ഹോസ്റ്റലിലെ മഞ്ജുവിന്‍റെ റൂംമേറ്റ്സാണ് വരദയും പിങ്കി തോമസ്സും. അവർക്ക് പുറമെ ഒരാൾകൂടി ആ റൂമിൽ താമസമുണ്ട്. പൂർണ്ണിമ. അവരെല്ലാം ഒരേ ക്ളാസ്സിലുമാണ്. പിറ്റേന്ന് തുടങ്ങുന്ന മോഡൽ എക്സാമിനുള്ള പഠനത്തിലാണവർ.
വായിച്ചുകൊണ്ടിരുന്ന നോട്ടുബുക്ക് അടച്ചുവെച്ച് ഒന്ന് മൂരിനിവർന്നുകൊണ്ട് വരദ പറഞ്ഞു. "മണി പന്ത്രണ്ടായല്ലോ. മഞ്ജുവിന്‍റെ പെണ്ണുകാണൽ ചടങ്ങൊക്കെയിപ്പോൾ കഴിഞ്ഞ് കാണും. അവളിങ്ങെത്തിയാൽ വിശേഷങ്ങളൊക്കെ അറിയാമായിരുന്നു."
"മഞ്ജുവിനെ അയാൾക്കിഷ്ടപ്പെടാതെ വരില്ല. അവൾക്കയാളെ ഇഷ്ടപ്പെടുമോയെന്നാണ് അറിയേണ്ടത്." പിങ്കി തോമസ്സ് പറഞ്ഞു.
"അവളുടെ മമ്മി പറഞ്ഞത് വളരെ നല്ല കേസാണെന്നല്ലേ. അതുകൊണ്ട് പയ്യനത്ര മോശമാകാൻ വഴിയില്ല."
"അവള് വീണ് പോവ്വോ"
"ഓ! അത്ര വേഗമൊന്നും വീണുപോകുന്ന ആളല്ലാ അവൾ. മമ്മീടെ നിർബ്ബന്ധംകൊണ്ട് മാത്രമാ അവൾ പോയത് തന്നെ. പോസ്റ്റ് ഗ്രാജ്വേഷന് പോകണമെന്നാണവളുടെ ആഗ്രഹമെന്ന് അവളെപ്പോഴും പറയാറില്ലേ."
"അവളുടെ മനസ്സ് മാറാനത്രക്ക് സമയമൊന്നും വേണ്ട മോളേ.. യൗവ്വനം പൂത്തുലഞ്ഞുനില്ക്കുന്ന പ്രായമല്ലേ" പിങ്കി തമാശ പറഞ്ഞു.
പുസ്തകത്തിൽതന്നെ കണ്ണുകളൂന്നിയിരിക്കയാണെങ്കിലും പൂർണ്ണിമ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പൊട്ടിച്ചിരിക്കുന്ന സ്നേഹിതകളുടെ നേരെ അസഹ്യതയോടെ നോക്കിക്കൊണ്ട് പൂർണ്ണിമ ശകാരിച്ചു. "വല്ലവരുടേം കല്യാണക്കാര്യം പറഞ്ഞ് നേരം കളയണതിന് പകരം നിങ്ങൾക്ക് വല്ലതും പഠിക്കാൻ ശ്രമിച്ചുകൂടേ? കഷ്ടം!"
"വല്ലവരുടേയുമോ? മഞ്ജൂനെ നീ അങ്ങനെയാണോ കരുതിയിരിക്കുന്നത്." വരദ ചോദിച്ചു.
"കല്യാണം കഴിഞ്ഞ് അവൾ പഠനം നിർത്തി പോയാൽ ആ തൊല്ലയൊഴിഞ്ഞല്ലോ എന്നാണിവളുടെ മനസ്സിലിരിപ്പ്" പിങ്കിയവളെ കളിയാക്കി
"അതെന്താ നീ അങ്ങനെ പറഞ്ഞത്?" ഈർഷ്യയോടെ പൂർണ്ണിമ ചോദിച്ചു.
"അല്ല, റാങ്കിന് വേണ്ടിയുള്ള മത്സരത്തീന്നവൾ ഒഴിവായി കിട്ടുമല്ലോ."
പിങ്കിയുടെ ആരോപണം പൂർണ്ണിമയെ ശരിക്കും പ്രകോപിപ്പിച്ചു. "എനിക്കങ്ങനെയാരെയും പേടിയൊന്നുമില്ല. നിങ്ങളിവിടെ സൊള്ളിക്കൊണ്ടിരുന്നോ. ഞാൻ വരാന്തയിലിരുന്ന് വായിച്ചോളാം."
പുസ്തക്കെട്ടുമായി പൂർണ്ണിമ ശരവേഗത്തില്‍ പുറത്തേക്കിറങ്ങിപ്പോയി.
മഞ്ജു തിരികെ ഹോസ്റ്റലിലെത്തിയപ്പോൾ സന്ധ്യയായി. സ്നേഹിതകൾ മൂന്നുപേരും റൂമിൽ തന്നെയുണ്ടായിരുന്നു.
വരദയും പിങ്കിയും അവളുടെ അടുത്തേക്ക് പാഞ്ഞെത്തി. ചോദ്യങ്ങളുടെ ഒരു നീണ്ട ജാഥതന്നെയായിരുന്നു പിന്നെ. അല്പമകലെയിരുന്ന് നിസ്സംഗതയോടെയാണെങ്കിലും പൂർണ്ണിമയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
"മുരളീമനോഹർ കണ്ടാലെങ്ങനെ? നിനക്കിഷ്ടപ്പെട്ടോ." വരദ ചോദിച്ചു.
മഞ്ജുവിന്‍റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് പിങ്കി പറഞ്ഞു "പെണ്ണ് ശരിക്കും വീണുപോയെന്നാ തോന്നുന്നേ."
ഹാന്‍റ് ബാഗിൽനിന്നും ഒരു കവറെടുത്ത് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു "ദേ ഫോട്ടോ നിങ്ങളു തന്നെ മാർക്കിട്ടേക്ക്"
"ഹായ്! ഹിന്ദീസിനിമേലെ സൂപ്പർ സ്റ്റാറിനെപ്പോലുണ്ട്. "ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് വരദയും പിങ്കിയും ഒരേ സ്വരത്തിലഭിപ്രായപ്പെട്ടു.
"മൂപ്പർക്ക് ജോലി ആലപ്പുഴേലാണെന്നല്ലേ പറഞ്ഞേ. നോക്ക് പൂർണ്ണിമേ, നീ ഇയാളെ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ?" പിങ്കി ഫോട്ടോ അവളുടെ നേരെ തിരിച്ച് പിടിച്ചുകൊണ്ട് ചോദിച്ചു.
മനസ്സില്ലാമനസ്സോടെ പൂർണ്ണിമ എഴുന്നേറ്റ് വന്ന് ഫോട്ടോ വാങ്ങി. അതിലുടക്കിനിന്ന അവളുടെ കണ്ണുകൾ ഒരു നിമിഷത്തേക്കൊന്ന് വിടർന്നു. അടുത്തനിമിഷം ആ മുഖത്ത് അസൂയയുടെ കാളിമ പരന്നു. ഫോട്ടോ തിരികെ പിങ്കിയെ ഏല്പിച്ചുകൊണ്ട് താല്പര്യക്കുറവോ ടെ പൂർണ്ണിമ പറഞ്ഞു. "ഓ! ഞാൻ കണ്ടിട്ടൊന്നുമില്ല"
"നിനക്കാളെ ഇഷ്ടപ്പെട്ടോ?" വരദ ചോദിച്ചു
"ങ്ഹാ, തരക്കേടില്ല"
"പുള്ളിക്കാരൻ അടുത്തുതന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നാ പറയുന്നേ." പിങ്കി അറിയിച്ചു.