വൈകുന്നേരം ഹാളിലിരുന്ന് ടിവി കൊണ്ടിരിക്കുന്നതിനിടെയാണ് പുറത്ത് ആയിഷയുടെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങിയത്. ആരെയോ അവൾ ശകാരിക്കുകയാണ്. തിടുക്കപ്പെട്ട് ഞാൻ പുറത്തുപോയി നോക്കി. അവൾ ഏതോ പരിക്കേറ്റ യുവാവിനെ തോളിൽ താങ്ങിപ്പിടിച്ചു കൊണ്ട് ഗേറ്റ് കടന്നു വരാൻ ശ്രമിക്കുകയായിരുന്നു. ഹോസ്‌റ്റലിലെ സെക്യൂരിറ്റിക്കാരൻ യുവാവിനെ അകത്തേക്ക് കടക്കുന്നതിൽ നിന്നും തടഞ്ഞു. ആയിഷ വലിയ ദേഷ്യത്തിലാണ്. “ചേട്ടാ, ഹോസ്റ്റൽ നിയമത്തെക്കുറിച്ചൊന്നും എന്നെ പഠിപ്പിക്കണ്ട പരിക്കേറ്റയാളെ രക്ഷിക്കുന്നത് തെറ്റാണോ? കുറഞ്ഞത് ഇയാൾക്ക് മരുന്നെങ്കിലും പുരട്ടി കൊടുക്കട്ടെ, വെറുതേ മുട്ട് ന്യായം പറയാതെ.” ആയിഷയ്ക്ക് ദേഷ്യമടക്കാനായില്ല.
ആയിഷയോട് സംസാരിക്കുന്നത് പന്തിയല്ലെന്ന് മനസിലായതോടെ സെക്യൂരിറ്റിക്കാരൻ ഒടുവിൽ ഗെയിറ്റ് തുറന്നു. എന്തോ പിറുപിറുത്തുകൊണ്ട് ആയിഷ യുവാവിനെ താങ്ങിപ്പിടിച്ച് ഹോസ്റ്റൽ വരാന്തയിലുള്ള ബെഞ്ചിലിരുത്തി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. “ആരെങ്കിലും ഒന്ന് വന്നേ? കുറച്ച് വെള്ളമെടുത്ത് കൊണ്ടുവാ..” ആ സമയം ആയിഷ യുവാവിനെ ശകാരിക്കാനും തുടങ്ങി.
“നിങ്ങൾക്ക് ചാവാൻ എന്‍റെ വണ്ടിയെ കണ്ടുള്ളോ? അതിനുള്ള ശിക്ഷയും കിട്ടി. ഛെ, സമയം മെനക്കെടുത്താൻ എവിടെ നിന്നെങ്കിലും ചാടി പോന്നോളും, അവിടെയുണ്ടായിരുന്ന കടക്കാർ ബഹളം വെച്ച് വന്നതാ. ഭാഗ്യത്തിന് അവരാരും എന്നെ തെറി പറഞ്ഞില്ല.” വായിൽ വന്നതൊക്കെ പറഞ്ഞിട്ടും ആയിഷയുടെ കലിയടങ്ങിയില്ല.
യുവാവ് നിശബ്ദനായി ആയിഷയെ തന്നെ നോക്കിക്കൊണ്ടിരുന്നു. ഹോസ്‌റ്റൽ അന്തേവാസികൾ ഓരോരുത്തരും ബഹളം കേട്ട് ഓടിവന്ന് നോക്കിക്കൊണ്ടിരുന്നുവെങ്കിലും ആയിഷയെ ഭയന്ന് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.
യുവാവിന്‍റെ മുഖത്ത് ലജ്ജാഭാവം നിറഞ്ഞു നിന്നു. കൈയ്ക്ക് വല്ലാതെ പരിക്കേറ്റിരുന്നതിനാൽ അയാൾ വേദന കടിച്ചുപിടിച്ച് നിസ്സഹായനായി ആയിഷയെ നോക്കിയിരുന്നു. മുഖത്തും കാലുകളിലും അങ്ങിങ്ങായി പരിക്കുണ്ട്. നെറ്റിയിൽ നിന്നും രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു. യുവാവിന്‍റെ പരിതാപകരമായ അവസ്‌ഥ കണ്ട് എനിക്കയാളോട് അലിവ് തോന്നി. ഞാൻ മുറിയിൽ ചെന്ന് ഡെറ്റോളും പഞ്ഞിയും എടുത്തുകൊണ്ടുവന്നു.
ഹോസ്‌റ്റലിലെ പാചകക്കാരി ഒരു ബക്കറ്റിൽ വെള്ളവുമായി വന്നു. ആയിഷ മഗ്ഗിൽ വെള്ളവും ഡെറ്റോളും കലർത്തി ചെറുപ്പക്കാരന്‍റെ ശരീരത്തിലെ മുറിവുകൾ തുടച്ചുവൃത്തിയാക്കി മരുന്ന് പുരട്ടി മുറിവ് കെട്ടി. അതിനുശേഷം സമീപത്ത് നിൽക്കുകയായിരുന്ന എന്നോട് ആയിഷ പറഞ്ഞു.
“നീ ഇയാൾക്ക് കുറച്ച് തണുത്ത വെള്ളം കുടിക്കാൻ കൊടുക്ക്, അപ്പോഴേക്കും ഞാനിയാളുടെ വീട്ടിൽ വിളിച്ച് വിവരം പറയട്ടെ.”
“ആയിഷ നിനക്കയാളെ നേരത്തെ പരിചയമുണ്ടോ?” എന്‍റെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു.
“അയ്യോ ഇല്ലേ, ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ എവിടെ നിന്നോ ഇയാൾ മനപൂർവ്വം എന്‍റെ ബൈക്കിന് മുന്നിൽ ചാടുകയായിരുന്നു. ഇനി വീട്ടുകാർ വന്ന് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകട്ടെ.” അവൾ യുവാവിൽ നിന്നും അയാളുടെ അച്ഛൻ ഫോൺ വാങ്ങി സംസാരിച്ചു.
തിരിച്ച് മുറിയിലെത്തിയ ഞാൻ ആയിഷയെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നു. വളരെ വ്യത്യസ്തമായ മുഖവും ഭാവവുമായിരുന്നു ഞാനിന്ന് അവളിൽ കണ്ടത്. ആ യുവാവിന്‍റെ മുറിവ് അവൾ എത്ര അലിവോടെയും ശ്രദ്ധയോടുമാണ് തുടച്ച് വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഒരമ്മ മകനെ പരിചരിക്കുന്ന അതേ ഗൗരവവും ആത്മാർത്ഥതയും, ഹോസ്‌റ്റലിൽ വഴക്കാളി ഇമേജുള്ള ആയിഷയുടെ മനസ്സിലെങ്ങോ ഒരു ആർദ്രഭാവവുമുണ്ടെന്ന് ഞാൻ ഇടയ്ക്ക് തിരിച്ചറിഞ്ഞതാണ്. അതിനാലാവാം എനിക്കവളോട് ആദ്യം മുതലേ സ്നേഹമായിരുന്നു. അഹങ്കാരി, ധിക്കാരി, മയമില്ലാത്തവൾ… അവളെക്കുറിച്ച് ഹോസ്‌റ്റൽ വാസികൾക്കിടയിൽ വിശേഷണങ്ങൾ ഏറെയായിരുന്നു. ആയിഷ വായ തുറന്നാൽ ധിക്കാരമേ പറയൂ എന്നായിരുന്നു സെക്യൂരിറ്റിക്കാരന്‍റെ വരെ പരാതി. ഹാളിൽ ടിവി കാണാൻ വന്നാൽ ആയിഷ അവൾക്കിഷമുള്ള ചാനലേ വയ്ക്കു. ഹോസ്റ്റലിലെ തൂപ്പുകാരി ആദ്യം അവളുടെ മുറി വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റ് മുറികളിലേക്ക് കടന്നിരുന്നുള്ളൂ. ആയിഷയ്ക്ക് അത് നിർബന്ധമായിരുന്നു.
എന്തിന് വേഷത്തിൽ പോലും അവൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തയായി. ചൂടായാലും തണുപ്പായാലും ഫുൾസ്ലീവ് കുർത്തയോ ചുരിദാറോ ആണ് അവൾ ധരിക്കുക. കഴുത്തിൽ മുകളറ്റം വരെ കുടുക്കിടും, അവളുടെ പ്രത്യേക വേഷവിധാനം കണ്ട് ഹോസ്‌റ്റലിലെ ചില പെൺകുട്ടികൾ അവൾ കേൾക്കാതെ പരിഹസിക്കുമായിരുന്നു. പക്ഷേ അവൾക്കതൊന്നും ഒരു പ്രശ്നവുമല്ലായിരുന്നു.
കാഴ്ചയിൽ അതിസുന്ദരിയായിരുന്നു ആയിഷ. പക്ഷേ കാഴ്ചയിലുള്ള സൗമ്യതയും ഹൃദ്യതയൊന്നും അവളുടെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ തൊട്ടുതലോടിയിരുന്നില്ല. തൊട്ടാൽ പൊട്ടിത്തെറിക്കുന്ന പ്രതീതി. ഒന്ന് രണ്ട് തവണ ആയിഷയ്‌ക്കൊപ്പം സിറ്റിയിൽ കറങ്ങാൻ പോയിട്ടുണ്ടെങ്കിലും വായിച്ചു മനസ്സിലാവാത്ത ദുർഗ്രഹമായ വാക്കുകളും വാചകങ്ങളും ഉള്ള പുസ്‌തകം പോലെയായിരുന്നു ആയിഷയുടെ മനസ്സ് എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും… അവളെയടുത്തറിയാനുള്ള അവസരങ്ങളെല്ലാം ഞാൻ മുതലാക്കിയെങ്കിലും ലക്ഷ്യം കാണാതെ പരാജിതനായി മടങ്ങാനായിരുന്നു എന്‍റെ വിധി, അവളുടെ മനസ്സ് പിടി തരാതെ കടുകട്ടി പസ്സിൽ ഗെയിം പോലെ മുന്നിൽ വട്ടം കറങ്ങി നടന്നു.
ഒരു ദിവസം വഴിയിൽ വച്ച് ആയിഷ ആ യുവാവിനോട് കയർത്തു സംസാരിക്കുന്നത് കണ്ടു. യുവാവിന്‍റെ പരുങ്ങിയുള്ള നിൽപ് കണ്ട് ദേഷ്യം തോന്നി. ജീവനിൽ കൊതിയുള്ളവരാരെങ്കിലും അവളോട് പ്രണയാഭ്യർത്ഥന നടത്തുമോ?
പിന്നീട് ഞാനതേപ്പറ്റി ആയിഷയോട് ചോദിച്ചു. “അയ്യോ, അവൻ നന്ദി പറയാൻ വന്നതാ. അവന്‍റെയൊരു ധൈര്യമേ. എന്നോട് ഫ്രണ്ട്ഷിപ്പ് കൂടണമത്രേ. വേറെ പണി നോക്കാൻ ഞാൻ പറഞ്ഞു.”
“അത്രയ്ക്ക് വേണ്ടായിരുന്നു. നിനക്കയാളോട് അൽപം മയത്തോടെ സംസാരിച്ചു കൂടെ” എന്‍റെ പറച്ചിൽ കേട്ട് ആയിഷ പൊട്ടിച്ചിരിച്ചു.
“മയത്തിൽ സംസാരിക്കുന്നു. ഇവന്മാരുടെ ഉള്ളിലിരുപ്പ് എനിക്ക് നന്നായി അറിയാം.” അവളുടെ മുഖം ഗൗരവം പൂണ്ടു. അതുകൊണ്ട് ആയിഷയോട് തുടർന്നൊന്നും പറയാതെ ഞാൻ മുറിയിലേക്ക് നടന്നു.
അതിനുശേഷം 2-3 തവണ ആ പയ്യൻ ആയിഷയുമായി സംസാരിക്കുന്നത് കണ്ടു. എന്നാൽ അപ്പോഴെല്ലാം ആയിഷ അവനെ ഒന്നു രണ്ടും പറഞ്ഞ് ശകാരിച്ചു കൊണ്ടിരുന്നു. എന്നിട്ടും അയാൾ പിന്തിരിയാൻ തയ്യാറായില്ല. അയാൾ ഇടയ്ക്കിടെ ഹോസ്‌റ്റലിലെ ഫോണിലേക്ക് വിളിച്ച് അവളോട് സംസാരിക്കാൻ ശ്രമിച്ചു. അപ്പോഴും അവൾ അയാളോട് നിർദ്ദയം പെരുമാറിക്കൊണ്ടിരുന്നു. അയാൾ അവളോട് പ്രണയാഭ്യർത്ഥന നടത്തിയെന്ന് പറഞ്ഞ് ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
“അതിലെന്ത് തെറ്റിരിക്കുന്നു അയാൾ നിന്നെ അത്രമാത്രം ആഗ്രഹിക്കുന്നില്ലേ? നല്ല ജോലിയും ശമ്പളവും. പോരാത്തതിന് ഹാൻഡ്‌സം. പിന്നെന്തിനാ നീ അത് വേണ്ടെന്ന് വയ്ക്കുന്നത്. ഇന്‍റർറിലീജിയൻ മാര്യേജ് ഇന്നാട്ടിൽ നടക്കാത്തതൊന്നുമല്ലല്ലോ. എന്താ നിനക്ക് വറെ വല്ല പ്രണയവുമുണ്ടോ?” ഞാൻ ആകാംക്ഷയോടെ അവളെ ഉറ്റു നോക്കി.
“ഒന്നുപോടി, എനിക്കതിന്‍റെ ആവശ്യമില്ല. ഇന്നവൻ എന്‍റെ പിറകെ നടന്നു.. നീ നോക്കിക്കോ നാളെയവൻ എന്നെ കാണാൻ പോലും ഇഷ്‌ടപ്പെടില്ല. എന്നെ വെറുക്കും. എന്നിൽ ഒത്തിരി പരിമിതികളുണ്ട്. അത്രയ്ക്ക് പ്രേമം തലയ്ക്ക് പിടിച്ച് നിൽക്കുകയാണെങ്കിൽ അയാൾ വേറെ ഏതെങ്കിലും പെണ്ണിനെ നോക്കട്ടെ. ഞാനെന്തിന് എന്‍റെ ഉള്ള സന്തോഷം അതിന്‍റെ പേരിൽ കളയണം.” താൻ പിടി ച്ച മുയലിന് നാലുകൊമ്പ് എന്നപോലെ ആയിഷ തന്‍റെ തീരുമാനത്തിൽ ഉറച്ചു നിന്നു. പെട്ടെന്ന് അവളുടെ മുഖത്ത് വിഷാദഛായ പരക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“സ്നേഹിക്കുന്നവരെ ഞാനൊരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ഞാനതിലൊന്നും പെടാൻ പോകുന്നില്ല.”
പിറ്റേന്ന് ആ ചെറുപ്പക്കാരൻ എന്‍റെ വരവും കാത്ത് ബസ്‌സ്‌റ്റോപ്പിൽ നിൽക്കുന്നത് ഞാൻ ദൂരെ നിന്ന് കണ്ടു. ഞാനയാളെ മനപൂർവ്വം അവഗണിച്ചുകൊണ്ട് ബസ്‌സ്‌റ്റോപ്പിൽ മാറിനിന്നു. പക്ഷേ അയാളൊരു പുഞ്ചിരിയുമായി എനിക്കടുത്തുവന്നു നിന്നു.
“ശ്രുതി, ഞാൻ ശല്യപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്.” ചെറുപ്പക്കാരൻ മുഖവുരയോടെ തുടങ്ങി. “ആയിഷയെ ഒന്ന് പറഞ്ഞ് മനസ്സിലാക്കാമോ, എന്നിക്കവളെ അത്രയ്ക്ക് ഇഷ്ടമാണ്. വെറുമൊരു ഇഷ്ടമല്ല.” അയാൾ യാചനാ സ്വരത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
“നിങ്ങൾക്കവളെ അത്രയ്ക്ക് ഇഷ്‌ടമാണോ? ” ഞാനയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. തെല്ലൊരു പരിഭ്രമത്തോടെ അയാൾ തലയാട്ടി.
“ഒത്തിരി ഇഷ്ടമാണ്, ജീവിതത്തിലാദ്യമായാണ് ഞാൻ ഇങ്ങനെയൊരു പെണ്ണിനെ കാണുന്നത്. തന്‍റേടമുള്ള സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടി. നല്ല ആത്മവിശ്വസമുള്ള പെൺകുട്ടി, ആയിഷ വളരെ വ്യത്യസ്തമായ പെൺകുട്ടിയുമാണ്. അവളെ ആദ്യമായി കണ്ടപ്പോഴെ എനിക്കത് മനസ്സിലായിരുന്നു.” യുവാവിന്‍റെ മുഖത്ത് വിവിധഭാഗങ്ങൾ മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു കണ്ടു.
“ഞാൻ ശ്രമിക്കാം.” എന്ന് ഞാൻ പറഞ്ഞതോടെ അയാളുടെ മുഖത്ത് സന്തോഷത്തിന്‍റെ ഒരല ഉയരുന്നത് ഞാൻ ഒളികണ്ണാലെ ശ്രദ്ധിച്ചു.
രാത്രിയിൽ ആയിഷയെ കാണാനായി ഞാനവളുടെ മുറിയിൽ ചെന്നു. അവൾ തനിച്ചായിരുന്നു അപ്പോൾ. ഞാനവളുടെ അടുത്തു ചെന്നിരുന്നു.
“ഇന്ന് ഞാൻ അയാളെ കണ്ടിരുന്നു.” ഞാൻ അവളുടെ മുഖഭാവം സസൂക്ഷ്മം നിരീക്ഷിച്ചു. ഇല്ല, മുഖത്ത് ഒരു ഭാവമാറ്റവുമില്ല.
“എനിക്കറിയാം.” അവൾ നിർവികാരയായി പറഞ്ഞു.
“നീ എന്തിനാ, ആയിഷേ ഒളിച്ചോടുന്നത്. നിനക്കറിയാമോ സ്നേഹം എല്ലാ വേദനകളെയും മായ്ക്കും?” അതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു.
“പ്ഫൂ സ്നേഹം, വേദനയെ മായ്ക്കുമെന്നോ. അത് പുതിയ വേദന ഉണ്ടാക്കും! എല്ലാം സ്വാർത്ഥതയാ.” അവളുടെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി.
“ആയിഷാ,” ഞാനവളുടെ ചുമലിൽ പിടിച്ചു. “നീ ആരിൽ നിന്നാ ഇങ്ങനെ ഒളിച്ചോടുന്നത്. ഇന്നെനിക്ക് അതിന്‍റെ കാരണമറിയണം. എന്താണെന്ന് പറയൂ.”
അവളുടെ മുഖത്ത് ഒരിക്കലും കാണാത്ത ഒരു വിഷാദഭാവം നിറഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാനവളെ ചേർത്ത് പിടിച്ച് ചുമലിൽ തലോടി.
“ആയിഷ, എന്നോട് പറഞ്ഞുകൂടെ, എനിക്ക് നിന്‍റെ മനസ്സ് കാണാനാവും. എന്നിൽ നിന്നും നീയൊന്നും ഒളിക്കണ്ട, ഒന്ന് തുറന്നു പറഞ്ഞൂടെ?”
“ശ്രുതി നാല് വർഷം മുമ്പ് ഏതൊരു പെണ്ണിനേയും പോലെ പ്രണയത്തിനായി ദാഹിച്ചവളായിരുന്നു ഞാൻ. പ്രണയം എനിക്കും മനോഹരമായ അനുഭവമായിരുന്നു. എനിക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. സ്നേഹിച്ചയാൾക്കൊപ്പം ജീവിതകാലം മുഴുവനും പങ്കുവയ്ക്കാൻ ആഗ്രഹിച്ചവളായിരുന്നു.
ഗൗതം, അതായിരുന്നു അവന്‍റെ പേര്. ഞങ്ങളുടെ പ്രണയം കോളേജിൽ പരസ്യമായിരുന്നു. ഞങ്ങളൊരുമിച്ചുള്ള ജീവിതം ഞാനൊത്തിരി സ്വപ്നം കണ്ടിരുന്നു. പക്ഷേ… ഒടുവിൽ അയാളുടെ തനിനിറം ഞാൻ കണ്ടു.
എന്‍റെ കയ്യിലും മുതുകിലും വെളുത്ത എന്തോ പാടുകളുണ്ടായി. ആദ്യം ഞാനത് അവഗണിച്ചു. എന്തോ വൈറ്റമിൻ ഡെഫിഷ്യൻസിയാണെന്ന് കരുതി. പക്ഷേ ദിവസം ചെല്ലുന്തോറും പാട് കൂടുതൽ തെളിഞ്ഞു വന്നു. ഡോക്‌ടറെ കാണിച്ചു. അപ്പോഴാണ് വെള്ളപാണ്ഡ് ആണെന്ന വിവരം ഞാനറിയുന്നത്. അന്ന് ഞാനനുഭവിച്ച വിഷമം എത്രയാണെന്ന് നിനക്കറിയാമോ? ഇക്കാര്യം ഞാനുടൻ തന്നെ ഗൗതമിനെ അറിയിച്ചു. പക്ഷേ പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല അവന്‍റേത്. അവന്‍റെ സമീപനത്തിലാകെ ഒരു മാറ്റം സംഭവിച്ചു. എന്നെ ഒഴിവാക്കാൻ മനപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു. നേർക്കുനേർ കണ്ടാലും കണ്ടഭാവം നടിച്ചില്ല.
ഈ രോഗത്തേക്കാൾ അവന്‍റെ അവഗണനയാണ് എന്നെ കുത്തിനോവിച്ചത്. നേരെ മറിച്ച് അവനായിരുന്നു ഈ രോഗം വന്നിരുന്നതെങ്കിൽ ഞാനൊരിക്കലും കൈവെടിയുമായിരുന്നില്ല. പിജി എക്സാം കഴിഞ്ഞശേഷം ഞാനിതേപ്പറ്റി അവനോട് ചോദിച്ചു. അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിക്കാനാവില്ലെന്നായിരുന്നു അവന്‍റെ മറുപടി. കാരണം അതായിരുന്നില്ലെങ്കിലും പൊള്ളയായ മറുപടി എന്നെ ശരിക്കും കരയിപ്പിച്ചു.” ആയിഷ പതിയെ ചുരിദാറി ന്‍റെ കൈമുകളിലേക്ക് ഉയർത്തി അവളുടെ കൈത്തണ്ടയിൽ പലയിടത്തുമുള്ള വെളുത്ത പാടുകൾ എന്നെ കാണിച്ചു തന്നു.
ഒരു നിമിഷം ഞാൻ സ്‌തബ്ദയായി നിന്നു. “ഇനി ആരെയും പ്രണയിക്കില്ലെന്ന് ഞാനന്ന് എടുത്ത തീരുമാനമാണ്. പ്രണയം… ആ വാക്കുപോലും ഇന്നെനിക്ക് വെറുപ്പാ. ആരും ഇതിന്‍റെ പേരിൽ എന്നെ സഹതാപത്തോടെ കാണരുത്. ആരുടേയും തിരസ്ക്കാരവും എനിക്ക് സഹിക്കാനാവില്ല.”
“ഇതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണ് ആയിഷ” ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ഗൗതമിന്‍റെ പ്രണയം യാഥാർത്ഥ്യമായിരുന്നില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് അത് തകർന്നത്. അതൊരു കണക്കിന് നല്ലതല്ലേ. സത്യമായതേ നിലനിൽക്കൂ. പ്രകാശിന്‍റെ കണ്ണുകളിലും മനസ്സിലും നീ മാത്രമേയുള്ളൂ. അതുകൊണ്ടല്ലേ നീ അയാളെ പൗരുഷമായി അവഗണിച്ചിട്ടും അയാൾ നിനക്ക് പിന്നാലെ നടക്കുന്നത്. അയാളുടെ സ്നേഹം സത്യമാണ്.”
“ഞാനെങ്ങനെ വിശ്വസിക്കും ശ്രുതി.” ആയിഷയുടെ മുഖത്ത് ആകുലത നിഴലിച്ചു.
“നിനക്ക് അയാളോടൊന്ന് തുറന്ന് സംസാരിച്ചുകൂടെ, അതു കഴിഞ്ഞ് നോക്കാം എന്താ സംഭവിക്കുന്നതെന്ന്. അവന്‍റെ മറുപടി പോസിറ്റീവായിരിക്കും, അത് തീർച്ചയാണ്.” ആയിഷയുടെ ചുമലിൽ പിടിച്ച് ഞാൻ യാചനാ സ്വരത്തിൽ പറഞ്ഞു.
“ഒകെ, അതും പരീക്ഷിച്ച് നോക്കാം. മനുഷ്യൻ ഒരു പരീക്ഷണ വസ്തുവല്ലേ.” ആയിഷ പരിഹാസ സ്വരത്തിൽ പറഞ്ഞു.
തിടുക്കപ്പെട്ട് ഞാനെന്‍റെ മൊബൈൽ ഫോണെടുത്ത് അവൾക്ക് കൊടുത്തു. അതിൽ പ്രകാശിന്‍റെ നമ്പർ ഞാൻ സേവ് ചെയ്തിരുന്നു. അവൾ പ്രകാശിന്‍റെ ഫോണിലേക്ക് വിളിച്ചു. അതിനു ശേഷം അവൾ ഫോണിന്‍റെ സ്പീക്കർ ഓൺ ചെയ്തു. മറുവശത്ത് പ്രകാശ്…
“പ്രകാശ് ഞാൻ ആയിഷയാണ്, എനിക്ക് നിങ്ങളോട് സംസാരിക്കണം. ഇപ്പോ.. ഈ സമയത്ത് നിങ്ങൾ ഫ്രീയാണോ?”
“തീർച്ചയായും, പറഞ്ഞോളൂ.” പ്രകാശിന്‍റെ ശബ്ദത്തിൽ എന്തെന്നില്ലാത്ത സന്തോഷവും ആവേശവും പ്രകടമായിരുന്നു.
“പ്രകാശ്, നിങ്ങളെപ്പറ്റി ശ്രുതി എന്നോട് പറഞ്ഞു. പക്ഷേ അതിന് മുമ്പായി നിങ്ങൾ ഒരു സത്യം അറിയേണ്ടതുണ്ട്. അതറിയുമ്പോൾ നിങ്ങൾക്ക് എന്നോടുള്ള സ്നേഹം നഷ്ടപ്പെടും” ആയിഷ നിർവികാരയായി പറഞ്ഞു.
“അങ്ങനെ എന്തു കാര്യമാണ് ആയിഷ?” പ്രകാശ് ശാന്തനായി ചോദിച്ചു.
“മറ്റൊന്നുമല്ല, കൂടുതൽ വളച്ചുകെട്ടില്ലാതെ പറയാം. എന്‍റെ ശരീരത്തിൽ വെളുത്ത പാടുകളുണ്ട്. തുറന്നു പറഞ്ഞാൻ വെള്ളപാണ്ഡ്. അതൊരിക്കലും ശരിയാവുകയില്ല. മുതുകിലും കയ്യിലും കഴുത്തിലും അങ്ങിങ്ങായുണ്ട്. ഇനി നിങ്ങൾക്ക് നിങ്ങളുടെ തീരുമാനം ഒട്ടും വിഷമിക്കാതെ പറയാം.”
“എന്‍റെ തീരുമാനം എന്തിന് മാറ്റണം? ആര് പറഞ്ഞു ആ പാടുകൾ മാറ്റാനാവില്ലെന്ന്? അതൊക്കെ ചികിത്സിച്ച് ഭേദമാക്കാനാവും. മാറാൻ സമയമെടുക്കുമെന്ന് മാത്രം. ഇനി അഥവാ ശരിയായില്ലെങ്കിലും എനിക്ക് യാതൊരു വെറുപ്പോ ദേഷ്യമോ ഇല്ല. പരസ്‌പരമുള്ള കുറ്റവും കുറവും അംഗീകരിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് പ്രണയം. നാളെ എന്‍റെ ശരീരത്തിൽ എന്തെങ്കിലും രോഗം പിടിപ്പെട്ടാൽ ആയിഷ എന്നെ ഉപേക്ഷിക്കുമോ? ഇല്ലല്ലോ. ആയിഷ… ഇതെല്ലാം കേട്ടുകൊണ്ട് എന്‍റെ അമ്മ തൊട്ടടുത്തു തന്നെയുണ്ട്. എന്‍റെ അമ്മയ്ക്കും സമ്മതമാണ്.”
ആയിഷ എന്നെ തന്നെ നോക്കിയിരുന്നു. അവൾ മറുപടി പറയാൻ വാക്കുകളില്ലാതെ കുഴങ്ങി. ഞാനവളെ നോക്കി സമ്മതഭാവത്തിൽ തലയാട്ടി. “സമ്മതമാണ്” അവളുടൻ തന്നെ ഫോൺ കട്ട് ചെയ്ത‌് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറെ കാലത്തിനു ശേഷം പെയ്ത സങ്കടമഴ… അവളുടെ മനസ്സിൽ വീണ്ടും പുതിയ വെളിച്ചം പരന്നു.
സ്നേഹം കൊണ്ട് ഒന്ന് വെറുതെ തൊട്ടാൽ പോലും ആർദ്രമായി പോകുന്ന മനസ്സായിരുന്നു അവളുടേത്. വഴക്കാളി, തന്‍റേടി, ധിക്കാരി…അവളുടെ പഴയ ഇമേജിലൂടെ ഞാൻ വെറുതേ നടന്നു… വളരെ തെറ്റായിട്ടാണ് ഈ ലോകം മനുഷ്യരെ മനസ്സിലാക്കുന്നത്!





