ഏകദേശം നാലു നാലര മണിയോടെയാണ് കുറിയർ കമ്പനിയിൽ നിന്നു ഫോൺ കാൾ വന്നത്. അഞ്ചു മണിക്ക് കമ്പനി അടക്കും എന്നും പറഞ്ഞു. ഇത്ര ചെറിയ സമയപരിധിയിൽ അവിടെ ചെന്നു പാർസൽ വാങ്ങാനാകില്ലെന്ന് അറിഞ്ഞു, പിറ്റേന്നത്തെ ആദ്യത്തെ പ്രവൃത്തി ദിന മണിക്കൂറിൽ വന്നു പാക്കറ്റ് വാങ്ങാമെന്ന് അറിയിച്ചു.
വീണ്ടും ജിജ്ഞാസയുടെ കാർമേഘം മനസ്സിൽ ഉറുണ്ടുകയറി. അതെത്തുടർന്ന് പിറ്റേന്ന് രാവിലേ നേരത്തെ എഴുന്നേറ്റ് കുറിയർ കമ്പനി ലക്ഷ്യം വച്ച് യാത്ര പുറപ്പെട്ടു. പുലർകാലത്തെ ഉന്മേഷകരമായ തണുത്ത കാറ്റ് ആസ്വദിച്ച് വഴിയരികിൽ നിന്നു നീട്ടിയടിച്ച പൊടിച്ചായ കുടിച്ച് ലക്ഷ്യം ലക്ഷ്യമാക്കി ഞാൻ നടന്നു.
ലക്ഷ്യസ്ഥാനമെത്തിയപ്പോഴേക്കും ശരീരമാകമാനം വിയർപ്പു പൊടിഞ്ഞിരുന്നു. ഒപ്പം വയറുകാളലും. എന്താണ് ഉടനെ കഴിക്കേണ്ടതെന്ന് ആലോചിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ആ പ്രദേശത്ത് പുതുതായി തുടങ്ങിയ മോമോ പാണ്ടയുടെ ഒരു ശാഖയായിരുന്നു.
വ്യത്യസ്തമായൊരു വിഭവം. ഇതുവരെ രുചിച്ചിട്ടില്ലാത്ത ആ വിഭവം പരീക്ഷിക്കാൻ നിശ്ചയിച്ച് ഞാൻ ആ ഭക്ഷണശാലയിലേക്ക് കയറി. അത്ര ആൾത്തിരക്കില്ല. ചുമരിൽ ജീവൻ തുടിക്കുന്ന വ്യാളീമുഖം. ഒന്നു രണ്ടു മംഗോളിയൻ മുഖഛായയുള്ള സ്ത്രീകൾ ഇരുന്ന് അൽപ്പാൽപ്പായി കൊഴുത്ത സൂപ്പും ന്യൂഡിൽസും ആസ്വദിച്ചു കഴിക്കുന്നതു കണ്ടു.
പ്രഭാതത്തിൽ തന്നെ അത്തരമൊരു വിഭവം അവർ കഴിക്കുന്നതു കണ്ടു എനിക്ക് വല്ലായ്മ തോന്നി. ഞാൻ കൗണ്ടറിൽ ചെന്നു പലഹാരങ്ങളുടെ വർണ്ണചിത്രങ്ങളും വിലനിലവാരവും പരിശോധിച്ചു. അങ്ങനെ ഇറച്ചി ഉള്ളിൽ വച്ച് ആവിയിൽ പുഴുങ്ങിയ പലഹാരവും ഒരു ക്ലിയർ സൂപ്പും ഓർഡർ ചെയ്തു, പണവും കൊടുത്തു കസേരയിൽ വന്നു ഇരുന്നു.
ആദ്യം അപരിചിതത്വത്തിന്‍റെ മൂടുപടം എടുത്തണിഞ്ഞത്, തീർത്തും അന്തരീക്ഷവും ഗന്ധവും. പിന്നീട് പരിചയത്തിന്‍റെ മേലാപ്പ് അണിഞ്ഞു.
വഴിയരികിൽ നിന്നു വാങ്ങിയ കഴിഞ്ഞ രണ്ടുദിവസത്തെ പ്രാദേശിക വാർത്തകൾക്ക് പ്രാമുഖ്യം നല്കുന്ന ന്യൂസ് പേപ്പർ എടുത്തു ഞാൻ അരിച്ചുപെറുക്കി നോക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ പ്രതീക്ഷിച്ച വാർത്ത കണ്ടെടുത്തു. അത് വായിക്കുന്നതിനിടയിൽ അപ്പോൾത്തന്നെ ആവി പറക്കുന്ന മോമോസ് മേശപ്പുറത്തെത്തി.
ചൂടൽപ്പം ശമിച്ചശേഷം ഞാൻ ആ പലഹാരം എടുത്തു രുചിച്ചു. നാവിലെ രസമുകുളങ്ങളെ ഉണർത്തിയ മൃദുലമായ ആവിയിൽ പുഴുങ്ങിയ പലഹാരം. ലേശം ആന്തല അനുഭവപ്പെട്ടെങ്കിലും ചുവന്ന ചട്നിയിൽ മുക്കിയ മോമോസ് രുചികരമായി തോന്നി.
ഞാൻ വീണ്ടും പേപ്പറിൽ ദൃഷ്ടി പായിച്ചു. റബർതോട്ടത്തിനകത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നു സ്ത്രീകളടക്കമുള്ള ലഹരി സംഘം പിടികൂടിയ വാർത്ത വലിയ പ്രാധാന്യമില്ലാതെ ഒരു ചെറിയ കോളത്തിൽ കൊടുത്തിരിക്കുന്നു. ലഹരി സംഘത്തിലെ ഒരുവൻ ലഹരി മൂത്ത് ഒപ്പമുള്ള സ്ത്രീയെ ആക്രമിച്ചതും അതെത്തുടർന്നുള്ള ബഹളവും ആണ് സംഘത്തെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
ഏതായാലും ആ ഒരു അദ്ധ്യായം അടഞ്ഞതിനാലും വില്ലിയങ്കിളിന്‍റെ മനോവേദന അത് വായിക്കുന്നതിനിടയിൽ ശമിച്ചതിനാലും ഞാൻ ആശ്വാസം കൊണ്ടു. ഒരു പ്ലേറ്റ് പലഹാരം കൂടി കഴിച്ചശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി. ഇളം മഴയുണ്ട്. നേർത്ത കാറ്റും.





