ജീവിതപച്ച

അവധിക്കാലയാത്ര എങ്ങോട്ട് എന്നതിനെക്കുറിച്ച് തലപുകഞ്ഞ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന നന്ദന്‍റെയും അവന്തികയുടേയും മുന്നിൽ ചെന്ന് സുനന്ദ സധൈര്യം പ്രസ്താവിച്ചു “ഇത്തവണ അവധിക്കാലയാത്ര ഞാൻ തനിച്ചാണ്… അതും നാട്ടിലേക്ക്…”

ഭർത്താവിന്‍റേയും മകളുടേയും പ്രതികരണം അത്രകണ്ട് മെച്ചമാകാൻ ഇടയില്ലെന്ന് അറിഞ്ഞിട്ടും സുനന്ദ നന്ദന്‍റെയും അവന്തികയുടെയും എതിരെയുള്ള സോഫയിലിരുന്നു.

അവന്തിക ചീറുന്ന ശബ്ദത്തിൽ പറഞ്ഞു “വാട്ട് നോൺസെൻസ് യു ആർ ടോക്കിംഗ് അമ്മാ? അതൊരു ഹോറിബിൾ സ്പെയ്സ് ആണ്. അവിടെ പകൽ സമയത്ത് ഒരു പ്രൈവസിയും ഉണ്ടാകില്ല. മനുഷ്യരെക്കാളേറെ കൊക്ക്രോച്ചും സ്പൈഡറും മോസ്ക്വിറ്റോസും ആണ്. വി ആർ നോട്ട് കമിംഗ്.”

ഉള്ളിൽ ചിരിച്ചുകൊണ്ട് കുറ്റപ്പെടുത്തലിന്‍റെ കൂർപ്പിച്ച നോട്ടം എയ്തു സുനന്ദ പറഞ്ഞു “അതാണ് ഞാൻ തനിച്ചു പോകുന്നു എന്ന് ആദ്യമേ പറഞ്ഞത്.”

മുൻകാല അനുഭവങ്ങളിൽ നിന്ന് സുനന്ദയുടെ വാശിയുടെ ഉൾക്കരുത്ത് അറിഞ്ഞിട്ടുള്ളതിനാൽ നന്ദൻ നിരുപാധികം കീഴടങ്ങി.

“എങ്കിൽ അമ്മ ഇത്തവണ തനിച്ച് നാട്ടിൽ പോയിവരട്ടെ. നോ മോർ ഡിസ്കഷൻ.”

സോഫയിൽ നിന്നെഴുന്നേറ്റ് നന്ദൻ അകത്തേക്ക് നടന്നപ്പോൾ സുനന്ദയോട് മുഖം കൊണ്ടൊരു കോക്രി കാണിച്ച് അവന്തികയും നന്ദന്‍റെ പുറകേ നടന്നു.

എയർപോർട്ടിൽ ചെന്ന് ശുഭയാത്ര ആശംസിച്ച് സുനന്ദയെ യാത്രയാക്കുമ്പോഴും നന്ദന്‍റേയും അവന്തികയുടേയും മുഖത്തെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞിരുന്നില്ല.

യാതൊരു മുന്നറിയിപ്പും അമ്മയ്ക്ക് നൽകാതെ പടികയറി ചെല്ലണമെന്ന് സുനന്ദയുടെ മറ്റൊരു വാശിയായിരുന്നു. വിദേശവാസിയായ മകൾ അപ്രതീക്ഷിതമായി ഒരു പുലർ മഞ്ഞുകാല വേളയിൽ വീടിന്‍റെ പടികയറി വരുമ്പോൾ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷപൂങ്കുല കാണാനാനുള്ള മോഹം.

മുറ്റം അടിച്ചുവാരുന്നതിനിടയിലെപ്പഴോ ഒന്ന് തല പൊക്കിയപ്പോഴാണ് അമ്മ സുനന്ദയെ കണ്ടത്. അവിശ്വസനീയതയിൽ ആ കണ്ണുകൾ ഒന്നു ചെറുതായി. പിന്നെ അത്ഭുതം കൊണ്ട് വിടർന്നു.

ചൂല് ഒരുവശത്തേക്ക് വലിച്ചെറിഞ്ഞ് ഉടുമുണ്ടിന്‍റെ വശങ്ങളിൽ കൈ തുടച്ച് ഓടി അടുത്തുവന്ന അമ്മയുടെ മെലിഞ്ഞു നീണ്ട വിരലുകൾ തന്‍റെ കൈത്തണ്ടയിൽ അമർന്ന നിമിഷം ഹൃദയത്തിന്‍റെ അഗാധതയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു കണ്ണീർ മുത്ത് സുനന്ദയുടെ കൺകോണിൽ ഒളിച്ചു നിന്നു.

സുനന്ദ അമ്മയെ കൺ നിറയെ കണ്ടു. അമ്മയ്ക്ക് വലിയ മാറ്റമൊന്നുമില്ല. മുണ്ടിൻ തലപ്പിൽ സ്ഥിരം പറ്റിയിരിക്കാറുള്ള അടുക്കളക്കരി പോലും സ്ഥാനം തെറ്റാതവിടെയുണ്ട്. നെറ്റിയിൽ പാതിയടർന്ന ചന്ദനക്കുറി. വിയർപ്പും രുദ്രാക്ഷമാലയും ചാലിട്ടൊഴുകുന്ന ചുളിവു നിറഞ്ഞ നീണ്ട കഴുത്ത്. വാരിക്കെട്ടി വച്ച തലമുടിക്കെട്ടിൽ നിന്നും പുറത്തേക്കിറങ്ങി നോക്കുന്ന തുളസിക്കതിരുകൾ.

സുനന്ദ തനിച്ചാണ് എന്നറിഞ്ഞതോടെ അമ്മയുടെ അമ്പരപ്പ് ഒന്നുകൂടെ വിശാലമായി.

“മോളെയെങ്കിലും നിനക്ക് കൂട്ടായിരുന്നില്ല്യേ…” അമ്മയുടെ ശബ്ദം നനഞ്ഞു താണു. പണ്ടും സ്നേഹം കൂടിയാൽ അമ്മയുടെ സ്വരം നനഞ്ഞു താഴും.

അടുക്കളയിൽ നിന്നും ഇറങ്ങിവന്ന ഏട്ടത്തിയമ്മയ്ക്ക് പതിവ് മുണ്ടും നേര്യതിനും പകരം ളോഹ പോലുള്ള നിശാവസ്ത്രം. പകൽനേരത്തും നിശാവസ്ത്രത്തിൽ പിടിമുറുക്കുന്ന മലയാളിത്തം.

“ഏട്ടനെവിടെ അമ്മേ?”

“അവന് എപ്ലാ ഒഴിവ്? രാവിലെ എറങ്ങും നാട്ടിൽക്ക്.”

“പിന്നേയ് എനിക്കറിയില്ലേ എന്‍റേട്ടനേ…” സുനന്ദ ചിരിച്ചു.

അമ്മയേയും ഏട്ടത്തിയമ്മയേയും പറഞ്ഞ് പറ്റിച്ച് നൂറ് തിരക്കഭിനയിച്ച് വീട്ടിൽ നിന്നിറങ്ങുന്ന ഏട്ടൻ തോട്ടുവക്കത്തെ കാട്ടുപൊന്തക്കരുകിൽ മീൻചൂണ്ടയുമായി ധ്യാനച്ചിരിക്കുകയോ വായനശാലയിൽ സമയം കൊല്ലി ചർച്ചയിലേർപ്പെട്ടിരിക്കുകയോ കമ്മറ്റിക്ക് ഒപ്പം പിരിവിന് നടക്കുകയോ ആയിരിക്കുമിപ്പോൾ എന്നോർത്ത് സുനന്ദയ്ക്ക് പിന്നേയും ചിരി വന്നു.

ഏട്ടത്തിയമ്മയുടെ കാര്യപ്രാപ്തിയിലും പറമ്പുകളിലെ ആദായത്തിലും വല്ലപ്പോഴുമെത്തുന്ന സുനന്ദയുടെ ചെക്കുകളിലും മുന്നോട്ട് പോകുന്ന കുടുംബം.

“കുറച്ച് കാര്യഗൗരവമൊക്കെ വേണമെട്ടോ” എന്ന് ഉപദേശിക്കാൻ ചെന്നാൽ “ആർക്കുവേണ്ടി?” എന്ന മറുചോദ്യം കൊണ്ട് ഏട്ടൻ വായടപ്പിച്ചു കളയുമെന്ന് സുനന്ദയ്ക്ക് അറിയാം. ഒരുപക്ഷേ അനപത്യതാദുഃഖം ഏട്ടൻ ഇത്തരം കാര്യങ്ങളിലൂടെ അലിയിപ്പിച്ചെടുക്കുകയാകാം എന്നോർക്കുമ്പോൾ സുനന്ദയ്ക്കുള്ളിൽ നനവ് പടരും.

വീടിനകത്തു കാൽ കുത്തിയ നിമിഷം മുതൽ നന്ദനും മോളും കൂടെ ഉണ്ടായിരുന്നെങ്കിൽ അവരുടെ സുഖസൗകര്യങ്ങൾ നോക്കി തന്‍റെ കൈവെള്ളയിൽ നിന്നും താനറിയാതെ ചോർന്നു പോകുമായിരുന്ന ദിവസങ്ങൾ തന്‍റേതുമാത്രമാക്കി സ്വന്തമാക്കിയൊരഭിമാനം സുനന്ദയ്ക്കുള്ളിൽ നുരഞ്ഞു.

ഉച്ചയൂണ് കഴിഞ്ഞ ഇടനേരത്ത് അമ്മയുടെ മടിയൽ തലവെച്ച് കിടന്ന് ആ ഉടുമുണ്ടിന്‍റെ മൊരുമൊരുപ്പും കഞ്ഞിപ്പശയുടെ രൂക്ഷഗന്ധവും ആസ്വദിച്ച് സുനന്ദ പറഞ്ഞു “ഇത്തവണ എനിക്ക് അച്ഛന്‍റെ വീട്ടിലൊന്ന് പോകണമമ്മേ, ഇനിയിങ്ങനെ എന്‍റെ ഇഷ്ടപ്പടി ഒരു യാത്ര തരപ്പെടുമോ എന്നറിയില്ല.”

നിമിഷനേര നിശബ്ദതയ്ക്ക് ശേഷം അമ്മ പതിയെ പറഞ്ഞു. “എന്തിനാദ്? പത്ത് പതിനഞ്ച് വർഷമായി അങ്ങട്ടയ്ക്ക് ഉള്ള വരവ് പോക്കൊക്കെ നിന്നിട്ട്. നിന്‍റെ ചെറിയച്ഛന്മാര് തന്നെ തമ്മിൽ കണ്ടാൽ മിണ്ടാതായിട്ട് വർഷങ്ങളായി. നിന്‍റെ അച്ഛൻ പോയതും അവര് അവരുടെ അച്ചിമാരുടെ വാക്ക് കേട്ട് തന്നിഷ്ടപ്രകാരം ഭാഗം നടത്തി നമ്മളെ മാറ്റി നിർത്തിയതല്ലേ? എങ്ങനെ കഴിഞ്ഞതായിരുന്നു നമ്മളെല്ലാവരും ഒരുമിച്ച്. ഒക്കെ മറന്നില്ല്യേ.”

അമ്മയുടെ വാക്കുകളിൽ അനിഷ്ടം കയ്ച്ചു കിടന്നു. “ഇത്തിരി ഭുമിക്കും വസ്തുവകകൾക്കും വേണ്ടി എത്ര എളുപ്പാല്ലേ അമ്മേ നമ്മളൊരുമിച്ചുള്ള സ്നേഹക്കാലമൊക്കെ മറവിയിലേക്ക് തള്ളി ശത്രുക്കളാകുന്നത്.” സുനന്ദയുടെ ശബ്ദത്തിൽ കരച്ചിൽ കനിഞ്ഞു.

അച്ഛന്‍റെ മരണശേഷം നടന്ന ഭാഗം വെപ്പിൽ തങ്ങളോട് ചെയ്തത് അനീതിയാണെന്ന അമർഷത്തിന്‍റെ കറുപ്പു നിറഞ്ഞ മുഖവുമായി അമ്മ നിശബ്ദമായിരുന്നപ്പോൾ സുനന്ദയോർത്തു ജീവിതപച്ചപ്പുകൾ എത്രവേഗമാണ് വിദ്വേഷത്തിന്‍റെ വിഷമേറ്റ് കരിഞ്ഞുണങ്ങുന്നത്. ഇനിയത് തളിർക്കില്ലെന്നുണ്ടോ?

ഭാഗം വെപ്പിലെ അതൃപ്തി അമ്മയെ തന്‍റെ കൂടെ വരാനനുവദിക്കില്ലെന്നതും ഒരിക്കൽ അകന്നുപോയ അച്ഛന്‍റെ നാട്ടിലേക്ക് ഇനിയൊരു മടക്കം അമ്മ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടും സുനന്ദ തനിച്ചാണ് യാത്ര തിരിച്ചത്.

പഴയ പ്രതാപത്തിന്‍റെ വിദൂര നിഴൽ ചിത്രം പോലെയുള്ള പിടപ്പുരക്ക് മുന്നിൽ സുനന്ദ കാർ നിറുത്തിയ കാലത്തിന്‍റെ വെൺ ചിതലുകൾ തിന്നുതീർത്തിട്ടും തുരുമ്പിച്ച വിജാഗിരിയിൽ ഗതകാലത്തിന്‍റെ അവശേഷിപ്പിപോലെ ഇളകിയാടി നിന്ന പടിപ്പുരവാതിൽ പതിയെ തള്ളിത്തുറക്കുമ്പോൾ സുനന്ദയ്ക്കുള്ളിൽ സുഖപ്രദമായൊരു കുളിർ മിന്നിപുളഞ്ഞു. പ്രിയതരമായ അനേകമോർമ്മകൾ പുഷ്പവൃഷ്ടിയായി പെയ്യും പോലെ.

ജീവിതയാത്രയിൽ നിരധി പരിണാമങ്ങൾക്ക് വിധേയനായെങ്കിലും മുളപൊട്ടാൻ അനുകൂല സാഹചര്യം കാത്തുകിടന്ന വിത്തുകളെപ്പോലെ സുനന്ദയിലെ ഗതകാലസ്മരണകൾ ഓർമ്മകളുടെ നനവേറ്റ് മുളപൊട്ടിത്തുടങ്ങി.

ഒരച്ഛനും മൂന്ന് ആൺമക്കളും ഉണ്ടായിരുന്ന അച്ഛൻ വീട്ടിലെ ആദ്യ ആൺസന്തതിയുടെ ആദ്യ സന്താനമെന്ന നിലയിലും തറവാട്ടിലെ ഏകപെൺതരിയെന്ന നിലയിലും മുത്തച്ഛനും ചെറിയച്ഛന്മാരും തന്ന സ്നേഹമത്സരങ്ങൾ ഓർക്കുമ്പോൾ സുനന്ദയുടെ മനസ് സുന്ദയോട് ചോദിച്ചു “എന്നിട്ടും എങ്ങനെയാണ് ഞങ്ങളൊക്കെ ഇത്രമാത്രം അകന്നുപോയത്?” കലത്തിന്‍റെ അനിവാര്യതയ്ക്കൊപ്പം സ്വയം വരുത്തിവെച്ച അകൽച്ചയല്ലേ ഇത്?

ഊഞ്ഞാലടണമെന്ന് താൻ വാശിപിടിച്ചതും ഉടുമുണ്ടഴിച്ച് മുറ്റത്തെ കിളിച്ചുണ്ടൻ മാവിന്‍റെ താഴ്ന്ന കവരത്തിൽ കെട്ടി കോണക കൃന്തനായി നിന്ന് ഊഞ്ഞാലാട്ടിതന്ന മുത്തച്ഛനോ തന്നേയും തോളിലിരുത്തി കാടും മലയും വയലേലകളും അലഞ്ഞു നടന്ന് പ്രകൃതിയുടെ വിസ്മയങ്ങളും നിഗൂഢതകളും കാണിച്ചുതന്ന് തന്നെ ഫാന്‍റസിയുടെ ലോകത്തടച്ചിട്ട ചെറിയച്ഛനോ അൽപം റൗഡിത്തരത്തിലൂടെ തന്‍റെ വീരാരാധനാപാത്രമായിരുന്ന വലിയ ചെറിയച്ഛനോ ആരാരയിരുന്നു തന്നെ ഏറെ സ്നേഹിച്ചിരുന്നതെന്ന കാര്യത്തിൽ മാത്രം സുനന്ദയ്ക്ക് ഉത്തരം ലഭിച്ചിരുന്നില്ല. ആരെയായിരുന്നു താനേറെ സ്നേഹിച്ചതെന്ന കാര്യത്തിലും.

സുനന്ദ പടിപ്പുര കടന്ന് മുറ്റത്തെത്തി. ഉമ്മറത്തിണ്ണയിൽ തൂങ്ങിയാടുന്ന ഭസ്മക്കൊട്ടയുടെ സ്ഥാനം അപഹരിച്ച് പ്ലാസ്റ്റിക് ഞാത്തിൽ തൂങ്ങിക്കിടക്കുന്ന പൂച്ചെട്ടി. തിണ്ണയുടെ ഓരത്ത് ചന്ദനക്കല്ല് വരണ്ടു കിടക്കുന്നു. പുലർക്കാലത്ത് കുളിച്ചീറനായി വന്ന് കൃഷ്ണ സ്തുതി മൂളി ചന്ദനമരയ്ക്കുന്ന മുത്തച്ഛന്‍റെ രൂപം കണ്ണിൽ തെളിഞ്ഞതും വല്ലാത്തൊരു സങ്കടത്താൽ സുനന്ദയുടെ ഉടൽ വിറച്ചു.

മൂത്തമകൻ നോക്കിയാലേ തന്‍റെ കാര്യങ്ങൾ ശരിയാകൂ എന്നൊരു വിശ്വാസത്തിൽ മുത്തച്ഛന് എന്തിനും ഏതിനും അച്ഛൻ വേണമായിരുന്നു എന്ന് സുനന്ദയോർത്തു. അതായിരിക്കാം മുത്തച്ഛൻ പോയി ഏറെ കഴിയും മുമ്പ് അച്ഛനും രംഗം വിട്ടത്. ഭൂമിയിലെ ഇടപാടുകൾക്ക് സമയപരിധി നിശ്ചയിച്ചപ്പോൾ രണ്ടാളും മറുലോകത്തേക്ക് നടന്നു മറഞ്ഞതാകാം.

മുന്നോട്ട് നടക്കുന്തോറും ചില ചിന്തകൾ മുള്ളുപോലെ സുനന്ദയ്ക്കുള്ളിൽ തറഞ്ഞു നിന്ന് വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എന്‍റെ വേരുകൾ ആഴത്തിലാണ്ടു കിടക്കുന്ന ഈ മണ്ണിലല്ലേ ഞാൻ കൽപ്പാന്തകാലത്തോളമുറങ്ങേണ്ടത്? ഈ തെന്നലും ഈ കുളിർമഴയുമേറ്റല്ലേ ഞാൻ നിതാന്തമായി വിശ്രമിക്കേണ്ടത്? ഭാഗം വെച്ച് പിരിച്ചകറ്റിയാൽ തീരുന്നതാണോ എന്‍റെയീ അവകാശം?

ഓർമ്മയുടെ കരിയിലകൾ ചിന്നം പിന്നം പാറിപ്പറക്കുന്ന മനസ്സോടെ സുനന്ദ ഉമ്മറത്തിണ്ണയിലേക്ക് കയറി. അമ്പേ നരച്ച തലയുമായി ഉമ്മറത്തൂണിൽ ചാരിയിരുന്ന ചെറിയച്ഛൻ “എന്നെ ഓർമ്മയുണ്ടോ?” എന്ന സുനന്ദയുടെ ചോദ്യത്തിനു മുന്നിൽ “ഹൊ ന്‍റെ കുട്ടി” എന്ന പിറുപിറുപ്പോടെ ഞെട്ടിത്തെറിച്ചെഴുന്നേറ്റു.

കാലമെത്ര തൊങ്ങലുകൾ തന്നിൽ ചേർത്ത് വെച്ചാലും ഇവരുടെ മനസ്സിന്‍റെ ഗർഭഗൃഹങ്ങളിൽ താനിപ്പോഴും കുട്ടി മാത്രമാണെന്നതിൽ സുനന്ദയ്ക്ക് ചിരി വന്നു. അങ്ങിങ്ങ് വെള്ളിനൂൽ ഇടപാകിയ തലയോടെ കാലം ചുളിവ് തീർത്ത മുഖത്തോടെ ഒരു കുട്ടി.

തറവാടിനെ രണ്ടായി ഭാഗിച്ച് നിന്ന മുൾവേലിക്കരികിലേക്ക് ഇളയ ചെറിയച്ഛൻ പ്രാഞ്ചി പ്രാഞ്ചി ഓടുന്നത് സുനന്ദ കണ്ടു.

“ഏട്ടാ… നമ്മടെ കുട്ടി വന്നിരിക്കുണൂ…”

ചെറിയച്ഛന്‍റെ ശബ്ദമുയർന്നതും അടുത്ത പറമ്പിലെ വാഴച്ചോട്ടിൽ നിന്നും പതിയെ വലിയ ചെറിയച്ഛന്‍റെ രൂപം പൊന്തി വന്നു. വർഷങ്ങൾക്കു ശേഷം ജ്യേഷ്ഠനും അനിയനും പരസ്പരം സംസാരിക്കാൻ താൻ ഒരു നിമിത്തമായല്ലോ എന്നോർത്തപ്പോൾ സുനന്ദയുടെ ഹൃദയം സന്തോഷം കൊണ്ട് പൂത്തുലഞ്ഞു. പകയുടെ മുൾവേലിക്കെട്ടുകൾ തകരാൻ ഒരു കാഴ്ച ഒരു വിളിയൊച്ച കാണാമതിലുകൾക്കപ്പുറം നിന്നിരുന്നതെന്ന ചോദ്യം വീണ്ടും സുനന്ദയിലുണർന്നു.

ഇരുവരും പറഞ്ഞറിയിക്കാനാകാത്ത ഒരുതരം വികാരത്തോടെ കണ്ണിൽകണ്ണിൽ നോക്കി നിൽക്കുന്നതും വേലി ചാടാൻ പ്രയാസപ്പെടുന്ന ഏട്ടനെ അനിയൻ വേലിമുള്ളുകൾ ഒതുക്കി കൈപിടിച്ച് സഹായിക്കുന്നതും സുനന്ദ കൌതുകത്തോടെ കണ്ടു നിന്നു.

അതിർത്തി ലംഘിച്ചാൽ കാൽവെട്ടുമെന്ന് പരസ്പരം വെല്ലുവിളിച്ചവർ പരസ്പരം കൈത്താങ്ങായി സുനന്ദയ്ക്കരികിലെത്തി. സുനന്ദയെ ചായ്ച്ചും ചെരിച്ചും വട്ടം തിരിച്ചും നോക്കി അവർ ഒരുമിച്ച് പ്രസ്താവിച്ചു. “കുട്ടിക്കൊരു മാറ്റംല്യ” വർഷങ്ങൾ ഒന്നിലും ഒരു മാറ്റവും വരുത്തിയില്ല എന്ന കപട വിധിന്യായത്തെ അതൊരുതരം തിരിച്ചു പിടിക്കലാണ് എന്നറിഞ്ഞുകൊണ്ടു തന്നെ സുനന്ദയും അംഗീകരിച്ചു. പകയുടേയും സ്വാർത്ഥതയുടേയും കറകൾ കണ്ണീർചാലാൽ കഴുകി കളയുന്ന അവരുടെ കവിൾത്തടങ്ങളിൽ സുനന്ദയിലെ കുട്ടിയുടെ സ്നേഹമുദ്രകൾ അതീവ നിഷ്കളങ്കതയോടെ പതിഞ്ഞു.

കാലം തങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ് സ്തബ്ദമായി നിൽക്കുന്ന ഈ നിമിഷങ്ങളിൽ നിന്ന് ഒരടി മുന്നോട്ടോ പിന്നോട്ടോ ചലിക്കാനിഷ്ടപ്പെടാതെ നിന്ന അവരെ ചേർത്ത് പിടിച്ച് നിൽക്കുമ്പോൾ സുനന്ദയുടെ ഫോൺ റിംഗ് ചെയ്തു. നന്ദനാണ്.

“എങ്ങനെയുണ്ടെഡോ തന്‍റെ സ്വന്തം അവധിക്കാലം?”

“നന്ദാ… കൈമോശം വന്ന അമൂല്യനിധി കണ്ടെത്തി ഞാൻ…” സുനന്ദയുടെ വാക്കുകൾ ആവേശം കൊണ്ട് ചിലമ്പിത്തെറിച്ചു.

“എന്താഡോ? പഴയ പ്രണയം വല്ലതും?”

“കോൾ യു ലേറ്റർ” എന്നു പറഞ്ഞ് നന്ദനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഫോൺ കട്ട് ചെയ്യുമ്പോൾ സുനന്ദയിൽ കുസൃതി നിറഞ്ഞു.

തന്‍റെ ചുണ്ടിലെ നിലാപുഞ്ചിരിയുടെ അനുരണനങ്ങൾ വിടരുന്ന ചെറിയച്ഛന്മാരുടെ മുഖം നോക്കി സുനന്ദ മനസ്സിൽ മന്ത്രിച്ചും കരിഞ്ഞുണങ്ങിയ ഓരോ ഓർമ്മ പുൽനാമ്പും കിളിർക്കുന്ന ജീവിതപച്ചയിലാണ് ഞങ്ങളിപ്പോൾ…

അകന്ന ബന്ധു

വിപിൻ തന്‍റെ പുതിയ വീടിന്‍റെ സിറ്റ്ഔട്ടിൽ ഈസി ചെയറിൽ നീണ്ടുനിവർന്ന് കിടന്നു. ഡിസംബറിലെ സുഖപ്രദമായ തണുത്ത കാറ്റ്. അറിയാതെ ചെറുതായൊന്ന് മയങ്ങി. തൊട്ടടുത്ത വീട്ടിലെ ഒച്ചപ്പാടും കലഹിക്കുന്ന ശബ്ദവും കേട്ടാണ് വിപിൻ ഉണർന്നത്. ഒന്നുരണ്ട് മിനിറ്റിനകം തന്നെ കാര്യം പിടികിട്ടി. ദമ്പതികൾക്കിടയിലുള്ള വഴക്കാണ്.

“രേവൂ, അവിയെന്ത് ബഹളമാണ്… എന്തോ കാര്യമായ പ്രശ്നമുണ്ട്. നീ ഒന്ന് നോക്കീട്ടുവാ…”

ഭാര്യവീട്ടുകാരുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വസ്ഥത തേടിയാണ് താനിവിടെ വന്നത്. വലിയ ഓട്ടപ്പാച്ചിലിൽ നടത്തിയ ശേഷമാണ് കൊച്ചിയിൽ നിന്നും തിരുവന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങിയത്.

കൊച്ചിയിലായിരുന്നപ്പോൾ ഒരു നിമിഷത്തെ സ്വസ്ഥതപോലും കിട്ടിയിരുന്നില്ല. ദിവസവും ജോലിക്ക് പോകുന്നതിന് മുമ്പും കഴിഞ്ഞെത്തുമ്പോഴും പരിചയക്കാരും ബന്ധുക്കളും വീട്ടിൽ സ്ഥിരം കാണും.

ടെൻഷൻ കാരണം 33 തികയും മുമ്പ് തന്നെ മുടിയിൽ വെള്ളിവരകൾ വീണു തുടങ്ങിയിരുന്നു. കാഴ്ചയിൽ ഉള്ളതിലും 10 വയസ്സ് കൂടുതൽ തോന്നിക്കും. ജോലിസ്ഥലത്തെ ടെൻഷൻ, ജീവിതവും യാത്രയും ഒരേ പാളത്തിലൂടെ നീങ്ങുമ്പോഴുള്ള വിരസത, ബന്ധുക്കളുടെ അനാവശ്യ ഇടപെടൽ… ശാന്തമായ കടൽ വീണ്ടും ക്ഷോഭിക്കുന്നതുപോലെ…

10 മിനിറ്റ് പിന്നിട്ട ശേഷമാണ് രേവതി മടങ്ങിയെത്തിയത്. “സർപ്രൈസ്… ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾക്ക് അത്ഭുതം തോന്നും. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ആരാണ് താമസിക്കുന്നതെന്നറിയാമോ?”

“നീ ഇങ്ങനെ ടെൻഷനടിപ്പിക്കാതെ ആരാണെന്നൊന്നു പറയൂ…”

“എന്‍റെ അകന്ന ബന്ധത്തിലുള്ള ആന്‍റിയുടെ മകളാ… വീട്ടിലെ ആൽബത്തിൽ അവരുടെ കുറേ ഫോട്ടോസുണ്ട്. ഞാനെപ്പോഴും പറയാറില്ലേ മഹേശ്വരിയാന്‍റിയെന്ന്… അവരുടെ മകൾ മായ… രണ്ട് വർഷം മുമ്പായിരുന്നു അവളുടെ വിവാഹം.”

വിപിന്‍റെ മുഖം വാടി “ഹൊ… ഇവിടെയും…”

“ഇപ്പോഴും മനസ്സിലായില്ലേ. പക്ഷേ, എനിക്ക് മായയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. പ്രസവമടുത്തതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നല്ലോ… ആന്‍റിയെ വിളിച്ച് ആ പിണക്കമൊക്കെ ഞാൻ തീർത്തിട്ടുണ്ട്.”

“ചെറിയൊരു സാമ്പത്തികഞെരുക്കമാണ് അവരുടെ പ്രശ്നം. മായയ്ക്ക് കോൾസെന്‍ററിലും മഹേഷിന് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയുണ്ടായിരുന്നതാ. മായയെന്നും വൈകിവരുന്നത് കണ്ട് മഹേഷ് നിർബന്ധിച്ച് ജോലി കളയിക്കുകയായിരുന്നു. മഹേഷ് ജോലി നോക്കിയിരുന്ന കമ്പനി അപ്രതീക്ഷിതമായി ലോക്ക്ഔട്ടുമായി. 2 മാസത്തോളമായി രണ്ടുപേർക്കും ശബളം കിട്ടുന്നില്ല. തൽക്കാലം 10000 രൂപ കൊടുക്കാമെന്ന് ഞാനേറ്റുപോയി…”

“എന്നോട് ചോദിക്കാതെ ഏതോ ഒരുത്തിക്ക്…” വിപിന് ദേഷ്യമടക്കാനായില്ല.

“ഏതോ ഒരുത്തിയൊന്നുമല്ല. എനിക്ക് വേണ്ടപ്പെട്ട ഒരു ആന്‍റിയുടെ മകളാ അത്.” രേവതി പറഞ്ഞു.

“അങ്ങനെയാണെങ്കിൽ നിന്‍റെ ആന്‍റിക്ക് തന്നെ അവരെ സഹായിച്ചുകൂടേ?” വിപിൻ സംസാരം തുടരുന്നതിനിടയിൽ മുൻവശത്തെ ഗേറ്റ് തുറന്ന് മാന്യനെന്ന് തോന്നിക്കുന്ന ഒരു യുവാവും നന്നായി അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരിയും അകത്തേക്ക് പ്രവേശിച്ചു. എന്തൊരു ചേർച്ച… വിപിൻ ആശ്ചര്യത്തോടെ അവരെ തന്നെ നോക്കി.

“ആരാ ഇതൊക്കെ….” രേവതി തിടുക്കത്തിൽ ചെന്ന് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.

തങ്ങളുടെ സ്വസ്ഥമായ പകലിലേക്ക് അനധികൃതമായി കടന്നുകൂടിയ സുന്ദരജോഡികളെ അത്ര പെട്ടെന്ന് നിരാകരിക്കാൻ സൗന്ദര്യ ആരാധകനായ വിപിന് തോന്നിയില്ല. ചായ സത്കാരത്തിനുശേഷം മായ രേവതിയെ നോക്കി പറഞ്ഞു “ചേച്ചി… ക്യാഷിന്‍റെ കാര്യം…”

“ആ… ഇപ്പോ തരാം.” രേവതി അകത്തുചെന്ന് ക്യാഷ് കൊണ്ടുവന്നു.

പണം കൈയിൽ കിട്ടിയതും അവർ മതിമറന്ന് സ്കൂട്ടറിൽ കയറി എവിടേക്കോ പോയി. വളരെ വൈകിയാണവർ മടങ്ങിയെത്തിയത്. അതും നേരിട്ട് രേവതിയുടെ അടുത്തേക്ക്…

അകത്ത് കയറിയതും അപരിചതത്വമൊന്നും കാട്ടാതെ മായ സോഫയിലേക്ക് വീണു. “ഇന്ന് ഞങ്ങളുടെ ഭക്ഷണം ഇവിടെ നിന്നാകട്ടെ… ഇനി അടുക്കളയിൽ കയറാൻ വയ്യ. വല്ലാത്ത ക്ഷീണം.”

“നിങ്ങൾ ഇതുവരെ എവിടെയായിരുന്നു…” രേവതി ഉത്സാഹത്തോടെ മായയ്ക്കരുകിൽ വന്നിരുന്നു.

“ദാ… ഈ നേരം വരെ ബ്യൂട്ടിപാർലറിൽ ആയിരുന്നു. ഇപ്പോഴാ ഒന്നിറങ്ങാൻ പറ്റിയത്. പെഡിക്യൂർ, മാനിക്യൂർ, ഫേഷ്യൽ, ഹെയർ കട്ടിംഗ്, സെറ്റിംഗ്, ബോഡി മസാജ്…”

“നീ അല്ലെങ്കിലേ സുന്ദരിയാണല്ലോ. ഇതിന്‍റെ വല്ല ആവശ്യവുമുണ്ടോയിരുന്നോ. അപ്പോ പണം ഒരുപാട് ചെലവായി കാണുമല്ലോ?” രേവതിയുടെ ശബ്ദം നേർത്തുവന്നു.

“ഓ… അങ്ങനെ വലിയ തുകയൊന്നുമായില്ല. ഒരു ആയിരത്തി അഞ്ഞൂറു രൂപയായിക്കാണും?” അലക്ഷ്യമായി കിടന്ന മുടി ഒരു വശത്തേക്ക് ഒതുക്കി മായ ചിരിച്ചു.

“മെയ്ന്‍റെയൻ ചെയ്തില്ലെങ്കിൽ ഇക്കാണുന്ന സൗന്ദര്യമൊക്കെ നഷ്ടപ്പെട്ടുപോകും. ദാ… ചേച്ചിയുടെ കാര്യം തന്നെയെടുക്കാം. ചേച്ചി സ്വയമൊന്ന് കണ്ണാടിയിൽ ചെന്നുനോക്ക്. ചേച്ചി വലിയ സുന്ദരിയായിരുന്നെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, ചേച്ചിയെ കണ്ടിട്ട് ബ്യൂട്ടിപാർലറിന്‍റെ പടി കണ്ടിട്ടുണ്ടോയെന്ന് സംശയം തോന്നുന്നു. പണം കൈയിലെ അഴുക്കാണ്. ഇന്നു വരും നാളെ പോകും.” മായ ചിരിച്ചു.

പൊങ്ങച്ചം പറച്ചിൽ കേൾക്കാൻ ത്രാണിയില്ലാതെ വിപിൻ ചോദിച്ചു. “അപ്പോ മഹേഷും ഇതുവരെ മെൻസ് പാർലറിലായിരിക്കുമല്ലേ?”

“ഏയ്… അല്ലല്ല… മഹിക്ക് അതിനൊക്കെ എവിടാ സമയം. ഉള്ള ബില്ലുകളെല്ലാം അടക്കേണ്ടേ… വീട്ടുവാടക, കറന്‍റ്ബിൽ, ടോലിഫോൺബിൽ…”

രേവതി ശരിക്കും ഞെട്ടി “അപ്പോ ഞാൻ തന്ന രൂപ…”

“ഒക്കെ തീർന്നു. ഇനിയിപ്പോ പാൽക്കാരനും പണം കൊടുക്കാനുണ്ട്. പിന്നെ അല്ലറ ചില്ലറ കാര്യങ്ങൾക്കും വേണം.” ഒട്ടും മടികാട്ടാതെ മായ പറഞ്ഞു.

“കൈയിൽ കാലണയില്ല… പക്ഷേ കണ്ടില്ലേ മട്ടും ഭാവവും…” വിപിൻ പിറുപിറുത്തു.

“മായ നിനക്ക് നല്ല ക്ഷീണമുണ്ട്. നീ പോയി വിശ്രമിക്ക്. ഞാനപ്പോഴേക്കും വരാം.” ഭർത്താവിന്‍റെ മട്ടും ഭാവവും കണ്ടാവണം, രേവതി പറഞ്ഞു.

“നീ എവിടേക്കും പോകുന്നില്ല. നിന്‍റെ ബന്ധുക്കളുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വസ്ഥത തേടിയാണ് ഞാനിങ്ങോട്ട് ട്രാൻസ്ഫർ വാങ്ങിയത്. ഇതിപ്പോ…”

രേവതി ഭർത്താവറിയാതെ ആയിരം രൂപ മായയ്ക്കു നൽകി. കഴിവതും വേഗം ജോലി കണ്ടുപിടിക്കണമെന്ന ഉപദേശവും നൽകി. സംസാരത്തിൽ നിന്നും മായയും മഹേഷും പലയിടത്തു നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നവൾ മനസ്സിലാക്കി. സാമ്പത്തിക ഞെരുക്കം കാരണമാണ് അവരെപ്പോഴും കലഹിക്കുന്നത്. പണം കൈയിലെത്തിയാലുടൻ പൊട്ടിച്ചിരിയും ആഘോഷവും… പിന്നെ പ്രണയ ജോഡികളെപ്പോലെ സ്കൂട്ടറിൽ പറ്റിപ്പിടിച്ച് യാത്ര ചെയ്യും. ചിലപ്പോഴൊക്കെ ഇവർക്കിടയിൽ കലഹം മൂക്കുമ്പോൾ അയൽക്കാരും രണ്ടു ചേരികളായി തിരിയും. ചിലർ മായയുടെ ഭാഗം ന്യായീകരിക്കും മറ്റുചിലർ മഹേഷിന്‍റെ പക്ഷം പിടിച്ച് സംസാരിക്കും. അങ്ങനെ ആറ് മാസം കടന്നുപോയി.

സുന്ദരജോഡികളുടെ തനിനിറം പുറത്തായതോടെ നാട്ടുകാരും പരിചയക്കാരും കടം നൽകാൻ മടിച്ചു. വീട്ടുടമ ദിവസവും വന്ന് അവരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ആറുമാസത്തെ വാടകക്കുടിശിക ഉണ്ടായിരുന്നു. ഒരു ദിവസം ദേഷ്യമടക്കാനാകാതെ വീട്ടുടമ ഫർണിച്ചറുകളും മറ്റും പുറത്തേക്ക് വലിച്ചെറിഞ്ഞു. അയൽക്കാർ ഇടപെട്ടതുകൊണ്ട് പ്രശ്നം കൂടുതൽ വഷളാകാതിരുന്നത്.

അയൽക്കാരുടെ കുടുംബപ്രശ്നങ്ങൾ തന്‍റേതു കൂടിയായപ്പോൾ ഭ്രാന്തു പിടിക്കുമെന്ന് വിപിന് തോന്നി. തിരുവനന്തപുരം നഗരവും ജോലിയുമൊക്കെ അയാൾക്ക് ശരിക്കും മടുത്തു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലല്ലാതെ കമ്പനിക്ക് മറ്റെങ്ങും ശാഖകളില്ലായിരുന്നു. “ഇവിടെ നിന്നാൽ സ്വസ്ഥത നശിക്കും. ജോലിയിൽ ഒരു മാറ്റം ആവശ്യമാണ്.” വിപിൻ ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് അപേക്ഷ അയച്ചു.

ഒരു ദിവസം ഓഫീസിൽ നിന്നും അൽപം വൈകിയാണ് വിപിൻ വീട്ടിലേക്ക് മടങ്ങിയത്. തന്‍റെ വീടിനു മുന്നിലുള്ള സിറ്റൗട്ടിൽ മായ ഒറ്റക്കിരിക്കുന്നു. രേവതി ഒരു പരിചിതയുടെ വീട്ടിൽ പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയിരുന്നു. അർദ്ധരാത്രി വരെ നിളുന്ന പരിപാടിയായതുകൊണ്ട് വൈകിയേ മടങ്ങിവരൂ എന്ന് രേവതി മുൻകൂട്ടി പറഞ്ഞിരുന്നു.

“ആറു മാസത്തെ വാടക നൽകാത്തതിനാൽ വീട്ടുടമ പുതിയൊരു താക്കോലിട്ട് വീട് പൂട്ടിയിരിക്കുകയാണ്.” മായ സങ്കടത്തോടെ പറഞ്ഞു. വിപിൻ വീട്ടുടമയുമായി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോൾ മായയ്ക്ക് വീടിനകത്ത് കയറിയിരിക്കാൻ അനുവാദം നൽകേണ്ടി വന്നു. അകത്ത് കടന്നതും മായയുടെ പ്രകൃതം മാറി. വിപിന്‍റെ തോളത്ത് ചാഞ്ഞ് വിലപിക്കാൻ തുടങ്ങി. മായയുടെ വശ്യസൗന്ദര്യവും സങ്കടം പറച്ചിലും തന്നോടുള്ള അടുപ്പവും കണ്ട് വിപിന്‍റെ മനസ്സലിഞ്ഞു.

“സമാധാനമായിരിക്ക്, ഒക്കെ ശരിയാകും.” വിപിൻ മായയെ സോഫയിലിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“എന്‍റെ പക്കൽ പണമില്ല. എനിക്കെങ്ങനെ സമാധാനിക്കാൻ കഴിയും?” മായ നിറകണ്ണുകളോടെ വിപിനെ നോക്കി.

“നോക്കട്ടെ…” വിപിൻ പതിയെ മന്ത്രിച്ചു.

“ഞാനുടനെ മടങ്ങിവരാം. അതുവരെ ഇവിടെയിരിക്ക്.” വിപിൻ എടിഎം കാർഡുമെടുത്ത് പുറത്തേക്ക് പെയി. 15,000 രൂപയുമായാണ് മടങ്ങിവന്നത്. പണം ലഭിച്ചതും മായ വിപിന്‍റെ കൈകളിൽ ഇറുകെ പിടിച്ചു. “താങ്ക് യൂ… താങ്ക് യൂ സോ മച്ച്…”

എന്തുപറയണമെന്നറിയാതെ വിപിൻ ഒരുനിമിഷം തരിച്ചു നിന്നു. മായ മഹേഷിനെക്കുറിച്ച് ആ വീട്ടിൽ പിന്നീട് ഒരെതിരഭിപ്രായം ഉയർന്നില്ല. ഭർത്താവിന്‍റെ സ്വഭാവത്തിലെ ഈ മാറ്റം രേവതിയെ അത്ഭുതപ്പെടുത്തിയിരുന്നില്ല. മായയ്ക്ക് പണം നൽകിയ കാര്യം വിപിൻ രേവതിയിൽ നിന്ന് മറച്ചു പിടിച്ചു.

തന്നെക്കാണുമ്പോൾ നെറ്റി ചുളിച്ചിരുന്നയാൾ പ്രേമപരവശനായി തന്നോട് പെരുമാറന്നത് കണ്ട് മായ സന്തോഷിച്ചു. വിപിനെ തന്നിലേക്ക് ആകർഷിക്കുകയെന്നതായി മായയുടെ പിന്നീടുള്ള ശ്രമങ്ങളത്രയും. രേവതി പുറത്തു പോകുമ്പോഴൊക്കെ മായ എന്തെങ്കിലും കാരണങ്ങളുണ്ടാക്കി വിപിന്‍റെ പക്കലെത്തും.

ഇല്ലായ്മ പറഞ്ഞ് രേവതിയുടെ അടുത്തു നിന്നും പണം വാങ്ങും. മായയുടെ മായാവലയത്തിലായിരുന്നതിനാൽ വിപിൻ ചോദിക്കാതെ തന്നെ പണം നൽകും.

മായയ്ക്ക് വിപിനിൽ യാതൊരു താൽപര്യവുമില്ലായിരുന്നു. പണം പിടുങ്ങുക മാത്രമായിരുന്നു ലക്ഷ്യം. ഒരു ദിവസം വിപിൻ വികാരപരവശനായി മായയോട് പ്രണയാഭ്യർത്ഥന നടത്തി. മായയുടെ മട്ടും ഭാവവും മാറി ഭീഷണിയുടെ സ്വരം കലർന്നു. “എനിക്ക് 10,000 രൂപ വേണം. ഇല്ലെങ്കിൽ ഈ വിവരമൊക്കെ രേവതിചേച്ചിയോട് പറയും.” മായ ഉറക്കെ ചിരിച്ചു.

നാണക്കേടാകുമല്ലോ? പണം നൽകുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു. രേവതിയുടേയും വിപിന്‍റേയും കൈകളിൽ നിന്നും മായയ്ക്ക് ധാരാളം പണം കിട്ടിത്തുടങ്ങി. വീട്ടിലെ സാമ്പത്തികസ്ഥിതി ദിനംപ്രതി മോശമായി വന്നു. അവസാനം ഗത്യന്തരമില്ലാതെ രേവതി മഹേശ്വരിയാന്‍റിയെ വിളിച്ച് സ്ഥിതിഗതികൾ വിവരിച്ചു. കഴിവതും വേഗം പണം അയച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ മഹേശ്വരിയാന്‍റിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം മായയെ ശരിക്കും ഞെട്ടിച്ചു. “അന്ന് നീയല്ലേ പറഞ്ഞത് എന്‍റെ ഇളയ സഹോദരിയെപ്പോലെയാണ്. കാര്യങ്ങളൊക്കെ ഞാൻ തന്നെ നോക്കിക്കോളാമെന്നൊക്കെ. ചെറിയൊരു സഹായമല്ലേ ചെയ്തുള്ളൂ. എന്നിട്ട് പണം മടക്കിത്തരണമെന്നോ… എന്താ രേവതി ഇതൊക്കെ…”

രേവതി നടന്നതൊക്കെ അമ്മയോട് പറഞ്ഞു, “ഇത്രയൊക്കെ ചെയ്തിട്ട് ഇപ്പോഴാണോ എന്നോട് അഭിപ്രായം ചോദിക്കുന്നത്. പണം കളഞ്ഞുകുളിച്ചിട്ട് ഇനി വാവിട്ടു കരഞ്ഞിട്ടെന്തു കാര്യം? മഹേശ്വരിയുടേയും മകളുടേയും തനി നിറം നാട്ടിലെല്ലാവർക്കും അറിയാം. ഇവിടെയാരേയും പറ്റിക്കാൻ കഴിയില്ലെന്ന് മനസ്സിലായതു കാണ്ടാവണം…”

ബന്ധുവാണ്, പരിചയക്കാരിയാണ്… പണം നൽകിയില്ലെങ്കിൽ എന്തുകരുതും എന്നൊക്കെയുള്ള സെന്‍റിമെന്‍റ്സ് രേവതിയുടെ മനസ്സിൽ നിന്ന് ഉരുകിയില്ലാതായി. മായയുടെ ബ്ലാക്ക്മെയിലിംഗിൽ വിപിനും മടത്തുതുടങ്ങിയിരുന്നു. എന്നാൽ ഭാര്യയോട് സത്യം തുറന്ന് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഒരു ദിവസം ജോലിക്ക് പോയ മായ മടങ്ങി വന്നില്ല. കാര്യമായ തെരച്ചിൽ നടത്തിയെങ്കിലും പോലീസിനും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കാണാതായ ദിവസം കോൾസെന്‍ററിൽ എത്തിയില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷും ഭ്രാന്തനെപ്പോലെ മായയ്ക്കുവേണ്ടി തെരച്ചിൽ നടത്തി. പിന്നീട് മഹേഷിനും എന്തു സംഭവിച്ചുവെന്ന് ഒരു വിവരവും ലഭിച്ചില്ല. അച്ഛനമ്മമാരുടെ അരികിലേക്ക് മടങ്ങിപ്പോയതാകുമെന്ന് നാട്ടുകാരും കരുതി.

തന്‍റെ മകളുടേയും മരുമകന്‍റെയും തിരോധാനത്തിനു പിന്നിൽ വിപിൻ- രേവതി ദമ്പതിമാരാകുമെന്ന് മഹേശ്വരി കുറ്റപ്പെടുത്തി. നാട്ടുകാരുടേയും പരിചയക്കാരുടേയും പിന്തുണകൊണ്ടു മാത്രമാണ് പോലീസ് കസ്റ്റഡിയിലെത്താതെ അവർ രക്ഷപ്പെട്ടത്.

അതിനിടയ്ക്ക് ചെന്നൈയിലെ കമ്പനിയിൽ നിന്നും ജോലിക്കുള്ള ഇന്‍റർവ്യുകാർഡ് വിപിന് ലഭിച്ചു. കുട്ടികൾക്കും അവധി തുടങ്ങി. ഇന്‍റർവ്യുവിനൊപ്പം ഒരു ചെറിയ ടൂർ പ്രോഗ്രാം മനസ്സിൽ കണ്ട് പിവിൻ രേവതിയേയും മക്കളേയും ഒപ്പം കൂട്ടി.

ആദ്യ ദിവസം ഇന്‍റർവ്യുവും തിരക്കുകളുമായി കഴിഞ്ഞു. അടുത്ത ദിവസം ടൂറിസ്റ്റ് ബസിൽ 4 ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ പത്തുമണിക്ക് ടൂറിസ്റ്റ് ബസിൽ ചെന്നെ നഗരം ചുറ്റിക്കാണുന്നതിനിടയിൽ ഫിലിം ഷൂട്ടിംഗ് ലോക്കേഷനിലുമെത്തി. നാടൻ നൃത്തരൂപമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. 75ഓളം വരുന്ന നർത്തകിമാർ ആകർഷകമായ ഗ്രാമീണ വസ്ത്രങ്ങൾ അണിഞ്ഞ് സംഗീതത്തോടൊപ്പം ചുവടുവെച്ച് നൃത്തമാടി.

പെട്ടെന്ന് മകൻ അരവിന്ദ് രേവതിയുടെ അടുത്തേക്ക് ഓടിയെത്തി “ദാ… മമ്മീ… അതുകണ്ടോ മായചേച്ചി…”

ഒറ്റനോട്ടത്തിൽത്തന്നെ മായയാണെന്ന് രേവതി തിരിച്ചറിഞ്ഞു. “മുഖത്തെന്തൊരു നിഷ്കളങ്കതയാണ്. പക്ഷേ, കൈയിലിരുപ്പോ? ഞാനിത് മഹേശ്വരിയാന്‍റിയെ വിളിച്ച് അറിയിച്ച് നമ്മുടെ പേരിലുള്ള കളങ്കം തീർക്കും.” രേവതി ദൃഡസ്വരത്തിൽ പറഞ്ഞു.

“അവരെ അവരുടെ പാട്ടിന് വിട്ടേക്ക്. നീയെന്താ വീണ്ടും ബന്ധുക്കളെ കൂട്ടാനുള്ള പരിപാടിയാണോ…” വിപിൻ പറഞ്ഞു.

രേവതി ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ടൂർ ക്യാൻസൽ ചെയ്ത് ടാക്സി വാടയ്ക്കെടുത്ത് മായയെ പിന്തുടർന്ന് വീട്ടിലെത്തിയ വിപിനേയും രേവതിയേയും ഒന്നിച്ചു കണ്ട് മായ അപരിചത്വം നടിച്ചു. മായയുടെ ഈ പെരുമാറ്റം രേവതിയെ വല്ലാതെ ക്ഷോഭിപ്പിച്ചു.

“നീയിവിടെ ആടിപ്പാടി നടക്കുകയാണല്ലേ. നിന്നെ ഞങ്ങൾ കിഡ്നാപ്പ് ചെയ്തുവെന്നും പറഞ്ഞ് നിന്‍റെയമ്മ പോലീസിൽ പരാതി നൽകിയിരിക്കുന്നു. ഉടനെ എന്‍റെ കൂടെ വാ. നിന്നെ ആന്‍റിയുടെ മുന്നിൽ കൊണ്ടുനിർത്തിയിട്ടു തന്നെ കാര്യം.”

മായ നിശബ്ദത പാലിക്കുന്നത് കണ്ട് രേവതിയുടെ കോപം ഇരട്ടിച്ചു. “ഭർത്താവിനെ പറ്റിച്ചവളല്ലേ നീ, ഞങ്ങളെ പറ്റിക്കാതിരിക്കുമോ. പാവം മഹേഷ് നിന്നെ കാണാനില്ലെന്നു പറഞ്ഞ് ഭ്രാന്തനെപ്പോലെ…”

ഇതെല്ലാം കേട്ട് മായ ഉറക്കെ നിലവിളിച്ചു. ബഹളം കേട്ട് ജനം തടിച്ചുകൂടി. വിപിൻ രേവതിയുടെ കൈയിൽ പിടിച്ചുവലിച്ച് ടാക്സിയുടെ അടുത്തേക്ക് കൊണ്ടുപോയി.

“ഇവിടെ ഇപ്പോ ഒരു സീനുണ്ടാക്കണ്ട. തിരുവനന്തപുരത്ത് ഇവർ കടം വാങ്ങി പറ്റിച്ചവരെ വിവരം അറിയിക്കാം. ബാക്കി അവർ നോക്കിക്കോളൂം.” വിപിൻ പറഞ്ഞു.

“ഇതേതാ സ്ഥലം? രേവതി നാലുപാടും നോക്കി. വീടിന്‍റെ നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ചിട്ട് വരാം.”

രേവതി മായയുടെ വീടിന്‍റെ ഉമ്മറത്തെത്തി. അകത്ത് മായ കൈകൊട്ടി ചിരിക്കുന്നു. “അമ്മാ, എങ്ങനെയുണ്ടായിരുന്നു എന്‍റെ ആക്ടിംഗ്? പാവം രേവതിചേച്ചി… കഷ്ടമായിപ്പോയി ഇല്ലേ… ഇനി ഈ ഏരിയായിൽ അവര് വരില്ല…” ഇതുകേട്ട് രേവതി തരിച്ചുനിന്നു.

“സമ്മതിച്ചു നിന്നെ… എന്താ ആക്ടിംഗ്…?”

മഹേശ്വരിയാന്‍റി മകളെ അടുത്ത് വിളിച്ചിരുത്തി. അടുത്ത് സോഫയിലിരുന്ന് മഹേഷും മായയുടെ അച്ഛനും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

രേവതി സ്തബ്ധയായി നിന്നു. നടന്നതൊക്കെ വിപിനോട് പറഞ്ഞ് ഏങ്ങിയേങ്ങിക്കരഞ്ഞു. “അപ്പോൾ എല്ലാവരും ചേർന്നുള്ള ഒത്തുകളിയായിരുന്നു. തട്ടിപ്പും വെട്ടിപ്പും നടത്തി പണം പിടുങ്ങിയ സന്തോഷം ആഘോഷിക്കുകയാണവർ. നിഷ്കളങ്കതയുടെ കവചമണിഞ്ഞ് എത്രയെത്ര സാധുക്കളെ ഇവർ വഞ്ചിച്ചുകാണും.” വിപിൻ രേവതിയെ ആശ്വസിപ്പിച്ചു.

ഭാര്യയുടെ ഭാരം

ഓഫീസിൽ നിന്നും ക്ഷീണിച്ച് വീട്ടിൽ മടങ്ങി എത്തിയപ്പോൾ എന്‍റെ പ്രിയ പത്നി കോപാകുലയായി മുറിയിൽ ഇരുന്ന് കരയുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി. ഇതിനുമുമ്പ് അവളെ ഇങ്ങനെ കരഞ്ഞു ഞാൻ കണ്ടിട്ടില്ല. ഇനി എന്‍റെ അമ്മായിയമ്മ എങ്ങാനും ഈശ്വരന് പ്രിയങ്കരിയായി പോയോ എന്ന് ആശ്ചര്യത്തോടെ ഞാൻ അകത്തേക്ക് ചെന്നു.

ഞാൻ അവളുടെ അടുത്തുചെന്ന് സ്നേഹത്തോടെ ചോദിച്ചു, “എന്താ കാര്യം?”

പക്ഷേ എന്നെ കണ്ടതും അവൾ അലമുറയിട്ടു കരയുവാൻ തുടങ്ങി. സത്യം പറഞ്ഞാൽ അവളുടെ വാവിട്ടുള്ള കരച്ചിൽ കണ്ടപ്പോൾ സിംഹം വാ പിളർക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അല്പം പരിഭ്രമത്തോടെ അവളോട് ചോദിച്ചു: “എന്താ, എന്താ ജയേ കാര്യം?”

ഭാര്യ സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു: “ഇന്നെനിക്ക് ഭയങ്കര വിഷമം തോന്നുന്നു.”

“എന്താ കാര്യം?”

“ഇന്ന് ഷോപ്പിങ്ങിനായി മാർക്കറ്റിൽ പോയപ്പോൾ വെയിറ്റ് നോക്കുന്ന മെഷീൻ കണ്ടു. ഞാൻ അതിൽ കയറിനിന്ന് ഒരു രൂപയുടെ കുയിൽ അതിലേക്ക് ഇട്ടതും…”

അവൾ സംസാരം ഇടയ്ക്ക് വെച്ച് നിർത്തിയത് കണ്ട് സംഭാഷണം മുറിയാതിരിക്കാൻ ഞാൻ ചോദിച്ചു. പിന്നെ എന്തുണ്ടായി…  നാണയം പഴയതായിരുന്നു അതോ മെഷീൻ കേടായോ?

മെഷിനോ നാണയത്തിനോ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. മെഷീനിൽ നിന്നും ഇത് മനുഷ്യന്‍റെ ഭാരം നോക്കുവാനുള്ള യന്ത്രം ആണെന്നും മൃഗങ്ങൾ കയറി നിൽക്കുവാൻ പാടില്ല എന്നും രേഖപ്പെടുത്തിയ ഒരു ടിക്കറ്റ് പുറത്തേക്ക് വന്നു. ഇത്രയും പറഞ്ഞ് അവൾ ഉച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. എനിക്ക് പൊട്ടിച്ചിരിക്കണം എന്ന് തോന്നി. പക്ഷേ ചിരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചപ്പോൾ നിശബ്ദനായി നിന്നു. മുഖത്ത് ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു: “അതിന് നിനക്ക് അധികം വണ്ണം ഇല്ലല്ലോ?”

“അല്ലെന്നേ…  ഇന്ന് വഴിയിൽ വച്ച് ഒന്ന് രണ്ടു പയ്യന്മാർ എന്നെ ആന്‍റി എന്ന് വിളിച്ചു. അവൾ പരിഭവത്തോടെ പറഞ്ഞു.”

“ശരി ആദ്യം ചായ ഉണ്ടാക്കി തരൂ പിന്നെ ആലോചിക്കാം എന്താ ചെയ്യേണ്ടത് എന്നൊക്കെ.”

ഞാൻ ഗഗനമായ ആലോചനയിൽ മുഴുകി. ഇനിമുതൽ രാവിലെ എഴുന്നേറ്റ് ഓടാൻ പറഞ്ഞാൽ നാട്ടുകാരെല്ലാം എന്നെ നോക്കി ചിരിക്കും. ഏവരും പറയും: ദേ സർക്കസിലെ ആന ഓടുന്നുവെന്ന്. എന്‍റെ ഭാര്യ ഒരു പരിഹാസ പാത്രം ആകാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഞാൻ വീണ്ടും ആലോചനയിൽ മുഴുകി.

എന്‍റെ ഭാര്യ ചായയും പത്രവുമായാണ് മടങ്ങിവന്നത്. ഞാൻ ചായ കുടിക്കുന്നതിനിടയിൽ പേപ്പറിലേക്ക് നോക്കിയപ്പോൾ ഒരു സന്തോഷവാർത്ത കണ്ടു. ഞാൻ ജയയെ വിളിച്ചു. വണ്ണമുള്ള ഒരു സ്ത്രീ ഒരു മെഷീനിൽ കൂടി പ്രവേശിക്കുന്നതും തൊട്ടടുത്ത ചിത്രത്തിൽ വണ്ണം കുറഞ്ഞ ഒരു സ്ത്രീ മെഷീനിൽ നിന്ന് ഇറങ്ങി വരുന്നതുമായ പരസ്യം ആയിരുന്നു പത്രത്തിൽ.

ഭാര്യയുടെ ഇങ്ങനെ മാറാൻ പോകുന്ന രൂപലാവണ്യത്തെക്കുറിച്ച് ഓർത്തപ്പോൾ ഞാൻ ആകെ പുളകിതനായി. ഉടൻതന്നെ ചായക്കപ്പ് താഴെ വച്ച് ഞാൻ അവളെ ആ പരസ്യം കാണിച്ചുകൊടുത്തു. സ്വന്തം വീട്ടിൽ നിന്നും ആരെങ്കിലും അതിഥിയായി വരുമ്പോൾ ഉണ്ടാകുന്ന സന്തോഷ ഭാവം അവളിൽ പ്രകടമായി. അടുത്തദിവസം ഞാൻ ഓഫീസിൽ നിന്നും അവധിയെടുത്ത് അവളെയും കൊണ്ട് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി. എന്‍റെ ഭാര്യയെക്കാളും വണ്ണമുള്ള സുമോ മോഡലുകൾ ആയ സ്ത്രീകൾ അവിടെ സന്നിഹിതരായിരുന്നു.

അപ്പോഴാണ് ഞങ്ങൾ രാമനെ കണ്ടത്. വർഷങ്ങൾക്കു മുമ്പ് രാമു ഞങ്ങളുടെ ഗ്രാമത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് അവൻ ഒരു വിധവയോടൊപ്പം നാടുവിട്ടു. കണ്ടപ്പോൾ തന്നെ ഞങ്ങൾ അവനെ തിരിച്ചറിഞ്ഞു. പക്ഷേ അവൻ തന്‍റെ രഹസ്യങ്ങൾ പുറത്തറിയാതിരിക്കുവാൻ ആയി ഞങ്ങളെ കണ്ടതും ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

എന്‍റെ കാൽ തൊട്ട് വന്ദിച്ച് എന്നോട് ആഗമന ഉദ്ദേശ്യം ആരാഞ്ഞു. ഞാൻ വിവരങ്ങൾ അവനോട് വ്യക്തമാക്കി. അതുകൊണ്ട് രോഗികളുടെ ലിസ്റ്റിൽ ആദ്യം ഞങ്ങളുടെ നമ്പർ എഴുതി ചേർത്തു. അങ്ങനെ ഒരു കൺസഷൻ കിട്ടി.

ഒരുപക്ഷേ ആയിരങ്ങൾ ഫീസായി വാങ്ങും. പക്ഷേ ചേച്ചി അരമണിക്കൂറിനുള്ളിൽ ഹീറോയിൻ ആയി മാറും. എന്നൊക്കെ അയാൾ ചികിത്സയെക്കുറിച്ച് ചെറുവിവരണം നൽകി. പിന്നീട് ഭാര്യയെ അഭിമുഖീകരിച്ച് പറഞ്ഞു: “ഈ പ്രഷർ മെഷീൻ ആവി കൊണ്ട് കൊഴുപ്പ് എല്ലാം നീക്കം ചെയ്യും. നിങ്ങൾ തീർത്തും സ്ലിം ബ്യൂട്ടിയായി തീരും. ഇത് കേട്ട് ജയ സന്തോഷം കൊണ്ടും മതി മറന്നു. ഏകദേശം 10 മണിയായപ്പോൾ ഭാര്യയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ മുറിക്ക് പുറത്ത് കാത്തിരുന്നു. മുറിയുടെ പുറത്ത് ഒരു ചുവന്ന ബൾബ് കത്തുന്നുണ്ടായിരുന്നു. മുറിയിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ പുറത്തുവന്നു. കാലിയായ പാത്രത്തിലേക്ക് നെല്ല് ഇടുന്നത് പോലെ ഒരു ഇരമ്പൽ.

ഞാൻ സ്വപ്നലോകത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി… എന്‍റെ ഭാര്യ അപ്സരസ് മേനകയോളം സുന്ദരിയാകുമോ… അയൽപക്കത്തെ വീടുകളിലൊക്കെ ആകമാനം അലവലാതികളാണ്… ഇനി ഞാൻ എങ്ങനെ വിശ്വസിച്ചു ഓഫീസിൽ പോകും.

അപ്പോഴേക്കും രാമു പുറത്തേക്ക് വന്നു. അയാൾ മുഖത്തെ വിയർപ്പ് തുടച്ച് ഇലക്ട്രിക് ബോർഡിനടുത്തുള്ള സ്വിച്ച് നന്നാക്കി വീണ്ടും അകത്തേക്ക് പോയി. എന്‍റെ ഹൃദയം ശതാബ്ദി എക്സ്പ്രസ് പോലെ ഇടിക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ പുതിയ രൂപത്തെക്കുറിച്ച് ഓർത്ത് ഞാൻ സന്തോഷത്താൽ മതി മറന്നു.

ഭാര്യ ചക്കപോത്ത് പോലെയാണെങ്കിലും അവൾ അതിരാവിലെ തന്നെ വെള്ളം ചൂടാക്കുകയും, ഭക്ഷണം ഉണ്ടാക്കുകയും, ലഞ്ച് ബോക്സ് തയ്യാറാക്കി വയ്ക്കുകയും ചെയ്യും. പുഞ്ചിരി തൂകി സന്തോഷത്തോടെ യാത്രയാക്കും. തിരിച്ചു വരുമ്പോഴും എന്നെ കാര്യമായി പരിചരിക്കും. സ്കൂട്ടറിന്‍റെ ടയറും ട്രാക്ടറിന്‍റെ ടയറും പോലെയായിരുന്നു ഞങ്ങളുടെ സ്ഥിതി എന്നതൊഴികെ എന്‍റെ ഭാര്യ നല്ലവൾ തന്നെ.

അല്പസമയത്തിനുശേഷം രാമു അസ്വസ്ഥനായി പുറത്തുവന്നു. “ചേട്ടാ പണം വേണമെങ്കിൽ തിരികെ നൽകാം, ഇത്രയും ഭാരം താങ്ങാനുള്ള കപ്പാസിറ്റി ഈ മെഷീൻ ഇല്ല. ഫ്യൂസ് നാലു പ്രാവശ്യം പോയി.”

“അയ്യോ! ഇനിയെന്തു ചെയ്യും?” നിരാശയോടെ ചോദിച്ചു.

“പ്ലീസ് ചേട്ടാ, ഈ മെഷീൻ സാധാരണ മനുഷ്യർക്കായി തയ്യാറാക്കിയതാണ്…” എന്ന് അയാൾ വിക്കി വിക്കി പറഞ്ഞു.

ഭാര്യ ഉദാസീനയായി പുറത്തേക്ക് വന്നു. ഇടിവെട്ട് കൊണ്ടത് പോലെയായി ഞങ്ങളുടെ അവസ്ഥ. ആയിരം രൂപ എന്‍റെ കയ്യിൽ തിരുകി ഏൽപ്പിച്ചുകൊണ്ട് രാമു അഭ്യർത്ഥിച്ചു, “ചേട്ടാ, ഞാൻ നിങ്ങളുടെ നാട്ടുകാരനായതിനാൽ ഒരു ഉപകാരം ചെയ്യണം.”

“പറയൂ.” ഞാൻ നിരാശനായി പറഞ്ഞു.

“ചേട്ടാ, ചേച്ചിക്ക് ദേഷ്യം വരാതിരിക്കാനാണ് ഈ ആയിരം രൂപ. പ്ലീസ്, ഇത് ഞങ്ങളുടെ മോഡൽ യുവതിയാണ്. ചേട്ടനീ യുവതിയുമായി പ്രവേശന കവാടത്തിലൂടെ പുറത്തേക്ക് പോകണം. കാരണം അവിടെ ഇരിക്കുന്ന സ്ത്രീകൾ കാണട്ടെ ചേച്ചിക്ക് ഒരു മണിക്കൂർ കൊണ്ട് ഇത്രയും വണ്ണം കുറഞ്ഞുവെന്ന്. ചേച്ചി പുറകിലത്തെ വാതിലിൽ നിങ്ങളെ നോക്കി നിൽക്കും. പിന്നീട് ഈ യുവതി പിൻവാതിലിലൂടെ അകത്തേക്ക് കയറിക്കൊള്ളും.”

ഞാനാ യുവതിയെ നോക്കി. വില പേശൽ മോശം എന്ന് പറയാൻ വയ്യ. ആയിരം രൂപ ഷോപ്പിംഗിന് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഭാര്യ. ഞാൻ ആകട്ടെ സുന്ദരിയായ ഒരു യുവതിയോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയ ത്രില്ലിലും.

യുവതി പുഞ്ചിരിച്ചുകൊണ്ട് എന്‍റെ അടുക്കലേക്ക് വന്നു. അപ്പോൾ എന്‍റെ മനസ്സിൽ കുറ്റബോധം തോന്നി. ഞാൻ ഉടനെ രാമുവിന്‍റെ ആയിരം രൂപ മടക്കി നൽകിക്കൊണ്ട് പറഞ്ഞു: അത്രയ്ക്ക് അധപതിച്ചിട്ടൊന്നുമില്ല. എന്‍റെ ഭാര്യ വണ്ണമുള്ളവളോ കറുത്തവകളോ ആകട്ടെ പക്ഷേ ഭാര്യ ആകാതിരിക്കുമോ. നീ ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും ഞാൻ ഇതിനില്ല. എന്നുപറഞ്ഞ് ഞാൻ ജയയേയും വിളിച്ചുകൊണ്ട് പിൻവാതിലിലൂടെ പുറത്തിറങ്ങി.

അമ്മായിചുട്ടത് മരുമോനിക്കായ്

രാവിലെ ഓഫിസിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. പെട്ടെന്ന് വല്ലാത്ത ക്ഷീണവും അസ്വസ്ഥതയും തോന്നി. ഭയന്നിട്ടാവണം ചെറിയൊരു നെഞ്ചുവേദനയുമുണ്ട്. അയ്യോ.. തലയും കറങ്ങുന്നു. ശ്രീമതിയെ വിളിച്ച് കാര്യം അറിയിക്കണമെന്നുണ്ട്. പക്ഷേ, ഒച്ചവെച്ചിട്ടും ശബ്ദം പുറത്തുവരുന്നില്ല, തൊണ്ടയിൽ കുടുങ്ങിയതുപോലെ… വല്ലാതെ വിയർക്കുന്നുണ്ട്, എന്തു ചെയ്യും? ശ്രീമതി പ്രാതൽ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. “ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ, ലേറ്റാവുമല്ലോ? ദാ… ഞാൻ ലഞ്ചുബോക്സ് തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതെന്താ നിലത്ത് കുത്തിയിരിക്കുന്നത്? ഇന്ന് ഓഫീസിൽ പോകാൻ ഉദ്ദേശ്യമില്ലേ?” അവസാനമായി അവളുടെ ശബ്ദം എന്‍റെ കാതുകളിൽ വീണു.

പിന്നെ ഒന്നും ഓർമ്മയില്ല. എന്താണ് നടന്നതെന്ന് ബോധം വന്നപ്പോൾ ശ്രീമതി പറഞ്ഞാണ് അറിഞ്ഞത്, “നിങ്ങൾ നിലത്ത് കിടക്കുന്നത് കണ്ടപ്പോൾ എന്നെ കമ്പളിപ്പിക്കാനുള്ള എന്തോ സൂത്രമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. എന്നിട്ടും നിങ്ങൾക്ക് കുലുക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ ഞാൻ ചെറുതായൊന്നു പതറി. നിങ്ങളെ തൊട്ടുനോക്കുമ്പോൾ ഐസുപോലെ തണുത്ത് മരവിച്ചിരിക്കുന്നത് കണ്ട് ഞാൻ ശരിക്കും ഞെട്ടി. നിങ്ങൾ വിയർത്തുകുളിച്ചിരുന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു. പിന്നെ ഓടി അയൽപക്കത്തുള്ള മണിചേട്ടനേയും സൗദാമിനിചേച്ചിയേയും വിവരം അറിയിച്ചു. അവർ ഓടിയെത്തി. നിങ്ങൾക്ക് ഹാർട്ട് അറ്റാക്കായിരിക്കുമെന്ന് പറഞ്ഞു.”

“കേട്ടിട്ട് എന്‍റെ കൈകാലുകൾ വിയർക്കുവാൻ തുടങ്ങി. പിന്നെയുള്ള 3 ദിവസങ്ങൾ. ഇഞ്ചക്ഷനും രക്തം നൽകലും വൈകിയിരുന്നെങ്കിൽ…” ശ്രീമതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“അതിന് നീയെന്തിനാ കരയുന്നത്, ഞാനില്ലാതെയായാൽ നിനക്ക് പകരം ജോലി കിട്ടില്ലേ. ഫണ്ടിലെ പണം, ബീമാ പോളിസി പിന്നെ കുറച്ച് സ്വസ്ഥതയും..” ഞാൻ കട്ടിലിൽ കിടന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്രീമതി സാരിത്തലപ്പുകൊണ്ട് തത്തമ്മ മൂക്ക് ചീറ്റി… “നിങ്ങൾ എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത്. ഇനിയും ഇങ്ങനെയൊക്കെപ്പറഞ്ഞാൽ വിഷം കഴിച്ച് ഞാൻ ചത്തുകളയും.” അവളുടെ മുഖത്ത് ദുഃഖഭാവം നിഴലിച്ചു.

“ഓഹോ… മരിക്കുമ്പോഴും വലിയ പണച്ചിലവുണ്ടാക്കിയിട്ടേ പോകൂ എന്നുണ്ടോ?” ഞാൻ പരിഹാസസ്വരത്തിൽ പറഞ്ഞു.

“അല്ല അതിരിക്കട്ടെ, ഡോക്ടർ എനിക്കെന്തു രോഗമാണെന്നാണ് പറഞ്ഞത്?” ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“3 ട്യൂബിലും ബ്ലോക്കേജുണ്ട്. കൊളസ്ട്രോൾ ലെവൽ ഉയർന്നിട്ടുണ്ട്. എണ്ണയിൽ വറുത്തത് കഴിക്കണ്ടെന്ന് ഞാൻ നൂറാവർത്തി പറഞ്ഞിട്ടില്ലേ? ഈ ഉപ്പും എരിവും ഇല്ലാത്ത പുഴുങ്ങിയ പച്ചക്കറി കഴിച്ച് മടുത്തു, എന്നായിരുന്നല്ലോ പരാതി. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ഞാനെത്ര ശ്രദ്ധിച്ചിരുന്നെന്ന് ഇപ്പോ മനസ്സിലായില്ലേ. ഇനിയിപ്പോ ഞാനുണ്ടാക്കുന്നത് കഴിച്ച് മിണ്ടാതിരുന്നോളണം.”

“ഇങ്ങനെ ഉപ്പും എരിവും ചേർക്കാതെ വേവിച്ച ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭേദമാണ് മരിക്കുന്നത്.” എനിക്ക് ദേഷ്യമടക്കാനായില്ല.

“ഇങ്ങനെ പോയാൽ ഞാൻ വിചാരിച്ചാൽ നിങ്ങൾ നന്നാകുമെന്ന് തോന്നുന്നില്ല. ഈ ലോകത്തിൽ ഒരാൾ വിചാരിച്ചാൽ മാത്രമേ കാര്യം നടക്കൂ…” അടുത്ത ദിവസം ശ്രീമതി ചിരിച്ചുകൊണ്ടാണ് മുറിയിൽ വന്നത്. അവൾ പറഞ്ഞ കാര്യം കേട്ട് എനിക്ക് വെറുതെ ഹാർട്ട്അറ്റാക്ക് വരുമോയെന്നുപോലും ഞാൻ സംശയിച്ചു.

“ചേട്ടാ, നാളെ സന്ധ്യയ്ക്കകം മമ്മി ഇങ്ങെത്തും.”

“നിന്‍റെ മമ്മിയോ? അതെന്തിനാ?” എന്‍റെ മുഖം വിവർണ്ണമായി.

“നിങ്ങളെ കാണാൻ. അല്ലാതെന്തിനാ?”

“അതിന് എനിക്കിപ്പൾ കുഴപ്പമൊന്നുമില്ലല്ലോ…”

“മമ്മി നിങ്ങളെ കാണണമെന്ന് വാശിപിടിക്കുമ്പോൾ വേണ്ടെന്ന് ഞാനങ്ങനെ പറയും.” ശ്രീമതി ഒഴിഞ്ഞുമാറി.

പിറ്റേന്ന് സന്ധ്യയോടെ അമ്മായിയമ്മ രംഗത്തെത്തി. എന്നെക്കണ്ടതും ഓടി അരികിലെത്തി. സുഖവിവരങ്ങൾ തിരക്കുന്നതിനു പകരം ഒറ്റശ്വാസത്തിൽ ഒരു ഡസനോളം ഉപദേശങ്ങൾ വെച്ചുവിളമ്പി.

അടുത്ത ദിവസം ബ്രഡിനൊപ്പം വെണ്ണ നൽകിയില്ല. വെള്ളം ചേർത്ത് കാച്ചിയ പാലും ഉപ്പും എരിവും ചേർക്കാത്ത ചമ്മന്തിയും. ഒരു നിമിഷം ഞാൻ തലയ്ക്ക് കൈകൊടുത്തിരുന്നുപോയി. ഇതെല്ലാം വിളമ്പിയതോ സാക്ഷാൽ അമ്മായിയമ്മ.

മുട്ടയില്ല മീനില്ല ചിക്കനില്ല… സാരമില്ല ഫ്രൂട്ട്സെങ്കിലും നേരാംവണ്ണം കിട്ടിയാൽ മതിയായിരുന്നു. സ്വീകരണമുറിയിലെ ഡൈനിംഗ്ടേബിളിനു മീതെ മാതളനാരങ്ങ, പപ്പായ, ആപ്പിൾ, ഓറഞ്ച് ഒക്കെ നിറച്ച കൂടകൾ കാണാമായിരുന്നു. പക്ഷേ ഇതിൽ 25ശതമാനം മാത്രമേ രോഗിയായ എനിക്ക് കിട്ടിയിരുന്നുള്ളൂ. ബാക്കി എവിടെ പോകുന്നു? ഫ്രൂട്ട്സിന്‍റെ തൊലി അമ്മായിയമ്മയുടെ മുറിയ്ക്കകത്തുള്ള വേസ്റ്റ് ബിന്നിൽനിന്നും കണ്ടെടുത്തതോടെ സംഗതി പിടികിട്ടി.

അടുത്ത ദിവസം എന്‍റെ സുഹൃത്ത് ടോണിയും പാചകവിദഗ്ദ്ധനുമായ ഭാര്യ അന്നയും എന്നെ കാണനെത്തി. എന്‍റെ ഭക്ഷണക്കൊതി കണ്ട് തന്തൂർ ചിക്കൻ തയ്യാറാക്കി ആരുമറിയാതെ വീട്ടിലെത്തിക്കാമെന്ന് അവരേറ്റു. ജീവിതത്തിനൊരു അർത്ഥം വന്നതുപോലെ… ചിക്കൻ കാര്യം ഞാൻ സാവകാശം ശ്രീമതിയോടും പറഞ്ഞു. അവളെക്കൊണ്ട് ഒരു കണക്കിന് സമ്മതിപ്പിച്ചു. അത്താഴത്തിന് സമയമാകുന്നു. എനിക്കിനി കാത്തിരിക്കാൻ വയ്യ. പ്രതീക്ഷകൾക്ക് വിപരീതമായി അമ്മായിമ്മയാണ് പ്ലെയിറ്റുമായി മുറിയിലെത്തിയത്. പ്ലെയിറ്റിൽ ചിക്കനു പകരം പരിപ്പുകറി. “മോന്‍റെ കൂട്ടുകാരൻ… പേര് മറന്നല്ലോ… ആ.. ഓർമ്മവന്നു. ഒരു മി.ടോണി തന്തൂർ ചിക്കൻ ഇവിടെ എത്തിച്ചിട്ടുണ്ട്. സുഖമില്ലാത്തവരിതൊന്നും കഴിക്കരുതെന്ന് ആ പഹയന് അറിയില്ലെന്ന് തോന്നുന്നു. ” എന്‍റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം അമ്മായിയമ്മ ഇത്രയും പറഞ്ഞത്.

“അമ്മേ അത്… ചിക്കൻ എവിടെ?” എന്‍റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.

“പാവം അയാൾ കഷ്ടപ്പെട്ട് ഇത്രേടം വരെ കൊണ്ടുവന്നതല്ലേ, വെറുതെ കളയണ്ട. മോൻ വേഗം ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് തീർക്ക് ഞാനപ്പോഴേക്കും..” അമ്മായിയമ്മ മുറിവിട്ട് പുറത്തിറങ്ങി.

ഞാൻ കണ്ണടച്ച് പരിപ്പുകറിയിൽ മുക്കി ചപ്പാത്തി കഴിച്ചു. “അവർ തന്നയച്ച ചിക്കൻ മുഴുവനും അറ്റയിരുപ്പിന് മമ്മിയാണ് കഴിച്ച് തീർത്തത്.” പിറ്റേന്ന് ഭാര്യ പറഞ്ഞു. പിന്നെ എനിക്ക് കിട്ടേണ്ട പല ഭക്ഷണസൗഭാഗ്യങ്ങൾക്കും അമ്മായിയമ്മ വിലങ്ങുതടിയാവുകയായിരുന്നു. ഒരു മാസം കടന്നുപോയി. ഒരു ദിവസം ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ചെക്ക്അപ്പും രക്തപരിശോധനയും നടത്തി. “ഒരു മാസമല്ലേ ആയുള്ളു. ഈയൊരു ഡയറ്റ് പിന്തുടർന്നാൽ 3-4 മാസത്തിനകം നോർമ്മലാകും.” ഡോക്ടർ ശ്രീമതിയെ പ്രശംസിച്ചു.

അവർ സന്തോഷിച്ചു. പക്ഷേ ഭക്ഷണത്തിലെ ഈ തൊട്ടുകൂടായ്മയെ കുറിച്ചോർത്ത് ഞാൻ ശരിക്കും വിഷമിച്ചു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമേ വായ്ക്കു രുചിയുള്ള ഭക്ഷണം കിട്ടൂ എന്നറിഞ്ഞ് എന്‍റെ സകല ഉത്സാഹവും കെട്ടടങ്ങി. എന്നാൽ അമ്മായിയമ്മയുടെ ശരീരഭാരം ഒറ്റയടിയ്ക്ക് 85 ആയി.

“നിങ്ങളുടെ രോഗം ശരിക്കും ഭേദമായിട്ടേ മമ്മി മടങ്ങുന്നുള്ളു” ഭാര്യ ഒരുനാൾ പറഞ്ഞു. പിന്നീട് ഇഷ്ടഭക്ഷണം കിട്ടാത്ത മൂന്ന് മാസങ്ങൾ എങ്ങനെയോ തള്ളിനീക്കി.

പെട്ടെന്നൊരു ദിവസം ഭാര്യ അലമുറയിട്ട് കരഞ്ഞുകൊണ്ട് എന്‍റെ അരികിലെത്തി. “ഒന്നോടി വരൂ, മമ്മിയ്ക്ക് സഹിക്കാനാകാത്ത നെഞ്ചുവേദന, വല്ലാതെ വിയർക്കുന്നുമുണ്ട്. എനിക്ക് പേടിയാകുന്നു.” ഞാൻ ഉടനെ അവളുടെ സഹായത്തിനായി ഓടി. എന്‍റെ അതേ അവസ്ഥ. തത്ക്ഷണം ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.

ഹാർട്ട്അറ്റാക്ക് ഡോക്ടർ വിധിയെഴുതി. ഇനിമുതൽ മുട്ട, നെയ്യ്, വെണ്ണ, ചിക്കൻ ഒന്നും തൊടരുത്. ഭക്ഷണനിയന്ത്രണത്തിൽ എനിക്ക് നൽകിയതിനേക്കാൾ കൂടുതൽ ശക്തമായ വിലക്കുകൾ.

ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി. ആശുപത്രി വാർഡുപോലെയായി വീടും. എന്നെ കണ്ടാവണം അമ്മായിയമ്മ മുഖത്ത് ചിരി വരുത്തി “മോനെ, വേണ്ടിയിട്ടല്ല. ഭക്ഷണസാധനങ്ങൾ വീട്ടിലിരുന്നാൽ മോനതൊക്കെ എടുത്ത് കഴിക്കുമല്ലോ എന്നോർത്ത് ഭയന്നാണ് വേണ്ടാതിരുന്നിട്ടും പലതും ഞാൻ കഴിച്ചത്.” പറയുമ്പോൾ മുഖത്തെ കൃത്രിമചിരി നിലനിർത്താൻ നന്നേ പാടുപെട്ടു.

“എന്‍റെ ആരോഗ്യകാര്യത്തിൽ അമ്മയ്ക്കെന്തൊരു ശ്രദ്ധയാണ്. പക്ഷേ, രോഗിയായ എന്നെ ശുശ്രൂഷിക്കാൻ വന്ന അമ്മയും രോഗിയായല്ലോ എന്ന ഒറ്റസങ്കടമേയുള്ളൂ.” എന്‍റെ കുറിക്കുകൊള്ളുന്ന മറുപടി കേട്ട് അമ്മായിയമ്മയും ഭാര്യയും തരിച്ചു നിന്നു.

മനം പോലെ…

അലാറം നിർത്താതെ അടിച്ചു കൊണ്ടിരുന്നു. ഞാൻ കൊതുകു വലയ്ക്കുള്ളിൽ നിന്നും കൈ നീട്ടി അലാറം നിർത്താൻ ശ്രമിച്ചു എങ്കിലും അതെങ്ങനെയോ നിലത്ത് വീണു. അതെടുത്ത് അലാറം കീ അമർത്തിയപ്പോഴേക്കും ഒരു കനത്ത നിശബ്ദത പരന്നു. തൊട്ടടുത്ത് ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കിയപ്പോൾ വല്ലാത്ത ദേഷ്യം തോന്നി. ഇനിയും ഒരു മണിക്കൂർ കൂടി അദ്ദേഹത്തിന് സുഖമായി ഉറങ്ങാമല്ലോ. ഞാൻ മുറിക്ക് പുറത്തേക്ക് വന്നു.

നാത്തൂൻ മൃദുലയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ എംബിബിഎസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അവളെ കണ്ടപ്പോൾ എനിക്ക് എന്‍റെ ബാല്യം ഓർമ്മ വന്നു. ഏതോ മഹത് കാര്യം ചെയ്യാനാണ് ഞാൻ ജനിച്ചത് എന്ന തോന്നലായിരുന്നു അപ്പോഴെല്ലാം. ഭാവിയെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ മെനഞ്ഞെടുക്കുവാനുള്ള ശ്രമത്തിൽ കേവലം പഠനത്തിൽ മാത്രമേ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. പഠിക്കുന്ന കാലത്ത് ഞാനായിരുന്നു എപ്പോഴും മുൻപന്തിയിൽ. 86 ശതമാനം മാർക്ക് നേടിയത് കണ്ട് അച്ഛനമ്മമാർ ഏറെ സന്തോഷിച്ചു. അന്നൊക്കെ ആൺകുട്ടിയായിരുന്നു എങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

അടുത്ത ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ എന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും വീട്ടിൽ സ്ഥിരമായി അരങ്ങേറി. വിവാഹം പഠനത്തെ ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചതും ഇല്ല. ഇന്നല്ലെങ്കിൽ നാളെ വിവാഹിതയാകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും. എന്‍റെ സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്ന ആ രാജകുമാരനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ…

ഞാൻ അടുക്കളയിൽ പോയി ചായക്ക് വെള്ളം വച്ചു. രാവിലെ എഴുന്നേറ്റ ഉടനെ പാത്രം കഴുകാൻ ആർക്കാണ് ഇഷ്ടമാവുക? എന്നാലും കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കാതെ തരമില്ലല്ലോ. ടിവിയിൽ ജോഗിംഗ് ചെയ്യുന്ന പെൺകുട്ടികളെ കണ്ടപ്പോൾ ഈ പ്രാരാപ്തങ്ങൾ ഒക്കെ ഇട്ടെറിഞ്ഞ് എനിക്കും ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ മനസ്സുവെമ്പി.

എനിക്ക് മൃദുലയോട് അതിരു കവിഞ്ഞ സ്നേഹം തോന്നി. ചായ ഉണ്ടാക്കി കൊടുത്താൽ അവൾക്ക് സന്തോഷമാകും. കണ്ണുകളിൽ നന്ദി കലർന്ന സ്നേഹം നിഴലിക്കും. അവളതുവരെ ചെയ്ത കൊള്ളരുതായ്മകൾ അവളുടെ സ്നേഹത്തോടെയുള്ള ഒരൊറ്റ കടാക്ഷം കൊണ്ട് ഞാൻ മറക്കും. ഞാൻ ചായ ഗ്ലാസ് മൃദുലയുടെ മേശപ്പുറത്ത് വെച്ചപ്പോൾ അവൾ ഒന്നു നോക്കിയത് പോലുമില്ല. ഇങ്ങനെ ഒരാൾ വന്നു പോയെന്നു പോലും അറിഞ്ഞ ഭാവം നടിച്ചില്ല. എന്നോട് ഇത്ര അവഗണനയോ… ഇത്രയധികം അംഗങ്ങളുള്ള വീട്ടിൽ ഞാനൊഴികെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും ദേഷ്യത്തിനുമൊക്കെ വിലകൽപ്പിക്കപ്പെട്ടിരിക്കുന്നു.

കേവലം എന്നെ മാത്രം ആരും ശ്രദ്ധിക്കുന്നില്ല. ഞാൻ കാറ്റിന്‍റെ അല പോലെയായിരുന്നു. എന്‍റെ ആവശ്യം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ കൂടി എന്നെ ആരും ശ്രദ്ധിക്കാറില്ല. മൃദുലയെ കുറിച്ച് ആലോചിച്ചു വെറുതെ എന്തിന് മനസ്സ് വേദനിപ്പിക്കണം. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവളുടെ വിവാഹവും കഴിയും. അപ്പോൾ മനസ്സ് ഇത്ര അസ്വസ്ഥമാകില്ലല്ലോ.

വാസ്തവത്തിൽ എന്‍റെ മനസ്സിനെ എനിക്ക് തന്നെ പിടികിട്ടിയില്ല. ഡോക്ടർ ആവണം എന്നുള്ള എന്‍റെ ആഗ്രഹം പൂർത്തീകരിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം അവളുടെ എങ്കിലും ആഗ്രഹം സാക്ഷാത്കരിക്കട്ടെ എന്ന് മനസ്സിൽ തോന്നും. പക്ഷേ ഉടനെ തന്നെ സ്വയം വിഡ്ഢിയാകാതിരിക്കൂ എന്ന് മനസ്സുമന്ത്രിക്കും പോലെ…

എന്തോ നല്ല കാലം അടുത്തു വരുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. രാത്രി അമ്മയും സുധീറും എന്തോ പതുക്കെ ചർച്ച ചെയ്യുന്നതായി എനിക്ക് തോന്നി. എനിക്കൊരു സ്ഥാനവും ഇല്ലായിരുന്നു. അഭിപ്രായങ്ങൾ ചോദിക്കുന്നത് പോയിട്ട് യാതൊരു പ്രധാന വിഷയവും എന്നോട് അവതരിപ്പിക്കാറില്ല.

അമ്മയും മകനും പറഞ്ഞില്ലെങ്കിൽ പോലും സംഭാഷണത്തിന്‍റെ ചില ഭാഗങ്ങൾ എനിക്ക് കേൾക്കാൻ സാധിച്ചു. ഒരു ആർമി ഓഫീസറെ കുടുക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. നല്ല കുടുംബം. സ്ത്രീധനം വേണ്ടെന്നാണ് അവർ പറഞ്ഞതത്രേ. അവരുമായി എങ്ങനെയെങ്കിലും വിവാഹബന്ധം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു. മൃദുലയെ വിവാഹം കഴിക്കാൻ പോകുന്ന ആ ആർമി ഓഫീസറോട് എനിക്ക് ദയ തോന്നി.

ഈ വാർത്ത കേട്ട് എന്‍റെ മനസ്സിൽ സന്തോഷം അലതല്ലി. ആർമി ഓഫീസർ സൂരജ് മൃദുലയെ കാണാൻ വരുന്നു എന്നാണ് കേട്ടത്. ഇത്ര പെട്ടെന്ന് എന്‍റെ മാർഗ്ഗ തടസ്സം മാറുമെന്ന് ഞാൻ വിചാരിച്ചതല്ല. എങ്ങനെയെങ്കിലും മൃദുലയെ ആ ആർമി ഓഫീസറെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ഞാൻ വിചാരിച്ചു.

മൃദുലയെ ഒരുക്കണമെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ആ പഴയ സുമയായോ എന്ന് തോന്നിപ്പോയി. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ വിഷമിക്കാതെ ഇരിക്കൂ, ഞാനൊക്കെ കൈകാര്യം ചെയ്തോളാം.

ഞാൻ ആദ്യം തന്നെ പ്രാതലിനുള്ള ലിസ്റ്റ് തയ്യാറാക്കി. സേമിയാ പായസവും ഉഴുന്നുവടയും വീട്ടിൽ തന്നെ തയ്യാറാക്കി. ബാക്കി സാധനങ്ങൾ പുറത്തുനിന്നും വാങ്ങാമെന്ന് തീരുമാനിച്ചു. പിന്നീട് ഞാൻ മുറികൾ എങ്ങനെ ആകർഷകമാക്കാം എന്ന ചിന്തയിൽ ആയി. ഞാൻ ഓടിച്ചെന്ന് എനിക്ക് വിവാഹത്തിന് ലഭിച്ച മനോഹരമായ വർക്കുള്ള കുഷ്യൻ കവർ കൊണ്ടുവന്നു. വീട് കഴുകി വൃത്തിയാക്കി. വിലപിടിപ്പുള്ള ഫ്ലവർ വേഴ്സും പുതിയ ടേബിൾ ക്ലോത്തും വിരിച്ചു.

ഇതെല്ലാം കണ്ട് അമ്മായിയമ്മ രണ്ട് പ്രാവശ്യം പറഞ്ഞു മതി മോളെ, ഇനി കുറച്ചു വിശ്രമിക്കൂ.

ആദ്യമായി കാണുന്നതുപോലെ സുധീർ എന്നെ തന്നെ തുറിച്ചു നോക്കി കൊണ്ടുനിന്നു. ഒരു കണക്കിന് എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ ശരിക്കുള്ള പരീക്ഷണ ഘട്ടം ഇനി വരാൻ പോകുന്നതേയുള്ളൂ.

മൂന്നുദിവസം കടന്നുപോയത് അറിഞ്ഞത് കൂടിയില്ല. മൃദുല ദുഃഖിതയായി കാണപ്പെട്ടു. അവൾ ആകും വിധം തടസ്സങ്ങൾ ഒക്കെ പറഞ്ഞു നോക്കി. അമ്മയോ ഏട്ടനോ അതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു. അമ്മയുടെയും ഏട്ടന്‍റെയും കണ്ണുകളിൽ പഠനം, ഭാവി, പരീക്ഷ ഒക്കെ വ്യർത്ഥമായിരുന്നു. നല്ല പയ്യനെ അന്വേഷിച്ച് വിവാഹം കഴിപ്പിച്ച് അയക്കണം എന്നും മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.

വിവാഹിതയാകാൻ പോകുന്ന പെൺകുട്ടി വീടും ചുറ്റുപാടും വിട്ടുപോകുന്ന വേളയിൽ വിഷമിക്കുന്നത് സ്വാഭാവികം. എന്നാൽ പെണ്ണുകാണാൻ വരുന്ന ദിവസം അവളുടെ കോലം കണ്ടപ്പോൾ മനസ്സ് അസ്വസ്ഥമായി. അവളുടെ മുഖം ആകെ വാടിയിരുന്നു. മോളുടെ അടുത്ത് ചെന്ന് ഒരുങ്ങുവാൻ പറഞ്ഞപ്പോൾ കടിച്ചു കീറാൻ വരുന്നതുപോലെ എന്നെ രൂക്ഷമായി നോക്കി. “എന്നെ ശല്യപ്പെടുത്താതിരിക്കൂ ചേട്ടത്തി, എനിക്കിനി ഒരുങ്ങുവാൻ ഒന്നും താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.”

പിന്നെ ഞാൻ അധികം ഒന്നും നിർബന്ധിച്ചില്ല. മറ്റുത്തരവാദിത്വങ്ങൾ അമ്മായിമ്മയെ ഏൽപ്പിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. 10 മണി ആയപ്പോഴേക്കും സൂരജിന്‍റെ വീട്ടുകാരെത്തി. സൂരജിന്‍റെ ഒപ്പം അമ്മയും ഏടത്തിയും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. മൂത്ത ജേഷ്ഠന്‍റെ ഒപ്പമാണ് സൂരജ് ഇരുന്നത്.

സന്തോഷത്തോടെ ഞാൻ പലഹാരങ്ങളും മറ്റും ഡ്രോയിംഗ് റൂമിൽ എത്തിച്ചു. അവിടെ എല്ലാവരും കൂടി ഏറെ സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു.

ബലിയാടാകാൻ പോകുന്ന മൃഗത്തിന് സമം ആയിരുന്നു മൃദുലയുടെ അവസ്ഥയപ്പോൾ. ഞാനാണ് അവളെ കൂട്ടിക്കൊണ്ടു പോകേണ്ടിയിരുന്നത്. ഈ അവസ്ഥയിൽ അവൾ എന്‍റെ സഹായം ആവശ്യപ്പെടാത്തത് എന്നെ ഏറെ അസ്വസ്ഥയാക്കി. ഞാൻ ആലോചിച്ചു ഈ പെൺകുട്ടി എന്നെ ഒന്നു മനസ്സിലാക്കുന്നത് കൂടി ഇല്ലല്ലോ.

മൃദുല അകത്തേക്ക് വന്നപ്പോൾ അവളെ തന്നെ നോക്കി. സൂരജ് ആകട്ടെ അവളുടെ സൗന്ദര്യത്തിലാകൃഷ്ടാനായി അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഏവരും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായിരുന്നു. പഠനത്തിന്‍റെ തിരക്കിൽ അണിഞ്ഞൊരുങ്ങാൻ ഒന്നും അവൾക്ക് സമയം ഉണ്ടായിരുന്നില്ല. പഠിച്ച് നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ പാവം ഇപ്പോൾ ഇവളും…

വിവാഹസമ്മതം രണ്ടു കുടുംബാംഗങ്ങളുടെയും കണ്ണുകളിൽ നിഴലിച്ചിരുന്നു. അമ്മയും സുധീറും റിലാക്സ് ആയി കാണപ്പെട്ടു. ഞാനിവിടെ ഉണ്ടായിട്ടും ഇല്ലാത്തതിന് തുല്യമായിരുന്നു. പെട്ടെന്ന് ഞാൻ എഴുന്നേറ്റ് സൂരജിന്‍റെ പക്കൽ പോയിരുന്നു. ഞാൻ മന്ദസ്മിതം തൂകി സൂരജിനോട് പറഞ്ഞു, “താങ്കളോട് ഒരു അഭ്യർത്ഥനയുണ്ട്. നോക്കൂ മൃദുല പഠിക്കാൻ മിടുക്കിയാണ്. എംബിബിഎസ് കംപ്ലീറ്റ് ചെയ്തു ഡോക്ടർ ആവുക എന്ന അവളുടെ ആഗ്രഹം പൂർത്തിയാക്കുവാൻ താങ്കൾ സഹായിക്കുമല്ലോ.”

സൂരജ് അൽപ്പനേരം ചിന്താമഗ്നനനായി ഇരിക്കുന്നത് കണ്ട് എനിക്ക് സംശയം തോന്നി.

ഏടത്തി മൃദുലയുടെ ആഗ്രഹം ഇനി എന്‍റെയും കൂടി ആഗ്രഹമല്ലേ, ഞാൻ മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിലേക്ക് പോവുകയാണ്. അപ്പോഴേക്കും മൃദുലയുടെ പഠനം പൂർത്തിയാവുകയും ചെയ്യും.

നീരജ് നമുക്ക് ഇന്നുതന്നെ സൂരജിന്‍റെയും മൃദുലയുടെയും വിവാഹനിശ്ചയം നടത്തണം. സുമ സൂരജിന്‍റെ ജ്യേഷ്ഠനോടായി പറഞ്ഞു.

ശരിയാണ് നിശ്ചയം കഴിയുന്നതും വേഗം നടത്തണം. പിന്നീട് സൂരജ് ഓസ്ട്രേലിയയിലേക്ക് പോയാലും കുഴപ്പമില്ലല്ലോ. സൂരജിന്‍റെ അമ്മ പറഞ്ഞു. ആചാരപ്രകാരം ആർഭാടമായി തന്നെ വിവാഹനിശ്ചയം നടന്നു.

അതിഥികൾ പോയി. ഞാൻ പതിവ് പോലെ അടുക്കളയിൽ ജോലികൾ ഓരോന്നായി ചെയ്യുവാൻ തുടങ്ങി. ബാക്കി വന്ന പലഹാരങ്ങൾ ഒതുക്കി വയ്ക്കുമ്പോൾ പെട്ടെന്ന് പുറകിൽ ആരോ വന്നു നിൽക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ മൃദുല നിറകണ്ണുകളുമായി നിൽക്കുന്നതാണ് കണ്ടത്. അവൾ പറഞ്ഞു ഏടത്തി മറ്റാരും ചെയ്യാത്തതാണ് എനിക്ക് വേണ്ടി ചെയ്തത്. ഏടത്തി എന്നെ രക്ഷിച്ചു.

മൃദുലേ ഞാനൊന്നും ചെയ്തില്ല. ഞാനിന്ന് മറ്റൊരു സുമയെ കൊലയ്ക്ക് കൊടുക്കുന്നതിൽ നിന്നും രക്ഷിച്ചു എന്നേയുള്ളൂ. ഭാഗ്യം എന്നു പറയട്ടെ ഇന്നത്തെ സുമ രക്ഷപ്പെട്ടു.

ഇത്രയും പറഞ്ഞ് സുമയും മൃദുലയും പൊട്ടിച്ചിരിച്ചു.

പൊരുത്തം

ആർത്തലച്ചെത്തിയ തിരമാലകൾ കാലുകളെ നനക്കാതിരിക്കാനാണ് രേഖ കുറച്ചു കൂടി പുറകിലേക്ക് മാറി നിന്നത്. പക്ഷേ അവൾ ആദ്യം നിന്ന സ്ഥലത്തെത്തുന്നതിന് മുൻപേ കടൽ തിരികെ പോയി. നിൽക്കുന്ന സ്ഥലം വരെ എത്തില്ലെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്ന അടുത്തതായി എത്തിയ തിരമാലകൾ രേഖയുടെ കാലുകളെ തഴുകി. ഇത്തരം ചെറിയ ചെറിയ സംഭവങ്ങളാണ് രേഖയുടെ നിരാശയുടെ ആഴവും പരപ്പും കൂട്ടുന്നത്. ജീവിതത്തിലെ കാര്യങ്ങളെല്ലാം അപ്രതീക്ഷിതങ്ങളോ പ്രതീക്ഷയ്ക്ക് വിപരീതങ്ങളോ ആയിരിക്കുമെന്ന് നിരാശ നൽകുന്ന വിശ്വാസം അവളിൽ ശക്തമാവുകയും ചെയ്യും.

രേഖേ പരിചയമുള്ള ഒരു സ്വരം അവളെ ചിന്തയിൽ നിന്നുണർത്തി.

ഓ, സാബുവോ അയാളെ കണ്ടപ്പോൾ രേഖ ഞെട്ടി.

പാറിപ്പറന്ന് തലമുടി, വളർന്നിറങ്ങിയ താടി, മുഷിഞ്ഞ വസ്ത്രങ്ങൾ ഏതാനും വർഷങ്ങൾ കൊണ്ട് ഒരാൾക്ക് ഇത്ര മാറ്റമോ? അവസാനമായി സാബുവിനെ കണ്ടപ്പോൾ എത്ര ആകർഷണിയമായ രൂപം ആയിരുന്നു അയാളുടെതെന്ന് ഓർത്തു. ഷേവ് ചെയ്ത് മിനുസമേറിയ കവിളുകളിൽ വെറുതെ വിരൽ ഓടിക്കാൻ ആയിരുന്നു അവൾക്ക് ഏറെ ഇഷ്ടം.

എന്‍റെ രൂപം കണ്ട് വിഷമമായോ? നിനക്ക് സന്തോഷിക്കാം. ഇത് എന്‍റെ മാത്രം കുറ്റമല്ലേ സാബു നിസംഗതയോടെ പറഞ്ഞു.

മറ്റുള്ളവരുടെ വിഷമം കണ്ട് സന്തോഷിക്കാൻ ഒരു മനസ്സ് എനിക്കില്ല. ഉറച്ച സ്വരത്തിലാണ് രേഖ പറഞ്ഞത്.

അല്ല രേഖ, ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. നിനക്ക് എന്‍റെ ഈ അവസ്ഥ കണ്ട് പൊട്ടിച്ചിരിക്കാം. അയാളുടെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു.

എനിക്ക് നിന്‍റെ സ്വഭാവം അല്ല സാബു അങ്ങനെ പറയണമെന്നല്ല അവൾ ആഗ്രഹിച്ചത്. എന്നിട്ടും പറഞ്ഞു. അഞ്ചു വർഷങ്ങൾക്കു മുമ്പ് അടച്ച ഒരു പുസ്തകം തുറക്കാൻ ശ്രമിക്കുന്നതിനിടയിലെ തത്രപ്പാടുകൾ.

ഒരുതവണ എനിക്ക് തെറ്റി. പൊറുക്കാനാവാത്ത തെറ്റ്. നിനക്കും എനിക്കും ഇടയിൽ അസമാനതകൾ ഏറെയുണ്ട്. അവ ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. അയാൾ ഒരു നിമിഷം നിർത്തി. നിന്നോട് അല്പം സംസാരിക്കണം എന്നുണ്ടെനിക്ക് നമുക്ക് എവിടെയെങ്കിലും ഇരുന്നാലോ?

എന്തു കാര്യം? ഇനിയും വല്ലതും ബാക്കിയുണ്ടോ വിരസതയോടെ അവൾ തിരക്കി.

സാബുവിന്‍റെ രൂപം മനസ്സിൽ ഉണർത്തിയ ആശങ്ക മറക്കുന്നതിൽ അവൾ ഏറെ വിജയിച്ചു. അവനോട് സംസാരിക്കണോ വേണ്ടയോ എന്ന ചിന്തയാണ് അവളെ കുഴക്കിയത്.

നീ തെറ്റിദ്ധരിക്കേണ്ട ഞാനിപ്പോൾ പഴയ സാബു അല്ല. കാലം എന്നെ മാറ്റി. അയാളുടെ സ്വരം വല്ലാതെ തളർന്നിരുന്നു. പിന്നീട് അപേക്ഷ രൂപേണ ഒരിക്കൽ കൂടി പറഞ്ഞു പ്ലീസ്, ഒരു തവണത്തേക്ക് മാത്രം നമുക്ക് ഇത്തിരി സംസാരിക്കാം.

ശരി പക്ഷേ ഇപ്പോഴല്ല. നാളെ സിറ്റി കഫെയിൽ ഇതേസമയം വന്നാൽ മതി. ഇത്രയും പറഞ്ഞശേഷം അവൾ ഓട്ടോയിൽ കയറി തിരിച്ചുപോയി. സാബുവിനോട് ഇത്രയും സംസാരിച്ചപ്പോൾ തന്നെ രേഖയുടെ രക്തസമ്മർദ്ദം ഉയരുകയും ശരീരം വിയർക്കുകയും ചെയ്തു.

അപ്രതീക്ഷിത സംഭവങ്ങൾക്ക് ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനുള്ള ശക്തി ഉണ്ടോ? വീട്ടിലെത്തിക്കഴിഞ്ഞ് ഗതകാല സംഭവങ്ങൾ ഓർക്കുകയായിരുന്നു രേഖ. സാബു മൂലം അവളുടെ ജീവിതത്തിൽ ഭൂകമ്പം പോലെ എന്തോ ഒന്ന് സംഭവിച്ചതിനെ പറ്റി അവളുടെ സ്വപ്നങ്ങൾ എല്ലാം ഒരു തൂവൽ പോലെ കാറ്റിൽ പറന്നു എങ്ങോ പോയി മറഞ്ഞതിനെപ്പറ്റി.

അച്ഛൻ റിട്ടയർ ചെയ്യുന്നതിനു മുമ്പ് മകളുടെ വിവാഹം നടത്തണം എന്നായിരുന്നു അവളുടെ അമ്മയ്ക്ക്. ആലോചനകൾ ആണെങ്കിൽ ഒന്നും ശരിയാകുന്നില്ല. അച്ഛനമ്മമാരുടെ ഉറക്കം നഷ്ടപ്പെട്ടു. അവരുടെ അവസ്ഥ കണ്ട് രേഖയ്ക്ക് സമാധാനവും നഷ്ടപ്പെട്ടു. അവളുടെ കല്യാണം അത്ര മഹാകാര്യമൊന്നുമല്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല.

ആരോഗ്യം, സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം, വിവരം, ജോലി ഒന്നിനും അവൾക്ക് കുറവില്ല. അവളെക്കാൾ ധാരാളം കുറവുകൾ ഉള്ള കൂട്ടുകാരികളൊക്കെ ഒന്നും രണ്ടും കുട്ടികളുടെ അമ്മയായി കഴിഞ്ഞു. തന്‍റെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് അവൾക്ക് തോന്നിയത്. പക്ഷേ അച്ഛൻ തോൽക്കാൻ തയ്യാറായിരുന്നില്ല.

ഒരു ദിവസം ആ സന്തോഷ വാർത്തയുമായി അച്ഛൻ എത്തി. അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍റെ മകനായ സാബുവിന് രേഖയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടത്രേ. രേഖയ്ക്ക് ഇതറിഞ്ഞപ്പോൾ ആ വീട്ടുകാരോട് ആദരവ് തോന്നി. ചൊവ്വ ദോഷമുള്ള അവളുടെ ജാതകം അവർക്ക് പ്രശ്നമായില്ലല്ലോ. സാബുവിന്‍റെ പ്രമോഷൻ ശരിയാകുമ്പോഴേക്കും ഒരു വർഷത്തിനുള്ളിൽ വിവാഹം തീരുമാനിച്ചു.

വീട്ടിൽ ആകെ ഉത്സവ അന്തരീക്ഷം ആയിരുന്നു സാബു ഇടയ്ക്കിടെ ഫോൺ ചെയ്യാൻ തുടങ്ങി. പിന്നീട് അത് കൂടിക്കാഴ്ചകളിലേക്ക് വ്യാപിച്ചു, വീട്ടുകാരുടെ അനുഗ്രഹാശിസും പിന്തുണയുമാണ് രേഖയ്ക്ക് കരുത്തേകിയത്. നിറയെ പ്രണയം കൊടുക്കാനും സ്വീകരിക്കാനും അടുത്തറിയാനും ഇങ്ങനെയൊരു സുവർണ്ണാവസരം കിട്ടിയല്ലോ എന്നോർത്ത് അവൾ ഏറെ സന്തോഷിച്ചു. സാബുവിനെ കാണാതെ അയാളുടെ ശബ്ദം കേൾക്കാതെ പറ്റില്ലെന്ന് അവസ്ഥയിലായി രേഖ. സാബുവിന് പ്രമോഷനായി. ഒപ്പം അടുത്ത പട്ടണത്തിലേക്ക് സ്ഥലം മാറ്റവും.

വിവാഹം വേഗം നടത്തണമെന്ന് രേഖയുടെ അച്ഛൻ സാബുവിന്‍റെ അച്ഛനെ അറിയിച്ചു. മറുപടിക്കായി 15 ദിവസം, 20 ദിവസം….. കാത്തിരിപ്പ് ഒരു മാസം വരെ നീണ്ടു. അച്ഛന്‍റെ ക്ഷമ നശിച്ചു. ഒരു ദിവസം സാബുവിന്‍റെ കത്ത് വന്നു.

ബഹുമാനത്തോടെ അച്ഛന്, ഒരു കാര്യം അറിയിക്കാൻ ആണ് ഇത് എഴുതുന്നത്. തീരുമാനം പറയാൻ വൈകിയതിന് മാപ്പ്. അങ്ങയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കാര്യം തുറന്നു പറയാൻ കഴിഞ്ഞില്ല. ഞാൻ ജാതകത്തിൽ വിശ്വസിക്കുന്ന ആളാണ്. കുടുംബജീവിതത്തിന്‍റെ ഭദ്രതയ്ക്ക് ജാതകത്തിന് വളരെ സ്വാധീനം ഉണ്ടെന്ന് വിശ്വാസമുണ്ട് എനിക്ക്. എന്‍റെയും അങ്ങയുടെ മകളുടെയും ജാതകങ്ങൾ തമ്മിൽ യാതൊരു പൊരുത്തവുമില്ല. അതുകൊണ്ട് ഈ വിവാഹത്തിൽ എനിക്ക് താല്പര്യമില്ല.

അങ്ങയെ അച്ഛനെ പോലെ കരുതുന്ന സ്വന്തം സാബു.

ഇടിമിന്നലേറ്റ അവസ്ഥയിൽ എത്തി ആ മാതാപിതാക്കൾ. രേഖയാണെങ്കിലോ തന്‍റെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട അവസ്ഥയിലും. പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങിയ രേഖ നേരെ പോയത് സാബുവിന്‍റെ ഓഫീസിലേക്കാണ്. അവൾക്കറിയാവുന്നിടത്തോളം, ആകർഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു സാബു. ഏതൊരു പെണ്ണും മോഹിക്കും അവനെ ഭർത്താവായി കിട്ടാൻ. പറഞ്ഞറിയിക്കാനാവാത്ത ഒരു നോവ് അവളുടെ മനസ്സിനെ അസ്വസ്ഥമാക്കി.

നീ എന്തിനാ എന്‍റെ അച്ഛനോട് നുണ പറഞ്ഞത്? പെട്ടെന്നാണ് അവൾ ചോദിച്ചത്.

എനിക്കാ മനുഷ്യന്‍റെ ഹൃദയം വ്രണപ്പെടുത്താൻ വയ്യ. കുനിഞ്ഞ ശിരസ്സോടെ സാബു പറഞ്ഞു.

ഇപ്പോൾ ഹൃദയം വ്രണപെട്ടില്ലെന്നാണോ?

അച്ഛന് വിഷമം ഉണ്ടാകും എന്ന് അറിയാം. നീയെങ്കിലും ഞാൻ പറയുന്നത് മനസ്സിലാക്കണം.

നീ ഇത്ര തന്ത്രപൂർവ്വം ഒഴിവാക്കുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. വെറുപ്പോടെ രേഖ പറഞ്ഞു.

എന്നെ തന്ത്രശാലി എന്ന് എത്ര തവണ വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ ദാമ്പത്യജീവിതം സുഖകരമാക്കാനുള്ള സമവാക്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി ജാതക പൊരുത്തം ഇല്ലായ്മ മൂലം എന്തെങ്കിലും കുഴപ്പം വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഒന്ന് നിർത്തുന്നുണ്ടോ? ജാതക പൊരുത്തം ഉണ്ടായാൽ മാത്രം ജീവിതം ഹാപ്പി ആകും എന്നാണോ ഇയാള് കരുതിവെച്ചിരിക്കുന്നത്? ഇതൊക്കെ നോക്കി കിട്ടിയിട്ടും ഡൈവോഴ്സ് കേസുകൾ എത്രയാ നടക്കുന്നത്? സ്നേഹവും സമർപ്പണവും ആണ് ദാമ്പത്യ ജീവിതത്തിന്‍റെ സമവാക്യങ്ങൾ. രേഖ അവസാന ആയുധവും പ്രയോഗിച്ചു നോക്കി.

ഇത് നിന്‍റെ കാഴ്ചപ്പാട് ആയിരിക്കും. എനിക്ക് എന്‍റേതായ വീക്ഷണമുണ്ട്. അടുത്ത ആഴ്ച എന്‍റെ കല്യാണമാണ്. ഏതായാലും ഞാൻ ക്ഷണിക്കുന്നു. വരുകയോ വരാതിരിക്കുകയോ നിന്‍റെ ഇഷ്ടം. പറ്റുമെങ്കിൽ വരിക.

ഓഹോ അപ്പോൾ അതാണ് കാരണം. നിങ്ങൾ വധുവിന്‍റെ ജാതകം പരിശോധിച്ചു നോക്കിയോ? പൊരുത്തം ഉണ്ടോന്ന് ?പുച്ഛത്തോടെ രേഖ തിരക്കി.

10 പൊരുത്തവും ഉണ്ട് സാബു ചിരിച്ചു.

അവൾ നിരാശയായി മടങ്ങി. കണ്ട് സംസാരിച്ചു കഴിയുമ്പോൾ സാബു എല്ലാം മറന്ന് തന്‍റെ സ്നേഹം മനസ്സിലാക്കുമെന്നാണ് രേഖ കരുതിയത്. അവൾ ഏറെ പണിപ്പെട്ട് മനസ്സിനെ അടക്കി. അവൾ ബാഗും എടുത്ത് അവിടുന്ന് ഇറങ്ങി. പുറത്തെ വെയിലിന് ചൂട് പിടിച്ചു തുടങ്ങി.

ഇന്ന് തികച്ചും അപ്രതീക്ഷിതമായി സാബു മുന്നിൽ വന്നപ്പോൾ അറിയാതെ ചിന്തകൾ പിന്നിലേക്ക് പോയെന്നു മാത്രം. സിറ്റി കഫെയിൽ പിറ്റേന്ന് അവൾ എത്തിയപ്പോൾ സാബു കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എനിക്കുറപ്പായിരുന്നു നീ വരുമെന്ന് അയാളുടെ കണ്ണുകൾ പ്രകാശിച്ചു.

എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?

എനിക്ക് മനസ്സിലായില്ല.

എന്‍റെ ഭാര്യയുടെ രക്തം എച്ച്ഐവി പോസ്റ്റീവ് ആണ്. സ്വരം താഴ്ത്തി അയാൾ പറഞ്ഞു.

എന്താ ഞാൻ ഈ കേൾക്കുന്നത്? രേഖ സ്തബ്ധയായി.

അതേ രേഖേ, എന്‍റെ ജീവിതം നശിച്ചു. ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. നിന്‍റെ സാമീപ്യം ഉണ്ടായിരുന്നുവെങ്കിൽ എത്ര ആശ്വാസമായേനേന്നോ?

ബ്ലഡ് ഗ്രൂപ്പിന് പകരം ജാതകം നോക്കിയത് വഴി തെറ്റ് ചെയ്തു. അത് പോരാഞ്ഞാണോ ഞാൻ കൂടെ വേണം എന്ന് പറയുന്നത്? നിങ്ങളുടെ ഭാര്യക്ക് പിന്തുണ നൽകുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.

പക്ഷേ…

ഒരുപക്ഷേയുമില്ല. ജാതകത്തിന്‍റെ പേരും പറഞ്ഞ് നിങ്ങളെന്നെ വേണ്ടെന്നുവച്ചു. പക്ഷേ മനുഷ്യത്വമെങ്കിലും വിചാരിച്ച് നിങ്ങൾ ഭാര്യയെ ഉപേക്ഷിക്കരുത്.

നീ പറഞ്ഞതാണ് ശരി. ഇനി തെറ്റുകൾ ഞാൻ ആവർത്തിക്കില്ല. അവളുടെ മുന്നിൽ ഒന്ന് പൊട്ടിക്കരയാൻ പോലും ആവാതെ അയാൾ നിസ്സഹായനായി. കുറെ നേരം ഇരുവരും ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്നു.

ഏതൊക്കെയോ ഓർമ്മയിൽ ഇരുവരുടെയും കണ്ണുനിറഞ്ഞു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-4

എല്ലാവരേക്കാളും മുമ്പ് സ്കൂളിലെത്തണം. ഹെഡ് മാഷ് നേരത്തെ എത്തും.
ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് അദ്ദേഹത്തോട് പറയണം. അതറിയുമ്പോൾ ഉമ്മായ്ക്കും സന്തോഷമാകും.

അവൾ വേഗം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പോകാനായി ഇറങ്ങി. ഉമ്മ തന്‍റെ പ്രവൃത്തികളോരോന്നും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അവൾക്ക് തോന്നി.

വഴിയിൽ വെച്ച് ഇബ്രാഹിംകുട്ടി മാഷിനെക്കുറിച്ച് മനസ്സിലങ്ങനെ വിചാരിച്ചതേയുള്ളൂ. ദൂരെ നിന്നും സ്കൂട്ടറിൽ അയാൾ വരുന്നത് കണ്ടു.

കള്ളപൂച്ച ഇബ്രാഹിംകുട്ടി മാഷ് പഴയതുപോലെ ഒരു ചിരി മാത്രം പാസാക്കി തന്നെ കടന്നു പോകുമെന്നാണ്ട് വിചാരിച്ചത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അയാൾ അവൾക്ക് മുന്നിൽ സ്കൂട്ടർ കൊണ്ട് വന്ന് സ്ലോ ചെയതു.
“ടീച്ചർ എങ്ങോട്ടാണ് ഇത്ര നേരുത്തെ?” അയാൾ ചോദിച്ചു.

“എനിക്ക് നേരുത്തെ ചെന്നിട്ട് കുറച്ച് ടീച്ചിംഗ്സ് നോട്ട് എഴുതാനുണ്ടായിരുന്നു.” അവൾ പറഞ്ഞു
“ഞാനിന്ന് ലീവാണ്. കുറച്ച് അത്യാവശ്യ കാര്യങ്ങളുണ്ട്.” ഇബ്രാഹിംകുട്ടി മാഷ് ഒരു വെള്ളപ്പറവയെപ്പോലെ പറന്നു പോയി. അയാൾ കണ്ണിൽ നിന്ന് മായുന്നതുവരെ അവൾ ആ കാഴ്ച നോക്കി നിന്നു.

ഇബ്രാഹിംകുട്ടി മാഷ് എത്ര നല്ലവനാണ്. നിർവ്വികാരമെന്നു തോന്നുന്ന ആ കണ്ണുകളിൽ അലതല്ലുന്നത് സ്നേഹത്തിന്‍റെ സാഗരങ്ങളാണ്. അല്ലാഹു എത്ര വലിയവനും കരുണാമയനുമാണ്.

പ്രതീക്ഷിച്ചതു പോലെ ഹെഡ് മാഷ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു. എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത്?

ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് നേരേ വാ നേരേ പോ എന്ന മട്ടിൽ നേരിട്ടങ്ങു പറഞ്ഞാലോ? അല്ലെങ്കിൽ അതു വേണ്ട.

മാഷ് ഇന്നാള് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ? അങ്ങനെ തുടങ്ങാം . അതാണ് നല്ലത്.

ഹെഡ്മാഷ് പതിവുപോലെ രജിസ്റ്ററിലെന്തോ എഴുതുകയാണ്. അയാൾ അവളെ ശ്രദ്ധിക്കുന്നതു പോലുമില്ല.

ഇങ്ങേർക്ക് എന്താണ് എപ്പോഴുമിങ്ങനെ എഴുതാനുള്ളത്? ലോകത്ത് ഇങ്ങേര് മാത്രമേ ഹെഡ്മാഷായിട്ടുള്ളോ? ഒരു മനുഷ്യജീവി വന്നു നില്ക്കുന്നത് കണ്ടാൽ ഒന്നു മുഖമുയർത്തി നോക്കിയാൽ എന്താണ് ചേദം?

അവൾ ബാഗും കുടയും ഡെസ്കിന്‍റെ പുറത്ത് ‘ഠപ്പോ…’ന്ന് വെച്ചു. ഹെഡ് മാഷ് തലയുയർത്തി നോക്കി.

വളരെ നാളുകൾക്ക് ശേഷം അയാൾ അവളെ നോക്കി ഉള്ളുതുറന്ന് ചിരിച്ചു.

“ങ്ഹാ… ടീച്ചർ നേരത്തെ എത്തിയോ?” എന്ന് പറഞ്ഞ് കൊണ്ട് അയാൾ രജിസ്റ്ററിലേക്ക് വീണ്ടും ഊളിയിട്ടു.

“ടീച്ചറ് വല്ല നേർച്ചയും നേർന്നുട്ടാണ്ടായിർന്നോ? എന്തായാലും ങ്ങടെ കണ്ണിലെ ഒരു കരട് ഇന്ന് ഒഴിഞ്ഞു പോകുകയാണ്.”

സബീന ടീച്ചർ. ഒന്നും മനസ്സിലാകാതെ മിഴിച്ചു നിലക്കവെ ഹെഡ് മാഷ് തുടർന്നു. “മ്മടെ ഇബ്രാഹിംകുട്ടി മാഷ് പതിനഞ്ചു കൊല്ലത്തെ ദീർഘകാല അവധിയെടുത്ത് ഗൾഫിൽ പോകുകയാണ്. അയാൾക്ക്‌ അവിടെ ഒരു സ്കൂളിൽ അറബിക് അധ്യാപകനായി ജോലി ശരിയായി. ഇവിടുത്തേതിന്‍റെ അഞ്ചാറിരട്ടി ശംബളമുണ്ടത്രേ. ഇന്ന് അങ്ങേരുടെ വക പാർട്ടിയുണ്ട്. ബിരിയാണിയാണ്. കോഴിയാണോ? ആടാണോ? നല്ലയൊരു മട്ടൺ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി.”

ഹെഡ് മാഷ് ഏതോ മധുര സ്മരണയിൽ കണ്ണുകളടച്ച് കസേരയിലേക്ക് ചാഞ്ഞു കിടന്നു.

സബീന ടീച്ചർ ഒന്നും മിണ്ടാതെ വന്ന് കസേരയിൽ ഒരു മരപ്രതിമ പോലെയിരുന്നു. മനസ്സിലെ സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് എരിഞ്ഞടങ്ങിയ പോലെ.

എന്തെങ്കിലും കാരണം പറഞ്ഞ് ലീവെടുത്ത് വീട്ടിൽ പോയാലോ എന്ന് വിചാരിച്ചു. എന്ത് കാരണം പറയും? ഹെഡ് മാഷ് എന്ത് വിചാരിക്കും? വീട്ടിലോട്ട് കയറി ചെന്നാൽ ഉമ്മായോട് എന്ത് പറയും? എങ്ങോട്ടാണ് ഓടിയൊളിക്കുന്നത്. അവൾ അവിടെത്തന്നെയിരുന്നു.

പ്രേയറിന് ബെല്ലടിച്ചതറിഞ്ഞില്ല. ആരോഹണ അവരോഹണ ക്രമങ്ങളിലൂടെ പ്രാർത്ഥന ചൊല്ലുന്ന കുട്ടികളുടെ ഈണത്തിലുള്ള ശബ്ദം മുഴങ്ങുന്നു.

ചന്തമേറിയ പൂവിലും

ശബളാഭമാം ശലഭത്തിലും

സന്തതം കരതാരിയെന്നൊരു

ചിത്ര ചാതുരി കാട്ടിയും

ഹന്ത ചാരു കടാക്ഷമാലക

ളര്‍ക്കരശ്മിയിൽ നീട്ടിയും

ചിന്തയാം മണി മന്ദിരത്തില്‍

വിളങ്ങു മീശനെ വാഴ്ത്തുവിന്‍

ഹാജർ പുസ്തകവുമെടുത്ത് ടീച്ചർ മനസ്സില്ലാമനസ്സോടെ ക്ലാസ്സിലേക്കു പോയി. പഠിപ്പിക്കാൻ യാതൊരു മൂഡും തോന്നുന്നില്ല. പരിശീലന പ്രശ്ശങ്ങൾ നോക്കി രണ്ടു മൂന്ന് കണക്കിട്ടു കൊടുത്ത് അവിടെ എവിടെയെങ്കിലും ഇരിക്കാമെന്ന് വിചാരിച്ചു. മനസ്സിന് സുഖമില്ലെങ്കിൽ പിന്നെന്തു ചെയ്യും? അറിയുന്നവര് ചെയ്യും അറിയാൻ വയ്യാത്തവർ കണ്ടെഴുതും അതിനും താല്പര്യമില്ലാത്തവരെ എന്ത് ചെയ്താലും ശരിയാകില്ല തത്തമ്മയെ പൂച്ച, പൂച്ച എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതു പോലെ എപ്പോഴുമിങ്ങനെ വായിട്ടലയ്ക്കാൻ ടീച്ചർമാരെന്താണ് വല്ല ടേപ്പ് റിക്കാർഡറോ, മൈക്രോഫോണോ മറ്റോ ആണോ?

ടീച്ചർ ക്ലാസ്സിലേക്ക് പോകുമ്പോൾ ആറാം ക്ലാസ്സിലെ ഒരു പെണ്ണും ഏഴാം ക്ലാസ്സിലെ ഒരു ചെറുക്കനും ഒരൊഴിഞ്ഞ കോണിൽ നിന്ന് ഒരേ സംസാരം. അവൻ ഓരോന്ന് മന്ത്രിച്ച് മന്ത്രിച്ച് അവസാനം അവളുടെ കാത് തന്നെ കടിച്ചു പറിക്കൂമെന്ന് ടീച്ചർക്ക് തോന്നി.. കുറെ നാളായി ടീച്ചർ ശ്രദ്ധിക്കുന്നു. രണ്ടിന്‍റെയും ഒരു ചുറ്റിക്കളി. പെണ്ണ് സാമാന്യം പഠിക്കുന്നതാണ്. പ്രായത്തിൽ കവിഞ്ഞുളള വളർച്ചയുണ്ട്. ചെറുക്കൻ ആളൊരു ചട്ടമ്പി. അവൻ ഏഴാം ക്ലാസ്സിൽ രണ്ടാം കൊല്ലമാണന്ന് തോന്നുന്നു. ആണും പെണ്ണും ഇങ്ങനെ ചുറ്റിത്തിരിഞ്ഞ് നടക്കാൻ ഇത് കോളേജ് ക്യാമ്പസോ പാർക്കോ ബീച്ചോ ഒന്നുമല്ലല്ലോ. നാട്ടിന്‍ പുറത്തെ ഒരു സാധാരണ യുപി സ്കൂൾ. നാലക്ഷരം പഠിക്കണമെന്ന വിചാരത്തോടെ വരുന്ന കൂട്ട്യോള് വേറെ കാണില്ലേ? അവർക്കിടയിലാണ് രണ്ടിന്‍റേയുമൊരു…

ടീച്ചർ രണ്ടിനേയും കൈയോടെ പിടി കൂടി. “ന്താ… ഇവിടെ കാര്യം. ബെല്ലടിച്ചത് കേട്ടില്ലേ?” ടീച്ചർ ഗൗരവത്തിൽ ചോദിച്ചു.

“ഞങ്ങൾ തമ്മിൽ പ്രേമത്തിലാണ്…” പെൺകുട്ടി യാതൊരു കൂസലുമില്ലാതെ പ്രഖ്യാപിച്ചു

“ഓഹോ… അറിഞ്ഞില്ല. എത്രനാളായി തുടങ്ങിയിട്ട്?”

ചെറുക്കനാണതിന് മറുപടി പറഞ്ഞത്, “അങ്ങനെ നേരോം കാലോം ഒന്നും നോക്കിയിട്ടല്ല. ടീച്ചറേ പ്രേമിക്കാൻ തുടങ്ങിയത്.”

എന്തൊരു അഹങ്കാര വർത്തമാനമാണ്? രണ്ടിനേയും അങ്ങനെ വെറുതെ വിട്ടാൽ കൊള്ളില്ല.

“ഹെഡ് മാഷെ ചെന്നു കണ്ടിട്ട് ഇനി രണ്ടാളും ക്ലാസ്സിൽ കയറിയാൽ മതി.” ടീച്ചർ ഉത്തരവിട്ടു.

“അതൊന്നും നടക്കൂല ടീച്ചറേ. ഹെഡ് മാഷിനെ ഞങ്ങള് ദിവസോം കാണുന്നതാ. പ്രത്യേകിച്ചിനി കാണാനൊന്നുമില്ല.” ചെറുക്കനും പെണ്ണും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.

പോകുന്ന വഴിക്ക് ചെറുക്കൻ പറഞ്ഞു, “ടീച്ചറങ്ങനെ വലിയ ശീലാവതി ചമയുകയൊന്നും വേണ്ട. ടീച്ചറും ഇബാഹിംകുട്ടി മാഷും തമ്മിലുള്ള രഹസ്യ ലൈനിന്‍റെ കാര്യമൊക്കെ കൂട്ട്യോൾക്ക് മുഴുവൻ അറിയാം. മിണ്ടാച്ചപ്പൂച്ചയെപ്പോലെ നടന്നാൽ ആരും ഒന്നുമറിയില്ലന്നാണ് ടീച്ചർമാരുടെ ഒരു വിചാരം.”

സബീന ടീച്ചർ അറിയാതെ തലയിൽ കൈവെച്ചു. അവൾ പിന്നൊന്നും പറയാൻ പോയില്ല. പറഞ്ഞിട്ടും ഉപദേശിച്ചിട്ടും ഒരു കാര്യവുമില്ല.

എന്തായാലും ടീച്ചറന്ന് പരിശീലന പ്രശ്നങ്ങൾ വിട്ട് സമാന്തരവും, അല്ലാത്തതുമായ രേഖകളെക്കുറിച്ച് ക്ലാസ്സെടുക്കാൻ തീരുമാനിച്ചു സമാന്തര രേഖകൾ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. ചിലപ്പോൾ അവയ്ക്കിടയിലുളള അകലം ഒരു അണുവിട മാത്രമായിരിക്കും. എന്നിട്ടും ഈ ദുനിയാവിന്‍റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീട്ടിയാലും അവ പരസ്പരം ഖണ്ഡിക്കുന്നതേയില്ല.

എന്നാൽ സമാന്തരമല്ലാത്ത രേഖകൾ എവിടെ വെച്ചെങ്കിലും കൂട്ടി മുട്ടുന്നു. കൂട്ടിമുട്ടുന്ന ആ ബിന്ദുവില്‍ അവ നാല് പൂകോണുകൾ സൃഷ്ടിക്കുന്നു. അവ പരസ്പരം കൈകോർത്ത് പിടിച്ച് ഒരു വൃത്ത വലയമുണ്ടാക്കുന്നു. കോണോട് കോൺ ചേർന്ന് പരസ്പരം പുറം തിരിഞ്ഞിരിക്കുന്നവർ ഇരട്ടകളത്രെ.

കുട്ട്യോളെല്ലാം ടീച്ചറുടെ ക്ലാസ്സ് കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. ആരും ഒരു ബഹളോം വെച്ചില്ല. അവർ തലങ്ങും വിലങ്ങും രേഖകൾ വരച്ച് പൂക്കോണുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ടീച്ചറന്ന് പരമാവധി സന്തോഷമഭിനയിച്ച് എല്ലാ ക്ലാസ്സുകളിലും തകൃതിയായി പഠിപ്പിച്ചു. മനസ്സ് നെരിപ്പോട് പോലെ എരിയുകയാണ്. വിഷമിച്ചിരിക്കുന്നത് കണ്ടാൽ കുട്ട്യോള് വേറെ കഥകൾ മെനയും. എന്തിന് കുട്ട്യോളെ മാത്രം പറയുന്നു. മനസ്സിലുള്ളത് ചികഞ്ഞെടുത്ത് വെറുതെ കുത്തിനോവിക്കാൻ കൂടെ ജോലി ചെയ്യുന്നവർക്കും നല്ല മിടുക്കാണ്. എങ്ങനെയെങ്കിലും വീട്ടിലെത്തി എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയാരുന്നു.

വൈകുന്നേരം സ്കൂൾ നേരത്തെ വിട്ടു. ഇബ്രാഹിംകുട്ടി മാഷും അതിനോടൊപ്പം എപ്പഴോ എത്തിയിരുന്നു. പാർട്ടി നടത്താൻ വേണ്ടി ഹെഡ് മാഷ് ഡെസ്കിന്‍റെ  പുറത്തുള്ള ടീച്ചർമാരുടെ ബാഗ്, കുട, ടിഫിൻ ബോക്സ് എല്ലാം ഒഴിപ്പിച്ചു.

ഹെഡ്മാഷ് ഇബ്രാഹിംകുട്ടി മാഷിന് എല്ലാവിധ ആശംസകളും അർപ്പിച്ച് ഒരു പ്രസംഗം തന്നെ നടത്തി. പിന്നെ താമസിച്ചില്ല. ചുരുങ്ങിയ വാക്കുകളിലുള്ള നന്ദി പ്രകടനത്തിന് ശേഷം ഇബ്രാഹിംകുട്ടി മാഷ് തന്നെ എല്ലാർക്കും ബിരിയാണി പൊതി വിളമ്പി. നെയ്യും, മസാലയും, സുഗന്ധ വ്യഞ്ജന കൂട്ടും ചേർന്നുള്ള വെന്ത മാംസത്തിന്‍റെ കൊതി പിടിപ്പിക്കുന്ന ഗന്ധം മുറി മുഴുവൻ നിറഞ്ഞു.

“ഇബ്രാഹിംകുട്ടി മാഷെ… നല്ല അസ്സല് ബിരിയാണി. എല്ലാം നിങ്ങളുടെ മനസ്സിന്‍റെ  നന്മ.” ആരോ പറയുന്നത് കേട്ടു.

സബീന ടീച്ചർ ബിരിയാണിയിൽ കൈ വിരലുകൾ കൊണ്ട് വെറുതെ ചികഞ്ഞ് അങ്ങനെയിരുന്നു. അപ്പോൾ ഇബ്രാഹിംകുട്ടി മാഷ് അവളുടെ അടുത്തേക്ക് വന്നു.

“ന്താ… സബീന ടീച്ചറേ ങ്ങളൊന്നും കഴിക്കാത്തത്. പാർട്ടി ഞാൻ നടത്തുന്നത് കൊണ്ടാണോ?” അയാൾ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നതേയുള്ളൂ.

“എനിക്ക് ടീച്ചറോട് ഒരിഷ്ടം തോന്നി. ഞാനത് ഹെഡ്മാഷുമായുള്ള അടുപ്പം വെച്ച് പറഞ്ഞും പോയി. അതിന് ന്‍റെ ടീച്ചറേ ങ്ങളെന്തിനാണ് എന്നോട് പിണങ്ങി നടക്കുന്നത്. നമ്മളെല്ലാരും മയ്യത്തായി പോകുന്ന വെറും മനുഷ്യരല്ലേ? ഇന്നൂടെ കഴിഞ്ഞാൽ ഇനി നമ്മള് ഈ ജന്മത്ത് കണ്ടില്ലാന്ന് തന്നെയിരിക്കും.” ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു.

പാർട്ടി കഴിഞ്ഞ് ഇബ്രാഹിംകുട്ടി മാഷ് എല്ലാവരോടും യാത്ര ചോദിച്ച് സ്കൂളിന്‍റെ പടിയിറങ്ങി. ഒരു പ്രവാചകനെപ്പോലെ അയാൾ എല്ലാവർക്കുമായി കൈവീശി.

അപ്പോൾ തന്‍റെ കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ സബീനടീച്ചർ പ്രത്യേകം ശ്രദ്ധിച്ചു.

(അവസാനിച്ചു)

നോവൽ പവിഴമല്ലിപ്പൂക്കൾ അവസാനഭാഗം

ഹേമാംബികയും നന്ദൻമാഷും ഞെട്ടിത്തരിച്ച് എഴുന്നേറ്റു. തങ്ങളുടെ പുറകെ ആരോ ഉണ്ടായിരുന്നുവെന്ന് അവർക്ക് ബോധ്യമായി. ഇരുട്ടിൽ അതാരാണെന്ന് വ്യക്തമാകാതെ അവർ പരുങ്ങിനിന്നു.

“ആരാണ് നിങ്ങൾ?” നന്ദൻമാഷ് അല്പം ജാള്യതയോടെ എന്നാൽ അല്പം ഉറക്കെ ചോദിച്ചു. അപ്പോൾ ഇരുട്ടിൽ നിന്നും നിലാവെട്ടത്തേക്ക് നീങ്ങിനിന്നു അയാൾ പറഞ്ഞു.

“ഞാൻ ആരുമായിക്കൊള്ളട്ടെ. നിങ്ങൾ രണ്ടു പേരും ഈ പാതി രാത്രിയിൽ ഇവിടെ എന്തു ചെയ്യുകയാണെന്നാണ് ഞാൻ ചോദിച്ചത്?”

നിലാവെട്ടത്തിൽ നന്ദൻമാഷിനും, ഹേമാംബികക്കും ആളെ മനസ്സിലായി. അത് വൃദ്ധമന്ദിരത്തിലെ ശാന്തൻ എന്നു പേരുള്ള ഒരു റിട്ടയേഡ് പോലീസുകാരനാണ്. അന്വേഷണ കുതുകിയായ അയാളുടെ ദൃഷ്ടികൾ അവരുടെ കള്ളത്തരം കണ്ടുപിടിക്കുകയായിരുന്നു. രാത്രിയിൽ ഉറങ്ങാതെ കിടന്നിരുന്ന അയാൾ തന്‍റെ മുറിയുടെ ജനലിലൂടെ ആരോ പ്രധാന വാതിൽ തുറന്ന് പുറത്തിറങ്ങുന്നത് കണ്ടിരുന്നു. അത് ആരാണെന്ന് നോക്കുവാൻ അയാളുടെ പോലീസ് ബുദ്ധിയിൽ ഔത്സുക്യം തോന്നി അയാളും അവരെ പിന്തുടർന്ന് പുറത്തെത്തിയതാണ്. അപ്പോഴാണ് നിലാവെളിച്ചത്തിൽ അത് നന്ദൻമാഷും ഹേമാംബികയുമാണെന്ന് അയാൾക്ക് മനസ്സിലായത്. കുറച്ചു നാളുകളായി നന്ദൻമാഷിന്‍റെയും, ഹേമാംബിക ടീച്ചറിന്‍റെയും പെരുമാറ്റത്തിൽ അപാകത തോന്നി അയാൾ അവരെ വീക്ഷിച്ചു വരികയായിരുന്നു.

“നിങ്ങൾക്ക് രണ്ടു പേർക്കും ഒരു നാണവുമില്ലല്ലോ. അതും ഈ വയസ്സുകാലത്ത് ഇതു വേണമായിരുന്നോ മാഷെ. ഏതായാലും ഞാനിത് ഇവിടെ എല്ലാവരേയും വിളിച്ചുണർത്തി അറിയിക്കാൻ പോവുകയാണ്.”

നന്ദൻമാഷും, ഹേമാംബിക ടീച്ചറും ഒന്നും പറയാനാകാതെ നിന്നുരുകുകയായിരുന്നു. പെട്ടെന്ന് ഹേമാംബിക തൊഴുകൈകളോടെ പറഞ്ഞു.

“സാർ ദയവു ചെയ്ത് ആരേയും ഇത് അറിയിക്കരുത്. ഞങ്ങളിതിനി ആവർത്തിക്കുകയില്ല. വേണമെങ്കിൽ ഞാൻ സാറിന്‍റെ കാലുപിടിക്കാം.”

“എന്തിനാ ടീച്ചറേ, നിങ്ങൾ രണ്ടും പേരേയും കുറിച്ച് ഞങ്ങൾക്കെല്ലാം എത്രനല്ല അഭിപ്രായമായിരുന്നു. ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടു പേരും ഭാവിതലമുറക്ക് മാതൃകയാവേണ്ട അധ്യാപകരല്ലേ. എല്ലാപേർക്കും അറിവ് ഉപദേശിച്ചു കൊടുക്കേണ്ടവർ. ആ നിങ്ങൾ… നിങ്ങളെക്കുറിച്ചുണ്ടായിരുന്ന എല്ലാ അഭിപ്രായവും മാറ്റിമറിച്ചില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ പ്രായത്തെക്കുറിച്ചെങ്കിലും നിങ്ങളിരുവരും ഓർക്കേണ്ടതായിരുന്നു. ഇന്നിപ്പോൾ ഈ വൃദ്ധസദനത്തിനു തന്നെ നിങ്ങൾ നാണക്കേടുണ്ടാക്കി വച്ചു.”

പെട്ടെന്ന് പുറത്തെ ലൈറ്റുകൾ തെളിഞ്ഞു. ആരൊക്കെയോ ചിലർ ശബ്ദം കേട്ട് എഴുന്നേറ്റ് വന്നതാണ്. ഹേമാംബികക്ക് തല ചുറ്റുന്നതു പോലെ തോന്നി. അവർ അടുത്തുളള പവിഴമല്ലി മരത്തിൽ മുറുകെപ്പിടിച്ചു നിന്നു. എന്നാൽ നന്ദൻമാഷിന്‍റെ ജാള്യതയെല്ലാം അപ്പോഴേക്കും അകന്നുപോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം എന്തും നേരിടാൻ തയ്യാറായി ധൈര്യം അവലംബിച്ച് നിന്നു.

“ആരാ ഈ ഇരുട്ടത്ത് നിന്ന് വർത്തമാനം പറയുന്നത്? എന്താ ഇവിടെ?” ആരൊക്കെയോ അങ്ങനെ ചോദിച്ചു കൊണ്ട് അവിടെയെത്തി. അക്കൂട്ടത്തിൽ രാഘവൻ മാഷും രാജീവനുമുണ്ടായിരുന്നു.

“ഏയ്, ഈ നന്ദൻമാഷ് തനിയെ പുറത്തിറങ്ങിനടക്കുന്നതു കണ്ട് ഞാനും, ഹേമാംബികടീച്ചറും വന്നു നോക്കിയതാണ്. അദ്ദേഹത്തിന് നല്ല സുഖം തോന്നുന്നില്ലത്രെ.”

ശാന്തൻ എന്ന ആ പോലീസുകാരൻ നന്ദൻമാഷിനെ നോക്കി ചിരിച്ചുകൊണ്ട് അറിയിച്ചു. അതോടെ അവിടെ കൂടിനിന്ന പലരും പിരിഞ്ഞു പോയി. നന്ദൻമാഷിന്‍റേയും ഹേമാംബികയുടേയും ശ്വാസം നേരേ വീണു. എന്നാൽ രാഘവൻ മാഷും രാജീവനും പിരിഞ്ഞു പോയില്ല. അവർ പോലീസുകാരന്‍റെ മുഖത്തെ കപടഭാവം കണ്ട് എന്തോ ഊഹിച്ചിരുന്നു. മാത്രമല്ല ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും പരുങ്ങി നില്പും അവർ ശ്രദ്ധിച്ചു. രാഘവൻ മാഷ് പോലീസുകാരന്‍റെ അടുത്തെത്തി പറഞ്ഞു.

“ഒരു പോലീസുകാരനായിട്ടും നിങ്ങൾ ഒരു നല്ല കാര്യമാണ് ചെയ്തത്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. നിങ്ങൾ ഈ സ്നേഹസദനത്തിന്‍റെയും എന്‍റെ സുഹൃത്തിന്‍റെയും മാനമാണ് രക്ഷിച്ചത്.”

“അതിന് എനിക്കും ഈ സ്ഥാപനത്തോട് ഒരു കടമയില്ലെ സാർ. പിന്നെ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും ഞാനും ഇഷ്ടപ്പെട്ടിരുന്നു. അവർക്ക് ഒരു നാണക്കേടുണ്ടാക്കാൻ ഞാനും ആഗ്രഹിച്ചില്ല.”

“അത് നന്നായി ശാന്തൻ. എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു.” പിന്നീടദ്ദേഹം നന്ദൻമാഷിന്‍റെ അടുത്തെത്തി.

“എനിക്ക് നിങ്ങൾ രണ്ടു പേരുടേയും പെരുമാറ്റത്തിൽ നേരത്തേ സംശയം തോന്നിയിരുന്നു. ഇപ്പോൾ ആ സംശയം ശരിയായിരുന്നു എന്ന് മനസ്സിലായി. കഷ്ടം നന്ദൻമാഷെ, നിങ്ങൾക്കിതിന്‍റെ വല്ല ആവശ്യമുണ്ടായിരുന്നോ? നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ വിവാഹം നടത്തിത്തരുമായിരുന്നല്ലോ. എനിക്കറിയാം ഹേമാംബികടീച്ചറിന് പണ്ടു മുതൽ നന്ദൻമാഷിനെ ഇഷ്ടമാണെന്ന്. പക്ഷെ നിങ്ങൾ രണ്ടു പേരും രണ്ടു വഴിക്ക് പോയപ്പോൾ ഞാൻ അതെന്‍റെ തോന്നൽ മാത്രമായിരുന്നു എന്ന് കരുതി. എന്നാലിന്നിപ്പോൾ അങ്ങനെയല്ലെന്ന് മനസ്സിലായി.”

രാഘവൻമാഷ് നോക്കിയപ്പോൾ ഹേമാംബികടീച്ചറിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപമാനവും, നിസ്സഹായതയും അവരെ തളർത്തി. നന്ദൻമാഷ് രാഘവൻ മാഷിന്‍റെ മുന്നിൽ ജാള്യതയോടെ തല കുനിച്ചു നിന്നു.

രാഘവൻ മാഷാകട്ടെ നന്ദൻമാഷിന്‍റെ തോളിൽത്തട്ടിപ്പറഞ്ഞു. “ഒട്ടും വിഷമിക്കേണ്ടെടോ. എല്ലാറ്റിനും നമുക്ക് പരിഹാരമുണ്ടാക്കാം. നാളെയാകട്ടെ. താനിപ്പോൾ സമാധാനമായിട്ട് പോയിക്കിടന്നുറങ്ങ്. ടീച്ചറും ചെന്നാട്ടെ.”

രാഘവൻ മാഷ് അവരെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു. തലകുനിച്ചു കൊണ്ട് അവർ ഇരുവരും നടന്നു നീങ്ങി.

എല്ലാം കേട്ടു നിന്ന രാജീവ് അപ്പോൾ രാഘവൻ മാഷിന്‍റെ അടുത്തെത്തി പറഞ്ഞു. “എന്നാലും നന്ദൻമാഷിനെയും ഹേമാംബിക ടീച്ചറിനേയും കുറിച്ച് ഞാനിങ്ങനെയൊന്നും കരുതിയിരുന്നില്ല. അവർക്ക് രണ്ടു പേർക്കും ഈ വയസ്സുകാലത്ത് ഇങ്ങിനെയൊക്കെ തോന്നാൻ എന്താണ് കാരണം?”

“ഹേമാംബിക ടീച്ചറിന് പണ്ടുമുതലേ നന്ദൻമാഷിനെ ഇഷ്ടമായിരുന്നു. അത് ഞാനും ഊഹിച്ചിട്ടുണ്ട്. എങ്കിലും രണ്ടു പേരും വിവാഹിതരാവാതെ അകന്നു പോയപ്പോൾ ഞാൻ എല്ലാം എന്‍റെ തോന്നലായി കരുതി. ഇനിയിപ്പോൾ ഈ വാർദ്ധക്യ കാലത്താണ് അവർക്കതിനുള്ള യോഗം എന്നു തോന്നുന്നു. നമുക്ക് അവരുടെ വിവാഹം നടത്താമെടോ.”

“സാർ എന്താണ് ഈ പറയുന്നത്? അവർ രണ്ടു പേരുടേയും പ്രായം?”

“അതിനെന്താടോ? രണ്ടു പേർക്ക് തമ്മിൽ പ്രണയിക്കാൻ പ്രായം തടസ്സമല്ലെങ്കിൽ പിന്നെ വിവാഹം കഴിക്കാൻ എന്താണ് തടസ്സം? നാം ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് താനോർക്കണം. ഇന്നിത് പാശ്ചാത്യനാടുകളിൽ മാത്രം നടന്നു വരുന്ന ഒരു സ്ഥിതിവിശേഷമാണെന്ന് നമുക്കു തോന്നാം. എന്നാൽ ഭാരത സമൂഹവും ഇന്ന് മാറി കൊണ്ടിരിക്കുകയാണ്.

വൃദ്ധന്മാർ സമൂഹത്തിൽ വല്ലാതെ ഒറ്റപ്പെടുന്നു. മക്കൾക്ക് അച്ഛനമ്മമാരെ നോക്കാൻ സമയമില്ല. അല്ലെങ്കിൽ അവർക്കതിനുള്ള മനസ്ഥിതിയില്ല. എന്‍റെ കാര്യം തന്നെ നോക്കൂ. നിത്യവും മദ്യം ഉപയോഗിക്കുന്ന, ദുർമാർഗ്ഗിയായ നടക്കുന്ന ഏകമകനോട് കള്ളുകുടിക്കരുതെന്നും, നേർവഴിക്ക് ജീവിക്കണമെന്നും പറഞ്ഞതിഷ്ടപ്പെടാതെ അവനെന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. ആത്മാഭിമാനിയായ ഞാൻ പിറ്റേന്നു തന്നെ ഭാര്യയേയും കൂട്ടി ഇങ്ങോട്ട് പോന്നു.

ഈ ഒരു പരിതസ്ഥിതിയിൽ വാർദ്ധക്യത്തിലെത്തുമ്പോൾ കൂടെ ഇണയില്ലാതെ ഒറ്റപ്പെട്ടു പോയവർ, തങ്ങൾക്ക് ഒരു തുണ വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നാമെല്ലാം ഇനി അങ്ങനെ ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്. കാലം ആ മാറ്റം ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് തന്നെ പോലുള്ളവരാണ് അതിന് മുൻകൈ എടുക്കേണ്ടത്. കാരണം വൃദ്ധ സദനങ്ങളിലാണ് ഇത്തരത്തിൽ നിരാശയും ഏകാന്തതയും ഒറ്റപ്പെടുത്തുന്നവരെ ഏറെ കണ്ടെത്താൻ കഴിയുന്നത്. അവരുടെയെല്ലാം വാർദ്ധക്യത്തിൽ അല്പകാലമെങ്കിലും വസന്തം വിരുന്നിനെത്തുമെങ്കിൽ അത് നല്ലതല്ലേടോ?”

“സാർ പറയുന്നത് ശരിയാണ്. നമുക്കതിനെപ്പറ്റി ഗൗരവപൂർവ്വം ആലോചിക്കാം സാർ. എങ്കിൽ ഈ വൃദ്ധമന്ദിരത്തിലെ ആദ്യത്തെ വാർദ്ധക്യവിവാഹം നന്ദൻമാഷിന്‍റെയും, ഹേമ ടീച്ചറിന്‍റേയും ആയിക്കോട്ടെ. നാളെ തന്നെ നമുക്കതിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.”

അടുത്തു നിന്ന ശാന്തനാണ് അത് പറഞ്ഞത്. രാജീവും അതു തന്നെ തലകുലുക്കി സമ്മതിച്ചു.

“അതെ സാർ, ഞാനും സാറിനോട് യോജിക്കുന്നു നാളെ തന്നെ നമുക്കതിനുള്ള ഏർപ്പാടുകൾ തുടങ്ങാം.” രാജീവ് പറഞ്ഞു.

“എങ്കിൽ പിന്നെ സാറും കൂടി ഇവിടെ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് വിവാഹം കഴിക്ക്…” ശാന്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് രാഘവൻ മാഷിന്‍റെ ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യയുമുണ്ട്…” രാജീവ് പറഞ്ഞു.

“അപ്പോൾ തനിക്കാണ് ഒരാളെ വേണ്ടത്. താനും ഒരാളെ കണ്ടുപിടിക്കെടോ…” രാഘവൻ മാഷ് പറഞ്ഞു

“ഞാൻ അതിനു തയ്യാറാണ്. സാറെ… പക്ഷെ പറ്റിയ ഒന്നിനെ കിട്ടണ്ടെ.” രാഘവൻ മാഷ് അത് കേട്ട് പൊട്ടിച്ചിരിച്ചു. അങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ട് അവർ മൂന്നു പേരും തങ്ങളുടെ ഉറക്കറകളിലേക്കു പോയി.

പിറ്റേന്ന് രാജീവ് പ്രധാന ഹാളിൽ ഒരു മീറ്റിംങ്ങ് വിളിച്ചു കൂട്ടി അവിടെ വന്നു കൂടിയവരോടായി പറഞ്ഞു.

“ഇന്ന് നമ്മൾ ഇവിടെ ഒത്തുകൂടിയത് ഒരു സന്തോഷവർത്തമാനം പങ്കിടാനാണ്. ഈ സ്നേഹസദനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി മംഗളകരമായ ഒരു ചടങ്ങിന് തുടക്കം കുറിക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

നിങ്ങൾക്കേവർക്കും അറിയാം നന്ദൻമാഷിനെ. അദ്ദേഹം ഈ സ്നേഹസദനത്തിൽ എത്തുമ്പോൾ ഏതു സ്ഥിതിയിലായിരുന്നുവെന്നും ഇന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യം എത്ര മാത്രം പുരോഗമിച്ചുവെന്നും നിങ്ങൾക്കെല്ലാമറിയാം. അദ്ദേഹത്തിന് ഈ പുനരുജ്ജീവനം നൽകിയത് ഹേമാംബിക ടീച്ചറാണെന്നും നമുക്കറിയാം. എങ്കിൽ പിന്നെ ഹേമാംബിക ടീച്ചറിനെ തന്നെ ഇനിയുള്ള ജീവിതത്തിലും അദ്ദേഹത്തിന്‍റെ പങ്കാളിയാക്കിത്തീർത്താലോ. അന്വേഷിച്ചപ്പോൾ അവർക്കിരുവർക്കും പരസ്പരം ഇഷ്ടമാണെന്ന് ഞാനറിഞ്ഞു. ഈ വാർദ്ധക്യത്തിൽ അവർക്ക് പരസ്പരം സ്നേഹിക്കാനും ജീവിതം പങ്കുവെക്കാനും ഒരു തുണ വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഈ സ്നേഹസദനത്തിൽ നടക്കുന്ന ആദ്യത്തെ വിവാഹമായിരിക്കുമിത്. നിങ്ങൾ എല്ലാവരും എന്തു പറയുന്നു? നിങ്ങൾക്കെല്ലാവർക്കും സമ്മതമല്ലേ?”

“അതെ… ഞങ്ങൾക്കെല്ലാവർക്കും സമ്മതം തന്നെ. നന്ദൻമാഷ് ഹേമാംബിക ടീച്ചറിനെ തന്നെവിവാഹം കഴിക്കട്ടെ. അവർ നല്ല ജോടികളാണ്.” അന്തേവാസികൾ എല്ലാവരും ഒത്തൊരുമിച്ചു പറഞ്ഞു.

“എങ്കിൽപ്പിന്നെ അങ്ങനെ തീരുമാനിക്കാം അല്ലേ? ഞാൻ നന്ദൻമാഷിന്‍റെ മകനെ ഈ വിവരം അറിയിക്കാൻ പോകുകയാണ്. കാരണം നന്ദൻമാഷിനെ ഇവിടെ കൊണ്ടു വന്നാക്കിയത് അയാളാണ്. അയാളുടെ സമ്മതം കൂടി ഇക്കാര്യത്തിൽ ആവശ്യമാണല്ലോ.”

ഹേമാംബികക്കും നന്ദൻമാഷിനും എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് അവിടെ എല്ലാവരും ചേർന് ഒരു കോറസ്സായി പറഞ്ഞു. “വേണം വേണം” അതോടെ അതും തീരുമാനിക്കപ്പെട്ടു.

തീരുമാനം ഉറയ്ക്കപ്പെട്ടതോടെ അന്തേവാസികൾ, ഇരുവരെയും നടുക്കുനിർത്തി, ഉറക്കെ കരങ്ങൾ കൊട്ടി ആഹ്ളാദം പ്രകടിപ്പിച്ചു.

അങ്ങിനെ ആ വാർദ്ധക്യകാല പ്രേമം വൃദ്ധ മന്ദിരത്തിന്‍റെ ആഘോഷമായി. എത്രയും പെട്ടെന്ന് നന്ദൻമാഷിന്‍റെ മക്കളെ വിവരമറിയിക്കുവാൻ മാനേജർ തിടുക്കം കൂട്ടി.

വിവരമറിഞ്ഞ് സുമേഷ് വക്കീലിനെയും കൂട്ടി ഓടിയെത്തി. അവന്‍റെ മുഖത്ത് ചതിവു പറ്റിയ ഭാവമുണ്ടായിരുന്നു. അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയാണെങ്കിൽ സ്വത്തുക്കൾ മുഴുവൻ അവർക്ക് അന്യാധീനപ്പെട്ടു പോകുമെന്ന് അയാൾ വിശ്വസിച്ചു. നിർബന്ധപൂർവ്വം, നന്ദൻമാഷിനെക്കൊണ്ട് താനെഴുതിയുണ്ടാക്കിയ വിൽപത്രത്തിൽ ഒപ്പുവെപ്പിക്കാൻ അയാൾ ശ്രമിച്ചു. എന്നാൽ മകന് താനല്ല സ്വത്തു മാത്രമാണ് ആവശ്യമെന്ന് മനസ്സിലാക്കിയ നന്ദൻമാഷ് ഒപ്പുവെയ്ക്കുവാൻ വിസമ്മതിച്ചു അദ്ദേഹം അതു വലിച്ചു കീറി കാറ്റിൽ പറത്തി.

അതിനെത്തുടർന്ന് രോഷാകുലനായ സുമേഷ്, നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ നിന്നും ബലമായി പിടിച്ചിറക്കി തന്‍റെ കാറിൽ കയറ്റുവാൻ ശ്രമിച്ചു. വൃദ്ധമന്ദിരത്തിലുള്ളവരും മാനേജറും കൂടിച്ചേർന്ന് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ മകനിൽ നിന്നും മോചിപ്പിച്ചു.

രാജീവ് ദേഷ്യത്തോടെ സുമേഷിനോട് പറഞ്ഞു. “നിങ്ങൾ ബലപ്രയോഗം നടത്തി ഇദ്ദേഹത്തെ ഇവിടെ നിന്ന് കൊണ്ടുപോകാനാണ് ഭാവമെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും.”

അതു കേട്ട് സുമേഷ്, ഭീഷണി പുറപ്പെടുവിച്ചു.“എങ്കിൽ നമുക്ക് അതു തന്നെ കാണാം. എന്‍റെ പിതാവിനെ ഇവിടെ നിന്ന് കൊണ്ടു പോകുവാൻ കഴിയുമോന്ന് ഞാനും നോക്കട്ടെ.”

അങ്ങിനെ ഉറക്കെ പറഞ്ഞു കെണ്ട് അയാൾ വക്കീലുമൊത്ത് കാറോടിച്ചു പോയി. മകന്‍റെ വാക്കുകൾ വൃദ്ധമന്ദിരത്തിലെ എല്ലാവരേയും ഉലച്ചുവെങ്കിലും നന്ദൻമാഷ് കൂസാതെ നിന്നു.

ഒരിക്കൽക്കൂടി തന്‍റെ കിനാക്കളെല്ലാം താഴെ വീണുടയുന്നുവെന്ന് കരുതിയ ഹേമാംബിക കണ്ണീരോടെ വാതിൽക്കൽ നിന്നിരുന്നു.

നന്ദൻമാഷ് അവരുടെ അടുത്തെത്തി ആ കൈ പിടിച്ചു മറ്റുള്ളവരോടു പറഞ്ഞു.

“ഉടൻ തന്നെ ഞങ്ങൾക്ക് രജിസ്റ്റർ ഓഫീസിലേക്ക് പോകുവാൻ ഒരു കാർ ഏർപ്പാടാക്കിത്തരിക. ഞങ്ങൾ ഇപ്പോൾ തന്നെ വിവാഹിതരാവാൻ തീരുമാനിച്ചു.”

അതു കേൾക്കെ ഹേമാംബികയുടെ വിടർന്ന കണ്ണുകളിൽ ആയിരം പവിഴമല്ലികൾ പൂത്തു വിടരുന്നത് നന്ദൻമാഷ് മാത്രം കണ്ടു… തനിക്കായി മാത്രം വിടർന്ന പവിഴമല്ലിപ്പൂക്കൾ!

വൃദ്ധമന്ദിരത്തിലുള്ളവർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അല്പം കഴിഞ്ഞ് അവിടെ വന്നെത്തിയ ടാക്സി കാറിലേക്ക് നന്ദൻമാഷ്, ഹേമാംബികയുടെ കൈ പിടിച്ചു കയറി.

അരമണിക്കൂറോളം നീണ്ട കാർ യാത്രയ്ക്കു ശേഷം അവർ രജിസ്റ്റർ ഓഫീസിലെത്തി. വിവാഹ രജിസ്ട്രേഷനു മുമ്പായി ഓഫിസിന് മുൻപിൽ ഒരു പോലീസ് ജീപ്പു വന്നു നിന്നു.

ഒരു പോലീസ് ഓഫീസർ മുന്നോട്ടു വന്നു ഹേമാംബികയെ ഗൗരവപൂർവ്വം നോക്കി ചോദിച്ചു. “നിങ്ങളല്ലെ ഹേമാംബിക?”

ഹേമാംബിക പകപ്പോടെ അയാളെ നോക്കി. അവരുടെ ചുണ്ടുകൾ മെല്ലെ അനങ്ങി.

“അതെ. ഞാനാണ് സർ ഹേമാംബിക.”

പോലീസ് ഓഫീസർ അവരെ നോക്കി പറഞ്ഞു, ”ഓർമ്മക്കുറവുള്ള തന്‍റെ അച്ഛനെ നിങ്ങൾ ബലമായി പിടിച്ചുവച്ച് വിവാഹത്തിനു പ്രേരിപ്പിക്കുകയാണെന്ന്, നന്ദൻമാഷിന്‍റെ മകൻ ഞങ്ങൾക്ക് ഒരു കംപ്ലെയിന്‍റ് തന്നിട്ടുണ്ട്. അയാളുടെ അച്ഛൻ ഡിമെൻഷ്യ രോഗിയാണെന്നുള്ളതിന് അയാൾ ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. എന്താ നന്ദൻമാഷേ?? അപ്പോൾ മകന്‍റെ കൂടെ പോവുകയല്ലെ.”. ഓഫീസർ നന്ദൻമാഷിനെ ഗൗരവപൂർവ്വം നോക്കി.

ഹേമാംബികയ്ക്കോ വധൂവരന്മാർക്കു ചുറ്റും കൂടിനിന്ന അന്തേവാസികൾക്കോ ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. കാരണം അയാൾ ഇപ്പോൾ രോഗിയല്ലെന്ന് തെളിയിക്കുവാൻ അവരുടെ കൈയ്യിൽ അപ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഒരിക്കൽക്കൂടി തന്‍റെ സ്വപ്നങ്ങൾ കൈവിട്ടു പോകുന്നത് ഓർത്ത് ഹേമാംബിക പൊട്ടിക്കരഞ്ഞു പോയി.

“ഉം സമയമാകുന്നു വേഗമാകട്ടെ.” പോലീസ് ഓഫീസർ തിടുക്കം കൂട്ടി.

ഹേമാംബിക നനഞ്ഞ മിഴികളുയുർത്തി നന്ദൻമാഷിനെ നോക്കി. തന്‍റെ കൈകളിൽ സൂക്ഷിച്ചിരുന്ന പവിഴമല്ലിപ്പൂക്കൾ അവർ നന്ദൻമാഷിന് കൈമാറി.

വീണ്ടും ഒരിക്കൽക്കൂടി നന്ദൻമാഷിന്‍റെ തലച്ചോറിൽ മഴമേഘങ്ങൾ കൂട്ടിമുട്ടി. തന്‍റെ ഹൃദയം ആയിരം നുറുങ്ങുകളായി പൊട്ടിത്തെറിക്കുന്നതായി അദ്ദേഹത്തിന് തോന്നി. തന്‍റെ നെഞ്ചു പൊത്തിപ്പിടിച്ചു നടന്ന, നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ചു വലിച്ച് സുമേഷ് കാറിനടുത്തേക്ക് നയിച്ചു. ഒരിക്കൽക്കൂടി ഓർമ്മകൾ കൈവിട്ട നന്ദൻമാഷ് ഒരു മന്ദബുദ്ധിയെപ്പോലെ മകന്‍റെ കൈ പിടിച്ച് നടന്നു.

വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി കാറിൽ കയറുമ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകൾ ഹേമാംബികയിൽ തങ്ങി നിന്നു.

അപ്പോൾ അവർ പുറകോട്ട് നിലം പതിക്കുന്നത് നന്ദൻമാഷ് കണ്ടു. പക്ഷെ അപ്പോഴേക്കും കാർ അകന്നു കഴിഞ്ഞിരുന്നു. തന്‍റെ ശിരസ് സീറ്റിലേക്ക് ചാച്ച് നന്ദൻമാഷ് നിസ്സഹായനായി കിടന്നു. അപ്പോൾ അദ്ദേഹത്തിന്‍റെ മുമ്പിൽ ഭൂതവും ഭാവിയും വർത്തമാനവും ലയിച്ച് ഒന്നായി ഒരു കറുത്ത ഗോളമായി തീർന്നിരുന്നു

വീട്ടിലേക്ക് അതിവേഗം കാറോടിച്ചെത്തിയ സുമേഷ് പുറത്തിറങ്ങിയ ഉടനെ നന്ദൻമാഷിന്‍റെ ഡോർ തുറന്നു.അനക്കമറ്റിരിക്കുന്ന അദ്ദേഹത്തെ ബലമായി പിടിച്ച് പുറത്തിറക്കാൻ നോക്കി. അതോടെ നന്ദൻമാഷിന്‍റെ ശരീരം ദുർബ്ബലമായി പുറത്തേക്ക് വീണു. ആ കണ്ണുകൾ തുറന്നിരുന്നുവെങ്കിലും ചലനമറ്റിരുന്നു.

അപ്പോഴും, ആ പവിഴമല്ലിപ്പൂക്കൾ മാത്രം താഴെ വീണുതിർന്നു പോകാതെ അദ്ദേഹം കൈകളിൽ മുറുകെപ്പിടിച്ചിരുന്നു. തന്നെ വേദനിപ്പിക്കുന്ന ദുരന്തസ്മൃതികളിൽ നിന്ന് എന്നന്നേക്കുമായി സുഖകരമായ ഒരു മോചനം കൂടിയായിരുന്നു അദ്ദേഹത്തിനാ മടക്കയാത്ര. അതിന്‍റെ സന്തോഷം ആ ചുണ്ടുകളിൽ തങ്ങിനിന്നിരുന്നു.

വിജാതീയ ഗണിതങ്ങളും സമാന്തര രേഖകളും-3

അന്ന് പതിവിലുമേറെ വൈകിയാണ് സബീന ടീച്ചർ വീട്ടിലെത്തിയത്. രജിസ്ട്രേഷൻ കഴിയാത്ത ഒരു പുതിയ കാറ് ഒരപൂർവ്വ ജന്തുവിനെപ്പോലെ മുറ്റത്ത് കണ്ണ് തുറിച്ച് കിടക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ കണ്ടത് പുത്തൻ പണക്കാരൻ നാസർ സോഫയിൽ ചാരി കിടന്ന് ചായ കുടിക്കുന്നതാണ്. മുറിയിലെ വെള്ളി വെളിച്ചത്തിൽ അയാളുടെ തടിച്ചുരണ്ട കൈത്തണ്ടയിലെ റിസ്റ്റ് വാച്ചിന്‍റെ സ്വർണ്ണ ചെയിൻ മിന്നിത്തിളങ്ങി.

അവൾ അയാളെ കണ്ട ഭാവം നടിക്കാതെ അകത്തേക്ക് കയറിപ്പോയി. ഈയിടെയായി നാസറിന്‍റെ വരവും ഉമ്മായുടെ ചായ സല്ക്കാരവും അല്പം കൂടുന്നുണ്ട്.

താൻ സ്കൂൾ വിട്ട് വരുന്ന സമയം നോക്കിയാണ് അയാൾ വരുന്നത്? വസ്തുവിന്‍റെയും തടിയുടേയും കച്ചവടമാണയാൾക്ക്. കച്ചവടം എന്നു പറഞ്ഞു കൂടാ, കച്ചകവടം എന്നു തന്നെ പറയണം. വസ്തുവും, വലിയ മരങ്ങളും ചുളുവിലയ്ക്ക് വാങ്ങി മോഹവില കിട്ടുമ്പോൾ മറിച്ചു വില്ക്കുക. അതാണയാളുടെ കച്ചവടം. കൂടാതെ ഫർണിച്ചറിന്‍റെ ബിസിനസുമുണ്ട്.

മണ്ണും മരവും കണ്ടു മോഹിച്ചാൽ അത് ഏത് വിധേനയും സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് അയാളെ കുറിച്ച് പറയാറുള്ളത്.

അയാൾ പോയിക്കഴിഞ്ഞപ്പോൾ അവൾ ഉമ്മയോട് കയർത്തു. “ങ്ങളെന്തിനാണ് വല്ലോരെയെക്കെ കൂടെക്കൂടെ പുരയ്ക്കകത്ത് കയറ്റി സൽക്കരിക്കുന്നത്? നാട്ടുകാരെ കൊണ്ട് വെറുതെ അതുമിതും പറയിപ്പിക്കരുത്.”

ഉമ്മ അവളെ തീഷ്ണമായി ഒന്നു നോക്കി. “വല്ലവരുമോ?”

ശരിയാണ്. അങ്ങനെ പറയേണ്ടിയിരുന്നില്ല. വാക്കുകൾ പലപ്പോഴും നിയന്ത്രണം തെറ്റിച്ച് നാവിൽനിന്നും പുറത്തു ചാടുന്നു. വാപ്പിച്ചയുടെ സ്വന്തം സഹോദരിയുടെ മകനാണയാൾ. അയാൾക്കവിടെ എപ്പോൾ വേണമെങ്കിലും വരാനുള്ള അവകാശമുണ്ട്.

പണ്ടുമുതലേ താൻ അയാളുടെ പെണ്ണാണന്നായിരുന്നു അയാളുടെ ഒരു മട്ടും ഭാവവും. നാസർ എട്ടാം തരത്തിലേ പഠിത്തം അവസാനിപ്പിച്ചു. പിന്നെ പല പല കച്ചവടങ്ങൾ മാറി മാറി ചെയ്ത് ചെറു പ്രായത്തിലേ നല്ലവണ്ണം സമ്പാദിച്ചിരുന്നതിനാൽ വീട്ടുകാർക്കും ആ ബന്ധത്തിന് താല്പര്യമായിരുന്നു.

ഉമ്മ പറയും “അവൻ ജീവിക്കാൻ പഠിച്ച പയ്യനാണ്. അവനെക്കെട്ടുന്നവർക്ക് ജീവിതത്തിൽ ഒരു അല്ലലുമറിയേണ്ടി വരില്ല.”

പക്ഷെ എന്തുകൊണ്ടോ അയാൾക്ക് തന്‍റെ മനസ്സിൽ ഒരു സ്ഥാനവുമുണ്ടായില്ല. തന്‍റെ മേൽ അതിരു കടന്ന അവകാശം സ്ഥാപിക്കുന്നു എന്ന് തോന്നിയപ്പോൾ വെറുപ്പാണ് തോന്നിയത്. ദൂരെ ടൗണിൽ ടീച്ചേഴ്സ് ട്രെയ്നിംഗിന് ചേർന്നു പഠിക്കുമ്പോൾ ട്രെയിൻ യാത്രക്കിടയിലാണ് അഷ്റഫിനെ പരിചയപ്പെടുന്നതും അയാളുമായി സ്നേഹത്തിലാകുന്നതും. അഷ്റഫിന്‍റെ വീട്ടിൽ നിന്നു തന്നെയാണ് പെണ്ണ് ആലോചിച്ചു വന്നത്.

പേരുകേട്ട തറവാട്. അതി സമ്പന്നമായ കുടുംബം, ഉന്നത വിദ്യാഭ്യാസമുള്ള ചെറുക്കൻ, സുമുഖൻ, വശ്യമായ പെരുമാറ്റം, ഗൾഫിൽ ഉയർന്ന ജോലി. ആ വിവാഹ ആലോചന വാപ്പയ്ക്ക് നന്നേ ബോധിച്ചു. പടച്ചോൻ കടുംബത്തിന്‍റെ മേൽ ചൊരിഞ്ഞ അനുഗ്രഹമായിട്ടാണ് വാപ്പ അതിനെ കണ്ടത്.

വാപ്പ വേറൊന്നും ചിന്തിച്ചില്ല. കുടുംബ ഓഹരിയായി കിട്ടിയ അമ്പത് സെന്‍റ് പുരയിടം വിറ്റ് ചെറുക്കൻ വീട്ടുകാരുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന നിലയിൽ ആർഭാടമായാണ് നിക്കാഹ് നടത്തിയത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ഒരുനാൾ അസമയത്ത് നാസർ കുടിച്ച് ലക്ക് കെട്ട് വീട്ടിൽ കയറി വന്നു. വാപ്പയോട് കയർത്തു. തറുതല പറഞ്ഞു. ഉമ്മായെ കണക്കില്ലാതെ ചീത്ത വിളിച്ചു. കൈയ്യങ്കാളി ഒഴിച്ച് ബാക്കിയെല്ലാം അന്നവിടെ നടന്നു. എന്തൊക്കയോ ഭീഷണി തനിക്ക് നേരെയും മുഴക്കിയിട്ടാണ് അന്നയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ആ പടി ചവിട്ടുന്നത് കഴിഞ്ഞ കൊല്ലം വാപ്പ മയ്യത്താകുമ്പോൾ മാത്രമാണ്.

അവൾ കുളിച്ച് വസ്ത്രം മാറി അടുക്കളയിലേക്ക് ചെല്ലുമ്പോഴും ഉമ്മ മുഖം വീർപ്പിച്ചിരുന്ന് എന്തോ മുറുമുറുക്കുകയാണ്.

“നീയറിഞ്ഞോ?”

“ന്ത്?”

“നാസറുകുട്ടി അവന്‍റെ പെണ്ണിനെയൊഴിഞ്ഞു.”

“ഓഹോ. നല്ല കാര്യമായി. അതിന് ഞാനിപ്പോൾ എന്ത് വേണം?”

“ഒന്നും വേണ്ട ന്‍റെ മോള് ഞാൻ പറേന്നത് മാത്രം കേട്ടാൽ മതി. നാസറുകുട്ടിക്ക് പ്പോഴും നിന്നെ കെട്ടാൻ പൂതിയുണ്ട്.”

ഉമ്മായോട് പറഞ്ഞിട്ട് കാര്യമില്ല. പഴയ മനസ്സാണ്. ഒരു കാര്യം മനസ്സിലുറച്ചാൽ അതു തന്നെ വെറുതെ പറഞ്ഞു കൊണ്ടിരിക്കും. അഷ്റഫ് എന്നൊരാൾ മകളെ കെട്ടിച്ചു കൊടുത്ത കാര്യം കൂടി അവർ ഓർക്കുന്നില്ല.

ഉമ്മ പറയുകയാണ് “ആ പെണ്ണൊരു മെനകെട്ടവളായിരുന്നു. അനുസരണയെന്നൊന്നത് ഓൾക്ക് തീരെ ഇല്ലായിരുന്നു. അങ്ങനെയുള്ളതിനെ ഒഴിഞ്ഞു കളയാതെ ഓൻ പിന്നെന്തു ചെയ്യും?”

കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ‘അനുസരണയുള്ള പട്ടി, അനുസരണയുള്ള പൂച്ച എന്നു പറയുന്നതുപോലെ അനുസരണയുള്ള ഭാര്യ’ വിചിത്രം തന്നെ എന്തു കണ്ടാലും കേട്ടാലും അനുഭവിച്ചാലും ഒന്നും മിണ്ടാതെ എല്ലാ സഹിച്ച് വീടിന്‍റെ ചുവരുകൾക്കുള്ളിൽ സ്വയം തളച്ച് ഒതുങ്ങി കഴിയണം. ഉമ്മയുടെ കാഴ്ചപ്പാടിൽ അനുസരണ എന്നാൽ അതാണ്.

“ന്‍റെ പഴേ മനസ്സാണ്. എങ്കിലും നിന്നേക്കാൾ കുറയധികം വർഷം നോമ്പു പിടിച്ചതിന്‍റെ ലോക പരിചയത്തിൽ പറയുകയാണ്. നിന്‍റെ നല്ല ഭാവിയെയോർത്ത് മാത്രമെന്ന് കരുതിയാൽ മതി. നീയിപ്പോഴും ചെറുപ്പമാണ്. കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളം പോലെ ഈ ചെറുപ്പത്തിന്‍റെ ചോരയും നീരുമൊക്കെ, നോക്കി നോക്കി നില്ക്കെ വാർന്നു പോകും. നാസറിനെ ഇഷ്ടമല്ലങ്കിൽ വേണ്ട. വേറെയും പല ആലോചനകളും വരുന്നുണ്ട്. നീയേതെങ്കിലുമൊന്നിന് സമ്മതിക്കണം. അഷ്റഫിനെ ഇനി കാത്തിരിക്കേണ്ട. അവൻ വരില്ല. തീർച്ചയാണ്.” അതു പറഞ്ഞ് ഉമ്മയുടെ കണ്ണകൾ സജലങ്ങളാകുന്നു. ഉമ്മ തന്‍റെ മുന്നിൽ കരച്ചിൽ എന്ന അവസാന അടവും പുറത്തെടുക്കുകയാണ്.

“ന്‍റെ ഉമ്മാ എന്താണ് നിങ്ങളിങ്ങനെ? രണ്ടു പ്രസവിച്ചൂ എന്നല്ലാതെ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ങ്ങൾക്ക് ഒന്നുമറിയില്ല. ഞാനൊരു പുരുഷനെ ഉള്ളു തുറന്ന് സ്നേഹിച്ചു. പോയി. ഇനിയീ ജന്മം വേറൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അഷ്റഫിക്ക വരുന്നില്ലങ്കിൽ വരേണ്ട. എനിക്ക് പടച്ചോൻ കനിഞ്ഞ് സ്വന്തമായി ജോലീം വരുമാനവുമുണ്ട്. അത് കൊണ്ട് ഞാനിങ്ങനെയൊക്കെയങ്ങ് കഴിഞ്ഞോളാം.”

ഉമ്മ ദേഷ്യപ്പെട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി. പോകുന്ന വഴിക്ക് പറഞ്ഞു, “നെന്നോടൊക്കെ ഉപദേശിക്കാനും പറയാനും ഇനി ഞാനില്ല. നെന്നെയൊക്കെ. കൂടുതൽ പഠിപ്പിച്ചതാണ് ങ്ങടെ വാപ്പിച്ചായ്ക്ക് പറ്റിയ തെറ്റ്. ന്‍റെ കണ്ണടഞ്ഞാൽ നെനക്ക് ആരും കാണില്ലാന്നോർത്തോ?”

ഉമ്മ തന്‍റെ ശരീരത്തിലേക്ക് ഇടയ്ക്കിടയ്ക്ക് എരിതീ കോരിയിടുന്നതു പോലെ അവൾക്ക് തോന്നി. ഉമ്മായെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അഷ്റഫ് എന്നെങ്കിലും ഒരു നാൾ മടങ്ങി വരുമെന്ന് താനല്ലാതെ ആരും പ്രതീക്ഷിക്കുന്നില്ല. അഷ്റഫിനെ കുറിച്ചന്വേഷിക്കാൻ ഇനിയൊരിടവുമില്ല. കൊടുക്കാത്ത പരാതികളില്ല. മുട്ടാത്ത വാതിലുകളില്ല.

അഷ്റഫിന്‍റെ വീട്ടുകാർക്ക് പോലും അയാളെ കുറിച്ച് അന്വേഷിക്കുന്നതിനോ കണ്ടെത്തുന്നതിനോ താല്പര്യമില്ല. ഒരാളില്ലന്ന് വെച്ച് അവർക്ക് എന്താണ് നഷ്ടം. അവർ ഡോക്ടർമാരും എഞ്ചിനീയർമാരും കോളേജ് പ്രൊഫസമാരുമായിട്ട് ഇനിയും ഒരു പാട് പേരുണ്ടല്ലോ? നഷ്ടം അത് തന്‍റെതു മാത്രമാണ് അതുകൊണ്ട് അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും താനാണ്.

അഷ്റഫിന്‍റെ ഉമ്മ. ഇന്നാള് ഒരു നാൾ, കണ്ടപ്പോൾ പറഞ്ഞു, “പെണ്ണുങ്ങൾക്ക് മിടുക്കില്ലാത്തതാണ് ആണുങ്ങൾ അകന്നു പോകുന്നതിന്‍റെ കാരണം.”

എന്ത് മിടുക്കിന്‍റെയും മിടുക്കുകേടിന്‍റെയും കാര്യമാണ് അവർ പറഞ്ഞത്. മനസ്സിലാകുന്നില്ല. അഷ്റഫിന്‍റെ വീട്ടുകാർ തന്നെ ഏതാണ്ട് മൊഴിചൊല്ലിയ മട്ടാണ്.

ഉമ്മ എത്രനാൾ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നു. എന്നിട്ട് പേരിന് പോലും ഒരെണ്ണം തിരിഞ്ഞ് നോക്കിയില്ല.

പോസ്റ്റ്മാൻ പിന്നെയും പലതവണ വലിയ കെട്ടുമായി സ്കൂളിന്‍റെ പടികടന്നു വന്നു. പക്ഷേ അതിലെങ്ങും സബീന ടീച്ചർക്ക് മാത്രം കത്തുണ്ടായിരുന്നില്ല. വന്ന ചില കത്തുകളാകട്ടെ സലീനയുടെ ഭർത്താവിന് ലോണെടുക്കാൻ ജാമ്യം നിന്നതിന്‍റെ പേരിലുള്ള ബാങ്ക് നോട്ടീസുകളായിരുന്നു.

എങ്കിലും ഒരു നാൾ ഒരു വിസ്മയം പോലെ അഷ്റഫിന്‍റെ ഒരു കത്തോ ഫോൺകാളോ തന്നെ തേടി വരുമെന്ന് അവൾ വിശ്വസിച്ചു. മുഖ്യമന്ത്രിയുടെ അദാലത്തിൽ പോയി നേരിട്ട് കണ്ട് ഒരു പരാതി കൂടി കൊടുത്താലോ എന്നവൾ വിചാരിച്ചു. അതിനെപ്പറ്റി ആലോചിക്കാനായി ഒരു ദിവസം അവൾ അഷ്റഫിന്‍റെ വീട്ടിൽ ചെന്നു.

അഷ്റഫിന്‍റെ വാപ്പ ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞു. ഉമ്മ മുനവെച്ച് സംസാരിച്ചു. അവൾ സങ്കടപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു. ഇനി എന്തുവന്നാലും അഷ്റഫിന്‍റെ കാര്യം പറഞ്ഞ് ആ വീട്ടിലേക്ക് പോകില്ലന്ന് അവൾ തീർച്ചയാക്കി.

അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യക്ക് അപ്രതീക്ഷതമായി റുഖിയത്തും അവളുടെ ഭർത്താവും കൂടി കയറി വന്നു. റുഖിയത്തിന്‍റെ കണ്ണുകളിൽ ആഹ്ലാദം അലതല്ലി. അവൾ സബീനയുടെ കാതുകളിൽ മന്ത്രിച്ചു.

“ഇത്താ, ഞങ്ങക്ക് ഒരു വിശേഷമുണ്ട്. ഞാനൊരു ഉമ്മയാകാൻ പോകുന്നു.”

“മറ്റെനാൾ ഞാൻ പോകുകയാണ്. ഇത്തവണ ഞാനെന്‍റെ റുഖിയേയും കൂടങ്ങ് കൊണ്ടു പോകുകയാണ്. ഭാര്യേം ഭർത്താവും അക്കരേം ഇക്കരേം കഴിഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? അല്ലെങ്കിൽത്തന്നെ അവൾക്ക് ഒരു സഹായത്തിന് ഇവിടെ ആരാണുള്ളത്. ഞങ്ങള് യാത്ര പറയാൻ വന്നതാണ്. പോകുന്നതിന് മുമ്പ് എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.” സെയ്തൂട്ടി പറഞ്ഞു.
സബീന ആകാംക്ഷയോടെ അയാളെ നോക്കി, “എന്താ സെയ്തേ?”
“ഞാൻ അഷ്റഫിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ വന്നതാണ്. അയാൾ ഇപ്പോഴും ജീവനോടെയുണ്ട്. ഒരു കുഴപ്പവുമില്ലാതെ. പൂർണ്ണ ആരോഗ്യത്തോടെ. വലിയ സമ്പന്നനായി.”

എന്തോ ചോദിക്കാനായി സബീനയുടെ കണ്ഠമിടറിയെങ്കിലും വാക്കുകൾ പുറത്ത് വന്നില്ല. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം സെയ്തൂട്ടി പറഞ്ഞു, “അയാൾ അവിടെ വെച്ച് വേറൊന്നൂടെ കെട്ടി. ഒരു നസ്രാണി പെണ്ണാണ്‌. മോഡലാണ്. ടിവിയിലും പരസ്യത്തിലുമൊക്കെ ടീച്ചറും കണ്ടിട്ടുണ്ടാകണം. രണ്ടു പേരും കൂടെ ഇപ്പോൾ അമേരിക്കയിലോ മറ്റോ ആണ്. അവിടുത്തെ പൗരത്വവും എടുത്തെന്നാണ് അറിയുന്നത് ഇടയ്ക്ക് വെച്ച് ഒരു പ്രാവശ്യം വാപ്പയേയും ഉമ്മയേയും കാണാൻ അയാൾ രഹസ്യമായി നാട്ടിലും വന്നു എന്നാണ് കേൾക്കുന്നത്.”

ഇടിമിന്നലേറ്റ പോലെ അവൾ തരിച്ച് നിന്നു പോയി.

“ടീച്ചർക്ക് എന്നോട് വിരോധമൊന്നും തോന്നരുത്. ഞാനിക്കാര്യം നേരുത്തെ പറയാതിരുന്നത് കാത്തിരുന്ന് മടുക്കുമ്പോ ങ്ങള് വേറെ നിക്കാഹിന് സമ്മതിക്കുമെന്ന് കരുതിയിട്ടാണ്. ന്‍റെ റുഖിക്ക് ങ്ങളെന്ന് വെച്ചാൽ ജീവനാ. ഞാനിനിയും അത് പറയാതിരുന്നാൽ പടച്ചോൻ പൊറുക്കൂല.”

റുഖിയത്തും ഭർത്താവും പിന്നവിടെ അധികനേരം നിന്നില്ല. മറ്റെന്തോ അത്യാവശ്യം പറഞ്ഞ് അവർ പെട്ടന്ന് പോയി.

സബീന കിടക്കയിൽ പോയി തളർന്നു കിടന്നു. ഇത്രനാൾ പ്രാർത്ഥനയോടെ കാത്തിരുന്നത് ഇത് കേൾക്കാനാണോ? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മ ശുഷ്കിച്ച കൈവിരലുകൾ കൊണ്ട് അവളുടെ ചുമലിൽ തലോടി.

“ന്‍റെ മോള് വെശമിക്കരുത്. മ്മളാരോടും ഒരു ദ്രോഹോം ചെയ്തിട്ടില്ല. മ്മളെ ചതിച്ചോനെ പടച്ചോൻ വെറുതെ വിടില്ല.”

മധുവിധു നാളുകളിൽ… പ്രണയത്തിന്‍റെ സുന്ദര സുരഭിലമായ നിമിഷങ്ങളിൽ… അഷ്റഫ് പറഞ്ഞ മധുര സംഭാഷണങ്ങളോരോന്നായി അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു…

മനുഷ്യർക്ക് എത്ര മുഖങ്ങളാണുള്ളത്? ഏതെല്ലാം ഭാവങ്ങളാണുളളത്. ഓരോന്നും എത്ര കൗശലപൂർവ്വം അവൻ മാറി മാറി. എടുത്തണിയിന്നു.

അഷ്റഫ്… അയാൾ മരിച്ചു പോയി എന്ന് കേട്ടിരൂന്നെങ്കിൽ താനിത്ര മാത്രം ദു:ഖിക്കുമായിരുന്നില്ല. അതിലും എത്രയോ വേദനാജനകമാണ് ഒരു സത്രീക്ക് സ്വന്തം പുരുഷൻ അവളെ ഉപേക്ഷിച്ച് മറ്റൊരുവളുടെ കൂടെ പോയി എന്നു കേൾക്കുമ്പോൾ തോന്നുന്നത്?

രാത്രിയിൽ ഒട്ടും ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ച് അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അഷ്റഫിന് ഇപ്പോൾ ഒരു ചെകുത്താന്‍റെ രൂപമാണ്. കൂര്‍ത്ത നഖങ്ങളും ചോരയൊലിപ്പിക്കുന്ന ദ്രംഷ്ടകളുമുള്ള ഒരു ചെകുത്താന്‍.

നേരം പുലരുന്നതിന് മുമ്പേ അവൾ എഴുന്നേറ്റു.

‘എന്നെ വേണ്ടാത്തവരെപ്പറ്റിയോർത്ത് ഞാനെന്തിനാണ് വെറുതെ ദു:ഖിക്കുന്നത്? എന്നെ സ്നേഹിക്കുന്നവരെക്കുറിച്ചോർത്ത് സന്തോഷിക്കുകയാണ് വേണ്ടത്.’

അവൾ നിലക്കണ്ണാടിക്ക് മുന്നിൽപ്പോയി ഏറെ നേരം നിന്നു. കാലം ആദൃശ്യനായ ഒരു ചിത്രകാരനെപ്പോലെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും തന്‍റെ സൗന്ദര്യത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. ഉടൻ തന്നെ ഒരു വിവാഹം കഴിക്കണം. ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യയാകണം. കുസൃതി കുടുക്കകളായ മക്കളുടെ ഉമ്മയാകണം. അവരെ താലോലിച്ച് വളർത്തണം. അപ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജന്മം സഫലമാകുകയുള്ളൂ. അഷ്റഫിന്‍റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ അന്തസ്സായി ജീവിക്കണം. എല്ലാ സൗഭാഗ്യങ്ങളോടെയും കൂടുതൽ സന്തോഷവതിയായി.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 22

അന്ന് നന്ദൻമാഷിനിഷ്ടപ്പെട്ട പവിഴമല്ലിപ്പൂക്കൾ കൊണ്ട് അവർ മാല കൊരുക്കാൻ തുടങ്ങി. ഒരു സന്ധ്യനേരത്ത് പൂന്തോട്ടത്തിൽ ആരുമില്ലാത്ത നേരം നോക്കി നന്ദൻമാഷിനെയും കൊണ്ട് അവർ അവിടെ പോയിരുന്നു… ആ നേരത്ത് താൻ കൊരുത്ത ആ മാല അദ്ദേഹത്തിന് നൽകിക്കൊണ്ടു പറഞ്ഞു.

“മാഷിന് പവിഴമല്ലിപ്പൂക്കൾ ഏറെ ഇഷ്ടമാണെന്ന് എനിക്കറിയാം. ഈ മാല ഞാൻ മാഷിനു വേണ്ടി ഉണ്ടാക്കിയതാണ്.”

അതു പറയുമ്പോൾ ഹേമാംബിക ടീച്ചറിന്‍റെ കണ്ണുകളിൽ തങ്ങിനിന്ന പ്രേമഭാവം അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു മുമ്പ് പലപ്പോഴും ഹേമാംബികയുടെ ചലനങ്ങളിൽ തന്നോടുള്ള പ്രത്യേക അടുപ്പം നന്ദൻമാഷ് ശ്രദ്ധിച്ചിരുന്നു. ഒരനുരാഗത്തിന്‍റെ സ്പർശം അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സൗദാമിനിയെ മറക്കുവാൻ തനിക്കാവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അദ്ദേഹം അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ആ മാല നീട്ടുമ്പോൾ ഹേമാംബികയുടെ കണ്ണുകളിലെ നനവ് അദ്ദേഹം ശ്രദ്ധിക്കാതെ ഇരുന്നില്ല. ആ മനസ്സിലെ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം അദ്ദേഹത്തിന് ബോദ്ധ്യപ്പെടുകയായിരുന്നു.

നന്ദൻമാഷ് ഹേമാംബികയുടെ കയ്യിൽ നിന്ന് പവിഴമല്ലിപ്പുക്കൾ സ്വീകരിച്ചു കൊണ്ടു പറഞ്ഞു. “എനിക്കേറെ ഇഷ്ടമാണ് പവിഴമല്ലി പൂക്കൾ. വിശുദ്ധിയുടെ നിറമുള്ള ചെറുപൂക്കൾ.”

“അതെ മാഷേ. എനിക്കും ഈ പൂക്കൾ ഇഷ്ടമാണ്. പണ്ടു മുതലേ മാഷിനെ ഞാൻ ഇഷ്ടപ്പെടുന്നതു പോലെ. നമ്മൾ രണ്ടുപേരുടേയും ഇഷ്ടങ്ങൾക്ക് തമ്മിൽ ഒരു പാട് സാമ്യമുണ്ട്.”

“എന്ത്… ഹേമാംബിക എന്നെ നേരത്തെ മുതൽ സ്നേഹിച്ചിരുന്നുവെന്നോ.”

“അതെ മാഷേ… നമ്മൾ ഒരുമിച്ച് സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ എനിക്ക് മാഷിനെ ഇഷ്ടമായിരുന്നു. എന്‍റെ ചെറുപ്പകാലത്ത് ഞാൻ മാഷിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ചിരുന്നു.”

അത് നന്ദൻമാഷിന് ഒരു പുതിയ അറിവായിരുന്നു. അദ്ദേഹം ഹേമാംബികയെ അത്ഭുതത്തോടെ നോക്കി ചോദിച്ചു.

“എന്നിട്ട് എന്തുകൊണ്ട് ടീച്ചർ അന്ന് എന്നോടു പറഞ്ഞില്ല.”

“ഞാൻ പലപ്പോഴും പറയാൻ തുനിഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്കന്ന് അതിനു കഴിഞ്ഞില്ല. അതിനു ശേഷം എന്‍റെ അമ്മയുടെ സമ്മതത്തോടുകൂടി ഞാൻ പറയാൻ തീരുമാനിച്ചു വന്ന ദിവസം മാഷിന്‍റെ വിവാഹം നിശ്ചയമായിരുന്നു. അതറിഞ്ഞ ഞാൻ ബോധം കെട്ടു വീണു. രാജലക്ഷ്മി ടീച്ചറും കുട്ടികളും കൂടിച്ചേർന്നാണ് അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.”

നന്ദൻമാഷിന്‍റെ ഓർമ്മകൾ പെട്ടെന്ന് പഴയ കാലത്തിലെത്തി നിന്നു. അദ്ദേഹം പറഞ്ഞു

“അന്ന് ഹേമാംബിക ടീച്ചർ ബോധം കെട്ടു വീണ കഥ ഞാനും അറിഞ്ഞതാണ്. പക്ഷെ അത് ഹേമാംബികക്ക് എന്തോ അസുഖമായിട്ടാണെന്ന രീതിയിലാണ് അന്ന് സ്കൂളിൽ പ്രചരിച്ചത്.”

“അതെ മാഷെ. അതു കഴിഞ്ഞ ഉടനെ എനിക്ക് ചിക്കൻപോക്സ് വന്നുവെങ്കിലും അതിനു കാരണം ഈ മാനസികാഘാതം കൂടിയാണ്. പിന്നീട് മൂന്നു മാസം കഴിഞ്ഞ് ഞാൻ സ്കൂളിൽ വരുമ്പോൾ മാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു. അതോടെ ഞാൻ തീർത്തും നിരാശയായി. പിന്നീട് ഏറെക്കാലം കഴിഞ്ഞ് അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞാൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.”

നന്ദൻമാഷ് ഒരു പുതിയ കഥ കേൾക്കുന്നതു പോലെ എല്ലാം കേട്ടിരുന്നു. ഹേമാംബികയെ താൻ അറിയാതെ പോയതിൽ അദ്ദേഹത്തിന് അപ്പോൾ വലിയ കുറ്റബോധം തോന്നി. അദ്ദേഹം ഹേമാംബികടീച്ചറിന്‍റെ കൈകൾ തന്‍റെ കൈകളിലെടുത്തു. ആ സ്പർശനത്തിൽ ഹേമാംബിക കോരിത്തരിച്ചു.

“ഇനി മുതൽ എന്‍റെ മനസ്സിൽ ഹേമാംബികക്ക് ഒരു പ്രത്യേക ഇടമുണ്ടായിരിക്കും. സൗദാമിനിയെ മറക്കാൻ എനിക്കാവില്ലയെങ്കിലും ഹേമാംബികയെ ഒഴിച്ചു നിർത്താനും എനിക്കാവില്ല. കാരണം സൗദാമിനിക്ക് മുന്നേ എന്‍റെ ജീവിതത്തിൽ ഇടം നേടേണ്ടവളായിരുന്നു നീ. എന്നിട്ടും ഈശ്വരൻ അന്ന് അതിനനുവദിച്ചില്ല. ഇന്നിപ്പോൾ നമ്മെ വീണ്ടും ഒന്നിപ്പിച്ചപ്പോൾ ഈശ്വരൻ മറ്റെന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.”

നന്ദൻമാഷിന്‍റെ പ്രേമാർദ്രമായ നോട്ടം ഹേമാംബികയിൽ പതിഞ്ഞു. ആ നോട്ടത്തിനു മുന്നിൽ ഹേമാംബിക തല കുനിച്ചു. ഇരുട്ട് ആ സംഗമത്തിന് മറയായി കുടപിടിച്ച് നിന്നു. െപട്ടെന്ന് ആരോ നടന്നു വരുന്നതുപോലെ തോന്നി. വന്ന ആൾ അടുത്തെത്തി.

“അല്ലാ… നിങ്ങൾ രണ്ടു പേരുമായിരുന്നോ ആരാ ഈ സന്ധ്യനേരത്ത് ഒറ്റക്കിവിടെ എന്ന് നോക്കി വരികയായിരുന്നു ഞാൻ.” അത് രാഘവൻ മാഷായിരുന്നു എന്നറിഞ്ഞ് അവർ ഇരുവരും വല്ലാതെ നടുങ്ങി.

ഹേമാംബിക പെട്ടെന്ന് എഴുന്നേറ്റു നിന്ന് പറഞ്ഞു. “ഞങ്ങളാണ് മാഷെ. നന്ദൻമാഷിന് അല്പനേരം പൂന്തോട്ടത്തിൽ വന്നിരിക്കണമെന്ന് പറഞ്ഞതിനാൽ ഞാൻ കൊണ്ടു വന്നതാണ്.” ഹേമാംബിക ആത്മസംയമനം വീണ്ടെടുത്ത് പറഞ്ഞു.

“ഓ… ഹേമാംബിക ടീച്ചറും നന്ദൻമാഷും ആയിരുന്നോ. ഏതായാലും പൂന്തോട്ടത്തിൽ വന്നിരിന്ന് കാറ്റു കൊള്ളുന്നത് നല്ല കാര്യമാണ്. പക്ഷെ അതീ സന്ധ്യനേരത്ത് വേണമായിരുന്നോ എന്നേ ഞാൻ ചോദിച്ചുള്ളൂ. വല്ല ഇഴ ജന്തുക്കളും ഈ സമയത്ത് ഇറങ്ങിനടക്കും ടീച്ചറേ.”

അതു പറയുമ്പോൾ രാഘവൻ മാഷിന്‍റെ മനസ്സിൽ ചില സംശയങ്ങൾ തോന്നാതെ ഇരുന്നില്ല. പണ്ടത്തെ സഹപ്രവർത്തകർ എന്ന നിലയിൽ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും അദ്ദേഹം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എങ്കിലും അവർ ഒരു പുരുഷനും സ്ത്രീയുമാണ്. വാർദ്ധക്യകാലത്തിലും അവരിൽ പ്രേമം മൊട്ടിട്ടു കൂടായ്കയില്ല. പക്ഷെ നന്ദൻമാഷിന്‍റെയും ഹേമാംബിക ടീച്ചറിന്‍റേയും സ്വഭാവശുദ്ധിയിൽ സംശയമില്ലായിരുന്ന അദ്ദേഹം തന്‍റെ സംശയം അസ്ഥാനത്തായിരിക്കുമെന്ന് ഉറച്ചു. നന്ദൻമാഷ് എഴുന്നേറ്റുവന്ന് അദ്ദേഹത്തിന്‍റെ തോളിൽ കൈയിട്ടു.

“ഇവിടെ വന്നിരുന്ന് ഞങ്ങൾ പഴയ സ്ക്കൂൾ കാര്യങ്ങൾ അയവിറക്കുകയായിരുന്നു മാഷേ. ഇപ്പോൾ ഞാൻ എല്ലാം വ്യക്തമായി ഓർക്കുന്നു.”

മറവിരോഗത്തിനടിപ്പെട്ട നന്ദൻമാഷിന്‍റെ ചികിത്സയുടെ ഭാഗമാണതെന്ന് അറിഞ്ഞിരുന്ന രാഘവൻ മാഷ് അതിനെ അഭിനന്ദിച്ചു കൊണ്ടറിയിച്ചു

“അതേതായാലും നന്നായി മാഷെ. ആ കാലങ്ങൾ മാഷിനെ ഓർമ്മപ്പെടുത്തുന്നതിന് ഹേമാംബിക ടീച്ചറിന് കഴിയും. ഏതായാലും ഹേമാംബിക ടീച്ചറിന്‍റെ പരിശ്രമങ്ങളാണ് മാഷിനെ ഈ നിലയിലേക്ക് കൊണ്ടുവന്നത് എന്ന് മാഷ് മറക്കരുത്.”

“ഇല്ല മാഷെ. അതൊരിക്കലും എനിക്ക് മറക്കാനാവുകയില്ല. അക്കാര്യത്തിൽ ഞാൻ ഹേമാംബിക ടീച്ചറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.”

അവർക്കു പുറകേ നടന്നു കൊണ്ടിരുന്ന ഹേമാംബികയും നന്ദൻമാഷിന്‍റെ ഈ വാക്കുകൾ കേട്ടു. ഒരുൾപ്പുളകം കൊള്ളിമീൻ പോലെ അവരിലൂടെ പാഞ്ഞു പോയി.

ശാന്തി തിരിച്ചു വന്നത് താരയ്ക്ക് വലിയ ആശ്വാസമായി. അവൾ പതിവുപോലെ ഓഫീസിൽ പോയി തുടങ്ങി. സ്ക്കൂൾ തുറന്നതോടെ മൂന്നാം ക്ലാസ്സിലായ ചിന്നു മോളും സ്ക്കൂളിൽ പോയിത്തുടങ്ങി. അവളിൽ പഴയ ഉത്സാഹമെല്ലാം കെട്ടടങ്ങിയിരുന്നു. തങ്ങളോടൊപ്പം കളിച്ചിരുന്ന അപ്പൂപ്പനെ കാണാനാവാത്തതിൽ ആ കുഞ്ഞു മനസ്സിൽ നൊമ്പരം തങ്ങിനിന്നു.

അന്നൊരു ഒഴിവുദിനമായിരുന്നു. താര, കിച്ചുവിനെ കുളിപ്പിച്ച് അവന്‍റെ തല തുവർത്തുമ്പോഴാണ് അവൾ മൊബൈലിൽ ആ മണിയടി കേട്ടത്. അവൾ ഓടിച്ചെന്നെടുത്തു നോക്കിയപ്പോൾ അത് സുരേഷായിരുന്നു.

അവൾ ഒരു ഞെട്ടലോടെ ഫോണും കൊണ്ട് ഷേവ് ചെയ്തു കൊണ്ടിരുന്ന സുമേഷിന്‍റെ അടുത്തെത്തി.

“സുമേഷേട്ടാ… ഇത് സുരേഷേട്ടനാണ്. ഇതാ ഫോൺ” സുമേഷ് ആദ്യം ഒന്നമ്പരന്നുവെങ്കിലും ഫോൺ വാങ്ങി.

“ഹലോ സുരേഷേട്ടാ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ…”

“ഹലോ സുമേഷേ… എത്ര ദിവസമായെന്നോ നിന്നെ ഒന്ന് വിളിക്കണമെന്ന് കരുതുന്നു. ഇവിടെയെത്തിയപ്പോൾ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായി വന്നു. ജോലിത്തിരക്കിൽ നിന്ന് തലയുയർത്താൻ കഴിഞ്ഞില്ല. അച്ഛന്‍റെ കാര്യങ്ങൾ അറിയാതിരുന്നിട്ട് ഇത്ര ദിവസവും സമാധാനവും ഉണ്ടായിരുന്നില്ല. അച്ഛൻ ഇപ്പോൾ അടുത്തുണ്ടോ? എത്ര നാളായി ഞാൻ അച്ഛനോട് സംസാരിക്കാൻ നോക്കുന്നു. അപ്പോഴൊന്നും നീ അച്ഛന് സംസാരിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ഏതായാലും അച്ഛനൊന്ന് ഫോൺ കൊടുക്ക്.”

“അച്ഛനിപ്പോൾ കുഴപ്പമൊന്നുമില്ല സുരേഷേട്ടാ. അദ്ദേഹം പഴയതിനേക്കാൾ നല്ല ആരോഗ്യവാനായി. ഇപ്പോൾ അദ്ദേഹം നടക്കാൻ പോയിരിക്കുകയാണ്. തിരിച്ചു വരാൻ ഇനിയും ഒരുമണിക്കൂർ എടുക്കും.”

“അത് വളരെ നല്ല ന്യൂസാണല്ലോ സുമേഷേ എനിക്ക് വളരെ സന്തോഷമായി. ഏതായാലും ഞാൻ പോന്നതിൽപ്പിന്നെ നീ അച്ഛനെ നല്ലവണ്ണം നോക്കിയല്ലോ. എനിക്കതുമതി.”

“അതെ സുമേഷേട്ടാ… അച്ഛനിപ്പോൾ എല്ലാ കാര്യങ്ങളും നല്ല ഓർമ്മയുണ്ട്. ഇടക്ക് ഞാൻ അച്ഛനെ നമ്മുടെ സൈമൺ ഡോക്ടറെ കൊണ്ടു പോയി കാണിക്കാറുണ്ട്. അച്ഛന്‍റെ പുരോഗതിയിൽ അദ്ദേഹവും എന്നെ അഭിനന്ദിച്ചു.”

“നീ എന്‍റെ അനുജൻ തന്നെയാടാ സുമേഷേ. ഏതായാലും ഞാൻ അവിടെ വരുമ്പോൾ നിനക്ക് ഇതിന് ഒരു പ്രത്യേക സമ്മാനം തരുന്നുണ്ട്.”

“ഒന്നും എന്‍റെ മാത്രം കഴിവല്ല കുറെയൊക്കെ ചേട്ടന്‍റെയും കുടിയുണ്ട്. പിന്നെ ഈശ്വരനും നമ്മളെ തുണച്ചു.”

“ശരിയാണെടാ. ആ സർവ്വശക്തന് നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കാനാവില്ല. അമ്മ പോയതു തന്നെ ഒരു വലിയ ആഘാതമായിരുന്നു. അതിനോടൊപ്പം അച്ഛനും കൂടി പോയിരുന്നെങ്കിൽ ആ ആഘാതം താങ്ങാൻ എനിക്കാവുമായിരുന്നില്ല. ഏതായാലും താങ്ക്സ് എടാ. ദൈവത്തിനോടും നമുക്ക് നന്ദി പറയാം. ഇനി ഞാൻ വക്കട്ടെ. ഈ ഗുഡ് ന്യൂസ് ഞാൻ സുനന്ദയേയും കുട്ടികളേയും അറിയിക്കട്ടെ. എന്‍റെ സ്നേഹാന്വേഷണങ്ങൾ നീ അച്ഛനോട് പറയണം. ഇനി ഞാൻ അച്ഛനുള്ളപ്പോൾ വിളിക്കാം.”

അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു. സുമേഷും താരയും പരസ്പരം നോക്കി ചിരിച്ചു. ഒരു വലിയ കള്ളം തങ്ങൾക്ക് ഒളിപ്പിക്കാൻ കഴിഞ്ഞതിൽ അവർ ഏറെ സന്തോഷിച്ചു.

“സുമേഷേട്ടനെ ഞാൻ സമ്മതിച്ചിരിക്കുന്നു. താര പറഞ്ഞു.

“അത് പിന്നെ എന്നെക്കുറിച്ച്‌ നീ എന്താ വിചാരിച്ചത്? ഇനി നീ കണ്ടോ ചില പ്ലാനുകൾ എന്‍റെ മനസ്സിലുണ്ട്. അത് എത്രയും വേഗം നടപ്പിലാക്കണം. അതിനുള്ള ഒരവസരം നോക്കി ഇരിക്കയാണ് ഞാൻ.”

“അതെന്താ സുമേഷേട്ടാ എന്നോട് പറയില്ലേ?” താര അതീവ സ്നേഹത്തോടെ സുരേഷിനോട് ആരാഞ്ഞു.

“അതിനുള്ള സമയമായിട്ടില്ല താരെ. ആകുമ്പോൾ ഞാൻ പറയാം.” അങ്ങനെ പറഞ്ഞ് സുമേഷ് അവളെ നിരാശപ്പെടുത്തി. സുമേഷിനോട് കൂടുതൽ ചോദിച്ചിട്ട് ഫലമില്ലെന്ന് കണ്ട് താര പിന്തിരിഞ്ഞു നടന്നു.

ദിവസങ്ങൾ അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. നന്ദൻമാഷ് സ്നേഹസദനത്തിലെ എല്ലാ പേരുമായി കൂടുതൽ അടുത്തു. നയന അദ്ദേഹത്തിന് സ്വന്തം മകളായി. സ്നേഹസദനത്തിലുള്ളവരോടൊപ്പം അദ്ദേഹം പലവിധ കളികളിലേർപ്പെട്ടു. ചെസ് കളികൾ ബുദ്ധിക്കുള്ള ഒരു വ്യായാമമെന്ന നിലയിൽ ആ കളിയിൽ നന്ദൻമാഷ് കൂടുതൽ വ്യാപൃതനായി. ഹേമാംബികയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ബാഡ്മിന്‍റനിലും ക്യാരംസിലും നന്ദൻമാഷ് പ്രാവിണ്യം നേടി. ഇതെല്ലാം അദ്ദേഹത്തിന്‍റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകമായി. ഒഴിവുള്ളപ്പോൾ സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള കൊച്ചു പുഴയിൽ ചൂണ്ടയിടാനും നീന്താനും അദ്ദേഹം പോയിത്തുടങ്ങി.

നന്ദൻമാഷിലെ മാറ്റം സ്നേഹസദനത്തിലെ ഓരോരുത്തരേയും അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. അവർ അദ്ദേഹത്തെ അതിരറ്റു സ്നേഹിച്ചു തുടങ്ങി. മറ്റുളളവർക്ക് തന്‍റെ സഹായം എത്തിക്കുന്നതിലും ഹേമാംബികയോടൊപ്പം അദ്ദേഹവും മുന്നിട്ടു നിന്നു. ഇതിനിടയിൽ ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും അനുരാഗനദി ആരുമറിയാതെ നിർവ്വിഘ്നം ഒഴുകിക്കൊണ്ടിരുന്നു.

രണ്ടു കണ്ണുകൾ മാത്രം ഇടയ്ക്കിടയ്ക്ക് ചില സംശയങ്ങളോടെ അവരെ പിന്തുടർന്നുകൊണ്ടിരുന്നു.

നന്ദൻമാഷ് സുഖംപ്രാപിക്കും തോറും ഹേമാംബികയുടെ മനസ്സിൽ ചില ഭയങ്ങൾ അങ്കുരിക്കാൻ തുടങ്ങി. നന്ദൻമാഷ് സുഖം പ്രാപിച്ചതറിഞ്ഞാൽ അദ്ദേഹത്തെ സുമേഷ് വന്ന് കൂട്ടിക്കൊണ്ടു പോകുമോ എന്ന ഭയമായിരുന്നു ഹേമാംബികക്ക്. ഹേമാംബികയുടെ ഭയം ശരിയായ രീതിയിൽ, ഒരിക്കൽ രാജീവ് അതവതരിപ്പിക്കുകയും ചെയ്തു.

“നന്ദൻമാഷ് ഇപ്പോൾ പഴയതിനേക്കാൾ നല്ല ആരോഗ്യവാനായില്ലെ ഹേമടീച്ചർ. നമുക്ക് ഇക്കാര്യം സുമേഷിനെ അറിയിച്ചാലോ. സുമേഷ് വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പൊയ്ക്കോട്ടെ അല്ലേ? അല്ലെങ്കിലും സ്വന്തം കുടുംബത്തിൽ മക്കളോടൊപ്പം കഴിയുന്നതായിരിക്കുമല്ലോ ഏതൊരു മാതാപിതാക്കൾക്കും ആനന്ദം പകരുന്നത്. നന്ദൻമാഷും അതാഗ്രഹിക്കുന്നുണ്ടെങ്കിലോ.”

രാജീവന്‍റെ വാക്കുകൾ കേട്ട് ഹേമാംബികടീച്ചർ ഒന്ന് ഞെട്ടി. താൻ ഊഹിച്ചതു തന്നെ സംഭവിക്കാൻ പോകുന്നു. അദ്ദേഹം തന്നെ വിട്ടകലാൻ പോകുന്നു. ഇല്ല… ഒരിക്കലും താനതിന് സമ്മതിക്കുകയില്ല. ഹേമാംബിക ടീച്ചർ രാജീവനെ തടുത്തു കൊണ്ട് തിടുക്കത്തിൽ പറഞ്ഞു.

“വേണ്ട രാജീവ്… അദ്ദേഹം അതാഗ്രഹിക്കുന്നുണ്ടാവില്ല. സുമേഷിന്‍റെ വീട്ടിലുള്ളതിനേക്കാൾ സന്തോഷവും സൗഖ്യവും ഇപ്പോൾ അദ്ദേഹം ഇവിടെ അനുഭവിക്കുന്നുണ്ട്. ഇനിയും നാമായിട്ട് അതു നശിപ്പിക്കണോ. ഇല്ല… ഒരിക്കലും ഞാനതിന് സമ്മതിക്കുകയില്ല.”

“അല്ല, ടീച്ചർ പറയുന്നത് ശരിയായിരിക്കാം എങ്കിലും അതല്ലല്ലോ. ഒരു മകനെന്നനിലയിൽ സുമേഷിനെ, അദ്ദേഹം സുഖംപ്രാപിച്ച വിവരം അറിയിക്കേണ്ട ചുമതല നമുക്കില്ലേ?”

“ഇല്ല രാജീവ്.സുമേഷിനെപ്പോലെ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മകന് അതിനവകാശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാനേതായാലും ഇതിനെ അനുകൂലിക്കുകയില്ല. രാജീവിന്‍റെ ഈ തീരുമാനം നന്ദൻമാഷിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് തളളിവിടുന്നതിനെ ഉപകരിക്കുകയുള്ളു.”

ഹേമാംബിക ടീച്ചറിന്‍റെ ശക്തമായ പ്രതിഷേധം രാജീവിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

“ടീച്ചർ പറഞ്ഞതു തന്നെയാണ്‌ ശരി. ഞാനും ഇപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത്. സുമേഷ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവനാണ്. അച്ഛനാണെന്ന പരിഗണനയില്ലാതെ അയാൾ നന്ദൻമാഷിനെ കൊണ്ടുപോയി ദ്രോഹിക്കുകയേ ഉള്ളൂ. ചിലപ്പോൾ ചേട്ടനു നൽകാതെ, നന്ദൻമാഷിന്‍റെ സ്വത്തുക്കൾ കൂടുതലും അയാൾ തനിയെ കൈവശപെടുത്താൻ ശ്രമിക്കുകയും ചെയ്യും.”

“അതെ അതാണ് ഞാൻ പറഞ്ഞത് രാജീവ്.ഇപ്പോൾ സുമേഷിനെ ഒന്നും അറിയിക്കേണ്ട എന്ന്. അദ്ദേഹം മരിക്കുന്നതുവരെ സന്തോഷത്തോടെ ഇവിടെത്തന്നെ ജീവിക്കട്ടെ.”

രാജീവ് ഹേമാംബികയുടെ വാക്കുകൾക്ക് വില കല്പിച്ച് അവിടെ നിന്നും മടങ്ങി.

നാളുകൾ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഹേമാംബികയും നന്ദൻമാഷും പരസ്പരം കൂടുതൽ അടുത്തു. രാത്രിയും പകലും അവർക്ക് തമ്മിൽ വേർപിരിയാനാവാത്ത സ്ഥിതിയിലായി. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് നന്ദൻമാഷിന്‍റെ അടുത്ത് ഓടിയെത്തുക ഹേമാംബിക പതിവാക്കി. ഇതെല്ലാം നയന മാത്രം അറിഞ്ഞ് മാറിനിന്ന് സന്തോഷിച്ചു. ജീവിതത്തിൽ അമ്മയോടൊപ്പം ഒരഛനേയും തനിക്കു ലഭിക്കുന്നതായി അവൾക്കു തോന്നി.

നല്ല നിലാവുള്ള ഒരു രാത്രിയിൽ മറ്റെല്ലാവരും ഗാഡനിദ്രയിലായിരുന്ന നേരത്ത് ഹേമാംബിക ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. നന്ദൻമാഷായിരുന്നു അവരുടെ മനസ്സുനിറയെ ആ രാത്രിയിൽ അദ്ദേഹത്തിന്‍റെ മടിയിൽ തലവച്ചു കിടന്ന് കഥകൾ പറയാൻ അവർക്ക് മോഹം തോന്നി. പെട്ടെന്ന് തന്‍റെ മുറിയുടെ വാതിൽ തുറന്ന് ഒരു പൂച്ചയുടെ പാദപതനങ്ങളോടെ അവർ മാഷിന്‍റെ അടുത്തെത്തി. നന്ദൻമാഷും എന്തോ ഓർത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു.

“മാഷ്, നല്ല നിലാവുള്ള രാത്രി. ഈ രാത്രിയിൽ മാഷിനെ ഓർത്തു കിടന്നിട്ട് എനിക്കുറക്കം വരുന്നില്ല. മാഷിന്‍റെ മടിയിൽ തലവച്ചു കിടന്ന് എനിക്ക് കഥകൾ പറയാൻ തോന്നുന്നു.”

“ശരിയാണ് ഹേമാംബികേ. ഈ രാത്രിയിൽ നീ എന്‍റെ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആലോചിച്ചതേ ഉള്ളു. നമുക്ക് ആ പവിഴമല്ലിച്ചോട്ടിൽ പോയിരുന്ന് അതിന്‍റെ സുഗന്ധം നുകർന്ന് കഥകൾ പറഞ്ഞാലോ.”

“ഈ രാത്രിയിൽ നമ്മൾ പുറത്തിറങ്ങിയാൽ ആരെങ്കിലും കാണുകയില്ലേ മാഷേ.”

“ആരു കാണാനാണ്. എല്ലാവരും നല്ല ഉറക്കമായില്ലേ? നമുക്ക് ആരുമറിയാതെ പുറത്തിറങ്ങാം.”

“എങ്കിൽ വരൂ മാഷ്. നമുക്ക് ആ പവിഴമല്ലിച്ചോട്ടിലേക്കു പോകാം.”

അനുരാഗവിവശരായ ആ കാമുകീ കാമുകന്മാർ ആരും അറിയാതെ മെല്ലെ പുറത്തിറങ്ങി പവിഴമല്ലിച്ചോട്ടിലേക്കു നടന്നു. അപ്പോൾ ഒരു നിഴൽ അവരെ പിന്തുടരുന്നത് അവർ അറിഞ്ഞില്ല.

ചീവീടിന്‍റെ സംഗീതം രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഒഴുകിയെത്തുന്നത് അവർക്ക് കേൾക്കാമായിരുന്നു. ഹേമാംബിക അല്പം ഭയത്തോടെ നന്ദൻമാഷിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അവർ ഇരുവരും കൈ കോർത്ത് പവിഴമല്ലിയുടെ ചുവട്ടിൽ ഇരുന്നു.

പവിഴമല്ലിപ്പൂക്കളുടെ സുഗന്ധം അവിടെങ്ങും വ്യാപിച്ചിരുന്നു. ഒരു രാപ്പാടി ചിലച്ചു കൊണ്ട് പറന്നുപോകുന്നത് അവർ കേട്ടു. തെങ്ങോലകൾക്കിടയിൽ മറഞ്ഞിരുന്ന് പൂർണ്ണ ചന്ദ്രൻ അവരെ എത്തി നോക്കി. ഹേമാംബിക പെട്ടെന്ന് ഏതാനും പവിഴമല്ലിപ്പൂക്കളെടുത്ത് തന്‍റെ സാരിയിലെ നൂലുപയോഗിച്ച് ഒരു മാല കോർത്തു കെട്ടി. അത് നന്ദൻമാഷിന്‍റെ കഴുത്തിലണിയിച്ചു കൊണ്ടു പറഞ്ഞു.

“ചെറുപ്പം മുതൽ ഞാൻ മോഹിച്ചിരുന്നത് ഇപ്പോഴാണ് സഫലമായത് മാഷേ. ഇനി എനിക്ക് മരിച്ചാലും സാരമില്ല.” നന്ദൻമാഷ് ഹേമാംബികയെ ചേർത്തുപിടിച്ചു.

അനുരാഗ വിവശരായ ആ കാമുകീ കാമുകന്മാർ പരസ്പരം ചുംബിച്ചു. പെട്ടെന്ന് ഹേമാംബിക എഴുന്നേറ്റിരുന്ന് പറഞ്ഞു.

“ഈ പ്രായത്തിൽ നമ്മൾ മാത്രമായിരിക്കും യൗവ്വനത്തിലേതു പോലെ ഇത്ര ഗാഢമായി പ്രേമ ചാപല്യങ്ങൾ കാണിക്കുന്നത് അല്ലേ മാഷേ. ദൈവം പോലും നമ്മളെ നോക്കി ഇപ്പോൾ അസൂയപ്പെടുന്നുണ്ടാവും.”

“യൗവനം മടക്കി നൽകാൻ അനുരാഗത്തിനു മാത്രമേ കഴിയുകയുള്ളു എന്ന് എനിക്ക് തോന്നുന്നു ടീച്ചറേ.”

“ആരാ അവിടെ?” പെട്ടെന്ന് ഇരുട്ടിൽ നിന്നും മുഴങ്ങിക്കേട്ട ആ പുരുഷശബ്ദം കേട്ട് അവർ വല്ലാതെ ഞെട്ടിത്തരിച്ചു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें