എന്താണ് ഈ കൊവാക്സിൻ?
പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഒന്നാണത്. അതായത് പണ്ടു കാലം മുതൽ നിർമ്മിച്ചു വന്ന രീതിയിൽ.
എന്നു വച്ചാൽ എന്താണ്?
പകർച്ചവ്യാധികളെ ചെറുക്കാനായി ശരീരത്തെ സജ്ജമാക്കുന്ന ഇൻജെക്ഷൻ ആണ് വാക്‌സിൻ. രോഗം വരുത്താതെ പ്രതിരോധം ജനിപ്പിക്കുക എന്നതാണ് വിദ്യ. അവ പലതരം. അതിൽ inactivated വാക്‌സിൻ ആവുമ്പോൾ രോഗാണുവിന്‍റെ അംശങ്ങൾ ഉണ്ടാവും, കൂടെ ചമ്മന്തിക്ക് തേങ്ങാപ്പീര പോലെ ഒരു adjuvant ഉം. ഈ മിശ്രിതമാണ് കുത്തിവയ്ക്കുന്നത്.
മറ്റാരെങ്കിലും ഇതുപയോഗിച്ചിട്ടുണ്ടോ?
ഇതേ പരമ്പരാഗത രീതിയാണ് പാൻഡെമിക് കണ്ടയുടൻ തന്നെ ഈയിനത്തിൽ പെട്ട വൈറസിനെ പറ്റി ഏറ്റവും അധികം ഗവേഷണം നടത്തി പാരമ്പര്യമുള്ള ചൈന സ്വീകരിച്ചത്. അവർ മാസങ്ങൾക്കുള്ളിൽ ക്ളിനിക്കൽ ട്രയലുകൾ പബ്ലിഷ് ചെയ്യാൻ കാത്തു നിൽക്കാതെ എത്രയും വേഗം ലക്ഷക്കണക്കിന് പൗരന്മാർക്ക് ആ വാക്‌സിൻ എത്തിച്ചു കൊടുത്തു. ചൈനയിൽ മരണങ്ങൾ പൊടുന്നനെ കുറയാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ അതിവേഗ വാക്സിനേഷൻ പ്രോഗ്രാമാണ്.
എന്തിനാണ് adjuvant ചേർക്കുന്നത്? വെറുതെ അൽപം വൈറസ് പൊടിച്ച് അരച്ചു കുത്തിവച്ചാൽ പോരേ?
ജീവനുള്ള വൈറസ് ആണ് കൂടുതൽ പ്രഹരശേഷിയുള്ളത്. അതു കുത്തിവച്ചാൽ Adjuvant ഇല്ലാതെ തന്നെ സിസ്റ്റം ഓണായിക്കൊള്ളും. എന്നാൽ കോവിഡ് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തൽക്കാലം ജീവനുള്ള കൊറോണാ വൈറസ് കൊണ്ട് വാക്‌സിൻ ഇറക്കിയിട്ടില്ല. അതിനാൽ "നിര്യാതനായ" (inactivated) വൈറസ് ഉപയോഗിക്കുമ്പോൾ ഇമ്മ്യൂൺ സിസ്റ്റം ഉണർന്നു വരാനുള്ള ഒരു ബൂസ്റ്റർ ആണ് ഈ adjuvant.
കോവാക്സിൻ adjuvant ന്‍റെ പ്രത്യേകത?
ഏറ്റവും പുതിയ മോഡൽ adjuvant ആണ് ഇതിൽ ചേർത്തിട്ടുള്ളത്. ഉണ്ടാകാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ട തരം ഇമ്മ്യൂൺ റെസ്‌പോൺസ് ഉണ്ടാവാൻ വേണ്ടി ഏറെ അന്വേഷിച്ചാണ് പണ്ട് മുതൽ ഉപയോഗിച്ചു വന്ന വെറും പച്ച ALUM എന്നതിനു പകരം toll-like receptor 7/8 agonist ആയ IMDG അതിൽ ALUM -നോടൊപ്പം ചേർത്തിട്ടുള്ളത്. അതിന് ALUM-IMDG എന്നു പറയുന്നു. ചൈന ഉപയോഗിച്ച വെറും ALUM - നേക്കാൾ മെച്ചപ്പെട്ടതാണിത്.
ഏതാണ് എടുക്കേണ്ടത്? കോവിഷീൽഡോ കോവാക്സിനോ?
ഏതാണോ ആദ്യം കിട്ടുക അതെടുക്കുക. ഇതാണ് ലോകമെമ്പാടും വിദഗ്ദ്ധർ ഒരേ സ്വരത്തിൽ പറയുന്നത്.
ഏതാണ് നല്ലത്?
ഉത്തരമില്ലാത്ത ചോദ്യമാണിത്. രണ്ടും മെച്ചപ്പെട്ട വാക്‌സിൻ എന്ന് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ടോയോട്ടയാണോ ഹോണ്ടയാണോ നല്ലത് എന്നു ചോദിച്ചാൽ എന്നതു പോലെയാണ്.
കോവിഷീൽഡിനില്ലാത്ത എന്തെങ്കിലും ഗുണം കോവാക്സിനുണ്ടോ?
കോവിഷീൽഡ് വൈറസിന്‍റെ മുള്ളിനെതിരെ മാത്രം പ്രതിരോധം ഉല്പാദിപ്പിക്കുന്നു. കോവാക്സിൻ മൊത്തം വൈറസിനെതിരെയും. അതിനാൽ ഭാവിയിൽ കാര്യമായ ജനിതകമാറ്റം വൈറസിൽ ഉണ്ടായാൽ ഒരു പക്ഷേ ചെറുത്തു നിൽകാൻ സഹായിക്കുക കോവാകസിൻ ആവാം. ഇത് ഒരു എഡ്യൂക്കേറ്റഡ് ഗസ്സ് മാത്രം ആണ്; കാരണം അങ്ങനെ വലിയ രീതിയിൽ ഒരു ജനിതക മാറ്റം ഇതു വരെ സംഭവിച്ചിട്ടില്ലല്ലോ.