അയാൾ എഴുന്നേറ്റു. അതീവദു:ഖകരമായ ഒരു കാര്യം പറയേണ്ടി വരുന്നതിന്‍റെ പ്രയാസം അയാളുടെ മുഖം വിളിച്ചു പറഞ്ഞു. അയാൾ നടന്ന് വെളുത്ത വിരിയിട്ട ജനാലക്കരികിൽ പോയി നിന്നു. വെളുത്ത ഞൊറികൾ വകഞ്ഞു മാറ്റി ജനാല തുറന്നിട്ടു. ദൂരെ ഏതോ താഴ്‌വാരത്തിൽ ആറ്റിത്തണുപ്പിച്ച നനവൂറുന്ന തണുത്ത കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് തിരതല്ലി. രണ്ടു പേർക്കുമിടയിലുള്ള മൗനത്തിന്‍റെ കടലാഴം ഏറുന്നതു കണ്ട് ഞാൻ പറഞ്ഞു.
“സാർ... എനിക്കൂഹിക്കാം താങ്കൾക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് ഇനി പറയാനുള്ളതെന്ന്. എന്തു തന്നെയായാലും താങ്കൾ പറയണം. എനിക്ക് കഴിയും വിധം താങ്കളെ അലട്ടുന്ന വിഷമതയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കാം.”
“പക്ഷേ താങ്കൾക്ക് യാതൊരു വിധ ശാസ്ത്രീയ രേഖകളോ ഇതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ടോ എന്തിനേറെ സംഭവം നടന്ന സ്ഥലം കണ്ടിട്ടുപോലും യാതൊരു ഗുണവും ലഭിക്കാൻ പോകുന്നില്ല. പിന്നെ വെറും ഊഹങ്ങളുടെ മേൽ കെട്ടിപ്പടുത്ത കണ്ടെത്തലുകളേ താങ്കൾക്ക് നല്കാനാവൂ. അത്തരം നിഗമനങ്ങൾക്കു എന്‍റെ മനസിലെ തീ കെടുത്താൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.” അയാളുടെ ശബ്ദം പതറി.
തെല്ലിട കഴിഞ്ഞ് ഞാൻ പറഞ്ഞു. “സാർ… തികഞ്ഞ മുൻവിധിയോടെ ഒരാളെയും വിലയിരുത്തരുത്. ഒരു കാര്യവും മുൻവിധിയോടെ കാണുകയുമരുത്. നമ്മുടെ മനസ്സിന്‍റെ ഒരു പ്രത്യേകതയാണിത്. ഒരു കാര്യം നടക്കുകയില്ല എന്നു മനസ്സിൽ വിശ്വസിച്ചുറപ്പിച്ച് അതിനായി എത്ര പരിശ്രമിച്ചാലും ആ കാര്യം നടക്കാൻ ബുദ്ധിമുട്ടാണ്.
ആ ഒരവസ്ഥയിൽ നമ്മുടെ മനസ്സ് ആ ഒരു നെഗറ്റീവ് റിസൽട്ടിനായി പാകപ്പെടുകയാണ്. ആ റിസൾട്ട് ആഗ്രഹിക്കുകയാണ്. പിന്നെ താങ്കൾ തന്നെ പറഞ്ഞല്ലോ ഭാര്യയെക്കൊണ്ട് സിനിമയുടെ ഫസ്റ്റ് ക്ലാപ്പടിച്ചാൽ മെഗാഹിറ്റാകുമെന്ന് അതു പോലെ പ്രശസ്തനായ ഒരു ക്രിക്കറ്റ് താരം ചുവന്നചരട് കൈയ്യിൽ കെട്ടി ബാറ്റിങ്ങിനിറങ്ങിയാൽ സെഞ്ചുറി നേടുമെന്ന് പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞിട്ടുണ്ട്.
ചരട് കെട്ടിയില്ലെങ്കിൽ ഡക്ക് അടിക്കുമെത്രെ! ഇതിനൊക്കെ എന്ത് സമീകരണമാണുള്ളത്? എങ്കിലും മിക്കവാറും ഇത്തരം സംഗതികൾ ഫലം തരുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ മനസ്സിനെ ഒരു പോസറ്റീവ് ഫലത്തിനായി പാകപ്പെടുത്തുന്നു. ഇത്തരം വിശ്വാസങ്ങൾ ഉൾക്കൊണ്ട അബോധമനസ്സിന്‍റെ നിർദേശങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു. അതിനനുസരിച്ച് ആഗ്രഹിച്ച ഫലവും ലഭിക്കുന്നു.
പിന്നെ ഞാൻ ഊഹങ്ങളുടെ പുറത്ത് തെറ്റായ ഉത്തരം നല്കാറില്ല. വെറും ഊഹങ്ങളുടെ പിൻബലത്തിൽ നല്കുന്ന ഉത്തരം തെറ്റായാലുണ്ടാകുന്ന അപകടത്തെക്കുറിച്ച്, അതിന്‍റെ വരും വരായ്കകളെക്കുറിച്ചും ഞാൻ തീർത്തും ബോധവാനാണ്. അതെന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും അറിയാം. അതുകൊണ്ടു തന്നെ പല വഴിക്കുള്ള അന്വേഷണം ഒരു ബിന്ദുവിൽ മാത്രം വന്നു ചേരുമെങ്കിലേ ഞാൻ റിസൽട്ട് നൽകാറുള്ളൂ.
പിന്നെ ഞാൻ മാന്ത്രികനൊന്നുമല്ല. എന്‍റെ പല മാർഗ്ഗങ്ങളിലൂടെയുള്ള അന്വേഷണം ഒരു ബിന്ദുവിൽ വന്നു ചേരാതെ പല വഴിക്കായി ചിതറിപ്പോകുന്നുവെങ്കിൽ ഞാൻ വന്ന് ആ വിവരം പറയും. എന്നെക്കൊണ്ട് കൃത്യമായ ഒരുത്തരം കണ്ടെത്താൻ കഴിയുന്നില്ലെന്ന്. അങ്ങനെയൊരു അവസ്ഥ വന്നാൽ താങ്കൾക്ക് എന്നെ അനായാസം ഒഴിവാക്കാം. അതു വേണ്ടി വരില്ല, ഞാൻ തന്നെ സ്വമേധയാ കേസു മടക്കും. എന്‍റെ ഒരു രീതി അതാണ്.”