രാത്രി മുഴുവനും നന്ദന ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ അവൾ അസ്വസ്ഥയായി. ശരീരം മുഴുവനും നുറുങ്ങുന്ന വേദനയാണ്.
രാവിലെ എഴുന്നേറ്റപ്പോൾ തലകറങ്ങി വീണു പോകുമെന്ന അവസ്‌ഥ. വീണു പോകാതിരിക്കാൻ നന്ദന കട്ടിലിൽ തന്നെയിരുന്നു. ആ സമയത്താണ് തനൂജ വിളിക്കുന്ന ശബ്ദം കേട്ടത്. “എന്ത് പറ്റി നന്ദു... ഇന്ന് നിനക്ക് ഓഫീസിലൊന്നും പോകണ്ടേ?” നന്ദന നാത്തൂനോട് എങ്ങിനെയോ മറുപടി പറഞ്ഞൊപ്പിച്ചു.
“പോകണം ചേച്ചി, റെഡിയാകുവാ.”
നന്ദനയുടെ ശബ്ദത്തിൽ നിന്നും അവളുടെ മാനസികാവസ്‌ഥ മനസ്സിലാക്കിയട്ടെന്നോണം ചെയ്‌തു കൊണ്ടിരുന്ന ജോലി നിർത്തിയിട്ട് തനൂജ മുറിയിലേക്ക് ഓടി വന്നു. “എന്ത് പറ്റി നന്ദു? നിനക്ക് എന്തെങ്കിലും ക്ഷീണം തോന്നുന്നോ? ”
“ഇല്ല ചേച്ചി” നന്ദു മറുപടി പറഞ്ഞു. “ഒരു കുഴപ്പവുമില്ല”
“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ” തനൂജ നന്ദനയുടെ നെറ്റിയിൽ തൊട്ടു നോക്കി. “അയ്യോ നല്ല ചൂടുണ്ടല്ലോ, പനിക്കുന്നുണ്ടോ?”
“ങ്ഹും” എന്ന് മൂളി കൊണ്ട് നന്ദന ബാത്ത് റൂമിലേക്ക് ഓടി. ഉള്ളിൽ എന്തോ തിളച്ച് മറിഞ്ഞ് തികട്ടി വരുനതുപോലെ നന്ദനയ്ക്ക് തോന്നി. തനൂജയും അവളുടെ പിന്നാലെ ചെന്നു. ബാത്ത്റൂമിൽ കയറിയ നന്ദന ഛർദ്ദിച്ചു.
നന്ദനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ തനൂജ പകച്ചു നിന്നു. ഭർത്താവാണെങ്കിൽ വീട്ടിലുമില്ല. എന്താണ് ചെയ്യേണ്ടതെന്നറിയാതെ തനൂജ നന്ദനയെ കുറച്ച് നേരം നോക്കി നിന്നു. അതിനു ശേഷം അവൾ നന്ദനയുടെ പുറം തടവി കൊടുത്ത് കിടക്കയിൽ താങ്ങികൊണ്ടു വന്ന് കിടത്തി.
“ഇന്ന് ഓഫീസിൽ പോകണ്ട... കണ്ടില്ലേ എന്തൊരു തളർച്ചയാ നിനക്ക്.”
നന്ദന അതിന് മറുപടിയൊന്നും പറയാതെ കിടക്കയിൽ കിടന്നു.
തനൂജ ഒരു നിമിഷം നന്ദനയെ നോക്കി നിന്ന ശേഷം അടുക്കളയിൽ പോയി നന്ദനയ്ക്കായി ഒരു കപ്പ് ചായയുമായി വന്നു. നന്ദനയുടെ നേർക്ക് ചായ നീട്ടിയ തനൂജ നന്ദനയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.
“നീയെന്തിനാ മോളെ കരയുന്നത്. ഒക്കെ ശരിയാവും.” തനൂജ അവളുടെ കണ്ണുനീർ തുടച്ച് ആശ്വസിപ്പിച്ചു.
“ചേച്ചി എന്നെ എത്രമാത്രമാ ശ്രദ്ധിക്കുന്നത്. അമ്മയുടെ കുറവ് ഒരിക്കലും ചേച്ചി എന്നെ അറിയിച്ചിട്ടില്ല. എപ്പോഴും എന്നെ സ്നേഹിച്ച് ഞാൻ ചെയ്യുന്ന തെറ്റുകൾ ക്ഷമിച്ച്.... എനിക്കറിയില്ല. എനിക്കൊന്നിനോടും താൽപര്യം തോന്നുന്നില്ല ചേച്ചി.”
“നിനക്കെന്താ പറ്റിയത് മോളെ? വാ, എന്തെങ്കിലും കഴിച്ചശേഷം ആശുപത്രിയിൽ പോകാം.” തനൂജ നന്ദനയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
തനൂജ നിർബന്ധിച്ചതിനെ തുടർന്ന് നന്ദന ആശുപത്രിയിൽ പോകാൻ തയ്യാറായി. തനൂജയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു ഡോ.ഷൈലജ. സിറ്റിയിലെ പ്രശസ്തയായ ഡോക്ടർ. രണ്ടുപേരും തയ്യാറായശേഷം ഡോ. ഷൈലജയുടെ ക്ലിനിക്കിലേക്ക് പോയി.
ഡോ.ഷൈലജ നന്ദനയെ പരിശോധിച്ച ശേഷം തനൂജയെ മാത്രമായി ക്യാബിനിലേക്ക് വിളിപ്പിച്ചു.
“തനൂ, നന്ദനയുടെ കല്യാണം കഴിഞ്ഞതാണോ?”
“ഇല്ല, ആലോചനകൾ നടക്കുന്നുണ്ട്. പക്ഷേ എന്താ അങ്ങനെ ചോദിച്ചത്? എന്തെങ്കിലും സീരിയസ് പ്രോബ്ളം?” തനൂജ പരിഭ്രമത്തോടെ ഷൈലജയെ നോക്കി.