“നന്ദൻമാഷിനെ പ്രവേശിപ്പിക്കുന്നതിൽ സന്തോഷമേയുള്ളു സുമേഷ്. പാവപ്പെട്ടവർക്ക് ഇവിടെ അതിനായി പ്രത്യേകം ഫീസ് ഒന്നുമില്ല. പക്ഷെ പണം ഉള്ളവരിൽ നിന്ന് ഞങ്ങൾ സംഭാവനകൾ സ്വീകരിക്കാറുണ്ട്. നിങ്ങൾ അത് നൽകണമെന്നില്ല. പക്ഷെ ഇനി മുതൽ കെട്ടിടവാടക നൽകാൻ പറ്റില്ല. അത് നന്ദൻമാഷിന്‍റെ കാര്യങ്ങൾക്കായി ഞങ്ങൾ ചിലവാക്കും. കാരണം എനിക്കറിയാം ഈ വീട് നന്ദൻമാഷിന്‍റെ പേരിലാണെന്ന്.”
രാജീവിന്‍റെ ദൃഢമായ വാക്കുകൾ സുമേഷ് കേട്ടു. അയാൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് സുരേഷ് അവിടെ വന്നെത്തി. സുമേഷിന്‍റെ വിളറിയ മുഖം കണ്ട് സുരേഷ് ചോദിച്ചു
“ബില്ലടച്ചു. എന്താ സുമേഷ് നിന്‍റെ മുഖം വിളറിയിരിക്കുന്നത്? നീ എന്തോ കണ്ട് പേടിച്ചതുപോലെയുണ്ടല്ലൊ.”
“ഏയ്, ഒന്നുമില്ല ചേട്ടാ... ഞാൻ ആ വൃദ്ധസദനത്തിലെ രാജീവിനെ വിളിക്കുകയായിരുന്നു. അച്ഛനെ അവിടെ പ്രവേശിപ്പിക്കണമെങ്കിൽ നമ്മൾ നല്ല ഒരു തുക സംഭാവന നൽകണമത്രെ.”
അച്ഛൻ ആ വീട് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും തന്‍റെ പേരിലാണ് ആ വീട് വാടകക്ക് കൊടുത്തിരിക്കുന്നതെന്നും എല്ലാ മാസവും അച്ഛനു നൽകാതെ വാടക താനാണ് എടുക്കുന്നതെന്നും ചേട്ടനോട് എങ്ങനെ പറയും എന്നാലോചിച്ചിരിക്കുകയായിരുന്നു സുമേഷ്. അപ്പോൾ സുരേഷ് സുമേഷിന്‍റെ തോളിൽ തൊട്ട് പറഞ്ഞു.
“അതിനെന്താ. നല്ലൊരുതുക സംഭാവനകൊടുക്കാം സുമേഷ്. സ്നേഹസദനത്തിൽ അച്ഛനെ കൊണ്ടു പോയാക്കുന്നുണ്ടെങ്കിൽ അതിനുള്ള പൈസയും ഞാൻ ചിലവാക്കാം കേട്ടോടാ.” സുരേഷ് അച്ഛനെ തനിക്ക് നോക്കാനാവാത്തതിലുള്ള കുറ്റബോധത്തോടെ പറഞ്ഞു. അതുകേട്ടതോടെ ഫുട്ബോൾ കളിയിൽ ഡബിൾ ഗോളടിച്ച കളിക്കാരന്‍റെ സന്തോഷത്തിലായി സുമേഷ്.
അപ്പോഴേക്കും സ്ക്കാനിംഗ് സെന്‍ററിൽ നിന്ന് നന്ദൻമാഷിനെ അടുത്തുള്ള ലാബിലേക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോയിക്കഴിഞ്ഞിരുന്നു. സുരേഷും സുമേഷും ലാബിനു മുന്നിലെത്തി തങ്ങളുടെ കാത്തു നില്പ് തുടർന്നു. അല്പം കഴിഞ്ഞ് നന്ദൻമാഷ് കരഞ്ഞു കൊണ്ടെത്തി.
“എന്നെ അവര് കുത്തി. എനിക്ക് നല്ലോണം വേദനിച്ചു.” വീൽചെയറുന്തിക്കൊണ്ടുവന്ന അറ്റൻഡർ ചിരിച്ചു കൊണ്ട് പറഞ്ഞു.
“കുത്തി വച്ചപ്പോ ഈ സാറ് ഭയങ്കര നിലവിളിയായിരുന്നു സാറെ.” അതുകേട്ട് സുമേഷിനോടൊപ്പം സുരേഷും ചിരിച്ചെങ്കിലും അച്ഛന്‍റെ ഇപ്പോഴത്തെ സ്ഥിതിയോർത്ത് അയാൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. തീർത്തും കൊച്ചു കുട്ടികളെപ്പോലെ ആയിത്തീർന്നിരിക്കുന്നു അച്ഛൻ. സുരേഷ് വിചാരിച്ചു.
അവർ ഉച്ചക്കുള്ള ആഹാരം കഴിക്കാനായി ഹോസ്പിറ്റൽ ക്യാന്‍റീനിലേക്ക് നന്ദൻമാഷിനെയും കൊണ്ടുപോയി. അവിടെച്ചെന്നാൽ അച്ഛൻ എങ്ങനെ പെരുമാറുമെന്നോർത്ത് അവർക്ക് ഉത്ക്കണ്ഠയുണ്ടായിരുന്നു. എന്നാൽ സുമേഷിന്‍റെ കണ്ണുരുട്ടൽ കണ്ട് പേടിച്ചിട്ടാകാം നന്ദൻമാഷ് മിണ്ടാതിരുന്നു. അപ്പോൾ സുരേഷ് അടുത്തിരുന്ന് അദ്ദേഹത്തിന് ഓരോ ഉരുളയായി വായിൽ വച്ചു കൊടുത്തു. ഇത്രയും വലിയ മനുഷ്യനെ കൊച്ചു കുട്ടികളെപ്പോലെ ഊട്ടുന്നതു കണ്ട് പലരും കൗതുകത്തോടെ നോക്കി. പക്ഷെ നന്ദൻമാഷ് രോഗബാധിതനാണെന്നറിഞ്ഞതോടെ അവരുടെയെല്ലാം നോട്ടം സഹതാപാർദ്രമായി. നന്ദൻമാഷിന് മുഴുവൻ വാരിക്കൊടുത്തിട്ടേ സുരേഷ് ഊണു കഴിച്ചുള്ളു. സുമേഷാകട്ടെ ഇതൊന്നും അറിയാത്ത മട്ടിൽ കുനിഞ്ഞിരുന്ന് ഊണു കഴിച്ചുകൊണ്ടിരുന്നു. ഊണു കഴിഞ്ഞ് കാന്‍റീനിൽ പൈസ കൊടുത്ത് അവർ നന്ദൻമാഷിനേയും കൊണ്ട് വെയിറ്റിംഗ് റൂമിലെത്തി അവിടെ കസേരയിലിരുന്നു.