തോമാച്ചനെ വീട്ടിലെത്തിച്ച് സ്വന്തം വീടെത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അമ്മയപ്പോഴും ഉറങ്ങിയിരുന്നില്ല. അമ്മയോട് പല തവണ പറഞ്ഞിട്ടുള്ളതാണ് ഉറക്കമിളക്കരുതെന്ന്. എന്നിട്ടും അതുകൂട്ടാക്കാറില്ല. നിർബന്ധപൂർവ്വം അമ്മയെ ഉറങ്ങാൻ വിടുമ്പോൾ ഒരു പയ്യൻ എന്നെ അന്വേഷിച്ചു വന്നതായി പറഞ്ഞു. അമ്മ അവന് ഫോൺ നമ്പർ നൽകിയെങ്കിലും ഇന്നങ്ങനെ അപരിചിതരാരും എന്നെ വിളിച്ചിരുന്നില്ലെന്ന് മനസ്സിലോർത്തു. അവന്‍റെ നമ്പറൊട്ട് തന്നതുമില്ല. ആരെങ്കിലുമാവട്ടെ നല്ല ക്ഷീണം.
ശരീര കലകൾക്ക് പുതുജീവൻ പകർന്ന് കിണറുവെള്ളത്തിന്‍റെ തണുത്ത തഴുകൽ. അലച്ചിലിനിടയിൽ എവിടെയോ പൊയ്‌പ്പോയ ഉണർവും ഉൻമേഷം പതിൻമടങ്ങായി തിരിച്ചെത്തിയ പ്രതീതി. കിണറ്റിനരികിൽ കുലവന്നു പച്ചച്ചു നിൽക്കുന്ന വാഴകളുടെ നിഴലുകൾ. ഇളങ്കാറ്റിൽ അവ പ്രേതരൂപങ്ങളെ പോലെ ഇളകിയാടുന്നു. അവയ്ക്കിടയിൽ തെല്ലിട നേരം മിന്നിത്തെളിഞ്ഞു എങ്ങോ പാറിപൊയ്‌പോകുന്ന മിന്നാമിന്നികൾ.
കുളിച്ചു കയറി വാതിലുപൂട്ടി ഉണ്ണാനിരുന്നു. അടച്ചു വച്ച പച്ചരിച്ചോറിൽ വെളിച്ചെണ്ണ പടർന്ന മീൻ കറിയൊഴിച്ചു. പിന്നെ മത്തി വറുത്തത് എടുത്തു പ്ലേറ്റിലേക്കിട്ടു. ഇന്ന് എന്നെ അന്വേഷിച്ചു വന്നവനാരാണ്? ഒന്നുകിൽ ഞാൻ കേസിൽ കുടുക്കിയ ക്വട്ടേഷൻ താരം. അതല്ലെങ്കിൽ മാഗി മാഡം വിഷയത്തിലെ അറ്റത്തെക്കണ്ണി. ഇവരിൽ ആരാണെങ്കിലും ആഗമനോദ്ദേശം വ്യക്തമാണ്. അഭ്യർത്ഥന അല്ലെങ്കിൽ അപേക്ഷ.
ഏതായാലും ഒന്നു തീരുമാനിച്ചു. നാളത്തെ ഒരു ദിവസം. അതോടു കൂടി ഈ വിഷയം അവസാനിപ്പിക്കണം. ഇനിയും ഇത് മനസ്സിലിട്ട് നടക്കാൻ കഴിയില്ല. നാളെ രാവിലെത്തന്നെ മാഡത്തെ വിളിച്ച് വിശദമായി സംസാരിക്കാനുള്ള സമയം കണ്ടെത്തണം. അതിനു മുൻപ് എന്‍റെ വാദങ്ങൾ അരക്കിട്ടുറപ്പിക്കാൻ തക്ക തെളിവുകൾ അടുക്കണം. സംസാരിക്കേണ്ടത് ഞാൻ മാത്രമല്ല തെളിവുകൾ കൂടിയാണ്.
ഊണു കഴിച്ച് കൈ കഴുകാനായി പോയപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. അസമയത്തുള്ള ആ ശബ്ദം കേട്ട് വേഗം കൈ കഴുകി വന്നു. വാതിൽ പഴുതിലൂടെ നോക്കിയപ്പോൾ ഒരു പയ്യൻ. അവന്‍റെ മുഖത്ത് വല്ലാത്തൊരു പരവേശവും പരിഭ്രമവും വരാന്തയിലെ അരണ്ട വെളിച്ചത്തിൽ കൂടി വ്യക്തമായിക്കണ്ടു. കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല. ആ ക്വട്ടേഷൻ പയ്യനല്ല.
ജനൽപ്പാളി തുറന്നതും അവൻ ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി. അതു കണ്ടതും പരിഭ്രമമായി. കരയാതിരിക്കു എന്ന് പറഞ്ഞ് അവനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു. അമ്മയിതൊക്കെ കേട്ട് ഉണരുമോ എന്നതായിരുന്നു എന്‍റെ വേവലാതി. അവനെക്കൂട്ടി സോഫയിലിരുത്തി കുടിക്കാനായി വെള്ളം കെടുത്തു. പറ്റാവുന്ന പോലെ ആശ്വസിച്ചു. ഒടുവിൽ പയ്യനൽപ്പം നോർമലായി. അര മണിക്കൂറോളം ഇരുന്ന് അവന് പറയാനുള്ളതെല്ലാം ശ്രദ്ധിച്ചു കേട്ടു.
പലപ്പോഴും മനുഷ്യൻ തെറ്റു ചെയ്യുന്നത് അവനവനു വേണ്ടിയല്ല ആത്മബന്ധമോ മറ്റൊരാളോടുള്ള കടപ്പാടോ ഉള്ളിൽ അലിഞ്ഞ വൈകാരികതയോ ചെയ്ത തെറ്റുകൾക്ക് സമീകരണമാകാം. ഒടുവിൽ ഒരിക്കലും വെളിച്ചം കാണില്ലെന്ന് കരുതിയ അപരാധം ഉടനെ വെളിച്ചം കാണുമെന്ന് ബോധ്യമായാൽ പശ്ചാത്താപമായി, വ്യർത്ഥമായ കുറ്റബോധമായി. പയ്യൻ ചെയ്തത് ചെറിയ കുറ്റമല്ല. ഇളം പ്രായമാണ്. ഭാവി തന്നെ കൂമ്പടിയാൻ ഇതു മതി. ഏതായാലും അവന്‍റെ ഭാവി നിശ്ചയിക്കുന്നത് ഞാനല്ല. അതു തീരുമാനിക്കേണ്ടത് മാഗി മാഡമാണ്.