പകലിലെ കത്തുന്ന വെയിലിലെ ചൂട് സന്ധ്യക്കും ഇടതടവില്ലാതെ പ്രസരിച്ചിരുന്നു.
കടുത്ത വെയിലു കണ്ടപ്പോൾ വൈകീട്ട് ഒരു മഴ പ്രതീക്ഷിച്ചതായിരുന്നു. എവിടെയോ പെയ്യുന്ന മഴയുടെ തണവ് പേറിയ ഒരിളം കാറ്റ് വല്ലപ്പോഴും വീശുന്നതല്ലാതെ മഴ പെയ്യുന്ന ലക്ഷണങ്ങളില്ല. ബാൽക്കണിയിൽ വയ്ക്കുവാൻ ഏതാനും അലങ്കാര ചെടികൾ തേടി ഇറങ്ങിയതായിരുന്നു ഞാൻ. ഫ്ലാറ്റ് വാങ്ങിയ അവസരത്തിൽ ഏതാനും മണി പ്ലാന്റുകൾ അമ്മ ആവശ്യപെട്ടതനുസരിച്ചു സംഘടിപ്പിച്ചിരുന്നു. അമ്മ ആ ചെടികൾ കാര്യമായി പരിപാലിച്ചു പോന്നിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം വാടി പോവുകയാണ് ഉണ്ടായത്. അതെന്തുകൊണ്ടാണെന്നു എനിക്ക് മനസിലായതുമില്ല.
ആദ്യം പരിഗണനയ്ക്കായി വന്നിരുന്നത് അലങ്കാര മത്സ്യങ്ങളായിരുന്നു. നീന്തിത്തുടിക്കുന്ന അലങ്കാര മത്സ്യങ്ങളെ കാണുന്നത് നയനാനന്ദകരമെങ്കിലും ശരിയായ പരിചരണത്തിന്‍റെ ആവശ്യകതയും ശ്രദ്ധക്കുറവുമൂലം സ്വർണ്ണമത്സ്യങ്ങൾ ചത്തുപോകുന്നത് മനസ്സിന് വിഷമകരമാകുമെന്നും ഭാര്യ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ വീട്ടിലേക്ക് നല്ല പ്രതിരോധശേഷിയുള്ള അലങ്കാര ചെടികൾ മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു.
അടുത്തയിടെ ഒരു സൃഹൃത്തിന്‍റെ ഗൃഹം സന്ദർശിച്ചപ്പോൾ മനസ്സിൽ കയറിയ താത്പര്യമായിരുന്നു അത്. ആ ഗൃഹത്തിനകത്തേക്ക് പ്രവേശിച്ചപ്പോൾ വല്ലാത്തൊരു കുളിർമ്മയും പോസറ്റീവ് എനർജിയും എന്നിൽ വന്നു നിറയുന്നപോലെ തോന്നി. അതിന്‍റെ ഒരു കാരണം വീടിനകത്തെ പച്ച തഴച്ച ചെടികളുടെ വിന്യാസമെന്ന് എനിക്കു തോന്നി.
നമ്മുടെ ബാൽക്കണിയിൽ വേണ്ടുവോളം സ്ഥലമുണ്ട്. വേണമെങ്കിൽ വീടിനകത്തും പരീക്ഷിക്കാവുന്നതാണ്. വലിയ പരിചരണമൊന്നും വേണ്ട. മാത്രമല്ല പച്ച തഴച്ചു നിൽക്കുന്ന സസ്യജാലങ്ങളെ പരിചരിക്കുന്നത് ആഹ്ളാദകരവുമാണ്. വീടിനകത്തെ പച്ചപ്പ് കണ്ണിന് കുളിർമയേകുന്ന കാഴ്ചയുമാണ്. ചില ചെടികൾ ഭാഗ്യം കൊണ്ടുവരുമെന്നും കുടുംബത്തിന് പൊതുവെ ഐശ്വര്യദായകമെന്നും കേട്ടറിവുണ്ട്.
അലങ്കാര ചെടികളെക്കുറിച്ചുള്ള ചിന്തകൾ എന്നെക്കൊണ്ടെത്തിച്ചത് വില്ലിയങ്കിളിന്‍റെ അടുക്കലാണ്.
അപ്പന്‍റെ പഴയ ഒരു സുഹൃത്താണ് സ്നേഹമുള്ളവർ വില്ലി എന്നു വിളിക്കുന്ന വില്യംസ് ടാനിയേൽ. ടൗണിൽ നിന്നും അല്പമകലെ ഒരൊഴിഞ്ഞ കോണിൽ നഴ്സറി നടത്തുന്ന അയാളെ അപ്പനൊടൊപ്പം ഒന്നുരണ്ടു തവണ കണ്ടതായുള്ള ഓർമ്മയുണ്ട്. കൗബോയ് സിനിമകളിലെ നായകരെപ്പോലുള്ള വേഷവിധാനവും ചുണ്ടിൽ എരിയുന്ന ചുരുട്ടുമാണ് അയാൾ എന്നിൽ അവശേഷിപ്പിച്ച ഓർമ്മകൾ. പഴയ ഇംഗ്ലീഷ് സിനിമകളിലെ നരച്ച കോട്ടിട്ട പൊടുന്നനെ കൈത്തോക്ക് എടുത്ത് വെടി വക്കുന്ന നായകരിൽ ഒരാളായി അയാൾ എന്‍റെ ഓർമ്മയുടെ അടരുകളിൽ ഒരു സ്ഥാനം നേടി.
ഒരിക്കൽ അയാൾ വീടിനു മുന്നിലെ കുറ്റിച്ചെടിയിൽ പതുങ്ങിക്കിടന്ന വിഷപ്പാമ്പിനെ വാലിൽ പിടിച്ച് തൂക്കിയെടുത്ത് ആൾ സഞ്ചാരം കുറഞ്ഞിടത്ത് കൊണ്ടുപോയിക്കളഞ്ഞത് ധീരതയുടെ ഒരോർമ്മയായി മനസ്സിൽ തങ്ങി നിൽക്കുന്നു. അയാളുടെ ശരീരഭാഷയും വേഷവിധാനവും അയാളുടെ തൊഴിലും തമ്മിലുള്ള വൈരുധ്യം എന്നെ ചിന്തിപ്പിച്ച ഒരു വിഷയമായിരുന്നു. എല്ലായ്‌പോഴും പൂക്കളോടും സസ്യങ്ങളോടും ഇടപഴകുന്ന ഒരാൾ കൈത്തോക്കുമായി രംഗത്തിറങ്ങുന്ന ഒരാളുടെ ശരീരഭാഷയിലാണെന്നത് എനിക്ക് ഉൾകൊള്ളാൻ ലേശം പ്രയാസമായിരുന്നു.
അയാളിൽ നിന്നും അപ്പൻ എന്തെങ്കിലും തൈകളോ ഫലവൃക്ഷങ്ങളുടെ ചെടിയോ വാങ്ങിക്കൊണ്ടുവന്നതായി ഓർക്കുന്നില്ല. അങ്ങനെ തൈകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു ബന്ധമല്ല അയാളുമായി അപ്പനുണ്ടായിരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏതായാലും ചെടികൾ വാങ്ങാൻ നിശ്ചയിച്ച സ്ഥിതിക്ക് വില്ലിയങ്കിളിനെ ഒന്നുപോയിക്കാണുന്നതും പഴയ പരിചയം പുതുക്കുന്നതും നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. ഭാര്യയെക്കൂട്ടിപ്പോകാനാണ് തീരുമാനിച്ചതെങ്കിലും ധാരാളം വീട്ടുജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് പറഞ്ഞ് അവൾ കൂടെ വരുന്നില്ലെന്ന് അറിയിച്ചു.





