തുഷാർ ആണ് റിയൽ ഹീറോ. കാലത്തിന്‍റെ മാറ്റം ശരിക്കും ഉൾക്കൊണ്ട യഥാർത്ഥ കഥാനായകൻ. ആളുകൾ വിലമതിക്കുന്ന അച്‌ഛനാകാൻ കല്യാണം കഴിച്ചേ മതിയാക്കൂ എന്നില്ല എന്ന് തെളിയിച്ചിരിക്കുന്നു ഈ ഹീറോ. ഐവിഎഫിലൂടെ സ്വന്തം കുഞ്ഞിനെ കരഗതമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റിയായ സിംഗിൾ ഡാഡ് എന്ന പദവിയല്ലേ ഈ താരം തട്ടിയെടുത്തിരിക്കുന്നത്.
“എന്‍റെ സ്വന്തം കുഞ്ഞ്, എന്‍റെ കൈകളിൽ... ഞാൻ ഈ നിമിഷങ്ങൾ ആസ്വദിക്കുന്നു, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ...” തനിക്ക് ഒരു ആൺകുഞ്ഞ് വാടക ഗർഭപാത്രത്തിലൂടെ പിറന്ന കാര്യം തുഷാർ തന്നെയാണ് പുറത്തുവിട്ടത്. മുംബൈയിൽ നിന്നുള്ള വാടക അമ്മയാണ് തുഷാറിന്‍റെ ബീജം ഗർഭത്തിൽ സ്വീകരിച്ച് ആൺകുഞ്ഞിന് ജന്മമേകിയത്.
ലക്ഷ്യ എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞു പിറക്കും വരെ എല്ലാ മാതാപിതാക്കളെയും പോലെ ആണോ പെണോ എന്ന കാര്യം പോലും അറിഞ്ഞിരുന്നില്ല തുഷാർ. താര ദമ്പതികളായ ജിതേന്ദ്രയുടെയും ശോഭ കപൂറിന്‍റെയും മകനായ തുഷാർ അവിവാഹിതനാണ്. പ്രായം കൂടുന്നു എന്ന ചിന്തയാണ് ഐവിഎഫിലൂടെ സ്വന്തം കുഞ്ഞിനു വേണ്ടി ശ്രമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തന്‍റെ മകൻ ലക്ഷ്യ കൈയിലേക്ക് എത്തിച്ച വഴികളെക്കുറിച്ച്.
“സംവിധായകൻ പ്രകാശ് ആയിടെയാണ് ഐവിഎഫിലൂടെ കുഞ്ഞ് എന്ന ആശയം എന്‍റെ മുന്നിലേക്ക് വച്ചത്. ഹൈദ്രാബാദിലേക്കുള്ള വിമാനം മിസ് ആയപ്പോൾ എന്നോടൊപ്പം കാറിൽ ചെന്നൈയ്ക്കു യാത്ര ചെയ്യുമ്പോഴാണ് പ്രകാശ്ജിയുമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇടയായത്.
ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെന്ന കാര്യം ഞാൻ യാത്രക്കിടയിൽ തുറന്നു സംസാരിച്ചു. അതുകേട്ടപ്പോൾ അദ്ദേഹമാണ് എത്രയോ ചെറുപ്പക്കാർ ഐവിഎഫിലൂടെ അച്‌ഛനാകുന്ന കാര്യം എന്നോട് പറഞ്ഞത്. സിംഗിൾ പേരന്‍റായി കുഞ്ഞിനെ വളർത്തിക്കൊണ്ടുവരുന്നത്തിനെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയത് അപ്പോഴാണ്.
മുംബൈയിൽ പ്രകാശ്ജിയുടെ കുടുംബ സുഹൃത്ത് സറോഗസിയിലൂടെ പെൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. അവർ വഴിയാണ് മുംബൈയിലെ ഡോ ഫിറുസ വാരിഖിനെ കണ്ട് ഐവിഎഫ് ചികിത്സയ്ക്കുള്ള ഉപാധികൾ മനസ്സിലാക്കിയത്.
ഇന്ത്യയിലെ ആദ്യത്തെ സിംഗിൾ പേരന്‍റ് ഡാഡ് ഞാൻ ആണെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതിന്‍റെ സമ്മർദ്ദമൊന്നും ഒട്ടും എനിക്കില്ല. എനിക്ക് ഇഷ്‌ടമാണ് കുഞ്ഞുങ്ങളെ വളർത്താൻ. ഒരു അച്ഛന്‍റെ മനസ്സ് എനിക്ക് ഉണ്ട്. അഞ്ചു വർഷം മുമ്പാണെങ്കിൽ ഇതേ മനസ്സ് എനിക്കുണ്ടാവുമോ എന്ന് സംശയമാണ്. ചില ഘട്ടങ്ങളിൽ നമുക്ക് തോന്നാം. ഇപ്പോൾ എനിക്കൊരു കുഞ്ഞുണ്ടായിരുന്നുവെങ്കിൽ എന്നൊക്കെ. അതു സിംഗിൾ ആയി ജീവിക്കുന്നവരെ സംബന്ധിച്ച് തുറന്നു പറയാൻ പോലും മടിയായിരിക്കും. എന്നാൽ അച്‌ഛനാവുക എന്നത് എന്നെ സംബന്ധിച്ച് ഒരു തീരുമാനം എന്നതിലുപരി, പ്രായപൂർത്തിയായ ഉത്തരവാദിത്തമുള്ള ഒരു പുരുഷന്‍റെ അച്‌ഛനാവാനുള്ള ആഗ്രഹത്തിലേക്കുള്ള ക്രമമായ ചുവടുവയ്‌പായിരുന്നു.
കുഞ്ഞ് പിറക്കുന്നതിന് ഒരു മാസം മുമ്പ് അമേരിക്കയിൽ പോയപ്പോൾ കുഞ്ഞിനു വേണ്ടി യൂണിസെക്സ് ഉടുപ്പുകൾ വാങ്ങി. ആണോ, പെണ്ണോ എന്നൊന്നും അറിയില്ലാതെയാണ് ഉടുപ്പും മറ്റു സാമഗ്രികളും വാങ്ങിയത്. ആണായാലും പെണ്ണായാലും ഉപയോഗിക്കാവുന്നവയാണ് അവ. ഒരു അച്‌ഛന്‍റെ എല്ലാ ആവേശത്തോടെയും ആകാംക്ഷയോടുമാണ് ഞാൻ കാത്തിരുന്നത്. എന്‍റെ കുടുംബാംഗങ്ങളും അങ്ങനെ തന്നെ.