ഓഫീസിലെ ചില വർക്ക് തീർത്ത സന്തോഷത്തിലായിരുന്നു ഞാൻ. ഓഫീസിൽ അത്യാവശ്യം സ്ഥലം ഉണ്ടായിരുന്നു. ഒരു ഭാഗം വിഭജിച്ച് ആ ഭാഗം ഒരു അധിക വരുമാനത്തിനായി ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. അതും നടപ്പിൽ വരുത്തുകയും ചെയ്തു.
അതിനായി ഒരു സിറോക്സ് മെഷീനും അനുബന്ധ സാങ്കേതിക സൗകര്യവും ഞാൻ ഏർപ്പാടാക്കി. ഇതെല്ലാം നോക്കി നടത്താൻ വിവരസാങ്കേതിക വിദ്യ പരിജ്ഞാനമുള്ള ഒരു പയ്യനെയും നിയമിച്ചു. പയ്യൻ ആത്മാർത്ഥതയുള്ളവനും വിശ്വസിക്കാവുന്നവനുമാണ്. വലിയ വിദ്യഭ്യാസമില്ലെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനമുണ്ട്.
പയ്യൻ അടുത്തുള്ള വർക്ഷോപ്പിലെ കണക്കപ്പിള്ളയായിരുന്നു. വർക്ഷോപ്പിലെ ജോലി രാജിവച്ചുവന്നതാണ്. അവിടുത്തെ പൊടിയും അഴുക്കും പുരണ്ട അന്തരീക്ഷം മനസ്സിൽ പിടിക്കാഞ്ഞു പിരിഞ്ഞു പോന്നതാണെന്നാണവൻ എന്നോടു പറഞ്ഞത്. എന്നോടൊപ്പം കൂടിയ അന്നുമുതൽ എല്ലാദിവസവും അയാൾ വൈകുന്നേരം അന്നന്നത്തെ കണക്കുകൾ കൃത്യമായി തന്നുപോന്നിരുന്നു.
ഓഫീസിൽ ഒരാൾ എന്നെ കാണാൻ വന്നിരിക്കുന്നെന്നു പറഞ്ഞ് ആ പയ്യൻ ജോമി എന്നെ വിളിച്ചപ്പോൾ ഞാൻ ഉടനെത്തന്നെ ഓഫീസിലേക്കു പുറപ്പെട്ടു. ഓഫീസിന്‍റെ ചുറ്റു ഗോവണികയറി ബാൽക്കണിയിൽ ഒരു കസേരയിൽ ഇരുന്ന് പുറം വീക്ഷിച്ചിരിക്കുന്ന ആളെ ഞാൻ അപ്പോൾ പ്രതീക്ഷിച്ചതേ ഇല്ല.
വില്ലിയങ്കിൾ!
എന്നെ കണ്ടതും നിറഞ്ഞ ചിരിയോടെ അയാൾ എന്നെ അഭിവാദ്യം ചെയ്തു. കുശലാന്വേഷണങ്ങൾക്ക് തുടക്കമിട്ടു. അയാൾ ഓഫീസിൽ വന്നതെന്തിനാണെന്ന് എനിക്ക് പിടികിട്ടിയില്ലെങ്കിലും ഞാൻ അയാളെ ഓഫീസിനകത്തേക്ക് ക്ഷണിച്ചു. അകത്ത് കയറി ഇരുന്നു വിശ്രമിക്കാമായിരുന്നല്ലോ എന്ന് പരിഭവിച്ചു.
അപ്പോഴാണ് അയാൾക്കരികിൽ ഇരുന്നിരുന്ന ഏതാനും വലിയ സഞ്ചികൾ ശ്രദ്ധിച്ചത്. ഞാൻ അത് ശ്രദ്ധിച്ചപ്പോൾ അയാൾ അതൊന്നൊന്നായി തുറന്ന് കാണിക്കാൻ തുടങ്ങി. പലതരം ഫലങ്ങളുടെ തൈകൾ. ചിലത് മൊട്ടിട്ടും ചിലതിൽ പിഞ്ചുകായ്കൾ പിടിച്ചും കാണപ്പെട്ടു. മറ്റൊരു സഞ്ചിയിൽ അടുക്കള ആവശ്യത്തിനുള്ള പച്ചക്കറി തൈകൾ. അതിൽ മെറൂൺ നിറത്തിൽ നീണ്ട വെണ്ടക്ക പിടിച്ചിരിക്കുന്ന ചെടി ഞാൻ പ്രത്യേകമായി ശ്രദ്ധിച്ചു.
പിന്നെ തൈ പരിപാലനത്തിനാവശ്യമായ ചില ഉപകരണങ്ങൾ. അയൽപക്കത്തെ പ്രേതബാധയെന്ന പ്രശ്നം പരിഹരിക്കാനുള്ള ഉറുപ്പടികളാണിവ എന്ന് എനിക്ക് ബോധ്യപ്പെട്ടു. ശരി. ഓഫീസും പരിസരവും കൂടി പച്ചപ്പിലേക്കു കൊണ്ടുവരുന്നതിൽ എനിക്ക് സന്തോഷം തോന്നി. പച്ചപ്പിന്‍റെ പരിപാലനം ജോമിയെ ഏൽപ്പിക്കുകയും ചെയ്യാം.
എന്നാൽ മറ്റൊരു പ്രശ്നത്തിന് ഉപദേശം തേടിയാണ് അയാൾ വന്നതെന്ന് തുടക്കത്തിൽ എനിക്ക് മനസ്സിലായില്ല. അയാളുടെ മകനുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു അത്. ഒരു ഉപദേശം തേടൽ. അതുമാത്രമേ അയാൾ ഉദ്ദേശിച്ചിരുന്നുള്ളൂ.
ജോമി കൊണ്ടുവന്ന മസാലച്ചായ ഒരു തുണ്ട് കുടിച്ച് ചുണ്ട് തുടച്ച്, ഞാൻ സ്ഥിരമായി അതിഥികൾക്ക് നൽകിപ്പോരാറുള്ള മധുരമില്ലാത്ത ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിച്ചുകൊണ്ടു അയാൾ പറഞ്ഞുതുടങ്ങി. അയാളുടെ മകൻ അകപ്പെട്ട ഒരു കുരുക്കായിരുന്നു സംസാര വിഷയം.
വില്ലിയങ്കിളിന്‍റെ മകൻ നാലഞ്ചു വർഷം മുൻപ് ആൻഡമാനിൽ ജോലി ചെയ്തിരുന്ന സമയത്ത്, മകൻ ജോലി ചെയ്തിരുന്ന ഓഫീസിന്‍റെ ഹെഡ്‌ക്വാർട്ടേഴ്സിൽ ജോലി ചെയ്തിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ, അയാളിൽ നിന്നു ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത തിക്താനുഭവത്തെക്കുറിച്ചായിരുന്നു വില്ലിയങ്കിളിന് അന്നേരം എന്നോട് പറയാനുണ്ടായിരുന്നത്.
ചെടികൾ വാങ്ങാൻ ഞാൻ വീട്ടിൽ ചെന്നപ്പോൾ വിവരങ്ങൾ പറയാൻ ഇയാൾ മടിച്ചു. പിന്നീട് മകനോട് എന്നെപ്പറ്റി സംസാരിച്ചു കാണും. മകൻ ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിക്കുവാൻ സമ്മതം മൂളിക്കാണും. അതാണിപ്പോൾ ഫലവർഗ്ഗ തൈകളുമായി വരാൻ കാരണം.
തെല്ലു നിറുത്തി ചിലപ്പോഴൊക്കെ ചെറിയ ഇടവേളകൾ എടുത്ത്, അല്പം ചായ ഒത്തിക്കുടിച്ച്, സാവധാനം വില്ലിയങ്കിൾ പറഞ്ഞുതുടങ്ങി.
ദൈനംദിന അഡ്മിൻ റിപ്പോർട്ടുകൾ മേൽപ്പറഞ്ഞ ഓഫീസറുടെ ചെക്കിംഗ് വഴിയാണ് ഉയർന്ന ഓഫീസിലേക്കു പോകാറ്. അങ്ങനെയാണ് മകൻ ഓഫീസറുമായി പരിചയം. അതല്ലാതെ യാതൊരു മുൻപരിചയവും ഓഫീസറുമായി ഇല്ല.
അയാൾ പറഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു. അങ്ങനെ അയാൾ എല്ലാം പറഞ്ഞുതീർന്നപ്പോൾ നെറ്റിയിൽ നിന്നു വിയർപ്പുചാലുകൾ താഴോട്ടിറങ്ങുന്നതു ഞാൻ ശ്രദ്ധിച്ചു.
പ്രേതബാധയെ പോലീസിന് പരാതി കൊടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ, ആ വിഷയത്തിലും എന്‍റെ ഇടപെടൽ അയാൾ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയിൽ പ്രേതശല്യം സ്വൽപം രൂക്ഷമായിരുന്നത്രേ. രാത്രിയിലെ ബഹളത്തിനുപുറമേ, പിറ്റേന്ന് വീട്ടിന്‍റെ വരാന്തയിൽ ആരോ നിക്ഷേപിച്ച ചെളിയും, ചിതലരിച്ച തടിക്കഷണങ്ങളും, ഉണങ്ങിയ പൂക്കളും, ജീവികളുടെ മൃതാവശിഷ്ടങ്ങളും വില്ലിയങ്കിൾ കാണുകയുണ്ടായി.
ഈ പ്രായത്തിലും മറ്റാരേയും ആശ്രയിക്കാതെ, ഒന്നു രണ്ടാളുകൾക്ക് തൊഴിലും നൽകി ജീവിക്കുന്ന അയാൾക്ക് നേരിട്ട ദുരനുഭവങ്ങളിൽ എനിക്ക് ഖേദം തോന്നി.
എന്നാലാകുന്നവിധം അയാൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നുരണ്ടു ദിവസത്തിനകം നിർദേശിക്കാമെന്ന് പറഞ്ഞ് ഞാൻ അയാളെ യാത്രയാക്കി. ഞാൻ തിരിച്ചുവന്ന് തെല്ലിടനേരം കസേരയിൽ ഇരുന്നു.
വില്ലിയങ്കിൾ ചായ മുഴുവൻ കഴിച്ചിരുന്നില്ലെന്ന് ഞാൻ കണ്ടു. അര ഗ്ലാസ് ചായ എടുത്ത് ഞാൻ വാഷ്‌ബേസിനിൽ ഒഴിച്ചുകളഞ്ഞു. ബാൽക്കണിയിൽ ഇരിക്കുന്ന ചെടികൾ അകത്തേക്ക് എടുത്തുവയ്ക്കാനും അവ ഓഫീസിന്‍റെ പരിസരങ്ങളിൽ തന്നെ വൃത്തിയായി ക്രമീകരിക്കാനും ജോമിയോട് നിർദേശിച്ച് ഞാൻ ചുറ്റു ഗോവണിയിറങ്ങി നിരത്തിലേക്കിറങ്ങി.
അന്തരീക്ഷത്തിൽ പൊടി തങ്ങിയ വഴിത്താരകൾ പിന്നിട്ട് ഞാൻ ബീച്ച് റോഡിലേക്കിറങ്ങി. ബീച്ച് റോഡിൽ സാവധാനം ആളത്തിരക്ക് ഏറിക്കൊണ്ടിരുന്നു. ബീച്ച് റോഡ് പിന്നിട്ട് ഞാൻ ബീച്ചിലെ പഞ്ചാര മണലിലേക്കിറങ്ങി.
സായാഹ്നത്തെ കച്ചവടം ലക്ഷ്യം വച്ച് സർബത്ത് കടകളും തട്ടുകടകളും സജീവമായി വരുന്നു. അല്പം നടക്കണം. നേരത്തെ തുറക്കുന്ന ഒരു കടയുണ്ട്. എഗ് വിഭവങ്ങളാണ് അവിടെ ലഭിക്കാറ്.
പുഴുങ്ങിയും, പാതി വേവിച്ചും, വേവിച്ച ഗ്രീൻപീസിനോടൊപ്പം മിക്സ് ചെയ്തും ബ്രഡിനൊപ്പവുമെല്ലാം എഗ് വിഭവങ്ങൾ അവിടെ ലഭിക്കും. ഒരു പ്രത്യേകതരം മസാലപ്പൊടിയാണ് അവിടുത്തെ ഒരു ആകർഷണം. പുഴുങ്ങിയ മുട്ട മുറിച്ച് തൂകുന്ന ആ മസാലപ്പൊടി നാവിനെ മയക്കുന്ന ഒരു രുചിക്കൂട്ടാണ്. എരിവും പുളിയും ഉപ്പും സമാസമം ചേർന്ന ആ പൊടിയുടെ രുചി മറ്റൊരിടത്തുനിന്നും ആസ്വദിക്കാനായിട്ടില്ല.
രസമുകുളങ്ങളിൽ സുഖകരമായ ഒരു അന്തൽ തീർക്കുന്ന ആ മസാലക്കൂട്ടിട്ട വിഭവത്തിനുശേഷം, ആന്തൽ ശമിപ്പിക്കാൻ ഇളം മധുരവും തണുപ്പുള്ള ഇളനീർ സർബത്തും കടയിൽ തയ്യാറായിരിക്കും.
ആ കടയുടെ അരികെ ചുവപ്പും പച്ചയും കായ്കൾ പിടിച്ചുനിൽക്കുന്ന മരത്തിനു താഴെ ഇട്ടിരിക്കുന്ന സിമന്‍റ് ബെഞ്ചിൽ ഇരുന്ന് കടൽ കാണൽ ഒരു അനുഭവമാണ്. ആ അനുഭവം ഒരുനാൾ കൂടി ആസ്വദിക്കാൻ നിശ്ചയിച്ച് ചൂടുപറ്റിയ മണലിലൂടെ ധൃതിപ്പെട്ട് ഞാൻ നടന്നു.
പ്രതീക്ഷിച്ച പോലെ കട തുറന്നിരിക്കുന്നു. ഞാൻ മുകളിലേക്കു നോക്കി. വൃക്ഷത്തിൽ തുരുതുരെ പച്ചക്കായ്കൾ പിടിച്ചിരിക്കുന്നു. അവയ്ക്കിടയിൽ പാകം വന്ന ചുവന്ന കായ്കളുമുണ്ട്.
കൂട്ടത്തോടെ വന്നു ചേക്കേറുന്ന ചെറുകിളികളാണ് ഈ കായ്കളുടെ പ്രധാന ഗുണഭോക്താക്കൾ. അവ പറ്റം പറ്റമായി മരഞ്ചില്ലകളിൽ തമ്പടിച്ചിട്ടുമുണ്ട്. പക്ഷികളെ ഞാൻ അത്ഭുതത്തോടെയും ബഹുമാനത്തോടെയും ആണ് കാണുന്നത്.
കോടാനുകോടി വർഷം ഭൂതലം മുഴുവൻ അടക്കി ഭരിച്ച ദിനോസറുകൾ ലോപിച്ചുണ്ടായ പക്ഷിക്കൂട്ടങ്ങളെ ആദരവോടെ മാത്രമേ കാണാനാകൂ. അവയുടെ ശബ്ദങ്ങൾ അലോസരം ഉണർത്തുന്നതാണെങ്കിലും അതങ്ങു സഹിക്കാമെന്ന് തീരുമാനിച്ച് ഞാൻ ഒരു ഡബിൾ ഓംലെറ്റിന് ഓർഡർ ചെയ്തു. വേവിച്ചുടച്ച ഗ്രീൻപീസ് മറ്റൊരു പ്ലേറ്റിൽ തരാൻ ഞാൻ ആവശ്യപ്പെട്ടു. അവ രണ്ടും മിക്സ് ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.
കടക്കാരൻ കലാപരമായി ഓംലെറ്റിനെ തവികൊണ്ട് ചുറ്റി വട്ടം വയ്പ്പിക്കുന്നതു ഞാൻ കൗതുകത്തോടെ നോക്കിനിന്നു. തുടർന്ന് വൃത്തത്തിൽ ഇളം തവിട്ടുനിറത്തിലുള്ള പൊടി ഇട്ട് വാഴയിലയിലേക്കു കുടഞ്ഞിട്ട് എനിക്കു നേരെ നീട്ടി. മറ്റൊരു പ്ലേറ്റിൽ മഞ്ഞച്ച് വേന്തുടഞ്ഞ ഗ്രീൻപീസും. ഞാൻ അത് അല്പാല്പമായി എടുത്തു കഴിക്കാൻ ആരംഭിച്ചു.
മുൻപിൽ ഇരുണ്ട അറ്റം കാണാത്ത കടൽ. വെള്ളത്തിനുമുകളിൽ കടൽകാക്കകളും പേരറിയാ പക്ഷികളും വട്ടമിട്ടു. തിരതല്ലുന്ന കടൽ. അനാദിയായ രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച കടൽ. ബീച്ചിലെ മരഞ്ചിലകളിൽ വട്ടം ചുറ്റുന്ന ചുഴിഞ്ഞു കുത്തുന്ന കാറ്റ്.
ഞാൻ വില്ലിയങ്കിൾ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. പ്രേതബാധയുടെ പുറകിലുള്ള സത്യം എന്തെന്നറിയാൻ ആ പെട്ടിപ്പൊളിഞ്ഞ വീട്ടിൽ പോകേണ്ടതായി വരും. സത്യത്തിൽ അങ്ങനെയെന്തെങ്കിലും ആ വീട്ടിൽ ഉണ്ടോ?
ഇന്നുവരെ ജീവിതത്തിൽ പാരാനോർമൽ അനുഭവങ്ങളൊന്നും നേരിട്ടിട്ടില്ല. സുഹൃത്തുക്കൾ പങ്കുവച്ച ചില പ്രേതാനുഭവങ്ങൾക്ക് കേൾവിക്കാരനായ് ഇരുന്നിട്ടുണ്ട്. അപ്പോഴെല്ലാം ഇത്തരം അനുഭവങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് മനസ്സിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
വിഷയത്തെക്കുറിച്ച് ഗഹനമായ അറിവുമില്ല. എന്നാൽ വല്ലപ്പോഴും അറിവ് നേടാൻ വേണ്ട ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടുണ്ട്.
ഹാർഡ് വെയർ–സോഫ്റ്റ് വെയർ പോലെ ദേഹം– ദേഹി എന്നാണു ഞാൻ ധരിച്ചുവച്ചിരിക്കുന്നത്. ഊർജ്ജത്തിന്‍റെ ഒരു പടലമാണ് ദേഹത്തിൽ വിലയിച്ചിരിക്കുന്ന ദേഹി. പരസ്പരബന്ധിതമായി, പരസ്പരപൂരകമായി നിലകൊള്ളുന്ന ദേഹി–ദേഹ പാരസ്പര്യത്തിൽ നിന്നുമാണ് ദേഹിയുടെ വിടുതലെന്നാണു മരണമെന്ന സത്യം.
ദേഹം മുഴുവൻ വിലയിച്ച ഊർജ്ജപടലമായി ദേഹിയെ കണക്കാക്കാം. ഊർജ്ജസിദ്ധാന്തം അനുസരിച്ച് ഊർജ്ജത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്കു മാറ്റാനേ കഴിയൂ. അതുകൊണ്ടുതന്നെ ദേഹം വിട്ടകലുന്ന ദേഹി നശിപ്പിക്കപ്പെടുന്നില്ല. പ്രകൃതിയിൽ വിലയിക്കുകയാവാം!
ഊർജ്ജത്തിന്‍റെയും പദാർത്ഥം അഥവാ ദ്രവ്യത്തിന്‍റെയും മഹാപടലമായ പ്രപഞ്ചത്തിൽ ലീനമായ മഹാഊർജ്ജത്തിൽ ചെന്നു ഭാഗഭാക്കാകുകയുമാകാം. പൗരാണിക ദർശനങ്ങളിൽ പരാമർശിക്കുന്ന ബ്രഹ്മം എന്നുള്ളതു ഈ മഹാഊർജ്ജപടലമാണല്ലോ. അല്ലെങ്കിൽ ഭൂമിയിൽ തന്നെയൊരു പുതിയ വാസസ്ഥലം തേടുകയുമാകാം.
“ഞാൻ ജനിച്ചുമില്ല, മരിച്ചുമില്ല, ഭൂമി ഒരിക്കൽ സന്ദർശിച്ചു” എന്നൊരു ദാർശനികൻ പറഞ്ഞത് ഈ ചിന്തയോടുകൂടി വായിക്കേണ്ടതാണ്.
ജീവിതകാലയളവിനുള്ളിൽ ചെയ്തുകൂട്ടുന്ന കർമ്മപരമ്പരയാണോ ആത്മാവിന്‍റെ മുന്നോട്ടുള്ള വഴിയും ഭാവിയും ലക്ഷ്യവും തെളിയിക്കുന്നത്? അല്ലെങ്കിൽ വിധിയോ?
വിധിയെപ്പറ്റി ചിന്തിക്കുന്നോൾ പാപ– പുണ്യങ്ങളുടെ കണക്കെടുക്കേണ്ടിവരും. ജീവിതത്തിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ ആത്മോർജ്ജത്തിന്‍റെ മികച്ച വിധിയിലേക്കു വഴി തെളിയിക്കുമെന്നു ഭംഗ്യന്തരണ്യേ പറയാമെങ്കിലും, പുണ്യപ്രവൃത്തികൾ ഏത്? പാപകർമ്മങ്ങൾ ഏത്? എന്നതിന്‍റെ പഴുതില്ലാത്ത നിർവ്വചനം ആ ഘട്ടത്തിൽ ആവശ്യമായിവരും.
അത് ബന്ധപ്പെട്ടിരിക്കുന്നത് സാഹചര്യത്തെയും ഇടപെടുന്ന മനുഷ്യരെയും. മനുഷ്യൻ താൻ കടന്നുവന്ന സാഹചര്യത്തിൽ ആർജിച്ച, മനസ്സിൽ രൂഢമൂലമായ പാപ–പുണ്യബോധ്യത്തെ മുൻനിർത്തി അവൻ ധർമ്മത്തെയും അധർമ്മത്തെയും വിലയിരുത്തുന്നു.
അതും മറ്റൊരുവന്‍റെ അനുഭവത്തിലൂടെ ആർജ്ജിച്ച പാപ–പുണ്യ ബോധത്തിൽ നിന്നു തുലോം വിഭിന്നവുമാണ്. ഒരേ സാഹചര്യത്തിൽ മനുഷ്യന്‍റെ പ്രതികരണം ഒരേപോലെയാവില്ലല്ലോ.
ഏതായാലും പാപ– പുണ്യങ്ങളെ യഥാവിധി വേർതിരിച്ച് നെല്ലും പതിരും വേർതിരിക്കുന്ന അരി പോലെ സർവ്വത്തിന്‍റെയും നാഥനിലുണ്ട് എന്ന വിശ്വാസത്തിൽ മുന്നോട്ടു പോകാം. ഏതായാലും മനുഷ്യ മേധയെ നിരന്തരം പരീക്ഷിക്കുന്ന പ്രഹേളികയ്ക്ക് ഉത്തരം നൽകാൻ ഞാൻ ആളല്ല. എന്നാൽ വില്ലിയങ്കിളിന്‍റെ പ്രശ്നങ്ങൾക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥനാണു താനും.
ഒറ്റക്ക് ആ പ്രദേശത്തു പോകാൻ ഉൾഭയമുണ്ട്. ഒരാളെ കൂടെ കൂട്ടണം. പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് ജോമിയായിരുന്നു. അല്പസ്വല്പം ധീരസാഹസികതയിൽ താത്പര്യമുള്ള, പാരാനോർമൽ സംഭവങ്ങളിൽ കൗതുകമുള്ള ജോമി. അവന്‍റെ താത്പര്യങ്ങളെക്കുറിച്ച് പലപ്പോഴും എനിക്ക് സൂചന ലഭിച്ചിരുന്നെങ്കിലും അതൊന്നും പ്രോത്സാഹിപ്പിക്കുവാൻ പറ്റിയ സാഹചര്യമൊന്നും ഇന്നോളം ഉറുത്തിരിഞ്ഞു വന്നിരുന്നില്ല. ഇപ്പോൾ വന്നുചേർന്ന സാഹചര്യം ജോമിയെ പ്രോത്സാഹിപ്പിക്കാൻ ഉതകുമായിരിക്കും.
ഇനി വില്ലിയങ്കിൾ പറഞ്ഞ രണ്ടാമത്തെ വിഷയം. തികച്ചും ഔദ്യോഗികപരമായ ഒരു പ്രശ്നത്തിന്മേൽ ഒരു നിർദേശം. അതുമാത്രമേ വില്ലിയങ്കിൾ ആവശ്യപ്പെടുന്നുള്ളൂ.
വില്ലിയങ്കിൾ വിശദരിച്ചു പറഞ്ഞുതന്ന സംഭവം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ നിഷ്കളങ്കനായ പുത്രൻ, തന്‍റെ ഓഫീസ് സംബന്ധമായ റിപ്പോർട്ടുകൾ ഒരു സർവീസ് ഓഫീസർ മുഖേന ഉയർന്ന ഹെഡ്‌ക്വാർട്ടേഴ്സിലേക്കു അയക്കുക എന്നത് ദൈനംദിന ഓഫീസ് വർക്കുകളുടെ ഭാഗമായിട്ടായിരുന്നു. അങ്ങനെ ആ ഉയർന്ന ഓഫീസറുമായി സൗഹൃദത്തിലായി.
ഒരു ദിവസം ഓഫീസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ആ ഓഫീസർ ഒരു ഫയൽ അയാൾക്കു നേരെ നീട്ടി. എന്നിട്ട് താഴ്മയോടെ ആവശ്യപ്പെട്ടു: “ഇത് എന്‍റെ അമ്മയുടെ മെഡിക്കൽ സംബന്ധമായ രേഖകളും അതിന്‍റെ കോപ്പികളുമാണ്. മെഡിക്കൽ ക്ലെയിമിനു വേണ്ടി രേഖകൾ അറ്റസ്റ്റു ചെയ്യേണ്ടതുണ്ട്. താങ്കൾ ഗസറ്റഡ് ഓഫീസറല്ലേ?”
ഓഫീസറുടെ ആ ചോദ്യത്തിന് ‘അതെ’ എന്ന് ഐസക് സന്തോഷപൂർവ്വം മറുപടി നൽകി.
കാരണം ഉന്നതനായ ആ ഉദ്യോഗസ്ഥൻ ഇങ്ങനെ ഒരു ആവശ്യം നേരിട്ട് പറഞ്ഞതിൽ ഐസക്കിന് സന്തോഷവും തെല്ലു അഭിമാനവും തോന്നി. ഐസക് ഫയൽ പരിശോധിച്ചു. എല്ലാം മെഡിക്കൽ രേഖകൾ. അവ ഒന്നൊന്നായി പരിശോധിക്കുന്നതിനിടെ അമ്മ നേരിട്ട വിഷമതകൾ ആ ഉദ്യോഗസ്ഥൻ ഐസക്കിനോട് വിവരിച്ചുകൊണ്ടിരുന്നു.
ഫയൽ പരിശോധിച്ചതിൽ ഐസക്കിന് അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയില്ല. മാത്രവുമല്ല, ഉന്നതമായ ഒരു സീറ്റിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ അവിശ്വസിക്കേണ്ടതായ കാര്യം ഒന്നും തന്നെ ഇല്ലതാനും. പേപ്പറുകളിലെല്ലാം ഒപ്പിട്ടശേഷം ഓഫീസർ നൽകിയ ചായയും സ്നാക്സും കഴിച്ച് സൗഹാർദ്ദപരമായി ഐസക് ഓഫീസ് വിട്ടിറങ്ങി.
രണ്ടു–മൂന്നു വർഷങ്ങൾക്കുശേഷം ഐസക്കിന് സ്ഥലം മാറ്റമായി. പുതിയ സ്ഥലവും പരിസരവും. ആ പുതിയ സ്ഥലവുമായി ഐസക് പതുക്കെ പതുക്കെ പൊരുത്തപ്പെട്ടുതുടങ്ങിയതേ ഉള്ളൂ.
അപ്പോഴാണ് ഒരു അപരിചിതമായ ഫോൺ നമ്പർ കാണിച്ചുകൊണ്ടുള്ള കോൾ വന്നത്. ആ ഫോൺ വിളിയുടെ രത്നച്ചുരുക്കം ഇതായിരുന്നു “ഇവിടെ പരാതികൾ ലഭിച്ചതിൽ പ്രകാരം സർവീസ് ചട്ടം അനുസരിച്ചും മേൽപ്പറഞ്ഞ ഉന്നത ഉദ്യോഗസ്ഥനെതിരെ കോടതി നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. താങ്കളും ഇവിടെ നടന്നു കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമാണ്. അതിനാൽ തെളിവു ശേഖരണാർത്ഥം താഴെ പറയുന്ന ദിവസങ്ങളിൽ ഹാജരാക്കുക.”
ആദ്യമൊന്ന് അമ്പരന്നെങ്കിലും, ഇക്കാര്യത്തിൽ തനിക്ക് എന്ത് തെളിവുതരാനെന്ന ചിന്തയിൽ ഐസക് ആ നിർദ്ദേശം അവഗണിച്ചു.
അടുത്ത ആഴ്ച വീണ്ടും കോൾ. ഒപ്പം പുതുയായി ചാർജ്ജെടുത്ത ഓഫീസിലേക്കൊരു കത്തും. ഉടൻ കോടതി നടപടികൾ തുടരുന്നിടത്തേക്കെത്തിച്ചേരാൻ ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നു കത്ത്. ഫോൺ കോളിൽ കത്തയച്ചിട്ടുണ്ടെന്നും, എത്തിച്ചേർന്നില്ലെങ്കിൽ സിവിൽ കോടതിവഴി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കും എന്നും ആയിരുന്നു പറഞ്ഞിരുന്നത്.
ഫോൺ കോളിൽ കത്തയച്ചിട്ടുണ്ടെന്നും, എത്തിച്ചേർന്നില്ലെങ്കിൽ സിവിൽ കോടതി വഴി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കും എന്നും ആയിരുന്നു പറഞ്ഞിരുന്നത്. വിരണ്ടുപോയ ഐസക് ഫോൺ വിളിച്ച വ്യക്തിയോട് പല ആവർത്തി തവണ യാതൊരു ബന്ധവും ഈ വിഷയവുമായി തനിക്ക് ഇല്ലെന്നും, അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നിന്നു തന്നെ നിരുപാധികം ഒഴിവാക്കണമെന്നു അപേക്ഷിച്ചു നോക്കിയെങ്കിലും അതൊന്നും ഫലവത്തായില്ല.
ആ ഉന്നത ഉദ്യോഗസ്ഥനെതിരെ കോടതി നടപടികൾ നടന്നു കൊണ്ടിരിക്കുന്നതിനാൽ തന്നെ വിളിക്കുന്നതെന്തിനാണെന്നു ഐസക്കിന് മനസ്സിലായത് ഇല്ല. അപ്പോഴാണ് ആ പഴയ ഉന്നത ഉദ്യോഗസ്ഥൻ വിളിച്ചത്. തന്നെ ചിലർ ചേർന്ന് കുടുക്കാൻ ശ്രമിക്കുകയാണെന്നും, അമ്മയുടെ മെഡിക്കൽ രേഖകളെല്ലാം ഒറിജിനൽ കണ്ടതിനുശേഷമാണ് അറ്റസ്റ്റു ചെയ്തതെന്ന് തെളിവെടുപ്പിൽ പറയണമെന്നതുമായിരുന്ന അയാളുടെ ആവശ്യം.
അപ്പോഴാണ് അറ്റസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട എന്തോ വിഷയമാണെന്ന് ഐസക്കിന് മനസ്സിലായത്. ഒടുവിൽ രണ്ടും കല്പിച്ച് ഐസക് തെളിവെടുപ്പിനായി പുറപ്പെട്ടു. വാഹന സൗകര്യം, താമസം അങ്ങനെയുള്ള സൗകര്യങ്ങൾ എല്ലാം ആ ഉന്നത ഉദ്യോഗസ്ഥൻ ഏർപ്പാടാക്കിയിരുന്നു. അവിടെ ഐസക്കിന് ആകെ പരിചയമുള്ള ഒരു വ്യക്തിയും അയാളായിരുന്നു. എന്നിരുന്നാലും അപ്പോഴും സംഭവമെന്തെന്ന് ഐസക്കിന് ബോധ്യം വന്നിരുന്നില്ല.
പിറ്റേന്ന് തെളിവെടുപ്പിന് പോകാൻ നേരം അയാൾ കാര്യങ്ങൾ വിശദീകരിച്ചു. അമ്മയുടെ ചികിത്സക്കായി ലീവ് എടുക്കേണ്ടിവന്നു. ആ ലീവ് അനുവദിക്കുന്ന ഓഫീസർമാരിൽ അനിഷ്ടം ഉണ്ടാക്കി. അതിന്‍റെ പേരിൽ അമ്മയുടെ മെഡിക്കൽ ബിൽ പാസാക്കാതെ തടഞ്ഞുവച്ചും മറ്റും അവർ ദ്രോഹിക്കുകയാണ്.
“നിങ്ങളെ ഒരു മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവിടുന്ന് വിടുതൽ ചെയ്യാം. ആ മെഡിക്കൽ റിപ്പോർട്ട് എല്ലാം ഒറിജിനൽ കണ്ടാണ് അറ്റസ്റ്റു ചെയ്തതെന്ന് പറയുക. ആ സത്യം പറയുക. അത്രയേ ഉള്ളൂ.”
ഫോൺ കോളിൽ കത്തയച്ചിട്ടുണ്ടെന്നും, എത്തിച്ചേർന്നില്ലെങ്കിൽ സിവിൽ കോടതിവഴി അറസ്റ്റ്വാറന്റ് പുറപ്പെടുവിക്കും എന്നും ആയിരുന്നു പറഞ്ഞിരുന്നത്. വിരണ്ടുപോയ ഐസക് ഫോൺവിളിച്ച വ്യക്തിയോട് പല ആവർത്തി തവണ യാതൊരു ബന്ധവും ഈ വിഷയവുമായി തനിക്ക് ഇല്ലെന്നും, അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നിന്നു തന്നെ നിരുപാധികം ഒഴിവാക്കണമെന്നു അപേക്ഷിച്ചു നോക്കിയെങ്കിലും അതൊന്നും ഫലവത്തായില്ല.
തന്‍റെ സാമാന്യം ദീർഘമായ ഔദ്യോഗിക ജീവിതത്തിനിടയിൽ, ഉയർന്ന ഓഫീസർമാർക്കിടയിലുള്ള ഈഗോ, പിണക്കം, കുതികാൽവെട്ട് എന്നിവയെക്കുറിച്ച് ഐസക് കേട്ടും കണ്ടുമറിഞ്ഞുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ഉദ്യോഗസ്ഥനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് തോന്നി. മെഡിക്കൽ രേഖകൾ എല്ലാം പരിശോധിച്ചതും ആയതിനാൽ തെളിവെടുപ്പ് പൂർത്തിയായി.
അതിനിടെ ഉദ്യോഗസ്ഥൻ ചോദിച്ച രണ്ടു ചോദ്യങ്ങൾക്കും ഐസക് ഉത്തരം നൽകി:
താങ്കൾ അറ്റസ്റ്റു ചെയ്യാൻ അംഗീകാരമുള്ള ഉദ്യോഗസ്ഥനാണോ?”
ഒറിജിനൽ കണ്ടാണോ അറ്റസ്റ്റു ചെയ്തത്?”
രണ്ടിനും പോസിറ്റീവ് മറുപടി നൽകി. അങ്ങിനെ പ്രശ്നം തീർന്നല്ലോ എന്ന ആശ്വാസത്തോടെ തിരിച്ചു വന്നു.
പിന്നെയും മൂന്നു മാസത്തിനുശേഷം വീണ്ടും ഫോൺ കോൾ, പിന്നെ ഓഫീസിലേക്കു കത്ത്! മേൽപ്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട കോടതി നടപടികളിൽ വീണ്ടും തെളിവെടുപ്പ് നടക്കുന്നതിനാൽ വീണ്ടും പങ്കെടുക്കണമെന്നതായിരുന്നു ഉള്ളടക്കം.
ശരിക്കും പരിഭ്രാന്തനായിപ്പോയ ഐസക്കിന് ഉടൻ മാർഗ്ഗനിർദേശം വേണം. ഒരു ആഴ്ച കഴിഞ്ഞാണ് കോടതി നടപടിക്രമങ്ങൾ തുടങ്ങുന്നത്. അതിനു മുൻപ് താൻ വന്നുപെട്ട കുടുക്കിൽ നിന്നു കരകയറാൻ ഉതകുന്ന ഉപദേശം വേണം. ഈയൊരു വിഷയമാണ് വില്ലിയങ്കിളിനെ അലട്ടുന്ന രണ്ടാമത്തെ വിഷയം.
പച്ചച്ചായ മടിച്ച സിമന്‍റ് ബെഞ്ചിൽ നിന്നു ഞാൻ എഴുന്നേറ്റു. ഞാൻ ചെരിപ്പൂരി പഞ്ചാര മണലിൽ കാൽപാദം വെച്ചു. തെല്ലു നടന്നു. ചൂടു ശമിക്കാത്ത മണൽപ്പാളികൾ. അടരുകൾ. അകലങ്ങളിലെ കടൽ രൗദ്രഭാവം പൂണ്ടു തുടങ്ങിയിരുന്നു. അപ്പോഴേക്കും ആ ഭാവം പൂർണ്ണമായി ഉൾക്കൊണ്ടു കടൽത്തിരകൾ തീരത്തേക്കു കയറി തിരതല്ലാൻ തുടങ്ങി.





