ഒരു തെളിഞ്ഞ പ്രഭാതം. സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുകയാണ് ഉണ്ണിത്താൻ. അല്‍പസമയം കഴിഞ്ഞപ്പോൾ വായന അവസാനിപ്പിച്ച് കസേരക്കരികിൽ ചാരിവെച്ചിരുന്ന വാക്കിംഗ് സ്റ്റിക്കുമെടുത്ത് ഉണ്ണിത്താൻ മുറ്റത്തേക്കിറങ്ങി.

സമ്പന്നതയുടെ ധാടിയും മോടിയുമൊന്നും ഉണ്ണിത്താന്‍റെ വേഷത്തിലുണ്ടായിരുന്നില്ല. ഒരു മുണ്ടും തോളിലൊരു തോർത്തും മാത്രം. സ്വന്തം ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളുടെ മേൽ നോട്ടമെല്ലാം ഉണ്ണിത്താൻ നേരിട്ടാണ് നടത്തുന്നത്. ഈ ലോകത്തുള്ള സമസ്ത സസ്യജാലങ്ങളും അദ്ദേഹത്തിന്‍റെ ബലഹീനതയാണെന്ന് മാത്രമല്ല, ആ വിഷയത്തിൽ അഗാധപാണ്ഡിത്യമുള്ള ഒരാളുമാണദ്ദേഹം

ഉണ്ണിത്താൻ മുൻവശത്തെ വിശാലമായ ഉദ്യാനത്തിലെ വാക്ക് വേയിലൂടെ പൂക്കളുടെ വർണ്ണഭംഗിയാസ്വദിച്ചുകൊണ്ട് കുറച്ച് സമയം ഉലാത്തിയശേഷം പിറകിലെ തൊടിയിലേക്ക് നടന്നു. കായ്കറിത്തോട്ടത്തിലെ പാവൽപന്തലിനരികിൽ ഉണ്ണിത്താന്‍റെ വിശ്വസ്തഭൃത്യനായ ധർമ്മേന്ദ്രൻ നില്പുണ്ടായിരുന്നു. പാവലിന്‍റെ ചുരുണ്ടിരിക്കുന്ന ഇലകൾ ഓരോന്നായി അടർത്തി ശ്രദ്ധാപൂർവ്വം ഒരു പ്ളാസ്റ്റിക് കവറിനുള്ളിൽ നിക്ഷേപിക്കുകയായിരുന്നു അയാൾ.

"ഒന്നിനേപ്പോലും ബാക്കിവെച്ചേക്കരുത് കേട്ടോ ധർമ്മാ, അവറ്റോള് ഇലകള് മുഴുവൻ തിന്ന് തീർക്കും" ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.

"ശരിയാ. തപസ്സിരിക്കാൻ തുടങ്ങണതിന് മുൻപ് ഇവറ്റകൾക്ക് മുടിഞ്ഞ വിശപ്പാ.”മറ്റൊരില നുള്ളിയെടുത്ത് അതിൽ ഒളിഞ്ഞിരിക്കുന്ന പച്ചപുഴുവിനെ കവറിനകത്തേക്ക് നിക്ഷേപിച്ചുകൊണ്ട് ഒരു പ്രപഞ്ചസത്യം പ്രവചിക്കുംപോലെ ഗൗരവത്തോടെ ധർമ്മേന്ദ്രൻ അഭിപ്രായപ്പെട്ടു.

"അവ തപസ്സിരിക്കുന്നതൊന്നുമല്ലെടോ. ചിറക് മുളക്കുന്നതുവരെ ഒരു സമാധിഘട്ടത്തിലാണവ.”

ഇളിഭ്യചിരിയോടെ ധർമ്മേന്ദ്രൻ പാതി തന്നോടുതന്നെയെന്നപോലെ പറഞ്ഞു.”ജീവനോടെ സമാധിയിരിക്കണതിന് തപസ്സിരിക്യാന്ന് പറേണതില് തെറ്റൊന്നൂല്ല. സമാധിയിരിക്കുമ്പോ പഞ്ചാക്ഷരമന്ത്രംകൂടി ജപിക്കണുണ്ടോന്നാർക്കറിയാം. ങ്ഹാ! അല്പം കൂടി ക്ഷമിച്ചോ, എല്ലാത്തിനേം ഒരുമിച്ച് സ്വർഗ്ഗത്തിലേക്കയച്ചേക്കാം.”

മുന്നോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ഉണ്ണിത്താൻ വിളിച്ച് ചോദിച്ചു.”നീയെന്തെങ്കിലും പറഞ്ഞോ ധർമ്മാ?"

"ഓ, ഇല്ല" ധർമ്മേന്ദ്രൻ വിനീതനായി.

ഉണ്ണിത്താൻ തിരികെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ ഡ്രോയിംഗ്റൂമില്‍ ഭാര്യ സേതുലക്ഷ്മി ഫോണിലാരോടോ സംസാരിക്കുന്ന സ്വരം. അകത്തേക്കുവെച്ച കാൽ പിന്നോട്ടെടുത്ത് ഉണ്ണിത്താൻ വാതിലിന്‍റെ മറവിലേക്ക് നീങ്ങിനിന്നുകൊണ്ട് ശ്രദ്ധിച്ചു.

"അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല, ജുജുമോളെ. നീയിവിടെവരെ വന്നേ ഒക്കൂ. അത്ര നല്ല കേസാ. അതുകൊണ്ടാ."

തിരുവനന്തപുരത്തെ കോളേജ്- ഹോസ്റ്റലിൽ താമസിച്ച് ഡിഗ്രി ഫൈനലിയറിന് പഠിക്കുന്ന മകളോടാണ് സേതുലക്ഷ്മി സംസാരിക്കുന്നതെന്ന് ഉണ്ണിത്താന് മനസ്സിലായി. മഞ്ജുവെന്നാണ് മകളുടെ പേര്. അവളെ സേതുലക്ഷ്മി "ജുജൂ"വെന്നാണ് വിളിക്കുന്നത്. ഉണ്ണിത്താൻ മഞ്ചാടിമോളെന്നും.

ചെറിയൊരിടവേള. മകളുടെ മറുപടിയൊട്ടും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്ന അസഹ്യതയാണ് സേതുലക്ഷ്മിയുടെ മുഖത്തിപ്പോൾ

"ഇതങ്ങനെ നീട്ടിക്കൊണ്ട്പോകാൻ പറ്റില്ല മോളൂ. ചടങ്ങ് നടത്താൻ വൈകിയാൽ പയ്യനെ മറ്റാരെങ്കിലും റാഞ്ചിക്കൊണ്ട് പോകും. അത്രക്ക് നല്ല കേസാ. ശനീം ഞായറും നിനക്ക് മുടക്കമല്ലേ? ശനിയാഴ്ച നീയിങ്ങോട്ടെത്തിയാൽ ഞായറാഴ്ച രാവിലെ ചടങ്ങ് നടത്താം."

എന്തോ അനക്കംകേട്ട് സേതുലക്ഷ്മി തിരിഞ്ഞുനോക്കി. ഉണ്ണിത്താനെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും സംഭാഷണം തുടർന്നു.”ശനിയാഴ്ചതന്നെ നീയീങ്ങോട്ടെത്തിയേക്കണം. ഇല്ലെങ്കിൽ മമ്മി നിന്നോടിനി മിണ്ടില്ല. പറഞ്ഞേക്കാം. ബൈ ജുജൂ"

ഫോൺ ക്രേഡിലിൽവെച്ച് സേതുലക്ഷ്മി തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ ഉണ്ണിത്താൻ പിറകേ കൂടി.”രാവിലെ മോളേ വിളിച്ച് സംസാരിക്കുന്നത് കേട്ടല്ലോ എന്താ കാര്യം"

ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി ഒരക്ഷരം മറുപടി പറയാതെ മുഖം വെട്ടിതിരിച്ചുകൊണ്ട് സേതുലക്ഷ്മി അകത്തേക്ക് പോയി. ഉണ്ണിത്താനിൽനിന്നും നിസ്സഹായതയുടെ ഒരു നെടുവീർപ്പുയർന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...