ചോദ്യം
ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാളാണ് ഞാൻ. ഞങ്ങളുടേത് ഒരു യാഥാസ്ഥിക കുടുംബമാണ്. പ്രശ്നം എന്‍റെ മകളെ ചൊല്ലിയാണ്. മകൾക്ക് 25 വയസ്സുണ്ട്. ബിടെക് കഴിഞ്ഞശേഷം ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. അവൾക്കുവേണ്ടി വിവാഹം ആലോചിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ മകൾ വിവാഹത്തിന് താൽപര്യം കാട്ടുന്നില്ല. അതേപ്പറ്റി ചോദിച്ചപ്പോൾ ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലാണ് എന്ന കാര്യം അവൾ തുറന്ന് പറഞ്ഞു. ആ യുവാവിനെ തന്നെ വിവാഹം ചെയ്യുമെന്ന് പറഞ്ഞ് അവൾ തന്‍റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ഇക്കാര്യം ഇതുവരെയും ഭർത്താവിനെ അറിയിച്ചിട്ടില്ല. ഭർത്താവ് ഒരിക്കലും സമ്മതിക്കില്ല, മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളാരും തന്നെ ഇതിനെ അനുകൂലിക്കുകയില്ല. ഞാനൊരു സാധാരണ വീട്ടമ്മയാണ്. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ വിഷമിക്കുകയാണ് ഞാൻ.
ഉത്തരം
ഒരു അമ്മയും ഭാര്യയും എന്ന നിലയിലുള്ള നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കുന്നു. പക്ഷേ, കരുതുംപോലെ അത്ര ഭീകരമായ പ്രശ്നമൊന്നുമല്ലിത്. ഇന്ന് ഇന്‍റർ കാസ്റ്റ്, ഇന്‍റർ റിലീജിയൻ വിവാഹങ്ങൾ സർവ്വസാധാരണമാണ്. എതിർപ്പുകളൊന്നുമില്ലാതെയും നടക്കുന്നു. അത്തരം വിവാഹങ്ങൾ സമൂഹം അംഗീകരിക്കുന്നുമുണ്ട്. ജാതിയുടെയും മതത്തിന്‍റെയുമൊക്കെ അതിർവരമ്പുകൾ ഇക്കാലത്ത് അത്ര പ്രശ്നമായി കാണാറുണ്ടോ? അതിനാൽ മകളുടെ ഇഷ്ടം ഇതാണെങ്കിൽ അത് നടത്തി കൊടുക്കുകയല്ലേ വേണ്ടത്. ഭർത്താവിനെ സാവകാശത്തിൽ പറഞ്ഞ് മനസ്സിലാക്കുക. മകൾ കണ്ടെത്തിയ പങ്കാളിയെപറ്റി നന്നായി അന്വേഷിച്ച ശേഷം തീരുമാനമെടുക്കുക.
ചോദ്യം
ഞാനൊരു ഉദ്യോഗസ്ഥയാണ്. ഭർത്താവ് ഒരു സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ്. മാർക്കറ്റിംഗ് വിഭാഗത്തിലായതിനാൽ മാസത്തിൽ ഏറെ ദിവസവും ടൂറിലായിരിക്കും. ഞങ്ങൾക്ക് 10 വയസ്സുള്ള ഒരു മകനുണ്ട്. വീട്ടിൽ ഭർത്താവിന്‍റെ അച്ഛനുമമ്മയും ഉണ്ടെങ്കിലും മകന്‍റെ സ്വഭാവം ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. ചില ദിവസം സ്കൂളിലും പോകാറില്ല. ട്യൂഷനും പോകാറില്ല. പഠനത്തിൽ പിന്നോക്കമാണ്. മകനെ ബോർഡിംഗിൽ ചേർക്കാമെന്നാണ് ഭർത്താവ് പറയുന്നത്. പക്ഷേ, ഞങ്ങളെ വിട്ട് നിന്നാൽ കുട്ടിയുടെ സ്വഭാവം പിന്നെയും മോശമാകില്ലേ എന്നാണ് ഭയം. ഒപ്പം കുടുംബത്തോടുള്ള സ്നേഹവും അടുപ്പവും കുറയും. എനിക്ക് ജോലിയും ഉപേക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഞാനെന്താണ് ചെയ്യേണ്ടത്.
ഉത്തരം
കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുക എന്നുള്ളത് ഒരു ഫുൾടൈം ജോലിയാണ്. നിങ്ങളുടെ മകന്‍റെ കാര്യത്തിൽ തെറ്റുകാർ നിങ്ങൾ രണ്ടുപേരുമാണ്. വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയുമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമാണ്. ഇക്കാര്യത്തിൽ നിങ്ങൾക്ക് എത്രമാത്രം നീതിപുലർത്താൻ കഴിഞ്ഞുവെന്നത് സംശയകരമാണ്. കുട്ടിയോടൊപ്പം സമയം ചെലവഴിക്കാനും അവനെ പഠനത്തിൽ സഹായിക്കാനും നിങ്ങൾക്ക് രണ്ടുപേർക്കും കഴിഞ്ഞില്ല. മിക്ക കുടുംബങ്ങളിലും ഇത്തരം സാഹചര്യം ഉണ്ടാകാറുണ്ട്. കുഞ്ഞ് ചെറുതായിരുന്നപ്പോൾ മുതൽ നിങ്ങൾ രണ്ടുപേരും ഔദ്യോഗിക തിരക്കുകളിലായിരുന്നിരിക്കണം. അവനെ നേർവഴിക്ക് നയിക്കാനും അവനിൽ നല്ല ശീലങ്ങൾ വളർത്താനും ഉത്തരവാദിത്തബോധം വളർത്താനും നിങ്ങൾക്ക് കഴിഞ്ഞില്ല. ഇതൊന്നുമില്ലാതെ കുട്ടി അവന്‍റേതായ രീതിയിലൂടെ വളർന്നു. അതൊരു പ്രശ്നമായപ്പോഴാണ് നിങ്ങൾ അക്കാര്യം തിരിച്ചറിഞ്ഞതും. എങ്കിലും സമയമൊട്ടും വൈകിയിട്ടില്ല. അവനൊപ്പം ഏറെ സമയം ചെലവഴിക്കാൻ നിങ്ങൾ രണ്ടുപേരും ബോധപൂർവ്വം ശ്രമിക്കുക. കടുത്ത രീതിയിലുള്ള ശിക്ഷകളോ ശാസനകളോ അരുത്. മകനെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക. പഠനകാര്യങ്ങളിൽ മകനെ സഹായിക്കണം. ആവശ്യമെങ്കിൽ ഒരു മനഃശാസ്ത്രജ്ഞന്‍റെ സഹായം തേടുക.