ഞാൻ വാച്ചിലേക്കൊന്നു നോക്കി. അഞ്ചു മിനിറ്റു കൂടിയുണ്ട്. ഇന്ന് ഓഫീസിൽ പതിവിലധികം തിരക്കായതുകൊണ്ട് ഫയലിൽ നിന്നും തലയുയർത്താൻ പോലും നേരം കിട്ടിയിരുന്നില്ല. ഞാൻ തിടുക്കപ്പെട്ട് ലഞ്ച് ബോക്‌സ് ബാഗിൽ വയ്‌ക്കുന്നതിനിടയിലാണ് ബോസ് വിളിക്കുന്നുവെന്ന് പ്യൂൺ പറഞ്ഞത്. ഇറങ്ങാനുള്ള തിടുക്കത്തിനിടയിൽ ഇങ്ങനെയൊരു വിളി ആർക്കും തന്നെ ഇഷ്‌ടമാവില്ല. മനസ്സില്ലാമനസ്സോടെ ഞാൻ ബോസിന്‍റെ ക്യാബിനിലെത്തി.
കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്ക് ക്രാഷ് ആയതുകൊണ്ട് അത്യാവശ്യം ചില ഫയലുകൾ വേണമത്രേ. ഫയൽ കണ്ടെത്തി ചില ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും മണി ആറ് കഴിഞ്ഞിരുന്നു.
സാധാരണയായി അഞ്ചു മണിയാവുമ്പോഴെക്കും ഞാനും പ്രിയങ്കയും ഓഫീസിൽ നിന്നും പുറത്തു കടക്കാനുള്ള ഒരുക്കത്തിലായിരിക്കും. അഞ്ചു മണിക്കിറങ്ങിയാൽ അഞ്ചരയുടെ ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടും. അതു മാലാഡ് സ്‌റ്റേഷനിലെത്തുമ്പോഴേക്കും ആറര കഴിയും. ട്രെയിനിൽ നിന്നിറങ്ങിയാൽ പച്ചക്കറികളും വീട്ടാവശ്യത്തിനുള്ള അത്യാവശ്യ സാധനങ്ങളും വാങ്ങണം. പിന്നെ ശിശുസദനത്തിൽ എത്തി വരുണിനേയും കൂട്ടണം. അവൻ ശിശുസദനത്തിന്‍റെ ഗേയ്‌റ്റിനരുകിൽ അക്ഷമനായി കാത്തു നിൽക്കുന്നുണ്ടാവും. നാലു വയസ്സുകാരനു സമയം നോക്കാനൊന്നും അറിയില്ലായിരിക്കും. പക്ഷേ ആറുമണിയാവുമ്പോഴേക്കും അവൻ തിടുക്കപ്പെട്ട് ഗേയ്‌റ്റിനരുകിലേക്കോടും. ഒരിക്കൽ വൈകിയെത്തിയപ്പോൾ ആയ പറഞ്ഞതാണ്. വരുണിനേയും കൂട്ടി വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടയ്‌ക്ക് അയൽപക്കത്തെ ഒന്നു രണ്ടു പരിചയക്കാരെ കാണും. അവരോടു രണ്ടു വാക്കു സംസാരിച്ച് വീടെത്തുമ്പോഴേക്കും ഏഴ് മണി കഴിഞ്ഞിരിക്കും.
വീട്ടിൽ മൂത്തമകൻ കിരൺ ഞങ്ങളെ കാത്ത് നിൽപ്പുണ്ടാവും. കുട്ടികൾക്ക് പാലും ബിസ്‌ക്കറ്റും നൽകി ചായയുണ്ടാക്കി കുടിച്ച് ബേക്കറി പലഹാരമെന്തെങ്കിലും കഴിച്ചുവെന്നു വരുത്തി അല്‌പമൊന്നു വിശ്രമിക്കും. അതാണെന്‍റെ പതിവു ദിനചര്യ.
ഇന്ന് വൈകിയിറങ്ങിയതു കൊണ്ട് ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടിയതുമില്ല. പിന്നീട് വന്ന ട്രെയിനുകളിൽ തിരക്കോട് തിരക്കുമായിരുന്നു. ആറരയുടെ ട്രെയിനിൽ ഒരു കണക്കിനു കയറിപ്പറ്റി. വരുണാകട്ടെ ശിശുസദനത്തിലെ ആയയെ വല്ലാതെ കഷ്‌ടപ്പെടുത്തിയിരുന്നു. അവനേയും കൂട്ടി വീടെത്തിയപ്പോഴേക്കും ഏഴര കഴിഞ്ഞു. കിരൺ മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. വൈകിയെത്തിയതിന്‍റെ പരിഭവം.
“മമ്മി, എന്താ ഇത്ര വൈകിയത്. ഇന്നെനിക്ക് ഗ്രൗണ്ടിൽ കളിക്കാൻ പോകാൻ പറ്റിയില്ല.” അവൻ പറഞ്ഞതു ശ്രദ്ധിക്കാതെ ഞാൻ ഒരു ഗ്ലാസ്സ് പാലെടുത്ത് കൊടുത്തു. എനിക്കു വേണ്ട അവൻ മുഖം കോടി മുറിയിലേക്കോടി. കാര്യങ്ങൾ വിശദികരീച്ച് മനസ്സിലാക്കി അവനു പാലും സ്‌നാക്‌സും നൽകി ചായയുണ്ടാക്കി കുടിച്ചു. മുംബൈ പോലെ ഒരു മഹാനഗരത്തിൽ സഹായത്തിനൊരാളെ കിട്ടുക അത്ര എളുപ്പമല്ല. ഒരു ജോലിക്കാരി തരപ്പെട്ടാൽ തന്നെ വഴിപാടു പോലെ ജോലി ചെയ്‌തവർ കടന്നു കളയും.
പകൽ മുഴുവനും ഓഫീസ് ഫയലുകളിൽ തലയിട്ടതുകൊണ്ടും ട്രെയിനിലെ ഉന്തും തള്ളും കൊണ്ടും ഞാൻ വല്ലാതെ ക്ഷീണിതയായി കഴിഞ്ഞിരുന്നു. അടുക്കളയിൽ ചെന്ന് ഭക്ഷണമുണ്ടാക്കാൻ മടി തോന്നി. അര മണിക്കൂർ കൂടി കഴിഞ്ഞാൽ മഹേഷ് വീട്ടിലെത്തും.
ആണുങ്ങൾ അടുക്കളയിൽ കയറി ജോലി ചെയ്യുന്നതു മോശമാണെന്നാണ് അമ്മായിയമ്മ പറയാറ്. അതുകേട്ടു വളർന്ന മകൻ പിന്നെ അടുക്കളപ്പടി കടക്കുമോ? വീടും ഓഫീസും എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നില്ലെന്നു പരാതി പറഞ്ഞാൽ നിനക്ക് ജോലി രാജി വച്ചു കൂടെയെന്നു ചോദിക്കും. വീട്ടിൽ സ്വസ്‌ഥമായിരിക്കാമല്ലോ. ഒഹ്! പക്ഷേ അതെങ്ങനെയാ ജോലി ഭ്രാന്ത് തലയ്‌ക്കു പിടിച്ചിരിക്കുകയല്ലേ. മഹേഷിനോടു തർക്കിക്കാൻ ഞാനാളല്ല. ഇത്രയൊക്കെ പഠിച്ചിട്ട് വീട്ടിൽ വെറുതെ കുത്തിയിരിക്കണോ? മാത്രമല്ല എന്‍റെ വരുമാനം വീടിനൊരു മുതൽക്കൂട്ടല്ലെ. സോഫയിൽ കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയതറിഞ്ഞില്ല.