“മീരയ്ക്കിപ്പോളാവശ്യം പൂർണ്ണ വിശ്രമമാണ്. എപ്പോൾ മുതലാണോ മീര പൂർണ്ണ ആരോഗ്യവതിയാകുന്നത് അപ്പോൾ മുതൽ ഞാൻ ഒഴിഞ്ഞു തന്നോളാം. പിന്നെ മീരയെന്ന അന്നപൂർണ്ണേശ്വരിയുടെ ദാസനായി അടിയനിവിടെ കഴിഞ്ഞോളാം.”

അങ്ങനെ ആഹ്ലാദം മാത്രം അലയടിച്ച ആ നാളുകളിലൂടെ മീരയുടെ അവധി ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ കോളേജിലേയ്ക്ക് യാത്ര പുറപ്പെടേണ്ട ദിനവും വന്നെത്തി. അൽപനേരത്തേയ്ക്കെങ്കിലും ഫഹദ് സാറിനെ പിരിയുന്ന കാര്യമോർത്തപ്പോൾ എന്‍റെ കണ്ണുകൾ ബാഷ്പ പൂരിതമായി. എന്‍റെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ട് ഫഹദ് സാർ സ്നേഹം തുടിക്കുന്ന വാക്കുകൾ ഉരുവിട്ടു.

“വർഷങ്ങൾക്കു മുമ്പ് ലാവണ്യം തുടിയ്ക്കുന്ന ഈ കണ്ണുകളിലെ സ്നേഹമായിരുന്നു എന്നെ ആകർഷിച്ചത്. പിന്നീട് പത്തുമുപ്പതു വർഷക്കാലം ഈ കണ്ണുകൾ ഓരോർമ്മയായി എന്നിൽ നിലനിന്നു. എന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നപ്പോൾ ഈ കണ്ണുകളിലെ നിസ്സഹായതും, വേദനയും എന്‍റേതും കൂടിയായിത്തീർന്നു. ഒടുവിൽ ഇന്നിപ്പോൾ ഈ കണ്ണുകളുടെ ഉടമ പൂർണ്ണമായും എന്‍റെ സ്വന്തമായപ്പോൾ അൽപനേരമെങ്കിലും പിരിഞ്ഞിരിക്കുക, എനിക്കും അസാദ്ധ്യം. എങ്കിലും ഈ ഏകാന്തതയും ഒറ്റപ്പെടലും, വേർപിരിയലിന്‍റെ ശൂന്യതയും എല്ലാം പരിചിതമാണല്ലോ... മീര വിഷമിയ്ക്കാതെ പോയ് വരൂ...”

അദ്ദേഹത്തോട് യാത്രാനുമതി വാങ്ങി കോളേജിലേയ്ക്ക് യാത്ര തിരിയ്ക്കുമ്പോൾ പൂർണ്ണ ജാഗ്രതയോടെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ തിനിക്കിനി കഴിയുമോ എന്നു ഞാൻ ചിന്തിച്ചു. ഒരു പക്ഷെ എന്‍റെ ശരീരം അവിടെയും മനസ്സിവിടെയുമായിരിക്കും. ഓരോ നിമിഷവും ഫഹദ്സാറിനു വേണ്ടി തുടിയ്ക്കുന്ന ഒരു ഹൃദയവുമായി വിദ്യാർത്ഥികൾക്കു മുന്നിൽ... ഓർത്തപ്പോൾ അൽപം ജാള്യത തോന്നി.

കോളേജിൽ വിദ്യാർത്ഥികൾ എന്നെ കണ്ടയുടനെ ഓടി വന്നു. “മാഡം വന്നുവല്ലോ... ഞങ്ങൾക്ക് സന്തോഷമായി ഞങ്ങൾ ഒരുപാട് വേദനിച്ചു. ഞങ്ങൾക്ക് മാഡത്തിന്‍റെ ക്ലാസ്സുകൾ ഒരുപാട് മിസ്സായി.” ആ സ്നേഹ പ്രകടനങ്ങൾക്കു മുമ്പിൽ സ്വയം അലിഞ്ഞില്ലാതെയാവുകയായിരുന്നു. അന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ വിദ്യാർത്ഥികൾ പലരും എന്നെ വാഴ്ത്തിപ്പറഞ്ഞു.

പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുവാനായി ഞാൻ നടത്തിയ പരിശ്രമങ്ങൾ... അതിനുവേണ്ടി ജീവത്യാഗം പോലും ചെയ്യാൻ തയ്യാറായവൾ...

അവർ പൂമാലകൾ കൊണ്ട് എന്നെ മൂടി. പിന്നെ പുഷ്പാലംകൃതമായ ഒരു ചെറിയ ബോക്സ് തന്നു കൊണ്ടു പറഞ്ഞു.

“ഇതു മാഡത്തിനുള്ളതാണ് ഞങ്ങളുടെ വിവാഹസമ്മാനം...” ഒരു നിമിഷം ഞാൻ അദ്ഭുതം കൂറി നിന്നു. ഈ വിദ്യാർത്ഥികൾ... ഇവരിതെങ്ങനെയറിഞ്ഞു. എന്‍റെ വിവാഹമായിരുന്നുവെന്ന്... ഒരു പക്ഷെ അരുൺ... അതെ... അരുണിന്‍റെ സുഹൃത്തുക്കളായിരുന്നു ആ വിദ്യാർത്ഥികളിൽ പലരും. അരുൺ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളെ അവരുമായി പങ്കുവച്ചു കാണും എന്ന് എനിക്കുറപ്പായി.

അന്ന് വൈകുന്നേരത്തോടെ കോളേജിൽ നിന്ന് ആർത്തിയോടെ ഞാൻ ഓടിയണയുമ്പോൾ... ഫഹദ് സാർ എന്നെക്കാത്ത് പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു. എന്നെക്കണ്ടയുടനെ ഓടിവന്ന് ഇറുകെപ്പുണർന്നു കൊണ്ടു പറഞ്ഞു.

“മീരാ... ഇന്ന് നീയെന്നെ തോൽപ്പിച്ചു കളഞ്ഞു. പ്രേമവും വിരഹവും അതിനെത്തുടർന്നുള്ള ഏകാന്തതയും ഒറ്റപ്പെടലും അതിന്‍റെ വേദനയുമെല്ലാം എനിക്ക് പരിചിതമായിക്കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇന്ന് അവയെല്ലാം അസഹനീയമായ വിധത്തിൽ ഞാനനുഭവിച്ചു തീർത്തു. ഓരോ നിമിഷവും എന്നിലെ ഓരോ അണുവും നിനക്കു വേണ്ടി തുടിക്കുകയായിരുന്നു. ഒരു സമയം കോളേജിലേയ്ക്ക് നിന്നെത്തേടി വന്നാലോ എന്ന് ഞാനാലോചിച്ചു. എന്നാൽ സ്വയം നിയന്ത്രിച്ച് ആ ആഗ്രഹത്തെ പിടിച്ചു നിർത്തി. ഇനി വയ്യാ മീരാ... നിന്നെക്കാണാതെ ഒരു നിമിഷം പോലും എനിക്ക് ജീവിയ്ക്കാൻ ആവുകയില്ല...” ഫഹദ് സാർ പ്രേമത്താൽ വിവശനായി മന്ത്രിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...