വധു ഡയറ്റീഷ്യനാണെന്നറിഞ്ഞതു മുതൽ മുമ്പെങ്ങുമുണ്ടാവാത്ത ആഹ്ളാദവും ആശ്വസവും... പ്രായം ചെന്ന അച്ഛനുമമ്മയ്ക്കും ഇനി മുതൽ പോഷക സമ്പുഷ്‌ടമായ ഭക്ഷണം തരപ്പെടുമല്ലോ. ഷുഗറു കൂടിയോ പ്രഷറു കുറഞ്ഞാ എന്നൊക്കെ അറിയാൻ ടെൻഷനടിച്ച് ആശുപത്രിയിലേക്കോടി കഷ്‌ടപ്പെടുകയും വേണ്ട ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്തെല്ലാം ഒഴിവാക്കണം എന്ന് വീട്ടിലിരുന്ന് മനസ്സിലാക്കാമല്ലോ...
ഹോട്ടൽ ഭക്ഷണം മടുത്തു. ഇനി അവളുണ്ടാക്കി തരുന്ന നല്ല ഭക്ഷണം കഴിച്ച് ആരോഗ്യമൊന്നു ശരിയാക്കണം. ഞാൻ മനക്കോട്ട കെട്ടിത്തുടങ്ങി. മുമ്പ് കൈ നോട്ടത്തിലും മഷിനോട്ടത്തിലുമൊന്നും ഒരു തരി വിശ്വാസമില്ലാത്ത കൂട്ടത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇതിലും അൽപസ്വൽപം സത്യമില്ലേ എന്നു തോന്നി പോവുന്നുണ്ട്. കാര്യം മറ്റൊന്നുമല്ല..” കയ്യിൽ തള്ളവിരലിൽ അരിയുടെ ചിഹ്‌നം കാണുന്നുണ്ട്. ഭാവിയിൽ ആഹാരത്തിനും ഒരു മുട്ടും കാണില്ല.” കൈനോട്ടക്കാരൻ പറഞ്ഞത് വെറുതെയാവില്ല.
ഭക്ഷണകാര്യത്തെ ചൊല്ലി സുഹൃത്തുക്കൾ മുമ്പും തന്നെ പരിഹസിച്ചിട്ടുണ്ടല്ലോ.ഹോം സയൻസുകാരി ഭാര്യയുടെ ഭക്ഷണപ്പെരുമയേക്കുറിച്ച് എരിവും പുളിയും കൂട്ടി വാതോരാതെ സംസാരിക്കുന്ന സുഹൃത്തിനു മുന്നിൽ ഭാര്യ ഡയറ്റീഷ്യനാണെന്നു പറഞ്ഞ് ഇനിയെങ്കിലും പിടിച്ചു നിൽക്കാമല്ലോ... തീർന്നില്ല, അന്നൊരിക്കൽ റെസ്റ്റോറന്‍റിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് മറ്റൊരു സുഹൃത്ത് പറഞ്ഞ കാര്യവും ഓർമ്മ വന്നു. നീ വേഗം പെണ്ണ് കെട്ട്, ഭക്ഷണം ശരിയായാൽ തന്നെ എല്ലാം ശരിയാവും. ഭക്ഷണത്തോടുള്ള അനിഷ്ടമൊക്കെ മാറും.
അങ്ങനെ കാത്തുകാത്തിരുന്ന് ആ ദിനം വന്നെത്തി. ഡയറ്റീഷ്യനുമായുള്ള എന്‍റെ വിവാഹം വിചാരിച്ചതിലും ഗംഭീരമായി തന്നെ നടന്നു. ജീവിതം, ഭക്ഷണ സൗഭാഗ്യം ഒക്കെ മാറുകയല്ലേ സന്തോഷം കൊണ്ട് കാൽ നിലത്തുറയ്ക്കുന്നില്ല. കണ്ണിലെ കൃഷ്ണമണി പോലെ കരുതലോടെ വളർത്തി വലുതാക്കിയ മകളെ എന്‍റെ കരങ്ങളിലേയ്ക്ക് ഏൽപ്പിച്ച വധുവിന്‍റെ രക്ഷിതാക്കളെ ഞാൻ കൃജ്‌ഞതയോടെ നോക്കി.
ആഹ്ളാദം മാത്രം നിറഞ്ഞ വിവാഹ നാളുകൾ. നല്ല നാളുകൾ പറന്നകലാൻ അധികനാൾ വേണ്ടെന്നു പറയുന്നത് വെറുതെയല്ല. അങ്ങനെ സന്തോഷം നിറഞ്ഞ എന്‍റെ ജീവിതത്തിനു മീതെയും കരിനിഴൽ വീണു തുടങ്ങിയിരുന്നു. അല്ല ഇനിയൊരു പക്ഷേ അസൂയക്കാർ കണ്ണു വച്ചതാവുമോ? അന്ധവിശ്വാസങ്ങളുടെ പിടിയിൽ അകപ്പെടുകയാണ്.
ഒരു ഞായറാഴ്ച്‌ച ജോലിക്കൊന്നും പോകേണ്ടല്ലോ. തിടുക്കമൊന്നും വേണ്ട. മൂടിപ്പുതച്ച് ഉറങ്ങുന്നതിനിടയ്ക്ക് ആരോ കുലുക്കി വിളിക്കുന്നു.
“അതവളാണ് ഡയറ്റീഷ്യൻ.” ഞാൻ വീണ്ടും ഉറങ്ങാൻ ഭാവിക്കുന്നതു കണ്ട് അവളെന്നെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു.
“ഉറക്കം മതിയാക്ക്, വണ്ണം കൂടും. ഇപ്പോ തന്നെ കുടവയറുണ്ടല്ലോ... ഇനിയും തടി കൂടിയാൽ കൂട്ടുകാർ ടാ... തടിയാ... എന്നു വിളിച്ച് കളിയാക്കും..." കൂട്ടുകാരുടെ പേരും പറഞ്ഞ് സ്വന്തം അഭിപ്രായമാണ് അവൾ പാസാക്കിയത്. ഞാൻ ചെറുതായൊന്നു ചമ്മി. മറുപടിയെന്തു പറയണം, ഒന്നും പറയാതെ ഒഴിഞ്ഞു മാറുന്നതെങ്ങനെ?
“അല്ല... അതിപ്പോ ഇങ്ങനെയായിപ്പോയി. എന്തു ചെയ്യാൻ പറ്റും. പാരമ്പര്യമായിപ്പോയില്ലേ? അടുത്ത ആഴ്ച ഞാൻ ജിമ്മിൽ ചേരുന്നുണ്ട്. പിന്നെ ഒക്കെ ശരിയാവും..."





