ക്യാമറയ്ക്ക് പിന്നിൽ നിന്നാണ് സോനം കപൂർ ആദ്യം സിനിമയിലെത്തിയതെന്ന് അധികം ആർക്കും അറിയാത്ത രഹസ്യമാണ്. ബ്ലാക്ക് എന്ന ചിത്രത്തിൽ സഹസംവിധായിക ആയിട്ടായിരുന്നു അരങ്ങേറ്റം. അതിനു ശേഷമാണ് അഭിനയ രംഗത്തേയ്ക്ക് തിരിഞ്ഞത്. ആദ്യ ചിത്രം സാവരിയ. അത് ബോക്സ് ഓഫീസിൽ വിജയിച്ചില്ല. പക്ഷേ സോനത്തിന്‍റെ അഭിനയം പ്രകീർത്തിക്കപ്പെട്ടു. അതു കഴിഞ്ഞിറങ്ങിയ നീരജ കരിയറിലെ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. പക്ഷേ തീയറ്ററുകളിൽ പടം പണം വാരിയില്ല. എങ്കിലും കഥ തെരഞ്ഞെടുക്കുന്നതിലും കഥാപാത്രങ്ങൾ മികവുറ്റതാക്കുന്നതിലും സോനം പിറകോട്ടു പോയില്ല.
സോനം ബിസിനസ്സ് മാഗ്‍നെറ്റ് ആനന്ദ് അഹൂജയുമായി ഡേറ്റിംഗിലായിരുന്നു. വിവാഹം ഗംഭീരമായി നടന്നു. പൊതുവെ ജോളി ടൈപ്പായ സോനം പാഡ്മാൻ എന്ന ചിത്രത്തിന്‍റെ വിജയത്തിൽ സന്തുഷ്ടയാണ്. താരം വിവാഹ വിശേഷങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും പങ്കിടുന്നു.
പുതിയ ജീവിതത്തിനു തുടക്കമായി...
ജീവിതം എപ്പോഴും ഒരേ നിലയിൽ ഒഴുകില്ലല്ലോ. ആളുകൾക്ക് മാറിയേ പറ്റൂ. അതു അനിവാര്യവുമാണ്. നിങ്ങൾ ശരിയായ ഒരാളെ കണ്ടെത്തിയാൽ അത് വലിയ കാര്യമാണ്.
വിവാഹത്തിന്‍റെ ഹൈലൈറ്റ് എന്തായിരുന്നു?
സന്തോഷം, സന്തോഷം മാത്രം...
ഭർത്താവ് ആനന്ദ് അഹൂജയെപ്പറ്റി പറയാമോ?
അതൊന്നും ചർച്ച ചെയ്യാൻ ഞാനാഗ്രഹിക്കുന്നില്ല (ചിരിക്കുന്നു). ഞങ്ങൾ ഒന്നും തന്നെ മീഡിയയിൽ നിന്നും ഒളിച്ചു വച്ചിട്ടില്ല. മീഡിയ എന്‍റെ കല്യാണത്തിന്‍റെ ഭാഗവുമായിരുന്നു. ഇനിയും ഞാൻ അതേപ്പറ്റി പറയുന്നത് ബോറാവും. ഞാൻ ശരിയായ ഒരാൾക്കൊപ്പം സന്തോഷത്തോടെയിരിക്കുകയാണിപ്പോൾ. അദ്ദേഹം സ്നേഹനിധിയാണ്. നർമ്മപ്രിയനുമാണ്. കരുണയുള്ള മനസ്സാണ്. അതാണ് വലിയ കാര്യമായി എനിക്ക് തോന്നുന്നത്. അദ്ദേഹം ഒരു പബ്ലിക് ഫിഗർ അല്ല. മീഡിയയിൽ വരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നുമില്ല.
വിവാഹം കരിയറിനെ ബാധിക്കുമോ?
പല നടിമാരും വിവാഹ ശേഷം സ്ക്രീനിൽ തിളങ്ങിയിട്ടുണ്ടല്ലോ. ഡിമ്പിൾ കപാഡിയ സാഗർ ചെയ്‌തത് രണ്ടു കുട്ടികളുടെ അമ്മ ആയ ശേഷമാണ്. എനിക്ക് ഒന്നിനെപ്പറ്റിയും പേടിയില്ല. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സും കഴിവും ഉണ്ടെങ്കിൽ സിനിമ കിട്ടാൻ പ്രയാസമുണ്ടാവില്ല. എനിക്ക് ഈ കാര്യത്തിൽ ആത്മവിശ്വാസക്കുറവ് ഒന്നും ഇല്ല.
പാഡ്മാൻ ഗംഭീര സിനിമയാണ്. തെരഞ്ഞെടുക്കാനുള്ള കാരണം?
കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. ജനങ്ങൾ വളരെ തുറന്ന് സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയം പ്രണയകഥക്കൊപ്പം രസകരമായി അവതരിപ്പിക്കാനാണ് പാഡ്മാനിലൂടെ ശ്രമിച്ചത്. അത് ഫലം ചെയ്തു. മാസമുറയുമായി ബന്ധപ്പെട്ട് പല വിലക്കുകളുമാണ് കാലാകാലങ്ങളായി സമൂഹത്തിൽ നിലനിന്നിരുന്നത്. എന്‍റെ വീട്ടിൽ എനിക്ക് അത്തരത്തിൽ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, എല്ലാവരുടേയും കേസിൽ അങ്ങനെയല്ല. മാസമുറ പാപമായി കരുതുന്ന എത്രയോ കുടുംബങ്ങളെ എനിക്കറിയാം. ആ സമയം അമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമാണ്. അന്ധവിശ്വാസവുമായി മാസമുറയെ ചേർത്തു കെട്ടിയ സമൂഹമാണ് നമ്മുടേത്. 5-6 ദിവസം സ്ത്രീകളെ അടുക്കളയിൽ പോലും കേറ്റില്ല.
ഈ സ്ക്രിപ്റ്റ് കിട്ടിയപ്പോൾ തന്നെ എനിക്ക് വലിയ ഉത്സാഹം ആയിരുന്നു. ഞാൻ ഹോംവർക്ക് നടത്തിയപ്പോൾ ഒരു കാര്യം വ്യക്‌തമായി. നമ്മുടെ രാജ്യത്ത് 12 ശതമാനം സ്ത്രീകൾ മാത്രമേ സാനിട്ടറി നാപ്കിൻ ഉപയോഗിക്കുന്നുള്ളൂ. ആ കാര്യം എന്നെ അലട്ടി. ഇത് നാണക്കേടുണ്ടാക്കുന്ന കണക്കാണ്. വികസനം നാം നേടിയത് ഏതു കാര്യത്തിലാണ്. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടാത്ത കാലത്തോളം രാജ്യം പുരോഗതി നേടില്ല.