അന്ന്... എന്‍റെ ഓഫീസിലുള്ള എന്‍റെ കൂട്ടുകാരി എനിക്കായി പ്രത്യേകം ചീരക്കറി കൊണ്ടു വന്നു തന്നു. എനിക്കാണെങ്കിൽ ചീരയൊട്ടും ഇഷ്ടമല്ല. കുട്ടിക്കാലത്ത് എന്‍റെ ക്ലാസിൽ നല്ല പൊക്കമുണ്ടായിരുന്ന ഒരു കുട്ടിയെ എല്ലാവരും ചീരപ്പെണ്ണേ എന്ന് വിളിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു. മാർക്കറ്റിലെവിടെയെങ്കിലും ചീര വിൽക്കാൻ വച്ചിരിക്കുന്നത് കാണുമ്പോൾ ഞാൻ അക്കാര്യം ഓർക്കുമായിരുന്നു.
സഹപ്രവർത്തക ചീരക്കറി തന്നപ്പോൾ അത് കഴിക്കാനുള്ള അനിഷ്ടം മനസ്സിലൊളിപ്പിച്ച് മുഖത്ത് ഇഷ്ടം വരുത്തി അൽപം സ്വന്തം പാത്രത്തിലേക്കായി എടുക്കുകയായിരുന്നു. പക്ഷേ ആ കറി കാണാൻ നല്ല ചന്തമായിരുന്നു.
ചീരയിലയുടെ പച്ചപ്പ് ഒട്ടും മാറാതെ മഞ്ഞൾ കലർന്ന തേങ്ങയും ചേർന്ന് നല്ല കളർ കോമ്പിനേഷനിൽ. പക്ഷേ ഞാൻ വീട്ടിൽ ചീരക്കറി ഉണ്ടാക്കുമ്പോഴൊക്കെ ഇലയൊക്കെ വാടി ഇത്തിരി കറുപ്പ് നിറം വരുന്നത് ജാള്യതയോടെയാണ് ഞാൻ അപ്പോൾ ഓർത്തത്.
ചീരക്കറി കാഴ്ചയിൽ നല്ലതായി തോന്നിയെങ്കിലും കഴിക്കുമ്പോൾ എന്തോ ഒരു സ്വാദ് നാവിനെ കീഴടക്കുന്നതു പോലെ. ഒരു തരം കയ്പ് രസം രുചിമുകുളങ്ങളെ കീഴ്പ്പെടുത്തി മനസ്സിൽ മടുപ്പ് നിറച്ചു.
ഞാൻ ഒരിക്കലും ഇത്തരം കറി ഉണ്ടാക്കുകയില്ല. പക്ഷേ എന്ത് ചെയ്യാൻ, വീട്ടിൽ ബാക്കിയുള്ളവർക്കെല്ലാം ചീര വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാനും മനസ്സ് മടുത്ത് അത് തിന്നുമായിരുന്നു. എനിക്കായി ഇനി മറ്റൊരു കറി കൂടി പ്രത്യേകം തയ്യാറാക്കാൻ ആർക്കാണ് കഴിയുക?
അതുപോലെ ഞാനുമിപ്പോൾ കുറേ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ആദ്യമൊക്കെ കൂട്ടുകാരി ലഞ്ച് ടൈമിൽ നീട്ടുന്ന ചീരപാത്രത്തിൽ നിന്നും മടിച്ച് മടിച്ച് ഇത്തിരിയെടുത്ത് കഴിച്ചിരുന്ന സ്‌ഥാനത്തിപ്പോൾ ആ പാത്രത്തിലെ മുഴുവൻ ചീരയും തിന്നു തീർക്കുമായിരുന്നു. എനിക്കും ചീരക്കറി ഏറെ സ്വാദിഷ്ഠമായി തോന്നി തുടങ്ങിയിരിക്കുന്നു.
പക്ഷേ എന്‍റെ ഭാഗത്ത് ഒരു വീഴ്ചയുണ്ടായിരിക്കുന്നു. വിഡ്ഢിയായ ഞാൻ ഒരിക്കൽ ഈ പെൺകുട്ടിയേയും ചീരക്കറി കഴിപ്പിച്ചു. അവളാണെങ്കിലോ, എന്നെ പോലുമറിയിക്കാതെ എന്‍റെ കൂട്ടുകാരിയിൽ നിന്നും അതിന്‍റെ രുചി രഹസ്യങ്ങളുടെ കലവറയെ ചേരുവകൾ ചോദിച്ച് മനസ്സിലാക്കിയിരിക്കുന്നു. കള്ളി! അല്ല ബുദ്ധിമതി.
അന്നു തുടങ്ങി ഈ പെണ്ണ് എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്. ചേച്ചി ചീര വാങ്ങി ഫ്രിഡ്ജിൽ വച്ചിരുന്നാൽ ചീത്തയായി പോകില്ലേ... നമുക്കത് വൃത്തിയാക്കി അരിഞ്ഞ് കറിയാക്കാം. അതിനായി അവൾ പറമ്പിലുള്ള തെങ്ങിൽ നിന്നും തോട്ടി കൊണ്ട് നല്ല പച്ച തേങ്ങ ഇട്ടു കൊണ്ടുവരികയും ചെയ്‌തു.
ഓരോ പ്രാവശ്യവും അവൾ ഇതാവർത്തിച്ചു കൊണ്ടിരുന്നു. ഇങ്ങനെ പോയാൽ അവൾ അധിക ചെലവ് ഉണ്ടാക്കി വയ്ക്കും. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ വരും. അതൊന്നും ഈ ധിക്കാരിയെ സംബന്ധിച്ച് പ്രശ്നമല്ലല്ലോ.
കുഞ്ഞുങ്ങൾക്കിഷ്ടമുള്ള കിഴങ്ങുക്കറിയുണ്ടാക്കാമെന്ന് പറയുകയോ അല്ലെങ്കിൽ ഭർത്താവിനിഷ്ടമുള്ള ഉള്ളി സാമ്പാർ ഉണ്ടാക്കാമെന്ന് പറഞ്ഞാലും ആ തന്നിഷ്ടക്കാരി ഞാൻ പറയുന്നതൊന്നും കേൾക്കാതെ ചീരക്കറിയുണ്ടാക്കും.
എല്ലാവരുടേയും ഇഷ്ടങ്ങളും താൽപര്യങ്ങളും പൂർത്തീകരിക്കാൻ ഞാൻ എങ്ങനെ സമയം കണ്ടുപിടിക്കും. സമയം എനിക്കു വേണ്ടി നിലയ്ക്കില്ലല്ലോ?