സാഗരസംഗമം അവസാനഭാഗം

“അമ്മയ്ക്ക് അസുഖമായിട്ട് നിങ്ങൾ എന്നെ നേരത്തെ അറിയ്ക്കാതിരുന്നതെന്താണ്?”

അവൾ ഫഹദ് സാറിനോട് തട്ടിക്കയറി. “അത് മോളെ… മീരയ്ക്ക് ഇത്രത്തോളം സീരിയസ്സാകുമെന്ന് ഞാൻ വിചാരിച്ചില്ല. കഴിയാവുന്ന എല്ലാ ട്രീറ്റ്മെന്‍റുകൾ നൽകിയിട്ടും അവൾ രക്ഷപ്പെടുന്ന ലക്ഷണമില്ല. മോൾ എത്രയും വേഗം ഇങ്ങോട്ടെത്തിയാൽ അമ്മയെക്കാണാൻ പറ്റും. അവൾ എത്രയൊക്കെയായാലും നിന്നെ പ്രസവിച്ച അമ്മയല്ലെ? നിന്നെ അവസാനമായിക്കാണുവാൻ അവൾക്കും ആഗ്രഹമുണ്ടാവുകയില്ലെ?” ഫഹദ്സാർ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“ശരി ഞാൻ വരാം… പക്ഷെ ഞാൻ വരുമ്പോൾ നിങ്ങൾ അവിടെയുണ്ടാകരുത്.”

ഫഹദ്സാറാണ് തന്‍റെ ഏറ്റവും വലിയ ശത്രു എന്ന മട്ടിലാണ് അവൾ സംസാരിച്ചത്. അവളുടെ ശത്രുത്വത്തിന് കാരണം അറിയാമെങ്കിലും ഫഹദ് സാർ അതിലൊന്നും ഇടപ്പെടാൻ ആഗ്രഹിച്ചില്ല.

“പണത്തിനെക്കാളും… കോടികൾ വിലമതിക്കുന്ന സ്വത്തിനെക്കാളും തനിക്കു വലുത് തന്‍റെ മീരയാണ്. അവളുടെ മനസ്സിന്‍റെ സ്വസ്ഥതയാണ് താനിപ്പോൾ കാണാനാഗ്രഹിക്കുന്നത്.” ഫഹദ് സാർ മനസ്സിൽ പറഞ്ഞു.

കീമോ കഴിഞ്ഞുള്ള ഉണർവ്വിന്‍റേയും ഉറക്കത്തിന്‍റെയും ഇടവേളയിൽ, പാതിമയക്കത്തിൽ മീര കണ്ടു.

തന്‍റെ മകൾ… അവൾ അവസാനമായി എന്നെ കാണാനെത്തിയിരിക്കുന്നു. അപ്പോൾ അവളുടെ മനസ്സിൽ ഞാനുണ്ടായിരുന്നുവെന്നോ? ഒരുപക്ഷെ പൊക്കിൾക്കൊടി ബന്ധത്തിന്‍റെ പറിച്ചെറിയാനാവാത്ത ദൃഢതയാവാം അവളെ ഇവിടെ എത്തിച്ചത്?

“മോളെ, കൃഷ്ണേ നീ എപ്പോൾ വന്നു?” എന്നെ ഉറ്റുനോക്കി നിൽക്കുന്ന മകളെ നോക്കി ഞാൻ ചോദിച്ചു.

“ഞാനിപ്പോൾ എത്തിയതേ ഉള്ളൂ അമ്മേ. അമ്മയ്ക്കിത്ര സീരിയസ്സാണെന്ന് ഞാനിപ്പോളറഞ്ഞതേയുള്ളൂ. അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ അതുപോലും എന്നെ അറിയിയ്ക്കണമെന്ന് ആർക്കും തോന്നിയില്ലല്ലോ.”

അവൾ വെറുതെ പരിഭവിച്ചു. അവളുടെ വാക്കുകളിലെ പൊള്ളത്തരം മനസ്സിലാക്കാതെ ഞാൻ ചോദിച്ചു?

അപ്പോൾ നിന്‍റെ കുഞ്ഞുങ്ങൾ? ടുട്ടുമോനും, കിങ്ങിണി മോളും… അവരെ കൊണ്ടു വരാമായിരുന്നില്ലെ, അവസാനമായി അവരെ ഒന്നു കാണാൻ വലിയ മോഹം തോന്നുന്നു.

“അവരെ കൊണ്ടുവരാൻ ദേവേട്ടൻ സമ്മതിയ്ക്കുകയില്ല അമ്മേ…” അവൾ വെറുതെ ദേവാനന്ദിന്‍റെ പേരിൽ കുറ്റം ചാർത്തുകയാണെന്ന് മീരയ്ക്ക് മനസ്സിലായി. ദേവാനന്ദ് അങ്ങനെയൊന്നും പറയുകയില്ലെന്ന് എനിയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ഇപ്പോൾ എന്‍റെ മകളുടെ മനസ്സിലെ കള്ളത്തരങ്ങൾ എനിയ്ക്ക് കുറേശെയായി ബോദ്ധ്യം വന്നു തുടങ്ങി.

“ഇപ്പോൾ നിന്‍റെ ദേവേട്ടൻ നിന്നെ പോരാനായി സമ്മതിച്ചുവോ?”

പണ്ട് കൃഷ്ണമോൾ പറഞ്ഞതോർത്ത് ഞാൻ ചോദിച്ചു. “ദേവേട്ടൻ സമ്മതിച്ചാലും, ഇല്ലെങ്കിലും ശരി എന്‍റെ മമ്മിയാണെനിക്കു വലുത്. എന്‍റെ മക്കൾ പോലും അതു കഴിഞ്ഞേ എനിക്കുള്ളൂ.”

എന്നു പറഞ്ഞ മകളെ ഒട്ടൊരു അദ്ഭുതത്തോടെ ഞാൻ നോക്കി. ഒരുപക്ഷെ അവളിലെ മാറ്റം യാഥാർത്ഥ്യമായിരിക്കുമോ എന്ന് വീണ്ടും ഞാൻ സംശയിച്ചു. എന്നാൽ ആ വാക്കുകളുടെ പൊള്ളത്തരം അധികം താമസിയാതെ ഞാനറിഞ്ഞു. എന്‍റെ ജീവനേക്കാൾ എന്‍റെ സ്വത്താണ് അവൾക്കു വലുതെന്ന്… എന്‍റെ സർവ്വസ്വമായ ഫഹദ് സാറിനും, മകനുമായി എന്‍റെ സ്വത്തുക്കൾ വീതിയ്ക്കപ്പെട്ടു പോകുമെന്ന ഭയം. പിന്നെ അവളുടെ ഭർത്തൃവീട്ടുകാരെ ബാക്കി പണം നൽകി തൃപ്തിപ്പെടുത്തുവാനായി. അങ്ങനെ നൂറു നൂറാവശ്യങ്ങൾ അവൾക്കുണ്ടെന്ന് ഞാനറിഞ്ഞു. എല്ലാം പാതിമയക്കത്തിൽ, അവൾ ആരോടൊ ഫോണിൽ സംസാരിക്കുന്നത് കേട്ടതാണ്.

ഒടുവിൽ അസുഖത്തിന്‍റെ തീവ്രതയിൽ അബോധ തലങ്ങളിൽ ആണ്ടുപോയ എന്‍റെ കൈവിരലുകൾ ഒപ്പിയെടുത്ത് മുദ്രക്കടലാസ്സിൽ ചാർത്തുമ്പോൾ അവൾക്കു കൂട്ടായി ഭർത്താവിന്‍റെ വീട്ടുകാരും ഏതോ അഭിഭാഷകനും ഉണ്ടായിരുന്നു. പിന്നീട് അബോധതലങ്ങൾ വിട്ടുണർന്ന എന്‍റെ മനസ്സ് മകൾക്കായി തിരഞ്ഞപ്പോൾ അവൾ എന്നെവിട്ട് വിദൂരതയിലെത്തിയതായറിഞ്ഞു. പൊള്ളയായ വാക്കുകളുടെയും സ്നേഹ പ്രകടനങ്ങളുടേയും നിരർത്ഥകത തിരിച്ചറിഞ്ഞ മനസ്സ് വിങ്ങിപ്പൊട്ടിയപ്പോൾ അടുത്തിരുന്ന് സമാശ്വസിപ്പിയ്ക്കാനൊരാളുണ്ടായി. എന്നോടുള്ള അലിവിൽ വാർന്നു വീണ കണ്ണനീർക്കണികകളണിഞ്ഞ ഫഹദിന്‍റെ ചൂടുള്ള കൈത്തലങ്ങളിൽ അമർന്നു കിടക്കുമ്പോൾ ഭൂതവും, ഭാവിയും വർത്തമാനവും എല്ലാം ഒന്നായി അന്തരീക്ഷത്തിൽ വലിയിതമായിത്തീർന്നിരിക്കുന്നു. മയക്കത്തിലേയ്ക്ക് ആണ്ടുപോകുന്ന അടഞ്ഞ കൺപോളകൾ വലിച്ചു തുറന്ന് കരുണയുടെ ഉറവിടമായ ആ മുഖത്ത് മിഴിനട്ടപ്പോൾ മനസ്സു മന്ത്രിച്ചു.

“ഈ കൈത്തലങ്ങളാണ് എനിക്കു വലുത്. ഈ വാക്കുകളാണ് എന്‍റെ ശക്തി. ഈ ഹൃദയമാണ് എനിക്കേറ്റവും വിലയേറിയ സ്വത്ത്. എനിക്ക് വിലപ്പെട്ടതെല്ലാം ഇവിടെത്തന്നെയുണ്ട് കൃഷ്ണമോളെ. ഒന്നും നിനക്ക് പറിച്ചെടുക്കാനാവില്ല. അസ്പഷടമായ വാക്കുകൾ ഉരുവിടുമ്പോൾ ആ ചുണ്ടുകളിൽ വിരിഞ്ഞു നിന്ന നിലാവിന്‍റെ പുഞ്ചിരിയിൽ ഫഹദ്സാറ് തന്‍റെ ചുണ്ടുകൾ ചേർത്തു വച്ചു. അപ്പോഴദ്ദേഹമറിഞ്ഞില്ലായിരുന്നു, അതു തന്‍റെ പ്രിയതമയ്ക്കു താൻ നൽകുന്ന അന്ത്യ ചുംബനമാണെന്ന്. ഒരിയ്ക്കൽ കൂടി ആ ചുംബനമേറ്റ് ആ ശരീരം അറിയാതൊന്ന് വിറകൊണ്ടുവോ?

നിമിഷങ്ങൾക്കകം ചലനമറ്റ പ്രിയതമയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോൾ ഫഹദിന്‍റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.

“മീരാ… ഞാനും വരുന്നു നിന്‍റെ കൂടെ… നീയില്ലാത്ത ഈ ലോകത്ത് എനിക്കൊരു ജീവിതം അസാദ്ധ്യമാണ്.”

മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകുമ്പോഴാണ് പുറകിൽ നിന്നും ആ ശബ്ദം കാതുകളിൽ വന്നു വീണത്.

“ഒരു മുസൽമാനായ നിങ്ങൾക്കിനി ഇവിടെ എന്തുകാര്യം? മമ്മിയുടെ ഈ ഫ്ളാറ്റും മറ്റു സ്വത്തുക്കളും എനിക്കവകാശപ്പെട്ടതാണ്. നിങ്ങളിവിടെ ആരുമല്ല. എങ്ങോട്ടാണെന്നു വച്ചാൽ നിങ്ങൾക്കു പോകാം.”

ഫഹദ് സാർ പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ കോപത്താൽ വിറപൂണ്ട് കൃഷ്ണമോൾ നിൽക്കുന്നു.

അവൾ പറഞ്ഞതുകേട്ട് ഒരു ഭ്രാന്തനെപ്പോലെ ഉറക്കെ പൊട്ടിച്ചിരിക്കുമ്പോൾ ഫഹദ് സാർ പറഞ്ഞു.

“ഞാനീ ലോകത്ത് ഏറ്റവും വില മതിച്ചിരുന്ന സ്വത്ത് എന്‍റെ മീരയാണ് കൃഷ്ണമോളെ… അതൊരിക്കലും നഷ്ടപ്പെടുത്തുവാൻ നിനക്കാവുകയില്ല. നിനക്കെന്നല്ല ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കുമാവില്ല.”

അതുപറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ച് അദ്ദേഹം അകലേയ്ക്കു നടന്നു മറഞ്ഞു. അപ്പോൾ തന്‍റെ കൈകളാൽ, അസഹ്യ വേദനയിലെന്നോണം അദ്ദേഹം തന്‍റെ ഹൃദയം പൊത്തിപ്പിടിച്ചിരുന്നു. സാഗരതീരത്തെത്തി “മീര” എന്നുറക്കെ വിളിച്ച് അദ്ദേഹം കുഴഞ്ഞു വീണു. അപ്പോൾ ആഞ്ഞടിച്ചു കൊണ്ടിരുന്ന തിരകളിൽ, അസ്തമയ സൂര്യന്‍റെ രക്തഛവിയ്ക്കൊപ്പം ഫഹദ്സാറിന്‍റെ ചുവന്ന രക്തവും കലർന്നിരുന്നു.

ഫ്ളാറ്റിന്‍റെ താക്കോലുമായി കൃഷ്ണമോൾ പടിയിറങ്ങുമ്പോൾ അകലെ സാഗര തീരത്ത് രണ്ടാത്മാക്കളുടെ സംഗമത്തിൽ ഹർഷ പുളകിതരായ തിരകൾ ആഞ്ഞടിച്ച് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.

ജാതി ചിന്തകളും മതഭേദങ്ങളും അളവില്ലാത്ത സമ്പത്തും പിന്നെ ജീവിതത്തിലെ അനേകായിരം കാപട്യങ്ങളും ഇല്ലാത്ത സ്നേഹത്തിന്‍റെ അതിർവരമ്പുകളില്ലാത്ത ആ ലോകത്തേയ്ക്ക് ആനന്ദമഗ്നരായി അവർ ഒരുമിച്ച് കൈകോർത്ത് ഉയർന്നു പൊങ്ങി.

ജീവിതം മുഴുവൻ ഒരു സ്നേഹസാഗരം ഉള്ളിൽ കൊണ്ടു നടന്ന ആ ധന്യാത്മാക്കളുടെ അപൂർവ്വ സംഗമം കണ്ട് സാഗരതിരകൾ വീണ്ടും വീണ്ടും ആർത്തലച്ച് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.

(അവസാനിച്ചു)

സാഗരസംഗമം ഭാഗം- 40

എന്നാൽ ആ സന്തോഷത്തിന് അതിരുകൾ കല്പിച്ചു കൊണ്ടുള്ള ആ അപ്രതീക്ഷിത അതിഥിയുടെ കടന്നു വരവ് തികച്ചും ആകസ്മികമായിരുന്നു. ആ വരവ് ഒരു കൊടുങ്കാറ്റിന്‍റെ ആരംഭമായിരുന്നുവെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. കൃഷ്ണമോളായിരുന്നു ആ അപ്രതീക്ഷിത അതിഥി. അപ്പോഴേയ്ക്കുമവൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിക്കഴിഞ്ഞിരുന്നു. ടുട്ടുമോനും, കിങ്ങിണിമോളും… ആ രണ്ടു കണ്മണികളെ മാറോടടുക്കി പിടിച്ചവൾ ഒരു ദിനം ഞങ്ങളുടെ ഫ്ളാറ്റിലെത്തി.

ഞാനും, ഫഹദ്സാറും ഒരു ഹോളിഡേ മൂഡിലായിരുന്നു. ആസിഫാകട്ടെ വീൽചെയറിൽ നിന്ന് പൂർണ്ണമായും മോചിതനായിരുന്നില്ല. പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഫ്ളാറ്റിനു പുറത്തെത്തി ഞാൻ നോക്കി നിന്നു. അപ്പോൾ കൃഷ്ണമോൾ തന്‍റെ കുഞ്ഞുങ്ങളേയും ചേർത്തു പിടിച്ച് കാറിൽ നിന്നുമിറങ്ങുകയായിരുന്നു.

ആ കാഴ്ച എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവശ്യപ്പെട്ട പണം കിട്ടിയപ്പോൾ കൃഷ്ണമോളുടെ പിണക്കമെല്ലാം മാറിയിരിക്കുന്നു ഞാനോർത്തു.

“കൃഷ്ണമോളെ… നീ വന്നുവോ… അല്ല ടുട്ടുമോനും, കിങ്ങിണിമോളുമുണ്ടല്ലോ…” ഞാൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാങ്ങി. ടുട്ടുമോന് ഏകദേശം മൂന്നു വയസ്സും, കിങ്ങിണിമോൾക്ക് ഒരു വയസ്സുമായിക്കഴിഞ്ഞിരുന്നു. അപ്പോൾ കിങ്ങിണിമോൾ ഞാൻ കൈയ്യിലെടുത്ത ഉടൻ കരയാൻ തുടങ്ങി.

എന്നാൽ ആ അപരിചിതത്വം ടുട്ടുമോനുണ്ടായിരുന്നില്ല. അവൻ പണ്ടെങ്ങോ കണ്ടു മറന്നതു പോലെ എന്നോട് ചേർന്നു നിന്നു. മാത്രമല്ല അവനറിയാം ഞാൻ അവന്‍റെ ഗ്രാന്‍റ്മായാണെന്ന്. ആ സ്വാതന്ത്യ്രം മുതലെടുത്ത് അവൻ ചോദിച്ചു.

“ഗ്രാന്‍റ്മാ… എനിക്ക് ചോക്ക്ളേറ്റ് വാങ്ങിത്തരുമോ? ഈ മമ്മി എനിക്ക് ഒന്നും വാങ്ങിത്തരില്ല…”

“പിന്നെന്താ… ഗ്രാന്‍റ്മാ മോന് ചോക്ക്ളേറ്റും കളിയ്ക്കാൻ കാറും ഒക്കെ വാങ്ങിത്തരുമല്ലോ…” അവനെ ചേർത്തു പിടിച്ച് ആ കവിളിൽ ഉമ്മ നൽകി കൊണ്ട് ഞാൻ പറഞ്ഞു.

അപ്പോൾ കൃഷ്ണമോൾ മുറ്റത്തു നിന്ന് ഞങ്ങളുടെ ഫ്ളാറ്റിന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു.

“എത്ര നല്ല ഫ്ളാറ്റാ മമ്മീ ഇത്… എ ലക്ഷ്വറി ആൻഡ് എലിഗന്‍റ് വൺ… മമ്മി ഇതിന് എത്ര കൊടുത്തു?”

“അതൊക്കെപ്പറയാം കൃഷ്ണമോളെ… വന്ന കാലിൽ നിൽക്കാതെ നീ അകത്തേയ്ക്കു വാ…”

ഞാൻ കൃഷ്ണമോളെ അകത്തേയ്ക്കു ക്ഷണിച്ചു കൊണ്ട് പറഞ്ഞു. അവൾ വന്ന സന്തോഷത്തിൽ ഞാൻ മറ്റെല്ലാം മറന്നിരുന്നു. അകത്തേയ്ക്ക് വന്നയുടനെ കൃഷ്ണമോൾ ഓരോ മുറിയായി കയറിയിറങ്ങിത്തുടങ്ങി.

“സ്പേഷ്യസ് റൂംസ്… മമ്മീ… മമ്മീയുടെ സെലക്ഷൻ ഉഗ്രൻ…” അവൾ എന്നെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു.

അതിനിടയിൽ ഞാനന്വേഷിച്ചു. “കൃഷ്ണമോളെ, നിന്‍റെ ഭർത്താവിന്‍റെ വീട്ടുകാരുടെ പ്രശ്നമൊക്കെ തീർന്നോ? അവർക്കാവശ്യമായ പണം നീ നൽകിയോ?”

“ഓ… അതൊന്നും ഒരിയ്ക്കലും തീരുകയില്ല മമ്മീ… എത്ര കിട്ടിയാലും തികയാത്ത ആർത്തിപ്പണ്ടാരങ്ങളാ അവർ…”

“അങ്ങനെയൊന്നും പറയരുത് കൃഷ്ണമോളെ… എത്രയൊക്കെയായാലും അവർ നിന്‍റെ ഭർത്താവിന്‍റെ ആൾക്കാരാണ്. നീ ഇങ്ങനെയേക്കെപ്പറയുന്നതു കേട്ടാൽ ദേവാനന്ദിന് എന്തു തോന്നും?” ഞാൻ അവളെ ശാസിച്ചു കൊണ്ടു പറഞ്ഞു.

“ഓ… ആ മണ്ണുണ്ണിയ്ക്ക് ഇതൊന്നും പ്രശ്നമല്ല മമ്മീ… എല്ലാ കാര്യങ്ങളും ഞാൻ ഡീൽ ചെയ്‌താൽ മതി.”

ഞങ്ങളുടെ സംഭാഷണം ആസിഫിന്‍റെ ബെഡ്റൂമിൽ ചെന്നാണ് അവസാനിച്ചത്. അവിടെ ആസിഫ് വീൽചെയറിലും, ഫഹദ്സാർ അവനെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തും നില്പുണ്ടായിരുന്നു. എന്‍റെ ബെഡ്റൂമിൽ അപരിചിതരായ രണ്ടു പുരുഷന്മാരെക്കണ്ട് കൃഷ്ണമോൾ ഞെട്ടിത്തെറിച്ചു.

“ഇതാരാ മമ്മീ… രണ്ടുപേർ മമ്മിയുടെ ബെഡ്റൂമിൽ നിൽക്കുന്നത്?”

“ഇത്… ഈ് ഫഹദ്സാറും മകനുമാണ്. കൃഷ്ണമോൾ ഈ മമ്മിയോടു പൊറുക്കണം. ഞങ്ങളുടെ മാര്യേജ് കഴിഞ്ഞ വിവരം നിന്നെ അറിയ്ക്കാൻ പറ്റിയില്ല…”

അല്പം ഭയപ്പാടോടെ ഞാൻ വിക്കി വിക്കി പറഞ്ഞു.

“എന്ത്… ഫഹദ്സാറുമായുള്ള മമ്മിയുടെ മാര്യേജ് കഴിഞ്ഞുവെന്നോ? എനിക്കിത് വിശ്വസിയ്ക്കാനാവുന്നില്ല. ഈ വിവാഹം എന്നായിരുന്നു മമ്മീ… അല്ല, ആരേയും അറിയ്ക്കാതെ മമ്മിയ്ക്ക് ഒറ്റയ്ക്ക് എന്തുമാകാമെന്നാണോ?”

അവൾ ഈറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ട് ഞങ്ങളെ നോക്കി ചോദിച്ചു.

“അത്… അത് ഏകദേശം ഒന്നരക്കൊല്ലം മുമ്പായിരുന്നു മോളെ… നിന്നെ അറിയിച്ചാൽ നിനക്ക് ഇഷ്ടപ്പെടുകയില്ലെന്നു തോന്നിയതു കൊണ്ടാണ്…”

അർദ്ധോക്തിയിൽ നിർത്തിയ എന്‍റെ നേർക്ക് ചീറിക്കൊണ്ടവൾ പാഞ്ഞടുത്തൂ.

“എന്നിട്ട്… എന്നിട്ട് മമ്മി എല്ലാം എന്നിൽ നിന്ന് ഒളിച്ചു വച്ചു. എന്നെ അറിയിച്ചാൽ എനിക്കിഷ്ടപ്പെടുകയില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ മമ്മി മറ്റൊരാളെ വിവാഹം കഴിച്ചു. കൊള്ളാം മമ്മീ… എന്‍റെ പപ്പ മരിച്ച് ഒരു കൊല്ലം തികയുന്നതിനു മുമ്പ് മമ്മി മറ്റൊരാളെ തെരഞ്ഞെടുത്തു. നിങ്ങൾക്ക് നാണമുണ്ടായിരുന്നോ മമ്മീ ഇങ്ങനെയൊക്കെ ചെയ്യാൻ. എന്‍റെ പപ്പ, എന്‍റെ പപ്പ നിങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നു…”

അവൾ അവസാനം വാക്കുകൾ പറയുമ്പോൾ തേങ്ങിക്കരഞ്ഞു തുടങ്ങിയിരുന്നു.

“ശരിയാണ് മോളെ… മമ്മി ചെയ്തത് നിന്‍റെ കണ്ണിൽ തെറ്റായിരിക്കാം. പക്ഷെ നിന്‍റെ പപ്പയുടെ മരണ സമയത്തെ ആഗ്രഹവും കൂടിയായിരുന്നു ഇത്. പപ്പ ഫഹദ്സാറിനോട് ചെയ്‌ത തെറ്റിന് മമ്മി പ്രായശ്ചിത്തം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പിന്നെ എനിക്ക് കിഡ്നി ഡൊണേറ്റ് ചെയ്‌തത് ഇദ്ദേഹമാണ്. ഇദ്ദേഹത്തെ ഉപേക്ഷിയ്ക്കാൻ എനിക്കാകുമായിരുന്നില്ല.”

“മമ്മീ… എന്തൊക്കെപ്പറഞ്ഞാലും നിങ്ങൾ സ്വാർത്ഥയാണ്. നിങ്ങളൊരിക്കലും എന്‍റെ പപ്പയെ സ്നേഹിച്ചിരുന്നില്ല. നിങ്ങൾക്ക് എന്നും ഇദ്ദേഹമായിരുന്നു വലുത്. മമ്മിയുടെ ചെറുപ്പത്തിലെ ഈ കാമുകൻ…”

പരിസരം മറന്നുള്ള കൃഷ്മോളുടെ പ്രകടനങ്ങൾ ഫഹദ്സാറിനെയും, ഒപ്പം ആസിഫിനെയും ഒരുപോലെ അമ്പരപ്പിച്ചു. അവർ അസ്തപ്രജ്ഞരായി നോക്കി നിന്നു. ഇതിനിടയിൽ കൃഷ്ണമോൾ ടുട്ടുമോനെ വലിച്ചിഴച്ച്, കിങ്ങിണിമോളെ ഒക്കത്തെടുത്ത് അടക്കാനാവാത്ത ദേഷ്യത്തോടെ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു.

“ഇനി ഇങ്ങോട്ട് ഞാൻ കാലുകുത്തുകയില്ല. മാത്രമല്ല മമ്മി എന്നോട് ചെയ്ത ഈ ചതിയ്ക്ക് ഞാൻ പകരം ചോദിച്ചിരിക്കും. എനിക്കവകാശപ്പെട്ട, മമ്മി വാടകയ്ക്ക് കൊടുത്തിരിയ്ക്കുന്ന ആ വീട്, അതെന്‍റെ പപ്പ പണി കഴിപ്പിച്ചതാണ്. അത് എനിക്ക് ഉടൻ വിട്ടു കിട്ടണം. പിന്നെ മമ്മിയുടെ സ്വത്തുക്കൾ അതും എനിക്കവകാശപ്പെട്ടതാണ്. എന്‍റെ അവകാശങ്ങൾ മറ്റാരും അനുഭവിയ്ക്കാൻ ഞാൻ സമ്മതിയ്ക്കുകയില്ല. കേസു കൊടുത്താണെങ്കിലും ഞാനവയെല്ലാം വാങ്ങിയെടുത്തിരിയ്ക്കും. ഇതോടെ ഞാനും മമ്മിയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും തീർന്നു കഴിഞ്ഞു. ഇനി നിങ്ങൾ മരിച്ചുവെന്നറിഞ്ഞാൽ പോലും ഞാൻ വരികയില്ല.”

കൃഷ്ണമോൾ ചാടിത്തുള്ളിക്കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞപ്പോൾ അവൾ വന്ന കാറ് അവിടെ നിന്നും അകന്നു പോകുന്ന ശബ്ദം കേട്ടു. ഒരു കൊടുങ്കാറ്റടിച്ചു ശാന്തമായതു പോലെ അവിടമാകെ കനത്ത നിശബ്ദത പരന്നു.

കൃഷ്ണമോൾ പോയ ശേഷം പ്രഞ്ജയറ്റതു പോലെ നിന്ന എന്‍റെ സമീപത്തേയ്ക്ക് ഫഹദ് സാർ നടന്നെത്തി. അദ്ദേഹം എന്‍റെ തോളിൽപ്പിടിച്ച് സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“സാരമില്ല മീര… ഒരു കാലത്ത് അവൾ എല്ലാം മനസ്സിലാക്കും. തന്‍റെ കൈയ്യിൽ തെറ്റൊന്നുമില്ലെന്ന്.”

ആയിരിക്കാം ഫഹദ്സാർ… പക്ഷെ … പക്ഷെ… ഇപ്പോളവൾ പറഞ്ഞ വാക്കുകൾ എത്രത്തോളം എന്നെ വേദനിപ്പിച്ചുവെന്ന് അങ്ങയ്ക്കറിയില്ല. അവൾക്കെന്നും സ്വന്തം അവകാശങ്ങളായിരുന്നു വലുത്. സ്വന്തം പപ്പയും, എന്നെ അവളൊരിക്കലും സ്നേഹിച്ചിട്ടില്ല.

ഞാൻ പൊട്ടിക്കരഞ്ഞു തുടങ്ങിയപ്പോൾ ഫഹദ്സാർ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അടുത്തിരുന്നു.

“നമുക്ക് നമ്മെ അറിയുന്നിടത്തോളം മറ്റുള്ളവർക്ക് നമ്മെ അറിഞ്ഞെന്നു വരികയില്ല മീരാ… നമ്മുടെ മനസ്സാക്ഷിയ്ക്കു മുമ്പിൽ നമ്മൾ തെറ്റുകാരാകാതിരുന്നാൽ മതി. മറ്റുള്ളവർ നമ്മെ തനിയെ ബോദ്ധ്യപ്പെട്ടു കൊള്ളും.”

ആ വാക്കുകൾ ഒട്ടൊരു ആശ്വാസം പകർന്നു തന്നു. പിന്നീട് കരച്ചിലടക്കി ഞാൻ കിച്ചനിലേയ്ക്കു നടന്നു. ഫഹദ്സാറിനും ആസിഫിനുമുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിലമർന്നപ്പോൾ ഞാൻ മറ്റെല്ലാം മറന്നു. എന്‍റെ ദുഃഖങ്ങളും അതോടെ കെട്ടടങ്ങി. എങ്കിലും ഇടയ്ക്കിടെ കൃഷ്ണമോളുടെ അന്ത്യശാസനം മനസ്സിൽ മുഴങ്ങി.

“എനിയ്ക്കവകാശപ്പെട്ട മമ്മി വാടകയ്ക്കു കൊടുത്തിരിയിക്കുന്ന ആ വീട്… എന്‍റെ പപ്പ പണികഴിപ്പിച്ചതാണ്… അതെനിയ്ക്ക് വിട്ടു കിട്ടണം. മാത്രമല്ല മമ്മിയുടെ മറ്റു സ്വത്തുക്കൾ… അതിന്‍റെ അവകാശിയും ഞാൻ മാത്രമാണ്.”

അവളുടെ വാക്കുകൾ ഒരശരീരി പോലെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. അപ്പോൾ കൃഷ്ണമോളുടെ പ്രശ്നം ഞാൻ മറ്റൊരു വിവാഹം കഴിച്ചതല്ല, അവൾക്കവകാശപ്പെട്ടതെല്ലാം മറ്റൊരാൾ അനുഭവിക്കുമെന്ന പേടിയാണ്. അതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ ഫഹദ് സാർ പറഞ്ഞതിങ്ങനെയാണ്.

“എനിക്കോ എന്‍റെ മകനോ മീരയുടെ മകൾക്കവകാശപ്പെട്ടതൊന്നും ആവശ്യമില്ല. സ്വത്തു മോഹിച്ചല്ല ഞാൻ മീരയെ വിവാഹം കഴിച്ചത്. ഈ ലോകത്തിൽ മറ്റെന്തിനെക്കാളും വലുത് എനിക്കെന്‍റെ മീര മാത്രമാണ്. മരിയ്ക്കും വരെ അങ്ങനെയായിരിക്കുകയും ചെയ്യും.”

ആ വാക്കുകൾ ശില പോലെ ഉറച്ചതായിരുന്നു. സ്നേഹത്തിന്‍റെ കാര്യത്തിൽ ഉറപ്പുള്ള ആ മനസ്സിന്‍റെ കാഠിന്യം തനിക്കെന്നേ ബോദ്ധ്യപ്പെട്ടതാണ്. ഏതൊരു കൊടുങ്കാറ്റിനും പിഴുതെറിയാനാവാത്ത ശിലയുടെ കാഠിന്യം ആ വാക്കുകളിൽ നിറഞ്ഞു നിന്നു.

കാലം ഉണക്കാത്ത മുറിവുകളില്ല എന്നാണല്ലോ പറയാറ്, എന്നെ സംബന്ധിച്ചിടത്തോളവും അതുതന്നെയായിരുന്നു ശരി. പല മുറിവുകളും കാലാന്തരത്തിൽ ഉണങ്ങിക്കരിഞ്ഞു. പക്ഷെ വീണ്ടും മുറിവുകളുണ്ടായി. അവയും കാലത്തിന്‍റെ തലോടലേറ്റ് ഉണങ്ങിക്കരിഞ്ഞു. ഒരു ഭിഷഗ്വരനെ പ്പോലെ കാലം അതിന്‍റെ പ്രക്രീയ തുടർന്നു പോന്നു.

എന്നാൽ ഞങ്ങൾക്കിടയിൽ സ്നേഹത്തിന്‍റെ കളകളാരവും മുഴക്കിക്കൊണ്ട്, കാലം കുറച്ചു നാളുകളെങ്കിലും ഒരു കാട്ടാറു പോലെ കുതിച്ചൊഴുകിക്കൊണ്ടിരുന്നു.

ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരുടേയും റിട്ടയർമെന്‍റ് കാലവുമെത്തി. കോളേജങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് എന്നേയും ഫഹദ് സാറിനേയും, വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആദരിക്കുകയുണ്ടായി.

പത്തുമുപ്പത്തഞ്ചു വർഷക്കാലം ഞാനാ കോളേജിനു വേണ്ടി ചെയ്ത സേവനങ്ങൾ, വിദ്യാർത്ഥികളോടുള്ള ആത്മാർത്ഥത, പഠിപ്പിക്കുവാനുള്ള കഴിവ് അങ്ങിനെ എല്ലാം എടുത്തു പറഞ്ഞ് എന്നെ വാഴ്ത്തുകയുണ്ടായി. ബൃഹത്തായ, പലനിലകളിൽ എത്തിപ്പെട്ട ഒരു ശിഷ്യ പരമ്പര തന്നെ എനിക്കുണ്ടായി എന്നത് അഭിമാനാർഹ നേട്ടമായി എടുത്തു പറയപ്പെട്ടു.

വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന കാര്യത്തിലും മറ്റെല്ലാക്കാര്യത്തിലും കോളേജിനു ഞാൻ നൽകിയ പിന്തുണ പ്രത്യേകം ശ്ലാഘിക്കപ്പെട്ടു. എല്ലാറ്റിനും മറുപടി പറയുമ്പോൾ വികാരവിക്ഷോഭം കൊണ്ട് വാക്കുകൾ കിട്ടാതെ ഞാൻ ഉഴറി.

വിദ്യാർത്ഥികളിൽ പലരും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. മാഡം ഞങ്ങൾക്ക് മാതൃസമാനയാണെന്ന് പറഞ്ഞ് എന്നോട് അടുപ്പം പ്രകടിപ്പിച്ചു. ഒരിയ്ക്കൽ കൂടി എല്ലാറ്റിനും നന്ദി പറഞ്ഞു കൊണ്ട് ഞാനും, ഫഹദ്സാറും ആ കോളേജിന്‍റെ പടിയിറങ്ങി. ചായ സത്ക്കാരവും കഴിഞ്ഞ് തിരികെപ്പോരുമ്പോൾ ഫഹദ്സാർ എന്‍റെ കൈപിടിച്ചു പറഞ്ഞു.

“ഇനിയുള്ള കാലം നമുക്ക് നാം മാത്രം. പരസ്പരം സ്നേഹിച്ച്, അന്യോന്യം തുണയായി നമുക്ക് നമ്മുടെ കൊച്ചു കൂട്ടിൽ കഴിയാം.”

ആഹ്ലാദത്തിന്‍റെ ഇലയും പൂവും, കായും തളിർത്തു നിന്ന ഞങ്ങളുടെ ജീവിത വൃക്ഷ ശാഖയിൽ ഋതുക്കൾ പാറി വന്നു, കൂടുകൂട്ടി…

മാറി വന്ന ഋതുക്കളിലെ ചൂടും, തണുപ്പുമേറ്റ് രണ്ടു വൃദ്ധ ദമ്പതികൾ ആ കിളിക്കൂട്ടിൽ സുഖമായുറങ്ങി. അന്യോന്യം സ്വയം മറന്നു സ്നേഹിച്ച ഞങ്ങളുടെ കൂട്ടിലേയ്ക്ക് കാലം കാത്തു വച്ചത് മറ്റൊരു അശനിപാതമായിരുന്നു. ബ്രസ്റ്റ് കാൻസറിന്‍റെ രൂപത്തിൽ അതു എന്നെ വിഴുങ്ങാനായി കാത്തു നിന്നു. അപ്പോഴേയ്ക്ക് ആസിഫ് തന്‍റെ എംഡി പഠനം പൂർത്തിയാക്കിയിരുന്നു. അവന് വിദേശത്തു നിന്നും ജോലിയ്ക്കുള്ള നല്ല ഒരു ഓഫർ വന്നുവെങ്കിലും അവൻ പോകുവാൻ കൂട്ടാക്കാതെ നിന്നു.

“ഇവിടെ ഉമ്മായേയും ബാപ്പയേയും ഒറ്റയ്ക്ക് വിട്ട് ഞാനെങ്ങനെ പോകും? ഉമ്മായ്ക്കാണെങ്കിൽ നല്ല സുഖമില്ല താനും.”

അവൻ തന്‍റെ നിലപാടു വെളിപ്പെടുത്തി. എന്നാൽ ഫഹദ്സാറും ഞാനും അതിനെതിരായിരുന്നു. അവന്‍റെ നല്ല ഭാവിയായിരുന്നു ഞങ്ങൾക്കു മുഖ്യം.

“എനിക്കിപ്പോൾ കാര്യമായ അസുഖമൊന്നുമില്ല ആസിഫ്… എന്നെയോർത്ത് നീ നിന്‍റെ നല്ല ഭാവി നഷ്ടപ്പെടുത്തരുത്.” ഞാൻ ശാസനാ രൂപത്തിൽ പറഞ്ഞപ്പോൾ അവൻ പിന്നെ എതിർക്കാൻ നിന്നില്ല. സത്യത്തിൽ ആസിഫിന്‍റെ മനസ്സിൽ കനത്തു നിന്ന ഒരു മോഹമായിരുന്നു വിദേശത്ത് ഒരു ജോലി.

ഹുസൈനും അതു പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒടുവിൽ എല്ലാവരുടേയും മോഹസാക്ഷാത്ക്കാരം പോലെ, ന്യൂസിലാന്‍റിലേയ്ക്ക് അവൻ തന്‍റെ സ്വപ്നങ്ങളുടെ ചിറകിലേറി പറന്നു.

ആസിഫ് അകന്നു പോയപ്പോഴാണ് അവന്‍റെ വിടവ് ഞങ്ങളറിഞ്ഞത്. ഒരു മകനെന്ന നിലയിലും ഒരു ഡോക്ടറെന്ന നിലയിലും ഈ വാർദ്ധക്യത്തിൽ അവൻ ഞങ്ങൾക്ക് തുണയായിരുന്നു. പ്രത്യേകിച്ച് ഞാൻ രോഗഗ്രസ്തയായ ഈ സാഹചര്യത്തിൽ. ആദ്യത്തെ ഞെട്ടലിൽ നിന്നു വിമുക്തയായപ്പോൾ എന്‍റെ രണ്ടു മാറിടങ്ങളും എനിക്കു നഷ്ടമായിരുന്നു.

“ഞാനിന്നൊരു സ്ത്രീയല്ല, ഒരു സ്ത്രീയുടെ നിഴൽ രൂപം മാത്രമാണ് ഫഹദ്സാർ…”

ഛേദിക്കപ്പെട്ട എന്‍റെ മാറിടത്തിലേയ്ക്കും വയറ്റിലെ ഓപ്പറേഷന്‍റെ തെളിഞ്ഞു നിൽക്കുന്ന പാടിലേയ്ക്കും നോക്കി നെടുവീർപ്പിടുമ്പോൾ എന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്ന അപകർഷതയുടെ മുള്ളുകളെ വാക്കുകൾ കൊണ്ടെടുത്ത് ഫഹദ്സാർ പറഞ്ഞു.

“നിന്‍റെ ശരീരമല്ല, നിന്‍റെ മനസ്സാണ് എനിക്കു വലുത്. നിന്നെ സ്നേഹിക്കുമ്പോൾ നിന്‍റെ ആത്മാവിന്‍റെ സൗന്ദര്യമാണ് നിന്‍റെ മിഴികളിൽ ഞാൻ കണ്ടത്.”

ആ വാക്കുകളുടെ പവിത്രതയിൽ അലിഞ്ഞില്ലാതെയാവുകയായിരുന്നു ഞാൻ. പിന്നീട് ഹോസ്പിറ്റലിലേയ്ക്കുള്ള നീണ്ട യാത്രകൾ. ചിലപ്പോഴെല്ലാം ഡോക്ടറുടെ ആശ്വാസ വാക്കുകൾ. ക്യാൻസർ അങ്ങനെ ഭയപ്പെടേണ്ട അസുഖമൊന്നുമല്ല. മനശക്തി കൊണ്ട് എന്തിനേയും നേരിടാൻ പഠിച്ചാൽ ഏതസുഖത്തിൽ നിന്നും മുക്തിനേടാം.

ആ വാക്കുകളിൽ അഭയം തേടി പലപ്പോഴും മനസ്സിനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. കൂടെ ഫഹദ്സാറിന്‍റെ സാന്നിദ്ധ്യവും, സാന്ത്വന വചസ്സുകളും ഏറ്റവുമൊടുവിൽ മാറിടം ഛേദിക്കപ്പെട്ടപ്പോഴും ഞാൻ പിടിച്ചു നിന്നു. അസുഖത്തിൽ നിന്ന് മുക്തയാകുമല്ലോ എന്നോർത്ത് സന്തോഷിച്ചു. എന്നാൽ എന്‍റെ അവയവങ്ങൾ ഓരോന്നും ദാനം നൽകിയിട്ടും തൃപ്തിവരാത്ത പോലെ ക്യാൻസർ എന്നെ വിടാതെ പിടികൂടി. ശരീരത്തിലെ മിയ്ക്കവാറും എല്ലാ അവയവങ്ങളിലേയ്ക്കും ക്യാൻസർ വ്യാപിച്ചു തുടങ്ങി എന്ന് ഡോക്ടറുടെ മുന്നറിയിപ്പ് ഒരിയ്ക്കൽ കൂടി എന്നെ തളർത്തിക്കളഞ്ഞു. പക്ഷെ അപ്പോഴും ഫഹദ്സാർ പറഞ്ഞു.

“ഇല്ല മീര… നിന്നെ ഞാൻ മരണത്തിനു വിട്ടു കൊടുക്കുകയില്ല. ഈ ജീവിതം മുഴുവൻ എന്നോടു തന്നെ പോരാടി ഞാൻ നിന്നെ നേടിയത് ഇതിനുവേണ്ടിയായിരുന്നില്ല. എന്തു ത്യാഗം സഹിച്ചും എത്ര പണം ചെലവാക്കിയും ഞാൻ നിന്നെ വീണ്ടെടുക്കും.” ഫഹദ്സാർ നിശ്ചയദാർഢ്യം തുളുമ്പുന്ന വാക്കുകൾ ഉരുവിട്ടു.

എനിക്കും ജീവിയ്ക്കണം ഫഹദ്സാർ… അങ്ങയോടൊപ്പം കല്പാന്ത കാലത്തോളം… ഞാൻ തൊട്ടടുത്തെത്തി നിൽക്കുന്ന മരണത്തിനു മുന്നിൽ നിന്നും മുഖം തിരിച്ച് ഫഹദ്സാറിനെ ഇറുകെപ്പുണർന്നു പറഞ്ഞു. നിറഞ്ഞൊഴുകുന്ന എന്‍റെ മിഴികൾ തുടച്ച് ഫഹദ്സാർ വീണ്ടും പറഞ്ഞു.

“നമ്മൾ ജീവിയ്ക്കും മീരാ.. ഒരുമിച്ചു തന്നെ… അഥവാ മരിയ്ക്കുകയാണെങ്കിൽ അതും ഒരുമിച്ച്…”

അദ്ദേഹം എന്നെ ഇറുകെപ്പുണർന്നു കൊണ്ടാണതു പറഞ്ഞത്. സെക്കന്‍റുകൾ മിനിട്ടുകളായും മിനിട്ടുകൾ മണിക്കൂറുകളായും ഞങ്ങൾക്കു മുന്നിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. വേർപിരിയാനാവാത്ത രണ്ടാത്മാക്കൾ പോലെ, പരസ്പരം ഒട്ടിച്ചേർന്ന് ഞങ്ങളിരുന്നു.

ഇതിനോടകം രാവും പകലും എത്ര പ്രാവശ്യം തങ്ങളുടെ സ്‌ഥാനങ്ങൾ അന്യോന്യം കൈമാറിയെന്ന് ഞങ്ങളറിഞ്ഞില്ല. രാവു പകലിനു വേണ്ടിയും പകൽ രാവിനു വേണ്ടിയും ദീർഘമായി തപസ്സിരുന്നു.

അന്ത്യത്തിൽ സന്ധ്യയുടെ നേർത്ത തുടിപ്പിൽ നൈമിഷികമായ സമാഗമം. ഒടുവിൽ രാവിന്‍റെ ഇരുളിമയിൽ അലിഞ്ഞു ചേർന്ന് പകൽ സായൂജ്യം നേടിയതു പോലെ ഞങ്ങളും അന്യോന്യം ആത്മാവു കൊണ്ട് അലിഞ്ഞു ചേർന്നു. അതിനു ദൃക്സാക്ഷിയാവാൻ ഒരാളെത്തി.

അസുഖത്തിന്‍റെ തീവ്രതയിൽ ആശുപത്രിക്കിടക്കയിൽ മയങ്ങിക്കിടക്കുമ്പോൾ ആ രൂപം മിഴികളിലോടിയെത്തി. ശുഭ്രവസ്ത്രം ധരിച്ച്, നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ ഒരു സന്യാസിനി രൂപം അതോ ദേവതയോ? പുഞ്ചിരിയോടെ ആ ദേവ, എന്‍റെ കൈകൾ ഉള്ളം കൈയ്യിലെടുത്ത് ചോദിച്ചു. “അമ്മയ്ക്കിപ്പോൾ എങ്ങിനെയുണ്ട്?” എന്‍റെ കൈകൾ കവർന്ന ആ യുവ സന്യാസിനിയെ അല്പം പരിഭ്രമത്തോടെ ഞാൻ സൂക്ഷിച്ചു നോക്കി.

നീണ്ടിടതൂർന്ന മുടിയിഴകളിലും, ചുവന്നു തുടുത്ത ചുണ്ടുകളിൽ മനോഹരമായി വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയിലേയ്ക്കും ശുഭ്രവസ്ത്രത്തിലേയ്ക്കും നോക്കി ഞാൻ പതിയെ ചോദിച്ചു.

“ആരാണു നീ… എന്നെ സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുവാൻ വന്ന ദേവതയാണോ?

“ദേവതയോ? അമ്മ ഈ ഭൂമിയിൽ തന്നെ ജീവിച്ചു കാണണം എന്നാഗ്രഹിക്കുന്ന ഒരു പാവം പെൺകുട്ടിയാണമ്മേ ഞാൻ… എന്‍റെ പേര് അഞ്ജലി… അമ്മയ്ക്കെന്നെ മനസ്സിലാകണമെങ്കിൽ ഒന്നു സൂക്ഷിച്ചു നോക്കൂ…”

ഞാനാ നീണ്ട കണ്ണുകളിലേയ്ക്കും നിഷ്ക്കളങ്കത തങ്ങി നിൽക്കുന്ന തുടുത്ത കവിൾത്തടങ്ങളിലേയ്ക്കും നോക്കി നിർന്നിമേഷയായി കിടന്നു. അപ്പോൾ മനസ്സു പറഞ്ഞു എവിടെയോ കണ്ടു മറന്ന മുഖം. പക്ഷെ ഓർമ്മകൾ നിറം മങ്ങിയ കണ്ണാടി പോലെ അവ്യക്‌ത ചിത്രങ്ങളായി മനസ്സിൽ നിറയുന്നു.

നിറം മങ്ങിയ ഒരു പെയിന്‍റിംഗ് പോലെ മനസ്സിന്‍റെ ഭീത്തിയിൽ ആരോ തൂക്കിയിട്ട ഒരു ചിത്രം…. പക്ഷെ ആ ചിത്രം പ്രിയപ്പെട്ട ആരുടേയോ എന്ന പോലെ ഹൃദയഭിത്തിയിൽ കൊളുത്തി വലിയ്ക്കുന്നു. ആരുടേയോ ഓർമ്മയിൽ ഹൃദയം നുറുങ്ങുകളായി ചിതറുന്നതു പോലെ…

മനസ്സ് മന്ത്രിക്കുന്നു. ഈ രൂപം നിനക്കേറെ പ്രിയപ്പെട്ട ഒരാളുടേതാണ്… ഓർമ്മകളെ മടങ്ങി വരൂ… ഈ രൂപം ആരുടേതെന്ന് ഒരിയ്ക്കൽ മാത്രം എന്നോടു മന്ത്രിയ്ക്കൂ.. അപ്പോൾ കാതിൽ വീണ്ടും ആ വാക്കുകൾ കേട്ടു.

“എന്നെ മനസ്സിലായില്ലേ അമ്മേ… ഞാൻ … ഞാൻ… ഒരിയ്ക്കൽ രാഹുലിന്‍റെ എല്ലാമായിരുന്നു. അമ്മ ഏതെങ്കിലും ഗ്രൂപ്പ് ഫോട്ടോയിൽ എന്നെ കണ്ടു കാണും രാഹുലിനോടൊപ്പം. ഒന്നോർത്തു നോക്കിയേ…” വീണ്ടും നിഷ്ക്കളങ്കമായ ആ പുഞ്ചിരി. അതെ ഇതവൾ തന്നെ. ഒരിയ്ക്കൽ രാഹുലിന്‍റെ എല്ലാമായിരുന്നവൾ. രാഹുലിനു വേണ്ടി ജീവത്യാഗം പോലും ചെയ്യാൻ തയ്യാറായവൾ. എന്‍റെ രാഹുൽ മോന്‍റെ ഇഷ്ടഭാജനം. “മോളെ അഞ്ജലി” നിന്നെ ഞാൻ തിരിച്ചറിയാതെ പോയല്ലോ… ഈ അമ്മയോടു ക്ഷമിക്കൂ മോളെ…

ഹൃദയം നുറുങ്ങിയ വാക്കുകൾ ഉരുവിടുമ്പോൾ അറിയാതെ കൈകൾ കൂപ്പിയോ? ഇല്ല… ഇവിടെ ഞാൻ മാപ്പിനർഹയല്ല. എന്‍റെ രാഹുൽമോൻ പരലോകത്തിരുന്ന് ഈ കാഴ്ച കാണുന്നുണ്ടാവും. അവൻ ഈ അമ്മയോട് ക്ഷമിച്ചു എന്നു വരികയില്ല.

തമ്മിൽ കാണുമ്പോൾ അവനോട് എന്തു പറഞ്ഞ് ഞാൻ മാപ്പിരക്കും? അപരിഹാര്യമായ ഈ തെറ്റിനുള്ള ശിക്ഷ എന്തായിരിക്കും അവൻ നൽകുക? ഇനി ഒരിയ്ക്കലും ഈ വയറ്റിൽ പിറക്കാതെ പോകട്ടെ എന്നോ? അരുത്… മകനെ… നീയി അമ്മയെ അങ്ങനെ ശിക്ഷിയ്ക്കരുത്. ഇനിയുമൊരു നൂറു ജന്മം കൂടി നീ എന്‍റെ വയറ്റിൽ മകനായി പിറക്കണം. നിന്‍റെ ജന്മത്താൽ എന്‍റെ ഗർഭപാത്രം പവിത്രീകരിയ്ക്കണം. ഈ അമ്മയുടെ ഓരോ ജന്മങ്ങളും നിനക്കുവേണ്ടി മാത്രമുള്ളതാണ്. മകനെ നിനക്കുവേണ്ടി മാത്രം… അങ്ങനെ ഈ അമ്മയുടെ ഓരോ ജന്മങ്ങളും സഫലമാകട്ടെ.

അഞ്ജലി അടുത്തിരുന്ന് ആ മടിയിൽ എന്‍റെ ശുഷ്ക്കിച്ച കരങ്ങൾ വച്ച് തലോടിക്കൊണ്ട് പറഞ്ഞു.

“അമ്മേ… രാഹുൽ മരിച്ച ശേഷവും അകലങ്ങളിലിരുന്ന് ഞാൻ അമ്മയെക്കുറിച്ച് എല്ലാം അറിഞ്ഞിരുന്നു. അരുണിലൂടെ… ഇപ്പോഴും അമേരിയ്ക്കയിലിരുന്ന് അവൻ എന്നെ എല്ലാമറിയിക്കാറുണ്ട്.”

“അരുണിലൂടെയോ… അപ്പോൾ അവന് അഞ്ജലി എവിടെയാണെന്ന് അറിയാമായിരുന്നു അല്ലേ? ഒരിയ്ക്കൽ ഞാൻ നിന്‍റെ ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ അവന്‍റെ കൈയ്യിലില്ലായിരുന്നു. പിന്നെ എപ്പോഴെങ്കിലും കാണിച്ചു തരാം എന്നു പറഞ്ഞു. അഞ്ജലി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും പറഞ്ഞു. അല്പം അതിശയോക്തി കലർന്ന ശബ്ദത്തിൽ അവശതയോടെ ഞാൻ മെല്ലെ പറഞ്ഞതു കേട്ട് അജ്ഞലി പറഞ്ഞു.

“ശരിയാണമ്മേ… ഞാനും അരുണും തമ്മിൽ നേരിട്ട് കണ്ടിട്ട് വർഷങ്ങളായി. പക്ഷെ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ഞങ്ങൾ ചാറ്റ് ചെയ്യുമായിരുന്നു. അങ്ങനെയാണ് വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്നത്.”

“എന്നിട്ടിപ്പോൾ ഞാനിവിടെയുണ്ടെന്ന് അരുൺ പറഞ്ഞുവോ?” എന്‍റെ ചോദ്യം കേട്ട് അവൾ പറഞ്ഞു.

അതെ അമ്മേ… അമ്മ ഇവിടെയാണെന്ന് ഈയിടെ അരുണാണ് എന്നോട് പറഞ്ഞത്. പക്ഷെ അമ്മ ഇവിടെയെത്തുന്നതിനു മുമ്പു തന്നെ ഞാൻ ഇവിടെയെത്തിയിരുന്നു. ഈ പാലിയേറ്റീവ് സെന്‍ററിൽ ഞാനെത്തിയിട്ട് മൂന്നു വർഷങ്ങളാകുന്നു. ഇവിടെ മരണത്തോടു മല്ലടിച്ചു കഴിയുന്ന രോഗികളെ ശുശ്രൂഷിച്ച് ഞാൻ കഴിയുകയായിരുന്നു. ഒരു ഡോക്ടറെന്നതിനാക്കാളേറെ ഒരു സാമൂഹ്യ സേവനം എന്ന നിലയ്ക്കാണ് ഞാനിവിടെ പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഒരു ഉൾവിളിക്കണക്ക അമ്മയുടെ സാന്നിദ്ധ്യം ഞാനറിയുന്നത്. അതുകഴിഞ്ഞ് അരുണും എന്നോടതു തന്നെ പറഞ്ഞു.

എന്‍റെ രാഹുലിന്‍റെ അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എനിക്കു നൽകിയ അവസരമായി ഞാനിതിനെ കണക്കാക്കുന്നു. അവൾ കരുണ ചൊരിയുന്ന കണ്ണുകളോടെ എന്‍റെ സമീപം ഇരുന്നു. അവളുടെ കണ്ണുകൾ കുറേശേ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു. ഞാൻ അവളുടെ കരങ്ങൾ മെല്ലെ കൈയ്യിലെടുത്ത് പറഞ്ഞു.

“നിന്നെ ഇപ്പോഴെങ്കിലും കണ്ടെത്താനായത് എന്‍റെ ഭാഗ്യമാണു മോളെ… രാഹുൽമോനുള്ളപ്പോൾ ഒരിയ്ക്കൽ പോലും അവൻ നിന്നെ എനിക്ക് കാണിച്ചു തന്നില്ല. നിന്നെപ്പോലൊരു മാലാഖ കുട്ടിയെ അവൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഞങ്ങൾ ഒരിയ്ക്കലും എതിർക്കുമായിരുന്നില്ല.”

“ശരിയാണമ്മേ… രാഹുലിനൊടൊപ്പം അച്‌ഛനെയും അമ്മയേയും കൃഷ്ണമോളെയും കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായില്ല.”

നാലു കണ്ണുകൾ അപ്പോഴേയ്ക്കും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു. പെട്ടെന്ന് അഞ്ജലി സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ അതുമിതും പറഞ്ഞ് അമ്മയെക്കൂടി വേദനിപ്പിയ്ക്കുകയാണെന്നു തോന്നുന്നു. അരുൺ എന്നെ ഒരു ദൗത്യം ഏല്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് അമ്മയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ… അതിനുവേണ്ടി എന്തു ത്യാഗം ചെയ്യാനും അവൻ തയ്യാറാണ്.”

അഞ്ജലി പറഞ്ഞതു കേട്ട് വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“നമ്മൾ ഒന്നു വിചാരിക്കുന്നു, ദൈവം മറ്റൊന്നു വിധിയ്ക്കുന്നു. ഞാനും ഫഹദ്സാറും നീയും അരുണുമൊക്കെ വിചാരിച്ചാൽ പോലും ഇനിയും ജീവിതത്തിലേയ്ക്കൊരു മടക്കം അതുണ്ടാവുമെന്ന് തോന്നുന്നില്ല മോളെ… അതു പോകട്ടെ, നീയിപ്പോഴും അവിവാഹിതയായി കഴിയാനാണോ തീരുമാനിച്ചിരിക്കുന്നത്? ഈ സന്യാസിനീ രൂപത്തിന്‍റെ അർത്ഥമെന്താണ്?”

“അതെ അമ്മെ ഇനിയും മറ്റൊരു ജന്മമുണ്ടെങ്കിൽ രാഹുൽ എന്‍റെ കഴുത്തിൽ താലി ചാർത്തും. അതുവരെ ഞാൻ അവിവാഹിതയായിരിക്കും.”

ഞങ്ങളുടെ സംഭാഷണം അന്നവിടെ അവസാനിച്ചു. അവൾ മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ ഞാനാ കൈകളിൽപ്പിടിച്ച് വിങ്ങിപ്പൊട്ടി.

“എന്‍റെ മോളെ, നിന്നെപ്പോലൊരു മരുമകളെ അടുത്ത ജന്മമെങ്കിലും നൽകുവാൻ ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കും.”

കണ്ണീരിലൂടെ പുഞ്ചിരിച്ച് എന്‍റെ കൈകളിൽ പിടിച്ച് സാന്ത്വനമോതി അന്നവൾ യാത്രയായി.

ശുഭ്രവസ്ത്രധാരിണിയായ ഒരു മാലാഖയെപ്പോലെ അവൾ ഒഴുകി നീങ്ങുന്നത് കട്ടിലിൽ കിടന്ന് ഞാൻ നോക്കിക്കണ്ടു. ഹോസ്പിറ്റലിനു പുറത്തു പോയി തിരികെ വരുമ്പോൾ അവൾ എന്‍റെ അടുത്തു വന്നു മടങ്ങുന്നത് ഫഹദ്സാർ കണ്ടിരുന്നു.

“ആരാണാ പെൺകുട്ടി?” അദ്ദേഹത്തിന്‍റെ ചോദ്യത്തിനുള്ള മറുപടി ഞാൻ രണ്ടു മൂന്നു വാക്കുകൾകളിലൊതുക്കി.

“അഞ്ജലി… എന്‍റെ രാഹുൽ മോന്‍റെ ജീവിതത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞെത്തി പിന്നീട് അകന്നു പോയ ഒരു ദിവ്യ മാലാഖ.

എന്‍റെ മറുപടിയിൽ കാര്യം ഗ്രഹിച്ച ഫഹദ്സാർ അകന്നു പോകുന്ന അവളുടെ കാലടികൾ നോക്കിക്കൊണ്ടു പറഞ്ഞു.

“അതെ… അവൾ മാലാഖ തന്നെയെന്ന് അവൾ അവശേഷിപ്പിച്ച കാലടി പാടുകൾ തന്നെ പറയുന്നുണ്ട്. സേവനത്തിന്‍റെ ഉത്തമ മാതൃക. ഒരു പക്ഷെ രാഹുൽ മോൻ ജീവിച്ചിരുന്നെങ്കിൽ ആ മാലാഖ അവന്‍റെ ജീവിതത്തെ കൂടുതൽ ധന്യമാക്കുമായിരുന്നു.”

ആ വാക്കുകൾ മുഴുവൻ കേൾക്കുന്നതിനു മുമ്പ് എന്‍റെ ബോധം മറഞ്ഞു. കാൻസർ ഒരു കരിമൂർഖനെപ്പോലെ എന്നെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഒടുവിൽ ഫഹദ്സാർ ഡോക്ടറുടെ കാലുകളിൽ വീണ് കെട്ടിപ്പിടിച്ചപേക്ഷിച്ചു.

“എന്‍റെ മീരയെ എങ്ങിനെയും രക്ഷിയ്ക്കണം ഡോക്ടർ അവൾക്ക് പകരമായി ഞാൻ എന്‍റെ ജീവൻ തരാം.”

“ജീവിതം എടുക്കുന്നതും മടക്കിത്തരുന്നതും ഞങ്ങളല്ല മി. ഫഹദ്. അതിന് മുകളിൽ ഒരു മഹാവൈദ്യനുണ്ട്. അദ്ദേഹത്തോട് പ്രാർത്ഥിച്ചോളൂ…”

ഡോക്ടറുടെ വാക്കുകൾ ഹൃദയത്തെ മഥിച്ചപ്പോൾ ഫഹദ് സാർ പൊട്ടിക്കരഞ്ഞു. താഴെ മുട്ടുകുത്തി നിന്ന് പരമ കാരുണ്യവാനായ ദൈവത്തോടപേക്ഷിച്ചു.

“അള്ളാ… എന്‍റെ മീരയുടെ ജീവനു പകരമായി അങ്ങ് എന്‍റെ ജീവനെടുത്തോളൂ. എന്നിട്ട് മീരയ്ക്കാ ജീവിതം നൽകൂ.”

ബലിക്കല്ലിൽ സ്വജീവിതം ബലി അർപ്പിക്കാൻ തയ്യാറായ ഒരു ബലി മൃഗത്തെപ്പോലെ അദ്ദേഹം ഭൂമിയിൽ തലവച്ച് കിടന്നു. അന്ത്യവിധിയ്ക്കായി കാതോർത്തു കൊണ്ട്…

“മീരയ്ക്ക് സീരിയസ്സാണ്… വേഗം എത്തുക.” ഫഹദ്സാറിന്‍റെ മെസ്സേജ് ഫോണിലൂടെ കൈകളിലെത്തുമ്പോൾ കൃഷ്ണ ഓഫീസിലായിരുന്നു. അവൾ തിരികെ വിളിച്ച് ഫഹദ് സാറിനോട് കാര്യങ്ങളന്വേഷിച്ചു.

(തുടരും)

സാഗരസംഗമം ഭാഗം- 39

ഞാൻ നോക്കുമ്പോൾ ഫഹദ് സാർ ഇതികർത്തവൃതാമൂഢനായി ഇരിയ്ക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന് എന്തു പറയണമെന്ന് അറിയില്ലെന്നു തോന്നി. അല്പം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“താങ്കൾ ഇതുവരെ പേരു പറഞ്ഞില്ല… നിങ്ങളുടെ മറ്റുമക്കളുടെ കാര്യവും…”

എന്‍റെ പേര് ഹുസൈൻ എന്നാണ്. ഞാൻ ഒരു ചെറിയ ബിസിനസ്സുകാരനാണ്. എന്‍റെ മൂത്ത രണ്ടു പെണ്മക്കളുടെ വിവാഹം കഴിഞ്ഞു. ഒരാൾ മലപ്പുറത്തും, ഒരാൾ കോഴിക്കോട്ടുമായി ജീവിക്കുന്നു. ഇളയവൾ എന്നോടൊപ്പം ഇവിടെയും.

“മി. ഹുസൈൻ, നിങ്ങൾ മഹാമനസ്ക്കനാണ്. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല. മറ്റൊരാളിൽ നിന്ന് ഗർഭിണിയായ സഫിയയെ നിങ്ങൾ ഭാര്യയാക്കിയപ്പോൾ തന്നെ നിങ്ങളുടെ മഹാമനസ്ക്കത തെളിഞ്ഞതാണ്. ഇന്നിപ്പോൾ നിങ്ങൾ ഇത്രകാലം വളർത്തി വലുതാക്കിയ നിങ്ങളുടെ മകനെപ്പോലുള്ള ആസിഫിനേയും എനിക്കു നിങ്ങൾ നൽകുന്നു.”

അദ്ദേഹത്തിന് തുടർന്നു പറയാനാവാതെ വാക്കുകൾ ഉടറി. അപ്പോൾ ഹുസൈൻ എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ സമീപം വന്നു നിന്നു പറഞ്ഞു.

“ഫഹദ് സാർ… അന്നത്തെ സാഹചര്യത്തിൽ എന്നെപ്പോലെ ഒരു പുരുഷനാവശ്യം എന്‍റെ രണ്ടു പെണ്മക്കൾക്ക് ഒരു ഉമ്മയെയായിരുന്നു. ഒരുമ്മയുടെ സ്നേഹം എന്തെന്ന് അമ്മയാകാൻ പോകുന്ന ഒരുവൾക്ക് നല്ലതു പോലെ അറിയുമെന്നെനിക്കു തോന്നി. ഞാൻ വിചാരിച്ചതു പോലെ സഫിയ അവർക്കതു നൽകുകയും ചെയ്തു. പക്ഷെ പിന്നീട് ഞാൻ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ നടന്നത്. മനുഷ്യൻ നിനയ്ക്കുന്നതു പോലെയല്ലല്ലോ പടച്ചവൻ നിനയ്ക്കുന്നത്. ആരിഫ എന്ന പെൺകുഞ്ഞിനെ പ്രസവിച്ച് എന്‍റെ കൈയ്യിൽ തന്നു കൊണ്ട് അവളും പടച്ചവന്‍റെ അടുത്തേയ്ക്കു പോയി. അപ്പോൾ എനിക്കു മനസ്സിലായി പടച്ചവൻ നിനയ്ക്കുന്നതേ നടക്കൂ എന്ന്… ഇന്നിപ്പോൾ ആസിഫിനെ അങ്ങയെ ഏൽപ്പിയ്ക്കാൻ പറയുന്നതും ആ പടച്ചവൻ തന്നെയാണ്. സഫിയയുടെ ആഗ്രഹവും അതുതന്നെയായിരുന്നു…”

ഹുസൈൻ പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു. ജീവിതത്തിൽ ഏറെ അനുഭവിച്ചവരെന്ന് സ്വയം അഹങ്കരിച്ച ഞങ്ങൾക്ക് ജീവിത പക്വത കൈവന്ന ആ മനുഷ്യന്‍റെ മുന്നിൽ നമസ്ക്കരിയ്ക്കാൻ തോന്നിപ്പോയി. കഠിന പരീക്ഷണങ്ങളിലൂടെ ആർജ്ജിച്ച അനുഭവജ്ഞാനം ആ മനുഷ്യനെ ഹൃദയവിശാലത ഉള്ളവനാക്കിത്തീർത്തിരിക്കുന്നു.

അപ്പോഴേയ്ക്കും കൈയ്യിൽ നാരങ്ങാ ജ്യൂസ് നിറച്ച ഗ്ലാസ്സുമായി തലയിൽ തട്ടമിട്ട് ഒരു കൊച്ചു പെൺകുട്ടി ഞങ്ങളുടെ മുന്നിലെത്തി. കൈയ്യിലെ ജ്യൂസ് നിറച്ച ഗ്ലാസ്സ് അവൾ ഞങ്ങളുടെ നേരെ നീട്ടി. അവളുടെ നിഷ്ക്കളങ്കമായ പുഞ്ചിരി ആരേയും മയക്കുന്നതായിരുന്നു.

“മോൾ ഏതു ക്ലാസ്സിൽ പഠിക്കുന്നു” നാരങ്ങാ നീരു നുണഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.

“ഏഴാം ക്ലാസ്സിൽ” അവളുടെ നിഷ്ക്കളങ്കമായ കൊച്ചു മണിനാദം ഞങ്ങളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.

“നിങ്ങൾ ആസിഫിക്കായെ കൊണ്ടു പോകാൻ വന്നതാണോ?” അവളുടെ ചോദ്യത്തിനു മുന്നിൽ എന്തു പറയേണ്ടു എന്നറിയാതെ ഞങ്ങൾ മിഴിച്ചു നിന്നു. അപ്പോഴേയ്ക്കും ഹുസൈൻ അവളെ ചേർത്തു നിർത്തിപ്പറഞ്ഞു.“ മോൾ അകത്തുപോയി ആസിഫിക്കായെ വിളിച്ചു കൊണ്ടു വാ… ബാപ്പ വിളിക്കുന്നെന്ന് പറയ്…”

അവൾ അകത്തേയ്ക്ക് ഓടിപ്പോകുന്നതു കണ്ടു. അവളുടെ കാലുകളിൽ വെള്ളിക്കൊലുസുകളുടെ മണിക്കിലുക്കം അകന്നു പോകുന്നത് ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളിരുന്നു. അൽപം കഴിഞ്ഞപ്പോൾ ആസിഫിന്‍റെ കൈപിടിച്ച് അവളെത്തി. അവന്‍റെ മുഖമാകെ കാറുകൊണ്ട് മേഘം പോലെ ദുഃഖ നിമഗ്നമായിരുന്നു. കണ്ണീരുണങ്ങി വറ്റിയ പാടുകൾ അവന്‍റെ കവിൾത്തടങ്ങളിൽ തങ്ങി നിന്നു. അവൻ മുന്നിൽ വന്നു നിന്നപ്പോൾ ഹുസൈൻ പറഞ്ഞു.

“ആസിഫേ… നീ ഇവരോടൊപ്പം ഡൽഹിയ്ക്കു പോകണം. ഇദ്ദേഹം നിന്നെ കൂടുതൽ പഠിപ്പിച്ച് വലിയ ആളാക്കും. ഇന്നത്തെ കാലത്ത് വെറും എംബിബിഎസ് കൊണ്ട് വലിയ കാര്യമൊന്നുമില്ല. നിന്നെ കൂടുതൽ പഠിപ്പിക്കാനാണെങ്കിൽ എന്‍റെ കൈയ്യിൽ പണവുമില്ല. നീ പഠിച്ച് വലിയ ഡോക്ടറായി വരുന്നതും കാത്ത് ഞങ്ങളിവിടുണ്ടാകും.”

“ബാപ്പ… അങ്ങ് വലിയവനാണ് അങ്ങയെപ്പോലെ ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല.” കണ്ണീരോടെ ആസിഫ് ആ കാൽക്കൽ വീണു കൊണ്ടു പറഞ്ഞു. അവനെ പിടിച്ചെഴുന്നേൽപ്പിച്ച് ഫഹദ് സാറിന്‍റെ കൈകളിൽ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

“ഫഹദ് സാറെ… ഞാനിവനെ അങ്ങയെ ഏൽപ്പിക്കുകയാണ്. എന്‍റെ മകനായിപ്പിറന്നില്ലെങ്കിലും ഇവൻ എനിക്ക് എന്‍റെ മകൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ വിട്ടു തരുമ്പോൾ എന്‍റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്. പക്ഷെ ഇവന്‍റെ നല്ല ഭാവിയ്ക്കു വേണ്ടി ഇവന്‍റെ ശരിയായ ബാപ്പയായ നിങ്ങൾക്ക് ഞാനിവനെത്തരുന്നു…”

അതു പറയുമ്പോൾ ഹുസൈന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ അച്ഛനും, മകനും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്‍റെ അടുത്തു നിന്ന ആരിഫയെയും ആസിഫ് കെട്ടിപ്പിടിച്ചു.

“ഇക്ക പോയി വരാം മോളെ…”

“ഇക്ക വലിയ ഡോക്ടറായി മടങ്ങി വരണം… ഞാൻ കാത്തിരിക്കും.”

“വരാം മോളെ…” ആ നിഷ്ക്കളങ്ക ബാലികയെ ഒരിയ്ക്കൽ കൂടി കെട്ടിപ്പിടിച്ച് മുത്തം നൽകി അവൻ ഞങ്ങളോടൊപ്പം ചേർന്നു. ഹുസൈനോടും, ആരിഫയോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.

അപ്പോൾ ഞങ്ങളെ കാത്തിരിക്കുന്ന ആനന്ദിനേയും നിമിഷയേയും കുറിച്ചോർത്തു. അപ്രതീക്ഷിത സംഭവവികാസങ്ങൾ മൂലം അന്നു രാത്രിയിലത്തെ ഫ്ളൈറ്റിൽ ഞങ്ങൾ മടങ്ങുകയാണെന്ന് ഫോണിലൂടെ അറിയിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നിമിഷ പറഞ്ഞു.

“നിങ്ങൾക്ക് ഒരു മകനെക്കൂടി ലഭിച്ചതറിഞ്ഞ് ഞങ്ങൾ സന്തോഷിക്കുന്നു. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും അനുഗ്രഹങ്ങൾ വാരിച്ചൊരിയുകയാണ്. നിങ്ങൾക്കു വേണ്ടി ഒരു നല്ല വിരുന്നൊരുക്കാൻ ഞങ്ങൾ കാത്തിരുന്നുവെങ്കിലും, നിങ്ങളുടെ ഈ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുകയാണ്. ആസിഫിനേയും കൂട്ടി ഇനിയും നിങ്ങൾ വരണം. ഞങ്ങൾ കാത്തിരിക്കും.” നിമിഷയും ആനന്ദും ഹൃദയപൂർവ്വം ഞങ്ങൾക്ക് മംഗളങ്ങൾ നേർന്നു.

അന്നു രാത്രിയിലത്തെ ഫ്ളൈറ്റിൽ തന്നെ ഞങ്ങൾ ഡൽഹിയ്ക്കു മടങ്ങി. അപ്രതീക്ഷിതമായി ഞങ്ങൾക്കു ലഭിച്ച മകനെ സ്വീകരിക്കുവാൻ ഞങ്ങളുടെ ഫ്ളാറ്റ് ഒരുങ്ങി നിന്നു. ഞങ്ങൾ വരുന്ന വിവരം നേരത്തെ അറിയിച്ചതു കൊണ്ട് അരുണും അരുന്ധതിയും എല്ലാം ഒരുക്കി വച്ച് ഞങ്ങളെ സ്വീകരിക്കുവാൻ കാത്തു നിന്നു. കൂടെ സാരംഗിയുമുണ്ടായിരുന്നു. അവർ ബലൂണുകളും മറ്റും തൂക്കി ഫ്ളാറ്റിൽ ഒരു ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ ചെയ്‌തിരുന്നു. ഞങ്ങൾക്ക് പുതിയതായി ഒരു മകനെക്കൂടി ലഭിച്ചതിൽ ഏറ്റവുമധികം സന്തോഷിച്ചത് അരുന്ധതിയും അരുണുമായിരുന്നു.

ഞങ്ങൾ ഫ്ളാറ്റിൽ തിരികെയെത്തുമ്പോൾ നേരം പുലർന്നു കഴിഞ്ഞിരുന്നു. എയ്റോഡ്രോമിൽ നിന്ന് ഒരു ടാക്സി പിടിച്ച് ഞങ്ങൾ ഫ്ളാറ്റിലെത്തി. ഫ്ളാറ്റിന്‍റെ ഗേറ്റ് കടന്ന് ഞങ്ങൾ കടന്നു വരുന്നതു കണ്ട് അരുൺ ഓടിയെത്തി.

“ഓ… ഫ്ളൈറ്റ് നേരത്തെ എത്തി അല്ലേ മാഡം? എയർപോർട്ടിൽ എത്തിയപ്പോൾ എന്താണ് എന്നെ അറിയിക്കാതിരുന്നത്? ഞാൻ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടു വരുമായിരുന്നല്ലോ?”

അരുൺ പറഞ്ഞതുകേട്ടു ഞാൻ പറഞ്ഞു “ടെർമിനലിൽ നിന്നും ഇറങ്ങിയ ഉടൻ തന്നെ എയർപോർട്ടിൽ നിന്നുള്ള ടാക്സി കിട്ടി, ഞങ്ങളിങ്ങോട്ടു പോന്നു.”

അരുൺ പിന്നെ ഒന്നും പറഞ്ഞില്ല. ആസിഫിനടുത്തെത്തി കൈ കൊടുത്തു കൊണ്ടവൻ പറഞ്ഞു. “ഹലോ ആസിഫ്… ഞാൻ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. താങ്കളെപ്പോലെ ഒരു മകനെ മാഡത്തിനും ഫഹദ് സാറിനും ലഭിച്ചതറിഞ്ഞ് ഞാൻ ഒരു പാടു സന്തോഷിച്ചു.” തുടർന്ന് ആസിഫിന്‍റെ ചുമലിൽ തട്ടിക്കൊണ്ട് അരുൺ പറഞ്ഞു. “ഇത്രയും നല്ല അച്‌ഛനമ്മമാരെ ലഭിച്ച നീ ഭാഗ്യവാനാണ് ആസിഫ്… ഇത്രയും കാലം ഞാൻ ആ ഭാഗ്യം അനുഭവിച്ചവനാണ്… അതുകൊണ്ട് എനിക്കിത് ഉറപ്പിച്ചു പറയാൻ കഴിയും…”

എല്ലാം കേട്ട് ആസിഫ് വെറുതെ പുഞ്ചിരി തൂകി നിന്നു. ഹുസൈനെയും ആരിഫയെയും വിട്ടുപോന്നതിലുള്ള വിഷമം അവന് വിട്ടകന്നിരുന്നില്ല. അപ്പോൾ ഞാൻ ആസിഫിന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“അരുൺ ഞങ്ങളുടെ ദത്തുപുത്രനും കൂടിയാണ്. അരുൺ ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഞാനുണ്ടാകുമായിരുന്നില്ല. മാത്രമല്ല ഫഹദ് സാറും ഞാനുമായുള്ള കൂടിക്കാഴ്ചയും നടക്കുമായിരുന്നില്ല.”

ഞാനതു പറയുമ്പോൾ ആസിഫിന്‍റെ മുഖത്ത് വെറുപ്പ് നിഴലിക്കുന്നതായി തോന്നി. എല്ലാം എന്‍റെ തോന്നലായിരിക്കുമെന്ന് വിചാരിച്ച് സമാധാനിക്കാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും അരുൺ അടുത്തെത്തിപ്പറഞ്ഞു.

“ഓ… എല്ലാം മാഡം വെറുതെ പറയുന്നതാണ് ആസിഫ്… മാഡത്തിന്‍റെ നല്ല മനസ്സാണ് എല്ലാത്തിനും കാരണം. പിന്നെ ഈശ്വര കൃപയും. ഇത്രകാലം മാഡത്തിന് ആരുമില്ലാതിരുന്നതു കൊണ്ട് ഒരു മകന്‍റെ ചുമതലകൾ ഞാൻ നിർവഹിച്ചു പോന്നു എന്നു മാത്രം. ഇനി അത് ആസിഫിന്‍റെ ചുമതലയാണ്. കാരണം ആസിഫ് ഫഹദ്സാറിന്‍റെ യഥാർത്ഥ മകനാണ്.”

“അരുൺ… നീ ചുമതലകൾ വച്ചൊഴിഞ്ഞ് എവിടേയ്ക്കാണ് പോകുന്നത്?” ഞാൻ ഉൽകണ്ഠയോടെ അന്വേഷിച്ചു.

“ഞാൻ… ഞാനൊരു വിദേശയാത്ര പോവുകയാണ് മാഡം. അഞ്ചു വർഷത്തേയ്ക്ക് ഒരു വിദേശ സർവ്വകലാശാലയിൽ വർക്കു ചെയ്യുന്നതിനായി, സാരംഗിയും എന്‍റെ കൂടെ ഉണ്ടാകും.

ആ വാർത്ത എന്നിലുളവാക്കിയത് നടുക്കം മാത്രമല്ല, ഹൃദയത്തെ കുത്തി നോവിക്കുന്ന വേദനയും കൂടിയായിരുന്നു. എന്‍റെ വേദന തിങ്ങിയ മുഖം കണ്ട് എന്നെ സമാശ്വസിപ്പിച്ചു കൊണ്ട് അരുൺ പറഞ്ഞു. മാഡം വിഷമിക്കരുത്… അഞ്ചു വർഷം വളരെ വേഗം കടന്നു പോകും. തിരിച്ചെത്തിയാൽ ഞാൻ മാഡത്തെ വിട്ട് എങ്ങും പോകില്ല. മാഡത്തിന്‍റെ മകനായി ഇവിടത്തന്നെയുണ്ടാകും. ഇപ്പോൾ ഈ യാത്ര എന്നെക്കാൾ കൂടുതലായി സാരംഗി ആഗ്രഹിക്കുന്നു. എനിക്കതു കൊണ്ട് പോകാതിരിയ്ക്കാനാവില്ല മാഡം…

അപ്പോൾ അല്പം അകന്നു നിന്ന് അരുന്ധതിയും കണ്ണ് തുടയ്ക്കുന്നതു കണ്ടു. തന്നെക്കാളേറെ വേദന സഹിയ്ക്കുന്നത് അവരാണെന്നോർത്തപ്പോൾ സ്വയം നിയന്ത്രിച്ചു. അല്പ സമയത്തിനുള്ളിൽ പൊട്ടിച്ചിരികളും, തമാശകളുമായി അരുൺ രംഗം കീഴടക്കി. അതോടെ ദുഃഖമയമായ ആ അന്തരീക്ഷത്തിന് അയവു വന്നു. അരുൺ ഫ്ളാറ്റിലുള്ള ഏതാനും പേരെയും അങ്ങോട്ടു ക്ഷണിച്ചിരുന്നു. നേരം നല്ലവണ്ണം പുലർന്നതോടെ അവരെല്ലാം എത്തിച്ചേർന്നു. എല്ലാവർക്കും ആസിഫിനെ പരിചയപ്പെടുത്തിക്കൊടുത്തത് അരുൺ തന്നെയാണ്. പിന്നെ ചെറിയ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാവർക്കും നൽകി. ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും ഒഴിഞ്ഞു പോയപ്പോൾ അരുൺ പറഞ്ഞു.

“ഇനി ഞങ്ങളും ഇറങ്ങുകയാണ് മാഡം. ഫോറിനിൽ പോകുന്നതിനോടനുബന്ധിച്ച് ചില കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട്.”

അരുണും അരുന്ധതിയും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഏതോ അസഹനീയമായ വേദന മനസ്സിനെ മഥിച്ചു.

അപ്പോൾ ഫഹദ് സാർ അടുത്തെത്തി എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“അരുണിന്‍റെ നല്ല മനസ്സ് അവനെ ഉയർന്ന നിലയിൽ എത്തിക്കും. അതോർത്ത് നമുക്കാശ്വസിക്കാം.”

ആസിഫാകട്ടെ എല്ലാം കണ്ടും കേട്ടും ഒരപരിചിതനെപ്പോലെ അപ്പോൾ മാറി നിൽക്കുകയായിരുന്നു. അവന് എല്ലാറ്റിനോടും യോജിക്കാൻ എന്തോ വിഷമമുള്ളതു പോലെ തോന്നി. ഫഹദ് സാർ അവന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“ഇവിടെയുള്ളവർ എല്ലാവരും നല്ലവരാണ് ആസിഫ്… കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിനക്ക് എല്ലാറ്റിനോടും പൊരുത്തപ്പെടാൻ കഴിയും. ഇപ്പോൾ പോയി കുളിച്ചു വന്നോളൂ. നമുക്ക് ഉച്ചയ്ക്ക് പുറത്തു പോയി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് വരാം. അതിനു മുമ്പ് വേണമെങ്കിൽ ഡൽഹിയിൽ എല്ലായിടവും ചുറ്റി നടന്നു കാണാം.

അതോടെ ആസിഫ് വൈക്ലബ്യം മാറ്റി ഉത്സാഹവാനായി. അവന്‍റെ സ്വന്തം ബാപ്പയുടെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ ഉൻമേഷവാനായിത്തീർന്ന അവനെക്കണ്ട് ഞാൻ പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും പുറത്തു പോയി കാഴ്ചകൾ കണ്ടു വന്നോളൂ… ഞാൻ അപ്പോഴേയ്ക്കും ലഞ്ച് റെഡിയാക്കാം…”

“അതു വേണ്ട മീരാ… തനിക്കിന്ന് യാത്രാക്ഷീണമുണ്ടാകും. താൻ റെസ്റ്റേടുത്തോളൂ… നമുക്ക് അല്പം കഴിഞ്ഞ് പുറത്തു പോകാം..”

ഫഹദ് സാർ നിർദ്ദേശിച്ചതു കേട്ട് ഞാൻ അകത്തേയ്ക്കു നടന്നു. സത്യത്തിൽ തലേദിവസത്തെ യാത്രാക്ഷീണത്തോടൊപ്പം ഉറക്ക ക്ഷീണവും എന്നെ തളർത്തിയിരുന്നു.

എന്നാൽ ആസിഫിനെ തുടക്കത്തിൽ തന്നെ എന്നെപ്പറ്റി എന്തുതോന്നും എന്നോർത്ത് പറഞ്ഞതാണ്. ആൺകുട്ടികൾക്കെപ്പോഴും സ്വന്തം അമ്മമാർ പാകം ചെയ്‌ത് ഉണ്ടാക്കുന്ന ആഹാരം കഴിയ്ക്കാനായിരിക്കും താൽപര്യം. അത്തരത്തിൽ അമ്മയുടെ സ്‌ഥാനം ഊട്ടി ഉറപ്പിയ്ക്കുവാനുള്ള ഒരു ശ്രമവും കൂടിയായിരുന്നു അത്. എന്നാൽ ആസിഫിന്‍റെ ഉള്ളിൽ ഞാൻ ശത്രുസ്‌ഥാനത്താണ് നിലക്കൊള്ളുന്നതെന്ന സത്യം വളരെ പതുക്കെയാണ് ഞാൻ മനസ്സിലാക്കിയത്. തന്‍റെ ഉമ്മയുടെ ജീവിതം തച്ചുടച്ച ശത്രുവിന്‍റെ സ്‌ഥാനത്ത് അവൻ എന്നെ കണ്ടു.

അന്ന് ഫഹദ് സാറിനോടൊപ്പം കാറിൽ ചുറ്റിയടിക്കുമ്പോഴെല്ലാം ആസിഫ് കനത്ത മൗനത്തിലായിരുന്നു. എന്തോ കനത്ത ഭാരം ഹൃദയത്തിലിറക്കി വച്ചതു പോലെ അവൻ വീർപ്പുമുട്ടി. എന്നെ കാണുമ്പോഴെല്ലാം ആ വീർപ്പുമുട്ടൽ കൂടിക്കൂടി വന്നു. അവനെ സന്തോഷിപ്പിക്കുവാനുള്ള ഫഹദ് സാറിന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഒടുവിൽ ആ വീർപ്പുമുട്ടലിന്‍റെ കാരണം ഞാൻ കണ്ടെത്തി. എന്‍റെ സാന്നിദ്ധ്യമാണ് ആ വീർപ്പുമുട്ടലിനു കാരണം. ഞാൻ അകന്നു മാറുമ്പോഴെല്ലാം ആസിഫ് സന്തോഷവാനായിരുന്നു. തന്‍റെ ബാപ്പയുടെ ഹൃദയം ഒരന്യ സ്ത്രീയുടെ കൈയ്യിലാണെന്ന മട്ടിൽ അവൻ അതിനെ ബലമായി അടർത്തിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവന്‍റെ കണ്ണിൽ ഞാനൊരു നീച സ്ത്രീയായിരുന്നു. അവന്‍റെ ബാപ്പയിൽ നിന്നും അവന്‍റെ ഉമ്മയെ അകറ്റിയ നീച സ്ത്രീ.

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ആസിഫിന് ഡൽഹി എയിംസിൽ ഒരഡ്മിഷനു പ്രയാസമുണ്ടായിരുന്നില്ല. കാരണം അവന് എംഡിയുടെ അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ മൂന്നാം സ്‌ഥാനമുണ്ടായിരുന്നു. അങ്ങിനെ ആഗ്രഹിച്ചിടത്തു തന്നെ അവന് പഠിക്കുവാൻ കഴിഞ്ഞു.

ഫഹദ് സാർ ഏറെ ഉൻമേഷവാനായി കാണപ്പെട്ടു. ഒരു കാര്യത്തിലൊഴിച്ച്, എന്നോടുള്ള അവന്‍റെ സമീപനത്തിൽ അദ്ദേഹം ഏറെ കുണ്ഠിതപ്പെട്ടു. ഞാൻ പാകം ചെയ്യുന്ന ആഹാരം പോലും അവൻ കഴിയ്ക്കാൻ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു ദിവസം അവൻ പറഞ്ഞു.

“ഞാൻ കാന്‍റീനിൽ നിന്ന് ആഹാരം കഴിച്ചോളാം… ബാപ്പ എനിക്ക് പൈസ തന്നാൽ മതി.”

“അതെന്തിനാ ആസിഫേ… മീര എല്ലാം പാകം ചെയ്‌ത് നിനക്ക് തന്നയ്ക്കുന്നുണ്ടല്ലോ…” എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞത്.

“അത് ബാപ്പ… വീട്ടിലുണ്ടാക്കുന്ന ആഹാരം എനിക്ക് പണ്ടെ ശീലമില്ല. ഉമ്മ മരിച്ചതിൽപ്പിന്നെ പുറത്തു നിന്നാണ് ഞാൻ ആഹാരം കഴിച്ചു കൊണ്ടിരുന്നത്. എനിക്കതേ പിടിക്കുകയുള്ളൂ…”

ഫഹദ് സാർ പിന്നെ അവനെ നിർബന്ധിച്ചില്ല. അവന്‍റെ ഒഴിഞ്ഞുമാറ്റം എന്തു കൊണ്ടെന്ന ഫഹദ്സാറിനും എനിക്കും മനസ്സിലാകുമായിരുന്നു. നാളുകൾ ചെല്ലുന്തോറും അവൻ എന്നിൽ നിന്ന് കൂടുതൽ അസ്വസ്ഥതയോടെ അകന്നു മാറിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു ദിവസം അവൻ പറഞ്ഞു.

“ബാപ്പാ… ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിച്ചോളാം… അതാകുമ്പോൾ ദിവസവും എന്നെ കൊണ്ടുപോയാക്കുന്നതിനുള്ള ബാപ്പയുടെ ബുദ്ധിമുട്ട് ഒഴിവാകുമല്ലോ. പിന്നെ തിരിച്ചുള്ള ബസ്സ് യാത്രയുടെ പൈസയും ലാഭിക്കാം…”

അവന്‍റെ ഓരോ വാക്കും എന്നിലും, ഫഹദ് സാറിലും കനത്ത ആഘാതമേല്പിച്ചു കൊണ്ടിരുന്നു. അവന്‍റെ മാതാപിതാക്കളാകാനുള്ള ഞങ്ങളുടെ പരിശ്രമത്തെ അവൻ പുല്ലു പോലെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഫഹദ് സാറെന്ന ബാപ്പയുടെ സാന്നിദ്ധ്യം അവൻ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്‍റെ സാന്നിദ്ധ്യം ഒരു പിശാചിനിയുടേതെന്ന പോലെ അവനെ വിറളി പിടിപ്പിച്ചു. തന്‍റെ ഉമ്മയുടെ ശത്രു തന്‍റേയും ശത്രുവാണെന്ന് അവൻ വിധിയെഴുതി.

ഒടുവിൽ ഹോസ്റ്റലിൽ ചേരുവാനുള്ള അവന്‍റെ ഉദ്യമത്തെ ഫഹദ് സാറിന് അനുകൂലിക്കേണ്ടി വന്നു. മുറിവേറ്റ മനസ്സുമായി ഞങ്ങളുടെ മുന്നിലൂടെ നാളുകൾ കടന്നു പോയ്ക്കോണ്ടിരുന്നു. ഒരു മകനെ ലഭിച്ചതിലുള്ള അമിതാഹ്ലാദത്തിൽ നിന്ന് വേദനയുടെ പടുകുഴിയിലേയ്ക്ക് ഞങ്ങൾ നിപതിച്ചു. അവന്‍റെ അടുത്തെത്തുമ്പോൾ വാത്സല്യാതിരേകത്താൽ ത്രസിച്ചു കൊണ്ടിരുന്ന എന്നെ വെറുപ്പിന്‍റെ കൂർത്ത നോട്ടങ്ങളയച്ച് അവൻ മുറിവേല്പിച്ചു കൊണ്ടിരുന്നു. അങ്ങിനെ ആറുമാസം തികയാറായി. ഒരിയ്ക്കൽ കോളേജിൽ വച്ച് ഒരു ഫോൺ കോൾ ഞങ്ങളെ തേടി വന്നു ആസിഫിന്‍റെ ഹോസ്റ്റൽ വാർഡന്‍റേതായിരുന്നു അത്.

“ആസിഫ് ഹാഡ് ആൻ ആക്സിഡേന്‍റ്… ഹി ഈസ് ഇൻ ദ റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ…”

ആ വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ഹോസ്പിറ്റലിൽ ഓടിയണഞ്ഞ ഞങ്ങൾക്കറിയാൻ കഴിഞ്ഞത് ആസിഫ് ഐസിയുവിലാണെന്നും സീരിയസ് കൺഡീഷനിലാണെന്നുമാണ്. അവനെ ഒരു നോക്കു കാണുവാൻ ഞങ്ങൾ പരിശ്രമിച്ചു.

ഡോക്ടർ പറഞ്ഞതനുസരിച്ച് ഓപ്പറേഷനാവശ്യമായ രക്തം സംഘടിപ്പിക്കുവാൻ ഞങ്ങൾ ഓടി നടന്നു. ബ്ലഡ് ബാങ്കിൽ നിന്നും ലഭിച്ച രക്തം തികയാതെ വന്നപ്പോൾ എന്‍റെ രക്തം നൽകി ആ പ്രതിസന്ധിയെ തരണം ചെയ്‌തു. എന്‍റെ രക്ത ഗ്രൂപ്പു തന്നെയാണ് ആസിഫിന്‍റേതുമെന്നറിഞ്ഞപ്പോൾ മാത്രമാണ് ഞങ്ങൾക്ക് ആശ്വാസമായത്.

അവന്‍റെ കാലിനായിരുന്നു കൂടുതൽ പരിക്ക് പറ്റിയത്. പിന്നെ ബൈക്ക് വന്ന് ദേഹത്തേയ്ക്ക് മറിഞ്ഞു വീണതു മൂലം വയറിന്‍റെ ഭാഗങ്ങൾക്കും പരുക്കു പറ്റിയിരുന്നു. അടിയന്തിരമായി ആസിഫിന് ഓപ്പറേഷൻ നടത്തിയതിനാൽ അപകടസന്ധി തരണം ചെയ്യുവാൻ അവന് കഴിഞ്ഞു. എങ്കിലും ഇരുപത്തിനാലുമണിക്കൂർ കഴിയാതെ ഒന്നും പറയുവാനാവുകയില്ലെന്ന് ഡോക്ടർ പറഞ്ഞു.

വാർദ്ധക്യ കാലത്ത് അപ്രതീക്ഷിതമായി ഞങ്ങൾക്കു കിട്ടിയ വരമായിരുന്നു ആസിഫ്. ഹൃദയം കൊണ്ട് അവൻ ഞങ്ങളോട് അകന്നു നിന്നുവെങ്കിലും ഞങ്ങൾക്കവൻ ഹൃദയത്തിന്‍റെ ഭാഗമായിരുന്നു…

ഒരിയ്ക്കൽ കൂടി ഒരു മകനെ നഷ്ടപ്പെടുവാൻ ഞങ്ങളൊരുക്കമായിരുന്നില്ല. അല്പകാലമെ ആയുള്ളുവെങ്കിലും ജീവിതത്തിൽ ആകസ്മികമായി ലഭിച്ച ഈ സൗഭാഗ്യത്തെ ഞങ്ങൾ മാറോടണച്ചു കഴിഞ്ഞിരുന്നു.

ഒരിയ്ക്കൽ കൂടി വരമായി നൽകിയ ഈ സൗഭാഗ്യത്തെ ഈശ്വരൻ തട്ടിപ്പറിക്കുമോ? ഞങ്ങളുടെ മനസ്സ് അലകടൽ പോലെ ഇളകി മറിഞ്ഞു കൊണ്ടിരുന്നു. ആസിഫിനു വേണ്ടി വഴിപാടുകൾ നേർന്നു കൊണ്ട് ഞങ്ങൾ ഐസിയുവിനു മുന്നിൽ കാവലിരുന്നു. അപ്പോഴാണ് ഫഹദ് സാർ ഓർമ്മിച്ചത്.

“ഹുസൈനെ കാര്യങ്ങൾ അറിയിക്കണ്ടെ? പിന്നീടെന്തെങ്കിലും സംഭവിച്ചാൽ ഹുസൈൻ കാര്യങ്ങൾ അറിയിക്കാത്തതിൽ നമ്മെളെ കുറ്റപ്പെടുത്തുകയില്ലേ?”

അതു ശരിയാണെന്ന് ഞാനും പിന്താങ്ങി. അങ്ങിനെ ഫഹദ് സാർ ഹുസൈനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. കാര്യങ്ങൾ എല്ലാം കേട്ടയുടനെ ഹുസൈൻ സംഭ്രാന്തനായി പറഞ്ഞു.

“അള്ളാ എന്‍റെ കുട്ടിയെ കാത്തുരക്ഷിക്കുമെന്നെനിക്കുറപ്പുണ്ട്. എങ്കിലും മനസ്സു പിടയുകയാണ്. ഞാൻ എങ്ങിനെയും ഇന്നു തന്നെ അവിടെ എത്താൻ നോക്കാം…”

അന്ന് വൈകുന്നേരത്തെ ഫ്ളൈറ്റിൽ ഹുസൈനും ആരിഫയും എത്തിച്ചേർന്നു. ഫഹദ് സാർ അവർക്കു വേണ്ടി രണ്ടു ഫ്ളൈറ്റ് ടിക്കറ്റുകൾ ബുക്കു ചെയ്‌തിരുന്നു.

“എവിടെ എന്‍റെ പൊന്നുമോൻ… അവന് എന്താണ് പറ്റിയത് സാറെ? പത്തിരുപത്തിമൂന്നു വയസ്സുവരെ ഒരു പോറൽ പോലുമേൽക്കാതെയാണ് ഞാൻ അവനെ വളർത്തിയത്.” ഹുസൈൻ പൊട്ടിക്കരഞ്ഞു കൊണ്ട് ഞങ്ങളുടെ സമീപമെത്തി.

“ആസിഫിപ്പോൾ അപകടനില തരണം ചെയ്‌തു കഴിഞ്ഞു ഹുസൈൻ… പേടിയ്ക്കാനൊന്നുമില്ല.”

ഹുസൈനെ ആശ്വസിപ്പിയ്ക്കാനായി ഫഹദ് സാർ പറഞ്ഞു. എങ്കിലും ഫഹദ് സാർ പറഞ്ഞത് പൂർണ്ണമായും സത്യമല്ലെന്ന് ഹുസൈന് മനസ്സിലായി. അയാൾ കരഞ്ഞു കൊണ്ട് വീണ്ടും ചോദിച്ചു.

“എവിടെ എന്‍റെ മോൻ സാറെ… എനിക്കൊന്നു കാണിച്ചു തരൂ…”

ഫഹദ് സാർ ഹുസൈനെ ഐസിയുവിന്‍റെ വെന്‍റിലേറ്ററിലൂടെ ആസിഫിനെ കാണിച്ചു കൊടുത്തപ്പോൾ മാത്രമാണ് അയാൾ അല്പം ശാന്തനായത്. അയാളുടെ കൈപിടിച്ചു നിന്ന ആരിഫയും അപ്പോൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

“എന്‍റെ ഇക്ക… ഇക്കയ്ക്കെന്താണ് പറ്റിയത്? ഇക്കായ്ക്ക് ബോധമില്ലേ ബാപ്പ?” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു കൊണ്ടിരുന്നു.

ഞങ്ങൾ സ്വയം ആശ്വസിപ്പിക്കാൻ വിഫലമായി ശ്രമിക്കുമ്പോൾ മറ്റു രണ്ടുപേരെക്കൂടി ആശ്വസിപ്പിയ്ക്കേണ്ട ചുമതല കൂടി ഞങ്ങൾക്കു വന്നു ചേർന്നു.

അന്നു രാത്രി മുഴുവൻ എട്ടുകണ്ണുകൾ കണ്ണിമയ്ക്കാതെ പ്രാർത്ഥയുമായി ഐസിയുവിനു മുന്നിൽ കാവലിരുന്നു. ഒടുവിൽ പിറ്റേ ദിവസം ഡോക്ടർ ആശ്വാസപ്രദമായ ആ വാർത്ത നൽകി.

“ആസിഫ് അപകട നില പൂർണ്ണമായും തരണം ചെയ്‌തിരിക്കുന്നു.”

ആസിഫ് ഒരു ഡോക്ടറായതു കൊണ്ടും കൂടിയാകാം ഡോക്ടർമാർ അവന് പ്രത്യേക ശ്രദ്ധ നൽകി ചികിത്സിച്ചിരുന്നു.

ഒടുവിൽ നാലാം ദിനം അവനെ വാർഡിലേയ്ക്കു മാറ്റുമ്പോൾ ഞങ്ങൾ ആശ്വാസ നിശ്വാസങ്ങളുതിർത്തു. ഒരു കൊടുങ്കാറ്റൊഴിഞ്ഞു പോയതു പോലെ ഞങ്ങൾക്കനുഭവപ്പെട്ടു. ആസിഫിനെ വാർഡിലേയ്ക്ക് കൊണ്ടുവന്നതോടെ ഹുസൈനും ആശ്വാസമായി. ആസിഫിന്‍റെ അടുത്തെത്തി ഹുസൈൻ പറഞ്ഞു.

“അള്ളാ കാത്തു… അല്ലെങ്കിൽ ഞമ്മളും നിന്‍റൊപ്പം പോരേണ്ടി വന്നേനെ. ഈ ജീവിതം തന്നെ മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ…”

അതുകേട്ട് ആസിഫ് പറഞ്ഞു “ബാപ്പ ഇങ്ങനെയൊന്നും പറയരുത്… ബാപ്പയുടെ പ്രാർത്ഥന എന്നോടൊപ്പം ഉള്ളിടത്തോളം കാലം എനിക്കൊന്നും പറ്റുകയില്ല.”

“അതുശരിയാണ് മോനെ. ഞമ്മക്കെപ്പോഴും നിന്നെക്കുറിച്ചു മാത്രമേ പ്രാർത്ഥിക്കാനുള്ളൂ. പിന്നെ ആരിഫാനെക്കുറിച്ചും. നിങ്ങളു രണ്ടുപേരും ഈ ഭൂമിയിൽ സുഖമായിരിക്കുന്നതു കണ്ടാലെ ഞമ്മക്കും സുഖമുണ്ടാവുകയുള്ളൂ….”

“ബാപ്പ…” ആസിഫ് വികാര വിവശനായി വിളിച്ചു. പിന്നെ കരഞ്ഞു കൊണ്ടു നിന്ന ആരിഫയെ അടുത്തു വിളിച്ചു നിർത്തി പറഞ്ഞു.

“പൊട്ടിപ്പെണ്ണെ… നീയെന്തിനാ കരയുന്നേ? ഇക്കായ്ക്ക് ഒന്നും പറ്റിയിട്ടില്ലാ മോളെ…”

“ഇക്കാ ഇനി ബൈക്കിലൊന്നും പോകണ്ട എനിക്ക് പേടിയാ…” ആരിഫ കരഞ്ഞു കൊണ്ടു പറയുന്നതു കേട്ടപ്പോൾ ആസിഫ് പറഞ്ഞു.

“ബൈക്ക് ഓടിച്ചത് ഇക്കയല്ല മോളെ… ഇക്കായുടെ ഒരു കൂട്ടുകാരനാ… ഇക്കാ ഓടിച്ചിരുന്നെങ്കിൽ ഈ അപകടമൊന്നും പറ്റുകയില്ലായിരുന്നു…”

“ഒന്നും വേണ്ടാ ഇക്കാ… ഇക്കാ ഇനി കാറോടിച്ചാ മതി… ഇക്കാ ഒരു ഡോക്ടറല്ലെ. കാറു വാങ്ങിയാ മതി. ഇക്കാ കാറു വാങ്ങിയിട്ടു വേണം എനിക്കു സ്ക്കൂളിൽ എല്ലാവരോടും പറയാൻ ഞങ്ങൾക്കും കാറുണ്ടെന്ന്…”

ആരിഫാ തന്‍റെ കൊച്ചു സ്വപ്നങ്ങൾ പുഞ്ചിരിയോടെ ഇക്കായുടെ മുമ്പിൽ നിരത്തി വച്ചു. അതുകേട്ട് അറിയാതെ ഒരു പുഞ്ചിരി ഞങ്ങളുടെയെല്ലാം മുഖത്തു വിരിഞ്ഞു. അതോടെ ദുഃഖം ഖനീഭവിച്ചു നിന്ന ആ അന്തരീക്ഷത്തിന് അയവു വരികയും ചെയ്‌തു.

ആരിഫായും ഹുസൈനും അന്നു തന്നെ മടങ്ങി. ഫഹദ് സാറും ഞാനും ആസിഫിന്‍റെ അടുത്തു നിന്ന് മാറി മാറി ശുശ്രൂഷിച്ചു. ഫഹദ് സാർ ഒരാഴ്ചത്തേയ്ക്കും ഞാൻ ലീവ് ഒരു മാസത്തേയ്ക്കും നീട്ടിയെടുത്തു. ഇപ്പോൾ ഞാനടുത്തെത്തുമ്പോഴുള്ള ആസിഫിന്‍റെ നിലപാടിന് അയവു വന്നിരുന്നു.

അവന്‍റെ കണ്ണുകൾ ഒരുമ്മയുടെ സാമീപ്യം കൊതിയ്ക്കുന്നതായി ഞാൻ മനസ്സിലാക്കി. ആ അവസരം മുതലെടുത്ത് നന്നായി ഞാനും പെരുമാറി. അവന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വച്ചു കൊണ്ട് ഞാനടുത്തു നിന്നു. ക്രമേണ എന്നെക്കാണുമ്പോൾ വെറുപ്പ് നിഴലിച്ചിരുന്ന ആ കണ്ണുകളിൽ  സ്നേഹം നാമ്പെടുത്തു തുടങ്ങി. ഉമ്മായെന്ന് എന്നെ വിളിയ്ക്കുവാൻ അവൻ കൊതിയ്ക്കുന്നതായി എനിക്കു തോന്നി.

ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ആസിഫിനെ വീൽചെയറിലിരുത്തി ഞങ്ങൾ വാർഡിനു പുറത്തേയ്ക്ക് കൊണ്ടു പോയിത്തുടങ്ങി. ഒരു ദിവസം ആസിഫിനെ വീൽചെയറിലിരുത്തി ഉന്തുമ്പോൾ അവൻ എന്നോടു പറഞ്ഞു.

“നിങ്ങളിപ്പോൾ എനിക്ക് എന്‍റെ സ്വന്തം ഉമ്മായെ പോലെയാണ്. എന്‍റെ ഉമ്മായുണ്ടായിരുന്നെങ്കിൽ എന്നെ ഇത്രത്തോളം സ്നേഹിക്കുമായിരുന്നോ എന്നെനിക്ക് സംശയം തോന്നുന്നു. ഉമ്മാ പറഞ്ഞതു കേട്ട് ഞാനും നിങ്ങളെ തെറ്റിദ്ധരിച്ചതിൽ ഇപ്പോൾ വിഷമം തോന്നുന്നു. നിങ്ങൾ നന്മയുള്ളവളാണ്. നിങ്ങൾക്കൊരിയ്ക്കലും എന്‍റെ ബാപ്പയെ എന്‍റെ ഉമ്മായിൽ നിന്ന് അകറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല…”

ആ വാക്കുകൾ കേട്ട് ഒരു മഞ്ഞുമഴയിലെന്ന പോലെ ഞാൻ കുളിർന്നു നിന്നു. ഈശ്വരന്‍റെ കാരുണ്യം പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും നമുക്കു ലഭിക്കുക. ഒരു രക്ഷിതാവിനെപ്പോലെ ചിലപ്പോൾ ഒരു കൈകൊണ്ടു തല്ലുമ്പോൾ മറ്റേ കൈകൊണ്ടു തലോടാനും അദ്ദേഹം മറക്കില്ല.

“ഞാൻ നിങ്ങളെ ഉമ്മായെന്നു വിളിച്ചോട്ടെ… എന്‍റെ ഉമ്മാ മരിച്ചശേഷം എനിക്കങ്ങനെ ആരേയും വിളിക്കാൻ പറ്റിയിട്ടില്ല.”

ആസിഫിന്‍റെ വാക്കുകൾ തേങ്ങലിൽ കുരുങ്ങി നിന്നു. അതുകേട്ട് ഒരു മകനെയെന്നതു പോലെ അവനെ മാറോടണച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ആസിഫ് എനിക്കെന്‍റെ സ്വന്തം മകൻ തന്നെയാണ്. ഫഹദ് സാർ നിന്‍റെ ബാപ്പയാണെങ്കിൽ ഞാൻ നിന്‍റെ ഉമ്മയാകാതിരിയ്ക്കുന്നതെങ്ങിനെ?”

ആസിഫിന്‍റെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുകൾ അടർന്ന് എന്‍റെ കൈകളിൽ വീണു. ആ കണ്ണുകളിലെ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

“ആസിഫിനെ കണ്ടനാൾ മുതൽ നീ എനിക്ക് മകൻ തന്നെയാണ്. നീയും അരുണും എനിക്ക് പിറക്കാതെ പോയ രണ്ടു മക്കൾ കാരണം ഫഹദ് സാറിനെ കണ്ട അന്നു മുതൽ നീ എന്‍റെ ഹൃദയത്തിൽ നാമ്പെടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അരുണിനേക്കാൾ പ്രായം കൊണ്ട് ചെറുപ്പമെങ്കിലും നീ തന്നെയാണ് എന്‍റെ മൂത്തമകൻ.”

എന്‍റെ വാക്കുകൾ ഉൾക്കൊണ്ടിട്ടെന്നപോലെ ആസിഫ് പുഞ്ചിരിച്ചു.

വീട്ടിൽത്തിരിച്ചെത്തിയ ശേഷവും ആസിഫിന് കുറച്ചു നാൾ വീൽ ചെയറിൽ തുടരേണ്ടി വന്നു. ഞാനും ഫഹദ് സാറും മാറി മാറി ലീവെടുത്ത് നിന്ന് ആസിഫിനെ ശുശ്രൂഷിച്ചു. ആ കാലയളവിൽ അവൻ ഞങ്ങളോട് വളരെയേറെ അടുത്തു. ജീവിതത്തിൽ സംഭവിച്ച അപരിഹാര്യമായ നഷ്ടങ്ങളുടെ വിടവു നികത്തുന്നതിൽ ഞങ്ങൾ പരസ്പരം മത്സരിച്ചു.

തനിക്കു നഷ്ടമായ ഉമ്മയേയും ബാപ്പയേയും തിരികെ ലഭിച്ചതിൽ ആസിഫും ആസിഫ് എന്ന മകനെ ലഭിച്ചതിൽ ഞങ്ങളും മതിമറന്ന് സന്തോഷിച്ചു. സ്നേഹമെന്ന വില തീരാത്ത അമൂല്യരത്നത്താല്‍ ഞങ്ങൾ ആ സന്തോഷത്തിന്‍റെ മാറ്റു കൂട്ടിക്കൊണ്ടിരുന്നു. ആനന്ദനിമഗ്നമായി ദിവസങ്ങളും, മാസങ്ങളും പറന്നു പൊയ്ക്കൊണ്ടിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 38

“സാറെന്താ മൃതസഞ്ജീവനി ആണോ കൊണ്ടു നടക്കുന്നത്? ആനന്ദ് നിമിഷയെ കളിയാക്കി കൊണ്ടു ചോദിച്ചു.”

“ആട്ടെ… നിങ്ങളുടെ വിവാഹം എപ്പോഴാണ് കഴിഞ്ഞത്? ഇതിനിടയിൽ ഇങ്ങനെയൊരു നാടകം അരങ്ങേറിയത് ഞങ്ങളറിഞ്ഞില്ലല്ലോ…” എന്‍റെ ചോദ്യം കേട്ട് നിമിഷ പറഞ്ഞു.

“നീ മാത്രമേ അതറിയാതുള്ളൂ മീരാ… ഫഹദ് സാർ ഞങ്ങളുടെ കല്യാണത്തിന് വന്നിരുന്നു.”

“അല്ലെങ്കിലും നീയൊരു കള്ളിയാണ് നിമിഷ. നീ എന്നിൽ നിന്നും എല്ലാം മറച്ചു വച്ചു.” ഞാൻ പരിഭവിച്ചതു കേട്ട് നിമിഷ ചിരിയോടെ പറഞ്ഞു.

“എനിക്ക് ആനന്ദിനോട് പ്രേമവും, മണ്ണാങ്കട്ടയുമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. പിന്നെ കോഴ്സു കഴിഞ്ഞ് രണ്ടുപേർക്കും ഒരേ കോളേജിൽ ജോലിയായപ്പോൾ ഇവൻ എന്‍റെ വീട്ടിൽ വന്ന് പെണ്ണു ചോദിച്ചു. എനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ വിവാഹ നിശ്ചയം കഴിഞ്ഞാണ് ഞങ്ങൾ പ്രണയിച്ചത്.”

അങ്ങിനെ പൊട്ടിച്ചിരികളും തമാശകളുമായി ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയ കഴിഞ്ഞ കാലം ഞങ്ങൾ അയവിറക്കിക്കൊണ്ടിരുന്നു. ഇതിനിടയിൽ നിമിഷയും ആനന്ദും തങ്ങളുടെ മക്കളുടെ കാര്യങ്ങൾ പറഞ്ഞു.

“മകൾ ആത്മ വിവാഹം കഴിഞ്ഞ് ബഹ്റിനിലാണ് മകൻ ആശിശ് ഫോറിനിൽ തന്നെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു പഠിച്ചുകൊണ്ടിരിക്കുന്നു. അവനൊരു ലൗവറുണ്ട്. ഒരു ഫോറിൻ പെൺകുട്ടി. അടുത്തു തന്നെ അവരുടെ വിവാഹം നടത്തിക്കൊടുക്കാനിരിക്കുകയാണ് ഞങ്ങൾ. നിങ്ങൾ ഇരുവരും ആ വിവാഹത്തിൽ പങ്കുകൊള്ളണം.” അങ്ങനെ വിശേഷങ്ങൾ പങ്കിട്ട് സമയം പോയത് അറിഞ്ഞില്ല. ഒടുവിൽ നിമിഷയും ആനന്ദും തങ്ങളുടെ ക്ലാസ്സ് മുറികളിലേയ്ക്ക് മടങ്ങിപ്പോകുവാൻ സമയമായെന്നറിയിച്ചു.

മടങ്ങിപ്പോകുമ്പോൾ അവർ ഞങ്ങളെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു. “നിങ്ങൾ ഇരുവരേയും ഞങ്ങളുടെ വീട്ടിലേയ്ക്ക് വിരുന്നുണ്ണാൻ ക്ഷണിക്കുന്നു.”

“അതിന് ഞങ്ങൾ നവദമ്പതികളൊന്നുമല്ലല്ലോ നിമിഷ. പണ്ടേ വിവാഹിതരായവരല്ലേ?” ഫഹദ്സാർ ചോദിച്ചതു കേട്ട് നിമിഷ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഇപ്പോഴാണ് ശരിയ്ക്കും ദമ്പതിമാരായത്. നവദമ്പതിമാർ… ഇനി മരണം വരെ നിങ്ങളെ പിരിയ്ക്കുവാൻ ഈ ലോകത്ത് ഒരു ശക്‌തിക്കുമാവില്ല.”

“ശരിയാണ് നിമിഷ പറഞ്ഞത്. ഇനി ഞങ്ങളിലൊരാളുടെ മരണം വരെ ഒരു വേർപിരിയൽ അസാദ്ധ്യമാണ്. ഈ ലോകത്തിൽ ഇത്രത്തോളം ദൃഢതരമായ മറ്റൊരു സ്നേഹബന്ധം ഉണ്ടാവുകയില്ല. അല്ലേ മീര?” ഫഹദ് സാർ മീരയെ നോക്കി ചോദിച്ചു.

“ശരിയാണ് ഫഹദ് സാർ, കാലം ഉലയിൽ ഉരുക്കി വിളക്കിച്ചേർത്ത രത്നങ്ങളാണ് നിങ്ങളിരുവരും. ഈ ബന്ധം അത്രത്തോളം ദൃഢതരമായിരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഏതായാലും നാളെത്തന്നെ നിങ്ങൾ ഞങ്ങളുടെ വീട്ടിൽ അതിഥികളായെത്തുമെന്നു വിചാരിക്കുന്നു.”

ആനന്ദ് സഹർഷം പുറഞ്ഞു. പിന്നീടവർ യാത്ര പറഞ്ഞ് കോളേജിലെ ക്ലാസ്സ് മുറികളിലേയ്ക്കു പോയി.

ഞങ്ങൾ കോളേജിനു പുറത്തിറങ്ങിയപ്പോൾ സമയം മൂന്നു മണിയോടടുത്തു കാണും. പുറത്ത് വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. വയറ്റിൽ വിശപ്പ് കാഹളം ഊതിത്തുടങ്ങിയിരുന്നു. അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ആഹാരം കഴിച്ച ശേഷം തൊട്ടടുത്തുള്ള സുഭാഷ്പാർക്കിലേയ്ക്ക് നടന്നു. പാർക്കിലേയ്ക്ക് നടക്കുന്നതിനു മുമ്പ് അടുത്തുള്ള ശിവക്ഷേത്രത്തിന്‍റെ കവാടത്തിനു മുന്നിൽ നിന്ന് അല്പനേരം ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. “ഇനിയുള്ള ജീവിതത്തിൽ സൗഖ്യവും, സന്തോഷവും നൽകി ഒരു പ്രാണനായി ജീവിയ്ക്കാൻ ഞങ്ങളിരുവരേയും അനുഗ്രഹിക്കണേ” എന്ന്. തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി സുസ്മേരവദനനായി നില്ക്കുന്ന ഫഹദ് സാറിനെയാണ് കണ്ടത്. “എന്നേയും കൂടി ആ നടയിൽ നിന്ന് പ്രാർത്ഥിക്കാൻ അനുവദിക്കുമോ?” അദ്ദേഹം ചോദിച്ചു.

“അതിനെന്താ? അങ്ങേയ്ക്കും പ്രാർത്ഥിക്കാമല്ലോ?”

ഞാൻ പറഞ്ഞതു കേട്ട് അദ്ദേഹം തൊഴുകൈകളോടെ കണ്ണടച്ചു നിന്നു. “ഇങ്ങനെ സർവ്വ മതങ്ങളും ജാതിമതഭേദമില്ലാതെ ഒന്നായി ലയിച്ചു ചേരലാണ് എന്‍റെ സ്വപ്നം മീരാ…” തൊഴുതു കഴിഞ്ഞ് ഫഹദ് സാർ എന്‍റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.

“അതെ സാർ…. അങ്ങനെയായിരുന്നുവെങ്കിൽ ജാതിയുടെയും മതത്തിന്‍റെയും പേരിൽ ലോകത്തിൽ ഇന്ന് നടക്കുന്ന എല്ലാ കലഹങ്ങളും ചൂഷണങ്ങളും അവസാനിച്ചേനേ. ആരും ഒരു മതത്തിലോ, ജാതിയിലോ മാത്രം മുറുകെപ്പിടിയ്ക്കാതെ എല്ലാറ്റിനേയും ഒന്നായിക്കണ്ട്, മനുഷ്യൻ എന്ന ഒറ്റ മതത്തിൽ മാത്രം വിശ്വസിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ലോകം എത്ര പുരോഗമിച്ചാലും അത്തരം ചിന്തകളെ മുറുകെപ്പിടിയ്ക്കാൻ മനുഷ്യനാവുന്നില്ലല്ലോ എന്നോർത്ത് ദുഃഖം തോന്നുന്നു.”

ഞാൻ പ്രതിവചിച്ചു. “ഏതായാലും നമുക്ക് അങ്ങനെ ഒരു മാതൃകയായി ജീവിച്ച് നമുക്കു ചുറ്റുമുള്ള ലോകത്തിന് കാണിച്ചു കൊടുക്കാം.” ഫഹദ് സാർ അങ്ങിനെ പറഞ്ഞ് എന്‍റെ കൈപിടിച്ച് മുന്നോട്ടു നടന്നു നീങ്ങി.

പാർക്കിൽ ആ പഴയ പൂമരത്തണൽ ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിക്കുന്നതായി തോന്നി. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന മഞ്ഞക്കണിക്കൊന്നപ്പൂക്കൾ, ഞങ്ങളെ മാടിവിളിക്കുന്നതായും…

ഒരിയ്ക്കൽ കൂടി ആ സിമന്‍റു ബഞ്ചിൽ ഞങ്ങൾ മുട്ടിയുരുമ്മിയിരുന്നു. സ്നേഹത്തിന്‍റെ ഇന്ദ്രജാലത്താൽ പരസ്പരം ബന്ധിതരായ രണ്ടിണക്കിളികളെപ്പോലെ മഞ്ഞപ്പൂക്കൾ വർഷിച്ച് ആനന്ദക്കണ്ണീർ പൊഴിച്ചു നിന്ന ആ മരമാകട്ടെ ഒരു മാതാവിനെപ്പോലെ ഞങ്ങൾക്ക് തണലേകി നിന്നു.

എവിടെ നിന്നോ പറന്നു വന്ന രണ്ടിണക്കിളികൾ സ്നേഹത്തിന്‍റെ വിജയഗാഥ പാടിക്കൊണ്ട് ഞങ്ങൾക്കരികിലിരുന്നു. പണ്ട് ഞങ്ങൾ ദുഃഖവും സന്തോഷവും ഒരുപോലെ പങ്കിട്ടത് ഈ മരത്തണലിൽ വച്ചാണ്. അതുപോലെ സുപ്രധാനമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടതും.

ഒടുവിൽ ഇതേ മരത്തണലിലെ ഞങ്ങളുടെ സംഗമം കണ്ടാണ് അച്ഛൻ എന്നെ സംശയിച്ചതും. ഒരു ജയിൽപ്പുള്ളിയെപ്പോലെ വീട്ടുതടങ്കലിലാക്കിയതും. എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ മനസ്സിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു. ഞാനപ്പോൾ കണ്ണുകൾ പൂട്ടു ഫഹദ്സാറിന്‍റെ മടിയിൽ മയങ്ങുകയായിരുന്നു. ആ കൈകൾ മെല്ലെ മെല്ലെ എന്‍റെ തലയിൽ തലോടിക്കൊണ്ടിരുന്നു.

ഒരു ദീർഘനിശ്വാസം അദ്ദേഹത്തിൽ നിന്നും പൊഴിഞ്ഞു വീണുവോ? പഴയകാലങ്ങൾ അദ്ദേഹത്തെ സ്മരണയിലൂടെ മുറിവേല്പിച്ചുവോ? ഞാൻ തലയുയർത്തി നോക്കി.

“എന്താണ് ഫഹദ്സാർ… എന്താണ് അങ്ങ് ആലോചിക്കുന്നത്?” എന്‍റെ ചോദ്യം കേട്ട് ഒരു മാത്ര നനഞ്ഞ കവിൾത്തടങ്ങൾ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

“എത്രമാത്രം കഠിന പരീക്ഷണങ്ങളിലൂടെയാണ് നാം കടന്നു പോയത് എന്നോർക്കുകയായിരുന്നു ഞാൻ. ഒരുപക്ഷെ ദൈവം നമ്മുടെ സഹനശക്തിയെ പരീക്ഷിച്ചതായിരിക്കാം. ഈ കൂടിച്ചേരലിന്‍റെ വിശുദ്ധിയെ കാത്തു രക്ഷിയ്ക്കാൻ വേണ്ടി ചെറുപ്പത്തിൽ നമ്മൾ ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ ഈ വിശുദ്ധി ഇത്രത്തോളം നമുക്കു ലഭിക്കുകയില്ലായിരുന്നു. സ്വർണ്ണത്തിന് ഉരുകുന്തോറും മേന്മയേറുകയല്ലെ ചെയ്യുന്നത് മീര… ഇന്നിപ്പോൾ പലതരം ആത്മപീഡയിലൂടെ നമ്മളും നമ്മുടെ മേന്മ വർധിപ്പിച്ചിരിക്കുന്നു.”

അദ്ദേഹത്തിന്‍റെ വാക്കുകൾ അശരീരി പോലെയാണ് എനിക്കു തോന്നിയത്. ഏതോ ദൈവവചനം പോലെ. അതെ സ്വർണ്ണത്തിന് ഉരുകും തോറും കാന്തിയേറുക തന്നെ ചെയ്യും അങ്ങയെപ്പോലെ. ഒരു പക്ഷേ സ്നേഹത്തിന്‍റെ?അഗ്നിജ്വാലയിൽ ഈശ്വരനെന്ന തട്ടാൻ മെനഞ്ഞെടുത്ത സ്വർണണ്ണാഭരണങ്ങളാണ് ഞങ്ങളിരുവരും. പീഡാനുഭവങ്ങളിലൂടെ ആത്മാവിനു തിളക്കം ലഭിച്ചവർ. ഇനിയും ഇത്തരം അനുഭവങ്ങൾ ഈശ്വരൻ കാത്തു വച്ചിട്ടുണ്ടാകുമോ ഞങ്ങളെ അനുഭവിപ്പിക്കാൻ. ആത്മപീഢയിലൂടെ ഊതി ഊതി തിളക്കം വർദ്ധിപ്പിക്കാൻ…. ആവോ… അജ്ഞാതമായ ഭാവിയെക്കുറിച്ചുള്ള വിചിന്തനം ഈ ഘട്ടത്തിൽ അനുചിതമെന്നു തോന്നി, ഞാൻ ചിന്തയെ മറ്റു വഴിയ്ക്ക് തിരിച്ചു വിടാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

“സർ, നമുക്ക് മറൈൻ ഡ്രൈവിൽ അല്പ സമയം പോയിരിക്കാം… കായലോളങ്ങളെ നോക്കി കിന്നാരം പറഞ്ഞ്, പണ്ടത്തെപ്പോലെ അല്പസമയം ചെലവഴിക്കാം.”

തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കങ്ങോട്ടു പോകാം. അദ്ദേഹം എന്‍റെ കൈപിടിച്ച് എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“ഒരു നിമിഷം നിൽക്കൂ… നിങ്ങൾ മി. ഫഹദ് മുഹമ്മദല്ലേ?”

ഞങ്ങൾ ശബ്ദം കേട്ടിടത്തേയ്ക്ക് തിരിഞ്ഞു നോക്കി. ഏകദേശം പത്തിരുപത്തിമൂന്ന് വയസ്സ് പ്രായമുള്ള ഒരു യുവാവ്. നിർന്നിമേഷനായി ഞങ്ങളെ നോക്കി നിൽക്കുന്നു. ആ കണ്ണുകളിൽ തുളുമ്പി നിൽക്കുന്ന ഭാവം, ഒരു പക്ഷെ കാലങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന എന്തോ ഒന്ന് കണ്ടെത്തിയതു പോലെ ആണെന്ന് തോന്നി. അല്പം കൗതുകവും അതിലേറെ അതിശയവും ആ പൊടിമീശക്കാരനിൽ നിറഞ്ഞു നിന്നു. ഒരുപക്ഷെ അദ്ദേഹത്തിനെപ്പറ്റി ആരെങ്കിലും പറഞ്ഞറിഞ്ഞെത്തിയ ഒരു വിദ്യാർത്ഥി ആയിരിക്കുമോ അത്?… ഞങ്ങൾ സംശയത്തോടെ തിരിഞ്ഞു നോക്കി.

“താങ്കൾ മഹാരാജാസിലെ പ്രൊഫസറായിരുന്നില്ലെ?” അവൻ വീണ്ടും അദ്ദേഹത്തിന്‍റെ നേർക്ക് ചോദ്യം തൊടുത്തു വിട്ട് ആശങ്കയോടെ ഉറ്റുനോക്കി നിന്നു. ആ കണ്ണുകളിലെ വിജയ ഭാവവും പരിചയഭാവവും ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഇത്ര ചെറുപ്പക്കാരനായ ഒരു വിദ്യാർത്ഥിയെ ഈയിടെയെങ്ങും കേരളത്തിൽ വച്ച് അദ്ദേഹം പഠിപ്പിക്കുവാൻ സാദ്ധ്യതയില്ലല്ലോ എന്നോർത്തു പോയി. കാരമം ഇവിടുത്തെ കോളേജിൽ നിന്നും അദ്ദേഹം റിട്ടയർ ചെയ്തിട്ട് അഞ്ചുവർഷം പിന്നിട്ടിരിയ്ക്കുന്നു. ഞങ്ങൾ അതിശയപൂർവ്വം പരസ്പരം നോക്കി. അപ്പോൾ അവന്‍റെ ഭാവം പെട്ടെന്നു മാറുന്നതായും അവന്‍റെ കണ്ണുകളിൽ രോഷം കത്തുന്നതായും ഞങ്ങൾക്കു തോന്നി. എന്നാൽ പെട്ടെന്നു തന്നെ അതിനെ നിയന്ത്രിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിലവൻ പറഞ്ഞു. “അതെ… എനിക്കറിയാം… എനിക്കുറപ്പുണ്ട് താങ്കൾ ഫഹദ് സാർ തന്നെയാണെന്ന്…”

അവന്‍റെ ഭാവമാറ്റം ഞങ്ങളെ വല്ലാതെ അമ്പരിപ്പിച്ചു. ഫഹദ്സാറും ആദ്യം അമ്പരന്നു പോയെങ്കിലും ഉടൻ തന്നെ അതിനെ നിയന്ത്രിച്ച് ശാന്തനായി അവനോടു പറഞ്ഞു.

“അതെ… ഞാൻ ഫഹദ് മുഹമ്മദ് തന്നെയാണ്. പക്ഷെ കേരളത്തിലെ കോളേജിൽ നിന്നും ഞാൻ റിട്ടയർ ചെയ്‌തിട്ട്  വർഷങ്ങളായിരിക്കുന്നു. ഇപ്പോൾ ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചററായി ജോലി നോക്കുന്നു. കുട്ടിയ്ക്ക് എന്നെ എങ്ങിനെയാണ് പരിചയം?” ഫഹദ് സാർ ജിജ്ഞാസയോടെ ചോദിച്ചതു കേട്ട് അവൻ അല്പനേരം തലകുനിച്ചു നിന്നു. പിന്നെ മെല്ലെ ചുറ്റിനും നോക്കിക്കൊണ്ട് പറഞ്ഞു.

“ഞാൻ… ഞാൻ എല്ലാം പറയാം. പക്ഷെ ഇവിടെ വച്ചല്ല. നമുക്ക് അല്പം കൂടി വിജനമായ ഏതെങ്കിലും സ്‌ഥലത്തു ചെന്നിരുന്ന് സംസാരിക്കാം…”

ഞങ്ങൾ അവന്‍റെ വാക്കുകൾ കേട്ട് ചുറ്റും നോക്കി. അപ്പോൾ അല്പം മുമ്പ് ഞങ്ങളെത്തുമ്പോൾ മിക്കവാറും വിജനമായിരുന്ന ആ പാർക്കിപ്പോള്‍ ജന നിബിഢമായിരിക്കുന്നു. പാർക്കിൽ കളിയ്ക്കാനെത്തുന്ന ഏതാനും കുട്ടികളെക്കൊണ്ടും, വിശ്രമ സമയം ചെലവഴിക്കാനെത്തുന്ന മുതിർന്നവരെക്കൊണ്ടും പാർക്ക് നിറഞ്ഞു കഴിഞ്ഞു.

“എങ്കിൽ വരൂ…. നമുക്കല്പം നടക്കാം. ഈ പാർക്കിലൂടെ അല്പ ദൂരം നടന്നാൽ മറൈൻ ഡ്രൈവിലെത്തുമല്ലോ. നമുക്ക് അവിടെച്ചെന്നിരുന്ന് സംസാരിക്കാം…”

ഫഹദ് സാർ നടക്കാൻ സന്നദ്ധനായി അറിയിച്ചു. എന്നിട്ടല്പം ഗൗരവത്തിൽ പറഞ്ഞു.

“ഞങ്ങളുടെ ഈ പ്രായത്തിൽ അല്പം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, അല്ലേ മീരാ…” അദ്ദേഹം എന്നെ നോക്കി ചോദിച്ചു. പിന്നെ ആ യുവാവിനെ നോക്കി കുസൃതിയോടെ പറഞ്ഞു.

“പിന്നെ തന്‍റെ ഈ പ്രായത്തിൽ നടക്കുന്നത് കൊണ്ട് ഒട്ടും കുഴപ്പമില്ലല്ലോ…”

ആ യുവാവ് സമ്മതമറിയിച്ചു കൊണ്ട് തലയാട്ടി. പിന്നെ ഞങ്ങളുടെ ഒപ്പം നടന്നു തുടങ്ങി. പക്ഷെ അവൻ മിക്കവാറും മറ്റേതോ ലോകത്തിൽ ആണെന്നു തോന്നി. ഇടയ്ക്കിടെ അവൻ ഫഹദ് സാറിനെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അവന്‍റെ നിഷ്ക്കളങ്കമായ മുഖത്ത് സന്തോഷം അലതല്ലുന്നത് ഞാൻ കണ്ടു. ഫഹദ് സാർ പെട്ടെന്നു ചോദിച്ചു. തന്‍റെ പേരെന്താണെന്നോ എന്തു ചെയ്യുന്നുവെന്നോ ഇതുവരെ പറഞ്ഞില്ല.

അവൻ അല്പനേരം മൗനമായിരുന്നു. പിന്നെ പറഞ്ഞു.

“എന്‍റെ പേര് ആസിഫ് മുഹമ്മദ് എന്നാണ്. ഇവിടെ അമൃത മെഡിക്കൽ കോളേജിൽ എംബിബിഎസ് കഴിഞ്ഞു നിൽക്കുന്നു.”

“അപ്പോൾ താനും എന്നെപ്പോലെ ഒരു മുസൽമാനാണല്ലേ?… അദ്ദേഹം കൗതുകപൂർവ്വം ചോദിച്ചു. ഉം… അവന്‍റെ അമർത്തി മൂളൽ ഞങ്ങളിൽ അല്പം ആശങ്കയുളവാക്കാതിരുന്നില്ല. എങ്കിലും അതു ശ്രദ്ധിക്കാത്ത മട്ടിൽ അദ്ദേഹം തുടർന്നു ചോദിച്ചു.

“ഉമ്മയും ബാപ്പയുമൊക്കെ? അവർ ഇവിടെത്തന്നെയുണ്ടോ? താൻ എവിടെയാണ് താമസിക്കുന്നത്?”

എല്ലാറ്റിനും മറുപടി പറയാൻ അവനല്പം വിമുഖതയുള്ള പോലെ തോന്നി. എങ്കിലും അല്പം മടിച്ച് അവൻ ഉത്തരം പറഞ്ഞു.

“എല്ലാവരും ഇവിടെത്തന്നെയുണ്ട്. ഞാൻ ഇവിടെയടുത്തു തന്നെയാണ് താമസിക്കുന്നത്.”

പിന്നെ അവന്‍റെ മുഖത്തു നിറയുന്ന ഗൗരവം കണ്ട് അദ്ദേഹം ഒന്നും ചോദിച്ചില്ല. ക്രമേണ ആ മുഖത്തൊരു വിഷാദഛായ വന്നു നിറഞ്ഞു. ഏതോ ചിന്തകൾ ആ കണ്ണുകളെ ഈറനണിയിക്കുന്നതായി തോന്നി. എന്‍റെ കണ്ണുകൾ ആ യുവാവിന്‍റെ മുഖത്തു തന്നെ തറഞ്ഞു നിന്നു.

എന്തു കൊണ്ടോ പുത്ര സവിശേഷമായ ഒരു വാത്സല്യം അവനോടു തോന്നിക്കൊണ്ടിരുന്നു. കൂടുതൽ സൂക്ഷിച്ചു നോക്കുമ്പോൾ ആ മുഖത്ത് ഫഹദ് സാറിനോട് എന്തോ സാമ്യമുള്ളതു പോലെ… ഒരുപക്ഷെ എന്‍റെ തോന്നലായിരിക്കും എല്ലാം എന്നു കരുതി അതിനെ ഞാൻ തള്ളിക്കളഞ്ഞു. അല്ലെങ്കിൽത്തന്നെ ആദ്യ ഭാര്യയിൽ മക്കളോ, ബന്ധുക്കളോ ഇല്ലാത്ത അദ്ദേഹത്തിന് അതേ മുഖ സാദൃശ്യമുള്ള ആരെങ്കിലും ഉണ്ടാവുക അസാദ്ധ്യമാണെന്ന് മനസ്സു പറഞ്ഞു.

നടന്നു നടന്ന് ഞങ്ങൾ മറൈൻ ഡ്രൈവിൽ എത്തിക്കഴിഞ്ഞിരുന്നു. ഏതോ ചിന്തകളാൽ ബന്ധിതനായതു പോലെ ഫഹദ് സാറും മൂകനായി കാണപ്പെട്ടു. വിജനമായ ഒരൊഴിഞ്ഞ മൂലയിൽ കിടന്നിരുന്ന ചാരു ബെഞ്ചിൽ ഞങ്ങൾ മൂവരുമിരുന്നു. അങ്ങകലെ വെളിച്ചപ്പൊട്ടുകൾ പോലെ ഒഴുകി നീങ്ങുന്ന കപ്പലുകളും, കടത്തു വഞ്ചികളും പിന്നെ വീശിയടിക്കുന്ന ഇളം കാറ്റും പ്രശാന്തമായ ഒരനുഭവം ഞങ്ങൾക്കു പകർന്നു തന്നു.

ആ പ്രശാന്തത ആസ്വദിച്ച് ഞങ്ങൾ മൂവരും അവരവരുടേതായ ലോകത്തിൽ വിഹരിച്ച് അല്പനേരം മൂകരായിരുന്നു. ആ ഇരിപ്പിൽ ഒരു കാര്യം ഞാൻ കണ്ടു പിടിച്ചു. ഓരോ നിമിഷവും ആസിഫ് അസ്വസ്ഥനാണ്. എന്‍റെ നേർക്ക് പാളി വീഴുന്ന അവന്‍റെ നോട്ടങ്ങളിൽ പലപ്പോഴും വെറുപ്പ് നിഴലിക്കുന്നുണ്ടായിരുന്നു.

അതുവഴി കടന്നു വന്ന ഐസ്ക്രീം വില്പനക്കാരൻ ഞങ്ങളുടെ നേർക്ക് ഐസ്ക്രീമുമായി വന്നു. ഏതോ പ്രേരണയാൽ അദ്ദേഹം രണ്ട് വാനില ഐസ്ക്രീമുകൾ വാങ്ങി ഞങ്ങളുടെ നേർക്ക് നീട്ടി. ഒന്ന് എനിക്കും മറ്റൊന്ന് ആസിഫിന്‍റെ നേർക്കും നീട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞു. “നമുക്ക് മധുരം കഴിച്ച് ഇവിടെ ഒരു സൗഹൃദം ആരംഭിക്കാം.” മടി കൂടാതെ അതിലൊരു കപ്പ് ഞാൻ കൈനീട്ടി വാങ്ങിയപ്പോൾ ആസിഫാകട്ടെ ഏതോ ദുഃഖഭാരത്താൽ വിവിശനായി മുഖം തിരിച്ചു. ആ കണ്ണുകളിൽ തുളുമ്പാൻ പാകത്തിൽ ഒരു നീർത്തുള്ളി അപ്പോൾ തങ്ങി നില്പുണ്ടായിരുന്നു. അതുകണ്ട് അമ്പരന്ന് അദ്ദേഹം ചോദിച്ചു.

“എന്താ ആസിഫ്…. തന്നെ അലട്ടുന്ന പ്രശ്നമെന്താണ്? എന്താണെങ്കിലും തനിക്കെന്നോട് പറയാം. തന്‍റെ ബാപ്പയെപ്പോലെ എന്നെ കരുതിക്കോളൂ…” അപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകളിൽ ഒരു പിതാവിന്‍റെ വാത്സല്യം തുളുമ്പി നിന്നു.

ആസിഫിന്‍റെ മുഖത്തു തങ്ങി നില്ക്കുന്ന കൗമാരക്കാരന്‍റെ നിഷ്ക്കളങ്കത, ഒരു മകനോടുള്ള വാത്സല്യം അദ്ദേഹത്തിൽ ഉണർത്തുകയായിരുന്നു എന്നു തോന്നി. പെട്ടെന്ന് ആസിഫ് അദ്ദേഹത്തിന്‍റെ കാൽക്കലേയ്ക്കു വീണു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി.

“സാർ എനിക്ക് ബാപ്പയെപ്പോലെയല്ല… ബാപ്പ തന്നെയാണ്. എന്‍റെ സ്വന്തം ബാപ്പ…” അതുകേട്ട് ഫഹദ് സാർ ഒരു നിമിഷം പ്രജ്ഞയറ്റു നിന്നു. പിന്നെ സ്വബോധം വീണ്ടെടുത്ത് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു.“ നീ എന്തു ഭ്രാന്താണീപ്പറയുന്നത്? നീ… നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ? നീ മാനസികമായി എന്തെങ്കിലും തകരാറുള്ളവനാണോ? നിന്നെക്കണ്ടപ്പോൾ ആദ്യം എനിക്കങ്ങനെ തോന്നിയിരുന്നു. അതുശരി തന്നെയായിരുന്നു എന്നിപ്പോൾ തോന്നുന്നു.

“ഇല്ല സാർ… അല്ല ബാപ്പ… എനിക്ക് ഭ്രാന്തില്ല. എന്‍റെ ബാപ്പ തന്നെയാണ് അങ്ങ്. വേണമെങ്കിൽ ഞാൻ എന്‍റെ ഉമ്മായുടെ ഫോട്ടോ കാണിയ്ക്കാം. ഉമ്മ മരിച്ച് ഇത്രകാലവും ഞാൻ അങ്ങയെത്തേടി നടക്കുകയായിരുന്നു.”

അവന്‍റെ നിറഞ്ഞ കണ്ണുകളും, മുഖത്തു തുടിയ്ക്കുന്ന ആത്മാർത്ഥതയും അവന്‍റെ വാക്കുകളെ ശരി വയ്ക്കുന്നതായിരുന്നു. എല്ലാം കണ്ട് അസ്തപ്രജ്ഞയായി നിൽക്കുമ്പോൾ കണ്ടു. അവൻ പോക്കറ്റിൽ നിന്നും ഒരു ചിത്രം പുറത്തെടുത്ത് ഫഹദ്സാറിന്‍റെ നേരെ നീട്ടുന്നത്. ഒരു ഞെട്ടലോടെ ഞാൻ കണ്ടു. ആ ചിത്രത്തിൽ ഫഹദ് സാറിനോടൊപ്പം മറ്റൊരു സ്ത്രീയെ, കാച്ചിയും തട്ടവുമിട്ട് വിവാഹവേഷത്തിൽ ഏറെ സുന്ദരിയല്ലാത്ത ഒരു മുസ്ലീം സ്ത്രീയെ…

“ഇത്… ഇത് സഫിയ ആണല്ലോ. ഞാൻ നിക്കാഹ് ചെയ്‌ത എന്‍റെ ഭാര്യ…”

ഞെട്ടലോടെ ആ ചിത്രം അദ്ദേഹം കൈയ്യിൽ വാങ്ങുന്നതും തന്‍റെ ഭാര്യയെ തിരിച്ചറിയുന്നതും ഉള്ളിലുണർന്ന ആന്തലോടെ ഞാൻ നോക്കി നിന്നു.

“നീ സഫിയയുടെ മകനാണെന്നോ? എനിക്ക് വിശ്വസിയ്ക്കാനാകുന്നില്ല. പക്ഷെ ഞാൻ നിന്‍റെ ബാപ്പയാകുന്നതെങ്ങിനെ?” അവിശ്വസനീയതോടെ ഫഹദ് സാർ വീണ്ടും ചോദിക്കുന്നതു കേട്ടു.

“എന്‍റെ ഉമ്മ മരിച്ചു പോയി സാർ… പക്ഷെ മരിയ്ക്കുന്നതിനു മുമ്പ് അങ്ങയുടെ ഫോട്ടോ കൈയ്യിൽ ത്തന്നു കൊണ്ടു പറഞ്ഞു. നിന്‍റെ ബാപ്പ ജീവിച്ചിരുപ്പുണ്ട്. എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ പറയണം, വിവാഹമോചന സമയത്ത് ഞാൻ ഗർഭിണിയായിരുന്നു എന്ന വിവരം അദ്ദേഹത്തെ അറിയിക്കാതിരുന്നതിന് ഞാൻ മാപ്പു ചോദിക്കുന്നു എന്ന്… എല്ലാം എന്‍റെ വാശി മൂലമായിരുന്നു എന്നും…”

ഇടിവെട്ടേറ്റതു പോലെ നില കൊണ്ട ഫഹദ് സാറിന്‍റെ മുഖമാകെ വിളറി വെളുത്തിരുന്നു. ഏതോ ഭീകര ജീവിയെന്നതു പോലെ ആ ചെറുപ്പക്കാരനെ അദ്ദേഹം തുറിച്ചു നോക്കി. പിന്നെ അസ്തപ്രജ്ഞനായി ചാരുബഞ്ചിൽ തളർന്നിരുന്നു. അവിശ്വസനീയതയോടെ, ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പുലമ്പിക്കൊണ്ടിരുന്നു.

“ഇല്ല… ഇതൊരിയ്ക്കലും സംഭവിക്കുകയില്ല… ഒരിയ്ക്കലും. ഇവൻ കള്ളം പറയുകയാണ് ഇവൻ എന്‍റെ മകനല്ല… എന്‍റെ മകനല്ല…”

അദ്ദേഹത്തിന്‍റെ ദയനീയ സ്‌ഥിതി കണ്ട് എന്തു ചെയ്യേണ്ടു എന്നറിയാതെ ഞാൻ നിന്നു. ഒട്ടൊരു പരിഭ്രമത്തോടെ അദ്ദേഹത്തെ കുലുക്കി വിളിച്ച് ചോദിച്ചു. എന്തുപറ്റി ഫഹദ് സാർ?… അങ്ങേയ്ക്കെന്തെങ്കിലും കുഴപ്പമുണ്ടോ?

എന്‍റെ പരിഭ്രമം കണ്ടിട്ടാകാം അദ്ദേഹം പെട്ടെന്ന് മനോനില വീണ്ടെടുത്ത് പറഞ്ഞു. “എനിക്കൊഎനിക്കൊന്നുമില്ല മീരാ… അല്പ സമയത്തേയ്ക്ക് ഞാൻ എന്നെ മറന്നു പോയി. എവിടെ അവൻ … ആസിഫ് എനിക്കവനിൽ നിന്ന് എല്ലാമറിയണം. അവന്‍റെ ഉമ്മ പറഞ്ഞ കഥകൾ അവനെന്നോടു പറയാനുണ്ടാകുമല്ലോ?”

അപ്പോൾ അല്പം അകലെ മാറി നിന്ന് കടലിലേയ്ക്ക് ഉറ്റു നോക്കുന്ന ആസിഫിനെയാണ് ഞങ്ങൾ കണ്ടത്. അവൻ മനഃക്ഷോഭമടക്കുവാൻ പാടുപെടുകയാണെന്നും തോന്നി. തളർന്നു പോയ ഫഹദ് സാറിനോടൊപ്പം പതുക്കെ നടന്ന് അവന്‍റെ അടുത്തെത്തുമ്പോൾ അവൻ നിറകണ്ണുകളോടെ അദ്ദേഹത്തെ നോക്കി പ്പറഞ്ഞു.

“ബാപ്പയ്ക്ക് ഞാൻ പറഞ്ഞതു വിശ്വാസമില്ലെങ്കിൽ എന്നോടൊപ്പം വരൂ… ഞാൻ എന്‍റെ ഉമ്മയുടെ രണ്ടാമത്തെ ഭർത്താവിനെ എന്‍റെ ഇപ്പോഴത്തെ ബാപ്പയെ കാണിച്ചു തരാം. അദ്ദേഹം വളരെ നല്ലവനാണ്. എല്ലാമറിഞ്ഞിട്ടും എന്‍റെ ഉമ്മയെയും എന്നെയും പൊന്നു പോലെ നോക്കി സംരക്ഷിച്ച മനുഷ്യൻ. ആ മനുഷ്യനോടുള്ള കടപ്പാടുകൾ ഉമ്മയ്ക്കെന്നതു പോലെ എനിക്കും തീർത്താൽ തീരുന്നതല്ല…” ആസിഫ് വികാര വിവശനായി പറഞ്ഞു കൊണ്ട് മുന്നേ നടന്നു.

ഞങ്ങൾക്ക് അവനെ അനുഗമിയ്ക്കാതിരിയ്ക്കാനായില്ല. അല്പദൂരം നടന്ന് റോഡിലെത്തിയപ്പോൾ അവൻ ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി. പിന്നെ അവൻ പറയുന്നതു കേട്ടി. “പള്ളിപ്പടിയിലേയ്ക്ക്…” ഓട്ടോ ഞങ്ങളേയും കൊണ്ട് മെയിൻ റോഡിലൂടെ പാഞ്ഞു. ഒടുവിൽ നിരവധി ഊടു വഴികൾ പിന്നിട്ട് ആ ഒറ്റ നിലവീടിനു മുന്നിലെത്തി നിന്നു.

ഓട്ടോയിൽ നിന്നിറങ്ങിയ ആസിഫ് മുന്നേ നടന്നു. ചെറിയ വരാന്തയിലേയ്ക്ക് കയറി അവൻ ഞങ്ങളെ തിരിഞ്ഞു നോക്കി. അപ്പോൾ അവിടെ ചാരുകസേരയിൽ മുഴുവൻ നരച്ച താടി തടവിക്കൊണ്ട് ഒരാൾ കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു. അയാളെ നോക്കി ആസിഫ് മെല്ലെ മുരടനക്കി.

“അല്ല, ആസിഫേ, നീയെപ്പോൾ വന്നു? കേറിവാ മോനെ, ഞാനിവിടെക്കിടന്ന് ഒന്നു മയങ്ങാൻ തുടങ്ങുകയായിരുന്നു. നീ വന്നത് ഞാൻ കണ്ടില്ല..”

“അല്ല ബാപ്പ, നമുക്കിന്ന് ചില അതിഥികളുണ്ട്. ബാപ്പ ഇദ്ദേഹത്തെ അറിയുമോ?” ആസിഫ് പിന്നാലെയെത്തിയ ഫഹദ് സാറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. നിമിഷ നേരത്തേയ്ക്ക് ആ കണ്ണുകൾ ഫഹദ് സാറിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ സ്മരണയിൽ തെളിഞ്ഞതു പോലെ അദ്ദേഹം ചാടിയെഴുന്നേറ്റു. “ഇത്… ഇത് നമ്മുടെ ഫഹദ് സാറല്ലേ?… നിന്‍റെ ഉമ്മായുടെ ആദ്യത്തെ കെട്ടിയവൻ?”

“അതെ ബാപ്പ… ഇത് അദ്ദേഹം തന്നെയാണ്. അദ്ദേഹം ചില വിവരങ്ങൾ ബാപ്പയോട് ചോദിച്ചറിയാൻ എത്തിയതാണ്. ബാപ്പയ്ക്കറിയാവുന്ന കാര്യങ്ങൾ ഇദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം.”

പെട്ടെന്ന് അദ്ദേഹം അടുത്തു കിടന്ന കസേരകൾ ചൂണ്ടിക്കാട്ടി പറഞ്ഞു. “ഇരിയ്ക്കണം സാറെ… ഞാൻ നിങ്ങളെ എന്‍റെ ബീവിയുടെ കൈയ്യിലുണ്ടായിരുന്ന ഒരു ഫോട്ടോയിൽ കണ്ടിട്ടുണ്ട്. അങ്ങിനെ തിരിച്ചറിഞ്ഞതാണ്. നിങ്ങടെ കൂടെയുള്ള ഇതാരാണ്?” ഉദ്വോഗത്തോടെയുള്ള ചോദ്യം കേട്ട് ഫഹദ് സാർ പറഞ്ഞു.

“എന്‍റെ ഭാര്യ… ഞങ്ങളിപ്പോൾ ഡൽഹിയിൽ നിന്നും വരികയാണ്…” ആസിഫ് അപ്പോഴേയ്ക്കും അകത്തേയ്ക്കു പോയിക്കഴിഞ്ഞിരുന്നു.

പുറത്ത് ഇരുട്ടു കനത്തു തുടങ്ങിയിരുന്നു. മങ്ങിയ ഇരുട്ടിൽ പരസ്പരം കാണാനാവാതെ ഞങ്ങളിരുന്നു.

“മോളെ ആരിഫേ…. ആ ലൈറ്റൊന്നിട്ടേ… ഇരുട്ടു കാരണം ഒന്നും കാണാൻ വയ്യ…”

ലൈറ്റ് തെളിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി ഫഹദ് സാർ പരീക്ഷീണചിത്തനായി കാണപ്പെട്ടു. എന്തോ ഒന്ന് ദഹിക്കാത്തതു പോലെ അദ്ദേഹത്തിൽ തങ്ങി നിന്നു.

“നിങ്ങൾക്കിപ്പോൾ എന്താണറിയേണ്ടത് ഫഹദ് സാറെ? എന്താണെങ്കിലും എന്നോട് ചോദിച്ചോളൂ…”

പക്വത വന്ന ഒരു മനുഷ്യനെപ്പോലെ അയാൾ ചോദിച്ചു.

“ആസിഫ്… ആസിഫ് എന്‍റെ മകനാണോ?” ഫഹദ് സാറിന്‍റെ ചോദ്യം കേട്ട് അല്പനേരം അയാൾ മിണ്ടാതിരുന്നു. കഴിഞ്ഞു പോയ ഏതോ വിദൂര കാലഘട്ടങ്ങളിലൂടെ അയാളുടെ മനസ്സ് പായുകയാണെന്നു തോന്നി. സന്തോഷവും, സന്താപവും ഒരുപോലെ മാറി മാറി ചുളിവുകൾ വീണ ആ മുഖത്ത് നിഴലിട്ടു. അല്പം കഴിഞ്ഞപ്പോൾ സ്വയമെന്നതു പോലെ താഴ്ന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു തുടങ്ങി.

“എന്‍റെ ഭാര്യ മരിച്ചിട്ട് ആറുകൊല്ലം കഴിഞ്ഞാണ് ഞാൻ സഫിയയെക്കാണുന്നത്. അപ്പോഴേയ്ക്കും പത്തും ആറും വയസ്സുള്ള രണ്ടു പെണ്മക്കളുടെ ബാപ്പയെന്ന നിലയിൽ അവരുടെ ഭാരം എന്‍റെ തലയിലായിരുന്നു. പെൺ കുഞ്ഞുങ്ങളായതു കൊണ്ട്, ബീവി മരിച്ചപ്പോൾ മറ്റൊരു ഭാര്യ വേണ്ടെന്നു കരുതിയിരുന്ന എനിക്ക് ആ തീരുമാനം മാറ്റേണ്ടി വന്നു. സഫിയയുടെ ബാപ്പയെക്കാണുന്നതു വിവാഹം ഉറപ്പിക്കുന്നതു അങ്ങിനെയാണ്.”

“ഞാൻ കാണുമ്പോൾ അവൾ ആസിഫിനെ വയറ്റിൽ ചുമക്കാൻ തുടങ്ങിയിട്ട് മൂന്നുമാസമായിരുന്നു. അവൾ ഗർഭിണിയാണെന്ന വിവരം നിക്കാഹിനു മുമ്പ് അവൾ എന്നെ അറിയിക്കുകയുണ്ടായി. ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല. എന്‍റെ പെണ്മക്കളോടൊപ്പം ആ കുഞ്ഞും വളരുമെന്ന് ഞാൻ അറിയിച്ചു. അങ്ങിനെ ഞങ്ങളുടെ നിക്കാഹ് നടന്നു.”

“ഏഴാം മാസത്തിൽ അവൾ ആസിഫിനെ പ്രസവിച്ചപ്പോൾ ഞാൻ സന്തോഷിച്ചു. എന്‍റെ പെണ്മക്കൾക്ക് ഒരനിയൻ കൂടി ഉണ്ടായിരിക്കുന്നു. അവനെ ഞാൻ പൊന്നു പോലെ നോക്കി വളർത്തി, എന്‍റെ മകനെപ്പോലെ സ്നേഹിച്ചു. അവൻ നിങ്ങളുടെ മകനാണെന്നും നിങ്ങൾ വന്നാൽ അവനെ കാണിച്ചു കൊടുക്കണമെന്നും അവൾ ഇടയ്ക്കിടയ്ക്ക് എന്നെ ഓർമ്മിപ്പിക്കുമായിരുന്നു. ഏറെക്കാലം കാത്തിരുന്നിട്ടും നിങ്ങൾ വന്നില്ല. ഒരു പക്ഷെ നിങ്ങൾ അറിഞ്ഞു കാണില്ല നിങ്ങൾക്ക് ഇങ്ങനെയൊരു മകനുണ്ടായിരുന്നുവെന്ന് അല്ലെ?…”

അയാൾ ഉദ്വോഗത്തോടെ ഫഹദ് സാറിനെ നോക്കി ചോദിച്ചു ഒട്ടൊരു കുറ്റബോധത്തോടെ തലകുനിച്ച് ഫഹദ് സാർ പറഞ്ഞു.

“ഞാനറിഞ്ഞിരുന്നില്ല എനിക്ക് ഇങ്ങനെയൊരു മകനുള്ള കാര്യം” അല്പം കഴിഞ്ഞ് ഫഹദ് സാർ ചോദിച്ചു.

“സഫിയ… അവൾ എങ്ങിനെയാണ് മരിച്ചത്?”

“സഫിയ മരിച്ചത് പ്രസവത്തോടെയാണ്. ഞങ്ങളുടെ ഇളയമകൾ ആരിഫയെ പ്രസവിച്ചു കഴിഞ്ഞ് ഏഴാം നാൾ അവൾ മരിച്ചു. ബ്ലീഡിംഗ് ആയിരുന്നു മരണ കാരണം. മരിയ്ക്കുന്നതിനു മുമ്പ്, അന്ന് ഏകദേശം പന്ത്രണ്ടു വയസ്സുണ്ടായിരുന്ന ആസിഫിനെ അടുത്തു വിളിച്ച് സാറിന്‍റെ ഫോട്ടോയും, ഒരു കത്തും നൽകിക്കൊണ്ട് പറഞ്ഞു. ഞാൻ നിന്‍റെ ബാപ്പയിൽ നിന്നും സ്നേഹം പിടിച്ചു വാങ്ങാൻ ആവുന്നത്ര ശ്രമിച്ചു. ഒരിയ്ക്കൽ മനസ്സില്ലാമനസ്സോടെ അതു നൽകാൻ അദ്ദേഹം തയ്യാറായി. അതിന്‍റെ ഫലമാണ് നീ. എന്നാൽ ഒടുവിൽ ഞാൻ തോറ്റു പോയി മോനെ… നിന്‍റെ ബാപ്പയുടെ മനസ്സിൽ കയറിപ്പറ്റാൻ ഒരുതരത്തിലും എനിക്കാവില്ലെന്നു മനസ്സിലായി. ഒടുവിൽ എനിക്ക് അദ്ദേഹത്തിൽ നിന്ന് വിവാഹമോചനം നേടേണ്ടി വന്നു. എന്നാൽ അദ്ദേഹം എന്നോട് ചെയ്തതിനു പകരമായി വിവാഹമോചന സമയത്ത് നീ എന്‍റെ വയറ്റിലുണ്ടായ കാര്യം ഞാൻ മറച്ചു വച്ചു. എന്നെങ്കിലും നീ അദ്ദേഹത്തെക്കാണുകയാണെങ്കിൽ നിന്‍റെ ഉമ്മ അതിന് അദ്ദേഹത്തോടു മാപ്പു ചോദിച്ചു എന്നു പറയണം…”

“അന്ന് പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആസിഫിന് കാര്യങ്ങൾ മുഴുവൻ മനസ്സിലായില്ലെങ്കിലും അവൻ ആ കത്തും ഫോട്ടോയും സൂക്ഷിച്ചു വച്ചു. ആസിഫ് ഇന്ന് പ്രായപൂർത്തി വന്ന പയ്യനാണ്. അവന് എല്ലാം മനസ്സിലാകും. അവൻ നിങ്ങളുടെ മകനാണ് ഫഹദ് സാർ…. അവനെ വേണമെങ്കിൽ നിങ്ങൾക്കു കൊണ്ടുപോകാം. ഞാനതിന് തടസ്സം പറയില്ല…” അദ്ദേഹം പറഞ്ഞു നിർത്തി ഫഹദ് സാറിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അപ്പോൾ ആ മിഴികളിൽ ദുഃഖം ഉറഞ്ഞു കൂടുന്നത് കാണാമായിരുന്നു. എന്തോ കൈവിട്ടു പോകുന്ന പ്രതീതി ആ മുഖത്തും കണ്ണുകളിലും തളം കെട്ടി നിന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 37

“മീരയ്ക്കിപ്പോളാവശ്യം പൂർണ്ണ വിശ്രമമാണ്. എപ്പോൾ മുതലാണോ മീര പൂർണ്ണ ആരോഗ്യവതിയാകുന്നത് അപ്പോൾ മുതൽ ഞാൻ ഒഴിഞ്ഞു തന്നോളാം. പിന്നെ മീരയെന്ന അന്നപൂർണ്ണേശ്വരിയുടെ ദാസനായി അടിയനിവിടെ കഴിഞ്ഞോളാം.”

അങ്ങനെ ആഹ്ലാദം മാത്രം അലയടിച്ച ആ നാളുകളിലൂടെ മീരയുടെ അവധി ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ കോളേജിലേയ്ക്ക് യാത്ര പുറപ്പെടേണ്ട ദിനവും വന്നെത്തി. അൽപനേരത്തേയ്ക്കെങ്കിലും ഫഹദ് സാറിനെ പിരിയുന്ന കാര്യമോർത്തപ്പോൾ എന്‍റെ കണ്ണുകൾ ബാഷ്പ പൂരിതമായി. എന്‍റെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ട് ഫഹദ് സാർ സ്നേഹം തുടിക്കുന്ന വാക്കുകൾ ഉരുവിട്ടു.

“വർഷങ്ങൾക്കു മുമ്പ് ലാവണ്യം തുടിയ്ക്കുന്ന ഈ കണ്ണുകളിലെ സ്നേഹമായിരുന്നു എന്നെ ആകർഷിച്ചത്. പിന്നീട് പത്തുമുപ്പതു വർഷക്കാലം ഈ കണ്ണുകൾ ഓരോർമ്മയായി എന്നിൽ നിലനിന്നു. എന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നപ്പോൾ ഈ കണ്ണുകളിലെ നിസ്സഹായതും, വേദനയും എന്‍റേതും കൂടിയായിത്തീർന്നു. ഒടുവിൽ ഇന്നിപ്പോൾ ഈ കണ്ണുകളുടെ ഉടമ പൂർണ്ണമായും എന്‍റെ സ്വന്തമായപ്പോൾ അൽപനേരമെങ്കിലും പിരിഞ്ഞിരിക്കുക, എനിക്കും അസാദ്ധ്യം. എങ്കിലും ഈ ഏകാന്തതയും ഒറ്റപ്പെടലും, വേർപിരിയലിന്‍റെ ശൂന്യതയും എല്ലാം പരിചിതമാണല്ലോ… മീര വിഷമിയ്ക്കാതെ പോയ് വരൂ…”

അദ്ദേഹത്തോട് യാത്രാനുമതി വാങ്ങി കോളേജിലേയ്ക്ക് യാത്ര തിരിയ്ക്കുമ്പോൾ പൂർണ്ണ ജാഗ്രതയോടെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ തിനിക്കിനി കഴിയുമോ എന്നു ഞാൻ ചിന്തിച്ചു. ഒരു പക്ഷെ എന്‍റെ ശരീരം അവിടെയും മനസ്സിവിടെയുമായിരിക്കും. ഓരോ നിമിഷവും ഫഹദ്സാറിനു വേണ്ടി തുടിയ്ക്കുന്ന ഒരു ഹൃദയവുമായി വിദ്യാർത്ഥികൾക്കു മുന്നിൽ… ഓർത്തപ്പോൾ അൽപം ജാള്യത തോന്നി.

കോളേജിൽ വിദ്യാർത്ഥികൾ എന്നെ കണ്ടയുടനെ ഓടി വന്നു. “മാഡം വന്നുവല്ലോ… ഞങ്ങൾക്ക് സന്തോഷമായി ഞങ്ങൾ ഒരുപാട് വേദനിച്ചു. ഞങ്ങൾക്ക് മാഡത്തിന്‍റെ ക്ലാസ്സുകൾ ഒരുപാട് മിസ്സായി.” ആ സ്നേഹ പ്രകടനങ്ങൾക്കു മുമ്പിൽ സ്വയം അലിഞ്ഞില്ലാതെയാവുകയായിരുന്നു. അന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ വിദ്യാർത്ഥികൾ പലരും എന്നെ വാഴ്ത്തിപ്പറഞ്ഞു.

പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുവാനായി ഞാൻ നടത്തിയ പരിശ്രമങ്ങൾ… അതിനുവേണ്ടി ജീവത്യാഗം പോലും ചെയ്യാൻ തയ്യാറായവൾ…

അവർ പൂമാലകൾ കൊണ്ട് എന്നെ മൂടി. പിന്നെ പുഷ്പാലംകൃതമായ ഒരു ചെറിയ ബോക്സ് തന്നു കൊണ്ടു പറഞ്ഞു.

“ഇതു മാഡത്തിനുള്ളതാണ് ഞങ്ങളുടെ വിവാഹസമ്മാനം…” ഒരു നിമിഷം ഞാൻ അദ്ഭുതം കൂറി നിന്നു. ഈ വിദ്യാർത്ഥികൾ… ഇവരിതെങ്ങനെയറിഞ്ഞു. എന്‍റെ വിവാഹമായിരുന്നുവെന്ന്… ഒരു പക്ഷെ അരുൺ… അതെ… അരുണിന്‍റെ സുഹൃത്തുക്കളായിരുന്നു ആ വിദ്യാർത്ഥികളിൽ പലരും. അരുൺ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളെ അവരുമായി പങ്കുവച്ചു കാണും എന്ന് എനിക്കുറപ്പായി.

അന്ന് വൈകുന്നേരത്തോടെ കോളേജിൽ നിന്ന് ആർത്തിയോടെ ഞാൻ ഓടിയണയുമ്പോൾ… ഫഹദ് സാർ എന്നെക്കാത്ത് പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു. എന്നെക്കണ്ടയുടനെ ഓടിവന്ന് ഇറുകെപ്പുണർന്നു കൊണ്ടു പറഞ്ഞു.

“മീരാ… ഇന്ന് നീയെന്നെ തോൽപ്പിച്ചു കളഞ്ഞു. പ്രേമവും വിരഹവും അതിനെത്തുടർന്നുള്ള ഏകാന്തതയും ഒറ്റപ്പെടലും അതിന്‍റെ വേദനയുമെല്ലാം എനിക്ക് പരിചിതമായിക്കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇന്ന് അവയെല്ലാം അസഹനീയമായ വിധത്തിൽ ഞാനനുഭവിച്ചു തീർത്തു. ഓരോ നിമിഷവും എന്നിലെ ഓരോ അണുവും നിനക്കു വേണ്ടി തുടിക്കുകയായിരുന്നു. ഒരു സമയം കോളേജിലേയ്ക്ക് നിന്നെത്തേടി വന്നാലോ എന്ന് ഞാനാലോചിച്ചു. എന്നാൽ സ്വയം നിയന്ത്രിച്ച് ആ ആഗ്രഹത്തെ പിടിച്ചു നിർത്തി. ഇനി വയ്യാ മീരാ… നിന്നെക്കാണാതെ ഒരു നിമിഷം പോലും എനിക്ക് ജീവിയ്ക്കാൻ ആവുകയില്ല…” ഫഹദ് സാർ പ്രേമത്താൽ വിവശനായി മന്ത്രിച്ചു.

“ശരിയാണ് ഫഹദ്സാർ… ഞാനുമിന്ന് അതുതന്നെ അനുഭവിച്ചു. ഇതോടെ എനിക്ക് ഒന്നുറപ്പായി ഇനിയും ഒരു നിമിഷം പോലും തമ്മിൽ കാണാതിരിയ്ക്കാൻ നമുക്കാവില്ല. ഞാൻ ഒരു കാര്യം ചെയ്യാം. റിട്ടയർ ചെയ്യാൻ എനിക്കിനിയും ഏതാനും കൊല്ലം കൂടി ഉണ്ട്. ഞാൻ വോളന്‍ററി റിട്ടയർമെന്‍റ് എടുക്കാം. അതായിരിക്കും നല്ലത്…”

പെട്ടെന്ന് ഫഹദ് സാർ എന്നെ തടഞ്ഞു കൊണ്ടു പറഞ്ഞു. “അതു വേണ്ട മീരാ… ഞാനും നിങ്ങളുടെ കോളേജിൽ ഒരു ജോലിയ്ക്ക് ശ്രമിക്കാം. റിട്ടയർ ചെയ്‌തിട്ടിപ്പോൾ നാലഞ്ചു വർഷമായെങ്കിലും ഒരു ഗസ്റ്റ് ലക്ചറർ തസ്തികയെങ്കിലും എനിക്ക് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ…”

അന്നുതന്നെ അദ്ദേഹം അതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. രാത്രിയിൽ ഞങ്ങൾ അരുണും സുഹൃത്തുക്കളും നൽകിയ വിവാഹ സമ്മാനം തുറന്നു നോക്കി… മനോഹരമായ ഒരാൽബമായിരുന്നു അത്. ഹോസ്പിറ്റലിൽ വച്ച് വിവാഹ ദിനത്തിൽ അരുൺ എടുത്ത ഞങ്ങളുടെ വിവിധ പോസിലുള്ള ഫോട്ടോകൾ… ഡോ. ഹേമാംബികയും അരുണും സുഹൃത്തുക്കളുമായും എടുത്ത നിരവധി ഫോട്ടോകൾ അടങ്ങിയ ആ ആൽബത്തിൽ ഇങ്ങനെ കുറിച്ചിരുന്നു.

“വിവാഹ മംഗളാശംസകളോടെ ആ വയറ്റിൽ പിറക്കാതെ പോയ മകൻ അരുൺ.”

ഒടുവിൽ ഒരു കൊല്ലത്തേയ്ക്ക് ആ കോളേജിൽ അദ്ദേഹത്തിന് ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചു. നാലഞ്ചു വർഷമായി റിട്ടയർ ചെയ്തിട്ടെങ്കിലും പ്രഗത്ഭനായ അദ്ധ്യാപകനെന്ന കഴിഞ്ഞകാല റെക്കോഡുകളാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്. മാത്രമല്ല പല വിദേശ യൂണിവേഴ്സിറ്റികളിലും റിട്ടയർമെന്‍റിനു ശേഷം അദ്ദേഹം ഗസ്റ്റ് ലക്ചററായി വർക്കു ചെയ്‌തിട്ടുണ്ട്. ആ എക്സ്പീരിയൻസും പിന്നെ മാനേജ്മെൻറിലുള്ള എന്‍റെ സ്വാധീനവും അതിനു സഹായകരമായി. അതോടെ കോളേജിൽ വച്ച് പലപ്പോഴും തമ്മിൽ കാണാമെന്നായി. അങ്ങിനെ ഒരു ദിനാന്ത്യത്തോളമുള്ള കാത്തിരിപ്പിന്‍റെ വീർപ്പുമുട്ടലിനു പരിഹാരമായി.

ദിനങ്ങൾ ചിറകുവച്ച് പറന്നകന്നു. ഒരു ദിനം അരുന്ധതിയും ചരണും ഞങ്ങളെ കാണാനെത്തി. വെറുമൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നില്ല അത്. അരുണിന് ഡോക്ടറേറ്റ് ലഭിക്കുകയും അതിനുശേഷം ആ കോളേജിൽ തന്നെ നല്ല ഒരു ജോലി ലഭിക്കുകയും ചെയ്തതിലുള്ള?ആഹ്ലാദം പങ്കിടുക കൂടിയായിരുന്നു അവരുടെ ലക്ഷ്യം.

ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ നാലുപേരും ഫ്ളാറ്റിനു മുന്നിലെ ലോണിൽ വട്ടമിരുന്നു.

“അരുണിനെ ഇത്രയും നല്ല നിലയിൽ എത്തിച്ചത് മാഡത്തിന്‍റേയും കൂടി പരിശ്രമവും പിന്തുണയുമാണ്. അതിനുള്ള നന്ദി അറിയിക്കാൻ കൂടിയാണ് ഞങ്ങൾ വന്നത്.”

“നിങ്ങളെപ്പോലെ അരുൺ എനിക്കും ഒരു മകൻ തന്നെയാണ്. ഒരമ്മ മകനു വേണ്ടി ചെയ്യുന്നതൊക്കെയെ ഞാനും അരുണിനു വേണ്ടി ചെയ്തിട്ടുള്ളൂ… പിന്നെ ഒരദ്ധ്യാപികയെന്ന നിലയിലും ഞാൻ ചില പിന്തുണകൾ നല്കിയിട്ടുണ്ട്. അതിലപ്പുറം ഒന്നുമില്ല…” തനിക്കു നല്കിയ അഭിനന്ദനത്തെ നിസ്സാരവല്ക്കരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“അതല്ല മാഡം… ഒരിയ്ക്കൽ അരുൺ ആ പെൺകുട്ടിയുടെ പുറകേ നടന്ന് ജീവിതം തുലയ്ക്കുമെന്ന് ഞങ്ങൾ ഭയന്നിരുന്നു. അവൻ അത്രത്തോളം നിരാശനും ദുഃഖിതനുമായിരുന്നു എന്നാൽ മാഡമാണ് അവനെ ആ വേദനയിൽ നിന്നും കരകയറ്റിയത്. ഇന്നവൻ സന്തോഷവാനാണ് മാഡം…”

അപ്പോഴാണ് അരുണിനെ സംബന്ധിച്ച് ചില നല്ല തീരുമാനങ്ങളെടുക്കാൻ ഇതുതന്നെയാണ് പറ്റിയ സമയം എന്ന് എനിക്കു തോന്നിയത്. അരുന്ധതിയെയും ചരണിനേയും നോക്കി പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“അരുണിന് ആവശ്യം ഒരു നല്ല ജോലിയായിരുന്നു. അതു ലഭിച്ചു കഴിഞ്ഞു. ഇനി അവൻ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിലുടനീളമുള്ള സാന്നിദ്ധ്യം അതുറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ പ്രിയ പുത്രനു വേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കടമ അതായിരിക്കും.

മീരയുടെ വാക്കുകൾ ഉൾക്കൊണ്ടു കൊണ്ട് അരുന്ധതിയും ചരണും പരസ്പരം പറഞ്ഞു. “ശരിയാണ്… ഇനിയും നമ്മുടെ ഏറ്റവും വലിയ കടമ അതാണ്… സാരംഗിയെ അരുണിനു നൽകുക. അതിനുവേണ്ടി സാരംഗിയുടെ വീട്ടിലേയ്ക്ക് ഇന്നു തന്നെ നമുക്ക് പോകണം. മാഡവും ഫഹദ് സാറും ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ വളരെ സന്തോഷം…”

അങ്ങിനെ അടുത്തു തന്നെ ആ ഒഴിവു ദിനവും വന്നെത്തി. ഞങ്ങളെല്ലാവരും സാരംഗിയുടെ വീട്ടിലേയ്ക്ക് യാത്രയായി… ഒരു മഹദ്കർമ്മത്തിനു സാക്ഷിയാവാൻ…

സാരംഗിയുടെ വീട്ടുകാർ അത്യാഹ്ലാദത്തോടെ ഞങ്ങളെ വരവേറ്റു. മധുര പലഹാരങ്ങളും പൂക്കളും പഴങ്ങളും താലങ്ങളിൽ നിറച്ചും വിളക്കുകൾ കൊളുത്തി വച്ചും അവർ ചടങ്ങിനു മോടിക്കൂട്ടി. അരുണിനെ തിലകക്കുറി അണിയിച്ച് അവർ സ്വീകരിച്ചു. പിന്നീട് നോർത്തിന്ത്യൻ രീതിയിലുള്ള ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് സാരംഗിയുടെ പിതാവ് ഞങ്ങളുടെ സമീപമെത്തി പറഞ്ഞു.

“സാരംഗിയെ ഈ നിലയിൽ ഞങ്ങൾക്ക് തിരികെ ലഭിച്ചത് നിങ്ങളുടെ പരിശ്രമം മൂലമാണ്. ചീത്ത കൂട്ടുകെട്ടുകളിൽ പെട്ട് നശിച്ചു പോകുമായിരുന്ന അവളെ രക്ഷിച്ചത് മാഡവും അരുണുമാണ്. അതിന് നിങ്ങളോട് രണ്ടുപേരോടും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല…” ആ പിതാവിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതുകണ്ട് അരുൺ അദ്ദേഹത്തിന്‍റെ സമീപമെത്തി പറഞ്ഞു.

“അങ്കിൾ… അങ്കിൾ വിഷമിക്കരുത്… സാരംഗിയെ രക്ഷിക്കേണ്ടത് എന്‍റെ കടമയായിരുന്നു. അവളെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നു. മാഡത്തിനും അതറിയാമായിരുന്നു. അതുകൊണ്ടാണ് സാരംഗിയെ രക്ഷിക്കാൻ മാഡം എന്നോടൊപ്പം നിന്നത്…”

ആ വാക്കുകൾക്കു മുന്നിൽ ആ പിതാവ് വീണ്ടും കൃതജ്ഞതയോടെ കൈകൾ കൂപ്പി. പിന്നീട് വിവാഹത്തിനുള്ള തീയതി നിശ്ചയിക്കപ്പെട്ടു. ഒടുവിൽ ഏറ്റവുമടുത്ത ശുഭമുഹൂർത്തത്തിൽ ആ വിവാഹം അത്യാഢംബരപൂർവ്വം നടന്നു. കുതിരപ്പുറത്തേറി വന്ന വരനെ പൂക്കൾ വർഷിച്ചും, പടക്കങ്ങൾ പൊട്ടിച്ചുമാണ് അവർ വരവേറ്റത്.

മൂടുപടമിട്ട് അണിഞ്ഞൊരുങ്ങി വന്ന സാരംഗിയാകട്ടെ ഏറെ സുന്ദരിയായ വധുവായി കാണപ്പെട്ടു. അരുണിനെ ആശീർവദിച്ചു കൊണ്ട് അവന്‍റെ മാതാപിതാക്കളോടൊപ്പം ഞങ്ങളും നിന്നു.

“എനിക്കെന്‍റെ മാതാപിതാക്കളെപ്പോലെയോ, ഒരുപക്ഷെ അതിൽ കൂടുതലോ ആണ് ഇവർ രണ്ടുപേരും…” അരുൺ എല്ലാവരോടും പറഞ്ഞു. അരുണിന്‍റെ സ്‌ഥാനത്ത് ഞാനപ്പോൾ കണ്ടത് എന്‍റെ രാഹുലിനെത്തന്നെയായിരുന്നു. അവന്‍റെ വിവാഹം കഴിഞ്ഞതു പോലെയുള്ള ആഹ്ലാദമാണ് മനസ്സിൽ അപ്പോൾ നാമ്പെടുത്തത്. വധൂവരന്മാരെ യാത്രയയച്ച ശേഷം എല്ലാവരും മടങ്ങിയപ്പോൾ പന്തലിൽ ഞങ്ങൾ മാത്രമായി. അപ്പോൾ ഫഹദ് സാർ എന്‍റെ കൈപിടിച്ചു കൊണ്ട് ഫലിതരൂപേണ പറഞ്ഞു. “നമുക്കും വേണ്ടെ ഒരു ഹണിമൂൺ ട്രിപ്പ് എവിടേയ്ക്കെങ്കിലും. നമ്മുടെ വിവാഹവും ഇപ്പോൾ കഴിഞ്ഞതല്ലെ ഉള്ളൂ.”

അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ കളിയായി പറഞ്ഞു. “ഹണിമൂൺ ട്രിപ്പോ… അതിന് അവരെപ്പോലെ ചെറുപ്പമാണോ നമ്മൾ… തലനരച്ച ഒരു കിഴവനും കിഴവിയുമല്ലേ നമ്മൾ…”

“അങ്ങിനെയൊന്നുമില്ല മീരാ… ഭാര്യാഭർത്താക്കന്മാർക്ക് ഏതു പ്രായത്തിലും ഹണിമൂൺ ട്രിപ്പു പോകാം. ഇക്കാലത്തെ ആവർത്തന വിരസമായ ജീവിതത്തിൽ നിന്നുള്ള ഒരു മോചനം കൂടിയാകുമത്…”

“സാർ സീരിയസായിട്ടാണോ ഇത് പറയുന്നത്….”

“അതെ മീരാ… നമുക്ക് പഴയ കാലങ്ങളുടെ സ്മരണ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകാം. അതിന് ഏറ്റവും ഉചിതമായ സ്‌ഥലം കേരളം തന്നെയാണെന്ന് എനിക്കു തോന്നുന്നു. നമുക്ക് നമ്മുടെ പഴയ കോളേജും പരിസരവും, പിന്നെ സ്വപ്നങ്ങൾ പങ്കുവച്ച് നടന്ന സുഭാഷ്പാർക്ക്, അങ്ങിനെ ചില സ്‌ഥലങ്ങളിലേയ്ക്ക് ഒരു യാത്ര പോകാം…. മീര എന്തു പറയുന്നു?

“പഴയ സ്മരണകൾ അയവിറക്കിക്കൊണ്ട് ഒരു യാത്ര. അല്ലെ സാർ… ഞാനതിന് ഒരുക്കമാണ്.” ഞാൻ സമ്മതമറിയിച്ച ഉടനെ ഫഹദ് സാർ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അങ്ങിനെ കേരളത്തിലേയ്ക്കുള്ള ആ ട്രിപ്പ് തീരുമാനിക്കപ്പെട്ടു. കോളേജിൽ നിന്ന് അല്പ ദിവസങ്ങൾ നീണ്ട അവധി ലഭിക്കുവാൻ ഞങ്ങൾക്കു രണ്ടുപേർക്കും പ്രയാസമുണ്ടായില്ല. കേരളത്തിലേയ്ക്ക് യാത്ര പുറപ്പെടുന്നതിന്‍റെ തലേദിവസം നരേട്ടന്‍റെ ഓർമ്മ ദിവസം കൂടിയായിരുന്നു. അദ്ദേഹം മരണമടഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ആ ഓർമ്മകൾക്കു മുന്നിൽ. അദ്ദേഹത്തിന്‍റെ ഛായാ ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി വച്ച് ഞാൻ നിശബ്ദയായി നിന്നു. കണ്ണുകളിൽ നിന്നും അറിയാതെ ബാഷ്പധാരയൊഴുകി. അല്പനേരം കഴിഞ്ഞ് ഫോട്ടേയിലേയ്ക്കു നോക്കി മന്ത്രോച്ചാരണം പോലെ ഉരുവിട്ടു.

നരേട്ടാ… ജീവിച്ചിരുന്നപ്പോൾ അങ്ങയെപ്പോലെ നല്ലവൻ ഈ ലോകത്തിൽ മറ്റാരുമില്ലെന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ അങ്ങ് എന്നെ വിശ്വസിപ്പിച്ചു. എന്തിനായിരുന്നു നരേട്ടാ ഈ ഒളിച്ചു കളി. അങ്ങേയ്ക്കെന്നോട് എല്ലാം തുറന്നു പറഞ്ഞ് മാപ്പപേക്ഷിയ്ക്കാമായിരുന്നു. എങ്കിൽ ജീവിതകാലം മുഴുവൻ അങ്ങ് മനസ്സിൽ കൊണ്ടു നടന്ന കുറ്റബോധവും അതു മൂലമുണ്ടായ മാനസിക പീഡയും ഒഴിവാക്കാമായിരുന്നു. മരണ സമയത്തെങ്കിലും തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഇന്നിപ്പോൾ അങ്ങയോട് എന്‍റെ മനസ്സിന്‍റെ കോണിൽ ഉടലെടുത്തിരിക്കുന്ന വിദ്വേഷം ഉണ്ടാകുമായിരുന്നില്ല.

ഇന്നിപ്പോൾ ഫഹദ് സാർ എന്നോടു പറഞ്ഞ കാര്യങ്ങളോർക്കുമ്പോൾ, അങ്ങയോടുള്ള വെറുപ്പ് എനിക്ക് കൂടിയിട്ടേ ഉള്ളൂ. എങ്കിലും ഒരർത്ഥത്തിൽ ഞാനും അങ്ങയോട് തെറ്റു ചെയ്‌തിട്ടുള്ളവളാണ്. കാരണം ജീവിച്ചിരുന്നപ്പോൾ പൂർണ്ണമനസ്സോടെ അങ്ങയെ സ്നേഹിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. അതങ്ങയ്ക്കും അറിയാമായിരുന്നു. എന്നാൽ ജീവിതകാലം മുഴുവൻ എന്നോടുള്ള അങ്ങയുടെ സ്നേഹം ആത്മാർത്ഥമായിരുന്നു. ആ ഒറ്റ കാരണം കൊണ്ടു തന്നെ അങ്ങയെ സ്നേഹിക്കാൻ ഞാൻ കടപ്പെട്ടവളാണ്.

അങ്ങ് സ്വപ്നത്തിൽ എന്നോടു വന്ന് പറഞ്ഞതു പോലെ ഞാനെല്ലാം പ്രവർത്തിച്ചു. കാശിയിൽ പോയി ബലിതർപ്പം ചെയ്ത് ഗംഗയിൽ മുങ്ങിക്കുളിച്ചു. അങ്ങയുടേയും രാഹുൽമോന്‍റേയും അമ്മയുടേയും ആത്മശാന്തിയ്ക്കായി പ്രാർത്ഥിച്ചു. ഇന്നിപ്പോൾ അങ്ങയുടെ ആത്മാവിനു മുക്‌തി ലഭിച്ചു കാണും. അല്ലേ നരേട്ടാ… അങ്ങയുടെ ആഗ്രഹം പോലെ ഫഹദ്സാറിനെത്തന്നെ ഞാൻ വിവാഹം കഴിച്ചു. ഇന്നിപ്പോൾ അങ്ങയെപ്പോലെ തന്നെ പാപമുക്തി എനിക്കും ലഭിച്ചിരിക്കുന്നു. ഫഹദ് സാറിനെ മാനസികമായി പീഡിപ്പിച്ചു, എന്നുള്ള പാപബോധം മൂലമുള്ള ആത്മപീഡയിൽ നിന്ന് മോചനവും…”

“മീരാ…” ഫഹദ് സാർ പുറകിൽ നിന്നു വിളിച്ചപ്പോൾ നിറമിഴികളോടെ തിരിഞ്ഞു നോക്കി.

“പ്രൊഫ. വിഷ്ണു നാരായണൻ നല്ലവനായിരുന്നു അല്ലേ മീരാ… അദ്ദേഹം നിന്നെ ഒരുപാടു സ്നേഹിച്ചിരുന്നു അല്ലേ?” ഫഹദ് സാർ എന്നെ ഉറ്റുനോക്കി ചോദിച്ചു. ചുണ്ടുകളിൽ വിരിഞ്ഞ വിളറിയ ഒരു മന്ദഹാസത്തോടെ ഞാൻ പ്രതിവചിച്ചു.

“ഇന്നിപ്പോൾ പൂർണ്ണ മനസ്സോടെ അദ്ദേഹത്തെപ്പറ്റി എനിക്കങ്ങനെ പറയുവാൻ കഴിയുകയില്ല ഫഹദ് സാർ. പക്ഷെ എല്ലാ മനുഷ്യരിലും നന്മയും തിന്മയും കുടികൊള്ളുന്നുണ്ട്. ചിലരിൽ നന്മ ഏറിയിരിക്കും. മറ്റു ചിലരിൽ തിന്മയും. ആ ഒരു വ്യത്യാസം മാത്രമാണുണ്ടാവുക. ഇക്കൂട്ടത്തിൽ നരേട്ടനെ ഏതു ഗണത്തിൽപ്പെടുത്തണമെന്ന് എനിക്കറിയില്ല. കാരണം നരേട്ടൻ ചെറുപ്പത്തിൽ അങ്ങയോടു ചെയ്തത് ഒരു മഹാപാതകമാണ്. എന്നാൽ അത് എന്നോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ടായിരുന്നു. അദ്ദേഹം ജീവിതത്തിലുടനീളം എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും ഒരു ഘട്ടത്തിൽ അദ്ദേഹത്തോടുള്ള എന്‍റെ മാനസികമായ അകൽച്ചയിൽ എന്നോടു ക്ഷമിക്കുകയും ചെയ്തിട്ടുണ്ട്.

“പിന്നെ എന്തുകൊണ്ടാണ് മീര അദ്ദേഹത്തെ ഇപ്പോൾ ഇഷ്ടപ്പെടാതിരിക്കുന്നത്?”

“അതിനു കാരണം അങ്ങാണ് ഫഹദ് സാർ. സാറിനറിയില്ല അദ്ദേഹം അങ്ങയോടു ചെയ്‌ത തെറ്റിന്‍റെ കാഠിന്യം. കാരണം നരേട്ടന്‍റെ രഹസ്യ പ്രേരണമൂലമാണ് എന്‍റെ അച്ഛൻ എന്നെ അങ്ങയിൽ നിന്നും ബലമായി വേർപെടുത്തിയതും, അങ്ങയെ ജയിലിലടച്ച് മരണതുല്യനാക്കി പീഡിപ്പിച്ചതും. അങ്ങ് മരിയ്ക്കണമെന്ന ആഗ്രഹമായിരുന്നു നരേട്ടനും എന്‍റെ അച്ഛനുമുണ്ടായിരുന്നത്. എന്നാൽ പിന്നീട് ജീവിതത്തിൽ അവരിരുവരും അതോർത്ത് പശ്ചാത്തപിച്ചിരുന്നു. മാത്രമല്ല കുറ്റബോധം നരേട്ടനെ മാനസികമായി തകർക്കുകയും ചെയ്‌തു. ആ കാലങ്ങളിൽ അദ്ദേഹത്തിന്‍റെ മനഃസാക്ഷിയുടെ കോടിതിയിൽ അദ്ദേഹം വിചാരണ ചെയ്യപ്പെട്ടു കൊണ്ടിരുന്നു.”

ഫഹദ് സാർ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഒന്നു ഞെട്ടി എന്നു തോന്നി. അദ്ദേഹം ചോദിച്ചു. “നരനാണ് ഇതൊക്കെ ചെയ്തതെന്ന് മീരയ്ക്കെങ്ങിനെ അറിയാം?”

“അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹം ഞങ്ങളുടെ വിവാഹ ആൽബത്തിൽ സൂക്ഷിച്ചിരുന്ന ഒരു കത്തിൽ നിന്നുമാണ് ഞാനിതെല്ലാം അറിഞ്ഞത്. അദ്ദേഹം ജീവിതകാലം മുഴുവൻ എന്നോടിതെല്ലാം ഒളിച്ചു വച്ചു. എല്ലാം അറിഞ്ഞാൽ ഞാൻ അദ്ദേഹത്തെ വെറുക്കുമോ എന്നായിരുന്നു പേടി. എന്നാൽ കുറ്റബോധം മരണം വരെ അദ്ദേഹത്തിൽ നീറി നിന്നു. മരിയ്ക്കുന്നതിനു മുമ്പ് എന്നോടും അങ്ങയോടും അദ്ദേഹം മാപ്പു ചോദിച്ചു. അങ്ങയെ വിവാഹം ചെയ്‌ത് ആ പാപബോധത്തിൽ നിന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് മുക്തി നൽകണമെന്നഭ്യർത്ഥിച്ചു. എങ്കിൽ മാത്രമേ അദ്ദേഹത്തിന്‍റെ ആത്മാവിന് മോക്ഷം ലഭിക്കുകയുള്ളൂ എന്നും പറഞ്ഞു. ഇതുതന്നെ മരണശേഷം ഒരു സ്വപ്ന ദർശനത്തിലൂടെ അദ്ദേഹം എന്നോടു വന്നു പറഞ്ഞു.”

എല്ലാം കേട്ടു കഴിഞ്ഞ ഫഹദ് സാർ എന്നോടു ചോദിച്ചു “അദ്ദേഹം ചെയ്‌ത തെറ്റിന്‍റെ ആഴമറിയാതെ മീര ജീവിതത്തിലുടനീളം അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവോ…?” ആ ചോദ്യം ഒരു ഞെട്ടലോടെയാണ് ഞാൻ ശ്രവിച്ചത്.

“ഫഹദ് സാർ… അങ്ങയെ ഞാൻ മറന്നിരുന്നുവോ എന്നാണോ ഈ ചോദ്യത്തിനർത്ഥം? ഇതിനെന്താണ് ഞാൻ മറുപടി പറയേണ്ടത്? ഞാനും ഒരു പെണ്ണല്ലേ ഫഹദ് സാർ… അങ്ങ് മുമ്പ് പറഞ്ഞതു പോലെ സാഹചര്യങ്ങൾക്കടിമയായ പെണ്ണ്. എന്‍റെ ഭർത്താവെന്ന നിലയ്ക്കും എന്‍റെ മക്കളുടെ അച്‌ഛനെന്ന നിലയ്ക്കും ഞാൻ അദ്ദേഹത്തെ കഴിയുന്നത്ര സ്നേഹിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അതിൽ എത്രത്തോളം പൂർണ്ണത ഉണ്ടായിരുന്നുവെന്ന് എനിക്കു പറയാനാവുകയില്ല. കാരണം എന്‍റെ മനസ്സിന്‍റെ കോണിൽ എന്നും അങ്ങുണ്ടായിരുന്നു.”

ആ വാക്കുകൾ കേട്ട് ഫഹദ് സാർ നിശബ്ദനായിരുന്നു. ഒരു യോഗിയുടെ പ്രശാന്തത ആമുഖത്തു നിറയുന്നതും ഒരു പുഞ്ചിരി വിരിയുന്നതും ഞാൻ കണ്ടു. അൽപം കഴിഞ്ഞ് എല്ലാറ്റിനും സാക്ഷിയായ ഈശ്വരനെ നന്ദിപൂർവ്വം വണങ്ങുന്നതു പോലെ ആ കൈകൾ മുകളിലേയ്ക്കുയർന്നു.

“ദൈവമേ അങ്ങ് എല്ലാം അറിയുന്നവൻ” എന്ന് അദ്ദേഹം മെല്ലെ പറയുന്നതു പോലെ തോന്നി. അതുകണ്ട്  ആ മാറിലേയ്ക്കു വീണ് ഒന്നു പൊട്ടിക്കരയണമെന്നെനിക്കു തോന്നി. ഏങ്ങലടികളോടെ ആ മാറിലേയ്ക്കു വീണ എന്നെ അദ്ദേഹം തഴുകി ആശ്വസിപ്പിച്ചു. ഉള്ളിൽ ഉറഞ്ഞു നിന്ന എല്ലാ ദുഃഖങ്ങളും ആ തലോടലിൽ അലിഞ്ഞു ചേർന്നു.

പിറ്റേന്നു തന്നെ ഞങ്ങൾ കേരളത്തിലേയ്ക്കു യാത്ര പുറപ്പെട്ടു. ജീവിതത്തിന്‍റെ നഷ്ടമായ ആ ദിനങ്ങളിലേയ്ക്കുള്ള ഒരു മടക്കയാത്ര… പഴയ ആവേശവും, ആനന്ദവും ഞങ്ങൾക്കപ്പോൾ തിരികെ ലഭിച്ചിരുന്നു. ചെറുപ്പത്തിലേതു പോലെ ഹൃദയത്തിൽ നിറഞ്ഞു നിന്ന പ്രേമവായ്പ് ഞങ്ങളെ ആനന്ദതുന്ദിലരാക്കി. എയ്റോഡ്രോമിൽ ഞങ്ങളെ യാത്രയയ്ക്കാൻ അരുണും, സാരംഗിയും എത്തിയിരുന്നു. അവർ രണ്ടാഴ്ച കഴിഞ്ഞ് യൂറോപ്പിലേയ്ക്ക് ഹണിമൂണിന് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വന്തം മക്കൾ അച്‌ഛനമ്മമാരെയെന്ന പോലെ അവർ ഞങ്ങളെ ഇറുകെപ്പുണർന്ന് യാത്രായയപ്പു നൽകി.

“ഈ യാത്രയിൽ നിങ്ങളുടെ യൗവ്വനകാലം സ്മരണകളിലൂടെ പുനർജ്ജനിയ്ക്കട്ടെ…” അരുൺ യാത്രാമംഗളമോതി.

വിമാനത്തിനോടൊപ്പം ഞങ്ങളുടെ സ്വപ്നങ്ങളും വായു വേഗത്തിൽ പറന്നു പൊങ്ങി. ഒടുവിൽ ഒരിക്കൽ ശാപഭൂമിയായി മാറിയ ആ നാട്ടിലേയ്ക്ക് ശാപമുക്തി നേടിയ ഗന്ധർവ്വരെപ്പോലെ ഞങ്ങളും ചെന്നിറങ്ങി.

കണ്ണുനീരിന്‍റെ കയ്പുനീർ മാത്രം നൽകി ഞങ്ങളെ വീർപ്പുമുട്ടിച്ചിരുന്ന ആ മണ്ണിന്ന് അലൗകികമായ ആനന്ദത്തിന്‍റെ പരിവേഷത്താൽ ഞങ്ങൾക്ക് സ്വാഗതമോതി… ആ മണ്ണിലേയ്ക്കുള്ള ഓരോ കാൽവയ്പിലും ഞങ്ങൾ ഹർഷപുളകിതരായി… അവിടുത്തെ ഓരോ മൺതരിയിലും പണ്ട് ഞങ്ങൾ പങ്കുവച്ചിരുന്ന സ്വപ്നങ്ങൾ ഉറങ്ങിക്കിടന്നിരുന്നു.

കലാലയത്തിലേയ്ക്ക് നയിക്കുന്ന പാതയോരത്തും, ഇടവഴിയിലും കാറ്റ് പതുങ്ങിയിരുന്ന് ഞങ്ങളുടെ പഴയകാലം അയവിറക്കി. ഒടുവിൽ ഞങ്ങളുടെ സ്വപ്നങ്ങളുറങ്ങിയിരുന്ന ആ പഴയ കലാലയ മുറ്റത്തേയ്ക്ക് ഞങ്ങളുടെ കാർ ചെന്നു നിന്നു.

അനിയന്ത്രിതമായ വികാരത്തള്ളിച്ചയാൽ ഞങ്ങൾ പരസ്പരം നോക്കി. വാക്കുകൾക്കതീതമായ വികാല വിക്ഷോഭത്തോടെ ഞങ്ങൾ കാറിൽ നിന്നുമിറങ്ങി. ഒരുമിച്ച് കൈകോർത്ത് ആ കലാലയാങ്കണത്തിൽ കാൽ ചവിട്ടുമ്പോൾ, ഒരു സ്വപ്നം വീണ്ടെടുത്തതിലുള്ള ഹർഷോന്മാദം മനസ്സുകളിൽ അലയടിച്ചിരുന്നു.

ആ കലാലയമുറ്റത്തു കൂടി ഇടനാഴികളിൽ കൂടി ഞങ്ങൾ കൈക്കോർത്തു നടന്നു. ക്ലാസ്സുകളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഞങ്ങളെ എത്തിനോക്കി. അതൊന്നുമറിയാതെ ഏതോ സ്വപ്നനാടകരെപ്പോലെ ഞങ്ങൾ നടന്നു. ഒടുവിൽ ഞങ്ങൾ അഞ്ചു വർഷക്കാലം പരസ്പരം കണ്ണുകളിൽ കൂടി ചലനങ്ങളിൽക്കൂടി ഹൃദയം പങ്കുവച്ച ആ ക്ലാസ്സുമുറികളിലൊന്നിന്‍റെ വാതിൽക്കലോളം ചെന്ന് ഞങ്ങളുടെ യാത്ര അവസാനിച്ചു…

പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ തലനരച്ച രണ്ടുപേർ ഞങ്ങളുടെ സമീപമെത്തി നിന്നു. അവരെ തിരിച്ചറിഞ്ഞ നിമിഷത്തിൽ ഞങ്ങളും ഞങ്ങളെ തിരിച്ചറിഞ്ഞ അവരും പരസ്പരം അദ്ഭുത പരതതന്ത്രരായി നോക്കി നിന്നു. ആനന്ദും, നിമിഷയുമായിരുന്നു അവർ.

“നിങ്ങൾ… നിങ്ങൾ രണ്ടുപേരേയും ഈ നിലയിൽ കാണുവാനാണ് കാലങ്ങളായി ഞങ്ങൾ ആഗ്രഹിച്ചു കൊണ്ടിരുന്നത്. ഇന്നിപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല… ഇത്രകാലവും നിങ്ങൾ രണ്ടുപേരും എവിടെയായിരുന്നു? നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി?

ചോദ്യശരങ്ങളാൽ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്ന അവരെ നേരിടുന്നതെങ്ങിനെയെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു. ഒടുവിൽ ഫഹദ്സാർ തന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ വിവാഹിതരായത് അടുത്ത കാലത്താണ്… ഏതാണ്ട് മൂന്നുമാസമേ ആയിട്ടുള്ളു ഞങ്ങളുടെ വിവാഹം നടന്നിട്ട്. വിവാഹം എന്നതിനെ പറയാമോ എന്നറിയില്ല. ഒരു ചെറിയ ചടങ്ങ് അത്രയേയുണ്ടായിരുന്നുള്ളൂ… അല്ലെങ്കിൽ തന്നെ ഒരിക്കൽ ഞങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞതാണല്ലോ. നിങ്ങളായിരുന്നല്ലോ അതിന് ദൃക്സാക്ഷികൾ…”

“അതെ സാർ… അതിനുശേഷം പലതിനും ഞങ്ങൾക്ക് ദൃക്സാക്ഷികളാവേണ്ടി വന്നു. ഞങ്ങളെ ഏറ്റവുമധികം വിഷമിപ്പിച്ചതും ആ കാഴ്ചകളായിരുന്നു…” ആനന്ദ് പറഞ്ഞു.

ഞാൻ കുറ്റബോധത്തോടെ തലകുനിച്ചപ്പോൾ ഫഹദ് സാർ എന്നെ ചേർത്തു പിടിച്ച് പറഞ്ഞു.

“മീര അക്കാര്യത്തിൽ കുറ്റക്കാരിയല്ലെന്ന് എന്നെപ്പോലെ നിങ്ങൾക്കും അറിവുള്ളതല്ലേ… പിന്നെ നിങ്ങളെന്തിനാണ് വെറുതെ മീരയെ കുറ്റം പറയുന്നത്?”

“ഞങ്ങൾ മീരയെ കുറ്റപ്പെടുത്തിയത് മനഃപൂർവ്വമാണ് സാർ. കാരണം അന്ന് നല്ല ചങ്കൂറ്റമുള്ള ഒരു പെൺകുട്ടിയായിരുന്നു മീര. ഇവൾക്ക് വേണമെങ്കിൽ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാമായിരുന്നു. സാറിനെ മാത്രമേ ഭർത്താവായി കാണുകയുള്ളൂ എന്നു പറയാമായിരുന്നു. അതിനുപകരം മറ്റൊരാളുടെ മുന്നിൽ താലികെട്ടാൻ നിന്നു കൊടുത്തു.

പെട്ടെന്ന് നിയന്ത്രണം വിട്ടതു പോലെ എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു…

കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. “അന്നത്തെ കാര്യത്തിൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തരുത്. കാരണം എന്‍റെ അച്‌ഛൻ എന്നെ ഭീഷണിപ്പെടുത്തിയത് ഫഹദ്സാറിന്‍റെ പേരു പറഞ്ഞാണ്. ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ സാറിനെ ലോക്കപ്പിലിട്ടു പോലീസിനെക്കൊണ്ടു മർദ്ദിച്ചു കൊല്ലും എന്നു പറഞ്ഞു…. സാറിന്‍റെ ജീവൻ രക്ഷിയ്ക്കുവാൻ വേണ്ടിയാണ് ഞാൻ… മുഴുവൻ പറയാതെ വികാര വിക്ഷോഭത്താൽ വിങ്ങിപ്പൊട്ടിയ ഞാൻ സാരിത്തലപ്പു കൊണ്ടു മുഖം മറച്ചു. അപ്പോൾ ക്ലാസ്സുമുറികളിൽ നിന്നും ചില കുട്ടികൾ എത്തിനോക്കുന്നതു കണ്ടു. അതു കണ്ട് ആനന്ദ് പറഞ്ഞു.

“വരൂ… നമുക്കിവിടെ നിന്നു പോകാം. കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്…. നിങ്ങൾ രണ്ടുപേരും ഒരു കാലത്ത് ഈ കോളേജിന്‍റെ ഭാഗമായിരുന്നു എന്ന് അവർക്കറിയില്ലല്ലോ…”

അങ്ങനെ പറഞ്ഞ് ആനന്ദ് മുന്നേ നടന്നു. ആനന്ദിന്‍റെ പുറകേ നടന്നു നീങ്ങുമ്പോൾ നിമിഷ അടുത്തെത്തി എന്‍റെ കൈപിടിച്ചു. “മീര… നീ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ ഒന്നുമറിയാതെയാണ് നിന്നെ കുറ്റപ്പെടുത്തിയത്. നിന്‍റെ അന്നത്തെ അവസ്‌ഥ ഞങ്ങൾക്കറിയില്ലായിരുന്നു….”

“സാരമില്ല നിമിഷ… എല്ലാം എന്‍റെ തലേവിധിയായിരുന്നു. ഞാനതു മുഴുവനും അനുഭവിച്ചു തീർക്കണമായിരുന്നു…”

“ഞങ്ങളിനി നിന്നെ അതുമിതും പറഞ്ഞ് വേദനിപ്പിക്കുന്നില്ല. ഒടുവിൽ നിങ്ങളിരുവരും ഒരുമിച്ചല്ലോ… ഞങ്ങൾ കാണാൻ കാത്തിരുന്നത് ഈ കാഴ്ചയായിരുന്നു.”

ഞങ്ങൾ നടന്നു ചെന്നത് അവിടെ ഞങ്ങൾ പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്ന ആ ആൽമരത്തണലിലേയ്ക്കാണ്. ആ വയസ്സൻ മരം അപ്പോൾ തന്‍റെ ചില്ലകളാൽ ഞങ്ങൾക്ക് സ്വാഗതമോതിക്കൊണ്ട് നേരിയ മർമ്മരമുതിർത്തു.

പഴയ കാല കഥകൾ അയവിറക്കിക്കൊണ്ട് ഞങ്ങൾ നാലുപേരും ആ മരത്തണലിൽ ഏറെ നേരമിരുന്നു. ഞങ്ങളുടെ കഥകൾ കേട്ട് നിമിഷയുടേയും ആനന്ദിന്‍റെയും കണ്ണു നിറഞ്ഞു.

“നിങ്ങൾ രണ്ടുപേരും സഹനത്തിന്‍റെ ആത്മ സമർപ്പണത്തിന്‍റെ പര്യായമായിത്തീർന്നിരിക്കുന്നു. വെറുതെയല്ല ദൈവം നിങ്ങൾക്കു മുന്നിൽ കണ്ണു തുറന്നത്… ആത്മസംയമനം കൊണ്ട് നിങ്ങൾ ആ ദൈവത്തെപ്പോലും തോൽപ്പിച്ചിരിയ്ക്കുന്നു.”

ആനന്ദ് ഞങ്ങൾക്കിരുവർക്കും കൈതന്നു കൊണ്ടു പറഞ്ഞു. പിന്നീട് കാലം ഞങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചായി സംസാരം. ആനന്ദിന്‍റേയും നിമിഷയുടേയും തലമുടിയിലെ നര കണ്ട് ഞാൻ വയസ്സനും വയസ്സിയുമായെന്നു പറഞ്ഞ് കളിയാക്കിയപ്പോൾ നിമിഷ എന്നെ നോക്കി പറഞ്ഞു.

“നീയിപ്പോൾ പണ്ടത്തെപ്പോലെത്തന്നെയിരിക്കുന്നു മീരാ… ഇപ്പോൾ പണ്ടത്തെക്കാളും ചെറുപ്പമായതു പോലെ… ഫഹദ് സാറിനെ കിട്ടിയതു കൊണ്ടാകും അല്ലേ…”

(തുടരും)

വില്പനയ്ക്കിടയിലെ വില്പന

ഈയിടെയായി എന്‍റെ ഭാര്യ വിജയയ്ക്ക് സെയിൽസ് മേളകളിൽ പോകുവാനുള്ള ഹരം കൂടിയിരിക്കുന്നു. രാവിലെ ചായയെടുക്കുന്നതിനും പകരം പത്രമെടുക്കുവാനായി ഓടും അവൾ. രാഷ്ട്രീയ വാർത്തകൾ അവൾക്ക് അലർജിയാണ്. ആദ്യമേ പത്രത്തിലെ അറാമത്തെ പേജ് മറിക്കുന്നു. ഇതിൽ നഗരത്തിലെ സെയിൽസിനെക്കുറിച്ചുള്ള പരസ്യം നൽകിയത് ഇപ്രകാരമായിരുന്നു. 100 രൂപയ്ക്കുള്ളത് വെറും 40 രൂപയ്ക്ക് മാത്രം. കുട്ടികളുടെ വസ്ത്രങ്ങളിൽ 60 ശതമാനം ഇളവ്, പുതപ്പ് വളരെ വിലക്കുറവിന്.

ഒരു ദിവസം രാവിലെ പരസ്യം കണ്ട് അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ചായക്കോപ്പയുമായി എന്‍റെ അടുക്കലെത്തി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. “നോക്കൂ ഈ മാസം നിങ്ങളുടെ പിറന്നാളല്ലേ. ഹോട്ടൽ അവന്യൂ റീജന്‍റിൽ സെയിൽസ് മേള നടക്കുന്നു. അവിടെ ഷർട്ട് പകുതി വിലയ്ക്ക് ലഭിക്കും. ചേട്ടനൊരു പുതിയ ഷർട്ട് വാങ്ങാം. വൈകുന്നേരം ചേട്ടനിത്തിരി നേരത്തെ ഓഫീസിൽ നിന്നു വരണം. ഇന്ന് ലാസ്റ്റ് ഡേറ്റാണ്.”

“ഇല്ല വിജു, റിഡക്ഷൻ സെയിലിൽ മോശം സാധനമാണ് ലഭിക്കുന്നത്. അധികവും റിജക്ടു ചെയ്ത സാധാനങ്ങളായിരിക്കും. അതിൽ എന്തെങ്കിലുമൊക്കെ ഡിഫക്ട്സ് ഉണ്ടായിരിക്കും. വലിയ കമ്പനികളുടെ ഡ്യൂപ്ളിക്കേറ്റ് സാധനങ്ങളാണ് വിൽക്കുന്നത്. സാധനങ്ങൾക്ക് ഒരു ഗ്യാരണ്ടിയും കാണുകയില്ല. നമ്മളവിടെപ്പോയാൽ അവർ നമ്മളെ കൊള്ളയടിക്കും. പറയാറില്ലേ പണക്കാരൻ ഒരിക്കൽ കരയുമെങ്കിൽ, പാവപ്പെട്ടവൻ വീണ്ടും വീണ്ടും കരയുമെന്ന്. മാർക്കറ്റ് രീതികൾ കുറച്ചെങ്കിലും മനസ്സിലാക്കൂ ഭാര്യേ…” ഞാൻ പറഞ്ഞു.

“സെയിൽ എന്നു പറയുന്നത് ഒരു പ്രത്യേകതരം സൂത്രമാണ്. വില കുറഞ്ഞ വല വിരിച്ച് ഉപഭോക്താവ് എന്നു പറയുന്ന മീനുകളെ കുടുക്കാൻ എളുപ്പം കഴിയും. പ്രത്യേകിച്ച് സ്ത്രീകൾക്ക് മാർക്കറ്റിലെ തന്ത്രത്തെക്കുറിച്ച് അറിവില്ലായിരിക്കും. ഇവർ സെയിൽ എന്ന ബോർഡ് കാണുമ്പോഴേക്കും സെയിൽ മാർക്കറ്റിലേക്ക് ഒറ്റ ഓട്ടമാണ്.”

ഇതു പറഞ്ഞപ്പോഴേക്കും അവൾക്ക് ദേഷ്യമായി. ഞാനവളെ കുറേ തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ അവൾ വഴുക്കലുള്ള ഒരു കുടം പോലായിരുന്നു. ഭാര്യ വാശി പിടിക്കുകയാണെങ്കിൽ ഭർത്താവിനെ സംബന്ധിച്ച് ഒറ്റ കണക്കുകൂട്ടലേ ഉണ്ടാകൂ. ഒന്നല്ലെങ്കിൽ ഭാര്യയുടെ ദേഷ്യം സഹിച്ച് ദിവസം മുഴുവനും ഉപവസിക്കണം. അല്ലെങ്കിൽ സെയിൽ നടക്കുന്ന മാർക്കറ്റിൽ പോയി കീശ കാലിയാക്കണം.

ഉപവസിക്കുന്ന രോഗം എനിക്കില്ലായിരുന്നു. പിണങ്ങിയിരിക്കുന്ന ഭാര്യക്കു മുന്നിൽ കീഴടങ്ങുന്നതാണ് ഉചിതമെന്നു തോന്നി. ഞാൻ പറഞ്ഞു, “ശരി ഞാൻ നിന്‍റെ മുന്നിൽ തോറ്റു. വിജയേ, നിന്‍റെ പേരു പോലെ തന്നെ നീ എപ്പോഴും ജയിക്കാനായി ജനിച്ചവളാണ്. ഞാൻ വൈകുന്നേരം വേഗം വരാം.”

ഓഫീസിലേക്കു പോകുമ്പോൾ ഞാൻ ആദ്യമേ തന്നെ ബാങ്കിൽ നിന്നും 2000 രൂപയെടുത്തു. വൈമനസ്യത്തോടു കൂടി സർക്കാർ ജോലി ചെയ്‌തിട്ട് തന്‍റെ കുടുംബ ജീവിതം നശിച്ചു പോകുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനായി സെയിൽ സെയിൽ എന്നു പറഞ്ഞ് വീട്ടിലെത്തിച്ചേർന്നു. എന്‍റെ വിജയ എന്നേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവൾ പുഞ്ചിരിച്ച മുഖവുമായി ചൂടുള്ള ഭക്ഷണമെനിക്ക് വിളമ്പി. ഞാനവളുടെ കുശലതന്ത്രം മണത്തറിഞ്ഞിരുന്നു, ആ സ്വാദിഷ്ഠമായ ഭക്ഷണം അഥവാ തന്നെ കൊലപാതകം ചെയ്യാനുള്ള ബ്ലേഡ് മൂർച്ച കൂട്ടി സെയിൽ മേളയിൽ വച്ച് എന്‍റെ കീശ കീറാമല്ലോ.

ജീവൻ പോയാലും വാക്ക് പാലിക്കണം. ഭാര്യയ്ക്ക് കൊടുത്തിരിക്കുന്ന വാക്ക് പാലിക്കേണ്ടതായി വരും. എന്നു മുറുമുറുത്ത് ഞാൻ എന്‍റെ ഗൃഹലക്ഷ്മിയോടു പറഞ്ഞു. “പോകാം ബലിവേദിയുടെ അടുക്കലേക്ക്.”

അവൾ തുറിച്ച നോട്ടത്തോടെ ചോദിച്ചു, “നിങ്ങളെന്താ പറഞ്ഞത്?”

“അല്ല, ഞാൻ പറയുകയായിരുന്നു. സെയിൽ മാർക്കറ്റിലേക്കു പോകാമെന്ന്.” എന്നിട്ട് 2,000 രൂപയെടുത്തു കൊടുത്തു.

ഹോട്ടൽ അവന്യൂ റീജന്‍റിൽ നല്ല തിരക്കായിരുന്നു. അവിടെയെത്തിയപ്പോൾ എനിക്ക് സന്തോഷമായി. ഞാൻ മാത്രമല്ല ശാന്തനായി ആ സെയിൽ മാർക്കറ്റിൽ എത്തിയിരുന്നത്. എന്നെപ്പോലെ പല ഭർത്താക്കന്മാരും ഉണ്ടായിരുന്നു. സെയിൽ മാർക്കറ്റിന്‍റെ മുഴുവൻ ഹാളും പ്രകാശം കൊണ്ട് വെട്ടിത്തിളങ്ങി. ഓരോ ചുവടു വയ്പിലും കാണുന്ന സ്റ്റോളുകളിൽ ജീൻസ്, ടൗവ്വൽ, സോക്സ്, ചുരീദാർ എല്ലാം അലങ്കോലമായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഓരോ ഐറ്റത്തിലും വിലയുടെ സ്ലിപ്പും ഉണ്ടായിരുന്നു.

എന്‍റെ ഭാര്യ സാരി കൗണ്ടറിലേക്ക് കണ്ണോടിച്ചു. സാരിയുടെ കൂമ്പാരത്തിൽ നിന്നും തിരിച്ചും മറിച്ചും ഒടുവിൽ ഒരു സാരിയെടുത്തു. അപ്പോൾ എനിക്കു മനസ്സിലായി സാരി സെലക്ട് ചെയ്യുകയെന്നത് ഒരു കലയാണെന്ന്. ഈ മാർക്കറ്റിൽ വച്ചാണ് സ്ത്രീകളുടെ മനഃശാസ്ത്രം ഞാൻ പഠിച്ചത്. കിട്ടാത്തവയെക്കുറിച്ച് അവർ എപ്പോഴും ആവലാതിപ്പെട്ടു കൊണ്ടിരിക്കും.

മുന്നിൽ നിരന്നു കിടന്ന സാരികളൊന്നും വിജയയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവൾ ആ കൂമ്പാരത്തിന്‍റെ ഏറ്റവും അടിയിൽ നിന്നും പവിഴമുത്തന്വേഷിച്ചു കണ്ടെത്തുന്നതു പോലെ ഏറ്റവും അടിയിൽ നിന്നും ഒരു സാരി വലിച്ചെടുത്തു.

“എങ്ങനെയുണ്ട് സാരി?”

കൊളംബസ്സിന്‍റെ അന്വേഷണം പോലെ ഭാര്യ സാരി അന്വേഷിക്കുമ്പോഴേക്കും ഞാൻ തിരക്കിൽ നോക്കു കുത്തിപോലെ നിന്നു മടുത്ത് അവനവന്‍റെ ഭാര്യമാരുടെ അംഗരക്ഷകരായി നിൽക്കുന്ന ഭർത്താക്കന്മാരെ വീക്ഷിക്കുകയായിരുന്നു.

വിജയ പിന്നേയും ചോദിച്ചു, “ഏയ് കേട്ടോ നിങ്ങൾ സാരി എങ്ങനെയുണ്ടെന്നു പറഞ്ഞില്ലല്ലോ?”

ഞാൻ ഉപചാരപൂർവ്വം പറഞ്ഞു “എത്രയാ വില?”

“ശരിയ്ക്കുള്ള വിലയേക്കാൾ വളരെ കുറഞ്ഞ വിലയാണ്. ഈ സാരി ഏതെങ്കിലും എ.സി. ഷോറൂമുകളിൽ നിന്നും വാങ്ങുകയാണെങ്കിൽ 1,800 രൂപയാകും. ഇവിടെ വെറും 585 രൂപയേ ഉള്ളൂ.

ഞാൻ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു “എടുത്തോളൂ, ഞാൻ പറഞ്ഞില്ലേ നിനക്കിഷ്ടമായെങ്കിൽ എനിക്കും ഇഷ്ടമായി.”

“അതെല്ലാം ശരിയാണ്. എന്നാൽ എന്‍റെ അഭിപ്രായത്തിൽ ഭക്ഷണം തന്‍റെ ഇഷ്ടപ്രകാരവും വസ്ത്രധാരണം ഭർത്താവിന്‍റെ ഇഷ്ടപ്രകാരവുമാവുകയെന്നത് സ്ത്രീകൾക്കൊരലങ്കാരമാണെന്നാണ്.” അവൾ പറഞ്ഞു.

പറഞ്ഞു വരുമ്പോൾ ഞാൻ എനിക്കൊരു ഷർട്ട് എടുക്കാൻ വന്നതാണ്. എന്നാൽ സെയിൽ ആകുന്ന ചക്രവ്യൂഹത്തിൽപ്പെട്ട് സ്ത്രീ പ്രാധാന്യമുള്ള സാധനങ്ങളുടെ ഇടയിലായി. അപ്പോൾ അടുത്ത കൗണ്ടറിൽ നിൽക്കുന്ന സ്ത്രീയുടെ സ്വരം കേട്ടു “ഈ സാരി എങ്ങനെയുണ്ട്. ചേട്ടാ?”

ഇതുകേട്ട് എന്‍റെ വിജയ ഞെട്ടിപ്പോയി. താൻ സെലക്ടു ചെയ്തു വച്ചിരിക്കുന്ന സാരി ഉപേക്ഷിച്ച് അടുത്ത കൗണ്ടറിൽ വച്ചിരിക്കുന്ന സാരികൾ തിരിച്ചും മറിച്ചും നോക്കുവാൻ തുടങ്ങി. അപ്പോൾ എനിക്ക് പരമമായ ജ്ഞാനമുണ്ടായി. അതായത് അസൂയ എന്ന ഭാവന സ്ത്രീകളുടെ പ്രത്യേക ഗുണമാണ്. തന്നേക്കാൾ മെച്ചപ്പെട്ട വസ്തു മറ്റേതെങ്കിലും സ്ത്രീ വാങ്ങുന്നത് അവർക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഫലമോ രണ്ടുപേരും സാരി വാങ്ങിയില്ല എന്നു മാത്രമല്ല തിരക്കുള്ള മറ്റൊരു കൗണ്ടറിന്‍റെ അടുക്കലേക്കു പോയി.

ഞാൻ ഒടുവിൽ എന്‍റെ ഭാര്യയോടു ചോദിച്ചു “നീ എന്താണു വാങ്ങാൻ ആഗ്രഹിക്കുന്നത്?”

“സെയിലിൽ ആരെങ്കിലും മുൻധാരണയോടെയാണോ വരണത്? സാധനമിഷ്ടപ്പെട്ടാൽ വാങ്ങും.”

എനിക്ക് മനസ്സിലായി, വീട്ടിലിരുന്ന് ടി.വി സീരിയൽ കണ്ട് മടുക്കുമ്പോഴും മൂഡ് ശരിയല്ലാതെയിരിക്കുമ്പോഴുമാണ് സ്ത്രീകൾ സെയിൽ സന്ദർശനത്തിന് പുറപ്പെടുന്നത്. സെയിൽ എന്നത് സ്ത്രീകളെ സംബന്ധിച്ച് ഫ്രീയായിട്ടുള്ള എന്‍റർടെയിൻമെന്‍റ് കേന്ദ്രമാണ്. അവർ അവിടെ തങ്ങളുടെ രൂപലാവണ്യവും പണക്കൊഴുപ്പും തുറന്നു പ്രദർശിപ്പിക്കുന്നു.

“ദേ അങ്ങോട്ടു നോക്കൂ, കമ്പിളിയുടേയും ബഡ്ഷീറ്റിന്‍റേയും സ്റ്റാൾ, അവിടെ കാശ്മീരി പുതപ്പുകളും പഞ്ചാബിലെ കമ്പിളികളും കുറഞ്ഞ വിലയ്ക്ക്  ലഭിക്കും.” എന്നു പറഞ്ഞ് അവൾ മുന്നോട്ടു നടന്നു.

നടന്നു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു “ഈ ചുട്ടുപൊള്ളുന്ന ചൂടിൽ നീ കമ്പിളി വാങ്ങി എന്തുചെയ്യുവാൻ പോകുവാ?”

അവൾ എന്‍റെ വാക്കുകൾ കേൾക്കാത്തതു പോലെ പുതപ്പും കമ്പിളിയും നിർദ്ദയം തിരിച്ചും മറിച്ചും അതൃപ്തിയുള്ള മുഖത്തോടു കൂടി സെയിൽസ്മാനോട് ചോദിച്ചു. “സഹോദരാ, പുതിയ ഡിസൈനൊന്നുമില്ലേ?”

അയാൾ ആവേശത്തോടെ പരുഷമാർന്ന സ്വരത്തിൽ പറഞ്ഞു “മാഡം ദിവസവും പുതിയ ഡിസൈൻ അന്വേഷിക്കുന്ന കംപ്യൂട്ടർ ഞങ്ങളുടെ പക്കലില്ല.”

വിജയയ്ക്ക് ഈ അപമാനം സഹിക്കാനായില്ല. അവൾ ഒരു കൗണ്ടറിൽ നിന്നും അടുത്ത കൗണ്ടറിലേക്ക് നീങ്ങി. ഞാൻ പിറകേയും. ഭാര്യയുടെ കൂടെ സെയിൽ മാർക്കറ്റിൽ പോകുകയെന്നത് ഭർത്താവിന്‍റെ ക്ഷമ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു. എന്‍റെ മാനസിക സമനില നിലനിർത്താനായി ഞാൻ വീണ്ടും വീണ്ടും വാച്ചിലേക്കു നോക്കി.

വിജയ എന്‍റെ കൈ പതുക്കെ അമർത്തി. എനിക്ക് മനസ്സിലായി എന്‍റെ പ്രിയയ്ക്ക് സെയിൽ മാർക്കറ്റ് വലിയ തൃപ്തികരമായിട്ടില്ലെന്ന്. അവൾ പതുക്കെ പറഞ്ഞു, “നിങ്ങളുടെ ബനിയനും അണ്ടർവെയറും പഴയതായില്ലേ, വരൂ അതു തന്നെ മേടിക്കാം.”

എന്‍റെ ജീവിത പങ്കാളി എത്ര മിതവ്യയയാണെന്നോർത്ത് ഞാൻ കൃതാർത്ഥനായിപ്പോയി. നമ്മുടെ സർക്കാരിനെപ്പോലെ എവിടെ പീരങ്കി വാങ്ങണോ അവിടെ തോക്കു വാങ്ങാനുള്ള പദ്ധതി കൊണ്ടു വരും. ആവശ്യം ഷർട്ടായിരുന്നു. ലഭിച്ചതോ അണ്ടർ വെയറും ബനിയനും. അവൾ വിജയസ്വരത്തിൽ പറഞ്ഞു, നോക്കൂ പായ്ക്കറ്റിൽ 80 രൂപയെന്നാണ് പ്രിന്‍റ് ചെയ്‌തിരിക്കുന്നത്. എന്നാൽ ഇവർ ഇത് 25 രൂപയ്ക്കാ വിൽക്കുന്നത്. അവൾ 2 ബനിയനും 2 അണ്ടർവെയറും വാങ്ങി.

അപ്പോൾ പിറകിൽ നിന്നും അവളുടെ കൂട്ടുകാരി വനജ വിളിച്ചു. അവൾ തന്‍റെ കൂട്ടുകാരിയോട് വാതോരാത്ത സംസാരം തുടങ്ങി. ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു “വനജേ, ഇടയ്ക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വരണേ.”

“ശരി, പോകട്ടെ” എന്നു പറഞ്ഞ് വിജയ പാക്കറ്റെടുത്തു കൊണ്ടിറങ്ങി.

രാത്രി 10 മണിയായപ്പോഴേക്കും ഞങ്ങൾ സന്തോഷത്തോടെ വീട്ടിലെത്തിച്ചേർന്നു. അണ്ടർവെയറും ബനിയനും നൽകികൊണ്ട് വിജയ പറഞ്ഞു “ഒന്നു ട്രയൽ ചെയ്‌തു നോക്കൂ.”

പക്ഷേ, പെട്ടെന്ന് അവൾ അലറി വിളിച്ചു. “എന്താ? എന്തുപറ്റി” ഞാൻ പരിഭ്രാന്തനായി ചോദിച്ചു.

“എന്‍റെ പേഴ്സ് തിരക്കിനിടയിൽ ക്യാഷ് കൗണ്ടറിൽ വച്ച മറന്നെന്നു തോന്നുന്നു. അതിപ്പോൾ കാണാനില്ല.” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.

എന്‍റെ പകുതി ബോധം നഷ്ടപ്പെട്ടു. ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല. ഞങ്ങളുടെ കൈവശം ഫോൺ നമ്പരോ സമയമോ ഇല്ലായിരുന്നു. സെയിൽ നടത്തുന്നവർ രാത്രി തന്നെ നഗരം വിട്ടു പോയിട്ടുണ്ടാകും.

ആ സെയിൽ ദിനം ഞാൻ ആജീവനാന്തം മറക്കില്ല. എന്തുകൊണ്ടെന്നാൽ സ്വന്തം സന്തോഷം വില കുറച്ച് വിറ്റു തുലച്ച ദിനമായിരുന്നു അന്ന്.

ഭാര്യയുടെ സാരോപദേശം

പതിവിലും നേരത്തെയാണ് വാസന്തി ഉറങ്ങാൻ വന്നു കിടന്നത്. സാധാരണ ആദ്യത്തെ മയക്കത്തിന്‍റെ നിർവൃതിയിൽ നിന്ന് ഞാൻ എത്തി നോക്കുമ്പോഴായിരിക്കും ഭാര്യ എന്‍റെയടുത്ത് വന്നു കിടക്കുക. അന്ന് ഞാൻ മയക്കത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ അവൾ എന്‍റെ അടുത്തെത്തി.

പതിവിലും നേരത്തെ എന്നു പറഞ്ഞാൽ ടിവി സീരിയലുകളും കുടുംബം കലക്കി പ്രോഗ്രാമുകളും കണ്ടു കഴിഞ്ഞേ വാസന്തി ഉറങ്ങാൻ വന്ന് കിടക്കാറുള്ളൂ. പലപ്പോഴും നേരത്തെ കിടക്ക പങ്കിടാൻ ഞാൻ ഭാര്യയെ ക്ഷണിക്കാറുണ്ടെങ്കിലും എനിക്ക് ഉറക്കം വരേണ്ടേ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്.

അവൾക്കു വേണ്ടി മാത്രമാണ് കേബിൾ ടിവി കണക്ഷൻ എടുത്തിരിക്കുന്നത്. ഇന്ന് അത് എനിക്കു തന്നെ കെണിയായി മാറിയിരിക്കുകയാണ്. കുറച്ചുനേരത്തേക്ക് ഓഫ് ചെയ്ത് ആ പെട്ടിക്ക് റസ്റ്റ് കൊടുക്കാൻ പറഞ്ഞാൽ നമ്മൾ കേബിളിന് പൈസ കൊടുക്കുന്നത് കാണാൻ വേണ്ടിയല്ലേ? അത് കാണാതെ വാടക കൊടുക്കുന്നത് നമുക്ക് നഷ്ടമല്ലേ ഇതാണ് അവളുടെ ഭാഷ്യം.

ടിവി ഓഫ് ചെയ്‌ത് ഭാര്യ അടുത്ത് വന്ന് കിടന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അവളുടെ കൈത്തലം എന്‍റെ ശരീരത്തിലൂടെ ഒഴുകിയപ്പോൾ എന്നിലെ ധമനികൾ അവളുടെ ഗന്ധവും സാന്നിദ്ധ്യവും മനസ്സിലാക്കി. കണ്ണുകൾ ഉറക്കത്തിനു വിട്ടു കൊടുക്കാതെ മിഴികൾ തുറന്ന് ഇരുട്ടിലൂടെ ഭാര്യയെ ശ്രദ്ധിച്ചു.

“എന്തുപറ്റി… കേബിൾ കട്ടായോ?” ഞാൻ അലസമായി ചോദിച്ചു.

“ഇല്ല, ഞാൻ ഓഫാക്കിയതാ… തണുപ്പല്ലേ. നേരത്തെ കിടക്കാമെന്നു കരുതി.” മനസ്സിൽ ഒരുക്കി വച്ചതു പോലെയായിരുന്നു മറുപടി.

മഴക്കാലമാണ് തണുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ? കുറെനാളുകളായില്ലേ ഈ തണുപ്പ് തുടങ്ങിയിട്ട്…

എന്‍റെ മറുപടി പ്രതീക്ഷിക്കപ്പുറമായതിനാൽ ഉത്തരമൊന്നും പറയാതെ അവൾ മൗനം പാലിച്ചു കിടന്നു.

ഏതാനും നിമിഷം ഇരുട്ടിൽ ഞങ്ങളുടെ രൂപവും ശബ്ദവും നിശബ്ദമായി. പിന്നീടവൾ എന്നോട് ചേർന്നു കിടന്നു. ഭാര്യയുടെ അസമയത്തുള്ള വരവിൽ എന്തോ നീഗൂഡതയുണ്ടെന്ന് എനിക്ക് മണക്കുന്നുണ്ടായിരുന്നു. തലയിണ മന്ത്രത്തിലൂടെ സ്ത്രീകൾ എല്ലാം നേടിയെടുക്കുമെന്നും, പഠിച്ച കള്ളികളാണെന്നും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.

ഞങ്ങൾക്കിടയിൽ കിടന്നിരുന്ന പുതപ്പ് എടുത്ത് ഇരുവരേയും പുതപ്പിക്കുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു. നല്ല തണുപ്പ്…

പുറത്ത് മഴയുടെ അടക്കി പിടിച്ചുള്ള ആഹ്ലാദപ്രകടനം എയർ ഹോളിലൂടെ ഞങ്ങളുടെ കാതുകളിൽ എത്തി കൊണ്ടിരുന്നു. രാത്രി മഴ ആർക്കും ഉപദ്രവകാരിയാകാറില്ല. യുവമിഥുനങ്ങൾക്ക് ഉന്മാദവുമാണ്.

എന്നിലെ മൗനം ഭാര്യക്ക് അസഹ്യമായി തുടങ്ങിയപ്പോൾ അവൾ എന്നിലേക്ക് ചെരിഞ്ഞു. എന്‍റെ നെറ്റിത്തടങ്ങളിൽ തലോടി കൊണ്ട് ചോദിച്ചു. “ഉറങ്ങിയോ….?”

“ഇല്ല… ഉറക്കത്തെ കാത്തു കിടക്കുകയാണ്. ഈ തണുപ്പത്ത് ഉറങ്ങാൻ നല്ല സുഖമല്ലേ…” ഞാനും തണുപ്പിനെ കൂട്ടുപിടിച്ചു.

എന്‍റെ വാക്കുകൾ ഭാര്യക്ക് അരോചകമായോ എന്തോ. മുഖഭാവം വ്യക്‌തമായിരുന്നില്ല.

ഞാൻ ഒരു കാര്യം പറയട്ടെ! അവളുടെ വാക്കുകൾക്കു വളരെ മാർദ്ദവമായിരുന്നു.

“നീയെന്‍റെ ഭാര്യയല്ലേ, ഇവിടെ നമ്മൾ രണ്ടുപേരും മാത്രം, നിനക്ക് എന്തും എപ്പോഴും ചോദിക്കാനും പറയാനും അവകാശം ഉണ്ടല്ലോ. അതിന് ഒരു മുഖവുര വേണോ.

എനിക്കൊരു നെക്ലെയ്സ് വാങ്ങിതരോ… അവളെന്നെ മാറോട് ചേർത്ത് പിടിച്ചു കൊണ്ടാ പറഞ്ഞത്.

ഭാര്യയുടെ ആലിംഗനം ശ്വാസം മുട്ടലായാണ് എനിക്കനുഭവപ്പെട്ടത്. ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. എന്തെങ്കിലും കാര്യപ്രാപ്തിക്കു വേണ്ടിയാണ് ഈ സ്നേഹപ്രകടനമെന്ന്.

ആ പ്രായത്തിൽ നീ നെക്ലെയസ് കെട്ടി ചെത്തി നടക്കാൻ പോവുകയാണോ? എന്‍റെ വാക്കുകളിൽ അതൃപ്തി പ്രകടനമായിരുന്നു. നമുക്ക് വേറെ എന്തെങ്കിലും സംസാരിച്ചു കിടക്കാം. ഞാൻ പറഞ്ഞു.

എന്‍റെ മറുപടി ഭാര്യയിൽ അസഹിഷ്ണുത ഉളവാക്കി. അവൾ എന്നിൽ നിന്നും കൈകൾ വിടർത്തി അകന്ന് തിരിഞ്ഞു കിടന്നു.

ആ രാത്രി ഞങ്ങൾക്ക് വിരോധാഭാസമായതിനാൽ കിടക്ക വിരിയിൽ അധികം ചുളിവുകൾ കാണപ്പെട്ടു. അടുത്ത ഒന്നു രണ്ടു ദിവസം അവൾ എന്നിൽ നിന്നും അകലം പാലിച്ചു നിന്നു. മഖത്ത് ഗൗരവപ്രഭയും ചുവപ്പ് രാശിയും കലർന്നിരുന്നു. ആർട്ട് സിനിമയിലെ നായികയെ പോലെ സംഭാഷണം കുറച്ച് മൂളലുകളിലൂടെ എന്‍റെ വാക്കുകൾക്ക് അതൃപ്തിയോടെ ഉത്തരം തന്നു കൊണ്ടിരുന്നു.

മുമ്പ് പലപ്പോഴും ഞങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ വൈകാതെ തന്നെ കൂടുതൽ സ്നേഹ പ്രകടനവുമായി എന്നിൽ വന്നണയാറുണ്ട്. ഇത്രയും കനം വെക്കാറില്ല ഞങ്ങളുടെ ഭിന്നതക്ക്. ഭാര്യയെ അനുനയിപ്പിക്കേണ്ട കടമ ഭർത്താവിന്‍റെ കൂടി ചുമതലയാണെന്ന് എനിക്കറിയാം. കുടുംബ ഭദ്രതയ്ക്ക് ഭാര്യയും ഭർത്താവും ഒരു പോലെ ഉത്തരവാദിത്വമുള്ളവരാണ്. അവൾ എനിക്ക് താഴെയല്ല. എനിക്കൊപ്പമാണ് എന്ന കണക്കുകൂട്ടലിൽ ഞാൻ അവളിലേക്ക് അണയാൻ തീരുമാനിച്ചു.

പ്രിയതമയുടെ മൗനസമരം അനുരജ്ഞനത്തിലെത്തിയില്ലെങ്കിൽ രാപ്പകലിലുള്ള അന്നം നിലച്ചു പോകുമോ എന്ന ശങ്ക എന്നെ അസ്വസ്ഥനാക്കി.

അടുത്ത ദിവസം ഉച്ചയുറക്കത്തിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലെത്തിയപ്പോൾ ഈവനിംഗ് കോഫിയുടെ പ്രിപ്പറേഷനിലായിരുന്നു ഭാര്യ. പ്രിയതമ… പ്രണയ ലേഖനം എങ്ങിനെ എഴുതണം… എന്ന ഗാനത്തിന്‍റെ ഈരട്ടികൾ മൂളികൊണ്ടാണ് ഞാൻ അടുക്കളയിൽ പ്രവേശിച്ചത്. മൂടൽ മഞ്ഞിൽ പ്രകാശ കിരണങ്ങൾ വീഴ്ത്താൻ എന്‍റെ ഗാനത്തിന് കഴിയുമെന്ന് ഞാനാശിച്ചു. അതുണ്ടായില്ല. ഗാനത്തിലെ താളവും ശ്രുതിയും ജീവിതത്തിലെ താളപിഴ പോലെ അപശബ്ദമായി. ഭാര്യയുടെ ഭംഗിയുള്ള മുഖം കൂടുതൽ ചുവന്ന് വികസിച്ചു നിന്നു.

എനിക്കുള്ള കോഫി ടേബിളിൽ വച്ച് ഈർഷ്യയോടെ തിരിഞ്ഞ് നടക്കുന്നതിനിടെ ഭാര്യയുടെ കൈപിടിച്ച് അടുത്ത് കിടന്നിരുന്ന കസേരയിൽ ഇരുത്തി. ആ കൈകളിൽ തലോടി കൊണ്ട് ഏപ്രിൽ 18 സിനിമയിലെ ബാലചന്ദ്രമേനൊന്‍റെ വാക്കുകൾ കടമെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.

എന്തിനാ എന്‍റെ കുട്ടൻ ഈ ഭംഗിയുള്ള മുഖം ഊതി വീർപ്പിച്ച് നടക്കുന്നത്. കുട്ടന്‍റെ പ്രശ്നം എന്താ?

എനിക്ക് ഒരു നെക്ലെയ്സ് വേണം… ഞാൻ നിങ്ങളോട് ഒരിക്കൽ പറഞ്ഞതല്ലേ.

ആവി പൊന്തുന്ന കാപ്പിയിലേക്ക് നോക്കി കൊണ്ട് ഒറ്റശ്വാസത്തിലാണ് പറഞ്ഞു തീർത്തത്. ആ ശബ്ദം ചെറുതായി വിറച്ചിരുന്നു.

എന്‍റെ കുട്ടാ, നമുക്ക് പ്രായമായില്ലേ? അണിഞ്ഞൊരുങ്ങി നടക്കണ്ട പ്രായമാണോ ഇത്?

കഴിഞ്ഞ ആഴ്ചയിൽ നടന്ന മിഥുവിന്‍റെ കല്യാണത്തിന് നിങ്ങളുടെ പെങ്ങമാർ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടോ? അവരും പ്രായമായവരല്ലേ?

കളിക്കളത്തിൽ ഉത്തേജകമരുന്ന് കഴിച്ച കളിക്കാരന്‍റെ ആവേശമായിരുന്നു ഭാര്യയിൽ കണ്ടത്. മിഥുൻ അവരുടെ മകനാണ്. മകന്‍റെ കല്യാണത്തിന് അമ്മമാർ അണിഞ്ഞൊരുങ്ങാറില്ലേ? നമ്മുടെ മക്കൾക്ക് മക്കളായി. അത് നീ മറന്നു പോയോ. സൗമ്യമായാണ് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്.

ഞാൻ നേരത്തെ പ്രസവിച്ചത് എന്‍റെ മാത്രം കുറ്റമാണോ, നിങ്ങൾക്കതിൽ പങ്കില്ലേ?

ഭാര്യയുടെ വാക്കുകൾ ഒരു ഫെമിനിസ്റ്റിന്‍റെ ശബ്ദമായാണ് ഞാൻ കേട്ടത്. എന്നെ നിശബ്ദനാക്കാനുള്ള എല്ലാ തന്ത്രങ്ങളും സീരിയലുകളിൽ നിന്ന് അവൾ സ്വായത്തമാക്കിയിരുന്നു. ഒരു തർക്കത്തിന് മുതിരുന്നത് നല്ലതല്ലെന്ന് ഞാൻ അനുമാനിച്ചു.

അനുനയത്തിന്‍റെ പാതയിലൂടെ ഞാൻ വീണ്ടും സഞ്ചരിച്ചു. നീ ആവശ്യപ്പെടാതെ തന്നെ കരിമണിമാലയും വളകളും സ്റ്റഡുകളും ഞാൻ എന്‍റെ കുട്ടന് വാങ്ങി തന്നിട്ടില്ലേ. അതൊന്നും ഇപ്പോൾ ഓർമ്മയില്ലേ?

പഴങ്കഥകൾ കേൾക്കുന്ന ലാഘവത്തോടെയാണ് അവൾ എന്നെ ശ്രവിച്ചത്. ഭർത്താവ് ഭാര്യയ്ക്ക് ചെലവാക്കിയതിന്‍റെ ഒക്കെ കണക്ക് പുസ്തകത്തിൽ എഴുതി വച്ചിരിക്കുകയാണോ. ഓരോ ഭർത്താക്കന്മാരും ഭാര്യമാർക്കും ചെയ്‌തു കൊടുക്കുന്നത് എന്തൊക്കെയാണെന്ന് അറിയാമോ? അങ്ങിനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ.

പ്രിയതമയിൽ ഫെമിനിസം ഇത്രമാത്രം വളർച്ച പ്രാപിച്ചുവെന്ന് ഞാൻ അറിയാതെ പോയി. ദൃശ്യ മാധ്യമങ്ങളാണ് വികാസത്തിന്‍റെ ഈ പ്രാപ്തിയിലെത്തിച്ചത്.

നിങ്ങൾ വാങ്ങി തന്നില്ലെങ്കിൽ ഞാൻ അനുവിനോട് പറഞ്ഞു വാങ്ങിപ്പിക്കും. അവൾ എന്നെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു.

അനു നിന്‍റെ മാത്രം മകനല്ലല്ലോ, എന്‍റെയും മകനല്ലേ. എനിക്കും പറയാനുള്ളതല്ലേ അവൻ.

ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണ് പറഞ്ഞതെങ്കിലും മേശപ്പുറത്തിരുന്ന കാപ്പിയുടെ ചൂട് മുഴുവൻ ആവാഹിച്ചെടുത്ത് അവൾ കൂടുതൽ പ്രകോപിതയാകുകയാണുണ്ടായത്.

എന്‍റെ ശരീരത്തിന്‍റെ ചൂടും തണുപ്പും കൊടുത്താണ് അവനെ വളർത്തിയത്. നിങ്ങൾ ഊരുചുറ്റി നടക്കുമ്പോൾ അയച്ചു തന്നിരുന്ന പണം കൊണ്ടു മാത്രമല്ല അവനീ നിലയില്ലെത്തിയത്. അവനിലെ ഓരോ നിശ്വാസങ്ങളും എന്‍റെ ജീവന്‍റെ തുടിപ്പുകളാണ്. ഓരോ അച്ഛന്മാരും ഇതറിഞ്ഞിരിക്കുന്നത് നന്ന്.

ഒരു ഉന്മാദിനിയെ പോലെയായിരുന്നു അവളിലെ വാക്കുകൾ. സ്ത്രീ സ്വാംശീകരണത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ തയ്യാറായി നിൽക്കുന്നതു പോലെയായിരുന്നു ഭാര്യ.

സന്ധിയില്ല, സമരത്തിന് ഒരുങ്ങാതെ ഭാര്യയിലേക്ക് ഒതുങ്ങുവാൻ ഞാൻ മനസ്സിനെ മയപ്പെടുത്തി. അനുവിനെ വിളിച്ച് പറയുകയൊന്നും വേണ്ട, ഞാൻ വാങ്ങിതരാം. നിനക്കിഷ്ടപ്പെട്ട മാല ഭാര്യയുടെ ഇഷ്‌ടാനിഷ്ടങ്ങൾ സാധിപ്പിച്ച് കൊടുക്കേണ്ടത് ഭർത്താവിന്‍റെ കടമ കൂടിയാണെന്ന് വേദങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.

ആമുഖത്ത് ഒരു പുഞ്ചിരി സൃഷ്ടിക്കാൻ ഞാൻ ശ്രമിച്ചു. ഗ്ലാസിൽ പകർന്നു വച്ച ഷാംപെയിൻ പോലെ നുരയും പതയും വറ്റി, പ്രിയതമയും ശാന്തീ തീരത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു. ഒരുങ്ങിക്കോ നമുക്ക് ജ്വല്ലറിയിൽ പോകാം.

എന്‍റെ വാക്കുകളിൽ ഭാര്യയുടെ മനസ്സിലെ വിഷാദത്തിന്‍റെ കിളി പുറത്തേക്ക് പറന്നു പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

ജ്വല്ലറിയിൽ തിരക്ക് നന്നേ കുറവായിരുന്നു. വിവാഹ സീസൺ അല്ലാത്തതിനാലും, ആൾകൂട്ടത്തിന് നിയന്ത്രണം ഉള്ളതിനാലും നാട്ടിൽ അരക്ഷീതാവസ്‌ഥ പടർന്നു കയറിയതിനാലും ഇരിപ്പടങ്ങൾ അതിഥികളെ കാത്ത് ഒഴിഞ്ഞു കിടന്നു.

ഞങ്ങളുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ സെയിൽസ്മാൻ വിവിധ വർണ്ണങ്ങളിലും, തൂക്കത്തിലുമുള്ള ആഭരണങ്ങളുടെ ട്രേകൾ നിരത്തി വച്ചു. എൽഇഡി പ്രകാശത്തിൽ ഭാര്യ കൂടുതൽ സുന്ദരിയാക്കുന്നത് ഞാൻ കണ്ടു.

വിവിധതരം കല്ലുകൾ പതിച്ച പുതിയ പുതിയ മോഡലുകൾ എടുത്ത് കൗണ്ടർ ബോയ് ഭാര്യയുടെ നെഞ്ചിൽ ചേർത്ത് വച്ച് കണ്ണാടിയിൽ പ്രതിബിംബത്തെ സൃഷ്ടിക്കുന്നത് കാഴ്ചക്കാരനായി ഞാൻ നോക്കിയിരുന്നു.

അന്തിമ വിധിക്കായി എന്‍റെ ഇംഗിതമാരാഞ്ഞപ്പോൾ മനപ്പൊരുത്തം ഒന്നാകാനായി ഞാനും സമ്മതം മൂളി. കടയിൽ നിന്നിറങ്ങുമ്പോൾ എന്‍റെ മടി ശീലയിലെ കനം ഭാര്യയുടെ വാനിറ്റി ബാഗിലായി.

വീട്ടിലെത്തുന്നതു വരെ അവൾ എന്നോടു ചേർന്നു തന്നെ നടന്നു. ഭാര്യമാർ അണിഞ്ഞൊരുങ്ങി നടക്കുന്നത് ഭർത്താവിന് അഭിമാനമാണെന്ന് അവൾ എന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

വീട്ടിൽ തിരിച്ചെത്തിയതും ബാഗിൽ നിന്നും നെക്ലെയ്സ് എടുത്ത് കണ്ണാടിക്കു മുന്നിൽ നിന്നണിഞ്ഞു. വീഡിയോ കോളിലൂടെ മകനെയും മകളെയും വിളിച്ച് മാല പ്രദർശിപ്പിച്ചു കൊണ്ട് അഭിമാനത്തോടെ തുടങ്ങി മാലയുടെ പ്രത്യേകതകളെക്കുറിച്ച് വാതോരാതെ പറയുമ്പോൾ മുഖത്തെ സന്തോഷം നിർവചനീയമായിരുന്നു. മക്കൾക്ക് എന്തെങ്കിലും അഭിപ്രായം പറയാൻ സമയം കിട്ടാതെ അമ്മയുടെ സന്തോഷത്തിൽ അവരും ചേർന്നു നിന്നു.

ഞങ്ങളുടെ വിവാഹവാർഷികത്തിന് സമ്മാനമായി അച്‌ഛൻ വാങ്ങി തന്നതാണ് ഈ മാല. വാർഷിക ദിനം ഈ മാല അണിഞ്ഞു നിൽക്കണമെന്ന് അച്‌ഛന് നിർബന്ധം. എന്നെക്കുറിച്ചുള്ള അഭിമാനത്തിന്‍റെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ടാണ് ഞാൻ ഭാര്യയുടെ അടുത്തേയ്ക്ക് ചെന്നത്.

എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങിനെ ഇല്ലാ വാചകം പ്രചരിപ്പിക്കുന്നത്.

ഭാര്യയുടെ മറുപടി എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. നമ്മൾ തമ്മിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ നമ്മളിൽ തന്നെ ഒതുങ്ങണം. അത് മക്കളിലേക്ക് ഒഴുക്കരുത്. അച്‌ഛന്‍റെ മേലിലുള്ള അവരുടെ അഭിമാനത്തിന് ഒരു വിധത്തിലും ക്ഷതമേൽക്കാൻ പാടില്ല. അതാണ് ഓരോ ഭാര്യയുടെയും അമ്മയുടെയും കർത്തവ്യം.

ആരവങ്ങളില്ലാതെ ദിനങ്ങൾ കൊഴിഞ്ഞു പോകവേ ഒരു ദിവസം ഞാൻ പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ ഭാര്യ അടുത്ത് വന്ന് ഒരു പൊതി എന്നെ ഏല്പിച്ചു. അവളിലെ വിഷാദ ഭാവം കണ്ട് ഞാൻ തിരക്കിയപ്പോൾ അനു വിളിച്ചിരുന്നു… അവൻ പറയുകയാണ് സ്വർണ്ണാഭരണങ്ങൾ വീട്ടിൽ വെക്കണ്ട. പത്രങ്ങളിലെയും ചാനലുകളിലെയും വാർത്തകൾ അമ്മ ശ്രദ്ധിക്കുന്നില്ലേ… എനിക്കു പേടിയാകുന്നു. യാത്രക്കിടയിലും ഭവനഭേദം ചെയ്‌തും, മുഖം മൂടിധരിച്ചും കൊള്ളയടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്. ആഭരണങ്ങളെല്ലാം അമ്മ അച്‌ഛനോട് പറഞ്ഞു ലോക്കറിൽ വെപ്പിക്കുക.

മകന്‍റെ വാക്കുകൾ എന്നിലേക്കു പകർന്നു തന്നത് ഇടറുന്ന കണ്ഠത്തോടെയാണ്. രണ്ടുപേരുടെയും കണ്ണുകൾ ഒരേ സമയം ഈറനണിയുന്നുണ്ടായിരുന്നു.

സാഗരസംഗമം ഭാഗം- 36

അന്ന് നേരം പുലരുമ്പോൾ അരുന്ധതി എന്‍റെ അടുത്തു വന്നു. ഉണർന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അൽപനേരം നിന്നു. പിന്നെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു കൊണ്ട് ചോദിച്ചു. “ഫഹദ് സാറിനെ ഓർത്ത് മാഡം ഇന്നലെ രാത്രിയിൽ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഇനിയും ഈ അകൽച്ച വേണോ മാഡം. നിങ്ങൾക്ക് പുനർ വിവാഹിതരായി ഒരുമിച്ചു കഴിഞ്ഞു കൂടെ?”

ആ ചോദ്യം നേരിയ ഒരു ഞെട്ടൽ എന്നിലുളവാക്കി. അരുന്ധതിയിൽ നിന്ന് അത്തരമൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലുമിപ്പോൾ ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ മനസ്സു കൊണ്ട് എന്നും ഒരുമിച്ചായിരുന്നല്ലോ അരുന്ധതി എന്നു പറയുവാൻ തോന്നി. ശാരീരികമായ ഒത്തുചേരൽ ഞങ്ങളുടെ ജീവിതത്തിൽ അപ്രസ്കതമാണ് എന്നും. എന്‍റെ മനസ്സു വായിച്ചെന്ന പോലെ അരുന്ധതി പറഞ്ഞു.

“ഒരു പുനർവിവാഹം നിങ്ങൾക്കു രണ്ടുപേർക്കും ആവശ്യമില്ലായിരിക്കും. എങ്കിലും നാം ജീവിക്കുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ അത് വേണമെന്നെനിക്കു തോന്നുന്നു. ഇല്ലെങ്കിൽ നാളെ ആളുകൾ പലതും പറഞ്ഞെന്നിരിക്കും.”

അരുന്ധതിയുടെ വാക്കുകൾക്ക് മറുപടി പറയും മുമ്പ് ഫഹദ്സാർ അങ്ങോട്ടേയ്ക്കു കടന്നു വന്നു. അദ്ദേഹം ചിരിച്ചു കൊണ്ടന്വേഷിച്ചു.

എന്താ സുഹൃത്തുക്കൾ തമ്മിലൊരു ഗൂഢാലോചന…എന്നെ ഇവിടെ നിന്ന് നാടു കടത്താനാണോ? അല്ല… അങ്ങിനെവല്ല ഉദ്ദേശവുമുണ്ടെങ്കിൽ നേരത്തെ പറഞ്ഞോളു കേട്ടോ…”

അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പറഞ്ഞാലും സാർ മടങ്ങിപ്പോവുകയില്ലെന്നറിയാം. എങ്കിലും ഭാര്യാഭർത്താക്കന്മാരായിത്തന്നെ നിങ്ങൾക്കൊരുമിച്ച് ഇവിടെ കഴിഞ്ഞു കൂടെ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. എങ്കിൽ ഈ രാത്രിയിലെ കൂട്ടു കിടപ്പ് ഞങ്ങൾക്ക് അവസാനിപ്പിക്കാമായിരുന്നു.”

അതിനുത്തരം നൽകാതെ ഫഹദ്സാർ ചിരിച്ചു കൊണ്ടിരുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. “അല്ല… ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നറിയുന്നവർ ഇവിടെ ചുരുക്കമാണല്ലോ. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടെന്നു കരുതിയാണ് ഞാൻ ഹോട്ടലിൽ മുറിയെടുത്തത്. അതുപക്ഷെ നിങ്ങൾക്കു ബുദ്ധിമുട്ടായെങ്കിൽ ഇന്നു രാത്രിയിൽ ഞാനിവിടെത്തന്നെ പുറത്ത് വരാന്തയിൽ കഴിഞ്ഞോളാം. മീരയ്ക്ക് കൂട്ടായി.”

“അല്ല… ഞാനുദ്ദേശിച്ചത് ഞങ്ങൾക്ക് കൂട്ടുകിടക്കാൻ വിഷമമുണ്ടെന്നല്ല…” പരുങ്ങലോടെ അരുന്ധതി വാക്കുകൾ ഉരുവിട്ടു. അതുകേട്ടു കൊണ്ട് അരുൺ കടന്നു വന്നു. “അല്ല… മമ്മി എന്താണു പറയുന്നതെന്നറിയില്ല. മാഡത്തെ ഒറ്റയ്ക്കാക്കുവാൻ ഞാൻ സമ്മതിയ്ക്കുമെന്ന് സാർ കരുതുന്നുണ്ടോ? എനിക്ക് മമ്മിയെപ്പോലെ തന്നെയാണ് മാഡവും.”

ആ വാക്കുകൾ ഒരിയ്ക്കൽ കൂടി എന്‍റെ മാതൃ ഹൃദയത്തെ കുളിരണിയിച്ചു. അരുൺ ഈ ലോകത്തിൽ ഞാനൊറ്റയ്ക്കല്ലെന്ന് നീ പണ്ടേ തെളിയിച്ചു തന്നു കഴിഞ്ഞുവല്ലോ മകനെ… അങ്ങനെ വികാരാധീനയായി ഞാൻ അരുണിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്‍റെ മനോഗതം മനസിലാക്കിയിട്ടെന്ന പോലെ അരുൺ പെട്ടെന്നു പറഞ്ഞു.

“ഞാൻ മാഡത്തെ ഒറ്റയ്ക്കാക്കുകയില്ലെന്നു പറഞ്ഞത് ഇപ്പോൾ മറ്റൊരു അർത്ഥത്തിലാണ്. ഏതായാലും ഞാൻ നിങ്ങൾക്കു രണ്ടുപേർക്കുമിപ്പോൾ പുത്രതുല്യനാണ്. ഇനിയും ഒരു മകന്‍റെ സ്വാതന്ത്യ്രത്തോടെ ഞാൻ പറയട്ടെ നിങ്ങളുടെ ഈ പുനഃസമാഗമം ഒരു ചെറിയ ചടങ്ങിലൂടെ ആഘോഷമാക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. നിങ്ങൾ രണ്ടുപേരും എന്തുപറയുന്നു?” ഒന്നു നിർത്തി അരുൺ തുടർന്നു. “ഞാനും മമ്മിയും ഇതേക്കുറിച്ച് ഇന്നലെ ആലോചിച്ചിരുന്നു.” ഞാൻ പെട്ടെന്ന് ഞെട്ടലോടെ ചോദിച്ചു.

“ചടങ്ങോ… അരുൺ എന്താണ് പറഞ്ഞു വരുന്നത്?” എന്‍റെ ഞെട്ടൽ കണ്ട് ചിരിച്ചു കൊണ്ട് അരുൺ തുടർന്നു.

“ചടങ്ങെന്നു വച്ചാൽ വിവാഹം പോലെ ചെറിയൊരു ആഘോഷം. ഈ ഹോസ്പിറ്റലിൽ വച്ചു തന്നെ. അതിൽ പങ്കെടുക്കാൻ നമ്മൾ കുറച്ചുപേർ മാത്രം. മാഡത്തിന്‍റെ ഈ പുനർജന്മം എല്ലാ അർത്ഥത്തിലും പുൻരജന്മമായിക്കൊള്ളട്ടെ. അല്ലേ സർ?”

അരുൺ ഫഹദ്സാറിനെ നോക്കി ചോദിച്ചു. അദ്ദേഹവും അൽപം അമ്പരപ്പിലായിരുന്നു. വാർദ്ധക്യത്തിലെത്തി നിൽക്കുന്ന രണ്ടുപേർ തമ്മിലുള്ള വിവാഹമോ? അതുൾക്കൊള്ളാൻ അദ്ദേഹത്തിനുമായില്ല.

“സാറും മാഡവുമെന്താണൊന്നും മിണ്ടാത്തത്? നിങ്ങൾ രണ്ടുപേരും ഒരിക്കൽ ഭാര്യാഭർത്താക്കന്മാരായി കുറച്ചു നാളെങ്കിലും ജീവിച്ചവരാണ്. അന്ന് വിധി വൈപര്യത്താൽ നിങ്ങൾക്ക് അകന്നു നില്‌ക്കേണ്ടി വന്നു. കാലങ്ങൾക്കു ശേഷമുള്ള ഈ കൂടിച്ചേരൽ ഒരു ചെറിയ ആഘോഷമാക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. നിങ്ങൾക്കു രണ്ടുപേർക്കും അതിന് മൗനസമ്മതമെന്ന് ഞാൻ കരുതുന്നു.”

അങ്ങിനെ പറഞ്ഞു കൊണ്ട് അരുൺ അവിടെ നിന്നും എഴുന്നേറ്റു നടന്നു. അരുന്ധതിയും പുറകേ പോയി. ഞങ്ങൾ ഇരുവരും അൽപനേരം മുഖത്തോടു മുഖം നോക്കിയിരുന്നു. അൽപനിമിഷങ്ങൾ കഴിഞ്ഞ് എന്‍റെ കൈത്തലം കവർന്നു കൊണ്ട് അദ്ദേഹം ചോദിച്ചു.

“അരുൺ പറഞ്ഞതിൽ തെറ്റൊന്നുമില്ല അല്ലേ മീര… നമ്മൾ വളരെ പണ്ടുതന്നെ ഭാര്യാഭർത്താക്കന്മാരായിത്തീർന്നവരാണ്. പിന്നെ അൽപകാലം അകന്നു നിൽക്കേണ്ടി വന്നു എന്നു മാത്രം. ഇന്നിപ്പോൾ കാലങ്ങൾക്കു ശേഷമുള്ള ഈ കൂടിച്ചേരലിൽ, നിനക്കൊരു പുതുജീവൻ നൽകാൻ എനിക്കു കഴിഞ്ഞെങ്കിൽ ഒരു പുതു ജീവിതം നൽകാനും എനിക്കു കഴിയും. ഇന്നിപ്പോൾ നമ്മുടെ മുന്നിൽ മറ്റു തടസ്സങ്ങളൊന്നുമില്ല. ചിരകാലമായി ഞാൻ അഭിലഷിച്ചിരുന്നതു പോലെ നീ എന്‍റേതു മാത്രമായിത്തീരുന്ന ഈ നിമിഷങ്ങൾ ആഘോഷമാക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല.”

പെട്ടെന്ന് അൽപം വൈക്ലബ്യത്തോടെ ഞാൻ ചോദിച്ചു.

“അതല്ല ഫഹദ്സാർ… ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന രണ്ടു പേരാണ് നമ്മളിപ്പോൾ… ഈ വൈകിയ വേളയിൽ ഒരു പുനർവിവാഹത്തിനു തുനിയുക എന്നു വച്ചാൽ ആളുകൾ എന്തു പറയും?”

“ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. ഇനിയെങ്കിലും നമുക്കെല്ലാം മറന്ന് ജീവിയ്ക്കണം. നമ്മുടേതു മാത്രമായ ഒരു കൊച്ചു ലോകത്തിൽ. അതിന് ചെറിയ ഒരു സമൂഹത്തിന്‍റെ അംഗീകാരം കൂടി കിട്ടുന്നത് നല്ലതല്ലെ?”

“അങ്ങയ്ക്കങ്ങിനെ തോന്നുന്നുവെങ്കിൽ എനിക്കൊന്നും പറയാനില്ല. അങ്ങയോടൊത്തുള്ള ഒരു പുതു ജീവിതം അതും ഞാനും ആഗ്രഹിക്കുന്നുണ്ട്.”

വൈകാതെ അരുൺ വിവാഹമെന്ന ഒരു ചെറിയ ചടങ്ങു നടത്തുന്നതിലേയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. ഹോസ്പിറ്റലിലെ ചെറിയ ഹാളിൽ വച്ചു നടത്തിയ ആ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടവരായി കുറച്ചുപേർ മാത്രം… ഡോക്ടർ ഹേമാംബികയും ഭർത്താവും, പിന്നെ ഏതാനും നഴ്സുമാരടങ്ങിയ സംഘം.

ഹോസ്പിറ്റൽ സ്റ്റാഫ്, അരുണിന്‍റെ ഏതാനും സുഹൃത്തുക്കൾ, അരുന്ധതിയും അരണും അങ്ങിനെ ക്ഷണിക്കപ്പെട്ടവരായി ഏതാനും ചില അതിഥികൾ മാത്രം. ചടങ്ങുകളെല്ലാം കോഓർഡിനേറ്റ് ചെയ്തു കൊണ്ട് ഹേമാംബിക ഒരു ചെറുപ്രസംഗം നടത്തി. ഇത്തരത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളടക്കം മറ്റു പലർക്കും ഈ വിവാഹം ഒരു മാതൃകയാവട്ടെ എന്നവർ ആശീർവദിച്ചു. പിന്നീട് വധൂവരന്മാർ പരസ്പരം മാലയിടുകയും മോതിരം കൈമാറുകയും ചെയ്‌തു.

പണ്ട് എന്‍റെ പിതാവിനാൽ പൊട്ടിച്ചെറിയപ്പെട്ട, താലിയ്ക്കുപകരം, മറ്റൊരു താലി അണിയിച്ചു കൊണ്ട് ഫഹദ്സാർ തന്‍റെ കടമ നിർവ്വഹിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്ന് നിലംപതിച്ചു. അത് പണ്ടെങ്ങോ കൈവിട്ടു പോയ നിധിയെ വീണ്ടെടുക്കാനായതിലുള്ള ഹർഷോന്മാദമോ, അതോ ഞാൻ മനസ്സറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്കുള്ള പ്രായശ്ചിത്തമോ, ഏതെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. എന്നാൽ നാളെ മുതൽ ഞാൻ മീരാനാരായണനല്ല പകരം മീരാ ഫഹദ് ആണെന്ന തിരിച്ചറിവ് മനസ്സിനെ കൂടുതൽ തരളിതമാക്കി. പാറക്കെട്ടുകളെ തല്ലിത്തകർത്ത് കുതിച്ചൊഴുകുന്ന നീരുറവ പോലെ ഉള്ളിൽ കാലങ്ങളായി അണകെട്ടി നിർത്തിയ ആഹ്ലാദം അണപൊട്ടിയൊഴുകുന്നത് ഞാനറിഞ്ഞു.

അപരിഹാര്യമായ വിധിയുടെ കൈകളാൽ ഒരിക്കൽ പറിച്ചെറിയപ്പെട്ട ഞങ്ങളിരുവരും ഇതാവീണ്ടും അതേ വിധിയുടെ കരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച സൃഷ്ടാവായ ഈശ്വരന്‍റെ അനേകം ലീലകളിൽ ഒന്നു മാത്രമേ ഇത്? പലപ്പോഴും വിധിയുടെ കൈകളിലെ ഒരു കളിപ്പാട്ടമായി മനുഷ്യനെ മാറ്റുന്നതിൽ ആ സൃഷ്ടാവു വിജയിക്കാറുണ്ട്.

ഏതോ നിഴൽ മറയ്ക്കപ്പുറത്ത്, അജ്ഞാതമായ ഏതോ കരങ്ങളിൽ വെറും തോൽപാവകളായി രൂപം മാറുന്ന മനുഷ്യർ. മറഞ്ഞിരിക്കുന്ന ആ കരങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് ചലിക്കുവാൻ വിധിക്കപ്പെട്ടവർ… എന്നിട്ടും ചിലരെങ്കിലും സ്വന്തം ഇച്ഛാശക്തിയാൽ ആ പ്രപഞ്ച ശക്തിയെ അതിജീവിക്കുന്നതായി നാം കാണുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നിലെ ഞാനും ഫഹദ് സാറും തമ്മിലുള്ള ആത്മബന്ധവും.

ജന്മങ്ങളുടെ ഇഴയടുപ്പം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഡതരമാക്കി മറ്റെന്തിനെക്കാളും മഹത്തരമായത് അടിയുറച്ച സ്നേഹബന്ധമെന്ന് ഞങ്ങൾ ഊട്ടിയുറപ്പിച്ചിരിക്കുന്നു. അത്തരത്തിലുള്ള സ്നേഹബന്ധത്തെ പറിച്ചെറിയാൻ ഒരു ശക്തിക്കുമാവില്ലെന്നു. വിവാഹശേഷം ആദ്യം അരികിലെത്തി ആശംസിക്കുകയും അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു കൊണ്ട് അരുൺ പറഞ്ഞു.

“എന്‍റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളിലൊന്നാണിത്. എന്‍റെ ചിരകാല അഭിലാഷം ഇന്ന് പൂർത്തിയായിരിക്കുന്നു. മാഡം എനിക്ക് മാതൃതുല്യയാണ് നിങ്ങൾ. മാഡത്തെ ഈ രീതിയിൽ കാണുവാൻ ഞാനെത്ര നാളുകളായി ആഗ്രഹിക്കുന്നു. നെറ്റിയിൽ ഈ മംഗല്യക്കുറി അണിഞ്ഞു നിൽക്കുന്ന മാഡത്തെ കാണുമ്പോൾ ഞാനെത്ര മാത്രം സന്തോഷിക്കുന്നുവെന്നോ? ഒരിക്കൽ മാഞ്ഞു പോയ മാഡത്തിന്‍റെ ആ സിന്ദൂരക്കുറിയും കഴുത്തിലെ താലിമാലയും വീണ്ടെടുത്തു നൽകാൻ കഴിഞ്ഞതിൽ ഞാനിന്നു കൃതാർത്ഥനാണ്. ഒരു മകനെന്ന നിലയിൽ എത്രമാത്രമാണ് എന്‍റെ മനസ്സിലെ ആനന്ദമെന്ന് എനിക്കു പറഞ്ഞറിയിക്കാൻ വയ്യ.

ആവേശം മൂത്ത് ഹിന്ദിയിലാണ് അരുൺ ആ വാക്കുകൾ പറഞ്ഞതെങ്കിലും, അവന്‍റെ കണ്ണുകളിലെ ആനന്ദകണ്ണീർ, ആ വാക്കുകളിലെ സത്യസന്ധത ഉറപ്പിയ്ക്കുന്നതായിരുന്നു. അവനെ അടുത്തു ചേർത്തു നിർത്തി ആലിംഗനം ചെയ്‌തു കൊണ്ടു ഞാൻ പറഞ്ഞു.

“നിന്നെപ്പോലൊരു മകനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ് അരുൺ. ഇന്നിപ്പോൾ ലോകത്തിലേറ്റവും സൗഭാഗ്യയായ സ്ത്രീയായി ഞാൻ മാറിയിരിക്കുന്നു. ഏറ്റവും നല്ല ഭർത്താവിനേയും, ഏറ്റവും നല്ല മകനേയും ലഭിച്ച സൗഭാഗ്യവതി. കണ്ണീരിലൂടെ പുഞ്ചിരി തൂകി നിന്ന എന്‍റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ ഫഹദ്സാർ ഞങ്ങൾക്കരികിൽ ചേർന്നു നിന്നു. എന്‍റെ വാക്കുകൾക്ക് പൂർണ്ണത നൽകുമാറ് ക്യാമറക്കണ്ണുകൾ ആരംഗം ഒപ്പിയെടുത്തു. ഫ്ളാഷുകൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു.

പിന്നീടുള്ള ദിനങ്ങൾ കുതിച്ചൊഴുകുന്ന കാട്ടരുവിയുടേതു പോലെയായിരുന്നു. പ്രതിബന്ധങ്ങളെ തല്ലിത്തകർത്ത് പാറയിടുക്കുകളിലൂടെ കുതിച്ചൊഴുകിയ ആ കാട്ടരുവി രണ്ടാത്മാക്കളുടെ അപൂർവ്വ സംഗമത്തിലൂടെ ആനന്ദിക്കുകയായിരുന്നു.

ഏതാനും ദിനങ്ങൾക്കുള്ളിൽ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്‌ജു ചെയ്യപ്പെട്ട് ഞങ്ങൾ ഫ്ളാറ്റിലെത്തി. ഇതിനിടയിൽ എറണാകുളത്തെ വീടിന്‍റെ വിൽപന നടക്കുകയും ഒരു നല്ല തുക എന്‍റെ അക്കൗണ്ടിൽ വന്നു ചേരുകയും ചെയ്‌തു. പന്ത്രണ്ടു കോടിയുടെ വിൽപ്പന നടക്കുന്ന വിവരം മായ അറിയിച്ചതനുസരിച്ച്, ഹോസ്പിറ്റലിൽ വച്ച് സ്വന്തം പൗവ്വർ ഓഫ് അറ്റോർണി ഞാൻ മായയ്ക്ക് കൈമാറുകയായിരുന്നു. ആ പണത്തിൽ നിന്നും ഒരു ഭാഗമുപയോഗിച്ചാണ് ഞാൻ ഫ്ളാറ്റ് വാങ്ങിയത്. നരേട്ടന്‍റെ ഓർമ്മകളുറങ്ങുന്ന പഴയ വീട് വാടകയ്ക്ക് നൽകുകയും ചെയ്‌തു.

ഒരു നല്ല തുക കൃഷ്ണയുടെ പേരിൽ ബാങ്കിലിടുമ്പോൾ അതവളെ വിളിച്ചറിയിച്ചു. അതറിഞ്ഞ കൃഷ്ണയുടെ പരിഭവം ഒട്ടൊക്കെ മാറി.

പിന്നീട് ഹോസ്പിറ്റൽ വിട്ട് ഫ്ളാറ്റിലേയ്ക്കു ചേക്കേറുമ്പോൾ ഫഹദ്സാറ് ഫ്ളാറ്റിനു മുന്നിലെ നെയിം ബോർഡ് വായിച്ചു കൊണ്ട് ഫലിത രൂപേണ പറഞ്ഞു.

“നെസ്റ്റ് എന്ന പേര് ഈ ഫ്ളാറ്റിനു കൊള്ളാം. നമുക്കു ചേർന്നതു തന്നെ ഇനി ഈ കൂട്ടിൽ മുട്ടയിട്ട് ഇണക്കുരുവികളെപ്പോലെ നമുക്കിവിടെ കഴിയാം.”

“മുട്ടയിടാനോ… അതിനുള്ള പ്രായം കഴിഞ്ഞു പോയില്ലെ?”

ഫഹദ്സാറും ഞാനും ഉറക്കെച്ചിരിച്ചു. പിന്നീട് അനുരാഗവായ്പോടെ എന്‍റെ കൈത്തലമെടുത്ത് അദ്ദേഹം പറഞ്ഞു.

“ഇന്നിപ്പോൾ നിന്നെ തിരിച്ചു കിട്ടിയല്ലോ. അതുമതി എനിക്ക്. ഈ വാർദ്ധക്യത്തിൽ ഞാൻ സൗഭാഗ്യവാനാണ്.” ജന്മാന്തരങ്ങൾക്കപ്പുറത്ത് തപസ്സിരുന്ന വേഴാമ്പലിന്‍റെ ശബ്ദം.

“നിന്നെത്തേടിയലഞ്ഞ നാളുകളിൽ നീ എന്‍റെ കരങ്ങളിൽ നിന്നും ഏറെ അകലെയായിരുന്നു. അല്ലെങ്കിൽ മറ്റാരൊക്കെയോ നമ്മെ അകറ്റി നിർത്തി. ഇന്നിപ്പോൾ കാലം നമ്മെ വീണ്ടും കൂട്ടിയിണക്കിയിരിക്കുന്നു. നമ്മുടെ ഒത്തുചേരൽ ദൈവവും ആഗ്രഹിച്ചിരുന്നുവെന്നല്ലെ അതിനർത്ഥം…. മീരാ….”

“അതെ സാർ… ആത്മാർത്ഥ സ്നേഹം എപ്പോഴാണെങ്കിലും വിജയിക്കും. ദൈവത്തിനു അതംഗീകരിക്കാതിരിക്കാനാവില്ല…” ഞാൻ പ്രതിവചിച്ചു.

കാലം ഒരു പ്രവാഹമായി മുന്നോട്ടൊഴുകിയപ്പോൾ പൊട്ടിച്ചിരികൾ മാത്രം ബാക്കിയാക്കി ജീവിതം തളിരണിഞ്ഞു.

ഓപ്പറേഷനു ശേഷമുള്ള വിശ്രമ ദിവസങ്ങളിൽ ഫഹദ്സാർ എല്ലാ അർത്ഥത്തിലും എനിക്കു തുണയായി നിന്നു. വീട്ടിലെ പാചകം സ്വയം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

“പത്തിരുപത്തിനാലു വർഷം വിഭാര്യനായിക്കഴിഞ്ഞ ഒരാൾക്ക് പാചകമറിയില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? പാചകകലയിൽ എന്‍റെ മിടുക്ക് എത്രത്തോളമുണ്ടെന്ന് മീര കണ്ടോളൂ.”

അസാമാന്യ പാടവത്തോടെ അദ്ദേഹം ഭക്ഷണം പാകം ചെയ്യുന്നത് ഞാൻ നോക്കിയിരുന്നു.

(തുടരും)

പരീക്ഷ

ടെറസ്സിൽ തുണി ഉണക്കുവാനിട്ടു കൊണ്ടു നിന്നിരുന്ന അഞ്ജലി സഞ്ജീവിനെ തന്‍റെ വീടിന്‍റെ ഉമ്മറത്തു കണ്ട് ഞെട്ടിത്തരിച്ചു പോയി.

ഏകദേശം രണ്ടു വർഷം മുമ്പായിരുന്നു അഞ്ജലിയും അജയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു മുമ്പ് അഞ്ജലിക്ക് സഞ്ജീവ് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കളുടെ നിർബ്ബന്ധം കാരണം ഈ വിജാതീയ യുവാവുമായുള്ള അവളുടെ വിവാഹം നടന്നില്ല.

അഞ്ജലി നിന്നു വിറയ്ക്കുകയായിരുന്നു. ഇയാളെന്തിനാണ് ഇപ്പോൾ ഇങ്ങോട്ടു വന്നിരിക്കുന്നത്? ഇതെങ്ങാനും അജയ് അറിഞ്ഞാലോ? അവൾക്കാകെ പേടിയായി. ശരീരം തളർന്ന്, തൊണ്ട വരണ്ട് അവളങ്ങനെ നിന്നു. അപ്പോഴാണ് അഞ്ജലിയുടെ നാത്തൂൻ ശില്പ ആഹ്ലാദപൂർവ്വം അയാളെ അകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നത് അവൾ കണ്ടത്.

“ഞാൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് അറിയാമോ? അറിയുമെങ്കിൽ തന്നെ ശില്പയോടു ഞങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടാകുമോ? അഞ്ജലിയുടെ മനസ്സ് പിന്നെയും സംഘർഷഭരിതമായി. അഞ്ജലി ടെറസ്സിൽ നിന്നും നേരെ അടുക്കളയിലേക്കു പോയി.

“ഏടത്തീ, ചേട്ടനെന്തു ചെയ്യുകയാ?” കുറച്ചു നേരത്തിനു ശേഷം ശില്പ വന്നു ചോദിച്ചു. അവൾ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

“മുറിയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്.” അഞ്ജലി മനസ്സിനെ ശാന്തമാക്കുവാൻ ബദ്ധപ്പെട്ട് മറുപടി നൽകി.

“ചേട്ടനെയൊന്നു സ്വീകരണ മുറിയിലയയ്ക്കൂ ഏടത്തീ. സഞ്ജീവ് ചേട്ടനെ കാണാൻ വന്നതാണ്.”

“ഏട്ടനെ കാണാൻ വന്നതിലെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?”

“ഉവ്വ്, ഏടത്തീ, ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു. വിവാഹത്തിന് നിങ്ങൾ രണ്ടുപേരുടെയും ആശീർവാദം വാങ്ങാൻ വന്നതാണ്.” ശില്പ അല്പം ലജ്ജയോടെ മറുപടി നൽകി.

“നീ സഞ്ജീവിനെ എന്നുമുതലറിയും? ഇത്രയും ചോദിച്ച് തന്‍റെ വിവശത മറച്ചുകൊണ്ട് അഞ്ജലി പുഞ്ചിരിച്ചു.

“ഏകദേശം 6 മാസമായി. ചേച്ചി എന്‍റെ സ്നേഹിത നിഷയുടെ വിവാഹമോർക്കുന്നില്ലേ?”

“ആ ചടങ്ങിൽ ഞാനും ഏട്ടനും നീയും പങ്കെടുത്തതല്ലേ?”

“അതെ, സഞ്ജീവ് ആദ്യമായി അവിടെ വച്ചാണ് എന്നെ കണ്ടതും ഇഷ്ടപ്പെട്ടതും.” ശില്പ മന്ദസ്മിതം തൂകി.

“അവിടെ വച്ച് അയാൾ ഞങ്ങളെയും പരിചയപ്പെട്ടിരുന്നുവോ?”

“ഇല്ല, പക്ഷെ നിങ്ങളെ രണ്ടുപേരെയും അന്നുമുതലറിയും. ഇപ്പോൾ ചേട്ടനെ ഇങ്ങോട്ടയക്കൂ ഏടത്തി. അതിനു ശേഷം ഞാൻ ഭക്ഷണമുണ്ടാക്കാൻ ഏടത്തിയെ സഹായിക്കാനായി വരാം.” ശില്പ സന്തോഷത്തോടെ സ്വീകരണ മുറിയിലേക്ക് മടങ്ങിപ്പോയി.

താൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് നന്നായറിയാമെന്ന കാര്യം അഞ്ജലിക്ക് പെട്ടെന്ന് മനസ്സിലായി. തങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ച് സഞ്ജീവ് ശില്പയോടു യാതൊന്നും പറഞ്ഞിട്ടില്ലെന്ന കാര്യവും അവൾക്ക് സ്പഷടമായി. എന്നാൽ ശില്പയുടെ ജീവിത പങ്കാളിയായി സഞ്ജീവ് അവളുടെ ജീവിതത്തിലേക്ക് വരുന്നത് അഞ്ജലിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു.

സഞ്ജീവിനുള്ള ഭക്ഷണം തയ്യാറാക്കുവാനായി ശില്പ ഏടത്തിയമ്മയെ സഹായിച്ചു. ഈയവസരത്തിൽ താനും സഞ്ജീവുമായുള്ള പ്രേമബന്ധത്തെക്കുറിച്ചവൾ പറഞ്ഞുകൊണ്ടേയിരുന്നു.

അഞ്ജലി ഭക്ഷണവുമായി സ്വീകരണ മുറിയിലേക്കു പോയി. വിവാഹശേഷം സഞ്ജീവുമായുള്ള ആദ്യ കൂടിക്കാഴ്ചയായതിനാൽ അവൾക്ക് തന്‍റെ ഹൃദയമിടിപ്പ് നിയന്ത്രിക്കാനായില്ല.

അഞ്ജലിയും സഞ്ജീവും രണ്ടപരിചിതരെപ്പോലെ പരിചയപ്പെട്ടു. പ്രസന്നവദനനായ ഒരതിഥിയെപ്പോലെയായിരുന്നു സഞ്ജീവിന്‍റെ പെരുമാറ്റം.

സഞ്ജീവിനെ യാത്രയാക്കിയശേഷം അജയ് അദ്ദേഹത്തെക്കുറിച്ച് തന്‍റെ അഭിപ്രായം വ്യക്‌തമാക്കി, “പയ്യൻ പ്രസന്നവദനനും ചേർച്ചയുള്ളവനുമാണ്. നമ്മുടെ ജാതിയിലും സമുദായത്തിലും പെട്ടവനല്ലെങ്കിലും പ്രശ്നമില്ല. എന്നെ സംബന്ധിച്ച് ശില്പ അയാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുമല്ലോ എന്നതുതന്നെയാണ് പ്രധാനം. ശില്പേ, നിന്‍റെ ഇഷ്ടം എനിക്ക് സ്വീകാര്യമാണ്.”

സന്തോഷത്താൽ ഭാവാതുരയായി ശില്പ തന്‍റെ സഹോദരനെ കെട്ടിപ്പിടിച്ചു. അതിനുശേഷം ഏടത്തി അഞ്ജലിയോടു ചോദിച്ചു, “ഏടത്തി, ഏടത്തിയെന്താ ഇത്ര ഗൗരവത്തിലിരിക്കുന്നത്. എന്താ സഞ്ജീവിനെ ഇഷ്ടമായില്ലേ?”

അഞ്ജലി തിടുക്കത്തിലുത്തരം നൽകി. “ഇല്ല, അങ്ങനെയൊന്നുമില്ല ശില്പേ. നിന്‍റെ ഏട്ടന്‍റെ ഇഷ്ടമാണ് എന്‍റേതും.”

അഞ്ജലി അന്നേ ദിവസം അസ്വസ്ഥയും ഭയചകിതയുമായി കാണപ്പെട്ടു. രണ്ടുവർഷം മുമ്പ് സഞ്ജീവുമായുള്ള തന്‍റെ അവസാനത്തെ കൂടിക്കാഴ്ച അവളുടെ ഓർമ്മയിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. അന്യജാതിയിൽ പെട്ട സഞ്ജീവുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തി എന്നു മാത്രമല്ല ദൂരെയുള്ള അമ്മാവന്‍റെ വീട്ടിലേക്കവളെ പറഞ്ഞയയ്ക്കുകയും ചെയ്‌തു.

അമ്മാവന്‍റെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് അഞ്ജലി അവസാനമായി സഞ്ജീവിനെ കണ്ടിരുന്നു. പരിതസ്‌ഥിതികളെല്ലാം മനസ്സിലാക്കിയ ശേഷം ഇടറുന്ന സ്വരത്തിൽ സഞ്ജീവ് അഞ്ജലിയോട് പറഞ്ഞു. “അഞ്ജലി, എനിക്ക് നിന്നെ ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. എന്‍റെ മനസ്സിൽ മറ്റൊരു പെൺകുട്ടിയ്ക്കും നിന്‍റെ ഇടം ലഭിക്കുകയില്ല. നിന്‍റെ മാത്രം ഓർമ്മയിൽ ഞാനെന്‍റെ ബാക്കി ജീവിതം തള്ളിനീക്കും.”

ഇപ്പോൾ അതേ സഞ്ജീവ് തന്നെയാണ് ശില്പയെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നത്, സഞ്ജീവ് എന്‍റെ അടുത്തെത്തുന്നതിനുവേണ്ടി ശില്പയുമായി പ്രേമബന്ധം നടിക്കുന്നതാണോ അതോ എന്‍റെ അവിശ്വസ്ഥതയ്ക്കുള്ള ശിക്ഷയായി ശില്പയെ ബുദ്ധിമുട്ടിക്കുകയാണോ? ഇത്തരത്തിലുള്ള അനേക ചോദ്യങ്ങൾ അഞ്ജലിയുടെ മാനസിക സംഘർഷം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.

ശില്പയുടെയും സഞ്ജീവിന്‍റെയും വിവാഹശേഷം താനും സഞ്ജീവുമായുള്ള പൂർവ്വബന്ധത്തെക്കുറിച്ച് ആരെങ്കിലും മുഖാന്തിരം ഭർത്താവറിയുമോ എന്ന ഭയവും അവൾക്കുണ്ടായിരുന്നു.

അജയിന്‍റെ ദേഷ്യത്തെക്കുറിച്ച് അഞ്ജലിക്ക് നല്ലതുപോലെ അറിയാമായിരുന്നു. ഒരു കാരണവും കൂടാതെ തന്‍റെ ഭർത്താവിന്‍റെ ദൃഷ്ടിയിൽ അപരാധിനിയാകുവാൻ അവളാഗ്രഹിച്ചില്ല.

വളരെനേരം ആലോചിച്ച ശേഷം അഞ്ജലി താനും സഞ്ജീവുമായുള്ള പൂർവ്വബന്ധത്തെക്കുറിച്ച് അജയിനോടു പറയണമെന്ന തീരുമാനത്തിലെത്തി. അന്നു രാത്രി അത്താഴത്തിനുശേഷം അവളെല്ലാം അജയിനോട് തുറന്നു പറഞ്ഞു.

അജയ് നെറ്റി ചുളിച്ചുകൊണ്ട് എല്ലാം ഗൗരവത്തോടെ കേട്ടു. ഈയവസരത്തിൽ അഞ്ജലിക്കാകട്ടെ ഭർത്താവിന്‍റെ ഭാവി പ്രതികരണത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല.

“നമ്മുടെ വിവാഹശേഷം സത്യത്തിൽ നീ ഇപ്പോൾ ആദ്യമായാണോ സഞ്ജീവിനെ കാണുന്നത്?” അജയ് ഒളികണ്ണോടെ അവളെ നോക്കി.

“എന്താ താങ്കൾക്കെന്‍റെ വാക്കിൽ വിശ്വാസമില്ലേ?” അഞ്ജലി ദൈന്യതയാർന്ന സ്വരത്തിൽ ചോദിച്ചു.

“അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ നേരായ മറുപടി നൽകൂ. നിന്‍റെ പഴയ വിഡ്ഢിത്തം കാരണം എത്ര ഗുരുതരമായ പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിലുണ്ടാകാൻ പോകുന്നത്… ഇതിനെക്കുറിച്ച് വല്ല വിചാരവുമുണ്ടോ നിനക്ക്?”

“അതുകൊണ്ടല്ലേ ഞാനെല്ലാം താങ്കളോടു തുറന്നു പറഞ്ഞത്.”

“വിവശത കൊണ്ടു പറഞ്ഞു പോയതല്ലേ,” അജയ് പരിഹസിച്ചു.

തന്‍റെ നിരപരാധിത്തം തെളിയിക്കുന്നതിനായി എന്തെങ്കിലും പറയുന്നതിനു പകരം നിശബ്ദയായിരിക്കുന്നതാണുത്തമം എന്ന് അഞ്ജലിക്കു തോന്നി. അജയുടെ രോഷം ജ്വലിപ്പിക്കുവാൻ അവൾക്കൊട്ടും ആഗ്രഹമില്ലായിരുന്നു.

“നീ രാവിലെ സഞ്ജീവിനോടു പൂർവ്വ പരിചയമുള്ളവളെപ്പോലെയല്ലല്ലോ പെരുമാറിയത്?” അജയ് അപ്രസന്നനായി ചോദിച്ചു.

“അയാളെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ഞാൻ പരിഭ്രമിച്ചു പോയി. മാത്രമല്ല അയാളും എന്നോട് അപരിചിതനെപ്പോലെയാണ് പെരുമാറിയത്.” അഞ്ജലി തന്‍റെ നിരപരാധിത്വം വെളിപ്പെടുത്തി.

“നിന്‍റെ പരിഭ്രമം നിറഞ്ഞ പെരുമാറ്റം മനസ്സിലാക്കാം. എന്നാൽ സഞ്ജീവെന്തുകൊണ്ടാണ് അപരിചിതനെപ്പോലെ നിന്നോടു പെരുമാറിയത്? എന്തായിരിക്കും ഇതിനു കാരണം?”

“ഞാനെന്തു പറയാനാ?”

“അയാളുടെ നോട്ടത്തിൽ പ്രേമഭാവമുണ്ടായിരുന്നതായി നിനക്കു തോന്നിയോ?”

“ഇല്ല, അങ്ങനെയൊന്നും തോന്നിയില്ല.”

“സത്യമല്ലെ പറയുന്നത്? എന്നിൽ നിന്ന് നീയൊന്നും ഒളിപ്പിക്കുകയല്ലല്ലോ?”

ഇതു കേട്ടപ്പോൾ അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അജയിന്‍റെ ആ വാക്കുകൾ അവളുടെ മനസ്സിനെ വ്രണപ്പെടുത്തി.

“അനാവശ്യമായി കരഞ്ഞ് എന്‍റെ ടെൻഷൻ വർദ്ധിപ്പിക്കാതിരിക്കൂ,” അജയ് അവളെ ശകാരിച്ചു. “സഞ്ജീവിന്‍റെ ഉള്ളിലിരിപ്പ് എന്താണെന്ന് എനിക്ക് തീർച്ചയായും അറിയണം. അയാൾ നിന്നെ മറന്നിട്ടുണ്ടാകില്ലേ… നിന്‍റെ അടുക്കൽ വരുന്നതിനായാണ് ശില്പയെ വിവാഹം കഴിക്കാൻ പോകുന്നതെങ്കിൽ ഞാനിതൊരിക്കലും അനുവദിക്കില്ല.”

“വാസ്തവത്തിൽ ശില്പയോടു സ്നേഹമുണ്ടെങ്കിലോ. നമ്മൾ രണ്ടുപേരും മനസ്സിലോരോ തെറ്റിദ്ധാരണകൾ വച്ചു പുലർത്തി വിഷമിക്കുകയാണ്.” അഞ്ജലി അജയിനെ സമാധാനിപ്പിക്കുവാനായി ശ്രമിച്ചു.

“ശില്പയുമായി അയാളുടെ വിവാഹം ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല.” അജയ് പെട്ടെന്ന് രോഷാകുലനായി.

“എന്നാൽ… ശില്പയോടു താങ്കളെന്തു പറയും? എന്തുകാരണം പറഞ്ഞ് ഈ ബന്ധം സ്വീകാര്യമല്ലെന്നു പറയും?”

കുറച്ചുനേരം നിശബ്ദനായി നിന്നതിനു ശേഷം അജയ് തീക്ഷ്ണമായ നോട്ടത്തോടെ മറുപടി നൽകി. “അവളെ പ്രേമിച്ചവൻ ആദ്യം അവളുടെ ഏടത്തിയെ പ്രേമിച്ചിരുന്നു എന്നതാണ് പ്രശ്നം.”

“ശില്പയുടെ മുന്നിൽ നീ തരംതാണു കാണാൻ ഞാനാഗ്രഹിക്കുന്നില്ല. പ്രേമക്കുരുക്കിൽ പെട്ടു പോകുന്ന അവിവാഹിതരായ പെൺകുട്ടികൾ എങ്ങനെയാണാവോ മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നത്?”

അഞ്ജലി മുഖം കുനിച്ചിരുന്ന് ഏങ്ങിക്കരയുവാൻ തുടങ്ങി. അജയിന്‍റെ കൊള്ളിച്ചുകൊണ്ടുള്ള സംസാരം അവളെയേറെ ദുഃഖിതയാക്കി. അഞ്ജലിയെ അജയ് സമാധാനിപ്പിക്കുവാൻ ശ്രമിച്ചില്ല.

കുറച്ചു നേരത്തിനുശേഷം അജയ് തലയിണ കൈയിലെടുത്തു നിന്നു പറഞ്ഞു, “ഇനി കരച്ചിലും ബഹളവും നിറുത്തി ഉറങ്ങാൻ നോക്കൂ. ഞാനീ പ്രശ്നത്തിനെന്തെങ്കിലും പരിഹാരം കണ്ടെത്താം.” എന്നിട്ട് വിളക്കണച്ച് ജാലകത്തോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ ചിന്താമഗ്നനായിരുന്നു.

അജയ് അഞ്ജലിയെ അതിരാവിലെ വിളിച്ചുണർത്തി. എന്നിട്ടവളോടു പറഞ്ഞു, “ഈ സഞ്ജീവ് ഇപ്പോൾ നിന്നെ ഏതു രീതിയിലാണ് കാണുന്നത്? ശില്പയെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുവാനുള്ള ഒരു മാർഗ്ഗം ഇപ്പോളെന്‍റെ പക്കലുണ്ട്.”

“എന്താ?” അഞ്ജലി ടെൻഷൻ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നമുക്ക് സഞ്ജീവിനെ പരീക്ഷിക്കേണ്ടതായി വരും.”

“എന്തു പരീക്ഷ?”

“നീ ഇന്ന് സഞ്ജീവിനെ ഫോൺ ചെയ്ത് വീട്ടിലേക്ക് വിളിക്കണം.”

“എന്തുകാരണം പറഞ്ഞാണ് ഞാനയാളെ വിളിക്കുക?”

“നിനക്ക് ഒറ്റയ്ക്കയാളോട് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയണം. ഞാനപ്പുറത്തെ മുറിയിലൊളിച്ചിരുന്ന് നിങ്ങളുടെ രണ്ടുപേരുടെയും സംസാരം ശ്രദ്ധിക്കാം. നീ വീട്ടിലൊറ്റയ്ക്കാണെന്നു വിചാരിച്ച് അയാൾ തന്‍റെ മനസ്സിലുള്ള കാര്യങ്ങൾ തീർച്ചയായും നിന്നോടു തുറന്നു പറയും. ഞാൻ പറയുന്നതു പോലെ നീ പെരുമാറേണ്ടി വരും. നീ എന്തെങ്കിലും ഗുലുമാലൊപ്പിച്ചാൽ എന്‍റെ ദേഷ്യം നിനക്കറിയാമല്ലോ” അജയ് പറഞ്ഞു.

“ഞാനയാളുടെ മുന്നിലെന്താണ് ചെയ്യേണ്ടത്? എന്താണ് പറയേണ്ടത്?” അഞ്ജലി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

അജയ് കുറെനേരം അഞ്ജലിയെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടിരുന്നു. അജയ് പറഞ്ഞ ഓരോ വാക്കും അഞ്ജലി സസൂക്ഷ്മം ശ്രദ്ധിച്ചു. അജയ് സൂത്രത്തിൽ ശില്പയോടു സഞ്ജീവിനെ ഓഫീസിലേക്കു ഫോൺ ചെയ്‌തു. അഞ്ജലിക്ക് തനിച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞതിനാൽ സഞ്ജീവ് ഒരു മണിയ്ക്കു വരാൻ തയ്യാറായി.

സഞ്ജീവ് കൃത്യം ഒരു മണിയ്ക്ക് അഞ്ജലിയെ കാണാൻ വന്നു. അജയ് സ്വീകരണമുറിയോടു ചേർന്നുള്ള മുറിയിലിരുന്ന് അവരുടെ സംഭാഷണം ശ്രദ്ധിക്കുവാൻ തുടങ്ങി.

“എന്തൊക്കെയുണ്ട് അഞ്ജലി?” സഞ്ജീവ് പുഞ്ചിരിച്ചു കൊണ്ട് സംഭാഷണത്തിനു തുടക്കം കുറിച്ചു.

“ഞാനീ ജീവിതത്തിൽ സന്തുഷ്ടയല്ല. സഞ്ജീവ്” അഞ്ജലി ഉദാസീനയായി പറഞ്ഞു.

“പക്ഷേ ശില്പ പറഞ്ഞത് നിങ്ങളും അവളുടെ സഹോദരനും സന്തോഷത്തോടെയിരിക്കുന്നു എന്നാണല്ലോ,” സഞ്ജീവ് അസ്വസ്ഥനായി മറുപടി നൽകി.

“പക്ഷേ അത് സത്യമല്ല സഞ്ജീവ്.”

“അപ്പോൾ സത്യമെന്താണ്?”

“ഞാൻ നിങ്ങളെ ഇന്നുവരെ മറന്നിട്ടില്ല. എന്താ എന്നെ മറന്നോ?” അഞ്ജലി ഭാവാതുരയായി ചോദിച്ചു.

“ഇല്ല എന്നാൽ…”

“എനിക്ക് വിശ്വാസമുണ്ട് നിങ്ങളെന്നെ മറന്നിട്ടുണ്ടാകില്ല. ഇതും പറഞ്ഞ് അഞ്ജലി എഴുന്നേറ്റ് സഞ്ജീവിന്‍റെ അരികിൽ പോയിരുന്നു. ശില്പയെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് വീണ്ടും എന്‍റെയടുത്തു വരാമല്ലോ. ഇതോർത്ത് ഞാനതീവ സന്തുഷ്ടയാണ്. പക്ഷെ എനിക്ക് നിങ്ങളെ അളിയനെന്നു വിളിക്കുകയെന്തോ വിചിത്രമായി തോന്നുന്നു.” ഇതു പറഞ്ഞ് അഞ്ജലി വളരെ പതുക്കെ സഞ്ജീവിന്‍റെ കൈ തന്‍റെ കൈയിൽ എടുത്ത് തടവുവാൻ തുടങ്ങി.

സഞ്ജീവ് അൽപം അസ്വസ്ഥനായി കാണപ്പെട്ടു. എന്നിട്ട് പറഞ്ഞു “അപ്പോൾ നിങ്ങളെന്നെ അളിയനെന്നു വിളിക്കുന്നതിനു പകരം പേരു വിളിച്ചാൽ മതി. ഞാനും ശില്പയുമായുള്ള വിവാഹശേഷം നിങ്ങൾ പ്രായംകൊണ്ടല്ലെങ്കിലും ബന്ധം കൊണ്ട് എന്നെക്കാൾ ഉയർന്ന സഥാനത്തിലാവും.” സഞ്ജീവ് പതുക്കെ തന്‍റെ കൈകളിൽ വച്ചിരിക്കുന്ന അഞ്ജലിയുടെ കൈകളെടുത്തു മാറ്റി.

“ശില്പയുടെ മുന്നിൽ നമ്മൾ വളരെ കരുതലോടെ പെരുമാറണം സഞ്ജീവ്.”

“അതെന്തിനാ?”

“മണ്ടൻ, അവളുടെ മുന്നിൽ പ്രേമപൂർണ്ണമായ കാര്യങ്ങൾ എങ്ങനെ പറയും,” ഇതും പറഞ്ഞ് അഞ്ജലി ഈപ്രാവശ്യം വളരെ സ്നേഹത്തോടെ സഞ്ജീവിന്‍റെ കവിൾ മെല്ലെ തലോടി.

“ഇതെന്തു വിവരക്കേടാണ് നീ പറയുന്നത് അഞ്ജലി? ഞാൻ ശില്പയെ മനസ്സറിഞ്ഞ് പ്രേമിക്കുന്നു. അവളെ ചതിക്കുകയെന്നത് സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല.” സഞ്ജീവിന്‍റെ അസ്വസ്ഥത വർദ്ധിച്ചു.

“അഭിനയം മതിയാക്കൂ സഞ്ജീവ്” അഞ്ജലി ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു, “ഞാൻ ശില്പയോടു ചോദിച്ചു മനസ്സിലാക്കി. ഞാനവളുടെ ഏടത്തിയമ്മയാണെന്നറിഞ്ഞ ശേഷമല്ലെ നിങ്ങളവളെ പ്രേമിക്കാൻ തുടങ്ങിയത്. എന്താ ഞാൻ പറഞ്ഞത് തെറ്റാണോ?”

“അല്ല.”

“മാത്രമല്ല അവളെ നിങ്ങളാദ്യം കാണുന്നതിനു മുമ്പു വരെ നിങ്ങളെന്നെ മറന്നിട്ടുണ്ടായിരുന്നില്ലല്ലോ?”

“നിങ്ങളുടെ ഈ വീക്ഷണം ശരിയാണ് എന്നാൽ…”

കുറച്ചു നിമിഷങ്ങൾ നിശശബ്ദനായി നിന്നതിനുശേഷം സഞ്ജീവ് തന്‍റെ സ്വരത്തിൽ ഗാംഭീര്യം വരുത്തിക്കൊണ്ട് പറഞ്ഞു, “അഞ്ജലി എന്‍റെ വാക്കുകൾ അതീവ ശ്രദ്ധയോടെ കേൾക്കൂ, നിനക്കെന്തോ വലിയ തെറ്റിദ്ധാരണയുണ്ടായിരിക്കുകയാണ്.”

“നിങ്ങളുടെ മനോവികാരങ്ങൾ മനസ്സിലാക്കുന്നതിൽ എനിക്കൊരു തെറ്റും പറ്റിയിട്ടില്ല. നിങ്ങളെ ഞാനെന്‍റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു എന്ന കാര്യം നിങ്ങൾ മറന്നുവോ,” അഞ്ജലി അല്പം ശാഠ്യത്തോടെ പറഞ്ഞു.

“നോക്കൂ, അന്ന് ആ വിവാഹ ചടങ്ങിൽ ഞാൻ ശില്പയെ ശ്രദ്ധിക്കാൻ കാരണം അവൾ നിങ്ങളുടെ നാത്തൂനാണെന്നതിനാലാണ്. ഞാനവളുമായി പരിചയം വച്ചു പുലർത്തിയത് നിന്നെക്കുറിച്ചറിയാൻ വേണ്ടിയായിരുന്നു എന്ന കാര്യവും ഞാൻ സമ്മതിക്കുന്നു. ആ നാളുകളിൽ ഞാൻ നിന്നെ വേർപിരിഞ്ഞ വിഷമത്തിലായിരുന്നു.”

“എനിക്കും നിങ്ങളെ പിരിഞ്ഞ് സന്തോഷത്തോടെ ജീവിക്കാനാവില്ല സഞ്ജീവ്.”

“അവളുടെ പെരുമാറ്റം എന്‍റെ മനസ്സിലെ മുറിവുകൾ ഉണക്കി. അവളുടെ പ്രേമം എന്‍റെയുള്ളിൽ ജീവിക്കുന്നതിനുള്ള ഉണർവ്വും ഉത്സാഹവും നിറച്ചു.” സഞ്ജീവ് മൃദുസ്വരത്തിൽ പറഞ്ഞു.

“നിങ്ങളുടെ മനസ്സിൽ എന്‍റെ സ്‌ഥാനത്ത് ഒരിക്കലും ശില്പയ്ക്ക് വരുവാൻ സാധിക്കുകയില്ല.” അഞ്ജലി കോപത്തോടെ പറഞ്ഞു.

“അവൾ നിന്‍റെ ഇടം നേടുന്നതിനു പകരം എന്‍റെ മനസ്സിൽ ഒരു പ്രത്യേക സ്‌ഥാനം നേടിയെടുത്തിരിക്കുകയാണ് അഞ്ജലി.”

“ഇതിനർത്ഥം നിങ്ങൾ ഇപ്പോൾ ഞങ്ങൾ രണ്ടുപേരെയും പ്രേമിക്കുന്നു എന്നല്ലേ” അഞ്ജലി പെട്ടെന്ന് ചിരിക്കുവാൻ തുടങ്ങി. “ശരി, എനിക്കിതും സ്വീകാര്യമാണ്. അവളിൽ നിന്നും നിങ്ങളെ തട്ടിയെടുക്കുവാൻ ഞാൻ ശ്രമിക്കില്ല. അവളും ഞാനും ഒരുമിച്ച് നിങ്ങളുടെ മനസ്സിൽ…”

“ഇത്തരം തരംതാണ കാര്യങ്ങൾ പറയാതിരിക്കൂ അഞ്ജലി” സഞ്ജീവ് തന്‍റെ സ്വരത്തിൽ ദൃഢത വരുത്തി പറഞ്ഞു. “നീ എന്നെ പ്രേമിയായി കാണുവാനാഗ്രഹിക്കുന്നതെങ്കിൽ എന്‍റെ ദൃഷ്ടിയിൽ നിന്‍റെ മാന്യതയും സ്‌ഥാനമാനവും കളഞ്ഞു കുളിക്കും. എന്‍റെ ഈ മുന്നറിയിപ്പ് എന്നെന്നും നീ ഓർക്കണം.” ഇത്രയും പറഞ്ഞ് സഞ്ജീവ് സോഫയിൽ നിന്നുമെഴുന്നേറ്റു.

അഞ്ജലി ശാന്തസ്വരത്തിൽ പറഞ്ഞു, “നിങ്ങളെന്താ പറയാനുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാനിനി ഒരിക്കലും നിങ്ങളോട് ഇക്കാര്യം സംസാരിക്കുകയില്ല. ശില്പയും നിങ്ങളും സുഖമായി ജീവിക്കൂ. ഇതുതന്നെയാണെന്‍റെ ആഗ്രഹം.”

“നന്ദി അഞ്ജലി, ഞാൻ പോവുകയാണ്.”

“ചായ കുടിച്ചു പോകാം.”

“അത് ഇനി എല്ലാവരുമുള്ളപ്പോഴാകട്ടെ. നീ സ്വയം വിശ്വസിക്കൂ. നിന്‍റെ ജീവിതവും സന്തോഷം കൊണ്ട് നിറയും.”

സഞ്ജീവിനെ യാത്രയാക്കിയ ശേഷം അഞ്ജലി സ്വീകരണമുറിയിൽ വന്നപ്പോൾ സഞ്ജീവിരുന്ന അതേ സ്‌ഥലത്ത് അജയിരിക്കുന്നതു കണ്ടു.

“സഞ്ജീവിന്‍റെ മനസ്സിലെന്താണെന്ന് മനസ്സിലായോ നിനക്ക്?” അഞ്ജലി തന്‍റെ അടുത്തിരിക്കാനുള്ള സൂചന നൽകിക്കൊണ്ട് അജയ് ചോദിച്ചു.

“എനിക്കു തോന്നുന്നത് അയാൾ ശില്പയെ ശരിക്കും സ്നേഹിക്കുന്നു എന്നാണ്. എന്നോട് പ്രേമബന്ധം നിലനിർത്തുന്നതിനോ പകരം ചോദിക്കുന്നതിനോ അയാൾക്ക് താൽപര്യമില്ല. താങ്കളുടെ അഭിപ്രായമെന്താണ്?”

“നീ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു… എന്നാലും സഞ്ജീവ് വളരെ സൂത്രശാലിയായ മനുഷ്യനാണ്.”

“താങ്കളെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്?”

“ചിലപ്പോൾ അയാൾക്ക് നീ വീട്ടിൽ ഒറ്റയ്ക്കല്ലെന്ന് തോന്നിയിട്ടുണ്ടാകും. അല്ലെങ്കിൽ നിന്നെപ്പോലെ ഗംഭീര അഭിനയമായിരിക്കും.

“ഞാനിന്നു വൈകുന്നേരം ഒരു കാര്യം ചെയ്യും.” അജയുടെ സ്വരം ദൃഢമായി.

“അഞ്ജലി ആകാംക്ഷാഭരിതമായ ദൃഷ്ടിയോടെ അജയിനെ നോക്കി.

“വൈകുന്നേരം ഞാൻ ശില്പയോടും നീയും സഞ്ജീവുമായുള്ള പഴയ പ്രേമബന്ധത്തെക്കുറിച്ച് പറയും.”

“ഇപ്പോൾ ഇങ്ങനെ ചെയ്യേണ്ട കാര്യമെന്താണ്?” അഞ്ജലി അസ്വസ്ഥയായി ചോദിച്ചു.

“സഞ്ജീവ് നമ്മുടെ കുടുംബത്തിലെ അംഗമാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അജയ് അൽപം അപ്രിയമായി പറഞ്ഞു, “ഒരുപക്ഷേ ശില്പ നിന്‍റെ ഭൂതകാല കമിതാവിനെ വിവാഹം കഴിക്കാനാഗ്രഹിക്കില്ല. ചിലപ്പോൾ അവൾക്കും എന്നെപ്പോലെ തന്നെ അവൻ നിന്‍റെ അടുക്കലേക്ക് വരുന്നത് ഇഷ്ടമില്ലെങ്കിലോ.”

രാത്രി ഭക്ഷണത്തിനു ശേഷം അജയ് ശില്പയെ തന്‍റെ അടുക്കലേക്കു വിളിച്ചു.

“ശില്പേ, ഞാൻ നിന്നോടു ഒരു പ്രധാന കാര്യം പറയുവാൻ പോവുകയാണ്.”

“ഏട്ടനെന്താണ് പറയാൻ പോകുന്നത്? അജയുടെ ഗൗരവം കണ്ട് അസ്വസ്ഥയിയി ശില്പ ചോദിച്ചു.

“ഇനിയെന്തെങ്കിലും പറയുന്നതിനു മുമ്പായി ഞാൻ നിന്നോട് ശപഥം ചെയ്യാനാവശ്യപ്പെടുന്നു.”

“എന്തു ശപഥം, ഏട്ടാ?”

“നോക്കൂ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടതിനു ശേഷം നീയെന്തെങ്കിലും പ്രധാന തീരുമാനമെടുക്കുകയാണെങ്കിൽ ഏറ്റവുമാദ്യം എന്നെ അറിയിക്കണം.”

“ഏട്ടാ, ഇത്രയും സസ്പെൻസ് കൂട്ടാതിരിക്കൂ. വേഗം ആ പ്രധാന കാര്യം പറയൂ.” ശില്പ വളരെ ഉത്സാഹത്തിലായിരുന്നു.

“നിന്‍റെ ഏടത്തി വിവാഹത്തിനു മുമ്പ് സഞ്ജീവിനെ പ്രേമിച്ചിരുന്നു.”

“അയ്യോ, ഇക്കാര്യം ഏട്ടനെങ്ങനെ മനസ്സിലായി?” ശില്പ അഞ്ജലിയെ ഒന്ന് നോക്കി അൽപമിടറിയ സ്വരത്തിൽ ചോദിച്ചു.

“എന്താ നിനക്കിത് നേരത്തെ അറിയാമായിരുന്നോ?” നെറ്റി ചുളിച്ചുകൊണ്ട് അജയ് ചോദിച്ചു.

“അതെ ഏട്ടാ.”

“സഞ്ജീവ് പറഞ്ഞതാണോ?”

“അതെ.”

“എപ്പോൾ?”

“വളരെ മുമ്പ്… മിത്രങ്ങളായിരുന്ന ഞങ്ങൾ പ്രേമിക്കാൻ തുടങ്ങിയപ്പോൾ.”

“നീയിന്നലെയെന്തുകൊണ്ടിത് എന്നോട് സൂചിപ്പിച്ചില്ല?”

ശില്പ അഞ്ജലിയുടെ അടുക്കൽ പോയിരുന്നു. അതിനുശേഷം ഏടത്തിയുടെ കൈകൾ തന്‍റെ കൈകൾക്കുള്ളിൽ വച്ച് ധൈര്യം പകരുന്ന രീതിയിൽ തട്ടി ആത്മീയമായി പുഞ്ചിരിച്ചു. അതിനുശേഷം അവളുടെ സഹോദരനെ നോക്കി പറഞ്ഞു. “തീർച്ചയായും ഏടത്തിയായിരിക്കും താനും സഞ്ജീവുമായുള്ള പ്രേമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവുക. എന്തുകൊണ്ടെന്നാൽ ഞാനും സഞ്ജീവും നിങ്ങളോടു രണ്ടുപേരോടും ഇതേക്കുറിച്ചൊരിക്കലും സൂചിപ്പിക്കരുതെന്നു വിചാരിച്ചതാണ്.”

“എന്തുകൊണ്ടാണ് നിങ്ങളിങ്ങനെയൊരു തീരുമാനത്തിലെത്തിയത്?”

“ഏട്ടാ വെറുതെ നിങ്ങൾ രണ്ടുപേർക്കുമിടയിൽ കശപിശയുണ്ടാക്കിയതു കൊണ്ടെന്തു കാര്യം? താങ്കളുടെ ദേഷ്യം ഞങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുമാണ്.” ശില്പ തന്‍റെ ഭാഗം ന്യായീകരിച്ചു.

“സഞ്ജീവിന്‍റെ ഉദ്ദേശ്യമെന്താണെന്ന് നിനക്ക് നല്ല വിശ്വാസമുണ്ടോ?” അജയ് കുത്തിനോവിക്കുന്ന തരത്തിൽ ചോദിച്ചു.

“ഏട്ടാ, എന്നെ സ്നേഹിക്കുന്ന കാര്യത്തിൽ സഞ്ജീവെന്തെങ്കിലും കുറവു വരുത്തിയാലല്ലേ ഞാൻ വിഷമിക്കേണ്ടത്. ഞാൻ സ്നേഹം പങ്കുവയ്ക്കുന്നതിൽ കുറവുവരുത്തുകയില്ലെങ്കിൽ പിന്നെ സഞ്ജീവിന്‍റെ ഉദ്ദേശ്യത്തിൽ മാറ്റം വരേണ്ട കാര്യമില്ലല്ലോ?”

അജയിന് പെട്ടെന്നൊനും പറയുവാൻ സാധിച്ചില്ല. ശില്പ പതുക്കെ പറഞ്ഞു, “ഏട്ടാ എനിക്കൊരു അഭ്യർത്ഥനയുണ്ട്.”

“എന്താ പറയൂ.”

“സഞ്ജീവിന്‍റെയും ഏടത്തിയുടെയും പൂർവ പ്രേമബന്ധത്തിന് ഇപ്പോളൊരസ്തിത്വവുമില്ല. ഈ വിഷയത്തെക്കുറിച്ചിനി സംസാരിക്കുകയാണെങ്കിൽ അത് സഞ്ജീവിനും ഏടത്തിയ്ക്കും ഇഷ്ടമാവുകയില്ല. ഇനിയീ വിഷയത്തെക്കുറിച്ചാരും ഒരക്ഷരം പോലും പറയാനിടവരരുത്.”

“ഞാനിനി ഇത് ചർച്ച ചെയ്യാനാഗ്രഹിക്കുന്നില്ല… ഒറ്റയ്ക്കുള്ളപ്പോൾ അഞ്ജലിയോടു പോലും” അജയ് ഓരോ വാക്കിനും ഊന്നൽ നൽകി കൊണ്ട് പറഞ്ഞു.

ശില്പ അവിടെ നിന്നും പോയതിനു ശേഷം അജയ് എഴുന്നേറ്റ് അഞ്ജലിയുടെ അടുക്കൽ വന്നിരുന്നു പറഞ്ഞു, “അഞ്ജലി എന്നോടു ക്ഷമിക്കൂ.”

മറുപടി ഒന്നും നൽകാതെ അഞ്ജലി തലകുനിച്ച് നിശബ്ദയായിരുന്നു.

“സഞ്ജീവിനെ പരീക്ഷിക്കാതെ നിന്‍റെ പ്രേമത്തിൽ വിശ്വസിക്കണമായിരുന്നു. നമ്മുടെ എല്ലാവരുടെയും പരീക്ഷയാണ് നടന്നത്. ദുഃഖകരമായ വസ്തുത ഞാനിതിൽ തോറ്റുപോയി എന്നതാണ്. നിങ്ങൾ മൂന്നുപേരും പാസ്സായി.” അജയ്യുടെ സ്വരം ഇടറി നിന്നു.

“ഇങ്ങനെ പറയാതിരിക്കൂ പ്ലീസ്, താങ്കളാണെന്‍റെ ജീവിതത്തിൽ അളവറ്റ സുഖം നിറച്ചത്.” അജയിന്‍റെ കരവലയത്തിലൊതുങ്ങിയ അഞ്ജലിക്ക് ജീവിതത്തിലൊരു പുതിയ വഴി തുറന്നതായി അനുഭവപ്പെട്ടു.

കണ്ണീർ കടലിലെ കടലാസു കപ്പൽ

നീണ്ട വർഷങ്ങളായുള്ള അമേരിക്കൻ വാസം കൊണ്ട് ഞങ്ങൾ ഏറെക്കുറെ അമേരിക്കൻ വാസികളായി മാറിയിരുന്നു. മൂന്ന് വർഷത്തിലൊരിക്കൽ അമ്മയെ കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ നാട്ടിൽ പോയിരുന്നത്. കുട്ടികൾക്ക് മാതൃഭാഷ ഏറെക്കുറെ അന്യമായിരുന്നു. അവർ സംസാരിച്ചിരുന്നതും അമേരിക്കൻ ആക്‌സന്‍റിൽ തന്നെയായിരുന്നു. വേഷഭൂഷാദികളിലും പൂർണ്ണമായും അവർ അമേരിക്കക്കാരായി മാറിയിരുന്നു.

ചിലപ്പോൾ നാടിനെപ്പറ്റിയുള്ള ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ ഓടിയെത്തുമ്പോൾ, ഇവിടെ സ്‌ഥിര താമസമാക്കാനാണോ പ്ലാനെന്ന്‌ ഭർത്താവിനോട് ആധിയോടെ ചോദിക്കുമ്പോൾ അതല്ലാതെ മറ്റ് വിഴയൊന്നുമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ ജോലിയും അങ്ങനെയുള്ളതായിരുന്നു.

പണ്ടത്തെ കാലം പോലെയായിരുന്നില്ല. നാട്ടിലെ പോലെ രാവിലെ 10 മണിക്ക് ജോലി തുടങ്ങി 5.30 ന് അവസാനിച്ച് വീട്ടിൽ സുഖമായി വിശ്രമിച്ച് ജീവിക്കാനാവില്ലല്ലോ. മാത്രവുമല്ല ഭർത്താവിന്‍റെ ഉദ്യോഗം കൊണ്ട് കുടുംബം പുലർത്താനും പണം സമ്പാദിക്കുവാനും കഴിയില്ല. എനിക്കും ഒരു ജോലി ആവശ്യമായിരുന്നു.

എന്‍റെ ഭർത്താവ് അരവിന്ദന്‍റെ അച്‌ഛനേയും അമ്മയേയും പപ്പ, മമ്മി എന്നാണ് ഞാനും വിളിച്ചിരുന്നത്. അവർ നാട്ടിലായിരുന്നു. അരവിന്ദന്‍റെ പെങ്ങൾ ആശ മുംബൈയിലായിരുന്നു താമസം. ആശയുടെ ഭർത്താവ് അവിടെ മർച്ചന്‍റ് നേവിയിലാണ്. അവർക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്.

അരവിന്ദന്‍റെ മമ്മിയും പപ്പയും നാട്ടിൽ തീർത്തും തനിച്ചായിരുന്നു താമസം. അവരുടെ പരിചരണവും സംരക്ഷണവുമൊക്കെ ആശചേച്ചിയാണ് നടത്തിയിരുന്നത്. പക്ഷേ അതൊക്കെ മമ്മിക്കും പപ്പക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. മുംബൈയിൽ നിന്നും ഇടയ്‌ക്ക് മകൾ നാട്ടിലെത്തി അവർക്കൊപ്പം ഏതാനും ദിവസം ചെലവഴിച്ചും അവരെ ആശുപത്രിയിൽ കൂട്ടി കൊണ്ടു പോയി വൈദ്യപരിശോധന നടത്തിക്കുകയുമൊക്കെ ചെയ്യുന്നത് മകൾക്കും കുടുംബത്തിനും ബുദ്ധിമുട്ട് ആകുമെന്നോർത്തായിരുന്നു അവരുടെ വിഷമം.

പക്ഷേ അവരെ ഇനി തനിച്ചാക്കുകയെന്നത് പ്രയാസകരമായിരുന്നു. പ്രായവും ഏറെയായി. അതുകൊണ്ട് ഞങ്ങൾ എപ്പോഴും പപ്പയോടും മമ്മിയോടും അമേരിക്കയിൽ ഞങ്ങൾക്കൊപ്പം വന്ന് താമസിക്കാൻ ആവശ്യപ്പെടുമായിരുന്നുവെങ്കിലും അവർക്കത് ഉൾക്കൊള്ളാനാവുമായിരുന്നില്ല.

സ്വന്തം നാടും വീടും വിട്ട് അന്യരാജ്യത്ത് കഴിയുകയെന്നത് അവർക്ക് ആലോചിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. ഞങ്ങൾ പറയുമ്പോഴൊക്കെ മമ്മിയും പപ്പയും ആ ആവശ്യം ശക്‌തിയുക്തം എതിർക്കുമായിരുന്നു.

നിങ്ങൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾ പിന്നെ ആരോട് സംസാരിക്കാനാ എന്നായിരുന്നു അവരുടെ ആധി. പക്ഷേ ആശചേച്ചി ഇടപെട്ട് പപ്പയേയും മമ്മിയേയും പറഞ്ഞ് മനസ്സിലാക്കിയതോടെ അവർ അമേരിക്കയിൽ വരാൻ തയ്യാറായി.

പപ്പയും മമ്മിയും വരാൻ തയ്യാറാണെന്ന് അറിഞ്ഞ അരവിന്ദൻ നാട്ടിലേക്ക് മടങ്ങി പപ്പയും മമ്മിയും താമസിച്ചിരുന്ന ഫ്ളാറ്റ് വിൽക്കാനുള്ള ഏർപ്പാടുകൾ നടത്തി. മമ്മിയുടേയും പപ്പയുടേയും ജീവനായിരുന്നു ആ ഫ്ളാറ്റ്. അവർ ആത്മാവിനോട് ചേർത്തു നിർത്തിയ ഒന്ന്. ആ ഫ്ളാറ്റിലെ ഓരോ വസ്‌തുവും മമ്മി സ്വന്തം കുഞ്ഞുങ്ങളെയെന്ന പോലെയാണ് പരിപാലിച്ചിരുന്നത്. പപ്പ സർവീസിൽ ഇരിക്കെ സമ്പാദിച്ച തുക കൊണ്ടും പിഎഫും ചേർത്ത് വാങ്ങിയ ഫ്ളാറ്റായിരുന്നുവത്.

എന്നാലും ഫ്ളാറ്റ് വിൽക്കുന്ന കാര്യത്തിൽ മമ്മിയ്ക്ക് ഇത്തിരി സങ്കടമായിരുന്നു. ഇത്രയും നാളും ഹൃദയത്തോട് ചേർത്തു വച്ച വീടാണ് വിൽക്കാൻ പോകുന്നത്. എങ്കിലും മമ്മി മറ്റൊരു തരത്തിൽ സന്തോഷവതിയായിരുന്നു. മകനും കൊച്ചുമക്കൾക്കുമൊപ്പം ഇനിയുള്ള കാലം ഒരുമിച്ച് കഴിയാമല്ലോ. വയസ്സു കാലത്ത് അതിലും വലുതായി മറ്റെന്താണ് വേണ്ടത്.

മമ്മിയും പപ്പയും ആശചേച്ചിയോട് യാത്ര പറഞ്ഞ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ആശചേച്ചിക്കും ആ വേർപാട് സഹിക്കാൻ ആവുമായിരുന്നില്ല. ഇനി പപ്പയേയും മമ്മിയേയും കാണണമെങ്കിൽ അമേരിക്കയിൽ പോകേണ്ടി വരുമല്ലോ. മാത്രവുമല്ല മമ്മിയും പപ്പയും അമേരിക്കയിലേക്ക് പോകുന്നതോടെ നാടുമായി ഉള്ള സകലബന്ധങ്ങളും അവസാനിക്കുകയും ചെയ്യും. ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ സങ്കടങ്ങളൊക്കെ മമ്മിയുമായാണ് പങ്കുവച്ചിരുന്നത് ഇനിയത്….

അമേരിക്കയിലെത്തിയ മമ്മിയും പപ്പയും കൊച്ചുമക്കളായ അക്ഷയേയും ആഷികയേയും കണ്ടതോടെ സകല സങ്കടവും മറന്നു. പപ്പ അവരോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ മമ്മിക്ക് അക്കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.

അമേരിക്കൻ ആക്സന്‍റിലുള്ള പല വാക്കുകളും മമ്മിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലും കുട്ടികൾക്ക് അച്ചമ്മയെ വലിയ ഇഷ്‌ടമായിരുന്നു. ഇവിടുത്തെ ജീവിത രീതിയുമായി പൊരുത്തപ്പെടാൻ മമ്മിയ്ക്ക് തുടക്കത്തിൽ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് എനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ മമ്മിക്കുവേണ്ടി ഓൺലൈനിൽ മലയാളം പ്രസിദ്ധീകരണങ്ങൾ ഓർഡർ കൊടുത്തു.

പിന്നീട് ഒരു ദിവസം ഞാൻ മമ്മിയോട് പറഞ്ഞു, “മമ്മി ഇവിടെയുള്ള ചില ഇന്ത്യൻ സ്ത്രീകൾ എല്ലാ ദിവസവും ഒത്തു ചേരാറുണ്ട്. മമ്മിയുടെ പ്രായത്തിലുള്ളവരാണ് ഏറെപ്പേരും. മമ്മി എല്ലാ ദിവസവും വൈകുന്നേരവും അവരുടെ അടുത്ത് പോകണം. അവരെ പരിചയപ്പെടുകയും ചെയ്യാം. ബോറടി മാറി കിട്ടുകയും ചെയ്യും.”

ഒരു ദിവസം ഞാൻ മമ്മിയെ കൂട്ടിക്കൊണ്ടു പോയി അവരെ ഓരോരുത്തരെ പരിചയപ്പെടുത്തി. “മമ്മി ഇത് വിനീത ആന്‍റി, ഇത് കമല, രൂപാ….” മമ്മിയെ കണ്ട് അവർ എല്ലാവരും സന്തോഷിച്ചു.

രൂപ ആന്‍റി എഴുന്നേറ്റ് വന്ന് മമ്മിയെ ചേർത്ത് പിടിച്ചു. “വെൽക്കം സിസ്‌റ്റർ. പരിചയപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. നമ്മുടെ കുടുംബത്തിലേക്ക് ഒരംഗവും കൂടിയായി. ഇനി നമ്മൾ ഈ സിസ്റ്ററെയും കൂടി വിളിക്കണം.”

അതോടെ എന്നും വൈകുന്നേരം 5 മണിയാകുമ്പോൾ മമ്മി കൂട്ടുകാരെ കാണാനായി പാർക്കിൽ പോകുന്നതു പതിവായി. അവിടെയിരുന്ന് അവർ പരസ്പരം തമാശ പറഞ്ഞും പൊട്ടിചിരിച്ചും സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പതിയെ പതിയെ ഒരു മാസം കൊണ്ട് മമ്മിയുടെ മനസ്സ് അമേരിക്കൻ ജീവിതരീതികളുമായി പൊരുത്തപ്പെട്ടു.

പപ്പ എന്നും അതിരാവിലെ ഉണർന്ന് കൂട്ടുകാർക്കൊപ്പം പ്രഭാതസവാരി നടത്തും. ചില ദിവസങ്ങളിൽ വൈകുന്നേരവും നടക്കാൻ പോകും. ചിലപ്പോൾ ഒഴിവ് വേളകളിൽ രണ്ടുപേരും എന്തെങ്കിലും പുസ്തകങ്ങൾ വായിച്ചിരിക്കും. മമ്മി രാവിലേയും വൈകുന്നേരവും എനിക്കൊപ്പം അടുക്കള ജോലികളിൽ പങ്കുചേരും. ആ സമയത്തൊക്കെ മമ്മിയ്ക്ക് കൂട്ടുകാർ പങ്കുവച്ച എന്തെങ്കിലും കഥകളൊക്കെ ഉണ്ടാകും പറയാൻ. ചിലപ്പോൾ വലിയ തമാശകളാവും. അത്തരം തമാശകൾ പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഉച്ചത്തിൽ ചിരിക്കും.

ഒരിക്കൽ പാർക്കിൽ പോയി വന്ന മമ്മി പച്ചക്കറികൾ നുറുക്കവെ രൂപാന്‍റി പറഞ്ഞ കാര്യം അദ്ഭുതത്തോടെ എന്നോട് പറഞ്ഞു.

“മോളെ ഇന്ന് രൂപ ഒരു കാര്യം പറഞ്ഞു. ഇവിടെ എവിടെയോ ഇന്ത്യക്കാരായ ഒരു ഭാര്യയും ഭർത്താവും ഉണ്ടത്രേ. രണ്ടുപേരും ഉദ്യോഗസ്‌ഥർ. അവർക്ക് കുട്ടികളില്ല. ഭർത്താവിനാണ് പ്രോബ്ലം. അയാളുടെ ഭാര്യ ഓഫീസിലെ മറ്റൊരാളുമായി അടുപ്പത്തിലാണെന്ന്. ”

“മമ്മി ഇവിടെ ഇതെല്ലാം പതിവാ. എനിക്ക് അവരെ അറിയാം. അവർ രണ്ടുപേരും നല്ലവരാ.”

“അയ്യേ, അവർ നല്ലവരാണെന്നോ… ഭർത്താവിരിക്കെ ഭാര്യ പരപുരുഷനെ തേടി പോകുന്നത് നല്ല കാര്യമാണോ?” മമ്മി നീരസത്തോടെ പറഞ്ഞു.

ഞാനപ്പോൾ മമ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. മമ്മിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. മമ്മിയുടെ ദേഷ്യം ന്യായമായിരുന്നു. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള ബന്ധങ്ങളെ അംഗീകരിച്ചു കാണാറില്ലല്ലോ? ങ്ഹാ നടന്നാൽ തന്നെ അത് വളരെ രഹസ്യമായിട്ടാവും. അഥവാ അത്തരം കേസുകൾ നാലുപേർ അറിഞ്ഞാൽ പിന്നെ പെണ്ണിനും ആണിനും മാനക്കേട് ആയിരിക്കും.

ഇന്ത്യയിൽ പണ്ടുകാലങ്ങളിൽ ദേവദാസി സമ്പദ്രായങ്ങളുണ്ടായിരുന്നു. ഉന്നത ജാതിയിൽപ്പെട്ട പുരുഷന്മാരാണ് ഇത്തരം സ്ത്രീകൾക്ക് പിന്നാലെ അക്കാലത്ത് പോയിരുന്നത്. പക്ഷേ അന്ന് അതൊക്കെ അവർക്ക് അനുവദനീയമായിരുന്നു. അവകാശമായിരുന്നു. പക്ഷേ എപ്പോഴും ഇരയാക്കപ്പെട്ടവർ താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകളായിരുന്നു.

ഇവിടെയാണെങ്കിൽ സമൂഹം ഇത്തരം ബന്ധങ്ങളെ തുറന്ന മാനസികാവസ്‌ഥയോടെയാണ് അംഗീകരിക്കുന്നത്. പക്ഷേ അക്കാര്യം മമ്മിയെ എങ്ങനെയാണ് ധരിപ്പിക്കുക. ഇക്കാര്യത്തെ ചൊല്ലി മമ്മിയുമായി തർക്കിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ മമ്മിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് മമ്മി അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറി എടുത്തു കൊണ്ട് ഞാൻ വിഷയം മാറ്റി.

“ഇങ്ങ് താ മമ്മി, ഞാൻ ചെയ്യാം. മമ്മി റെസ്റ്റ് എടുക്ക്.”

മമ്മി പുഞ്ചിരിയോടെ എഴുന്നേറ്റ് കുട്ടികളുടെ അടുത്തു പോയി. എന്‍റെ മകൾ ആഷികയ്ക്ക് അച്ചമ്മയെ ജീവനായിരുന്നു. ഇപ്പോൾ അവരുമായി ഏറെക്കുറെ നന്നായി ആശയവിനിമയം നടത്താൻ മമ്മിക്ക് കഴിയുന്നുണ്ട്.

കുട്ടികളും മമ്മിയുമായി സംസാരിച്ച് ചില മലയാളപദങ്ങളൊക്കെ പഠിച്ചെടുത്തിരിക്കുന്നു. അവർ വന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ അനുഗ്രഹമായി. വീട്ടുകാര്യങ്ങൾ മമ്മി നോക്കി നടത്തുന്നതിനാൽ എന്‍റെ പാതി ടെൻഷൻ ഒഴിഞ്ഞ് കിട്ടി.

കുറഞ്ഞ പക്ഷം കുട്ടികൾ വീട്ടിൽ സുരക്ഷിതരാണ്. അവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരായി വീട്ടിൽ ആളുണ്ടല്ലോയെന്ന ചിന്ത എന്‍റെ മനസ്സിന് വല്ലാത്ത ആശ്വാസം പകർന്നു.

ജോലിക്കഴിഞ്ഞ് തളർന്ന് ഞങ്ങൾ വീട്ടിലെത്തുന്നതും കാത്ത് മമ്മി ചൂട് ചായയും പലഹാരവും തയ്യാറാക്കി നോക്കിയിരിക്കും. ആ കാഴ്ച കാണുമ്പോൾ തന്നെ ക്ഷീണമൊക്കെ മറന്ന് മനസ്സ് സന്തോഷവും സംതൃപ്തിയും കൊണ്ട് നിറയും.

മമ്മി ഇപ്പോൾ ഇവിടവുമായി പൂർണ്ണമായും ഇഴുകിചേർന്നു കഴിഞ്ഞിരുന്നു. മാസത്തിലൊരു തവണ കൂട്ടുകാരികൾക്കൊപ്പം റെസ്റ്റോറന്‍റിൽ പോയി ഭക്ഷണം കഴിക്കും. ചില ദിവസങ്ങളിൽ അവർ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടിൽ ഒത്തു കൂടും. എല്ലാവരും വീട്ടിൽ നിന്നും സ്വയം എന്തെങ്കിലും പാകം ചെയ്ത് കൊണ്ടു വന്ന് പങ്കുവച്ച് കഴിക്കും. അതുകൊണ്ട് ഏറ്റവും നന്നായി ഭക്ഷണം പാകം ചെയ്യുകയെന്ന മത്സരബുദ്ധിയും അവർക്കിടയിൽ ഉണ്ടായിരുന്നു.

മമ്മിയുടെ വേഷത്തിൽ വരെ ഉണ്ടായി മാറ്റം. സാരി മാത്രം അണിഞ്ഞിരുന്ന കക്ഷി എന്‍റെ നിർബന്ധത്തിന് വഴങ്ങി സൽവാറും കമ്മീസും അണിയാൻ തുടങ്ങി. അതിനിണങ്ങുന്ന ചെരുപ്പും പഴ്സും കൂടിയണിയുമ്പോൾ മമ്മിയുടെ സന്തോഷം കാണേണ്ടത് തന്നെയാണ്. ആ സന്തോഷത്തിലൂടെ ഞാനൊരു കാര്യം തിരിച്ചറിഞ്ഞിരുന്നു. മമ്മിയ്ക്ക് ഇപ്പോൾ അമേരിക്ക ഒരു അന്യരാജ്യമല്ല. സ്വന്തം നാടുപോലെയാണ്.

അങ്ങനെ മമ്മിയും പപ്പയും വന്നിട്ട് 3 വർഷം കഴിഞ്ഞതുപോലും അറിഞ്ഞില്ല. മമ്മി ആശചേച്ചിയെ കാണാനായി മുംബൈയിൽ പോകാൻ ആഗ്രഹിച്ചിരുന്നു. കുട്ടികൾക്ക് വെക്കേഷൻ കാലമായതു കൊണ്ട് ഞാൻ മമ്മിക്കും കുട്ടികൾക്കുമായും മുംബൈയിലേക്ക് എയർ ടിക്കറ്റ് എടുത്തു. പപ്പയ്ക്ക് ഇവിടെ എന്തോ കൂട്ടുകാരുടെ പരിപാടിയുള്ളതിനാൽ പപ്പ പോയില്ല.

മമ്മി വരുന്നതറിഞ്ഞ് ആശചേച്ചി വളരെ സന്തോഷത്തിലായി. മമ്മിയെ കണ്ടിട്ട് 3 വർഷമായില്ലേ. മമ്മിയും കുട്ടികളും അവിടെ എത്തിയതോടെ ആശചേച്ചി അവരെ കൂട്ടി ദിവസവും എവിടെയെങ്കിലും കറങ്ങാൻ പോകും. പലതരം പലഹാരങ്ങൾ ഉണ്ടാക്കി അവരെ തീറ്റിക്കുന്നതായിരുന്നു ആശചേച്ചിയുടെ ഏറ്റവും വലിയ സന്തോഷം.

ചേച്ചിയുടേയും എന്‍റെയും മക്കൾ ഒരേ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ആശചേച്ചിയുടെ ഭർത്താവ് നിശാന്ത് മർച്ചന്‍റ് നേവിയിലായതു കൊണ്ട് 6 മാസം കൂടുമ്പോഴെ വീട്ടിലെത്തിയിരുന്നുള്ളൂ. അതുകൊണ്ട് വീട്ടിലെ കാര്യവും കുട്ടികളെ വളർത്തലും അവരുടെ പഠനകാര്യങ്ങളുമൊക്കെ ആശചേച്ചി തനിച്ചാണ് നോക്കി നടത്തിയിരുന്നത്. ഇക്കാര്യത്തിൽ ആശചേച്ചിയെപ്പറ്റി നിശാന്തിന് വലിയ മതിപ്പായിരുന്നു താനും.

ഒരു ദിവസം എന്തോ ഉറക്കം വരാത്തതുകൊണ്ട് മമ്മി ലിവിംഗ് റൂമിൽ സോഫയിൽ വന്നിരുന്നു. ആ സമയം ഏതോ ഒരു ചെറുപ്പക്കാരൻ ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി പോകുന്നത് മമ്മി കണ്ടു. നൈറ്റ് ഗൗണിലായിരുന്ന ചേച്ചി അയാളെ യാത്രയാക്കാൻ വാതിൽക്കൽ വരെ വന്നു. അയാൾ കൈവീശി യാത്ര പറഞ്ഞിറങ്ങി. “ഞാൻ നാളെ വരാം.” അയാൾ തിരിഞ്ഞ് നിന്ന് ഓർമ്മിപ്പിച്ചു. ചേച്ചി സന്തോഷത്തോടെ തലയാട്ടി.

“ഓകെ, ബൈ” സോഫയിൽ കിടന്നു കൊണ്ട് മമ്മി ഇതെല്ലാം കാണുകയായിരുന്ന കാര്യം ചേച്ചി അറിഞ്ഞതുമില്ല. അയാൾ പോയശേഷം ചേച്ചി ലിവിംഗ് റൂമിലെ ലൈറ്റ് ഓൺ ചെയ്‌തു. മമ്മി എഴുന്നേറ്റിരുന്നു.

“ആരാണത്? നിശാന്ത് ഇവിടെയില്ലാത്തപ്പോൾ അയാൾ വന്നത് ശരിയല്ലല്ലോ? മാത്രവുമല്ല നിനക്ക് പ്രായമായ രണ്ട് പെൺമക്കളുമില്ലേ?” “മമ്മി അത് സാരമില്ലാ, മമ്മീക്കൊന്നും മനസ്സിലാവില്ല.” ചേച്ചി പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.

ചേച്ചിയുടെ നിസാരഭാവം മമ്മിയെ വല്ലാതെ ചൊടിപ്പിച്ചു. “ഇല്ല എനിക്ക് മനസ്സിലാവില്ല? ബുദ്ധിയില്ലാത്തവളല്ലേ ഞാൻ. നീയെന്താ ഇങ്ങനെ.” ഇത്രയും പറഞ്ഞശേഷം മുറിയിലെത്തിയ മമ്മി അരവിന്ദനെ വിളിച്ച് സകല കാര്യവും പറഞ്ഞു.

മമ്മി പറയുന്നതു കേട്ട് ഒരു നിമിഷം അരവിന്ദൻ പകച്ചു പോയി. കുറച്ച് കഴിഞ്ഞ് അരവിന്ദൻ മമ്മിയെ ആശ്വസിപ്പിച്ചു. “മമ്മി, മമ്മി ആശയോട് ഒന്നും പറയണ്ടാ. ഞാൻ അവളോട് സാവകാശം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം.”

പിറ്റേന്ന് രാവിലത്തെ ഫ്ളൈറ്റിൽ തന്നെ ഞാനും അരവിന്ദനും മുംബൈയിലെത്തി. ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ ആശചേച്ചിയാകെ ഭയന്നു പോയി. പിറ്റേ ദിവസം വീട്ടിൽ കുട്ടികളും മമ്മിയും ഇല്ലാത്ത സമയം നോക്കി അരവിന്ദൻ ആശചേച്ചിയോടായി ഇതേപ്പറ്റി സംസാരിച്ചു. ഇനി ഒന്നും മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ആശചേച്ചി ഞെട്ടിപ്പിക്കുന്ന ആ സത്യം തുറന്നു പറഞ്ഞു. ഞാനും അരവിന്ദനും നിശ്ശബ്ദം അത് കേട്ടുകൊണ്ടിരുന്നു.

“ചേട്ടാ, ചേട്ടനറിയാമല്ലോ ഞാനും നിശാന്തും പരസ്‌പരം സമ്മതത്തോടെയാണ് വിവാഹിതരായത്. നിശാന്ത് മർച്ചന്‍റ് നേവിയിലായതു കൊണ്ട് 6 മാസം കൂടുമ്പോഴല്ലേ വീട്ടിൽ വരിക. പക്ഷേ ഈ 6 മാസക്കാലം നിശാന്തിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ട്.

വീട്ടിൽ വന്നാൽ എന്നെ വെറുപ്പോടെയാ കാണുന്നത്. ബെഡ്റൂമിൽ പോലും ഞങ്ങൾ അപരിചിതരാണ്. വീട്ടിലെ കാര്യങ്ങൾക്ക് പണം തരുന്നുണ്ട്. ശരിയാണ്. അതൊക്കെ മക്കളെ ഓർത്തിട്ട് മാത്രമാണ്. ഞാൻ നിശാന്തിനോട് എന്തെങ്കിലും പറഞ്ഞാൽ തന്നെ നിശാന്ത് ഉടനടി പറയും നീ തീർത്തും ഫ്രീയാണ്. വേണമെങ്കിൽ ഡിവോഴ്സ് ചെയ്യാം. നീയും ആരെയെങ്കിലും പ്രേമിച്ചോ. പക്ഷേ ഇക്കാര്യമൊന്നും പുറത്തറിയരുത് എന്ന്. കാരണം സമൂഹത്തിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരാണല്ലോ.

ഇനി ചേട്ടൻ പറ ഞാൻ പ്രായ പൂർത്തിയായ ഈ പിള്ളേരേയും കൊണ്ട് എവിടെ പോകാനാ. ഡിവോഴ്സ് ചെയ്യാനും പറ്റില്ലല്ലോ. എനിക്ക് സ്നേഹം വേണം എന്താ പുരുഷൻ മാത്രം ശരീരത്തിന്‍റെ ദാഹം അറിഞ്ഞാൽ മതിയോ, സ്ത്രീകൾക്കെന്താ അതറിയാൻ പാടില്ലേ?” ആശചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആശചേച്ചി വീണ്ടും സംസാരിച്ചു തുടങ്ങി.

“ഇവിടെ അടുത്ത് ഒരു സ്ത്രീയുമായി നിശാന്തിന് ബന്ധമുണ്ട്. ഇക്കാര്യം ആ സ്ത്രീയുടെ ഭർത്താവിനും അറിയാം. ആ സ്ത്രീയുടെ ഭർത്താവാണ് കഴിഞ്ഞ രാത്രി ഇവിടെ വന്നത്. അയാളും ഞാനും തമ്മിലുള്ള അടുപ്പം നിശാന്തിനും അറിയാം. നിശാന്തിനും അയാളുടെ ഭാര്യക്കും ഇക്കാര്യത്തിൽ ഒരു എതിർപ്പുമില്ല. ഇക്കാര്യം വീടിന് പുറത്തറിയരുതെന്ന് മാത്രമേ നിശാന്ത് എന്നോട് പറഞ്ഞിട്ടുള്ളൂ.” ആശചേച്ചി പറഞ്ഞത് കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടിത്തരിച്ചിരുന്നു പോയി. ചേച്ചിയോട് എന്ത് പറയണമെന്നറിയാത്ത അവസ്‌ഥയിലായിരുന്നു ഞങ്ങൾ. ഒടുവിൽ സമചിത്തത വീണ്ടെടുത്ത് ഞാൻ ചേച്ചിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ചേച്ചി, വിഷമിക്കാതെ ഞങ്ങൾക്ക് ആലോചിക്കാൻ കുറച്ച് സമയം തരണം.”

അതിനു ശേഷം ഞങ്ങൾ രണ്ടുപേരും ആശചേച്ചിയുടെ മുറിയിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഞങ്ങൾ തനിച്ചായ നേരത്ത് അരവിന്ദൻ എന്നോടായി പറഞ്ഞു. “നീ പറഞ്ഞത് ശരിയാ. പക്ഷേ മമ്മിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കും? മമ്മി ഒരിക്കലും ആശയോട് ക്ഷമിക്കില്ല.”

ഞാൻ മനസ്സിൽ ചേച്ചി പറഞ്ഞതോർത്തു. സത്യത്തിൽ ഇക്കാര്യത്തിൽ ചേച്ചി തെറ്റുകാരിയേ അല്ല. പക്ഷേ നമ്മുടെ സമൂഹം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കില്ലല്ലോ. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ രഹസ്യമായി നടക്കുകയും ചെയ്യും.

ചേച്ചിക്കും നിശാന്തിനും മാത്രമല്ല അവരുടെ അയൽക്കാരായ ദമ്പതികൾക്കും ഇതേ പ്രശ്നമാണ്. അതു കൊണ്ടാണല്ലോ അവരുടെ ഭർത്താവ് ചേച്ചിയുടെ അടുത്ത് വരുന്നത്. ഭാര്യയ്ക്ക് അതിൽ യാതൊരു എതിർപ്പുമില്ല. ഇതുപോലെ എത്രയെത്ര ബന്ധങ്ങൾ ഈ സമൂഹത്തിലുണ്ടാകും.”

ചേച്ചിയുടെ മാനസികാവസ്‌ഥ ഉൾക്കൊള്ളാനും മനസ്സിലാക്കാനും അരവിന്ദന് കഴിഞ്ഞെങ്കിലും അമ്മയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് ഓർത്തായിരുന്നു അരവിന്ദന്‍റെ ആധി അത്രയും.

എങ്ങനെയൊക്കെയോ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷം ഞങ്ങൾ അമ്മയേയും കുട്ടികളേയും കൂട്ടി അമേരിക്കയിലേക്ക് മടങ്ങി. പിന്നീട് നിശാന്ത് ഷിപ്പിൽ നിന്നും അവധിയ്ക്ക് വരുന്നതനുസരിച്ച് മമ്മിയേയും കൂട്ടി ഞങ്ങൾ വീണ്ടും മുംബൈയിൽ എത്തി.

നിശാന്തുമായി ഇതേപ്പറ്റി അരവിന്ദൻ സംസാരിച്ചപ്പോൾ നിശാന്ത് തെല്ലും കൂസലില്ലാതെ  ആ ബന്ധത്തെ അനുകൂലിച്ച് സംസാരിച്ചു. “അരവിന്ദാ, നിങ്ങൾ ഇത്രയും നാളും അമേരിക്കയിലായിരുന്നില്ലേ? എന്നിട്ടും നിങ്ങൾ ഇത്തരം കാര്യങ്ങളെ തെറ്റായാണോ കാണുന്നത്? എന്‍റെ ബന്ധങ്ങളെക്കുറിച്ച് ആശയ്ക്ക് അറിയാം. മാത്രവുമല്ല ആശയ്ക്കും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ ഞാൻ പൂർണ്ണമായ സ്വാതന്ത്യ്രം കൊടുത്തിട്ടുണ്ട്. അവൾക്കും ആരുമായിട്ടും ബന്ധമുണ്ടാക്കാം. അതുകൊണ്ട് നമ്മുടെ കുടുംബത്തിന് യാതൊരു ദോഷമുണ്ടാകാൻ പാടില്ല. അത്രയേയുളളൂ. അരവിന്ദൻ എഡ്യുക്കേറ്റഡ് അല്ലേ. നിങ്ങൾ ഇതൊന്നും അത്ര കാര്യമായി എടുക്കാൻ പാടില്ല.”

നിശ്ശബ്ദനായി എല്ലാം കേട്ടു കൊണ്ടിരുന്ന അരവിന്ദൻ ഒടുവിൽ പറഞ്ഞു. “നിശാന്ത് നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷേ മമ്മിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും?” ഞാൻ മമ്മിയോട് പറയാം. പക്ഷേ ഇപ്പോൾ രാത്രി ഏറെ വൈകിയിരിക്കുന്നു.

പിറ്റേന്ന് പ്രാതൽ കഴിച്ച ശേഷം നിശാന്ത് മമ്മിയുടെ മുറിയിൽ ചെന്ന് അടുത്തിരുന്നു. “മമ്മി എനിക്കറിയാം മമ്മിക്ക് എന്നോടും ആശയോടും കടുത്ത ദേഷ്യമുണ്ടെന്ന്. അത് ന്യായവുമാണ്. മമ്മിക്ക് അറിയാമല്ലോ വീട്ടുകാർ പരസ്‌പരം തീരുമാനിച്ചുറപ്പിച്ചതനുസരിച്ചാണ് ഞങ്ങൾ വിവാഹിതരായത്. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയുമുണ്ടായിരുന്നില്ല. ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചെങ്കിലും എന്തോ ഒരു കുറവുണ്ടായിരുന്നു. ആ കുറവ് നികത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞാൻ ജോലി സംബന്ധമായി 6 മാസം കപ്പലിലായിരിക്കുമല്ലോ. ആശ അടുത്തില്ലാത്ത ആ സമയത്ത് ഞാനെന്ത് ചെയ്യാനാ? ഞാൻ ആശയ്ക്ക് പൂർണ്ണമായ സ്വാതന്ത്യ്രം കൊടുത്തിട്ടുണ്ട്. ആശയുടെ അടുത്ത് അയാൾ വരുന്നുണ്ടെങ്കിൽ അതിലെന്ത് തെറ്റാണുളളത്?”

പക്ഷേ അതൊന്നും അംഗീകരിക്കാനാവാതെ മമ്മി ജനാലയിലൂടെ നിർവികാരയായി പുറത്തേക്ക് നോക്കിയിരുന്നു. മമ്മിയുടെ ഇരിപ്പു കണ്ടതോടെ താൻ പറഞ്ഞ കാര്യങ്ങളൊന്നും മമ്മിയ്ക്ക് ഇഷ്‌ടമായില്ലെന്ന് നിശാന്തിനും മനസ്സിലായി.

ഒടുവിൽ അയാൾ മമ്മിയുടെ കൈ തന്‍റെ കൈകളിലെടുത്തു, “മമ്മി, മമ്മിയ്ക്ക് ഇതൊന്നും ഇഷ്‌ടമായില്ലെന്ന് എനിക്ക് മനസ്സിലായി. മമ്മിയുടെ വിഷമവും എനിക്ക് മനസ്സിലായി. ഇങ്ങനെയുള്ള കാര്യങ്ങൾ ഇപ്പോൾ മാത്രമല്ലല്ലോ പണ്ടും നടന്നിട്ടില്ലേ. ഞാനും ആശയും ഇക്കാര്യത്തിൽ സന്തുഷ്ടരാണെങ്കിൽ പിന്നെ മറ്റുള്ളവർക്കെന്താ പ്രോബ്ലം?”

നിശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും മമ്മി ഒരക്ഷരം മിണ്ടാതെ ഒരെയിരുപ്പ് ഇരുന്നു. കിടക്കയ്ക്ക് ഒരു കോണിലായി തല കുനിച്ച് ആശചേച്ചി ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. നിശാന്ത് അടുത്തു ചെന്ന് ആശയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. “ആശേ നീ കരയാതെ, പ്ലീസ്. ഇക്കാര്യത്തിൽ നീ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇനിയുള്ള കാലവും നിനക്ക് സ്വന്തമിഷ്‌ടമനുസരിച്ച് ജീവിക്കാം.”

എന്നാൽ മമ്മി അപ്പോഴും നിശ്ശബ്ദത തുടർന്നു. മമ്മിക്ക് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് ആ മുഖ ഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു.

എന്നാൽ നിശാന്തും ആശയും പരസ്‌പരം നോക്കി പുഞ്ചിരിക്കുന്നത് കണ്ടതോടെ ഞങ്ങളുടെ മനസ്സും കുളിരണിഞ്ഞു. ആ സമയം മമ്മി പതിയെ ആശയുടെ നേർക്ക് തിരിഞ്ഞു. “മോളെ ഞാൻ നിന്നെ കുറെ കുറ്റപ്പെടുത്തി. എന്നോട് ക്ഷമിക്കുക.”

നിശാന്ത് പറഞ്ഞത് മമ്മിയ്ക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിലും നിസ്സഹായയായ ആ അമ്മയ്ക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടേണ്ടി വന്നു എന്ന് ആ വാക്കുകളിൽ നിന്നും വ്യക്‌തമായിരുന്നു.

രംഗം തണുപ്പിക്കാനായി അരവിന്ദൻ ഉത്സാഹത്തോടെ ചാടിയെണീറ്റ് പറഞ്ഞു. “ആശേ എനിക്ക് നല്ല വിശപ്പുണ്ട്, ഇന്ന് നമുക്ക് പുറത്തു നിന്ന് ഫുഡ് ഓർഡർ ചെയ്യാം? എന്താ?” എന്താണ് ഓർഡർ ചെയ്യേണ്ടതെന്ന് ചോദിച്ചു കൊണ്ട് എല്ലാവരും മമ്മിയ്ക്ക് ചുറ്റും കൂടി.

അന്തരീക്ഷമൊന്ന് ആറി തണുത്തു. ആശചേച്ചിയും നിശാന്തും സ്വന്തം മുറിയിലേക്ക് പോയി. ഞങ്ങൾ തിരികെ അമേരിക്കയ്‌ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി. തിരികെ അമേരിക്കയിലെത്തിയ മമ്മിക്കിപ്പോൾ കൂട്ടുകാർ പറയുന്ന കാര്യങ്ങളൊന്നും തന്നെ വിചിത്രമായി തോന്നാതെയായി. മാത്രവുമല്ല അമേരിക്കയെ കുറ്റപ്പെടുത്തുന്നത് തന്നെ മമ്മി നിർത്തി കളഞ്ഞു. മമ്മിയിലുണ്ടായ മാറ്റം ശ്രദ്ധിച്ചാവണം ഒരിക്കൽ മക്കൾ പറയുകയുണ്ടായി, “മോം, ഗ്രാന്മാ ഇപ്പോൾ കുറേ ചേഞ്ചായല്ലോ.”

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें