സിറ്റൗട്ടിലിരുന്ന് പത്രം വായിക്കയാണ് ഉണ്ണിത്താൻ. ഇളംവെയിൽ ഉമ്മറത്തെ ചവിട്ടുപടിവരെ എത്തിക്കഴിഞ്ഞിരുന്നു. അകത്ത് ചെക്കൻവീട്ടുകാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നെങ്കിലും ഉണ്ണിത്താനതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. മകളെ പെണ്ണുകാണാൻ ഐഎഎസുകാരന്‍ വരുന്നു എന്ന വാർത്ത സേതുലക്ഷ്മി വിമൻസ് ക്ലബ്ബിലെ സ്നേഹിതകളെയെല്ലാം ഫോണിൽ വിളിച്ച് അറിയിക്കുന്നുണ്ടായിരുന്നു. സേതുലക്ഷ്മിയുടെ വാചകകസർത്ത് സിറ്റൗട്ടിലിരിക്കുന്ന ഉണ്ണിത്താന്‍റെ ചെവിയിലുമെത്തുന്നുണ്ട്.
പെണ്ണും ചെക്കനും തമ്മിൽ കാണാൻ പോകുന്നതേയുള്ളു. അപ്പോഴേക്കും വാർത്ത നാടുമുഴുവൻ കൊട്ടിപ്പാടി അറിയിക്കയാണ് തന്‍റെ സഹധർമ്മിണി.
ഒരു പരിഹാസചിരിയോടെ ഉണ്ണിത്താൻ വീണ്ടും പത്രവായന തുടർന്നു.
ഗേറ്റ് കടന്ന് ഒരു യുവതി അകത്തേക്ക് വന്നു. സേതുലക്ഷ്മി സിറ്റൗട്ടിലേക്ക് വന്ന് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതിനിടയിൽ ഉണ്ണിത്താനോട് എന്തോ പറയാൻ ഭാവിച്ചെങ്കിലും ആ യുവതി കൂടെയുള്ളതുകൊണ്ടാകാം നീരസം കലർന്നൊരു നോട്ടമയച്ചു കൊണ്ട് പിൻവാങ്ങി. പക്ഷെ അല്പം കഴിഞ്ഞപ്പോൾ സേതുലക്ഷ്മി വീണ്ടുമെത്തി.
"മണി ഒമ്പതാകാറാകുന്നു. കുളികഴിച്ച് അലക്കിത്തേച്ച ഒരു മുണ്ടും ഷർട്ടും ധരിച്ചോളണം."
"ഓ! എനിക്കിതൊക്കെ മതി. കാട്ടുകോഴിക്കെന്ത് സംക്രാന്തി."
"അത് പറ്റില്ല. പതിനൊന്ന് മണിക്ക് അവരിങ്ങെത്തും."
"ഏതാ ഈ അവര്. താനിന്നലെ പറഞ്ഞ മാന്യന്മാരാണോ?"
"അതെ"
"അവരെന്തിനാ വരുന്നത്?"
"അവര് വരുന്നതെന്തിനാണെന്നറിയില്ലല്ലേ?"
"ഇല്ല, താനെന്നോടൊന്നും പറഞ്ഞേയില്ലല്ലോ."
"ഓ! ഇനി ഞാൻ പറഞ്ഞില്ലെന്ന പരാതി വേണ്ട. നമ്മുടെ മോളെ പെണ്ണുകാണാനാണവർ വരുന്നത്. പയ്യനേ നിങ്ങളുടെ മരുമകനേപ്പോലെ മണ്ണും മാന്തി നടക്കണവനൊന്നുമല്ല. ഐഎഎസ്സാ, ഐഎഎസ്"
"ഓ! അപ്പോഴതാണ് സംഭവം. അവര് മഞ്ചാടി മോളേ കണ്ടിട്ട് പൊയ്ക്കോട്ടെ അതിന് ഞാനെന്തിനാ മേക്കപ്പിടുന്നേ?"
"മഞ്ചാടീ മരഞ്ചാടീന്നൊക്കെ മോളെ ചെക്കൻവീട്ടുകാരുടെ മുൻപിൽവെച്ച് വിളിച്ചേക്കരുത്."
"ആ പേര് തനിക്കല്ലേ കൂടുതൽ യോജിക്കുന്നേ?"
"എന്താ... എന്താ പറഞ്ഞത്?" മുന്നോട്ട് നടക്കുന്നതിനിടയിൽ സേതുലക്ഷ്മി പിന്തിരിഞ്ഞ് നിന്നു
"അല്ലാ, മഞ്ചാടിക്കുരു കാണാൻ എന്ത് ചന്തമാണെന്ന് പറയുകയായിരുന്നു. ഇപ്പോളാ വൃക്ഷം എത്ര അപൂർവ്വായീന്ന് ആലോചിക്കുമ്പോ വല്ലാത്ത ദുഃഖം തോന്നണ്ണ്ട്."
ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി എന്തോ പിറുപിറുത്തുകൊണ്ട് സേതുലക്ഷ്മി നടന്നകന്നു.
ധർമ്മേന്ദ്രൻ കിച്ചണിലെത്തുമ്പോൾ മണ്ഡോദരി പാചകത്തിന്‍റെ തിരക്കിലാണ്. ....
"ഇന്ന് ധർമ്മൻചേട്ടൻ നായാട്ടിനൊന്നും ഇറങ്ങീല്ലേ?"
"ഇല്ല. ഇന്ന് തോട്ടോം തൊടീമൊക്കെ ഓടിച്ചൊന്നു നനച്ചാൽ മതീന്നാണ് കൊച്ചമ്മേടെ ഓർഡർ. ഇനി ഡ്രോയിംഗ് റൂമിലെ ഫർണിച്ചറിന്‍റെ പൊടി തട്ടണം ആ ജോലീംകൂടി കഴിഞ്ഞാൽ ഞാനും വന്ന് സഹായിക്കാം കേട്ടോ!"
"വല്യ ഉപകാരം" അയാളെ കടക്കണ്ണാൽ ഉഴിഞ്ഞുകൊണ്ട് മണ്ഡോദരി മധുരമായൊരു പുഞ്ചിരിയും സമ്മാനിച്ചു.
"മുകളിലേക്ക് ഒരു ചായയെത്തിക്കാൻ പറഞ്ഞിട്ടുണ്ട്. അവിടെ ഏതോ ഒരു പെണ്ണ് വന്നിട്ടുണ്ട്. അവൾക്കാ ചായ"
"ങ്ഹാ! ബ്യൂട്ടീ പാർലറീന്നായിരിക്കും. കുഞ്ഞിനെ ഒരുക്കാൻ വന്നതാ."
"മഞ്ജുക്കുഞ്ഞിന് നല്ല ചന്തമുണ്ടല്ലോ. പിന്നെന്തിനാ ഒരുക്കാൻ വേറൊരാള്?"
"ഈ ധർമ്മൻചേട്ടനൊന്നുമറിയില്ല. അവരൊരുക്കിയാൽ ഒരു പ്രത്യേക ക്ളാമറാണെന്നാ മാഡം പറയുന്നേ."
"എന്തോ, എനിക്കൊന്നും അറിയാൻ മേലായേ"
"ദേ ചായ. ഇത് കൊണ്ടുപോയി കൊടുത്തിട്ട് ഒടനേയിങ്ങോട്ട് വന്നേക്കണം കേട്ടോ. കയ്യിനും കാലിനും വല്ലാത്തൊരു വിറവല്. വിഐപികളല്ലേ വരുന്നേ. കുക്കിംഗ് വേണ്ടപോലായില്ലെങ്കിൽ മാഡം എന്നേയിന്ന് നിർത്തിപൊരിക്കും. ഇന്നെല്ലാം ചൈനീസ് മതിയെന്നാ പറഞ്ഞിരിക്കുന്നേ."