നീണ്ട വർഷങ്ങളായുള്ള അമേരിക്കൻ വാസം കൊണ്ട് ഞങ്ങൾ ഏറെക്കുറെ അമേരിക്കൻ വാസികളായി മാറിയിരുന്നു. മൂന്ന് വർഷത്തിലൊരിക്കൽ അമ്മയെ കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ നാട്ടിൽ പോയിരുന്നത്. കുട്ടികൾക്ക് മാതൃഭാഷ ഏറെക്കുറെ അന്യമായിരുന്നു. അവർ സംസാരിച്ചിരുന്നതും അമേരിക്കൻ ആക്‌സന്‍റിൽ തന്നെയായിരുന്നു. വേഷഭൂഷാദികളിലും പൂർണ്ണമായും അവർ അമേരിക്കക്കാരായി മാറിയിരുന്നു.
ചിലപ്പോൾ നാടിനെപ്പറ്റിയുള്ള ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ ഓടിയെത്തുമ്പോൾ, ഇവിടെ സ്‌ഥിര താമസമാക്കാനാണോ പ്ലാനെന്ന് ഭർത്താവിനോട് ആധിയോടെ ചോദിക്കുമ്പോൾ അതല്ലാതെ മറ്റ് വിഴയൊന്നുമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ ജോലിയും അങ്ങനെയുള്ളതായിരുന്നു.
പണ്ടത്തെ കാലം പോലെയായിരുന്നില്ല. നാട്ടിലെ പോലെ രാവിലെ 10 മണിക്ക് ജോലി തുടങ്ങി 5.30 ന് അവസാനിച്ച് വീട്ടിൽ സുഖമായി വിശ്രമിച്ച് ജീവിക്കാനാവില്ലല്ലോ. മാത്രവുമല്ല ഭർത്താവിന്‍റെ ഉദ്യോഗം കൊണ്ട് കുടുംബം പുലർത്താനും പണം സമ്പാദിക്കുവാനും കഴിയില്ല. എനിക്കും ഒരു ജോലി ആവശ്യമായിരുന്നു.
എന്‍റെ ഭർത്താവ് അരവിന്ദന്‍റെ അച്‌ഛനേയും അമ്മയേയും പപ്പ, മമ്മി എന്നാണ് ഞാനും വിളിച്ചിരുന്നത്. അവർ നാട്ടിലായിരുന്നു. അരവിന്ദന്‍റെ പെങ്ങൾ ആശ മുംബൈയിലായിരുന്നു താമസം. ആശയുടെ ഭർത്താവ് അവിടെ മർച്ചന്‍റ് നേവിയിലാണ്. അവർക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്.
അരവിന്ദന്‍റെ മമ്മിയും പപ്പയും നാട്ടിൽ തീർത്തും തനിച്ചായിരുന്നു താമസം. അവരുടെ പരിചരണവും സംരക്ഷണവുമൊക്കെ ആശചേച്ചിയാണ് നടത്തിയിരുന്നത്. പക്ഷേ അതൊക്കെ മമ്മിക്കും പപ്പക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. മുംബൈയിൽ നിന്നും ഇടയ്‌ക്ക് മകൾ നാട്ടിലെത്തി അവർക്കൊപ്പം ഏതാനും ദിവസം ചെലവഴിച്ചും അവരെ ആശുപത്രിയിൽ കൂട്ടി കൊണ്ടു പോയി വൈദ്യപരിശോധന നടത്തിക്കുകയുമൊക്കെ ചെയ്യുന്നത് മകൾക്കും കുടുംബത്തിനും ബുദ്ധിമുട്ട് ആകുമെന്നോർത്തായിരുന്നു അവരുടെ വിഷമം.
പക്ഷേ അവരെ ഇനി തനിച്ചാക്കുകയെന്നത് പ്രയാസകരമായിരുന്നു. പ്രായവും ഏറെയായി. അതുകൊണ്ട് ഞങ്ങൾ എപ്പോഴും പപ്പയോടും മമ്മിയോടും അമേരിക്കയിൽ ഞങ്ങൾക്കൊപ്പം വന്ന് താമസിക്കാൻ ആവശ്യപ്പെടുമായിരുന്നുവെങ്കിലും അവർക്കത് ഉൾക്കൊള്ളാനാവുമായിരുന്നില്ല.
സ്വന്തം നാടും വീടും വിട്ട് അന്യരാജ്യത്ത് കഴിയുകയെന്നത് അവർക്ക് ആലോചിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. ഞങ്ങൾ പറയുമ്പോഴൊക്കെ മമ്മിയും പപ്പയും ആ ആവശ്യം ശക്‌തിയുക്തം എതിർക്കുമായിരുന്നു.
നിങ്ങൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾ പിന്നെ ആരോട് സംസാരിക്കാനാ എന്നായിരുന്നു അവരുടെ ആധി. പക്ഷേ ആശചേച്ചി ഇടപെട്ട് പപ്പയേയും മമ്മിയേയും പറഞ്ഞ് മനസ്സിലാക്കിയതോടെ അവർ അമേരിക്കയിൽ വരാൻ തയ്യാറായി.
പപ്പയും മമ്മിയും വരാൻ തയ്യാറാണെന്ന് അറിഞ്ഞ അരവിന്ദൻ നാട്ടിലേക്ക് മടങ്ങി പപ്പയും മമ്മിയും താമസിച്ചിരുന്ന ഫ്ളാറ്റ് വിൽക്കാനുള്ള ഏർപ്പാടുകൾ നടത്തി. മമ്മിയുടേയും പപ്പയുടേയും ജീവനായിരുന്നു ആ ഫ്ളാറ്റ്. അവർ ആത്മാവിനോട് ചേർത്തു നിർത്തിയ ഒന്ന്. ആ ഫ്ളാറ്റിലെ ഓരോ വസ്‌തുവും മമ്മി സ്വന്തം കുഞ്ഞുങ്ങളെയെന്ന പോലെയാണ് പരിപാലിച്ചിരുന്നത്. പപ്പ സർവീസിൽ ഇരിക്കെ സമ്പാദിച്ച തുക കൊണ്ടും പിഎഫും ചേർത്ത് വാങ്ങിയ ഫ്ളാറ്റായിരുന്നുവത്.
എന്നാലും ഫ്ളാറ്റ് വിൽക്കുന്ന കാര്യത്തിൽ മമ്മിയ്ക്ക് ഇത്തിരി സങ്കടമായിരുന്നു. ഇത്രയും നാളും ഹൃദയത്തോട് ചേർത്തു വച്ച വീടാണ് വിൽക്കാൻ പോകുന്നത്. എങ്കിലും മമ്മി മറ്റൊരു തരത്തിൽ സന്തോഷവതിയായിരുന്നു. മകനും കൊച്ചുമക്കൾക്കുമൊപ്പം ഇനിയുള്ള കാലം ഒരുമിച്ച് കഴിയാമല്ലോ. വയസ്സു കാലത്ത് അതിലും വലുതായി മറ്റെന്താണ് വേണ്ടത്.