ഇന്നലെ ശിപ്പായി ധരം സിംഗ് മേശവലിപ്പിൽ വച്ചു പോയ കത്ത്. അമ്മയെഴുതിയതാണത്. ഓഫീസിലെ തിരക്കൊഴിഞ്ഞ് അതെടുത്തു വായിച്ചപ്പോഴാണ് രവിയെപ്പറ്റി ഓർത്തു പോയത്. നാട്ടിലെ പല വിശേഷങ്ങൾ എഴുതിയ കൂട്ടത്തിൽ എന്‍റെ സുഹൃത്ത് രവി വീട്ടിൽ വന്നിരുന്നതായി അമ്മ എഴുതിയിരിക്കുന്നു. എന്‍റെ വിവരങ്ങളെല്ലാം തിരക്കി ഒരുപാട് തേന്മാമ്പഴം വീട്ടിൽ ഏൽപ്പിച്ചിട്ടാണ് പോയതത്രേ. അതാ മാന്തോപ്പിലെ മാമ്പഴം തന്നെ. അത്തരം മാമ്പഴം അവന്‍റെ വീടിനു പിറകിലെ മാമ്പഴഗന്ധം തിരതല്ലുന്ന മാന്തോപ്പിൽ ധാരാളമായുണ്ട്. ചെറുപ്പത്തിൽ ഞാനും രവിയുമടക്കമുള്ള കൂട്ടുകാരുടെ പ്രധാന മേച്ചിൻ പുറമായിരുന്നു ആ മാന്തോപ്പ്.
മരങ്ങളും ചെടികളും പടർന്നു പച്ച തഴച്ചു കിടക്കുന്ന മാന്തോപ്പ്. ഇളം കാറ്റിൽ ചില്ലയൊന്നുലഞ്ഞാൽ പൂമരപ്പൂക്കൾ പൊഴിയുമാറ് പഴുത്ത മാമ്പഴങ്ങൾ വീഴുമായിരുന്നു. കിളികൾക്കും അണ്ണാനും എല്ലാർക്കും ഇഷ്ടം പോലെ മാമ്പഴം അവിടെയുണ്ടാകും. വേരുകൾ മുരടിച്ച നാട്ടുമാവാകട്ടെ, പ്രസന്ന ചിത്തനായ തറവാട്ടു കാരണവരെപ്പോലെ ദീർഘകായനായി ചില്ലകളിലൂടെ തണലു പടർത്തി ആ മാന്തോപ്പിൽ എഴുന്നു നിന്നു. ഞാൻ എന്നാണ് അവധിക്ക് നാട്ടിൽ വരുന്നതെന്ന് അവൻ കൂടക്കൂടെ അന്വേഷിച്ചിരുന്നു. അവന്‍റെ അന്വേഷണവും മറ്റു വിശേഷങ്ങളുമെല്ലാം വിശദമായി ചോദിച്ചു കൊണ്ടായിരുന്നു അമ്മയുടെ കത്ത്.
ജോലി സംബന്ധമായ തിരക്കുകൾ മൂലം നാട്ടിലേക്ക് പോയിട്ട് വർഷം ഏറെയാകുന്നു. ഇക്കുറി ഏതെങ്കിലും മാർഗ്ഗത്തിലൂടെ അവധി തരപ്പെടുത്തി നാട്ടിൽ പോകണം. ഞാൻ തീർച്ചപ്പെടുത്തി. അമ്മയുടെ അസുഖം തുടങ്ങി, തന്‍റെ സാമീപ്യം ആവശ്യപ്പെടുന്ന വിഷയങ്ങളെല്ലാം മേലുദ്യോഗസ്‌ഥനെ കണ്ട് വിശദമായി അറിയിച്ചു. അദ്ദേഹമാകട്ടെ ഇക്കുറി മറുത്തൊന്നും പറയാതെ എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് അവധിക്കുള്ള അപേക്ഷ പരിഗണിച്ച് അനുവദിച്ചു തന്നു. അതിനുശേഷം എല്ലാ കാര്യങ്ങളും തീരുമാനിച്ച് അമ്മയ്ക്ക് വിശദമായി കത്ത് തയ്യാറാക്കി അന്നത്തെ തീയതി 06-01-1973 രേഖപ്പെടുത്തി ശിപ്പായി ധരം സിംഗിനെ ഏൽപ്പിച്ചു.
ഏറെ നാളുകൾക്കു ശേഷം നാട്ടിൽ പോകുകയാണ്. അതിന്‍റെ സന്തോഷം കൊണ്ട് ഇരിപ്പുറക്കുന്നില്ല. കാന്‍റീനിൽ പോയി പൂരി സബ്ജിക്കൊപ്പം എരുമപ്പാലൊഴിപ്പിച്ചു കൊഴുപ്പിച്ച ചായ ഊതിക്കുടിക്കുമ്പോഴും പിന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുമ്പോഴും നാട്ടിലെ ഓരോ ഓർമ്മകൾ ഇളങ്കാറ്റ് തിരതല്ലും പോലെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. ഗൃഹാതുരത്വത്തിന്‍റെ ചേറ്റുമണമുള്ള ഇളങ്കാറ്റ്.
തന്നെ കൂട്ടാനായി രവി എന്തായാലും റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കും. തീർച്ച! അവനായി എന്തെങ്കിലും വാങ്ങണം. നല്ലൊരു കമ്പിളിപ്പുതപ്പ് ആവട്ടെ, നാട്ടിലിപ്പോൾ തണുപ്പാണ്. സ്‌ഥിരം വസ്ത്രങ്ങൾ വാങ്ങുന്ന പീതാംബർ സിംഗിനെ സമീപിച്ചു. ഭാംഗിന്‍റെ കറപിടിച്ച പല്ല് വെളിയിൽ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് പീതാംബർ അടുക്കി വച്ചിരിക്കുന്ന കമ്പിളിക്കെട്ടിൽ നിന്നും മേൽത്തരം കമ്പിളി പുതപ്പു തന്നെ എടുത്തു തന്നു. നാട്ടിലേക്കുള്ള യാത്ര മുൻകൂട്ടി കണ്ട് ഒരു അമ്മയ്ക്കും ഏടത്തിക്കുമുള്ള വസ്ത്രങ്ങളും മറ്റും അയാളിൽ നിന്നും മുന്നേ വാങ്ങി വച്ചിരുന്നു...