ഫോട്ടോഗ്രാഫുകൾക്ക് ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നിങ്ങൾക്ക് പലപ്പോഴും സ്വയം ബോദ്ധ്യപ്പെട്ടിട്ടുണ്ടാകും. മികച്ച സ്റ്റുഡിയോയിൽ മിടുക്കൻ ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചിട്ടും ഫോട്ടോ നന്നാവുന്നില്ലെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനം സ്വന്തം ലുക്കിനെക്കുറിച്ചുള്ള ധാരണ തന്നെ. വിവാഹ ഫോട്ടോ ആയാലും പ്രൊഫൈൽ ഫോട്ടോ ആയാലും മുഖവും രൂപവും മൊത്തത്തിൽ ആകർഷകമായിരിക്കണം. ഗ്രൂപ്പ് ഫോട്ടോയിൽ പോലും ഇതാരാണെന്ന് ചോദിക്കുന്ന അത്ര ആകർഷകമാക്കി നിങ്ങളുടെ മുഖവും ഫോട്ടോജെനിക്കാണെന്ന് പറയിപ്പിക്കാനാകും. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക.
ഫോട്ടോ/ വീഡിയോ എടുക്കും മുമ്പ് അതേത് ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണെന്ന് മുൻകൂട്ടി ധാരണ വേണം. അതിനനുസരിച്ചു വേണം മേക്കപ്പ് ചെയ്യാൻ. വിവാഹാവശ്യത്തിന് വേണ്ടിയാണ് മേക്കപ്പ് എങ്കിൽ ഹെവി ആകണം. ബയോഡാറ്റ പോലുള്ള ആവശ്യങ്ങൾക്കാണെങ്കിൽ നോർമൽ ഫോട്ടോ വേണം. ത്വക്കിന്‍റെ നിറവുമായി ഒത്തു പോകുന്ന ന്യൂഡ് മേക്കപ്പ് ആണ് ഇത്തരം ആവശ്യങ്ങൾക്ക് ഉചിതം.
ഔട്ട്ഡോർ ഫോട്ടോ
നാച്ചുറൽ ലൈറ്റിൽ പുറത്ത് വച്ച് എടുക്കുന്ന ഫോട്ടോയ്ക്ക് മേക്കപ്പ് കുറച്ചു മതി. ഇത്തരം അവസരങ്ങളിൽ കണ്ണിനടി യിൽ അൽപം യലോ കൺസീലർ പുരട്ടാം. ചർമ്മത്തിന്‍റെ നിറവുമായി ഇണങ്ങുന്ന ഫൗണ്ടേഷൻ ടച്ച് ചെയ്യുക. ട്രാൻസ്ലസന്‍റ് പൗഡറിനൊപ്പം സോഫ്ട് പിങ്ക് ബ്ലഷർ അൽപം പുരട്ടാം.
നിങ്ങളുടേത് ബ്രൗൺ സ്കിൻ ടോൺ ആണെങ്കിൽ സോഫ്ടട് പിങ്ക് ബ്ലഷർ നേർപ്പിച്ച് അപ്ലൈ ചെയ്യാം. കൺ പോളകളിൽ ഗോൾഡൻ, പീച്ച്, സോഫ്ട് പിങ്ക്, ബ്രൗൺ ഇവയുടെ സോഫ്ട് ഷെയ്ഡ് ഐഷാഡോ ഉപയോഗിക്കാം. തുടർന്ന് ട്രാൻസ്പെരന്‍റ് മസ്കാരയും കണ്മഷിയും എഴുതിയാൽ കണ്ണിന്‍റെ മേക്കപ്പ് പൂർത്തിയായി. ചുണ്ടിൽ നാച്ചുറൽ ഗ്ലോസിന്‍റെ കൂടെ ബേസ് നിറത്തിലുള്ള ലിപ്സ്റ്റിക് കുടി അണിഞ്ഞാൽ ഒരുക്കം പൂർത്തിയായി. ഇതു പോലുള്ള ന്യൂഡ് മേക്കപ്പിലുടെ സ്വന്തം സൗമ്യതയാർന്ന വ്യക്തിത്വം പ്രകടിപ്പി ക്കാൻ കഴിയും.
ഇൻഡോർ ഫോട്ടോ
ഇൻഡോർ ഫോട്ടോ സെഷനിൽ ലൈറ്റ് അറേഞ്ച്മെന്‍റിനു വേണ്ടി ഫോട്ടോഗ്രാഫർ ഫ്ളാഷ് ഉപയോഗിച്ചേക്കാം. ഇൻഡോർ ഫോട്ടോസെഷൻ പകൽ ആണെന്നിരിക്കട്ടെ. ലിപ്സ്റ്റിക്ക് കുറച്ച് ഉപയോഗിച്ചാൽ മതി. എന്നാൽ കണ്ണുകൾക്ക് പരമാവധി ഹൈലൈറ്റിംഗ് ചെയ്യാം. ബ്ലഷർ അധികം ഉപയോഗിക്കരുത്. വിവാഹവേളകളിൽ മുഖത്തേയ്ക്ക് അധികം ലൈറ്റും ചൂടും അടിക്കുന്നതിനാൽ ബ്ലഷർ കൂടുതലണിഞ്ഞാൽ മേക്കപ്പ് കറുത്തുപോയേക്കും. ഇൻഡോർ ഫോട്ടോയ്ക്ക് ഒരുങ്ങുമ്പോൾ നിങ്ങൾ പതിവായി ഉപയോഗിക്കുന്ന സീലറിൽ നിന്ന് ഒരു ഷേഡ് കുറഞ്ഞ കൺസീലർ മതിയാകും.
ജീവൻ തുടിക്കും
മുഖത്തിന്‍റെ പെർഫെക്ട് ലുക്കിന് സ്കിന്നിലെ ഈർപ്പം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ബേബി ക്രീം ഉപയോഗിക്കാം. മുഖം ഉണങ്ങില്ല, വരളാതെ ദിനം മുഴുവൻ ഫ്രഷായിരിക്കും. ഫോട്ടോയും.
ചിത്രത്തിന് ജീവൻ പകരുന്നതിൽ ഐ മേക്കപ്പും നിർണായക ഘടകമാണ്. ഐഷാഡോ ഒത്തിരി തിളക്കമുള്ളത് ഒഴിവാക്കി ലൈറ്റ് ഷിമർ ഐബോളിൽ തേച്ചിട്ട് സ്പോഞ്ച് കൊണ്ട് മെല്ലെ ഒപ്പുക. മിഴിപ്പീലികളിൽ മസ്കാര എഴുതുന്നതും കൃത്രിമ മിഴിപ്പീലി പിടിപ്പിക്കുന്നതും ഫോട്ടോയ്ക്ക് കൂടുതൽ കൗതുകം പകരും.