“എക്സ്ക്യൂസ്മീ... നിങ്ങൾ കുറച്ചു ദിവസം അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്‌തിയാണോ? ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന്. നിങ്ങൾക്ക് പണത്തിന്‍റെ അഹങ്കാരമായിരുന്നെന്ന്...” ആ ചോദ്യം കേട്ടില്ലെന്നു നടിച്ച് അരുണിനൊപ്പം പടി കടക്കുമ്പോൾ കേട്ടു.

“ഒരു പാവം മനുഷ്യനെ പ്രേമം നടിച്ച് നശിപ്പിച്ച ശേഷം വർഷങ്ങൾക്കു ശേഷം അന്വേഷിച്ച് വന്നിരിക്കുന്നു.” വളരെ പതുക്കെയാണ് അയാളതു പറഞ്ഞതെങ്കിലും ഞങ്ങളതു കേട്ടു. ഇടറിയ കാൽവെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോൾ അരുൺ അരികിലെത്തി പറഞ്ഞു.

“സാരമില്ല മാഡം... ഒന്നും കേട്ടില്ലെന്ന് നടിച്ചാൽ മതി. ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. മാഡത്തിന് സ്വയമറിയാമല്ലോ മനഃസാക്ഷിക്കു നിരക്കാത്തതായി ഒന്നും ചെയ്‌തിട്ടില്ലെന്ന്.

ഹൃദയത്തെ സ്പർശിച്ച അരുണിന്‍റെ വാക്കുകൾ ചുട്ടുപൊള്ളുന്ന അകത്തളങ്ങളിൽ നീരൊഴുക്കായി. ഒരു കുളിർനീരലയായി അതു മനസ്സിനെ തഴുകിയപ്പോൾ ഏതോ പ്രശാന്തിയുടെ തീരങ്ങളിൽ എത്തിച്ചേർന്ന പ്രതീതി. ശാന്തമായ മനസ്സോടെ കാറിലേയ്ക്കു കയറുമ്പോൾ ഒരു മുനിയുടെ നിസംഗത എന്നെ പൊതിയുന്നതായി തോന്നി.

അതെ! മനസ്സാക്ഷിക്കു നിരക്കാത്തതായി ഞാൻ മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല. കാലം അതു തെളിയിക്കും. ഫഹദ് സാര്‍ അതു കണ്ടറിയും. എല്ലാം മനസ്സിലാക്കി ഒരിക്കൽ അദ്ദേഹം എന്‍റെ മുന്നിലണയും. ആ കൈകളിലണച്ച് എന്നെ തലോടുവാൻ. ഹൃദയത്തിൽ അനവരതം തുടിയ്ക്കുന്ന പ്രേമമാകുന്ന മൃതസഞ്ജീവനി പകർന്നു നൽകാൻ. അദ്ദേഹം എന്‍റെ അരികിലെത്തും. മനസ്സിനുള്ളിലിരുന്ന് ആരോ ദൃഢമായി മന്ത്രിച്ചു.

കാറിൽ കയറുന്നതിനു മുമ്പ് അരുൺ ഒരിക്കൽ കൂടി ചോദിച്ചു. “നമുക്ക് കണ്ണൂർക്ക് പോയാലോ മാഡം? അവിടെ അന്വേഷിച്ചാൽ അദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലുമറിയാൻ കഴിയുമെന്ന് എന്‍റെ മനസ്സു പറയുന്നു. നമുക്കങ്ങോട്ടു പോയാലോ മാഡം?”

“വേണ്ട അരുൺ... അദ്ദേഹം എന്നെങ്കിലും എന്നെത്തേടിവരും. എന്‍റെ മനസ്സങ്ങനെ പറയുന്നു. ഇനി അന്നു ഞങ്ങൾ തമ്മിൽ കണ്ടാൽ മതി. അതു ദൈവ നിശ്ചയമാണ്.”

അരുണിനെ വിലക്കിക്കൊണ്ട് അതു പറയുമ്പോൾ ഹൃദയം കൊടുങ്കാറ്റടങ്ങി ശാന്തമായ തീരം പോലെ സൗമ്യവും, നിശബ്ദവുമായിരുന്നു.

പിന്നീട് കാർ എറണാകുളത്തെത്തുന്നതുവരെ ഞാൻ കാറിനുള്ളിൽ ഉറങ്ങിക്കിടന്നു. ഒന്നുമറിയാതെ സുഖസുഷ്പ്തിയിലാണ്ട് കിടക്കുമ്പോൾ ഞാനാ സ്വപ്നം കണ്ടു. വെള്ളിമേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങി വന്ന് ഫഹദ് സാർ എന്‍റെ കൈ പിടിക്കുന്നു.

പിന്നെ മേഘങ്ങൾക്കിടയിലൂടെ രണ്ട് മാലാഖമാരെപ്പോലെ ഒഴുകി നീങ്ങുന്ന ഞങ്ങൾ... അപ്പുറവുമിപ്പുറവുമായി ഞങ്ങൾക്ക് അകമ്പടി സേവിക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ. അവരുടെ കൈകളിൽ സ്നേഹത്തിന്‍റെ, പ്രേമത്തിന്‍റെ സന്ദേശം വഹിക്കുന്ന മെഴുകുതിരി നാളങ്ങൾ. ചുറ്റിലും ആരോ വാരി വിതറിയ പോലെ നറുമലരുകളും സുഗന്ധ ധൂപങ്ങളും.

“മാഡം ഉറങ്ങുകയാണോ?” നമുക്കിറങ്ങേണ്ട സ്ഥലമായി.

അരുണിന്‍റെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ചുറ്റും നോക്കി. തറവാടെത്തിയിരിക്കുന്നു. സ്വർഗ്ഗം പോലെ മറ്റേതോ ലോകത്തിൽ എന്നപോലെ കണ്ട സ്വപ്നം നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനായില്ല.

വേഗം ചെറിയ ബാഗുമെടുത്ത് വെളിയിലിറങ്ങുമ്പോൾ അരുണിനോട് പറഞ്ഞു. “അരുൺ നമ്മൾ ഇപ്പോൾത്തന്നെ ഡൽഹിയ്ക്കു മടങ്ങുകയാണ്. കഴിയുമെങ്കിൽ ഈ കാർ മടക്കി അയയ്ക്കേണ്ട...”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...