ഭാവിയിൽ വരാവുന്ന അപകടങ്ങളെക്കുറിച്ചുള്ള അടയാളങ്ങളാണ് മുന്നറിയിപ്പുകൾ. അത് ആരോഗ്യത്തിന്‍റെ കാര്യത്തിലും സംഭവിക്കാറുണ്ട്. ശരീരം നൽകുന്ന വാണിംഗ് സിഗ്നലുകൾ അവഗണിക്കരുത്. അവയെ ശ്രദ്ധിച്ചാൽ രോഗങ്ങളെ നേരത്തെ കണ്ടുപിടിക്കാൻ കഴിയും.
നെഞ്ചിൽ ചെറിയ വേദനയോ എരിച്ചിലോ മറ്റോ തോന്നിയാൽ അത് ഗ്യാസ് കൊണ്ട് സംഭവിക്കുന്നതാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്. ഒരു പക്ഷേ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ചില സിഗ്നലുകൾ ശരീരം നൽകുന്നതും ആവാം അത്.
“നമ്മുടെ ശരീരം ഏതെങ്കിലും രോഗാവസ്ഥ നേരിടുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്‍റെ സൂചനകൾ പുറപ്പെടുവിക്കും.” പ്രൈംസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ, അനുരാഗ് സക്സേന പറയുന്നു.
ചിന്ത: അമിതമായ ചിന്ത ഹൃദയാരോഗ്യക്കുറവിന് കാരണമാകും. അല്ലെങ്കിൽ ഹൃദ്രോഗത്തിന്‍റെ ലക്ഷണവുമാകാം. താൻ മരിക്കാൻ പോകുന്നു എന്ന ചിന്തയിലൂടെ ഹൃദയത്തിന്‍റെ പ്രവർത്തനം വരെ താറുമാറിലാകാം. അത്തരം ചിന്തകൾ ഉണ്ടെങ്കിൽ ഉടനെ ആരോഗ്യവിദഗ്ദ്ധനെ കാണേണ്ടതുണ്ട്.
നെഞ്ചുവേദന: നെഞ്ചുവേദനയോ ആ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ മുന്നറിയിപ്പായി കാരുതണം. ഇങ്ങനെ തോന്നുന്ന എല്ലാവർക്കും പ്രശ്നമുണ്ടാകണമെന്നൊന്നുമില്ല. ഹൃദയവുമായി ബന്ധപ്പെട്ട വേദനയാണെങ്കിൽ നെഞ്ചിന്‍റെ ഇടതുഭാഗത്ത് കൂടുതൽ പ്രയാസം തോന്നും. ഒരു കല്ല് കയറ്റിവച്ച പോലൊരു ഭാരവും അനുഭവപ്പെടും. ഇത്തരം അവസ്ഥകൾ അവഗണിക്കരുത്.
ചുമ: അമിതമായ ചുമ ഹൃദയാരോഗ്യ പ്രശ്നത്തിന്‍റെയും സൂചനയാകാറുണ്ട്. ശ്വാസകോശത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലും ചുമ ഉണ്ടാകാം.
തലകറക്കം: ഹൃദയാരോഗ്യക്കുറവിന്‍റെ ലക്ഷണമായി തലകറക്കത്തെയും കാണേണ്ടതാണ്.
ക്ഷീണം: സ്ത്രീകളിൽ അമിതമായി കാണുന്ന ക്ഷീണവും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അമിതമായ ക്ഷീണം എപ്പോഴും തോന്നുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ സമയമായി. മോശം ജീവിതചര്യ കൊണ്ടും ക്ഷീണം സംഭവിക്കാം.
ശരീര വേദന: ഹൃദ്രോഗമുണ്ടെങ്കിൽ കഴുത്ത്, കൈ, പുറം, വയറ് തുടങ്ങിയ ഭാഗങ്ങളിലും വേദന തോന്നാം. നെഞ്ചിൽ തന്നെ വേദന ഉണ്ടാകണമെന്ന് നിർബന്ധമില്ല.
നെഞ്ചിടിപ്പ്: നെഞ്ചിടിപ്പ് താളം തെറ്റുന്നതും ക്രമാതീതമായി കൂടുന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. വേഗത്തിൽ നടക്കുമ്പോഴും രക്‌തചംക്രമണം കൂടുമ്പോഴും നെഞ്ചിടിപ്പ് കൂടാറുമുണ്ട്. എന്നാൽ അതോടൊപ്പം ശ്വാസം കിട്ടാതെ വരികയോ അമിതമായി വിയർക്കുകയോ ക്ഷീണമോ തോന്നിയാൽ ശ്രദ്ധിക്കണം.
മേൽപ്പറഞ്ഞ പലതും നമ്മൾ സാധാരണമായി കണ്ട് അവഗണിക്കുകയാണ് പതിവ്. തലച്ചോറുമായി ബന്ധപ്പെട്ടും പല രോഗങ്ങളും വരാം. അവയുടെ പ്രധാന ലക്ഷണങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, തലവേദന, ഓർമ്മക്കുറവ്, സ്വഭാവത്തിൽ മാറ്റം, മാംസപേശികൾ നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയവയാണ്.