ഏറ്റവും അത്യാവശ്യമുള്ള സാധനസാമഗ്രികൾ ഭദ്രമായി സൂക്ഷിക്കാൻ വേണ്ടിയാണല്ലോ ഹാൻഡ് ബാഗുകൾ ഒപ്പം കരുതുന്നത്. എന്നാൽ അത്യാവശ്യ സാധനങ്ങൾ കൂടാതെ നിങ്ങൾ മറ്റ് പലതും കൂടി വഹിക്കുന്നുണ്ടെന്ന കാര്യം എത്രപേർക്കറിയാം? അതെ, സ്വന്തം പേഴ്സിൽ ചില ബാക്‌ടീരിയകളേയും നിങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അത് നിങ്ങളെ രോഗിയാക്കും.

പുതിയതായി നടത്തിയ ഗവേഷണത്തിലാണ് നല്ലൊരു ശതമാനം അളവിൽ ബാക്‌ടീരിയകൾ ഹാൻഡ് ബാഗിലോ പേഴ്സിലോ ജന്മം കൊള്ളുന്നുണ്ടെന്ന വസ്‌തുത പുറത്തു വന്നിരിക്കുന്നത്.

ബാത്ത്റൂം, അടുക്കള തുടങ്ങിയ ഇടങ്ങളെ അപേക്ഷിച്ച് പേഴ്സിൽ ഏറ്റവുമധികം ബാക്‌ടീരിയകൾ പെരുകുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യത്തിന് അത് ഹാനികരവുമാണ്.

പുരുഷനും സ്ത്രീക്കും ഒരുപോലെ അണുബാധയേൽക്കാൻ അവരുടെ സ്വന്തം പേഴ്സ് കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ പേഴ്സിലാണത്രേ കൂടുതൽ ബാക്‌ടീരിയകൾ രൂപം കൊള്ളുന്നത്.

ആരോഗ്യസംരക്ഷണ കാര്യത്തിൽ നാം ബദ്ധശ്രദ്ധ പുലർത്താറുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. അതുകൊണ്ട് ഇനി മുതൽ ഹാൻഡ് ബാഗും വൃത്തിയായി സൂക്ഷിക്കാൻ ശീലിക്കുക. അതിൽ അത്യാവശ്യ വസ്‌തുക്കൾ വയ്ക്കുക. അതും ശരിയായ രീതിയിൽ.

ഹാൻഡ് ബാഗ് എങ്ങനെ വൃത്തിയാക്കാം

  • ഇളം ചൂട് വെള്ളത്തിൽ ലിക്വിഡ് സോപ്പ് മിക്‌സ് ചെയ്‌ത് ഹാൻഡ് ബാഗിന്‍റെ ബാഹ്യഭാഗങ്ങൾ തുടച്ച് വൃത്തിയാക്കുക. ലിക്വിഡിന് പകരം ഷാംപുവും ഉപയോഗിക്കാം. പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് നീക്കാൻ ഇത് സഹായിക്കും.
  • ഹാൻഡ് ബാഗ് ക്ലീൻ ചെയ്യാൻ ബേബി വൈപ്പ്സോ, വിനാഗിരിയോ വീട്ടിൽ ഉപയോഗിക്കുന്ന രാസവസ്‌തുക്കളും ഉപയോഗിക്കരുത്. ബാഗിന്‍റെ നിറത്തിന് കോട്ടം തട്ടും.
  • ലെതർ പേഴ്സാണെങ്കിൽ വളരെ സോഫ്റ്റായ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം. അതിനായി പെട്രോളിയം ജെല്ലി ഉപയോഗിക്കാം.
  • ഹാൻഡ് ബാഗ് ആന്‍റി ബാക്‌ടീരിയൽ ജെൽ കൊണ്ട് വൃത്തിയാക്കുക.
  • ബാഗിന്‍റെ കോണുകൾ വൃത്തിയാക്കാൻ ടൂത്ത് പിക്ക് ഉപയോഗിക്കാം.
  • ബാഗ് വൃത്തിയാക്കിയ ഉടൻ അതിനുള്ളിൽ സാധനങ്ങൾ വയ്‌ക്കരുത്. അൽപ സമയം കാറ്റിൽ വച്ച് ഉണക്കിയ ശേഷം സാധനങ്ങൾ വയ്‌ക്കാം.

ചെയ്യാൻ പാടില്ലാത്തത്

  • മേക്കപ്പ് വസ്‌തുക്കൾ കൊണ്ട് ഹാൻഡ് ബാഗ് കുത്തി നിറയ്ക്കരുത്. ദിവസവും ആവശ്യമായി വരുന്ന വസ്‌തുക്കൾ മാത്രം വയ്‌ക്കുക. അതുപോലെ അത്യാവശ്യമായി വരുന്ന പ്രൊഡക്റ്റുകളും ഒരു പൗച്ചിൽ പായ്ക്ക് ചെയ്‌ത് ബാഗിൽ കരുതാം.
  • ഭക്ഷ്യവസ്‌തുക്കൾ ബാഗിൽ വയ്‌ക്കരുത്. ഉറുമ്പുകൾ വരാൻ ഇത് കാരണമാകും.
  • ബാഗ് എവിടെയെങ്കിലും സൂക്ഷിക്കരുത്. പ്രത്യേകിച്ചും ബാക്ടീരിയ ഉള്ളയിടത്ത്.
  • ഹാൻഡ് ബാഗ് ഒരു ഡസ്റ്റ് ബിൻ ആക്കരുത്. ചില സ്ത്രീകൾ എന്ത് വസ്‌തുക്കളും ബാഗിൽ നിക്ഷേപിക്കാറുണ്ട്.

ഇവ കൂടി ശ്രദ്ധിക്കുക

  • എപ്പോഴും വാട്ടർ പ്രൂഫ് ആയതായിരിക്കണം ബാഗ്. കാരണം നോർമൽ ബാഗ് ആണെങ്കിൽ അകത്തുള്ള വസ്‌തുക്കൾ മഴക്കാലത്ത് നനയും.
  • ബാഗിന്‍റെ ഭാരത്തെക്കുറിച്ച് കൂടി ചിന്തിക്കുക. ഭാരക്കൂടുതൽ മാംസപേശികളെ ബാധിക്കും. സോഫ്റ്റായതും കനം കുറഞ്ഞതുമായ സ്ട്രിപ്സ് ഉള്ള ബാഗ് വാങ്ങാൻ എപ്പോഴും ശ്രദ്ധിക്കുക.
  • ഒരിക്കലും ഹാൻഡ് ബാഗ് പ്ലാസ്റ്റിക്ക് ബാഗിൽ വയ്‌ക്കരുത്. ബാഗ് എളുപ്പത്തിൽ ചീത്തയാകാൻ ഇത് കാരണമാകും. അതിനായി തലയിണയുടെ പഴയ കവർ ഉപയോഗിക്കാം.
  • ബാഗ് ഉപയോഗിക്കാത്ത സമയത്ത് ബാഗിലെ മുഴുവൻ വസ്‌തുക്കളും പുറത്തേക്ക് മാറ്റിയ ശേഷം അതിനുള്ളിൽ ടിഷ്യു പേപ്പർ ഇട്ട് വയ്‌ക്കാം. ബാഗിന്‍റെ ഷെയ്പ് നിലനിൽക്കാനും ബാക്ടീരിയ പെരുകാതിരിക്കാനും ഇത് സഹായിക്കും.
  • ബാഗിനുള്ളിൽ ഈർപ്പം ഉണ്ടാകാതെ സൂക്ഷിക്കണം. കാരണം ഇതിൽ ബാക്‌ടീരിയ ഉണ്ടാകാം.
और कहानियां पढ़ने के लिए क्लिक करें...