ബാങ്കിലേയ്ക്ക് പോകാൻ റെഡിയായി പുറത്തേക്കിറങ്ങുമ്പോഴാണ് സുമതിയാന്‍റിയുടെ കാര്യമോർത്തത്. ഇന്ന് ആന്‍റിയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചതേയുള്ളൂ, ഒരു പിടി വെളുത്ത റോസാപ്പൂക്കളുമായി അതിലും വെണ്മയുള്ള ചിരിയോടെയാണ് അവരുടെ വരവ്. പൂക്കൾ നന്ദനയ്ക്ക് നേരെ നീട്ടി അവർ ജന്മദിനാശംസകൾ നേർന്നു.
നന്ദന ശരിക്കും ഞെട്ടിപ്പോയി. തന്‍റെ ബെർത്ത്ഡേയാണെന്ന് ആന്‍റി ഓർമ്മിച്ചുവച്ചിരിക്കുന്നു. അതിലേറെ അവളെ അമ്പരിപ്പിച്ചത് ആ വെളുത്ത റോസാപ്പുക്കളാണ്. അരുണിന് മാത്രമറിയാവുന്ന തന്‍റെ ഇഷ്ടം! അതെങ്ങനെ ആന്‍റി അറിഞ്ഞു?
എന്‍റെ അമ്പരപ്പ് ചിരിയോടെ നോക്കി നിൽക്കുകയാണ് ആന്‍റി. “മോളേ... നിനക്ക് വെളുത്ത റോസാപ്പൂക്കൾ ഇഷ്ടമാണെന്ന് അമ്മയാണ് പറഞ്ഞത്.”
അവൾ സ്നേഹത്തോടെ സുമതിയാന്‍റിയുടെ ചുമലിൽ വട്ടം പിടിച്ചു എന്നിട്ട് കൈകളിൽ ചുംബിച്ചു.
ഓഫീസിലേക്കു പോകാൻ നേരം പതിവുപോലെ അവർ ഗേറ്റുവരെ വന്നു. അനുകമ്പയും വാത്സല്യവും നിറഞ്ഞ മുഖത്ത് നിഗൂഢമായ ചിരിയുടെ സ്പന്ദനം. എല്ലാം തന്‍റെ തോന്നലാവും... നന്ദന അക്കാര്യം അപ്പോഴേ വിട്ടു.
വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ നല്ല റവ പായസം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു സുമതിയാന്‍റി. രണ്ട് കപ്പ് പായസവുമായി നന്ദന ശേഖരൻ മാഷിന്‍റെ അടുത്തേക്ക് ചെന്നു.
മാഷ് ഇപ്പോൾ നല്ല സന്തോഷത്തിലാണ്. സ്കൂളിൽ നിറയെ കുട്ടികളായി. മൂന്ന് വർഷം മുമ്പ് രണ്ടുപേർക്കു മാത്രമായി തുടങ്ങിയ സൗജന്യ പഠനകേന്ദ്രം, ഇന്ന് 152 കുട്ടികളുണ്ട്.
സ്കൂളിലെ പഠിപ്പിക്കലും മറ്റുമൊക്കെ മാഷിനു തന്നെ കൈകാര്യം ചെയ്യാൻ പ്രയാസമായിരിക്കുന്നു. കുട്ടികൾക്ക് രണ്ടു നേരത്തെ ഭക്ഷണം കൊടുക്കാൻ മൂന്ന് ആയമാരുണ്ട്. ഇനി രണ്ട് ടീച്ചേഴ്സ് കൂടി വേണം.
മാഷ് ഇതേക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോഴാണ് ഫോൺബെൽ മുഴങ്ങിയത്. ചുറുചുറുക്കോടെ എഴുന്നേറ്റ് ഫോൺ അറ്റന്‍റ് ചെയ്ത അങ്കിൾ പെട്ടെന്ന് നിശബ്ദനായി. അങ്ങേത്തലയ്ക്കൽ നിന്നുള്ള പ്രതികരണം അദ്ദേഹത്തെ പ്രകോപിച്ചിട്ടെന്നപോലെ റിസീവർ താഴെക്കെറിഞ്ഞു. എന്നിട്ട് അമർത്തിച്ചവിട്ടി കസേരയിൽ വന്നിരുന്നു.
ഇതെല്ലാം കണ്ടപ്പോൾ നന്ദനയും സുമതിയാന്‍റിയും പരിഭ്രമിച്ചു.
“സുമം... ഇങ്ങോട്ട് വിളിക്കരുതെന്ന് നീ അവനോട് പറഞ്ഞിട്ടില്ലേ...”
ആ ദേഷ്യം കണ്ടപ്പോഴേ സുമതിയമ്മയ്ക്ക് തോന്നിയിരുന്നു രഞ്ജിത്താവും ഫോണിലെന്ന്. നന്ദന ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവർ മെല്ലെപ്പറഞ്ഞു “രഞ്ജിത്താണ് മോളേ...”
“പത്തു വർഷം മുമ്പ് നമ്മെ ഉപേക്ഷിച്ചു പോയവനല്ലേ... മോൾ മരിച്ചിട്ടുകൂടി തിരിഞ്ഞു നോക്കാത്തവൻ. അവനെ എനിക്ക് വേണ്ട. തോന്നുമ്പോൾ കറി വരാനും ഇറങ്ങാനും ഇത് സത്രമാണെന്ന് അവൻ കരുതിയോ...”
ശേഖരൻ മാഷിന്‍റെ ക്ഷോഭം അടങ്ങിയിട്ടില്ല. “ഞാൻ മരിച്ചാൽ അവനെന്‍റെ ചിതയ്ക്കുപോലും തീ വയ്ക്കണ്ട. എന്‍റെ ഈ മക്കൾ ചെയ്തോളും...” സ്കൂളിനു നേരെ കൈ ചൂണ്ടി അദ്ദേഹം തുടർന്നു.
സുമതിയമ്മ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്‍റെ ക്ഷോഭം അതിഭയങ്കരമായ സങ്കടത്തിൽ നിന്നാണെന്ന് അവർക്കറിയാം. അവർ അദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി. ടെൻഷൻ കുറയ്ക്കാനും ഉറങ്ങാനുമുള്ള ഗുളിക ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതെടുത്തു കൊടുത്തു. 10 മിനിട്ടിനകം ഉറക്കമാവുകയും ചെയ്തു.
ഒരു കൊച്ചുകുഞ്ഞിന്‍റെ വാശി മുഖത്ത് നിറച്ച് അദ്ദേഹം ഉറങ്ങുന്നത് അവർ നിറമിഴികളോടെ അൽപനേരം നോക്കി നിന്നു.