ഭൂമി കൈകൾ നീട്ടി ആകാശത്തെ തൊടുന്നത് കണ്ടിട്ടുണ്ടോ...? അങ്ങനെയും ചില സ്ഥലങ്ങളുണ്ട് ഭൂമിയിൽ. അതിലൊന്നാണ് ഹിമാലയത്തിനോട് തൊട്ടു കിടക്കുന്ന ഹിമാചൽപ്രദേശ്. ഹിമകണങ്ങൾ ഭൂമിയിലേക്ക് പൊഴിയുന്ന നാട്. ശിവശക്തിയുടെ അഗ്നി മഞ്ഞു മലകളിൽ കത്തി പടരുന്നത് കൊണ്ട് കൂടിയാകാം ആ നാട് ഹണിമൂൺ ഡെസ്റ്റിനേഷനും കൂടി ഒന്നാമതായി പേര് കേട്ടത്. മഞ്ഞു പൂക്കൾ കൊണ്ട് മൂടിയ മല നിരകൾ നിറഞ്ഞ ആ നാട്ടിലേക്ക് നമുക്കൊന്ന് പോയാലോ...?
ആകാശം തൊടാൻ വെമ്പുന്ന മഞ്ഞു മലകൾ, താഴ്വരകൾ, നദികൾ, മിനുസമുള്ള ഉരുളൻ കല്ലുകൾ, വലിയ റോസാപ്പൂക്കൾ, തളിരിലയിട്ട ആപ്പിൾ തോട്ടങ്ങൾ, തണുപ്പ് കുപ്പായങ്ങൾ വിൽക്കുന്ന തെരുവുകൾ, ഗോതമ്പ് നിറമുള്ള ആളുകൾ, ചൂടു ചായ വിൽക്കുന്ന പെട്ടിക്കടകൾ, കല്ലും മരവും കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ ചെറിയ വീടുകൾ, വളഞ്ഞു പുളഞ്ഞു താഴേക്കും അതേ ഉശിരോടെ മുകളിലേക്കും വലിഞ്ഞു കേറിപോകുന്ന റോഡുകൾ, ഒരുപാട് രോമങ്ങളുള്ള കണ്ടാൽ സിംഹത്തിന്‍റെ തലയെടുപ്പുള്ള തെരുവ് നായ്ക്കൾ, ഇതൊക്കെയായിരുന്നു ഞാൻ അവിടെ കണ്ട ചുരുക്കം ചില കാഴ്ചകൾ.
വളരെ അപ്രതീക്ഷിതമായിട്ടാണ് ഹിമാചൽപ്രദേശിന്‍റെ ഹൃദയ ഭാഗമായ മണാലി യാത്രക്കു അവസരമുണ്ടായത്. ജീവൻ പണയം വച്ചുള്ള യാത്രയായിരിക്കുമെന്ന ചിലരുടെ ഉപദേശം കേട്ടപ്പോൾ ഉള്ളൊന്നു നടുങ്ങിയെങ്കിലും പ്രിയപ്പെട്ടവരുടെ കൂടെയുള്ള യാത്ര ഒഴിവാക്കാൻ മനസ്സനുവദിച്ചില്ല. ആദ്യമായി ഡൽഹിയിൽ വരുന്ന ധന്യയുടെ മോഹമായിരുന്നു ഇങ്ങിനെയൊരു യാത്രയ്ക്ക് തുടക്കം കുറിച്ചത്.
എങ്ങനെ അവിടെ എത്തിപ്പെടുമെന്നായിരുന്നു ആദ്യത്തെ ചിന്ത. തീവണ്ടി ഗതാഗതം ചണ്ഡീഗഡ് വരെ മാത്രമേ ഉള്ളൂ. ഫ്ളൈറ്റ് വഴി പോകുന്നതും ഒരുപാട് ചെലവ് കൂടുതലാണ്. സ്വന്തമായി ഡ്രൈവ് ചെയ്‌തു പോകാൻ ധൈര്യം സമ്മതിച്ചില്ല. അങ്ങിനെയാണ് ഡൽഹിയിൽ നിന്നും 550 കിലോമീറ്റർ ദൂരെയുള്ള മണാലിയിലേക്കു പോകാൻ ടൂർ പാക്കേജുകാരുമായി ബന്ധപ്പെട്ടത്. അവർ എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഞങ്ങൾ രണ്ടു ഫാമിലികൾ ഒന്നിച്ചു അവരുടെ പാക്കേജിൽ ബുക്ക് ചെയ്‌തു. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് വോൾവോ ബസ് മൂന്ന് ദിവസം ഹോട്ടൽ താമസവും അവിടുത്തെ കാഴ്ചകൾ കാണിക്കലും, തിരിച്ചു മണാലിയിൽ നിന്നും ഡൽഹിയിലേക്ക്. ഇതെല്ലാം പാക്കേജിൽ ഉൾപ്പെട്ടിരുന്നു.
3 ദിവസത്തെ യാത്ര തുടങ്ങുകയാണ്
വാക പൂക്കാൻ തുടങ്ങുന്ന ഏപ്രിൽ മാസത്തെ അവസാന ദിവസങ്ങളിലൊന്നിൽ ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിന്‍റെ മെട്രോ സ്റ്റേഷൻ പില്ലർ നമ്പർ 9 ൽ ഞങ്ങൾ എത്തി. ഡൽഹിയിൽ നിന്നും മണാലിയിലേക്കുള്ള വോൾവോ ബസിന്‍റെ സ്റ്റാർട്ടിംഗ് പോയിന്‍റ് ആയിരുന്നു അവിടെ. കൃത്യ സമയത്തു തന്നെ ബസ് പുറപ്പെടാൻ തുടങ്ങി.
ബസിലെ സീറ്റുകളിൽ ഫുൾ യാത്രക്കാരുണ്ടായിരുന്നു. ബസിൽ ഭൂരിഭാഗവും പുതിയതായി വിവാഹം കഴിച്ചു ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന ദമ്പതികളായിരുന്നു. അത് കണ്ടപ്പോഴാണ് ധന്യക്കൊരു സംശയമുണ്ടായത്. നവവധുവിന്‍റെ കൈകളിൽ നിറയെ ചുവന്ന ഒരു തരം പ്ലാസ്റ്റിക് വളകൾ ഇട്ടതു എന്തിനായിരുന്നുയെന്നത്. പഞ്ചാബികളുടെ ഒരു രീതിയാണത്. പുതുപ്പെണ്ണിങ്ങനെ ചുവന്ന വളകളിടുന്നത്. അതിനു ചൂടായെന്നാണ് അവർ പറയുന്നത്. ചൂട അഴിക്കുന്നതുവരെ അവർക്കു ഭർത്താവിന്‍റെ വീട്ടിൽ പാചകമൊന്നും ചെയ്യേണ്ട. രാജ്‌ഞിയെ പോലെ കഴിയാം. അത് അവരുടെ ഒരു രീതിയാണ്. ഒരു മാസം മുതൽ ഒരു കൊല്ലം വരെ എത്രവരെ വേണമെങ്കിലും ആ വളകൾ കൈയിലണിയാം. എന്ത് നല്ല രീതി അല്ലേ..