കേരളത്തിലെ പ്രമുഖ ബിസിനസ് ദ്വൈവാരികയെന്ന നിലയിൽ വിജയചരിത്രം കുറിച്ച ധനത്തിന്‍റെ പിന്നിലെ ശക്തമായ പെൺ സാന്നിധ്യമാണ് മരിയ ഏബ്രഹാം. ധനം പബ്ലിക്കേഷൻ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്‌ടറുമായ കുര്യൻ ഏബ്രഹാമിന്‍റെ ജീവിത പങ്കാളി. 1987-ൽ ആരംഭിച്ച ധനം ദ്വൈവാരികയിപ്പോൾ ഡിജിറ്റൽ-ഓൺലൈൻ നവയുഗ മീഡിയ കമ്പിനിയായി മാറിയിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും സമ്പത്തിക-വാണിജ്യ മേഖലകളിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന ശക്തമായ സാന്നിധ്യമായി ഇന്നത്തെ നിലയിൽ ധനത്തെ എത്തിച്ചതിൽ വലിയൊരു പങ്ക് മരിയയ്ക്കുണ്ട്. കഴിഞ്ഞ 37 വർഷമായി ധനത്തിന്‍റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിച്ച വ്യക്തി.
ഫുഡ് ന്യൂട്രിഷനിസ്റ്റിൽ നിന്നും ഒരു ബിസിനസ് മാധ്യമത്തിന്‍റെ അമരക്കാരിൽ ഒരാളാവുക. ആ യാത്ര അത്ര നിസ്സാരമായിരുന്നില്ല. ബിസിനസ് രംഗത്തെ ഒട്ടേറേ പ്രതിസന്ധികളേയും വെല്ലുവിളികളേയും സധൈര്യം നേരിട്ടും പരിഹരിച്ചും തിരുത്തിയും ധനത്തിന്‍റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച വ്യക്തിത്വം. ധനത്തിന്‍റെ ബിസിനസ് ചുമതലകൾക്ക് പുറമെ എഡിറ്റോറിയൽ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച മരിയ ഏബ്രഹാമുമായി നടത്തിയ അഭിമുഖത്തിൽ നിന്നും..
കേരളത്തിലെ നമ്പർ വൺ ബിസിനസ് മാസികയാണ് ധനം ഈ വളർച്ചയിൽ എത്രത്തോളം പങ്കാളിയാകാൻ സാധിച്ചു?
ധനത്തിന്‍റെ വളർച്ച മികച്ച ടീം വർക്കിന്‍റെ ഫലമാണ്. തുടക്കം മുതൽ അതായത് കഴിഞ്ഞ 37 വർഷമായി ഞാൻ ധനത്തിന്‍റെ ഭാഗമായതിനാൽ എനിക്കും ഈ വളർച്ചയിൽ എന്‍റേതായ പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ അഡ്‌മിനിസ്ട്രേഷന്‍റെ ചുമതല ആയിരുന്നു. എന്നാൽ എഡിറ്റോറിയൽ കാര്യങ്ങളിലെ എന്‍റെ അഭിരുചി മനസ്സിലാക്കി അത്തരം ചെറിയ ജോലികൾ ആദ്യം മുതൽ തന്നെ എന്നെ ഏൽപ്പിക്കുമായിരുന്നു. ബിസിനസ് ജേണലിസത്തിലേക്കുള്ള എന്‍റെ ആദ്യ ചുവടു വെപ്പുകളായിരുന്നു അവ. ഇത്തരത്തിൽ “ഓൺ ദി ജോബ്" പരിശീലനം ലഭിച്ചത് കൊണ്ട് പിന്നീട് എഡിറ്റോറിയലിന്‍റെ ചുമതല ഏറ്റെടുക്കേണ്ടി വന്നപ്പോൾ ആത്മവിശ്വാസത്തോടെ അത് നിർവഹിക്കാനായി. ഇപ്പോൾ ഇവന്‍റ്സ്, ബുക്ക്സ് എന്നിവ ഉൾപ്പെടെ ധനത്തിന്‍റെ എല്ലാ പ്രവർത്തന മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇവയിലെല്ലാം ആധികാരികത, മികച്ച നിലവാരം, പ്രയോജനക്ഷമത എന്നിവ ഉറപ്പു വരുത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.
കേരളത്തിലെ ബിസിനസ് രംഗത്തെ ചലനങ്ങളെ തിരിച്ചറിയാനും അവനെ ആധ്യനിക രീതിയിൽ ബ്രാൻഡ് ചെയ്യാനും ധനത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നിലെ പരിശ്രമത്തെക്കുറിച്ച് പറയാമോ?
മലയാളത്തിലെ ആദ്യത്തെ ബിസിനസ് പ്രസിദ്ധീകരണമാണ് ധനം. ഇന്ത്യയിൽ തന്നെ പ്രാദേശിക ഭാഷകളിൽ ആദ്യത്തേതും. 1987-ൽ ധനം പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ദിനപത്രങ്ങളിൽ പോലും എന്തെങ്കിലും ബിസിനസ് വാർത്തകൾ വരുന്നത് വളരെ അപൂർവ്വമായിരുന്നു. ബിസിനസുകാരെ പൊതുവെ ചൂഷകരായി കണ്ടിരുന്ന ഒരു കാലത്താണ് ഇൻസ്പൈറിംഗ് ബിസിനസ് സക്സസ് എന്ന ദൗത്യവുമായി ധനം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. മലയാള പ്രസിദ്ധീകരണ ചരിത്രത്തിൽ ആദ്യമായി ബിസിനസ് വിജയകഥകൾ അച്ചടിച്ചു വരുന്നത് ധനത്തിലാണ്. തങ്ങൾക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിന് വേണ്ടിയും സമ്പത്ത് സൃഷ്ട്‌ടിക്കുന്നവർ എന്ന നിലയിൽ ബിസിനസുകാരെക്കുറിച്ചുള്ള പൊതുധാരണയിൽ മാറ്റം വരുത്താനും അവർക്ക് അംഗീകാരവും ആദരവും നേടികൊടുക്കാനും ധനത്തിന് കഴിഞ്ഞു എന്ന് നിസംശയം പറയാം. മലയാളി സമൂഹത്തിന് ബിസിനസ്, സാമ്പത്തിക, നിക്ഷേപ സംബന്ധമായ വാർത്തകളും അറിവുകളും നൽകുക മാത്രമല്ല അത്തരത്തിലുള്ള പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും പരിശീലന പരിപാടികളും സംഗമങ്ങളും സംഘടിപ്പിക്കുകയും ചെയ്‌തു കൊണ്ട് കേരളത്തിൽ ഒരു ബിസിനസ് സംസ്ക്കാരം രൂപപ്പെടുത്തുന്നതിലും ധനത്തിനു വലിയൊരു പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.