2017-ലെ മഞ്ഞുകാലം പാർവതി തിരുവോത്തിനെ സംബന്ധിച്ച് ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. ഒപ്പം ആ വർഷം മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തിന് ഏറെ അംഗീകാരങ്ങളും നേടിയ പാർവതി സിനിമകളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. മലയാള സിനിമയിലെ "ഒരു പ്രമുഖ നടൻ" സഹപ്രവർത്തകരോട് അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിൽ സിനിമയിൽ ഒരു ഡയലോഗ് പറഞ്ഞതിൽ അവർ നിരാശ പ്രകടിപ്പിച്ചു. ചർച്ചയിൽ അവർ സിനിമയുടെ പേര് പോലും പരാമർശിച്ചിരുന്നില്ല. എന്നാൽ ഒരു സഹപാനലിസ്‌റ്റ് സിനിമയുടെ പേര് പറയാൻ അവരെ പ്രേരിപ്പിച്ചതിനെ തുടർന്ന് 2016-ൽ നടൻ മമ്മൂട്ടി അഭിനയിച്ച ബോക്‌സ് ഓഫീസ് ഹിറ്റായ “കസബ”യെയാണ് താൻ ചർച്ചയിൽ പരാമർശിച്ചതെന്ന് പാർവതി വെളിപ്പെടുത്തി.
സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി സിനിമാ നിരൂപകരും കേരള വനിതാ കമ്മീഷനും “സ്ത്രീ വിരുദ്ധ സംഭാഷണങ്ങളുടെ പേരിൽ “കസബയെ” വിമർശിച്ചിരുന്നു. പോലീസ് ഓഫീസറായി അഭിനയിക്കുന്ന മമ്മൂട്ടി മുതിർന്ന വനിതാ സഹപ്രവർത്തകയെ ആംഗ്യം കാട്ടി ലൈംഗിക ചുവയോടെ ഭീഷണിപ്പെടുത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നു.
അതോടെ പാർവതിയുടെ കമന്‍റ് വൈറലാകുകയും അവർ ഓൺലൈനിൽ വിദ്വേഷ കാമ്പെയ്‌നിന്‍റെ ഇരയായി മാറുകയും ചെയ്‌തു. സോഷ്യൽ മീഡിയ അവരെ ക്രൂരമായി ട്രോളി. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും വരെ ചിലർ ഭീഷണിപ്പെടുത്തി. സിനിമാ രംഗത്തെ നിരവധി പ്രമുഖരും അപലപിച്ചു. പാർവതിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് കേരള പോലീസ് അറസ്‌റ്റ് ചെയ്‌തയാൾക്ക് “കസബ” നിർമ്മാതാവ് ജോബി ജോർജ്‌ജ് പരസ്യമായി ജോലി വരെ വാഗ്ദാനം ചെയ്തു. എങ്കിലും പാർവതി തന്‍റെ നിലപാടിൽ ഉറച്ചു തന്നെ നിന്നു.
അതേ സമയം “ടേക്ക് ഓഫ്” (2017) എന്ന മലയാള ചിത്രത്തിലെ അഭിനയമികവിന് പാർവതിയ്ക്കു അവാർഡ് ലഭിച്ചു. ഇറാഖിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ നഴ്‌സുമാർ നേരിട്ട പ്രതിസന്ധികളാണ് ചിത്രം കാണിക്കുന്നത്. അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലേക്ക് കയറിയ പാർവതിയെ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. ആ കരഘോഷം അവർക്കുള്ള പിന്തുണയായിരുന്നില്ല. മറിച്ച് അവരുടെ ശബ്ദം അടിച്ചമർത്തുന്നതിനുള്ള ഒരു തന്ത്രവും കൂടിയായിരുന്നു.
“ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. അവിടെ പോയി മനസ്സിലുള്ളത് പറയൂ. പതറരുത്. അവർക്ക് സംതൃപ്‌തി നൽകരുത്." കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കെ പാർവതി പറഞ്ഞു.
ഇത്രയധികം തകർന്നു പോയിട്ടില്ല
ചടങ്ങിനോട് അനുബന്ധിച്ച് അന്ന് രാത്രി ഹോട്ടൽ മുറിയിലെത്തിയപ്പോൾ പാർവതിയുടെ ദേഹമാകെ വിറയ്ക്കാൻ തുടങ്ങി. അവർ തകർന്ന അവസ്‌ഥയിലെത്തിയിരുന്നു. “എന്‍റെ ശരീരത്തിന് വെറുപ്പും കയ്പ്പും താങ്ങാനായില്ല. ഞാൻ മുമ്പ് ഒരിക്കലും ഇത്ര തകർന്നിട്ടില്ല.” അവർ പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് ശേഷം വിദേശത്ത് നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് കേരളത്തിൽ മടങ്ങിയെത്തിയ പാർവതി കേരള ഫിലിം സ്റ്റേറ്റ് അവാർഡ് ദാന ചടങ്ങിൽ അവാർഡ് സ്വീകരിക്കുന്നതിനായി തയ്യാറെടുക്കവെ ഹോട്ടൽ മുറിയിൽ ബോധരഹിതയായി വീണു. “ഹൗസ് കീപ്പിംഗ് സ്‌റ്റാഫ് ആണ് എന്നെ ഉണർത്തിയത്. അവർ എന്നെ ഒരു സാരി ഉടുപ്പിച്ചു. തുടർന്ന് ഞാൻ സ്റ്റേജിലേക്ക് പോകുകയാണുണ്ടായത്." പാർവതി ആ സംഭവത്തെ ഓർത്തെടുക്കുന്നു. ഭീഷണികൾ നിലച്ചില്ല. പാർവതി ശബ്ദമുയർത്തുന്നത് നിർത്തിയുമില്ല. അവർ മികച്ച രീതിയിൽ ജോലി തുടർന്നു. അത് താരത്തിന് ബഹുമാനവും ആദരവും നേടിക്കൊടുത്തു. ജോലിയോടൊപ്പം അവർ ശബ്‌ദമുയർത്തുകയും ചെയ്തു. എന്നാൽ ഉറച്ച നിലപാടിന്‍റെയും വിമർശനങ്ങളുടേയും പേരിൽ പാർവതിക്ക് കനത്ത വില നൽകേണ്ടി വന്നു. “ഇതൊന്നും ആളുകൾക്ക് സുപരിചിതമായ കാര്യങ്ങളല്ല. എന്നാൽ ആ അവസ്‌ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയ്ക്ക് സ്വയം വീണ്ടും ഉയർന്നു വരേണ്ടതുണ്ട്. സ്വയം ശക്തമായ കവചം ധരിക്കേണ്ടതുണ്ട്. ശരീരവും മനസ്സും പുനഃക്രമീകരിക്കണം. അത് ചെയ്യാതിരിക്കാൻ നിർവാഹമില്ല. കാരണം വീണ്ടും നമുക്ക് ഉയർന്നു വരേണ്ടതുണ്ട്.” പാർവതി വിശദീകരിച്ചു.