ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 10

പ്രായക്കൂടുതലുണ്ട് ഈശ്വരിയമ്മക്ക്. കിളിരമുള്ള സ്ഥൂലിച്ച ശരീരം. കറുത്ത ഫ്രേമുള്ള കണ്ണടക്ക് താഴെ നിശ്ചയ ദാർഢ്യവും ശാസനാഭാവവും തുടിക്കുന്ന സൂക്ഷ്മദൃഷ്ടികൾ. ജ്യേഷ്ഠസഹോദരിയോട് ഉണ്ണിത്താന് വിധേയത്വം കലർന്ന ബഹുമാനമാണ്.

“ശങ്കരാ, നമ്മളിങ്ങനെ ചുമ്മായിരുന്നാൽ മതിയോ. മുരളീമനോഹറിന്‍റെ വീടുവരെ ഒന്ന് പോയി അന്വേഷിക്കണ്ടേ?”

“എന്തിനെക്കുറിച്ച് അന്വേഷിക്കാനാ ചേച്ചി?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അതുകൊള്ളാം.നിശ്ചയം മുടങ്ങിയില്ലേ? അതിനി എന്നത്തേക്ക് വെക്കണമെന്ന് അവര് പറഞ്ഞുമില്ലല്ലോ. അവർക്കീ ബന്ധത്തിന് താല്പര്യമില്ലെങ്കിൽ അവരത് തുറന്നു പറയട്ടെ. ഈ നാട്ടിൽ വേറേം ആൺപിള്ളേരുണ്ടല്ലോ.”

“ചേച്ചീ, ആ സോമനാഥപണിക്കർക്ക് സുഖമില്ലാതെ വന്നതുകൊണ്ടല്ലേ നിശ്ചയം നീട്ടിവെച്ചത്. അയാളുടെ അസുഖം ഭേദമായാൽ….” ഉണ്ണിത്താന്‍റെ സ്വരം ദുർബ്ബലമായി

“ഏത് ഹോസ്പിറ്റലിലാ അയാളെ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്നറിഞ്ഞാൽ നമുക്ക് ശിവരാമനെ അങ്ങോട്ടയച്ച് സ്ഥിതിഗതികളൊക്കെ അറിഞ്ഞ് വരാൻ പറയാമായിരുന്നു. ശങ്കരന് ഹോസ്പിറ്റലേതാണെന്ന് അറിയാമായിരിക്കുമല്ലോ.”

“അത്… അതാലപ്പുഴേലെ…” ഉണ്ണിത്താന്‍റെ വാക്കുകൾ മുറിഞ്ഞു.

“ശങ്കരനതുപോലും അന്വേഷിച്ചില്ലല്ലേ?”

“സേതു പോയിരുന്നല്ലോ. അവര് നമ്മുടെ ബന്ധുക്കളാകാൻ പോകുന്നല്ലേയുള്ളു. ഇപ്പോഴേ അവരുടെ കുടുംബകാര്യങ്ങളിൽ തലയിടുന്നതെന്തിനാ എന്നോർത്തിട്ടാ, ചേച്ചീ.”

“ഏതായാലും തുടക്കത്തിലേ മുടക്കം വന്നത് അത്ര ശുഭലക്ഷണമല്ല. ജാതകങ്ങൾ തമ്മിൽ പൊരുത്തമുണ്ടോന്ന് ഒരിക്കൽകൂടി വിശദമായി നോക്കിയിട്ട് മതി മുന്നോട്ട് പോകാനെന്നാ എന്‍റെ അഭിപ്രായം.”

അപ്പോഴേക്കും പീരുമേട്ടിലെ എസ്റ്റേറ്റിലെ മേസ്ത്രി ഉണ്ണിത്താനെ കാണാൻ വന്നിരിക്കുന്നെന്ന് ധർമ്മേന്ദ്രൻ വന്നറിയിച്ചു. പ്രതിക്കൂട്ടിൽനിന്ന് കുറ്റവിചാരണ കഴിഞ്ഞിറങ്ങുന്ന കുറ്റവാളിയുടെ ആശ്വാസത്തോടെ ഉണ്ണിത്താൻ ആ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.

 

മുരളിയും സോമനാഥപണിക്കരും പൂർണ്ണിമയുടെ അച്ഛൻ ചന്ദ്രശേഖരന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലെ എസ്റ്റേറ്റില്‍ താമസം തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ജ്വല്ലറിഷോപ്പിന്‍റെ ചുമതല മൂത്തമകൻ സന്തോഷിനെ ഏല്പിച്ച് ചന്ദ്രശേഖറും പൂർണ്ണിമയോടൊപ്പം അവിടെയെത്തിയിട്ടുണ്ട്.

ഒരു കുന്നിന്‍റെ മുകളിലാണ് ചന്ദ്രശേഖറിന്‍റെ കൊട്ടാരസദൃശ്യമായ എസ്റ്റേറ്റ് ബംഗ്ളാവ്. ചുറ്റും തേയിലതോട്ടങ്ങളുടെ പച്ചപ്പും കുളിർമ്മയും. സുഖകരമായ കാലാവസ്ഥ. നഗരത്തിന്‍റെ ശബ്ദാരവങ്ങളില്ലാത്ത സ്വച്ഛസുന്ദരമായ അന്തരീക്ഷം. അതിനെല്ലാം പുറമെ ആതിഥേയരുടെ ഹൃദ്യമായ പരിചരണവും.

എസ്റ്റേറ്റിലെ താമസം മുരളിക്കും പണിക്കർക്കും വളരെയിഷ്ടപ്പെട്ടു. പൂർണ്ണിമയുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമായതോടെ ദിവസങ്ങൾ കടന്നുപോകുന്നത് മുരളി അറിഞ്ഞതേയില്ല. ദിവസവും ഉച്ചസമയത്ത് പൂർണ്ണിമയും മുരളിയും കൂടി ചുറ്റിനുമുള്ള പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങൾ കാണാനിറങ്ങും പൂർണ്ണിമ അയാളെ പരിസരത്തുള്ള പിക്നിക് സ്പോട്ടിലെല്ലാം കൊണ്ടുപോകും. ആ സ്വകാര്യ നിമിഷങ്ങളിലൂടെ അവരന്യോന്യം കൂടുതലടുത്തു.

ഒരു മദ്ധ്യാഹ്നം. ചന്ദ്രശേഖറിന്‍റെ ഐകോണിൽ പ്രകൃതിരമണീയമായൊരു സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു മുരളിയും പൂർണ്ണിമയും.

“താനെന്താ ആലോചിക്കുന്നേ.” ഡൈവ് ചെയ്യുന്നതിനിടയിൽ മുരളി ചോദിച്ചു.

“ഒന്നുമില്ല…” ആ സ്വർഗ്ഗീയനിമിഷങ്ങൾ ആസ്വദിക്കുംപോലെ മുരളിയുടെ തോളിലേക്ക് ചാഞ്ഞ് കണ്ണുചിമ്മിക്കൊണ്ട് പൂർണ്ണിമ മന്ത്രിച്ചു.

മഞ്ജുവിനെക്കുറിച്ചാണവളപ്പോൾ ആലോചിച്ചിരുന്നത്.

മഞ്ജു! കോളേജ് കാമ്പസ്സിലെ ഏക എതിരാളി!. എല്ലാ മത്സരങ്ങളിലും തനിക്ക് മുന്നിൽ വിജയത്തിന്‍റെ വെന്നിക്കൊടിയുമായി അവളുണ്ടാകും.

പരീക്ഷകളിൽ, കലാവേദികളിൽ, സൗന്ദര്യമത്സരത്തിൽ എല്ലാം തനിക്ക് പരാജയത്തിന്‍റെ കയ്പുനീർ മാത്രം. പക്ഷെ, ഇപ്പോളാദ്യമായി താനവളെ തോല്പിച്ചിരിക്കുന്നു.

അവളുടെ സ്വപ്ന ഗന്ധർവ്വനാണിപ്പോൾ തന്‍റെയരികിലിരിക്കുന്നത്. ഐഎഎസുകാരനെ കെട്ടാൻ പോകുന്നെന്നും പറഞ്ഞ് എന്തൊരു നെഗളിപ്പായിരുന്നു അവൾക്ക്. സ്നേഹിതകൾക്ക് വിരുന്നുനല്കി വിലസുമ്പോൾ ഇത്തരത്തിലൊരു ക്ലൈമാക്സ് അവളൊരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പിങ്കി ഫോൺ ചെയ്തപ്പോൾ പറഞ്ഞത് മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് നീട്ടിവെച്ചു എന്ന് മാത്രമാണല്ലോ. മഞ്ജു അങ്ങനെയാവും സ്നേഹിതകളെ ധരിപ്പിച്ചിരിക്കുന്നത്. വിവാഹം മുടങ്ങിയെന്ന് പറയുന്നത് നാണക്കേടാണല്ലോ. പക്ഷെ എത്രനാളാണവൾ ആ രഹസ്യം ഒളിപ്പിച്ചുവെക്കാൻ പോകുന്നത്? താനും മുരളിയും തമ്മിലുള്ള വിവാഹം അധികം താമസിയാതെ നടക്കും. അതുകഴിഞ്ഞാൽ പിന്നെ അവള്‍ക്ക് കോളേജ് കാമ്പസ്സിനകത്ത് തലയുയർത്തി നടക്കാനകുമോ?

അതെല്ലാമോർത്തപ്പോൾ പൂര്‍ണ്ണിമക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നിയെങ്കിലും അവൾ ശ്രമപ്പെട്ട് ചിരിയമർത്തി.

“എന്താടോ, തനിക്കിന്നൊരു മൂഡ്ഔട്ട് പോലെ?” അവളെ മനോരാജ്യത്തിൽനിന്ന് കുലുക്കിയുണർത്താൻ ശ്രമിച്ചുകൊണ്ട് മുരളി ചോദിച്ചു. “വിവാഹം കഴിഞ്ഞാൽ പഠനം മുടങ്ങുമെന്ന വറിയാണോ തനിക്ക്?”

മോഡലെക്സാമിന് എല്ലാവരേക്കാൾ കൂടുതൽ മാർക്ക് തനിക്കാണെന്നാണവൾ അയാളെ ധരിപ്പിച്ചിരുന്നത്.

“അതെ” എന്നവൾ തലയനക്കിയപ്പോൾ ഇടത്തു കൈകൊണ്ടവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചുകൊണ്ടയാൾ അവളെ ആശ്വസിപ്പിച്ചു. “ഡോൺട് വറി, തനിക്ക് ആലപ്പുഴേലേതെങ്കിലും കോളേജിൽ പോസ്റ്റ്ഗ്രാജ്വേഷന് ചേരാം. വേണെങ്കിൽ ഐഎഎസിനും ഒരു കൈ നോക്കാം. എന്താ?”

വാസ്തവത്തിൽ കലക്ടറുടെ പത്നീപദമലങ്കരിച്ച് കൊച്ചമ്മ ചമഞ്ഞ് നടക്കാമെന്ന സ്വപ്നം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. എങ്കിലും പക്ഷിത്തൂവൽപോലെ അയാളുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നുകൊണ്ട് അവൾ വിധേയത്വത്തോടെ മൂളി.

അയാൾ കഴുത്ത് ചെരിച്ച് അവളുടെ മൂർദ്ധാവിൽ ചുണ്ടുകളമർത്തിയപ്പോൾ പൂർണ്ണിമ കിലുകിലെ ചിരിച്ചുകൊണ്ട് അയാളെ ഓർമ്മിപ്പിച്ചു. “ഡ്രൈവിംഗിൽ ശ്രദ്ധിച്ചില്ലെങ്കിൽ വണ്ടി സമ്മർസോൾട്ടടിക്കും കേട്ടോ. പിന്നെ കലക്ടറുടടെ പൊടി പോലും ബാക്കി കാണില്ല.”

വഴിയരികത്തെ കുത്തനെ ഇറങ്ങിപോകുന്ന താഴ്ചയിലേക്ക് കണ്ണയച്ചുകൊണ്ട് മുരളി ലാഘവസ്വരത്തിൽ പറഞ്ഞു “താനും കൂടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോകാനും എനിക്ക് സന്തോഷമാണെടോ”

അയാളുടെ വെളിപ്പെടുത്തൽ അവളെ വാനോളമുയർത്തി.

“ഇന്ന് നമ്മൾ എങ്ങോട്ടാണ് പരിപാടി ഇട്ടിരിക്കുന്നത്?” മുരളി ചോദിച്ചു.

“കുന്നിന്‍റെ മുകളിലുള്ള ഒരു ദേവിക്ഷേത്രത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. അവിടെനിന്ന് നോക്കിയാൽ ഈ പ്രദേശം മുഴുവൻ മൊത്തത്തിലൊന്ന് കാണാം. പക്ഷെ ഒരു പ്രശ്നമുണ്ട്. മുകളറ്റംവരെ വണ്ടി പോകില്ല”

“വെരിഗുഡ്. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊക്കെ തന്‍റെ ഡാഡി തീൻമേശനിറയെ വിഭവങ്ങൾ നിരത്തി വെക്കുകയല്ലേ? അതൊക്കെയൊന്ന് ദഹിച്ച് കിട്ടാൻ അല്പം എക്സർസൈസാകട്ടെ.”

കുണ്ടും കുഴിയും വളവും തിരിവുമുള്ള വീതി കുറഞ്ഞ ചെമ്മൺപാതയിലൂടെ വണ്ടി നാലഞ്ച് കിലോമീറ്ററോളം ഓടിയപ്പോൾ അവർ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്‍റെ അടിവാരത്തിലെത്തി.

“സന്ധ്യക്ക് മുൻപ് നമുക്ക് മടങ്ങണം. സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണാനാകില്ല.” പൂർണ്ണിമ മുന്നറിയിപ്പ് നല്കി.

“ദാറ്റീസ് ഗുഡ്. നമ്മൾ രണ്ടുപേരും മാത്രമങ്ങനെ… അതൊരു സുഖമല്ലേടോ?”

“ആണോ. എനിക്കറിയില്ല.” പൂർണ്ണിമ ചിണുങ്ങി.

“അത് വെറുതെ. പിന്നെയെന്തിനാ താനെന്നും എന്നേംകൊണ്ടിങ്ങനെ ഡ്രൈവിനിറങ്ങുന്നേ.” മൃദുവായി അവളുടെ കവിളിൽ നുള്ളിക്കൊണ്ടയാൾ ചോദിച്ചു.

ചന്ദ്രശേഖറിന്‍റെ ലക്ഷ്യവും താനും പൂർണ്ണിമയും തമ്മിലടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അയാളോർത്തു അല്ലെങ്കിൽ “എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളിലും മുരളിയെ കൊണ്ടുപോകണം കേട്ടോ മോളേ, ഒന്നും വിട്ട് കളഞ്ഞേക്കരുത്” എന്നെല്ലാം പറഞ്ഞ് അയാളവളെ പ്രോത്സാഹിപ്പിക്കുകയില്ലായിരുന്നല്ലോ. തന്‍റെ ഡാഡിയേയും ചന്ദ്രശേഖർ വശത്താക്കിക്കഴിഞ്ഞിരിക്കുന്നു. രണ്ട് ഡാഡിമാരുംകൂടി ഡ്രിങ്ക്സും റമ്മികളിയുമായി കൂടിയിരിക്കയാണ്.

കുന്നുകയറി മുരളിയും പൂർണ്ണിമയും ക്ഷേത്രനടയിലെത്തിയപ്പോഴേക്കും വെയിൽ ചായാൻ തുടങ്ങിയിരുന്നു. ചൂളം വിളിച്ചുകൊണ്ടെത്തിയ കാറ്റിന് നല്ല തണുപ്പുമുണ്ടായിരുന്നു. ആലിംഗനബദ്ധരായി പ്രകൃതിയുടെ വിസ്മയകാഴ്ചകളിലേക്ക് കണ്ണയച്ചുകൊണ്ട് നിന്നപ്പോൾ രണ്ട് ശരീരവും ഒരാത്മാവുമാണ് തങ്ങൾക്കെന്നുതോന്നി പൂർണ്ണിമക്ക്. കൈകോർത്ത് പിടിച്ചുകൊണ്ടാണ് അവർ ക്ഷേത്രത്തിന് മുന്നിലെത്തിയത്.

മാനം അപ്പോഴേക്കും കറുത്ത് തുടങ്ങിയിരുന്നു. കാറ്റിന്‍റെ ചൂളം വിളി കൂടുതൽ ഉച്ചത്തിലായി.

പൂർണ്ണിമ ധൃതികൂട്ടി “മഴക്കോള് കാണാനുണ്ട്. നമുക്ക് വേഗം മടങ്ങാം.”

രണ്ടുപേരും കാറിനടുത്തെത്തിയപ്പോഴേക്കും മഴ തുള്ളിയിടാൻ തുടങ്ങി. കൂടുതൽ കരുത്താർജ്ജിച്ച കാറ്റിൽ പൊടിപടലങ്ങളും ചപ്പിലകളും പാറി നടന്നു. അവർ കാറിനകത്തേക്ക് ഓടിക്കയറി. മുരളി കാർ മുന്നോട്ടെടുത്തു.

മഴ പെട്ടെന്ന് കനത്തു. ഇടക്കിടെ കൊള്ളിയാൻ മിന്നി. കുണ്ടും കുഴിയും നിറഞ്ഞ ചെമ്മൺപാതയിലൂടെ മഴവെള്ളം കുത്തിയൊഴുകി. ആടിക്കുലുങ്ങിക്കൊണ്ടാണ് കാർ മുന്നോട്ടോടിയത്.

അല്പസമയത്തിനുള്ളിൽ തുള്ളിക്കൊരു കുടമെന്നപോലെ മഴ കോരിച്ചൊരിയാൻ തുടങ്ങി. തൊട്ടു മുന്നിലെ റോഡു പോലും കാണാൻ കഴിയാത്ത അവസ്ഥ.

മുരളി കാർ വഴിയോരത്തേക്ക് നീക്കി പാർക്ക് ചെയ്തു. ഹെഡ്ലൈറ്റിന്‍റെ പ്രകാശത്തിൽ അന്യോന്യം ചുറ്റിപിണയുന്ന മഴനാരുകളിലേക്ക് നോക്കിയിരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ ആസക്തിയുടെ കനലുകൾ മിന്നി. ഇരുകൈകളും നീട്ടി അയാൾ പൂർണ്ണിമയെ സ്വന്തം മാറോട് ചേർത്തു.

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 9

ധർമ്മേന്ദ്രൻ കിച്ചണിലേക്ക് ചെന്നപ്പോള്‍ രണ്ട് കൈകൊണ്ടും ശിരസ്സും താങ്ങി നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയാണ് മണ്ഡോദരി.

“എന്താ താനിങ്ങനെ നനഞ്ഞ പൂച്ചേപ്പോലിരിക്കുന്നേ?” ധർമ്മേന്ദ്രൻ ചോദിച്ചു.

“എന്‍റെ കയ്യും കാലുമാടുന്നില്ല ധർമ്മൻചേട്ടാ. മഞ്ജുക്കുഞ്ഞിന്‍റെ നിശ്ചയം മാറ്റിവെച്ചൂ ന്നറിഞ്ഞപ്പോ തൊടങ്ങി മനസ്സിനൊരു സുഖോമില്ല.”

“നേരെ കലക്ടറേറ്റിലേക്കൊരു പാസ്പോർട്ട് സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ. മനപ്പായസം കുടിച്ചത് വെറുതെയാകുമോ എന്നോർത്തിട്ടുള്ള പ്രയാസമായിരിക്കുമല്ലേ?” മണ്ഡോദരിയെ നീരസവും പരിഹാസവും കലർന്ന മട്ടിൽ തറപ്പിച്ചൊന്ന് നോക്കിയിട്ട് ധർമ്മേന്ദ്രൻ കിച്ചണിൽ നിന്നും ഇറങ്ങിനടന്നു.

ഒരു കാർ ഗേറ്റ് കടന്ന് കാർപോർച്ചിൽ വന്ന് നിന്നപ്പോൾ ഉണ്ണിത്താൻ സിറ്റൗട്ടിലേക്കിറങ്ങി ചെന്നു. ഡ്രൈവർ സീറ്റിൽ ശിവരാമകൃഷ്ണനായിരുന്നു. മുൻസീറ്റിൽതന്നെ ഈശ്വരിയമ്മയുമുണ്ട്.

കാറിൽനിന്നിറങ്ങിനിന്നുകൊണ്ട് ശിവരാമകൃഷ്ണൻ ചോദിച്ചു. “സുഖമല്ലേ അമ്മാമേ?”

ഈശ്വരിയമ്മ അനുതാപത്തോടെ ഇടയിൽ കയറി പറഞ്ഞു. “ഇതെന്ത് ചോദ്യമാ ശിവരാമാ. ശങ്കരന്‍റെ മുഖം വാടിയിരിക്കണത് കണ്ടൂടെ നിനക്ക്?”

“ഓ! ഞാനതോർത്തില്ല. സോറീ അമ്മാമേ ”ശിവരാമകൃഷ്ണന്‍റെ മുഖത്ത് ജാള്യത പരന്നു.

അയാൾ ഡിക്കി തുറന്ന് രണ്ട് മൂന്ന് സാമാന്യം വലിയ സൂട്ട്കേസുകളെടുത്ത് പുറത്തേക്ക് വെച്ചു.

“ശങ്കരന് നല്ല മനപ്രയാസമുണ്ടെന്നറിയാം. ആർക്കാണെങ്കിലും അങ്ങനെയാണല്ലോ. കൂടപ്പിറപ്പിനെന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കയ്യുംകെട്ടി നോക്കിനില്ക്കാനുള്ള മനക്കട്ടിയൊന്നുമെനിക്കില്ല, ശങ്കരാ. അതാ ഞങ്ങളുടനെയിങ്ങോട്ട് പുറപ്പെട്ടത്‌.” ഈശ്വരിയമ്മ അകത്തേക്ക് നടന്നുകൊണ്ട് സഹതാപാർദ്രമായ സ്വരത്തിൽ തുടർന്നു. ”ഇനി ശങ്കരനൊന്നുമോർത്ത് വിഷമിക്കണ്ട. ഞങ്ങളിങ്ങെത്തിയല്ലോ. എന്തിനും ശങ്കരന്‍റെ കൂടെ ഞങ്ങളുണ്ടാവും”

ആളനക്കംകേട്ട് ഉമ്മറത്തെത്തിയ ധർമ്മേന്ദ്രൻ സൂട്ട്കേസുകളെല്ലാമെടുത്ത് അകത്തേക്ക് വെച്ചു.

“ധർമ്മാ, നീ മണ്ഡോദരിയോട് കുറച്ച് ചായയുണ്ടാക്കാൻ പറയ്” ഉണ്ണിത്താൻ നിർദ്ദേശം നല്കി.

വേണോ വേണ്ടയോ എന്ന മട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന മണ്ഡോദരിയോട് ധർമ്മേന്ദ്രൻ പറഞ്ഞു “ഈശ്വരിയമ്മയും ശിവരാമകൃഷ്ണൻ സാറുമെത്തിയിട്ടുണ്ട്. രണ്ട് ചായ വേണം.”

“എന്‍റീശ്വരാ, ആയമ്മ എന്തിനാ ഇപ്പഴിങ്ങോട്ട് കെട്ടിയെടുത്തത്? ശിവരാമകൃഷ്ണൻ സാറിനെ എങ്ങനേം സഹിക്കാം. പക്ഷെ, ആയമ്മയെ…..”

“ഐഎഎസുകാരെമാത്രേ തനിക്ക് കണ്ണിൽ പിടിക്കൂ അല്ലേ?”

“അയ്യോ, അതല്ല ധർമ്മൻചേട്ടാ, ആയമ്മയെ പണ്ടേ എനിക്ക് പേടിയാ.”

“ങ്ഹാ! ചിലരേങ്കിലും പേടിയുണ്ടാകുന്നത് നല്ലതാ.” എന്നൊരു കുത്തുവാക്കും പറഞ്ഞ് ചായയുമായി ഡ്രോയിംഗ് റൂമിലേക്ക് പോയ ധർമ്മേന്ദ്രൻ ഉടനെ തന്നെ മടങ്ങിവന്നറിയിച്ചു. “അവർക്കും കൂടി ബ്രേക്ക് ഫാസ്റ്റ് വേണ്ടിവരുമെന്ന് പറഞ്ഞു സാറ്.”

“ബ്രേക്ക് ഫാസ്റ്റിന്‍റെ പണി കഴിഞ്ഞതായിരുന്നു ഇനീം രണ്ടുപേർക്കുകൂടി വേണമെന്ന് പറഞ്ഞാൽ ഞാനെന്തോ ചെയ്യും? ആ ശിവരാമകൃഷ്ണൻ സാറാണെങ്കിൽ മൂന്നാല് പേർക്കുള്ള ഭക്ഷണം ഒറ്റയിരിപ്പിന് അടിച്ച് കേറ്റും.”

“ഈ വീട്ടുകാർക്കും ഇവിടെ വിരുന്ന് വരുന്നവർക്കുമൊക്കെയുള്ള ഭക്ഷണം തയ്യാറാക്കാനാ ഈ അടുക്കളേം ഇക്കണ്ട സൗകര്യങ്ങളുമൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നേ. കളക്ട്രേറ്റ് സ്വപ്നം കാണാതെ വല്ലതും വെച്ചുണ്ടാക്കാൻ നോക്ക് പെണ്ണേ.”

“ഇഡ്ഡലിമാവ് തീർന്നു. റവേം ഇരിപ്പില്ല. പുട്ടും മുട്ടക്കറീം… അയ്യോ ആയമ്മ സസ്യഭുക്കല്ലേ. പുട്ടും… ഉരുളക്കിഴങ്ങ് മസാലേം ഉണ്ടാക്കാം. ധർമ്മൻചേട്ടൻ ഇച്ചിരി തേങ്ങ ചിരവിത്തന്നേക്ക്”

“അപ്പുറത്ത് നൂറുകൂട്ടം പണി കിടക്കുമ്പോഴാ തന്‍റെയൊരു തേങ്ങ” ധർമ്മേന്ദ്രൻ തലവെട്ടിത്തിരിച്ച് ഗൗരവത്തിൽ പുറത്തേക്ക് നടന്നു.

“സേതുലക്ഷ്മിയെവിടെ?” ഈശ്വരിയമ്മ ചോദിച്ചു.

“കുളിക്കാണെന്ന് തോന്നണു. ഞാനുമൊന്ന് കുളിച്ചിട്ട് വരാം” ആ അവസരമുപയാഗിച്ച് ഉണ്ണിത്താനും തഞ്ചത്തില്‍ അവിടെനിന്ന് രക്ഷപ്പെട്ടു.

ഡ്രോയിംഗ് റൂമിൽ ഈശ്വരിയമ്മയും മകനും മാത്രമായി. “ശങ്കരന്‍റെ മുഖത്ത് നല്ല വിഷാദമുണ്ട്. കല്യാണനിശ്ചയം മുടങ്ങിപോകാനെന്താണ് കാരണമെന്ന് അറിയാനെനിക്ക് ധൃതിയായി. പക്ഷെ എടുത്തടിച്ചതുപോലെ ചോദിക്കാനുമാവില്ലല്ലോ.”

മഞ്ജുവപ്പോൾ ഉറക്കച്ചടവുമായി സ്റ്റെയർകേസിറങ്ങിവന്നു

“ഈശ്വരിവല്യമ്മ എപ്പോഴെത്തി” മഞ്ജു ചോദിച്ചു.

“ഇപ്പഴിങ്ങെത്തിയതേയുള്ളു. നിന്‍റെ അമ്മയെ ഇങ്ങോട്ട് കണ്ടില്ലല്ലോ”

“വല്യമ്മയെത്തിയ വിവരം മമ്മി അറിഞ്ഞു കാണില്ല. ഞാൻ പോയി മമ്മിയെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വരാം”

അവൾ ബെഡ്റൂമിനകത്തേക്ക് ചെന്നപ്പോൾ സേതുലക്ഷ്മി കുളിക്കാൻ പുറപ്പെടുന്ന തേയുള്ളു. “മമ്മീ, ഈശ്വരി വല്യമ്മേം ശിവരാമേട്ടനും എത്തിയിട്ടുണ്ട്”

“നിന്‍റെ ഡാഡി പറഞ്ഞു. ഫംഗ്ഷൻ നീട്ടിവെച്ച വിവരം നിന്‍റെ ഡാഡി അവരെ അറിയിച്ചതാണല്ലോ. പിന്നെയെന്തിനാ ഇപ്പൊ അവരിങ്ങോട്ടെഴുന്നള്ളിയത്.”

“ആ, എനിക്കറിയില്ല. രണ്ട് മൂന്ന് സൂട്ട്കേസുകളുമൊക്കെയായിട്ടാ വന്നിരിക്കുന്നത്.”

“ആ സ്ഥിതിക്ക് അടുത്തെങ്ങും മടങ്ങാനുദ്ദേശമില്ലെന്നർത്ഥം. ആ ബുദ്ദൂസിനെക്കൊണ്ട് നിന്നെ കെട്ടിക്കാൻ ഒന്നുകൂടി ശ്രമിച്ചുനോക്കാമെന്ന ഉദ്ദേശത്തോടെ ഇവിടെ അട്ടിപ്പേറ് കിടക്കാനുള്ള പ്ലാനായിരിക്കും.”

“അതാവില്ല. എന്‍റെ മാര്യേജ് ഫിക്സ് ചെയ്ത് കഴിഞ്ഞതല്ലേ?”

നാവ് പിഴച്ച് പോയതിന്‍റെ ജാള്യത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു “ഏതായാലും നീയവരോട് നോക്കീം കണ്ടുമൊക്കെ പെരുമാറിക്കോളണം.”

“യൂ ഡോൺട് വറി. പിന്നെയൊരു കാര്യം അവർക്കുപയോഗിക്കാൻ താഴെയുള്ള ഗസ്റ്റ് റൂം റെഡിയാക്കിയാൽ മതി. മുകളിലെ റൂം കൊടുത്താല്‍ എന്‍റെ വായന വട്ടപൂജ്യമാകും. ഡാഡിയെവിടെ?

“ബാത്ത് റൂമിലുണ്ട്..”

“മമ്മിയെ വല്യമ്മ അന്വേഷിക്കുന്നുണ്ട് ”

“ഓ! കുറച്ച് നേരം അവരവിടെ അടങ്ങിയിരിക്കട്ടെ. നീയും മുകളിലേക്ക് പൊയ്ക്കോ. ബെഡ്കോഫി ഞാൻ മണ്ഡൂന്‍റെ കയ്യിൽ കൊടുത്തയച്ചേക്കാം” സേതുലക്ഷ്മി പറഞ്ഞു.

 

പിങ്കിയും വരദയും തിങ്കളാഴ്ച രാവിലെ ഹോസ്റ്റലിലെത്തി. ഇനിയും ഒരാഴ്ചകൂടി മാത്രമേ ക്ലാസ്സുള്ളു. അത് കഴിഞ്ഞാൽ പരീക്ഷക്ക് മുൻപുള്ള സ്റ്റഡിലീവ് തുടങ്ങും.

മോഡൽ എക്സാമിന് മിക്കവിഷയങ്ങൾക്കും മഞ്ജുവിനാണ് കൂടുതൽ മാർക്ക് ലഭിച്ചത്. പിങ്കിയും വരദയും ലൈബ്രറിയിൽ ചെന്നപ്പോൾ പ്യൂൺ വറീത്ചേട്ടൻ അവരുടെ അടുത്തേക്ക് വന്നു.

“വിനയൻസാറിന്‍റെ ജോലിക്കാര്യം വല്ലതും ശരിയായോ മക്കളേ.”

“പൂർണ്ണിമയിതുവരെ മടങ്ങിയെത്തിയിട്ടില്ല, വറീത് ചേട്ടാ. ഞങ്ങൾ പൂർണ്ണിമയെ വിളിച്ച് ചോദിച്ചു നോക്കാം.”

“എങ്കിൽ വല്യ ഉപകാരം” വറീത്ചേട്ടൻ നന്ദി അറിയിച്ചു.

ലൈബ്രറിയിൽ നിന്ന് മടങ്ങുമ്പോള്‍ പിങ്കി പറഞ്ഞു. “മഞ്ജു തിങ്കളാഴ്ച രാവിലെ എത്തുമെന്നല്ലേ പറഞ്ഞിരുന്നത്? .അവളെയും കണ്ടില്ലല്ലോ.”

ഹോസ്റ്റലില്‍ എത്തിയ ഉടനെ പിങ്കി മഞ്ജുവിന്‍റെ മൊബൈലിലേക്ക് വിളിച്ചു.

“നീയെന്താ ഞങ്ങളെയൊക്കെ മറന്നോ. എന്താ ഇന്നലെ വരാഞ്ഞത്?”

“അത്… ഇവിടെ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായെടോ. മുരളിയുടെ അച്ഛന് ഒരു ചെറിയ ഹാർട്ട് അറ്റാക്ക്.”

“ഓ! വലിയ കഷ്ടമായിപ്പോയി. ഇപ്പോൾ എങ്ങനെയിരിക്കുന്നു?”

“ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിട്ടില്ലെന്നാ മമ്മി പറഞ്ഞത്. അതുകൊണ്ട് എംഗേജ്മെന്റ് എക്സാം കഴിഞ്ഞേ ഉണ്ടാവൂ.”

“അടുത്തയാഴ്ച സ്റ്റഡിഹോളിഡേയ്സ് തുടങ്ങുകയല്ലേ. ഞാറാഴ്ച ഞാൻ വീട്ടിലേക്ക് പോകും. വരദ ഹോസ്റ്റലിൽ തന്നെ നില്ക്കും. അവളുടെ ചേച്ചിയും കുട്ടികളുമൊക്കെ വീട്ടിലുള്ളതുകൊണ്ട് അവിടെയിരുന്ന് സ്വസ്ഥമായി പഠിക്കാനാവില്ലെന്നാ പറയുന്നേ. പിന്നേ, മോഡൽ എക്സാമിന് എല്ലാത്തിനും നിനക്കാ കൂടുതൽ മാർക്ക്.”

“താങ്ക് ഗോഡ്. ഞാനിനി എക്സാമിന്‍റെ തലേന്നേ അങ്ങോട്ട് വരുന്നുള്ളു.” മഞ്ജു അറിയിച്ചു.

പിങ്കി സംഭാഷണം അവസാനിപ്പിച്ചപ്പോൾ വരദ ചോദിച്ചു. “നീയെന്താ മഞ്ജുവിനോട് കഷ്ടമായിപ്പോയി എന്നെല്ലാം പറഞ്ഞത്.”

“മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങി. മുരളീമനോഹറിന്‍റെ അച്ഛന് ഹാർട്ടറ്റാക്കുണ്ടായ ന്ന്.”

“പാവം അവൾക്ക് എക്സാമിന് പ്രിപ്പയർ ചെയ്യാനുള്ള മൂഡ് പോലും ഉണ്ടാവില്ല.”

“ശരിയാ, ഞാനാ പൂർണ്ണിമേം കൂടിയൊന്ന് വിളിച്ച് നോക്കട്ടെ.”

അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവൾ പൊന്മുടിയിലുള്ള എസ്റ്റേറ്റിലാണെന്നാണ് ഒരു പുരുഷസ്വരം അറിയിച്ചത്. പിങ്കി അയാളോട് ചോദിച്ച് എസ്റ്റേറ്റിലെ നമ്പർ കുറിച്ചെടുത്തു.

അങ്ങോട്ട് വിളിച്ചപ്പോൾ പൂർണ്ണിമ തന്നെയാണ് ഫോണെടുത്തത്.

“ഹലോ, പിങ്കി! ഹൗ ആർ യൂ” പൂർണ്ണിമയുടെ സ്വരത്തിൽ ആഹ്ളാദമിരമ്പും പോലെ

“സുഖം, നീയെന്താ ഇങ്ങോട്ട് വരാഞ്ഞത്.”

“ഇവിടെ നിറയെ ഗെസ്ററാണ്. മാർക്കുകളെല്ലാം അറിഞ്ഞ് കാണുമല്ലോ. മോഡൽ എക്സാമിന്‍റെ പേപ്പേഴ്സെല്ലാം നിങ്ങളവിടെ വാങ്ങി വെച്ചേക്ക്. എക്സാം തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് ഞാനങ്ങോട്ടെത്തിക്കോളാം.”

“നീയാ വിനയൻ സാറിന്‍റെ അപേക്ഷ നിന്‍റെ ഡാഡിക്ക് കൊടുത്തോ? നിന്‍റെ ഡാഡിയെന്താ പറഞ്ഞത്.”

“ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്നാ ഡാഡി പറഞ്ഞത്. ഞാനാ ആപ്ളിക്കേഷൻ അയാളുടെ അഡ്രസ്സിൽ മടക്കി അയക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. പിന്നെന്തൊക്കെയാ മഞ്ജുവിന്‍റെ വിശേഷങ്ങൾ?”

“അവളുടെ എംഗേജ്മെന്റ് മുടങ്ങിയെന്ന്.”

പൂർണ്ണിമയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു നിമിഷത്തെ മൗനത്തിന് ശേഷം വിരസമായ സ്വരത്തിൽ അവൾ പറഞ്ഞു “നിർത്തട്ടെ. ഞാനല്പം തിരക്കിലാണ് ”

ബൂത്തിൽ­നിന്ന് മടങ്ങുമ്പോൾ പിങ്കി അഭിപ്രായപ്പെട്ടു. “പൂർണ്ണിമയുടെ സംസാരം കേട്ടാൽ അവളിപ്പോൾ മറ്റേതോ ലോകത്താണെന്ന് തോന്നും. മോഡൽ എക്സാമിന്‍റെ മാർക്കുകളറിയാൻ പോലും അവൾ യാതൊരു താല്പര്യവും കാണിച്ചില്ലല്ലോ.”

“അവൾക്കും വല്ല പ്രപ്പോസലും ഒത്ത് കാണുമോന്നാ എന്‍റെ സംശയം.” വരദ പറഞ്ഞു

രണ്ടു പേരും തിരികെ ലൈബ്രറിയിലെത്തിയപ്പോൾ വറീത് ചേട്ടൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. “ഞങ്ങൾ പൂർണ്ണിമയോട് സംസാരിച്ചു, വറീത്ചേട്ടാ. ഇപ്പോൾ വേക്കൻസിയൊന്നുമില്ലെന്ന് അവളുടെ ഡാഡി പറഞ്ഞതത്രെ”

“വിനയൻസാറ് വലിയ ഹോപ്പിലിരിക്കയായിരുന്നു. ഇനിയിപ്പോ… ങ്ഹാ! കർത്താവ് മറ്റേതെങ്കിലുമൊരു വാതിൽ തുറന്ന് തരുമായിരിക്കും.” വറീത് ചേട്ടന്‍റെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു.

 

ഈശ്വരിയമ്മ ചില കാര്യങ്ങളൊക്കെ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞിരുന്നു. താനും ശിവരാമകൃഷ്ണനും കാഞ്ഞിരപ്പിള്ളിയിലെത്തിയിട്ട് രണ്ടുദിവസമായെങ്കിലും മഞ്ജുവിന്‍റെ എംഗേജ്മെന്‍റ് മുടങ്ങിയതിന്‍റെ യഥാർത്ഥകാരണം രഹസ്യമായിത്തന്നെയിരിക്കുന്നു. താനാ വിഷയം എടുത്തിട്ടാലുടനെ എന്തെങ്കിലും കാരണം പറഞ്ഞ് ശങ്കരൻ തടിതപ്പും. സേതുലക്ഷ്മി പകലൊന്നും വീട്ടിലുണ്ടാവില്ല. ഉള്ള നേരത്തും തന്നോട് ഒന്നോ രണ്ടോ വാക്ക് പറഞ്ഞാലായി. മഞ്ജുവാണെങ്കിൽ എപ്പോഴും മുകളിലിരുന്ന് വായന തന്നെ.

എംഗേജ്മെന്‍റ് മുടങ്ങിയത് വരന്‍റെ അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായതു കൊണ്ടാണെന്ന് മണ്ഡോദരി പറയുന്നത് കേട്ടു. അത് സത്യമായിരുന്നെങ്കിൽ ശങ്കരനിങ്ങനെ പതറേണ്ട കാര്യമെന്താണ്? ആ ഐഎഎസുകാരൻ ഒരിക്കൽ പോലും മഞ്ജുവിനെ വിളിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ല. അയാളുടെ അച്ഛന്‍റെ രോഗമന്വേഷിച്ച് ഇവിടെനിന്നാരും പോകുന്നതും കണ്ടില്ല. ഇതിലെല്ലാം എന്തോ അസ്വാഭാവികതയുണ്ട്.

വിവാഹാലോചന അലസിയതാണോ എന്ന് വ്യക്തമായിട്ട് വേണം ശിവരാമന്‍റെ കാര്യത്തിൽ എന്തെങ്കിലുമൊരു തീരുമാനത്തിലെത്താൻ.

സേതുലക്ഷ്മി ബാങ്കിലേക്ക് പോയ ശേഷം ഈശ്വരിയമ്മ ഉണ്ണിത്താനെ അന്വേഷിച്ച് ലൈബ്രറിയിലേക്ക് ചെന്നു. വായിച്ചുകൊണ്ടിരുന്ന പുസ്തകമടച്ചുവെച്ച് ഒരു ബാലന്‍റെ ഭയഭക്തിയോടെ ഉണ്ണിത്താൻ ഈശ്വരിയമ്മയുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 8

നടുക്കത്തിന്‍റെ ആഘാതം തെല്ലൊന്നടങ്ങിയപ്പോൾ സേതുലക്ഷ്മി ചോദിച്ചു “മുരളി എന്ന് മടങ്ങുമെന്നാണ് പറഞ്ഞത്”

“ഒരാഴ്ച കഴിഞ്ഞേ മടങ്ങുകയുള്ളു എന്നാണ് പറഞ്ഞത്.”

“ഞാനപ്പോൾ വന്ന് കണ്ടോളാം” മുരളിയുടെ ബന്ധുവാണെന്ന അഭിനയം തുടർന്നുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു

മുരളിയുടെ പിഎ അറിയിച്ച വാർത്തയില്‍നി ന്ന് പ്രശ്നം വളരെ സങ്കീര്‍ണമായതുതന്നെ എന്ന അപായസൂചന നല്കി.

യാഥാർത്ഥ്യമെന്തെന്ന് ഉറപ്പാക്കുവാൻ ഒരു പരീക്ഷണംകൂടി നടത്താൻതന്നെ സേതുലക്ഷ്മി തീരുമാനിച്ചു. വഴിയരികിലെ ടെലിഫോൺ ബൂത്തിൽ നിന്നും അവർ ശ്രീ പൂർണ്ണിമ ജ്വലേഴ്സിന്‍റെ നമ്പറിൽ വിളിച്ചു. മാനേജരാണ് ഫോണെടുത്തത്.

“മഠത്തിൽ ഫൈനാൻസിയേഴ്സിൽ നിന്നാണ് സർ” ആ സ്ഥാപനത്തിലെ സ്റ്റാഫാണെന്ന നാട്യത്തിൽ സേതുലക്ഷ്മി തുടർന്നു.” പണയത്തിനെടുത്ത കുറച്ച് സ്വർണ്ണം അവിടെ ഏല്പിക്കുന്ന കാര്യം ഇവിടത്തെ സാറ് ചന്ദ്രശേഖരൻ സാറിനോട് പറഞ്ഞിരുന്നു. ഇന്ന് സാറങ്ങോട്ട് വന്നാൽ ചന്ദ്രശേഖരൻസാറിനെ കാണാൻ പറ്റുമോന്ന് ചോദിച്ചു.”

“സാറിവിടെയില്ലല്ലോ. ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കാൻ പോകുന്ന മുരളീമനോഹർസാറിനേം കൊണ്ട് പൊന്മുടിയിലെ എസ്റ്റേറ്റിലേക്ക് പോയിരിക്കയാ”

“എന്നു മടങ്ങും?”

“ഒരാഴ്ചയാകുമെന്നാ പറഞ്ഞത്.”

“ഞാനീ വിവരം ഇവിടത്തെ സാറിനോട് പറഞ്ഞേക്കാം.”

സംഭാഷണം അവസാനിച്ചപ്പോൾ മുരളിയും പണിക്കരും ശ്രീപൂർണ്ണിമ ജ്വലേഴ്സ് ഉടമ ചന്ദ്രശേഖറിന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലേക്ക് പോയിരിക്കുകയാണെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി. മാത്രമല്ലാ, മറ്റ് ചില സത്യങ്ങൾകൂടി സേതുലക്ഷ്മിയുടെ കൂർമ്മബുദ്ധി ഊഹിച്ചെടുക്കുകയും ചെയ്തു. സ്വന്തം മകൾ പൂർണ്ണിമയ്ക്കു വേണ്ടി മുരളിയെ റാഞ്ചിയെടുക്കാനാണ് ചന്ദ്രശേഖറിന്‍റെ ശ്രമം. അയാളുടെ ഇരുപത്തിനാല് കാരറ്റ് തിളക്കമുള്ള ഓഫറിൽ പണിക്കരുടെ കണ്ണ് മഞ്ഞളിച്ചു കാണും. പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യമെന്തെന്ന് വ്യക്തമായപ്പോൾ സേതുലക്ഷ്മിക്ക് ആരോടൊക്കെയോ പക തോന്നി. വെറുപ്പും വാശിയും തോന്നി. ചതിക്ക് ചതി! എന്തൊക്കെ വൈതരണികൾ കടന്നിട്ടായാലും മുരളീമനോഹറിനെ കൊണ്ടുതന്നെ മഞ്ജുവിന്‍റെ കഴുത്തിൽ താലി കെട്ടിക്കണം. അതുവരെ തനിക്കിനി വിശ്രമമില്ല. ഈ ഘട്ടത്തിൽ തന്നെ സഹായിക്കാൻ കഴിയുന്ന ഏകവ്യക്തി മാർത്താണ്ഡക്കുറുപ്പാണെന്നും സേതുലക്ഷ്മിക്കറിയാമായിരുന്നു.

പുന്നപ്രയിലാണ് കുറുപ്പിന്‍റെ വീട്.

സേതുലക്ഷ്മി ഡ്രൈവറോട് പുന്നപ്രയിലേക്ക് വണ്ടി വിടാൻ നിർദ്ദേശം നല്കി. കുറുപ്പിന്‍റെ വീട്ടിലെത്തിയപ്പോൾ അയാൾ എങ്ങോട്ടോ പോകാൻ തയ്യാറായി നില്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി സേതുലക്ഷ്മിയെ കണ്ടപ്പോൾ അയാളൊന്ന് പകച്ചു.

“പ്രശ്നം തീർന്നില്ലേ കൊച്ചമ്മേ.”

“ഇല്ല കുറുപ്പേ”

“കൊച്ചമ്മ പണിക്കർസാറിനെക്കണ്ട് സംസാരിച്ചില്ലേ?”

“അതിനയാളെ കണ്ടിട്ട് വേണ്ടേ? മുരളിയുടെ ഓഫീസിൽ ചെന്നന്വേഷിച്ചപ്പോഴാ പണിക്കരുടെ കാലുമാറ്റത്തിന്‍റെ യഥാർത്ഥ കാരണം മനസ്സിലായത്.”

മുരളിയും പണിക്കരും ശ്രീ പൂർണ്ണിമാ ജ്വലേഴ്സിന്‍റെ ഉടമ ചന്ദ്രശേഖറിന്‍റെ പൊന്മുടിയിലെ എസ്റ്റേറ്റിലാണെന്നും അയാൾക്ക് വിവാഹപ്രായമായൊരു മകളുണ്ടെന്നും സേതുലക്ഷ്മി അറിയിച്ചപ്പോൾ കുറുപ്പ് മൂക്കിന്മേൽ വിരൽ ചേർത്തു കൊണ്ട് പുലമ്പി ”അത് ശരി. ആ ജ്വലറിക്കാര് നമ്മുടെ ചെക്കനെ ചൂണ്ടിയതാണല്ലേ. അധിക പ്രസംഗമാണല്ലോ അവര് കാണിച്ചത്.”

“ആ വിവാഹം നടന്നാൽ അതിന്‍റെ നാണക്കേട് കുറുപ്പിനും കൂടിയാണെന്നോർമ്മവേണം” സേതുലക്ഷ്മി മുന്നറിയിപ്പു നല്‍കി. ആ പരാമർശം കുറുപ്പിന്‍റെ ആത്മാഭിമാനത്തിന്‍റെ മർമ്മത്തിൽതന്നെ തറഞ്ഞുകൊള്ളുകയും ചെയ്തു.

ക്ഷോഭവിവശനായി കുറുപ്പ് പൊട്ടിത്തെറിച്ചു. “ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുള്ളവനാ ഈ മാർത്താണ്ഡക്കുറുപ്പ്. കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിയല്ലേ അവരീ കാണിച്ചത്.”

ഹാന്‍റ്ബാഗിൽ നിന്നും ഏതാനും നൂറുരൂപ നോട്ടുകളെടുത്ത് കുറുപ്പിന് നല്കിക്കൊണ്ട് സേതുലക്ഷ്മി പറഞ്ഞു “അതിനുള്ള മറുമരുന്ന് നമുക്കും ചെയ്യണം. പണിക്കരും മുരളിയും ആലപ്പുഴയിൽ മടങ്ങിയെത്തിയാലുടനെ കുറുപ്പ് പണിക്കരെ കണ്ട് ആ ജ്വലറിക്കാരുടെ ഓഫറെന്താണെന്നെല്ലാം തഞ്ചത്തിൽ ചോദിച്ചറിയണം. യാതൊരു നീരസോം ഭാവിക്കേം വേണ്ട.”

“അക്കാര്യങ്ങളൊന്നും കുറുപ്പിനെ ആരും പഠിപ്പിക്കേണ്ടെന്നേ. കല്യാണം നടത്തിക്കാൻ മാത്രമല്ല മുടക്കാനും ഈ കുറുപ്പ് വിചാരിച്ചാലും കഴിയും.”

“എല്ലാം നമ്മളാഗ്രഹിക്കുന്ന വിധത്തിൽ കലാശിച്ചാൽ കുറുപ്പിനെന്‍റെ വക പ്രത്യേകം സമ്മാനമുണ്ട്. മുരളിയും മഞ്ജുവും തമ്മിലുള്ള വിവാഹം നടന്നില്ലെങ്കിൽ ഞങ്ങക്കിനി തലനിവർത്തി നടക്കാനാവില്ലെന്നറിയാല്ലോ.”

“അതൊക്കെ കുറുപ്പേറ്റു. ക്ഷണിച്ചവരോടൊക്കെ പണിക്കർക്ക് സുഖമില്ലാതായത് കൊണ്ട് തല്ക്കാലം കല്യാണനിശ്ചയം നീട്ടിവെച്ചെന്ന് പറഞ്ഞാൽ മതി.”

കുറുപ്പിന്‍റെ ഉപദേശം നല്ലൊരു ഉപായമാണെന്ന് സേതുലക്ഷ്മിക്ക് തോന്നി. അവർ വീട്ടിലെത്തിയപ്പോൾ നേരം വല്ലാതെ ഇരുട്ടിക്കഴിഞ്ഞിരുന്നു. ഉണ്ണിത്താൻ ഉമ്മറത്തെ ചാരുകസേരയിൽ ഉൽക്കണ്ഠാകുലനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ഉണ്ണിത്താനെ ബെഡ്റൂമിനകത്തേക്ക് വിളിച്ച് സേതുലക്ഷ്മി നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.

“നെറികേടാണല്ലോ അവര് കാണിച്ചത്. ഇനി നമ്മളെന്ത് ചെയ്യും?”

“സ്ത്രീധനക്കാര്യത്തിൽ ഒന്നും രണ്ടും പറഞ്ഞ് നിന്നാൽ ചെക്കനെ വേറാരെങ്കിലും അടിച്ചെടുക്കുമെന്ന് ഞാനന്നേ പറഞ്ഞതല്ലേ? അങ്ങനെതന്നെ സംഭവിക്കൂം ചെയ്തു. ആ ചന്ദ്രശേഖറിന്‍റെ മകളാരാന്നറിയോ. മഞ്ജുവിന്‍റെ കൂടെ പഠിക്കുന്ന ആ അസൂയക്കാരി പൂർണ്ണിമയില്ലേ അവളാ.”

“ഈ ബന്ധം നമ്മുടെ മോൾക്ക് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കാം. കല്യാണം മുടങ്ങിയ വിവരം നമുക്ക് എല്ലാവരേയും വിളിച്ചറിയിച്ചേക്കാമല്ലേ?”

“മുടങ്ങിയെന്നാര് പറഞ്ഞു? ഈ കല്യാണം തന്നെ ഞാൻ നടത്തും അതെന്‍റെയൊരു വാശിയാ.”

“അവർക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെങ്കിൽ താനെന്ത് ചെയ്യുമെന്നാണ്?”

“ആ ചന്ദ്രശേഖറിനേപ്പോലെ ഒരുത്തനേംകൂടി വിലക്ക് വാങ്ങാനുള്ള ആസ്തി നമുക്കുള്ളപ്പോൾ അതിനെന്താ പ്രയാസം?”

“അതായത് ചന്ദ്രശേഖറിന്‍റെ ഓഫറിനേക്കാൾ ആകർഷകമായ ഓഫർ നല്കി പണിക്കരെ വശത്താക്കാമെന്ന് അല്ലേ? നമ്മുടെ മോളുടെ ജീവിതംകൊണ്ടാണ് ഈ കളിയെന്ന കാര്യം താന്‍ മറക്കണ്ട.”

“അവളുടെ ഭാവി ഭദ്രമാക്കാനല്ലേ ഞാനിങ്ങനെ പെടാപ്പാട് പെടുന്നത്.”

“ഇങ്ങനെയൊരു ബന്ധം ഒഴിവാക്കുന്നതാ നല്ലതെന്നാണ് എന്‍റെ അഭിപ്രായം. പണിക്കർക്കും മുരളിക്കും നമ്മുടെ സ്വത്തിലാണ് നോട്ടം. നമ്മുടെ മോളുടെ ദാമ്പത്യജീവിതം ഭദ്രമായിരിക്കുമെന്ന് എന്താ ഉറപ്പ്?”

“പണിക്കർക്ക് ധനമോഹം അല്പം കൂടുതലാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ, മുരളിക്ക് നമ്മുടെ മോളെ വലിയ കാര്യമാണ്.”

“എങ്കിലയാൾ അവളോടിങ്ങനെയൊരു വഞ്ചന ചെയ്യുമായിരുന്നില്ലല്ലോ”

“അത്… പണിക്കരുടെ നിർബ്ബന്ധം കൊണ്ടങ്ങനെ…”

“താന്‍ മുരളിയെ അങ്ങനെ ന്യായീകരിക്കാനൊന്നും നോക്കണ്ട. നമുക്ക് ഈ ബന്ധം വേണ്ടെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.”

ബ്യൂട്ടീ പാർലറിൽ നിന്ന് മടങ്ങിയെത്തിയ മഞ്ജു മമ്മീ എന്നുറക്കെ വിളിച്ചുകൊണ്ടെത്തിയപ്പോൾ അവർക്ക് വാഗ്വാദം അവസാനിപ്പിക്കേണ്ടി വന്നു.

അകത്തേക്ക് കടന്ന് വന്ന മഞ്ജു ചോദിച്ചു. “മമ്മിയിന്ന് എന്‍റെ കൂടെ ബ്യൂട്ടി പാർലറിൽ വരാമെന്നല്ലേ പറഞ്ഞിരുന്നത്? എന്നിട്ട് മമ്മി എങ്ങോട്ടാ രാവിലെതന്നെ മുങ്ങിയത്.”

“ഒരത്യാവശ്യമുണ്ടായിട്ടാ ജുജൂ.” സേതുലക്ഷ്മിയുടേയും ഉണ്ണിത്താന്‍റേയും മ്ലാനമായ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് മഞ്ജു ചോദിച്ചു “എന്തെങ്കിലും പ്രശ്നമുണ്ടോ.?”

“നീ നിന്‍റെ മമ്മിയോടുതന്നെ ചോദിക്ക്” എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിത്താൻ പെട്ടെന്നവിടെനിന്ന് പൊയ്ക്കളഞ്ഞു.

“എന്താ മമ്മീ. എന്താ പ്രശ്നം?” മഞ്ജു ഉൽക്കണ്ഠാകുലതയോടെ ചോദിച്ചു.

“അത്ര വിഷമിക്കാൻ മാത്രമൊന്നുമില്ല. മുരളിയുടെ അച്ഛന് ഒരു മൈൽഡ് ഹാർട്ട് അറ്റാക്ക്. അതുകൊണ്ട് എംഗേജ്മെന്‍റിന്‍റെ ഡേറ്റ് നീട്ടിവെക്കേണ്ടി വന്നു”

മഞ്ജുവിന്‍റെ മുഖത്തെ പ്രകാശം പെട്ടെന്നണഞ്ഞു.

“ഇതുവരെ മുരളിയുടെ കോളൊന്നും കിട്ടാതിരുന്നത് അതുകൊണ്ടാവണം അല്ലേ, മമ്മീ?”

“പുള്ളിയിപ്പോൾ ആകെ വറീഡായിരിക്കുകയായിരിക്കും ഏത് ഹോസ്പിറ്റലിലാ മമ്മീ അങ്കിളിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നേ?”

“അത്… അത് ആലപ്പുഴേലെ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാ മോളൂ.”

“നമുക്ക് നാളെ അങ്കിളിനെ ഒന്ന് കണ്ടിട്ട് വരാമല്ലേ?”

“ഓ, അതൊന്നും വേണ്ട. ഇന്ന് ഞാൻ പോയി കണ്ടതാണല്ലോ. ഇനിയേതായാലും നിന്‍റെ എക്സാം കഴിഞ്ഞിട്ടേ എംഗേജ്മെന്‍റ് നടത്തുന്നുള്ളു.”

വിവാഹനിശ്ചയം നീട്ടിവെച്ച വിവരം പിറ്റേന്ന് തന്നെ സേതുലക്ഷ്മി വേണ്ടപ്പെട്ട വരെയെല്ലാം വിളിച്ചറിയിച്ചു. പണിക്കരുടെ ഹാർട്ടറ്റാക്ക് വാർത്ത പലവട്ടം ആവർത്തിക്കപ്പെട്ടു.

രണ്ടുപേരും മാത്രമായപ്പോൾ ഉണ്ണിത്താൻ സേതുലക്ഷ്മിയെ ഗുണദോഷിക്കാൻ ഒരു ശ്രമംകൂടി നടത്തിനോക്കി. “എന്തിനാ സേതൂ, ഈ നാടകമൊക്കെ? മുങ്ങാൻ പോകുന്ന വള്ളത്തിലിരുന്ന് വമ്പ് പറഞ്ഞിട്ടെന്താ ഫലം?”

“വള്ളം മുങ്ങാതിരിക്കാനുള്ള വഴിയൊക്കെ ഞാൻ കണ്ട്­വെച്ചിട്ടുണ്ടെന്നേ. ശങ്കരേട്ടൻ അതിന് തടസ്സം നില്ക്കാതിരുന്നാൽ മാത്രം മതി. നിശ്ചയം നീട്ടിവെക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ തന്നെ മോള് വല്ലാതെ മൂഡൗട്ടായി. ഈ കല്യാണം നടന്നില്ലെങ്കിൽ അവളെത്രമാത്രം ദുഖിക്കുമെന്നാലോചിച്ച് നോക്കൂ. പണിക്കർക്ക് അറ്റാക്ക് വന്നതു കൊണ്ട് നിശ്ചയം നീട്ടിവെക്കേണ്ടി വന്നു എന്നു­തന്നെ നമുക്കെല്ലാവരോടും പറഞ്ഞാൽ മതി ”

ഉണ്ണിത്താൻ ഈശ്വരിയമ്മയെ വിവരമറിയിച്ചപ്പോൾ അവർ ചോദിച്ചു. “എന്താ ശങ്കരാ എംഗേജ്മെന്‍റ് നീട്ടിവെക്കാൻ കാരണം?”

സേതുലക്ഷ്മിയുടെ നുണക്കഥ സ്വന്തം സഹോദരിയോട് പറയാൻ ഉണ്ണിത്താന്‍റെ ധാർമ്മികബോധം അനുവദിച്ചില്ല. “അതെല്ലാം നേരിൽ കാണുമ്പോൾ വിശദമായി പറയാം ചേച്ചീ” എന്നു മാത്രം പറഞ്ഞ് ഉണ്ണിത്താൻ ഫോൺ വെച്ചു.

ഈശ്വരിയമ്മ ഒരു നിമിഷം എന്തൊക്കെയോ ആലോചിച്ചിരുന്നു. ആറേഴ് ദിവസം മുൻപ് മഞ്ജുവിന്‍റെ വിവാഹം നിശ്ചയിച്ച വിവരമറിയിക്കുമ്പോൾ എന്തൊരു അഭിമാനഗർവ്വമായിരുന്നു ആ സ്വരത്തിൽ. ഐഎഎസുകാരനെ മരുമകനായി കിട്ടാൻ പോകുന്നതിന്‍റെ നെഗളിപ്പ്. അല്ലാതെന്ത്? ഇപ്പോൾ പറയുന്നു നിശ്ചയം മാറ്റിവെച്ചെന്ന് .കാരണമെന്താണെന്ന് ചോദിച്ചിട്ട് വായതുറന്നൊന്നും പറയുന്നുമില്ല. മാത്രമല്ല സ്വരത്തിൽ എന്തോ ജാള്യത, നൈരാശ്യം.

കൊള്ളാം, കാറ്റ് മാറി വീശുന്ന ലക്ഷണമുണ്ട്. ഈ അവസരം വെറുതെ പാഴാക്കിക്കൂട ഈശ്വരിയമ്മ എംഗേജ്മെന്‍റ് മുടങ്ങിയ വിശേഷവാർത്ത ചൂടോടെ മകൻ ശിവരാമകൃഷ്ണനെ അറിയിച്ചശേഷം ചോദിച്ചു “നമുക്കൊന്നവിടെവരെ പോയാലോ ശിവരാമാ.”

“ശങ്കരമ്മാമേടെ വീട്ടിലേക്കോ? അങ്ങോട്ടിനി ഇല്ലേയില്ലെന്നല്ലേ അമ്മ പറഞ്ഞിരുന്നത്?”

“എംഗേജ്മെന്റിന് പോകേണ്ടന്നല്ലേ ഞാൻ പറഞ്ഞത്. നിശ്ചയം മുടങ്ങിയ അവസ്ഥക്ക് നമ്മളവിടെ പോണം. പോകേണ്ടത് നമ്മുടെകൂടി ആവശ്യമാ. നിശ്ചയം മുടങ്ങിയതിന്‍റെ കാരണം ചോദിച്ചപ്പോൾ അത് നേരിൽ കാണുമ്പോൾ പറയാമെന്നും പറഞ്ഞ് ശങ്കരൻ ഫോൺ വെച്ചുകളഞ്ഞു. ഫോണിൽ കൂടി പറയാൻ പറ്റാത്ത പ്രശ്നമെന്തോ ഉണ്ടെന്നാ തോന്നുന്നെ.”

“ഓ! അങ്ങനെ! ഈ അമ്മേടെയൊരു ബുദ്ധി.”

“കളിയാക്കണ്ട നീയ്. ഒന്ന് രണ്ടാഴ്ച ശങ്കരന്‍റെ വീട്ടിൽ താമസിക്കാനുള്ള ഒരുക്കങ്ങളുമായി വേണം നമുക്ക് കാഞ്ഞിരപ്പിള്ളിക്ക് പുറപ്പെടാൻ”

“അപ്പോഴിവിടത്തെ കാര്യങ്ങളോ? രണ്ടേക്കർ സ്ഥലത്ത് നടാനുള്ള ഒന്നാംതരം പൂസ നാല്പത്തഞ്ചിന്‍റെ പടവലങ്ങാവിത്താ വാങ്ങി വെച്ചിരിക്കുന്നേ. അതുടനെ നട്ടില്ലെങ്കിൽ…”

“ആനക്കാര്യം പറയുമ്പഴാ നിന്‍റൊരു ചേനക്കാര്യം. മഞ്ജു നിന്‍റെ മുറപ്പെണ്ണല്ലേ? നിങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ പറഞ്ഞ് ഉറപ്പിച്ചതുമാണ്. ഒരയ്യേയെസ്സുകാരൻ സംബന്ധമാലോചിച്ച് വന്നപ്പോൾ ശങ്കരൻ അക്കാര്യമൊക്കെ മറന്നു. ഇപ്പോ സംഗതികൾ നമുക്ക് അനുകൂലമായിരിക്കയാണ്. ഈശ്വരന്‍റെ മറിമായമെന്നല്ലാതെന്ത് പറയാൻ.”

“എന്താ അമ്മ പറഞ്ഞുവരുന്നത്. എനിക്കൊന്നും മനസ്സിലാവണില്ല.”

“ഇനി ഞാനെങ്ങനെയാ നിന്നെ പറഞ്ഞ് മനസ്സിലാക്കേണ്ടത്. ശങ്കരന്‍റെ വീട്ടിൽ പോയി മടങ്ങുമ്പോൾ മഞ്ജു നിന്‍റെ കൂടെയുണ്ടാവണമെന്ന് നിനക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ കൃഷീടേം വിത്തിന്‍റേം കാര്യോക്കെ മറന്നേക്ക്.”

“ശരി, അങ്ങനേങ്കിൽ അങ്ങനെ. അമ്മേ അനുസരിച്ചില്ലാന്നുള്ള പരാതി വേണ്ടല്ലൊ.”

പിറ്റേന്ന് അതിരാവിലെതന്നെ ഈശ്വരിയമ്മയും മകനും കാഞ്ഞിരപ്പിള്ളിയിലേക്ക് പുറപ്പെട്ടു.

 

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 7

വികാരക്ഷോഭത്താൽ ഇടറുന്ന സ്വരത്തിൽ കുറുപ്പ് അറിയിച്ചു. “മഞ്ജുമോളുമായുള്ള കല്യാണത്തിന് ചെക്കൻ വീട്ടുകാർക്ക് താല്പര്യമില്ലെന്ന്.”

ശിരസ്സിൽ ഒരു വെള്ളിടി വെട്ടിയതു പോലായി സേതുലക്ഷ്മിക്ക്. ഇത്തരത്തിലൊരു കൊടും ചതി… അതും നിശ്ചയചടങ്ങിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ…

അല്പസമയം ചിന്താമൂകയായശേഷം സേതുലക്ഷ്മി ചോദിച്ചു. “കുറുപ്പിനോടിതാരാ പറഞ്ഞത്? വല്ല അസൂയാലുക്കളും വിവാഹം മുടക്കാൻ വേണ്ടി വെറുതെ പൊല്ലാപ്പുണ്ടാക്കിയതാണോ.”

“അല്ലെന്നേ, പണിക്കർ സാറെന്നെ ആലപ്പുഴക്ക് വിളിപ്പിച്ച് എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ. ഞാനത് കേട്ട് നിന്നനിൽപിൽ വെട്ടിവിയർത്തുപോയി, കേട്ടോ.”

“അവരങ്ങനെ പിൻമാറാനെന്താ കാരണം? മുരളീടച്ഛൻ കുറുപ്പിനോട് എന്തെങ്കിലും സൂചിപ്പിച്ചോ.”

“ചെറുതായൊന്ന് സൂചിപ്പിച്ചു. കൊച്ചമ്മയിതുവരെ പണിക്കർസാറിനെ വിളിച്ച് കാര്യങ്ങളെല്ലാം വേണ്ടതുപോലെ സംസാരിച്ചില്ല, അല്ല്യോ?”

“ഇല്ല, നിശ്ചയത്തിന് അവരെത്തുമ്പോൾ എല്ലാം വിശദമായി സംസാരിക്കാമെന്ന് കരുതി.”

“ങ്ഹാ! അതാ കുഴപ്പമായത്. പൈസേടെ കാര്യത്തിൽ പണിക്കർ സാറ് അല്പം കടുംപിടുത്തക്കാരനാ. കൊച്ചമ്മ ഇന്നു തന്നെ ആലപ്പുഴക്ക് വിളിച്ച് എല്ലാക്കാര്യങ്ങളും വിശദമായി സംസാരിച്ചേക്ക്. അപ്പോ പണിക്കർസാറിന്‍റെ പരിഭവം മാറിക്കോളും.”

“ശ്രമിച്ച് നോക്കാം.” ഒരു നെടുനിശ്വാസത്തോടെ സേതുലക്ഷ്മി പറഞ്ഞു.

“പ്രശ്നങ്ങളെല്ലാം തീരുമെന്നേ. കൊച്ചമ്മ വിഷമിക്കാതെ.” എന്നാശ്വസിപ്പിച്ചുകൊണ്ട് കുറുപ്പ് യാത്ര പറഞ്ഞിറങ്ങി. പണിക്കരെ വിളിച്ച് സ്ത്രീധനത്തുക പറഞ്ഞുറപ്പിക്കണമെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുകയും ചെയ്തു.

വീട്ടിലേക്കുള്ള യാത്രയിലുടനീളം പണിക്കരുടെ കാലുമാറ്റത്തിന്‍റെ കാര്യകാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു സേതുലക്ഷ്മി. മുരളിക്ക് ഈ വിവാഹത്തിന് താല്പര്യക്കുറവൊന്നുമുണ്ടാകാൻ വഴിയില്ല. ഈ തീരുമാനം പണിക്കരുടേതായിരിക്കണം വീട്ടിലെത്തിയ ഉടനെ പണിക്കരെ വിളിച്ച് ഓഫറുകളെല്ലാം അറിയിച്ച് അയാളുടെ പരിഭവമവസാനിപ്പിക്കണം. അല്ലാതെ മറ്റ് മാർഗ്ഗമില്ല. ചടങ്ങ് മുടങ്ങിയാൽ ക്ഷണിച്ചവരോടെല്ലാം എന്ത് സമാധാനം പറയും. അഭിമാനക്ഷതമോർത്ത് സേതുലക്ഷ്മിയുടെ മനസ്സ് ചുട്ടുനീറാൻ തുടങ്ങി. ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം ഉണ്ണിത്താന്‍റെ ഉപേക്ഷ കൊണ്ടാണല്ലോയെന്നോർത്തപ്പോൾ നീരസം മുഴുവൻ ഉണ്ണിത്താനോടായി.

വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മുരളിയുടെ ക്വാർട്ടേഴ്സിലെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിംഗ് ചെയ്യുന്ന സ്വരം മാത്രം. ക്വാർട്ടേഴ്സിൽ ആരുമുള്ള ലക്ഷണമില്ല. പിന്നീടവർ മുരളിയുടെ സെൽഫോണിലേക്കും വിളിച്ചു നോക്കി. പലവട്ടം വിളിച്ചിട്ടും “ഫോൺ ഈസ് സ്വിച്ച്ഡ് ഓഫ്.” എന്ന സന്ദേശം മാത്രം. അപ്പോഴേക്കും ചായയുമായി മണ്ഡോദരിയെത്തി.

മഞ്ജുവപ്പോൾ അവിടെയുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ മണ്ഡോദരി അറിയിച്ചു. “കുഞ്ഞ് ബ്യൂട്ടി പാർലറിൽ പോയിരിക്കയാ. കൊച്ചമ്മയെത്തിയാൽ വണ്ടി അങ്ങോട്ടയക്കാൻ പറഞ്ഞിട്ടുണ്ട്.”

എല്ലാ ഒരുക്കങ്ങളും മുറപോലെ നടക്കുന്നുണ്ട്. തന്‍റെ മനസ്സിനുള്ളിൽ ഒരു തീ മലയെരിയുന്നത് മാത്രം ആരും അറിയുന്നില്ല.

“നല്ല തലവേദന, നീയെനിക്കൊരു സാരിഡോണെടുത്ത് തന്നേക്ക് മണ്ഡൂ.” ചായക്കപ്പ് വാങ്ങിക്കൊണ്ട് സേതുലക്ഷ്മി തളർന്നസ്വരത്തിൽ പറഞ്ഞു.

ചായയോടൊപ്പം ഗുളികയും വിഴുങ്ങിയശേഷം സേതുലക്ഷ്മി നേരെ ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

“ഇന്ന് കുറുപ്പ് ബാങ്കിൽ വന്നിരുന്നു.” സേതുലക്ഷ്മി തന്നെ നടുക്കിക്കളഞ്ഞ ആ സംഭവം വിശദീകരിക്കാന്‍ തുടങ്ങി. മുന്നിൽ തുറന്ന് വെച്ചിരുന്ന പുസ്തകത്തിൽ നിന്നും കണ്ണുയർത്താതെ ഉണ്ണിത്താൻ വെറുതെയൊന്ന് മൂളുകമാത്രം ചെയ്തു.

“ബാക്കിയുള്ളോന്‍റെ ചങ്ക് ഉരുകുകയാ. ശങ്കരേട്ടനൊന്നും അറിയണ്ടല്ലോ.”

ഉണ്ണിത്താൻ പുസ്തകത്തിൽ നിന്ന് തലയുയർത്തി സേതുലക്ഷ്മിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിലൊന്ന് നോക്കി “താനിത്രക്ക് അപ്സെറ്റാകാൻ മാത്രം എന്താ സംഭവിച്ചത്.?”

“ഇനി കൂടുതലായൊന്നും സംഭവിക്കാനില്ല, ശങ്കരേട്ടാ. മുരളീമനോഹറിന്‍റെ അച്ഛന് നമ്മുടെ മോളെ മരുമകളാക്കാൻ താല്പര്യമില്ലെന്ന്. മാർത്താണ്ഡക്കുറുപ്പിനെ ആലപ്പുഴയിലേക്ക് വിളിപ്പിച്ച് അയാൾ കുറുപ്പിനോട് നേരിട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നു. ഇപ്പോൾ ശങ്കരേട്ടന് സന്തോഷായല്ലോ.”

“പണിക്കർക്ക് വാക്കിന് വ്യവസ്ഥയില്ലാതായതിന് സേതുവെന്തിനാ എന്നെ കുറ്റപ്പെടുത്തുന്നത്?”

“കോട്ടയത്തെ ബംഗ്ളാവ് മഞ്ജൂന്‍റേം മുരളീടേം പേരിലാക്കുന്ന കാര്യം ഞാനന്നേ പറഞ്ഞതല്ലേ? ശങ്കരേട്ടൻ അത് ചെയ്തിരുന്നെങ്കിൽ ഇപ്പോഴീ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു.”

“അങ്ങനെവരട്ടെ, എനിക്കന്നേ സംശയം തോന്നിയിരുന്നു, തനിക്കെന്തോ ചില ഗൂഢോദ്ദേശങ്ങളുണ്ടെന്ന്.”

“അത് കൊള്ളാം. പിന്നെയിത്രേം നല്ലപയ്യനെ വെറുതേ കിട്ടുമോ? ഏതായാലും ഇത്രയൊക്കെയായ സ്ഥിതിക്ക് ശങ്കരേട്ടൻ വാശി ഉപേക്ഷിക്കണം. ഇത് നമ്മുടെ മോളുടെ ഭാവിയുടെ പ്രശ്നമാണെന്നോർമ്മവേണം. നമ്മുടെ മോൾക്ക് മുരളിയെ വളരെ ഇഷ്ടപ്പെട്ടസ്ഥിതിക്ക് ഈ വിവാഹം മുടങ്ങിയാൽ…”

“ഈ വിലപേശലും കാളക്കച്ചോടോം അവളറിഞ്ഞിട്ടില്ലല്ലോ. അറിഞ്ഞാൽ അവൾക്കും എന്‍റെ അഭിപ്രായം തന്നെയായിരിക്കും.”

“ശങ്കരേട്ടന് പെണ്ണുങ്ങളുടെ മനസ്സറിയാഞ്ഞിട്ടാണ്. ഇനി മുരളിയെ മറക്കാൻ അവൾക്കാവില്ല.”

“ശരി, ശരി, ഞാനിപ്പോഴെന്ത് വേണമെന്നാണ്.”

“അതിപ്പോഴും മനസ്സിലായിട്ടില്ലല്ലേ? വസ്തു കൈമാറ്റത്തിനുള്ള മുദ്രപത്രം ഞാന്‍ റെഡിയാക്കിച്ച് കൊണ്ടുവന്ന് കയ്യില്‍ തരുമ്പോള്‍ അതിലൊപ്പിട്ടേക്കണം. അല്ലെങ്കിൽ മോളുടെ കണ്ണീര് കാണേണ്ടി വരും. പറഞ്ഞേക്കാം.”

ഉണ്ണിത്താന്‍റെ മറുപടിക്ക് കാത്തു നില്ക്കാതെ സേതുലക്ഷ്മി തലവെട്ടിത്തിരിച്ചുകൊണ്ട് മുറിയിൽനിന്നും ഇറങ്ങിപ്പോയി.

അപ്പോഴേക്കും മഞ്ജു ബ്യൂട്ടിപാർലറിൽ നിന്നെത്തി.

“നോക്കൂ, മമ്മീ, മുടി സൈഡിലേക്ക് വകഞ്ഞിട്ടിട്ടെങ്ങനെയുണ്ടെന്ന്.”

“കൊള്ളാം നന്നായിട്ടുണ്ട്.” മനക്ഷോഭം മറച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു.

സേതുലക്ഷ്മിയുടെ മ്ലാനമായ മുഖത്തേക്ക് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു. “എന്താ മമ്മിക്കൊരു ഉത്സാഹമില്ലാത്തതുപോലെ. നാളെ മമ്മീം എന്‍റെ കൂടെ പാർലറിലേക്ക് വരണം. ഒരു ഫ്രൂട്ട് ഫേഷ്യൽ മമ്മിക്കുമാകാം. ഞാറാഴ്ച നമുക്ക് ശരിക്കുമൊന്ന് ഷൈൻ ചെയ്യണം, കേട്ടോ മമ്മീ.”

സേതുലക്ഷ്മി എന്ത് പറയണമെന്നറിയാതെ മരവിച്ച് നില്ക്കുമ്പോൾ അവരെ ചേർത്ത് പിടിച്ചുകൊണ്ട് മഞ്ജു ചോദിച്ചു. “മമ്മിക്കിതെന്ത് പറ്റി?”

“തലവേദനയെടുത്തിട്ടാ മോളേ”

“ഡാഡിയെവിടെ?”

“ലൈബ്രറിയിലിരുന്ന് കൊണ്ടുപിടിച്ചുള്ള വായനയാ. എന്ത് പ്രശ്നമുണ്ടെങ്കിലെന്താ. വല്ലതുമറിയണോ നിന്‍റെ ഡാഡിക്ക്?”

“അത് ശരി. മമ്മീടെ തലവേദനേടെ രഹസ്യം ഇപ്പോൾ പിടികിട്ടി. എന്തിനാ മമ്മീ എപ്പോഴുമിങ്ങനെ ഡാഡിയുമായി വഴക്ക് കൂടുന്നത്.”

സേതുലക്ഷ്മി കൂടുതൽ തർക്കിക്കാനൊരുങ്ങാതെ പിന്തിരിഞ്ഞ് നടന്ന് കളഞ്ഞു. അല്പം കഴിഞ്ഞ് മഞ്ജു അവളുടെ റൂമിലേക്ക് പോയപ്പോൾ സേതുലക്ഷ്മി മുരളിയുടെ ലാന്‍റ് നമ്പറും സെൽനമ്പറും പലവട്ടം ഡയൽ ചെയ്തു നോക്കി. നിരാശയായിരുന്നു ഫലം. അവരുടനെ കുറുപ്പിന്‍റെ നമ്പറിലേക്ക് വിളിച്ചു. കുറുപ്പ് തന്നെയാണ് ഫോണെടുത്തത്.

സേതുലക്ഷ്മിയുടെ സ്വരംകേട്ടപ്പോൾ ആകാംക്ഷയോടെ കുറുപ്പ് തിരക്കി “പണിക്കര് സാറിനെ വിളിച്ച് സംസാരിച്ച് കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കിയോ, കൊച്ചമ്മാ”

“ഇല്ല കുറുപ്പേ, മുരളീടെ രണ്ട് നമ്പറിലും വിളിച്ചിട്ട് കിട്ടുന്നില്ല. അവരെവിടേക്കെങ്കിലും യാത്ര പോകുന്നതായോ മറ്റോ കുറുപ്പിനോട് പറഞ്ഞിരുന്നോ?”

“ഇല്ലല്ലോ, അവര് വല്ല പാർട്ടിക്കോ ഡിന്നറിനോ മറ്റോ പോയതായിരിക്കും. കൊച്ചമ്മ കുറേ ലേറ്റായിട്ടൊന്നുകൂടി വിളിച്ച് നോക്കിയാട്ടെ.” കുറുപ്പ് ഉപദേശിച്ചു.

ഫോൺ ക്രേഡിലിൽ വെച്ചപ്പോഴേക്കും അത് റിംഗ് ചെയ്യാൻ തുടങ്ങി. സേതുലക്ഷ്മി അത്യാകാംക്ഷയോടെയയാണ് ഫോണെടുത്തത്.

കാതിൽ വിമൻസ് ക്ളബ്ബ് സെക്രട്ടറി വസുന്ധരയുടെ സ്വരം. “സേതൂ, കൺഗ്രാറ്റസ് കേട്ടോ. മോൾക്ക് ഒരയ്യെയെസ്സുകാരനെതന്നെ തപ്പിയെടുത്തല്ലോ, മിടുക്കി!. ഞാനിന്നാ നാട്ടീന്നെത്തിയത്. അപ്പോഴാ ഹസ്സ് പറയുന്നേ മഞ്ജുമോളുടെ എങ്കേജ്മെന്‍റാണെന്ന്.”

“വസൂന്‍റെ മമ്മിക്കെങ്ങനെയിരിക്കുന്നു?”

“ഒന്നും പറയാറായിട്ടില്ലെന്നേ. വയസ്സും കുറേ ആയില്ലേ. ഏതായാലും എനിക്കിന്നിങ്ങോട്ട് മടങ്ങാൻ തോന്നീത് ഭാഗ്യം. അല്ലെങ്കിൽ ഞാനീ ഫങ്ക്ഷൻ മിസ്സ് ചെയ്യുമായിരുന്നു. ഞാറാഴ്ച രാവിലേതന്നെ ഞാനങ്ങോട്ടെത്തിക്കോളാം കേട്ടോ.”

“ശരി നിർത്തട്ടെ, ബൈ” ചുട്ടുപഴുത്ത വസ്തുവിനെയെന്നപോലെ സേതുലക്ഷ്മി ഫോൺ ക്രേഡിലിൽ നിക്ഷേപിച്ചു.

അത്താഴത്തിന് സേതുലക്ഷ്മിയെ കാണാഞ്ഞപ്പോൾ ഉണ്ണിത്താനന്വേഷിച്ചു. “നിന്‍റെ മമ്മിയെവിടെ മോളേ?”

“മമ്മി തലവേദനിക്കുന്നെന്നുംപറഞ്ഞ് നേരത്തേ കിടന്നു. ഇന്ന് ഡാഡീം മമ്മീം തമ്മിലെന്തെങ്കിലും വഴക്കുണ്ടായോ?”

“ഇല്ലല്ലോ”

“പിന്നെന്താ മമ്മിക്കൊരു മൂഡൗട്ട്.”

“ആ, എനിക്കറിയില്ല. നിന്‍റെ മമ്മി വെറുതേ ഓരോ പ്രശ്നങ്ങളുണ്ടാക്കിയെടുക്കയല്ലേ?”

“എന്തിനാ ഡാഡീ, വെറുതെ മമ്മിയെ കുറ്റപ്പെടുത്തുന്നത്?. ലീവും കഴിഞ്ഞ് ചെന്നപ്പോൾ മമ്മിക്കിന്ന് പൊരിഞ്ഞ പണിയായിരുന്നിരിക്കും, പാവം”

“നിനക്കെന്താ വിളമ്പേണ്ടത്? മമ്മീടെ നൂഡിൽസോ, അതോ അച്ഛന്‍റെ കഞ്ഞിയോ?”

“കഞ്ഞി മതി. ഈയിടെയായി നാടൻ ഭക്ഷണമാ എനിക്കിഷ്ടം. പക്ഷെ ഇനിയെനിക്ക് മറ്റൊരാളുടെ ഇഷ്ടം കൂടി നോക്കണമല്ലോ?”

“ആരുടെ?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അഛനെന്താ ഒന്നുമറിയാത്തതു പോലെ സംസാരിക്കുന്നത്. “മുരളീടെ..” നാണം കലർന്നൊരു പുഞ്ചിരിയോടെ മഞ്ജു മന്ത്രിച്ചു.

ഉണ്ണിത്താൻ ഖിന്നതയോടെ സേതുലക്ഷ്മിയുടെ വാക്കുകളോർമ്മിച്ചുപോയി. തന്‍റെ മകളുടെ മനസ്സിൽ നിന്നും ആ ഐഎഎസുകാരന്‍റെ രൂപം ഇനിയൊരിക്കലും മായ്ച്ചു കളയാനാകില്ലെന്ന സേതുലക്ഷ്മിയുടെ ആപൽസൂചന സത്യമാകുകയാണോ?

പണിക്കരുടെ കാലുമാറ്റത്തിന്‍റെ കഥ മഞ്ജുവിനോട് തുറന്ന് പറയാൻ അവസരം കാത്തിരിക്കുകയായിരുന്നു ഉണ്ണിത്താൻ. പക്ഷെ തന്‍റെ മകളുടെ മനസ്സ് വേദനിക്കുമല്ലോ എന്ന ചിന്ത ഉണ്ണിത്താനെ പിന്തിരിപ്പിച്ചു.

ഭക്ഷണം കഴിഞ്ഞ് മഞ്ജു വാഷ്ബേസിന് നേരെ നടക്കുമ്പോൾ ഫോൺ ശബ്ദിച്ചു. അവൾ ഒറ്റയോട്ടത്തിന് ഫോൺ കയ്യിലെടുത്തു. “ഹലോ! മഞ്ജു ഹിയർ” ആ സ്വരം പ്രതീക്ഷാനിർഭരമായിരുന്നു.

“നിമ്മിയാന്‍റിയാ മോളേ, നാളെ സേതു എന്നോടൊപ്പം പാർലറിലേക്ക് വരാമെന്ന് പറഞ്ഞിരുന്നു.”

“മമ്മി തലവേദനിച്ച് കിടക്കയാ ആന്‍റീ, നാളെ ഞാൻ പാർലറിൽ പോകുമ്പോൾ എന്‍റെ കൂടെ വരാമെന്ന് പറഞ്ഞിരിക്കയാ മമ്മി.”

“എങ്കിലങ്ങനെയാകട്ടെ. ഗുഡ്നൈറ്റ് മഞ്ജൂ”

“ഗുഡ്നൈറ്റ് ആന്‍റീ” എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്ന അവളുടെ മുഖത്തെ നിരാശയുടെ കരിനിഴലുകൾ ഉണ്ണിത്താൻ വൈവശ്യത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എല്ലാവരും ഉറക്കമായിക്കഴിഞ്ഞപ്പോൾ സേതുലക്ഷ്മി മെല്ലെയെഴുന്നേറ്റ് മുരളിയുടെ രണ്ട് നമ്പറുകളും ഡയൽ ചെയ്തു. മണിയടി കേൾക്കാമെന്നല്ലാതെ യാതൊരു പ്രതികരണവുമില്ല.

പിറ്റേന്ന് രാവിലെ ബാങ്കിലെന്തോ ചില അർജെന്‍റ് ജോലികളുണ്ടെന്ന് പറഞ്ഞ് സേതുലക്ഷ്മി പതിവിലും നേരത്തെ വീട്ടിൽ നിന്നിറങ്ങി. കാർ ആലപ്പുഴക്ക് വിടാനവർ ഡ്രൈവർക്ക് നിർദ്ദേശം നല്കി. മുരളിയുടെ ക്വാർട്ടേഴ്സിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു.

“സാറും അച്ഛനും കൂടി യാത്രപോയിരിക്കയാ” വാച്ച്മാൻ അറിയിച്ചു.

മുരളീ മനോഹറിന്‍റെ ഓഫീസായിരുന്നു അടുത്തലക്ഷ്യം

ഓഫീസിനകത്തേക്ക് ചെന്ന് മുരളിയെ കാണണമെന്നുപറഞ്ഞപ്പോൾ പിഎ അറിയിച്ചു. “സാറ് ലീവിലാണല്ലോ.”

“ഇന്നെന്നോട് ക്വാർട്ടേഴ്സിൽ വന്ന് കാണാൻ മുരളി പറഞ്ഞിരുന്നു. “സേതുലക്ഷ്മി ചെറിയൊരു കള്ളം പറഞ്ഞു.” അവിടെ ചെന്നപ്പോൾ മുരളിയും അച്ഛനും യാത്രപോയിരിക്കയാണെന്നാണ് പറഞ്ഞത്”

“മാഡം…..”

“മുരളിയുടെ ഒരു ബന്ധുവാണ്.” സേതുലക്ഷ്മി ഒരു നുണകൂടി പറഞ്ഞു.

“സാറ്, ശ്രീപൂർണ്ണിമ ജ്വലേഴ്സിന്‍റെ ഉടമയുടെ എസ്റ്റേറ്റിൽ ഒരു ഹോളിഡേയിംഗിന് പോയിരിക്കയാ.”

തന്‍റെ കാൽചുവട്ടിലെ ഭൂമി തെന്നിനീങ്ങുംപോലെതോന്നി സേതുലക്ഷ്മിക്ക്. അവർ പെട്ടെന്ന് അടുത്തുള്ള കസേരയിലേക്കിരുന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 6

വീണ്ടുമൊന്ന് കേൾക്കാൻ കാതോർത്തിരുന്ന ആ മധുരസ്വരം കാതിലേക്ക് ഒഴുകി എത്തിയപ്പോള്‍ മഞ്ജുവിന്‍റെ മനസ്സും ശരീരവും ഒരുപോലെ പുളകമണിഞ്ഞു. പക്ഷെ സങ്കോചം കൊണ്ടവൾക്ക് വാചാലത നഷ്ടമായി.

“ഗുഡ് നൈറ്റ് സീ യൂ, ബൈ”എന്നെല്ലാം പറഞ്ഞ് മുരളീമനോഹർ സംഭാഷണ മവസാനിച്ചപ്പോൾ മാത്രമാണ് ഒരു ദിവാസ്വപ്നത്തിൽ നിന്നുണർന്നതുപോലെ അവൾ ക്ക് പ്രജ്ഞ തിരികെ കിട്ടിയത്. കടന്നുപോയ നിമിഷങ്ങളെക്കുറിച്ചോർത്തപ്പോൾ വിസ്മയമോ ആഹ്ളാദമോ അതോ ആശങ്കയോ ഏതാണ് കൂടുതലെന്നറിയാനാകാത്ത അവസ്ഥയിലായിരുന്നു അവൾ.

“മറ്റന്നാൾ വൈകിട്ട് ഞാനാവഴി വരുന്നുണ്ട്. താനപ്പോൾ ഹോസ്റ്റലിലുണ്ടാകു മല്ലോ. നമുക്ക് പുറത്തൊന്ന് കറങ്ങാം.ചെറിയൊരു ഔട്ടിങ്ങ്. ഓ ക്കേ?”

“അത് …ഞാൻ…എനിക്ക്…”

“താനെന്തിനാ ഇങ്ങനെ നെർവ്വസ്സാകുന്നത്? നമ്മുടെ നിശ്ചയത്തിനിനി എട്ടൊമ്പത് ദിവസമല്ലേയുള്ളൂ?”

മഞ്ജു മറുപടി മൗനത്തിലൊതുക്കിയപ്പോൾ മുരളി വീണ്ടും നിർബ്ബന്ധിച്ചു “ഐ വെരിമച്ച് വാൺടു സീയൂ. പ്ളീസ് മഞ്ജു.പ്ളീസ്”

“ഓ കെ…”അവസാനം അവളറിയാതെ ആ രണ്ടക്ഷരങ്ങൾ നാവിൽനിന്നും അടർന്നു വീണു. പക്ഷെ മുരളിയോടൊപ്പമുള്ള ഔട്ടിങ്ങിന്‍റെ കാര്യം ഓർമ്മ വന്നപ്പോഴെല്ലാം അതൊഴിവാക്കാമായിരുന്നുവെന്ന് തോന്നി അവൾക്ക്. കല്യാണനിശ്ചയത്തിന്‍റെ ചടങ്ങിനുമുൻപ് ഭാവിവരനോടൊപ്പം ഒരു സായാഹ്നം ചിലവഴിക്കുന്നതിൽ എന്തോ അപാകതയുള്ളതുപോലെ. എന്നാൽ മുരളിമനോഹറുമായുള്ള സമാഗമം താനാഗ്രഹിക്കുന്നുമുണ്ട്. പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യുമെന്നറിയാതെ മഞ്ജു ആശയക്കുഴപ്പത്തിലായി.

എക്സാം കഴിഞ്ഞ് മടങ്ങുമ്പോൾ സ്നേഹിതകളോടെല്ലാവരോടുമായി മഞ്ജു ചോദിച്ചു “നാളെ എന്നോടൊപ്പം നിങ്ങളും വരാമോ?”

“ഞങ്ങളോ?”പിങ്കിയും വരദയും അവിശ്വാസം തുളുമ്പുന്നസ്വരത്തിൽ ചോദിച്ചു.

“അതെ. ഒറ്റക്കുപോകാൻ എനിക്കെന്തോ വല്ലാത്തൊരു പ്രയാസം.. ഇപ്രാവശ്യം നിങ്ങളെന്നെ സഹായിക്കണം. പ്ളീസ്”

പിങ്കിയും വരദയും അവളെ അനുഗമിക്കാൻ തയ്യാറായി. പൂർണ്ണിമ ആദ്യം താല്പര്യക്കുറവ് കാണിച്ചെങ്കിലും അവസാനം അവൾക്കും സമ്മതം മൂളേണ്ടിവന്നു.

പിറ്റേന്ന് വൈകുന്നേരം പറഞ്ഞ സമയത്തിനല്പം മുൻപുതന്നെ മുരളീമനോഹറിന്‍റെ കാർ ഹോസ്റ്റലിലെത്തി. ഹോസ്റ്റൽ വാർഡന്‍റെ സമ്മതം വാങ്ങിയശേഷം മഞ്ജുവും സ്നേഹിതകളും വിസിറ്റേഴ്സ് റൂമില്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. മഞ്ജുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾപറഞ്ഞു “ഗുഡ് ഇവനിംഗ്.”

മഞ്ജു സ്നേഹിതകളെ ഓരോരുത്തരെയായി ചൂണ്ടിക്കാണിച്ചുകൊണ്ട് പരിചയപ്പെടുത്തി. “എന്‍റെ ഫ്രെണ്ട്സ്, വരദ, പിങ്കി, പൂർണ്ണിമ.”

“ഗ്ളാഡ് ടു മീറ്റ് യൂ ആൾ” അയാളവരെ നോക്കി സൗഹാർദ്ദഭാവത്തിൽ പുഞ്ചിരി തൂകി. പിന്നെ മഞ്ജുവിനോടായി പറഞ്ഞു “നമുക്കിറങ്ങാം.”

സ്നേഹിതകള്‍ മൂവരും അവരുടെ പിറകേ ഇറങ്ങി കാറിനകത്തേക്ക് കയറിയിരിക്കുന്നത് കണ്ടപ്പോൾ മുരളിയുടെ മുഖം പെട്ടൊന്നൊന്ന് മങ്ങിയെന്ന് തോന്നി മഞ്ജുവിന്. പക്ഷെ ഒട്ടും നീരസം ഭാവിക്കാതെ അയാൾ പറഞ്ഞു “ഹാർട്ടി വെൽകം ടു യു ആൾ”

മുരളി തന്നെയാണ് വണ്ടി ഡ്രൈവ് ചെയ്തത്. മുൻസീറ്റിൽ അയാളുടെ അരികിലായി മഞ്ജു ഒതുങ്ങിക്കൂടിയിരുന്നു. ബാക്കി മൂന്ന് പേരും പിറകിലും.

കോവളത്തെ ഹോട്ടൽ ബെലയറിലെത്തിയപ്പോൾ മുരളിയവരെ അവിടത്തെ ഓപ്പൺ റെസ്റ്റോറന്‍റിലേക്ക് കൊണ്ടുപോയി. റെസ്റ്റോറന്‍റിലേക്ക് നടക്കുന്നതിനിടയിലാണ് മുരളിക്ക് തന്‍റെ നൈരാശ്യം മഞ്ജുവിനോട് തുറന്ന് പറയാനുള്ള അവസരം ലഭിച്ചത്. “താൻ സ്നേഹിതകളേയും ക്ഷണിക്കേണ്ടായിരുന്നു. ടു ആർ എ കമ്പനി, ബട്ട് ത്രീ എ ക്രൗഡ് എന്ന് തോന്നുന്നതിപ്പോഴാണ്.” മുരളി പരിഭവം പറഞ്ഞു.

പൂത്തടങ്ങൾക്ക് മദ്ധ്യേയുള്ള നടപ്പാതയിലൂടെ മുരളിയോടൊപ്പം നടക്കുമ്പോൾ സ്നേഹിതകളുടെ സാന്നിദ്ധ്യം തികച്ചും അനാവശ്യമായിരുന്നെന്ന് അവൾക്കും തോന്നാതിരുന്നില്ല.

“സോറി……” മഞ്ജു ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

“സാരമില്ല.യൂ ആർ എക്സ്ക്യൂസ്ഡ്” (നിന്നോട് ക്ഷമിച്ചിരിക്കുന്നു) അവളുടെ ചുമലിൽ മെല്ലെ സ്പർശിച്ചുകൊണ്ട് മുരളി മന്ത്രിച്ചു.

അവർ പുൽത്തകിടിയിലെ ഒരു ടേബിളിന് ചുറ്റുമായി ഇരുന്നു. മുരളിയും മഞ്ജുവും അടുത്തടുത്താണിരുന്നത്.

ബെയറർ മെനു കാർഡുമായി ഉടനെയെത്തി. മഞ്ജുവിനോടും സ്നേഹിതകളോടും വളരെ സൗഹാർദ്ദത്തോടെയാണ് അയാൾ പെരുമാറിയത്. ഐ എ എസ്സ് ട്രേനിംഗ് ക്യാമ്പിലെ തന്‍റെ അനുഭവങ്ങളെക്കുറിച്ചും സ്നേഹിതരോടൊപ്പം നടപ്പാക്കിയ ചില്ലറ കുസൃതികളെക്കുറിച്ചും മുരളി വാചാലനായി. കോളേജ് കാമ്പസ്സിലെ ചില നർമ്മസംഭവങ്ങളെക്കുറിച്ച് മഞ്ജുവും സംസാരിച്ചു. വരദയും പിങ്കിയും അവളോടൊപ്പം കൂടി. പൂർണ്ണിമമാത്രം വെറുമൊരു കേൾവിക്കാരിയായി ഇരുന്നതേയുള്ളു.

പിന്നീട് മുരളിയുടെ സംഭാഷണം സ്വന്തം ബന്ധുക്കളെക്കുറിച്ചായി. താൻ കുഞ്ഞായിരിക്കുമ്പോൾതന്നെ മരണമടഞ്ഞ അമ്മയുടെ വേർപാടിന്‍റെ ദുഖമറിയിക്കാതെ തന്നേയും സഹോദരികളെയും വളർത്തി വലുതാക്കിയ സ്വന്തം അച്ഛനോടുള്ള കടപ്പാട് വലുതാണെന്നും അയാൾ സംസാരമദ്ധ്യേ പറയുകയുണ്ടായി. മൂന്ന് സഹോദരികളുണ്ട്. അവരെല്ലാം ഭർത്താവിനോടും കുട്ടികളോടുമൊപ്പം കേരളത്തിന് പുറത്താണ്.

ഇപ്പോള്‍ ഞാനുമച്ഛനും സർക്കാർവക ക്വാർട്ടേഴ്സിലാണ് താമസം” മഞ്ജുവിനെ നോക്കി അർത്ഥഗർഭമായ ഒരു പുഞ്ചിരിയോടെ മുരളി കൂട്ടിച്ചേർത്തു. “എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ഒരു വീട്ടുകാരിയുടെ കുറവ് നല്ലപോലെ അനുഭവപ്പെടുന്നുണ്ട്.”

“പൂർണ്ണിമയുടെ വീടും ആലപ്പുഴയിലാണ്. അവിടെ അവളുടെ ഡാഡീടെ ഒരു ജ്വലറിഷോപ്പുമുണ്ട്. ‘ശ്രീ പൂർണ്ണിമ ജ്വലേഴ്സ്’ എന്ന ഷോപ്പ് ഒരുപക്ഷെ സാറ് കണ്ടുകാണും.” വരദ വിശദീകരിച്ചു.

“ശ്രീ പൂർണ്ണിമ ജ്വലേഴ്സ്…” ഒരു നിമിഷത്തെ മൗനത്തിന് ശേഷം മുരളി തുടർന്നു. ഠഓർമ്മവരുന്നില്ല. ആഭരണങ്ങളൊന്നും വാങ്ങേണ്ടി വരാഞ്ഞതുകൊണ്ടാകാം ഇതുവരെ ശ്രദ്ധിക്കാഞ്ഞത്. ബട്ട്, ഐ പ്രോമിസ്സ് യൂ പൂർണ്ണിമ, ഞങ്ങളുടെ വെഡ്ഡിംഗ് റിംഗ് പൂർണ്ണിമ ജ്വലേഴ്സിൽനിന്ന് തന്നെയായിരിക്കും.”

അതുവരെ നിസ്സംഗതാഭാവത്തിലിരുന്ന പൂർണ്ണിമയുടെ മുഖത്തപ്പോൾ നനുത്തൊരു പുഞ്ചിരി വിടർന്നു.

ആരാധനാഭാവത്തോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് മുരളി പ്രശംസ ചൊരിഞ്ഞു. “ഹോ,ഗോഡ്! യുവർ സ്മൈൽ ഈസ് വെരി ബ്യൂട്ടിഫുൾ. യുവർ ഫേസ് ഈസ് ലൈക്ക് എ ഫുൾ മൂൺ നൗ.”

കൂടുതൽ പ്രസന്നമായ പൂർണ്ണിമയുടെ മുഖമപ്പോൾ ചുവന്ന് തുടുത്തു പോയി. പിങ്കി തോമസ്സപ്പോൾ വിശദീകരിച്ചു “ചിരിക്കാനവൾക്ക് എന്തുകൊണ്ടാണിത്ര മടിയെന്ന് സാറിന് മനസ്സിലായിക്കാണുമല്ലോ. സാക്ഷാൽ ചന്ദ്രദേവൻ മാനത്ത് നിന്നിറങ്ങിവന്ന് അവളെ റാഞ്ചിയാലോ എന്ന പേടികൊണ്ടാ.”

പിങ്കിയുടെ തമാശ ഏറ്റവും കൂടുതൽ ആസ്വദിച്ചതും പൂർണ്ണിമയായിരുന്നു. അവൾ ഹൃദയം തുറന്നൊന്ന് പൊട്ടിച്ചിരിച്ചുപോയി.

“ഗ്രാജ്വേഷൻ കഴിഞ്ഞാൽ പൂർണ്ണിമയുടെ പ്ളാനെന്താണ്?” മുരളി ചോദിച്ചു.

“പോസ്റ്റ്ഗ്രാജ്വേഷന് ചേരണമെന്നുണ്ട്.” പൂർണ്ണിമ അറിയിച്ചു.

“അത് ഇവളുടെ മാത്രം ആഗ്രഹമാണ് കേട്ടോ.” വരദ വിശദീകരിച്ചു. “എത്രേംവേഗം ഇവളെ കെട്ടിച്ച് വിടണമെന്നാണ് വീട്ടുകാർക്ക്. മറ്റ് പെൺകുട്ടികൾക്ക് സ്ത്രീധനമായി അഞ്ച് പവൻ പത്ത് പവൻ എന്നൊക്കെ പറയുമ്പോൾ ഒരു ജ്വലറി ഷോപ്പ് മുഴുവനോടെയെന്നായിരിക്കും ഇവളുടെ ഡാഡീഡെ ഓഫർ. അതുകൊണ്ട് ചെറുക്കനെ കിട്ടാൻ യാതൊരു പ്രയാസോമുണ്ടാവില്ല.”

വരദയുടെ വെളിപ്പെടുത്തലും പൂർണ്ണിമയെ വളരെയേറെ സന്തോഷിപ്പിച്ചുവെന്നത് കൂടുതൽ ചുവന്നുപോയ അവളുടെ മുഖത്തെ നിറചിരിയിൽ നിന്നും വ്യക്തമായി.

മഞ്ജുവിനേയും സ്നേഹിതകളേയും മുരളി തിരികെ ഹോസ്റ്റലിലെത്തിക്കുമ്പോൾ സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. സ്നേഹിതകൾ മുരളിയോട് നന്ദിപറഞ്ഞശേഷം അകത്തേക്ക് കയറിപോയപ്പോൾ കാറിനകത്ത് മുരളിയും മഞ്ജുവും മാത്രമായി.

പ്രേമപാരവശ്യത്തോടെ മഞ്ജുവിന്‍റെ കയ്യിൽ കടന്ന് പിടിച്ച് കൊണ്ട് മുരളി മന്ത്രിച്ചു. “തന്നോട് സംസാരിച്ച് മതിയായില്ലെനിക്ക്. അടുത്തതവണ നമ്മൾ രണ്ടുപേരും മാത്രം മതി, കേട്ടോ”

മുരളിയയുടെ മുഖത്തെ നൈരാശ്യം കണ്ട് മഞ്ജു പൊട്ടിച്ചിരിച്ചുപോയി.

അന്ന് സ്നേഹിതകളെല്ലാം ഉറക്കമായിട്ടും മഞ്ജുവിനുറങ്ങാനായില്ല. അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത് അനുരാഗം തുളുമ്പുന്ന മുരളിയുടെ മുഖമായിരുന്നു,  കഴിഞ്ഞുപോയ സ്വർഗ്ഗീയ നിമിഷങ്ങളായിരുന്നു.

പക്ഷെ ആ മധുരസ്മരണകൾക്കിടയ്ക്ക് എവിടെയോ ചില അസ്വാരസ്യങ്ങൾ. പൂർണ്ണിമയെ മുരളി അത്രമാത്രം പ്രശംസിക്കേണ്ടിയിരുന്നില്ല. അവളുടെ സൗന്ദര്യത്തെ പ്രകീർത്തിച്ച കൊണ്ടുള്ള ആ പ്രശംസ…. അതൊഴിവാക്കാമായിരുന്നു.

പക്ഷെ അടുത്തനിമിഷം അങ്ങിനെ ചിന്തിച്ചതിൽ അവൾക്ക് കുറ്റബോധം തോന്നി. ആതിഥ്യമര്യാദയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടുള്ള നിഷ്ക്കളങ്കമായൊരു പ്രസ്താവന മാത്രമായിരുന്നു അത്. പൂർണ്ണിമയുടെ പെരുമാറ്റത്തിലെ അകൽച്ച മാറ്റിയെടുക്കാനുള്ള സമർത്ഥമായൊരു അടവ്… അത്രമാത്രം… മുരളി തന്‍റെ കാതിൽ മന്ത്രിച്ച പ്രേമസാന്ദ്രമായ വാക്കുകൾ ഓർമ്മിക്കുന്നതിന് പകരം…

സോറീ മുരളീ… വെരി വെരി സോറി…

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ മഞ്ജുവിന്‍റെ ചുണ്ടുകൾ മന്ത്രിച്ചു.

ശനിയാഴ്ച. മഞ്ജു സ്നേഹിതകൾക്ക് ട്രീറ്റ് കൊടുക്കാൻ നിശ്ചയിച്ചിരുന്നത് അന്നാണ്. രാവിലെതന്നെ പൂർണ്ണിമയെ കൂട്ടിക്കൊണ്ട് പോകാൻ അവളുടെ അച്ഛനയച്ച കാർ എത്തിയിരുന്നു.

“നിന്‍റെ മുത്തച്ഛന്‍റെ ബെർത്ത്ഡേ നാളെയല്ലേ? നീ മഞ്ജുവിന്‍റെ ട്രീറ്റ് കഴിഞ്ഞ് പോയാൽ മതി” സ്നേഹിതകൾ യാത്ര നീട്ടിവെക്കാൻ നിർബ്ബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല.

അവളിറങ്ങാൻ തുടങ്ങുമ്പോൾ ഒരു കവർ അവളെ ഏല്പിച്ചുകൊണ്ട് വരദ പറഞ്ഞു. “ലൈബ്രേറിയൻ വിനയൻസാറിന്‍റെ അപേക്ഷയാ, നിന്‍റെ അച്ഛനോട് നീ പ്രത്യേകം റെക്കമന്‍റ് ചെയ്തേക്കണം.”

നീരസത്തോടെ. കവർ ഹാന്‍റ്ബാഗിനുള്ളിൽ നിക്ഷേപിച്ചുകൊണ്ട് സ്വന്തം കാറിലേക്കിരിക്കുമ്പോൾ.അവൾ കുറ്റപ്പെടുത്തി “ഈ വയ്യാവേലിക്കൊന്നും പോകേണ്ടന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ.”

ഉച്ചക്ക് മഞ്ജു സ്നേഹിതകളെ സൗത്ത് പാർക്കിലേക്ക് കൊണ്ടുപോയി. ഹോസ്റ്റലിൽ തിരിച്ചെത്തിയ ഉടനെ അവൾ കാഞ്ഞിരപ്പിള്ളിയിലേക്ക് പുറപ്പെടുകയും ചെയ്തു.

നാല് ദിവസത്തെ ലീവെടുത്ത് മഞ്ജുവിനേയും കാത്തിരിക്കുകയായിരുന്നു സേതു ലക്ഷ്മി. പിറ്റേന്ന് മുതൽ രണ്ട്പേർക്കും ഷോപ്പിംഗിന്‍റെ തിരക്കായിരുന്നു.

മുരളി രണ്ടുദിവസമായിട്ടും തന്നെ വിളിക്കാതിരുന്നപ്പോൾ മഞ്ജു മുരളിയുടെ ഓഫീസിലേക്ക് വിളിച്ചു. പ്രൈവറ്റ് സെക്രട്ടറിയാണ് ഫോണെടുത്തത്. മുരളി എന്തോ പ്രധാന മീറ്റിങ്ങിലാണെന്നാണയാൾ അറിയിച്ചത്. വീണ്ടും പ്രതീക്ഷാനിർഭരമായ കാത്തിരിപ്പ്… അക്ഷമ… നിരാശ… രണ്ട് ദിവസങ്ങൾകൂടി കടന്ന് പോയി. എന്നിട്ടും മുരളിയുടെ ഫോൺ വന്നില്ല

എംഗേജ്മെന്‍റിനുള്ള പന്തലും സദ്യയുമെല്ലാം ഏർപ്പാടാക്കി കഴിഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രമല്ലാ സേതുലക്ഷ്മി പ്രസിഡണ്ട് സ്ഥാനമലങ്കരിക്കുന്ന വിമൻസ് ക്ളബ്ബിലെ അംഗങ്ങളെയെല്ലാം ഒന്നടങ്കം നിശ്ചയചടങ്ങിൽ സംബന്ധിക്കാൻ ക്ഷണിച്ചു കഴിഞ്ഞു.

നാല് ദിവസത്തെ ലീവും കഴിഞ്ഞ് വ്യാഴാഴ്ചയാണ് സേതുലക്ഷ്മി വീണ്ടും ബാങ്കിലെത്തിയത്. രാവിലെ മുതൽ വൈകിട്ടുവരെ ഒന്ന് നേരാംവണ്ണം ശ്വാസം വിടാൻ പോലുമാകാത്തത്ര തിരക്കായിരുന്നു അവർക്ക്. രണ്ട് ദിവസത്തേക്ക് കൂടി ലീവെഴുതിക്കൊടുത്ത് അസിസ്റ്റന്‍റ് മാനേജരെ ചാർജ്ജ് ഏല്പിച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് വിവാഹബ്രോക്കർ മാർത്താണ്ഡക്കുറുപ്പ് ആർത്തലച്ച് ക്യാബിനുള്ളിലേക്ക് കടന്ന് വന്നത്. അയാളാകെ വിയർപ്പിൽ കുളിച്ചു പോയിരുന്നു. മുഖത്ത് വല്ലാത്ത മ്ളാനത.

“സംഗതികളാകെ കുഴഞ്ഞൂ കൊച്ചമ്മേ” മുഖത്തെ വിയർപ്പുചാലുകൾ തോൾമുണ്ടു കൊണ്ട് തുടച്ച് അയാൾ വൈവശ്യത്തോടെ പറഞ്ഞു. “ഞാനതെങ്ങനെ കൊച്ചമ്മേടെ മുഖത്ത് നോക്കി പറയും?”

സേതുലക്ഷ്മിയുടെ നെഞ്ചിനകത്ത് ഒരാന്തലുണ്ടായി. കുറുപ്പിന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കിക്കൊണ്ട് സേതുലക്ഷ്മി അസ്തപ്രജ്ഞയായിരുന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 5

ഫോൺ ശബ്ദിക്കുമ്പോൾ ഈശ്വരിയമ്മ മകൻ ശിവരാമകൃഷ്ണന് അത്താഴം വിളമ്പുകയായിരുന്നു. കുട്ടിക്കാനത്താണ് അവരുടെ വീട്

“ഹലോ” ഈശ്വരിയമ്മയുടെ സ്വരം കേട്ടപ്പോൾ ഉണ്ണിത്താന്‍റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. “ശങ്കരനാ ഈശ്വരിചേച്ചീ.”

“നീയിങ്ങോട്ട് വിളിച്ചിട്ട് ദിവസം ആറേഴായല്ലോ ശങ്കരാ. എന്തൊക്കെയുണ്ട് അവിടത്തെ വിശേഷങ്ങൾ?”

” മഞ്ജൂന്‍റെ വിവാഹമുറപ്പിച്ചു. അടുത്തതിന്‍റെ അടുത്ത ഞായറാഴ്ച രാവിലെ പതിനൊന്നിനാ നിശ്ചയം “ഉണ്ണിത്താൻ ഒറ്റശ്വാസത്തിൽ വിശേഷമറിയിച്ചു.

വാർത്തകേട്ട് ഈശ്വരിയമ്മ അടിമുടി വിയർത്തുപോയി, “എന്താ ശങ്കരാ ഞാനീ കേൾക്കുന്നേ. ഇത് വല്ലാത്ത ചതിയായിപോയി കേട്ടോ.”

“ഒന്നും മനപ്പൂർവ്വമല്ല ചേച്ചീ, ശിവരാമകൃഷ്ണനവൾക്ക് സ്വന്തം സഹോദരനെപ്പോലെയാണെന്നാ മഞ്ജു പറയുന്നേ. ഈ ആലോചന അവൾക്കിഷ്ടപ്പെടൂം ചെയ്തു. പയ്യൻ ഐഎഎസാ. പേര് മുരളീ മനോഹർ. അടുത്ത് തന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നും പറഞ്ഞു. ചേച്ചീം ശിവരാമനും നേരത്തേയിങ്ങെത്തിയേക്കണം കേട്ടോ.”

“എന്‍റെ ശരീരസ്ഥിതിയൊക്കെ നിനക്കറിയാവുന്നതല്ലേ? അതുകൊണ്ട് ഒന്നും തീർച്ചപറയാനാവില്ല.” ഈശ്വരിയമ്മയുടെ സ്വരത്തിന് അല്പം പോലും മാർദ്ദവമില്ലായിരുന്നു.

“നിർത്തട്ടെചേച്ചീ” പൊള്ളുന്ന വസ്തുവിനെയെന്നോണം ഉണ്ണിത്താൻ ഫോൺ തിരികെ വെച്ചു.

ഈശ്വരിയമ്മ വീണ്ടും ഊണുമേശക്കരികിലെത്തിയപ്പോൾ ശിവരാമകൃഷ്ണൻ ചോദിച്ചു. “എന്താ അമ്മ അമ്മാമയോട് ചതിയായിപ്പോയി എന്നൊക്കെ പറഞ്ഞത്.”

“വാക്കിന് വ്യവസ്ഥയില്ലാത്തവരോട് പിന്നെയെന്താ പറയേണ്ടത്? മഞ്ജുവും നീയും തമ്മിലുള്ള ബന്ധം ഞാനും ശങ്കരനും കൂടി പണ്ടേ തീരുമാനിച്ചതല്ലേ. ഇപ്പോ ശങ്കരൻ പറയുന്നു അവളുടെ വിവാഹം ഒരയ്യേയെസ്സുകാരനുമായി ഉറപ്പിച്ചെന്ന്. നിശ്ചയത്തിന്‍റെയന്ന് നമ്മൾ നേരത്തേയങ്ങോട്ടെത്തണമെന്ന് ക്ഷണിക്കാനാ വിളിച്ചത്.”

അല്പം ആശാഭംഗം തോന്നിയെങ്കിലും ശിവരാമകൃഷ്ണൻ ഒന്നും പറയാതെ ഭക്ഷണം തുടർന്നു. കുറച്ച് നേരം ചിന്താമൂകയായിരുന്ന ശേഷം പാതി ആത്മഗതമെന്നോണം ഈശ്വരിയമ്മ പറഞ്ഞു. “ഇതാ സേതുലക്ഷ്മീടെ തലോണമന്ത്രത്തിന്‍റെ ശക്തിതന്നെയാ. അവളുടെ നിർബ്ബന്ധംകൊണ്ട് ശങ്കരൻ സമ്മതംമൂളിയതാവണം. പക്ഷെ നമ്മളെ അങ്ങനെ വിഡ്ഢികളാക്കാമെന്നാരും കരുതണ്ട. നീ ശങ്കരനെ നേരിലൊന്ന് ചെന്ന് കാണണം. ഇങ്ങനെ വാക്ക്മാറിയതെന്താണെന്ന് ശങ്കരന്‍റെ മുഖത്ത് നോക്കി ചോദിക്കണം. മഞ്ജുവിനെയല്ലാതെ മറ്റൊരു പെൺകുട്ടിയേയും ഭാര്യയായി സങ്കല്പിക്കാൻ പോലും നിനക്കീ ജന്മം കഴിയില്ലെന്നും പറയണം. അങ്ങനെയൊരാഗ്രഹം നിന്‍റെ മനസ്സിലുണ്ടാക്കിയതിന്‍റെ ഉത്തരവാദിത്വം ശങ്കരനുമുണ്ടല്ലോ. മാത്രല്ലാ, നിന്നോട് ശങ്കരന് വലിയ വാത്സല്യോമാണ്. നിന്‍റെ അപേക്ഷ നിരാകരിക്കാൻ ശങ്കരന് കഴിയില്ല…”

“മഞ്ജൂന്‍റെ എംഗേജ്മെന്‍റ് വരെ ഉറപ്പിച്ച സ്ഥിതിക്ക് ഞാൻ ശങ്കരമ്മാമെ കണ്ടതുകൊണ്ട് എന്തെങ്കിലും ഫലോണ്ടാവോ?”

“നിശ്ചയം കഴിഞ്ഞിട്ടൊന്നൂല്യല്ലോ. അതിനിനിയും രണ്ടാഴ്ചത്തെ സമയോണ്ടല്ലോ. നീ നാളെ ശങ്കരനെ ചെന്നൊന്ന് കാണ്. പോണവഴിക്ക് നമ്മടെ ഗണപതിയമ്പലത്തില്‍ ചെന്ന് പ്രാർത്ഥിച്ച് നടക്കൽ ഏഴ് തേങ്ങേം ഒടച്ചേക്ക്.”

ശിവരാമകൃഷ്ണൻ അർദ്ധസമ്മതഭാവത്തിൽ തലയാട്ടുമ്പോൾ ഈശ്വരിയമ്മ ഓർമ്മിപ്പിച്ചു “സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങിക്കഴിഞ്ഞിട്ട് നീയങ്ങോട്ടെത്തിയാല്‍ മതി. അല്ലെങ്കിൽ ശങ്കരന്‍റെ വാ തുറക്കാനുംകൂടി അവള് സമ്മതിക്കില്ല.”

നല്ല ഉയരവും അല്പം പൊണ്ണത്തടിയുമുള്ള ശരീരമാണ് ശിവരാമകൃഷ്ണന്‍റേത്. ഒരു ഉൾനാടൻ കർഷകന്‍റെ എല്ലാ ലക്ഷണങ്ങളും അയാളിൽ ഒത്തിണങ്ങിയിട്ടുണ്ട്.

ശിവരാമകൃഷ്ണൻ ഉണ്ണിത്താന്‍റെ വീട്ടിലെത്തുമ്പോൾ സമയം രാവിലെ പതിനൊന്നായിക്കാണും. കോളിംഗ് ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്നത് ധർമ്മേന്ദ്രനാണ്. “അല്ല, ഇതാര് ശിവരാമകൃഷ്ണൻ സാറോ?”

“എന്താ കണ്ടിട്ട് മനസ്സിലായില്ലേ?”

ആ സ്വരത്തിലെ നീരസം ശ്രദ്ധിച്ചുകൊണ്ട് ധർമ്മേന്ദ്രൻ അനുനയസ്വരത്തിൽ പറഞ്ഞു “അയ്യോ, സാറിനെ എനിക്ക് മനസ്സിലാകാതെവരുമോ? ഞാനാ തറവാട്ടിലെ ഉപ്പും ചോറും എത്ര തിന്നിട്ടുള്ളതാ.”

“ഓ! പഴേകാര്യങ്ങളൊക്കെയിപ്പഴാരോർക്കുന്നു? കലികാലമല്ലേ? എല്ലാവർക്കും സ്വന്തംകാര്യം”

ശിവരാമകൃഷ്ണൻ കലശലായി പരിഭവിച്ചിരിക്കയാണെന്ന് ധർമ്മേന്ദ്രന് മനസ്സിലായി. അതിനുള്ള കാരണമെന്താണെന്നും അയാൾക്ക് ഊഹിക്കാനായി. ഭക്ഷണപ്രിയനായ ശിവരാമകൃഷ്ണനെ സാന്ത്വനിപ്പിക്കാനുള്ള ഏകമാർഗ്ഗമെന്തെന്ന് ധർമ്മേന്ദ്രനറിയാമായിരുന്നു. “സാറിന് കുടിക്കാനെന്താ എടുക്കേണ്ടത്? ജൂസോ, ചായയോ”

“ശങ്കരമ്മാമയില്ലേ?” ഗൗരവമൊട്ടും കുറക്കാതെ ശിവരാമകൃഷ്ണൻ ചോദിച്ചു.

“സാറ് പീരുമേട്ടിലേക്ക് പോയിരിക്കയാ. ഇനി നാളെയേ തിരിച്ചെത്തൂ”

“ഓ! ഇതിപ്പോ ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയും പോലായല്ലോ”

“ആ പറഞ്ഞത് ശരിയായില്ലല്ലോ” ധർമ്മേന്ദ്രന്‍റെ മുഖത്ത് ഒരു കള്ളച്ചിരിയുടെ കടന്നാക്രമണമുണ്ടായി.

“എന്ത് ശരിയല്ലെന്നാടോ?”

“അല്ലാ, ഇടിവെട്ടിയവനെ കടിക്കാനെവിടെയാ പാമ്പിന് നേരം? ഇടിവെട്ട് കിട്ടിയാ ആ നിമിഷം വടിയാവില്ലേ?”

തമാശ സ്വയം ആസ്വദിച്ച്കൊണ്ട് ധർമ്മേന്ദ്രൻ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ അസഹനീയതയോടെ ശിവരാമകൃഷ്ണൻ പൊട്ടിത്തെറിച്ചു “മനസ്സാകെ തകർന്നിരിക്കുമ്പോഴാ, തന്‍റെയൊരു വളിച്ച തമാശ. തനിക്കറിയോ, ഇന്നലെ രാത്രി ഞാനൊരുപോള കണ്ണടച്ചിട്ടില്ല. ഇന്നീ നേരംവരെ ഒരുതുള്ളി വെള്ളംപോലും കുടിച്ചിട്ടില്ല.”

“അയ്യോ! അതിനുമാത്രം ഇപ്പോഴെന്താ സംഭവിച്ചത്?”

“ധർമ്മാ, അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുകയല്ലേടോ താൻ”

“ഓ! മഞ്ജുക്കുഞ്ഞിന്‍റെ വിവാഹം നിശ്ചയിച്ച കാര്യം ഓർത്തിട്ടാണെങ്കിൽ അതങ്ങ് മറന്ന് കളയ് സാറേ, നല്ല മണിമണിപോലുള്ള പെൺകുട്ടികൾക്ക് ഈ ഭൂമിമലയാളത്തിൽ ഒരു ക്ഷാമോമില്ല. ഇതല്ലെങ്കിൽ വേറൊന്ന് അല്ലാതെന്താ?”

“തനിക്കങ്ങനെയൊക്കെ എളുപ്പം പറയാം. ഐഎഎസുകാരന്‍റെ കല്യാണക്കാര്യം വന്നപ്പോൾ അമ്മാമ എന്‍റെ അമ്മക്ക് കൊടുത്ത വാക്കുപോലും മറന്നു. ങ്ഹാ! ഇതിന്‍റെയൊക്കെ പിറകിൽ സേതുവമ്മായിയായിരിക്കും. അവർക്കെന്നെ പരിഹാസമല്ലേ?”

“അതെല്ലാം നിങ്ങടെ കുടുംബകാര്യം. ഞാനെന്ത് പറയാനാ സാറേ.”

“അതൊക്കെ പോട്ടെ, ആ ഐഎഎസുകാരൻ ആളെങ്ങനെ”

ധർമ്മേന്ദ്രൻ മതിപ്പോടെ അറിയിച്ചു. “നല്ല തങ്കപ്പെട്ട പയ്യൻ. പരമയോഗ്യൻ. പച്ചവെള്ളം പോലെയല്ലേ ഇംഗ്ളീഷ് പറയുന്നേ.”

ശിവരാമകൃഷ്ണന്‍റെ മുഖം കൂടുതൽ വിവർണ്ണമായി. “മഞ്ജുവിനയാളെ….”

“അത് പിന്നെ പറയണോ. ഇപ്പോ കല്യാണം വേണ്ട ഇനീം രണ്ട് വർഷോംകൂടി പഠിക്കണമെന്നൊക്കെ നിർബ്ബന്ധം പറഞ്ഞിരുന്നയാളിപ്പോ ദിവസങ്ങളെണ്ണി കാത്തിരിക്കയല്ലേ?” “ഓ! ഇത്രക്ക് മനസ്സ് മാറാൻ മാത്രം ദേവേന്ദ്രനാണോ അയാള്”

“ദേവേന്ദ്രനല്ലെങ്കിലും കാഴ്ചക്ക് അതുപോലെ തന്നെയാ. ഫോട്ടോ കുഞ്ഞ് കയ്യിൽ കൊണ്ട് പോയി. അല്ലെങ്കിൽ കാണാമായിരുന്നു.”

കൂടുതൽ വിവർണ്ണമായ മുഖവുമായി ശിവരാമകൃഷ്ണൻ ചിന്താമൂകനായി നിന്നു. അമ്മാവനെ കണ്ട് സംസാരിച്ചാലും പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന ചിന്തയപ്പോൾ കൂടുതൽ ശക്തമായി.

“സാറും ഈശ്വരിവല്യമ്മേം നിശ്ചയത്തിന് വരില്ലേ?”

“ഞങ്ങളൊക്കെയിനി വന്നാലെന്ത് വന്നില്ലെങ്കിലെന്ത്? തോട്ടത്തിൽ കിളയുടേയും നടീലിന്‍റേയും തിരക്കായിപ്പോൾ”

“ആ തിരക്കുകളൊക്കെ സാറിനെപ്പോഴും കാണുമല്ലോ. കായ്കറി കൃഷിയിപ്പോ ഉഷാറായി നടക്കുന്നുണ്ടല്ലോ.” ധർമ്മേന്ദ്രൻ ചിരിയടക്കിക്കൊണ്ട് ചോദിച്ചു.

“അതൊരു വശത്ത് കുഴപ്പമില്ലാതെ നടക്കുന്നു. ഒരു കന്നുകാലി ഫാം തുടങ്ങിയാലോന്നൊരാലോചനയുണ്ട്. ഇക്കോഫ്രണ്ട്ലിയായ കൃഷിരീതികളാണല്ലോ ഇപ്പോഴത്തെ ട്രെന്‍റ്. പക്ഷെ ഇപ്പഴെനിക്കൊന്നിനും ഉത്സാഹം തോന്നണില്ലെടോ. രാവിലെ കുളീം തൊഴലും കഴിഞ്ഞ് വണ്ടീമെടടുത്ത് നേരെ ഇങ്ങോട്ട് പോന്നു.”

“ഇപ്പോ ധർമ്മന് കാര്യം പിടികിട്ടി. വയറൊഴിഞ്ഞ് കിടക്കണതുകൊണ്ടാണ് ഈ ഉത്സാഹക്കുറവും മൗഢ്യോമൊക്കെ. ഞാനടുക്കളേലോട്ടൊന്ന് ചെന്ന് നോക്കട്ടെ.”

അടുക്കളയിൽ ചെന്നന്വേഷിച്ചപ്പോൾ മണ്ഡോദരി പറഞ്ഞു. “ഇപ്പോഴൊന്നും റെഡിയായിട്ടില്ലല്ലോ, ധർമ്മൻചേട്ടാ. ഒരരമണിക്കൂറ് വേയ്റ്റ് ചെയ്താല് അമേരിക്കൻ ചോപ്സി റെഡിയാക്കിത്തരാം. പിന്നെ രാവിലെ കൊച്ചമ്മക്ക് വേണ്ടിയുണ്ടാക്കിയ പോറിഡ്ജിന്‍റെ ബാക്കിയിരിപ്പുണ്ട്. പത്ത് മിനിട്ടിനുള്ളിൽ ഓംലെറ്റുണ്ടാക്കാം.”

“ഈ കുന്ത്രാണ്ടം പേരുകളൊന്നും എന്‍റെ നാവിന് വഴങ്ങില്ല. താൻ തന്നെ പോയി സാറിനോട് എന്തൊക്കെയാ വേണ്ടേന്ന് ചോദിച്ച് നോക്ക്.”

മണ്ഡോദരി വിഭവങ്ങളുടെ പട്ടിക ശിവരാമകൃഷ്ണനെ കേൾപ്പിച്ചു. “സാറ് പീരുമേട്ടിലേക്ക് പോയല്ലോ. മാഡം മാത്രമല്ലേ ഇവിടുള്ളു. അതുകൊണ്ട് വിഭവങ്ങളെല്ലാം വിദേശിയാ. പിന്നെ ഞങ്ങൾക്ക് കഴിക്കാൻ വേണ്ടിയുണ്ടാക്കിയ കഞ്ഞീം പയറുകറീമിരിപ്പുണ്ട്.”

“നീ ആദ്യം പറഞ്ഞ ചവറൊന്നുമെനിക്ക് വേണ്ട. കുറച്ച് കഞ്ഞീം പയറുമാവാം” ആർക്കോ വേണ്ടിയെന്നോണം ശിവരാമകൃഷ്ണൻ പറഞ്ഞു.

സുഭിക്ഷമായി കഞ്ഞികുടിച്ചു കഴിഞ്ഞപ്പോൾ മാനസികസംഘർഷം ഒഴിവായെന്ന് മാത്രമല്ല ധർമ്മേന്ദ്രന്‍റെ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്നുപോലും തോന്നി അയാൾക്ക്. ഈ ലോകത്ത് പെണ്ണായി മഞ്ജു മാത്രമല്ലല്ലോ. ഇതല്ലെങ്കിൽ വേറൊന്ന്. അല്ലാതെന്ത്?

“ഞാനിവിടെ വന്നിരുന്നെന്ന് അമ്മാമയോട് പറഞ്ഞേക്കണം” എന്ന് ചട്ടംകെട്ടിയശേഷം ശിവരാമകൃഷ്ണൻ മടങ്ങിപ്പോയി.

“പാവം, വെറുതെ മനപ്പായസം കുടിച്ചു.” അകന്ന് പോകുന്ന കാറിലേക്ക് നോക്കിക്കൊണ്ട് ധർമ്മേന്ദ്രൻ സഹതാപം പ്രകടിപ്പിച്ചു.

“മഞ്ജുക്കുഞ്ഞിനെ കെട്ടാൻ എന്ത് യോഗ്യതയാ ഇയാൾക്കുള്ളത്? അത് നമ്മടെ ഐഎഎസിന്. എല്ലാം മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

“തനിക്ക് മുരളിസാറിനെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണല്ലോ.”

“അതേയ്, കല്യാണം കഴിഞ്ഞ് മഞ്ജുക്കുഞ്ഞ് പോകുമ്പോ എന്നേം കൂടെ ക്വാർട്ടേഴ്സിലേക്ക് അയക്കാമെന്നാ മാഡം പറഞ്ഞിരിക്കുന്നേ.”

“അത് ശരി. അവിടെ ചെന്ന് വല്ല പ്യൂണിനേം വളച്ചെടുക്കാമെന്ന പൂതിയാണല്ലേ.”

“ഓ! ഈ ധർമ്മൻചേട്ടന്‍റെ ഒരസൂയ.”

“എനിക്കൊരസൂയേമില്ലേ” ധർമ്മേന്ദ്രൻ വരണ്ടൊരു ചിരിയോടെ പറഞ്ഞു.

 

മഞ്ജുവും സ്നേഹിതകളും ഹോസ്റ്റലിലെ ഡൈനിംഗ് ഹോളിൽ നിന്നുമിറങ്ങുമ്പോൾ സമയം രണ്ട് മണി.

പിങ്കി തോമസ്സ് പറഞ്ഞു. “ഇനി രണ്ടുദിവസം കഴിഞ്ഞല്ലേ എക്സാമുള്ളു. ഇന്ന് ശരിക്കൊന്നുറങ്ങണം.”

“ശരിയാ എനിക്കും ഉറക്കംവന്നിട്ട് വയ്യ” വരദയും ആ അഭിപ്രായത്തോട് യോജിച്ചു.

പക്ഷെ മഞ്ജുവിന്‍റെ ആവശ്യം മറ്റൊന്നായിരുന്നു. “എനിക്ക് ഒരു റഫറൻസ് ബുക്കെടുക്കാൻ ലൈബ്രറിയിലൊന്ന് പോണം.”

“ഇന്നത്തെ പരീക്ഷകഴിഞ്ഞ് നേരാംവണ്ണമൊന്ന് ശ്വാസം വിടുന്നേനു മുൻപ് അടുത്ത പരീക്ഷയെക്കുറിച്ച് വെറുതെ തലപുണ്ണാക്കണതെന്തിനായെന്‍റെ മഞ്ജു.”

“ഞാൻ വിചാരിച്ചത് നിനക്കിനി പരീക്ഷപനി പിടിക്കില്ലാന്നാണ്.” വരദ അർത്ഥസൂചകമായി കണ്ണിറുക്കി.

“ശരിയാ, നിനക്കിപ്പോൾ വേറെ ചില രോഗങ്ങളുടെ കാലമല്ലേ?” പിങ്കിയും അവസരം പാഴാക്കിയില്ല.

“എനിക്കങ്ങനെയുള്ള രോഗങ്ങളൊന്നുമില്ല.” ഗൗരവം ഭാവിക്കാൻ ശ്രമിച്ചെങ്കിലും മഞ്ജുവിന്‍റെ ചുണ്ടിൽ ഒരു മന്ദഹാസം ഊറിക്കൂടുകതന്നെ ചെയ്തു.

അതുവരെ അവരുടെ സംഭാഷണത്തിൽ പങ്കുചേരാതിരുന്ന പൂർണ്ണിമ പറഞ്ഞു “മഞ്ജൂ ഞാനും നിന്‍റെ കൂടെ വരാം ലൈറ്റ് റീഡിങ്ങിനെന്തെങ്കിലും എനിക്കും എടുക്കണം.”

അവർ നാലുപേരുംകൂടി ലൈബ്രറിയിലെത്തിയപ്പോൾ ലൈബ്രറേറിയന്‍റെ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു. പ്യൂൺ വറീത്ചേട്ടനെയും കണ്ടില്ല. വാതിൽ മലർക്കെ തുറന്നിട്ടിരുന്നതുകൊണ്ട് രണ്ടുപേരും പരിസരത്തെവിടെയെങ്കിലും ഉണ്ടാകുമെന്നുറപ്പായിരുന്നു.

“എവിടെ നമ്മുടെ വികാരിയച്ചൻ? പെമ്പിള്ളാരെ പേടിച്ച് അലമാരീടെ പിറകിലൊളിച്ചിരിക്കയായിരിക്കും.” വരദയുടെ പതിഞ്ഞസ്വരത്തിലുള്ള കമന്‍റ് ഒരു കൂട്ടച്ചിരിക്കുള്ള വകയായി.

പെട്ടെന്ന് ലൈബ്രറേറിയൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. അയാളുടെ പേര് വിനയനെന്നാണ്. യുവാവ്. മുഖത്തെ സ്ഥായിയായ ഭാവം സങ്കോചമാണ്. അരഡസൻ പെൺകുട്ടികളെ ഒരുമിച്ച് കണ്ടാൽ കരക്ക് പിടിച്ചിട്ട മീനിന്‍റെ പടപടപ്പാണ് അയാൾക്ക്.

ഷർട്ടിന്‍റെ തുമ്പ്കൊണ്ട് മുഖമൊന്നമർത്തി തുടച്ചശേഷം അലമാരകളുടെ താക്കോൽകൂട്ടം മേശവലുപ്പിൽനിന്ന് പുറത്തേക്കെടുത്തു തലയുയർത്താതെ പതറുന്ന സ്വരത്തിലയാൾ ചോദിച്ചു “ഏത് കാറ്റിഗറിയിലുള്ള പുസ്തകമാണ് വേണ്ടത്.”

“വിനയൻസാറേ, താക്കോലിങ്ങ് തന്നേക്ക്. ഞാൻ തുറന്ന് കൊടുക്കാം.” അപ്പോൾ അകത്തേക്ക് കടന്ന് വന്ന വറീത്ചേട്ടൻ താക്കോലിനായി കൈനീട്ടി.

അലമാരകൾ തുറക്കാനെത്തിയ വറീത്ചേട്ടനോട് പിങ്കി പതിഞ്ഞസ്വരത്തിൽ ചോദിച്ചു. “എന്താ ഇന്ന് പുള്ളിക്കൊരു വ്യാകുലമാതാവിന്‍റെ വിഷാദം? പിള്ളാരാരെങ്കിലും ശരിക്കൊന്ന് വാരിക്കാണുമല്ലേ?”

“അതല്ല, പുള്ളിക്ക്…” വറീത്ചേട്ടൻ വാചകം മുഴുമിക്കാതെ പതിഞ്ഞസ്വരത്തിൽ പറഞ്ഞു”നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം. അല്ലെങ്കിൽ പുള്ളി കേൾക്കും”

വിനയനപ്പോൾ തലയും കുമ്പിട്ടിരിക്കുകയായിരുന്നു. ഒപ്പിടാനുള്ള റെക്കോഡ് ബുക്ക് തുറന്ന് വെച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ പേരുകളെഴുതി സൈൻ ചെയ്തശേഷം പുറത്തേക്കിറങ്ങി. നടക്കുമ്പോൾ വരദ പറഞ്ഞു. “അയാൾക്കെന്തോ കാര്യമായ പ്രശ്നമുണ്ട്.”

“ഓ! പ്രശ്നം എന്തായാലും നമുക്കെന്താണ്? ഞാൻ ഹോസ്റ്റലിലേക്ക് പോക്വാ” എന്ന് പറഞ്ഞ് പൂർണ്ണിമയുടനെ നടന്നകന്നു.

മറ്റ് മൂന്ന് പേരും വരാന്തയുടെ ഒരു മൂലയിൽ കാത്ത് നില്ക്കുമ്പോൾ വറീത്ചേട്ടൻ അവരുടെ അടുത്തേക്ക് വന്നു. “വിനയൻസാറ് ആറ് മാസത്തെ ടെമ്പററി വേക്കൻസിയിൽ പുരുഷോത്തമൻസാറിന്‍റെ പകരക്കാരനായി വന്നതല്ലേ? അടുത്തമാസം ലീവ് കഴിഞ്ഞ് പുരുഷോത്തമൻസാറ് ചാർജ്ജെടുക്കും വിനയൻസാറിന് അതോർത്തിട്ടുള്ള പ്രയാസമാണ്. സാറിന്‍റെ വീട്ടിലെ സാമ്പത്തികസ്ഥിതി അത്രക്ക് മോശമാണ്.പുള്ളീടച്ഛൻ ഒരു സ്ക്കൂളിൻ ഹെഡ്മാസ്റ്ററായിരുന്നു. പെൻഷനായി. ഇതുവരെ പെൻഷൻതുക കിട്ടിത്തുടങ്ങിയിട്ടില്ല. വിനയൻ സാറിന്‍റെ ശമ്പളോം കൂടിയില്ലാതായാൽ കുടുംബം പ്രയാസത്തിലാകും. വാസ്തവത്തിൽ പുള്ളീടെ ക്വാളിഫിക്കേഷന് ചേർന്ന ജോലിയൊന്നുമല്ലിത്. അഗ്രികള്‍ച്ചറില്‍ പോസ്റ്റ്ഗ്രാജ്വേഷൻ ഡിസ്റ്റിങ്ങ്ഷനോടുകൂടി പാസ്സായതാ. പല കമ്പനീലും അപ്ളൈ ചെയ്തിട്ടുണ്ട്. എവിടേങ്കിലും കിട്ടാതിരിക്കില്ല. പക്ഷെ അതുവരെ പിടിച്ച് നില്ക്കാൻ…” ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം വറീത്ചേട്ടൻ ചോദിച്ചു “നിങ്ങടെ കൂടെ വന്നിരുന്ന ആ കുട്ടീടെ അച്ഛന് സ്വന്തമായി ഒരു സ്വർണ്ണക്കടയുണ്ടെന്ന് ഇവിടെയാരോ പറയുന്നത് കേട്ടു. ശരിയാണോ?”

“അതെ .പൂർണ്ണിമാ ജ്വലേഴ്സെന്നാ കടേടെ പേര്.”

“വിനയൻസാറിന് എന്തെങ്കിലുമൊരു പണിയേർപ്പാടാക്കിക്കൊടുക്കാൻ നിങ്ങളാ കുട്ടിയോടൊന്ന് പറയാമോ?”

“പറഞ്ഞു നോക്കാം. മോഡൽ എക്സാം കഴിഞ്ഞാലവൾ വീട്ടിലേക്ക് പോകുന്നുണ്ടാകും.”

“എങ്കിൽ വിനയൻസാറിന്‍റെ ബയോഡാറ്റയും അപേക്ഷയും ഞാൻ കഴിയുന്നതും വേഗം നിങ്ങളെ ഏല്പിക്കാം.” വറീത്ചേട്ടന്‍റെ മുഖം പ്രതീക്ഷാനിർഭരമായി.

രാത്രി സമയം. സ്നേഹിതകൾ മൂവരും ഉറക്കമായിക്കഴിഞ്ഞെങ്കിലും മഞ്ജുവിനുറങ്ങാനായില്ല. കണ്ണടച്ച് കിടക്കുമ്പോൾ മനസ്സ് നിറയെ പുഞ്ചിരിപൊഴിക്കുന്ന ആ മുഖം മാത്രം. മുരളിയും തന്നെക്കുറിച്ചിപ്പോൾ ഓർമ്മിക്കുന്നുണ്ടാവുമോ എന്നാലോചിച്ചപ്പോൾ അവളറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. മുരളിയും അവളെ ഒട്ടുംതന്നെ മറന്നിട്ടില്ലെന്നതിന് തെളിവായി പിറ്റേന്ന് രാവിലെ അവൾക്കയാളുടെ ഫോൺ വന്നു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 4

ഹോസ്റ്റലിലെ മഞ്ജുവിന്‍റെ റൂംമേറ്റ്സാണ് വരദയും പിങ്കി തോമസ്സും. അവർക്ക് പുറമെ ഒരാൾകൂടി ആ റൂമിൽ താമസമുണ്ട്. പൂർണ്ണിമ. അവരെല്ലാം ഒരേ ക്ളാസ്സിലുമാണ്. പിറ്റേന്ന് തുടങ്ങുന്ന മോഡൽ എക്സാമിനുള്ള പഠനത്തിലാണവർ.

വായിച്ചുകൊണ്ടിരുന്ന നോട്ടുബുക്ക് അടച്ചുവെച്ച് ഒന്ന് മൂരിനിവർന്നുകൊണ്ട് വരദ പറഞ്ഞു. “മണി പന്ത്രണ്ടായല്ലോ. മഞ്ജുവിന്‍റെ പെണ്ണുകാണൽ ചടങ്ങൊക്കെയിപ്പോൾ കഴിഞ്ഞ് കാണും. അവളിങ്ങെത്തിയാൽ വിശേഷങ്ങളൊക്കെ അറിയാമായിരുന്നു.”

“മഞ്ജുവിനെ അയാൾക്കിഷ്ടപ്പെടാതെ വരില്ല. അവൾക്കയാളെ ഇഷ്ടപ്പെടുമോയെന്നാണ് അറിയേണ്ടത്.” പിങ്കി തോമസ്സ് പറഞ്ഞു.

“അവളുടെ മമ്മി പറഞ്ഞത് വളരെ നല്ല കേസാണെന്നല്ലേ. അതുകൊണ്ട് പയ്യനത്ര മോശമാകാൻ വഴിയില്ല.”

“അവള് വീണ് പോവ്വോ”

“ഓ! അത്ര വേഗമൊന്നും വീണുപോകുന്ന ആളല്ലാ അവൾ. മമ്മീടെ നിർബ്ബന്ധംകൊണ്ട് മാത്രമാ അവൾ പോയത് തന്നെ. പോസ്റ്റ് ഗ്രാജ്വേഷന് പോകണമെന്നാണവളുടെ ആഗ്രഹമെന്ന് അവളെപ്പോഴും പറയാറില്ലേ.”

“അവളുടെ മനസ്സ് മാറാനത്രക്ക് സമയമൊന്നും വേണ്ട മോളേ.. യൗവ്വനം പൂത്തുലഞ്ഞുനില്ക്കുന്ന പ്രായമല്ലേ” പിങ്കി തമാശ പറഞ്ഞു.

പുസ്തകത്തിൽതന്നെ കണ്ണുകളൂന്നിയിരിക്കയാണെങ്കിലും പൂർണ്ണിമ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പൊട്ടിച്ചിരിക്കുന്ന സ്നേഹിതകളുടെ നേരെ അസഹ്യതയോടെ നോക്കിക്കൊണ്ട് പൂർണ്ണിമ ശകാരിച്ചു. “വല്ലവരുടേം കല്യാണക്കാര്യം പറഞ്ഞ് നേരം കളയണതിന് പകരം നിങ്ങൾക്ക് വല്ലതും പഠിക്കാൻ ശ്രമിച്ചുകൂടേ? കഷ്ടം!”

“വല്ലവരുടേയുമോ? മഞ്ജൂനെ നീ അങ്ങനെയാണോ കരുതിയിരിക്കുന്നത്.” വരദ ചോദിച്ചു.

“കല്യാണം കഴിഞ്ഞ് അവൾ പഠനം നിർത്തി പോയാൽ ആ തൊല്ലയൊഴിഞ്ഞല്ലോ എന്നാണിവളുടെ മനസ്സിലിരിപ്പ്” പിങ്കിയവളെ കളിയാക്കി

“അതെന്താ നീ അങ്ങനെ പറഞ്ഞത്?” ഈർഷ്യയോടെ പൂർണ്ണിമ ചോദിച്ചു.

“അല്ല, റാങ്കിന് വേണ്ടിയുള്ള മത്സരത്തീന്നവൾ ഒഴിവായി കിട്ടുമല്ലോ.”

പിങ്കിയുടെ ആരോപണം പൂർണ്ണിമയെ ശരിക്കും പ്രകോപിപ്പിച്ചു. “എനിക്കങ്ങനെയാരെയും പേടിയൊന്നുമില്ല. നിങ്ങളിവിടെ സൊള്ളിക്കൊണ്ടിരുന്നോ. ഞാൻ വരാന്തയിലിരുന്ന് വായിച്ചോളാം.”

പുസ്തക്കെട്ടുമായി പൂർണ്ണിമ ശരവേഗത്തില്‍ പുറത്തേക്കിറങ്ങിപ്പോയി.

മഞ്ജു തിരികെ ഹോസ്റ്റലിലെത്തിയപ്പോൾ സന്ധ്യയായി. സ്നേഹിതകൾ മൂന്നുപേരും റൂമിൽ തന്നെയുണ്ടായിരുന്നു.

വരദയും പിങ്കിയും അവളുടെ അടുത്തേക്ക് പാഞ്ഞെത്തി. ചോദ്യങ്ങളുടെ ഒരു നീണ്ട ജാഥതന്നെയായിരുന്നു പിന്നെ. അല്പമകലെയിരുന്ന് നിസ്സംഗതയോടെയാണെങ്കിലും പൂർണ്ണിമയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

“മുരളീമനോഹർ കണ്ടാലെങ്ങനെ? നിനക്കിഷ്ടപ്പെട്ടോ.” വരദ ചോദിച്ചു.

മഞ്ജുവിന്‍റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് പിങ്കി പറഞ്ഞു “പെണ്ണ് ശരിക്കും വീണുപോയെന്നാ തോന്നുന്നേ.”

ഹാന്‍റ് ബാഗിൽനിന്നും ഒരു കവറെടുത്ത് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു “ദേ ഫോട്ടോ നിങ്ങളു തന്നെ മാർക്കിട്ടേക്ക്”

“ഹായ്! ഹിന്ദീസിനിമേലെ സൂപ്പർ സ്റ്റാറിനെപ്പോലുണ്ട്. “ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് വരദയും പിങ്കിയും ഒരേ സ്വരത്തിലഭിപ്രായപ്പെട്ടു.

“മൂപ്പർക്ക് ജോലി ആലപ്പുഴേലാണെന്നല്ലേ പറഞ്ഞേ. നോക്ക് പൂർണ്ണിമേ, നീ ഇയാളെ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ?” പിങ്കി ഫോട്ടോ അവളുടെ നേരെ തിരിച്ച് പിടിച്ചുകൊണ്ട് ചോദിച്ചു.

മനസ്സില്ലാമനസ്സോടെ പൂർണ്ണിമ എഴുന്നേറ്റ് വന്ന് ഫോട്ടോ വാങ്ങി. അതിലുടക്കിനിന്ന അവളുടെ കണ്ണുകൾ ഒരു നിമിഷത്തേക്കൊന്ന് വിടർന്നു. അടുത്തനിമിഷം ആ മുഖത്ത് അസൂയയുടെ കാളിമ പരന്നു. ഫോട്ടോ തിരികെ പിങ്കിയെ ഏല്പിച്ചുകൊണ്ട് താല്പര്യക്കുറവോ ടെ പൂർണ്ണിമ പറഞ്ഞു. “ഓ! ഞാൻ കണ്ടിട്ടൊന്നുമില്ല”

“നിനക്കാളെ ഇഷ്ടപ്പെട്ടോ?” വരദ ചോദിച്ചു

“ങ്ഹാ, തരക്കേടില്ല”

“പുള്ളിക്കാരൻ അടുത്തുതന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നാ പറയുന്നേ.” പിങ്കി അറിയിച്ചു.

പൂർണ്ണിമയപ്പോഴേക്കും അവളുടെ സ്റ്റഡിടേബിളിൽ നിവർത്തിവെച്ചിരുന്ന പുസ്തകത്തിന് മുന്നിലിരുന്നുകഴിഞ്ഞിരുന്നു. “ഗുഡ്” പുസ്തകത്തിൽനിന്നും കണ്ണുകളുയർത്താതെ നിർജ്ജീവ സ്വരത്തിലായിരുന്നു അവളുടെ പ്രതികരണം.

മഞ്ജുവപ്പോൾ സേതുലക്ഷ്മിയുടെ വാക്കുകൾ ഓർമ്മിച്ചുപോയി. തന്‍റെ മമ്മിയ്കൊട്ടും പിഴച്ചിട്ടില്ല. പൂർണ്ണിമയുടെ മനസ്സിപ്പോൾ അസൂയകൊണ്ട് പുകയുകയാവണം. അവൾക്കിന്ന് പഠനത്തിൽ ശ്രദ്ധയൂന്നാൻ കഴിയുമെന്ന് തോന്നുന്നില്ല. മഞ്ജുവിന്‍റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി ഊറി വന്നു.

തിങ്കളാഴ്ച രാവിലെ മാർത്താണ്ഡക്കുറുപ്പ് സേതുലക്ഷ്മി ജോലിചെയ്യുന്ന ബാങ്കിലെത്തി. തികച്ചും സന്തോഷവാനായിരുന്നു അയാൾ. “മുരളിസാറിനും പണിക്കർ സാറിനും മഞ്ജുക്കുഞ്ഞിനെ വല്ലാതങ്ങിഷ്ടപ്പെട്ടു കേട്ടോ” സേതുലക്ഷ്മിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടയുടനെ കുറുപ്പ് അറിയിച്ചു. പിന്നീടയാൾ ആകാംക്ഷാപൂർവ്വം തിരക്കി. “മഞ്ജുമോളെന്താ പറഞ്ഞത്?”

“അവൾക്കും ഈ ബന്ധം സമ്മതമാണ്. മുരളിയെ ഞങ്ങൾക്കും ബോദ്ധ്യമായി. കാഴ്ചയിൽ നല്ലയോഗ്യൻ, പിന്നെ വളരെ നല്ല പെരുമാറ്റോം.”

കുറുപ്പപ്പോൾ അല്പം അഭിമാനഗർവ്വത്തോടെ അറിയിച്ചു “തല്ലിപ്പൊളി കേസൊന്നും കുറുപ്പ് കൊണ്ടുവരത്തില്ല. സ്ത്രീധനത്തുക അല്പം കൂടിയാലും പയ്യൻ കേമനാവണം. അത് കുറുപ്പിന്‍റെയൊരു വാശിയാ.” ശബ്ദമല്പം താഴ്ത്തി കുറുപ്പ് ചോദിച്ചു. ഇന്നലെ പണിക്കർ സാറിനോട് മറ്റ് കാര്യങ്ങളൊന്നും സംസാരിച്ചില്ല അല്യോ”

“അതൊന്നും സംസാരിക്കാനുള്ള സാവകാശം കിട്ടിയില്ല കുറുപ്പേ. അവരുടനെ മടങ്ങിയില്ലേ?” ഉണ്ണിത്താന്‍റെ മുന്നിൽവെച്ച് സ്ത്രീധനക്കാര്യം സംസാരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ആ വിഷയം സംസാരിക്കാൻ കഴിയാഞ്ഞതെന്ന സത്യം സേതു ലക്ഷ്മി മറച്ചുവെച്ചു

“കൊച്ചമ്മ പറഞ്ഞ കണ്ടീഷൻസൊക്കെ ഞാൻ പണിക്കർസാറിനോട് പറഞ്ഞിട്ടുണ്ട്. എങ്കിലും കൊച്ചമ്മ നേരിട്ട് ഒന്നുംകൂടൊന്ന് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞേക്കണം. അതിനൊരു പ്രത്യേക വേയ്റ്റാണേ. അതുകൊണ്ടാ.”

“ഞാൻ പണിക്കരെ ഫോണിൽ വിളിച്ച് സംസാരിച്ചോളാം.”

“മതി, അത് മതി”

“നമുക്കുടനെ കല്യാണനിശ്ചയം നടത്തിയേക്കാമല്ലോ.”

“അക്കാര്യംകൂടി പറയാനാ കുറുപ്പിങ്ങോട്ട് ഓടിയെത്തിയത്. നിശ്ചയം നടത്താനുള്ള തീയതി നിശ്ചയിച്ചറിയിക്കാനാ പണിക്കർസാറ് പറഞ്ഞിരിക്കുന്നേ. ചൂണ്ടേൽ കൊരുത്ത മത്സ്യം വെട്ടിമാറാതെ നോക്കണതിലാ ഇനി നമ്മടെ മിടുക്ക്..”

“ഞാൻ ബാങ്കിൽ നിന്ന് മടങ്ങുന്നവഴി ജ്യോത്സ്യനെ കണ്ട് മുഹുർത്തം കുറിപ്പിക്കാം.”

“എന്നിട്ട് കൊച്ചമ്മ കുറുപ്പിനെ വിളിച്ചറിയിച്ചാൽ മതി. ഞാൻ പണിക്കർസാറിനെ നേരിൽ കണ്ട് വിവരം പറഞ്ഞോളാം.” സേതുലക്ഷ്മി നല്കിയ ഏതാനും നൂറുരൂപാ നോട്ടുകൾ സന്തോഷപൂർവ്വം സ്വീകരിച്ചുകൊണ്ട് കുറുപ്പ് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു “കൊച്ചമ്മ പണിക്കർസാറിനെ ഇന്ന് തന്നെ വിളിച്ചേക്കണം കേട്ടോ.”

കുറുപ്പിനെ യാത്രയാക്കിയശേഷം സേതുലക്ഷ്മി നിറഞ്ഞ മനസ്സോടെ സ്വന്തം സീറ്റിൽ ഒന്നിളകിയിരുന്നു. ഈ സന്തോഷവാർത്ത മഞ്ജുവിനെതന്നെ ആദ്യമറിയിക്കാമെന്നോർത്ത് ഫോണെടുത്തെങ്കിലും അവളിപ്പോ ചോദ്യകടലാസിന് മുന്നിലായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ സേതുലക്ഷ്മി ഫോൺ തിരികെ ക്രേഡിലിൽ തന്നെ വെച്ചു. ഉണ്ണിത്താനെ വിളിച്ച് വിവരം പറഞ്ഞാലോ എന്നാലോചിച്ചെങ്കിലും അടുത്തനിമിഷം ആ ശ്രമവുമുപേക്ഷിച്ചു.

ഉണ്ണിത്താനും ജ്യേഷ്ടസഹോദരി ഈശ്വരിയമ്മയുംകൂടി വർഷങ്ങൾക്ക് മുൻപുതന്നെ മഞ്ജുവും അവരുടെ മകൻ ശിവരാമകൃഷ്ണനും തമ്മിലുള്ള വിവാഹം വാക്കാലുറപ്പിച്ചതാണ്. സഹോദരൻ ആ വാക്ക് മറികടക്കാൻ പോകുന്നവെന്നറിഞ്ഞാൽ സങ്കടവും പരിഭവവുമൊക്കെയായി അവരുടനെ ഇങ്ങോട്ടെത്തും. തന്‍റെ ഭർത്താവിന്‍റെ മനസ്സ് കീഴ്മേൽ മറിക്കാനുള്ള സാമർത്ഥ്യമൊക്കെ ആയമ്മക്കുണ്ട്.

പക്ഷെ ഇന്ന് തന്നെ ഈ സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാതിരിക്കാനുമാവില്ല. സിറ്റിയിലുള്ള ബംഗ്ളാവ് ഉണ്ണിത്താന്‍റെ പേരിലാണ്. അത് മഞ്ജുവിന്‍റെ പേരിലെഴുതിക്കണമെങ്കിൽ അദ്ദേഹത്തിന്‍റെ പൂർണ്ണസമ്മതമില്ലാതെ കഴിയില്ല. അദ്ദേഹമതിന് വിസമ്മതിച്ചാൽ പ്രശ്നമാകും.

ബാങ്കിൽ നിന്ന് മടങ്ങുന്നവഴി ജോത്സ്യനെ കണ്ട് വിവാഹനിശ്ചയത്തിന്‍റെ മുഹുർത്തം കുറിച്ച കുറിപ്പടിയുമായി സേതുലക്ഷ്മി വീട്ടിലെത്തുമ്പോൾ ഉണ്ണിത്താൻ ലൈബ്രറിയിലായിരുന്നു. സേതുലക്ഷ്മി കുറുപ്പിനെ വിളിച്ച് നിശ്ചചയത്തിയതിയും മുഹുർത്തവുമറിയിച്ചു. പിന്നെ ലൈബ്രറിയിലേക്ക് ചെന്നു. “ഇന്ന് മാർത്താണ്ഡക്കുറുപ്പ് ബാങ്കിൽ വന്നിരുന്നു. മുരളീമനോഹറിന് നമ്മുടെ മോളെ വളരെ ഇഷ്ടപ്പെട്ടെന്ന്. എത്രേം വേഗം എങ്കേജ്മെന്റ് നടത്താമെന്ന് വിചാരിച്ച് ബാങ്കീന്ന് വരുന്നവഴി ഞാൻ ജ്യോത്സ്യനെ കണ്ട് മുഹുർത്തോം കുറിപ്പിച്ചു.”

നിശ്ചയതിയതിയിലേക്ക് നോക്കിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു. “ഇത്രക്കങ്ങ് ധൃതി കൂട്ടണോ സേതൂ?”

“പത്ത് പതിനാല് ദിവസത്തെ സാവകാശമുണ്ടല്ലോ. അപ്പോഴേക്കും ജുജൂന്‍റെ എക്സാമും കഴിയും.”

“മോളുടെ അഭിപ്രായമെന്താണെന്നൊക്കെ വിശദമായി ചോദിച്ചറിഞ്ഞിട്ട് അല്പം സാവധാനത്തിലായാൽ പോരേ.”

“അവള് മടങ്ങിപോകും മുൻപ് ഞാനവളോട് എല്ലാം വിശദമായി ചോദിച്ചു. ഈ വിവാഹത്തിനവൾക്ക് പൂർണ്ണസമ്മതമാണെന്നവൾ പറയൂം ചെയ്തു.”

“അവളുടെ സമ്മതം മാത്രം പോരല്ലോ. പയ്യന്‍റെ തറവാട്, സ്വഭാവം ഇതൊക്കെ അന്വേഷിച്ചറിയണ്ടേ?”

“അതും ബാങ്കിലെ ആലപ്പുഴക്കാരൻ ഒരു സ്റ്റാഫ് വഴി ഞാനന്വേഷിച്ചു. മുരളീടെ ഓഫീസ് സ്റ്റാഫിനൊക്കെ അയാളെ വല്യകാര്യമാണെന്നാ അറിഞ്ഞത്.”

“ഉം” ഉണ്ണിത്താൻ വെറുതെയൊന്ന് മൂളി. ഇത്ര പെട്ടെന്ന് വിവാഹമുറപ്പിക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന ധ്വനിയുണ്ടായിരുന്നു അതിൽ.

“താനീ വിവരം മോളെ വിളിച്ച് സംസാരിച്ചോ.”

“ഇല്ല. ഇന്ന് രാത്രി ഹോസ്റ്റലിലേക്ക് വിളിച്ച് അവളോട് സംസാരിക്കാം. പിന്നൊരു പ്രധാന കാര്യം, നമ്മുടെ മോൾക്ക് നല്ലൊരു വിവാഹസമ്മാനം കൊടുക്കണ്ടേ? ആണും പെണ്ണുമായി നമുക്കവളല്ലേയുള്ളു.”

“നമുക്കുള്ളതെല്ലാം അവൾക്കല്ലേ?”

“അതൊക്കെ ശരി തന്നെ. ഇപ്പോൾ അവളൊരു കുടുംബിനിയുംകൂടി ആകാൻ പോവുകയല്ലേ? കോട്ടയത്ത് ശങ്കരേട്ടന്‍റെ പേരിലുള്ള ആ ബംഗ്ളാവ് അവൾക്ക് വിവാഹസമ്മാനമായി കൊടുക്കണമെന്നാ എന്‍റെ അഭിപ്രായം.”

“അതിനൊക്കെ ഇനീം സമയമുണ്ടല്ലോ. ആദ്യം മാര്യേജ് കഴിയട്ടെ.”

“എന്തിനാ അത്രയുമൊക്കെ നീട്ടിക്കൊണ്ട് പോകുന്നത്. വിവാഹത്തിന് മുൻപ് രജിസ്ട്രേഷൻ കഴിഞ്ഞാലല്ലേ വിവാഹസമ്മാനമാകൂ”

“താനിങ്ങനെ ധൃതികൂട്ടുന്നത് കാണുമ്പോൾ എനിക്കൊരു സംശയം. ഇത് തന്‍റെ മാത്രം ആഗ്രഹമാണോ, അതോ ചെക്കൻ വീട്ടുകാരുടെ ആഗ്രഹമാണോ?” ഉണ്ണിത്താന്‍റെ സ്വരം പെട്ടെന്ന് പരുക്കനായി

“അല്ലാ…. നാട്ട് നടപ്പനുസരിച്ച്…” സേതുലക്ഷ്മിയുടെ സ്വരം നേർത്തുപോയി.

“കല്യാണത്തിന് വധുവിന്‍റെ മാതാപിതാക്കൾ കൊടുക്കുന്ന സമ്മാനത്തിന് സ്ത്രീധനമെന്നൊരു ഓമനപ്പേരുകൂടിയുണ്ടെന്നറിയാലോ. വേണ്ട നമ്മുടെ മോളെ അങ്ങനെയാരും വിവാഹം കഴിക്കണ്ട.” ഉണ്ണിത്താന്‍റെ സ്വരം കൂടുതൽ കനത്തു.

കൂടുതൽ നിർബ്ബന്ധിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി സേതുലക്ഷ്മിക്ക് നയത്തിൽ കാര്യം നേടിയെടുക്കുകയേ വഴിയുള്ളു. “ഇഷ്ടമില്ലെങ്കിൽ വേണ്ട. ഞാനൊരാഗ്രഹം പറഞ്ഞെന്ന് മാത്രം.”

നൈരാശ്യം മനസ്സിലടക്കിക്കൊണ്ട് സേതുലക്ഷ്മി പൊയ്ക്കഴിഞ്ഞപ്പോൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ച് ­വെച്ച് ഉണ്ണിത്താൻ ഏതാനും നിമിഷം ചിന്താകുലനായിരുന്നു. മുരളി മഞ്ജുവിനെ പെണ്ണുകാണാൻ വന്ന ദിവസം കുടുംബത്തിന്‍റെ സ്വത്തുവകകളെക്കുറിച്ച് സോമനാഥ പണിക്കർ ചോദിച്ചപ്പോൾ അയാളുടെ അമിതമായ ജിജ്ഞാസയിൽ എന്തെങ്കിലും ദുരുദ്ദേശങ്ങളുണ്ടോ എന്നൊരു സംശയം മനസ്സിനെ അലട്ടിയിരുന്നു. വിവാഹസമ്മാനത്തെക്കുറിച്ച് സേതുലക്ഷ്മി സൂചിപ്പിച്ചതിലും ഉണ്ണിത്താന് എന്തോ അസ്വാഭാവികത തോന്നി. ഐഎഎസുകാരനെ ജാമാതാവായി നേടിയെടുക്കാൻവേണ്ടി സേതുലക്ഷ്മി അണിയറക്ക് പിന്നിൽ താനറിയാതെ എന്തോ ചില ചരട് വലികൾ നടത്തുന്നുണ്ടെന്ന ചിന്ത ഉണ്ണിത്താന്‍റെ മനസ്വാസ്ഥ്യം കെടുത്തി.

കുറുപ്പ് നിർദ്ദേശിച്ചതനുസരിച്ച് സോമനാഥപണിക്കരെ വിളിച്ചു സംസാരിക്കാൻ ആഗ്രഹിച്ചെങ്കിലും ഉണ്ണിത്താന്‍റെ നിസ്സഹകരണം മാറ്റിയെടുക്കുന്നതു വരെ രണ്ടുമൂന്ന് ദിവസത്തേക്ക് അല്പം ക്ഷമ കാണിക്കാന്‍ തന്നെ തീരുമാനിച്ചു സേതുലക്ഷ്മി.

“മഞ്ജുവിനൊരു ഫോൺകോളുണ്ട്.” ഹോസ്റ്റലിലെ ആയ മുറി വാതിൽക്കൽവന്നറിയിച്ചു.

പിങ്കിയും വരദയും ചാടിയെഴുന്നേറ്റ് ആർത്തുവിളിച്ചു. “ഹാപ്പി ന്യൂസ്, ഹാപ്പി ന്യൂസ്, മുരളീമനോഹർ വെഡ്സ് മഞ്ജു” ഫോണിനടുത്തേക്ക് നടക്കുമ്പോൾ മഞ്ജു ജിജ്ഞാസ കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. സേതുലക്ഷ്മിയായിരുന്നു ഫോണിൽ. ആഹ്ളാദംകൊണ്ട് ഇടറുന്ന സ്വരത്തിൽ അവരറിയിച്ചു “മമ്മിയാ ജുജൂ. മുരളിക്ക് വിവാഹത്തിന് സമ്മതമാണെന്ന്. അടുത്തതിന്‍റെ അടുത്ത ഞാറാഴ്ച എങ്കേജ്മെന്റും നിശ്ചയിച്ചു. നിനക്ക് സന്തോഷമാണല്ലോ.”

“യെസ് മമ്മീ, യൂ ആർ ഗ്രേറ്റ് മമ്മീ” ഫോണിലൂടെ മഞ്ജുവിന്‍റെ ചിരി കേട്ടപ്പോൾ സേതുലക്ഷ്മിയുടെ മനസ്സിലും ഒരു കുളിർകാറ്റ് വീശി.

“മമ്മീ, ഡാഡി എന്തു പറഞ്ഞു?”

“ഹി ഈസ് വെരി ഹാപ്പി. ഡാഡിക്ക് മുരളിയെ ഇഷ്ടപ്പെട്ടു.”

“താങ്ക് ഗോഡ്. വലിയൊരു പ്രശ്നമൊഴിവായതു പോലെ മഞ്ജു പറഞ്ഞു. “ഇവിടെ എന്‍റെ ഫ്രെണ്ട്സ് പറഞ്ഞിരിക്കയാ മാര്യേജ് ഫിക്സുചെയ്യാണെങ്കില്‍ അവർക്കൊരു ട്രീറ്റ് വേണമെന്ന്.”

“അതിനെന്താ, പാർട്ടി ഹോട്ടൽ സൗത്ത്പാർക്കിൽതന്നെ നടത്തിക്കോ. ആ പൂർണ്ണിമേം ക്ഷണിച്ചേക്കണം കേട്ടോ. അവളിക്കാര്യം കേട്ടിട്ടെന്തു പറഞ്ഞു. മുരളീടെ ഫോട്ടോ നീയവൾക്ക് കാണിച്ചുകൊടുത്തോ?”

മറ്റാരെങ്കിലും സംഭാഷണം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് മഞ്ജു പറഞ്ഞു. “ഉവ്വ് മമ്മീ. അവൾക്ക് ഷോക്കായിപ്പോയി. ബാക്കിയൊക്കെ ഞാനവിടെ വന്നിട്ട് വിസ്തരിച്ച് പറയാം.”

“നീ പരീക്ഷ കഴിഞ്ഞാലുടനെ ഇങ്ങോട്ടെത്തിയേക്കണം. എന്നിട്ട് വേണം ഫംഗ്ഷനുള്ള ഡ്രസ്സൊക്കെയെടുക്കാൻ”

“ശരി മമ്മീ” ഉത്സാഹതികവോടെ മഞ്ജു പറഞ്ഞു.

മഞ്ജുവിന്‍റെ വിവാഹം തീരുമാനിച്ച വിവരമറിഞ്ഞപ്പോൾ പിങ്കിയും വരദയും ആർത്തു വിളിച്ചു “കൺഗ്രാജുലേഷൻസ് മഞ്ജു.”

പഠനത്തിൽ മുഴുകിയ ഭാവത്തിലിരുന്നിരുന്ന പൂർണ്ണിമയുടെ കയ്യിൽനിന്നും പുസ്തകം പിടിച്ചുവാങ്ങിക്കൊണ്ട് പിങ്കി പറഞ്ഞു. “ദേ, മഞ്ജൂന്‍റെ വിവാഹം ഉറപ്പിച്ചൂന്ന്. രണ്ടാഴ്ച കഴിഞ്ഞ് എങ്കേജ്മെന്റാ”

“കൺഗ്രാറ്റ്സ്, ഹാർട്ടി കൺഗ്രാറ്റ്സ്” പൂർണ്ണിമ അനുമോദനങ്ങളറിയിച്ചെങ്കിലും ഐസുകട്ടയുടെ മരവിപ്പുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

സേതുലക്ഷ്മിയപ്പോൾ ക്ളബ് മെമ്പേഴ്സിനെ വിളിച്ച് ആ സന്തോഷവാർത്ത അവരെയെല്ലാം അറിയിക്കുകയായിരുന്നു. ആ ജോലിയവസാനിച്ച് കഴിഞ്ഞപ്പോൾ ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു “നമ്മുടെ ഈശ്വരിച്ചേച്ചിയെ വിവരമറിയിക്കണ്ടേ”

“അത് നിങ്ങളു തന്നെ വിളിച്ചറിയിച്ചാൽ മതി”

“വിവരമറിയുമ്പോ ചേച്ചി പരിഭവിക്കും”

“എന്തിന്? നിങ്ങടെ മരുമകനും നമ്മുടെ മോളും തമ്മിൽ കാക്കേം കൊക്കും പോലുള്ള ചേർച്ചക്കുറവുണ്ടെന്ന് ഏത് കണ്ണ്പൊട്ടനും പറയൂല്ലോ. എന്നിട്ടും പരിഭവിക്കുന്നതെന്തിനാ”

ഉണ്ണിത്താൻ മനസ്സില്ലാമനസ്സോടെ ഫോണിനടുത്തേക്ക് നടന്നു. ഡയൽ ചെയ്യുമ്പോൾ ഉണ്ണിത്താന്‍റെ വിരൽതുമ്പുകൾക്ക് നനുത്ത വിറയലനുഭവപ്പെട്ടു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 3

സിറ്റൗട്ടിലിരുന്ന് പത്രം വായിക്കയാണ് ഉണ്ണിത്താൻ. ഇളംവെയിൽ ഉമ്മറത്തെ ചവിട്ടുപടിവരെ എത്തിക്കഴിഞ്ഞിരുന്നു. അകത്ത് ചെക്കൻവീട്ടുകാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നെങ്കിലും ഉണ്ണിത്താനതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. മകളെ പെണ്ണുകാണാൻ ഐഎഎസുകാരന്‍ വരുന്നു എന്ന വാർത്ത സേതുലക്ഷ്മി വിമൻസ് ക്ലബ്ബിലെ സ്നേഹിതകളെയെല്ലാം ഫോണിൽ വിളിച്ച് അറിയിക്കുന്നുണ്ടായിരുന്നു. സേതുലക്ഷ്മിയുടെ വാചകകസർത്ത് സിറ്റൗട്ടിലിരിക്കുന്ന ഉണ്ണിത്താന്‍റെ ചെവിയിലുമെത്തുന്നുണ്ട്.

പെണ്ണും ചെക്കനും തമ്മിൽ കാണാൻ പോകുന്നതേയുള്ളു. അപ്പോഴേക്കും വാർത്ത നാടുമുഴുവൻ കൊട്ടിപ്പാടി അറിയിക്കയാണ് തന്‍റെ സഹധർമ്മിണി.

ഒരു പരിഹാസചിരിയോടെ ഉണ്ണിത്താൻ വീണ്ടും പത്രവായന തുടർന്നു.

ഗേറ്റ് കടന്ന് ഒരു യുവതി അകത്തേക്ക് വന്നു. സേതുലക്ഷ്മി സിറ്റൗട്ടിലേക്ക് വന്ന് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതിനിടയിൽ ഉണ്ണിത്താനോട് എന്തോ പറയാൻ ഭാവിച്ചെങ്കിലും ആ യുവതി കൂടെയുള്ളതുകൊണ്ടാകാം നീരസം കലർന്നൊരു നോട്ടമയച്ചു കൊണ്ട് പിൻവാങ്ങി. പക്ഷെ അല്പം കഴിഞ്ഞപ്പോൾ സേതുലക്ഷ്മി വീണ്ടുമെത്തി.

“മണി ഒമ്പതാകാറാകുന്നു. കുളികഴിച്ച് അലക്കിത്തേച്ച ഒരു മുണ്ടും ഷർട്ടും ധരിച്ചോളണം.”

“ഓ! എനിക്കിതൊക്കെ മതി. കാട്ടുകോഴിക്കെന്ത് സംക്രാന്തി.”

“അത് പറ്റില്ല. പതിനൊന്ന് മണിക്ക് അവരിങ്ങെത്തും.”

“ഏതാ ഈ അവര്. താനിന്നലെ പറഞ്ഞ മാന്യന്മാരാണോ?”

“അതെ”

“അവരെന്തിനാ വരുന്നത്?”

“അവര് വരുന്നതെന്തിനാണെന്നറിയില്ലല്ലേ?”

“ഇല്ല, താനെന്നോടൊന്നും പറഞ്ഞേയില്ലല്ലോ.”

“ഓ! ഇനി ഞാൻ പറഞ്ഞില്ലെന്ന പരാതി വേണ്ട. നമ്മുടെ മോളെ പെണ്ണുകാണാനാണവർ വരുന്നത്. പയ്യനേ നിങ്ങളുടെ മരുമകനേപ്പോലെ മണ്ണും മാന്തി നടക്കണവനൊന്നുമല്ല. ഐഎഎസ്സാ, ഐഎഎസ്”

“ഓ! അപ്പോഴതാണ് സംഭവം. അവര് മഞ്ചാടി മോളേ കണ്ടിട്ട് പൊയ്ക്കോട്ടെ അതിന് ഞാനെന്തിനാ മേക്കപ്പിടുന്നേ?”

“മഞ്ചാടീ മരഞ്ചാടീന്നൊക്കെ മോളെ ചെക്കൻവീട്ടുകാരുടെ മുൻപിൽവെച്ച് വിളിച്ചേക്കരുത്.”

“ആ പേര് തനിക്കല്ലേ കൂടുതൽ യോജിക്കുന്നേ?”

“എന്താ… എന്താ പറഞ്ഞത്?” മുന്നോട്ട് നടക്കുന്നതിനിടയിൽ സേതുലക്ഷ്മി പിന്തിരിഞ്ഞ് നിന്നു

“അല്ലാ, മഞ്ചാടിക്കുരു കാണാൻ എന്ത് ചന്തമാണെന്ന് പറയുകയായിരുന്നു. ഇപ്പോളാ വൃക്ഷം എത്ര അപൂർവ്വായീന്ന് ആലോചിക്കുമ്പോ വല്ലാത്ത ദുഃഖം തോന്നണ്ണ്ട്.”

ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി എന്തോ പിറുപിറുത്തുകൊണ്ട് സേതുലക്ഷ്മി നടന്നകന്നു.

ധർമ്മേന്ദ്രൻ കിച്ചണിലെത്തുമ്പോൾ മണ്ഡോദരി പാചകത്തിന്‍റെ തിരക്കിലാണ്. ….

“ഇന്ന് ധർമ്മൻചേട്ടൻ നായാട്ടിനൊന്നും ഇറങ്ങീല്ലേ?”

“ഇല്ല. ഇന്ന് തോട്ടോം തൊടീമൊക്കെ ഓടിച്ചൊന്നു നനച്ചാൽ മതീന്നാണ് കൊച്ചമ്മേടെ ഓർഡർ. ഇനി ഡ്രോയിംഗ് റൂമിലെ ഫർണിച്ചറിന്‍റെ പൊടി തട്ടണം ആ ജോലീംകൂടി കഴിഞ്ഞാൽ ഞാനും വന്ന് സഹായിക്കാം കേട്ടോ!”

“വല്യ ഉപകാരം” അയാളെ കടക്കണ്ണാൽ ഉഴിഞ്ഞുകൊണ്ട് മണ്ഡോദരി മധുരമായൊരു പുഞ്ചിരിയും സമ്മാനിച്ചു.

“മുകളിലേക്ക് ഒരു ചായയെത്തിക്കാൻ പറഞ്ഞിട്ടുണ്ട്. അവിടെ ഏതോ ഒരു പെണ്ണ് വന്നിട്ടുണ്ട്. അവൾക്കാ ചായ”

“ങ്ഹാ! ബ്യൂട്ടീ പാർലറീന്നായിരിക്കും. കുഞ്ഞിനെ ഒരുക്കാൻ വന്നതാ.”

“മഞ്ജുക്കുഞ്ഞിന് നല്ല ചന്തമുണ്ടല്ലോ. പിന്നെന്തിനാ ഒരുക്കാൻ വേറൊരാള്?”

“ഈ ധർമ്മൻചേട്ടനൊന്നുമറിയില്ല. അവരൊരുക്കിയാൽ ഒരു പ്രത്യേക ക്ളാമറാണെന്നാ മാഡം പറയുന്നേ.”

“എന്തോ, എനിക്കൊന്നും അറിയാൻ മേലായേ”

“ദേ ചായ. ഇത് കൊണ്ടുപോയി കൊടുത്തിട്ട് ഒടനേയിങ്ങോട്ട് വന്നേക്കണം കേട്ടോ. കയ്യിനും കാലിനും വല്ലാത്തൊരു വിറവല്. വിഐപികളല്ലേ വരുന്നേ. കുക്കിംഗ് വേണ്ടപോലായില്ലെങ്കിൽ മാഡം എന്നേയിന്ന് നിർത്തിപൊരിക്കും. ഇന്നെല്ലാം ചൈനീസ് മതിയെന്നാ പറഞ്ഞിരിക്കുന്നേ.”

“അതൊക്കെ കൊള്ളാം. പക്ഷെ സാറിന് അല്പം ചോറും കറീം കരുതിയേക്കണം.”

“അയ്യോ! ഞാനതങ്ങ് മറന്നിരിക്കുവാരുന്നു. ചേട്ടൻ ഓർമ്മിപ്പിച്ചതിന് ടാങ്ക്സ്”

ചായയുമായി ധർമ്മേന്ദ്രൻ ഒന്നാംനിലയിലുള്ള മഞ്ജുവിന്‍റെ മുറിയിലേക്ക് ചെല്ലുമ്പോൾ മഞ്ജുവിന്‍റെ മുഖത്ത് പാര്‍ലറില്‍നിന്നെത്തിയ യുവതി ഫേസ്­പാക്കിടുന്നു. അവളുടെ കണ്ണുകൾ രണ്ടും പഞ്ഞിത്തുണ്ടുകൾക്കൊണ്ട് മൂടിയിരിക്കുന്നു.

“ആരാ” കാലനക്കം കേട്ട് മഞ്ജു ചോദിച്ചു

“ധർമ്മൻചേട്ടനാ കുഞ്ഞേ. ചായ കൊണ്ടുവന്നിട്ടുണ്ട്.”

“മേശപ്പുറത്ത് വെച്ചേക്കൂ” മഞ്ജു നിർദ്ദേശിച്ചു. ധർമ്മേന്ദ്രൻ ചായക്കപ്പ് മേശപ്പുറത്ത് വെച്ചശേഷം നേരെ അടുക്കളയിലേക്ക് നടന്നു.

കുറച്ച്കഴിഞ്ഞപ്പോൾ അണിഞ്ഞൊരുങ്ങി സേതുലക്ഷ്മി വിരുന്നുമുറിയിലെത്തി. അല്പം കഴിഞ്ഞപ്പോൾ മാർത്താണ്ഡക്കുറുപ്പുമെത്തി.

“അവരൊക്കെയെവിടെ? അക്ഷമയോടെ സേതുലക്ഷ്മി തിരക്കി.

“ഇപ്പഴിങ്ങെത്തും അല്ലാതെ ഈ മാർത്താണ്ഡക്കുറുപ്പ് വിടുമോ? മഞ്ജുക്കുഞ്ഞെവിടെ?”

“അവൾ ഡ്രസ്സ് മാറുന്നു.”

സേതുലക്ഷ്മിയെ മുറിയുടെ ഒരു മൂലയിലേക്ക് വിളിച്ച് നിർത്തി പതിഞ്ഞ സ്വരത്തിൽ കുറുപ്പ് പറഞ്ഞു” മഞ്ജുക്കുഞ്ഞിന് നമ്മുടെ ഭാഗത്തുനിന്ന് കൊടുക്കാൻ പോകുന്നതെന്തൊക്കെയാണെന്ന് അവര് ചോദിക്കാതെതന്നെ അങ്ങോട്ട് പറഞ്ഞേക്കണം കേട്ടോ. മാന്യന്മാരാകുമ്പോൾ ആ വകയൊക്കെ ഇങ്ങോട്ട് ചോദിക്കാൻ സങ്കോചം കാണും. നമ്മള് അങ്ങോട്ടറിയിച്ചാൽ പ്രശ്നം തീർന്നല്ലോ. പിന്നെ വല്യവല്യയിടങ്ങളീന്നൊക്കെ പയ്യന് ആലോചനകൾ നിലവിലുള്ള സ്ഥിതിക്ക് നമ്മുടെ ഓഫറ് മോശമാകാതെ അല്പം കൂട്ടിയങ്ങിട്ടേക്കണം. അവിടെയാ നമ്മുടെ മിടുക്ക്.”

“എന്തൊക്കെയാ അവര് പ്രതീക്ഷിക്കുന്നതെന്ന് ഒരേകദേശരൂപം കിട്ടിയാൽ…..”

“ഇതിന് മുൻപൊരു കല്യാണക്കാര്യം ഒത്ത് ­വന്നതായിരുന്നു. നൂറ്റിയൻപതുപവനും പത്ത്­ ലക്ഷം രൂപേം ഒരു എസികാറും തറവാടിനടുത്ത് ഒരു ബംഗ്ളാവും ഓഫറുണ്ടായിരുന്നെന്നാ പറേന്നത്. പക്ഷെ പെൺകുട്ടിയേ പയ്യനിഷ്ടപ്പെട്ടില്ല. അതാ ആ കാര്യം നടക്കാഞ്ഞത്.”

സേതുലക്ഷ്മിയുടെ മുഖം ആശങ്കാകുലമാകുന്നത് കണ്ടപ്പോൾ കുറുപ്പ് പറഞ്ഞു “ഇവിടത്തെ കുഞ്ഞിനെ പയ്യന് ഇഷ്ടപ്പെടാതെ വരില്ല. ഫോട്ടോ കണ്ടയുടനെ പറഞ്ഞതല്ലേ ഈ ആലോചന പ്രൊസീഡ് ചെയ്യാമെന്ന്.”

“പ്രശ്നമതല്ല. സ്വർണ്ണോം പൈസേം കാറുമൊക്കെ റെഡിയാ. പക്ഷെ റിയലെസ്റ്റേറ്റിന്‍റെ കാര്യത്തിൽ അല്പം സാവകാശം വേണ്ടിവരും.”

“ആയിക്കോട്ടേ. എങ്കിലും വാക്കുറപ്പിക്കാമല്ലോ. കൊച്ചമ്മ ഒരു വാക്കുപറഞ്ഞാൽ അത് വെറും വാക്കാവില്ലെന്ന് കുറുപ്പിനുറപ്പാ”

ഉണ്ണിത്താനടുത്തേക്ക് വരുന്നത് കണ്ടപ്പോൾ കണ്ണ് ചിമ്മിയടച്ച് കുറുപ്പിന് താക്കീത് നല്കിക്കൊണ്ട് സേതുലക്ഷ്മി സംഭാഷണം അവസാനിപ്പിച്ചു.

“ആരാ? മനസ്സിലായില്ല” കുറുപ്പിന്‍റെ നേരെ നോക്കിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു.

“ജുജൂന് ഈ വിവാഹാലോചന കൊണ്ടുവന്നതീ മാർത്താണ്ഡക്കുറുപ്പാ”

“ഓ! വിവാഹ ബ്രോക്കറാണല്ലേ?”

“അയ്യോ! ഞാനങ്ങനത്തെ ചീപ്പുപണിക്കൊന്നും പോണ ആളല്ല സാറേ. നല്ല കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് നല്ല ബന്ധങ്ങളുണ്ടായിക്കാണാനുള്ള ആഗ്രഹംകൊണ്ടിങ്ങനെ……”

“എടോ, ബ്രോക്കറ് പണി തരംതാണ തൊഴിലാണെന്നൊന്നും എനിക്കഭിപ്രായമില്ല. പിന്നെ പൈസയുടെ പുറത്ത് ഉറപ്പിക്കുന്ന വിവാഹം ശരിക്കും ചീപ്പാണ്. അതിന് കൂട്ടുനില്ക്കുന്ന ബ്രോക്കറുമതേ.”

സേതുലക്ഷ്മിയുടെ മുഖം വിളറിവെളുത്തുപോയി. കുറുപ്പും വല്ലാതെ വിരണ്ടുപോയി.

“ഞാൻ ഗേറ്റിന് മുൻപിൽ ചെന്ന് നില്ക്കട്ടെ. അവരിപ്പഴിങ്ങെത്തും.” കുറുപ്പ് ശരവേഗത്തിൽ സ്ഥലംവിട്ടു. സേതുലക്ഷ്മിയും പെട്ടെന്നെഴുന്നേറ്റ് മഞജുവിന്‍റെ മുറിയിലേക്ക് പോയി. മഞ്ജു ഒരുങ്ങിക്കഴിഞ്ഞിരുന്നു. കസവുനൂലു­കൊണ്ട് മനോഹരമായി ചിത്രവേലകൾചെയ്ത റ്റൊമാറ്റോകളറിലുള്ള ഒരു ചുരിദാറാണവൾ ധരിച്ചിരുന്നത്. അതവൾക്ക് നന്നായി ഇണങ്ങുന്നുമുണ്ടായിരുന്നു.

“മുരളീമനോഹറിനിവളെ ഇഷ്ടപ്പെടാതിരിക്കില്ല.” സേതുലക്ഷ്മിയുടെ മനസ്സു മന്ത്രിച്ചു.

“ഞാനിനി പൊക്കോട്ടെ മാഡം, ഒരു മണവാട്ടിപ്പെണ്ണിനെ മേക്കപ്പ് ചെയ്യിക്കാനുണ്ട്.” ബ്യൂട്ടീഷൻ പോകാനനുവാദം ചോദിച്ചു.

അവൾക്ക് ഫീസിനോടൊപ്പം ഒരു നൂറുരൂപകൂടി നല്കിക്കൊണ്ട് സേതുലക്ഷ്മി ഓർമ്മിപ്പിച്ചു. “നിശ്ചയത്തിന്‍റെയന്നും നീ തന്നെ വന്നേക്കണം കേട്ടോ. അതും രണ്ടാഴ്ചക്കുള്ളിലുണ്ടാകും”

കണ്ണാടിക്കുമുന്നിൽ നിന്ന് തന്‍റെ പ്രതിച്ഛായ തെല്ലൊരു അഭിമാനത്തോടെ ശ്രദ്ധിക്കുന്ന മഞ്ജുവിനോട് സേതുലക്ഷ്മി പറഞ്ഞു. “അവരിപ്പോഴെത്തുമെന്നാ കുറുപ്പ് പറഞ്ഞത്. അവരെത്തിക്കഴിഞ്ഞ് ഞാൻ നിന്നെ വന്ന് വിളിക്കാം.”

“ഞാനെന്തൊക്കെയാ വേണ്ടേന്ന് ഒന്ന് പറയണേ മമ്മീ”

“ഇനിയതും ഞാൻ പറഞ്ഞ് തരണോ? പരീക്ഷക്കാര്യമാലോചിച്ച് മുഖോം കനപ്പിച്ച് നിന്നേക്കരുത്. പിന്നെ മുരളിക്കും കൂടെയുള്ളവർക്കും നീ വേണം ചായ കൊടുക്കാൻ തട്ടിമറിയാതെ തുളുമ്പാതെ കൊടുത്തേക്കണം.”

“അത് ഞാനേറ്റു മമ്മി” മഞ്ജുവിന്‍റെ തുടുത്തമുഖം അപ്പോൾ കൂടുതൽ ചുവന്നു.

സേതുലക്ഷ്മി നേരെ കിച്ചണിലേക്ക് നടന്നു. മണ്ഡോദരിയെ സഹായിച്ചുകൊണ്ട് ധർമ്മേന്ദ്രനുമുണ്ടായിരുന്നു അവിടെ.

രണ്ടുപേരോടുമായി അവർ പറഞ്ഞു. “രണ്ടുംകൂടി കിന്നാരോം പറഞ്ഞോണ്ട് നിന്ന് എല്ലാം കരിച്ച് പൊകച്ച് കളഞ്ഞേക്കരുത്.”

കസവുകരയുള്ള ഡബിളും സിൽക്ക് ജുബ്ബയും ധരിച്ച് ഉണ്ണിത്താൻ അതിഥികളെ സ്വീകരിക്കാൻ തയ്യാറായി ഡ്രോയിംഗ് റൂമിലേക്ക് വന്നു. സേതുലക്ഷ്മിയെ കണ്ടപ്പോൾ തമാശ സ്വയം ആസ്വദിച്ചിട്ടെന്നപോലെ നിറചിരിയോടെ ഉണ്ണിത്താൻ ചോദിച്ചു “ചെക്കന് പെണ്ണിന്‍റെയച്ഛനെ ബോധിക്കാണ്ട് വരണ്ട അല്ലേ. എങ്ങനെയുണ്ട് കൊള്ളാമോ?”

ഉണ്ണിത്താന്‍റെ പ്രതിഷേധം ആറിതണുത്തുതുടങ്ങിയെന്ന അറിവ് ആശ്വാസമുളവാക്കിയെങ്കിലും അത് പുറമേ ഭാവിക്കാതെ അവർ വെറുതേയൊന്ന് മൂളുകമാത്രം ചെയ്തു.

ഒരു കാർ ഗേറ്റ്കടന്ന് അകത്തേക്ക് വരുന്ന സ്വരം കേട്ടപ്പോൾ സേതുലക്ഷ്മി സിറ്റൗട്ടിലേക്ക് ചെന്നു. കുറുപ്പ് കാറിന് പിറകെ ധൃതിയിൽ നടന്ന് വരുന്നത് കണ്ടു. മുരളീമനോഹറിന്‍റെ കൂടെ അയാളുടെ അച്ഛൻ സോമനാഥപണിക്കർ മാത്രമേയുണ്ടായിരുന്നുള്ളു. കുറുപ്പ് രണ്ടുപേരേയും സേതുലക്ഷ്മിക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോഴേക്കും ഉണ്ണിത്താനും അങ്ങോട്ട് വന്നു.

മുരളിയെ ഒരു നോക്ക് കണ്ടപ്പോൾതന്നെ ഉണ്ണിത്താന്‍റെ മനസ്സ് നിറഞ്ഞു. നല്ല ഉയരവും ഒത്തശരീരവുള്ള സുമുഖനായൊരു ചെറുപ്പക്കാരൻ. അന്തസ്സുള്ള വേഷം മരുമകൻ ശിവരാമകൃഷ്ണനെക്കുറിച്ച് ഉണ്ണിത്താൻ അല്പസമയത്തേക്ക് തീർത്തും മറന്നുവെന്നതാണ് സത്യം. അതിഥികൾ ആതിഥേയരോടൊപ്പം അകത്തേക്ക് പോയപ്പോൾ കുറുപ്പ് ചാരിതാർത്ഥ്യത്തോടെ സിറ്റൗട്ടിലെ കസേരകളിലൊന്നിലിരുന്നു

ഉണ്ണിത്താനവരെ ഹാർദ്ദമായി സ്വാഗതംചെയ്ത് ഡ്രോയിംഗ് റൂമിലേക്കിരുത്തിയശേഷം കുശലമാരംഭിച്ചു. “യാത്രയൊക്കെ സുഖമായിരുന്നോ? ഇന്ന് ഞാറാഴ്ചയായത്കൊണ്ട് വഴിയിൽ തിരക്ക് കുറവായിരിക്കും അല്ലേ?”

“യെസ്. പക്ഷെ വഴി മോശമായിരുന്നത്കൊണ്ട് സ്പീഡ് കുറക്കേണ്ടിവന്നു. “മുരളിയാണ് മറുപടി പറഞ്ഞത്. “മെയ്ന്‍റനൻസ് നടത്തുന്നവെന്ന് പേരു മാത്രം. ഒരു മഴക്കാലം കഴിയുമ്പോഴേക്കും റോഡ് കുണ്ടും കുഴിയുമാകും. അതൊക്കെ യുഎസ്സിലെ റോഡ്­സ്. വെരി വെൽ മെയ്ന്‍റേഡ്”

“മിസ്റ്റർ മുരളി പഠിച്ചതൊക്കെ…”

“ബിടെക്ക് എടുത്തത് ബോംബെയിലെ ഐഐടിയിൽ നിന്നാണ്. എംബിഎ യുഎസ്സീന്ന്. അത് കഴിഞ്ഞാണ് ഐഎഎസിന് എഴുതിയത്”

“ഫസ്റ്റ് അറ്റെംറ്റിൽ തന്നെ സെലക്ഷൻ കിട്ടി. പഠിക്കാൻ മിടുമിടുക്കനായിരുന്നു കേട്ടോ.” സോമനാഥപണിക്കർ അഭിമാനപൂർവ്വം അറിയിച്ചു. തുടർന്ന് തന്‍റെ മകൻ കലാലയ ജീവിതത്തിൽ സ്വന്തമാക്കിയ റാങ്കുകളേയും സർട്ടിഫിക്കറ്റുകളേയും കുറിച്ച് വിശദമായൊരു റിപ്പോർട്ടും നല്കി.

“ആറ് മാസത്തിനുള്ളിൽ ആലപ്പുഴ കളക്ടറായി ചാർജ്ജ് എടുക്കാൻ പോകുകയാണല്ലോ. പിന്നെയെന്നും ഉൽഘാടനവും സെമിനാറുമൊക്കെയായി തിരക്കായിരിക്കും. അതിനു മുൻപ് കല്യാണം കഴിപ്പിച്ചേക്കാമെന്നോർത്തു.” പണിക്കർ വിശദീകരിച്ചു.

സേതുലക്ഷ്മിയോടായി ഉണ്ണിത്താൻ ചോദിച്ചു. “മോളെവിടെ ഇങ്ങോട്ട് കണ്ടില്ലല്ലോ.”

“ഇപ്പോ വിളിക്കാം.” സേതുലക്ഷ്മി എഴുന്നേറ്റ് മഞ്ജുവിന്‍റെ മുറിയിലേക്ക് പോയി. അവളപ്പോഴും പഠനത്തിൽ മുഴുകിയിരിക്കയായിരുന്നു.

“നീയിപ്പോഴും വായനയാണോ? കൊള്ളാം”

“നാളെ എക്സാം തുടങ്ങുകയല്ലേ മമ്മീ”

“ഓ! പരീക്ഷക്കല്പം മാർക്ക് കുറഞ്ഞെന്നുവെച്ച് ഒരു കുഴപ്പോം വരാനില്ല, മോളൂ.”

“ആ പൂർണ്ണിമേടെ മുന്നിലെനിക്ക് നാണംകെടാൻ വയ്യെന്‍റെ മമ്മീ. കഴിഞ്ഞ എക്സാമിന് രണ്ടുമൂന്ന് പേപ്പറുകൾക്ക് എന്നേക്കാൾ അല്പം മാർക്ക് കൂടുതല്‍ കിട്ടിയപ്പോള്‍ അവള്‍ക്ക് എന്ത് തലക്കനമായിരുന്നെന്നോ.”

“നീയിപ്പോൾ അതൊന്നുമോർത്ത് വേവലാതിപ്പെടേണ്ട. താഴേ മുരളീം അച്ഛനുമൊക്കെ എത്തിക്കഴിഞ്ഞു.” പറന്ന് കിടക്കുന്ന മുടിയിഴകൾ ഒന്ന് മാടിയൊതുക്കിക്കൊടുത്തിട്ട് സേതുലക്ഷ്മി മഞ്ജുവിനെ വിരുന്നു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.

മുരളിയുടെ കണ്ണുകളുമായി നോട്ടമിടഞ്ഞപ്പോൾ മഞ്ജുവിന്‍റെ കവിളിണകൾ അരുണാഭമായി. ചുണ്ടിണയിൽ ഒരു തൂമന്ദഹാസം വിരിഞ്ഞു. മഞ്ജു അതിഥികളുടെ നേരെ കൈകൂപ്പി.

അല്പംകഴിഞ്ഞപ്പോൾ സേതുലക്ഷ്മി മഞ്ജുവിനേയുംകൊണ്ട് കിച്ചണിലേക്ക് ചെന്നു. മണ്ഡോദരി അടുക്കള സ്ളാബിൻമേൽ ചായയും പലഹാരങ്ങളും തയ്യാറാക്കി വെച്ചിരുന്നു. ധാരാളം വിഭവങ്ങളുണ്ടായിരുന്നതുകൊണ്ട് മണ്ഡോദരിയും അവരെ അനുഗമിച്ചു.

അടുക്കളയിൽ തിരിച്ചെത്തിയ മണ്ഡോദരി ആഹ്ളാദാതിരേകത്തോടെ പറഞ്ഞു. “ധർമ്മൻചേട്ടാ, ശരിക്കും കാമദേവനെപ്പോലാ പയ്യൻ. മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മുരളി ചോദിച്ചു “ആന്‍റി ബാങ്ക് മാനേജരാണെന്നറിയാം. അങ്കിളിന്‍റെ ആക്ടിവിറ്റീസെന്തൊക്കെയാ?”

“എനിക്കല്പം കൃഷിപ്പണിയൊക്കെയുണ്ട്” ഉണ്ണിത്താൻ അറിയിച്ചു.

പണിക്കർ ശരീരമാകെ ഒന്നിളകുമാറ് കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു “അല്പം കൃഷിപ്പണിയൊന്നുമല്ല, മാർത്താണ്ഡക്കുറുപ്പ് പറഞ്ഞല്ലോ മൂന്ന് എസ്റ്റേറ്റുകളുണ്ട് മൂന്നിന്‍റേം മേൽനോട്ടം ഉണ്ണിത്താനാണെന്നൊക്കെ. ബൈദബൈ, എല്ലാംകൂടി മൊത്തം എത്ര ഏക്കർ കാണും?”

“കൃത്യമായി ഓർമ്മയില്ല” മറുപടി നല്കുമ്പോൾ ഉണ്ണിത്താന്‍റെ മുഖത്ത് ഗൗരവം പരക്കുന്നതുകണ്ട് സേതുലക്ഷ്മി അസ്വസ്ഥയായി.

“ഈ വീടും തൊടിയും ചുറ്റിനടന്ന് കാണാൻതന്നെ ചുരുങ്ങീത് ഒരു മണിക്കൂറെങ്കിലും വേണ്ടി വരുമെന്നും കുറുപ്പ് പറഞ്ഞു. ഈ വീടും തൊടിയുംകൂടി എത്ര ഏരിയ കാണും?”

പണിക്കരുടെ ക്രോസ്­വിസ്താരം ഉണ്ണിത്താനിൽ അസഹ്യതയോടൊപ്പം വിസ്മയവുമുളവാക്കി. പായസത്തിൽ കല്ലുകടിച്ചതുപോലുള്ള അതൃപ്തി ആ മുഖത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ സംഭാഷണം തുടരുന്നത് അഭിലഷണീയമല്ലെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി.

“നമുക്ക് ഡൈനിംഗിന്‍റെ ഭാഗത്തേക്കിരിക്കാം. മുരളിക്ക് മഞ്ജുവിനോടെന്തെങ്കിലും സംസാരിക്കാൻ കാണുമല്ലോ.” അവർ പറഞ്ഞു.

രണ്ടുപേരും മാത്രമായപ്പോൾ മുരളി തൊട്ടടുത്തുള്ള ഇരിപ്പിടത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു “മഞ്ജൂന് ഇങ്ങോട്ടിരിക്കാം”

മഞ്ജു സന്തോഷപൂർവ്വം ആ ക്ഷണം സ്വീകരിച്ചു.

കുസൃതി കലർന്നൊരു മന്ദഹാസത്തോടെ മുരളി പറഞ്ഞു. “ആ കുറുപ്പെന്നെ ശരിക്കും ധർമ്മസങ്കടത്തിലാക്കി. മഞ്ജു ഏത് കോളേജിലാണ് പഠിക്കുന്നത്, ഏത് കോഴ്സിന് എന്നെല്ലാമുള്ള സർവ്വഡീറ്റേയ്ൽസും കുറുപ്പ് വിശദമായി അറിയിച്ചുകഴിഞ്ഞല്ലോ. അതുകൊണ്ട് അത്തരം ചോദ്യങ്ങളൊന്നും സ്റ്റോക്കില്ല.”

അതുകേട്ട് മഞ്ജു കിലുകിലെ ചിരിച്ചുപോയി. വളരെനാളായി പരിചയമുള്ള ഒരാളോടെന്നതു പോലെയായിരുന്നു മുരളിയുടെ തുടർന്നുള്ള സംസാരരീതി. നിമിഷങ്ങൾക്കകം മഞ്ജുവിന്‍റെ അപരിചിതത്വവും നീങ്ങി. അയാളുടെ സരസമായ സംഭാഷണശൈലി അവളെ വളരെയേറെ ആകർഷിച്ചു. നിമിഷങ്ങൾ കടന്നുപോയത് അവളറിഞ്ഞതേയില്ല.

കുറച്ചുകഴിഞ്ഞപ്പോൾ പണിക്കർ പോകാനായി എഴുന്നേറ്റു. ഊണുകഴിഞ്ഞിട്ടിറങ്ങാമെന്ന് സേതുലക്ഷ്മി നിര്‍ബന്ധിച്ചെങ്കിലും മുരളീമനോഹറിന് അന്ന് ഉദ്ദ്യോഗസംബന്ധമായി തിരുവനന്തപുരത്ത് എത്തേണ്ടതിനാല്‍ ക്ഷണം വിനയപൂർവ്വം നിരസിക്കപ്പെട്ടു.

യാത്ര പറയാൻനേരം മുരളി മഞ്ജുവിന്‍റെ അരികിൽവന്ന് പതിഞ്ഞസ്വരത്തിൽ ചോദിച്ചു “ഞാനിടക്ക് തന്‍റെ ഹോസ്റ്റലിലേക്ക് വിളിക്കുന്നതിൽ വിരോധമില്ലല്ലോ”

ഒരു നനുത്ത പുഞ്ചിരിയോടെ അവളതിന് മൗനാനുവാദം നല്കി.

മുരളിയുടെ കാർ അകന്നുപോയപ്പോൾ അവൾക്ക് വല്ലാത്തൊരേകാന്തത അനുഭവപ്പെട്ടു. പുഞ്ചിരി തൂകുന്ന മുരളിയുടെ മുഖം കണ്ണിൽനിന്നും മായാത്തതുപോലെ, സരസമായ സംഭാഷണശകലങ്ങൾ കാതുകളിൽ മറ്റൊലിക്കൊള്ളുന്നതുപോലെ.

ഒരു മാസ്മരവലയത്തിലകപ്പെട്ടവളെപ്പോലെയാണ് മഞ്ജു സ്വന്തം റൂമിലെത്തിയത്. ടെക്സ്റ്റ് ബുക്ക് മുന്നിൽ തുറന്ന് വെച്ചെങ്കിലും അവൾക്കതിൽ ശ്രദ്ധപതിപ്പിക്കാനായില്ല.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 2

ശനിയാഴ്ച ഉച്ചയായപ്പോള്‍ മഞ്ജു വീട്ടിലെത്തി.

ഓട്ടോക്കാരന് പൈസ കൊടുത്തശേഷം അവൾ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് എന്തോ വായിച്ചുകൊണ്ടിരുന്ന ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

സുന്ദരിയാണ് മഞ്ജു. ചുറുചുറുക്കും അല്പം കുസൃതിയും തുളുമ്പുന്ന വിടർന്നകണ്ണുകൾ. ശരീരത്തോടൊട്ടിക്കിടക്കുന്ന ഇളംനീല ചുരിദാർ, അവളുടെ ഒതുക്കമുള്ള ശരീരപ്രകൃതിക്ക് നല്ലപോലിണങ്ങുന്നുണ്ട്.

“ഹലോ, ഡാഡീ, ഹൗ ആർ യൂ” മഞ്ജു കുശലം ചോദിച്ചു. അവളുടെ തോളറ്റംവരെ ഞാന്നു കിടക്കുന്ന നീലക്കല്ലുകൾ പതിച്ച ലോലാക്കുകളിലപ്പോൾ വർണ്ണശലഭങ്ങൾ ചിറകനക്കി.

“ങ്ഹാ! അങ്ങനെയൊക്കെയങ്ങ് കഴിഞ്ഞ് പോകുന്നു, എന്‍റെ മഞ്ചാടി മോളേ” വിഷാദം വഴിയുന്ന സ്വരത്തിലായിരുന്നു ഉണ്ണിത്താന്‍റെ മറുപടി…

“എന്താ ഡാഡീ ഒരു മൂഡൗട്ട്?” ഉണ്ണിത്താന്‍റെ ചുമലിൽ തഴുകിക്കൊണ്ടവൾ ചോദിച്ചു.

“എന്‍റെ മോളുപോലും എന്‍റെ മനസ്സറിയുന്നില്ലെങ്കിൽ പിന്നെ….”

മഞ്ജു ആശയക്കുഴപ്പത്തിലായി. അവളുടെ ഡാഡിയെന്ന വിളി ഉണ്ണിത്താന് അലർജിയാണെന്നറിയാം.

“ഡാഡിയെന്ന് വിളിച്ചതിന്‍റെ പിണക്കമാണോ? സോറീ എന്‍റെ പൊന്നച്ഛാ.”

“അതല്ല മോളേ. ഇതിനേക്കാളൊക്കെ ഗൗരവമുള്ള പ്രശ്നമാ…”

“അതെന്താ?”

“നീ അകത്തേക്ക് വാ. ഞാനെല്ലാം പറയാം”

ഉണ്ണിത്താൻ മകളോടൊപ്പം ഡ്രോയിംഗ് റൂമിലേക്ക് നടന്നു. വാച്ചിൽ സമയം നോക്കിക്കൊണ്ടവൾ ചോദിച്ചു.” ഇന്ന് ഫസ്റ്റ് സാറ്റര്‍ഡേ ആയതുകൊണ്ട് മമ്മി ബാങ്കിലായിരിക്കും അല്ലേ?”

“അതെ. സേതു എത്താൻ ചിലപ്പോള്‍ സന്ധ്യയാകും. ഇപ്പോ നിന്‍റെ മമ്മിക്ക് ആ ബ്രാഞ്ചിന്‍റെ മൊത്തം ചുമതലയാണല്ലോ?”

ധർമ്മേന്ദ്രനപ്പോൾ അങ്ങോട്ട് വന്നു. ഷോൾഡർ ബാഗ് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു “ധർമ്മൻചേട്ടൻ ഈ ബാഗ് എന്‍റെ മുറിയിലേക്ക് വെച്ചേക്ക്.”

ബാഗ് കയ്യിൽ വാങ്ങി അയാളവിടെത്തന്നെ ചുറ്റിപറ്റി നിന്നതേയുള്ളു.

“എന്താ ഡാഡിക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞത്?”

“നിന്‍റെ വിവാഹക്കാര്യം തന്നെ. എന്നോട് കമാന്നൊരക്ഷരം പറയാതെയാ നിന്‍റെ മമ്മി നിനക്ക് കല്യാണാലോചന നടത്തുന്നത്.”

“ഡാഡിക്ക് ഈ പ്രപ്പോസൽ ഇഷ്ടമായില്ലേ?

“എന്‍റെ ഇഷ്ടമെന്താണെന്ന് നിനക്കറിയില്ലേ മോളേ?”

“ഇല്ലല്ലോ… എന്താണത്?”

“ശിവരാമകൃഷ്ണൻ നിന്‍റെ മുറച്ചെറുക്കനാണ്. അവനെക്കൊണ്ട്….”

ഇരുചെവികളും പൊത്തിക്കൊണ്ട് മഞ്ജു പറഞ്ഞു. “ആ അരപിരിയെ കെട്ടാനോ? ഡോണ്ട് ബി സില്ലി ഡാഡി”

“നീയെന്താ അവനെക്കുറിച്ചിങ്ങനെയൊക്കെ സംസാരിക്കുന്നത്?”

“തേങ്ങക്ക് വിലകുറഞ്ഞപ്പോ ഫാമിലെ തെങ്ങിൻ തൈക്കളൊക്കെ പിഴുത് മാറ്റി റബ്ബറ് നട്ടത് പിരിവട്ടല്ലാതെ പിന്നെയെന്താ?”

“അത്… അത് കുറേ നാള് മുൻപുണ്ടായ സംഭവമല്ലേ മോളേ?” ഉണ്ണിത്താന്‍റെ സ്വരം തെല്ലൊന്ന് ദുർബ്ബലമായി.

ധർമ്മേന്ദ്രനപ്പോൾ ഇടയിൽ കയറി സ്വന്തം അഭിപ്രായം തുറന്നടിച്ചു. “ഇപ്പോഴും ആ രോഗം തീർത്തും മാറിയെന്ന് പറയാനാവില്ല. റബ്ബറ് കൃഷി നിർത്തിവെച്ച് ആ സ്ഥലത്ത് പച്ചക്കറി ഫാം തുടങ്ങിയാലോ എന്നൊരാലോചനയുണ്ടെന്ന് കഴിഞ്ഞ തവണ വന്നപ്പോ പറേണത് കേട്ടു. കായ്കറിക്കിപ്പോ തീവിലയല്ലേ.”

ഉണ്ണിത്താനപ്പോൾ ധർമ്മേന്ദ്രന്‍റെ നേരെ രൂക്ഷമായൊന്ന് നോക്കിക്കൊണ്ടവനെ ശകാരിച്ചു. “ആ ബാഗ് മോളുടെ മുറിയിൽ കൊണ്ട് വെക്കാൻ പറഞ്ഞിട്ട് നീയിവിടെത്തന്നെ നില്ക്കാണോ? പോ, ആദ്യം പറഞ്ഞതനുസരിക്ക്.”

ധർമ്മേന്ദ്രനുടനെ സ്ഥലം വിട്ടു. ഉണ്ണിത്താൻ ശിവരാമകൃഷ്ണനെ ന്യായീകരിക്കാൻ ഒരു ശ്രമം കൂടി നടത്തി. “കൃഷിയിൽ കൂടുതൽ ലാഭം നേടാനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതു കൊണ്ടെന്താ കുഴപ്പം? എന്തിലും അല്പം പ്രായോഗികബുദ്ധി നല്ലതല്ലേ മോളേ?”

“എന്തായാലും ശിവരാമേട്ടനെ കെട്ടാൻ മാത്രം ഡാഡി എന്നോട് പറയരുത്… ഞാൻ ഈ പ്രപ്പോസലും കണ്ണടച്ച് സ്വീകരിക്കാനൊന്നും പോണില്ല. പോസ്റ്റ്ഗ്രാജ്വേഷൻ കഴിഞ്ഞ് മതി കല്യാണം എന്നാണെന്‍റെ തീരുമാനം.”

മുങ്ങിതാഴുന്നവന് പിടിവള്ളി കിട്ടിയപോലുള്ള ആശ്വാസത്തോടെ ഉണ്ണിത്താൻ പറഞ്ഞു “അതാ അതിന്‍റെ ശരി. നിന്‍റെ മമ്മി പലതും പറഞ്ഞ് നിന്‍റെ കണ്ണിൽ പൊടിയിടാൻ നോക്കും. കരുതിയിരുന്നില്ലെങ്കിൽ നിന്നെയവൾ വല്ല ഗുലുമാലിലും കൊണ്ടുപോയി ചാടിച്ചെന്നും വരും.”

“ഞാന്‍ വന്നില്ലെങ്കിൽ മമ്മിയെന്നോട് മിണ്ടില്ലെന്നെല്ലാം പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ വന്നത്. എന്തെങ്കിലും തട്ടുമുട്ട് പറഞ്ഞ് ഈ ആലോചനയിൽനിന്ന് ഒഴിഞ്ഞു മാറാൻ തന്നെയാ എന്‍റെ തീരുമാനം. അതൊക്കെ പോട്ടെ, ആരാ ഡാഡി നാളെ എന്നെ കാണാൻ വരുന്നത്?”

“മുരളീമനോഹർ ഐ.എ.എസ്സ്. അതിൽ കൂടുതലൊന്നും എനിക്കറിയില്ല.”

തന്‍റെ വിവാഹക്കാര്യത്തിലും അച്ഛനമ്മമാരുടെ നിലപാടെന്താണെന്ന് മഞ്ജുവിന് ഊഹിക്കാൻ കഴിഞ്ഞു. രണ്ടുപേരും തമ്മിൽ ഒരു ദ്വന്ദയുദ്ധത്തിന് വകുപ്പുണ്ട്.

നൈരാശ്യം തുളുമ്പുന്ന സ്വരത്തിൽ മഞ്ജു പറഞ്ഞു. “ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷാവട്ടെ ഡാഡി. എന്നിട്ട് വേണം വായന തുടങ്ങാൻ. തിങ്കളാഴ്ച മോഡലെക്സാം തുടങ്ങും”

സന്ധ്യക്ക് വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മണ്ഡോദരിയോട് ചോദിച്ചത് മഞ്ജു എത്തിയോ എന്നാണ്

മണ്ഡോദരി അറിയിച്ചു “മഞ്ജുക്കുഞ്ഞ് ഉച്ചക്കുതന്നെ എത്തി മാഡം, ഞാൻ ചായേംകൊണ്ട് ചെന്നപ്പോൾ കുഞ്ഞ് കൊണ്ടുപിടിച്ച വായനയാ. തിങ്കളാഴ്ച പരൂക്ഷ തൊടങ്ങാണെന്ന്.”

പതിഞ്ഞസ്വരത്തിൽ സേതുലക്ഷ്മി ചോദിച്ചു “അവളുടെ ഡാഡി ഏഷണിയെന്തെങ്കിലും പറഞ്ഞ് കൊടുത്തോടീ? ”

“ഇല്ല മാഡം കുഞ്ഞ് മുകളീന്നിറങ്ങി വന്നിട്ടേയില്ല”

സേതുലക്ഷ്മിയുടെ മുഖത്ത് ആശ്വാസം പരന്നു. അവരുടനെ വിവാഹബ്രോക്കർ മാർത്താണ്ഡക്കുറുപ്പിനെ വിളിച്ച് മഞ്ജു എത്തിയിട്ടുണ്ടെന്നറിയിച്ചു. പിറ്റേന്ന് രാവിലെ പതിനൊന്ന് മണിക്ക് മുരളീ മനോഹറിനേയും ബന്ധുക്കളേയുംകൊണ്ട് ഉണ്ണിത്താന്‍റെ വീട്ടിലെത്തിക്കോളാമെന്ന് കുറുപ്പ് ഉറപ്പു നല്കുകയും ചെയ്തു.

സേതുലക്ഷ്മി ഒന്നാംനിലയിലുള്ള മഞ്ജുവിന്‍റെ മുറിയിലേക്ക് ചെന്നു. അവരെ കണ്ടയുടെ ആകാംക്ഷയോടെ അവൾ ചോദിച്ചു. “എനിക്ക് നാളെത്തന്നെ മടങ്ങാനൊക്കുമോ മമ്മീ. മറ്റന്നാൾ മോഡലെക്സാം തുടങ്ങുകയാണ്.”

“നാളെ കൃത്യം പതിനൊന്നുമണിക്കവരെത്തുമെന്നാ ബ്രോക്കർ കുറുപ്പ് പറഞ്ഞത്. ചടങ്ങ് കഴിഞ്ഞാലുടനെ നമ്മുടെ വണ്ടീൽതന്നെ നീ മടങ്ങിക്കോ.”

“ശരി മമ്മി, ഏത് വിഐപിയാ എന്നെ കാണാൻ വരുന്നത്?”

“ആള് വിഐപിയാണെന്ന് നിനക്കെങ്ങെനെ മനസ്സിലായി?”

“അത്രക്ക് നല്ല കേസാണെന്നൊക്കെ മമ്മിയല്ലേ പറഞ്ഞത്.”

വെളുക്കെ ചിരിച്ചുകൊണ്ട് സേതുലക്ഷ്മി അറിയിച്ചു. “ആളൊരു വിഐപി തന്നെയാ. മുരളീമനോഹര്‍ ഐ.എ.എസ്സ്. ഡെപ്യൂട്ടി കളക്ടറാ. ആറുമാസത്തിനുള്ളിൽ ആലപ്പുഴേലെ കലക്ടറായി ചാർജ്ജെടുക്കും. നമ്മുടെ ആ ബ്രോക്കർ മാർത്താണ്ഡക്കുറുപ്പില്ലേ? അയാള്‍ കൊണ്ടുവന്ന കേസാ. വളരെ കഷ്ടപ്പെട്ടാ ഈ കേസയാള്‍ ഇവിടംവരെ എത്തിച്ചത്. മന്ത്രിമാരുവരെ മുരളിമനോഹറിനെ മരുമകനായി കിട്ടാൻ നോട്ടമിട്ടിരിക്കുകയാണത്രേ. പയ്യന് നിന്‍റെ ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടത് നമ്മുടെ ഭാഗ്യം. അതുകൊണ്ടാ ആദ്യം പെണ്ണുകാണാന്‍ ഇങ്ങോട്ട് വരാമെന്ന് സമ്മതിച്ചത്.”

ഹാന്‍റ് ബാഗിൽനിന്നും ഒരു ഫോട്ടോയെടുത്ത് മകൾക്ക് കൊടുത്തുകൊണ്ട് സേതുലക്ഷ്മി തുടർന്നു “ഇതാണാള്. കുറുപ്പ് പറഞ്ഞത് നേരിൽകാണാൻ ഇതിലും യോഗ്യനാണെന്നാ.“എന്താ നിന്‍റെ അഭിപ്രായം? നിനക്കിഷ്ടായോ?”

അവളുടെ ചുണ്ടിലപ്പോൾ നാണം കലർന്നൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. സേതുലക്ഷ്മി ആ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മറുപടിയിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് മഞ്ജു ചോദിച്ചു. “ഈ അലയൻസിന്‍റെ കാര്യം മമ്മി ഡാഡിയോട് പറഞ്ഞില്ലേ?”

“എങ്ങനെ പറയും? നിന്‍റെ ഡാഡിയുടെ മനസ്സിലിരിപ്പ് വേറെയല്ലേ?”

“ശരിയാണ്. ഡാഡി എന്നോട് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.”

“ഡാഡി നിന്നോടെന്തൊക്കെയാ പറഞ്ഞത്?” സേതുലക്ഷ്മിയുടെ സ്വരത്തിൽ ഉൽക്കണ്ഠ കലർന്നിരുന്നു.

“ഡാഡിക്ക് ശിവരാമേട്ടനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനാണിഷ്ടമെന്ന് .എന്നോടതുമാത്രം പറയരുതെന്ന് ഡാഡിയോട് ഞാനപ്പോൾ തുറന്ന് പറയൂം ചെയ്തു.”

“അതേതായാലും നന്നായി. നിനക്കുവേണ്ടി ഡാഡി തിരഞ്ഞെടുത്ത ആള് കൊള്ളാം .മനുഷ്യരായാൽ അല്പമെങ്കിലും വിവേകം വേണം. അതെങ്ങനെയാ. ഇരുപത്തിനാല് മണിക്കൂറും കൃഷിയെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും ചിന്തയുണ്ടോ നിന്‍റെ ഡാഡിക്ക്?

“മമ്മിയെന്തിനാ ഡാഡിയെ വെറുതേ കുറ്റപ്പെടുത്തുന്നേ? എസ്റ്റേറ്റുകളിൽ നിന്നുള്ള വരുമാനം കൊണ്ടല്ലേ നമുക്കിങ്ങനെ ആർഭാടമായി ജീവിക്കാൻ സാധിക്കുന്നത്? മമ്മിക്ക് കിട്ടുന്ന ശമ്പളം സാരി വാങ്ങാൻപോലും തികയുന്നില്ലെന്ന് മമ്മിതന്നെ പറയാറുള്ളതല്ലേ”

സേതുലക്ഷ്മിക്കപ്പോൾ ശരിക്കും ഉത്തരംമുട്ടി. “ങ്ഹാ! അതൊക്കെപോട്ടെ. നിനക്കത്താഴത്തിനെന്താ വേണ്ടേന്ന് ആ പെണ്ണ് ചോദിക്കുന്നത് കേട്ടു.”

“പതിവുപോലെത്തന്നെ.” ഒരു കുസൃതിച്ചിരിയോടെ മഞ്ജു പറഞ്ഞു “പാതി മമ്മീടെ മെനു പാതി ഡാഡീടെ മെനു. അല്ലെങ്കിൽ ഈ വീട്ടിൽ മനസ്സമാധാനത്തോടടെ എനിക്കെന്തെങ്കിലും കഴിക്കാൻ പറ്റ്വോ ”

“ശരി, ശരി നാളെ രാവിലെ കൃത്യം പതിനൊന്നിന് മുരളീമനോഹറും ബന്ധുക്കളുമെത്തും. അപ്പോഴേക്കും നീ ഒരുങ്ങി നിന്നേക്കണം. ഓ! അത് പറഞ്ഞപ്പോഴാ. ഞാനാ ഊർവ്വശി ബ്യൂട്ടിപാർലറിലേക്കൊന്ന് വിളിക്കട്ടെ. നിന്നെ ഒരുക്കാൻ നാളെ രാവിലെ ഒരു സീനിയർ ബ്യൂട്ടീഷനെതന്നെ ഇങ്ങോട്ടയക്കാൻ പറയാം.”

സേതുലക്ഷ്മി ധൃതിയിൽ കോണിപ്പടികളിറങ്ങിപ്പോയി അതേ വേഗത്തിൽ മറ്റൊരു സംശയവുമായി മടങ്ങിയെത്തുകയും ചെയ്തു. “ജുജൂ, നീ നാളെ സാരിയാണോ ചുരിദാറോ?”

“സാരിയൊന്നും വേണ്ട മമ്മി. ചുരിദാറ് മതി. മമ്മിയെനിക്ക് കഴിഞ്ഞ ബർത്ത്ഡേക്ക് വാങ്ങിത്തന്ന ചുരിദാറിടാം.”

“അതീ ഒക്കേഷന് പറ്റില്ല മോളൂ, നമുക്ക് പോയി അതിലും നല്ലതൊന്ന് വാങ്ങാം.”

“എനിക്ക് എക്സാമിന് പ്രിപ്പയർ ചെയ്യണ്ടേ മമ്മി, മമ്മി തന്നെ പോയി വാങ്ങിയാൽ മതി.”

“ശരി” സേതുലക്ഷ്മി ശരവേഗത്തിൽ വീണ്ടും മുറിയിൽ നിന്നിറങ്ങിപ്പോയി.

അവർ നേരേ അടുക്കളയിലേക്ക് ചെന്നു “മണ്ഢൂ, നാളത്തെ വിരുന്നിന് പലചരക്കോ കായ്കറിയോ എന്തെങ്കിലും വേണോങ്കിൽ നീ ഒരു ലിസ്റ്റെഴുതി ധർമ്മനെ ഏല്പിച്ചേക്ക്. നാളെ വിഭവങ്ങളെല്ലാം ചൈനീസ് മതി. പിന്നെ ചായയോടൊപ്പം വിളമ്പാന്‍ കുറച്ച് സ്നാക്സും കേക്കുമൊക്കെ വാങ്ങാനും പറഞ്ഞേക്ക്.”

“ഊണിനെത്രപേര് കാണും കൊച്ചമ്മ?”

“ഞാനത് കുറുപ്പിനോട് ചോദിക്കാനും മറന്നു അഞ്ചാറ്പേരെങ്കിലും കാണുമായിരിക്കും.”

ഷോപ്പിംഗിന് സേതുലക്ഷ്മിയിറങ്ങിയപ്പോൾ പലചരക്കുകടയിലേക്കുള്ള ലിസ്റ്റുമായി ധർമ്മേന്ദ്രനും ഇറങ്ങി. അവരേയുംകൊണ്ട് കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയതും ഉണ്ണിത്താൻ മഞ്ജുവിന്‍റെ അടുത്തെത്തി. “മോളേ, നിന്‍റെ മമ്മി പയ്യന്‍റെ ഡീറ്റേയ്ൽസെന്തെങ്കിലും പറഞ്ഞോ?”

“അതൊന്നും പറഞ്ഞില്ല ഡാഡീ. ഐഎഎസ്സ്കാരനാണ് മുരളീമനോഹറെന്നാണ് പേര്. അടുത്തുതന്നെ ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കമെന്നും പറഞ്ഞു. ഫോട്ടോയും കാണിച്ച് തന്നു.”

“ഫോട്ടോ നിന്‍റെ കയ്യിലുണ്ടോ? എങ്കിൽ അച്ഛനൊന്ന് കാണട്ടെ” സ്റ്റഡി ടേബിളിന്‍റെ വലിപ്പിൽ നിന്നും ഒരു കവറെടുത്ത് ഉണ്ണിത്താനെ ഏല്പിക്കുമ്പോൾ മഞ്ജുവിന്‍റെ കണ്ണുകൾ നാണത്താൽ കൂമ്പിയിരുന്നു. ഫോട്ടോയിൽ ദൃഷ്ടി പതിഞ്ഞതോടെ ഉണ്ണിത്താന്‍റെ മുഖം പെട്ടെന്നയഞ്ഞു. സുമുഖനായൊരു ചെറുപ്പക്കാരൻ. കറുകറുത്ത മീശക്ക് താഴെ ഇളം ചുവപ്പാർന്ന ചുണ്ടിണയിലെ മന്ദഹാസവും കൊള്ളാം. ആകാരത്തിൽ ശിവരാമകൃഷ്ണനേക്കാൾ പതിന്മടങ്ങ്‌ യോഗ്യനാണിയാളെന്ന് സമ്മതിക്കാതെ വയ്യ.

ഫോട്ടോയിൽനിന്ന് കണ്ണെടുക്കാതെ ഉണ്ണിത്താൻ ചോദിച്ചു “ഇയാളെ നിനക്കിഷ്ടപ്പെട്ടോ മോളേ”

“നേരിൽ കണ്ടിട്ട് അഭിപ്രായം പറയാം ഡാഡീ”

“നേരിൽ കണ്ടിഷ്ടപ്പെട്ടാൽ നീ ഈ വിവാഹത്തിന് സമ്മതിക്കുമോ”

ഉണ്ണിത്താന്‍റെ മുഖത്തെ വികാരമെന്തെന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു “ഡാഡീടെ അഭിപ്രായമെന്താ”

“ഇത് നിന്‍റെ ഭാവിയെ സംബന്ധിക്കുന്ന കാര്യമല്ലേ. അയാളുടെ വിശദവിവരങ്ങളെല്ലാം അറിഞ്ഞശേഷമേ വ്യക്തമായൊരു അഭിപ്രായം പറയാൻ പറ്റൂ. ഏതായാലും നാളെ ആളിങ്ങെത്തുമല്ലോ”

“ഡാഡി അയാളെ ശരിക്കുമൊന്ന് ഇന്‍റർവ്യൂ ചെയ്തേക്കണം. ഡാഡിക്കിഷ്ടമല്ലാത്ത യാതൊന്നിനും ഈ മഞ്ചാടിമോളെ കിട്ടില്ല” ഉണ്ണിത്താന്‍റെ ചുമലിൽ ശിരസ്സ് ചേർത്തുകൊണ്ട് മഞ്ജു പറഞ്ഞു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 1

ഒരു തെളിഞ്ഞ പ്രഭാതം. സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുകയാണ് ഉണ്ണിത്താൻ. അല്‍പസമയം കഴിഞ്ഞപ്പോൾ വായന അവസാനിപ്പിച്ച് കസേരക്കരികിൽ ചാരിവെച്ചിരുന്ന വാക്കിംഗ് സ്റ്റിക്കുമെടുത്ത് ഉണ്ണിത്താൻ മുറ്റത്തേക്കിറങ്ങി.

സമ്പന്നതയുടെ ധാടിയും മോടിയുമൊന്നും ഉണ്ണിത്താന്‍റെ വേഷത്തിലുണ്ടായിരുന്നില്ല. ഒരു മുണ്ടും തോളിലൊരു തോർത്തും മാത്രം. സ്വന്തം ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളുടെ മേൽ നോട്ടമെല്ലാം ഉണ്ണിത്താൻ നേരിട്ടാണ് നടത്തുന്നത്. ഈ ലോകത്തുള്ള സമസ്ത സസ്യജാലങ്ങളും അദ്ദേഹത്തിന്‍റെ ബലഹീനതയാണെന്ന് മാത്രമല്ല, ആ വിഷയത്തിൽ അഗാധപാണ്ഡിത്യമുള്ള ഒരാളുമാണദ്ദേഹം

ഉണ്ണിത്താൻ മുൻവശത്തെ വിശാലമായ ഉദ്യാനത്തിലെ വാക്ക് വേയിലൂടെ പൂക്കളുടെ വർണ്ണഭംഗിയാസ്വദിച്ചുകൊണ്ട് കുറച്ച് സമയം ഉലാത്തിയശേഷം പിറകിലെ തൊടിയിലേക്ക് നടന്നു. കായ്കറിത്തോട്ടത്തിലെ പാവൽപന്തലിനരികിൽ ഉണ്ണിത്താന്‍റെ വിശ്വസ്തഭൃത്യനായ ധർമ്മേന്ദ്രൻ നില്പുണ്ടായിരുന്നു. പാവലിന്‍റെ ചുരുണ്ടിരിക്കുന്ന ഇലകൾ ഓരോന്നായി അടർത്തി ശ്രദ്ധാപൂർവ്വം ഒരു പ്ളാസ്റ്റിക് കവറിനുള്ളിൽ നിക്ഷേപിക്കുകയായിരുന്നു അയാൾ.

“ഒന്നിനേപ്പോലും ബാക്കിവെച്ചേക്കരുത് കേട്ടോ ധർമ്മാ, അവറ്റോള് ഇലകള് മുഴുവൻ തിന്ന് തീർക്കും” ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.

“ശരിയാ. തപസ്സിരിക്കാൻ തുടങ്ങണതിന് മുൻപ് ഇവറ്റകൾക്ക് മുടിഞ്ഞ വിശപ്പാ.”മറ്റൊരില നുള്ളിയെടുത്ത് അതിൽ ഒളിഞ്ഞിരിക്കുന്ന പച്ചപുഴുവിനെ കവറിനകത്തേക്ക് നിക്ഷേപിച്ചുകൊണ്ട് ഒരു പ്രപഞ്ചസത്യം പ്രവചിക്കുംപോലെ ഗൗരവത്തോടെ ധർമ്മേന്ദ്രൻ അഭിപ്രായപ്പെട്ടു.

“അവ തപസ്സിരിക്കുന്നതൊന്നുമല്ലെടോ. ചിറക് മുളക്കുന്നതുവരെ ഒരു സമാധിഘട്ടത്തിലാണവ.”

ഇളിഭ്യചിരിയോടെ ധർമ്മേന്ദ്രൻ പാതി തന്നോടുതന്നെയെന്നപോലെ പറഞ്ഞു.”ജീവനോടെ സമാധിയിരിക്കണതിന് തപസ്സിരിക്യാന്ന് പറേണതില് തെറ്റൊന്നൂല്ല. സമാധിയിരിക്കുമ്പോ പഞ്ചാക്ഷരമന്ത്രംകൂടി ജപിക്കണുണ്ടോന്നാർക്കറിയാം. ങ്ഹാ! അല്പം കൂടി ക്ഷമിച്ചോ, എല്ലാത്തിനേം ഒരുമിച്ച് സ്വർഗ്ഗത്തിലേക്കയച്ചേക്കാം.”

മുന്നോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ഉണ്ണിത്താൻ വിളിച്ച് ചോദിച്ചു.”നീയെന്തെങ്കിലും പറഞ്ഞോ ധർമ്മാ?”

“ഓ, ഇല്ല” ധർമ്മേന്ദ്രൻ വിനീതനായി.

ഉണ്ണിത്താൻ തിരികെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ ഡ്രോയിംഗ്റൂമില്‍ ഭാര്യ സേതുലക്ഷ്മി ഫോണിലാരോടോ സംസാരിക്കുന്ന സ്വരം. അകത്തേക്കുവെച്ച കാൽ പിന്നോട്ടെടുത്ത് ഉണ്ണിത്താൻ വാതിലിന്‍റെ മറവിലേക്ക് നീങ്ങിനിന്നുകൊണ്ട് ശ്രദ്ധിച്ചു.

“അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല, ജുജുമോളെ. നീയിവിടെവരെ വന്നേ ഒക്കൂ. അത്ര നല്ല കേസാ. അതുകൊണ്ടാ.”

തിരുവനന്തപുരത്തെ കോളേജ്- ഹോസ്റ്റലിൽ താമസിച്ച് ഡിഗ്രി ഫൈനലിയറിന് പഠിക്കുന്ന മകളോടാണ് സേതുലക്ഷ്മി സംസാരിക്കുന്നതെന്ന് ഉണ്ണിത്താന് മനസ്സിലായി. മഞ്ജുവെന്നാണ് മകളുടെ പേര്. അവളെ സേതുലക്ഷ്മി “ജുജൂ”വെന്നാണ് വിളിക്കുന്നത്. ഉണ്ണിത്താൻ മഞ്ചാടിമോളെന്നും.

ചെറിയൊരിടവേള. മകളുടെ മറുപടിയൊട്ടും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്ന അസഹ്യതയാണ് സേതുലക്ഷ്മിയുടെ മുഖത്തിപ്പോൾ

“ഇതങ്ങനെ നീട്ടിക്കൊണ്ട്പോകാൻ പറ്റില്ല മോളൂ. ചടങ്ങ് നടത്താൻ വൈകിയാൽ പയ്യനെ മറ്റാരെങ്കിലും റാഞ്ചിക്കൊണ്ട് പോകും. അത്രക്ക് നല്ല കേസാ. ശനീം ഞായറും നിനക്ക് മുടക്കമല്ലേ? ശനിയാഴ്ച നീയിങ്ങോട്ടെത്തിയാൽ ഞായറാഴ്ച രാവിലെ ചടങ്ങ് നടത്താം.”

എന്തോ അനക്കംകേട്ട് സേതുലക്ഷ്മി തിരിഞ്ഞുനോക്കി. ഉണ്ണിത്താനെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും സംഭാഷണം തുടർന്നു.”ശനിയാഴ്ചതന്നെ നീയീങ്ങോട്ടെത്തിയേക്കണം. ഇല്ലെങ്കിൽ മമ്മി നിന്നോടിനി മിണ്ടില്ല. പറഞ്ഞേക്കാം. ബൈ ജുജൂ”

ഫോൺ ക്രേഡിലിൽവെച്ച് സേതുലക്ഷ്മി തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ ഉണ്ണിത്താൻ പിറകേ കൂടി.”രാവിലെ മോളേ വിളിച്ച് സംസാരിക്കുന്നത് കേട്ടല്ലോ എന്താ കാര്യം”

ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി ഒരക്ഷരം മറുപടി പറയാതെ മുഖം വെട്ടിതിരിച്ചുകൊണ്ട് സേതുലക്ഷ്മി അകത്തേക്ക് പോയി. ഉണ്ണിത്താനിൽനിന്നും നിസ്സഹായതയുടെ ഒരു നെടുവീർപ്പുയർന്നു.

അച്ഛനായ തന്നോടുപോലും ഒരുവാക്ക് പറയാതെയാണ് സേതുലക്ഷ്മി മകൾക്ക് വിവാഹമാലോചിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. തന്‍റെ മരുമകൻ ശിവരാമകൃഷ്ണനെക്കൊണ്ട് മഞ്ജുവിന്‍റെ കഴുത്തിൽ താലികെട്ടിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് സേതുലക്ഷ്മിക്കറിയാം. ആ ബന്ധം സേതുലക്ഷ്മിക്ക് തീരെ ഇഷ്ടമല്ല. പോസ്റ്റ്ഗ്രാജ്വേഷനും കഴിഞ്ഞിട്ട് മതി സ്വന്തം വിവാഹമെന്ന അഭിപ്രായമാണ് മഞ്ജുവിന്.

ഇത്രപെട്ടെന്ന് തന്‍റെ ഭാര്യ മകൾക്ക് ഒരു ഭർത്താവിനെ അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് സ്വപ്നത്തിൽപോലും ഉണ്ണിത്താന്‍ കരുതിയിരുന്നില്ല. സേതുലക്ഷ്മിയുടെ നീക്കങ്ങൾക്കെതിരെ താനെങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചായിരുന്നു ഉണ്ണിത്താന്‍റെ അടുത്ത ചിന്ത.

മഞ്ജു വരട്ടെ. അവളെ വേണ്ടപോലൊന്ന് ഉപദേശിച്ച് നോക്കാം. യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനുള്ള ബുദ്ധിയൊക്കെ തന്‍റെ മകൾക്കുണ്ടെന്നതൊരാശ്വാസമാണ്. ഉണ്ണിത്താൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ധർമ്മേന്ദ്രൻ കൃഷിപ്പണി കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പാചകക്കാരി മണ്ഡോദരി തിരക്കിട്ട ജോലിയിലാണ്.

“മണ്ഡൂ, അല്പം തിളച്ചവെള്ളം” ധർമ്മേന്ദ്രൻ വളരെ അനുനയസ്വരത്തില്‍ തന്‍റെ ആവശ്യമറിയിച്ചു. അടിമുടി വിയർപ്പിൽ കുളിച്ച് പോയിരുന്നു അയാൾ. പുഴുക്കൾ പുളയുന്ന പ്ളാസ്റ്റിക്ക് കൂടിലേക്ക് നോക്കി അറപ്പോടെ മണ്ഡോദരി പരിഹസിച്ചു “ഓ! ധർമ്മൻചേട്ടൻ വേട്ട കഴിഞ്ഞെത്തിയോ?”

“കഴിഞ്ഞൂന്ന് തീർത്ത് പറയാനാവില്ല. ശത്രുക്കളെ ബന്ദികളാക്കിയിട്ടേയുള്ളു. ഇനി വധ ശിക്ഷ നടപ്പാക്കണം.”

“എന്തിനാ ധർമ്മൻചേട്ടാ ഈ മുടിഞ്ഞ പണിക്ക് പോണത്. പുഴുക്കേടിനെന്തെങ്കിലും മരുന്നു തളിച്ചാൽപോരേ?”

“മണ്ടത്തരം പറയല്ലേ, എന്‍റെ മണ്ഡോദരി, കീടനാശിനികൾ കൊടിയ വിഷമാണെന്നറിഞ്ഞൂടേ നിനക്ക്?”

കയ്യിലെ വാച്ചിൽ നോക്കി മണ്ഡോദരി വേവലാതിപ്പെട്ടു “അയ്യോ! നേരമൊരുപാടായി. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കൊച്ചമ്മ ഇപ്പഴെത്തും.. വീട്ടുകാരാകെ രണ്ട് പേരേയുള്ളു. എന്നാലെന്താ? ഈരാറ് പന്ത്രണ്ടിഷ്ടങ്ങളല്ലേ. അതാ അടുക്കളേലെ പണിതീരാത്തത്. മാഡത്തിന് ഷാങ്ങ്ഹായ് ഓംലറ്റും കോൺഫ്ളേക്സും മതിയെന്നാ ഓഡർ. സാറിന് പുട്ടും പഴോം കടലക്കറീം.”

ചുറ്റുമൊന്ന് കണ്ണോടിച്ച് അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയശേഷം ധർമ്മേന്ദ്രൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.”പ്രശ്നം തന്‍റെ മാഡം തന്നെയാണ്. സാറിന് പുട്ട് മതിയെന്ന് പറഞ്ഞാൽ തനിക്കും അത് മതീന്ന് വിചാരിച്ചൂടെ ആയമ്മക്ക്?”

“മറിച്ചും ആവാല്ലോ. ധർമ്മൻചേട്ടന്‍റെ സാറിനെന്താ ഒന്ന് അഡുജസ്റ്റ് ചെയ്താല് ?”

“ഒരു വീടായാൽ ആണുങ്ങടെ ഇഷ്ടമാ നോക്കേണ്ടത്”

“അത് വെറും ഷോനിസമാണെന്നാ മാഡം പറയുന്നേ”

“എന്ന് പറഞ്ഞാലെന്തോന്നാ?”

“അത്….. പിന്നെ.. സത്യം പറഞ്ഞാ അതെന്തോന്നാണെന്ന് എനിക്കുമറിഞ്ഞൂടാ. ആണുങ്ങടെ ഒരുതരം ഷോവാണെന്ന് കൂട്ടിക്കോ. മാഡമെപ്പോഴും സാറിനെക്കുറിച്ചങ്ങനെയൊക്കെ പറേണത് കേക്കാം. അയ്യോ! നേരം പോയി കേട്ടോ. ബാങ്കി പോകാന്‍ വൈകീന്നും പറഞ്ഞ് മാഡമിന്ന് പടവാളെടുക്കും ഒറപ്പ്.”

“കുറച്ച് തിളച്ചവെള്ളം കിട്ടിയാൽ ഞാനങ്ങ് പൊയ്ക്കോളാം.”

“വെള്ളം തിളപ്പിക്കാനൊന്നും സ്റ്റൗ ഒഴിയത്തില്ലെന്നേ”

“പതുക്കെ മതി. താൻ പണിയെടുക്കുന്നതും കണ്ടോണ്ട് ഞാനിവിടെയിരുന്നോളാം.”

“അയ്യട! അങ്ങിനെയിപ്പോൾ വായ് നോക്കിയിരിക്കണ്ട. ദേ, ഈ ഉള്ളിയൊന്ന് തൊലിച്ച് തന്നേക്ക്.”

(മേല്‍ ഷോവനിസം = പുരുഷമേധാവിത്വ പ്രവണത)

കൈയെടുത്താൽ ഇവറ്റകള് രക്ഷപ്പെട്ടാലോന്നാണ്.”

“കിടന്ന് പുളക്കുന്നത് കണ്ടോ. അറച്ചിട്ട് വയ്യ” പ്ളാസ്റ്റിക് കൂടിലേക്ക് നോക്കിക്കൊണ്ട് മണ്ഡോദരി മുഖം ചുളിച്ചു.

അടുക്കളയിലുള്ള കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ രണ്ടുപേരും സംഭാഷണം അവസാനിപ്പിച്ച് ചെവിയോർത്തു.

“സാറായിരിക്കും പൂജാമുറിയിൽ ചന്ദനമരച്ച് വെക്കാൻ മറന്നു. അതിനായിരിക്കും.” ധർമ്മേന്ദ്രൻ പറഞ്ഞു.

കവറിന്‍റെ അറ്റം പിണച്ച് കെട്ടി അത് അടുക്കള സ്ളാബിൽ വെച്ച് അയാൾ നടക്കാൻ തുടങ്ങുമ്പോൾ മണ്ഡോദരി തടഞ്ഞു “അത് പുറത്തെവിടേങ്കിലും വെച്ചിട്ട് പോയാൽ മതി.”

“ഓ, ഉത്തരവുപോലെ ഞാൻ വരുമ്പോഴേക്കും തിളച്ചവെള്ളം റെഡിയാക്കി വെച്ചേക്കണം കേട്ടോ ”

“ങ്ഹാ” മണ്ഡോദരി അർദ്ധസമ്മതത്തോടെ ഒന്ന് മൂളി. പിന്നെ ധൃതിയിൽ പാചകം തുടർന്നു.

ചാണയിലരച്ച് തയ്യാറാക്കിയ ചന്ദനവുമായി ധർമ്മേന്ദ്രൻ പൂജാമുറിയിലെത്തുമ്പോൾ അസ്വസ്ഥതയോടെ ഉലാത്തുകയാണ് ഉണ്ണിത്താൻ. ഇലക്കീറിലെ ചന്ദനംകൊണ്ട് നെറ്റിയിലും മാറിലും കുറി വരച്ച് ദൈവങ്ങൾക്ക് മുന്നിൽ ഭക്തിപൂർവ്വം ഒരു ദണ്ഡനമസ്ക്കാരവും കഴിച്ചശേഷം പതിഞ്ഞസ്വരത്തിൽ ഉണ്ണിത്താൻ പറഞ്ഞു. ”നീയാ വാതിലൊന്നടക്ക് ധർമ്മാ. പ്രധാനപ്പെട്ടൊരു കാര്യം നിന്നോട് സംസാരിക്കാനുണ്ടെനിക്ക്.”

ധർമ്മേന്ദ്രൻ അനുസരണയോടെ ഉടന്‍തന്നെ വാതിൽ ചേർത്തടച്ചു.

“നിന്‍റെ കൊച്ചമ്മയിന്ന് മഞ്ചാടിമോൾക്ക് ഫോൺ ചെയ്ത് എന്തോ കല്യാണാലോചനയുടെ കാര്യം പറയുന്നത് കേട്ടു. ഞാൻ ചോദിച്ചിട്ട് സേതു ഒന്നും പറയുന്നുമില്ല. അവള്‍ മണ്ഡോദരിയോട് വിശേഷങ്ങളെല്ലാം വിസ്തരിച്ച് പറഞ്ഞുകാണും. വിവരങ്ങളെല്ലാം മണ്ഡോദരിയോട് ചോദിച്ചറിഞ്ഞ ശേഷം നീയത് എത്രേം വേഗം എന്നെ അറിയിക്കണം.”

“അയ്യോ! രഹസ്യം ചോർത്താൻ ചെന്നാൽ അവളെന്നെ കടിച്ച് കീറാൻ വരും.”

“നീയവളെ എങ്ങനേങ്കിലും വളച്ചെടുത്ത് കാര്യം സാധിക്കാൻ നോക്കെന്‍റെ ധർമ്മാ” ഉണ്ണിത്താന്‍റെ സ്വരത്തിൽ നിസ്സഹായത നിഴലിച്ചു.

“ങ്ഹാ, ശ്രമിച്ച് നോക്കാം” ധർമ്മേന്ദ്രൻ ദൗത്യം ഏറ്റെടുത്തുകൊണ്ട് ഗൗരവപൂർവ്വം പുറത്തേക്കിറങ്ങി നടന്നു.

ഡൈനിംഗ് ടേബിളിൽ പ്രാതലിനുള്ള വിഭവങ്ങളെല്ലാം ഒരുക്കിവെച്ച് എല്ലാം വേണ്ടപോലായിട്ടുണ്ടോയെന്ന് ഒരിക്കൽകൂടി പരിശോധിക്കുകയായിരുന്നു മണ്ഡോദരി.

സേതുലക്ഷ്മിക്കുള്ള പ്ളേറ്റിനടുത്ത് കത്തി, ഫോർക്ക് നാപ്കിൻ ഇവയൊക്കെ യഥാസ്ഥാനത്ത് ഒരുക്കിവെച്ചിരിക്കുന്നു. ടേബിളിന്‍റെ എതിർവശത്ത് ഉണ്ണിത്താനുള്ളതും ഒരു തൂശനിലസഹിതം തയ്യാറാക്കിവെച്ചിരിക്കുന്നു.

അവൾ അടുക്കളയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ധർമ്മേന്ദ്രനും പിറകേ കൂടി. ”മണ്ഡൂ, തന്നെ ശരിക്കും തൊഴണം. സ്വന്തം ജോലി ഇത്ര അച്ചട്ടായി ചെയ്യുന്ന ഒരു പെണ്ണും ഈ ഭൂമണ്ഡലത്തിലുണ്ടാവില്ല”

“ധർമ്മൻചേട്ടനെന്തിനാ രാവിലെ സോപ്പിടുന്നേ.”

“അതേയ്, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയാമോ”

“ഇല്ലല്ലോ. കിന്നാരം പറയാനൊന്നും എനിക്ക് തീരെ സമയമില്ല. കിച്ചണിൽ നൂറ്കൂട്ടം പണി കിടക്കുന്നു. മാഡത്തിന് ലഞ്ച് കൊണ്ടുപോകേണ്ടതല്ലേ. തിളച്ചവെള്ളം എടുത്ത് വെച്ചിട്ടുണ്ട്. പഞ്ചായത്തിന് നില്ക്കാതെ അതുമെടുത്ത് വേഗം സ്ഥലം വിട്ടേക്ക്.”

തിളച്ചവെള്ളവുംകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ധർമ്മേന്ദ്രൻ പറഞ്ഞു. ”ഞാനിപ്പോ വന്നേക്കാം കേട്ടോ.”

“എന്തിനാ”

“നിന്നെ സഹായിക്കാൻ”

മണ്ഡോദരിയുടെ മുഖത്തെ ഗൗരവം മെല്ലെ തണുക്കുന്നത് കണ്ടപ്പോൾ ധർമ്മേന്ദ്രൻ അവൾ കാണാതെ വിജയഭാവത്തിൽ തലയനക്കി. അവളെ പ്രസാദിപ്പിക്കുന്നതിനുള്ള ഏകമാർഗ്ഗം അവളെ പാചകജോലിയിൽ സഹായിക്കുക എന്നത് മാത്രമാണെന്ന് അയാൾക്കറിയാമായിരുന്നു. അന്നത്തെ പച്ചക്കറി വിഭവങ്ങളുടെ പാചകം മൊത്തം തലയിലായെങ്കിലും ധർമ്മേന്ദ്രൻ അതിവിദഗ്ദ്ധമായി രഹസ്യങ്ങൾ ചോർത്തിയെടുത്തു.

ഉണ്ണിത്താന്‍റെ സംശയം ശരിയായിരുന്നെന്ന് തീർച്ചയായപ്പോൾ സത്യത്തിൽ ധർമ്മേന്ദ്രന്‍റെ രക്തം ധാർമ്മികരോഷംകൊണ്ട് തിളച്ചു പോയി. സ്വന്തം മകളെ ജീവന് തുല്യം സ്നേഹിക്കുന്ന സാറിനോട് പറയാതെ കൊച്ചമ്മ അവൾക്ക് വിവാഹാലോചന നടത്തിയത് പൊറുക്കാനാകാത്ത ധിക്കാരമാണെന്നായിരുന്നു യജമാനസ്നേഹിയായ അയാളുടെ നിലപാട്.

ഉണ്ണിത്താനെ വാർത്തകളറിയിക്കാൻ സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവന്നു അയാൾക്ക്

കുറച്ച് കഴിഞ്ഞപ്പോൾ കടുംപച്ചനിറത്തിൽ കസവുകരയുള്ള പട്ടുസാരിയും മാച്ച് ചെയ്യുന്ന ബ്ളൗസും ആഭരണങ്ങളുമണിഞ്ഞ് സേതുലക്ഷ്മി ഡൈനിംഗ് ഹോളിലേക്ക് ധൃതിയിൽ നടന്ന് വന്നു. പുട്ടും പഴവും നന്നായി കുഴച്ചുരുട്ടി ആസ്വദിച്ച് വായിലാക്കുകയായിരുന്നു ഉണ്ണിത്താൻ.

ടക്കിടെ വാച്ചിൽ നോക്കിക്കൊണ്ട് ഷാങ്ഹായ് ഓംലെറ്റ് ഫോർക്കിൽ കുത്തിയെടുത്ത് കഴിക്കുന്നതിനിടയിൽ ഉണ്ണിത്താനെ ശ്രദ്ധിക്കുന്ന സേതുലക്ഷ്മിയുടെ മുഖത്ത് അസഹ്യത തെളിഞ്ഞു. സേതുലക്ഷ്മിയുടെ നീരസം കലർന്നഭാവം തീർത്തും അവഗണിച്ചുകൊണ്ട് ഉണ്ണിത്താൻ വിരലുകൾ ഇടക്കിടെ ഈമ്പിക്കൊണ്ട് ഭക്ഷണം തുടർന്നു.

പെട്ടെന്ന് സേതുലക്ഷ്മി പൊട്ടിത്തെറിച്ചു. ”ശങ്കരേട്ടന് മര്യാദക്ക് ഭക്ഷണം കഴിച്ചൂടെ? ഇതൊരുമാതിരി സംസ്ക്കാരമില്ലാത്തപോലെ.”

വിരലുകൾ ഒരിക്കൽകൂടി ഈമ്പിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു. ”ഇങ്ങനെ പുട്ട് കഴിക്കുന്നതിലെന്താടോ കുഴപ്പം? എന്‍റെ വീട്ടിലിരുന്ന് പുട്ടും പഴോം തിന്നാൻ എനിക്കിത്രയൊക്കെ സംസ്ക്കാരം മതി.”

“മാന്യന്മാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇത്തരം വൃത്തികേടുകളൊക്കെ കാണിച്ചാൽ.

“താനേതായാലും ആ വകുപ്പിൽ പെടില്ലല്ലോ. പിന്നെയാരാ വേറെ മാന്യന്മാര്”

“ജുജൂന്‍റെ ബന്ധു വീട്ടുകാരായി വരാൻ പോകുന്നവര്.”

“ഓ! അവളെ കല്യാണം കഴിക്കാൻ പോകുന്നത് എന്‍റെ മരുമകൻ ശിവരാമകൃഷ്ണനല്ലേ? അവനും ഇതേ ശൈലിയിലാ പുട്ടും പഴോം തിന്നുന്നത്. അവൻ മാത്രല്ലാ, അവന്‍റെ അമ്മ, അതായത് എന്‍റെ പെങ്ങൾ ഈശ്വരിച്ചേച്ചിയുമതേ.”

“ഒരു ശിവരാമകൃഷ്ണൻ! ആ മരമണ്ടൂസിന് ഞാനെന്‍റെ മകളെ കൊടുക്കില്ല, തീർച്ച”

“അത് നമുക്ക് കാണാം”

ഭക്ഷണം മതിയാക്കി എഴുന്നേറ്റുകൊണ്ട് ഒരങ്കത്തിന് തയ്യാറായിട്ടെന്നപോലെ സേതുലക്ഷ്മി പറഞ്ഞു “കാണാം”

കൈകഴുകി വാഷ്ബേസിന് മുകളിലെ ചുവരിൽ തൂക്കിയിരുന്ന കണ്ണാടിയിൽ ഒരിക്കൽകൂടി മുഖത്തെ മേക്കപ്പ് പരിശോധിച്ചശേഷം സേതുലക്ഷ്മി കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറിയിരുന്നു. പൊൻകുന്നത്തുള്ള ഒരു പബ്ളിക്സെക്ടർ ബാങ്കിൽ മാനേജരാണ് സേതുലക്ഷ്മി.

കാർ അകന്നുപോകുന്ന സ്വരം കേട്ടയുടനെ ധർമ്മേന്ദ്രൻ ഉണ്ണിത്താന്‍റെ അടുത്തെത്തി. “സാറേ, സംഗതി വാസ്തവമാ, മഞ്ജുക്കുഞ്ഞിനെ കാണാൻ ഒരു ഐ,എ.എസ്സുകാരൻ വരുന്നു. പേര് മുരളീമനോഹർ. ഇരുപത്തൊമ്പത് വയസ്സ്, ആറടി പൊക്കം, വെളുത്ത നിറം, സുമുഖൻ. കൊച്ചമ്മ പയ്യന്‍റെ ഫോട്ടോ മണ്ഡോദരിക്ക് കാണിച്ചു കൊടുത്തെന്ന് ”

“സേതു എന്നെ അറിയിക്കാതെ മരുമകനെ കണ്ടുപിടിക്കാനുള്ള ശ്രമമാണല്ലേ?”

“യാതൊരു സംശയോം വേണ്ട. കൊച്ചമ്മേടെ ഉദ്ദേശം അത് തന്നെയാ. അല്ലെങ്കിൽ മണ്ഡോദരിക്ക് ചെക്കന്‍റെ ഫോട്ടോവരെ കാണിച്ചുകൊടുത്ത കൊച്ചമ്മക്ക് ഈ വിവരം സാറിനോടൊന്ന് പറഞ്ഞേക്കാമെന്ന് തോന്നിയില്ലല്ലോ”

എരിതീയില്‍ എണ്ണ പകരുംപോലെ ആ പരാമര്‍ശം ഉണ്ണിത്താനെ പ്രകോപിപ്പിച്ചു. “നടക്കട്ടെ, നടക്കട്ടെ“ എന്തോ തീരുമാനിച്ചു ഉറപ്പിച്ചതുപോലെയായിരുന്നു ആ വാക്കുകള്‍…..

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें