ഇന്ത്യ ഒരു വർഷം വലിച്ചെറിയുന്ന ടൂത്ത്ബ്രഷുകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഈയിനത്തിൽ പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കിന്‍റെ പുറന്തള്ളൽ കൂടിയാണ് നാം ചെയ്യുന്നത്. മിക്കവരും ഒരു ടൂത്ത് ബ്രഷ് 3 ആഴ്ച മാത്രമേ ഉപയോഗിക്കാറുള്ളൂ. അത് കഴിഞ്ഞ് പുതിയത് വാങ്ങും. പഴയത് വലിച്ചെറിയും. എന്നാൽ പലരും ഇതൊരു മാലിന്യ പ്രശ്നമായി കാണാറേയില്ല. പഴയ ടൂത്ത്ബ്രഷ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. അതിനാൽ ഇനി ടൂത്ത് ബ്രഷ് മാറ്റുമ്പോൾ യാതൊരു മയവുമില്ലാതെ വലിച്ചെറിയേണ്ട. അതിനെ പുനരുപയോഗിക്കാം. പഴയ ടൂത്ത്ബ്രഷുകൾ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നത് നീട്ടി വയ്‌ക്കാനും പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ തോത് വർദ്ധിക്കുന്നത് തടയാനും ഇതുവഴി സാധിക്കും. പഴയ ടൂത്ത്ബ്രഷു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ.
- ഷൂസിന്‍റെ അറ്റവും മൂലയും പൊടിപിടിച്ചിരുന്നാൽ അത് ടൂത്ത്ബ്രഷ് കൊണ്ട് വൃത്തിയാക്കാം.
- കാൽ പാദം വൃത്തിയാക്കാൻ ടൂത്ത്ബ്രഷ് ഉപയോഗപ്പെടുത്താം. അൽപ്പസമയം നേരിയ ചൂട് വെള്ളത്തിൽ കാൽപാദങ്ങൾ മുക്കി വയ്‌ക്കുക. ഇനി അൽപം നാരങ്ങാനീര് ടൂത്ത്ബ്രഷിൽ എടുത്ത് ചർമ്മത്തിൽ ഉരസി വൃത്തിയാക്കാം. മൃതകോശങ്ങൾ അകന്ന് നല്ല നിറം ലഭിക്കും.
- വാതിലിന്‍റെയും ജനാലയുടെയും ഡിസൈനിനുള്ളിൽ പൊടി പിടിച്ച ഭാഗം തട്ടിക്കളയാൻ ടൂത്ത്ബ്രഷാണ് ഉത്തമം.
- അതുപോലെ നഖങ്ങളുടെ പരിചരണത്തിനും ടൂത്ത്ബ്രഷ് ഉപയോഗപ്പെടുത്തുക. നഖങ്ങൾക്ക് കൂടുതൽ തിളക്കവും സൗന്ദര്യവും ലഭിക്കാനായി ടൂത്ത്ബ്രഷിൽ അൽപം ടൂത്ത് പേസ്റ്റ് ചേർത്ത് ഉരസിയാൽ മതി.
- പഴയ ടൂത്ത്ബ്രഷുകൾ ഉപയോഗിച്ച് മനോഹരമായ നെയിൽ ആർട്ട് ചെയ്യാനാവും. നഖങ്ങളിൽ ബേസിക് കോട്ട് ആദ്യം ഇടുക. അതു കഴിഞ്ഞ് ഒരു പാത്രത്തിൽ വിവിധ നിറങ്ങളിലുള്ള നെയിൽ പോളിഷുകൾ ഓരോ തുള്ളി വീതം എടുത്ത് ഇവയിൽ ടൂത്ത്ബ്രഷിന്‍റെ അറ്റങ്ങൾ മുക്കിയെടുത്ത് നഖത്തിൽ പതിപ്പിച്ച് നോക്കൂ. മനോഹരമായ നെയിൽ ആർട്ട് ആവും.
- ആഭരണങ്ങൾ ഉരച്ച് കഴുകി വൃത്തിയാക്കാനും പഴയ ടൂത്ത്ബ്രഷുകൾ ഉപയോഗിക്കാം.
- മേക്കപ്പ് ബ്രഷുകളം മുടി ചീകുന്ന ചീർപ്പും ബ്രഷുകളും കഴുകി വൃത്തിയാക്കാൻ ടൂത്ത്ബ്രഷ് കൊണ്ട് ഉരയ്ക്കാം. ഇവ പതിവായി വൃത്തിയാക്കാൻ ടൂത്ത്ബ്രഷ് ഉപയോഗിക്കുക.
- ഹെയർ കളർ പുരട്ടിയ ശേഷം പലപ്പോഴും മുന്നിലുള്ള ചില മുടിയിഴകൾ വെളുത്തതായി കാണപ്പെടാറുണ്ട്. അവ കറുപ്പിക്കാനായി ഹെയർ കളറിൽ ടൂത്ത്ബ്രഷ് മുക്കി ടച്ച് ചെയ്‌താൽ മതി.
- ചെരിപ്പിലെ ഡിസൈനിലും ഷൂസിന്‍റെ സ്റ്റിച്ചിലും പോളിഷ് നന്നായി പുരണ്ടിട്ടില്ലെങ്കിൽ ടൂത്ത്ബ്രഷിൽ പോളിഷ് മുക്കി തേയ്‌ക്കാവുന്നതാണ്.
- ലെതറിന്‍റെ പാദരക്ഷകളിലെ മണ്ണും പൊടിയും നീക്കുന്നതിനും ടൂത്ത്ബ്രഷ് ഉപയോഗപ്പെടുത്താം.