ഒരാൾക്ക് ജീവിതത്തിൽ എത്രമാത്രം പോസിറ്റീവും ഹാപ്പിയും ആയിരിക്കാൻ കഴിയുമോ, അത്രയും വിശാലമായി അയാൾക്ക് ചുറ്റമുള്ള ലോകവും വളരുന്നു. ദി മോർ യു ഗിവ്, ദി മോർ യു ഗ്രോ... രൂപ ജോർജിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതാണ്. സംരംഭകയും പരിസ്ഥിതി പ്രവർത്തകയും നർത്തകിയും സാമൂഹ്യപ്രവർത്തകയും ടെലിവിഷൻ അവതാരകയും കുടുംബിനിയുമാണ് രൂപ ജോർജ്.
കൊച്ചിയിൽ ബേബി മറൈൻ ഇന്‍റർനാഷണൽ, ഏഷ്യൻ കിച്ചൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ രൂപ, പരിസ്ഥിതി രംഗത്തും വിദ്യാഭ്യാസരംഗത്തും കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്നു. ഒപ്പം നിരവധി സ്ത്രീകൾക്ക് സ്വന്തം ജീവിതത്തിലേക്ക് ഹാപ്പിനസ് എങ്ങനെ ക്രിയേറ്റ് ചെയ്ത് മുന്നേറാമെന്നതിന്‍റെ റോൾ മോഡൽ കൂടിയായി മാറിയിരിക്കുകയാണ് ഈ വനിത. രൂപ ജോർജിന്‍റെ കാഴ്ചപ്പാടുകൾക്ക് കാതോർക്കാം.
ലോക്ഡൗൺ ഒരുപാട് ചെയിഞ്ചുകളുടെ കാലം. എന്തുതോന്നുന്നു അതേക്കുറിച്ച്?
ലോക്ഡൗൺ എല്ലാവർക്കും ഐ ഓപ്പണിംഗ് ആയിരുന്നു. സമയം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്തു. അത് യഥാവിധി യൂസ് ചെയ്യാനുള്ള ഒരു ചലഞ്ചായിരുന്നു ലോക്ഡൗൺ കാലഘട്ടം എന്നു പറയാം. നമുക്ക് ഇത് എങ്ങനെയും വിനിയോഗിക്കാം. ക്രിയേറ്റീവോ ഡിസ്ട്രക്ടീവോ ആകാം. എനിക്ക് രൂപ ജോർജ് സർക്കിൾ എന്ന ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. ഇപ്പോൾ 9 ഗ്രൂപ്പ് വരെയായി. അതിൽ മൊത്തം വുമൺ എന്‍റർപ്രണേഴ്സ്, സ്റ്റാർട്ടപ്പ് ഇവയൊക്കെ പ്രൊമോട്ട് ചെയ്യാറുണ്ട്. അതിൽ ഇപ്പോൾ കൂടുതൽ പേർ തെരഞ്ഞെടുത്തിരിക്കുന്നത് ഫുഡ് ഡെലിവറിയാണ്. അതിനുമുമ്പ് സ്ത്രീകൾ ജ്വല്ലറി, ഡ്രസ് ഇവയ്ക്കായിരുന്നു കൂടുതൽ പ്രമോഷൻ നൽകിയിരുന്നത്. ഈ സർക്കിൾ തന്നെ ചെയ്തിരിക്കുന്നത് ഒരുപാട് പേർക്ക് പലതരം വിവരങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ കൂടിയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പേർ തേടുന്ന ഒരു രംഗമേതെന്ന് ചോദിച്ചാൽ മാനസികമായ സ്വാസ്ഥ്യം കൂടിയായിരിക്കുമെന്ന് തോന്നുന്നു.
മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണോ അത്?
ഒരുപാട് ചോദ്യങ്ങൾ സൈക്കോളജിക്കൽ സഹായവുമായി ബന്ധപ്പെട്ടും എനിക്ക് ലഭിക്കുന്നുണ്ട്. ഒന്നു ലിസൺ ചെയ്യാൻ ആഗ്രഹിക്കുന്നവർ. പലയിടത്തും പല സാഹചര്യം. ഒറ്റപ്പെടൽ എന്നൽ തോന്നൽ ഒഴിവാക്കാൻ ഈ സമയം ക്രിയേറ്റീവ് ആകണം. സ്വയം ഒരു വഴി കണ്ടെത്തണം. ബിസിനസ് മോഡലുകൾ വരെ മാറിക്കഴിഞ്ഞു. എല്ലാം ഒരു വിർച്വൽ ലോകത്താണ്. വിദ്യാഭ്യാസം ഉൾപ്പെടെ ഇന്നോവേഷൻസ് ധാരാളം ആവശ്യമായ സമയം. ഇനിയുള്ള കാലം ഇന്നോവേറ്റീവ്, ക്രിയേറ്റീവ് ആളുകളുടെ ലോകമായിരിക്കും. നമ്മുടെ ബിസിനസ് മോഡൽ മാറുമ്പോഴും അതൊക്കെയാണ് പരിഗണനയിൽ പെടുന്നത്. ഞാൻ ഹോട്ടൽ ബിസിനസ് ചെയ്യുന്നു. ഈ സമയം പാഴ്സൽ മാത്രമാണ് ചെയ്യുന്നത്. നമുക്ക് ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടിവരും. ഓൺലൈൻ ക്ലാസുകൾ ആണ് ഇപ്പോഴത്തെ ഒരു ട്രെന്‍റ്. എന്നാൽ ഒരു പരിധി കഴിഞ്ഞ് ഇതൊന്നും പ്രാക്ടിക്കലാകില്ല. കുട്ടികൾക്ക് പരസ്പരം കളിച്ചും വഴക്കുണ്ടാക്കിയും തർക്കിച്ചും വളരണം. ഓൺലൈൻ ക്ലാസുകൾ മാത്രമാവുമ്പോൾ അവരും ഫ്രസ്ട്രേറ്റഡ് ആവും. ജീവിതം ഒരു റോബോട്ട് രീതിയ്ക്കാണ് വരിക. ജീവിതത്തിൽ സർവൈവൽ സ്കിൽ ഇല്ലാതാവും. ലൈഫ് ട്രാൻസ്ഫോമിംഗ് ആയ ഈ കാലഘട്ടത്തിൽ പോലും സർവൈവൽ അത്ര ഫലപ്രാപ്തിയിലല്ല.