നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തു നിന്നും കരച്ചിലിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയവർ നോക്കിയപ്പോൾ കണ്ടത് കിച്ചുവും, നന്തുവും കൂടി ടെഡിബിയറിനു വേണ്ടി വഴക്കിടുന്നതാണ്.
“ഉം.. ഇത്. എന്‍റെ തെഡി ബിയർ ആണ്... ഞാനിതാക്കും കൊക്കൂല്ല...” നന്തു വീറോടെ പറഞ്ഞു.
“ഉം... എനിച്ചു വേനം.” അങ്ങനെ പറഞ്ഞ് കിച്ചു അവന്‍റെ കൊച്ചുകൈ കൊണ്ട് ടെഡിബിയറിനെ നന്തുവിൽ നിന്നും പിടിച്ച് വലിച്ചെടുക്കാൻ നോക്കി. അതോടെ നന്തു അവനെ പുറകോട്ടു പിടിച്ചു തള്ളി. അപ്പോൾ തലയടിച്ചു താഴെ വീണ കിച്ചുവിന്‍റെ കരച്ചിൽ ആണ് എല്ലാവരും കേട്ടത്. കിച്ചുവിനെ താര ഓടിച്ചെന്ന് എടുത്തു. അവന്‍റെ തല നല്ലവണ്ണം മുഴച്ചിരുന്നു. അവൻ ഉറക്കെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. താര അവനെ തന്‍റെ മാറോടു ചേർത്ത് അവന്‍റെ തലതിരുമ്മി.
അപ്പോൾ സുരേഷ് നന്തുവിന്‍റെ ചെവിയിൽ പിടിച്ച് പതുക്കെ തിരിച്ചു കൊണ്ട് പറഞ്ഞു. “അല്ലെങ്കിലും ഇവനിത്തിരി വികൃതി കൂടുതലാ.... നിന്നോടു ഞാൻ പറഞ്ഞതല്ലെ, ഇങ്ങോട്ടു പോരുമ്പോൾ ആ ടെഡി ബിയറിനെയൊന്നും എടുക്കേണ്ടാ എന്ന്... ഇപ്പോ മനസ്സിലായോടാ...”
നന്തു ഉറക്കെ കരയുന്നതു കണ്ടപ്പോൾ സുനന്ദയ്ക്ക് വിഷമമായി. “പോട്ടെ സുരേഷേട്ടാ... അവര് കൊച്ചു പിള്ളേരല്ലെ? അങ്ങനെ ഒക്കെ കിടക്കും.” എന്നു പറഞ്ഞ് സുനന്ദ നന്തുവിനെ വാരിയെടുത്തു.
രണ്ടമ്മമാർക്കും തങ്ങളുടെ മക്കളോടുള്ള സ്നേഹം കണ്ട് സുമേഷ് പറഞ്ഞു, “കണ്ടോ മക്കൾക്കല്ല നൊന്തത്.അവരുടെ തളളമാർക്കാ... അതുപോട്ടെ... നിങ്ങളെല്ലാം കളി മതിയാക്കി പുറത്തേക്കിറങ്ങ്. അപ്പൂപ്പനെ ഞങ്ങള് ഇപ്പത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോവുകയാ.”
“ഹോസ്പിറ്റലിലോ... അതിന് അപ്പൂപ്പന് എന്തസുഖമാ ചെറിയഛാ” രമ്യയാണത് ചോദിച്ചത്.
“അപ്പൂപ്പന് അസുഖമൊന്നുമില്ല. അപ്പൂപ്പൻ ഇത്രയും നേരം ഞങ്ങളുടെ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്തല്ലോ...”
“അത് ചിലപ്പോ അപ്പൂപ്പന് ചില അസുഖം ഉണ്ടാകാറില്ലേ? എല്ലാവരേയും ഉപദ്രവിക്കാൻ നോക്കുക, ചിലതെല്ലാം മറന്നു പോകുക.... അങ്ങനെ ചിലതെല്ലാം അതിനാ ഡോക്ടറെ കാണിക്കുന്നത്.”
“ഞങ്ങടെ കൂടെ കളിച്ചാ അപ്പൂപ്പന്‍റെ അസുഖമെല്ലാം മാറും.” ചിന്നുവാണ് അത് പറഞ്ഞത്.
“അതിനി ഹോസ്പിറ്റലിൽ പോയിട്ടു വന്നിട്ടാകട്ടെ...ഉം. എല്ലാവരും കളി മതിയാക്കി അപ്പൂപ്പന്‍റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിക്കേ. സുരേഷേട്ടൻ മാത്രം ഇവിടെ നിന്നാൽ മതി.”
അങ്ങനെ പറഞ്ഞ് സുമേഷ് സുരേഷിനെ ഒഴിച്ച് ബാക്കി എല്ലാപേരേയും പുറത്തിറക്കി. എന്നിട്ട് സുരേഷിനെ വിളിച്ച് അടുത്തു നിർത്തിയിട്ട് പറഞ്ഞു. “അച്ഛനെ ഇപ്പോത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ എന്ന് എനിക്കൊരാലോചന. ചേട്ടനാണെങ്കിൽ ലീവും അധികമില്ലല്ലോ. എനിക്കും ഒഴിവുകിട്ടാൻ പ്രയാസമാണ്. ഇന്നത്തെ ദിവസം ഞാൻ ഏതായാലും ചേട്ടൻ വരുന്നതു പ്രമാണിച്ച് ലീവെടുത്തു. ഇനി ഇപ്പോൾ അച്ഛനെ ഡോക്ടറെ കാണാൻ താമസിപ്പിക്കണ്ട. എനിക്ക് പരിചയമുള്ള ഒരു ഹോസ്പിറ്റലും ഡോക്ടറുമുണ്ട്. ഞാൻ നേരത്തെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങോട്ടു ചെന്നാൽ മതി അപ്പോയിന്‍റ്മെന്‍റ് ഒന്നും എടുക്കണ്ട എന്നു പറഞ്ഞു. നമുക്ക് ഇപ്പത്തന്നെ അച്ഛനേയും കൊണ്ട് പോയാലോ ചേട്ടാ...” സുമേഷിന്‍റെ ചോദ്യം കേട്ട് സുരേഷ് ആലോചനയോടെ പറഞ്ഞു.