പ്രണയത്തിന്‍റെ നനുത്ത സുഗന്ധം പരക്കുന്ന മനോഹരമായ ആ കിടപ്പുമുറിയിൽ സംഗീത മനോജിനെ നെഞ്ചിടിപ്പോടെ കാത്തിരുന്നു. ഇങ്ങനെയൊരു സുന്ദരമായ ദിവസം ജീവിതത്തിൽ എന്നെങ്കിലുമുണ്ടാവുമെന്ന് അന്നൊരിക്കലും നിനച്ചിരുന്നതല്ല. അവളൊരിക്കലും വിവാഹത്തിന് തയ്യാറല്ലായിരുന്നു. അല്ലെങ്കിലും എങ്ങനെ തയ്യാറാവാനാ? അവൾക്കുണ്ടായ ആ ദുരന്തം എപ്പോഴും ഉമിത്തീപോലെ അവളെ എരിച്ചടക്കുകയായിരുന്നുവല്ലോ.
ഒരു വർഷം മുമ്പ് നടന്ന ആ ദുരന്തത്തിന്‍റെ നടുക്കുന്ന ആ ഓർമ്മ അവളുടെ മനസ്സിനെ നുറുക്കി തകർത്തുകൊണ്ടിരുന്നു. ചുട്ടുപൊള്ളുന്ന ഒരു വെള്ളിയാഴ്‌ച ഉച്ചനേരത്ത് കോളേജിൽ നിന്നും ക്ലാസും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു യാദൃച്ഛികമായി ഒരു കാർ അവൾക്കരികിൽ വന്ന് നിന്നത്.
ഞൊടിയിട നേരം കൊണ്ട് കാറിന്‍റെ പിൻ വാതിൽ തുറക്കപ്പെട്ടു. അതിലൂടെ നീണ്ടുവന്ന ബലിഷ്‌ഠങ്ങളായ കരങ്ങൾ അവളെ ബലമായി കാറിനകത്ത് വലിച്ചിട്ടു. പിന്നീട്... എല്ലാം ഒരു പുകമറ പോലെ....
ബോധത്തിന്‍റെയും അബോധത്തിന്‍റെയും ഇടവേളയിലെപ്പോഴോ അവൾ ഒരു ഞെട്ടലോടെ ആ സത്യം അറിഞ്ഞു. ചതഞ്ഞരയ്‌ക്കപ്പെട്ട പൂവ് പോലെ... നിസംഗയായി അവൾ വിജനതയിൽ അലഞ്ഞു നടന്നു. ഒടുവിൽ ജീവച്‌ഛമായി അവൾ വീടണഞ്ഞപ്പോൾ അമ്മ അവളെ നെഞ്ചോട് ചേർത്ത് കരഞ്ഞുകൊണ്ടിരുന്നു. ആ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നു നിൽക്കും. മരവിച്ച മനസ്സോടെ അവൾ ഓരോ ദിനവും തള്ളിനീക്കിക്കൊണ്ടിരുന്നു.
സർക്കാരുദ്യോഗസ്‌ഥനായ സോമരാജന്‍റെയും വീട്ടമ്മയായ വനജയുടെയും ഏകമകൾ. അപമാനഭീതി മൂലം മകൾക്കുണ്ടായ ദുരന്തത്തെപ്പറ്റി പോലീസിൽ പരാതി നൽകാൻ അവർ ആഗ്രഹിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി ഭീകരമായ ആ ഓർമ്മയിൽ നിന്നും മകളെ മോചിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സോമരാജനും വനജയും.
വനജ തന്നെക്കൊണ്ട് ആവുന്നതും പറഞ്ഞ് അവളെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും തന്‍റെ ജീവിതം തകർത്ത ആ ഓർമ്മയിൽ നിന്നും അവൾക്ക് മോചനം നേടാനാവുമായിരുന്നില്ല. മാത്രവുമല്ല മാധ്യമങ്ങളിലും മറ്റും ഇത്തരം വാർത്തകൾ വരുന്നത് പതിവായതിനാൽ ആ കറുത്ത ദിവസത്തിന്‍റെ ഓർമ്മ ഉണങ്ങാത്ത മുറിവായി അവളുടെ മനസ്സിൽ നീറ്റലായി മാറിക്കൊണ്ടിരുന്നു.
ചാനലുകളിലും പത്രങ്ങളിലും വരുന്ന ബലാത്സംഗ വാർത്ത അവളുടെ മനസ്സിൽ ആവർത്തിച്ചാവർത്തിച്ച് മുറിപ്പാടുകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു. ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ... ഹൃദയം നുറുങ്ങി രക്‌തമൊലിപ്പിച്ചു കൊണ്ടിരുന്നു. അവൾ പല തവണയായി അതേ മരണം വരിച്ചു കൊണ്ടിരുന്നു. എങ്കിലും കാലം എല്ലാ മുറിവുകൾക്കുമുള്ള സിദ്ധൗഷധമാണല്ലോ. സമയം കടന്നു പോകവേ എല്ലാം സാധാരണ നിലയിലായിക്കൊണ്ടിരുന്നു.
ബി.കോം കഴിഞ്ഞയുടനെ സംഗീതയ്‌ക്ക് നല്ലൊരു വിവാഹലോചന വന്നു. സോമരാജന്‍റെ സഹപ്രവർത്തകനായ ശേഖരന്‍റെ ഏകമകൻ മനോജായിരുന്നു വരൻ. സംഗീതയുടെ വാടിയ മുഖം കണ്ട് അമ്മ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “മോള് അക്കാര്യമങ്ങ് മറക്കണം. അത് ആരോടും നീ പറയരുത്. മനോജിനോട് ഒരിക്കലും നീയത് പറയരുത്. സ്‌ത്രീയുടെ മനസ്സുപോലെ അത്ര വിശാലമല്ല പുരുഷ മനസ്സ്. വളരെ സങ്കീർണ്ണമാണത്. ഭാര്യയുമായി ബന്ധപ്പെട്ട അപ്രിയങ്ങളായ കാര്യങ്ങൾ അവർക്ക് മറക്കാനും പൊറുക്കാനും കഴിയില്ല.”