തപ്സിക്ക് സിനിമ തപസ്സാണ്!

തപ്സി പന്നു ബോളിവുഡിലെ ചുണക്കുട്ടി. വ്യക്‌തവും ശക്‌തവുമായ നിലപാടുള്ള സുന്ദരി. ഏത് കാര്യത്തിലും സ്വന്തം അഭിപ്രായം സത്യസന്ധമായി പറയാൻ ധൈര്യം കാട്ടുന്ന തപ്സിയ്ക്ക് വിവാദങ്ങളെ ലേശം പോലും ഭയമില്ല. തെലുഗു സിനിമയായ ജുമാണ്ടിനാദത്തിലൂടെ 2010ൽ സിനിമയിൽ തുടക്കം കുറിച്ച തപ്സിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഒന്നിന് പിറകെ ഒന്നായി ശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു.

ഹിന്ദിയിൽ പിങ്ക്, മന്‍മർസിയാം, ബദ്‍ല, ഗെയിം ഓവർ, മിഷൻ മംഗൾ, സാൻഡ് കി ആംഖ് തുടങ്ങിയ ചിത്രങ്ങളിലൂടെ തകർപ്പൻ പ്രകടനം കാഴ്ചവച്ച തപ്സി ഡബിൾസ് എന്ന മലയാള സിനിമയിലും മുഖം കാട്ടി. തപ്സി പന്നുവുമായുള്ള അഭിമുഖത്തിൽ നിന്നും.

മിഷൻ മംഗളിന്‍റെ വിശേഷങ്ങളെക്കുറിച്ച് പറയാമോ?

മനോഹരമായ സിനിമയായിരുന്നു. അഞ്ച് നടിമാരും അക്ഷയ്കുമാറും ഒരേ ഫ്രെയ്മിൽ വരുന്ന സിനിമ. ഞാനേറെ ആസ്വദിച്ച ചിത്രമായിരുന്നുവത്.

മിഷൻ മംഗൾ റിലീസായപ്പോൾ അക്ഷയ്കുമാറിന്‍റെ മുഖത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടായിരുന്നു പോസ്റ്റർ. ബാക്കിയുള്ള നടിമാരെ ഒരുമിച്ചും പോസ്റ്ററിൽ കൊടുത്തിരുന്നു. അതൊരു സ്ത്രീസംബന്ധിയായ ചിത്രമല്ലെന്ന് പോസ്റ്ററിൽ നിന്നും വ്യക്‌തമാണ്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ഇത്തരമൊരു ചർച്ചയെ ഞാനും ശ്രദ്ധിച്ചിരുന്നു. ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെന്നത് നല്ല കാര്യമാണ്. പക്ഷേ എനിക്ക് പ്രേക്ഷകരുടെ അഭിപ്രായമാണ് അറിയേണ്ടത്. നിങ്ങൾ അക്ഷയ്കുമാറിന്‍റെ പടം പണം മുടക്കി കാണുന്നതുപോലെ ഞങ്ങളുടെ സിനിമ കാണാൻ ആഗ്രഹിക്കുമോ? അതുമല്ലെങ്കിൽ ഞങ്ങളുടെ പടങ്ങൾ കാണാൻ വെബ് ചാനലുകളിൽ റിലീസാകുന്നത് കാത്തിരിക്കുമോ? അക്ഷയ്കുമാർ ചിത്രങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം ഞങ്ങൾ നായികമാർക്ക് നൽകുമോ? ഞങ്ങൾ 5 നടിമാരും എന്തായാലും അക്ഷയ്കുമാറിനോളം തുല്യമാകില്ലെന്ന് പറയാൻ എനിക്കൊരു മിടിയില്ല. ഞങ്ങൾ അഞ്ച് പേരും ആ ചിത്രത്തിൽ ഇല്ലെങ്കിൽ പോലും അത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ല. അത് അക്ഷയ്കുമാർ മൂവി തന്നെയാണ്. അതുകൊണ്ടാണ് ആളുകൾ ആകാംക്ഷയോടെ ആ ചിത്രം ഇപ്പോഴും കാണുന്നത്. അതാണ് യാഥാർത്ഥ്യം. പ്രേക്ഷകരാണ് മാറ്റം കൊണ്ടുവരേണ്ടത്. നടിമാർ അഭിനയിക്കുന്ന ചിത്രങ്ങളും കാണാൻ പ്രേക്ഷകർ തയ്യാറാകണം. എന്നാലേ മാറ്റമുണ്ടാകൂ. ഞങ്ങൾക്കും നായകനോളം പ്രാധാന്യമുണ്ടെന്ന കാഴ്ചപ്പാട് പ്രേക്ഷകരാണ് സൃഷ്ടിക്കേണ്ടത്. അങ്ങനെ സംഭവിച്ചാൽ മാത്രമേ പോസ്റ്റർ വിവാദത്തെ ചോദ്യം ചെയ്യാനാവൂ.

എങ്ങനെയാണ് ഗെയിം ഓവറിൽ എത്തിയത്?

ചിത്രം തുടങ്ങുന്നതിന് ഏകദേശം ഒന്നരവർഷം മുമ്പാണ് ഈ ചിത്രത്തെപ്പറ്റി പ്രൊഡ്യൂസർ ശശികാന്ത് എന്നോട് പറയുന്നത്. പിന്നീട് ഞാൻ മുഴുവൻ സ്ക്രിപ്റ്റും വായിച്ചു. അത്തരമൊരു സ്ക്രിപ്റ്റും കഥയും എന്‍റെ അറിവിൽ ഇന്ത്യൻ സനിമയിൽ ഞാൻ കണ്ടിട്ടില്ല. ഹിന്ദിയിൽ പോലും. പിന്നെയൊന്നും ആലോചിച്ചില്ല. സമ്മതിക്കുകയായിരുന്നു. ആ ചിത്രം ഒരേ സമയം തമിഴിലും തെലുഗുവിലും ചെയ്തു. ചിത്രത്തിന്‍റെ ഫസ്റ്റ് കോപ്പി കണ്ടിട്ടിഷ്ടപ്പെട്ട് റിലയൻസ് എന്‍റടെയിൻമെന്‍റും അനുരാഗ് കശ്യപും അത് ഹിന്ദിയിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് ഭാഷകളിലായി ശാരീരിക വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ വിഷമം തോന്നിയിരുന്നോ?

അതെ എന്നെ സംബന്ധിച്ചാണെങ്കിൽ ഇന്നേ തീയതി വരെ ഒരു ചെറിയ പരിക്കുപോലും പറ്റിയിട്ടില്ല. വീൽചെയറിൽ കഴിച്ചുകൂട്ടുന്ന കഥാപാത്രമാകുകയെന്നത് വലിയ വെല്ലുവിളി ആയിരുന്നു.

എങ്ങനെയാണ് ഗെയിം ഓവറിലെ കഥാപാത്രത്തിൽ നിന്നും പുറത്തുകടന്നത്?

അയ്യോ… അതൊരു സംഭവമാണ്. സാധാരണ നിലയിലെത്താൻ ഞാൻ എല്ലാവർക്കുമൊപ്പം സമയം ചെലവഴിച്ചു. ഒറ്റയ്ക്ക് ഇരിക്കാറെയില്ലായിരുന്നു. മുംബൈയിൽ എന്‍റെ കൂട്ടുകാരുടെ വീട്ടിൽ പോയി താമസിച്ചു. ഏകയായ സ്ത്രീയെ സംബന്ധിച്ചുള്ള കഥയായതിനാൽ ബ്രേക്ക് കിട്ടുമ്പോഴൊക്കെ എല്ലാവർക്കുമൊപ്പം സമയം ചെലവഴിച്ചു. ഒറ്റ ഷെഡ്യൂളിൽ 35-36 ദിവസമെടുത്താണ് സിനിമ ഷൂട്ട് ചെയ്തതെന്ന് നിങ്ങൾ ഓർക്കണം.

പിങ്കിന് ശേഷം ബച്ചനൊപ്പം രണ്ടാമതും ഒരു ചിത്രം ബദ്‍ല ചെയ്തല്ലോ?

ഗംഭീരമായിരുന്നു. എത്ര ചെറിയ ആളായാൽ പോലും അവരോട് ബഹുമാനത്തോടെ മാത്രമേ അദ്ദേഹം പെരുമാറാറുള്ളു. വലിയൊരു നടനാണെന്ന് മറ്റ് അഭിനേതാക്കൾ കരുതുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഒരു സഹപ്രവർത്തകൻ, അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹം സിനിമകളെക്കുറിച്ചും മറ്റും ധാരാളം കാര്യങ്ങൾ എന്നോട് സംസാരിക്കുമായിരുന്നു.

ഭൂമി പെഡ്നേക്കറുമായി ചേർന്ന് സാൻഡ് കി ആംഖ് എന്ന ചിത്രം ചെയ്യ്തല്ലോ. ഇരട്ടനായികമാരുള്ള ചിത്രം. അതൊരു രസകരമായ അനുഭവമല്ലേ?

തീർച്ചയായും. ഒരു അഭിനേതാവെന്ന നിലയിൽ എല്ലാവിധ സാധ്യതകളും കണ്ടെത്താനാണ് താൽപര്യം. പക്ഷേ സാൻഡ് കി ആംഖിലെ നായികമാർ വളരെ പ്രായമുള്ളവരാണ്. അക്കാര്യം എനിക്കറിയില്ലായിരുന്നു. അനുരാഗ് കശ്യപ് ഒരു സർപ്രൈസ് എന്നോണമാണ് ആ റോൾ എന്നെ ഏൽപ്പിക്കുന്നത്. 65 കാരിയായ ഒരു സ്ത്രീയെ അവതരിപ്പിക്കാൻ ഞാൻ തയ്യാറായത് അറിഞ്ഞ് നിർമ്മാതാക്കൾ അദ്ഭുതപ്പെടുകയായിരുന്നു. പക്ഷേ എനിക്ക് വെല്ലുവിളികൾ നിറഞ്ഞ റോളുകളാണ് ഇഷ്ടം.

ധാരാളം തെലുഗു സിനിമകളിലും മുഖം കാട്ടുന്നുണ്ടല്ലോ?

അതെ. വളരെ എന്‍റർടെയ്നിംഗ് സ്ക്രിപ്റ്റുകളാണ് തെലുഗുവിലുള്ളത്. എനിക്ക് നല്ല റോളുകൾ കിട്ടാറുണ്ട്. സ്റ്റീരിയോ ടൈപ്പ് റോളുകൾ ചെയ്യാൻ എനിക്കിഷ്ടമല്ല.

ക്രൈം ത്രില്ലറുകളാണ് അധികവും ചെയ്തിരിക്കുന്നത്. റൊമാന്‍റിക് സിനിമകൾ എന്തുകൊണ്ടാണ് ചെയ്യാത്തത്?

അങ്ങനെയല്ല. നാം ഷബാന, ബേബി, ബദ്‍ല എന്നിങ്ങനെ ത്രില്ലറുകൾ ചെയ്തിട്ടുണ്ട്. മന്‍മർസിയാം ഒരു റൊമാന്‍റിക് മൂവിയാണ്. തെലുഗു സിനിമയായ നീവേരെ ഒരു ക്രൈം ത്രല്ലറാണ്. എനിക്ക് റൊമാന്‍റിക് സിനിമകളും ചെയ്യാൻ പറ്റും. പക്ഷേ എന്നെ സംബന്ധിച്ച് ശക്‌തമായ കഥാപാത്രമാകണം അത്.

മിഷൻ മംഗളിൽ ഒരു ശാസ്ത്രജ്‌ഞയുടെ റോളാണല്ലോ ചെയ്തത്?

അതെ. നിത്യ എന്ന കഥാപാത്രത്തെ. വളരെയധികം സന്തോഷം തോന്നി അതിൽ. വളരെ മനോഹരമായ ചിത്രം. 5 നായികമാർ ഒപ്പം അക്ഷയ്കുമാർ.

ഒരിക്കല്‍ കങ്കണയുടെ സഹോദരി രംഗോലി കങ്കണയുടെ സസ്തികോപ്പി എന്ന്‌ വിശേഷിപ്പിച്ചതിൽ സങ്കടം തോന്നിയിരുന്നോ?

ഒട്ടുമേയില്ല. എന്‍റെ ചിന്തയിലോ കാര്യങ്ങളിലോ ഇല്ലാത്തവർ എന്ത് പറഞ്ഞാലും ഞാനത് കാര്യമാക്കാറില്ല. പക്ഷേ ഞാൻ വില മതിക്കുന്നവർ എന്തെങ്കിലും പറയുകയാണെങ്കിൽ തീർച്ചയായും വിഷമം തോന്നും. ഇത്തരം വാഗ്വാദങ്ങളിൽ ഏർപ്പെടാനും സമയം പാഴാക്കാനും എനിക്ക് താൽപര്യമില്ല. വ്യക്‌തികളെന്ന നിലയിലും അഭിനേതാക്കളെന്ന നിലയിലും ഞങ്ങൾ രണ്ടുപേരും തീർത്തും വ്യത്യസ്തരാണെന്നാണ് എനിക്ക് തോന്നിയത്. ചുരുണ്ടമുടിക്കും സത്യസന്ധമായ നിലപാടുകൾക്കും എന്തെങ്കിലും പേറ്റന്‍റുണ്ടോയെന്നും എനിക്കറിയില്ല. അതെന്‍റെ തെറ്റ്. പിന്നെ എനിക്ക് എന്‍റെ രക്ഷിതാക്കളിൽ നിന്നാണ് ഈ സ്വഭാവം കിട്ടിയത്. അഭിപ്രായങ്ങൾ തുറന്നുപറയുന്നതിനും എനിക്ക് കുറ്റബോധമൊന്നും ഇല്ല. ഇതെല്ലാം എന്നെ കങ്കണയുടെ കോപ്പിയടി തോന്നിപ്പിക്കുന്നുവെങ്കിൽ തീർച്ചയായും ഞാനത് അംഗീകാരമായി കാണുന്നു. കാരണം അവർ മികച്ചൊരു അഭിനേത്രിയാണ്. സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് എന്നെ കണ്ടാൽ പ്രീതി സിന്‍റയെ പോലെയുണ്ടെന്ന് ആളുകൾ പറയുമായിരുന്നു. ഞാനത് ആസ്വദിച്ചിരുന്നു.

ആക്ഷൻ പടവും ചെയ്തിരുന്നുവല്ലോ?

അതെ. നീരജ് പാണ്ഡെയോട് ഞാനെപ്പോഴും അത്തരത്തിൽ ഒരു പടവും കൂടി ചെയ്യണമെന്ന് പറയാറുണ്ട്.

എങ്ങനെയാണ് സിനിമയിലെ നായകാധിപത്യത്തെ മറികടന്നത്?

സിനിമയിലെ പുരുഷാധിപത്യത്തെ മറികടന്നു എന്നല്ല. ഞാനതിനെ ഇൻഡസ്ട്രിയിലെ ഒരു രീതിയായി കണ്ടു എന്നേയുള്ളൂ. നമുക്കതിനൊപ്പം കടന്നു പോകേണ്ടിയിരിക്കുന്നു. അതിനൊപ്പം ജീവിക്കേണ്ടിയും വരും. അത് അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും.

ലക്ഷ്യയുടെ സ്വന്തം പപ്പ

തുഷാർ ആണ് റിയൽ ഹീറോ. കാലത്തിന്‍റെ മാറ്റം ശരിക്കും ഉൾക്കൊണ്ട യഥാർത്ഥ കഥാനായകൻ. ആളുകൾ വിലമതിക്കുന്ന അച്‌ഛനാകാൻ കല്യാണം കഴിച്ചേ മതിയാക്കൂ എന്നില്ല എന്ന് തെളിയിച്ചിരിക്കുന്നു ഈ ഹീറോ. ഐവിഎഫിലൂടെ സ്വന്തം കുഞ്ഞിനെ കരഗതമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റിയായ സിംഗിൾ ഡാഡ് എന്ന പദവിയല്ലേ ഈ താരം തട്ടിയെടുത്തിരിക്കുന്നത്.

“എന്‍റെ സ്വന്തം കുഞ്ഞ്, എന്‍റെ കൈകളിൽ… ഞാൻ ഈ നിമിഷങ്ങൾ ആസ്വദിക്കുന്നു, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ…” തനിക്ക് ഒരു ആൺകുഞ്ഞ് വാടക ഗർഭപാത്രത്തിലൂടെ പിറന്ന കാര്യം തുഷാർ തന്നെയാണ് പുറത്തുവിട്ടത്. മുംബൈയിൽ നിന്നുള്ള വാടക അമ്മയാണ് തുഷാറിന്‍റെ ബീജം ഗർഭത്തിൽ സ്വീകരിച്ച് ആൺകുഞ്ഞിന് ജന്മമേകിയത്.

ലക്ഷ്യ എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞു പിറക്കും വരെ എല്ലാ മാതാപിതാക്കളെയും പോലെ ആണോ പെണോ എന്ന കാര്യം പോലും അറിഞ്ഞിരുന്നില്ല തുഷാർ. താര ദമ്പതികളായ ജിതേന്ദ്രയുടെയും ശോഭ കപൂറിന്‍റെയും മകനായ തുഷാർ അവിവാഹിതനാണ്. പ്രായം കൂടുന്നു എന്ന ചിന്തയാണ് ഐവിഎഫിലൂടെ സ്വന്തം കുഞ്ഞിനു വേണ്ടി ശ്രമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തന്‍റെ മകൻ ലക്ഷ്യ കൈയിലേക്ക് എത്തിച്ച വഴികളെക്കുറിച്ച്.

“സംവിധായകൻ പ്രകാശ് ആയിടെയാണ് ഐവിഎഫിലൂടെ കുഞ്ഞ് എന്ന ആശയം എന്‍റെ മുന്നിലേക്ക് വച്ചത്. ഹൈദ്രാബാദിലേക്കുള്ള വിമാനം മിസ് ആയപ്പോൾ എന്നോടൊപ്പം കാറിൽ ചെന്നൈയ്ക്കു യാത്ര ചെയ്യുമ്പോഴാണ് പ്രകാശ്ജിയുമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇടയായത്.

ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെന്ന കാര്യം ഞാൻ യാത്രക്കിടയിൽ തുറന്നു സംസാരിച്ചു. അതുകേട്ടപ്പോൾ അദ്ദേഹമാണ് എത്രയോ ചെറുപ്പക്കാർ ഐവിഎഫിലൂടെ അച്‌ഛനാകുന്ന കാര്യം എന്നോട് പറഞ്ഞത്. സിംഗിൾ പേരന്‍റായി കുഞ്ഞിനെ വളർത്തിക്കൊണ്ടുവരുന്നത്തിനെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയത് അപ്പോഴാണ്.

മുംബൈയിൽ പ്രകാശ്ജിയുടെ കുടുംബ സുഹൃത്ത് സറോഗസിയിലൂടെ പെൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. അവർ വഴിയാണ് മുംബൈയിലെ ഡോ ഫിറുസ വാരിഖിനെ കണ്ട് ഐവിഎഫ് ചികിത്സയ്ക്കുള്ള ഉപാധികൾ മനസ്സിലാക്കിയത്.

ഇന്ത്യയിലെ ആദ്യത്തെ സിംഗിൾ പേരന്‍റ് ഡാഡ് ഞാൻ ആണെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതിന്‍റെ സമ്മർദ്ദമൊന്നും ഒട്ടും എനിക്കില്ല. എനിക്ക് ഇഷ്‌ടമാണ് കുഞ്ഞുങ്ങളെ വളർത്താൻ. ഒരു അച്ഛന്‍റെ മനസ്സ് എനിക്ക് ഉണ്ട്. അഞ്ചു വർഷം മുമ്പാണെങ്കിൽ ഇതേ മനസ്സ് എനിക്കുണ്ടാവുമോ എന്ന് സംശയമാണ്. ചില ഘട്ടങ്ങളിൽ നമുക്ക് തോന്നാം. ഇപ്പോൾ എനിക്കൊരു കുഞ്ഞുണ്ടായിരുന്നുവെങ്കിൽ എന്നൊക്കെ. അതു സിംഗിൾ ആയി ജീവിക്കുന്നവരെ സംബന്ധിച്ച് തുറന്നു പറയാൻ പോലും മടിയായിരിക്കും. എന്നാൽ അച്‌ഛനാവുക എന്നത് എന്നെ സംബന്ധിച്ച് ഒരു തീരുമാനം എന്നതിലുപരി, പ്രായപൂർത്തിയായ ഉത്തരവാദിത്തമുള്ള ഒരു പുരുഷന്‍റെ അച്‌ഛനാവാനുള്ള ആഗ്രഹത്തിലേക്കുള്ള ക്രമമായ ചുവടുവയ്‌പായിരുന്നു.

കുഞ്ഞ് പിറക്കുന്നതിന് ഒരു മാസം മുമ്പ് അമേരിക്കയിൽ പോയപ്പോൾ കുഞ്ഞിനു വേണ്ടി യൂണിസെക്സ് ഉടുപ്പുകൾ വാങ്ങി. ആണോ, പെണ്ണോ എന്നൊന്നും അറിയില്ലാതെയാണ് ഉടുപ്പും മറ്റു സാമഗ്രികളും വാങ്ങിയത്. ആണായാലും പെണ്ണായാലും ഉപയോഗിക്കാവുന്നവയാണ് അവ. ഒരു അച്‌ഛന്‍റെ എല്ലാ ആവേശത്തോടെയും ആകാംക്ഷയോടുമാണ് ഞാൻ കാത്തിരുന്നത്. എന്‍റെ കുടുംബാംഗങ്ങളും അങ്ങനെ തന്നെ.

ഐവിഎഫ് പ്രക്രിയക്കു ശേഷം നീണ്ട 9 മാസം ഉണ്ടായിരുന്നല്ലോ എനിക്ക് മാനസികമായി തയ്യാറാവാൻ. എന്‍റെ ആദ്യത്തെ കുഞ്ഞാണ്. മാത്രമല്ല ഞാൻ വിവാഹിതനുമല്ല. സിംഗിൾ പേരന്‍റ് എന്ന സ്‌റ്റാറ്റസ് എനിക്ക് കൂടുതൽ ഉത്തരവാദിത്തമാണ് നൽകുന്നത്.

അച്‌ഛനും അമ്മയും പുതിയ അതിഥിയുടെ വരവിൽ വളരെ ഹാപ്പിയാണ്. അമ്മയാകട്ടെ ഇപ്പോൾ തന്നെ അവൻ പഠിക്കേണ്ട നഴ്സറിയും സ്ക്കൂളുമൊക്കെ തീരുമാനിച്ചു കഴിഞ്ഞു. ഞാൻ ഒരു നല്ല അച്‌ഛനായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. സഹോദരി ഏക്‌ത കപൂർ മിക്കപ്പോഴും കുഞ്ഞിന്‍റെ ബേബി സിറ്റർ ആണ്. ഏക്‌തയും ജൂൺ മാസത്തിൽ പിറന്നതിനാൽ ജൂൺ മാസക്കാരനായ ലക്ഷ്യ തന്‍റെ ഇരട്ടയാണെന്നാണ് ഏക്‌ത പറയുന്നത്. ലക്ഷ്യ എന്ന പേര് ഇട്ടതും ഏക്‌തയാണ്. അതൊക്കെ അവളുടെ ഡിപ്പാർട്ട്മെന്‍റാണ്.

മൂന്നു മണിക്കൂർ ഇടവിട്ട് മകൻ രാത്രിയിൽ എഴുന്നേൽക്കും. പാലിനു വേണ്ടി. ആ സമയത്തൊക്കെ എഴുന്നേറ്റ് പാൽ കൊടുക്കാൻ യാതൊരു മടിയുമില്ല എനിക്ക്.

അവന് വിശക്കുന്നുണ്ടെങ്കിൽ എനിക്ക് അറിയാൻ പറ്റും. പാട്ട് കേട്ട് കിടക്കാൻ അവന് ഇഷ്‌ടമാണ്. ഒരു ബഹളക്കാരൻ കുഞ്ഞല്ല. പൊതുവേ ശാന്തശീലനാണ്. ഇതിൽ കവിഞ്ഞൊന്നും ഇനി ഞാൻ പറയുന്നില്ല. അവന് കണ്ണ് കിട്ടിയാലോ?”

കുഞ്ഞിനെ സ്വന്തം കയ്യിലേക്ക് കിട്ടിയ ആ നിമിഷം മറക്കാനേ പറ്റുന്നില്ല. ഞാനൊരു അച്‌ഛനാണ് എന്ന തോന്നൽ ആ നിമിഷം എന്നെ കോരിത്തരിപ്പിച്ചു. ആ രാത്രി ഞാൻ ഉറങ്ങിയതേയില്ല.

സുഹൃത്തുക്കളുടെ കുഞ്ഞുങ്ങളെ കാണുമ്പോൾ തനിക്കും കുഞ്ഞു വേണമെന്ന ചിന്ത എനിക്ക് ഉണ്ടായിട്ടില്ല. ഞാൻ അവർ വിവാഹം ചെയ്ത പ്രായത്തിൽ ശ്രമിച്ചുവെങ്കിൽ 10 വയസ്സുള്ള കുഞ്ഞിന്‍റെ അച്‌ഛനായേനെ. എന്നാൽ കുറച്ചുനാളുകൾക്കു മുമ്പാണ് യഥാർത്ഥത്തിൽ എന്നിലെ അച്‌ഛനെന്ന ഭാവം ഉണർന്നത്.

വിമർശനങ്ങളെ ഞാൻ കണക്കിലെടുക്കുന്നില്ല. അവയെ ഒക്കെ മറികടക്കുന്ന സന്തോഷം ഇപ്പോൾ എനിക്കുണ്ട്. എന്‍റെ പ്രവൃത്തി എല്ലാ സിംഗിൾ പേരന്‍റുമാർക്കും ആത്മവിശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാലം മാറി, നിയമങ്ങൾ മാറി. നിയമവിരുദ്ധമായി ഞാൻ ഒന്നും ചെയ്‌തിട്ടുമില്ല. അതിനാൽ ദു:ഖം തോന്നേണ്ട ഒരു സാഹചര്യവും എനിക്കുണ്ടാവില്ല എന്ന് ഉറപ്പുണ്ട്.

സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായ എന്‍റെ സുഹൃത്തുക്കൾ വളരെ പിന്തുണയോടെയാണ് എന്‍റെ തീരുമാനത്തെ സ്വീകരിച്ചത്. പലർക്കും ഈ പാത പിന്തുടരാനും ആഗ്രഹമുണ്ട്.

48-ാം വയസ്സിൽ ബോളിവുഡ് നടന്‍റെ കിടിലൻ ലുക്ക്‌

ബോളിവുഡ് സിനിമകളിൽ പലരും വന്ന് പോകുന്നു. എന്നിരുന്നാലും, കുറച്ച് ആളുകൾ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാറുണ്ട്. അങ്ങനെ ഒരു പേരുകളിലൊന്നാണ് നടൻ ജുഗൽ ഹൻസ്‌രാജ്.

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിട്ടുള്ള നടൻ ജുഗൽ ഹൻസ്‌രാജിന്‍റെ സുന്ദരമായ മുഖം ഇപ്പോഴും ആരാധകരുടെ ഹൃദയത്തിൽ ഉണ്ടാകും.. എന്നാൽ വർഷങ്ങളായി, നടന്‍റെ ജീവിതം സിനിമാ ലോകത്ത് നിന്ന് വളരെ അകലെയാണ്. മൊഹബതേം, പാപ്പ കഹ്‌ത്തെ ഹേ നടന്‍റെ വൈറൽ ഫോട്ടോകൾ കാണിച്ചു തരാം…

എന്തായാലും മികച്ച സ്റ്റൈൽ ആണ് ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ ലോകത്ത് പേര് നേടിയ നടൻ ജുഗൽ ഹൻസ്‌രാജിന്‍റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.. 48 വയസ്സിലെ, ജുഗൽ ഹൻസ്‌രാജിനേയും അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോകളും കണ്ട് എല്ലാവരും ആശ്ചര്യപ്പെടുന്നു.

2014 ൽ ജുഗൽ ഹൻസ്‌രാജ് ജാസ്മിൻ ഹൻസ്‌രാജിനെ വിവാഹം കഴിച്ചു, അതിനുശേഷം ഇരുവരും പലപ്പോഴും അവരുടെ റൊമാന്‍റിക് ഫോട്ടോകൾ പോസ്റ്റ്‌ ചെയ്യാറുണ്ടായിരുന്നു., അതേസമയം, സിനിമ വിട്ടെങ്കിലും ജുഗൽ ഹൻസ്‌രാജിന് എഴുതാൻ ഇഷ്ടമാണ്, വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഒരു പുസ്തകവും എഴുതി. കൂടാതെ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള ഒരൊറ്റ അവസരം അദ്ദേഹം നഷ്ടപ്പെടുത്തുന്നില്ല.

ഫോട്ടോയിൽ ജുഗൽ ഹൻസ്‌രാജ് വെളുത്ത മുടിയുള്ള സുന്ദരനാണ്. അതേസമയം, മുഖത്തിന്‍റെ തിളക്കവും ചിരിയും ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്.

‘പപ്പ കെഹ്ത’, ‘മൊഹബബതേം ‘ തുടങ്ങിയ ചിത്രങ്ങളിൽ നിന്ന് ജനകീയത നേടിയ നടൻ ജുഗൽ ഹൻസ്‌രാജ് നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും താമസിയാതെ ബോളിവുഡ് വിട്ടു പോയി. എന്നാൽ ഇന്നും അദ്ദേഹത്തിന്‍റെ സിനിമകളോടുള്ള പ്രേക്ഷക താൽപര്യം ഒട്ടും കുറഞ്ഞിട്ടില്ല.

പുസ്തകം വായിക്കാതെ ജീവിക്കാൻ സാധിക്കില്ല

സ്വപ്നതുല്യമായ തുടക്കമായിരുന്നു തബുവിന്‍റേത്. 14-ാം വയസ്സിൽ നൗജവാൻ എന്ന ചിത്രത്തിൽ ദേവ് ആനന്ദിന്‍റെ മകളായി അരങ്ങേറ്റം! ആ ചിത്രത്തിൽ ഒരു റേപ്പ് വിക്റ്റിമിന്‍റെ റോളായിരുന്നു. സിനിമാ കുടുംബത്തിലായിരുന്നെങ്കിലും സിനിമ ആഗ്രഹത്തിന്‍റെ ഏഴ് അയലത്തു പോലും ഉണ്ടായിരുന്നില്ല എന്നാണ് ആ കാലത്തെക്കുറിച്ച് തബു പറയുന്നത്. വന്നപ്പോൾ ഇഷ്ടപ്പെട്ടു ചെയ്യാൻ തുടങ്ങി. തബുവിന്‍റെ 80% ചിത്രങ്ങളും വൻ വിജയമായിരുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും അനേകം ഹിറ്റുകൾ തീർത്ത തബു. അതിൽ മാച്ചിസ്, വിരസത്ത്, അസ്ഥിത്വ, ചാന്ദ്നിബാർ, മക്ബൂൽ, ദ നേം സേക്ക് എന്നിവ എടുത്തു പറയേണ്ടവയാണ്. തബുവിന്‍റെ ചിത്രങ്ങൾ ഇന്നും ഇനപ്രിയങ്ങളാണ്. പക്ഷേ താരം ഇപ്പോൾ വളരെ സെലക്ടീവ് ആണെന്ന് മാത്രം. ചീനി കം എന്ന ചിത്രത്തിൽ അസാധ്യ അഭിനയമാണ് തബു കാഴ്ചവച്ചത്. പക്ഷേ വ്യക്‌തി ജീവിതത്തിൽ എപ്പോഴും വിവാദത്തിൽ ചെന്നുപെടുന്നു തബു. നാഗാർജുനയുമായി പ്രണയത്തിലായിരുന്നെന്ന് ഒരിടെ മാധ്യമങ്ങൾ എഴുതി. നാഗാർജുന വിവാഹിതനായതിനാൽ തബുവിനെ സ്വീകരിക്കാൻ സാധിക്കില്ലെന്നതുകൊണ്ട് തബു സ്വയം പിൻവാങ്ങി എന്നൊക്കെ പ്രചരിച്ചു. തബു അതിലൊന്നും കുലുങ്ങിയില്ല. ഹിറ്റുകൾ തീർത്തു.

അതിനുശേഷം ഉപൻ പട്ടേലുമായി ബന്ധമുണ്ടെന്ന വാർത്ത പുറത്തുവന്നു. തബുവിനേക്കാൾ 10 വയസ്സ് ഇളയതായിരുന്നു ഉപൻ. അതും വിവാദമായി. ഇപ്പോൾ തബു ഒറ്റയ്ക്കാണ് താമസം. ലോകം ചുറ്റാനും പുസ്തകങ്ങൾ വായിക്കാനും സമയം ചെലവഴിക്കുന്നു. 2011 ല്‍ തബുവിന് പത്മശ്രീ ലഭിച്ചു.

ശാന്തപ്രകൃതക്കാരിയായ തബു എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറാറുള്ളത്. സിനിമയിലെ നല്ല കുട്ടി എന്ന ചെല്ലപ്പേരും അതിനാൽ തബുവിന് ചാർത്തി കിട്ടിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനത്തില്‍ തബു തൽപരയായ തബു സംസാരിക്കുന്നു.

സ്ത്രീ ശാക്‌തീകരണത്തിനായി ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ട് മാറ്റം ശരിക്കും സംഭവിക്കുന്നുണ്ടോ?

സ്ത്രീകൾ ഇന്ന് വളരെയധികം മുന്നോട്ട് വന്നിട്ടുണ്ട്. സ്ത്രീകളുടെ ജീവിത സാഹചര്യം മാറുന്നുണ്ട്. ആ പ്രക്രിയയ്ക്ക് വേഗം പോര എന്നാണ് തോന്നിയിട്ടുള്ളത്. മുന്നേറാൻ ഒരുപാടുണ്ട്. നഗരത്തിലെ മാറ്റം ഗ്രാമീണ സ്ത്രീകളിൽ ഉണ്ടാവില്ലെന്ന് വേണം കരുതാൻ. അവരിപ്പോഴും കഷ്ടപ്പെടുന്നുണ്ട്. പുരുഷാധിപത്യം ഗ്രാമങ്ങളിൽ കൂടുതലാണ്. സ്ത്രീകൾ പുരുഷന്മാരെ എല്ലാത്തിനും ആശ്രയിക്കുന്നതിനാലാവം ഇത്. അമ്മമാർ ആൺകുട്ടികളെ നോക്കി വളർത്തുന്നതുപോലെ തന്നെ പെണ്മക്കളേയും നോക്കി വളർത്തണം. എങ്കിലെ മാറ്റം സാദ്ധ്യമാകൂ. കുട്ടികൾ കുടുംബത്തിൽ നിന്നാണല്ലോ പഠിക്കുന്നത്. പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ അമ്മമാരാണ് പഠിപ്പിക്കേണ്ടത്. എന്‍റെ വീട്ടിൽ ആണിന്‍റേയും പെണ്ണിന്‍റെയും വാക്കുകൾക്ക് ചെവി കൊടുക്കാറുണ്ട്. അവിടെ വേർതിരിവുകൾ ഇല്ല. എല്ലാ കുടുംബത്തിലും ഇങ്ങനെയായാൽ സമൂഹത്തിൽ സ്ത്രീകൾ താനെ ഉയർന്നുവരും.

ആദ്യകാല ചിത്രങ്ങളിൽ നിന്ന് എത്ര മാത്രം ഒരു വ്യക്‌തിയെന്ന നിലയ്ക്ക് വളർന്നിട്ടുണ്ട്?

ആദ്യമൊക്കെ നന്നായി സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. റിസർവ്വ് സ്വഭാവം ആയിരുന്നു. ഇൻട്രോവർട്ട് എന്നുതന്നെ പറയാം. ഇപ്പോൾ അങ്ങനെയല്ല. കാര്യങ്ങൾ നന്നായി സംസാരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. മുമ്പ് ആൾക്കാർ എന്നെപറ്റി എന്താണാവോ കരുതി വച്ചിരിക്കുന്നത് ആവോ? ഇപ്പോൾ ആ കൺഫ്യൂഷൻ ആർക്കും കാണില്ല. വിവധതരം ആളുകളുമായുള്ള സമ്പർക്കം എന്നെ മാറ്റി രൂപപ്പെടുത്തിയിട്ടുണ്ടാവാം. പല ചിന്താഗതിക്കാരുമായി ചേർന്ന് ജോലി ചെയ്യുന്നതിന്‍റെ ഒരു ഗ്രോത്ത് എന്നിൽ ഉണ്ടായിട്ടുണ്ട്.

ഹിന്ദിസിനിമ മുന്നത്തേക്കാൾ മാറിയിട്ടുണ്ടല്ലോ. പുതിയ ആൾക്കാരുമായി ചേർന്ന് വർക്ക് ചെയ്യുമ്പോൾ എന്ത് മാറ്റമാണ് അനുഭവപ്പെടുന്നത്?

നല്ല മാറ്റം വന്നിട്ടുണ്ട്. പുതിയ ചിന്തകൾ ഉണ്ട്. അത് തന്നെ വിലയ മാറ്റമല്ലേ. ജോലി ചെയ്യുന്ന കാര്യത്തിലും ആ ചിന്തയുടെ എനർജി കാണാം. എനിക്ക് പക്ഷേ അഭിനയത്തിലും സെറ്റിലെ അന്തരീക്ഷത്തിലും വലിയ മാറ്റം ഫീൽ ചെയ്തിട്ടില്ല. കാരണം ഞാൻ എങ്ങും പോയിരുന്നില്ലല്ലോ. ഞാനും ഈ മാറ്റത്തിന്‍റെ ഭാഗമായിരുന്നു. മുമ്പ് അസിസ്റ്റന്‍റുമാരായി ഇപ്പോൾ ഡയറക്‌ടർമാരായപ്പോഴും ഞാൻ അവർക്കൊപ്പം ജോലി ചെയ്തതിനാൽ എനിക്ക് മാറ്റം ഫീൽ ചെയ്യുന്നില്ല എന്നേയുള്ളൂ. അല്ലാതെ മറ്റമില്ലാത്ത കൊണ്ടല്ല. വിശാൽ ഭരദ്വജ്, മഥൂർ ഭണ്ഡാർക്കർ എന്നിവരും ഞാൻ പറഞ്ഞ ലിസ്റ്റിൽ ഉണ്ട്.

ഇതുവരെയുള്ള കരിയറിലെ യാത്ര എങ്ങനെയാണ് വിലയിരുത്തുന്നത്?

ഞാൻ യാത്ര തുടങ്ങിയിട്ടല്ലേ ഉള്ളൂ (ചിരിക്കുന്നു) ഒരുപാട് ദൂരം ഞാൻ യാത്ര ചെയ്തു എന്ന് വിചാരിക്കുന്നില്ല. ഓരോ സിനിമയും ഓരോ യാത്രയാണ്. പുതിയ അനുഭവമാണ്. ഞാൻ കഥയ്ക്കും സംവിധായകനുമാണ് മുൻഗണന നൽകുന്നത്. പിന്നെ എന്‍റെ കഥാപാത്രത്തിനും. ഒരു കാരണവും ഇല്ലാതെ ഞാൻ ഒരു സിനിമയും ചെയ്യാറില്ല.

അഭിനയിച്ചവയിൽ ഹൃദയത്തോട് ചേർ ത്ത് വയ്ക്കുന്ന സിനിമകൾ ഏതാണ്? മറ്റ് ആഗ്രഹങ്ങൾ…

മക്ക്ബൂൽ, ഹംസാത്ത് സാത്ത്ഹെ, വിരാസത്ത്, ചാച്ചി- 420, ചാന്ദ്നി ബാർ, എന്നിവയിൽ നിന്നെല്ലാം ഞാൻ ഒരുപാട് പഠിച്ചു. നടിയെന്ന നിലയിൽ വളരാൻ ഇതിലെ കഥാപാത്രങ്ങൾ സഹായിച്ചു. സിനിമ നിർമ്മിക്കാനോ സംവിധാനം ചെയ്യാനോ എനിക്ക് ആഗ്രഹമല്ല. ടിവി സ്ക്രീൻ പോകാൻ താൽപര്യമുണ്ട്. പക്ഷേ നല്ല ഓഫറുകൾ വന്നിട്ടില്ല. നടിയായി തന്നെ അറിയപ്പെടാനാണ് മോഹം.

ഒഴിവു സമയത്ത് എന്തെല്ലാമാണ് ചെയ്യുന്നത്?

എന്തെങ്കിലും ചെയ്യുമ്പോൾ അത് ഒഴിവുസമയം ആയില്ലല്ലോ. വായന ഒരു പ്രധാന പരിപാടിയാണ്. പാട്ടുകൾ കേൾക്കും. കൂട്ടുകാർക്കൊപ്പം സിനിമ കാണാൻ പോകുന്നതാണ് ഒഴിവു സമയത്തെ വിനോദം. വലിയ നോവലുകൾ വായിക്കാറില്ല. വായിക്കാനുള്ള വാസന എനിക്കു കിട്ടിയത് മുത്തശ്ശിയിൽ നിന്നാണ്. എന്‍റെ സഹോദരി ഫർഹയ്ക്കും പുസ്തക വായന ഭ്രാന്താണ്. അവളാണ് എനിക്ക് നല്ല പുസ്തകങ്ങൾ നിർദ്ദേശിക്കുന്നത്. പുസ്തകം വായിക്കാതെ എനിക്ക് ജീവിക്കാനാവില്ല.

ഈ രംഗത്തേക്ക് വരുന്ന യൂത്തിനോട് എന്താണ് പറയാൻ ആഹ്രിക്കുന്നത്?

ഈ രംഗത്ത് വരാനായി മാനസികമായി കരുത്ത് നേടിയെടുക്കണം. ഇക്കാലത്ത് എല്ലാ സിനിമകളും മെയിൻ സ്ട്രീമാണ്. വാണിജ്യ സിനിമ, അവാർഡ് സിനിമ എന്നൊന്നുമില്ല. മൾട്ടി ഫ്ളക്സ് ധാരാളം വന്നതാണ് ഇതിന് കാരണം. പ്രേക്ഷകരും വൈവിദ്ധ്യമുള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്നു. അത് പുതിയതായി വരുന്നവരുടെ ഉത്തരവാദിത്വം കൂടുന്നുണ്ട്. തമാശയ്ക്ക് വേണ്ടി ഈ രംഗം തെരഞ്ഞെടുക്കാതിരിക്കുക.

ഏതെങ്കിലും സിനിമയുടെ റീമേക്ക് കാണാൻ ആഗ്രഹിക്കാറുണ്ടോ?

ഇല്ല, പലപ്പോഴും റീമേക്ക് ചെയ്യുമ്പോൾ നന്നാവാറില്ല. സീക്വൽ നന്നാവാറുണ്ട് ചില കഥകൾ രണ്ടാം ഭാഗമൊക്കെ നന്നായി എഴുതി കാണാറുണ്ട്.

പാകിസ്ഥാനിൽ നിന്നൊരു മാലാഖ

പാകിസ്‌ഥാൻ ക്രിക്കറ്റ് കളിക്കാരെ നമുക്ക് നല്ല പരിചയമുണ്ട്. അവിടുന്നുള്ള ഗസൽ ഗായകരെയും. എന്നാൽ ഒറ്റ ഇന്ത്യൻ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനം മയക്കിയ ഒരു പാകിസ്‌ഥാൻ നടിയുണ്ട്, മാവ്ര ഹോകേൻ. വിനയ് സപ്രുവും രാധിക റാവുവും ഒരുക്കിയ സനം തേരി കസം എന്ന ചിത്രത്തിലെ നായിക മാവ്ര ഒരു മാലാഖയെപ്പോലെ സുന്ദരിയാണ്. പാകിസ്ഥാനിലെ സീരിയലുകളിൽ തിളങ്ങിയ ശേഷമാണ് ബോളിവുഡ് ചിത്രത്തിലേയ്‌ക്ക് വരുന്നത്.

മാവ്രയുടെ യഥാർത്ഥ പേര് മാവ്ര ഹുസൈൻ എന്നാണ്. മാവ്രയുടെ മാതാപിതാക്കൾ സിഡ്നിയിലാണ് താമസം. അഭിനയത്തോടൊപ്പം ലണ്ടനിൽ എൽഎൽബിയും ചെയ്യുന്നുണ്ട് മാവ്ര. അഭിനേത്രിയാവും മുമ്പ് മെഡിസിനും ഫാഷൻ ഡിസൈനിംഗും പഠിച്ചിരുന്നു. താരം ആഹ്ലാദം പങ്കിടുന്നു….

അഭിനയത്തിൽ താൽപര്യം ഉണ്ടായതെപ്പോഴാണ്, അതിനു വല്ല കാരണവും ഉണ്ടോ?

വളരെ ചെറുതായിരുന്നപ്പോൾ തന്നെ അമ്മയോട് ഞാൻ മിസ് യൂണിവേഴ്സ് ആവുമെന്ന് പറയുമായിരുന്നു. ഇതിൽ നിന്ന് തന്നെ എന്‍റെ കലാവാസന അമ്മ തിരിച്ചറിഞ്ഞിരുന്നു. 13-ാം വയസ്സിൽ ഞാൻ പാകിസ്ഥാനിലെ പ്രൊഫഷണൽ നാടകവേദിയിൽ എത്തി. അന്ന് എനിക്ക് എണ്ണായിരം രൂപ പ്രതിഫലം ലഭിച്ചിരുന്നു. 18-ാം വയസ്സിൽ പാകിസ്ഥാനി ടിവി സീരിയലിൽ അഭിനയിച്ചു തുടങ്ങി. മേരി ഹുസൂർ എന്ന സീരിയൽ ഹിറ്റായത്തോടെ കൈ നിറയെ അവസരങ്ങൾ വന്നു.

എന്‍റെ നാട്ടിലെ പ്രശസ്തരായ സംവിധായകർക്കും അഭിനേതാക്കൾക്കുമൊപ്പം പ്രവർത്തിക്കാനുള്ള അവസരം ആ സീരിയൽ തുറന്നു തന്നു. പ്രേക്ഷകരുടെ സ്നേഹവും ആദരവും ലഭിച്ചു. ഏറ്റവും ചെറിയ പ്രായത്തിലും ഏറ്റവും കുറഞ്ഞ സമയത്തിലും അന്താരാഷ്‌ട്ര സീരിയലിൽ അഭിനയിച്ച് ഹിറ്റായ പാകിസ്‌ഥാനിലെ ആദ്യ അഭിനേതാവാണ് ഞാൻ. ഇന്ത്യൻ പ്രേക്ഷകൻ എന്നെ സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്.

നടിയാവാനായിരുന്നു ആഗ്രഹം, പിന്നെ എന്തു കൊണ്ട് ഡോക്‌ടറാവാൻ പോയി, അതുപേക്ഷിച്ച് ഫാഷൻ ഡിസൈനിംഗ് കോഴ്സ് ചെയ്‌തു.  ഇപ്പോൾ എൽഎൽബിയ്ക്കും പഠിക്കുന്നു?

ഞാൻ എന്‍റെ അച്‌ഛനോടും ജ്യേഷ്ഠനോടും കടപ്പെട്ടിരിക്കുന്നു. കാരണം എന്‍റെ ഇഷ്‌ടങ്ങൾക്കെല്ലാം പിന്തുണ നൽകുന്നത് അവരാണ്. പാകിസ്ഥാനിൽ പൊതുവെ അച്‌ഛനും ചേട്ടനുമാണ്. മകളെ/ പെങ്ങളെ നിയന്ത്രിക്കുന്നത്. പക്ഷേ എന്‍റെ ആത്മവിശ്വാസം ഉയർത്താനാണ് എപ്പോഴും എന്‍റെ ജ്യേഷ്ഠനും അച്‌ഛനും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണിപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നത്. എന്‍റെ എല്ലാ സൗഭാഗ്യങ്ങളും എന്‍റെ മാതാപിതാക്കൾ കാരണം ലഭിച്ചതാണ്.

എൽഎൽബി പരീക്ഷയുടെ സമയത്താണ് എനിക്ക് ഹിന്ദി സിനിമ ലഭിച്ചത്. അതിനാൽ പരീക്ഷ എഴുതിയില്ല. കാരണം എനിക്ക് സിനിമയായിരുന്നു പ്രധാനം. സിനിമ ശ്രദ്ധിക്കപ്പെട്ടു. ഇനി എനിക്ക് അടുത്ത ചാൻസിൽ എൽഎൽബി ഫൈനൽ എഴുതി എടുക്കണം. അതു ഞാൻ പൂർത്തിയാക്കും.

പാകിസ്‌ഥാനിൽ സ്ത്രീകൾക്ക് സ്വാതന്ത്യ്രം കുറവാണല്ലോ. സ്ത്രീകൾക്ക് ഉയർന്നുവരാൻ വലിയ ബുദ്ധിമുട്ടാണവിടെ. പക്ഷേ നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്യ്രം ലഭിച്ചു എന്നാണ് പറയുന്നത്. പാകിസ്‌ഥാനിൽ ഇപ്പോൾ സാമൂഹികാവസ്‌ഥ മാറിവരുന്നുണ്ടോ?

എന്താണോ ആഗ്രഹിക്കുന്നത് അത് നേടിയെടുക്കാൻ പ്രയത്നിക്കണമെന്നാണ് അച്‌ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്. നിങ്ങൾ കുറ്റങ്ങൾ മാത്രം നോക്കികാണാൻ തുടങ്ങിയാൽ അതിനേ നേരം കാണൂ. പാകിസ്‌ഥാനിൽ സംഗതി പഴയതുപോലെ തന്നെയാണ്. പക്ഷേ എനിക്കവിടുത്തെ ജനങ്ങളോടും എന്‍റെ നാടിനോടും സ്നേഹമാണ്. പാകിസ്‌ഥാൻ ഇതുവരെ സ്വപ്നം കാണാത്തതരത്തിലുള്ള കലാകാരിയാണ് ഞാൻ.

ബോളിവുഡിൽ കാലുറപ്പിക്കാനായി തെരഞ്ഞെടുത്ത ആദ്യ ചിത്രം സനം തേരി കസം തലവര മാറ്റി എഴുതുമെന്ന് കരുതുന്നുണ്ടോ?

സിനിമ വിജയിച്ചതിന്‍റെ സന്തോഷം ഉണ്ട്. പ്രേക്ഷകർ എന്നെ സ്വീകരിച്ചതിന്‍റെ ഉത്സാഹം പറഞ്ഞറിയിക്കാനാവില്ല. ഇതിനേക്കാൾ നല്ലൊരു തുടക്കം എനിക്കിനി കിട്ടാനില്ല. ഇതിൽ ഏഴ് സൂപ്പർ ഹിറ്റ് പാട്ടുകൾ ഉണ്ട്. ഇനി വരാനിരിക്കുന്ന പുതുമുഖങ്ങൾക്കും വിനയ് സപ്രൂവിനെയും രാധികാ റാവുവിനെപ്പോലെയുമുള്ള സംവിധായകരെ ലഭിക്കാൻ ഇടവരട്ടെ എന്നാഗ്രഹിക്കുന്നു.

കാമുകിയായി അഭിനയിച്ചതിന്‍റെ വെളിച്ചത്തിൽ ചോദിക്കട്ടെ, പ്രണയത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

സ്ക്രീനിലെ പ്രണയവും ജീവിതത്തിലെ പ്രണയവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. എന്നെ സംബന്ധിച്ച് പ്രണയം ഒരു ഇമോഷൻ അല്ല. പ്രണയം ഒരു ജീവിതശൈലിയാണ്. എന്നെ സംബന്ധിച്ച് സ്നേഹം നിസ്വാർത്ഥവും ഉപാധിരഹിതവുമാണ്. അതുണ്ടെങ്കിൽ സ്നേഹത്തോടൊപ്പം യാത്ര ചെയ്യാം. പകുത്തു കൊടുക്കാം, പക്ഷേ നമ്മളെ സുരക്ഷിതമായി നിർത്താൻ നമുക്ക് കഴിയണമെന്ന് മാത്രം. പ്രണയിക്കുന്നത് ഒരുമോശം കാര്യമായി എനിക്ക് തോന്നിയിട്ടില്ല.

പാകിസ്‌ഥാനിൽ ഫിലിം ഇൻഡസ്ട്രിയുടെ അവസ്‌ഥ എന്താണ്?

അത്ര നല്ല അവസ്‌ഥയല്ല. അതിനാൽ തന്നെ സിനിമയേക്കാൾ സീരിയലുകൾക്കാണ് അവിടെ പ്രാമുഖ്യം. ബോളിവുഡിലാണ് ലോകത്തെ ഏറ്റവും നല്ല ടെക്നീഷ്യന്മാരും കലാകാരന്മാരും പ്രവർത്തിക്കുന്നത്. വലിയ ഇൻഡസ്ട്രിയുമാണത്. പക്ഷേ പാകിസ്ഥാനിൽ പ്രതിഭകൾ സീരിയൽ രംഗത്താണുള്ളത്. സിനിമ മേഖല വളർച്ച മുരടിച്ച സ്‌ഥിതിയിലാണ്.

ബോളിവുഡിൽ ആരാണ് സ്വാധീനം ചെലുത്തിയത്?

എനിക്ക് രൺബീർ കപൂറിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്‍റെ സിനിമകൾ എനിക്കിഷ്ടമാണ്. അഭിനയവും. ഞാൻ സീരിയൽ ചെയ്‌തു കൊണ്ടിരിക്കുന്ന സമയത്താണ് റോക്ക് സ്റ്റാർ ഇറങ്ങിയത്. അതു കണ്ടതിനു ശേഷം ഞാൻ സെറ്റിൽ ഇരുന്ന് അതിലെ പാട്ടുകൾ പാടുമായിരുന്നു. ആ ചിത്രത്തിനു ശേഷം ഞാൻ രൺബീറിന്‍റെ വലിയ ഫാനായി തീർന്നു. എനിക്ക് പ്രതീക്ഷയുണ്ട്, അധികം വൈകാതെ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിക്കും.

എനിക്കിപ്പോഴും പപ്പയെ പേടിയാണ്

നാണം കുണുങ്ങി സ്വഭാവമുള്ള സണ്ണി ഡിയോൾ പക്ഷേ സ്ക്രീനിൽ ചെയ്ത വേഷങ്ങൾ ഒക്കെ ക്ഷുഭിത യുവാവിന്‍റേതാണ്. റിയൽ ലൈഫിൽ വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന സണ്ണിയെ നാം സിനിമയിൽ കാണാറ് ഗർജ്‌ജിക്കുന്ന സിംഹമായാണ്. റോമാൻസ് ചെയ്തതിനേക്കാൾ കൂടുതൽ ആക്ഷനാണ് സണ്ണി ചെയ്തിരിക്കുന്നത്. 1983 ൽ ബേത്താബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സണ്ണി ഡിയോൾ വളരെ നീണ്ടകാലം തന്‍റെ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം നിലനിർത്തി.

കരിയറിലെ ഉയർച്ച താഴ്ചകളും ദേശ സ്നേഹം തുളുമ്പുന്ന സിനിമകളിലൂടെയുള്ള തിരിച്ചു വരവും സണ്ണിയെ വിസ്മയിപ്പിക്കുന്ന താരമാക്കിയിരുന്നു. ആക്ഷൻ ഹീറോ മനസ്സ് തുറക്കുന്നു.

സംവിധാനം കഠിനമായ ജോലിയാണ്

സത്യത്തിൽ സംവിധാനം വളരെ ടഫ് ആയിട്ടുള്ള കാര്യമാണ്. എനിക്ക് ആക്‌ടിംഗ് അനായാസമായി ചെയ്യാൻ കഴിയും പക്ഷേ സംവിധാനം അങ്ങനെയല്ല. നടന് ഷോട്ട് എടുത്ത ശേഷം സംവിധായകന്‍റെ മുഖത്തേയ്‌ക്ക് നോക്കിയാൽ ശരിയായോ ഇല്ലയോ എന്ന് മനസ്സിലാക്കാനാവും. പക്ഷേ സ്വന്തം അഭിനയം സ്വയം സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും നടക്കില്ലല്ലോ. എല്ലാം നമ്മൾ തന്നെ തീരുമാനിക്കണം. ഷോട്ട് എടുത്ത ശേഷം ടീമേറ്റിനോട് ഫീഡ് ബാക്ക് ചോദിക്കേണ്ടി വരും. അല്ലെങ്കിൽ മോണിറ്ററിൽ പോയി നോക്കി വിലയിരുത്തണം. സ്വയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമ്പോൾ ജോലി ഭാരം കൂടും.

മാത്രമല്ല സംവിധാന കുപ്പായം അണിയാനായി ഒരുപാട് എനർജിയും ആവശ്യമാണ്. മനസ്സും ശരീരവും ഒരുപോലെ വർക്ക് ചെയ്യേണ്ടതുണ്ട്. പല തരം സ്വഭാവ സവിശേഷതയുള്ളവരെ ഒന്നിച്ചു നിർത്തി. ജോലി പൂർത്തിയാക്കുക അൽപം ഡിപ്ലോമസി ഉള്ളവർക്കേ സാധിക്കൂ. ആത്മസംഘർഷത്തെ മറികടക്കാനും കഴിയണം. എങ്കിൽ മാത്രമേ സംവിധാനം സുഗമമായി നടക്കുകയുള്ളൂ. ഇതൊക്കെയാണെങ്കിലും ഞാൻ ഈ ജോലി നന്നായി ആസ്വദിക്കാറുണ്ട്.

ഞാൻ അഭിനയം തുടങ്ങിയ കാലത്ത് ജസ്റ്റ് കോളേജ് പാസായി വന്നതേയുണ്ടായിരുന്നുള്ളൂ. എന്‍റെ ആദ്യ സിനിമ ബേത്താബ് സംവിധാനം ചെയ്‌ത രാഹുൽ രാവലും ഞാനും തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ക്യാമറയ്ക്ക് പുറകിലുള്ള കാര്യങ്ങളെപ്പറ്റി ഞാൻ രാഹുലിന്‍റെ അടുത്ത് നിന്നാണ് കൂടുതലും പഠിച്ചത്. 1999 ൽ ദില്ലഗി സംവിധാനം ചെയ്തു. അപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു. ഖായൽ റിട്ടേൺസ് ചെയ്യുമ്പോൾ അത് നിർമ്മിക്കാനും ഞാനാഗ്രഹിച്ചത് ഞാൻ വിചാരിക്കുന്നപോലെ ചിത്രം ജനങ്ങളിൽ എത്തിക്കാൻ കൂടി വേണ്ടിയാണ്.

ഇനി മകന്‍റെ ഊഴം

എന്‍റെ മകൻ കരണിനെ അടുത്ത് തന്നെ സിനിമയിൽ ലോഞ്ച് ചെയ്യും. എന്‍റെ അച്‌ഛൻ ധർമ്മേദ്ര എന്നെ ബേത്താബിലൂടെയും അനിയൻ ബോബി ഡിയോളിനെ ബർസാത്തിലൂടെയുമാണ് വെള്ളിത്തിരയിൽ എത്തിച്ചത്. ഞങ്ങൾ രണ്ടാളും വന്നത് റൊമാന്‍റിക് സിനിമകളിലൂടെയാണ്. എന്‍റെ മകനെയും റോമാന്‍റിക് ചിത്രത്തിലൂടെ അരങ്ങത്ത് കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നത്. അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്.

ഡിയോൾ കുടുംബത്തിലെ പുതുതലമുറക്കാരൻ അധികം വൈകാതെ നിങ്ങളുടെ മുമ്പിലെത്തും. അവനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. കരൺ നന്നായി പരിശ്രമിക്കുന്നുണ്ട്. കഠിനദ്ധ്വാനത്തേക്കാൾ വലുതായി ഒന്നുമില്ല എന്ന് ഞങ്ങൾ അവനെ പഠിപ്പിച്ചിട്ടുണ്ട്. അവൻ തന്‍റെ അച്‌ഛൻ 58-ാം വയസ്സിലും കഠിനമായി അദ്ധ്വാനിക്കുന്നതും ആക്ഷൻ സീനുകൾ ഡൂപ്പില്ലാതെ ചെയ്യുന്നതും കാണുന്നുണ്ട്. അവന്‍റെ മുത്തച്ഛനും അറുപതാം വയസ്സു വരെ ആക്ഷൻ ചെയ്‌തിരുന്നു. ഇതെല്ലാം കരണിന് ആത്മവിശ്വാസം നൽകാതിരിക്കില്ല.

എനിക്കിപ്പോഴും പേടിയാണ്

എന്‍റെ പപ്പ വളരെ ജോളി ടൈപ്പാണെങ്കിലും എനിക്കിപ്പോഴും പപ്പയെ പേടിയാണ്. ഇത് ഞങ്ങളുടെ കുടുംബ പാരമ്പര്യമാണ്. എന്‍റെ പപ്പയ്ക്ക് എന്‍റെ മുത്തച്ഛനെ പേടിയായിരുന്നു. എന്‍റെ മകനും എന്നോട് കളി തമാശ പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെങ്കിലും അവനും എന്നെ പേടിയാണ്. ഞങ്ങൾക്കിടയിൽ ജനറേഷൻ ഗ്യാപൊന്നുമില്ലെങ്കിലും ബഹുമാനത്താലുള്ള ഒരു അകൽച്ചയുണ്ട്. അത് നല്ലതാണ്. ഞാൻ എന്‍റെ മകനെ ഒരു കാര്യം പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കലും മണ്ണിനെ മറന്ന് കളിക്കരുത്. എന്‍റെ പപ്പയും എന്നെ വളർത്തിയത് അങ്ങനെയാണ്. താരമെന്നത് ഒരു പുറം കുപ്പായം മാത്രമാണ്. ജീവിതത്തിൽ മൂല്യങ്ങളാണ് വലുത് താരപദവിയല്ല.

എന്‍റെ ആദ്യ സിനിമ

ഞാൻ ആദ്യ സിനിമ ചെയ്യുമ്പോൾ പൂർണ്ണമായ തയ്യാറെടുപ്പോടെയല്ല വന്നിരുന്നത്. ഞാനെല്ലാം പഠിച്ചത് സീനിയേഴ്സിൽ നിന്നാണ്. ഞാൻ ബേത്താബ് ചെയ്യുമ്പോൾ എങ്ങനെയാണ് ഒരു സിനിമ ഉണ്ടാവുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷേ അറിയാനുള്ള ആഗ്രഹം നന്നായി ഉണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ എല്ലാം പഠിച്ചതിനു ശേഷമാണ് രംഗത്ത് വരുന്നത്. അറിയാത്തത് ഗൂഗിൾ ചെയ്‌ത് മനസ്സിലാക്കും. മേക്കപ്പിടുന്നതിന്‍റെ രഹസ്യം പോലും പഠിക്കും. മെറ്റിരിയലിന്‍റെ പ്രത്യേകതപോലും അറിയാം. സിക്‌സ് പായ്‌ക്ക് ബോഡി വരെ ശ്രദ്ധിച്ച് നിലനിർത്തും. ഇതൊക്കെയാണ് അഭിനയം എന്നാണ് ഇവരുടെ വിചാരം. വായനയും ജീവിത നിരീക്ഷണവും ഒന്നും ഇല്ല. ആക്ട്ടിംഗ് ഒഴികെ എല്ലാത്തിനും തയ്യാറെടുക്കും.

ഞാൻ വെറുതെയിരിക്കാറില്ല

അലസന്മാരെയാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത്, വെറുതെയിരിക്കാൻ ഞാൻ ഇഷ്‌ടപ്പെടാറില്ല. ഇന്നും ഞാൻ അതിരാവിലെ ഉണരും. പണ്ടും അങ്ങനെ തന്നെയായിരുന്നു. ഒറ്റ ദിവസംപ്പോലും മുടങ്ങാതെ ഞാൻ വ്യായാമം ചെയ്യാറുണ്ട്. എന്ത് തിരക്കുണ്ടെങ്കിലും അതിന് തടസ്സം വരുത്താറില്ല. രാത്രി വൈകി ഷൂട്ട് കഴിഞ്ഞെത്തിയാലും പതിവ് ദിനചര്യകൾ അതിരാവിലെ ഉണർന്ന് ചെയ്യും. ഒഴിവ് കഴിവ് പറയുന്നവരെയും എനിക്ക് അംഗീകരിക്കാനാവില്ല. ഞാനിതു വരെ എത്തിയതിന്‍റെ പ്രധാന കാരണം എന്‍റെ ഉത്സാഹവും സപോർട്സും ആണ്. കായിക വിഷയത്തെ ആധാരമാക്കി സിനിമ ചെയ്യണം എന്നത് എന്‍റെ തുടക്കം മുതൽ ഉള്ള സ്വപ്നമായിരുന്നു. പലതവണ ശ്രമിക്കുകയും ചെയ്‌തു. പക്ഷേ നടന്നില്ല. ഇന്ന് അത്തരം ചിത്രങ്ങൾ ധാരാളം ഇറങ്ങുന്നുണ്ട്. ഞാൻ ക്രിക്കറ്റും, ഫുട്ബോളും, ബാസ്ക്കറ്റ് ബോളും കളിക്കാറുണ്ടായിരുന്നു. അതിനാലാണ് ഇന്നും എനിക്ക് സ്‌റ്റാമിന സൂക്ഷിക്കാൻ സാധിക്കുന്നത്. ഞാനും ശേഖർ കപൂറും ചേർന്ന് ഒരു സ്പോർട്സ് ചിത്രം പ്ലാൻ ചെയ്തിരുന്നു. ജിപി സിപ്പി നിർമ്മിക്കാമെന്നും ഏറ്റിരുന്നു. പിന്നെ അദ്ദേഹം അതിൽ നിന്ന് പിന്മാറിയതെന്തെന്ന് ഇന്നും അറിയില്ല.

റോമാൻസിന് പ്രായം തടസ്സമല്ല

എന്‍റെ പ്രായത്തിലുള്ള താരങ്ങളൊക്കൊ ഇപ്പോൾ റോമാൻസൊന്നും ചെയ്യുന്നില്ല. അനിൽ കപൂർ, ജാക്കി ഷറോഫ് ഒക്കെ അച്‌ഛൻ വേഷങ്ങളാണ് അധികവും ചെയ്യുന്നത്. ഗായൽ വൺസ് എഗെയ്നിൽ പിതാവിന്‍റെ വേഷമാണ് എനിക്ക്. എന്നു കരുതി ഞാൻ റൊമാൻസ് ചെയ്യില്ല എന്നൊന്നും ഇല്ല. റോമാൻസിന് പ്രായ പരിധിയില്ല. റോൾ നല്ലതാണെങ്കിൽ ആടി പാടാൻ ഞാൻ റെഡിയാണ്. നമ്മുടെ ഇൻഡസ്ട്രിയിൽ 50 നു മേലെയുള്ളവരാണ് ഇപ്പോഴും നല്ല റൊമാൻസ് ചെയ്യുന്നത്.

ആളുകൾക്ക് എന്നൊടൊപ്പം ജോലിചെയ്യാൻ വിമുഖതയാണ്. ചില താരങ്ങൾ എനിക്കൊപ്പം വർക്ക് ചെയ്യാൻ മടി കാട്ടുന്നു എന്നു ചിലർ പറയാറുണ്ട്. അത് എന്‍റെ പ്രശ്നമല്ല. ആരെങ്കിലും എനിക്കൊപ്പം അഭിനിയിക്കാൻ തയ്യാറാവുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്നില്ല. ഈ കാരണം കൊണ്ട് എനിക്ക് ആരോടും ദേഷ്യവുമില്ല. സൽമാനൊപ്പം എന്താണഭിനയിക്കാത്തത് എന്ന് ചോദിക്കാറുണ്ട്. ഞങ്ങൾ രണ്ടാൾക്കും യോജിച്ച സ്ക്രിപ്റ്റ് വരുമ്പോൾ അത് ആലോചിക്കാം. എനിക്ക് ആരുമായും കൂട്ട് കൂടുന്നതിൽ എതിർപ്പില്ല.

സെൻസറും ഞാനും

സെൻസർ ബോർഡിന്‍റെ പണി സർട്ടിഫിക്കറ്റ് കൊടുക്കലാണ്. അല്ലാതെ സിനിമയുടെ വില കുറക്കുന്നത് അവരുടെ ജോലിയല്ല. ഈയിടെ ചില പടങ്ങൾക്ക് കട്ട് നിർദ്ദേശിക്കുന്നത് നിർമ്മാതാക്കളെയും സംവിധായകരെയും ചൊടിപ്പിച്ചിട്ടുണ്ട്. സിനിമ സംവിധായകന്‍റെ കലയാണ്. തന്‍റെ സിനിമയിൽ എന്ത് വേണം എന്ന് നിശ്ചയിക്കേണ്ടത് സംവിധായകനാണ്. അല്ലാതെ സെൻസർ ബോർഡിലെ മെമ്പർമാരല്ല. കലയെയും കലാകാരനെയും നിയന്ത്രിക്കുന്നത് നല്ല പ്രവണതയല്ല.

നാടിന് വേണ്ടി മരിക്കാനും തയ്യാർ! ശിഖ മൽഹോത്ര

റണ്ണിംഗ് ശാദി, ഫാൻ തുടങ്ങിയ സിനിമകളിൽ ചെറിയ കഥാപാത്രങ്ങളേയും കാൻച്ചലിയിൽ നാമിക എന്ന കഥാപാത്രത്തേയും അവതരിപ്പിച്ച ശിഖ മൽഹോത്ര കോവിഡ് കാലത്ത് നേഴ്സായി സൗജന്യ സേവനം നടത്തി മികച്ച മാതൃകയായി മാറിയിരുന്നു..2020 മാർച്ച് തുടങ്ങി ഒക്ടോബർ 2020 വരെ ആയിരക്കണക്കിന് വരുന്ന കൊറോണ രോഗികളെയാണ് അവർ പരിചരിച്ചത്. ഒടുവിൽ അവർക്ക് കൊറോണ ബാധിച്ചു. കൊറോണയിൽ നിന്നും മുക്തമായ ശേഷം ഒരു മാസം കഴിഞ്ഞ് ശരീരത്തിന്‍റെ വലത് ഭാഗത്ത് പക്ഷാഘാതമുണ്ടായി. അതും ഭേദമായി ഇപ്പോൾ അഭിനയ ലോകത്ത് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. ശിഖയുമായുള്ള അഭിമുഖത്തിൽ നിന്നും

താങ്കളെക്കുറിച്ച് പറയാമോ?

ഡൽഹിയിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലായിരുന്നു എന്‍റെ ജനനം. അമ്മ ശോഭാദേവി മൽഹോത്ര, ഒരു ഫ്രണ്ട്‍ലൈൻ കൊറോണ വാരിയറാണ്. അമ്മ നേഴ്സാണ്. 35 വർഷത്തെ സേവനത്തിനു ശേഷം ജൂലൈയിൽ റിട്ടയറായി. 60 വയസിലും അമ്മ ഡൽഹി സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്‌തിരുന്നു. പിതാവ് പ്രകാശ് മൽഹോത്ര റിട്ടയേഡ് ഉദ്യോഗസ്‌ഥനാണ്. സ്ക്കൂൾ കാലം തുടങ്ങി വരയിലും നൃത്തത്തിലും പാട്ടിലും താൽപര്യമുള്ളയാളായിരുന്നു ഞാൻ.  8-ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം രാവിലെ എനിക്ക് ബെഡിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ വന്നു. പരാലിസിസ് ആയിരുന്നു. ഇനിയൊരിക്കലും കിടക്കയിൽ നിന്നും എഴുന്നേൽക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ എന്‍റെ ആത്മവിശ്വാസത്തിലും അമ്മയുടെ കഠിനമായ ശ്രമങ്ങൾക്കുമൊടുവിൽ ഒന്നരവർഷത്തിനു ശേഷം ഞാൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. മാത്രമല്ല വർധമാൻ മഹാവീർ മെഡിക്കൽ കോളേജിലും സഫ്ദർ ജംഗ് ആശുപത്രിയിലുമായി പഠിച്ച് ഞാൻ നേഴ്സിംഗ് ഡിഗ്രി കരസ്ഥമാക്കി. തുടർന്ന് ഒരു വർഷം നേഴ്സായി ജോലി ചെയ്‌തു. ശേഷം അഭിനയമോഹത്താൽ മുംബൈയിലെത്തി. ചില സിനിമകൾ ചെയ്തു. ഫെബ്രുവരി 2020 ൽ കാൻച്ചലി സിനിമ റിലീസായി. 2020 മാർച്ച് തുടങ്ങി ഞാൻ മുംബൈ ബാൽ താക്കറേ ആശുപത്രിയിൽ നേഴ്സായി സേവനം ചെയ്‌ത് തുടങ്ങി.

അഭിനേത്രിയായിട്ടും കൊറോണ രോഗികളെ പരിചരിക്കണമെന്ന ആശയം എങ്ങനെയാണ് തോന്നിയത്?

ഞാനെന്‍റെ നാടിനു വേണ്ടി മരിക്കാൻ വരെ തയ്യാറാണ്. ദേശത്തെ സേവിക്കുന്നതിലും വലുതായി ഒന്നുമില്ലെന്ന പാഠമാണ് എന്‍റെ മാതാപിതാക്കൾ എന്നും എന്നെ പഠിപ്പിച്ചിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഇതൊരു ഗുരുതര പ്രശ്നമാകുമെന്ന കാര്യം എനിക്ക് മനസിലായി. ഞാനപ്പോൾ ആലോചിച്ചത്, എനിക്കൊരു നേഴ്സിംഗ് ഡിഗ്രിയുണ്ട്. അതിനാൽ രോഗികളെ പരിചരിക്കുകയാണ് വേണ്ടതെന്ന് എനിക്ക് തോന്നി. ഈ സമയം എന്‍റെ അമ്മ ഡൽഹിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന ജോലികളിലായിരുന്നു. അമ്മയെ ഞാൻ ഫോൺ ചെയ്ത് കാര്യമറിയിച്ചു. അമ്മ എന്‍റെ തീരുമാനത്തെ പിന്താങ്ങി പ്രോത്സാഹിപ്പിക്കുകയായിരുന്നു. അങ്ങനെ ഞാൻ ബിഎസ്സി നേഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങി. വഴിയിൽ അവിടവിടായി പോലീസ് എന്നെ തടഞ്ഞു നിർത്തി. ഞാൻ നേഴ്സിംഗ് ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് കാട്ടി കാര്യം പറഞ്ഞു. ആദ്യം ഞാൻ നാനാവതി ആശുപത്രിയിലും കോകിലാബെൻ ആശുപത്രിയിലും പോയി. അവിടെ എനിക്ക് അനുമതി ലഭിച്ചില്ല.  ഒരു സർക്കാർ ആശുപത്രിയിൽ സേവനം നടത്തുന്നതാണ് ഉചിതമെന്ന് അപ്പോൾ എനിക്ക് തോന്നി. പാവപ്പെട്ട രോഗികൾക്കാണ് പരിചരണവും സഹായവും ഏറ്റവും ആവശ്യം. ജോഗേശ്വരിയിലെ എച്ച്ബിറ്റി ട്രോമാ സെന്‍ററിലെത്തി. അവിടെ സേവനമനുഷ്ഠിച്ചാൽ ജീവൻ മാത്രമല്ല മറിച്ച് മുഖസൗന്ദര്യവും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് അവിടുത്തെ അധികൃതർ നൽകിയത്. അവിടെ പ്രത്യേക രീതിയിലാണത്രേ ജോലി ചെയ്യേണ്ടത്. അതിലൊട്ടും ഭയമില്ലെന്ന് ഞാൻ ധൈര്യത്തോടെ പറഞ്ഞു. ഞാൻ സൗജന്യമായി ജോലി ചെയ്തു കൊള്ളാമെന്നും അറിയിച്ചു. അങ്ങനെ അവിടെ എനിക്ക് അനുമതി ലഭിച്ചു. ഏതാനും മണിക്കൂർ നീളുന്ന കോവിഡ് സംബന്ധിച്ച് ട്രെയിനിംഗും തന്നു. അങ്ങനെ ഞാൻ എച്ച്ബിറ്റി ഹോസ്പിറ്റലിലെ ട്രോമാ കെയർ സെന്‍ററിലെ സ്പെഷ്യൽ കോവിഡ് ഐസിയുവിൽ ജോലിയാരംഭിച്ചു. 6 മാസം അത് തുടർന്നു.

 

എന്തായിരുന്നു ആ അനുഭവം?

 

തുടക്കത്തിൽ ആരും ഞാൻ പറയുന്നത് അ ത്ര കാര്യമായി എടുത്തിരുന്നില്ല. അവർ നടിയല്ലേ, പബ്ലിസിറ്റിക്കു വേണ്ടി 3-4 ദിവസം ജോലി ചെയ്‌ത് മതിയാക്കി പോകും എന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ ഞാനിത് സേവനമനോഭാവത്തോടെ ചെയ്യാൻ തീരുമാനിച്ചു. തുടർന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, സോനു സൂദ്, കത്രീന കൈഫ് എന്നിവർ എന്‍റെ സേവനത്തെ പ്രശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. അതെനിക്ക് കൂടുതൽ ധൈര്യം പകർന്നു.

താങ്കൾക്കും കോവിഡ് ബാധിച്ചിരുന്നല്ലോ. എങ്ങനെ അതിജീവിച്ചു?

മാർച്ച് തുടങ്ങി ഒക്ടോബർ വരെ ഞാൻ സ്പെഷ്യൽ കോവിഡ് ഐസിയു വാർഡിലാണ് ജോലി ചെയ്‌തിരുന്നത്. ഐസിയു വാർഡിലായിരുന്നപ്പോൾ ഒക്ടോബർ 2 ന് പെട്ടെന്ന് എന്‍റെ ആരോഗ്യസ്‌ഥിതി വഷളായി. താഴെ കാഷ്വാൽറ്റിയിൽ പോയി ടെസ്റ്റ് ചെയ്‌ത് നോക്കിയപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. എന്‍റെ ഓക്സിജൻ നില കുഴപ്പമില്ലായിരുന്നു. അങ്ങനെ ഹോം ക്വാറന്‍റൈനിലായി. പക്ഷേ 2 ദിവസം കഴിഞ്ഞപ്പോൾ ഓക്സിജൻ നില താഴ്ന്നു. ഉടനടി അതേ ആശുപത്രിയിൽ എന്നെ അഡ്മിറ്റ് ചെയ്‌തു. ഷുഗർനിലയും താഴ്ന്നിരുന്നു. ഏത് നിമിഷവും കോമയിലായി പോകുന്ന സ്‌ഥിതി. പക്ഷേ ഉചിതമായ ചികിത്സയും പരിചരണവും ലഭിച്ചതോടെ രോഗം ഭേദമായി.ഒക്ടോബർ ഒടുവിൽ ഞാൻ വീട്ടിലേക്ക് മടങ്ങി. അതിനുശേഷവും എനിക്ക് നേഴ്സിംഗ് സേവനം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ ഡോക്ടർമാർ അതിന് സമ്മതിച്ചില്ല. പിപിഇ കിറ്റ് ധരിച്ച് കൊണ്ടുള്ള ജോലി എനിക്ക് ഉചിതമായിരിക്കില്ലായെന്നാണ് അവർ പറഞ്ഞത്. കാരണം എന്‍റെ ഷുഗർ നില താഴ്ന്നു കൊണ്ടിരിക്കുന്നത് കൂടുതൽ റിസ്കാണ്. ഡിസംബറായതോടെ എന്‍റെ ശരീരത്തിന്‍റെ ഇടത് ഭാഗത്ത് പക്ഷാഘാതം ഉണ്ടായി. എന്‍റെ മുഖത്തിന്‍റെ ഇടതുഭാഗം തന്നെ കോടിപ്പോയി. അതോടെ എന്നെ സർക്കാർ ആശുപത്രിയായ കൂപ്പർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തു. ഇക്കാര്യമറിഞ്ഞ മുംബൈ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രശേഖർ സാർ എന്നെ കെഎം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കി അങ്ങോട്ടേക്ക് മാറ്റി. അവിടുത്തെ ന്യൂറോളജിസ്റ്റ് ജിതേന്ദ്ര ഡാങ്കേ എന്നെ ചികിത്സിച്ച് ഭേദപ്പെടുത്തി. ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്.

അഭിനയരംഗത്തെ വിശേഷങ്ങൾ?

തീയറ്റർ റിലീസിനു ശേഷം എന്‍റെ മൂവി കാൻച്ചലി അൾട്രാ മൂവി പാർലറിൽ ഓടി കൊണ്ടിരിക്കുന്നുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. ആ സിനിമ ഒരു ലക്ഷത്തിലധികംപ്പേർ കണ്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒരു വെബ് സീരിസ് ചെയ്യുന്നതിന്‍റെ ചർച്ചയിലാണ്. ഉടനടി അത് പൂർത്തിയാവും.

താരതമ്യം സഹിക്കാനാവില്ല – സോനം

ക്യാമറയ്ക്ക് പിന്നിൽ നിന്നാണ് സോനം കപൂർ ആദ്യം സിനിമയിലെത്തിയതെന്ന് അധികം ആർക്കും അറിയാത്ത രഹസ്യമാണ്. ബ്ലാക്ക് എന്ന ചിത്രത്തിൽ സഹസംവിധായിക ആയിട്ടായിരുന്നു അരങ്ങേറ്റം. അതിനു ശേഷമാണ് അഭിനയ രംഗത്തേയ്ക്ക് തിരിഞ്ഞത്. ആദ്യ ചിത്രം സാവരിയ. അത് ബോക്സ് ഓഫീസിൽ വിജയിച്ചില്ല. പക്ഷേ സോനത്തിന്‍റെ അഭിനയം പ്രകീർത്തിക്കപ്പെട്ടു. അതു കഴിഞ്ഞിറങ്ങിയ നീരജ കരിയറിലെ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. പക്ഷേ തീയറ്ററുകളിൽ പടം പണം വാരിയില്ല. എങ്കിലും കഥ തെരഞ്ഞെടുക്കുന്നതിലും കഥാപാത്രങ്ങൾ മികവുറ്റതാക്കുന്നതിലും സോനം പിറകോട്ടു പോയില്ല.

സോനം ബിസിനസ്സ് മാഗ്‍നെറ്റ് ആനന്ദ് അഹൂജയുമായി ഡേറ്റിംഗിലായിരുന്നു. വിവാഹം ഗംഭീരമായി നടന്നു. പൊതുവെ ജോളി ടൈപ്പായ സോനം പാഡ്മാൻ എന്ന ചിത്രത്തിന്‍റെ വിജയത്തിൽ സന്തുഷ്ടയാണ്. താരം വിവാഹ വിശേഷങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും പങ്കിടുന്നു.

പുതിയ ജീവിതത്തിനു തുടക്കമായി…

ജീവിതം എപ്പോഴും ഒരേ നിലയിൽ ഒഴുകില്ലല്ലോ. ആളുകൾക്ക് മാറിയേ പറ്റൂ. അതു അനിവാര്യവുമാണ്. നിങ്ങൾ ശരിയായ ഒരാളെ കണ്ടെത്തിയാൽ അത് വലിയ കാര്യമാണ്.

വിവാഹത്തിന്‍റെ ഹൈലൈറ്റ് എന്തായിരുന്നു?

സന്തോഷം, സന്തോഷം മാത്രം…

ഭർത്താവ് ആനന്ദ് അഹൂജയെപ്പറ്റി പറയാമോ?

അതൊന്നും ചർച്ച ചെയ്യാൻ ഞാനാഗ്രഹിക്കുന്നില്ല (ചിരിക്കുന്നു). ഞങ്ങൾ ഒന്നും തന്നെ മീഡിയയിൽ നിന്നും ഒളിച്ചു വച്ചിട്ടില്ല. മീഡിയ എന്‍റെ കല്യാണത്തിന്‍റെ ഭാഗവുമായിരുന്നു. ഇനിയും ഞാൻ അതേപ്പറ്റി പറയുന്നത് ബോറാവും. ഞാൻ ശരിയായ ഒരാൾക്കൊപ്പം സന്തോഷത്തോടെയിരിക്കുകയാണിപ്പോൾ. അദ്ദേഹം സ്നേഹനിധിയാണ്. നർമ്മപ്രിയനുമാണ്. കരുണയുള്ള മനസ്സാണ്. അതാണ് വലിയ കാര്യമായി എനിക്ക് തോന്നുന്നത്. അദ്ദേഹം ഒരു പബ്ലിക് ഫിഗർ അല്ല. മീഡിയയിൽ വരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നുമില്ല.

വിവാഹം കരിയറിനെ ബാധിക്കുമോ?

പല നടിമാരും വിവാഹ ശേഷം സ്ക്രീനിൽ തിളങ്ങിയിട്ടുണ്ടല്ലോ. ഡിമ്പിൾ കപാഡിയ സാഗർ ചെയ്‌തത് രണ്ടു കുട്ടികളുടെ അമ്മ ആയ ശേഷമാണ്. എനിക്ക് ഒന്നിനെപ്പറ്റിയും പേടിയില്ല. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സും കഴിവും ഉണ്ടെങ്കിൽ സിനിമ കിട്ടാൻ പ്രയാസമുണ്ടാവില്ല. എനിക്ക് ഈ കാര്യത്തിൽ ആത്മവിശ്വാസക്കുറവ് ഒന്നും ഇല്ല.

പാഡ്മാൻ ഗംഭീര സിനിമയാണ്. തെരഞ്ഞെടുക്കാനുള്ള കാരണം?

കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. ജനങ്ങൾ വളരെ തുറന്ന് സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയം പ്രണയകഥക്കൊപ്പം രസകരമായി അവതരിപ്പിക്കാനാണ് പാഡ്മാനിലൂടെ ശ്രമിച്ചത്. അത് ഫലം ചെയ്തു. മാസമുറയുമായി ബന്ധപ്പെട്ട് പല വിലക്കുകളുമാണ് കാലാകാലങ്ങളായി സമൂഹത്തിൽ നിലനിന്നിരുന്നത്. എന്‍റെ വീട്ടിൽ എനിക്ക് അത്തരത്തിൽ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, എല്ലാവരുടേയും കേസിൽ അങ്ങനെയല്ല. മാസമുറ പാപമായി കരുതുന്ന എത്രയോ കുടുംബങ്ങളെ എനിക്കറിയാം. ആ സമയം അമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമാണ്. അന്ധവിശ്വാസവുമായി മാസമുറയെ ചേർത്തു കെട്ടിയ സമൂഹമാണ് നമ്മുടേത്. 5-6 ദിവസം സ്ത്രീകളെ അടുക്കളയിൽ പോലും കേറ്റില്ല.

ഈ സ്ക്രിപ്റ്റ് കിട്ടിയപ്പോൾ തന്നെ എനിക്ക് വലിയ ഉത്സാഹം ആയിരുന്നു. ഞാൻ ഹോംവർക്ക് നടത്തിയപ്പോൾ ഒരു കാര്യം വ്യക്‌തമായി. നമ്മുടെ രാജ്യത്ത് 12 ശതമാനം സ്ത്രീകൾ മാത്രമേ സാനിട്ടറി നാപ്കിൻ ഉപയോഗിക്കുന്നുള്ളൂ. ആ കാര്യം എന്നെ അലട്ടി. ഇത് നാണക്കേടുണ്ടാക്കുന്ന കണക്കാണ്. വികസനം നാം നേടിയത് ഏതു കാര്യത്തിലാണ്. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടാത്ത കാലത്തോളം രാജ്യം പുരോഗതി നേടില്ല.

ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അനുഭവങ്ങൾ…

ഗ്രാമത്തിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ലഭിച്ച അറിവ് ഞെട്ടിക്കുന്നതാണ്. അവിടെ സ്ത്രീകൾ മാസമുറ സമയത്ത് ചാക്ക്, മണ്ണ്, ഇലകൾ, തുണിക്കഷണം എന്നിവയൊക്കെയാണ് ഉപയോഗിക്കുന്നത്. ഇത് ഒട്ടും ആരോഗ്യകരമല്ല. ഹാനികരവുമാണ്. മാത്രമല്ല അവർ ഉപയോഗിക്കുന്ന തുണി മലിനമായ വെള്ളത്തിലാണ് വൃത്തിയാക്കുന്നത്. മലിന വസ്ത്രം മോശമായ വെള്ളത്തിൽ അലക്കുന്നതാണ് നല്ലത് എന്നാണവർ വിശ്വസിക്കുന്നത്. അസുഖങ്ങൾ പരക്കാൻ ഇതു തന്നെ ധാരാളം മതി. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ഈ കാര്യത്തിൽ ഉണ്ടാവണം. പാഡ്മാന്‍റെ ദൗത്യം അതു കൂടിയായിരുന്നു.

സോനത്തിനു ആദ്യമായി മാസമുറ ഉണ്ടായപ്പോൾ എങ്ങനെയാണ് മാനേജ് ചെയ്‌തത്?

എനിക്ക് ആദ്യമായി മാസമുറയുണ്ടായത് 15-ാം വയസ്സിലാണ്. ഞാനാദ്യം വലിയ സമ്മർദ്ദത്തിൽ ആയിരുന്നു. കാരണം എന്‍റെ കൂട്ടുകാർക്കെല്ലാം നേരത്തെ തുടങ്ങിയിരുന്നു. ഞാൻ വെയിറ്റിംഗിലായിരുന്നു. സംഗതി വരുന്നില്ല. ഞാൻ പലവട്ടം അമ്മയോട് ഇതേപ്പറ്റി ചോദിക്കുകയും ചെയ്‌തു. എന്‍റെ ശരീരത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു പോലും എനിക്ക് സംശയമായി. അമ്മ കാര്യം പറഞ്ഞു മനസ്സിലാക്കി. ചിലർക്ക് വൈകിയാണത്രേ മാസമുറ സംഭവിക്കാറ്. അത് സത്യമായിരുന്നു. മുംബൈയിൽ എല്ലാ സ്ക്കൂളുകളിലും ഇതേക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. പേടിക്കാതിരിക്കാൻ ആ അറിവ് പര്യാപ്തമാണ്.

ഈ വിജയങ്ങൾ നേടുന്നതിൽ കുടുംബത്തിനു എന്തെങ്കിലും പങ്കുണ്ടോ?

കുടുംബമാണ് എനിക്കെല്ലാം. എന്‍റെ കുടുംബം വളരെ പ്രോഗ്രസ്സീവ് ആണ്. എല്ലാത്തിനും അവർ പിന്തുണ നൽകുന്നു. നീയതു ചെയ്യരുത് ഇത് ചെയ്യാൻ പാടില്ല എന്നൊന്നും വീട്ടുകാർ എന്നെ വിലക്കിയിട്ടില്ല. എന്‍റെ ഇഷ്‌ടങ്ങൾക്ക് എന്നും കൂട്ട് നിന്നിട്ടേയുള്ളൂ. വഴിവിട്ട ആഗ്രഹങ്ങൾ ഒന്നും തന്നെ എനിക്ക് ഉണ്ടായിരുന്നുമില്ല. എന്‍റെ നന്മകൾ എല്ലാം എനിക്ക് അമ്മയിൽ നിന്നും അച്‌ഛനിൽ നിന്നും കിട്ടിയതാണ്.

പത്തു വർഷമായി സിനിമയിൽ എത്തിയിട്ട്.?ഈ യാത്ര എങ്ങനെയാണ് വിലയിരുത്തുന്നത്?

ഈ യാത്രയിൽ വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. ഓരോ ചിത്രത്തിൽ നിന്നും ഞാൻ പലതും പഠിച്ചിട്ടുണ്ട്. എല്ലാം ജീവിതത്തിനും കരിയറിനും ഗുണം ചെയ്യുന്ന കാര്യങ്ങൾ ആയിരുന്നു. നിത്യവും രാവിലെ ഉണർന്ന് ജോലിയ്ക്ക് പോകാനുള്ള ചിന്ത എനിക്കെപ്പോഴും ഉണ്ട്. മടി എന്‍റെ രക്‌തത്തിൽ ഉള്ള സംഗതിയല്ല. അവാർഡിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്നെ ജഡ്ജ് ചെയ്യേണ്ടത് പ്രേക്ഷകർ അല്ലേ… ഞാൻ സ്വയം മാർക്കിടുന്നത് ശരിയാണോ?

ഫാഷനിസ്റ്റ് ടാഗ് കരിയറിനെ ബാധിച്ചിട്ടുണ്ടോ?

ഫാഷനെപ്പറ്റി ഞാനധികം ചിന്തിക്കാറില്ല എന്നതാണ് സത്യം. എന്‍റെ അനിയത്തി റിയ ആണ് എന്‍റെ ഫാഷൻ തീരുമാനിക്കുന്നത്. അവൾക്ക് ഇതിലൊക്കെ വലിയ അറിവുണ്ട്. എന്‍റെ എല്ലാ ഡ്രസ്സും ഡിസൈൻ ചെയ്യുന്നത് അവളാണ്. എന്‍റെ മിക്ക ചിത്രങ്ങളിലും അവളുടെ ഡിസൈൻ ആണ് ഉപയോഗിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും കഠിനമായ സംഗതി…

ജീവിതത്തിന്‍റെ ബാലൻസ് ഷീറ്റ് എടുക്കാൻ സമയം ആയില്ലല്ലോ. ആദ്യ സിനിമ ചെയ്‌തതു മുതൽ ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് ഓഡിഷനിൽ പങ്കെടുത്തിരുന്നു. പലരും അപമാനിച്ചു വിട്ടിരുന്നു. കളിയാക്കൽ സഹിക്കാം. പക്ഷേ താര തമ്യപ്പെടുത്തലുകൾ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ എല്ലാം എളുപ്പത്തിൽ നേടിയെടുത്തതാണ് എന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല.

അച്‌ഛൻ അനിൽ കപൂർ തന്ന ഉപദേശം എന്താണ്?

എപ്പോഴും സന്തോഷമായിരിക്കൂ. ചെറുപ്പക്കാരെ പോലെ ചിന്തിക്കുക. അച്‌ഛൻ ഒരിക്കലും നെഗറ്റിവിറ്റി പിടിച്ചെടുക്കാറില്ല. അദ്ദേഹം വളരെ പോസിറ്റിവ് ആയ മനുഷ്യനാണ്. അദ്ദേഹ ത്തിന്‍റെ കരിയറിനെ ഉയരത്തിൽ എത്തിച്ചത് ഇതാവാം. എന്തെങ്കിലും അലട്ടാൻ തുടങ്ങിയാൽ അച്‌ഛൻ ഒന്നു ഓടിയിട്ടു വരും. എന്നിട്ട് പോസിറ്റീവായി സംസാരിക്കാൻ തുടങ്ങും. സ്ട്രെസ് ആണ് ഒരാളെ വൃദ്ധനാക്കുന്നത്.

എനർജി കിംഗ് – രൺവീർ സിംഗ്

ഒറ്റ റിലീസുകൊണ്ട് കാണികളുടെ ഹരമായി മാറിയ താരമാണ് രൺവീർ സിംഗ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രൺവീർ ബോളിവുഡിലെ തിരക്കുള്ള താരമായി വളർന്നു. റൊമാന്‍റിക്, ആക്ഷൻ, കോമഡി, ചരിത്ര – പുരാണ സിനിമകളിൽ തിളങ്ങി. രൺവീർ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. ഈ ഗ്ലാമർ താരം പല ഫാഷൻ ഷോകളുടെയും ഷോ സ്റ്റോപ്പർ ആയിരുന്നു. ഒരിക്കൽ റാംപിൽ തെന്നി വീണതിനാൽ അടുത്തിരിക്കുന്നവർക്കും പരിക്കു പറ്റി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം, ദീപിക പദുകോണിനെ വിവാഹം കഴിച്ചതോടെ കൂടുതൽ ആരാധകരെയും സമ്പാദിച്ചു. എനർജി കിംഗ് എന്നറിയപ്പെടുന്ന രൺവീർ മനസ്സ് തുറക്കുന്നു…

കരിയറിൽ വളരെ നല്ല സമയമാണിപ്പോൾ, രൺവീർ സിംഗിന് എന്തു തോന്നുന്നു?

വിവാഹ ശേഷമാണ് എന്‍റെ സമയം കൂടുതൽ നന്നായതെന്ന് തോന്നുന്നു (ചിരിക്കുന്നു). ഈ നല്ല സമയം എന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമാണ്. ആ കഠിനശ്രമത്തിന്‍റെ റിസൾട്ടാണിപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കർമ്മം ചെയ്യുക, ഫലം തീർച്ചയായും പിറകെ ലഭിക്കും. ഇതാണെന്‍റെ ജീവിതം പഠിപ്പിച്ചത്. എനിക്കെന്നും ജോലിയുണ്ട് എന്നതാണ് വലിയ കാര്യം. എന്നും രാവിലെ ഉണർന്ന് ഞാൻ ജോലിയ്ക്ക് പോകുന്നു. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍റെ കഴിവുകൾ പുറത്ത് കൊണ്ടുവരാനുള്ള അവസരം ലഭിക്കുക എന്നത് തന്നെയാണ് വലിയ അനുഗ്രഹം. സിനിമ ഹിറ്റായാലും ഫ്ളോപ്പായാലും അത് എന്നെ അധികം ബാധിക്കാറില്ല. ഫിലിം മേക്കിംഗിന്‍റെ പ്രോസസ് ഞാൻ ആസ്വദിക്കുകയാണ്. സിനിമ എനിക്കൊരിക്കലും മടുക്കുകയില്ല. പാഷനേക്കാൾ ഉപരിയായ എന്തോ ആണ് ഇതെനിക്ക്.

ഇപ്പോൾ ലഭിച്ച സ്റ്റാർഡം എങ്ങനെ കാണുന്നു?

ഞാൻ വലിയ താരമായി തീർന്നു എന്നുള്ളത് ഒരു റിയാലിറ്റി ആണ്. പക്ഷേ അതേപ്പറ്റി ഞാൻ അധികം ഓർക്കാറില്ല. സ്റ്റാർഡം സത്യത്തിൽ വലിയ ബാധ്യതയാണ്. പ്രശസ്തിയോട് എനിക്ക് അധിക ജ്വരമൊന്നുമില്ല. എന്‍റെ യാത്ര തുടങ്ങിയതേയുള്ളൂ എന്നാണെന്‍റെ തോന്നൽ. ഇനിയും ഒരുപാട് ജോലി ചെയ്യാനുണ്ട്. നല്ല സിനിമകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. സ്വഭാവികമായി അത് സംഭവിക്കണം എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

വളരെ ധനികനായി തീർന്നപ്പോൾ ജീവിതവും വഴിമാറിയില്ലേ?

ഞാൻ അത്ര ധനികനൊന്നുമല്ല, സാമ്പത്തികമായി. പക്ഷേ കുടുംബം, ഭാര്യ, ഫാൻസ് എന്നിവ കൊണ്ട് ഞാൻ വളരെ ധനികനാണ്. ഇവരുടെ സ്നേഹമാണ് എന്നെ സമ്പന്നനാക്കുന്നത്. പണം, അത് ശാശ്വതമല്ലല്ലോ. എന്‍റെ വിയർപ്പിന്‍റെ വിലയാണ് പണമായി മാറുന്നത്.

നടനായത് യാദൃശ്ചികമായിട്ടാണോ അതോ കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹമായിരുന്നോ?

ചെറുപ്പത്തിലെ വലിയ ആളാവണമെന്ന് ആഗ്രഹിച്ചിരുന്നു. ചിലപ്പോൾ ക്രിക്കറ്റർ, ചിലപ്പോൾ റാപ്പർ ആവണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നടനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അഭിനയം എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ നടനായതിനാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ കഴിയുന്നുണ്ട്. ഗള്ളി ബോയ് എന്ന ചിത്രത്തിൽ ഞാൻ റാപ്പർ ആയി അഭിനയിച്ചു. ക്രിക്കറ്റർ കഥാപാത്രമായി ഉടനെ തന്നെ വരും. ഇങ്ങനെ ആഗ്രഹങ്ങൾ പല രൂപത്തിൽ സഫലമാക്കാൻ കഴിയുന്നത് അനുഗ്രഹമായി കാണുന്നു.

പല ചെറുപ്പക്കാരും അഭിനയ മോഹം കൊണ്ട് മുംബൈയിൽ എത്തുന്നുണ്ട്. എന്നിട്ട് ഒന്നുമാവാൻ കഴിയാതെ തിരിച്ചു പോകുന്നു. നിങ്ങളുടെ അനുഭവം എന്താണ്?

സിനിമാ രംഗത്ത് പിടിച്ചു കയറാൻ വലിയ പാടാണ്. മുംബൈ ഒരു സ്വപ്നനഗരിയാണ്. തങ്ങളുടെ സ്വപ്നം സഫലമാക്കാൻ അനേകായിരങ്ങൾ നിത്യവും ഈ മഹാനഗരത്തിലേയ്ക്ക് വരുന്നുണ്ട്. ഇത് വലിയ സ്ട്രഗിൾ ആണ്. ഞാൻ മുംബൈയിൽ തന്നെ ജനിച്ചു വളർന്ന ആളാണ്. എന്നിട്ടും എനിക്ക് 3-4 വർഷം അലയേണ്ടി വന്നു. ബ്രേക്കൊന്നും ലഭിച്ചിരുന്നില്ല. അത് ഓർക്കുമ്പോൾ തന്നെ വേദന തോന്നും. അമേരിക്കയിൽ നിന്ന് പഠനം കഴിഞ്ഞു വന്നതാണെങ്കിലും ജോലിയൊന്നും ലഭിച്ചിരുന്നില്ല. സാമ്പത്തികശേഷിയും കുറവായിരുന്നു.

വളരെ പതുക്കെയാണ് ഞാൻ പിടിച്ചു കയറിയത്. അന്ന് ചിത്രങ്ങൾ നിർമ്മിക്കുന്നതും കുറവായിരുന്നു. പുതുമുഖങ്ങളെ വച്ച് അധികം സിനിമകൾ ഒന്നും വന്നിരുന്നില്ല. വളരെ കഠിനമായിരുന്നു ആ കാലം. ഞാൻ വിഷാദത്തിനു അടിപ്പെടുമോ എന്നുപോലും ഭയന്നിരുന്നു. പക്ഷേ എന്‍റെ ശ്രമങ്ങൾ പാഴായില്ല. എനിക്ക് സിനിമകൾ കിട്ടി.

പലപ്പോഴും ഫാൻസിന്‍റെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാറുണ്ട്. അത് ചില പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇനിയും ഈ കാര്യത്തിൽ മാറ്റം ഉണ്ടാകുമോ?

എന്‍റെ ആരാധകരെ സന്തോഷിപ്പിക്കേണ്ടത് എന്‍റെ കടമയല്ലേ? എന്നാലും ഞാൻ ഒന്ന് സ്വയം കൺട്രോൾ ചെയ്യുന്നത് തന്നെയാണ് നല്ലത്. പലരും ഉപദേശിക്കാറുണ്ടെങ്കിലും ഫാൻസിന്‍റെ ആവേശം കാണുമ്പോൾ ഞാനും സ്വയം മറന്നു പോകും. ഭാവിയിൽ ഈ കാര്യത്തിൽ എനിക്ക് പക്വത കൈവരുമെന്നാണ് തോന്നുന്നത്. ഇപ്പോൾ വിവാഹിതനൊക്കെ ആയല്ലോ (ചിരിക്കുന്നു). എങ്കിലും ഫാൻസിനെ കെട്ടിപ്പിടിക്കാനും കൈ കൊടുക്കാനും അവർക്കൊപ്പം സെൽഫി എടുക്കാനും എനിക്ക് വളരെ ഇഷ്ടമാണ്. പ്രേക്ഷകർക്കിടയിലേക്കിറങ്ങി ചെന്ന് അവർക്ക് സ്നേഹം നൽകാൻ, അവരുടെ തന്നെ സൃഷ്ടിയായ താരങ്ങൾക്ക് ബാധ്യതയുണ്ട് എന്നാണ് എന്‍റെ പക്ഷം.

അടുപ്പിച്ച് മൂന്ന് സിനിമകൾ സഞ്‌ജയ്‍ലീലാ ബൻസാലിക്കൊപ്പം. ഏതൊരു നടനും ആഗ്രഹിക്കുന്ന കാര്യമാണ് രൺവീറിനു തുടക്കത്തിൽ തന്നെ കിട്ടിയത്?

എന്നെ തെരഞ്ഞെടുത്തതിൽ ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആദിത്യ ചോപ്രാ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു നിങ്ങൾ നിങ്ങളുടെ ഡയറക്ടർക്ക് 100 ശതമാനം എപ്പോഴും കൊടുക്കണം. എങ്കിൽ അദ്ദേഹം വേറെ ആളെ പിന്നീട് ചിന്തിക്കില്ല എന്ന്. അപാരസിദ്ധിയുള്ള ആളാണ് സജഞയ്‍ലീലാ ബൻസാലി. ഹൈപ്പർ സെൻസിറ്റീവായ ബുദ്ധിമാനായ മനുഷ്യനാണ് അദ്ദേഹം. മീഡിയം ലെവലിൽ ഉള്ളതൊന്നും അദ്ദേഹം അംഗീകരിക്കില്ല. ഇങ്ങനെ ഉള്ള ഒരു പ്രതിഭയ്ക്ക് ഒപ്പം ജോലി ചെയ്യാൻ സാധിച്ചത് എന്‍റെ മഹാഭാഗ്യമാണ്.

83 എന്ന ചിത്രത്തിൽ കപിൽ ദേവിനെ ആണ് അവതരിപ്പിക്കുന്നത്?

അതെ, മഹാനായ ക്രിക്കറ്ററുടെ ജീവിതമാണ് ആ സിനിമ. ഇതിനായി ഞാൻ ക്രിക്കറ്റിന്‍റെ എല്ലാ വശങ്ങളും മനസിലാക്കുന്നു. നന്നായി പ്രാക്ടീസും ചെയ്തു. കപിൽ സാറുമായി ദീർഘനേരം ഇതേപ്പറ്റി സംസാരിച്ചിരുന്നു. കഥാപാത്രത്തോട് നീതി പുലർത്താൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

വെള്ളിത്തിരയിലെ പെൺ കാര്യം

ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലയ്‌ക്ക് തന്നെ. ഈ പഴഞ്ചൊല്ല് സ്ത്രീകളുടെ ദൗർബല്യം ചൂണ്ടിക്കാട്ടാൻ ഉപയോഗിക്കാറുള്ള ഒരു പതിവു വാചകമാണ്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ സംവിധായിക അഞ്ജലി മേനോൻ ആ ഡയലോഗ് ഒന്നു മാറ്റിപ്പിടിച്ചു. ഇക്കാലത്ത് ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് മുള്ളിന്! അതിനു പറ്റിയ ഒരു സീനും. മോഡേൺ ആയ പെൺകുട്ടിയെ ചൂളമടിച്ച നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവൾ വന്നു തല്ലുമ്പോൾ ദുൽഖർ സൽമാൻ പറയുന്ന ഡയലോഗ്. പെണ്ണിനെ ദുർബലയാക്കി മുദ്ര കുത്തുന്ന വാചകക്കസർത്തുകളെ മാറ്റി പരീക്ഷിക്കാൻ ഒരു സ്ത്രീക്കു മാത്രമേ കഴിയൂ എന്നു പറയുന്നില്ല. എന്നാൽ കാലങ്ങളായി സിനിമയിലും, ദൈനംദിന ജീവിതത്തിലും ഉപയോഗിച്ചു വരുന്ന ആ വാചകത്തിലെ സ്ത്രീ വിരുദ്ധത മനസ്സിലാക്കാൻ ഒരു സ്ത്രീക്കു കഴിഞ്ഞു എന്നതാണ് പ്രത്യേകത.

സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് അല്ലെങ്കിൽ സ്ത്രീയുടെ ദൗർബല്യത്തെ കുറിച്ച് എടുത്തു കാട്ടാൻ ഉപയോഗിക്കുന്ന അനേകം വാചകങ്ങളിൽ ഒന്നു മാത്രമാണിത്. യഥാർത്ഥ ജീവിതത്തിലും, സിനിമയിലും ഇത്തരം ക്ലീഷേകൾ സ്ത്രീയെ പിന്തുടരുന്നുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം ഉത്തരവാദിത്തങ്ങൾ ധൈര്യപൂർവ്വം ഏറ്റെടുക്കാൻ പെൺകുട്ടികൾക്കു കഴിയണം. അതിനു ഊർജ്‌ജം പകരുന്ന കാഴ്ചകൾ നമുക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ബാല്യം മുതൽ വാർദ്ധക്യം വരെ സ്ത്രീയെ സംരക്ഷിക്കാൻ ആണൊരുത്തൻ ഇല്ലാതെ പറ്റില്ല എന്ന പൊതു കാഴ്ചപ്പാട് തന്നെയാണ് മിക്ക സിനിമകളിലും പ്രതിഫലിക്കുന്നത്. ഇതിന് അപവാദമായി ചില സ്ത്രീ പക്ഷ സിനിമകൾ ഇറങ്ങുന്നുണ്ട്. ആശ്വാസകരമാണത്. “വസ്ത്രധാരണത്തിൽ പോലും സ്ത്രീത്വം അളക്കപ്പെടുന്ന ഇക്കാലത്ത് സ്ത്രീയ്ക്ക് അർഹിക്കുന്ന ആദരവും സ്നേഹവും ലഭിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ, അല്ലെങ്കിൽ കാഴ്ച അനിവാര്യമാണ്.” കൊച്ചിയിൽ കോർപ്പറേറ്റ് ഉദ്യോഗസ്ഥയായ അനിതാറാവു.

മലയാളത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ നീന ഒരു സ്ത്രീ പക്ഷ സിനിമയായിട്ടാണ് കരുതുന്നത്. എന്നാൽ ഈ ചിത്രത്തിൽ നായികയാണ് കേന്ദ്ര കഥാപാത്രം എന്നതിലുപരി സ്ത്രീപക്ഷത്തുനിന്ന് മാത്രം സംസാരിക്കുന്ന ഒരു ചിത്രമല്ല. പുരുഷന്‍റെ കണ്ണിലൂടെ സ്ത്രീത്വത്തെ രണ്ടു രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് ഇവിടെയും. മദ്യപിക്കുകയും പുകവലിക്കുകയും ബൈക്കോടിക്കുകയും ചെയ്യുന്ന ഇതിലെ നീന എന്ന കഥാപാത്രം സ്ത്രീയാണെങ്കിൽക്കൂടി പുരുഷനെ അനുകരിക്കുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് സമർത്ഥിക്കുന്നു.

അച്ഛൻ നീനയെ ആൺകുട്ടിയെപ്പോലെ വളർത്തുന്നതും കുട്ടിക്കാലം മുതൽ ചേരിയിലെ ആൺസൗഹൃദങ്ങളും അവളുടെ സ്വതന്ത്ര ചിന്താഗതിക്ക് കാരണമാകുന്നു. ഇതുപോലും പുരുഷനോടുള്ള അനുകരണമാണ്. എന്നാൽ ഇതിലെ നായകനെ പ്രേമിക്കുമ്പോൾ അവൾ ഒരു സ്ത്രീയാണ്. നായകന്‍റെ ഭാര്യയാവട്ടെ ഒരു വ്യക്‌തി എന്ന നിലയിൽ പോലും സ്വതന്ത്രചിന്ത ഇല്ലാത്ത സ്ത്രീ. ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും സൗന്ദര്യം വർദ്ധിപ്പിക്കുകയും മാത്രമാണ് ഉത്തമ കുടുംബിനിയുടെ റോൾ എന്നു ചിന്തിച്ചു പോകും! ബോക്സ് ഓഫീസ് ഹിറ്റ് ആയ പ്രേമം എന്ന ചിത്രത്തിലുമുണ്ട് മൂന്ന് നായികമാർ. നായകന്‍റെ പ്രണയ പരീക്ഷണങ്ങളിൽ വന്ന മൂന്ന് പെൺകുട്ടികൾ മാത്രമാണിവർ. നായകന് പ്രണയം തോന്നാനുള്ള ചില കാരണങ്ങളിലൂടെ രൂപപ്പെട്ട ഈ നായികമാർക്കും അസ്തിത്വം ഇല്ല!

ആണിന് പ്രേമം തോന്നുന്ന സ്ത്രീകളുടെ സൃഷ്ടി ഇങ്ങനെ കാതലില്ലാത്ത ചില കാര്യങ്ങളിലൂടെ രൂപപ്പെടുമ്പോൾ സ്വതന്ത്ര സ്ത്രീയുടെ ആവിഷ്കരണം പലപ്പോഴും സ്റ്റീരിയോ ടൈപ്പ് ആകുന്നു. കാർട്ടൂൺ അനിമേറ്ററായ ഫെബിന്‍റെ കാഴ്ചപ്പാട് ഇതാണ്.

പെണ്ണുങ്ങൾ ഒരുമിച്ചിരുന്ന് മദ്യപിക്കുക, സുന്ദരനായ ആണിനെ ഫോണിൽ വിളിച്ച് ഉമ്മ കൊടുക്കുക, ബൈക്ക് ഓടിക്കുക, ഇതൊക്കെ ചെയ്‌താൽ സ്വതന്ത്ര സ്ത്രീ ആയി. സർവ്വോത്തമയായ വിനയാന്വിതയായ പെണ്ണ്, അൽപം കള്ളത്തരമുള്ള സ്വാതന്ത്യ്ര ബോധം ഉള്ള കാര്യപ്രാപ്തിയുള്ള പെണ്ണ് ഇതിൽ ആരെയാണ് നിങ്ങൾ ഇഷ്ടപ്പെടുക എന്ന പരോക്ഷമായ ചോദ്യവും അതിന്‍റെ ഉത്തരവും നൽകാൻ പല സിനിമകളും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

“ചലച്ചിത്രങ്ങളിലെ ബോൾഡ് കഥാപാത്രങ്ങൾക്ക് നിറയെ കയ്യടി കിട്ടും. എന്നാൽ ജീവിതത്തിലോ? വിമർശനങ്ങളാണ് കിട്ടുക” കോട്ടയം സ്വദേശിയായ അനീഷ് സെബാസ്റ്റ്യൻ ഇതാണ് ചൂണ്ടിക്കാട്ടുന്നത്.  സിനിമയ്‌ക്കകത്തെ നായികാ കഥാപാത്രങ്ങളെ നമ്മൾ അംഗീകരിക്കും. പക്ഷേ യഥാർത്ഥജീവിതത്തിൽ നമുക്ക് അത്രയും വിശാലമനസ്കത ഇല്ല. സ്ത്രീയായാലും പുരുഷനായാലും ഇക്കാര്യത്തിൽ വലിയ വ്യത്യാസമില്ല. അതേസമയം നല്ല സ്ത്രീ, ചീത്ത സ്ത്രീ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ടുതാനും.

ഇന്ത്യൻ സിനിമകളിലും സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് ഹിറ്റ് സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച ചിത്രങ്ങളിൽ ചിലതാണ് ഡർട്ടിപിക്ചർ, ഫാഷൻ, കഹാനി, ഇംഗ്ലീഷ് വിംഗ്ലീഷ്, ക്വീൻ, റിവോൾവർ റാണി, മർദാനി തുടങ്ങിയവ. ഇത്തരം കുറെ ചിത്രങ്ങൾ മലയാളത്തിലും ഉണ്ട്. ഏറ്റവും പുതിയ ചിത്രം നീന ഒരു ഉദാഹരണം. 22 ഫീ മെയിൽ കോട്ടയം, ഓം ശാന്തി ഓശാന, ഹൗ ഓൾഡ് ആർ യു, സഖറിയായുടെ ഗർഭിണികൾ… ഇതൊക്കെ.  പുരുഷകേന്ദ്രീകൃത ഉത്തരേന്ത്യൻ വിവാഹ രീതികളോടുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടമാണ് ക്വീൻ എന്ന ചിത്രം.

പുരുഷന്‍റെ താൽപര്യങ്ങളെ മറികടന്നും സ്ത്രീക്ക് ജീവിക്കാൻ പറ്റും എന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. വിദ്യാബാലനും കങ്കണയ്ക്കും പ്രിയങ്കയ്‌ക്കും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രങ്ങൾ ഹിറ്റുകളായി. അതേസമയം കഥാമൂല്യമുള്ള ചിത്രങ്ങൾ ഇറക്കുന്നുവെന്ന് പേരുള്ള മലയാള സിനിമയിൽ 12 വർഷമായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കടന്നു വന്നിട്ടില്ല. പാഠം ഒന്ന് ഒരു വിലാപത്തിലൂടെ മീരാ ജാസ്മിൻ കൊണ്ടു വന്നതാണ് അവസാനത്തെ ദേശീയ അവാർഡ്. നായിക പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകാത്തതാണ് കാരണം. ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ നിർമിച്ചെടുക്കുന്ന സിനിമാ രംഗത്തേക്ക് ചരക്കിന്‍റെ മൂല്യം മാത്രമായി സ്ത്രീകളും സ്ത്രീ കഥാപാത്രങ്ങളും മാറുന്നു.

നിശബ്ദ സിനിമയുടെ കാലം മുതൽ മലയാള സിനിമ എങ്ങനെയാണ് സ്ത്രീത്വത്തെ ചിത്രീകരിക്കുന്നതെന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മലയാള സിനിമയിൽ സ്ത്രീപക്ഷ സിനിമകൾ ജനിക്കണമെങ്കിൽ പുരുഷൻ പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുന്നതായി മിക്ക സിനിമകളും തെളിയിക്കുന്നുണ്ട്. അടുത്തയിടെ ഇറങ്ങിയ ഹൗ ഓൾഡ് ആർയു തന്നെ ഉദാഹരണം. വിവാഹം, കുടുംബം എന്ന വ്യവസ്‌ഥാപിത ചട്ടക്കൂടിൽ നിന്ന് ഇറങ്ങി വന്ന് ജീവിതത്തെ നേരിടുമ്പോൾ നിരുപമ എന്ന നായികയ്ക്ക് സ്വന്തം ഭർത്താവാണ് എതിരാളിയുടെ സ്‌ഥാനത്തു വരുന്നത്. 22 ഫീമെയിൽ കോട്ടയത്തിലും ഇതു തന്നെ അവസ്ഥ.

കന്മദത്തിലെ ഭാനുവും പത്രത്തിലെ ദേവികയും എൽസമ്മ എന്ന ആൺകുട്ടിയിലെ എൽസമ്മയും നീനയിലെ നീനയും ഇവർക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്. ആണായി ജനിക്കേണ്ടവർ, ആണിന്‍റെ ധൈര്യമുള്ളവർ എന്ന വിശേഷണത്തോടെയാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പെണ്ണിന് പെണ്ണത്തത്തിന്‍റെ ബോൾഡ്നസ് അല്ല, കടം വാങ്ങിയ ആണത്തത്തിന്‍റെ ആദരവാണ് ഇവിടെയും ലഭിച്ചതെന്ന് സാരം. ഇനി അങ്ങനെയൊന്നുമല്ലാത്ത സ്ത്രീ കഥാപാത്രങ്ങൾ ആൺമേൽക്കോയ്മയെ അംഗീകരിച്ചില്ലെങ്കിൽ അത് സ്ത്രീയുടെ തന്‍റേടമോ ധാർഷ്ട്യമോ ആവുന്നു! മുന്നറിയിപ്പിലെ പത്രപ്രവർത്തകയും ദൃശ്യത്തിലെ ഐജിയും ഇതിനുദാഹരണമാണ്.

ആളുകളുടെ ചിന്ത, പെരുമാറ്റം, വികാരം ഇവയേയൊക്കെ മാധ്യമങ്ങൾക്ക് സ്വാധീനിക്കാൻ കഴിയും. നായകന്‍റെ ഭാര്യ, മകൾ, കാമുകി, സുഹൃത്ത് എന്നിങ്ങനെ പ്രധാനമെന്നു തോന്നാവുന്ന റോളുകളിൽ ഒരു വ്യക്‌തിത്വവും പ്രകടമാക്കാത്ത സ്ത്രീ കഥാപാത്രങ്ങളാണ് സിനിമകളിലുള്ളത്. സമൂഹത്തിന്‍റെ പരിച്ഛേദമാണ് ഇത് എന്ന് പറയുമ്പോൾ കൂടിയും ഇത്തരം കഥാപാത്രങ്ങൾ സ്ത്രീകൾ ദുർബലരാണ്, സഹാനുഭൂതിക്ക് പാത്രമാകേണ്ടവരാണെന്ന ചിന്ത അരക്കിട്ടു ഉറപ്പിക്കുകയാണ് “മലയാള സിനിമയിലെ കുലപതികളായി കരുതുന്ന എം.ടി വാസുദേവൻ നായർ, പത്മരാജൻ, കെ.ജി. ജോർജ്, ലോഹിതദാസ്, ഐ വി ശശി തുടങ്ങിയവരുടെ സ്ത്രീ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ അവരുടെ സ്ത്രീ കഥാപാത്ര സൃഷ്ടികൾപോലും അവരുടെ കാഴ്ചപ്പാടുകളിൽ നിന്ന് ഉരുത്തിരിയുന്നതാണെന്ന് തോന്നും. എം.ടിയുടെ കഥയിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം തന്നെ പുരുഷാധിപത്യത്തോട് സന്ധി ചെയ്യുന്നവരാണ്. പഞ്ചാഗ്നിയിലെ ഗീത ചെയ്‌ത കഥാപാത്രം മാത്രമാണ് വ്യത്യസ്‌തമായിട്ടുള്ളത്. എത്ര ചെറുത്തു നിന്നാലും അവസാനം പുരുഷന് കീഴടങ്ങി സ്വന്തം അസ്തിത്വം വിട്ടു പോകുന്നവർ. ഒരു പക്ഷേ ഇത് തന്നെയാണ്. ഭൂരിഭാഗം സ്ത്രീകളുടെയും അവസ്‌ഥ.” എഴുത്തുകാരനായ കെ. പി മുരളി പറയുന്നു.

പത്മരാജന്‍റെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളും പുരുഷാധിപത്യത്തിനു കീഴടങ്ങുന്നവരാണ്. തകരയിലെ സുഹാസിനി മുതൽ ഞാൻ ഗന്ധർവ്വനിലെ നായിക വരെ അതിന്‍റെ ഉദാഹരണങ്ങളാണ്. മാത്രമല്ല ഇവർ എല്ലാം ലൈംഗിക ബിംബങ്ങളുമാണ്. കെ.ജി ജോർജ്‌ജും ലോഹിതദാസുമാണ് ഒരു പക്ഷേ അതിലും ശക്‌തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിച്ചത്. പുരുഷാധിപത്യത്തിൽ നിന്ന് മോചനം നേടുന്നവരാണ് ഇവരുടെ നായികമാർ. പുരുഷന്‍റെ സഹായം ഇല്ലെങ്കിലും ഞങ്ങൾ ജീവിക്കും എന്ന് തന്‍റേടമുള്ള കഥാപാത്രങ്ങൾ. ജീവിതാഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ് പല കഥാപാത്രങ്ങളും. ഇനി ജീവിച്ചിട്ടേ കാര്യമുള്ളൂ എന്ന് പറയുന്ന സ്ത്രീകൾ നാട്ടിൻ പുറത്തും കാണാം. ഇന്നത്തെയും അന്നത്തെയും സ്ത്രീ കഥാപാത്രങ്ങളെയും നടികളെയും ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്‌തമാണ്. നടികൾ വ്യക്‌തി ജീവിതത്തിൽ കുറേക്കൂടി ബോൾഡ് ആണ്. ഐവി ശശിയുടെ അവളുടെ രാവുകൾ എന്ന ചിത്രത്തിലെ സീമയുടെ റോളും സീമയും അത്തരത്തിൽ  ബോൾഡാണ്.

“ഇക്കാലത്ത് സ്ത്രീകൾക്ക് പരസ്‌പരം അല്ലെങ്കിൽ സ്ത്രീക്ക് പുരുഷനോട് സെക്സിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഭയമില്ല. സ്ത്രീകൾ മദ്യപിക്കുന്ന ക്ലൈമാക്സ് കൂട്ടായ്മകൾക്കും അത്ര പഞ്ഞമില്ല. ഇതിനെ ശാക്‌തീകരണം എന്ന് വിളിക്കാൻ പറ്റില്ല. എന്നാൽ തന്നെയും സ്ത്രീയുടെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റം പ്രകടമാണ്. ഈ മാറ്റം സിനിമകളിലും നിഴലിക്കാം” മുരളി പറയുന്നു.

തന്‍റെ വികാരം ശമിപ്പിക്കാൻ ഒരു സ്ത്രീ മതിയാവാതെ വരുമ്പോൾ, വഴി തെറ്റി പോകാതിരിക്കാൻ പുരുഷന് നാല് വിവാഹം വരെ കഴിക്കാം എന്നു പറഞ്ഞ മതപ്രഭാഷകനോട് ഫാത്തിമ എന്ന മുസ്ലീം സ്ത്രീ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അപ്പോൾ ഒരു പുരുഷൻ മതിയാവാത്ത സ്ത്രീയ്ക്കോ? ജനശ്രദ്ധ നേടാതെപോയ ആലീഫ് എന്ന ചിത്രത്തിൽ ലെന അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യമാണത്. ഇത്തരം ചോദ്യത്തിലൂടെ ഒരു സ്ത്രീ യഥാർത്ഥ ജീവിതത്തിൽ എന്തെല്ലാം നേരിട്ടേക്കാം?

നീന എന്ന ചിത്രത്തിൽ സംവിധായകൻ അവസാനം നീനയെ സദ്ഗുണ സമ്പന്നയാക്കി കുടുംബത്തെ രക്ഷപ്പെടുത്തുന്നു. ഈ ചിത്രം കണ്ടവർ തനു വെഡ്സ് മനുവിലെ രണ്ട് നായികമാരെയും നായകനെയും തൂവാനത്തുമ്പിയിലെ ക്ലാര, രാധ, ജയകൃഷ്ണൻ കഥാപാത്രങ്ങളെയും ഓർമ്മിക്കുന്നത് നല്ലതാണ്. കുടുംബ വ്യവസ്‌ഥകളെ ലംഘിക്കാൻ കഴിവുള്ളവർക്ക് എപ്പോഴും ത്യാഗത്തിന്‍റെ പരീക്ഷണം കൂടി വച്ചു കൊടുക്കുന്നു. ഇത്തരം ക്ലീഷേകളെ മറികടക്കാൻ സംവിധായകർക്ക് കഴിയണം. സ്ത്രീകളുടെ പ്രശ്നങ്ങളെ, വികാരങ്ങളെ, ജീവിതത്തെ മനസ്സിലാക്കുന്ന തരത്തിലുള്ള സിനിമകൾ വേണം. അവയ്ക്ക് സ്ത്രീപക്ഷ സിനിമ എന്ന ബാനർ ആവശ്യമില്ല. ജനപക്ഷത്തു നിന്നു തന്നെ സ്ത്രീയെ ഉൾക്കൊള്ളുന്ന തരം കാഴ്ചകളും കാഴ്ചപ്പാടുകളും ഉള്ള സിനിമകൾ. അതാണ് നമുക്ക് ആവശ്യം. അതിലൂടെ അവളുടെ ജീവിതം ഒന്നാം നമ്പറിലേക്ക് ഉയരട്ടെ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें