കുളിരുൾക്കൊണ്ട പുലർകാലം. വഴിത്താരയിൽ അധികം ആൾ സഞ്ചാരമില്ല. സോഫ നേരെയിട്ട് മുഖം കഴുകി ഓഫീസ് പൂട്ടി പുറത്തിറങ്ങി. കേക്കുവണ്ടി ഇടക്കിടക്ക് പണിമുടക്കും. വണ്ടി ലോനേട്ടന്‍റെ വർക്ക് ഷാപ്പിൽ ഏൽപ്പിച്ചിട്ട് രണ്ടാഴ്ചയാകുന്നു. ലോനേട്ടൻ വണ്ടി പണിയിൽ വിദഗ്ധനാണ്. അതുകൊണ്ടു തന്നെ പണിയെപ്പോഴെ തീർത്തു കാണണം. തോമാച്ചനോടു പറഞ്ഞ് അതൊന്നു വാങ്ങണം.
വഴിത്താരക്കരികെ നിന്നും ഒരു കട്ടൻ കുടിച്ച് കുളിരകറ്റിയ ശേഷം ഒരോട്ടോ പിടിച്ച് വീടു പറ്റി. കുളിച്ചുഷാറായി വന്നപ്പോഴതാ വെളുത്തു മയമുള്ള റവ ഉപ്പുമാവും വെണ്ണ പോലുള്ള ഞാലിപ്പൂവൻ പഴവും എന്നെ കാത്തിരിക്കുന്നു. ഒപ്പം ബ്രൂ കോഫിയും. അമ്മയുടെ ഉപ്പുമാവ് നല്ല രുചിയാണ്. കല്യാണവീടുകളിൽ രാവിലെ ഇലകീറിൽ കഴിക്കാറുള്ള ഉപ്പുമാവിന്‍റെ രുചിയാണ് ഓർമ്മ വരുന്നത് ഞാൻ പല തവണ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു കഴിക്കാം എന്നേയുള്ളൂ. ഈ രുചി ലഭിക്കാറില്ല.
അമ്മ ഉപ്പുമാവ് വല്ലപ്പോഴുമേ ഉണ്ടാക്കാറുള്ളൂ. ഉപ്പുമാവിനു കൂട്ടായി തൊടിയിലുണ്ടായ ഞാലിപ്പൂവൻ പഴം. മാധുര്യമാർന്ന ഞാലിപ്പൂവൻപഴം ഒരൽപ്പം ഉപ്പുമാവിൽ കുഴച്ച് കഴിച്ചു. അമൃതിനു സമം. നാവിലെ രുചി മുകുളങ്ങൾ ആ രുചിയെ സഹർഷം സ്വാഗതം ചെയ്തു. ഒരു പാട് ഇടങ്ങളിൽ നിന്നും ആഹാരം കഴിച്ചിട്ടുണ്ട്. രുചിയുടെ ഈ മേളം അമ്മയ്ക്കു മാത്രം സ്വന്തം. കുറച്ചു കൂടെ ഉപ്പുമാവ് വാങ്ങി കഴിച്ച ശേഷം അമ്മയോട് പറഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു. ഈ നേരമായിട്ടും കഴിഞ്ഞ ദിവസം ഏറ്റെടുത്ത വിഷയത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തില്ല എന്നോർത്ത് സങ്കോചം തോന്നി. മേശമേൽ കാലെടുത്തു വച്ച് കസേരയിലേക്ക് ചാഞ്ഞ് കണ്ണടച്ച് ഇന്നലെ ഉൾക്കൊണ്ട വിവരങ്ങളിലേക്ക് മനസ്സു പായിച്ചു.
ലോക്കൽ പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ കേസ്. ദത്തൻ സാറ് ഇത്രയേറെ സൗഹൃദത്തോടെ സംഭവങ്ങൾ വള്ളി പുള്ളി വിടാതെ വിവരിച്ചു തന്നിട്ടും അതുമായി ബന്ധപ്പെട്ട് കാര്യമായി ഒന്നും തന്നെ ചോദിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിൽ നിന്നും ഇത്തരത്തിലുള്ള ഒരു വിവരണം തീർത്തും പ്രതീക്ഷിച്ചിരുന്നില്ല എന്നു പറയുന്നതാവും ശരി.
ഇത്രയേറെ തെളിവുകൾ ഒരുമിച്ച് പഴുതടച്ചു യാതൊരു പിടിയും തരാതെ നിൽക്കുമ്പോൾ പെൺകുട്ടി ആത്മഹത്യ ചെയ്തതാവാനേ തരമുള്ളൂ. പുറമെ സന്തോഷവും ഉത്സാഹവും കാണിക്കുന്ന പല പെൺകുട്ടികളും അകമേ ഹൃദയവേദനയുടെ കടലാഴം താണ്ടുന്നവരായിരിക്കും. ചില പത്രവാർത്തകളിൽ അത്തരം സംഭവങ്ങൾ വായിച്ചു വിഷമിച്ചു പോയിട്ടുണ്ട്.
ചുരുങ്ങിയ കാലയളവ് മാത്രം ഇടപഴകിയിട്ടുള്ള ദത്തൻ സാറിന് അതു മനസ്സിലാക്കാൻ കഴിയാതെ പോയതാവും.
ആ കുട്ടിയുടെ കുടുംബ സാഹചര്യം പരിശോധിച്ചാൽ അരക്ഷിതമായ ഒരുചുറ്റുപാടാണ് ഉണ്ടായിരുന്നത്. അച്ഛനില്ല, സഹോദരൻ മരിച്ചു. അമ്മയ്ക്കും കാര്യമായ ജോലിയില്ല. കടുത്ത സാമ്പത്തിക പരാധീനതകളുണ്ടാകാം. പിന്നെ ആകെ ബന്ധു എന്നു പറയാനുള്ളത് അമ്മയുടെ ഒരു സഹോദരനാണ്.
ചെറുപ്രായത്തിൽ തന്നെ ദുഖത്തിന്‍റെയും വേദനയുടെയും നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടാണ് അവൾ വളർന്നിട്ടുള്ളത് കടുത്ത ജീവിതയാഥാർഥ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി തിരമാല കണക്കു തിരയടിക്കുമ്പോൾ മനസുറപ്പിച്ചു പഠിക്കാനും ജോലി തേടാനുമുള്ള സമയമോ മാനസികാവസ്ഥയോ ആ കുട്ടിക്കുണ്ടായിട്ടില്ല. അതു കൊണ്ടാണല്ലോ സിനിമ അവർ തിരഞ്ഞെടുത്തത്. കലാപരമായ കഴിവുകൾ പുറത്തെടുക്കാനുള്ള ഒരു വേദി എന്നതിലുപരി സാമ്പത്തിക സുരക്ഷിതത്വം മോഹിച്ചു തന്നെയാണ് സന മാത്യു സിനിമയിൽ അഭിനയിക്കാൻ ആഗഹിച്ചത്.