ഫോൺ ശബ്ദിക്കുമ്പോൾ ഈശ്വരിയമ്മ മകൻ ശിവരാമകൃഷ്ണന് അത്താഴം വിളമ്പുകയായിരുന്നു. കുട്ടിക്കാനത്താണ് അവരുടെ വീട്

"ഹലോ" ഈശ്വരിയമ്മയുടെ സ്വരം കേട്ടപ്പോൾ ഉണ്ണിത്താന്‍റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. "ശങ്കരനാ ഈശ്വരിചേച്ചീ."

"നീയിങ്ങോട്ട് വിളിച്ചിട്ട് ദിവസം ആറേഴായല്ലോ ശങ്കരാ. എന്തൊക്കെയുണ്ട് അവിടത്തെ വിശേഷങ്ങൾ?"

" മഞ്ജൂന്‍റെ വിവാഹമുറപ്പിച്ചു. അടുത്തതിന്‍റെ അടുത്ത ഞായറാഴ്ച രാവിലെ പതിനൊന്നിനാ നിശ്ചയം "ഉണ്ണിത്താൻ ഒറ്റശ്വാസത്തിൽ വിശേഷമറിയിച്ചു.

വാർത്തകേട്ട് ഈശ്വരിയമ്മ അടിമുടി വിയർത്തുപോയി, "എന്താ ശങ്കരാ ഞാനീ കേൾക്കുന്നേ. ഇത് വല്ലാത്ത ചതിയായിപോയി കേട്ടോ."

"ഒന്നും മനപ്പൂർവ്വമല്ല ചേച്ചീ, ശിവരാമകൃഷ്ണനവൾക്ക് സ്വന്തം സഹോദരനെപ്പോലെയാണെന്നാ മഞ്ജു പറയുന്നേ. ഈ ആലോചന അവൾക്കിഷ്ടപ്പെടൂം ചെയ്തു. പയ്യൻ ഐഎഎസാ. പേര് മുരളീ മനോഹർ. അടുത്ത് തന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നും പറഞ്ഞു. ചേച്ചീം ശിവരാമനും നേരത്തേയിങ്ങെത്തിയേക്കണം കേട്ടോ."

"എന്‍റെ ശരീരസ്ഥിതിയൊക്കെ നിനക്കറിയാവുന്നതല്ലേ? അതുകൊണ്ട് ഒന്നും തീർച്ചപറയാനാവില്ല." ഈശ്വരിയമ്മയുടെ സ്വരത്തിന് അല്പം പോലും മാർദ്ദവമില്ലായിരുന്നു.

"നിർത്തട്ടെചേച്ചീ" പൊള്ളുന്ന വസ്തുവിനെയെന്നോണം ഉണ്ണിത്താൻ ഫോൺ തിരികെ വെച്ചു.

ഈശ്വരിയമ്മ വീണ്ടും ഊണുമേശക്കരികിലെത്തിയപ്പോൾ ശിവരാമകൃഷ്ണൻ ചോദിച്ചു. "എന്താ അമ്മ അമ്മാമയോട് ചതിയായിപ്പോയി എന്നൊക്കെ പറഞ്ഞത്."

"വാക്കിന് വ്യവസ്ഥയില്ലാത്തവരോട് പിന്നെയെന്താ പറയേണ്ടത്? മഞ്ജുവും നീയും തമ്മിലുള്ള ബന്ധം ഞാനും ശങ്കരനും കൂടി പണ്ടേ തീരുമാനിച്ചതല്ലേ. ഇപ്പോ ശങ്കരൻ പറയുന്നു അവളുടെ വിവാഹം ഒരയ്യേയെസ്സുകാരനുമായി ഉറപ്പിച്ചെന്ന്. നിശ്ചയത്തിന്‍റെയന്ന് നമ്മൾ നേരത്തേയങ്ങോട്ടെത്തണമെന്ന് ക്ഷണിക്കാനാ വിളിച്ചത്."

അല്പം ആശാഭംഗം തോന്നിയെങ്കിലും ശിവരാമകൃഷ്ണൻ ഒന്നും പറയാതെ ഭക്ഷണം തുടർന്നു. കുറച്ച് നേരം ചിന്താമൂകയായിരുന്ന ശേഷം പാതി ആത്മഗതമെന്നോണം ഈശ്വരിയമ്മ പറഞ്ഞു. "ഇതാ സേതുലക്ഷ്മീടെ തലോണമന്ത്രത്തിന്‍റെ ശക്തിതന്നെയാ. അവളുടെ നിർബ്ബന്ധംകൊണ്ട് ശങ്കരൻ സമ്മതംമൂളിയതാവണം. പക്ഷെ നമ്മളെ അങ്ങനെ വിഡ്ഢികളാക്കാമെന്നാരും കരുതണ്ട. നീ ശങ്കരനെ നേരിലൊന്ന് ചെന്ന് കാണണം. ഇങ്ങനെ വാക്ക്മാറിയതെന്താണെന്ന് ശങ്കരന്‍റെ മുഖത്ത് നോക്കി ചോദിക്കണം. മഞ്ജുവിനെയല്ലാതെ മറ്റൊരു പെൺകുട്ടിയേയും ഭാര്യയായി സങ്കല്പിക്കാൻ പോലും നിനക്കീ ജന്മം കഴിയില്ലെന്നും പറയണം. അങ്ങനെയൊരാഗ്രഹം നിന്‍റെ മനസ്സിലുണ്ടാക്കിയതിന്‍റെ ഉത്തരവാദിത്വം ശങ്കരനുമുണ്ടല്ലോ. മാത്രല്ലാ, നിന്നോട് ശങ്കരന് വലിയ വാത്സല്യോമാണ്. നിന്‍റെ അപേക്ഷ നിരാകരിക്കാൻ ശങ്കരന് കഴിയില്ല..."

"മഞ്ജൂന്‍റെ എംഗേജ്മെന്‍റ് വരെ ഉറപ്പിച്ച സ്ഥിതിക്ക് ഞാൻ ശങ്കരമ്മാമെ കണ്ടതുകൊണ്ട് എന്തെങ്കിലും ഫലോണ്ടാവോ?"

"നിശ്ചയം കഴിഞ്ഞിട്ടൊന്നൂല്യല്ലോ. അതിനിനിയും രണ്ടാഴ്ചത്തെ സമയോണ്ടല്ലോ. നീ നാളെ ശങ്കരനെ ചെന്നൊന്ന് കാണ്. പോണവഴിക്ക് നമ്മടെ ഗണപതിയമ്പലത്തില്‍ ചെന്ന് പ്രാർത്ഥിച്ച് നടക്കൽ ഏഴ് തേങ്ങേം ഒടച്ചേക്ക്."

ശിവരാമകൃഷ്ണൻ അർദ്ധസമ്മതഭാവത്തിൽ തലയാട്ടുമ്പോൾ ഈശ്വരിയമ്മ ഓർമ്മിപ്പിച്ചു "സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങിക്കഴിഞ്ഞിട്ട് നീയങ്ങോട്ടെത്തിയാല്‍ മതി. അല്ലെങ്കിൽ ശങ്കരന്‍റെ വാ തുറക്കാനുംകൂടി അവള് സമ്മതിക്കില്ല."

നല്ല ഉയരവും അല്പം പൊണ്ണത്തടിയുമുള്ള ശരീരമാണ് ശിവരാമകൃഷ്ണന്‍റേത്. ഒരു ഉൾനാടൻ കർഷകന്‍റെ എല്ലാ ലക്ഷണങ്ങളും അയാളിൽ ഒത്തിണങ്ങിയിട്ടുണ്ട്.

ശിവരാമകൃഷ്ണൻ ഉണ്ണിത്താന്‍റെ വീട്ടിലെത്തുമ്പോൾ സമയം രാവിലെ പതിനൊന്നായിക്കാണും. കോളിംഗ് ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്നത് ധർമ്മേന്ദ്രനാണ്. "അല്ല, ഇതാര് ശിവരാമകൃഷ്ണൻ സാറോ?"

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...