ്പോഴത്തെ അവസ്‌ഥയിൽ ആരോടെങ്കിലും എന്തെങ്കിലും വിവരിക്കുവാൻ ഞാൻ അശക്തയായിരുന്നു.

രാമേട്ടനോട് അമ്മയുടെ പ്രായത്തെക്കുറിച്ചും, അസുഖത്തെക്കുറിച്ചുമൊക്കെ വിവരിച്ചു തന്നെ പറഞ്ഞു. പലതും പറയുമ്പോൾ ഞാൻ വികാരധീനയായിത്തീരുന്നത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് രാമേട്ടൻ പറഞ്ഞു.

“മതി മാഡം… അമ്മ മരിച്ചതിൽ മാഡത്തിന് എത്രമാത്രം ദുഃഖമുണ്ടെന്ന് എനിക്കു മനസിലാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ് മാതാപിതാക്കളോടുള്ള സ്നേഹം പലരും വയസ്സായാൽ അവരെ തള്ളിപ്പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്‍റെ ഏകമകൻ തന്നെ അതിനുള്ള ഒരുദാഹരണമാണ്. ഈ വയസ്സുകാലത്തും ഞാൻ ജോലി ചെയ്‌തു ജീവിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് മാഡം. ഇന്നിപ്പോൾ ഈ ജോലി ഉള്ളതു കൊണ്ട് ഞാനും ഭാര്യയും തെരുവോരത്ത് കിടക്കാതെ കഴിച്ചു കൂട്ടുന്നു.

ഒന്നു രണ്ടു വർഷം മുമ്പ് അവനും ഭാര്യയും ചേർന്ന് ഞങ്ങളെ വീടിനു പുറത്താക്കിയതാണ്. ഞങ്ങൾ ഓമനിച്ചു വളർത്തിയ ഒരേയൊരു മകനാണ് ഞങ്ങളോടീ കടുംകൈ ചെയ്‌തെന്നോർക്കുമ്പോൾ…

രാമേട്ടൻ വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ അമ്മയുടെ കാര്യങ്ങൾ കൂടുതലായി പറയേണ്ടായിരുന്നു എന്നു തോന്നി. വിഷമത്തോടെ ആ ചുമലിൽ പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

“സാരമില്ല രാമേട്ടാ… അവരും വയസ്സായി കഴിയുമ്പോൾ ഇതിനുള്ള തിരിച്ചടി ദൈവം നൽകിക്കോളൂം… നല്ലവനായ രാമേട്ടനെ ദൈവം കൈവിടുകയില്ല. അതോർത്ത് ആശ്വസിച്ചോളൂ…”

രാമേട്ടൻ കണ്ണുതുടച്ച് തിരിഞ്ഞു നടക്കുമ്പോൾ ആശ്വാസം തോന്നി. അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞല്ലോ. അപ്പോൾ ഒരു കാര്യം ബോദ്ധ്യമായി. എന്നെക്കാളേറെ ഹൃദയത്തിൽ ദുഃഖഭാരവുമേന്തി നടക്കുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്.

രാമേട്ടനെ പോലെ ഒരു പിടിവള്ളിക്കായി കേഴുന്നവർ. അങ്ങിനെയുള്ളവരെ സമാശ്വസിപ്പിക്കാൻ കഴിയുന്നതു തന്നെ ഒരു വലിയ പുണ്യമാണ്. ഇനിയുള്ള എന്‍റെ ജീവിതം ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു കഴിഞ്ഞാൽ എന്‍റെ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനം കൂടിയാകുമത്, മനസ്സു പറഞ്ഞു.

ഉച്ചയ്ക്ക് ഒറ്റയ്ക്ക് പാകം ചെയ്‌ത് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുമ്പോൾ അരുണിനെ ഓർത്തു. അവൻ വേഗം മടങ്ങി വന്നിരുന്നെങ്കിൽ എനിക്കത് ആശ്വാസമാകുമായിരുന്നു. പെട്ടെന്ന് സ്വന്തം സ്വാർത്ഥതയെക്കുറിച്ചോർത്ത് ആത്മനിന്ദ തോന്നി. അരുണിനും സ്വന്തം മാതാപിതാക്കൾ മറ്റെന്തിനെക്കാളും വലുതായിരിക്കുമല്ലോ… പാവം കുട്ടി… എനിക്കു വേണ്ടി അവൻ സ്വന്തം മാതാപിതാക്കളെക്കൂടിയാണ് പലപ്പോഴും ഉപേക്ഷിക്കുന്നത്.

വൈകുന്നേരം അരുൺ തിരിച്ചെത്തിയത് അൽപം മ്ലാനവദനായിട്ടാണ്. അവന്‍റെ ദുഃഖ പൂർണ്ണമായ മുഖം കണ്ട് ഞാന്വേഷിച്ചു.

“എന്തുപറ്റി അരുൺ… മമ്മിയേയും ഡാഡിയേയും കണ്ടില്ലേ?” ഉൽകണ്ഠ മുറ്റി നിന്ന എന്‍റെ വാക്കുകൾക്കു മറുപടിയായി അരുൺ വിഷാദമഗ്നനായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞ.

കണ്ടു മാഡം… അവർ സുഖമായിരിക്കുന്നു. മാഡത്തെപ്പറ്റി അവർ അന്വേഷിച്ചു. ഇന്ന് ഡാഡി വീട്ടിലുള്ളതു കൊണ്ടാണ് മമ്മി ഇങ്ങോട്ട് വരാതിരുന്നത്. ഡാഡി ഒരു ടൂർ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ…

അവന്‍റെ വാക്കുകളിൽ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തോ ഒന്ന് അവൻ മറയ്ക്കുന്നതായി തോന്നി. നേരത്തെ റിസോർട്ടിൽ വച്ചും അവന്‍റെ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഇതു തന്നെയായിരുന്നു. പക്ഷെ അപ്പോഴൊന്നും അന്വേഷിക്കാനുള്ള മാനസികാവസ്‌ഥ എനിക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും എന്താ അവന്‍റെ മനസ്സിലെന്ന് കണ്ടു പിടിക്കണം. എന്‍റെ മനസ്സിന്‍റെ ഉളളറകളിലേയ്ക്ക് അവൻ ആഴ്ന്നിറങ്ങിയ അതേ രീതിയിൽ യാത്രയ്ക്കിടയിൽ അവനെ നേരിടാനുറച്ചു കൊണ്ട്, മറ്റൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞാൻ തുടങ്ങി.

ഒന്നു രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പോടെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ രാമേട്ടൻ അദ്ഭുതത്തോടെ അന്വേഷിച്ചു.

“അല്ലാ… വീണ്ടും ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണല്ലോ. അരുൺ മോനും കൂടെയുണ്ടല്ലോ.”

“അതെ രാമേട്ടാ… അമ്മയുടെ ചിതാഭസ്മം ഗംഗയിൽ നിമഞ്ജനം ചെയ്യണം. പിന്നെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയി തൊഴണം. എനിക്കിനി അധിക ദിവസം ലീവില്ല. അതുകൊണ്ട് എത്രയും വേഗം ഇക്കാര്യങ്ങൾ നടത്തിയേക്കാമെന്ന് കരുതി.”

ഞാൻ ഹിന്ദിയിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് രാമേട്ടൻ അൽപം ഗൗരവത്തിൽ പറഞ്ഞു.

“വളരെ നല്ല കാര്യമാണ് മാഡം അത്. ഞാൻ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ഗംഗയിൽ മുങ്ങിക്കുളിച്ചിട്ടുണ്ട്. പിന്നെ അൽപം നിർത്തി തുടർന്നു. ഈ ജന്മത്തിൽ ഞാൻ മനസ്സറിയാതെ എന്തെങ്കിലും പാപകർമ്മങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ അതെല്ലാം തീർന്നു കാണും മാഡം…”

രാമേട്ടന്‍റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലോർത്തു. എനിക്കും അതുതന്നെയാണാവശ്യം രാമേട്ടാ. ഇന്നത് മനസ്സിന്‍റെ ആവശ്യമായിത്തീർന്നിരിക്കുന്നു.

രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തുകൊണ്ടോ ഒരാഹ്ലാദം മനസ്സിനുള്ളിൽ ചിറകടിച്ചുയർന്നു. ചിരകാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു മോഹം സഫലമാകുവാൻ പോവുകയാണ്. നരേട്ടനുള്ളപ്പോൾ ഞങ്ങളതു പ്ലാൻ ചെയ്തതാണ്. പക്ഷെ അതു നടന്നു കാണാൻ നരേട്ടനു ഭാഗ്യമുണ്ടായില്ല. ഇന്നിപ്പോൾ ഞാൻ ഏകയായി… അതോർത്തപ്പോൾ ഒരസ്വാസ്ഥ്യം മനസ്സിൽ പടർന്നു കയറി. എങ്കിലും മനസ്സിനെ മനഃപൂർവ്വം സമാധാനപ്പെടുത്തിക്കൊണ്ടു സ്വയം പറഞ്ഞു.

ഈ യാത്ര കഴിഞ്ഞെത്തുമ്പോൾ ഞാൻ നേടുന്നത് ഒരു പുനഃർജനിയായിരിക്കും. എല്ലാ പാപകർമ്മങ്ങളും ഗംഗയിൽ മുക്കിത്താഴ്ത്തി പുനർജന്മം നേടിയ ഒരു മനുഷ്യ സ്ത്രീയായ ഞാൻ തിരികെയെത്തും.

റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ പുറപ്പെടാൻ തയ്യാറായി കിടപ്പുണ്ടായിരുന്നു. അരുൺ ധൃതി കൂട്ടി. “വേഗം വരൂ മാഡം… ട്രെയിൻ ഇന്ന് അൽപം നേരത്തെയാണെന്നു തോന്നുന്നു. ഫസ്റ്റ് ക്ലാസ് എസി റിസർവേഷൻ കംപാർട്ട്മെന്‍റ് കണ്ടെത്തിയാൽ പ്രശ്നം തീർന്നു.” ധൃതി പിടിച്ച് മുന്നേ ഓടുന്ന അരുണിനോടൊപ്പം ഓടിയെത്താൻ അൽപം പാടുപ്പെട്ടു.

പിന്നീട് ഞങ്ങളുടെ കംപാർട്ടുമെന്‍റ് കണ്ടെത്തി അതിൽ കയറിപ്പറ്റുമ്പോൾ അരുണിനോടൊപ്പം ഞാനും ആശ്വാസം കൊണ്ടു. എങ്കിലും അൽപം വേഗത്തിൽ ഓടിയതു കൊണ്ട് ഞാൻ കിതയ്ക്കുന്നത് അരുൺ കണ്ടു. അൽപം വിഷമത്തോടെ അരുൺ പറഞ്ഞു.

“സോറി മാഡം… ഞാനല്പം ബുദ്ധിമുട്ടിച്ചുവല്ലേ? എങ്കിലും ട്രെയിൻ നേരത്തെ ആയത് നന്നായി. നമുക്ക് സൂര്യോദയത്തിനു മുമ്പ് അവിടെയെത്തിച്ചേരാൻ പറ്റുമെന്നു തോന്നുന്നു. മാഡത്തിനറിയാമോ? കാശിയിൽ ഗംഗാനദിയിലെ സൂര്യോദയം കാണേണ്ടതു തന്നെയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്…”

അതുകേട്ട് ഞാൻ വെറുതെ പുഞ്ചിരിച്ചു. ഇന്നിപ്പോൾ അത്തരം കാഴ്ചകൾ എന്നെ അഭിരമിപ്പിക്കുമോ എന്നറിയില്ല. എങ്കിലും ലോകത്ത് പ്രത്യേകിച്ച് ഭാരതത്തിൽ ധാരാളം ജനങ്ങൾ തങ്ങളുടെ ദുഃഖഭാരം ഇറക്കി വയ്ക്കുന്നത് അവിടെയാണല്ലോ എന്നും ഓർത്തു. അവിടെയെത്തുമ്പോൾ സ്വയമറിയാതെ തന്നെ മനസ്സ് സ്വസ്ഥമാകും എന്നു തോന്നി.

ട്രെയിൻ പതുക്കെ ഇളകിത്തുടങ്ങിയിരുന്നു. രാത്രിയിലെ അൽപം നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങളുടെ കംപാർട്ടുമെന്‍റിലെ പലരും നടത്തുന്നുണ്ടായിരുന്നു. മുകളിലെ ബർത്തു റിസർവ്വു ചെയ്‌ത രണ്ടു യുവ മിഥുനങ്ങൾ അത് നേരത്തെ തന്നെ കൈയ്യടക്കിക്കഴിഞ്ഞു. പിന്നെ താഴത്തെ ബർത്തിൽ ഭാര്യ ഭർത്താക്കന്മാരായ രണ്ടു വയോവൃദ്ധർ.

ഞങ്ങൾക്കു കിട്ടിയത് ട്രെയിനിലെ സൈഡ് ബെർത്ത് ആയതു കൊണ്ട് മറ്റാരുടെയും ശല്യമില്ലാതെ ഇരിയ്ക്കാൻ കഴിഞ്ഞു. മുകളിലത്തെ ബെർത്തിൽ അരുണും താഴത്തെ ബെർത്തിൽ ഞാനും കിടക്കാമെന്ന് തീരുമാനിച്ചു.

“മാഡം… മാഡത്തിനെന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ. രാത്രിയിലെ ആഹാരം ബുക്കു ചെയ്യാനാണ്. അരുണിന്‍റെ മുമ്പിൽ അപ്പോൾ കാന്‍റീൻ ഭക്ഷണം ഓർഡർ ചെയ്‌തു വാങ്ങുന്ന ആൾ നിൽപുണ്ടായിരുന്നു.

“രാത്രി എനിക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും മതി അരുൺ”

അരുൺ രണ്ടുപേർക്കുള്ള ആഹാരത്തിന് ഓർഡർ കൊടുക്കുന്നതു കേട്ടു. പിന്നീട് പുറത്തെ കാഴ്ചകളിലേയ്ക്ക് ദൃഷ്ടി പായിച്ചിരിക്കുന്ന അരുണിനെ കണ്ടപ്പോൾ അൽപം മുമ്പ് ഉള്ളിലുണർന്ന ചോദ്യത്തിന് ഉത്തരം തേടിയാലോ എന്നാലോചിച്ചു. പിന്നീട് അപ്പോൾ വേണ്ടെന്നു വച്ചു. എല്ലാവരും ഉറങ്ങിക്കഴിയട്ടെ. അപ്പോൾ ചോദിച്ചറിയാം. ആഹാര ശേഷം മുകളിലെ ബെർത്തിലേയ്ക്ക് ഉറങ്ങുവാൻ പോകാൻ തുനിഞ്ഞ അരുണിനോടു പറഞ്ഞു.

“അരുൺ… ഉറങ്ങുവാൻ വരട്ടെ… എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.” അരുൺ ജിജ്ഞാസയോടെ എന്നെ നോക്കി ചോദിച്ചു.

“മാഡത്തിന് എന്താണ് പറയാനുള്ളത്… എന്താണെങ്കിലും എന്നോടു പറഞ്ഞോളൂ…”

ഞാൻ ചുറ്റിനു കണ്ണോടിച്ചു നോക്കി മറ്റെല്ലാവരും ഉറക്കമായി കഴിഞ്ഞിരുന്നു. ഇതുതന്നെയാണ് അരുണിനോട് എല്ലാം ചോദിച്ചറിയാൻ പറ്റിയ സമയം. മനസ്സിന്‍റെ നിർദ്ദേശം അനുസരിച്ചു കൊണ്ട് ഞാൻ മെല്ലെ സംസാരം ആരംഭിച്ചു. സംസാരത്തിൽ ഗൗരവം കലർന്നത് ഞാനറിയാതെയാണ്.

“അരുൺ… നീയെനിക്കിന്ന് മകനെപ്പോലെയാണ്… അല്ല… മകൻ തന്നെയാണ്. അപ്പോൾ പിന്നെ നിന്‍റെ മനസ്സിലുള്ള കാര്യങ്ങൾ എന്നോടു തുറന്നു പറയേണ്ടത് നിന്‍റെ കടമയാണ്. അല്ലെന്നു തോന്നുന്നുവെങ്കിൽ നമ്മുടെ ഈ ബന്ധം ഇപ്പോൾ ഇവിടെ അവസാനിപ്പിക്കാം… എന്തു പറയുന്നു?”

എന്‍റെ ചോദ്യം അരുണിനെ വേദനിപ്പിച്ചുവെന്നു തോന്നി.

“മാഡം… എന്താണ് പറഞ്ഞു വരുന്നത്. എനിക്കു മനസ്സിലാകുന്നില്ല.”

അരുണിന്‍റെ ചോദ്യത്തിൽ അമ്പരപ്പു നിറഞ്ഞു നിന്നു. അൽപനേരം എന്‍റെ മുഖത്തുറ്റുനോക്കി അവൻ പറഞ്ഞു.

“മാഡത്തിനെന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. എന്‍റെ അമ്മയെപ്പോലെ തന്നെ. ചോദിച്ചോളൂ… മാഡത്തിനെന്താണ് അറിയേണ്ടത്… ഞാൻ പറയാം.”

അരുണിനെ വേദനിപ്പിച്ചതിൽ മാപ്പു ചോദിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“സോറി അരുൺ… നീ ചിലതൊക്കെ എന്നിൽ നിന്നും മറയ്ക്കുന്നതായി തോന്നി. ഒരു മുൻകരുതലെന്ന നിലയ്ക്കാണ് ഞാനിങ്ങനെയൊക്കെ സംസാരിച്ചത്. അല്ലാതെ നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല. പറയൂ അരുൺ. എന്താണ് നിന്നെ അലട്ടുന്ന പ്രശ്നം. ഒളിയ്ക്കാതെ എല്ലാം എന്നോടു പറയൂ.” അൽപനേരം പുറത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിയിരുന്ന ശേഷം അരുൺ പറഞ്ഞു.

മാഡം ഊഹിച്ചതു ശരി തന്നെയാണ്. എന്‍റെ മനസ്സിൽ, ചില പ്രശ്നങ്ങൾ പരിഹാരം കാണാനാവാത്തതായി കിടപ്പുണ്ട്. എന്‍റെ ഉള്ളിൽ ഞാൻ നിങ്ങളിൽ നിന്നൊക്കെ മറച്ചു വച്ച ഒരു പെൺകുട്ടിയുണ്ട്. സാരംഗി എന്നാണവളുടെ പേര്. ഒരു നോർത്തിന്ത്യൻ പെൺകുട്ടി. അവളാണെന്‍റെ വേദന…”

“അവൾക്കെന്താണ് പ്രശ്നം? അരുൺ എന്താണെങ്കിലും എന്നോടു പറയൂ. നമുക്കതു പരിഹരിയ്ക്കാൻ ശ്രമിക്കാം.” ഞാനവനെ ഉറ്റുനോക്കി പറഞ്ഞു.

ഇരുട്ടിന്‍റെ താഴ്വരയിൽ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ ട്രെയിനിന്‍റെ വേഗതയ്ക്കൊപ്പം പുറകോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു. വിൻഡോ ഗ്ലാസ്സിലൂടെ അരുൺ ആ മലനിരകളലേയ്ക്ക് ദൃഷ്ടി പായിച്ചു. പിന്നെ ഏറെ ദുഃഖാകുലനായി ആ കഥ പറഞ്ഞു തുടങ്ങി.

സാരംഗി അതാണവളുടെ പേര്. എന്നെക്കാൾ ജൂനിയറായി ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടി. നന്നായി പഠിച്ചിരുന്ന അവൾ ഒരു കാലത്ത് എല്ലാ ആക്റ്റിവിറ്റീസിലും പങ്കെടുത്ത് വിജയങ്ങൾ മാത്രം കൊയ്തിരുന്നു. നന്നായി നൃത്തം ചെയ്യും, പാട്ടു പാടും, പ്രസംഗിക്കും എന്നു വേണ്ട ചിത്രരചനയിൽ വരെ പ്രാഗത്ഭ്യമുള്ള പെൺകുട്ടി.

ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് ഒരിക്കൽ ഇലക്ഷൻ സമയത്താണ്. കോളേജ് യൂണിയൻ ചെയർമാന്‍റെ സ്‌ഥാനത്തേയ്ക്ക് ഞാനും, ആർട്സ് ക്ലബ് സെക്രട്ടറിയായി സാരംഗിയും മത്സരിച്ചു വിജയിച്ചു. ഞങ്ങളുടെ ആ പരിചയം പ്രേമബന്ധമായി വളർന്നു വന്നു. ഒടുവിൽ സാരംഗിയെ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ എന്‍റെ റിസർച്ച് കഴിയുന്നതു വരെ അവളോട് ക്ഷമിക്കുവാൻ ഞാൻ ആവശ്യപ്പെട്ടു. എന്‍റെ തീരുമാനത്തെ അവൾ തെറ്റിദ്ധരിച്ചു.

അവൾക്ക് ഉടനെ വിവാഹിതയാകുവാനായിരുന്നു ആഗ്രഹം. ഫൈനൽ ഇയർ പോസ്റ്റ് ഗ്രാജുവേഷൻ തീർന്നാലുടനെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്‍റെ തീരുമാനത്തെ അംഗീകരിക്കാൻ അവൾക്കായില്ല.

എനിക്കാണെങ്കിൽ റിസർച്ച് വർക്ക് തീർത്ത് ഒരു ജോലി തേടിപ്പിടിക്കേണ്ട ബാദ്ധ്യതയും ഉണ്ട്. വീട്ടിൽ മമ്മിയും ഡാഡിയും ഈ വിവാഹത്തെ അനുകൂലിക്കുമായിരിക്കും. എങ്കിലും സ്വന്തമായി ഒരു ജോലിയില്ലാതെ ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിക്കുന്നതെങ്ങിനെ?

എന്‍റെ തീരുമാനത്തിൽ നിന്ന് പിന്മാറുവാൻ അവൾ എന്നെ നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ അവളെ ചതിയ്ക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അവൾ മറ്റു ചില കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടു.

അവരെല്ലാം മയക്കുമരുന്ന്, കഞ്ചാവു പോലുള്ള ചില ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. ആ കൂട്ടുകെട്ടിൽ പെട്ട് അവളും അതെല്ലാം ഉപയോഗിക്കാൻ തുടങ്ങി. എന്നെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അവൾ അത്തരം കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടത്.

എന്നാലിന്നിപ്പോൾ അവൾ പൂർണ്ണമായും ലഹരി മരുന്നുകൾക്ക് അടിമയായിത്തീർന്നിരിക്കുന്നു. അവളെ രക്ഷിക്കേണ്ടത് എങ്ങിനെയെന്നറിയാതെ ഞാൻ കുഴങ്ങുകയാണ് മാഡം. എന്‍റെ സാരംഗി ഇന്നെന്നെ പൂർണ്ണമായും വെറുത്തു കഴിഞ്ഞിരിക്കുന്നു. അവളുടെ ഇപ്പോഴത്തെ കൂട്ടുകാർ അവൾക്കു നൽകുന്ന ഉപദേശം അത്തരത്തിലുള്ളതാണ്.

എനിക്കാണെങ്കിൽ സാരംഗിയെ മറക്കാനാവുകയില്ല. അവളെ നേർവഴിയ്ക്കു കൊണ്ടു വരുവാൻ ഞാൻ ഒരുപാടു പരിശ്രമിച്ചു. എന്നാലിന്നവൾ എന്നെ അവളുടെ ജീവിതത്തിൽ നിന്നു തന്നെ ആട്ടിയോടിക്കുകയാണ്.

കഴിഞ്ഞ ദിവസം റിസോർട്ടിൽ വച്ചും, ഇന്ന് അവളുടെ വീട്ടിൽ ചെന്നപ്പോഴും അവൾ എന്നോട് ചെയ്‌തത് അതാണ്. അവളുടെ അച്ഛനാണെങ്കിൽ ഒരു രാഷ്ട്രീയക്കാരനാണ്. അയാൾ ഇതൊന്നുമറിയാതെ മകളെ അനുകൂലിക്കുകയാണ്.

അയാൾ അവളുടെ വിവാഹം ഇക്കൊല്ലം തന്നെ അവളുടെ കൂട്ടുകാരൻ കൂടിയായ ഒരു ലഹരി മരുന്നിന്നടിമയായി പയ്യനോടൊപ്പം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് എന്‍റെ സാരംഗിയെ നഷ്ടപ്പെടുവാൻ വയ്യ മാഡം… അവൾ ലഹരി മരുന്നുകൾക്കടിമയായി നശിക്കുന്നതു കാണാനും എനിക്കു വയ്യ… അരുൺ പൊട്ടിക്കരയുവാൻ ഭാവിക്കുന്നതു കണ്ട് ഞാൻ പറഞ്ഞു.

അരുൺ വിഷമിക്കരുത്… അരുണിന്‍റെ കൂട്ടുകാരിയെ നമുക്ക് ഏതു വിധേനയും ലഹരി മരുന്നിന്‍റെ പിടിയിൽ നിന്നും മോചിപ്പിക്കണം. അവളെ പഴയ സാരംഗിയായി അരുണിന് തിരികെ ലഭിക്കുക തന്നെ ചെയ്യും. അതിനുവേണ്ടി നമുക്ക് പരിശ്രമിക്കാം.

“കോളേജിൽ ചെന്നാലുടനെ നമുക്ക് ലഹരി വിരുദ്ധ ക്യാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അരുൺ എന്നോടൊപ്പം ഉണ്ടായാൽ മതി…”

എന്‍റെ വാക്കുകൾ അരുണിന് ശക്‌തി പകർന്നതു പോലെ തോന്നി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. മാഡത്തിനെ എനിക്കു വിശ്വാസമാണ്.

(തുടരും)

അറിയാതെ…

കഷ്‌ടപ്പെട്ട് നേടിയെടുത്ത വിജയത്തിന്‍റെ ലഹരിയിലാണിന്ന് മാനസി. ആധുനിക സജ്‌ജീകരണങ്ങളോടു കൂടിയ ഓഫീസ്, ഒരു പാട് ജീവനക്കാർ, ഏതൊരു ബിസിനസ്സുകാരിയും എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. എല്ലാം മാനസി സ്വന്തമാക്കിയിരിക്കുന്നു. അതിന്‍റെ സന്തോഷം ഇന്ന വളുടെ ജീവിതത്തിലുണ്ട്.

മകളുടെ വളർച്ച കണ്ട് അച്‌ഛനമ്മമാരും ഏറെ സന്തോഷിച്ചിരുന്നു. പക്ഷേ അവരെ ഏറെ വേദനിപ്പിച്ചത് ചിത്രകാരാനായ ശശിധരനെ വിവാഹം കഴിക്കാനുള്ള മാനസിയുടെ തീരുമാനമായിരുന്നു.

ഓഫീസിൽ തിരക്കൊഴിഞ്ഞ ദിവസം വെറുതെ എന്തോ ഓർത്തിരിക്കുമ്പോഴാണ് ഒരു കുയിൽ നാദം മാനസി കേട്ടത്. ഈ കോൺക്രീറ്റ് കാടുകളിലും ഒരു പക്ഷി ജീവിതമോ അവൾ അതിശയിച്ചു. കസേര തിരിച്ച് ജനാലിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും കുയിലിനെ കണ്ടില്ല. പകരം ഓർമ്മകൾ ഓടി വന്നു.

ശശിധരൻ ആദ്യമായി തന്‍റെ ഓഫീസിൽ ജോലി അന്വേഷിച്ച് വന്നത്. തടിമിടുക്കുള്ള വെളുത്ത നിറത്തിലൊരു ആൺ രൂപം. നീല ജീൻസും ഓറഞ്ച് ടീ ഷർട്ടും അയാൾക്ക് നന്നേ ചേർന്നിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ ശശിയെ സ്വന്തമാക്കാൻ മാനസി ആഗ്രഹിച്ചിരുന്നു. അയാളുടെ പെയിന്‍റിംഗ് കണ്ടപ്പോഴാണ് അവൾ ഓർത്തത്. സ്രഷ്‌ടാവിനേക്കാൾ മനോഹരമാണ് സൃഷ്‌ടി. ക്രിയാത്മകമായ ചിത്രങ്ങളായിരുന്നു എല്ലാം. തേടി നടന്നതെന്തോ ലഭിച്ച സന്തോഷമായിരുന്നു അന്നവൾക്ക്.

ഒന്നിച്ച് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാളി തൊഴിലാളി സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അവർ പോലുമറിഞ്ഞില്ല. മാനസി ശശിയോട് വിവാഹാഭ്യാർത്ഥന നടത്തി. തന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നില അത്ര മെച്ചമല്ലാതിരുന്നതിനാൽ ശശി ആദ്യമൊന്ന് മടിച്ചു.

ശശി നാട്ടിൻ പുറത്താണ് ജനിച്ചു വളർന്നത്. അയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് വീട്ടുകാർ ജീവിച്ചിരുന്നത്. എന്നാൽ മാനസിയുടേത് ആർഭാട ജീവിതമായിരുന്നു. ആവശ്യത്തിലധികം പണം, പ്രൗഢി, പ്രതാപം… മാനസി എന്താഗ്രഹിച്ചാലും അതു നേടിയെടുക്കും. ഒടുവിൽ മാനസിയുടെ ആഗ്രഹം സഫലമായി.

വിവാഹത്തിനു ശേഷം അവർ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. രണ്ട് വർഷങ്ങൾക്കു ശേഷം അവർക്ക് ഓമനത്തമുള്ള ഒരു മകൾ ജനിച്ചു. അവൾക്ക് മൃദുല എന്ന് പേരിട്ടു.

പിന്നീടുള്ള നാളുകളിൽ മാനസി കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ജോലിത്തിരക്കു കാരണം മാനസിക്ക് മൃദുലയുടെ കാര്യം പോലും ശ്രദ്ധിക്കാൻ തീരെ സമയം കിട്ടിയിരുന്നില്ല. മുത്തശ്ശനും മത്തശ്ശിയുമാണ് മൃദുലയെ വളർത്തിയത്.

മോളുടെ കാര്യത്തിൽ പോലും മാനസിക്ക് തീരെ ശ്രദ്ധയില്ലാതായപ്പോൾ ശശിക്ക് പ്രതികരിക്കാതിരിക്കാനായില്ല. പക്ഷേ മാനസിയെ ഉപദേശിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വിഫലമായി.

ന്യായങ്ങൾ നിരത്തി ശശിയുമായി വഴക്കിടുന്നതും മാനസിക്കു ശീലമായി. മാനസിയുടെ വാശിയെക്കുറിച്ച് നന്നായി അറിയാമായിരുന്നതു കൊണ്ട് ശശി പലപ്പോഴും ഒന്നും കണ്ടില്ലെന്നു ഭാവിക്കും. എങ്കിലും അവളുടെ ഉത്തരവാദിത്തമില്ലായ്‌മ പലപ്പോഴും അയാളെ കുപിതനാക്കി.

ചിലപ്പോഴൊക്കെ മാനസി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകും. പിന്നീട് കുറേ ദിവസങ്ങളോളം അവിടെത്തന്നെ താമസിക്കും. ആദ്യമാദ്യം ശശി മാനസിയെ വിളിച്ചുകൊണ്ടു വരുമായിരുന്നു. എങ്കിലും മാനസിയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും കണ്ടില്ല. അവർക്കൊന്നിച്ച് ജോലി ചെയ്യാൻ സാധിക്കാതായി.

അവസാനം ശശി മറ്റൊരു ജോലി അന്വേഷിക്കാൻ തുടങ്ങി. മാനസി പെയിന്‍റിംഗിന് മറ്റൊരാളെ നിയമിച്ചു. അതിനിടയ്‌ക്കാണ് ശശിക്ക് ദുബായിയിൽ ഒരു ഓഫർ ലഭിച്ചത്. ശശിക്കും കുടുംബത്തിനും ദുബായിയിൽ താമസിക്കാനുള്ള സൗകര്യം കമ്പനിയൊരുക്കിയിരുന്നു. ഓർഡർ തീരുന്നതുവരെ അവർക്ക് അവിടെ തങ്ങുന്നതിനുള്ള സകല സൗകര്യവും കമ്പനി നൽകി.

ഇത്ര വലിയ ഓഫർ ലഭിച്ചപ്പോൾ ശശി വളരെയേറെ സന്തോഷിച്ചു. എത്രയും പെട്ടെന്ന് ഈ സന്തോഷ വാർത്ത മാനസിയെ അറിയിക്കാൻ ശശിക്കു തിടുക്കമായി, കുറേ പ്രാവശ്യം മൊബൈൽ ഫോണിലേക്ക് വിളിക്കുന്നതിന് ശശി ശ്രമിച്ചു. പക്ഷേ മാനസിയിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. കുറച്ചു സമയത്തിനു ശേഷം മാനസി തിരിച്ചു വിളിച്ചു.

“ഹലോ, ഞാൻ മാനസിയാണ്.”

“ഹലോ മാനസി, ഞാനെത്ര നേരമായി നിന്നെ വിളിക്കാൻ ശ്രമിക്കുന്നു. നീയെവിടെയായിരുന്നു” ശശി തിടുക്കത്തോടെ ചോദിച്ചു.

“എന്‍റെ മൊബൈലിന്‍റെ ബാറ്ററി ഡൗണായിരുന്നു. അതുകൊണ്ട് ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തതാണ്” മാനസി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“ശരി.. എനിക്ക് പെയിന്‍റിംഗിന്‍റെ വൻ ഓർഡർ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ന് നമുക്കൊന്നിച്ച് പുറത്തെവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ പോകാം. ഇന്ന് നേരത്തെ വീട്ടിലേക്കു വരണം” ശശി പറഞ്ഞു.

“ശശി നല്ല കാര്യമാണല്ലോ, പക്ഷേ എനിക്ക് ബാംഗ്ലൂരിലേക്ക് പോകണം. അവിടെയൊരു മീറ്റിംഗുണ്ട്” മാനസി ഒഴിവു പറഞ്ഞു.

“അതിനു നാളെ പോയാൽ പോരെ.”

“ഇല്ല, ഞാനിപ്പോൾ തന്നെ ബാംഗ്ലൂരിലേയ്‌ക്ക് തിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളുടെയൊപ്പം വരാൻ പറ്റില്ല, സോറി.”

“മാനസി, പക്ഷേ നീ…”

“ഞാനൊരു പ്രാവശ്യം പറഞ്ഞില്ലേ നിങ്ങളോടൊപ്പം വരാൻ പറ്റില്ലെന്ന്. പിന്നെ വെറുതെ വാശിപിടിക്കുന്നതെന്തിനാണ്?” മാനസി കയർത്തു സംസാരിച്ചു.

മാനസി ഇത്ര രൂക്ഷമായ രീതിയിൽ തന്നോടു പെരുമാറുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. അവൾക്കു വാശിയുണ്ട്. ജോലിയിൽ ആത്മാർത്ഥതയുണ്ട്. എന്നാൽ എന്നോട് ഇത്രത്തോളം വെറുപ്പെന്തിന്?

ശശി ഒറ്റയ്‌ക്ക് ദുബായിലേക്ക് പോയി. നാലു മാസം കടന്നു പോയി. മാനസിയേയും മൃദുലയേയും ഓർക്കാത്ത ഒരൊറ്റ ദിവസം പോലുമുണ്ടായിരുന്നില്ല ശശിക്ക്.

ജോലി പൂർത്തിയാക്കി ശശി ഇന്ത്യയിലേയ്‌ക്ക് മടങ്ങി. മാനസിയാകട്ടെ ആദ്യത്തേതുപോലെ കൂടുതൽ തിരക്കിലായിരുന്നു. ഒരു ദിവസം നാട്ടിൽ നിന്നും ശശിക്ക് ഒരു കത്ത് വന്നു. അമ്മയ്‌ക്ക് തീരെ സുഖമില്ല. അതുകൊണ്ട് കഴിവതും വേഗം നാട്ടിലേയ്‌ക്ക് വരണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ശശി എഴുത്ത് മാനസിയെ കാണിച്ചു.

“മാനസി, നമുക്ക് കഴിവതും വേഗം നാട്ടിലേയ്‌ക്കു പോകണം.”

“ഇല്ല. എനിക്ക് നിങ്ങളുടെയൊപ്പം വരാൻ സാധിക്കില്ല.” മാനസി അറുത്തു മുറിച്ച് പറഞ്ഞു.

“പക്ഷേ മാനസി, നീയും എഴുത്ത് വായിച്ചതല്ലേ. അമ്മ നമ്മളെ രണ്ടുപേരെയും നാട്ടിലേയ്‌ക്ക് വിളിച്ചിട്ടുണ്ട്. ദയവായി നീയും വരണം.” ശശി താണുകേണ് അവളോടു പറഞ്ഞു.

“ഞാൻ നേരത്തെ പറഞ്ഞതല്ലേ. തീരെ സമയമില്ലെന്ന്. കണ്ടില്ലേ എനിക്കെന്തുമാത്രം ജോലിയാ ചെയ്‌തു തീർക്കാനുള്ളത്. നിങ്ങളുടെ അച്‌ഛനും അമ്മയുമല്ലേ, നിങ്ങൾ പോയാൽ മതി.” മാനസി കുപിതയായി.

മാനസിയിൽ നിന്നും ഇത്രയും അവഗണന ശശി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. കുറച്ചു നേരം മിണ്ടാതെ നിന്നതിനു ശേഷം ശശി ഒറ്റയ്‌ക്ക് നാട്ടിലേയ്‌ക്കു പോകുന്നതിന് തയ്യാറായി.

അമ്മയുടെ നില ഗുരുതരമായിരുന്നു. അമ്മയ്‌ക്ക് വിദഗ്‌ദ്ധ ചികിത്സ നൽകേണ്ടത് ആവശ്യമാണെന്ന് അയാൾക്കു തോന്നി. അതുകൊണ്ട് അമ്മയെ എറണാകുളത്തേക്കു കൊണ്ടു വന്നു.

“നിങ്ങളെന്തിനാണിവരെ ഇങ്ങോട്ടേക്കു വിളിച്ചു കൊണ്ടു വന്നത്?” മാനസി ശശിയോടു ചോദിച്ചു.

“മാനസി, നീയെന്താണീ പറയുന്നത്. ഇവരെന്‍റെ അച്‌ഛനും അമ്മയുമല്ലേ? മറ്റാരുമല്ലല്ലോ? ഞാനല്ലാതെ പിന്നെ ആരാ ഇവരെ നോക്കാനുള്ളത്?” ശശിക്കും ദേഷ്യം വന്നു.

“അതൊന്നുമെനിക്കറിയില്ല, പക്ഷേ ഇവരെ ശുശ്രൂക്ഷിക്കാൻ മാത്രം എന്നോടു പറയരുത്. എനിക്ക് അതിനൊട്ടും സമയമില്ല,” മാനസി തുറന്നു പറഞ്ഞു.

മാനസിയുടെ ഈ തുറന്ന മറുപടി കേട്ട് ശശി തകർന്നു പോയി. എന്നാലും മാനസിയെ പറഞ്ഞ് മനസ്സിലാക്കുവാൻ ശശി ശ്രമിച്ചു കൊണ്ടിരുന്നു.

“മാനസി… എന്തൊക്കെയായാലും നിനക്കും ചില ഉത്തരവാദിത്തങ്ങളൊക്കെയില്ലേ..”

“ശശി, ഇത്രയ്‌ക്ക് സെൻസിറ്റീവാകേണ്ട കാര്യമില്ല. ഇക്കാലത്ത് പണമുണ്ടാക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന കാര്യം നിങ്ങൾക്കറിയാമോ? ഞാനെന്‍റെ ജോലിയൊക്കെ ഉപേക്ഷിച്ച് രോഗികളെ ശുശ്രൂക്ഷിക്കണമെന്നാണോ നിങ്ങൾ പറയുന്നത്.” മാനസിക്കും ദേഷ്യമടക്കാനായില്ല.

“നിനക്ക് പണം… പണം.. എന്ന ഒരൊറ്റ വിചാരമല്ലേയുള്ളൂ… ജീവിതത്തിൽ മറ്റൊന്നിനും ഒരു സ്‌ഥാനവുമില്ലേ? എപ്പോ നോക്കിയാലും പണത്തിനു പിന്നാലെയുള്ള നെട്ടോട്ടം മാത്രം?”

അവർ പരസ്‌പരം വഴക്കിടുന്നതു കണ്ട് ശശിയുടെ അച്‌ഛനും അമ്മയ്‌ക്കും സങ്കടം തോന്നി.

“മോളേ, ഞങ്ങളെച്ചൊല്ലി നിങ്ങൾ വഴക്കടിക്കേണ്ട. ഞങ്ങളിവിടെ സ്‌ഥിര താമസത്തിനു വന്നതല്ല. ശശിയുടെ അമ്മയ്‌ക്ക് തീരെ സുഖമില്ലല്ലോ? ഒന്നു രണ്ട് ആഴ്ച കഴിഞ്ഞാൽ ഞങ്ങളിവിടെ നിന്നും പോവും.”

“ഇല്ല, നിങ്ങളെവിടെയും പോകണ്ട. ഇവിടെ എന്‍റെയൊപ്പം ഈ വീട്ടിൽ താമസിച്ചാൽ മതി” ശശി ഉറക്കെ പറഞ്ഞു.

മാനസിക്ക് ഇതൊട്ടും ഇഷ്‌ടമായില്ല. വസ്‌ത്രങ്ങളും അത്യാവശ്യ വസ്‌തുക്കളും പായ്‌ക്ക് ചെയ്‌ത്, മൃദുലയേയും എടുത്ത് അവൾ സ്വന്തം വീട്ടിലേയ്‌ക്കു പോയി.

വീട്ടിലെത്തിയതും അവൾ നടന്നതെല്ലാം അമ്മയോടു പറഞ്ഞു. അമ്മയ്‌ക്ക് മാനസിയുടെ സ്വഭാവം നന്നായി അറിയാമായിരുന്നു. മകളുടെ വാശിയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് അമ്മയ്‌ക്ക് മനസ്സിലായി.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അമ്മയോടും മാനസി കയർത്തു സംസാരിച്ചു. മാനസിയുടെ അച്‌ഛനും അവളെ ഉപദേശിക്കാൻ ശ്രമിച്ചു. എല്ലാവരും തന്‍റെ ശത്രുക്കളാണെന്നും തന്‍റെ വളർച്ചയിൽ എല്ലാവർക്കും അസൂയയാണെന്നും അതിനാലാണ് എപ്പോഴും തന്നെ കുറ്റപ്പെടുത്തുന്നതെന്നും അവൾക്കു തോന്നി. അവസാനം ശശിയിൽ നിന്നും വീട്ടുകാരിൽ നിന്നും അകന്നു താമസിക്കാൻ അവൾ തീരുമാനിച്ചു.

മാനസി പുതിയ വീട്ടിലേയ്‌ക്ക് താമസം മാറ്റി. അവൾ മൃദുലയേയും തന്‍റെയൊപ്പം കൂട്ടി. ശശി പലപ്പോഴും മാനസിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ശശിയുമായി വിവാഹമോചനമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മാനസി തുറന്നു പറഞ്ഞു.

മാനസിയുടെ ഈ തീരുമാനം അറിഞ്ഞ് അവളുടെ അച്‌ഛനമ്മാർ വിഷമിച്ചു. മാനസിയെന്തിനാണ് ഇങ്ങനെ എടുത്തു ചാടുന്നതെന്ന് അവർക്കു മനസ്സിലായില്ല. പക്ഷേ ഇതിനെക്കുറിച്ച് ചോദിക്കാൻ അവർക്കാർക്കും ധൈര്യമുണ്ടായിരുന്നില്ല.

മാനസി വിവാഹമോചനം നേടി. വിവാഹമോചനത്തിനു ശേഷം രണ്ടുപേരും അവരവരുടെ ജോലിത്തിരക്കിലായിരുന്നു. മൃദുല വളർന്നു വലുതാവാൻ തുടങ്ങി. എപ്പോഴും മാനസി മൃദുലയെ ഓരോന്നും പറഞ്ഞ് വിലക്കും.

ശശിയുടെ വീട്ടിൽ പോകുവാൻ അവളെ അനുവദിക്കില്ലായിരുന്നെന്നു മാത്രമല്ല, വല്ലപ്പോഴും മാത്രമേ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പം താമസിക്കാനും അനുവദിച്ചിരുന്നുള്ളൂ. സ്‌ക്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി മൃദുല കോളേജിലെത്തി.

കോളേജിൽ മൃദുലയ്‌ക്കൊരു സുഹൃത്തിനെ കിട്ടി. വിക്രം. സുഖദുഃഖങ്ങൾ പരസ്‌പരം ചർച്ച ചെയ്‌തും ഒന്നിച്ച് വളരെയേറെ സമയം ചെലവഴിച്ചും എപ്പോഴാണ് ആ ബന്ധം സ്‌നേഹത്തിലേയ്‌ക്ക് വഴി തിരിഞ്ഞതെന്ന് അവർ പോലുമറിഞ്ഞില്ല.

പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ വിക്രമിന് ബാംഗ്ലൂരിൽ ജോലി ലഭിച്ചു. ബാംഗ്ലൂരിലായിരുന്നു വിക്രമിന്‍റെ അച്‌ഛനമ്മമാരും കുടുംബവും താമസിച്ചിരുന്നത്.

മൃദുല വിക്രമിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലുള്ള വിക്രമിന്‍റെ വീട്ടിലേയ്‌ക്ക് താമസമായി. ഒരുപാട് അംഗങ്ങളുള്ള ഒരു കൊച്ചു വീടായിരുന്നു അത്. മൃദുലയ്‌ക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.

അമ്മായിഅമ്മയോടും നാത്തൂനോടുമൊപ്പം അവളും വീട്ടു ജോലികൾ ചെയ്‌തു. മൃദുലയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വീട്ടുകാർ വളരെയോറെ സന്തോഷിച്ചു.

മൃദുലയുടെ വിവാഹം കഴിഞ്ഞ് കുറേ മാസങ്ങൾ കടന്നു പോയി. വിക്രമുമായുള്ള മൃദുലയുടെ വിവാഹം മാനസിക്ക് ഒരിക്കലും ഉൾക്കൊള്ളാനായില്ല. എന്നാൽ മൃദുലയുടെ ദൃഢ തീരുമാനത്തിനു മുന്നിൽ മാനസിയ്‌ക്ക് പരാജയപ്പെടേണ്ടി വന്നു. ഒടുവിൽ മനസ്സ് അൽപം ശാന്തമായപ്പോൾ മകളെ കാണാൻ ബാംഗ്ലൂരിലേയ്‌ക്ക് പോകാമെന്ന് മാനസി തീരുമാനിച്ചു.

മകൾ ഭർതൃവീട്ടിൽ സന്തോഷത്തോടെയാണോ ജീവിക്കുന്നതെന്ന് അവൾക്കറിയണമായിരുന്നു. മാനസി ബാംഗ്ലൂരിലെത്തിയപ്പോൾ വിക്രമും മൃദുലയും അവരെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തു നിൽക്കുകയായിരുന്നു. മൂന്നുപേരും ടാക്‌സിയിൽ വീട്ടിലേയ്‌ക്ക് മടങ്ങി.

മകളുടെ ഭർതൃ വീടു കണ്ട് മാനസിയുടെ മുഖം വാടി. ഇത്ര ചെറിയ വീട്ടിൽ വിക്രവും അച്‌ഛനമ്മമാരും സഹോദരീ സഹോദരങ്ങളും എങ്ങനെയാണ് താമസിക്കുന്നതെന്നോർത്ത് മാനസിയാകെ അസ്വസ്‌ഥയായി. മൃദുലയ്‌ക്ക് വീട്ടു ജോലികൾ ചെയ്യേണ്ടി വരുമായിരുന്നു. യാതൊരു ബുദ്ധിമുട്ടും പ്രശ്നങ്ങളുമില്ലാതെയാണ് താൻ മൃദുലയെ വളർത്തിയത്. ഇന്നാകട്ടെ, പ്രശ്നങ്ങളും കഷ്‌ടപ്പാടുകളുമുള്ള കുടുംബജീവിതവുമാണ് മൃദുല നയിക്കുന്നതും.

മൃദുലയ്‌ക്ക് അൽപം സാവകാശം ലഭിച്ചപ്പോൾ മാനസി അവളെ അരികിൽ വിളിച്ചു. “എന്താ മൃദുലേ ഇതൊക്കെ…? ഇത്ര ചെറിയ വീട്ടിൽ ഇത്രയുമാളുകൾക്കിടയിൽ നീയെങ്ങനെ കഴിയുന്നു? വീട്ടുജോലികളും നീ തന്നെയാണല്ലോ ചെയ്യുന്നത്. വിക്രമിനെ വിവാഹം കഴിക്കേണ്ടന്ന് ഞാനന്നേ പറഞ്ഞതല്ലേ? പക്ഷേ നീ അനുസരിച്ചില്ലല്ലോ?” മാനസി തന്‍റെ എതിർപ്പു പ്രകടിപ്പിച്ചു.

“മമ്മി, എനിക്കിവിടെ സന്തോഷമാണ്. യാതൊരു ബുദ്ധിമുട്ടുമില്ല.” മൃദുല മറുപടി നൽകി.

“എത്ര സുഖസൗകര്യങ്ങളോടെയാണ് നീ വളർന്നത്. നിന്നെ എത്ര ലാളിച്ചാണ് ഞാൻ വളർത്തിയത്. നീയെങ്ങനെ ഇവിടെ ജീവിക്കുന്നു? ആശ്ചര്യമായിരിക്കുന്നു.” മാനസി മകളുടെ മനസ്സുമാറ്റാൻ ശ്രമിച്ചു.

“മമ്മി പറഞ്ഞത് ശരിയാണ്. എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് മമ്മിയെന്നെ വളർത്തിയത്. ഞാൻ പറയേണ്ട താമസം മമ്മിയെനിക്കെന്തും വാങ്ങിത്തരും. സ്‌നേഹം മാത്രം എനിക്ക് ലഭിച്ചില്ല. അച്‌ഛനിൽ നിന്നുപോലും മമ്മിയെന്നെ എന്നും അകറ്റി നിർത്തിയില്ലേ…”

“മമ്മി എന്നും ബിസിയായിരുന്നു. ഞാനാകട്ടെ എപ്പോഴും ഒറ്റപ്പെട്ടും. എനിക്ക് ആഡംബര വസ്‌തുക്കളും ബംഗ്ലാവും കാറുമൊന്നും വേണ്ടായിരുന്നു, എനിക്ക് അമ്മയുടേയും അച്‌ഛന്‍റെയും മുത്തശ്ശന്‍റെയും മുത്തശ്ശിയുടേയും സ്‌നേഹവും വാത്സല്യവും സപ്പോർട്ടുമൊക്കെയാണ് വേണ്ടിയിരുന്നത്. പക്ഷേ മമ്മി ഇതെല്ലാം എന്നിൽ നിന്നും തട്ടിയെടുത്തില്ലേ? സത്യം പറയൂ മമ്മി… ഞാൻ പറഞ്ഞതു വാസ്‌തവമല്ലേ?” മൃദുല വിഷമത്തോടെ പറഞ്ഞു.

കുറച്ചു നേരം മിണ്ടാതിരുന്നതിനു ശേഷം മൃദുല തുടർന്നു. “മമ്മി, എപ്പോഴും മമ്മിയുടെ ഈഗോയ്‌ക്കാണ് പ്രാധാന്യം നൽകിയത്. ഈ ഈഗോ കാരണമാണ് എല്ലാവരും മമ്മിയിൽ നിന്നും അകന്നത്. മമ്മി, പണത്തിലും വലുതായി ലോകത്തിലൊന്നുണ്ട്. അതാണ് സ്‌നേഹം, വാത്സല്യം, കുടുംബം… ഇതിലാണ് യാഥാർത്ഥ സുഖം. പക്ഷേ മമ്മിയ്‌ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലല്ലോ? മമ്മിയുടെ പക്കൽ ധാരാളം പണം കാണും. പക്ഷേ മമ്മിക്ക് എടുത്തു പറയും വിധം ഒരു ബന്ധുവോ മിത്രമോ ഉണ്ടോ? ഈ പണവും സമ്പത്തും കൊണ്ടെന്തു പ്രയോജനം?”

“ഞാൻ മമ്മിയെ ചോദ്യം ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കരുത്. പക്ഷേ എന്നെ എന്‍റെ വഴിക്ക് വിട്ടേക്കണം എന്ന ഒരഭ്യർത്ഥനയുണ്ട്. ഞാൻ തെരഞ്ഞെടുത്ത മാർഗ്ഗത്തിലൂടെ പോകാൻ എന്നെ അനുവദിക്കണം. പണവും പ്രതാപവുമൊന്നുമില്ലെങ്കിലും ഇതെന്‍റെ കുടുംബമാണ്. വിക്രമും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സപ്പോർട്ടുമാണ് എനിക്കേറ്റവും പ്രധാനം” മൃദുല നിറകണ്ണുകളോടെ പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് താൻ ചെയ്‌ത തെറ്റെന്തെന്ന് അവൾ തിരിച്ചറിഞ്ഞു. തന്നോടൊപ്പം ഒരടി പോലും മുന്നോട്ടു വയ്‌ക്കാൻ ഒരു സഹയാത്രികനില്ലല്ലോ എന്ന കുറ്റബോധം അവളെ അലട്ടി.

ഇത്രയും വർഷങ്ങൾക്കിടയിലുള്ള ജോലിത്തിരക്കിലും ഒരിക്കൽ പോലും തളർന്നിട്ടില്ലായിരുന്നു. എന്നാലിന്ന് പെട്ടെന്ന് സർവ്വവും നഷ്‌ടപ്പെട്ടതുപോലെ തോന്നി അവൾക്ക്. പക്ഷേ താൻ ചെയ്‌ത തെറ്റ് മകൾ ആവർത്തിക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ മാനസിയ്‌ക്ക് ആശ്വാസമായി. സുഖ സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും തന്‍റെ മോൾ സന്തുഷ്‌ടയാണല്ലോ അതുമതി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

സഖി

ഞാൻ വാച്ചിലേക്കൊന്നു നോക്കി. അഞ്ചു മിനിറ്റു കൂടിയുണ്ട്. ഇന്ന് ഓഫീസിൽ പതിവിലധികം തിരക്കായതുകൊണ്ട് ഫയലിൽ നിന്നും തലയുയർത്താൻ പോലും നേരം കിട്ടിയിരുന്നില്ല. ഞാൻ തിടുക്കപ്പെട്ട് ലഞ്ച് ബോക്‌സ് ബാഗിൽ വയ്‌ക്കുന്നതിനിടയിലാണ് ബോസ് വിളിക്കുന്നുവെന്ന് പ്യൂൺ പറഞ്ഞത്. ഇറങ്ങാനുള്ള തിടുക്കത്തിനിടയിൽ ഇങ്ങനെയൊരു വിളി ആർക്കും തന്നെ ഇഷ്‌ടമാവില്ല. മനസ്സില്ലാമനസ്സോടെ ഞാൻ ബോസിന്‍റെ ക്യാബിനിലെത്തി.

കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്ക് ക്രാഷ് ആയതുകൊണ്ട് അത്യാവശ്യം ചില ഫയലുകൾ വേണമത്രേ. ഫയൽ കണ്ടെത്തി ചില ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും മണി ആറ് കഴിഞ്ഞിരുന്നു.

സാധാരണയായി അഞ്ചു മണിയാവുമ്പോഴെക്കും ഞാനും പ്രിയങ്കയും ഓഫീസിൽ നിന്നും പുറത്തു കടക്കാനുള്ള ഒരുക്കത്തിലായിരിക്കും. അഞ്ചു മണിക്കിറങ്ങിയാൽ അഞ്ചരയുടെ ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടും. അതു മാലാഡ് സ്‌റ്റേഷനിലെത്തുമ്പോഴേക്കും ആറര കഴിയും. ട്രെയിനിൽ നിന്നിറങ്ങിയാൽ പച്ചക്കറികളും വീട്ടാവശ്യത്തിനുള്ള അത്യാവശ്യ സാധനങ്ങളും വാങ്ങണം. പിന്നെ ശിശുസദനത്തിൽ എത്തി വരുണിനേയും കൂട്ടണം. അവൻ ശിശുസദനത്തിന്‍റെ ഗേയ്‌റ്റിനരുകിൽ അക്ഷമനായി കാത്തു നിൽക്കുന്നുണ്ടാവും. നാലു വയസ്സുകാരനു സമയം നോക്കാനൊന്നും അറിയില്ലായിരിക്കും. പക്ഷേ ആറുമണിയാവുമ്പോഴേക്കും അവൻ തിടുക്കപ്പെട്ട് ഗേയ്‌റ്റിനരുകിലേക്കോടും. ഒരിക്കൽ വൈകിയെത്തിയപ്പോൾ ആയ പറഞ്ഞതാണ്. വരുണിനേയും കൂട്ടി വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടയ്‌ക്ക് അയൽപക്കത്തെ ഒന്നു രണ്ടു പരിചയക്കാരെ കാണും. അവരോടു രണ്ടു വാക്കു സംസാരിച്ച് വീടെത്തുമ്പോഴേക്കും ഏഴ് മണി കഴിഞ്ഞിരിക്കും.

വീട്ടിൽ മൂത്തമകൻ കിരൺ ഞങ്ങളെ കാത്ത് നിൽപ്പുണ്ടാവും. കുട്ടികൾക്ക് പാലും ബിസ്‌ക്കറ്റും നൽകി ചായയുണ്ടാക്കി കുടിച്ച് ബേക്കറി പലഹാരമെന്തെങ്കിലും കഴിച്ചുവെന്നു വരുത്തി അല്‌പമൊന്നു വിശ്രമിക്കും. അതാണെന്‍റെ പതിവു ദിനചര്യ.

ഇന്ന് വൈകിയിറങ്ങിയതു കൊണ്ട് ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടിയതുമില്ല. പിന്നീട് വന്ന ട്രെയിനുകളിൽ തിരക്കോട് തിരക്കുമായിരുന്നു. ആറരയുടെ ട്രെയിനിൽ ഒരു കണക്കിനു കയറിപ്പറ്റി. വരുണാകട്ടെ ശിശുസദനത്തിലെ ആയയെ വല്ലാതെ കഷ്‌ടപ്പെടുത്തിയിരുന്നു. അവനേയും കൂട്ടി വീടെത്തിയപ്പോഴേക്കും ഏഴര കഴിഞ്ഞു. കിരൺ മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. വൈകിയെത്തിയതിന്‍റെ പരിഭവം.

“മമ്മി, എന്താ ഇത്ര വൈകിയത്. ഇന്നെനിക്ക് ഗ്രൗണ്ടിൽ കളിക്കാൻ പോകാൻ പറ്റിയില്ല.” അവൻ പറഞ്ഞതു ശ്രദ്ധിക്കാതെ ഞാൻ ഒരു ഗ്ലാസ്സ് പാലെടുത്ത് കൊടുത്തു. എനിക്കു വേണ്ട അവൻ മുഖം കോടി മുറിയിലേക്കോടി. കാര്യങ്ങൾ വിശദികരീച്ച് മനസ്സിലാക്കി അവനു പാലും സ്‌നാക്‌സും നൽകി ചായയുണ്ടാക്കി കുടിച്ചു. മുംബൈ പോലെ ഒരു മഹാനഗരത്തിൽ സഹായത്തിനൊരാളെ കിട്ടുക അത്ര എളുപ്പമല്ല. ഒരു ജോലിക്കാരി തരപ്പെട്ടാൽ തന്നെ വഴിപാടു പോലെ ജോലി ചെയ്‌തവർ കടന്നു കളയും.

പകൽ മുഴുവനും ഓഫീസ് ഫയലുകളിൽ തലയിട്ടതുകൊണ്ടും ട്രെയിനിലെ ഉന്തും തള്ളും കൊണ്ടും ഞാൻ വല്ലാതെ ക്ഷീണിതയായി കഴിഞ്ഞിരുന്നു. അടുക്കളയിൽ ചെന്ന് ഭക്ഷണമുണ്ടാക്കാൻ മടി തോന്നി. അര മണിക്കൂർ കൂടി കഴിഞ്ഞാൽ മഹേഷ് വീട്ടിലെത്തും.

ആണുങ്ങൾ അടുക്കളയിൽ കയറി ജോലി ചെയ്യുന്നതു മോശമാണെന്നാണ് അമ്മായിയമ്മ പറയാറ്. അതുകേട്ടു വളർന്ന മകൻ പിന്നെ അടുക്കളപ്പടി കടക്കുമോ? വീടും ഓഫീസും എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നില്ലെന്നു പരാതി പറഞ്ഞാൽ നിനക്ക് ജോലി രാജി വച്ചു കൂടെയെന്നു ചോദിക്കും. വീട്ടിൽ സ്വസ്‌ഥമായിരിക്കാമല്ലോ. ഒഹ്! പക്ഷേ അതെങ്ങനെയാ ജോലി ഭ്രാന്ത് തലയ്‌ക്കു പിടിച്ചിരിക്കുകയല്ലേ. മഹേഷിനോടു തർക്കിക്കാൻ ഞാനാളല്ല. ഇത്രയൊക്കെ പഠിച്ചിട്ട് വീട്ടിൽ വെറുതെ കുത്തിയിരിക്കണോ? മാത്രമല്ല എന്‍റെ വരുമാനം വീടിനൊരു മുതൽക്കൂട്ടല്ലെ. സോഫയിൽ കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയതറിഞ്ഞില്ല.

ഫോൺ ബെൽ മുഴുങ്ങുന്ന ശബ്‌ദം കേട്ടാണ് ഉണർന്നത്. മനസ്സൊന്നു മടിച്ചുവെങ്കിലും യാന്ത്രികമായി എഴുന്നേറ്റ് ഞാൻ ഫോണിനരുകിലെത്തി. ഫോൺ മുഴക്കം നിലച്ചിരുന്നു. അല്‌പസമയം കഴിഞ്ഞപ്പോഴേക്കും ഫോൺ വീണ്ടും ശബ്‌ദിക്കാൻ തുടങ്ങി. മഹേഷ് ഉമ്മറപ്പടി കടന്ന് വീടിനകത്ത് കടന്നിരുന്നു. “നീയെന്താ ഫോണെടുക്കാത്തത്?” മഹേഷ് ബാഗ് മേശപ്പുറത്ത് വച്ചു. മനസ്സില്ലാമനസ്സോടെ ഞാൻ റിസീവറെടുത്തു.

“ഹലോ?” ഞാൻ ദീന സ്വരത്തിൽ പറഞ്ഞു.

“എടോ! ദേവൂട്ടി, ഇതു ഞാനാ. മനസ്സിലായോ?”

“ഏ… നന്ദിതാ.” ശബ്‌ദം ഞാൻ തൽക്ഷണം തിരിച്ചറിഞ്ഞിരുന്നു. ഇഷ്‌ടം കൂടുമ്പോൾ പണ്ടേ എന്നെ ദേവൂട്ടി എന്നാണവൾ വിളിക്കാറ്. ദേവയാനി എന്നു തികച്ചു വിളിക്കില്ല. ഒരു നിമിഷം പോലും പരസ്‌പരം പിരിഞ്ഞിരിക്കാനാവത്തത്ര സൗഹൃദമായിരുന്നു. ഞങ്ങൾക്കിടയിൽ വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്. അവളെ കണ്ടിട്ട് നാളൊരുപാടായി. ഒരു യുഗം കഴിഞ്ഞതു പോലുണ്ട്. നന്ദിതയുടെ ശബ്‌ദം കേട്ട് പുതുശ്വാസം കിട്ടിയതുപോലെ ഞാൻ ഉത്സാഹവതിയായി.

“ഇത്രയും നാൾ നീയിതെവിടെയായിരുന്നു? ഇപ്പോഴെങ്കിലും ഈ സുഹൃത്തിനെയോർമ്മ വന്നല്ലോ. ഒരു ഫോൺ വിളിയോ… ഒരു ഇ-മെയിലോ ഒന്നുമില്ല. എന്നെ നീ മറന്നിരിക്കുമെന്നാ ഞാൻ കരുതിയത്” ഞാൻ സ്‌നേഹശാസനയോടെ പറഞ്ഞു.

“ആഹ! അപ്പോ വാദി പ്രതിയോ? ഞാനല്ലേ അങ്ങോട്ടു ഫോൺ വിളിച്ചത്. അപ്പോ കുറ്റപ്പെടുത്താനുള്ള അവകാശവും എനിക്കാ” നന്ദിതയും ചിരിച്ചു.

“ശരി സമ്മതിച്ചു. നിന്നെ വിളിക്കണം സംസാരിക്കണമെന്ന് പലവട്ടം കരുതിയതാണ് അപ്പോഴൊക്കെ ഓരോരോ കുടുംബപ്രശ്നങ്ങളും ഓഫീസ് തിരക്കുകളുമാവും. വീട്ടു ജോലിയും കുട്ടികളുടെ കാര്യവും… ഈ തിരക്കിനിടയിൽ സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ പോലും സമയം തികയാറില്ല.”

“നീ വിഷമിക്കണ്ട, ഏതാണ്ട് ഈ അവസ്‌ഥയൊക്കെയാ എന്‍റേതും.” നന്ദിത എന്നെ ആശ്വസിപ്പിച്ചു.

“പിന്നെ ഫോണിൽ സംസാരിച്ചിട്ട് എനിക്ക് തൃപ്‌തി വരുന്നില്ല. എനിക്ക് നിന്നെ നേരിട്ടു കാണണമെന്നുണ്ട്. ഞാൻ നിന്നെ കാണാൻ വരുന്നുണ്ട്.”

“എപ്പോ?” എനിക്ക് സന്തോഷമടക്കാനായില്ല. “നാളെ രാവിലെ 10 മണിയുടെ ഫ്‌ളൈറ്റിനു ഞാനെത്തും. മുംബൈയിൽ രണ്ട് ദിവസത്തെ ഓഫീഷ്യൽ ടൂറുണ്ടെന്ന് നീരജ് പറഞ്ഞപ്പോഴെ ഞാൻ ഓഫീസിൽ നിന്നും ലീവെടുത്തു. നിന്നെ കാണാൻ തീരുമാനിച്ചു. ഇനി നീ ലീവെടുക്കാൻ പറ്റില്ലെന്നൊന്നും പറഞ്ഞേക്കരുത്.”

“നിനക്ക് വേണ്ടി ഈ ജീവൻ പോലും പണയപ്പെടുത്താൻ ഞാൻ ഒരുക്കമാണ്. പിന്നെയല്ലെ ലീവ്?” എന്‍റെ മനസ്സ് നിറഞ്ഞു.

“ശരി, നാളെ കാണാം.” നന്ദിത റിസീവർ വച്ചു. സ്വന്തം ആവശ്യത്തിനായി ലീവെടുത്തതായി എനിക്ക് ഓർമ്മയേയില്ല. വരുണിനു സുഖമില്ലാതായപ്പോൾ, കിരണിന്‍റെ പരീക്ഷാ സമയത്ത് പലപ്പോഴും ലീവെടുക്കേണ്ടി വന്നിട്ടുണ്ട്.

നന്ദിത വരുന്നുവെന്നറിഞ്ഞതു മുതൽ അസാധാരണമായ ഒരു ഊർജ്‌ജവും ഉണർവും കൈവന്ന പോലുണ്ട്. മഹേഷ് കുളിച്ച് ഫ്രഷായി ഡ്രോയിംഗ് റൂമിലെത്തി. കുട്ടികൾ കളി മതിയാക്കി ഞങ്ങൾക്കരുകിലെത്തി. എന്‍റെ ആവേശവും ഉത്സാഹവും അവരെ ശരിക്കും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

“അല്ലാ ദേവി, ഇന്ന് മുഖത്ത് വല്ലാത്ത തെളിച്ചമുണ്ടല്ലോ? എന്താണിത്ര സന്തോഷം?” മഹേഷ് ചോദിച്ചു.

“നന്ദിത… എന്‍റെ കൂട്ടുകാരിയെക്കുറിച്ച് ഞാൻ എപ്പോഴും പറയാറില്ലേ. അവൾ നാളെ വരുന്നുണ്ട്.” ഇത്രയും പറഞ്ഞ് തിടുക്കപ്പെട്ട് ഞാൻ രാത്രി ഭക്ഷണം തയ്യാറാക്കി. മഹേഷും കുട്ടികളും വീട് വൃത്തിയാക്കാൻ എന്നെ സഹായിച്ചു. അല്ലാത്തപ്പോൾ ഒരായിരം വട്ടം അലറി പറഞ്ഞാലും സഹായിക്കാത്ത കൂട്ടരാ ഇപ്പോൾ അതിഥി വരുന്നുവെന്നറിഞ്ഞ് ഈ ഉത്സാഹം കാട്ടുന്നത്.

ടേബിളിൽ ഭക്ഷണമെടുത്തു വയ്‌ക്കുന്നതിനിടയിൽ മൂത്തമകൻ കിരൺ എനിക്കരുകിലെത്തി. “മമ്മി, നന്ദിത ആന്‍റിയെ സ്‌ഥിരമായി നമ്മുടെ വീട്ടിൽ നിർത്തിക്കൂടെ!”

അതെന്തിനാണെന്ന അർത്ഥത്തിൽ ഞാനവനെയൊന്നു നോക്കി. “മമ്മിയ്‌ക്കിന്ന് എന്തൊരു സന്തോഷമാ. ഞങ്ങളെ വഴക്ക് പറഞ്ഞതു കൂടിയില്ല. പാട്ടൊക്കെ പാടുന്നുണ്ടല്ലോ. മമ്മിയെ കാണാൻ ഇന്നു നല്ല രസമുണ്ട്.”

കുട്ടിയാണെങ്കിലും ചെറിയ വായിൽ അവൻ വലിയ കാര്യമാണ് പറഞ്ഞത്. ജീവിതത്തിലെ അമൂല്യമായ ഒരു പാഠമാണ് പഠിപ്പിച്ചു തന്നത്. ശരിയാണ്. ജീവിതത്തിലെ വലിയ സന്തോഷങ്ങൾ നേടിയെടുക്കുന്നതിനിടയിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ കണ്ടില്ലെന്നു നടിച്ചു. ദൈനംദിന തിരക്കുകൾക്കിടയിൽ ചിരിക്കാനും സംസാരിക്കാനും മറന്നു. ഇനി ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനസ്സിനെ തന്നത്താൻ പറഞ്ഞു മനസ്സിലാക്കി.

കിരണിനെ അടുത്തിരുത്തി ലാളിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ എല്ലാവരും ഉറങ്ങി. നല്ല ക്ഷീണമുണ്ടായിട്ടും കൂടി എനിക്ക് ഉറക്കം തീരെ വന്നില്ല. അമിതമായ ആഹ്ലാദവും ഉറക്കം കെടുത്തുമോ?

“നന്ദിത നിനക്ക് ഏറ്റവും ഇഷ്‌ടമുള്ള കൂട്ടുകാരിയാണ്. പക്ഷേ നിങ്ങൾ കളിക്കൂട്ടുകാരാണെന്നു ഞാൻ കരുതിയതേയില്ല?” ഫോൺ വന്ന ശേഷം എന്‍റെ ഉത്സാഹം കണ്ട് മഹേഷ് പറഞ്ഞു.

“ഞാനും നന്ദിതയും ദില്ലിയിൽ ലജ്‌പത്നഗറിലായിരുന്നു താമസം. ഒരേ സ്‌ക്കൂളിൽ ഒരേ ബഞ്ചിലിരുന്നു പഠനം. കൂടുതൽ സമയവും ഒന്നിച്ച് ചെലവഴിച്ചതുകൊണ്ട് ഞങ്ങളുടെ അഭിരുചിയും ഏതാണ്ട് സമാനമായിരുന്നു”

“അപ്പോൾ രണ്ടുപേരും പഠിത്തത്തിൽ കേമികളായിരിക്കുമല്ലോ?” മഹേഷ് ഇടയ്‌ക്ക് ഒരു തമാശ പറയാൻ ശ്രമം നടത്തി.

“അല്ലേയല്ല. പഠനകാര്യത്തിൽ ഞങ്ങൾക്ക് ആവറേജ് മാർക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സ്‌പോർട്‌സിൽ പ്രത്യേകിച്ച് ഓട്ടമത്സരത്തിൽ ഞങ്ങളെ വെല്ലാൻ ആരും തന്നെ ഇല്ലായിരുന്നു. എന്‍റെ വീട്ടിൽ നിന്നും ഒരു പത്ത് അടി ദൂരമേ നന്ദിതയുടെ വീട്ടിലേക്കുള്ളൂ. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വീട്ടുകാർ തമ്മിലുള്ള സൗഹൃദമായി വളർന്നു. രാവിലെ ഒരുങ്ങി കഴിഞ്ഞാൽ നീ റെഡിയായോ? എന്ന് ഞാൻ ഉറക്കെ വിളിച്ചു ചോദിക്കും. ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോഴേക്കും അവൾ തയ്യാറായിട്ടുണ്ടാവും.

ഒരിക്കൽ അമ്മയ്‌ക്ക് സുഖമില്ലാതെ വന്നപ്പോൾ അവൾ ഒരു പാട് സഹായിച്ചു. അമ്മ ആശുപത്രി വിട്ട് വീട്ടിൽ വരുന്നതു വരെ അവൾ എന്നെ ആശ്വസിപ്പിച്ചു. ക്ലാസ്സിൽ ഇരിക്കുമ്പോഴും ഞങ്ങൾ വീട്ടുകാര്യങ്ങൾ സംസാരിക്കും. പലപ്പോഴും അധ്യാപിക ഇതു കണ്ട് ഞങ്ങളെ മാറ്റിയിരുത്തിയിട്ടുണ്ട്.

മഹേഷ് ആകാംക്ഷയോടെ എന്‍റെ സംസാരം ശ്രദ്ധിക്കുന്നതു കണ്ട് എനിക്ക് ഉത്സാഹം തോന്നി. “നന്ദിതയ്‌ക്ക് അച്‌ഛനമ്മമാരെ കൂടാതെ ഒരു ഇളയ സഹോദരിയുമുണ്ടായിരുന്നു. നന്ദിതയുടെ ഇളയച്‌ഛനും ഇളയമ്മയും വാഹനപകടത്തിൽ മരിച്ചതുകൊണ്ട് അവരുടെ രണ്ടു മക്കളെ നോക്കേണ്ട ഉത്തരവാദിത്തവും അവളുടെ അച്‌ഛൻ ഏറ്റെടുത്തു. തീ പിടിച്ച പോലെ ദിനവും വില ഉയരുന്ന കാലത്ത് നാലു കുട്ടികളെ വളർത്തുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. സാമ്പത്തികമായി അവരുടെ കുടുംബം നല്ല ഞെരുക്കത്തിലായിരുന്നു.”

“നന്ദിതയ്‌ക്ക ഒരു മോശം ശീലമുണ്ടായിരുന്നു. ഇടയ്‌ക്കെങ്കിലും അവൾ അച്‌ഛന്‍റെ പോക്കറ്റിൽ നിന്നും 50 പൈസയോ ഒരു രൂപയോ മോഷ്‌ടിക്കും. അന്ന് ഞങ്ങൾ മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന സമയമാണ്. സ്‌ക്കൂളിൽ നിന്നും മടങ്ങുമ്പോൾ ആ പണം കൊണ്ട് അവൾ മിഠായിയോ മധുരപലഹാരമോ ഒക്കെ വാങ്ങും. എന്തു വാങ്ങിയാലും പകുതി എനിക്ക് തരും. നന്ദിതയുടെ പണം മോഷ്‌ടിക്കുന്ന സ്വഭാവം എനിക്ക് തീരെ ഇഷ്‌ടമില്ലായിരുന്നു. കിട്ടുന്നതു കഴിച്ചാൽ പോരെ. ഞാൻ എന്തിനവളെ ഉപദേശിക്കണം എന്ന നിലപാടായിരുന്നു എന്‍റേത്.”

“ഒരു ദിവസം നന്ദിത അഞ്ച് രൂപയുടെ നാണയം മോഷ്‌ടിച്ച് പ്ലം വാങ്ങിച്ചു. അഞ്ചു രൂപയ്‌ക്ക് കുറെയേറെ പ്ലം ലഭിച്ചു. ഞങ്ങൾ വഴിയിലുടനീളം പ്ലം കഴിച്ചു. എന്നിട്ടും മിച്ചം വന്ന പ്ലം വീട്ടിൽ അനിയത്തിയ്‌ക്ക് കൊണ്ടു കൊടുക്കാൻ നന്ദിതയോട് പറഞ്ഞു.”

ഞങ്ങൾ പ്ലം കഴിക്കുന്നതു കണ്ട് ഇതെവിടെ നിന്നും വാങ്ങിച്ചെന്ന് അമ്മ ചോദിച്ചു. നന്ദിത വാങ്ങിയതാണെന്ന് ഞാൻ പറഞ്ഞു. നന്ദിതയുടെ വീട്ടുകാർ കുട്ടികൾക്ക് പണം കൊടുക്കാറില്ലെന്ന് അമ്മയ്‌ക്ക് ഉറപ്പായിരുന്നു. അമ്മയ്‌ക്കെന്തോ സംശയം തോന്നി. അമ്മ നന്ദിതയുടെ വീട്ടിൽ പോയി ഇതേക്കുറിച്ച് സംസാരിച്ചു. താനല്ല വാങ്ങിയതെന്നും ദേവയാനിയാണ് വാങ്ങിയതെന്നും നന്ദിത തറപ്പിച്ചു പറഞ്ഞു. ഇതുകേട്ട് വീട്ടിലേയ്‌ക്ക് വന്ന് അമ്മയെന്നെ പൊതിരെ തല്ലി. തല്ലു കിട്ടിയിട്ടും ഞാനല്ല നന്ദിത തന്നെയാണ് പ്ലം വാങ്ങിയതെന്നും ഞാൻ ആണയിട്ടു പറഞ്ഞു. ഞാനല്ലെന്ന കാര്യം അമ്മയ്‌ക്ക് ഉറപ്പായി. എന്തായാലും സത്യം പുറത്തുകൊണ്ടു വന്നിട്ടുതന്നെ കാര്യം അമ്മ തീർച്ചയാക്കി. അമ്മ വേഗം നന്ദിതയുടെ വീട്ടിലേക്കോടി. നന്ദിത നിവൃത്തിയില്ലാതെ സത്യം തുറന്നു പറഞ്ഞു. വീട്ടിലെത്തിയ ശേഷം എന്നെ ചേർത്തു പിടിച്ച് അമ്മ കുറേനേരം കരഞ്ഞു. പിറ്റേന്നു എന്നെയും നന്ദിതയേയും പിടിച്ചിരുത്തി അമ്മ കുറെ ഉപദേശിച്ചു.

“തെറ്റു ചെയ്യുന്നതുപോലെ തന്നെ തെറ്റു ചെയ്യുന്നവർക്ക് കൂട്ടു നിൽക്കുന്നതും തെറ്റാണെന്ന് അമ്മ പറഞ്ഞു. നന്ദിത മോഷ്‌ടിക്കുന്ന കാശുകൊണ്ട് വാങ്ങുന്ന മിഠായി അറിഞ്ഞു കൊണ്ട് കഴിച്ചതാണ് ഞാൻ ചെയ്‌ത തെറ്റ്. അപ്പോ ഞാനും തുല്യ കുറ്റക്കാരിയാണ്. അന്ന് പഠിച്ച പാഠം ജീവിതകാലമത്രയും ഞാൻ മനസ്സിൽ സൂക്ഷിക്കുകയായിരുന്നു.” സംസാരത്തിനിടയ്‌ക്ക് ഞാൻ മഹേഷിനെയൊന്നു നോ%

മൈക്ക് ടെസ്‌റ്റിംഗ്!

“എടാ ഇത് ഞാനാ. എത്ര നേരമായി വിളിക്കുന്നു. നീ എന്താ ഫോൺ?എടുക്കാത്തത്. ” നികിലേഷ് അസ്വസ്‌ഥനായാണ് ലാലുവിനോട് സംസാരിച്ചത്.

“നീയിതെവിടുന്നാ സംസാരിക്കുന്നത് ചങ്ങാതി? ഞായറാഴ്‌ചയായിട്ട് പോലും നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്ലേടാ” ലാലു ഉറക്കച്ചടവിൽ ചോദിച്ചു.

“എടാ ഞാനിവിടെ ടൗൺ ഹാളിൽ നിന്നാണ് വിളിക്കുന്നത്. നേരം വെളുത്ത് 10 മണിയായിട്ടും നീ മൂടിപ്പുതച്ച് കിടക്കുകയാണോ? നികിലേഷ് സ്‌നേഹം കലർന്ന ദേഷ്യത്തോടെ പറഞ്ഞു.

“അതു പോട്ടെ, നീ ഇതു രാവിലെ തന്നെ ടൗൺഹാളിൽ എന്തെടുക്കുകയാ. വല്ല ചുറ്റിക്കളിയുമാണോ ആശാനേ… ഹും നീ വിളിച്ചതിന്‍റെ കാര്യം പറ മോനേ.”

“എടാ നീ മറന്നു പോയോ? ഇന്ന് പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ ഡോ. ആശിഷ്, പ്രൊഫസർ രാജാറാം അനുസ്‌മരണ പ്രഭാഷണം നടത്തുന്നുണ്ട്.”

“ആ കാര്യം ഞാൻ മറന്നാലെന്ത്? ഓർത്താലെന്ത്? അതിൽ എനിക്ക് കാര്യമൊന്നുമില്ലല്ലോ. അത്തരം ബോറൻ പരിപാടിക്കൊന്നും എന്നെ കിട്ടില്ല ചങ്ങാതി.” ലാലു ഫോൺ കട്ടാക്കാനൊരുങ്ങി.

“എടാ… അങ്ങനെ പറയല്ലേ. ഒരു പ്രതിസന്ധി വരുമ്പോൾ നീയല്ലേടാ എന്നെ സഹായിക്കേണ്ടത്.” നികിലേഷ് കാലുപിടിക്കുന്നതു പോലെ പറഞ്ഞു.

“ഞാൻ നല്ല സുഖം പിടിച്ച് ഉറങ്ങുകയായിരുന്നു. നീ നിന്‍റെ സങ്കടം പറഞ്ഞ് തുലച്ചു. എന്നെ പോലെയുള്ള വിദ്യാർത്ഥികൾക്ക് ഞായറാഴ്‌ചയാണ് കുറച്ച് നന്നായി ഉറങ്ങാൻ സമയം കിട്ടുന്നത്. നീ അതു നശിപ്പിച്ചല്ലോടാ” ലാലു ചോദിച്ചു.

“നീയും നിന്‍റെ ഒരു ഉറക്കവും. ഞാൻ സഹായം ചോദിക്കുമ്പോഴാണ് നിന്‍റെ… എടാ നീ എന്‍റെ കരച്ചിൽ ഫോണിലൂടെ കേൾക്കുന്നില്ലേ. ഒന്ന് ഹെൽപ്പ് ചെയ്യടാ..”

“ആ… കാര്യം പറയൂ. പ്രസംഗം കേൾക്കാൻ പോയതല്ലേ. പിന്നെ എന്തു പറ്റി?”

“അതു തന്നെയാടാ പ്രശ്നം. ടൗൺഹാളിലാണ് പരിപാടി. അവിടെ എഴുന്നൂറ് പേർക്കിരിക്കാൻ സൗകര്യമുണ്ട്. ഞങ്ങൾ ആയിരം ക്ഷണക്കത്ത് നൽകിയിരുന്നു. കുറഞ്ഞത് അഞ്ഞൂറ് പേരെങ്കിലും വരുമെന്നാണ് കരുതിയത്. പക്ഷേ… ഏഴ് പേർ മാത്രമേ വന്നിട്ടുള്ളൂ! അതാണ് പ്രശ്നം.”

“ഹാ.. ഹ.. ഹ..” ലാലു പൊട്ടിച്ചിരിച്ചു.

“എനിക്ക് പ്രസവ വേദന നിനക്ക് വീണ വായന.” നികിലേഷിനും ദേഷ്യം വന്നു.

“മുഖ്യാതിഥി എത്തിക്കഴിഞ്ഞു. ഡിപാർട്ട്‌മെന്‍റ് തലവൻ എന്നെ ചീത്ത പറഞ്ഞ് പുള്ളിയേയും കൂട്ടി ചായ കുടിക്കാൻ പോയിരിക്കുകയാണ്. ഇനി ഞാനെന്തു ചെയ്യും.. ഒരു പരിഹാരം പറ.”

“നികിലേ.. അതു വലിയ ചതിയായല്ലോടാ.”

“അതല്ലേ ഞാൻ രാവിലെ തന്നെ നിന്നെ വിളിച്ചത്. നീ നിന്‍റെ ഹോസ്‌റ്റലിലെ കുട്ടികളെ കൂട്ടി ഒന്ന് വേഗം വാടാ.” നികിലേഷ് അഭ്യർത്ഥിച്ചു.

“നീ എന്താടാ പറയുന്നത്. എന്‍റെ കൈയിൽ അലാവുദ്ദീന്‍റെ അദ്‌ഭുത വിളക്കൊന്നും ഇല്ല. ഞാൻ പറയുമ്പോഴേയ്‌ക്കും കുട്ടികൾ എന്‍റെ കൂടെ പോരാൻ. മാത്രമല്ല പ്രസംഗം എന്ന് പറഞ്ഞാൽ തന്നെ അവർ ഓടി ഒളിക്കും.”

“അതൊന്നും എനിക്ക് അറിയണ്ട. നീ എന്നെ സഹായിച്ചേ പറ്റൂ. നിന്‍റെ സംഘാടക ശേഷിയൊക്കെ എനിക്ക് നന്നായി അറിയാം.”

തനിക്ക് ഒരു പ്രശംസ കിട്ടിയതിന്‍റെ ഊർജ്‌ജത്തിൽ ലാലു ഉഷാറായി എഴുന്നേറ്റിരുന്നു. ആദ്യം തന്നെ അവൻ തന്‍റെ ഹോസ്‌റ്റലിലെ പരിചയക്കാരെ കണ്ടു, കുറച്ച് കുട്ടികൾ കാന്‍റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചിലർ ഉണർന്നിട്ടേ ഉണ്ടായിരുന്നുള്ളൂ.

കുറെ അധികം ശ്രമിച്ചിട്ടും കുട്ടികളെ ടൗൺ ഹാളിലേക്ക് എത്തിക്കാൻ ലാലുവിന് കഴിഞ്ഞില്ല. അവന്‍റെ പരിശ്രമങ്ങളെല്ലാം തുടക്കത്തിലെ പാളി. പലരും അവൻ പറയുന്നത് പോലും കേൾക്കാൻ ചെവി കൊടുത്തില്ല. ചിലർ പ്രസംഗം കേൾക്കാൻ തങ്ങൾക്ക് ഭ്രാന്തില്ലെന്ന് തുറന്നടിച്ചു.

“ഒരാഴ്‌ച മുഴുവൻ പ്രസംഗമല്ലേ ക്ലാസ്സിൽ കേട്ടു കൊണ്ടിരിക്കുന്നത്. ഞായറാഴ്‌ചയെങ്കിലും ഒന്ന് ഒഴിവു താടോ?” ഒരു സഹപാഠി പറഞ്ഞു.

“എന്തു വർത്തമാനമാടോ താൻ പറയുന്നത്? നിങ്ങൾ  വിചാരിക്കുന്നതു പോലുള്ള സെമിനാർ ഒന്നുമല്ല ഇത്. പ്രസിദ്ധ ശാസ്‌ത്രജ്‌ഞൻ ഡോ. ആശിഷ്, പ്രൊഫസർ രാജാറാം അനുസ്‌മരണ പ്രസംഗം നടത്തുകയാണ്. ഇതൊരു സുവർണ്ണാവസരമാണ്. ഇതിന്‍റെ ഭാഗമാകാൻ ജീവിതത്തിൽ ഒരിക്കലേ അവസരം കിട്ടൂ. അത് നഷ്‌ടപ്പെടുത്തരുത്.”

“എങ്കിൽ നീ പോയി അവിടെ കുത്തിയിരുന്നോ? ഒരു സുവർണ്ണാവസരം കളയണ്ട.” കുട്ടികൾ അവനെ കളിയാക്കി ചിരിച്ചു.

ലാലു പിന്നെ മറ്റ് കോളേജിൽ പഠിക്കുന്ന തന്‍റെ സുഹൃത്തുക്കളെ ഫോൺ ചെയ്‌തു. പക്ഷേ പലർക്കും ശാസ്‌ത്ര സംബന്ധിയായ പ്രസംഗം കേൾക്കാൻ താൽപര്യമില്ലായിരുന്നു.

“നഗരത്തിലെ പത്തോളം വരുന്ന ശാസ്‌ത്ര കോളേജിൽ നിന്ന് 10-100 കുട്ടികളെ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ അതൊരു വലിയ നാണക്കേടാവും.” സയൻസ് ക്ലബ് സെക്രട്ടറി കൂടിയായ ഫൈനൽ ഇയർ വിദ്യാർത്ഥിയായ റാം ജോർജിനോട് ലാലു പറഞ്ഞു.

“നീ പറഞ്ഞത് ശരിയാണ്. ഈ വിഷയത്തിൽ ഇപ്പോൾ ആർക്കും താൽപര്യമില്ല. പരീക്ഷ ജയിക്കാൻ വേണ്ടി മാത്രമാണ് എല്ലാവരും പഠിക്കുന്നത്? ഇതുപോലുള്ള സെമിനാറിലൊക്കെ പങ്കെടുക്കുന്നത് സമയം കൊല്ലുന്ന ഏർപ്പാടാണെന്നാണ് ഇവരെല്ലാം കരുതുന്നത്. വലിയ കഷ്‌ടമാണിത്” റാം ജോർജ് മറുപടി പറഞ്ഞു.

“ഇനി ഇപ്പോൾ എന്നാ ചെയ്യുക. നികിലിനോട് ഇനി ഞാൻ എന്തു പറയും.” ലാലു നെടുവീർപ്പിട്ടു.

“അവന് അങ്ങനെ തന്നെ വേണം. ഞായറാഴ്‌ച ഇത്തരം പരിപാടി സംഘടിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു. ഇപ്പോൾ ഒരു പോംവഴിയേയുള്ളൂ.” സയൻസ് ക്ലബ് സെക്രട്ടറി കൂടിയായ റാം ജോർജ് പറഞ്ഞു.

“നിന്‍റെ ഐഡിയ വേഗം പറ?” നികിലേഷ് ഉത്സാഹഭരിതനായി.

“കുറച്ച് ദിവസം മുമ്പാണ് ഞങ്ങളുടെ കോളേജിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. അതിൽ ടിവി ഷോയിൽ കോമഡി സ്‌കിറ്റ് അവതരിപ്പിക്കുന്ന ഒരു കലാകാരനെ ക്ഷണിച്ചിരുന്നു. അദ്ദേഹം ചെയ്‌ത കോമഡി കണ്ട് കുട്ടികൾ തലയറിഞ്ഞു ചിരിച്ചിരുന്നു. നീ സമ്മതിക്കുകയാണെങ്കിൽ നമുക്ക് അദ്ദേഹത്തെ വിളിക്കാം. അദ്ദേഹത്തിന്‍റെ പരിപാടിയുണ്ടെന്നറിഞ്ഞാൽ പിള്ളേർ തള്ളി കയറിക്കോളും!”

“നീ പറഞ്ഞത് ശരിയാണ് റാം. പക്ഷേ ഈ ഐഡിയ എനിക്ക് എന്താണ് നേരത്തെ തോന്നാതിരുന്നത്?” ഇത് കേട്ട് രണ്ടാളും ചിരിച്ചു. ഇതു കേട്ടതും നികിലേഷ് ആവേശഭരിതനായി.

“നീ എന്തു ചെയ്‌താലും വേണ്ടിയില്ല. ആൾക്കൂട്ടമുണ്ടായാൽ മതി. സീറ്റൊന്നും കാലിയായി കിടക്കരുത്. അത്രയും മതി.”

പത്ത് മണിയായിരുന്നു സമയം. ഇപ്പോൾ പക്ഷേ ഒരു മണിയായി. വകുപ്പ് മേധാവി എന്‍റെ നേരെയാണ് ചാടിക്കളിക്കുന്നത്. മുഖ്യാതിഥിയെ അദ്ദേഹം ഊണു കഴിക്കാനായി കൊണ്ടു പോയിരിക്കുകയാണ്. ഇനി ഡോ. ആശിഷ് മടങ്ങി വന്ന് പ്രഭാഷണം പൂർത്തിയാക്കുമോ എന്തോ?” നികിലേഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

കോമഡി സ്‌റ്റാർ ഉടനെ എത്താമെന്ന് അറിയിച്ചു. പരിപാടി അവതരിപ്പിക്കാൻ കോമഡി സ്‌റ്റാർ എത്തുന്നതറിഞ്ഞ് നേരത്തെ ഹാളിലെത്താൻ വിസമ്മതിച്ച കുട്ടികൾ വരെ ഇടിച്ചു കയറി. എസ്‌എംഎസ് ലഭിച്ചതോടെ കുട്ടികൾ ഹാളിലേയ്‌ക്ക് ഒഴുകി.

വകുപ്പ് മേധാവിയുമായി കൂടിയാലോചിച്ച ശേഷം സംഘാടകർ ഒരു തീരുമാനത്തിലെത്തി. ആദ്യം കോമഡി പരിപാടി നടത്താം. അപ്പോൾ കുട്ടികൾക്ക് ബോറടിയില്ല. അതിനു ശേഷം മുഖ്യാതിഥിയെ പ്രഭാഷണത്തിനായി ക്ഷണിക്കാം.

മുഖ്യാതിഥി ഇതറിഞ്ഞപ്പോൾ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു. “നോക്കൂ, ഞാനിവിടെ ബഹിരാകാശവുമായി ബന്ധപ്പെട്ട ശാസ്‌ത്രവിഷയം അവതരിപ്പിക്കാനാണ് വന്നത്. അല്ലാതെ നിങ്ങളുടെ വളുപ്പ് കോമഡി ആസ്വദിക്കാനല്ല. നിങ്ങളുടെ കുട്ടികൾക്ക് ഈ ശാസ്‌ത്ര വിഷയത്തിൽ താൽപര്യമില്ലെങ്കിൽ നിങ്ങൾ ആദ്യമേ ആലോചിക്കേണ്ടതായിരുന്നു.” അദ്ദേഹം വകുപ്പ് മേധാവിയോട് ഉച്ചത്തിലാണ് സംസാരിച്ചത്.

വകുപ്പ് മേധാവി ഡോ. ലാൽ നികിലേഷിനേയും കൂട്ടുകാരേയും കണ്ണുരുട്ടി നോക്കിയ ശേഷം മുഖ്യാതിഥി ഡോ. ആശിഷിന്‍റെ കൈ പിടിച്ചു കാണ്ട് മൃദുസ്വരത്തിൽ പറഞ്ഞു.

“ഇന്ന് സംഭവിച്ച കാര്യങ്ങൾക്ക് ഞാൻ അങ്ങയുടെ മുന്നിൽ ലജ്‌ജ കൊണ്ട് തല കുനിക്കുകയാണ്. എന്നോട് ക്ഷമിക്കണം. ഒരു വീഴ്‌ച പറ്റിയതാണ്…”

“ഡോ. ലാൽ, ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ എന്‍റെ സങ്കടം പറഞ്ഞുവെന്നേയുള്ളൂ, എനിക്ക് ഇന്ന് രണ്ട് സ്‌ഥലത്ത് പ്രഭാഷണം നടത്താനുള്ള ക്ഷണം ഉണ്ടായിരുന്നു. പക്ഷേ ഞാൻ യുവാക്കളെ പ്രോത്‌സാഹിപ്പിക്കാം എന്നു കരുതിയാണ് ഇവിടെ പങ്കെടുക്കാമെന്ന് ഏറ്റത്.”

“പക്ഷേ എന്‍റെ കണക്ക് കൂട്ടലുകൾ തെറ്റി. ചെറുപ്പക്കാർക്ക് ശാസ്‌ത്ര വിഷയത്തിൽ യാതൊരു താൽപ്യവുമില്ല. നമുക്ക് സ്‌ക്കൂൾ തലം മുതൽ കുട്ടികളിൽ ശാസ്‌ത്ര താൽപര്യം ജനിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്”

“സാറ് പറഞ്ഞത് ശരിയാണ്. നമ്മുടെ രാഷ്‌ട്രത്തിന്‍റെ ഭാവി തന്നെ യുവാക്കളായ ശാസ്‌ത്രജ്‌ഞരുടെ കൈയിലാണ്. സാറ് പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. സാറിന്‍റെ നിരീക്ഷണം വളരെ ശരിയാണ്” വകുപ്പ് മേധാവി പറഞ്ഞു.

“എനിക്ക് അഞ്ചു മണിയുടെ ഫ്‌ളൈറ്റിനാണ് പോകേണ്ടത്. ഇവിടെ നിന്ന് ഒരു മണിക്കൂർ എയർപോർട്ടിലേക്ക് വേണ്ടി വരും” ഡോ. ആശിഷ് പറഞ്ഞു.

“സാറ് പേടിക്കണ്ട. അതിനുള്ള സംവിധാനം ഒരുക്കാം” ഡോ. ലാൽ പറഞ്ഞു.

കോമഡി സ്‌റ്റാർ തന്‍റെ പരിപാടി തുടങ്ങിയതും ഹാളിൽ എല്ലാവരും തലയറിഞ്ഞു ചിരിച്ചു. നല്ല അച്ചടക്കമുള്ള സദസായിരുന്നു അത്. ഡോ. ലാൽ മുഖ്യാതിഥിയോടൊപ്പം സദസിൽ ഇരുന്നു. ഇരിവരും കുട്ടികൾക്കൊപ്പം പരിപാടി നന്നായി ആസ്വദിച്ചു. മുഖ്യാതിഥി ഇടയ്‌ക്കിടയ്‌ക്ക് വാച്ചിൽ നോക്കിക്കൊണ്ടിരുന്നു.

കോമഡി ഷോ തുടങ്ങി അര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഡോ.ലാൽ ഒരു അനൗൺസ്‌മെന്‍റ് നടത്തി. “മുഖ്യാതിഥിയും പ്രമുഖ ബഹിരാകാശ ശാസ്‌ത്രജ്‌ഞനുമായ ഡോ.ആശിഷ് സാറിന്‍റെ പ്രഭാഷണമാണ് അടുത്തത്! കോമഡി ഷോയുടെ ബാക്കി ഭാഗം പ്രഭാഷണ ശേഷം നടത്തുന്നതായിരിക്കും.”

ഉടനെ തന്നെ പ്രൊജക്‌ടറും കസേരകളും വേദിയിൽ സജ്‌ജമാക്കി. ഡോ. ലാൽ സ്‌നേഹപൂർവ്വം ഡോ. ആശിഷിനെ വേദിയിലേക്ക് ആനയിച്ചു. ഈ ഔപചാരികമായ കാര്യങ്ങൾ നടക്കുമ്പോൾ വിദ്യാർത്ഥികൾ ക്ഷമ നശിച്ചു ഇരിക്കുകയായിരുന്നു. കുറെ അധികം കുട്ടികൾ ഹാളിന്‍റെ പുറക് വശത്തെ വാതിലിലൂടെ പുറത്ത് കടന്നു.

നികിലേഷും കുട്ടുകാരും ഇതുകണ്ട് പരിഭ്രാന്തരായി. ഇനി എന്തു ചെയ്യും. അവർ ഉടനെ മുൻവശത്തെ വാതിൽ പോയി അടച്ചു. എന്നിട്ട് പുറക് വശത്തെ വാതിലിനരികിൽ പോയി നിന്നു. അതിനാൽ ഹാളിൽ നിന്ന് കുട്ടികളുടെ ഒഴുക്ക് തടയാനായി സാധിച്ചു. പക്ഷേ ഇതൊന്നും കുട്ടികളുടെ അടുത്ത് ചിലവാകുമായിരുന്നില്ല. അവർ മുൻവശത്തെ വാതിൽ തുറന്ന് പോകാൻ ഒരുങ്ങിയപ്പോൾ നികിലേഷും കൂട്ടുകാരും തടുത്തു. അത് സംഘർഷത്തിനു വഴി വച്ചു.

ഇതുകണ്ട് കൊണ്ട് വന്ന ഡോ. ലാൽ ആരെയും ബലം പ്രയോഗിച്ച് ഹാളിൽ ഇരുത്താൻ ശ്രമിക്കരുതെന്ന് നികിലേഷിന് ഉത്തരവു നൽകി. എല്ലാവരും അതോടെ ഹാളിലെ കസേരകളിൽ വന്നിരുന്നു. പ്രഭാഷണം ശ്രദ്ധിച്ചു.

ഡോ. ആശിഷ് പ്രഭാഷണം അവസാനിപ്പിക്കുമ്പോൾ ഹാളിൽ കഷ്‌ടിച്ച് അമ്പത് പേരെ ഉണ്ടായിരുന്നുള്ളൂ. അതിൽ പലരും ഉറങ്ങുകയോ പാതിമയക്കത്തിലോ ആയിരുന്നു. വിശ്രമിക്കാനാണ് പലരും അവിടെ ഇരുന്നത് തന്നെ. അല്ലാതെ പ്രഭാഷണം ശ്രദ്ധിക്കാനല്ല.

ഡോ. ആശിഷ് അര മണിക്കൂർ ഗംഭീര പ്രസംഗമാണ് നടത്തിയത്. തന്‍റെ ഉദ്ധരണികൾ ഹാളിന്‍റെ നാലു ചുമരുകളിൽ തട്ടി തിരിച്ചു വരികയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പ്രഭാഷണം അവസാനിച്ചതോടെ ഹാളിൽ അദ്‌ഭുതാവഹമായ കരഘോഷം മുഴങ്ങി. തന്‍റെ പ്രസംഗത്തിന്‍റെ മികവിനാണോ അതോ എത്രയും പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ചതിനാണോ കൈയടി എന്ന് ഡോ. ആശിഷിന് പിടികിട്ടിയില്ല. കാര്യം എന്തായാലും ഡോ.ആശിഷ് സന്തുഷ്‌ടനായിരുന്നു. കാരണം ഡോ. രാജാറാം അനുസ്‌മരണ പ്രഭാഷണം നടത്താൻ കഴിഞ്ഞല്ലോ. അല്ലെങ്കിൽ ആ മഹാനായ ശാസ്‌ത്രജ്‌ഞനോടുള്ള അനാദരവ് ആയേനെ അത്. അദ്ദേഹം വേഗം തന്‍റെ ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും കാറിൽ എടുത്തു വച്ചു. സംഘാടകർ അദ്ദേഹത്തെ യാത്രയാക്കി.

തിരിച്ച് ഹാളിലെത്തിയ അവർ അദ്‌ഭുതപ്പെട്ടു പോയി. വീണ്ടും കുട്ടികൾ കസേരകളിൽ വന്ന് നിറയുന്നു! ടൗൺ ഹാൾ നിറഞ്ഞു. അവിടെ ശബ്‌ദ മുഖരിതമായി. വകുപ്പ് ‌മേധാവിയും മറ്റ് സംഘാടകരും ഹാളിൽ ഒരിടത്ത് ഇരുന്നു.

കോമഡി സ്‌റ്റാർ സ്‌റ്റേജിലെത്തി. കുട്ടികൾ കരഘോഷം മുഴക്കി. ആ ആരവങ്ങൾക്കിടയിലും ഡോ. ലാൽ, ശാസ്‌ത്രത്തിന്‍റെ ഭാവി വാഗ്‌ദാനങ്ങളായ കുട്ടികളെക്കുറിച്ച് വേവലാതിപ്പെട്ടു. അയാൾ അസ്വസ്‌ഥനായി ഹാൾ വിടാനൊരുങ്ങിയപ്പോൾ നികിലേഷ് പിറകെ വന്നു. സാറിന് വഴിയൊരുക്കി കൊടുത്തു.

“സർ എന്താണ് പ്രശ്നം?” അവൻ ചോദിച്ചു.

ഡോ.ലാൽ ഒന്നു ഇരുത്തി മൂളിക്കൊണ്ട് മനസ്സിൽ പറഞ്ഞു. “ഈ ലോകം ഒരു കോമഡി ഷോ ആണ്.”

വിശുദ്ധയുടെ കാമുകൻ

പ്രണയത്തിന്‍റെ നനുത്ത സുഗന്ധം പരക്കുന്ന മനോഹരമായ ആ കിടപ്പുമുറിയിൽ സംഗീത മനോജിനെ നെഞ്ചിടിപ്പോടെ കാത്തിരുന്നു. ഇങ്ങനെയൊരു സുന്ദരമായ ദിവസം ജീവിതത്തിൽ എന്നെങ്കിലുമുണ്ടാവുമെന്ന് അന്നൊരിക്കലും നിനച്ചിരുന്നതല്ല. അവളൊരിക്കലും വിവാഹത്തിന് തയ്യാറല്ലായിരുന്നു. അല്ലെങ്കിലും എങ്ങനെ തയ്യാറാവാനാ? അവൾക്കുണ്ടായ ആ ദുരന്തം എപ്പോഴും ഉമിത്തീപോലെ അവളെ എരിച്ചടക്കുകയായിരുന്നുവല്ലോ.

ഒരു വർഷം മുമ്പ് നടന്ന ആ ദുരന്തത്തിന്‍റെ നടുക്കുന്ന ആ ഓർമ്മ അവളുടെ മനസ്സിനെ നുറുക്കി തകർത്തുകൊണ്ടിരുന്നു. ചുട്ടുപൊള്ളുന്ന ഒരു വെള്ളിയാഴ്‌ച ഉച്ചനേരത്ത് കോളേജിൽ നിന്നും ക്ലാസും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു യാദൃച്ഛികമായി ഒരു കാർ അവൾക്കരികിൽ വന്ന് നിന്നത്.

ഞൊടിയിട നേരം കൊണ്ട് കാറിന്‍റെ പിൻ വാതിൽ തുറക്കപ്പെട്ടു. അതിലൂടെ നീണ്ടുവന്ന ബലിഷ്‌ഠങ്ങളായ കരങ്ങൾ അവളെ ബലമായി കാറിനകത്ത് വലിച്ചിട്ടു. പിന്നീട്… എല്ലാം ഒരു പുകമറ പോലെ….

ബോധത്തിന്‍റെയും അബോധത്തിന്‍റെയും ഇടവേളയിലെപ്പോഴോ അവൾ ഒരു ഞെട്ടലോടെ ആ സത്യം അറിഞ്ഞു. ചതഞ്ഞരയ്‌ക്കപ്പെട്ട പൂവ് പോലെ… നിസംഗയായി അവൾ വിജനതയിൽ അലഞ്ഞു നടന്നു. ഒടുവിൽ ജീവച്‌ഛമായി അവൾ വീടണഞ്ഞപ്പോൾ അമ്മ അവളെ നെഞ്ചോട് ചേർത്ത് കരഞ്ഞുകൊണ്ടിരുന്നു. ആ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നു നിൽക്കും. മരവിച്ച മനസ്സോടെ അവൾ ഓരോ ദിനവും തള്ളിനീക്കിക്കൊണ്ടിരുന്നു.

സർക്കാരുദ്യോഗസ്‌ഥനായ സോമരാജന്‍റെയും വീട്ടമ്മയായ വനജയുടെയും ഏകമകൾ. അപമാനഭീതി മൂലം മകൾക്കുണ്ടായ ദുരന്തത്തെപ്പറ്റി പോലീസിൽ പരാതി നൽകാൻ അവർ ആഗ്രഹിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി ഭീകരമായ ആ ഓർമ്മയിൽ നിന്നും മകളെ മോചിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സോമരാജനും വനജയും.

വനജ തന്നെക്കൊണ്ട് ആവുന്നതും പറഞ്ഞ് അവളെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും തന്‍റെ ജീവിതം തകർത്ത ആ ഓർമ്മയിൽ നിന്നും അവൾക്ക് മോചനം നേടാനാവുമായിരുന്നില്ല. മാത്രവുമല്ല മാധ്യമങ്ങളിലും മറ്റും ഇത്തരം വാർത്തകൾ വരുന്നത് പതിവായതിനാൽ ആ കറുത്ത ദിവസത്തിന്‍റെ ഓർമ്മ ഉണങ്ങാത്ത മുറിവായി അവളുടെ മനസ്സിൽ നീറ്റലായി മാറിക്കൊണ്ടിരുന്നു.

ചാനലുകളിലും പത്രങ്ങളിലും വരുന്ന ബലാത്സംഗ വാർത്ത അവളുടെ മനസ്സിൽ ആവർത്തിച്ചാവർത്തിച്ച് മുറിപ്പാടുകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു. ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ… ഹൃദയം നുറുങ്ങി രക്‌തമൊലിപ്പിച്ചു കൊണ്ടിരുന്നു. അവൾ പല തവണയായി അതേ മരണം വരിച്ചു കൊണ്ടിരുന്നു. എങ്കിലും കാലം എല്ലാ മുറിവുകൾക്കുമുള്ള സിദ്ധൗഷധമാണല്ലോ. സമയം കടന്നു പോകവേ എല്ലാം സാധാരണ നിലയിലായിക്കൊണ്ടിരുന്നു.

ബി.കോം കഴിഞ്ഞയുടനെ സംഗീതയ്‌ക്ക് നല്ലൊരു വിവാഹലോചന വന്നു. സോമരാജന്‍റെ സഹപ്രവർത്തകനായ ശേഖരന്‍റെ ഏകമകൻ മനോജായിരുന്നു വരൻ. സംഗീതയുടെ വാടിയ മുഖം കണ്ട് അമ്മ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “മോള് അക്കാര്യമങ്ങ് മറക്കണം. അത് ആരോടും നീ പറയരുത്. മനോജിനോട് ഒരിക്കലും നീയത് പറയരുത്. സ്‌ത്രീയുടെ മനസ്സുപോലെ അത്ര വിശാലമല്ല പുരുഷ മനസ്സ്. വളരെ സങ്കീർണ്ണമാണത്. ഭാര്യയുമായി ബന്ധപ്പെട്ട അപ്രിയങ്ങളായ കാര്യങ്ങൾ അവർക്ക് മറക്കാനും പൊറുക്കാനും കഴിയില്ല.”

ഒരിക്കൽ മനോജിനും സംഗീതയ്‌ക്കും പരസ്‌പരം കാണാനുള്ള അവസരമുണ്ടായി. ആകർഷകവും സൗമ്യവുമായ വ്യക്‌തിത്വം അവരെ പരസ്‌പരം കൂടുതൽ ആകർഷിക്കുകയാണ് ഉണ്ടായത്. അന്നവർ കുറേനേരം സംസാരിച്ചു.

ഒരു ദിവസം സംസാരമദ്ധ്യേ സംഗീത തനിക്കുണ്ടായ ദുരന്തത്തെക്കുറിച്ച് മനോജിനോട് പറഞ്ഞു. “വലിയൊരു കളവ് മറച്ചുപിടിച്ചുകൊണ്ട് പുതിയൊരു ജീവിതം തുടങ്ങാൻ എനിക്കാവില്ല. എനിക്ക് നിങ്ങളെ വഞ്ചിക്കാനാവില്ല” സംഗീത ഒരു തേങ്ങിക്കരച്ചിലോടെ പറഞ്ഞു.

അവളുടെ സത്യസന്ധമായ പെരുമാറ്റം മനോജിന് വളരെയേറെ ഇഷ്‌ടപ്പെട്ടു.

എല്ലാം മറക്കണമെന്ന് പറഞ്ഞ് മനോജ് അവളെ സമാധാനിപ്പിച്ചപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസത്തിൽ കണ്ണീരണിഞ്ഞ കണ്ണുകളിൽ ചിരിപടർന്നു. വലിയൊരു ചിന്താഭാരത്തിൽ നിന്നും മനോജ് തന്നെ ഉയർത്തിയെടുത്തതു പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത്. അതിനുശേഷം വിവാഹം സമംഗളമായി നടന്നു.

മുറിയിലെത്തിയ മനോജ് നവവധുവായ സംഗീതയ്‌ക്കരികിൽ വന്നിരുന്നു. വലിയൊരു പുഞ്ചിരിയോടെ അയാൾ അവളുടെ കണ്ണുകളിൽ തന്നെ ഏറെ നേരം നോക്കിയിരുന്നു. അയാളുടെ കണ്ണുകളിൽ പ്രണയത്തിന്‍റെ അലകൾ ഉയരുന്നത് അവൾ തിരിച്ചറിഞ്ഞു. ആ അലകളിൽ അലിഞ്ഞു ചേരാൻ അവളുടെ മനസ്സ് കൊതിച്ചു കൊണ്ടിരുന്നു.

മനോജ് അവളെ നെഞ്ചോടു ചേർത്തുപിടിച്ച് കൈകളിൽ തഴുകി കൊണ്ടിരുന്നു. അയാളുടെ ചൂട് ശ്വാസനിശ്വാസങ്ങൾ അവളുടെ ശരീരത്തെ ഇക്കിളിപ്പെടുത്തി. പൊടുന്നനെ… എല്ലാം ശാന്തമായതുപോലെ… സംഗീതയെ ചുറ്റിവരഞ്ഞ കൈകൾ പെട്ടെന്ന് അയഞ്ഞു. കടലിൽ ഇരമ്പിയാർത്ത ഉയർന്ന തിരമാലകൾ തീരമണയാതെ മടങ്ങിയതുപോലെ. അവളുടെ മനസ്സ് നിരാശയിലീണ്ടു. സംഗീത ഒരു നിമിഷം മനോജിനെ പകച്ചുനോക്കി.

മനോജിന്‍റെ തളർന്ന മുഖം കണ്ട് അവൾ വിഷമത്തോടെ ചോദിച്ചു, “എന്തു പറ്റി? സുഖമില്ലേ?”

“ഒന്നുമില്ല. ഞാൻ കുറച്ച് കഴിഞ്ഞ് വരാം. നീ കിടന്നോ” മനോജ് നിരാശാഭാവത്തിൽ മുറിവിട്ടിറങ്ങി. ആശയക്കുഴപ്പത്തിലായ സംഗീത എന്തോ ആലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയി.

വിവാഹത്തിനെത്തിയ ഏതാനും ബന്ധുക്കളും പിറ്റേന്നും വീട്ടിലുണ്ടായിരുന്നു. പകൽ എല്ലാം സാധാരണ ഗതിയിൽ നടന്നു. രാത്രിയിൽ മനോജ് അവൾക്കരികിൽ വന്നിരുന്നുവെങ്കിലും പൊടുന്നനെ നിശ്ശബ്‌ദനായി. അയാൾ കിടക്കയുടെ ഒരു വശം പറ്റി കിടന്നുറങ്ങി. 3-4 രാത്രികൾ ഇതേമട്ടിൽ കഴിഞ്ഞതോടെ മനോജിന്‍റെ പെരുമാറ്റത്തിൽ എന്തോ പന്തികേടുള്ളതായി സംഗീതയ്‌ക്ക് തോന്നിത്തുടങ്ങി.

മനോജിന്‍റെ അകൽച്ച അവളെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. സംഗീത മനോജിന്‍റെ മനസ്സിലിരുപ്പറിയാൻ ശ്രമിച്ചു. “എന്‍റെ കൈയിൽ നിന്നും എന്തെങ്കിലും തെറ്റുപറ്റിയോ?”

“ഇല്ല സംഗീതേ, നീയൊരു തെറ്റും ചെയ്‌തിട്ടില്ല. നീ നിഷ്കളങ്കയാണ്. പക്ഷേ എനിക്ക്.. എന്‍റെ മനസ്സ്.. ഞാനെന്ത് ചെയ്യാനാ… നിന്‍റെ അടുത്ത് വരുമ്പോഴൊക്കെ എന്തോ എന്നെ പിന്തിരിപ്പിക്കുന്നതുപോലെ. ഞാനാണ് തെറ്റുകാരൻ. ഞാനൊരു സാധാരണ മനുഷ്യനല്ലേ. നിന്നെ മറ്റൊരു പുരുഷൻ സ്‌പർശിച്ചതല്ലേ. എത്ര ശ്രമിച്ചിട്ടും എനിക്കത് മറക്കാനാവുന്നില്ല, മറക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ നിന്‍റെയടുത്ത് വരുമ്പോഴൊക്കെ…”

മനോജിന്‍റെ മുഖത്തേക്ക് നോക്കി സംഗീത പകച്ചിരുന്നു. ഹൃദയമിടിപ്പ് നിലച്ചതുപോലെ. ശരീരത്തിലെ മുഴുവൻ ശക്‌തിയും ചോർന്നുപോയി. അവളപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഓർത്തു.

അമ്മ പറഞ്ഞതെത്ര ശരിയാണ്. ഒരു സ്‌ത്രീയ്‌ക്ക് ഭർത്താവിന്‍റെ സ്‌നേഹം നേടി അയാളുടെ എല്ലാ തെറ്റുകളേയും മറക്കാനും പൊറുക്കാനുമാവും. എന്നാൽ ഭർത്താവിനോ? ഭാര്യ നിഷ്‌കളങ്കയാണെന്ന് അറിഞ്ഞാലും സ്വന്തം സങ്കീർണ്ണമായ മാസികാവസ്‌ഥയെ അയാൾക്ക് മാറ്റാനാവില്ല. കാര്യങ്ങളെ വിശാലതയോടെ കാണാനും അയാൾക്കാവില്ല.

മനോജ് കുറ്റവാളിയെപ്പോലെ തലകുനിച്ചിരുന്നു. തൊണ്ടയിടറിയ ശബ്‌ദത്തോടെ സംഗീത പറഞ്ഞു, “മനോജിനെ കണ്ടപ്പോൾ എന്താണെന്നറിയില്ല എന്‍റെ വേദനകളെ മനസിലാക്കുന്ന ഒരാളാണെന്ന് എനിക്ക് തോന്നി. മനോജിന്‍റെ ആ വിശാലമനസ്‌കതയിൽ എന്‍റെ ജീവിതം എന്നുമെന്നും സുരക്ഷിതമായിരിക്കുമെന്ന് തോന്നി… പക്ഷേ…”

മനോജ് നിശ്ശബ്‌ദനായി മുറിവിട്ട് ഇറങ്ങി. തന്‍റെ ജീവിതം പെട്ടെന്ന് ഇരുട്ടിലാഴ്‌ന്നതുപോലെ… അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു.

ബന്ധുക്കളെല്ലാവരും പിരിഞ്ഞുപോയതോടെ മനോജിന്‍റെ അച്‌ഛൻ ശേഖരനും അമ്മ മായാദേവിയും അവരവരുടെ ജോലികളിൽ മുഴുകി.

മായാദേവി അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായിരുന്നു. എൻജിഒ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനങ്ങളിൽ മായാദേവി സജീവമായിരുന്നു. ശേഖരനും മായാദേവിക്കും സംഗീത സ്വന്തം മകളാണ്. സംഗീതയുടെ കുലീനമായ പെരുമാറ്റവും ലാളിത്യവും അവരെ അത്ര മാത്രമാണ് ആകർഷിച്ചത്. പക്ഷേ അവളുടെ മുഖത്ത് നിഴലിച്ചിരുന്ന വിഷാദഭാവം ധാരാളം ജീവിതാനുഭവങ്ങൾ കണ്ട് തഴമ്പിച്ച അവർക്ക് മുന്നിൽ മറച്ചുവയ്‌ക്കാന്‍ ആവുമായിരുന്നില്ല. അവൾ എന്തോ കടുത്ത മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്ന് അവർ മനസിലാക്കി.

സന്തോഷം അഭിനയിക്കാൻ സംഗീത സദാ പാടുപെട്ടുകൊണ്ടിരുന്നു. പക്ഷേ അമ്മയേയും അച്‌ഛനേയും കാണാനായി സ്വന്തം വീട്ടിലെത്തിയപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. വീട്ടിലെത്തിയ ഉടൻ അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു.

കെട്ടിനിറുത്തിയ കണ്ണീർ വലിയൊരു പുഴയായി ഒഴുകി. അവളുടെ മനസ്സിലെ വേദനയെ തൊട്ടറിഞ്ഞെന്നപോലെ അമ്മയ്ക്കും കരച്ചിലടക്കാനായില്ല. “മോളേ, ഒടുവിൽ നീയത്… വേണ്ടായിരുന്നു. നിനക്കറിയില്ലേ പുരുഷ കേന്ദ്രീകൃതമായ സമൂഹമാണ് നമ്മുടേത്. പുരുഷനാണ് തെറ്റ് ചെയ്യുന്നതെങ്കിലും സ്‌ത്രീയെയാണ് സമൂഹം കളങ്കപ്പെട്ടവളായി കാണുന്നത്… അവൾ തെറ്റുകാരിയല്ലെങ്കിലും കൂടി. നീ എന്തിനാ മോളേ…?”

സംഗീത ഏറെ നേരം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. സംഗീതയുടെ അച്‌ഛൻ ഇതെല്ലാം കണ്ട് നിശ്ശബ്‌ദനായി ഇരുന്നു. അദ്ദേഹം ശേഖരനെ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും സംഗീത അദ്ദേഹത്തെ തടഞ്ഞു.

വീട്ടിൽ രണ്ട് ദിവസം താമസിച്ച ശേഷം സംഗീത മനോജിന്‍റെ വീട്ടിൽ മടങ്ങി വന്നു. മനോജ് സാധാരണ മട്ടിൽ അവളോട് പെരുമാറി. അവളോട് കളിചിരി തമാശകൾ പറഞ്ഞെങ്കിലും അവർക്കിടയിലെ വിടവ് വളരെ പ്രകടമായിരുന്നു.

ഒരു ദിവസം മായാദേവി സംഗീതയെ അടുത്ത് വിളിച്ചിരുത്തി സ്‌നേഹപൂർവ്വം കാര്യങ്ങൾ തിരക്കി. സങ്കടം സഹിക്കവയ്യാതെ വലിയൊരു പൊട്ടിക്കരച്ചിലോടെ തന്‍റെ ജീവിതത്തിലുണ്ടായ ആ സംഭവത്തെക്കുറിച്ച് അവൾ തുറന്നു പറഞ്ഞു. സംഭവമറിഞ്ഞ് മായാദേവി ദുഃഖിതയായി.

അൽപസമയം ഏതോ ചിന്തയിൽ മുഴുകിയിരുന്ന അവർ സംഗീതയെ ചേർത്തുപിടിച്ച് വാത്സല്യപൂർവ്വം തഴുകി. “മോളേ, ഇനി നീ വിഷമിക്കരുത്. റോഡിലൂടെ നടന്നുപോകുമ്പോൾ ഏതെങ്കിലും പേ പിടിച്ച നായ കടിച്ചാൽ നമ്മുടെ ശരീരം കളങ്കപ്പെടുമോ? അത്രയും നീ കരുതിയാൽ മതി. അത് നിന്‍റെ തെറ്റല്ലല്ലോ.. ഞാനിന്ന് തന്നെ മനോജിനോട് സംസാരിക്കുന്നുണ്ട് വിഷമിക്കാതിരിക്കൂ… ഇനി നീ കരയരുത്.”

നിന്‍റെ അമ്മയ്‌ക്ക് നേരിയ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. മോള് ഒന്ന് വീട്ടിൽ പോയി വാ… അമ്മയ്‌ക്ക് അത് ആശ്വാസമാകും. നിനക്കും സന്തോഷമാകും.”

അന്നുച്ചയ്‌ക്ക് തന്നെ മായാദേവി സംഗീതയെ അവളുടെ വീട്ടിലേക്ക് അയച്ചു. അതിനു ശേഷം അവർ മനോജ് ഓഫീസിൽ നിന്നും വരുന്നതും കാത്തിരുന്നു. മനോജിന്‍റെ തളർന്ന മുഖം കണ്ടിട്ട് മായാദേവിയ്‌ക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി.

പക്ഷേ മനോജിന്‍റെയും സംഗീതയുടേയും ഈ ദുഃഖത്തെ എന്നന്നേക്കുമായി അവസാനിപ്പിച്ചല്ലേ പറ്റൂ. അവർ മനോജിന് കഴിക്കാൻ ചായയും പലഹാരവും ഡൈനിംഗ് ടേബിളിൽ എടുത്തുവച്ചു. മനോജ് ഡൈനിംഗ് ടേബിളിൽ അമ്മയ്‌ക്ക് അഭിമുഖമായി ഇരുന്നു.

മായാദേവി മനോജിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വിഷയത്തിലേക്ക് എത്താനായി ഓഫീസ് വിശേഷങ്ങൾ ആരാഞ്ഞ ശേഷം അവർ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു. “മോനേ, സംഗീത നിന്നോട് സത്യാവസ്‌ഥ പറഞ്ഞതാണല്ലോ.. പിന്നെന്തുകൊണ്ടാ ഈ അകൽച്ച?

അമ്മയുടെ തുറന്നുള്ള ചോദ്യം കേട്ട് മനോജ് ആദ്യമൊന്ന് പതറിപ്പോയി.

“അമ്മേ, ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മറക്കാനാവുന്നില്ല” മനോജ് ശബ്‌ദമിടറിക്കൊണ്ട് പറഞ്ഞു.

മായാദേവിയുടെ മുഖം ഗൗരവഭാവം പൂണ്ടു. “അവൾ സത്യം പറഞ്ഞത് തെറ്റായി പോയെന്നല്ലേ അതിനർത്ഥം. സത്യത്തിൽ അവളത് നിന്നിൽ നിന്നും മറച്ചു വയ്‌ക്കേണ്ടതായിരുന്നു. അല്ലേ? അവൾക്ക് ഇങ്ങനെ സംഭവിച്ചില്ലായിരുന്നു എന്നിരിക്കട്ടെ, നിന്‍റെ പഴയ പ്രണയ ബന്ധങ്ങളറിഞ്ഞ് അവൾ നിന്നോട് ഇങ്ങനെ പെരുമാറിയാൽ നിനക്ക് വിഷമം തോന്നില്ലേ? സംഗീത എന്തു തെറ്റാണ് ചെയ്‌തത്?”

“നിന്നിലുള്ള വിശ്വാസവും സ്‌നേഹവും കാരണമാണ് ആ വേദനിപ്പിക്കുന്ന സത്യം നിന്നോട് അവൾ പങ്കുവച്ചത്. പക്ഷേ നീയവളെ എന്തു മാത്രമാണ് വേദനിപ്പിച്ചത്. അവൾക്കൊപ്പം നമ്മൾ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. ഞാനൊരു സ്‌ത്രീയാണ്, എനിക്കവളുടെ വേദന തിരിച്ചറിയാം” മായാദേവി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

“നീ എല്ലാം അറിഞ്ഞുകൊണ്ട് സന്തോഷത്തോടെ അവളെ അംഗീകരിച്ചിരുന്നുവെങ്കിൽ ഞാൻ നിന്നിൽ അഭിമാനം കൊള്ളുമായിരുന്നു. പക്ഷേ നിന്നെയോർത്ത് ഇപ്പോൾ ഞാൻ ലജ്‌ജിക്കുന്നു” മായാദേവി ഏറെ നേരം നിശ്ശബ്‌ദയായി ഇരുന്നു.

അമ്മയുടെ വാക്കുകൾ മനോജിന്‍റെ മനസ്സിൽ വീണ കറയെ കഴുകിക്കളഞ്ഞു. പിറ്റേന്ന് വൈകുന്നേരത്തോടെ സംഗീത മടങ്ങിയെത്തി. സംഗീതയെ കണ്ടപ്പോൾ മായാദേവിയ്‌ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

“മോളെ, നീ ഇത്രപെട്ടെന്ന് മടങ്ങി പോന്നോ?”

“അമ്മയ്‌ക്ക് കുഴപ്പമൊന്നുമില്ല. പനി നല്ല കുറവുണ്ട്. നാളെ വീണ്ടും ചെല്ലാം” അവൾ തെളിഞ്ഞ മുഖത്തോടെ പുഞ്ചിരിച്ചു. ഇതിനിടെ ഓഫീസിൽ നിന്നും മടങ്ങി വന്ന മനോജ് വസ്‌ത്രം മാറി മുറിയിൽ നിന്നുമിറങ്ങി വരുന്നതുകണ്ട് സംഗീത അയാളെ നോക്കി.

“മനോജ് വന്നതേയുള്ളോ? ഞാൻ ചായ എടുക്കട്ടെ?”

മനോജ് പുഞ്ചിരിയോടെ തലയാട്ടി. സംഗീത തിടുക്കപ്പെട്ട് നേരെ അടുക്കളയിലേക്ക് നടന്നു. പിന്നാലെ മനോജും. മനോജ് അടുക്കളയിലേക്ക് പോകുന്നതുകണ്ട് മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞ ആശ്വാസത്തിൽ മായാദേവി പുഞ്ചിരിയോടെ ടിവി ഓൺ ചെയ്‌തു.

കാൽ പെരുമാറ്റം കേട്ട് സംഗീത തിരിഞ്ഞുനോക്കി. മനോജ് വലിയൊരു ചിരിയോടെ അവളെ കൈകൾക്കുള്ളിൽ ചേർത്തു നിർത്തി. “സോറി… ഒരായിരം സോറി… ഞാൻ നിന്നെ ഒത്തിരി വേദനിപ്പിച്ചു” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു. ഇത്രയും ദിവസം കെട്ടിനിർത്തിയ വേദന കണ്ണീർ ചാലുകളായി. വിശുദ്ധയുടെ കണ്ണുനീരിൽ അയാൾ അവളുടെ ഇണപിരിയാത്ത നിത്യകാമുകനായി.

ച്യൂയിംഗം ഫാമിലി പായ്‌ക്ക് ഉണ്ടോ?

മാസാവസാനമായിരുന്നു. ശമ്പളം കിട്ടിയതിന്‍റെ അവശിഷ്‌ടങ്ങൾ മാത്രമേ പോക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ. പത്രത്തോടൊപ്പം വന്ന പരസ്യക്കടലാസിൽ മാളിലെ ഓഫർ വെണ്ടയ്‌ക്കാ അക്ഷരത്തിൽ കണ്ട ശ്രീമതി എന്നെ ഇരുത്തി പൊറുപ്പിക്കുന്നുണ്ടായിരുന്നില്ല. അവസാനം വലിയ തർക്കത്തിനു നിൽക്കാതെ ഞാൻ ശ്രീമതിയോടൊപ്പം നഗരത്തിലെ മാളിലെത്തി. അവിടെ ട്രോളി ഉന്തലാണ് എന്‍റെ ജോലി. എനിക്കാണെങ്കിൽ ലൈസൻസുമില്ല! അത്യാവശ്യകാര്യം ഉണ്ടെങ്കിൽ നിത്യകൂലിയ്‌ക്ക് ഡ്രൈവറെ വിളിച്ച് കാർ എടുക്കും (ഞാൻ മനഃപൂർവ്വം ഡ്രൈവിംഗ് പഠിക്കാത്തതാണ്. ഇല്ലെങ്കിൽ നിത്യവും ഞാൻ ശ്രീമതിയേയും കൊണ്ട് ചുറ്റാൻ പോകേണ്ടി വരും. വെറുതെ ഡ്രൈവർ പണി എടുക്കണോ) മാളിൽ നല്ല തിരക്കായിരുന്നു. അതിനാൽ ട്രോളി ഉന്തുവാൻ വലിയ പ്രയാസം നേരിട്ടു. ഇങ്ങുവാ മനുഷ്യാ… എന്ന് ഉറക്കെ പറഞ്ഞ് ശ്രീമതി കഴിയുന്ന വണ്ണം എന്നെ നാറ്റിക്കുന്നുണ്ടായിരുന്നു. മാളല്ലേ എന്ന് വിചാരിച്ചാണ് ഞാൻ ക്ഷമിച്ചത്. വീട്ടിലായിരുന്നുവെങ്കിൽ അവൾ മുഖം ചുവപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞേനെ!

ശ്രീമതി ഒരു ട്രോളി മുഴുവൻ സാധനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. അതെല്ലാം വലിച്ച് ഞാൻ തളർന്നു. ബിൽ കൗണ്ടറിലും വലിയ തിരക്കായിരുന്നു. കാർഡ് എടുത്തിട്ടില്ലെ മനുഷ്യാ… ഭാര്യ ഉറക്കെ ചോദിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. ഇനി ഞാൻ ക്യൂവിൽ നിന്ന് പേമന്‍റ് നടത്തുന്നതുവരെ അവൾ കാറിലിരിക്കും. എന്‍റെ ഒരു യോഗം.

ഇനി നിങ്ങൾക്ക് വല്ലതും വേണോ മനുഷ്യാ… അവൾ മടങ്ങി വന്ന് വെളുത്ത പല്ല് കാട്ടി ചിരിച്ചു. ആ സമയത്തെ ഭാര്യയുടെ ചിരിയും നിൽപ്പും കാണാൻ ഒരു ചന്തമൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേൾക്കുന്നവർക്ക് ഒരു കാര്യം മനസ്സിലാവും. ഞാൻ വീട്ടിലെ എലിയും അവൾ വീട്ടിലെ പുലിയും ആണെന്ന്. കാരണം മറ്റൊന്നുമല്ല ഒരു ബഹുമാനമില്ലാതെയല്ലേ അവൾ ഉച്ചത്തിൽ സംസാരിക്കുക.

“കാര്യമായിട്ടൊന്നുമില്ല… അടുത്തുള്ള ഡിപ്പാർട്ടുമെന്‍റ് സ്‌റ്റോറിൽ നിന്ന് കുറച്ച് സാധനങ്ങൾ… നീ കാറിൽ ഇരുന്നോ” ഞാൻ മറുപടി നൽകി. ക്യൂവിൽ എന്‍റെ തൊട്ട് മുന്നിലുണ്ടായിരുന്ന സുന്ദരിയെ മുട്ടാതെ നിന്നു. അറിയാതെ തട്ടിപ്പോയാലും മാനം പോകുന്ന കാലമാണ്.

“ചോക്‌ളേറ്റ് വാങ്ങാനുണ്ട്… സ്‌റ്റോറിലെ ഏതു സെക്ഷനിലാണ് ലഭിക്കുക?” എൻക്വയറി കൗണ്ടറിലെ കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന സുന്ദരിയോട് ഞാൻ ചോദിച്ചു.

“ചോക്‌ളേറ്റ് ഔട്ട് ഓഫ് സ്‌റ്റോക്കാണ്. അമേരിക്കൻ മേഡ് ച്യൂയിംഗം തീർന്നിരിക്കുകയാണ്… ഫസ്‌റ്റ് ഫ്‌ളോറിലെ കൗണ്ടർ നമ്പർ 16ൽ ഒന്നു കൺഫോം ചെയ്‌തോളൂ.” ആ മാന്യ വനിത ചിരിച്ചുകൊണ്ട് പറഞ്ഞു.

“ച്യൂയിംഗത്തിനായി അഡ്വാൻസ് ബുക്കിംഗ് ചെയ്യേണ്ടി വരും” ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച 16-ാം കൗണ്ടറിലെ ചെറുപ്പക്കാരി പറഞ്ഞു. അവളുടെ ഓവറായ മേക്കപ്പും ഓവറായ സംസാരവും എനിക്ക് ഇഷ്‌ടപ്പെട്ടില്ല.”

“ച്യൂയിംഗത്തിനും അഡ്വാൻസ് ബുക്കിംഗോ?”

അഡ്വാൻസ് ബുക്കിംഗ് ഫോമിൽ വയസ്സ് ചോദിക്കുന്ന കോളവുമുണ്ട്. സ്‌റ്റോക്ക് എത്തിയാൽ വിളിച്ചു പറയാനുള്ള ഫോൺ നമ്പറും നൽകണം. ഒരു മിഠായി വാങ്ങാനുള്ള ഗതികേട് നോക്കണേ.

“ഗോരി തേരി പ്രീത് മേ” എന്ന ഹിന്ദി ചിത്രത്തിന്‍റെ ട്രേയിലർ ഹിറ്റായതോടെയാണ് ച്യൂയിംഗത്തിന് ഡിമാന്‍റ് കൂടിയത്. ച്യൂയിംഗം… എന്ന പാട്ടും ഹിറ്റായ തോടെ ചെറുപ്പക്കാർ മാത്രമല്ല ഉള്ളിൽ പ്രണയം കൊണ്ട് നടക്കുന്ന എല്ലാവരും തന്നെ ചവയ്‌ക്കാൻ തുടങ്ങിയിരിക്കുന്നു… സുന്ദരി കൗണ്ടറിലിരുന്ന് ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് സർക്കാർ ച്യൂയിംഗം ഇറക്കുമതി ചെയ്യാത്തതെന്നാണ് അവിടെ നിന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞത്. അതുകേട്ട് കൗണ്ടറിലെ സുന്ദരി ഇങ്ങനെ പറഞ്ഞു. “ഇപ്പോൾ അതിന് എന്തു സാധാനവും കരിഞ്ചന്തയിൽ കിട്ടുമല്ലോ. നിയമങ്ങൾ എല്ലാം വെറുതെയാണ്.”

“ച്യൂയിംഗത്തിനും കരിഞ്ചന്തയോ?” ഞാൻ വാ പൊളിച്ച് അവരുടെ സംസാരം കേട്ട് കൊണ്ടിരുന്നു. പിന്നെ മറ്റൊന്നും നോക്കാതെ ഓർഡർ ഫോം പൂരിപ്പിച്ചു കൊടുത്തു.

“കുറച്ച് പ്രധാനപ്പെട്ട സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു.” ഭാര്യ കാറിൽ ക്ഷമ നശിച്ചിരിക്കുന്നതു കൊണ്ട് ഞാൻ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. “ച്യൂയിംഗത്തിന് അഡ്വാൻസ് ബുക്കിംഗ് ചെയ്യാൻ ഏറെ സമയം എടുത്തു. സോറി…”

“ഹേ മനുഷ്യാ… എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ.. ഇങ്ങേർക്ക് മർക്കറ്റിനെപ്പറ്റി ഒന്നും അറിയില്ല.”

ഇതു കേട്ട് ഡ്രൈവർ അടക്കിചിരിച്ചത് ഞാൻ കണ്ടു.

“അവനെ അടുത്ത പ്രാവശ്യം വിളിക്കരുത്, ഇത്ര അഹങ്കാരം പാടില്ല.”

ശ്രീമതി മുഖം ചുളിച്ച് കൊണ്ട് പാരീസിൽ നിന്ന് വരുത്തിയ പേഴ്‌സിൽ നിന്ന് വിദേശ നിർമ്മിത ച്യൂയിംഗത്തിന്‍റെ വലിയ പാക്കറ്റു പുറത്തെടുത്തു!

ഭാര്യ ടിവിയിൽ ഒരു പാട്ട് സീൻ വന്നപ്പോൾ എന്നെ അലറി വിളിച്ചു. ഒരു ച്യൂയിംഗം പാട്ട്…

ആ പാട്ട് സീൻ കാണുമ്പോൾ ശ്രീമതിയും ച്യൂയിംഗം ചവയ്‌ക്കുന്നുണ്ടായിരുന്നു. സ്‌നേഹത്തോടെ എനിക്കും തന്നു ഒരെണ്ണം. ആ സ്‌നേഹത്തിന്‍റെ ദൗർബല്യത്തിൽ ഞാൻ ഒരു ഓഫർ കൊടുത്തു. ച്യൂയിംഗം ഓർഡർ വന്നാലും ഇല്ലെങ്കിലും ആ സിനിമ കാണാൻ മൾട്ടി പ്ലക്‌സിൽ കൊണ്ടു പോകാം. മാത്രമല്ല അന്ന് തന്നെ ഭാര്യയ്‌ക്ക് ഇഷ്‌ടപ്പെട്ട റസ്‌റ്റോറന്‍റിൽ നിന്ന് ഭക്ഷണവും ആവാം. ഇതൊന്നും പോരാഞ്ഞ് വാലൻന്‍റൈൻ ഡേയിൽ ഒരു ഡയമണ്ട് മോതിരവും ഞാൻ ഓഫർ ചെയ്‌തു!

ഇത് കേട്ടതും വീട് മുഴുവൻ അതിഗംഭീരമായ വെളിച്ചം നിറഞ്ഞു. ശ്രീമതിയുടെ കണ്ണ് ഉരുണ്ടു വലുതായതാണ്!

ഈയിടെയായി ഞങ്ങൾ രണ്ടാൾക്കും പല്ലിന്‍റെ പ്രശ്നങ്ങൾ ഉണ്ട്. അധികം തണുത്തതും ചൂടുള്ളതുമൊന്നും കഴിക്കാനാവുന്നില്ല. ഞാൻ ദന്ത സംരക്ഷണത്തെക്കുറിച്ച് അറിയാനായി ഗൂഗിൾ സർച്ച് ചെയ്‌തു. ച്യൂയിംഗം ചവയ്‌ക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ച് എനിക്ക് അറിവ് കിട്ടി. ഷുഗർ ഫ്രീ ച്യൂയിംഗത്തിൽ ജയ്‌ലി ടോൽ സ്വീറ്റ്‌നറിന്‍റെ പാളി ഉണ്ടാവും. ച്യൂയിംഗം ചവയ്‌ക്കുമ്പോൾ പല്ലിൽ കാവിറ്റി പ്ലാക്‌സ് ഉണ്ടാവില്ല. ജയ്‌ലി ടോൽ പല്ലിൽ സൃഷ്‌ടിക്കപ്പെടുന്ന ബാക്‌ടീരിയകളെ തുരത്തുന്നു.

വായിൽ ഉമിനീര് ഉൽപാദനം കൂടുകയും പല്ലിനെ ഇനാമൽ സംരക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തിൽ ഏറ്റവും ഉറപ്പുള്ളത് പല്ലിന്‍റെ ഇനാമൽ ആണ്. വായനാറ്റം അകറ്റാനും ച്യൂയിംഗം ചവയ്‌ക്കുന്നത് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടത്രേ.

പല്ലിന്‍റെ പ്രശ്നങ്ങൾ അകറ്റാൻ ഞങ്ങൾ ച്യൂയിംഗം വാങ്ങുന്നത് ശീലമാക്കി. ഞങ്ങളുടെ പല്ലിന്‍റെ പ്രശ്നങ്ങൾ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഭാര്യ അതു കാരണം ഇപ്പോൾ ആടിനെപ്പോലെയാണ്. സദാ ചവച്ചു കൊണ്ടിരിക്കും! അതുകൊണ്ട് ഒരു ഗുണം ഉണ്ട്. അവൾ എന്നെ ചീത്ത പറയാൻ അധികം വായ തുറക്കാറില്ല. ച്യൂയിംഗം കണ്ടുപിടിച്ചവന് സ്‌തുതി.

അടുത്ത ദിവസം ഞാൻ മാളിലെത്തി. ഓർഡർ വാങ്ങുമ്പോൾ ചോദിച്ചു.

“ച്യൂയിംഗം ഫാമിലി പായ്‌ക്ക് ഉണ്ടോ?”

ഇടവഴിയിൽ ഒരു പൂവ്

എല്ലാവരും അമ്പരന്നു നിൽക്കുകയാണ്. അവൻ അമ്മയോട് ഇങ്ങനെ തട്ടിക്കയറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. “ഡോക്‌ടർ ചെറിയാൻ ഇവിടെ വരുന്നത് എനിക്ക് ഇഷ്‌ടമല്ല. എന്തിനാ അയാളെ വീട്ടിലേയ്‌ക്ക് ക്ഷണിക്കുന്നത്?” ലിജു ജോൺ പൊട്ടിത്തെറിച്ചു.

“മോനേ, അദ്ദേഹം നിന്നോട് വളരെ സ്‌നേഹത്തോടെയാണല്ലോ പെരുമാറുന്നേ… പിന്നെ എന്തിനാ നീ ഡോക്‌ടറെ ഇങ്ങനെ വെറുക്കുന്നേ?” നിഷാ തന്‍റെ മകനോട് ഇടറിയ സ്വരത്തിൽ പറഞ്ഞു.

“ഡോക്‌ടറുടെ സ്‌നേഹം വെറും പ്രകടനം മാത്രമാണ്. അതുകൊണ്ടു തന്നെ അയാള് കാണിക്കുന്ന ആത്മാർത്ഥത എനിക്കിഷ്‌ടമല്ല.” ലിജുവിന് കലിയടങ്ങിയിരുന്നില്ല.

“നിന്‍റെ ചിന്ത ശരിയല്ല, ഞാനും ലിസി വല്യമ്മച്ചിയും അങ്ങനെ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. നീ കുറേ കൂടി പക്വത കാണിക്കണം. വീട്ടിൽ വരുന്ന വരെ ബഹുമാനിക്കാൻ പഠിക്കണം.” അവർക്ക് മകനോട് തർക്കിക്കേണ്ടി വന്നതിൽ വിഷമമുണ്ടായിരുന്നു. പക്ഷേ ഡോക്‌ടറോടുള്ള സ്‌നേഹവും ബഹുമാനവും കാരണം അവർക്ക് പ്രതികരിക്കാതിരിക്കാനായില്ല.

“വീട്ടിൽ വരുന്നവരെ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. പക്ഷേ ഡോക്‌ടറുടെ കാര്യം വേറെയാണ്. എനിക്ക് അയാളെ ഇഷ്‌ടമല്ല.”

“അദ്ദേഹത്തോട് എന്താണ് നിനക്കിത്ര ദേഷ്യം? അദ്ദേഹം എന്ത് ചെയ്‌തൂന്നാ?” നിഷ വികാരാധീനയായി.

“എന്‍റെ പപ്പയുടെ സ്‌നേഹം കൈക്കലാക്കുക എന്നതാണ് അയാളുടെ മനസ്സിലിരുപ്പ്. അത് എനിക്ക് സഹിക്കാനൊക്കില്ല. അംഗീകരിക്കാനും” അവന്‍റെ മുഖം ചുവന്നു.

“മമ്മി എന്‍റെ സുഖവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ബന്ധത്തിൽ നിന്നും പിന്മാറണം. ഇനി ഡോക്‌ടറെ കൂടിയേ തീരൂ എന്നാണെങ്കിൽ ഈ മകനെയങ്ങു മറന്നോ… എന്‍റെ പപ്പയുടെ സ്‌ഥാനത്ത് എനിക്ക് അയാളെ സങ്കൽപിക്കാനാവില്ല.” ഒരു വെടിക്കെട്ടപകടം നടന്ന അന്തരീക്ഷം പോലെ നിശ്ശബ്‌ദമായിപ്പോയി ആ വീട്.

അവരുടെ കണ്ണു നിറഞ്ഞു. ലിജു മമ്മിയെ അവഗണിച്ചുകൊണ്ട് പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയി. ബൈക്കിന്‍റെ ശബ്‌ദം നേർത്തു നേർത്ത് അകന്നു പോയി.

ബന്ധങ്ങൾ എത്ര വേഗമാണ് അകന്നു പോകുന്നത്. ലിജു വീട്ടിൽ നിന്നിറങ്ങി പോകുന്നതു കണ്ട് അവന്‍റെ വല്യമ്മച്ചി നിഷയെ ആശ്വസിപ്പിച്ചു. നിഷയ്‌ക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെയെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവരാണ്. ലിജുവിന്‍റെ പെരുമാറ്റം അവരെയും വിഷമിപ്പിച്ചിരുന്നു.

നിഷ ചേച്ചി ലിസിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. രക്‌തബന്ധവും സ്‌നേഹ ബന്ധവും നൽകുന്ന വേദന അവരുടെ ജീവിതത്തെ വല്ലാതെ തളർത്തിയിരുന്നു. ഒന്നും തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്‌ഥ. ഞാൻ ഇത്രയും കാലം ജീവിച്ചത് അവന്‍റെ സന്തോഷത്തിനായിരുന്നില്ലേ. “അവന്‍റെ വളർച്ച കാണാനായിരുന്നില്ലേ… എന്നിട്ടും കേട്ടില്ലേ ചേച്ചി അവനെന്നെ തള്ളിപ്പറഞ്ഞത്..” അവർ കുട്ടികളെപ്പോലെ ഓരോന്നും പറഞ്ഞ് തേങ്ങിക്കൊണ്ടിരുന്നു.

ഈ ചെറുക്കനെ എനിക്ക് പിടി കിട്ടുന്നില്ല. അവനിതെന്തിനാ കുടുംബത്തിലെ സമാധാനം കളയുന്ന രീതിയിൽ പെരുമാറുന്നതെന്ന് മനസ്സിലാവുന്നില്ല. എന്താണവന് ഡോക്‌ടറോടിത്ര ദേഷ്യം? ലിസി വിചാരിച്ചു.

“മറ്റെന്നാൾ ഡോക്‌ടറെ ഡിന്നറിന്നു ക്ഷണിച്ചിട്ടുണ്ട്. ലിജു അന്നേരം രംഗം വഷളാക്കിയാൽ പിന്നെ എന്‍റെ വാക്കിനെന്താണൊരു വില? അദ്ദേഹം അപമാനിതനായാൽ പിന്നെ ഞാനുണ്ടാവില്ല.” നിഷയുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പുറത്തു വന്നു. ചേച്ചി അതിന് മറുപടിയൊന്നും പറയാതെ അവളെ തലോടുക മാത്രം ചെയ്‌തു.

ഡോക്‌ടർക്ക് നിഷയെ പരിചയപ്പെടുത്തിക്കൊടുത്തതും ലിസിയായിരുന്നു. ഭർത്താവിന്‍റെ മരണശേഷമുള്ള നിഷയുടെ ഒറ്റപ്പെടൽ ഒന്നു മാറട്ടെ എന്നു കരുതിത്തന്നെയാണ് ലിസി അവരെ തമ്മിലടുപ്പിച്ചത്. ഡോക്‌ടർക്കും നിഷയെ സ്വന്തമാക്കണമെന്ന് ആദ്യം കണ്ടപ്പോൾത്തന്നെ തോന്നി. അയാൾ ആ കാര്യം ലിസിയോട് പറയുകയും ചെയ്‌തു. കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടുമ്പോഴല്ലെ ഒരു ജീവിതം മണക്കുക. ലിസി അത്തരമൊരു പ്രകൃതി നിയമത്തിന് നിമിത്തമായി എന്നു മാത്രം. പക്ഷേ ലിജു… മമ്മി മറ്റൊരാളുടേതാവുന്നത് അവന് സങ്കൽപിക്കാൻ പോലുമാവില്ല.

ലിജു മോന് 12 വയസ്സുള്ളപ്പോഴാണ് അവന്‍റെ പപ്പ മരണപ്പെട്ടത്. ഒരു റോഡപകടം. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങൾ കാറ്റിൽപ്പറത്തിയ ആ കറുത്ത വൈകുന്നേരത്തിനു ശേഷം ജീവിതം പിന്നെയും മുന്നോട്ടുപോയി. നിഷയ്‌ക്ക് സർക്കാർ ജോലിയുണ്ടായിരുന്നു. നല്ല പോസ്‌റ്റ്. ജീവിതത്തിൽ വലിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ നിഷ ഭർത്താവിന്‍റെ ഓർമ്മകളിൽ ജീവിച്ചു. മകനു വേണ്ടി.. അവന് നല്ല വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും നൽകാനായി നിഷ തന്‍റെ ജീവിത സുഖങ്ങൾ മാറ്റിവച്ചു.

ലിജു കോളേജിൽ പോയിത്തുടങ്ങി. ഇപ്പോൾ അവന് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. വീട്ടിൽ വൈകിയെത്തുന്നു. മമ്മിയോട് മിണ്ടാൻ പോലും അവന് സമയമില്ല. മമ്മിയുടെ ഒറ്റപ്പെടൽ അവൻ അറിയുന്നില്ല.

ഡോക്‌ടർ ചെറിയാന്‍റെ ഭാര്യ മൂന്നു വർഷങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. ക്യാൻസറായിരുന്നു, ഡോക്‌ടറുടെ രണ്ടു പെൺമക്കളും ഹോസ്‌റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഡോക്‌ടർ ഇടയ്‌ക്കിടയ്‌ക്ക് അവരെ കാണാൻ പോകാറുണ്ട്. നിഷയെപ്പോലെ തന്നെ മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനായിരുന്നു ഡോ. ചെറിയാനും.

നിഷ ഡോക്‌ടർക്ക് ഫോൺ ചെയ്യാറുണ്ട്. അവർ പുറത്തുവച്ച് കണ്ടുമുട്ടാറുണ്ട്. പ്രണയം പങ്കിടുന്ന നിമിഷങ്ങൾ… അവരുടെ ജീവിതത്തിന്‍റെ ശ്യൂനതയിലേക്ക് സ്‌നേഹം ഒഴുകി വന്നപ്പോൾ രണ്ടുപേർക്കും അത് നിരസിക്കാനായില്ല.

ആദ്യമൊക്കെ ലിജുവിന് ഡോ. ചെറിയാനെ ഇഷ്‌ടമായിരുന്നു. അവൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഡോക്‌ടർ ചെറിയാൻ മമ്മിയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച വിവരം അവനറിഞ്ഞത് രണ്ടുമാസം മുമ്പാണ്. അവന്‍റെ മനസ്സിൽ ഉണ്ടായിരുന്ന ഡോക്‌ടറുടെ വിഗ്രഹം അന്ന് ഉടഞ്ഞു. അവന് അവരുടെ സ്‌നേഹം അംഗീകരിക്കാനായില്ല. വെറുപ്പ്.. പിന്നെ പക…

ഇനിയൊരിക്കലും ഡോക്‌ടറെ കാണരുതെന്ന് അവൻ മമ്മിയെ വിലക്കി. ആ ബന്ധം ശരിയാവില്ലെന്ന് അവൻ കൂടെക്കൂടെ ഒച്ചവച്ചു.

അവനെ പറഞ്ഞു മനസ്സിലാക്കാൻ ലിസി വല്യമ്മച്ചി കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എന്തു ഫലം! അവന്‍റെ മാനസികാവസ്‌ഥ മറ്റൊന്നായിരുന്നു. മമ്മിയുടെ സ്‌നേഹം മറ്റൊരാൾ ഷെയർ ചെയ്യുന്നത് സഹിക്കാനാവുമായിരുന്നില്ല അവന്. വീട്ടിൽ ഇതേച്ചൊല്ലി കലഹം പതിവായി, സ്‌നേഹബന്ധങ്ങൾ പൊട്ടിച്ചിതറാൻ സ്‌നേഹം തന്നെ കാരണമാകുന്നത് എത്ര വിചിത്രമാണ്!

ലിജു നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല. നിഷയെ ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു. അവന്‍റെ ആരോഗ്യം ദിവസം ചെല്ലുന്തോറും മോശമായി. ഡ്രസ്സിംഗിൽ പോലും ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു.

മകന്‍റെ ഭാവി. നിഷയ്‌ക്ക് അതാണ് ആധി. മമ്മിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ലിജു ജീവിതത്തിൽ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത ഒരു മാനസികാവസ്‌ഥയിലായിരുന്നു. ആ അവസ്‌ഥയിൽ പുറത്ത് നടക്കുന്നതൊന്നും അവനറിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഹൃദയഹാരിയായ ഒരു വിളി അവനെ പിടിച്ചു നിർത്തുകതന്നെ ചെയ്‌തു. തന്നെ ലിജൂ എന്ന് മധുരമായി നീട്ടി വിളിച്ചത് ആരാണ്? അവൻ തിരിഞ്ഞു നോക്കി.

സുന്ദരിയായ ശിൽപാ കല്ലുങ്കൽ! സഹപാഠി. ലിജുവിന്‍റെ ഫ്‌ളാറ്റിന്‍റെ എതിർവശമുള്ള റോഡ് ക്രോസ് ചെയ്‌താൽ കാണുന്ന ഫ്‌ളാറ്റിലാണ് താമസം. ഇങ്ങോട്ട് മാറിയത് അടുത്ത ദിവസങ്ങളിലാണ്. പാഠ പുസ്‌തകത്തിന്‍റെ സംശയങ്ങൾ അവൾ പലപ്പോഴും ലിജുവിനോടാണ് ചോദിക്കാറുള്ളത്. ഇനി അതിനു കൂടുതൽ സൗകര്യമായി. രണ്ടാളും അടുത്തടുത്താണല്ലോ താമസിക്കുന്നത്. അവൾ വായാടിയാണ്. ഓരോന്ന് ലിജുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവന് ഒന്നും പറയേണ്ടി വന്നില്ല. അതിനുള്ള മൂഡും ഉണ്ടായിരുന്നില്ല. എങ്കിലും ഐസ്‌ക്രീം കഴിച്ചാണ് അന്ന് ഇരുവരും പിരിഞ്ഞത്. ഒരു ദിവസം ശിൽപ പറഞ്ഞു. “എനിക്ക് രസതന്ത്രത്തിൽ ചില സംശയങ്ങളുണ്ട്. അതൊന്ന് തീർത്തു തരണം.”

“ഇന്ന് പറ്റില്ല, നാളെ വരാം. അടുത്ത ദിവസം ലിജു ശിൽപയുടെ ഫ്‌ളാറ്റിലെത്തി. ഇതായിരുന്നു തുടക്കം. ലിജു അവളുടെ ഫ്‌ളാറ്റിൽ പോകുന്നത് പതിവാക്കി. അവന്‍റെ മനസ്സിൽ ശിൽപയുടെ സാന്നിധ്യം കുളിരു നിറച്ചു. വീട്ടിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്നുള്ള ആശ്വാസമായി അവൻ ശിൽപയുടെ സാന്നിധ്യത്തെ കാണാൻ തുടങ്ങി.

ശിൽപയുടെ അച്‌ഛനും അമ്മയും സർക്കാർ ജോലിക്കാരായിരുന്നു. ഉച്ചയ്‌ക്ക് ശിൽപയുടെ അനുജൻ വീട്ടിലുണ്ടാവും. അവൻ എപ്പോഴും കമ്പ്യൂട്ടറിന്‍റെ മുന്നിലാണ്. പഠനവും കളിയുമായി അവൻ ആർക്കും ശല്യമില്ലാതെ കഴിഞ്ഞു കൂടും. ആ മുറിയിൽ ഇരുന്നു തന്നെയാണ് ലിജു ശിൽപയ്‌ക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാറ്. ഒരു ദിവസം ലിജുവിന്‍റെ ഉറക്കെയുള്ള പഠിപ്പിക്കലിൽ ദേഷ്യപ്പെട്ട് ശിൽപയുടെ അനിയൻ മുറിവിട്ടുപോയി.

ഇപ്പോൾ അവർ മാത്രമായി. രണ്ടു ഹൃദയങ്ങൾ കാതോർത്തിരിക്കുമ്പോഴാണല്ലോ ദൈവം പണി പറ്റിക്കുക. അതുതന്നെ സംഭവിച്ചു. ഇരുവർക്കും ഒരു നിമിഷം പോലും കാണാതിരിക്കാനാകുന്നില്ല. എപ്പോഴും സംസാരിച്ചിരിക്കാൻ തോന്നുന്ന അവസ്‌ഥ. പഠനത്തിന്‍റെ ഏകാഗ്രത കുറഞ്ഞു. ഹൃദയം പ്രണയഭരിതമായി. ഒരു മുറിയിൽ ഇരു ഹൃദയങ്ങൾ സ്വപ്‌നങ്ങൾ നെയ്‌തു.

“ശിൽപാ, ഇനി ഒരു പത്തു മിനിട്ട് ബ്രേക്ക്. എന്തോ ഒരു മൂഡ് കിട്ടുന്നില്ല പറഞ്ഞു തരാൻ.” അവൻ പുസ്‌തകം മടക്കി വച്ചു.

“അതിനെന്താ ഞാൻ ഒരു ചായ ഇട്ടു തരാം. അപ്പോഴേക്കും ഒന്നു റിലാക്‌സ് ചെയ്യ്.” ശിൽപ അടുക്കളയിലേക്ക് നടന്നു പോകുന്നത് ലിജു നോക്കി നിന്നു.

എന്തൊരു ഭംഗിയാണവളുടെ നടത്ത ത്തിന്! അവൻ മിഴിയെടുക്കാതെ അവളുടെ അഴകളവ് നോക്കി നിന്നു. അടുക്കളയിൽ പാത്രങ്ങൾ കലപില കൂട്ടുന്ന ശബ്‌ദം. ലിജു അടുക്കളയിലേയ്‌ക്ക് നടന്നു. അവളുടെ കാൽപാദം തൊട്ട അതേ പ്രതലത്തിൽ കാൽവച്ച് ലിജു അവളുടെ അടുത്തെത്തി.

“ചായ ആയോ?”

അവൾ പഞ്ചസാര ഇട്ടശേഷം ഒരു കപ്പ് ചായ ലിജുവിന് നീട്ടി.

“ഇനി മധുരം വേണോ?”

“ചായയിൽ വേണ്ട.” ലിജു ഒരു കാമുകനായി. അവൾ ഒരു നുള്ളു പഞ്ചസാരയെടുത്ത് അവന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു.

“നിനക്ക് എന്നെ ഇഷ്‌ടമാണോ?”

ലിജു ചോദിച്ചു.

“എനിക്ക് ഇയാളുടെ സ്‌നേഹം ഇഷ്‌ടമാണ്. പക്ഷേ, കോപം ഇഷ്‌ടമല്ല.”

ഇരുവരും ചിരിച്ചു. അന്ന് അവരുടെ ചായ സൽക്കാരം അവസാനിച്ചത് ഒരു ദീർഘ ചുംബനത്തിലാണ്.

ജീവിതത്തിലെ ആദ്യ ചുംബനത്തിന്‍റെ ബലത്തിൽ അവർ വേർപിരിയാൻ കഴിയാത്ത വിധം പ്രണയത്തിലായി. സുന്ദരിയായ ശിൽപയുടെ സ്‌നേഹം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ലിജു വളരെ തരളിതനായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം അതിഥിയായി വീട്ടിലെത്തിയ ഡോക്‌ടറോട് ലിജു ദേഷ്യമൊന്നും പ്രകടിപ്പിച്ചില്ല. അന്നു വൈകുന്നേരം വീട്ടിലെത്തിയതു മുതൽ അവൻ വിമുഖനായിരുന്നു. മുറിയടച്ച് ഒരേ ഇരുപ്പ്.

മമ്മിയോടും വല്യമ്മച്ചിയോടും വഴക്കിനൊന്നും അവൻ മുതിർന്നില്ല. ഡോക്‌ടർ വീട്ടിൽ വന്നതറിഞ്ഞിട്ടും അവൻ അടുത്തേയ്‌ക്കു വന്നില്ല. മുറിയിൽ തന്നെ എന്തൊക്കെയോ ആലോചിച്ചു കിടന്നു. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചത് ഡോക്‌ടർക്കൊപ്പമായിരുന്നു. പക്ഷേ, ലിജു മാത്രം ഭക്ഷണം കഴിക്കാൻ വന്നില്ല. മകന് നല്ല സുഖമില്ലെന്നു പറഞ്ഞ് നിഷ ഒഴിഞ്ഞു മാറി. ഡോക്‌ടർക്ക് അവനെ കാണണം എന്നുണ്ടായിരുന്നുവെങ്കിലും നിഷ വിലക്കി.

“ലിജുവിന് എന്നെ ഇഷ്‌ടമല്ലെന്ന് എനിക്കറിയാം. ഞാൻ ഇവിടെ വരുന്നതും നിഷയെ കാണുന്നതും അവന് വെറുപ്പാണ്. ഇപ്പോൾ എന്നെ ഒഴിവാക്കാൻ അവൻ മുറിയിൽ അടച്ചിരിപ്പാണ്. പക്ഷേ, നാളെ നമ്മുടെ കല്യാണം കഴിഞ്ഞാൽ അവൻ എന്തു ചെയ്യും?” ഡോക്‌ടർ തന്‍റെ ആശങ്ക പ്രകടിപ്പിച്ചു.

“നിങ്ങൾ കല്യാണ തീയതി ഉറപ്പിച്ചോളൂ. തുടക്കത്തിൽ അവൻ എന്‍റെയൊപ്പം നിന്നോട്ടെ. പിന്നെ സാവധാനം ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.” ചേച്ചി ഇങ്ങനെ പറഞ്ഞെങ്കിലും നിഷയുടെ ആധി കൂടിയതേയുള്ളൂ.

“ഞാനവന്‍റെ ഭാവിയെക്കുറിച്ച് ബോധവാനാണ്. പക്ഷേ അവൻ എന്നെ മനസ്സിലാക്കുന്നില്ല. ഇനി… അവനെ ഹോസ്‌റ്റലിൽ ചേർത്താൽ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകുമോ നിഷാ?” ഡോക്‌ടർ അഭിപ്രായം ആരാഞ്ഞു.

“വേണ്ട, ഈ അവസ്‌ഥയിൽ അവനെ ഹോസ്‌റ്റലിലാക്കണ്ട. അവനാകെ തകർന്നു പോകും. ഞാൻ വിവാഹം കഴിക്കുന്നതാണ് അവന്‍റെ പ്രശ്നം. വീടു വിട്ടു താമസിക്കേണ്ടി വരുകയും ചെയ്‌താൽ അവന്‍റെ ഭാവി തന്നെ അപകടത്തിലാവും.” നിഷയുടെ കണ്ണുകൾ നിറഞ്ഞു.

“ഇനി എന്താ ചെയ്യുക?” ഡോക്‌ടർക്കും ഒരുത്തരം കണ്ടെത്താനായില്ല.

ഡിന്നറിനു ശേഷം ഡോക്‌ടർ ഇറങ്ങി. നിഷയും ചേച്ചിയും ആശങ്കയിലായിരുന്നു. ഈ കുട്ടിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? പ്രായത്തിന്‍റെ വാശിയെ സ്‌നേഹ ബുദ്ധികൊണ്ട് ഉപദേശിച്ചാൽ മാറ്റിയെടുക്കാനാവില്ലല്ലോ എന്ന് വല്യമ്മച്ചി സങ്കടപ്പെട്ടു. വീട്ടിലേയ്‌ക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോൾ ഡോക്‌ടറുടെ മനസ്സും ആകെ കലുഷമായിരുന്നു.

ശിൽപയോടെപ്പം സമയം ചെലവിടുമ്പോൾ ലിജു വളരെ സന്തുഷ്‌ടനായിരുന്നു. സ്വന്തം വീട്ടിലിരിക്കുമ്പോഴാണ് അവന് സ്വയം വെറുപ്പ് തോന്നുക. അവൾ അടുത്തുണ്ടാവുമ്പോൾ അവൻ തന്‍റെ ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നു.

മമ്മി തന്നെക്കുറിച്ച് ചിന്തിക്കുന്നേയില്ലല്ലോ. ഡോക്‌ടറുമായുള്ള ബന്ധം മമ്മിയുടെ സ്വാർത്ഥതയിൽ നിന്നുണ്ടായതാണെന്ന് അവൻ വിശ്വസിച്ചു. തന്‍റെ പപ്പയോടുള്ള വിശ്വാസ വഞ്ചനയാണ് മമ്മി കാണിക്കുന്നതെന്ന തോന്നലായിരുന്നു ലിജുവിന്.

ഡോക്‌ടർ ജീവിതത്തിലേയ്‌ക്ക് വന്നാൽ തന്‍റെ ഒറ്റപ്പെടൽ മാറുമെന്ന ചിന്തയായിരുന്നു നിഷയുടേത്. പക്ഷേ, മകനെ പിണക്കിക്കൊണ്ട് അവർക്കതിന് സാധിക്കുമായിരുന്നില്ല, തന്‍റെ ഭാവിയേക്കാൾ വലുത് മകന്‍റെ ഭാവിയാണെന്ന് അവർ വിശ്വസിച്ചു. മകനെ സങ്കടപ്പെടുത്തിയിട്ടുള്ള യാതൊരു സന്തോഷവും തനിക്കു വേണ്ടെന്ന് നിഷ തീരുമാനിച്ചു. ഡോക്‌ടറുടെ ഹൃദയത്തിൽ നിന്ന് ഞാൻ അകലുകയാണെന്ന് നിഷയ്‌ക്കു തോന്നി.

ഒരു ദിവസം നിഷയുടെ കൂട്ടുകാരി അഖില ഫ്‌ളാറ്റിൽ വന്നു. എന്തോ ഗൗരവമായ കാര്യം പറയാനാണ് അവർ വന്നത്. ചായ കുടിച്ചതിനു ശേഷം മടിച്ച് മടിച്ച് പറഞ്ഞു തുടങ്ങി.

“നിഷേ, ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്. എന്‍റെ ഫ്‌ളാറ്റിനടുത്തു താമസിക്കുന്ന ശിൽപയുമായി നിന്‍റെ മോൻ അടുപ്പത്തിലാണ്, അവൻ എപ്പോഴും അവളുടെ ഫ്‌ളാറ്റിൽ വരാറുണ്ട്. ആദ്യം എനിക്കും സംശയമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ഞാനിപ്പോൾ ഇതു നിന്നോട് പറഞ്ഞില്ലെങ്കിൽ പിന്നെ കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം?” അവർ സ്വയം പറഞ്ഞു.

തന്‍റെ മകന് എന്തുപറ്റിയെന്ന് നിഷ സങ്കടപ്പെട്ടു. എന്തു നല്ല സ്വഭാവമായിരുന്നു അവന്. എന്നോടുള്ള വാശി തീർക്കാനാണോ അവനി കുഴപ്പങ്ങളിൽ ചെന്നു ചാടുന്നത്. എന്നോട് എന്തിനാണിങ്ങനെ പ്രതിഷേധിക്കുന്നത്. ഞാൻ അവന്‍റെ മമ്മിയല്ലേ…

അന്നും ലിജു വളരെ വൈകിയാണ് വീട്ടിൽ വന്നത്. നിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മമ്മി വീട്ടിൽ ഒറ്റയ്‌ക്കാണെന്ന ചിന്തയൊന്നും ലിജുവിനുണ്ടായിരുന്നില്ല. അവൻ നിഷേധിയുടെ സ്വഭാവം കാട്ടിത്തുടങ്ങിയിരുന്നു.

ലിജു കോളേജ് വിട്ടാൽ നേരെ പോകുന്നത് ശിൽപയുടെ ഫ്‌ളാറ്റിലേക്കാണ്. പക്ഷേ അവന്‍റെ മമ്മി വിചാരിച്ചത് അവൻ വീട്ടിലേക്ക് വരുന്നത് കോളേജിൽ നിന്നാണെന്നായിരുന്നു. ഈ കാര്യം പറഞ്ഞ് നിഷ അഖിലയുമായി തർക്കിക്കുക വരെ ചെയ്‌തു.

“അവൻ ക്ലാസ്സ് കട്ടു ചെയ്‌തും ശിൽപയുടെ ഫ്‌ളാറ്റിൽ എത്താറുണ്ട്. നിനക്ക് വിശ്വാസമായില്ലെങ്കിൽ നാളെ എന്‍റെ വീട്ടിൽ വന്നാൽ മതി. കാര്യങ്ങൾ നേരിട്ട് ബോധ്യമാകുമല്ലോ?” അഖില പറഞ്ഞു.

നിഷ അന്നു രാത്രി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. ഞെട്ടലോടെയാണ് ലിജുവിന്‍റെ വല്യമ്മച്ചി ഇതു കേട്ടത്. ഈ പയ്യനിതെന്തുപറ്റി? എല്ലാവരുടേയും സ്വപ്‌നമായിരുന്നു അവന്‍റെ നല്ല ജീവിതം. അത് സ്വയം ഇല്ലാതാക്കുന്നു!

അടുത്ത ദിവസം രാവിലെ തന്നെ വല്യമ്മച്ചി വീട്ടിലെത്തി. അഖില പറഞ്ഞ കാര്യങ്ങളെല്ലാം നിഷ ചേച്ചിയോട് വിശദമായി പറഞ്ഞു.

“നീ പ്രശ്നമാക്കണ്ട, എല്ലാം നമുക്ക് പരിഹരിക്കാം.” അവർ നിഷയെ ആശ്വസിപ്പിച്ചു.

“അഖില പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ. എന്തായാലും അവൻ പോകുന്നതും വരുന്നതും ഞാൻ നിരീക്ഷിച്ചോളാം. ഇപ്പോൾ അവനോട് ഒന്നും ചോദിക്കണ്ട.” ചേച്ചി നിഷയെ ഉപദേശിച്ചു.

അടുത്ത ദിവസങ്ങളിൽ ലിജു ക്ലാസ്സ് കട്ട് ചെയ്‌ത് ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് വല്യമ്മച്ചി കാണുന്നുണ്ടായിരുന്നു.

ലിജു പതിവു പോലെ ക്ലാസ് വിട്ടെത്തുന്ന സമയത്തുതന്നെ വീട്ടിലെത്തി. നിഷ അവന്‍റെ വരവും കാത്തിരിക്കുകയായിരുന്നു.

“നിന്‍റെ പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു ലിജു?” വല്യമ്മച്ചി ഔപചാരികമായി സംസാരിക്കുന്നതു കേട്ട് അവന് ആശ്ചര്യമായി.

“നന്നായി നടക്കുന്നു വല്യമ്മച്ചി.”

“നീയേതായാലും ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. പഠന ഭാരം കൂടിയതുകൊണ്ടായിരിക്കും” വല്യമ്മച്ചി പറഞ്ഞു.

“ശരിയാണ് വല്യമ്മച്ചി. ഇന്ന് എല്ലാ അവറും ക്ലാസ്സുണ്ടായിരുന്നു.”

“ഇന്ന് എത്ര നേരം ക്ലാസ്സുണ്ടായിരുന്നു?”

“നാലുമണിയ്‌ക്കാണ് ലാസ്‌റ്റ് ക്ലാസ്സ് കഴിഞ്ഞത്” ലിജു കള്ളം പറഞ്ഞു.

ഇതുകേട്ടപ്പോൾ നിഷ പൊട്ടിത്തെറിച്ചു. “നാണമില്ലേടാ നിനക്കിങ്ങനെ കള്ളം പറയാൻ. നീ ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് ഞങ്ങൾ കണ്ടതാണ്. നീ ഇടയ്‌ക്കിടയ്‌ക്ക് അവിടെ പോകുന്നത് ഒളിച്ചു വയ്‌ക്കുന്നതെന്തിനാ?”

ലിജു ഉത്തരമൊന്നും പറയാതെ കലി തുള്ളി.

“കാര്യങ്ങൾ അറിഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ പറയാം.” ലിജുവിന്‍റെ ശബ്‌ദം ഉച്ചത്തിലായി.

“ഞാൻ ശിൽപയെ പഠിപ്പിക്കാനാണ് അവിടെ പോകുന്നത്. അത് പറയാതിരുന്നത് നിങ്ങൾ അതിന് തടസ്സം നിൽക്കുമെന്നുള്ളതുകൊണ്ടാണ്. നിങ്ങളുടെ ഇടുങ്ങിയ മനസ്സ് എനിക്കറിയാം.” അവൻ ഒരു അന്യയോടെന്നപോലെ മമ്മിയോട് കയർത്തു.

“അവിടെ ആരുമില്ലാത്തപ്പോൾ നീ അവളുടെ വീട്ടിൽ പോകുന്നത് ഞാൻ സമ്മതിക്കില്ല. ഇപ്പോൾ തന്നെ നാട്ടിൽ എല്ലാം പാട്ടായല്ലോ.”

“നിങ്ങൾ രണ്ടാളും വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. അവൾ എന്‍റെ നല്ല സുഹൃത്താണ്. അവളുടെ പഠന സംബന്ധമായ സംശയങ്ങൾ പറഞ്ഞു കൊടുക്കാൻ ഞാനവിടെ പോകുന്നത് സത്യമാണ്. നാട്ടുകാരുടെ വായ അടപ്പിക്കാൻ എനിക്കാവില്ല.” അവൻ സൗമ്യനായി.

“അവളുടെ വലയിൽപ്പെട്ട് നിന്‍റെ പഠനം ഉഴപ്പുകയേയൂള്ളൂ.”

“എന്‍റെ പഠനം ഉഴപ്പുകയൊന്നുമില്ല മമ്മി” ലിജു ശാന്തനായി മമ്മിയെ നോക്കി.

“നീയിനി അവളെ കാണരുത്” മമ്മി ശാസിച്ചു.

“എങ്കിൽ ഇനി ഞാൻ ആരേയും കാണുന്നില്ല” അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.

“എന്‍റെ ജീവിതം എന്താകണമെന്ന് ഞാൻ തീരുമാനിച്ചോളാം” അവൻ ദേഷ്യത്തോടെ അകത്തു കയറി വാതിലടച്ചു.

വല്യമ്മച്ചി എത്ര വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല. അപമാനിതയായതുപോലെ നിഷ സോഫയിൽ ഇരുന്നു.

“നീ ഇങ്ങനെ കരഞ്ഞിരിക്കാതെ ഞാൻ ലിജുവുമായി സംസാരിക്കട്ടെ” അവർ നിഷയോടു പറഞ്ഞു.

വല്യമ്മച്ചി ലിജുവിനെ അനുനയിപ്പിച്ച് സംസാരിച്ചു തുടങ്ങി. “മോനേ, ഞാൻ നിന്നെ ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്. നിന്‍റെ നല്ല ഭാവിക്കു വേണ്ടിയാണ് മമ്മി കഷ്‌ടപ്പെടുന്നതു മുഴുവൻ. അത് മോൻ മനസ്സിലാക്കണം. അല്ലാതെ ദേഷ്യമുണ്ടായിട്ടല്ല. മമ്മിക്ക് മോനല്ലാതെ ആരാണുള്ളത്?”

“വല്യമ്മച്ചി, പെൺകുട്ടികളുമായി സൗഹൃദത്തിലാവുന്നത് തെറ്റൊന്നുമല്ല. മമ്മി വെറുതെ ഓരോന്ന് സങ്കൽപിച്ച് സംഗതി വഷളാക്കാതിരുന്നാൽ മതി.”

“എന്താ, നിനക്ക് ശിൽപയെ ഇഷ്‌ടമല്ലേ?” ലിജു തല താഴ്‌ത്തിയിരുന്നു. ശിൽപയോടുള്ള അവന്‍റെ ഇഷ്‌ടം ആ മൗനത്തിലൂടെ വല്യമ്മച്ചിക്ക് മനസ്സിലായി. അവർ അവന്‍റെ കൈപിടിച്ച് സംസാരിച്ചു തുടങ്ങി.

“നിനക്ക് ശിൽപയോട് തോന്നുന്ന ഇഷ്‌ടം തന്നെയല്ലേ നിന്‍റെ മമ്മിയ്‌ക്ക് ഡോക്‌ടറോട് തോന്നുന്ന സ്‌നേഹവും, മാത്രമല്ല അത് നിന്‍റെ ഭാവിയോർത്തു കൊണ്ടുള്ളതാണ് താനും. നാളെ നിന്‍റെ ഉപരിപഠനത്തിനും മറ്റും ഡോക്‌ടർ സഹായിക്കുകയും ചെയ്യും. അമ്മയുടെ ഒറ്റപ്പെടൽ എന്താണ് നീ മനസ്സിലാക്കാത്തത്?”

വല്യമ്മച്ചിയുടെ വാക്കുകൾ അവന്‍റെ ഹൃദയത്തിൽ തട്ടി. “വല്യമ്മച്ചി തന്നെ പറയൂ, ഞനെന്താണ് ചെയ്യേണ്ടത്” അവൻ വിതുമ്പിപ്പോയി.

“മോൻ നല്ല കുട്ടിയാകണം. മമ്മിയ്‌ക്കും മോനും വേണ്ടി.”

അടുത്ത ദിവസം ഡോക്‌ടർ വന്നപ്പോൾ വാതിൽ തുറന്ന് കൊടുത്തത് ലിജുവാണ്. വാത്സല്യപൂർവ്വം ഡോക്‌ടർ അന്ന് അവനോട് ഏറെ നേരം സംസാരിച്ചു. പിറ്റേന്ന് ശിൽപയുടെ പിറന്നാളായിരുന്നു. ഡോക്‌ടറും മമ്മിയും വല്യമ്മച്ചിയും സമ്മാനപ്പൊതിയുമായാണ് ലിജുവിനൊപ്പം ശിൽപയുടെ വീട്ടിലെത്തിയത്.

ലിജു ശിൽപയോടു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ബാക്കിയുള്ള ജീവിതം സുന്ദരമായി ജീവിച്ചു തീർക്കാനുള്ള ഉറപ്പുള്ള ഒരു പാലം ആ സന്ധ്യയിൽ അവർ പണിതു.

പാർട്ടി കഴിഞ്ഞ് ഡോക്‌ടറുടെ കാറിൽ മടങ്ങുമ്പോൾ ലിജു മമ്മിയുടെ തോളിൽ ചാരി. എല്ലാം ശുഭമായി അവസാനിച്ചതിൽ സന്തോഷിച്ച് വല്യമ്മച്ചി കാറ്റിനോട് കഥ പറഞ്ഞിരുന്നു.

വഴിവക്കിലെ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ കാർ ഓടിക്കുന്ന ഡോക്‌ടറെ നോക്കിയിരുന്നപ്പോൾ തന്‍റെ പപ്പ കാറോടിക്കുന്നതു പോലെ ലിജുവിന് തോന്നി.

ഡൽഹി ഡെയ്സ്

മാഡം എങ്ങോട്ടാ പോകേണ്ടത്? “കോണൗട്ട് പ്ലേസ്. എത്ര രൂപയാകും?”

“ഞങ്ങൾ മീറ്റർ ചാർജേ എടുക്കൂ. മാഡം. യാത്രക്കാരെ പറ്റിച്ച് പണമുണ്ടാക്കുന്ന ഓട്ടോക്കാരെ പോലെയല്ല ഞങ്ങൾ. ന്യായമായതേ ഈടാക്കൂ.” സുമുഖനായ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ നിന്നും തല പുറത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ ഓട്ടോയിൽ കയറിയിരുന്നു. അയാൾ ഓട്ടോ സ്റ്റാർട്ടാക്കി.

“മാഡം, ഞങ്ങൾ കൊള്ളയടിക്കുന്നവരല്ല.”

ഓട്ടോറിക്ഷക്കാർക്കു മേൽ ചാർത്തപ്പെട്ട കളങ്കം മായ്ച്ചു കളയാനുളള ശ്രമമാണോ ഇയാൾക്ക്. എന്നു വിചാരിച്ചുകൊണ്ട് ഞാൻ അലക്ഷ്യമായി പുറത്തേ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു.

“കഷ്ടപ്പാടുകൾ ഏറെ സഹിച്ച് വളർന്നവനാണ് ഞാൻ. പക്ഷേ ഒരു രൂപ കൂടുതൽ ആരുടേയും കയ്യിൽ നിന്നും അമിതമായി ഈടാക്കില്ല. എനിക്ക് സ്വന്തമായി വീടും ഓട്ടോയുമുണ്ട്.” അയാൾ വാതോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. ഡൽഹിക്ക് തൊട്ടടുത്തുള്ള ഗുഡ്ഗാവിലാണ് അയാളുടെ വീടെന്നും സ്വന്തമായി കൃഷിയും കാര്യങ്ങളുമുള്ള കുടുംബമാണെന്നും വിദ്യാസമ്പന്നനാണെന്നുമൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ അയാൾ പറഞ്ഞു.

“ഈ ഓട്ടോ നിങ്ങളുടെ സ്വന്തമാണോ?” എന്തെങ്കിലും ചോദിച്ചുകളയാമെന്ന വ്യാജേന ഞാനയാളോട് ചോദിച്ചു.

“പിന്നല്ലാതെ, ലോണെടുത്ത് വാങ്ങിയതാ. ലോണെല്ലാം അടച്ചു തീർത്തു. ഇനി ഉടൻ തന്നെ ഒരു ടാക്സി വാങ്ങണം.” അയാൾ അഭിമാനപൂർവ്വം എന്നെ നോക്കി ചിരിച്ചു.

“അത്രയ്ക്കും പണം കയ്യിലുണ്ടോ?” അയാളുടെ സാമ്പത്തിക ഭദ്രതയെ അളന്നുകളയാമെന്ന മട്ടിൽ ഞാൻ ചോദിച്ചു.

“എല്ലാം സത്യസന്ധമായി സമ്പാദിച്ചതാ മാഡം. ഞാൻ ഓട്ടോ ഓടിക്കുക മാത്രമല്ല. വിദേശ ടൂറിസ്റ്റുകളെ കൊണ്ടുപോയി ഓരോ സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്യാറുണ്ട്. ഇത് കണ്ടോ മാഡം, ഈ ഓട്ടോയിൽ നിറയെ മാപ്പ് ഒട്ടിച്ചു വച്ചിരിക്കുന്നത്.

ടൂറിസ്റ്റുകൾ രാവിലെ ഓട്ടോയിൽ കയറിയാൽ പിന്നെ വൈകുന്നേരമേ ഇറങ്ങൂ. ഞാനവരെ മുഴുവൻ ഡൽഹിയും കാണിച്ചേ വിടുകയുള്ളൂ. അവർക്കും സന്തോഷം എനിക്കും സന്തോഷം. എനിക്ക് നല്ല വരുമാനവുമാകും. ചിലർ 10 ഉം 20 ഉം ഡോളർ കൂടുതൽ തരും.” എനിക്ക് എത്തേണ്ട സ്ഥലമായപ്പോൾ അയാൾ വണ്ടി നിർത്തി പിന്നിൽ തിരിഞ്ഞ് മീറ്ററിൽ നോക്കി.

“എത്രയായി.”

“42 രൂപ.” അയാൾ പറഞ്ഞു.

“ദാ 50 രൂപ ചേഞ്ചില്ല.” ബാഗിൽ നിന്നും 50 രൂപാനോട്ടെടുത്ത് ഞാൻ അയാളുടെ നേർക്ക് നീട്ടി.

“അയ്യോ മാഡം രാവിലയല്ലെ? എന്‍റെ കയ്യിൽ ചേഞ്ചില്ല. മാഡം ബാഗിൽ ഒന്നു കൂടി നോക്ക്, ചില്ലറ കാണും.”

“ഇല്ലാ”

“എങ്കിൽ വിട്ടുകള മാഡം. പിന്നെ എപ്പോഴങ്കിലും മാഡം ഈ ഓട്ടോയിൽ കയറിയാൽ മതി. അപ്പോ കണക്ക് ശരിയാക്കാം.” ഓട്ടോക്കാരൻ 50 രൂപയും വാങ്ങി പോക്കറ്റിലിട്ടു.

“അതെങ്ങനെ ശരിയാകും. മര്യാദയ്ക്ക് ബാക്കി താടോ.” എനിക്ക് അരിശം വന്നു.

“മാഡം 5-6 രൂപയ്ക്കു വേണ്ടിയാണോ ഈ തർക്കം. ഞാൻ ഇവിടെയുള്ള ആള് തന്നെയാ, എന്‍റെ കയ്യിൽ ചില്ലറയില്ല.”

“പണത്തിന്‍റെ കാര്യമല്ല. നിങ്ങൾ ചെയ്യുന്നത് ന്യായമല്ലല്ലോ.” ഞാനയാളോട് കയർത്തു.

“എന്താ മാഡം ഇത്. മറ്റു വല്ല ഓട്ടോക്കാരായിരുന്നുവെങ്കിൽ ഇത്രയും ദൂരം ഓടിയതിന് 60- 70 രൂപ വാങ്ങിയേനെ, അറിയാമോ?” ഓട്ടോക്കാരൻ അയാളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു.

ഒടുവിൽ ഞാൻ ദേഷ്യപ്പെട്ട് ഓട്ടോയിൽ നിന്നിറങ്ങി. അയാൾ ഒരു വിജയിയുടെ ഭാവത്തിൽ ചിരിച്ചുകൊണ്ട് ഓട്ടോ ഓടിച്ചു പോയി. അയാളെ മനസ്സിൽ നൂറ് ചീത്തയും പറഞ്ഞ് ഓഫീസിലേക്ക് ഞാൻ നടന്നു.

രാവിലെ മനസ്സറിയാതെ വഞ്ചിക്കപ്പെട്ടതിൽ എന്‍റെ മൂഡാകെ തെറ്റിയിരുന്നു. എന്ത് ചെയ്യാനാ, ഓഫീസിൽ കൃത്യസമയത്ത് എത്താനായി ചില നേരത്ത് ഓട്ടോ പിടിക്കേണ്ടി വരുന്നത് പതിവാണ്. ചിലർ അമിതമായി ചാർജ് വാങ്ങാറുമുണ്ട്. പക്ഷേ ഇത്തരമൊരനുഭവം ഇതാദ്യമാണ്.

വൈകുന്നേരം ജോലിയും കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഏറെ തളർന്നിരുന്നു. ശരീരത്തിനാകെയൊരു ക്ഷീണം. മെട്രോസ്റ്റേഷനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളുവെങ്കിലും ക്ഷീണം കാരണം എനിക്കതിനും കഴിയുന്നില്ല. സ്റ്റാന്‍റിൽ കിടന്ന ഒരു ഓട്ടോയിൽ കയറിയിരുന്ന് ഡ്രൈവറോട് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞുകൊണ്ട് ഞാൻ മുന്നിലേക്ക് നോക്കി.

“ഞാൻ മറ്റൊരു ഓട്ടത്തിന് കാത്തിരിക്കുകയാണ് മാഡംജി. മറ്റുവല്ല ഓട്ടോയും പിടിക്ക്” ഓട്ടോക്കാരൻ പറഞ്ഞു.

അത്ര ശുദ്ധമല്ലാത്ത ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോൾ അയാളൊരു ബീഹാറിയാണെന്നു മനസ്സിലായി.

ഉള്ളിൽ ദേഷ്യം നുരച്ച് പൊന്തിയെങ്കിലും ഡൽഹിയിലെ മുഴുവൻ ഓട്ടോക്കാരെയും മനസ്സിൽ ശപിച്ചുകൊണ്ട് ഞാനെന്‍റെ ദേഷ്യമടക്കിപ്പിടിച്ച് മെട്രോസ്റ്റേഷനിലേക്ക് നടന്നു. ഇന്നത്തെ ദിവസമേ ശരിയല്ല.

“മാഡം ജി കയറിക്കോളൂ.” പിന്നിൽ നിന്നും ഒരു പരിചിത ശബ്ദം കേട്ട് ഞാനൊരു നിമിഷം തിരഞ്ഞു നോക്കി. രാവിലെ കണ്ട അതേ ഓട്ടോക്കാരൻ.

ഓട്ടോയിൽ കയറാൻ ക്ഷണിക്കുകയാണ്. എന്‍റെ ശരീരത്താകമാനം ദേഷ്യം

ഇരച്ചു കയറി. വേണ്ടായെന്ന് അറുത്തു മുറിച്ച് പറഞ്ഞപ്പോഴേക്കും അയാൾ മറ്റൊരു പെൺകുട്ടിയോട് ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുന്നതു കണ്ട് ഞാൻ ആ പെൺകുട്ടിയെ സൂക്ഷിച്ചുനോക്കി.

സുപ്രിയാ ശർമ്മ! ഒരു കാല് മാത്രമുള്ള വികലാംഗയായ സുപ്രിയ എനിക്കൊപ്പമെത്താൻ വേഗത്തിൽ നടക്കുകയാണ്. സുപ്രിയയും ഞാനും തമ്മിലുള്ള പരിചയം മെട്രോ റെയിൽ യാത്രയിൽ തുടങ്ങിയതാണ്. മിക്ക ദിവസങ്ങളിലും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ പരിചയം ഞങ്ങൾക്കിടയിൽ ആത്മബന്ധം സൃഷ്ടിച്ചിരുന്നു. എനിക്ക് പിന്നാലെ ധൃതി പിടിച്ച് നടന്നു വരുന്ന അവളെ കണ്ട് ഞാൻ വേഗം കുറച്ചു. സംസാരപ്രിയയായിരുന്നു സുപ്രിയ.

വീട്ടിലേയും നാട്ടിലേയും വിശേഷങ്ങൾ അവൾ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ചെറുപ്പത്തിൽ ഒരു കാർ ആക്സിഡന്‍റിൽപ്പെട്ടാണ് അവൾക്ക് ഒരു കാല് നഷ്ടമായത്. ഒരു കാലില്ലെങ്കിലും അതൊരു കുറവായി അവൾക്കൊരിക്കലും തോന്നിയിരുന്നില്ല. അചഞ്ചലമായ ആത്മവിശ്വാസത്തിന് ഉടമയായിരുന്നു അവൾ. അവളെ പരിചയപ്പെട്ട നാളുമുതൽ ഞാൻ അത് തിരിച്ചറിഞ്ഞിരുന്നു. ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിലാണ് അവൾ ജോലി ചെയ്തിരുന്നത്. സ്വന്തം വീട് ലക്നൗവിലാണ്. ജോലിയുടെ ആവശ്യാർത്ഥം കരോൾ ബാഗിൽ ചിറ്റമ്മയ്ക്കൊപ്പമായിരുന്നു അവളുടെ താമസം. അതിനാൽ മിക്കപ്പോഴും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായിരുന്നു. പിറ്റേദിവസം ഞങ്ങൾ ഒരേ സമയത്താണ് ഓഫീസിൽ നിന്നുമിറങ്ങിയത്, ഇന്നലെ കണ്ട അതേ ഓട്ടോക്കാരൻ ഞങ്ങൾക്കരികിൽ ഓട്ടോ കൊണ്ടുവന്നു നിർത്തി.

“സുപ്രിയാജി വരൂ…”

സുപ്രിയ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. ”വേണ്ട നിങ്ങൾ പോയ്ക്കോളൂ, ഞങ്ങൾ നടന്നു പോയ്ക്കോളാം.”

പക്ഷേ ഓട്ടോക്കാരൻ വിടുന്ന മട്ടില്ല. “നിങ്ങൾ എന്താ ഇങ്ങനെ സംസാരിക്കുന്നത്? ഞാൻ അത്ര മോശപ്പെട്ട ആളൊന്നുമല്ല.”

സുപ്രിയ എന്നെ ചോദ്യഭാവത്തിൽ നോക്കി. ഓട്ടോക്കാരൻ അവളുടെ പേരുവരെ മനസ്സിലാക്കിയിരുന്നുവല്ലോയെന്ന ചിന്തയിലായിരുന്നു ഞാനപ്പോൾ.

“നമുക്ക് ഈ ഓട്ടോയിൽ കയറാം സംഗീത. നേരവും വൈകിയല്ലോ.” സുപ്രിയ ദയനീയഭാവത്തിൽ എന്നെ നോക്കി. പക്ഷേ അയാളുടെ ഓട്ടോയിൽ കയറാൻ എനിക്കൊട്ടും മനസ്സുവന്നില്ല. “നീ പോയ്ക്കോ, ഞാൻ എങ്ങനെയെങ്കിലും വന്നോളാം.”

“എങ്കിൽ ഞാനും നിന്‍റെ കൂടെ വന്നുകൊള്ളാം.” അവൾ എനിക്കൊപ്പം പതിയേ നടന്നു.

ഇതെല്ലാം കണ്ട് ഓട്ടോക്കാരന്‍റെ മുഖത്ത് ദയനീയത നിറഞ്ഞു. “ബഹൻജീ പ്ലീസ്, നിങ്ങൾ ഈ ഓട്ടോയിൽ കയറണം. എന്നാലേ സുപ്രിയാജി ഇതിൽ കയറുകയുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ചാർജ് തന്നാൽ മതി. തന്നില്ലെങ്കിലും കുഴപ്പമില്ല.” അയാൾ പുഞ്ചിരിച്ചു.

അയാളുടെ പുഞ്ചിരിയിൽ പരിഹാസമല്ല നിഷ്കളങ്കമായ മറ്റെന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. ഒടുവിൽ ഞങ്ങൾ ഇരുവരും ഓട്ടോയിൽ കയറിയിരുന്നു. ഓട്ടോയ്ക്കുള്ളിൽ കനത്ത നിശബ്ദത. ഒരു നിമിഷം പോലും നാവിന് വിശ്രമം കൊടുക്കാത്ത ഇയാൾക്ക് ഇന്നെന്തു പറ്റിയെന്ന ചിന്തയായിരുന്നു എനിക്ക്.

അയാൾ നേരെ സുപ്രിയയുടെ വീടിനു മുന്നിൽ ഓട്ടോ നിർത്തി.

സുപ്രിയ ഓട്ടോയിൽ നിന്നിറങ്ങവേ അയാൾ പിൻതിരിഞ്ഞ് എന്നെ നോക്കി.

“മാഡത്തിന് എവിടെയാ ഇറങ്ങേണ്ടത്?”

“ഞാനിവിടെ ഇറങ്ങിക്കോളാം. എനിക്ക് ഇവിടെ നിന്ന് നടക്കാനുള്ള ദൂരമേയുള്ളു.” എന്ന് പറഞ്ഞശേഷം ഞാനയാൾക്ക് പണം കൊടുക്കാനായി പേഴ്സ് തുറന്നു.

“വേണ്ട, നിങ്ങൾ രണ്ടുപേരും എനിക്ക് സ്വന്തം പോലെയാണ്. ചാർജ് വേണ്ട.” അയാൾ തിടുക്കത്തിൽ ഓട്ടോ സ്റ്റാർട്ടാക്കി.

“നിങ്ങളുടെ ഈ മഹാമനസ്കതയുടെ കാരണമെന്താണെന്ന് അറിഞ്ഞാൽ കൊള്ളാം.” എന്‍റെ ചോദ്യത്തിലെ ഗൗരവം തിരിച്ചറിഞ്ഞിട്ടാവണം അയാൾ ആദ്യമൊന്ന് പതറി.

“നിങ്ങൾ സുപ്രിയാജിയുടെ കൂട്ടുകാരിയല്ലേ, അപ്പോൾ നിങ്ങൾ എനിക്കും വേണ്ടപ്പെട്ടവർ തന്നെ… ഞാൻ പോകട്ടേ.” അയാൾ തിടുക്കപ്പെട്ട് ഓട്ടോ ഓടിച്ചുപോയി.

ഈ ഓട്ടോക്കാരൻ സുപ്രിയയോട് എന്താണിത്ര താൽപര്യം കാട്ടുന്നത്. ഇനി രണ്ടുപേരും വല്ല പ്രണയത്തിലും. ഞാൻ ഓരോന്നു ആലോചിച്ചുകൊണ്ട് വീട്ടിലേയ്ക്കു നടന്നു.

പിറ്റേന്ന് ഞാൻ ഇതേപ്പറ്റി സുപ്രിയയോട് സൂചിപ്പിച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

“ഏയ് അങ്ങനെയൊന്നുമില്ല. ങ്ഹേ, ഒരിടയ്ക്ക് അവനെന്‍റെ പിന്നാലെ നടന്നിട്ടുണ്ട്. പക്ഷേ മോശമായി ഒരിക്കലും പെരുമാറിയിട്ടില്ല.”

“നിനക്ക് അവനോടെന്തെങ്കിലും ഇഷ്ടം?” ഞാനവളെ ഒളികണ്ണിട്ടു നോക്കി.

“അയ്യോ അവനെനിക്ക് മാച്ചല്ല. എനിക്ക് ആ രീതിയിൽ അവനെ സങ്കൽപ്പിക്കാൻ കൂടിയാവില്ല. ഒരു കാലില്ലെന്ന് കരുതി വഴിയിൽ കണ്ടയൊരാളെ ചാടിക്കയറി പ്രേമിക്കാനാവുമോ?

അതിന്‍റെ പിറ്റേന്ന് റിക്ഷാക്കാരനെ ഒഴിവാക്കാനായി ഞങ്ങൾ മനപ്പൂർവ്വം മറ്റൊരു വഴിയിലൂടെ മെട്രോസ്റ്റേഷനിലേക്ക് നടന്നു. പക്ഷേ അവിടേയും ഞങ്ങൾക്ക് പരാജയമായിരുന്നു ഫലം. അവൻ ഓട്ടോ ഞങ്ങൾക്കരികിൽ കൊണ്ടു നിർത്തി.

“വരൂ.”

“നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട.” ഞങ്ങൾ അൽപം പരുഷമായി പറഞ്ഞു.

“പാവപ്പെട്ടവനാണെങ്കിലും ഞാനൊരു ചതിയനോ നീചനോ അല്ല. സുപ്രിയാജിയ്ക്ക് കൂടുതൽ ദൂരം നടക്കാനാവില്ല. അതുകൊണ്ടാ ഞാൻ…” അയാളുടെ മുഖത്ത് ദൈന്യഭാവം നിഴലിച്ചു. എന്തുവേണമെന്നർത്ഥത്തിൽ ഞാനൊരു നിമിഷം സുപ്രിയയെ ഒളികണ്ണിട്ടു നോക്കി. അയാളുടെ മറുപടി കേട്ട് സുപ്രിയ പകച്ചു നിന്നു. ഒടുവിൽ അയാളുടെ നിർബന്ധത്തിന് വഴങ്ങി ഓട്ടോയിൽ കയറിയിരുന്നു. രക്‌തബന്ധമോ സൗഹൃദഭാവമോ ഇല്ലാതെ ചിലർ എത്രവേഗമാണ് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറുന്നത്.

രാജുവിന്‍റെ ഓട്ടോയിൽ കയറിയുള്ള സവാരി. ഇപ്പോൾ ഞങ്ങളെ രണ്ടുപേരെയും വീട്ടിലിറക്കി മടങ്ങുന്ന അയാൾ ഒരു രൂപ പോലും ആവശ്യപ്പെട്ടിരുന്നില്ല.

“തിങ്കളാഴ്ച്ച അവധിയാണ്. ഹാവൂ രണ്ടു ദിവസം വീട്ടിൽ സ്വസ്‌ഥമായി

ഇരിക്കാമല്ലോ.” ശനിയാഴ്ച്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഞാൻ സുപ്രിയയോട് പറഞ്ഞു. പക്ഷേ സുപ്രിയയുടെ മുഖം കാർമേഘം ഇരുണ്ടു കൂടിയ മാനം കണക്കെ മ്ലാനമായിരുന്നു. ആ വിഷാദം അവളുടെ വാക്കുകളിലും പുരണ്ടിരുന്നു.

“ഈ രണ്ടു ദിവസം കിട്ടിയിട്ട് എന്ത് ചെയ്യാനാ, സമയം പോയിക്കിട്ടണ്ടേ.”

“നമുക്ക് കറങ്ങാൻ പോയാലോ?” ഞാൻ സംശയം മുന്നോട്ടു വച്ചു.

“സത്യമാണോ?” അവളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു. തിങ്കളാഴ്ച രാവിലെ തന്നെ ലോട്ടസ് ടെമ്പിൾ കാണാൻ ഞങ്ങൾ പുറപ്പെട്ടു. അതിനുശേഷം കുത്തുബ്മീനാറും സന്ദർശിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ നിനച്ചിരിക്കാതെ രാജു ഞങ്ങൾക്ക് മുന്നിൽ ഓട്ടോയുമായി വന്നു നിന്നു.

“വരൂ, ഇന്ന് അവധിയല്ലേ, എവിടെയാ പോകേണ്ടത്? ഞാൻ കൊണ്ടു പോകാം.”

അയാളുടെ അപ്പോഴത്തെ മട്ടും ഭാവവും കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു. “ഞങ്ങളെ സഹായിക്കാൻ നിങ്ങൾ രാവിലെ എത്തിയോ?” എന്താ ഇതിന്‍റെയൊക്കെ അർത്ഥം?”

“എന്ത് ചെയ്യാനാ മാഡം, ഞാൻ എങ്ങനെയോ എത്തുന്നു.” അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി.

“ഞങ്ങൾക്കിന്ന് ലോട്ടസ് ടെമ്പിളും കുത്തുബ്മീനാറും കാണണം.”

“അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് എന്നേക്കാൾ മികച്ചൊരു ഗൈഡിനെ കിട്ടില്ല. കുത്തുബ്‌മീനാർ മാത്രമല്ല മുഴുവൻ ഡൽഹി തന്നെ കാണിക്കാം. പോരേ,” അയാളുടെ ആവേശത്തോടെയുള്ള മറുപടി കേട്ട് ഞങ്ങൾ ചിരിച്ചു.

വഴിനീളെ രാജു കുത്തുബ്‌മീനാറിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

“നിങ്ങൾക്കറിയാമോ കുത്തുബ്‌മീനാർ എന്നാണ് പണികഴിപ്പിച്ചതെന്ന്?”

“ഇല്ലല്ലോ” അതുവരെ പുറത്തെ കാന്ഥഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്ന സുപ്രിയ മറുപടി പറഞ്ഞു.

“ഡൽഹിയിലെ മുസ്ലിം ഭരണാധികാരിയായിരുന്ന കുത്തുബ്‌ദീൻ ഐബക് 1193ൽ പണിത് തുടങ്ങിയതാണിത്. പക്ഷേ, അത് പൂർത്തിയാക്കിയതോ അദ്ദേഹത്തിന്‍റെ അനന്തരാവകാശി ഇൽത്തുമിഷും.” രാജുവിന് ഓട്ടോയോടിക്കാൻ മാത്രമല്ല, ചരിത്രത്തിലും നല്ല അറിവുണ്ടെന്ന വസ്‌തുത ഞങ്ങളെ അദ്‌ഭുതപ്പെടുത്തി. ഞാനും സുപ്രിയയും പരസ്‌പരം നോക്കി പുഞ്ചിരിച്ചു.

“ങ്‌ഹേ, ഒരു മിനിറ്റ്, കുത്തുബ്‌മീനാറിന്‍റെ ഉയരമെത്രയാണെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ? എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് സുപ്രിയ രാജുവിനോട് ചോദിച്ചു.

“234 അടി ഉയരവും 14.3 മീറ്റർ വ്യാസവുമുണ്ടിതിന്. മുകളിലേക്ക് ചെല്ലുമ്പോൾ 2.75 മീറ്ററാകും. ഇതിൽ മൊത്തം 378 കോണിപ്പടികളുണ്ട്.” ഞങ്ങളെ നോക്കി രാജു ഗമയോടെ ചിരിച്ചു.

അപ്പോഴേക്കും ഞങ്ങൾ കുത്തുബ്‌മീനാറിലെത്തി കഴിഞ്ഞിരുന്നു. രാജുവും ഞങ്ങൾക്കൊപ്പം നടന്ന് സ്‌മാരകത്തെക്കുറിച്ച് ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ചരിത്രത്തിലുള്ള അയാളുടെ അറിവിൽ ഞങ്ങൾ അദ്‌ഭുതപ്പെട്ടുപോയി. ഒരു ഗൈഡിനു പോലും ഇത്രയും വിശദീകരണങ്ങൾ നൽകാനാവില്ല.

“മാഡം ശ്രദ്ധിച്ച് നടക്കൂ… വീഴും.” നിലത്തു പാകിയ ഇഷ്‌ടികക്കല്ലുകളിൽ കൂടി നടന്നുപോയ സുപ്രിയയ്‌ക്ക് അയാൾ നിർദേശം കൊടുത്തു.

“നിങ്ങൾ അവളുടെ കാര്യത്തിൽ ഭയങ്കര കെയറിങ്ങാണല്ലോ. എന്താകാര്യം?” ഞാൻ അവളെ നോക്കി ഗൂഢമായി ചിരിച്ചു.

“അതോ… അത്.. പാവം ശ്രദ്ധിക്കില്ല.” രാജു വിക്കി വിക്കി പറഞ്ഞു.

“പക്ഷേ, എന്തിന്?”?”

“അത്… എനിക്ക് സുപ്രിയാജിയെ ഇഷ്‌ടമാണ്. അവരുടെ ലാളിത്യം.. ധൈര്യം” അയാൾ തുടർന്ന് എന്തെങ്കിലും പറയും മുമ്പേ ഞാൻ ഇടയ്‌ക്കു കയറി പറഞ്ഞു.

“നിങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ഒരു ഓട്ടോക്കാരൻ… അവളോ… ഒരു സമ്പന്നകുടുംബാംഗം… ഉദ്യോഗസ്‌ഥ.”

“മാഡംജി പറഞ്ഞത് ശരിയാണ്. ഞങ്ങൾക്കിടയിൽ വലിയ അന്തരമുണ്ട്. പക്ഷേ, ഞാനൊരു മനുഷ്യനല്ലേ. ഞാനൊരു ഓട്ടോക്കാരനാണെന്നു വച്ച് അത്ര കുറഞ്ഞവനൊന്നുമല്ല. ഞാനും നല്ല കുടുംബത്തിൽ പിറന്നവനാ. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാ. സാഹചര്യവശാൽ ഞാനൊരു ഓട്ടോക്കാരനായി. അത് തെറ്റാണോ മാഡം. മറ്റൊരു ജോലിക്കുള്ള ശ്രമത്തിലാണിപ്പോൾ. ഈ ജോലി മോശമായതുകൊണ്ടല്ല.

കൂടുതൽ മെച്ചപ്പെട്ട വരുമാനത്തിനു വേണ്ടിയാ അത്.” അയാളുടെ മറുപടിയിൽ നിന്നും അയാളിലെ നന്മയെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.

പിറ്റേ ദിവസം രാജു പറഞ്ഞ കാര്യം ഞാൻ സുപ്രിയയെ ധരിപ്പിച്ചു. “അവനത്ര മോശക്കാരനൊന്നുമല്ല. നീയവനെപ്പറ്റിയൊന്നു ചിന്തിച്ചു നോക്ക്. അവൻ നിന്‍റെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ കാണുമ്പോൾ നിന്നോടെനിക്ക് അസൂയ തോന്നിപ്പോകുന്നു.”

“അതെനിക്ക് സങ്കൽപിക്കാൻ കൂടിയാവില്ല. എന്‍റെ വീട്ടുകാർ ഇങ്ങനെയൊരു ബന്ധം ഒരിക്കലും അംഗീകരിക്കില്ല. എന്തിന് ഈ ഞാൻ പോലും തയ്യാറല്ല.”

സുപ്രിയയുടെ മറുപടി എന്തായിരിക്കുമെന്ന് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അവളുടെ നിലപാടിനോട് എനിക്ക് യോജിക്കാനാവുമായിരുന്നില്ല. അതെന്‍റെയുള്ളിൽ വല്ലാത്ത വേദന സൃഷ്‌ടിച്ചിരുന്നു.

എങ്കിലും സുപ്രിയ പറഞ്ഞതാണ് ശരിയെന്ന് കുറച്ച് കഴിഞ്ഞപ്പോൾ എനിക്കും തോന്നി. ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായി സുപ്രിയ എന്നെ ഫോണിൽ വിളിച്ചു. “സംഗീത പ്ലീസ്, ഒന്ന് വീട്ടിൽ വരെ വരണം. പറ്റുമെങ്കിൽ ഇപ്പോൾ തന്നെ.”

തുടർന്ന് എന്തെങ്കിലും ചോദിക്കും മുമ്പ് അവൾ ഫോൺ കട്ടു ചെയ്തു.

അവളുടെ പരിഭ്രമം കലർന്ന ശബ്‌ദം എന്നെ അസ്വസ്‌ഥതപ്പെടുത്തി. കാര്യമെന്തെന്നറിയാനുള്ള തിടുക്കത്തിൽ ഞാൻ അവളുടെ വീട്ടിൽ ചെന്നു. “എന്താ കാര്യം? നിനക്കെന്തു പറ്റി? ചിറ്റമ്മയെവിടെ?” ഞാനവളെ കണ്ടമാത്രയിൽ ചോദിച്ചു.

അവൾ ഒരു ഗദ്‌ഗദത്തോടെ എന്‍റെ തോളിൽ തലചായ്‌ച്ചു. “ചിറ്റമ്മ മാമന്‍റെ വീട്ടിൽ പോയിരിക്കുകയാ, പോയിട്ട് രണ്ടു ദിവസമായി. ഞാനവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. “സുപ്രിയ എന്താണെന്നു പറയൂ, നീയെന്താ കരയുന്നത്?”

“ഇത് സന്തോഷാശ്രുക്കളാ. എനിക്കെന്‍റെ സഹയാത്രികനെ കിട്ടി സംഗീതേ,” അവൾ കണ്ണുനീർ തുടച്ച് ചിരിച്ചു. ആ ചിരിക്ക് കൂടുതൽ ഭംഗിയേറിയതു പോലെ.

“ആരാണ് അയാൾ? ഞാനവളുടെ മുഖം ഉയർത്തി. അവൾ ലജ്‌ജയോടെ മുഖം താഴ്‌ത്തി.

“മറ്റാരുമല്ല… രാജു… രാജേഷ് വ്യാസ്.” അവളുടെ ഉത്തരം കേട്ട് ഞാനൊരു നിമിഷം സ്‌തംഭിച്ചു പോയി. ഇത് സത്യമാണോ!

“പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നത് എത്ര ശരിയാണ്. ഇന്നലെ വരെ ഞാൻ മറ്റൊരാളായിരുന്നു. പക്ഷേ, ഇന്നോ… ഇന്നലെ വൈകുന്നേരം നീ ഇല്ലായിരുന്നല്ലോ. ഞാൻ പതിവുപോലെ അവന്‍റെ ഓട്ടോയിൽ കയറി.

എനിക്ക് ഒരു ബാഗ് വാങ്ങേണ്ടതുണ്ടായിരുന്നു. അവൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ ജൻപഥിൽ പോയി ബാഗ് വാങ്ങി. അല്ലറ ചില്ലറ ഷോപ്പിംഗും നടത്തിക്കഴിഞ്ഞപ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു. അപ്പോഴാണ് ചിറ്റമ്മയ്‌ക്ക് മരുന്ന് വാങ്ങേണ്ട കാര്യമോർമ്മ വന്നത്. ഓട്ടോ നിർത്തി ഒരു മെഡിക്കൽ ഷോപ്പിലേക്ക് തിരക്കിട്ട് നടക്കുന്നതിനിടെ വഴിയിലുണ്ടായിരുന്ന ഒരു കല്ലിൽ തട്ടി ഞാൻ നിലത്തു വീണു. നെറ്റിയിലെ ഈ മുഴ കണ്ടില്ലേ? കയ്യും പൊട്ടി. അതോടെ എന്‍റെ ബോധവും മറഞ്ഞു. പിന്നെയെനിക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല.

ബോധം തിരിച്ചുകിട്ടിയപ്പോഴാണ് ഞാനൊരു ക്ലിനിക്കിലാണെന്ന വിവരമറിയുന്നത്. രാജു എന്നെ ക്ലിനിക്കിലെത്തിക്കുകയായിരുന്നു. ക്ലിനിക്കിൽ അവനെനിക്ക് കൂട്ടിരുന്നു.

ഇന്നലെ രാത്രി എന്നെ വീട്ടിലാക്കിയ ശേഷമാണ് അവൻ മടങ്ങിയത്. രാജുവിന് എന്നോടുള്ള സ്‌നേഹത്തിന്‍റെ ആഴം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. എന്നോടുള്ള അനുകമ്പയിൽ നിന്നുടലെടുത്തതല്ല ആ സ്‌നേഹമെന്ന് എനിക്ക് മനസ്സിലായി. രാജുവിനല്ലാതെ മറ്റാർക്കും എന്നെ ഇത്രയധികം സ്‌നേഹിക്കാനാവില്ല. ആ സ്‌നേഹം ഞാൻ തിരിച്ചറിഞ്ഞേ പറ്റൂ.

അവളുടെ കണ്ണുകളിലെ പ്രത്യേക തിളക്കം ഞാൻ ശ്രദ്ധിച്ചു. അൽപസമയം ഞാൻ നിശബ്‌ദയായിരുന്നു. അവളുടെ സന്തോഷവും ആവേശവും കണ്ട് എന്‍റെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പുമുട്ടി. ഇതാണ് ശരി. ഏറ്റവും വലിയ ശരി. ഞാനവളുടെ ചുമലിൽ തലോടി.

“നിങ്ങൾ രണ്ടുപേരും എത്രയും പെട്ടെന്ന് ഈ വിവരം വീട്ടിൽ ധരിപ്പിക്കണം. ഞാനും ഇക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കാം. എതിർപ്പുകൾ സ്വാഭാവികമായും ഉണ്ടാവാം.”

കുറച്ച് ദിവസത്തിനു ശേഷം ഞാനും സുപ്രിയക്കൊപ്പം അവളുടെ വീട്ടിൽ പോയി. വീട്ടുകാരെ കാര്യങ്ങൾ ധരിപ്പിച്ചു. ചില്ലറ എതിർപ്പുകളുണ്ടായി. സുപ്രിയയുടെ വീട്ടുകാർ ഒടുവിൽ വിവാഹത്തിന് സമ്മതം മൂളി. രാജു വിദ്യാസമ്പന്നനായതുകൊണ്ടു മാത്രമാണ് അവർ വിവാഹത്തിനു സമ്മതിച്ചത്.

അധികം താമസിയാതെ സുപ്രിയയുടേയും രാജുവിന്‍റേയും വിവാഹം സമംഗളം നടന്നു. നിറഞ്ഞ സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി.

പുതിയൊരു ജീവിതത്തിലേക്കുള്ള രാജുവിന്‍റേയും സുപ്രിയയുടേയും യാത്ര ഇനി ഇവിടെ ആരംഭിക്കുകയാണ്.

സാഗരസംഗമം ഭാഗം- 28

“എക്സ്ക്യൂസ്മീ… നിങ്ങൾ കുറച്ചു ദിവസം അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്‌തിയാണോ? ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന്. നിങ്ങൾക്ക് പണത്തിന്‍റെ അഹങ്കാരമായിരുന്നെന്ന്…” ആ ചോദ്യം കേട്ടില്ലെന്നു നടിച്ച് അരുണിനൊപ്പം പടി കടക്കുമ്പോൾ കേട്ടു.

“ഒരു പാവം മനുഷ്യനെ പ്രേമം നടിച്ച് നശിപ്പിച്ച ശേഷം വർഷങ്ങൾക്കു ശേഷം അന്വേഷിച്ച് വന്നിരിക്കുന്നു.” വളരെ പതുക്കെയാണ് അയാളതു പറഞ്ഞതെങ്കിലും ഞങ്ങളതു കേട്ടു. ഇടറിയ കാൽവെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോൾ അരുൺ അരികിലെത്തി പറഞ്ഞു.

“സാരമില്ല മാഡം… ഒന്നും കേട്ടില്ലെന്ന് നടിച്ചാൽ മതി. ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. മാഡത്തിന് സ്വയമറിയാമല്ലോ മനഃസാക്ഷിക്കു നിരക്കാത്തതായി ഒന്നും ചെയ്‌തിട്ടില്ലെന്ന്.

ഹൃദയത്തെ സ്പർശിച്ച അരുണിന്‍റെ വാക്കുകൾ ചുട്ടുപൊള്ളുന്ന അകത്തളങ്ങളിൽ നീരൊഴുക്കായി. ഒരു കുളിർനീരലയായി അതു മനസ്സിനെ തഴുകിയപ്പോൾ ഏതോ പ്രശാന്തിയുടെ തീരങ്ങളിൽ എത്തിച്ചേർന്ന പ്രതീതി. ശാന്തമായ മനസ്സോടെ കാറിലേയ്ക്കു കയറുമ്പോൾ ഒരു മുനിയുടെ നിസംഗത എന്നെ പൊതിയുന്നതായി തോന്നി.

അതെ! മനസ്സാക്ഷിക്കു നിരക്കാത്തതായി ഞാൻ മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല. കാലം അതു തെളിയിക്കും. ഫഹദ് സാര്‍ അതു കണ്ടറിയും. എല്ലാം മനസ്സിലാക്കി ഒരിക്കൽ അദ്ദേഹം എന്‍റെ മുന്നിലണയും. ആ കൈകളിലണച്ച് എന്നെ തലോടുവാൻ. ഹൃദയത്തിൽ അനവരതം തുടിയ്ക്കുന്ന പ്രേമമാകുന്ന മൃതസഞ്ജീവനി പകർന്നു നൽകാൻ. അദ്ദേഹം എന്‍റെ അരികിലെത്തും. മനസ്സിനുള്ളിലിരുന്ന് ആരോ ദൃഢമായി മന്ത്രിച്ചു.

കാറിൽ കയറുന്നതിനു മുമ്പ് അരുൺ ഒരിക്കൽ കൂടി ചോദിച്ചു. “നമുക്ക് കണ്ണൂർക്ക് പോയാലോ മാഡം? അവിടെ അന്വേഷിച്ചാൽ അദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലുമറിയാൻ കഴിയുമെന്ന് എന്‍റെ മനസ്സു പറയുന്നു. നമുക്കങ്ങോട്ടു പോയാലോ മാഡം?”

“വേണ്ട അരുൺ… അദ്ദേഹം എന്നെങ്കിലും എന്നെത്തേടിവരും. എന്‍റെ മനസ്സങ്ങനെ പറയുന്നു. ഇനി അന്നു ഞങ്ങൾ തമ്മിൽ കണ്ടാൽ മതി. അതു ദൈവ നിശ്ചയമാണ്.”

അരുണിനെ വിലക്കിക്കൊണ്ട് അതു പറയുമ്പോൾ ഹൃദയം കൊടുങ്കാറ്റടങ്ങി ശാന്തമായ തീരം പോലെ സൗമ്യവും, നിശബ്ദവുമായിരുന്നു.

പിന്നീട് കാർ എറണാകുളത്തെത്തുന്നതുവരെ ഞാൻ കാറിനുള്ളിൽ ഉറങ്ങിക്കിടന്നു. ഒന്നുമറിയാതെ സുഖസുഷ്പ്തിയിലാണ്ട് കിടക്കുമ്പോൾ ഞാനാ സ്വപ്നം കണ്ടു. വെള്ളിമേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങി വന്ന് ഫഹദ് സാർ എന്‍റെ കൈ പിടിക്കുന്നു.

പിന്നെ മേഘങ്ങൾക്കിടയിലൂടെ രണ്ട് മാലാഖമാരെപ്പോലെ ഒഴുകി നീങ്ങുന്ന ഞങ്ങൾ… അപ്പുറവുമിപ്പുറവുമായി ഞങ്ങൾക്ക് അകമ്പടി സേവിക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ. അവരുടെ കൈകളിൽ സ്നേഹത്തിന്‍റെ, പ്രേമത്തിന്‍റെ സന്ദേശം വഹിക്കുന്ന മെഴുകുതിരി നാളങ്ങൾ. ചുറ്റിലും ആരോ വാരി വിതറിയ പോലെ നറുമലരുകളും സുഗന്ധ ധൂപങ്ങളും.

“മാഡം ഉറങ്ങുകയാണോ?” നമുക്കിറങ്ങേണ്ട സ്ഥലമായി.

അരുണിന്‍റെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ചുറ്റും നോക്കി. തറവാടെത്തിയിരിക്കുന്നു. സ്വർഗ്ഗം പോലെ മറ്റേതോ ലോകത്തിൽ എന്നപോലെ കണ്ട സ്വപ്നം നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനായില്ല.

വേഗം ചെറിയ ബാഗുമെടുത്ത് വെളിയിലിറങ്ങുമ്പോൾ അരുണിനോട് പറഞ്ഞു. “അരുൺ നമ്മൾ ഇപ്പോൾത്തന്നെ ഡൽഹിയ്ക്കു മടങ്ങുകയാണ്. കഴിയുമെങ്കിൽ ഈ കാർ മടക്കി അയയ്ക്കേണ്ട…”

അരുൺ ഒട്ടൊരു അദ്ഭുതത്തോടെ എന്നെ നോക്കി. പിന്നെ തിരിഞ്ഞ് കാർ ഡ്രൈവറോടായി പറഞ്ഞു. “ഒരു പത്തു പതിനഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ? ഞങ്ങൾക്ക് ഈ കാറിൽ തന്നെ എയ്റോഡ്രോമിലേയ്ക്ക് പോകാനാണ്…”

“അതിനെന്താ സാർ… ഞാനിവിടെ വെയ്റ്റ് ചെയ്യാം. നിങ്ങൾ പോയി വന്നോളൂ…”

മര്യാദക്കാരനായ ഡ്രൈവർ പറഞ്ഞു നിർത്തി. പടിപ്പുര കടന്ന് തറവാട്ടിലെ പൂമുഖത്തേയ്ക്ക് നടക്കുമ്പോൾ അരുൺ ചോദിച്ചു.

“എന്താ മാഡം… പതിവില്ലാത്തൊരു തിടുക്കം. നമ്മൾ കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കണമെന്നല്ലെ കരുതിയത്…”

“വേണ്ട അരുൺ… എനിക്ക് വാരണാസി വരെ പോകണം. നരേട്ടന്‍റെയും രാഹുലിന്‍റെയും അമ്മയുടെയും പേരിൽ ബലി ഇടണം. അവരുടെ ആത്മാവിന്‍റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കണം. അരുണുനറിയാമല്ലോ എനിക്കല്പ ദിനം കൂടിയേ ലീവ് ബാക്കിയുള്ളൂ എന്ന്.”

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. സത്യത്തിൽ ഫഹദ് സാറിനെ കണ്ടെത്താനാകാത്ത നിരാശ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അഭിശപ്തമായ ഈ മണ്ണിൽ നിന്നും എത്രയും വേഗം പാലായനം ചെയ്യുവാൻ മനസ്സു കൊതിച്ചു.

മാത്രമല്ല ഫഹദ് സാറിനെ കണ്ടെത്തിയിരുന്നുവെങ്കിൽ ആ കാലടികളിൽ വീണ് മാപ്പപേക്ഷിച്ച്. എന്‍റെ ജീവിതത്തിലെ പാപക്കറ എന്നേയ്ക്കുമായി മായിച്ചു കളയാമെന്ന് ഞാൻ വ്യാമോഹിച്ചു. എന്നാൽ ആ മോഹം സഫലമാകാതെ വന്നപ്പോൾ ഇനിയിപ്പോൾ അവസാനത്തെ അഭയം ഗംഗയാണ്.

ഒരു മാതാവിനെപ്പോലെ ഗംഗ എന്നെ മാറോടണച്ച് ഹൃദയത്തിലെ പാപക്കറ മുഴുവൻ കഴുകിക്കളയും. ആ മടിയിലണച്ച് ആശ്വസിപ്പിക്കും. ഒരമ്മയെ പോലെ എന്നെ തഴുകിത്തലോടുന്ന ആ കരങ്ങളിലണയാൻ ഹൃദയം വെമ്പൽ പൂണ്ടു. പിടയ്ക്കുന്ന ഹൃദയവുമായി അകത്തേയ്ക്കു നടന്നു, എത്രയും വേഗം ഒരു നീണ്ട യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ.

അപ്പോൾ അരുൺ ഫോണിലൂടെ, ട്രാവൽ ഏജൻസിയിൽ വിളിച്ച് രണ്ട് ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുകയായിരുന്നു. പൊതുവെ തിരക്കു കുറഞ്ഞ സമയമായതിനാൽ ടിക്കറ്റു കിട്ടാൻ വിഷമമുണ്ടായില്ല. അതിനു ശേഷം ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ അവൻ തന്‍റെ മുറിയിലേയ്ക്കു നടന്നു.

“മാഡം വേഗമാകട്ടെ, ഫ്ളൈറ്റ് രാത്രി എട്ടുമണിയ്ക്കാണ്…”

അരുൺ ധൃതി കൂട്ടുന്നത് എനിക്ക് അകത്തു നിന്നും കേൾക്കാമായിരുന്നു. അപ്പോൾ മായ എന്‍റെ കരവലയത്തിലമർന്ന് തേങ്ങിക്കരയുകയായിരുന്നു.

“ഇനി എന്നാണ് ചേച്ചി നമ്മൾ കാണുക? അമ്മ പോയതോടെ നമ്മൾക്കിടയിലെ അകൽച്ച വർദ്ധിക്കുമെന്നു തോന്നുന്നു. ഇനി വല്ലപ്പോഴും കണ്ടാലായി. അല്ലേ ചേച്ചി?”

മായ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരയുന്നതു കണ്ടപ്പോൾ വിഷമം തോന്നി. വീട്ടിലെ ഇളയ കുട്ടിയായ അവൾ എല്ലാവരിൽ നിന്നും ഏറെ ലാളന അനുഭവിച്ചാണ് വളർന്നത്. അതുകൊണ്ടു തന്നെ ഏറെ ലോലമനസ്കയും അവളായിരുന്നു. ഏറെ ലാളിച്ച അമ്മയുടെ വേർപാട് അവളെ തളർത്തിയിരിക്കുന്നു. ഒരുപക്ഷെ അമ്മയുടെ സ്‌ഥാനത്ത് അവള് എന്നെ കാണുകയും ചെയ്തേയ്ക്കാം. അതു കൊണ്ടു തന്നെ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട് ആ പുറം തലോടുമ്പോൾ പറഞ്ഞു.

“നീയും, മഞ്ജുവും എനിക്കിപ്പോഴും കുട്ടികൾ തന്നെയാണ്. നിങ്ങളടെ ഏതു വിഷമവും അമ്മയുടെ അഭാവത്തിൽ നിങ്ങൾക്ക് എന്നോട് പറയാം…” മുളചീന്തും പോലെ പൊട്ടിക്കരയുന്ന അവളെ കരവലയത്തിൽ നിന്ന് വേർപെടുത്തിക്കൊണ്ടു പറഞ്ഞു.

“ചേച്ചിയുടെ മനസ്സിലിപ്പോൾ കളിചിരികൾ നിറഞ്ഞ നമ്മുടെ ആ പഴയകാലം മങ്ങാതെ, മായാതെ കിടപ്പുണ്ട്. പഴയതൊന്നും മറക്കുവാൻ ചേച്ചിയ്ക്കു കഴിയില്ലല്ലോ കുട്ടീ… അതാണല്ലോ ചേച്ചിയുടെ ജീവിതത്തിലെ പരാജയവും” എന്‍റെ വാക്കുകൾ കേട്ട് പെട്ടെന്നവൾ കണ്ണുനീർ തുടച്ച് പുഞ്ചിരി വരുത്തിപ്പറഞ്ഞു.

സോറി ചേച്ചീ… ഞാൻ ചേച്ചിയെ വല്ലാതെ വിഷമിപ്പിച്ചുവെന്നു തോന്നുന്നു. ഇന്ന് ഞങ്ങളെക്കാളേറെ ദുഃഖങ്ങൾ വഹിക്കുന്നത് ചേച്ചിയാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളാണിന്ന് ചേച്ചിയ്ക്ക് ആശ്രയമായിത്തീരേണ്ടത്… ഈ ഞങ്ങൾ തന്നെ…

അർദ്ധോക്തിയിൽ അവളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. “ഇല്ല മോളെ… ഏതു ദുഃഖവും എന്നിലേയ്ക്ക് ആവാഹിക്കുവാൻ ചേച്ചിയ്ക്കിന്ന് കരുത്തുണ്ട്. അനുഭവങ്ങൾ ദുഃഖങ്ങളെ സ്വാംശീകരിക്കുവാൻ ചേച്ചിയെ പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ദുഃഖങ്ങൾ ഏറ്റെടുക്കുവാനും ചേച്ചിയ്ക്കിന്നു കഴിയും. അതുപോലെ മഞ്ജു എവിടെ… അവളെ കണ്ടില്ലല്ലോ…” എന്‍റെ ചോദ്യം കേട്ട് മായ തെല്ലു ഗൗരവത്തിൽ പറഞ്ഞു.

“മഞ്ജു ചേച്ചി നേരത്തെ പോയി ചേച്ചി… ചേച്ചിയ്ക്കും, ചേട്ടനും ലിവില്ലത്രെ…” പിന്നെ അൽപം മടിച്ച് അവൾ തുടർന്നു.

“പോകുന്നതിനു മുമ്പ് ഈ വീടു വിൽക്കുന്ന കാര്യത്തെക്കുറിച്ച് ദിവാകരേട്ടൻ ഒരിക്കൽ കൂടി പറഞ്ഞു. ചേച്ചി വരുമ്പോൾ അതേപ്പറ്റി ആലോചിച്ച് അറിയ്ക്കണമെന്നും പറഞ്ഞു.”

അൽപ നേരത്തേയ്ക്ക് എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ വിഷമിച്ചു നിന്നു. അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട്…

ഇതു വിൽക്കുകയെന്നാൽ പൊക്കിൾക്കൊടി ബന്ധം വിഛേദിക്കുന്നതു പോലെയാണ്. മാത്രമല്ല അമ്മ മരിച്ചയുടനെ വീടു വിൽക്കാനായിരുന്നു മക്കൾക്കു താൽപര്യമെന്ന് നാളെ നാട്ടുകാർ പറഞ്ഞെന്നിരിയ്ക്കും.

“എന്തായാലും എനിക്കല്പം ആലോചിക്കണം. ഞാൻ ഡൽഹിയിൽ ചെന്നിട്ട് അറിയിക്കാം.” ഞാൻ മറുപടി പറഞ്ഞു.

മാഡം, ഫ്ളൈറ്റിന് സമയമായി. പുറത്തു നിന്നും അപ്പോൾ അരുണിന്‍റെ അക്ഷമയോടെയുള്ള വിളി വീണ്ടും ഉയർന്നു കേട്ടു. മായയുടെ മക്കളായ ആര്യമോളും, വിപിനും അപ്പോഴേയ്ക്കും ഓടി അടുത്തെത്തി ഇനി എന്നാണ് വല്യമ്മേ കാണാനാവുക… തേങ്ങിക്കരഞ്ഞ അവരെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ ഒരിയ്ക്കൽ കൂടി ബന്ധങ്ങളുടെ ബന്ധനം എന്നെ ആ മണ്ണിൽ തളച്ചിടുന്നതായി തോന്നി. നിർബന്ധപൂർവ്വം അവരെ വേർപെടുത്തി, നനഞ്ഞ കണ്ണുകൾ സാരിത്തലപ്പാൽ തുടച്ചു നീക്കുമ്പോൾ സ്വയം പറഞ്ഞു.

ഇല്ല… ഇവിടെ ഞാൻ പതറരുത്… എന്‍റെ ലക്ഷ്യം മറ്റൊന്നാണ്. ഇവിടം എനിക്കൊരു ഇടത്താവളം മാത്രം… നീണ്ട യാത്രയ്ക്കിടയിൽ എപ്പോഴോ കണ്ടുമുട്ടിയവർ… ഇനിയും കണ്ടുമുട്ടേണ്ടവർ എനിക്കു മുന്നിലുണ്ട്. പൂർത്തികരിയ്ക്കേണ്ട കടമകൾ… ചെയ്തു തീർക്കേണ്ട പാപപരിഹാരങ്ങൾ എല്ലാം… എല്ലാം മുന്നിലെ നീണ്ടി വീഥിയിൽ എനിക്കു കാണാൻ കഴിയുന്നു.

ഒരിക്കൽ കൂടി മായയോടും, ഭർത്താവിനോടും കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് ബലപ്പെട്ടു കഴിഞ്ഞിരുന്നു.

“വരൂ… അരുൺ നമുക്കു പോകാം. കഴിയുമെങ്കിൽ ഇന്നു തന്നെ നമുക്ക് കാശിയിലെത്തണം…” ഞാൻ തിരക്കു കൂട്ടി.

“അതു നടക്കുമോന്നറിയില്ല മാഡം…” കാരണം നമ്മൾ ഇപ്പോൾത്തന്നെ വളരെയേറെ വൈകിക്കഴിഞ്ഞു. ഇനി ഡൽഹിയിലെത്തിയ ശേഷം മാത്രമേ വാരണാസിയ്ക്കുള്ള അടുത്ത ട്രെയിൻ ബുക്കു ചെയ്യാൻ കഴിയുകയുള്ളൂ. അരുൺ തന്‍റെ നിസ്സഹായത വെളിപ്പെടുത്തി. എന്നിട്ട് ടാക്സിക്കാരനോടു ധൃതിയിൽ പറഞ്ഞു. “വേഗം വിട്ടോളൂ… ഇല്ലെങ്കിൽ ഫ്ളൈറ്റ് ലേറ്റാകും…”

കുതിച്ചു പായുന്ന ടാക്സിയിലിരിക്കുമ്പോൾ ഒരിക്കൽ കൂടി ജനിച്ച വളർന്ന വീടിനേയും നാടിനേയും ഉപേക്ഷിച്ചു പോകുന്ന ഒരു പ്രവാസിയുടെ ദുഃഖം ഉള്ളിലുണർന്നു. ഒപ്പം വിലപ്പെട്ട മറ്റെന്തോ ആ മണ്ണിൽ ഉപേക്ഷിച്ചു പോരുന്നതിലുള്ള തീവ്രവേദനയും മനസ്സിൽ തങ്ങി നിന്നു. മൂല്യമളക്കാവാനാത്ത ആ വസ്തുവിനെത്തേടി എനിക്കിനിയും ഈ നാട്ടിലേയ്ക്കു മടങ്ങി വരേണ്ടി വരും. മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

എയ്റോഡ്രോമിലെത്തി ടാസ്കിക്കാരനെ പറഞ്ഞു വിടുമ്പോൾ അരുൺ ചോദിച്ചു.

“മാഡം ആകെ ടയേർഡ് ആണെന്നു തോന്നുന്നു. ഇപ്പോൾത്തന്നെ നടക്കാവാനാതെ ആകെ അവശയായതു പോലെ ഇനിയും ഇന്നു തന്നെ മറ്റൊരു യാത്ര ഡൽഹിയിൽ ചെന്നാലുടനെ തുടരുന്നത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല…” ഒരു അമ്മയോട് മകന്‍റെ ദുഃസ്വാതന്ത്യ്രം ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

അരുണുന്‍റെ ഉൽകണ്ഠ ശരിയായിരുന്നു. ഞാനിപ്പോൾത്തന്നെ അവശയാണ്. ശാരീരികമായും, മാനസികമായും എന്നാൽ ആ അവശത തൽക്കാലത്തേയ്ക്കു മാത്രമുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു പ്രത്യേക ലക്ഷ്യം ഇന്നു എന്‍റെ കണ്മുന്നിലുണ്ട്. ആ ലക്ഷ്യത്തിലെത്തുവാൻ കഴിഞ്ഞാൽ എന്‍റെ എല്ലാ അവശതകളും അകന്നു മാറും. എന്‍റെ മനസ്സിലെന്തെന്ന് മുഖത്തു നിന്ന് വായിച്ചെടുത്തതു പോലെ അരുൺ പെട്ടെന്ന് നിശബ്ദനായി.

ഞങ്ങളുടെ ഫ്ളൈറ്റ് അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി.

“ഇനി ഇന്ന് വീട്ടിൽ പോയി കിടന്നുറങ്ങാം… നാളെ രാവിലത്തെ ഫ്ളൈറ്റിലോ, ട്രെയിനിലോ വാരാണാസിയ്ക്കു പോകാം…”

ഒരു മകന്‍റെ കരുതൽ നിറഞ്ഞ അരുണിന്‍റെ വാക്കുകളെ തട്ടിത്തെറിപ്പിക്കാനാവാതെ ഞാൻ നിന്നു. എനിക്കാണെങ്കിൽ അപ്പോൾത്തന്നെ വാരാണാസിയിലേയ്ക്കു പോകാനുള്ള മനസ്സുണ്ടായിരുന്നു.

എരിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സിലെ അഗ്നിയെ എത്രയും വേഗം ഗംഗയുടെ കുളിർമ്മയിൽ മുക്കിത്താഴ്ത്തുവാനുള്ള മോഹം. ശരീരത്തിന്‍റെ വിവശതകളെ അതിജീവിക്കുവാൻ ആ മോഹത്തിന് കരുത്തുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

വീട്ടിലെത്തി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അന്ന് ഉറക്കം വന്നില്ല. അരുൺ അപ്പുറത്തെ മുറിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ വല്ലാതെ തളർത്തിയിരുന്നു. പാവം കുട്ടി.

എനിക്കു വേണ്ടിയാണ് എല്ലാ യാതനകളും അവൻ സഹിക്കുന്നത്. യഥാർത്ഥത്തിൽ ഞാൻ അവന് ആരാണ്? ആത്മാർത്ഥ സുഹൃത്തിന്‍റെ അമ്മ എന്നതിൽക്കവിഞ്ഞ് പ്രത്യക്ഷത്തിൽ ബന്ധങ്ങളൊന്നുമില്ല. പക്ഷെ നരേട്ടന്‍റെ മരണശേഷമുള്ള ഏതാനും ദിനങ്ങൾക്കുള്ളിൽ ഞങ്ങൾക്കിടയിൽ പൊക്കിൾക്കൊടി ബന്ധത്തെപ്പോലും അതിശയിപ്പിക്കുന്ന ഒരു ആത്മബന്ധം വളർന്നു കഴിഞ്ഞിരിക്കുന്നു.

ഒരു പക്ഷെ മുജ്ജന്മങ്ങളിലെപ്പോഴൊ അവൻ എന്‍റെ മകനായിരുന്നിരിക്കണം. അതായിരിക്കാം ഇത്തരത്തിലുള്ള ഒരാത്മബന്ധത്തിന് അടിസ്‌ഥാനം. മുജ്ജന്മങ്ങളിൽ നമുക്കു പ്രിയപ്പെട്ടവരായിരുന്നവർ പിന്നീടുള്ള ജന്മങ്ങളിൽ ഒരു പക്ഷെ നമ്മെ തിരിച്ചറിഞ്ഞുവെന്നു വരാം. ഒരുതരം വാസനാബന്ധം എന്തോ ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലായിരിക്കാം.

ഈയിടെയായി മനസ്സ് മുജ്ജന്മ ബന്ധങ്ങളെക്കുറിച്ചും, പുനർജജന്മത്തെക്കുറിച്ചുമൊക്കെ അന്വേഷണാത്മകമായ വിവാദങ്ങളിലേർപ്പെടുന്നു. എന്തോ ചിലതു കണ്ടെത്തുവാനുള്ള വെമ്പൽ…

ജനനത്തിനു മുമ്പും, മരണത്തിനു ശേഷവും എന്ത് എന്നറിയാനുള്ള ആകാംക്ഷ… ഒരുപക്ഷെ കൈവിട്ടു പോയ പ്രിയപ്പെട്ടവരെ അങ്ങേ ലോകത്തു വച്ച് വീണ്ടും കണ്ടു മുട്ടുവാനുള്ള ത്വരകൊണ്ടുമാകാം മനസ്സ് വിഭ്രാത്മക ചിന്തകൾക്ക് അടിപ്പെടുന്നത്. പലതും ആലോചിച്ചു കിടന്ന് സമയം കടന്നു പോകുന്നത് അറിഞ്ഞില്ല.

ചുവരിലെ ക്ലോക്ക് നാലു പ്രാവശ്യം അടിക്കുന്നതു കേട്ടപ്പോഴാണ് ഞാനിതു വരെ ഉറങ്ങിയിട്ടില്ലെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. അൽപമെങ്കിലും കണ്ണടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ തലപൊക്കാൻ പറ്റാത്തത്ര ക്ഷീണമായിരിക്കും. എങ്ങിനെയും അൽപം ഉറങ്ങുക തന്നെ.

ഒരുപക്ഷെ വാരാണാസിയിലേയ്ക്ക് നേരത്തെ ടിക്കറ്റു ബുക്കു ചെയ്യാതിരുന്നത് എത്ര നന്നായി. അല്ലെങ്കിലിപ്പോൾ ക്ഷീണം കൊണ്ട് തലപൊക്കാൻ പറ്റാത്ത അവസ്‌ഥയിൽ അരുൺ എന്നെ താങ്ങിയെടുക്കേണ്ടി വന്നേനെ.

ഇനിയും ഒന്നുമാലോചിക്കരുതെന്ന് വിചാരിച്ച് മനസ്സ് ഈശ്വരനിൽ കേന്ദ്രീകരിച്ച് ഉറങ്ങുവാൻ ശ്രമിച്ചു. പക്ഷെ മനസ്സ് എന്തുകൊണ്ടോ കൂടുതൽ കൂടുതൽ പിരിമുറുകി കൊണ്ടിരുന്നതല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല.

ലോകത്തിൽ വിധവകൾക്കാണോ ഇത്തരം അവസ്‌ഥ കൂടുതലായി കാണുവാനാവുക എന്നോർത്തു പോയി. എന്നാൽ അടുത്ത നിമിഷം ഞാനെന്തു വിഡ്ഢിത്തമാണ് ഓർക്കുന്നതെന്നും ആലോചിച്ചു.

പല കാരണങ്ങൾ കൊണ്ട് മനഃസമാധാനം നഷ്ടപ്പെട്ട പലരും നേരിടുന്ന പ്രശ്നമാണിത്. പിന്നെ രോഗങ്ങളുടെ പിടിയിലമർന്നവരും. എന്നാൽ അരുണിനെപ്പോലെ ശുദ്ധ ഹൃദയരായവർക്ക് ഇതൊന്നും പ്രശ്നമല്ല. ഒരു കുഞ്ഞിനെപ്പോലെ, കിടക്ക കാണേണ്ട താമസം, അവർക്ക് സുഖസുഷുപ്തിയിലാഴുവാൻ കഴിയുന്നു. അങ്ങിനെയുള്ളവരാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവാന്മാരെന്ന് ഒരു നിമിഷം തോന്നിപ്പോയി. ലോകത്തിൽ വിലപിടിപ്പുള്ള മറ്റെന്തിനെക്കാളും വലുത് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നതാണ്.

ഒരു രാജാവിന് സ്വന്തം പട്ടുമെത്തയിലെന്നതിനേക്കാൾ, അദ്ധ്വാനിക്കുന്നവന് വെറും നിലമായിരിക്കും സ്വർഗ്ഗമായിത്തീരുക. നിറയെ ധനമുള്ള മനുഷ്യനേക്കാൾ അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവനാണ് മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുക എന്നർത്ഥം.

മനസ്സ് വേദാന്ത ചിന്തകൾക്ക് അടിപ്പെടുന്നതോർത്ത് ചിരി വന്നു. ഒടുവിൽ പുലരാറായ നേരത്തെപ്പോഴൊ അറിയാതെ കണ്ണുകൾ ചിമ്മിപ്പോയി. ദീർഘമായ ഒരുറക്കത്തിനൊടുവിൽ കണ്ണുതുറക്കുമ്പോൾ അരുൺ പുഞ്ചിരിയോടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു.

“മാഡം, നല്ലതു പോലെ ഉറങ്ങി എന്നു തോന്നുന്നുവല്ലോ… അവൻ കൈയ്യിലെ ചായക്കപ്പ് എന്‍റെ നേരെ നീട്ടി.

അപ്പോൾ ജനാലയ്ക്കപ്പുറത്ത് നിന്നും വെയിൽ നാളങ്ങൾ മുറിയ്ക്കകത്തേയ്ക്ക് കൈനീട്ടിത്തുടങ്ങിയിരുന്നു. അസഹ്യമായ ചൂടിൽ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോൾ ചോദിച്ചു പോയി.

“അയ്യോ അരുൺ… നേരം വല്ലാതെ പുലർന്നുവെന്നു തോന്നുന്നു. ഇനിയെപ്പോഴാണ് വാരാണാസിയിലേയ്ക്കു പുറപ്പെടുക?”

“മാഡം പേടിയ്ക്കേണ്ട… ഞാൻ വൈകുന്നേരം ആറുമണിയ്ക്കുള്ള ട്രെയിനിന് ബുക്ക് ചെയ്‌തിട്ടുണ്ട്. മാഡം വൈകുന്നേരമാകുമ്പോഴേയ്ക്കും കുളിച്ചൊരുങ്ങിക്കോളൂ… ഞാൻ അപ്പോഴേയ്ക്കും മമ്മിയുടെ അടുത്ത് പോയിട്ട് വരാം. കുറെ ദിവസമായി മമ്മിയെക്കണ്ടിട്ട്….”

അപ്പോഴാണ് ഞാൻ അരുന്ധതിയുടെ കൈയ്യിൽ വീടിന്‍റെ താക്കോൽ ഉള്ള കാര്യം ഓർത്തത്. അന്ന് നാട്ടിലേയ്ക്കു പോകുമ്പോൾ അരുന്ധതിയോട് രാമേട്ടന്‍റെ കൈയ്യിൽ താക്കോൽ ഏൽപ്പിക്കുവാൻ പറഞ്ഞിരുന്നുവെങ്കിലും, രാമേട്ടന് എന്തോ അസുഖമായിരുന്നതിനാൽ അന്നും, അതിനടുത്ത ദിവസങ്ങളിലും സെക്യൂരിറ്റി ജോലിയ്ക്ക് എത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഇവിടെ വന്നു കയറിയത് എന്‍റെ കൈയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചാണ്. “അരുൺ മമ്മിയുടെ കൈയ്യിൽ നിന്നും ഈ വീടിന്‍റെ താക്കോൽ കൂടി വാങ്ങിച്ചോളൂ… ഞാൻ ഓർമ്മിപ്പിച്ചു.”

“ശരി മാഡം… ഞാൻ പോയിട്ടു വരാം…” അരുൺ നടന്നകലുന്നതു നോക്കി വാതിൽക്കൽ തന്നെ നിന്നു അപ്പോഴാണ് രാമേട്ടൻ എന്‍റെ നേരെ നടന്നു വരുന്നത് കണ്ടത്.

“മാഡം… നാട്ടിൽ പോയി വന്നപ്പോൾ ആകെ ക്ഷീണിച്ചു പോയല്ലോ? എന്തുപറ്റി മാഡം? സുഖമില്ലായിരുന്നോ?”

രാമേട്ടൻ ജിജ്ഞാസയോടെ തിരക്കി.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें