കഥ തുടരുന്നു

സരോജിനിയമ്മയ്ക്ക് അച്ഛനിൽ നിന്ന് പൂർവ്വികമായി കിട്ടിയതാണ് പാർവ്വതി പുത്തനാറിന്‍റെ കരയിലുള്ള മൂന്ന് ഏക്കർ തെങ്ങിൽ പുരയിടവും അതിന്‍റെ അറ്റത്ത് ആറിനോട് ചേർന്നുള്ള സമുദായത്തിന്‍റെ ശ്മശാനവും. അച്ഛന്‍റെ മരണത്തിൽ ആ മൃതശരീരം സ്വന്തം കൈ കൊണ്ട് തന്നെ സ്വന്തമായി നടത്തുന്ന ചിതയിലേയ്ക്ക് വച്ച്, അന്നു തുടങ്ങിയതാണ് ശ്‌മശാനത്തിന്‍റെ നടത്തിപ്പ്. ആണും പെണ്ണുമായി ഒറ്റ സന്തതിയായ കാരണം എല്ലാ സ്വത്തുക്കളും കൈവശം വച്ച് അനുഭവിക്കുവാനുള്ള യോഗം അങ്ങിനെ മുപ്പതു വർഷമായി ഇപ്പോഴും തുടരുന്നു.

ഒരു നൂറ്റാണ്ട് മുൻപേ രാജാവ് നേരിട്ട് സരോജിനിയമ്മയുടെ പൂർവ്വികർക്ക് അനുവദിച്ചു കൊടുത്തതായിരുന്നു സമുദായത്തിനുള്ള ഈ ശ്മശാനം. അങ്ങനെയാണ് ചിതപ്പുരയ്ക്കൽ തറവാട് എന്ന് പേരു വീണത്. അന്ന് റോഡുകൾ കുറവായിരുന്നതിനാലും പ്രധാന ഗതാഗതവും വ്യാപാരങ്ങളും പാർവ്വതീ പുത്തനാറിലൂടെയായിരുന്നതിനാലും എന്നും തിരക്കോട് തിരക്കായിരുന്നു. അന്ന് സമുദായ പ്രമാണിമാരുടെ ചരമ ശേഷം ശരീരം ശ്മശാനത്തിലേയ്ക്ക് പുത്തനാറിലൂടെ അലങ്കരിച്ച കെട്ടുവള്ളത്തിൽ എത്തിച്ചിരുന്നത് കുട്ടിയായിരുന്ന സരോജിനി വിടർന്ന കണ്ണുകളോടെ അച്ഛനൊപ്പം നിന്ന് കണ്ടിട്ടുണ്ട്. കാലമേറെച്ചെന്ന് ഇന്ന് വൈദ്യുതി ശ്മശാനം നിലവിൽ വന്നതിനാലും മറ്റു ചിലയിടങ്ങളിൽ ശ്മശാനങ്ങൾ വേറെ വന്നതിനാലും അല്പം തിരക്ക് കുറഞ്ഞുവെന്ന് മാത്രം.

സരോജിനി കുട്ടിയായിരുന്നപ്പോഴും അച്ഛനെ ശ്മശാനം നടത്തിയിരുന്നതിലും കൊപ്ര പണിയിലും പറമ്പിലെ കൃഷിയിലും പശുവിനെ വളർത്തുന്നതിലും അമ്മയ്ക്ക് ഒപ്പം നിന്ന് സഹായിച്ചിരുന്നതിനാൽ അച്ഛന്‍റെ മരണശേഷവും ഒന്നിനും ഒരു മുടക്കവുമില്ലാതെ എല്ലാം ഭംഗിയായി പിന്നീടും തുടർന്നു പോന്നു. ഇപ്പോൾ ഭർത്താവിന് വയസ്സ് എഴുപത് കഴിഞ്ഞ് കിടപ്പിലായതു മുതൽ എല്ലാ കാര്യങ്ങളും ഒറ്റ മകനായ രാമചന്ദ്രനാണ് നോക്കി നടത്തുന്നത്. ഇനി ശ്മശാനം നടത്തിപ്പിന്‍റെ ലൈസൻസ് രാമുവിന്‍റെ പേരിലാക്കിയിട്ട് ചിതപ്പുരയുടെ താക്കോലും അവനെ ഏൽപ്പിച്ചിട്ട് വേണം ഒന്ന് വിശ്രമിക്കാൻ എന്ന് സരോജിനിയമ്മ കുറച്ചു നാളായി ചിന്തിക്കാൻ തുടങ്ങിയിട്ട്.

വൈകീട്ട് നടത്തേണ്ട ചിതയ്ക്കുള്ള വിറകും തൊണ്ടും ചിരട്ടയും സംഘടിപ്പിക്കാനായി രാമു പെട്ടി ഓട്ടോറിക്ഷയും എടുത്ത് ഇറങ്ങിയിട്ട് നേരം ഒരു പാടായല്ലോ എന്ന് ചിന്തിച്ച് ഹൈസ്കൂളിൽ പഠിയ്ക്കുന്ന കൊച്ചു മകനെക്കൊണ്ട് മൊബൈലിൽ വിളിച്ചു നോക്കാമെന്ന് കരുതിയാണ് സരോജിനിയമ്മ പറമ്പിൽ നിന്നും വീട്ടിനകത്തേക്ക് കയറിയത്. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ വരുന്നത് കണ്ടത്. മരണം നടന്ന് ഇവിടത്തെ ചിതയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തെപ്പറ്റി ബന്ധുക്കൾ ഫോണിലൂടെയാവും പലപ്പോഴും അറിയിക്കുക.

അപ്പോള്‍ പിന്നെ കാറിൽ ആരാകുമെന്ന് കരുതി നിന്നപ്പോഴാണ് വാർഡ് മെമ്പറും സമാജത്തിന്‍റെ സെക്രട്ടറിയും ഇറങ്ങിയത്. ചിതയ്ക്കുളള സാമഗ്രികളുമായി രാമു വരവെ ഉണ്ടായ അപകടത്തെപ്പറ്റി അവർ മുഖവുരയൊന്നുമില്ലാതെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ ആയിരക്കണക്കിന് ശരീരങ്ങളെ ചിതയിലേയ്ക്ക് ആനയിച്ച്, ചിതപ്പുരയ്ക്കൽ അപ്പന്‍റെ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്ത ദീപത്തിൽ നിന്നും ചിതയിലേയ്ക്ക് ദീപം പകർന്നു കൊടുത്ത തഴക്കവും പഴക്കവുമുള്ള സരോജിനിയമ്മ ഒരു മാത്ര ഒന്ന് പതറി, വീടിന്‍റെ തിണ്ണയുടെ ഓരത്ത് തൂണിൽ ചാരി തളർന്ന് ഇരുന്നു പോയി.

അല്പ സമയത്തിനകം ചിതപ്പുരയ്ക്കൽ വീടും പറമ്പും സമുദായപ്രവർത്തകരെയും ബന്ധുക്കളെയും സമീപവാസികളെയും കൊണ്ട് നിറഞ്ഞു. വൈകിട്ട് നാലു മണിയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി വീട്ടിലെത്തിച്ച്, അന്ത്യ കർമ്മങ്ങൾക്ക് എടുത്തു. വർഷങ്ങൾക്ക് മുൻപ് അച്ഛന്‍റെ ശരീരം ചിതയിലേയ്ക്കെടുത്തപ്പോഴുള്ള അതേ വിറയലോടെ ഒരിക്കൽ കൂടി സരോജിനിയമ്മ മകനുവേണ്ടിയും പരദേവതയായ മഹാദേവന്‍റെ ചിത്രത്തിനു മുന്നിൽ തെളിഞ്ഞു കത്തുന്ന വിളക്കിൽ നിന്നും ദീപം പകർന്നെടുത്ത് പതിനാലുകാരനായ കൊച്ചു മകന്‍റെ ഒരു കയ്യിൽ പിടിപ്പിച്ച്, അവനെയും കൂട്ടി ചിതയിലേക്ക് നടന്നു.

തീ കൊളുത്തപ്പെട്ട ചിത ആളിക്കത്താന്‍ തുടങ്ങിയപ്പോൾ കൊച്ചുമകനെയും കൂട്ടി പുറത്തുകടന്ന സരോജിനിയമ്മ പരദേവതയുടെ മുന്നില്‍ കത്തുന്ന വിളക്കിനു സമീപത്തു വച്ചിരുന്ന ചിതപ്പുരയുടെ താക്കോല്‍ക്കൂട്ടം എടുത്ത് കൊച്ചുമകന്‍റെ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് അതിലേയ്ക്ക് വച്ചുകൊടുത്തു കൊണ്ടു് ഒരു ധ്യാനത്തിലെന്നവണ്ണം മന്തിച്ചു “എന്‍റെ രണ്ടു തലമുറകള്‍ക്ക് മുമ്പ് അന്നത്തെ രാജഭരണം നമ്മുടെ കുടുംബത്തെ ഏല്‍പ്പിച്ച ദൗത്യം നീയാകുന്ന നാലാം തലമുറയിലേക്ക് പകരുകയാണ്, കാലത്തിനൊപ്പം ഈ കഥ തുടരുവാനായി.”

കൊച്ചു മകന്‍റെ മൂർദ്ധാവിൽ വലതു കൈവച്ച് അനുഗ്രഹിച്ച ശേഷം അവനെ ചേർത്തുപിടിച്ചു കൊണ്ട് സരോജിനിയമ്മ പുറത്തെ ചാരുബഞ്ചിൽ ഇരുന്നു. തലമുറകളുടെ ദൗത്യം കൊച്ചു മകനെയും പരിശീലിപ്പിയ്ക്കുന്ന പുതിയ അദ്ധ്യായം തുറക്കുവാനായി… ചിത ആളിക്കത്തുവാൻ തുടങ്ങിയതോടെ ആളുകൾ കുടുംബത്തിനെ ആശ്വസിപ്പിച്ചു കൊണ്ട് വിട പറഞ്ഞു തുടങ്ങി. വാർഡ് മെമ്പറും സമാജം സെക്രട്ടറിയും കൂടി സരോജിനിയമ്മയുടെ അടുത്ത് വന്ന് രണ്ട് കസേരയെടുത്തിട്ട് അമ്മയ്ക്ക് അഭിമുഖമായി ഇരുന്നു.

സെക്രട്ടറി തന്നെ തുടക്കമിട്ടു. “ഈ നഷ്ടപെട്ട ജീവനു തുല്യമായി പകരം വയ്ക്കുവാൻ ഒന്നുമില്ല എന്നറിയാമെങ്കിലും ഒരു ആശ്വാസ വാർത്തയുണ്ട്. അത് മെംബർ തന്നെ പറയും.”

അമ്മ ആളിക്കത്തുന്ന ചിതയിൽ നിന്ന് ദൃഷ്ടി പതിയെ പിൻവലിച്ച് മെമ്പറെ നോക്കി. മെമ്പർ വളരെ പതിഞ്ഞ ശബ്ദത്തിൽ, “സർക്കാരിന്‍റെ ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിയ്ക്കുന്ന ബില്ലിനെപ്പറ്റി സൂചിപ്പിച്ചു. അതു പ്രകാരം ശ്മശാനം നടത്തിപ്പുകാർക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പെൻഷനും ഉറപ്പാക്കുന്ന ബില്ല് പാസാക്കി നിയമ നിർമ്മാണം നടത്തുന്നതാണ് എന്ന് തീരുമാനമായിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ എന്നെ ഈ തിരക്കൊഴിഞ്ഞിട്ട് ഏൽപ്പിച്ചാൽ മതി. എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം.” നാളെ രാവിലെ വീണ്ടും വരാമെന്ന് പറഞ്ഞ് അവരും മെല്ലെയെണീറ്റു.

പുത്തനാറിന്‍റെ ഇരു കരകളിലെയും വഴി വിളക്കുകളിൽ നിന്നുള്ള പീത ശോഭ പ്രത്യാശയുടെ പ്രകാശ രേണുക്കളായി മഞ്ഞിലൂടെയെന്നവണ്ണം അമ്മയുടെ മനസ്സിലേയ്ക്ക് ഒരു കുളിർമ്മയായി പെയ്തിറങ്ങുവാൻ തുടങ്ങി.

കളകളം മുഴക്കി, ഇരുവരെയും ആശ്വസിപ്പിച്ചു കൊണ്ടെന്നവണ്ണം എല്ലാത്തിനും മൂക സാക്ഷിയായി പുത്തനാർ തന്‍റെ മാതൃ സവിധത്തിലേയ്ക്കുള്ള ഒഴുക്ക് അപ്പോഴും തുടർന്നു കൊണ്ടേയിരുന്നു.

സർജിക്കൽ സ്ട്രൈക്ക്

ഇത് 2024. നമുക്ക് 45 വർഷം പുറകോട്ട് പോകേണ്ടതുണ്ട്. എന്‍റെ കൂടെ താങ്കളെയും കൂട്ടുന്നു. നമുക്ക് ഒരു ടൈം ട്രാവൽ നടത്തി ഒന്ന് കറങ്ങിയിട്ട് ഉടനെ തിരിച്ച് വരാം.

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഞാനും വത്സനും പത്ത് സി യിൽ ഒരുമിച്ച് പഠിക്കുന്ന കാലം. വത്സന്‍റെ അച്ഛൻ കുമാരച്ചേട്ടൻ ചായക്കട നടത്തുന്നു. വത്സന്‍റെ ചേട്ടൻ ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പത്താം തരം കഴിഞ്ഞ് ബോംബെക്ക് ജോലി തേടി പോയ ശേഷം കടയിൽ അച്ഛനെ സഹായിക്കേണ്ട മുഴുവൻ ബാദ്ധ്യതയും വത്സനിലായി.

ചായക്കടയെന്ന് പറഞ്ഞെങ്കിലും ചായയും കടിയും മാത്രമല്ല കേട്ടോ. രാവിലെ അപ്പവും പുട്ടും പ്രാതലായിട്ടും ഉച്ചയ്ക്കും രാത്രിയും മീൻ കറിയും ഇറച്ചിക്കറിയുമുള്ള ഊണും ഉണ്ട്. പുറത്ത് നിന്ന് ആരെയും ജോലിക്ക് വയ്ക്കുന്ന പതിവ് പൊതുവെ അവിടങ്ങളിൽ ഇല്ലാത്തതിനാൽ വത്സന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. എന്നിട്ടും അതിനിടയിൽ പത്തിലെ പഠനം അവൻ ഒരു വിധം മുന്നോട്ട് കൊണ്ടുപോയി എന്നത് അതിശയം തന്നെ.

അതിനേക്കാളേറെ രസം ഇതിനിടയിലും ഡിറ്റക്ടീവ് നോവലുകൾ, ഗൃഹശോഭ, മനോരമ, ജനയുഗം, കേരള ശബ്ദം, ചിത്രകാർത്തിക, കുങ്കുമം എന്നീ വാരികകളും കോമിക്സ്, സാഹസിക ചിത്രകഥകളും അവൻ വായിച്ചിരിക്കും. ചിലത് പൈസ കൊടുത്ത് വാങ്ങിത്തന്നെ. പല സിനിമകളും വത്സൻ കാണുന്നത് സെക്കന്‍റ് ഷോയിലാണ്. അതും രാത്രി സ്ഥിരം ഊണ് കഴിക്കാനെത്തുന്ന പ്രൈവറ്റ് ബസ് ജോലിക്കാർക്ക് ഭക്ഷണം കൊടുത്ത ശേഷം കടയിൽ നിന്ന് ഒന്നരയും രണ്ടും കിലോമീറ്റർ അകലെയുള്ള തിയ്യേറ്ററിലേക്ക് ഓടിയെത്തിയുമാണ്. കാരണം രാത്രി ഒമ്പത് മണിക്ക് കൊടുങ്ങല്ലൂർക്ക് ഉള്ള അവസാന ബസ്സും പോയിക്കഴിയും.

എന്‍റെ അമ്മക്ക് പറമ്പിലെ രണ്ട് പ്ലാവിൽ നിന്ന് ചക്ക കയർ കെട്ടിയിറക്കാനും അഞ്ച് മാവുകളിൽ നിന്ന് മാങ്ങ തറയിൽ വീഴാതെ പൊട്ടിച്ചെടുക്കാനും വത്സൻ കൂടിയേ തീരൂ. പിന്നെ ചെസ് കളിക്കാനായി എനിക്കും എന്‍റെ വല്ല്യേട്ടനും ഒപ്പം വത്സനുണ്ട്. എന്‍റെ വീടിന്‍റെ രണ്ട് പറമ്പ് പടിഞ്ഞാറായി തോടുകളും പിന്നെയും പടിഞ്ഞാറ് പുഴയും ആണ്. ഈ തോടുകളിൽ നിന്ന് ഞണ്ട്, ചെമ്മീൻ എന്നിവ പിടിക്കുന്നതിൽ വത്സൻ ഒരു എക്സ്പർട്ട് ആയിരുന്നു. വത്സന്‍റെ ഹോബികൾ ഇനിയുമുണ്ട് പലതും.

ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഒരേ സ്കൂളിലും ഏഴാം ക്ലാസ് മുതൽ ഒരേ ക്ലാസിലുമായിരുന്നു. എട്ടിലേക്ക് ജയിച്ചപ്പോൾ ബയോളജിയുടെ ആദ്യ ക്ലാസ് തുടങ്ങിയത് ലാബിൽ വച്ച് ആയിരുന്നു. ആദ്യമായിട്ടാണ് ഞങ്ങൾ ഈ ലാബിൽ കയറുന്നത്. ടീച്ചർ മുന്നിൽ വന്നു നിന്ന് ഒരു ചെറിയ പരിചയപ്പെടലിന് ശേഷം ക്ലാസ് എടുക്കുവാൻ തുടങ്ങി.

വിഷയം കോശങ്ങളെപ്പറ്റിയായിരുന്നു. പക്ഷെ പലരുടെയും കണ്ണും മനസ്സും ആ ഹാളിൽ തൂക്കിയിട്ടിട്ടുള്ള മനുഷ്യന്‍റെ അസ്ഥികൂടത്തിലും ഫോർമലിൻ ലായനികളിൽ നിരനിരയായി സക്ഷിച്ചിട്ടുള്ള ഓരോ ജീവികളിലും മറ്റുമായിരുന്നു. ഇതിനിടക്കാണ് ടീച്ചർ കോശങ്ങളെപ്പറ്റി പഠിപ്പിച്ചതിൽ നിന്ന് ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ഇതായിരുന്നു. “കോശങ്ങളുടെ സംഘാതമായ കലകൾക്ക് ആർക്കെങ്കിലും ഒരു ഉദാഹരണം പറയാമോ?” ആർക്കും ഉത്തരമില്ലായിരുന്നു. പക്ഷെ വത്സൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു. “ഓട്ടൻ തുള്ളൽ.”

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വത്സൻ എന്‍റെ വീട്ടിൽ എത്താറുണ്ട്. എന്‍റെ വല്യേട്ടന് കൊപ്രക്കച്ചവടം ഉണ്ടായിരുന്നതിനാൽ വത്സൻ കടയിലേക്ക് ചിരട്ട വാങ്ങാൻ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഉണങ്ങിയ നാളികേരം പറമ്പിൽ നിന്ന് പെറുക്കി കുട്ടയിൽ എടുത്ത് രാത്രി പുകയിടാനുള്ള പുകപ്പുരയിലേക്ക് കൊണ്ട് വന്ന് ഇടുന്നതിൽ ഞങ്ങളെ സഹായിക്കുന്നതും അവന്‍റെ ഒരു ശീലമായിരുന്നു.

ഇനിയാണ് സർജിക്കൽ സ്ട്രൈക്ക് തുടങ്ങുന്നത്. ഒരു വൈകുന്നേരം വത്സൻ എന്‍റെ വീട്ടിലെത്തിയപ്പോൾ ഞങ്ങൾ കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി തിയ്യറ്ററിൽ കളിക്കുന്ന കമലഹാസനും സെറീന വഹാബും ചേർന്ന് അഭിനയിച്ച മദനോത്സവം എന്ന സിനിമയെ പറ്റി സംസാരിച്ചു. വേണമെങ്കിൽ ഇന്ന് രാത്രി സെക്കന്‍റ് ഷോയ്ക്ക് പോകാമെന്ന് വത്സൻ. പക്ഷെ എന്‍റെ കയ്യിൽ കാശും ഇല്ല. സെക്കന്റ് ഷോയ്ക്ക് എന്നെയൊട്ട് വീട്ടിൽ നിന്ന് വിടത്തുമില്ല.

അപ്പൊ എന്തു ചെയ്യും? ഞങ്ങൾ പല വഴിക്കും ആലോചിച്ച ശേഷം വന്നാൽ ടിക്കറ്റ് അവൻ എടുത്തു കൊള്ളാമെന്നായി. പക്ഷെ എങ്ങനെ പോകുമെന്നതായി പിന്നെയുള്ള പ്രശ്നം. അവസാനം ഞാൻ വീട്ടിൽ പറയാതെ എങ്ങനെയെങ്കിലും കടയിൽ എത്താം എന്ന് തീരുമാനമായി. ഞങ്ങൾ ഇതെല്ലാം രഹസ്യമായിട്ടായിരുന്നു തീരുമാനിച്ച് പിരിഞ്ഞത്.

വൈകിട്ട് ഉമ്മറത്ത് അമ്മ വിളക്ക് കൊളുത്തി വച്ചപ്പോൾ ഞാൻ പതിവ് പോലെ കയ്യും കാലും മുഖവും കഴുകി നാമം ചൊല്ലി. പിന്നെ കുറച്ചുനേരം പഠിച്ചെന്ന് വരുത്തി. വല്യേട്ടൻ ബാറ്ററിയിലുള്ള റേഡിയോ ഓൺ ചെയ്ത് ഊണ് മേശയിൽ കൊണ്ടു വച്ചു. അത് അത്താഴത്തിന്‍റെ സമയമായി എന്ന സൂചനയാണ്.

ആകാശവാണിയിലെ എട്ട് മണിക്കുള്ള പരിപാടി കേട്ടുകൊണ്ട് അത്താഴം തുടങ്ങുന്നത്. വല്യേട്ടന്‍റെ കല്യാണ സമ്മാനമായി കൊച്ചേട്ടൻ ഈ റേഡിയോ വാങ്ങിക്കൊണ്ടുവന്ന അന്ന് മുതലുള്ള ശീലമാണ്.

ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ അത്താഴമെല്ലാം കഴിച്ച് കുറച്ചു സമയം കൂടി പഠിച്ചു. ഇനി കിടക്കുക എന്ന ജോലിയേ ബാക്കിയുള്ളു. പക്ഷെ ഇന്ന് കിടക്കുന്നതിന് മുമ്പ് ചില പ്രത്യേക തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടല്ലോ. വീടിന്‍റെ ഉമ്മറത്തിനോട് ചേർന്നുള്ള ചായ്പിലാണ് പുകയിടേണ്ടതില്ലാത്ത കൊപ്ര സൂക്ഷിക്കാറുള്ളത്. ആ ചായ്പ് ഉമ്മറത്ത് നിന്ന് പൂട്ടി താക്കോൽ ജനലിൽ വയ്ക്കും. ഞാൻ അത്താഴം കഴിഞ്ഞ ഉടനെ പോയി ആരും കാണാതെ ആ താക്കോൽ എടുത്ത് താഴ് തുറന്ന് വാതിൽ പാളികൾ വെറുതെ ചാരി വച്ച് താക്കോലും താഴും ജനലിൽ തന്നെ വച്ചു. ഞാൻ പതിവുപോലെ ഉറങ്ങാനായി മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ടു.

പായ വിരിച്ച് അതിൽ പുതപ്പെടുത്ത് കുടഞ്ഞ് വച്ച് കുറച്ച് നേരം കിടന്നു. എല്ലാവരും കിടന്നു എന്ന് ഉറപ്പായപ്പോൾ പതുക്കെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ഇരുട്ടിൽ ജനലിന്‍റെ അഴികളിൽ ചവിട്ടി മുകളിലേക്ക് കയറി വീടിന്‍റെ ഉത്തരത്തിൽ നിന്ന് പുറംഭിത്തിയിലേക്ക് ചരിച്ചു വച്ചിട്ടുള്ള മരത്തിന്‍റെ ഓരോ കഴുക്കോലിൽ പിടിച്ച് പിടിച്ച് കൊപ്രയിട്ടിരിക്കുന്ന ചായ്പിലേക്ക് ഭിത്തിയുടെ മുകൾഭാഗത്തുള്ള ചെറിയ വിടവിലൂടെ തൂങ്ങിത്തൂങ്ങി കടന്ന് ചായ്പിലെ ജനലിൽ ചവിട്ടി കൊപ്രയുടെ മുകളിലേക്ക് പതുക്കെ ഒരു സേഫ് ലാന്‍റിംഗ് നടത്തി.

പതുക്കെ ചായ്പിന്‍റെ വാതിൽ തപ്പിപ്പിടിച്ച് നേരത്തെ തന്നെ താഴ് മാറ്റി വച്ചിരുന്ന വാതിൽ പാളികൾ അകത്ത് നിന്ന് തുറന്ന് പുറത്തിറങ്ങി. ഇതുവരെ എല്ലാം സക്സസ്സ്. ആദ്യമായിട്ട് നടത്തുന്ന ഓപ്പറേഷൻ ആണ്. ഒരു ഡിറ്റക്ടീവ് നോവലിന്‍റെ വായിച്ചു മാത്രം കിട്ടിയിട്ടുള്ള ത്രിൽ നേരിട്ട് അനുഭവപ്പെട്ടു.

ശ്വാസം നിയന്ത്രിച്ച് ഇരുട്ടിൽ പയ്യെ മുറ്റത്തു കൂടി നടന്ന് ഇടവഴിയിലേക്ക് കാലെടുത്ത് വച്ചു. സമയം ഏകദേശം എട്ടേമുക്കാൽ കഴിഞ്ഞിട്ടേ ഉണ്ടാകുകയുള്ളൂ. ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി. ടാറിട്ട റോഡിലെത്താൻ വെറും 100 മീറ്റർ മാത്രം മതി. പക്ഷെ ഇരുവശവും വിജനമായി കിടക്കുന്ന ഈ ഇടവഴിയുടെ വശങ്ങളിൽ എന്നെക്കാത്ത് വല്ല പ്രേതങ്ങളോ മറ്റോ ഉണ്ടെങ്കിലോ….! ഇരുട്ടാണ്. നിലത്ത് വല്ല പാമ്പുകളെയും ചവുട്ടിയാലോ? ഇനി അടവ് ഒന്ന് മാറ്റിപ്പിടിച്ചാലേ പറ്റൂ. ശ്വാസം മുഴുവനുമായി എടുത്ത് കാലുകൾ ഇരുമ്പ് പോലെയാക്കി തോക്കിൽ നിന്നും വെടിയുണ്ട പായുന്ന കണക്ക് ഞാൻ മുന്നോട്ട് തെറിച്ചു.

റോഡിലെത്തിയാണ് നിറച്ചിരുന്ന ശ്വാസം പുറത്ത് വിട്ടത്. അസാധാരണത്വവും കിതപ്പും ഒട്ടും പുറത്ത് കാണിക്കാതെ നടന്ന് അഞ്ച് മിനിട്ട് കൊണ്ട് വത്സന്‍റെ കടയിലെത്തി. വത്സനും കുമാരച്ചേട്ടനും തകൃതിയായി ബസ് ജീവനക്കാർക്ക് ചോറ് കൊടുത്തു കൊണ്ടിരിക്കുന്നു. പതിവില്ലാതെ രാത്രി എന്നെക്കണ്ടപ്പോൾ കുമാരച്ചേട്ടൻ എന്താ സിനമയ്ക്കാണോ എന്ന് കുശലം ചോദിച്ചു. ഞാൻ അതെ എന്ന് തലയാട്ടി ബഞ്ചിൽ ഒതുങ്ങിയിരുന്നു. പണിയെല്ലാം ഒതുങ്ങിയപ്പോൾ വത്സൻ വസ്ത്രം മാറി പൈസയുമെടുത്ത് വന്നു. ഞങ്ങൾ കാലുകൾ നീട്ടിവലിച്ച് നടന്നു.

ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറിയപ്പോൾ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. കമലഹാസൻ കാർ റേസിൽ പങ്കെടുക്കുന്നു. തിക്കുറിശ്ശി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആ കാലത്തിറങ്ങിയ പടങ്ങളിൽ വച്ച് ഒരു നല്ല സിനിമ തന്നെയായിരുന്നു. പടമെല്ലാം തീർന്ന് തിരിച്ച് നടന്ന് കടയെത്തിയപ്പോൾ വത്സൻ പറഞ്ഞു ഒറ്റക്ക് പോകാൻ പേടിയാണെങ്കിൽ ഇവിടെ കടയിൽ കിടന്നിട്ട് വെളുപ്പിന് എഴുന്നേറ്റ് പോകാമെന്ന്. അവന്‍റെ മുമ്പിൽ കൊച്ചാകാതിരിക്കുവാൻ അതു വേണ്ട, എന്ന് പറഞ്ഞു ഞാൻ നടപ്പ് തുടർന്നു.

വീട്ടിലേക്ക് തിരിയേണ്ട ഇടവഴിയെത്തി. പഴയ തന്ത്രം തന്നെ വീണ്ടുമെടുത്തു. വീടിന്‍റെ പടിയിലെത്തിയാണ് ശ്വാസം വിട്ടത്. ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്കുള്ള പടികൾ കയറി തപ്പിത്തപ്പി ചായ്പിലേക്ക് കടക്കുവാൻ ഞാൻ തുറന്നിട്ട് പോന്നിരുന്ന പാളികൾ നോക്കുമ്പോൾ കാണുന്നത് അവ ഭദ്രമായി താഴിട്ട് പൂട്ടിയിരിക്കുന്നതാണ്. താക്കോൽ ജനലിൽ കാണുന്നുമില്ല. ഞാൻ ഉമ്മറത്തിട്ടിരിക്കുന്ന പഴയ സെറ്റിയിൽ ഇരുന്നു.

എന്താണ് സംഭവിച്ചത്? എവിടെയാണ് എനിക്ക് പിഴച്ചത്? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. മനസ്സാകെ തളരുന്ന പോലെ തോന്നി. സെറ്റിയിൽ തന്നെ ചരിഞ്ഞു കിടന്നു. ഞാൻ പിടിക്കപ്പെട്ടു എന്നും ആദ്യ സംരംഭത്തിൽ തന്നെ എല്ലാവരും ചേർന്ന് എന്നെ തോൽപ്പിച്ചു കളഞ്ഞു എന്നുമുള്ള ആ സത്യത്തെ ഞാൻ പതിയെ എന്‍റെ മനസ്സിനെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു. ഉറക്കം വന്നില്ല. പരാജയത്തിന്‍റെ കയ്പ് അറിഞ്ഞ് വെറുതെ കിടന്നു.

പതിവു പോലെ വെളുപ്പിനെ തന്നെ അമ്മ എഴുന്നേറ്റ് വിളക്ക് കൊളുത്തി വാതിൽ തുറന്നു വന്ന് നിലവിളക്ക് ഉമ്മറത്ത് വച്ച് തിരിഞ്ഞപ്പോൾ ഞാൻ സെറ്റിയിൽ കിടന്ന് കൊണ്ട് തന്നെ അമ്മയെ ഒന്ന് തല ചരിച്ച് നോക്കി. എന്നെ കണ്ടതോടെ അമ്മയുടെ മുഖത്ത് ദേഷ്യം, സങ്കടം തുടങ്ങി പലതും തിരയടിച്ചു. പല്ലിറുമ്മിക്കൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി. അഞ്ച് മണി കഴിഞ്ഞു എന്ന് ഉറപ്പായി. എങ്കിലും കുറച്ചു നേരം കൂടി അവിടെത്തന്നെ കിടന്നു.

നേരം പുലർന്നു തുടങ്ങി. ഞാൻ പതുക്കെ ചമ്മലോട് കൂടി അകത്തോട്ട് കയറി. ഞാൻ കിടക്കുന്നതിനു മുമ്പ് അകത്തു നിന്നും കുറ്റിയിട്ടിരുന്ന എന്‍റെ മുറിയുടെ വാതിൽ ഇതാ മലർന്നു തുറന്നു കിടന്ന് എന്നെ നോക്കി ചിരിക്കുന്നു. എന്‍റെ തല പാതാളത്തോളം താഴ്ന്നു. ഞാൻ ഒരു വലിയ സംഭവമാണെന്നുള്ള എന്‍റെ ധാരണയൊക്കെ ആവിയായിപ്പോയി. നിവർത്തി വിരിച്ചിട്ടിരുന്ന പായയും ഷീറ്റും ചുരുട്ടി വച്ച് പല്ല് തേക്കാനായി പുറത്തിറങ്ങി. വല്യേട്ടനും ചേടത്തിയും അമ്മയും ഓരോരോ പതിവ് പണികളിൽ മുഴുകിക്കഴിഞ്ഞു.

എന്നോട് ആരും ഒന്നും മിണ്ടുന്നില്ല. പക്ഷെ എന്താണ് ഞാൻ രാത്രി പോയതിനു ശേഷം ഇവിടെ സംഭവിച്ചത് എന്നറിയാൻ ഞാൻ വെമ്പി. പക്ഷെ ആരും ഒന്നും പുറത്തു വിടുന്നില്ല. അവരെല്ലാവരും ചേർന്ന് നന്നായി സ്ക്രിപ്റ്റ് തയ്യാറാക്കിയ പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്.

അന്ന് വൈകുന്നേരമായപ്പോഴേക്കും അയൽക്കാരിൽ പലരിൽ നിന്നായി കിട്ടിയ വിവരങ്ങൾ ഞാൻ ഒന്ന് എഡിറ്റ് ചെയ്ത് ക്രമപ്പെടുത്തി. ഇനി ആ ഫ്ലാഷ് ബാക്കിലേക്ക് പോകാം.

ഞാൻ വത്സന്‍റെ കടയിൽ ചെന്ന സമയത്ത് ഇവിടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് കോഴികളുടെ ബഹളം കേട്ട് അമ്മ ചിമ്മിനി വിളക്ക് കത്തിച്ച് എന്‍റെ മുറിയുടെ അടച്ചിട്ട വാതിലിന് മുമ്പിൽ വന്ന് തട്ടിക്കൊണ്ട് എന്നെ വിളിക്കുന്നു. ഞാനെഴുന്നറ്റു വരാതെയായപ്പോൾ അമ്മയുടെ വിഷമം വീണ്ടും കൂടി. അമ്മയുടെ ഈ വിളിയും കോഴിക്കൂട്ടിലെ ബഹളവും കേട്ട് ചേട്ടനും ചേടത്തിയും ഇറങ്ങി വന്നു. ചേടത്തി എന്‍റെ വാതിൽ തള്ളി നോക്കിയിട്ടും തുറക്കാതായപ്പോൾ അടുക്കളയിൽ പോയി കറിക്കത്തി എടുത്ത് കൊണ്ട് വന്ന് വാതിൽപ്പാളികളുടെ ഇടയിലുണ്ടായിരുന്ന വിടവിലൂടെ കത്തി കടത്തി അകത്തുള്ള സാക്ഷയെ കുറേശ്ശെയായി നീക്കി നീക്കി വാതിൽ തുറന്നപ്പോൾ എന്നെ പായയിൽ കാണുന്നില്ല.

ഈ മുറിയിൽ നിന്ന് ഞാൻ ചായ്പിലൂടെ പുറത്ത് പോയത് അവർ മനസ്സിലാക്കി. പക്ഷെ എവിടെപ്പോയി എന്നത് എങ്ങിനെ അറിയും? അപ്പോൾ അമ്മ പറഞ്ഞു “വൈകീട്ട് വത്സൻ വന്നപ്പോൾ അവർ എന്തോ കുശു കുശുക്കുന്നുണ്ടായിരുന്നു.”

എന്നാൽ പിന്നെ വത്സനോട് ചോദിച്ചറിയാമെന്ന് കരുതി ചേടത്തിയോട് കൊപ്ര ചായ്പ് പൂട്ടിയിടാൻ പറഞ്ഞ് വല്യേട്ടൻ സൈക്കിളെടുത്ത് വത്സന്‍റെ കടയിലെത്തി. കുമാരച്ചേട്ടൻ പണിയെല്ലാം ഒതുക്കുന്നതേയുണ്ടായിരുന്നുള്ളൂ. പുള്ളി പറഞ്ഞു “അവർ ഇപ്പോ സിനിമക്ക് പോയതേയുള്ളൂ.” ചേട്ടൻ വീട്ടിലെത്തി കാര്യം പറഞ്ഞതോടെ എല്ലാവർക്കും ആശ്വാസമായി.

പക്ഷേ, കോഴിക്കൂട്ടിലെ ബഹളം എന്താണെന്ന് നോക്കാൻ എല്ലാവരും കൂടി മണ്ണെണ്ണ ചിമ്മിനി വിളക്കുകളുമായി പോയി നോക്കിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. കൂട്ടിൽ കയറിയ ഒരു പാമ്പ് ഇതിനോടകം നാല് കോഴികളെ കൊന്നിരുന്നു. ആളുകൾ വെളിച്ചവുമായി വന്നതിനാൽ പാമ്പ് ആൾ താമസമില്ലാതെ കാട് കയറി കിടക്കുന്ന വടക്കെ പറമ്പിലേക്ക് ഇഴഞ്ഞ് പോയി.

ഒരുപക്ഷേ രാത്രി ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ നാല് ജീവനുകളെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്ന് ചിന്തിച്ചപ്പോൾ രണ്ടിറ്റ് കണ്ണുനീർ ഒഴുകിയിറങ്ങി. അങ്ങനെ ഇരുട്ടിന്‍റെ മറവിൽ ഞാൻ നടത്തിയ എന്‍റെ ആ സർജിക്കൽ സ്ട്രൈക്ക് ആദ്യത്തേതു മാത്രമല്ല അവസാനത്തേതുമായി.

ഓർക്കാപ്പുറത്ത്

വേനലിൽ പെയ്ത‌ പെരുമഴ കൊണ്ട പോലെ ആയിരുന്നു അന്ന് ഹിമയ്ക്ക്… തീരെ പ്രതീക്ഷിക്കാതെയാണ് അമറിന്‍റെ കത്ത് അവളെ തേടി എത്തുന്നത്. കണ്ണിൽ പാട കെട്ടിയത് പോലെ അവൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല. കോളേജിന്‍റെ ക്ലാസ് മുറിയിലെ തിരക്കിൽ നിന്നും അവൾ ഓടി ഹോസ്‌റ്റൽ മുറിയിലേക്ക്…

ജനുവരിയിലെ മിഴി തുറക്കാത്ത പകലിനെ തണുപ്പ് വരിഞ്ഞു മുറുക്കുമ്പോഴും അവളുടെ നെറ്റിയിൽ വിയർപ്പുമണികൾ പൊടിഞ്ഞു. കൈയിലെ ചുരുട്ടിക്കൂട്ടി വച്ച കത്തിൽ എന്തായിരിക്കും അമർ എഴുതി പിടിപ്പിച്ചു വച്ചിരിക്കുന്നത്? അവളുടെ മനസ്സിലൂടെ ഒരായിരം കുതിരകൾ ലക്ഷ്യമില്ലാതെ പാഞ്ഞു പോയി. ഹൈടെക് യുഗത്തിന്‍റെ എല്ലാ സൗകര്യത്തിലും ആടി തിമിർത്ത അവളുടെ അമർ ഇപ്പോൾ തീഹാർ ജയിലിലെ ഒരു അന്തേവാസിയാണ്. അന്നത്തെ മീഡിയ ചാനലുകൾ പുറത്തു വിട്ട വാർത്തകൾ കണ്ടു അവൾ അന്തം വിട്ടിരുന്നു. കോളേജ് മുഴുവൻ ആ വാർത്ത സംപ്രേക്ഷണം ചെയ്‌തു.

ഹിമയുടെ അമർ ഒരു പെൺകുട്ടിയെ… ഇപ്പോഴും അത് ആലോചിച്ചപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കുടിയേറുന്നു. അവൾ ആ കത്ത് നെഞ്ചോടു ചേർത്ത് വച്ച് കുറേ നേരം… പിന്നെ പതുക്കെ പതുക്കെ അത് തുറന്നു… അമറിന്‍റെ ഗന്ധം ആ അക്ഷരങ്ങളിൽ നിന്നും പുറത്തേക്കൊഴുകി അവളെ പൊതിയാൻ തുടങ്ങി.

“ഹിമ… ആദ്യം നീ കണ്ണ് തുടയ്ക്ക്… എന്‍റെ സുന്ദരിക്കുട്ടിയുടെ പുഞ്ചിരി ഒന്ന് കാണട്ടെ… ആ… ആ… അങ്ങനെ… ദേ നിന്‍റെ മൂക്കിന് തുമ്പത്ത് നിന്ന് വെള്ളം ഇറ്റുന്നു… പെണ്ണെ അത് തുടയ്ക്ക്… ഇനി ഇങ്ങോട്ട് എന്‍റെ ഈ അക്ഷരക്കണ്ണിലേക്ക് നോക്കിയിട്ട് എന്‍റെ ഹൃദയത്തെ വായിക്കൂ.”

ഇത്രയും വായിച്ചപ്പോഴേക്കും അവളുടെ കണ്ണുകൾ തുലാവർഷമായി മാറി. അവന്‍റെ അക്ഷരങ്ങളിലേക്കു അവളുടെ കണ്ണുനീർ മുത്തുകൾ വീഴാതെ ശ്രദ്ധിച്ചു. പിന്നെ വായിക്കാൻ തുടങ്ങി.

“ഹിമ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… എന്നെ വിശ്വസിക്ക്… അവരുടെ കൂടെ ഞാനും പെട്ടുപോയി എന്ന് മാത്രമേ ഉള്ളൂ… ഞാൻ എന്നും നിന്നെയാണ് പ്രണയിച്ചത്. ഞാൻ നിന്നോട് സത്യം എല്ലാം പറയാം. അന്നൊന്നും പറയാതിരുന്നത് നീ വിഷമിക്കണ്ട എന്ന് വിചാരിച്ചാണ്. നിനക്കറിയാലോ എന്‍റെ കൂട്ടുകാരൻ ജെഎൻയുവിലെ പ്രണവിനെ. അവനാണ് എല്ലാം പ്ലാൻ ചെയ്‌തത്. അന്ന് ആ പെൺകുട്ടി രാത്രി പാർക്കിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് ഞങ്ങൾ ദൂരെ നിന്ന് കണ്ടു. പ്രണവിന് ആ കുട്ടിയെ എവിടെയോ വച്ച് നേരത്തെ കണ്ട പരിചയമുള്ളതായി തോന്നിയതുകൊണ്ടാണ് ഞങ്ങൾ അടുത്ത് ചെന്ന് സംസാരിച്ചത്. അപ്പോഴാണ് അറിയുന്നത് അവൾ വീട്ടിൽ നിന്നും പിണങ്ങിയാണ് വന്നിരിക്കുന്നതെന്നും അവൾക്കു ഒരു രാത്രി തങ്ങാൻ ഒരു അഭയം വേണമെന്നുമൊക്കെ. അങ്ങനെയാണ് പ്രണവിന്‍റെ സൗത്ത് ഡൽഹിയിലുള്ള അവന്‍റെ റൂമിലേക്ക് ഞങ്ങൾ അവളെ കൊണ്ടു പോയത്. അന്ന് രാത്രി അവളുടെ ഉറക്കത്തിനു ഞങ്ങൾ കാവൽക്കാരായി. പുലരും വരെ പ്രണവിനെ ഞാൻ കൺട്രോൾ ചെയ് നിർത്തി. രാവിലെ ആയപ്പോൾ അവളോട് പോകാൻ ഞങ്ങൾ പറഞ്ഞു. അവൾ പോകുന്നില്ലായെന്നു ശഠിച്ചു പറഞ്ഞു. ഞങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു. അന്ന് മുറി പുറത്തു നിന്നും പൂട്ടിയാണ് ഞാൻ കോളേജിൽ പോയത്.”

“മനസ്സിൽ മുഴുവൻ നീ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്ത് നിന്നെ കാണാതെ തന്നെ ഞാൻ പെട്ടെന്ന് തിരിച്ചു പോയി. ഞാൻ അവളോട് കുറെ തവണ കെഞ്ചി പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോകാൻ. പക്ഷേ അന്നു രാത്രിയും അവൾ പോയില്ല. പിറ്റേ ദിവസം സന്ദീപും ഇമ്രാനും ഒക്കെ വന്നു മുറിയിൽ. പിന്നത്തെ കാര്യം നിനക്കറിയാലോ. രാത്രി ഒരു മണിയായപ്പോഴേക്കും ആ മുറിയൊരു മധുശാലയായി മാറി. അതിന്‍റെ ലഹരിയിൽ എല്ലാവരും അവളെ ഭക്ഷിച്ചു. തോന്നുന്നതെല്ലാം ചെയ്തു. രാവിലെ ആയപ്പോൾ ഞങ്ങൾക്ക് പേടിയായി. അവൾ പുറത്തു പോയാൽ… എന്തെങ്കിലും പറഞ്ഞാൽ… അതൊക്കെ… പ്രശ്നമാകും.”

“തൽക്കാലം കുറച്ചു ദിവസത്തേക്ക് പുറംലോകം അവളെ കാണേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ദിവസവും അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്ത് മുറി പുറത്തു നിന്ന് പൂട്ടി ഞങ്ങൾ കോളേജിൽ എത്തി. നിന്‍റെ കൂടെയും ഞാൻ വളരെ കുറച്ചു സമയം മാത്രം ചെലവിട്ടു പെട്ടെന്നു മടങ്ങി പോയിരുന്നത് ഇതുകൊണ്ടായിരുന്നു. നീ പലപ്പോഴും എന്നോട് ചോദിച്ചു. എന്തേ അമർ നീ ഇപ്പോ ഇങ്ങനെ എന്ന്… ഓർമ്മയില്ലേ നിനക്ക്. അങ്ങനെ ഒരു ആഴ്‌ച ഇത് തുടർന്നു. ലിംകയിൽ വോഡ്‌ക മിക്സ് ചെയ്ത് അവളെ കുടിപ്പിച്ചു. ലഹരിയുടെ കൊടുമുടിയിൽ ഓരോ രാത്രിയിലും പ്രണവും സന്ദീപും ഇമ്രാനും കൂടി അവളെ അവരുടെ ഇഷ്ട‌ങ്ങൾക്ക് ഉപയോഗിച്ചു. ഞാൻ പലപ്പോഴും  ഈ കാഴ്‌ചകളുടെ നടുക്ക് കാവൽക്കാരനെ പോലെ നിസ്സഹായനായി നിന്നു.”

“അന്ന് രാത്രിയും എല്ലാം കഴിഞ്ഞു. എല്ലാവരും തളർന്നു മയങ്ങിയ ആ വെളുപ്പാൻ കാലത്തായിരുന്നു ഞങ്ങളുടെ കണ്ണ് വെട്ടിച്ചു അവൾ രക്ഷപ്പെട്ട് ഓടിപ്പോയത്. അന്നു രാവിലെ ഞങ്ങൾ ഉണർന്നപ്പോൾ അവൾ വാതിൽ തുറന്ന് പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്തതാണ് പിന്നെ ഉണ്ടായത്. അവൾ നേരെ പോലീസ് സ്‌റ്റേഷനിൽ പോയി പരാതി കൊടുത്തു. അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്. മാധ്യമങ്ങളിലെല്ലാം അവരുടെ കൂടെ എന്‍റെ പേര് കണ്ട നീ എന്തായിരിക്കും കരുതിയിരിക്കുക എന്ന് എനിക്ക് അനുമാനിക്കാവുന്നതേയുള്ളൂ.”

“നിന്‍റെ കണ്ണിൽ നിന്ന് പെയ്യുന്ന പെരുമഴ എനിക്ക് ഇപ്പോ ഇവിടെ കാണാം. നീ കരയരുത്. എനിക്ക് ഇവിടെ ഒരു വിഷമവുമില്ല. ഒരു ജഡ്‌ജിയുടെ മകന് കിട്ടാവുന്ന എല്ലാ പരിഗണനയും എനിക്ക് കിട്ടുന്നുണ്ട്. നല്ല ഭക്ഷണം കിട്ടുന്നുണ്ട്. ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്ന പോലെ മാത്രമേ തോന്നുന്നുള്ളൂ. ഇനി കോടതിയിൽ ഹാജരാവേണ്ട ദിവസം അടുത്ത മാസം 20 നാണ്. ജാമ്യം കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് അച്ഛൻ പറയുന്നുണ്ട്.”

“നിനക്കറിയാമോ ഞാൻ ഇവിടെ വന്നതിനുശേഷം അമ്മ എന്നെ കാണാനോ എന്നോട് സംസാരിക്കാനോ കൂട്ടാക്കിയില്ല. ഒരു പെൺകുട്ടിയെ നശിപ്പിക്കാൻ കൂട്ട് നിന്ന മകന്‍റെ അമ്മ എന്ന പേര് സൊസൈറ്റിയിൽ നിന്ന് അമ്മയ്ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടാകും. ഒരു നിയമ പാലകനായ ജഡ്‌ജിയുടെ ഓമനപുത്രൻ ബലാത്സംഗക്കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ടു എന്ന വാർത്ത എങ്ങനെ എന്‍റെ അച്‌ഛൻ സഹിച്ചു എന്നറിയില്ല. നീതിക്കു വേണ്ടി പോരാടുന്ന ജനതയ്ക്ക് ന്യായം വാങ്ങി കൊടുക്കേണ്ടവർ അല്ലേ…”

“പരീക്ഷ അടുത്ത് വരുന്നു… നീ നന്നായി പഠിക്കണം. ഉഴപ്പരുത്. ഇത് നമ്മുടെ എട്ടാമത്തെ സെമസ്‌റ്റർ ആണ്. ഞാൻ ഇവിടെ പഠിക്കുന്നുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അച്‌ഛൻ പറഞ്ഞ് ഇവർ ചെയ്തു തരുന്നുണ്ട്.”

“ഹിമ, ഞാൻ ഒരു തവണ പോലും പ്രലോഭനത്തിൽ വീണിട്ടില്ല. ഞാൻ ലഹരിയിൽ ആയിരുന്നു. നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ? എന്‍റെ മനസ്സിൽ എപ്പോഴും നീ മാത്രമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള ജീവിതമാണ് ഞാൻ സ്വപ്നം കണ്ടിട്ടുള്ളത്. നിന്‍റെ ഹൃദയം തകരുന്നത് എനിക്കിവിടെ അറിയാമായിരുന്നു. നിനക്കിനിയും എന്നെ സ്നേഹിക്കാൻ കഴിയുമോ? നിന്‍റെ മാത്രമായ അമറായി എനിക്ക് ഇനിയും ജീവിക്കണമെന്നുണ്ട്. ഒരു തവണത്തേക്ക് നീ എനിക്ക് മാപ്പു തരില്ലേ? നിന്‍റെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു. എന്നും നിന്‍റെതു മാത്രമായ അമർ.”

അവളുടെ കൈയിൽ നിന്നും മഷി പടർന്നു വികൃതമായ കൈയക്ഷരങ്ങൾ താഴേക്കു വീണു. ഒരു നിമിഷം അവൾ മറ്റേ പെൺകുട്ടിയെ കുറിച്ചോർത്തു. രാത്രികളിൽ ലഹരി അടിച്ചമർത്തപ്പെട്ട സ്ത്രീത്വം വിലപിക്കുന്നത് അവളുടെ കാതുകളെ ബധിരയാക്കി. തന്‍റെ അമർ വിചാരിച്ചിരുന്നെങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നുള്ള വിചാരം അവളുടെ വികാരത്തെ അടിച്ചമർത്തി. ആ പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു അമറും അവന്‍റെ കൂട്ടുകാരും. എന്നാൽ എനിക്ക് അമറിനെ മറക്കാൻ കഴിയില്ല. അവൻ എന്ത് തെറ്റ് ചെയ്താലും എനിക്കവനെ സ്നേഹിക്കാതിരിക്കാനാവില്ല.

ഹിമ അവളുടെ കണങ്കാലിൽ പച്ചകുത്തിയ നക്ഷത്രത്തെ തടവി കൊണ്ട് ഓർത്തു. ഞാനും അമറും കൂടി ഒരുമിച്ചു കൈലാസ് കോളനിയിലെ ആ തിരക്കുള്ള മഴ പെയ്‌ത ജൂലൈ മാസത്തിലെ വൈകുന്നേരം ഒരുമിച്ചു നക്ഷത്രത്തെ രണ്ടുപേരും തങ്ങളുടെ ഇടം വലം കാലുകളിൽ ഒരേ സ്ഥലത്തു പച്ച കുത്തിച്ചു. സൂചി മാംസത്തിൽ തുളച്ചു കേറി ചോര പൊടിയുമ്പോഴും അമറിന്‍റെ കൈവിരലുകളിൽ അമർത്തി പിടിച്ച് ഞാൻ ആ വേദനയെ ആസ്വദിക്കുകയായിരുന്നു. അമറുമായി കഴിഞ്ഞ ഓരോ നിമിഷവും അവൾ അയവിറക്കി. എന്നിട്ടും വേദനിപ്പി ക്കുന്ന ആ സത്യം അവളുടെ ഉള്ളിൽ നിന്നും പുറത്തേക്കു വന്നു. അവൾക്ക് അമർ ഇല്ലാതെ ജീവിക്കാൻ ആവില്ല എന്നുള്ള സത്യം. അവളുടെ ഹൃദയം നൊന്തു… ഒരു പാട്… എന്നിട്ടും സൂര്യന്‍റെ തലോടലിൽ ഹിമകണം അലിയുന്ന പോലെ അവന്‍റെ പ്രണയത്തിന്‍റെ തലോടലിൽ അവൾ മറ്റൊരു ഹിമ ബിന്ദുവായി. അവൾ രണ്ടു വാക്ക് മാത്രം അവനു വേണ്ടി എഴുതി.

“കാത്തിരിക്കും ഞാൻ നിനക്ക് വേണ്ടി.”

ആറുമാസത്തിനു ശേഷം, ഹിമ രാവിലെ തന്നെ കുളിച്ചു ഡ്രസ്സ് ചെയ്യാൻ തുടങ്ങി. ഏത് ഡ്രസ്സ് ഇടണം? മൂന്ന് ടോപ് ഇട്ടതു മാറ്റി ഇട്ടു. എന്നിട്ടും സുന്ദരിയല്ലേ എന്ന സംശയത്താൽ വീണ്ടും കണ്ണാടിക്കു മുന്നിൽ നിന്ന് തിരിഞ്ഞു മറിഞ്ഞും നോക്കി. ഇന്ന് അവളുടെ അമർ വീണ്ടും കോളേജിൽ എത്തുന്നു…

ആ പെൺകുട്ടിക്ക് അവൾ തന്നെ പറഞ്ഞ തുക നഷ്ടപരിഹാരമായി അമറിന്‍റെ അച്‌ഛനും അമറിന്‍റെ കൂട്ടുകാരുടെ വീട്ടുകാരും ചേർന്ന് കൊടുത്തപ്പോൾ കേസ് പിൻവലിച്ചു. ആ പെൺകുട്ടിയുടെ നിസ്സഹായാവസ്‌ഥയോ അതോ അമറിന്‍റെയും കൂട്ടുകാരുടെയും മേധാവിത്വമോ? എന്തായാലും തന്നോട് കുറ്റം ഏറ്റുപറഞ്ഞ അമറിനോട്  ക്ഷമിക്കാൻ ഹിമയ്ക്ക് തോന്നി. പിന്നെയും കണ്ണാടി നോക്കി സുന്ദരിയായോന്നു ഉറപ്പു വരുത്തി അമറിന്‍റെ അടുത്തേക്ക് അവൾ  നടന്നു…

കുങ്കുമമേഘങ്ങൾ

“ശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂർ ലേറ്റാണ് മാഡം.” എൻക്വയറിയിലുള്ള വെളുത്ത മെലിഞ്ഞ കണ്ണട വെച്ച ചെറുപ്പക്കാരൻ തമിഴ്ച്ചുവ കലർന്ന മലയാളത്തിൽ പറഞ്ഞത് കേട്ട് മിത്ര വെയിറ്റിംഗ് റൂമിലെ കസേരയിൽ വന്നിരുന്നു.

ഒരു ട്രെയിൻ വന്നപ്പോൾ കുറേപ്പേർ പുറത്തേക്ക് കടന്നു. മിത്ര ആശ്വാസത്തോടെ കാൽ നീട്ടിയിരുന്നു. അപ്പോഴാണ് എതിർവശത്തിരിക്കുന്ന യുവാവ് തന്നെത്തന്നെ ഉറ്റുനോക്കുന്നത് കണ്ടത്. ഒരു ഞെട്ടലോടെ മിത്ര അയാളെ സൂക്ഷിച്ചുനോക്കി.

“പ്രദീപ്…” അവൾ ഉറക്കെ പറഞ്ഞുപോയി.

സങ്കോചവും സന്തോഷവും അമ്പരപ്പും നിഴലിട്ട കണ്ണുകൾ “മിത്രയെന്നെ മറന്നിട്ടില്ല.” പ്രദീപ് പുഞ്ചിരിയോടെ അവളുടെ സമീപത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

മിത്രയുടെ മറുപടി ചിരിയിലൊതുങ്ങിയപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ആ മുഖത്ത്.

“ഇപ്പോൾ എവിടെയാണ്?”

“നാലുവർഷം മുമ്പ് മിത്ര ഉപേക്ഷിച്ചുപോന്ന അതേ നഗരത്തിൽത്തന്നെ…”

കുറ്റബോധത്താൽ അവളുടെ ശിരസ്സ് താഴ്ന്നു. ബാംഗ്ലൂർ നഗരം… നഷ്ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ച് താൻ വിട്ടുപോന്ന പ്രിയപ്പെട്ട നഗരം…

പ്രദീപ് ഓഫീസ് ഹെഡായി വന്ന ദിവസംപോലും മനസ്സിലുണ്ട്. ഓഫ് വൈറ്റ് ഷർട്ടും ലൈറ്റ്ബ്ലൂ പാന്‍റും നന്നായിണങ്ങുന്നുണ്ടായിരുന്നു അയാൾക്ക്.

“എങ്ങോട്ടാണെന്നുപോലും പറയാതെ എന്തിനായിരുന്നു ആ ശിക്ഷ…?”

പ്രദീപിന്‍റെ ചോദ്യത്തിന് മുന്നിൽ വിളറിയ ചിരിയോടെ നിൽക്കുമ്പോൾ അവളുടെ മനസ്സ് വീണ്ടും ഭൂതകാലത്തിലേക്ക് പറന്നു. വിവാഹമോചിതയാണെന്ന് ആരെയുമറിയിക്കാതെ വിഷമതകൾ എല്ലാം സ്വയമൊതുക്കി നിശ്ശബ്ദം കഴിയുകയായിരുന്നു അന്ന്.

ഗുൽമോഹറുകൾ പൂത്ത നഗരവീഥികളിലൂടെ സായന്തനങ്ങളിൽ ശൂന്യമായ മനസ്സുമായി നടക്കാറുള്ളത് എങ്ങനെ മറക്കാനാണ്. അസ്തമിക്കുന്ന പകലിന്‍റെ വിരഹഭാവുമായെത്തുന്ന സന്ധ്യകളെ നോക്കി, തീരുമാനമെടുക്കാനാകാതെ എത്രയോ ദിനങ്ങൾ…

നാലുവർഷങ്ങൾക്ക് ശേഷം ഒരു കൂടിക്കാഴ്ച. പ്രദീപിന്‍റെ മുഖത്ത് അമ്പരപ്പിനെക്കാളേറെ, അനിവാര്യമായെതന്തോ സംഭവിച്ചുവെന്ന ഭാവമാണ്.

ഇതുപോലൊരു യാത്രയിലാണ് നാലുവർഷം മുമ്പ് പ്രദീപ് മനസ്സ് തുറന്നത്. ഒരു ഓഫീഷ്യൽ ടൂറിനിടയ്ക്ക്.

“മിത്രയെ എനിക്കിഷ്ടമായി, ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താ അഭിപ്രായം?”

കാതുകളെ വിശ്വസിക്കാനാകാതെ താൻ തരിച്ചിരുന്നു…

“നോ… പ്രദീപ്, ഹൊ ഞാനെങ്ങനെ പറയുമത്? ഞാൻ ഭർത്താവുപേക്ഷിച്ചവളാണ്. വിവാഹമോചിത…”

“ഓഹോ… എത്ര വർഷമായി?”

“മൂന്ന് വർഷം.”

“ഓക്കെ മിത്ര, നീ എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.”

ആ രഹസ്യം തുറന്ന് പറഞ്ഞിട്ടും പ്രദീപ് തന്നെ ഇഷ്ടപ്പെടുന്നുവെന്നോ? ആശ്ചര്യമായിരുന്നു തനിക്ക്.

“കഴിഞ്ഞത് കഴിഞ്ഞു. ഇനി ഭാവിയെക്കുറിച്ചാലോചിച്ചാൽ പോരെ?”

സ്റ്റേഷൻ വിട്ട് പോകുന്ന ട്രെയിനിന്‍റെ ചൂളംവിളി മിത്രയുടെ ചിന്തകളെ തിരികെ വിളിച്ചു.

“നീ ഇപ്പോഴും കൊച്ചിയിലാണോ?”

“അതേ”

പ്രദീപ് വരണ്ട ചിരിയോടെ തുടർന്നു, “ഹാ, ബാംഗ്ലൂരിൽ നിന്ന് ഒളിച്ച് കടന്നത് എന്നെ ഒഴിവാക്കാനായിരുന്നുവല്ലേ മിത്ര… നീ ഓർമ്മിക്കുന്നുണ്ടോ എന്നറിയില്ല, ഭൂതകാലത്തിൽ ജീവിക്കരുതെന്ന് ഞാൻ നിന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ… ആ ഞാനിപ്പോൾ…” പ്രദീപിന്‍റെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വ്യഥ അവളുടെ ഹൃദയത്തിലേക്ക് സൂചിമുനകളായി തറഞ്ഞിറങ്ങി.

കർച്ചീഫെടുത്ത് കണ്ണ് തുടയ്ക്കുന്ന പ്രദീപിനെ മിത്ര നിസ്സാഹയായി നോക്കി. “മിത്ര അറ്റ്ലീസ്റ്റ് നിനക്ക് ഇപ്പോഴെന്‍റെ സുഹൃത്തെങ്കിലുമായിക്കൂടേ?” നിനച്ചിരിക്കാതെ പ്രദീപിന്‍റെ വാക്കുകൾ.

പ്രദീപ് എന്നും അങ്ങനെയായിരുന്നല്ലോ… ചോദ്യങ്ങളെല്ലാം അപ്രതീക്ഷിതമായി…

ഈ മനുഷ്യനെ മനസ്സിൽ കുടിയിരുത്തി, നാലുവർഷങ്ങൾ കഴിഞ്ഞുപോയ സത്യം തുറന്നു പറയാൻ മിത്ര അശക്തയായിരുന്നു. തന്‍റെ മൗനമാണ് എല്ലാത്തിനും കാരണം. ഇപ്പോൾ സുഹൃത്തായി കരുതാൻ പ്രദീപ് അപേക്ഷിക്കാനിടവരുത്തുന്നതും ഈ മൗനം തന്നെയല്ലേ…

അയാളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്ച അവധിയെടുത്ത് നാട്ടിൽപ്പോയി വരുന്ന ദിവസം മനസ്സ് കല്ലാക്കിക്കൊണ്ടാണ് ക്യബിനിൽ ചെല്ലുക. ഒരു ബന്ധവും വേണ്ട, ആരുമായും പ്രദീപുമായും…

പക്ഷേ ആ കണ്ണുകൾ… സ്നേഹം തിരയിളക്കുന്ന നോട്ടം, തന്നെ ഓരോവട്ടവും പരാജയപ്പെടുത്തി…

“നാട്ടിൽപ്പോയി വന്നശേഷം മിത്രയെന്താ ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ…” തമാശ കലർത്തിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി. പക്ഷേ, ആ കണ്ണുകളിലേക്ക് നോക്കിയാൽ ഉള്ളിൽ സ്വയം കെട്ടിപ്പടുത്ത ചില്ലുമറ പളുങ്കുമണികളായി പൊട്ടിത്തകരുമെന്ന് തോന്നിയ നിമിഷം താൻ പുറത്തേക്ക് കടന്നു.

എല്ലാം മാറ്റിമറിച്ചത് ആ പിറന്നാൾ ദിനമായിരുന്നു. ആശംസകൾ നേർന്ന് ഒരു കുടന്ന പീക്കളുമായി താൻ പ്രദീപിന്‍റെ ക്യാബിനിൽ ചെന്നു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… എന്ത് പ്രസന്‍റാണ് പിറന്നാളുകാരന് വേണ്ടത്?”

“നിന്നെ” ഉടൻവന്നു മറുപടി.

അവിശ്വസനീയമായത് വീണ്ടും കേട്ടപ്പോഴുണ്ടായ പരിഭ്രമത്തിലും മനസ്സിലെവിടെയോ ദുഃഖഭാവം കൈവരുന്നു. മറുപടി കാക്കതെ പ്രദീപ് തുടർന്നു.

“ഭർത്താവ് നിന്നെ ഉപേക്ഷിച്ചു എന്നത് ശരിയാകാം. പക്ഷേ, അതിന്‍റെ പേരിൽ പുരുഷലോകത്തെ ഒന്നടങ്കം അവിശ്വസിക്കണോ മിത്രാ… അനുഭവമാണ് ഗുരു. പക്ഷേ, ഒരു കാര്യമുണ്ട്, ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല.”

മിത്രയുടെ കൈകളെ റോസമലരുകൾക്കൊപ്പം നെഞ്ചിലേക്ക് ചേർത്തു പ്രദീപ്. കുങ്കുമില്ലാത്ത അവളുടെ നെറ്റിയിൽ സ്നേഹമുദ്ര ചാർത്തി. കാന്തികവലത്തിലകപ്പെട്ടതുപോലെ മിത്ര നിശ്ചലയായി നിന്നു. അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ആ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ. എങ്കിലും പ്രദീപ് പറഞ്ഞു.

“മിത്ര നീയെന്നെ പൂർണ്ണമായി സ്നേഹിക്കുന്ന ഒരു ദിനമെത്തും. ഞാൻ കാത്തിരിക്കാം.”

ആ സമയം തന്‍റെ ബോധമനസ്സിലേക്ക് പ്രദീപിന്‍റെ വാക്കുകൾ ദീരെ നിന്നെന്ന പോലെയാണ് കുടിയേറിയത്. ക്യാബിനിൽ നിന്ന് സീറ്റീൽ മടങ്ങിയെത്തുമ്പോൾ മേശപ്പുറത്ത് തന്നെ കാത്ത് ഒരു കവർ.

ആറുമാസം മുമ്പ് അയച്ച ജോലിക്കുള്ള അപേക്ഷ പരിഗിണിച്ചുകൊണ്ട് ഐബിസിയുടെ ലെറ്റർ. പബ്ലിക് റിലേഷൻസിലേക്കാണ് നിയമനം. മോഹിച്ച ജോലിയാണ്. പ്രദീപ് ഉള്ള കമ്പനി വിട്ടുപോകുന്നത് ദുഃഖകരമാണ്, പക്ഷേ…

അവിവാഹിതനും സുന്ദരനും ഉന്നതസ്ഥാനീയനുമായ ചെറുപ്പക്കാരന് യോജിച്ചവളാണോ? പെട്ടെന്ന് തോന്നിയ ആവേശത്തിലാണ് പ്രദീപ് തന്നെ സ്നേഹിക്കുന്നതെങ്കിലോ?

അതേ… ഇതാണവസരം…

നഷ്ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തിൽ നിന്ന് വിടപറയാം, ഒപ്പം പ്രദീപിൽ നിന്നും…

രണ്ട് ദിവസത്തിനകം കൊച്ചിയിൽ ജോയിൻ ചെയ്യാനാണ് നിർദ്ദേശം. അന്ന് വൈകിട്ട് പ്രദീപിന് കത്തെഴുതി മേശപ്പുറത്ത് വെച്ചു.

“ആ സ്നേഹം തിരസ്കരിക്കുന്നില്ല. പക്ഷേ, നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെനിക്ക്. എന്‍റെ ധാരണ തെറ്റാണെങ്കിൽ കൊടിയ അപരാധമാണ് ഞാൻ ചെയ്യുന്നത് എന്നറിയാം. സാധിക്കുമെങ്കിൽ മാപ്പു തരൂ…”

മിത്ര

“ഒരു കാപ്പി കുടിച്ചാലോ?”

പ്രദീപിന്‍റെ ക്ഷണം അവളെ വീണ്ടും ചിന്തയിൽ നിന്നുണർത്തി. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ചോദിച്ചു. “പ്രദീപ്, കുടുംബം എവിടെ? വിവാഹം…”

“വിവാഹം… ഞാൻ മോഹിച്ച പെണ്ണ് ഒരു ദിനം ആരോരുമറിയാതെ സ്ഥലം വിട്ടില്ലേ. പിന്നെയാരെ കല്യാണം കഴിക്കും?”

ഉള്ളിലുയർന്ന വിറയൽ… ചുണ്ടോടടുപ്പിച്ച ചൂടുചായ തുളുമ്പി കൈയിൽ വീണു. തുടയ്ക്കാൻ കർചീഫ് എടുത്ത് കൊടുത്തുകൊണ്ട് പ്രദീപ് തുടർന്നു.

“ഞാനവളെ തെരയാത്ത ഇടമില്ല. ഭൂതകാലം മറക്കാൻ എനിക്കും കഴിയുമായരുന്നില്ല. ഈ നാലുവർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു.” പേഴ്സിൽ നിന്ന് കീറിപ്പറിഞ്ഞ ഒരു കടലാസ് എടുത്ത് പ്രദീപ് നീട്ടി.

“അവൾ എനിക്കെഴുതിയ അവസാന കത്ത്. ഇത് ഓരോ മിടിപ്പിലും എന്നോടൊപ്പമുണ്ട്.” അക്ഷരങ്ങൾ മാഞ്ഞ ആ കത്ത് ഹൃദയത്തോട് ചേർത്ത് പ്രദീപ് മെല്ലെ പറഞ്ഞു.

“അക്ഷരങ്ങൾ മാഞ്ഞത് കടലാസ്സിൽ നിന്നുമാത്രമാണ്. എന്‍റെ ഹൃദയത്തിൽ അത് എപ്പോഴെ പതിഞ്ഞു കിടക്കുന്നു.”

മിത്രയുടെ കണ്ണുകൾ പെയ്യാൻ വിതുമ്പിയ കാർമേഘങ്ങളായി. “എന്നോട് ക്ഷമിക്കൂ… പ്രദീപ്, നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ എനിക്ക് എന്‍റെ വിധിയോട് ഭയമായിരുന്നു. എന്നെ കാണാതായാൽ നിങ്ങൾ എന്നെ മറക്കുമെന്ന് കരുതി, പക്ഷേ, സംഭവിച്ചതിങ്ങനെയാണല്ലോ… പ്രദീപ് നിങ്ങളെന്നെ മറക്കേണ്ടതായിരുന്നു. വേറെ വിവാഹം…”

മിത്രയ്ക്ക് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പ് അയാൾ അവളുടെ ചുണ്ടിൽ വിരൽ ചേർത്തു.

“മതി… നിനക്കെന്താ… ഇനിയും മാറിയില്ലേ സംശയരോഗം? സ്വന്തം കുറവിനെക്കുറിച്ച് ബോധ്യം നല്ലതാണ് പക്ഷേ, ഇതൽപം കൂടിപ്പോയി.”

“സാർ, ട്രെയിനെത്തി.” ലഗ്ഗേജുമായെത്തിയ പോർട്ടർ പ്രദീപിനെ വിളിച്ചു.

“സാർ, സാധനങ്ങൾ കയറ്റട്ടെ…”

“ശരി”

മിത്രയുടെ കരഞ്ഞ് ചുവന്ന കണ്ണുകളിൽ നിറയുന്ന ദുഃഖഭാവം അയാളുടെ ഹൃദയത്തിന്‍റെ അഴങ്ങളോളം സ്പർശിച്ചു. അയാൾ മിത്രയുടെ കൈകളിൽ മുറികെപ്പിടിച്ചു.

“വരൂ… നമുക്ക് പോകാം മിത്രാ…” ഞെട്ടലോടെ മിത്ര പ്രദീപിനെ നോക്കി.

“ഈ ട്രെയിൻ ബാംഗ്ലൂർക്കാണ് പ്രദീപ്, ഞാൻ…”

“അതേ… ബാംഗ്ലൂർക്ക് തന്നെ. നാലുവർഷം മുമ്പ് ഞാൻ ചെയ്യേണ്ടിയിരുന്നത് ഈ നിമിഷത്തിൽ ചെയ്യുന്നു. ഇത്രയും കാലം നാമിരുവരും സ്വയമറിയാതെ കാത്തിരിക്കുകയായിരുന്നില്ലേ… നിന്‍റെ സങ്കടങ്ങൾ, എന്‍റെ കാത്തിരുപ്പ്… എല്ലാം ഇവിടെ അവസാനിക്കട്ടെ. നാം മടങ്ങുകയാണ് നമ്മുടെ വീട്ടിലേക്ക്.”

അപ്രതീക്ഷിതമായത് സംഭവിച്ച പരിഭ്രമത്തോടെ മിത്ര പ്രദീപിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അയാൾ അവളെ ചേർത്തുപിടിച്ച് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള പടവുകൾ കയറി.

അപ്പോൾ ആകാശത്തിന്‍റെ സിന്ദൂരരേഖയിൽ കുങ്കുമമേഘങ്ങൾ കൂട്ടംകൂടുകയായിരുന്നു.

ഒരു മഴ ദിവസം

വെളുപ്പാൻകാലത്തെ മൂടിപ്പുതച്ചുള്ള ഉറക്കം കുട്ടിക്കാലം മുതൽ ശ്രീലയ്ക്കു പ്രിയമാണ്. അമ്മ കൂടെക്കൂടെ വന്ന് കുലുക്കി വിളിക്കും.

“അല്‌പം കൂടി കഴിയെട്ടമ്മേ…” മധുരമായ ഉറക്കത്തിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ അമ്മയുടെ ശകാരവർഷം അകലെ നിന്ന് കേൾക്കുമ്പോലെ നേർത്തുനേർത്തില്ലാതാകും.

ഒരു മയക്കം കൂടി കഴിഞ്ഞ് ആലസ്യത്തോടെ എഴുന്നേറ്റ് വരുമ്പോഴും അമ്മയുടെ പിറുപിറുക്കൽ തീർന്നിട്ടുണ്ടാകില്ല. “ഈ പഠിത്തം എന്നും ആയിക്കോ…നിന്നെ വിളിച്ച് വിളിച്ച് നാക്കിലെ വെള്ളം വറ്റി. അതിലും ഭേദം ഒരു ടേപ്പ് നിന്‍റെടുത്ത് വയ്ക്കുന്നതാ…” രാവിലെ തിരക്കു പിടിച്ച വീട്ടുജോലികൾക്കിടയിൽ ശ്രീലയെ ഉണർത്താനുള്ള പാഴ്ശ്രമം അമ്മയെ ശുണ്ഠി പിടിപ്പിക്കും.

അതൊക്കെ ഒരുകാലം! ഇപ്പോൾ… വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം പാടേ മാറിപ്പോയി. സുശാന്തിന് രാവിലെ എട്ടുമണിക്ക് ഓഫീസിൽ പോകണം. വെളുപ്പിന് എഴുന്നേറ്റാലേ ആ സമയമാകുമ്പോഴേക്കും ഭക്ഷണം റെഡിയാകൂ. പത്രക്കാരനും പാൽക്കാരനും ചിലപ്പോൾ എഴുന്നേൽക്കും മുമ്പേ എത്തും. അവൾക്ക് വല്ലാത്ത കുണ്ഠിതമാണപ്പോൾ തോന്നുക.

ആദ്യമൊക്കെ സുശാന്തിനോട് പറഞ്ഞുനോക്കി. പക്ഷേ എന്തുണ്ടാവാൻ! പകൽ മുഴുവനും ജോലിയെടുക്കുകയാണ് സുശാന്ത്. “രാവിലെ ഞാൻ അല്‌പം ഉറങ്ങട്ടെ, നിനക്ക് വേണമെങ്കിൽ പകൽ ഉറങ്ങിക്കൂടേ?” ഭർത്താവ് ഇങ്ങനെ ചോദിച്ചാൽ ഏതു ഭാര്യയ്ക്കുണ്ട് മറിച്ചൊരുത്തരം?

ശ്രീല പാൽക്കാരനോട് പറഞ്ഞു,“അല്‌പം വൈകി വന്നുകൂടെ…?”

“ധാരാളം സ്ഥലത്ത് പാൽ കൊടുക്കാനുണ്ട് ചേച്ചീ, അതെല്ലാം കഴിഞ്ഞ് ഈ വഴി മടങ്ങിയെത്തുമ്പോൾ ഒത്തിരി വൈകും.”

അന്നും പതിവുപോലെ കോളിംഗ്ബെൽ കേട്ട് ശ്രീലയുണർന്നു. പാൽക്കാരനാകും… പാത്രവുമെടുത്ത് ഉറക്കച്ചടവോടെ വാതിൽ തുറന്നു.

തണുത്ത കാറ്റ്… ശരീരമാകെ പെട്ടെന്ന് കമ്പനം കൊണ്ട ആവേശത്തിൽ അവൾ കണ്ണുവിടർത്തി നോക്കി. പുലരിയുടെ തുടിപ്പ് ആകാശത്ത് നിറയാത്ത പ്രഭാതം. കാർമേഘങ്ങൾ നിറഞ്ഞ് കിഴക്കൻ മാനത്ത് സൂര്യകിരണങ്ങൾ ഒളിച്ചു കളിക്കുന്നു. ശ്രീലയുടെ കണ്ണുകളിൽ നിന്ന് ഉറക്കം പെട്ടെന്ന് പറപറന്നു.

വേനൽക്കാലത്തിന് വിരാമമിട്ട് മഴയെത്തുകയാണ്. പെയ്യാൻ വിതുമ്പി നില്‌ക്കുന്ന ആകാശത്തേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സ് മയിലിനെപ്പോലെ പീലിവിടർത്തി.

പാൽപാത്രവുമായി എത്രനേരം അങ്ങനെ നിന്നുവെന്ന് അവൾക്കും അറിയില്ലായിരുന്നു. കറുത്തമേഘങ്ങൾ. . തണുത്തകാറ്റ്… അവളുടെ ഹൃദയം പ്രേമഭരിതമായി.

പാൽ അടുക്കളയിൽ വെച്ച് അവൾ കിടപ്പുമുറിയിലേയ്ക്കോടി. വിടർന്ന ലജ്‌ജയോടെ സുശാന്തിന്‍റെ മുടിയിഴകൾ തഴുകിക്കൊണ്ട് അവൾ ആവേശത്തോടെ വിളിച്ചു. “ഒന്നെഴുന്നേൽക്കൂന്നേ… പുറത്തേക്ക് നോക്കൂ…”

“എന്താ പെണ്ണേ… ഉറങ്ങാനും സമ്മതിക്കില്ലേ…”

“ശാന്തേട്ടാ… ഒന്ന് നോക്ക്. പുറത്ത് മഴ പെയ്യാൻ പോകുന്നു. ”

“കൊള്ളാം… നിനക്കെന്തിന്‍റെ കേടാ? ജൂൺ മാസം കഴിയാറായി. ഇനി മഴക്കാലമായില്ലേ…” സുശാന്ത് കണ്ണുകൾ തിരുമ്മിയടച്ചു.

പക്ഷേ ശ്രീലയുണ്ടോ വിടുന്നു.  ജനൽ പാളികൾ മലർക്കേ തുറന്ന് അവൾ കെഞ്ചി. “ഒരു പ്രാവശ്യം! ഒന്ന് നോക്കെന്‍റെയേട്ടാ… ഇത്രയും സുന്ദരമായ ഈ കാഴ്ച കാണാതെ എങ്ങനെ ഉറങ്ങും?”

മഴക്കാർ നിറഞ്ഞ് അരണ്ട വെളിച്ചവും തണുത്ത കാറ്റുമുള്ള ഈ പുലരിയിൽ മനസ്സിലെ റൊമാന്‍റിക് ഭാവനകൾ സുശാന്തിനൊപ്പം ആസ്വദിക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി.

സുശാന്ത് പുതപ്പ് തലവഴി ശരിക്കും വലിച്ചിട്ടു. “എന്തൊരു കാറ്റാണിത്? നീയാ വാതിലടയ്ക്കുന്നോ ശ്രീ…”

“എന്നേക്കാൾ വലി ഉറക്കക്കൊതിയനാണ് നിങ്ങളും. അൺറൊമാന്‍റിക്!” ശ്രീല സുശാന്തിന്‍റെ പുതപ്പ് തട്ടിനീക്കി. അവൾ അപ്പോഴും പ്രതീക്ഷിച്ചു, സുശാന്ത് തന്നെ ചേർത്തുപിടിക്കുമെന്ന്. പക്ഷേ ഒന്നും സംഭവിച്ചില്ല.

ശ്രീല ഉദാസീനതയോടെ അടുക്കളയിലേക്ക് നടന്നു. ഇനി ചായ കാണുമ്പോഴെങ്കിലും ശാന്തേട്ടൻ ഉറക്കം വിട്ടെഴുന്നേൽക്കുമായിരിക്കും. ആ ജനാലയ്ക്കരികിലിരുന്ന് തണുത്ത കാറ്റേറ്റ് രണ്ടുപേർക്കും ചൂടുചായ നുകരാം. അപ്പോഴേക്കും മഴ തകർത്തെത്തും…

മുറ്റത്തേയ്ക്കിറങ്ങി ആദ്യമഴ നനഞ്ഞ്… മധുരതരമായ ഓർമ്മകളിൽ അവളുടെ മുഖത്ത് ചുവപ്പുരാശി പടർന്നു.

“ശ്രീ, നിനക്കെന്താ ഭ്രാന്തുണ്ടോ? രാവിലെ മനുഷ്യനെ മെനക്കെടുത്താൻ” പുതപ്പ് വലിച്ചെടുത്ത ദേഷ്യത്തിലാണ് സുശാന്ത്. ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണോ?

ആരുടെയും പ്രശ്നങ്ങളെക്കുറിച്ചറിയേണ്ട, ഒരു ചിന്തയുമില്ല. രാത്രി ഞാനെത്ര വൈകിയാണ് വന്നതെന്ന് നിനക്കറിയില്ല. ഫാക്ടറിയിൽ ഒരു മെഷീൻ തകരാറായപ്പോൾ രാത്രി ഏറെ നേരം കാക്കേണ്ടിവന്നു. ക്ഷീണം തീർക്കാൻ അല്‌പം കൂടുതൽ ഉറങ്ങണമെന്ന് കരുതിയതാ. അപ്പോഴാ അവളുടെ മഴയും റൊമാൻസും! ഓവർടൈം ചെയ്തു പണമുണ്ടാക്കിയാലേ കുടുംബം നടക്കൂ.

അവൾക്കെന്താ? നേരം കളയാൻ ഒരു റേഡിയോ, ടിവി, മാസിക, അയൽപക്ക സന്ദർശനം. ഇതിനിടയിൽ ഞാനും കൂടണമത്രെ. എന്‍റെ വിഷമതകൾ എന്താ മനസ്സിലാക്കാത്തത്? ഉറക്കച്ചടവിന്‍റെ ദേഷ്യം സുശാന്തിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല.

എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഐശ്വര്യ ഭരിതമായ ജീവിതം, സുഖസൗകര്യങ്ങൾ… പഠനം പൂർത്തിയായപ്പോഴാണ് യാഥാർത്ഥ ജീവിതത്തിന്‍റെ കഠോരത മനസ്സിലാകുന്നത്. നൂറുവാതിലുകൾ മുട്ടിയ ശേഷമാണ് ഇതുപോലൊരു ജോലിയെങ്കിലും സ്വന്തമായത്. ശമ്പളം അത്ര മെച്ചമല്ലെങ്കിലും കഴിഞ്ഞു കൂടിപ്പോകാമെന്ന ആശ്വാസം. ഈ സമ്മർദ്ദങ്ങൾക്കിടയിൽ ഭാര്യയുടെ ഇത്തരം പിടിവാശികൾ കണ്ടാൽ ആർക്കാണ് ദേഷ്യം തോന്നാതിരിക്കുക?

എട്ടുമണിയാകാൻ വളരെ കുറച്ച് സമയമേയുള്ളൂ. ബസ് കിട്ടുമോ എന്തോ? ഇവളെന്നെ ഭ്രാന്തു പിടിപ്പിക്കുമെന്ന് തോന്നുന്നു. സുശാന്ത് വേഗം ബാത്ത്റൂമിലേക്ക് കടന്നു.

അയാൾ തിരക്കുകൂട്ടുന്ന ശബ്ദം കേട്ടാണ് ശ്രീല ശ്രദ്ധിച്ചത്. “ആഹാ! എഴുന്നേറ്റോ? ഞാൻ ചായകൊണ്ടുവരാം.” തോളിൽ കൈവെച്ചുകൊണ്ട് അവൾ പറഞ്ഞു.

“നിനക്ക് ഒരു ശ്രദ്ധയുമില്ലല്ലോ ശ്രീ, എട്ടുമണിക്കുള്ള ബസ് ഇപ്പോൾ പോകും. നീയെന്താ എന്നോട് സമയം പറയാതിരുന്നത്?”

“ഇല്ല പറഞ്ഞില്ല, ഇന്ന് ശാന്തേട്ടൻ പോകുന്നില്ല.”

“അതെന്താ?” സുശാന്ത് ഞെട്ടിത്തിരിഞ്ഞു.

“കണ്ടില്ലേ. എന്തു നല്ല കാലാവസ്ഥ! ഇത്രയും റൊമാന്‍റിക്കായ ഈ നിമിഷങ്ങളെ നഷ്ടമാക്കി ആരെങ്കിലും ജോലിക്കു പോകുമോ?”

“അതുകൊള്ളാം! എന്താ നീയാണോ കമ്പനി മുതലാളി, എനിക്ക് ഇഷ്ടം പോലെ അവധി അനുവദിക്കാൻ…? ആ മെഷീൻ ഇന്നും ശരിയായില്ലെങ്കിൽ പണി മുടങ്ങും. എന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കാനും മതി. ”

“അപ്പോൾ നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോഴും ജോലി തന്നെ. എങ്കിൽ പിന്നെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല.” ശ്രീലയുടെ കണ്ണുകളിൽ ജലമൂറി.

“അങ്ങനെ പറയാതെ! നിന്നെപ്പോലൊരു ഭാര്യയെ പിന്നെയെങ്ങനെ എനിക്കു ലഭിക്കും?” കയ്യും മുഖവും തുടച്ച് സുശാന്ത് തമാശയായി ചോദിച്ചു. സംഭാഷണം കൈവിട്ടുപോകാൻ അയാൾക്കുംതാല്‌പര്യമുണ്ടായിരുന്നില്ല.

“എങ്കിൽ എനിക്കുവേണ്ടി ഒരു അവധിയെടുത്താലെന്താ? അതിന് കഴിയില്ലെങ്കിൽ ഈ പാവം വീട്ടുവേലക്കാരിയെ പറഞ്ഞുവിട്ടേക്കൂ…”

“ശ്രീ, രാവിലെ തന്നെ നീയെന്നെ വെള്ളം കുടിപ്പിക്കല്ലേ… മഴക്കാലം തുടങ്ങുന്നുവെന്ന് പറഞ്ഞ് ആർക്കെങ്കിലും അവധിയെടുക്കാൻ പറ്റുമോ?”

“കല്യാണം കഴിഞ്ഞിട്ട് പത്ത് കൊല്ലമൊന്നുമായില്ലല്ലോ. പത്ത് മാസമല്ലേ ആയിട്ടുള്ളൂ”

”ഇതാണു സ്ഥിതിയെങ്കിൽ ജോലിതുടരാൻ കഴിയുമോ? നിന്‍റെ പപ്പ നിന്നെ എനിക്കു കെട്ടിച്ചുതന്നത് ഈ ജോലി കണ്ടിട്ടാണെന്ന് മറക്കല്ലേ…”

“അതേ… പക്ഷേ പപ്പ അറിയുന്നില്ലല്ലോ എന്‍റെ അവസ്‌ഥ. ഈ നാട്ടിമ്പുറത്ത്, രാവും പകലും ഒരേ വീട്ടിൽ തന്നെ. പുറത്തു കൊണ്ടുപോകില്ല, മാർക്കറ്റിൽ കൊണ്ടുപോകില്ല. ഭക്ഷണം ഉണ്ടാക്കുക, കഴിക്കുക, ഉറങ്ങുക. ഈ നാലു ചുവരുകൾക്കുള്ളിൽ കഴിയുക. ഇതാണോ ജീവിതം?” ശ്രീയ്ക്ക് രോഷമടക്കാനായില്ല.

“ശരി മോളേ, നമുക്കെല്ലാം ശരിയാക്കാം. നീ ആദ്യം ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെയ്ക്ക്. ”

“ബ്രേക്ക്ഫാസ്റ്റ് കമ്പനിയിൽ കിട്ടില്ലേ…ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല. ചായയും ബ്രഡും…” വണ്ടിയുടെ ഹോൺ മുഴങ്ങിയപ്പോൾ സുശാന്ത് ദേഷ്യത്തോടെ ചെരിപ്പുകളിട്ട് പുറത്തേയ്ക്കോടി.

“എന്തൊക്കെ ആഗ്രഹിച്ചു. എന്നിട്ട് നടന്നതോ?” ശ്രീക്ക് സങ്കടം തോന്നി. ശാന്തേട്ടന് എനിക്കുവേണ്ടി ഒരു ദിവസം പോലും ചെലവഴിക്കാനില്ലെന്നോർത്തപ്പോൾ അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞു. കുറേനേരം അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവൾ. പിന്നെ ശാന്തമായി വീട്ടുജോലികളിൽ മുഴുകി. ഇതിനിടയിൽ ശ്രീലയുടെ ഹൃദയം എന്തിനെന്നില്ലാതെ വിങ്ങി നിറയുന്നുണ്ടായിരുന്നു. അന്ന് ഏകാന്തത കൂടുതൽ വിരസമായി അവൾക്കനുഭവപ്പെട്ടു.

ആകാശത്ത് മേഘങ്ങൾ കറുത്ത മൂടുപടം വിരിച്ചിരിക്കുന്നു. ആദ്യത്തെമഴത്തുള്ളികൾ…! ശ്രീല വരാന്തയിൽ നിന്ന് മഴ നോക്കി നിന്നു. കാറ്റിനൊപ്പം ചരിഞ്ഞെത്തിയ മഴത്തുള്ളികൾ ദേഹത്തുവീണപ്പോൾ, തപിക്കുന്ന മനസ്സിൽ മഞ്ഞുവീണതുപോലെ…

നനഞ്ഞു വിറച്ച് എത്രനേരം ആ മുറ്റത്തു നിന്നുവെന്ന് അവൾക്കും ഓർമ്മയില്ല. മുത്തുകൾ പോലെ ആകാശത്ത് നിന്നും ചിന്നിച്ചിതറുന്ന മഴത്തുള്ളികൾ! കുട്ടിക്കാലത്ത് ആ മുത്തുകൾ വാരിയെടുക്കാൻ എത്രയോ ശ്രമിച്ചിട്ടുണ്ടെന്നോ? മഴയിലേക്ക് തുള്ളിച്ചാടിയിറങ്ങുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. മഴക്കുറുമ്പു കാട്ടി പനി പിടിപ്പിക്കുക തന്‍റെ പതിവായിരുന്നല്ലോ. പക്ഷേ ഒരു രോഗത്തിനും മഴയോടുള്ള തന്‍റെ പ്രണയത്തെ അകറ്റാനായില്ല.

മഴ നനഞ്ഞു വിറച്ചു തുടങ്ങിയപ്പോൾ ശ്രീല അകത്തേക്ക് നടന്നു. വസ്ത്രം മാറി റേഡിയോ ഓൺ ചെയ്ത് പാട്ട് കേൾക്കാൻ തുടങ്ങി. ദേഷ്യം മഴയിലും പാട്ടിലും തണുത്തു തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അവൾ സുശാന്തിനെക്കുറിച്ചോർത്തത്.

ശാന്തേട്ടൻ പറഞ്ഞത് ശരിയാണ്. താൻ വീട്ടിൽത്തന്നെ വിശ്രമം ആസ്വദിച്ച് കഴിയുന്നു. അദ്ദേഹമോ, രാവിലെ മുതൽ കമ്പനിക്കുള്ളിൽ ഇടതടവില്ലാതെ പണിയെടുത്ത് കഷ്ടപ്പെടുന്നു. “എന്‍റെ ഭോഷത്തം! ഇന്ന് ഞാനെന്തൊക്കെയാ കാട്ടിയത്, ദേഷ്യം കൊണ്ട്. ഭക്ഷണം പോലും നൽകിയില്ല.” അവളുടെ മനം കുറ്റബോധം കൊണ്ട് വിവശമായി. ശാന്തേട്ടൻ ഈ സമയം അരികിലുണ്ടായിരുന്നുവെങ്കിൽ… അവൾ വെറുതെ മോഹിച്ചു.

പെട്ടെന്നാണ് കോളിംഗ്ബെൽ മുഴങ്ങിയത്. ആരാവും ഈ സമയത്ത്. വാതിൽ തുറന്നപ്പോൾ ശ്രീലയ്ക്ക് വിശ്വസിക്കാനായില്ല. ശാന്തേട്ടൻ!

“എന്താ സുഖമില്ലേ?” അങ്ങനെ ചോദിക്കാനാണ് അവൾക്കപ്പോൾ തോന്നിയത്. ചോദ്യം കേട്ടപ്പോൾ സുശാന്തിന് ചിരിവന്നു.

“എന്‍റെ പെണ്ണേ, നീയൊന്നടങ്ങ്. ഞാൻ പറയട്ടെ.” സുശാന്ത് മുറിയിലേക്ക്കടക്കവേ അവളെ ചേർത്തു പിടിച്ചു.

“നീയല്ലേ രാവിലെ പറഞ്ഞത് ഇന്ന് പോകരുതെന്ന്? അത്യാവശ്യമുള്ളതുകൊണ്ടാണ് പോയത്. പക്ഷേ എങ്ങനെയാ മനസ്സുറയ്ക്കുക? മഴക്കാലം, തണുത്തകാറ്റ്, വീട്ടിൽ കുപിതയായ, സ്നേഹമയിയായ ഭാര്യ. പണിയൊക്കെ ഒരുവിധമൊരുക്കി ഹാഫ്ഡേ ലീവെടുത്തു, നിന്‍റെ കൂടെയിരിക്കാൻ.”

“ആകെ നനഞ്ഞിരിക്കുന്നു. പോയി വേഷം മാറി വരൂ, ഞാൻ ചായയെടുക്കാം.”

“ചായ പിന്നീടാകാം.” കുതറിമാറുന്ന ശ്രീയെ ബലമായി ചേർത്തുപിടിച്ചു അയാൾ. “ഇന്ന് മുഴുവൻ നമുക്കല്ലേ ശാന്തേട്ടാ, വെറുതെ അസുഖമുണ്ടാക്കേണ്ട.” ആ ശരീരത്തോട് ചേർന്നു നിൽക്കുമ്പോൾ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവൾ കൈകൾ ബലമായി മാറ്റി അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്തു.

“രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. അല്ലേ…?”

“ഉവ്വല്ലോ… ഞാൻ ചപ്പാത്തിയും ചിക്കനും കഴിച്ചു.”

“അതെയതെ… ഞാൻ വയറുനിറയെ മസാല ദോശയും.”

“അതുശരി. എന്നാൽ ചായയ്ക്കൊപ്പം എന്തെങ്കിലും കഴിക്കാനും കൊണ്ടുവാ…”

“അതെന്തിനാ? വയറ്റിൽ നിറയെ കോഴിക്കറിയും ചപ്പാത്തിയുമല്ലേ…?” അവൾ കൃത്രിമഗൗരവത്തോടെ ചോദിച്ചു.

“അതേ, മസാല ദോശയായാലും മതി.” പിണങ്ങിയിരുന്ന ഭാര്യയും തന്നെപ്പോലെ പട്ടിണിയാണെന്ന് സുശാന്തിനറിയാം. അവൾ കൊണ്ടു വന്ന കടുപ്പമുള്ള ചൂടുചായയ്ക്ക് നല്ല രുചി. ഒരു ഗ്ലാസ്സ് ചായ കൂടി ഒഴിക്കാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ അത് സംഭവിച്ചത്. ചായക്കോപ്പ കിടക്കയിലേക്ക് മറിഞ്ഞു.

“അയ്യോ… ഈ വിരി മുഴുവൻ ചായയായല്ലോ…” നിസ്സാരകാര്യത്തിനും ശ്രീലയ്ക്ക് ടെൻഷൻ… ചായ വീണ വിരിപ്പെടുത്ത് ബക്കറ്റിലെ വെള്ളത്തിലിട്ട്, അലമാരയിൽ നിന്ന് മറ്റൊരു കിടക്കവിരി തപ്പിയെടുക്കവേ അവൾ പറഞ്ഞു, “ഇപ്രാവശ്യം വീട്ടിൽ പോയി വരുമ്പോൾ ആ രണ്ട് പുതിയ പുതപ്പുകൾ കൊണ്ടുവരണം. ഇതെല്ലാം മുഷിഞ്ഞു.”

“ശ്രീ, ആ പുതപ്പുകൾ ഞാൻ അമ്മയ്ക്ക് കൊടുത്തല്ലോ”

“ആഹാ… എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ? ആ പുതപ്പുകൾ എന്‍റെ അമ്മ നൽകിയതല്ലേ. അപ്പോൾ ഞാനറിയണ്ടേ ഇതെല്ലാം…?” ശ്രീലയുടെ സ്വരത്തിലെ ഈർഷ്യ സുശാന്ത് തിരിച്ചറിഞ്ഞു.

“നീയെന്‍റേതല്ലേ പെണ്ണേ, അപ്പോൾ നിന്‍റെ സാധനങ്ങളും എന്‍റേതല്ലേ” അവളെ അനുനയിപ്പിക്കാനുള്ള ശ്രമത്തോടെ, അയാൾ ആ കൈകളിൽ ബലമായി പിടിച്ചടുപ്പിച്ചു.

പക്ഷേ, അവൾക്കത് അംഗീകരിക്കാനായില്ല. ഞാനെത്ര ഇഷ്ടത്തോടെ സൂക്ഷിച്ചതാണവ. എന്നിട്ട് എന്നോട് ഒരുവാക്ക് ചോദിക്കാതെ ശാന്തേട്ടൻ… “സോറി മോളേ, ഞാനറിഞ്ഞില്ല അതൊന്നും. അച്‌ഛനമമ്മമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തേണ്ടത് നമ്മളല്ലേ. എത്ര കഷ്ടപ്പെട്ടാണ് ഈനിലയിലേക്ക് നമ്മെ അവർ വളർത്തിയത്? അവരെ ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നാരു ചെയ്യും?”

“ആയിക്കോ, അവരുടെ കാര്യം മാത്രം മതിയല്ലോ. എനിക്കിഷ്ടമുള്ള സാധനങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് ഞാൻ സഹിക്കില്ല.” ശ്രീല വിടാനുള്ള ഭാവമില്ല.

“നീയിങ്ങനെ അതുമിതും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാതെ ശ്രീ. എന്തിനും ഒരതിരുണ്ട്.” സുശാന്തിന്‍റെ സ്വരം ഉയർന്നു. ആഞ്ഞടിച്ച കാറ്റിൽ വാതിൽപ്പാളികൾ ശക്‌തിയായി തുറന്നടഞ്ഞു.

“പിന്നേ, നിങ്ങളെന്നെ എന്തു ചെയ്യുമെന്നാ…?” ശ്രീല വാതിൽ ചേർത്തടയ്ക്കാനുള്ള ശ്രമത്തിനിടെ ദേഷ്യത്തോടെ പറഞ്ഞു. വെട്ടിത്തിരിഞ്ഞു നടക്കുമ്പോൾ മഴയത്ത് നനഞ്ഞ തറയിൽ കാൽ തെന്നി വീഴാനൊരുങ്ങി. സുശാന്ത് പെട്ടെന്ന് അവളെ താങ്ങിയെടുത്തു. കരുത്തുള്ള ആ കരങ്ങളിൽ ഒരു പോറലുമേൽക്കാതെ അമർന്നു നിന്നപ്പോൾ അവൾ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവൾക്ക് എന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അയാൾ ആ ചുണ്ടിൽ വിരൽ ചേർത്ത് അവളെ തടഞ്ഞു.

ആ കണ്ണുകളിൽ നിറയുന്ന പ്രേമപാരവശ്യം അവൾ ഇമയനക്കാതെ നോക്കി നിന്നു. ഈ മഴക്കുളിരിൽ താൻ ആഗ്രഹിച്ചത് ഈ നിമിഷങ്ങൾക്കായിരുന്നില്ലേ… എന്നിട്ട് താനെന്താണ് ചെയ്തത്. വെറുതെ വഴക്കടിക്കുകയായിരുന്നില്ലേ. ഈ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല. എന്നിട്ടും എന്തിനായിരുന്നു ഈ ദുശാഠ്യം. അവൾക്കു കുണ്ഠിതം തോന്നി.

ആ മനസ്സ് വായിച്ചറിഞ്ഞ പോലെ സുശാന്ത് അവളെ നെഞ്ചോട് ചേർത്തു. അപ്പോൾ പുറത്ത് മഴ പെയ്തൊഴിയുന്നത്, മനസ്സിൽ മറ്റൊരു മഴ നിറഞ്ഞു കവിയുന്നത് ഒരു സ്വപ്നം പോലെ അവളറിഞ്ഞു.

പ്രതികാരം

“ഹലോ ഗോപിയല്ലേ? ശിവനുണ്ടോ അവിടെ? വേഗം അവന് ഫോൺ കൊടുക്ക്,” അത് ഗംഗാദേവിയുടെ ശബ്ദമായിരുന്നു. ഗോപിക്കത് പെട്ടെന്ന് മനസ്സിലായി. മിനിസ്റ്റർ ശിവപ്രസാദിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഗോപി.

“ശരി മാഡം” ഗോപിയുടനെ മിനിസ്റ്ററുടെ ഫോണിലേക്ക് കോൾ കണക്ട് ചെയ്തു.

“ഹലോ…” ശിവപ്രസാദിന്‍റെ ഗംഭീരസ്വരത്തിന് പരിഭ്രാന്തയായ ഒരു സ്ത്രീശബ്ദമാണ് മറുപടിയായി കിട്ടിയത്.

“ശിവാ… ഇത് ഞാനാ ഗംഗ…”

“എന്താ ചേച്ചി? എന്താ പ്രശ്നം? വല്ലാതെ ഭയന്നിരിക്കുന്നുവല്ലോ?” ശിവപ്രസാദ് ആശങ്കയോടെ തിരക്കി.

“ശിവാ, അവളുടെ കത്ത് വന്നിട്ടുണ്ട്. അത്… അത്…” തുടർന്ന് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു അവർ.

“എന്തിനാ ചേച്ചി പേടിക്കുന്നത്? ധൈര്യമായി പറയൂ… എന്താ കാര്യം? ആരുടെ കത്താ?” ശിവപ്രസാദിന്‍റെ ശബ്ദം നേർത്തു.

“സഞ്ജുമോനെക്കുറിച്ചാണ്. അത് ഫോണിൽ പറയാൻ പറ്റില്ല ശിവാ…” അവരുടെ ശബ്ദമിടറി.

“സഞ്ജുവിനെക്കുറിച്ചോ? ആരാ കത്തയച്ചത്? ചേച്ചി ടെൻഷനടിപ്പിക്കാതെ കാര്യം പറ” ആകാംഷയോടെ അയാൾ തിരക്കി.

“നീ ഇങ്ങുവാ, എല്ലാം നേരിട്ട് പറയാം. കത്ത് നീ തന്നെ വായിക്കുന്നതാണ് നല്ലത്. കത്ത് വാങ്ങാനെന്നും പറഞ്ഞ് ആരെയും ഇങ്ങോട്ട് പറഞ്ഞയയ്ക്കുകയും വേണ്ട.” അത്രയും പറഞ്ഞ് അവർ ഫോൺ ഡിസ്കണക്ട് ചെയ്തു.

“സഞ്ജുവിന്‍റെ മരണം കഴിഞ്ഞ് ഒരു മാസം പോലും കഴിഞ്ഞിട്ടില്ല. ആരുടെ കത്തായിരിക്കും?” ശിവപ്രസാദ് ചിന്തയിൽ മുഴുകി.

അയാളിൽ വീണ്ടും മകനെക്കുറിച്ചുള്ള ദുഃഖം കനക്കുകയായിരുന്നു. കുസൃതികാട്ടി നടക്കുന്ന അവന്‍റെ മുഖം… ഈശ്വരാ, ഓർമ്മകൾ മരിച്ചിരുന്നുവെങ്കിൽ… അയാൾ ആഗ്രഹിച്ചു. പിന്നെയാണോർത്തത്, ആ ഓർമ്മകൾ കൂടി മാഞ്ഞുപോയാൽ പിന്നെ…. സഞ്ജു… എന്തൊരു ദുർവിധിയാണിത്. അയാൾ ദുഃഖവും നിരാശയും തടിച്ചമർത്തി.

ഒഴിച്ചുകൂടാനാകാത്ത ഒന്നുരണ്ട് സമ്മേളനങ്ങളും മീറ്റിംഗുകളും ഉണ്ടായിരുന്നു അയാൾക്ക്. അടുത്ത് രണ്ട്മൂന്ന് ദിവസത്തേയ്ക്ക് ഫ്രീയാകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല. അതിനൊക്കെ പുറമേ, വിദേശകാര്യമന്ത്രാലത്തിന്‍റെ അപ്പോയിന്‍റ്മെന്‍റും. അയാൾ ആകെ ദുഃഖിതനായി.  വീട്ടിലേയ്ക്ക് പോകണം. ആ കത്തിൽ എന്താണെന്നറിയാതെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഒരു കടലിന്‍റെ അലർച്ച അയാൾ ഉള്ളിലറിഞ്ഞു. ഉടനെ തന്നെ അദ്ദേഹം ഗോപിയെ വിളിച്ച് അന്നത്തെ പരിപാടികൾ റദ്ദ് ചെയ്തു. അസ്വസ്ഥമായ മനസ്സോടെയാണ് അയാൾ സഹോദരി ഗംഗാദേവിയുടെ വീട്ടിലെത്തിയത്.

ഗംഗാദേവി കത്തെടുത്ത് കൊടുത്തു. അയാൾ കത്ത് തുറന്ന് ആകാംഷയോടെ വായിക്കുവാൻ തുടങ്ങി. വായിക്കുംതോറും അയാളുടെ മുഖത്ത് ചോര കല്ലിക്കാൻ തുടങ്ങി. ആരെയും ആ കത്ത് അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നില്ല. ഏറ്റവും മുകളിലായി “ഗംഗേ, ഈ കത്ത് ശിവപ്രസാദിന് കൊടുക്കണം…” എന്ന് മാത്രം എഴുതിയിരുന്നു.

“ശിവാ, എന്നെ മനസ്സിലായോ? കൺഗ്രാചുലേഷൻസ്, അഭിനന്ദനങ്ങൾ. എന്തിനാണെന്നാകും? നിങ്ങളും ഇപ്പോൾ എന്നെപ്പോലെ അനാഥനും നിരാലംബനും നിസ്സഹായനുമായില്ലേ? ഇതാണ് ഞാൻ കാത്തിരുന്നത്. മകൻ നഷ്ടപ്പെട്ട് നിങ്ങൾ ഭ്രാന്തുപിടിച്ചവനെപ്പോലെ അലയുന്നത് കാണാൻ… നിന്‍റെ വംശം നിന്‍റെ മരണത്തോടെ വേരറ്റുപോകും. ഇതൊക്കെ കാണാൻ ഞാൻ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ദൈവം എന്നും നിനക്കൊപ്പമാണെന്ന് നീ കരുതിയോ? നീയെന്നെ അനാഥയാക്കിയതുപോലെ നിന്നെയും അനാഥനാക്കാൻ ദൈവം എനിക്കൊരു അവസരം തന്നു.”

“നീ മറന്നുകാണില്ലല്ലോ ഒന്നും? ഞങ്ങളുടെ സന്തുഷ്ട കുടുംബത്തെ നിർദാക്ഷിണ്യം നീ ഇല്ലാതാക്കിയ ആ നാൾ. ഒരൊറ്റ ദിവസം കൊണ്ടാണ് നീയന്‍റെ ജീവിതം തല്ലിയുടച്ചത്. അതിനു മാത്രം എന്ത് ദ്രോഹമാണ് ഞാൻ നിന്നോട് ചെയ്തത്? എന്നെക്കൂടി ആ കുരുതിക്കളത്തിൽ തള്ളിയിടാമായിരുന്നില്ലേ നിനക്ക്? മറിച്ച് നീ എന്നെ ഏകാന്ത കൊണ്ട് ഭ്രാന്ത് പിടിക്കാൻ ബാക്കി വെച്ചു. ഒറ്റപ്പെടൽ പലപ്പോഴും മരണത്തേക്കാൾ ഭീകരമാണ്. നീ കാരണമാണ് എനിക്ക് എംബിബിഎസ് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ആ ഒറ്റപ്പെടലിൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട് ഞാൻ. പക്ഷേ, ഗതി കിട്ടാതെ മരിച്ച എന്‍റെ കുടുംബം. അവരുടെ ആത്മാവിന് ശാന്തി കിട്ടാൻ നീ ഇല്ലാതാകണം. നീയും എന്നെപ്പോലെ നീറിനീറി മരിക്കണം. ആ പ്രതികാരബുദ്ധിയോടെ കാത്തിരുന്നതാ ഞാനിത്രനാൾ. നിന്നെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ഞാൻ സന്തോഷിച്ചു. പക്ഷേ, നിനക്ക് അതൊന്നും പോരെന്ന് എന്‍റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.”

“എത്ര ദുഷ്ടനാണ് നീ? നിന്നെ എന്‍റെ അച്ഛനും അമ്മയും എത്രമാത്രം സ്നേഹിച്ചു. എന്നിട്ടും നീ അവരെ കൊന്നില്ലേ?”

“വല്ലപ്പോഴുമൊക്കെ ശകാരിച്ചിട്ടുണ്ടെങ്കിലും എന്‍റെ അമ്മ നിന്നെ മകനപ്പോലെയല്ലേ സ്നേഹിച്ചത്? നിന്‍റെ ഭാവി സുരക്ഷിതമാക്കാൻ അവർ നിനക്കൊരു സർക്കാരുദ്യോഗം വാങ്ങിത്തന്നില്ലേ? അതിനൊക്കെയായുള്ള കൂലിയായിട്ടാണോ നീ അവരെ കൊന്നത്? നായ പോലും ഇതിലും നന്ദി കാണിക്കും, ഒരുനേരം ഭക്ഷണം കൊടുത്തവനെ കണ്ടാൽ അതുപോലും വാലാട്ടും. അന്നം തന്ന കൈയ്ക്ക് തിരിച്ചു കടിച്ച നീ എത്ര ദുഷ്ടനാണ്.”

“എന്‍റെ അച്ഛനമ്മമാരേയും കൂടെപ്പിറപ്പുകളെയും അവസാനമായി ഒന്ന് കാണാൻ പോലും നീയെനിക്ക് അവസരം തന്നില്ലല്ലോ? കോടതി നിങ്ങൾക്ക് ശരിയായ ശിക്ഷ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, നിങ്ങൾ വിദഗ്ധമായി തലയൂരി. എട്ടുമാസം മുമ്പ് നിങ്ങൾ മന്ത്രിയായെന്ന് പത്രത്തിൽ വായിച്ചപ്പോൾ ഞാനാകെ അസ്വസ്ഥയായി.”

“എന്‍റെ ജീവിതമില്ലാതാക്കിയ നിങ്ങളെ സ്വസ്ഥമായി ആ സ്ഥാനത്തിരിക്കാൻ ഞാൻ അനുവദിക്കുമെന്ന് കരുതിയോ? മകനെ തൊട്ടാൽ നിങ്ങൾക്ക് നോവുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് യാതൊരു ദേഷ്യവും ഇല്ലാതിരുന്നിട്ടുകൂടി ആ പയ്യനെ എനിക്കില്ലാതാക്കേണ്ടി വന്നത്. ഈ കളിയിലെ വിജയി ഞാനാണ് ശിവാ…”

“ഞാനിപ്പോൾ സന്തോഷവതിയാണ്. എന്നെ അന്വേഷിക്കാൻ ശ്രമിക്കണ്ട. ഞൻ ആരെന്ന് ഇതിനകം മനസ്സിലായി കാണുമല്ലോ? നിന്‍റെ കൺവെട്ടത്ത് നിന്നും ഒരുപാട് അകലെയാണ് ഞാനിപ്പോൾ. എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചാലും വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല. നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടില്ലല്ലോ. നിന്‍റെ ദിവസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു ശിവ….”

കത്ത് വായിച്ച ശിവപ്രസാദിന്‍റെ സിരകളിൽ രക്തം തിളച്ചുമറിഞ്ഞു. അയാൾ കത്ത് പരിശോധിച്ചു. കത്തിൽ മുംബൈയുടെ സീലായിരുന്നു. കത്തും അഡ്രസ്സും ടൈപ്പ് ചെയ്തിരുന്നു. ആ കത്ത് ശിവപ്രസാദിനെ കഴിഞ്ഞ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ശിവപ്രസാദ് മൂത്തസഹോദരി ഗംഗാദേവിക്കും അച്ഛൻ വിശ്വനാഥനുമൊപ്പം മദിരാശിക്കടുത്തുള്ള ഒരു ചെറുഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഗംഗാദേവി എട്ടാം ക്ലാസ്സിൽ പഠനം നിറുത്തി. ശിവപ്രസാദ് പത്തിലും. ഗംഗാദേവിയെ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിച്ചു. ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന് അധോലോകവുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹശേഷവും ശിവപ്രസാദ് ഗംഗാദേവിയെ വീട്ടിൽതന്നെ നിറുത്തി.

അച്ഛന് സ്വന്തമായി കുറച്ച് നിലവും കൃഷിസ്ഥലവും ഉണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ലാതെ ശിവപ്രസാദും കുടുംബവും ജീവിച്ചുവരികായിരുന്നു. ശിവപ്രസാദിന്‍റെ ഒരകന്ന ബന്ധുവായിരുന്നു റെയിൽവേ ഉദ്യോഗസ്ഥനായ രഞ്ജൻ. അയാൾ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ശിവപ്രസാദിനെ ബാംഗ്ലൂരിലേക്ക് വിളിച്ചു. രഞ്ജൻ ശിവപ്രസാദിന് ബംഗ്ലാവ് നടത്തിപ്പുകാരന്‍റെ ജോലി തരപ്പെടുത്തികൊടുത്തു.

ഭാര്യ നിഷയും മക്കൾ വൈശാലി, ശുഭാംഗി, നിഖിൽ എന്നിവരും അടങ്ങുന്നതായിരുന്നു രഞ്ജന്‍റെ കുടുംബം. പതിയെ ശിവപ്രസാദ് അവരുടെ കുടുംബാംഗത്തെപ്പോലെയായി. ബംഗ്ലാവിനോട് ചേർന്നുള്ള ഒരു മുറിയിലായിരുന്നു അയാൾ താമസിച്ചിരുന്നത്. ഗംഗാദേവി ശിവപ്രസാദിനെ കാണാൻ രഞ്ജന്‍റെ വീട്ടിൽ വരും.

നിഷ എല്ലാക്കാര്യത്തിലും വളരെ കണിശക്കാരിയായിരുന്നു. പലപ്പോഴും അയാളെ സൂക്ഷിക്കാനേൽപ്പിച്ച പണം നഷ്ടപ്പെടുന്നതിനെച്ചൊല്ലി ശിവയെ ശകാരിക്കുമായിരുന്നു. അയാൾ തിരിച്ചൊന്നും പറയാതെ അവരുടെ ശകാരവർഷം ക്ഷമയോടെ കേൾക്കും.

താൻ വല്ലാതെ അപമാനിതനാകുന്നതായി ശിവപ്രസാദിന് തോന്നി. പിന്നീട് രഞ്ജൻ അയാൾക്ക് ഒരു സർക്കാർ ജോലി സ്ഥിരപ്പെടുത്തി കൊടുത്തു. അങ്ങനെ വീട്ടുവേലക്കാരന്‍റെ റോളിൽ നിന്നും ശിവ രക്ഷപ്പെട്ടു. എന്നിട്ടും നിഷയുടെ ശകാരത്തിന് ഒരു കുറവും വന്നില്ല. തിരിച്ചൊന്നും പറയാറില്ലെങ്കിലും അയാൾ ദേഷ്യം കടിച്ചമർത്തുകയായിരുന്നു. ഓരോ തവണയും അകത്ത് അഗ്നിപർവതം കണക്കെ ദേഷ്യം തിളച്ചുപൊന്തുമ്പോഴും പുറമേ ശാന്തനാകാൻ ശ്രമിച്ചു.

അതിനിടെ സാവിത്രിയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞു. അത് നിഷയോട് പറയാൻ എന്തോ അയാൾക്ക് തോന്നിയില്ല. ഒരു മാസത്തിന് ശേഷം കള്ളം പറഞ്ഞ് 10 ദിവസത്തെ അവധിയെടുത്ത് നാട്ടിൽച്ചെന്ന് വിവാഹം കഴിച്ചു. സാവിത്രിയെ ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അയാൾക്ക് ധൈര്യമുണ്ടായില്ല.

അതിനിടെ വിശ്വനാഥൻ നാട്ടിലുള്ള കുറച്ച് ഭൂമി വിറ്റ് മദിരാശിയിൽ രണ്ട് നില വീട് പണികഴിപ്പിച്ചു. മുകളിലത്തെ നില ഗംഗാദേവിക്കും താഴത്തെ നില ശിവപ്രസാദിനുമായി അയാൾ എഴുതിക്കൊടുത്തു. തന്‍റെ മരണം മുന്നിൽ കണ്ടതുപോലെയായിരുന്നു സ്വത്ത് വീതിക്കൽ.

നാട്ടിലുള്ള അകന്ന ബന്ധത്തിലുള്ള മക്കളില്ലാത്ത ഇളയമ്മയേയും അമ്മായിയേയും ഗംഗാദേവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മക്കളില്ലാത്ത അവരെ നോക്കാൻ മാറ്റാരുമുണ്ടായിരുന്നില്ല. മുകൾ നിലയിൽ ഗംഗാദേവിയും ഇളയമ്മയും അമ്മായിയും. താഴെ നിലയിൽ സാവിത്രുയും. ശിവപ്രസാദിന് അവധി കിട്ടാൻ വളരെ പ്രയാസമായിരുന്നു, അതുകൊണ്ട് സാവിത്രി മിക്കപ്പോഴും തനിച്ചായിരുന്നു. ഗംഗാദേവി മുകളിലത്തെ നിലയിലുള്ളത് മാത്രമായിരുന്നു സാവിത്രിക്ക് ഏക ആശ്വാസം.

ഒരു വർഷത്തോളം സാവിത്രി നാട്ടിലും ശിവപ്രസാദ് ബാംഗ്ലൂരിലുമായി തള്ളിനീക്കി. ഇനി ഈ ഏകാന്തവാസം വയ്യെന്നായപ്പോൾ അയാൾ സാവിത്രിയെയും ബാംഗളൂരിലേക്ക് കൂട്ടി. സാവിത്രിയെ രഹസ്യമായി ഹോസ്റ്റലിൽ താമസിപ്പിച്ചു.

പക്ഷേ, ഈ രഹസ്യം അധികം വൈകാതെ പരസ്യമായി. ഒരിക്കൽ നിഷ സാവിത്രിയെ കണ്ടു. നിഷ സാവിത്രിയുടെ മുന്നിൽ വെച്ച് വളരെ മോശമായി പെരുമാറി. തന്നോടെന്തിനാണ് വിവാഹം മറച്ചുവെച്ചതെന്ന് ചോദിച്ച് ശിവയെ കുറ്റപ്പെടുത്തി.

ഒടുവിൽ സാവിത്രിയേയും കൊണ്ട് വീട്ടിലേക്ക് വരാൻ അവൾ ശിവയോട് പറഞ്ഞു. വീട്ടുവേലക്കാരിയുടെ റോളായിരുന്നു സാവിത്രിക്ക് അവിടെ. അവൾക്കും ശകാരം കേൾക്കേണ്ടി വന്നു.

നിഖിൽ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് ശിവപ്രസാദ് രഞ്ജന്‍റെ വീട്ടിലെത്തുന്നത്. നിഖിലിന്‍റെ എട്ടാം പിറന്നാളിന്‍റെ അന്ന് അതിഥികൾക്ക് മുന്നിൽ വച്ച് നിഷ ശിവപ്രസാദിനെ അപമാനിച്ചു. അതയാൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. തന്‍റെ ദുരിതജീവിതത്തിന് എട്ട് വയസ്സായി എന്ന് അയാൾ ഓർത്തു. അപമാനത്തിന്‍റെ എട്ട് വർഷങ്ങൾ. അയാളിൽ രോഷത്തിന്‍റെ അഗ്നിപർവതം തിളച്ചുപൊന്തി. മനസ്സിൽ ദേഷ്യവും പ്രതികാരവും ഉറഞ്ഞുകൂടുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

ഇനിയും ഈ അപമാനം സഹിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ ശിവപ്രസാദ് ഗംഗാദേവിയുടെ ഭർത്താവ് ചന്തുവിന്‍റെ സഹായത്തോടെ നിഷയോട് പ്രതികാരം ചെയ്യാൻ ഉറച്ചു.

അപ്പോൾ രഞ്ജന്‍റെ മൂത്തമകൾ ഡൽഹിയിൽ എംബിബിഎസ്സിന് പഠിക്കുകയായിരുന്നു. ആ വർഷത്തെ ഹോളി വീട്ടുകാരോടൊപ്പം ആഘോഷിക്കാമെന്ന് കരുതി വീട്ടിലേക്ക് പുറപ്പെട്ടു. ഹോളി കഴിഞ്ഞാൽ ഒരു മാസത്തിനകം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് മുമ്പ് ഒന്ന് അടുച്ചുപൊളിച്ചു കളായം എന്ന് കരുതിയാണ് വൈശാലി യാത്ര തിരിച്ചത്. പക്ഷേ, വൈശാലി വരുന്ന കാര്യം ശിവ അറിഞ്ഞില്ല. ഹോളിയുടെ രണ്ട് ദിവസം മുമ്പ് തന്‍റെ പദ്ധതി നടപ്പിലാക്കാൻ അയാൾ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

അയാൾ അന്ന് രാവിലെതന്നെ ബംഗ്ലാവിലെ ജനാലകളും വാതിലുകളും അടച്ചുപൂട്ടി. വീട്ടുകാരിതൊന്നും ശ്രദ്ധിച്ചില്ല. ശിവ പതിവുപോലെ ജോലികളിൽ മുഴുകി.

രഞ്ജൻ ഓഫീസിലേക്കും ശുംഭാംഗി കോളേജിലേക്കും പോയി. അവർ പോയശേഷം നിഷ കുളിക്കാൻ കയറി. നിഖിലും നിഷയും മാത്രമേ അന്ന് വീട്ടിലുണ്ടായിരുന്നുള്ളൂ. വാർഷികപരീക്ഷ കഴിഞ്ഞതിനാൽ നിഖിൽ സദാസമയവും കാർട്ടൂൺ കാണുന്നതിൽ മുഴുകി.

രഞ്ജനെ കുടുംബത്തോടെ ഇല്ലാതാക്കാൻ ശിവപ്രസാദ് രണ്ട് കൊലയാളികളെ ആദ്യമേ ഏർപ്പാടാക്കിയിരുന്നു. ഗർഭിണിയായ സാവിത്രിയെ ശിവ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

ബംഗ്ലാവിലെ ഉപയോഗശൂന്യമായ ഒരു ബാത്ത്റൂമിൽ ശിവ കൊലയാളികളെ ഒളിപ്പിച്ചു. എന്നിട്ട് പതിയെ നിഖിലിനരികിലെത്തി.

“നിഖിൽ… മോനേ… വാ, അങ്കിൾ മോനൊരു സൂത്രം കാണിച്ച് തരാം.”

നിഖിൽ ഉത്സാഹത്തോടെ എഴുന്നേറ്റ് ശിവയുടെ പിന്നാലെ നടന്നു. മരണമാണ് തന്നെ കാത്തിരിക്കുന്നതെന്ന് അറിയാതെ… കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ പരിചരിച്ച കൈകൾക്കൊണ്ട് തന്നെ താൻ കൊല്ലപ്പെടുമെന്നും…. ശിവയും കൂട്ടാളികളും ചേർന്ന് അവനെ കുത്തിക്കൊന്നു. കുളി കഴിഞ്ഞിറങ്ങിയ നിഷയെയും കൊലയാലികൾ നിർദ്ദാക്ഷിണ്യം വകവരുത്തി. നിഖിലിന്‍റെയും നിഷയുടെയും ബോഡികൾ ബാത്ത്റൂമിൽ കൊണ്ടിട്ടു. നിലത്ത് ചിതറിവീണ രക്തം ശിവ തുടച്ചുകളഞ്ഞു. അതിനിടയിലും രഞ്ജനുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തയയ്ക്കാൻ അയാൾ മറന്നില്ല.

പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംഗിയെയും കൊന്ന് ഓഫീസിൽ നിന്നും രഞ്ജൻ വരുന്നതും കാത്തിരിക്കുകയായിരുന്നു ശിവ. എട്ടുമണിയായപ്പോഴേക്കും രഞ്ജൻ വീട്ടിലെത്തി. അകത്ത് കടന്നപാടെ അയാളുടെ നെഞ്ചിൽ കൊലയാളികൾ കഠാരയാഴ്ത്തി. രണ്ടുപേരുടെയും ശരീരം ശിവ ബാത്ത്റൂമിൽ കൊണ്ടിട്ടു.

അർദ്ധരാത്രിയായപ്പോൾ ശിവയും സംഘവും മൂതദേഹങ്ങൾ കാറിനകത്തെടുത്തിട്ടു. വിജനമായ ഒരുസ്ഥലത്തെത്തിയപ്പോൾ കാറിൽ നിന്നിറങ്ങി അതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വണ്ടി പൂർണ്ണമായും കത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശിവ വീട്ടിലേക്ക് മടങ്ങി.

തിരിച്ചെത്തിയ ഉടനെ അയാൾ കൊലപാതകം നടന്ന സ്ഥലവും ബാത്ത്റൂമും ആസിഡും വെള്ളവും ഒഴിച്ച് വൃത്തിയാക്കി. നേരം പുലർന്നപ്പോഴേക്കും നാല് കൊലപാതകങ്ങൾ നടന്ന ആ ബംഗ്ലാവിനെ അയാൾ പഴയത് പോലെ വൃത്തിയാക്കി, മദിരാശിക്ക് മടങ്ങാൻ അയാൾ പ്ലാനിട്ടിരുന്നു. ഒരു തെളിവ് പോലും അവശേഷിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു.

ദില്ലിയിൽ നിന്നും വൈശാലിയുടെ ഫോൺ വന്നതാണ് ശിവയ്ക്ക് തിരിച്ചടിയായത്. മൊബൈൽ ഫോണിലേക്കും ലാൻഡ് ഫോണിലേക്കും വിളിച്ചിട്ടും ആരും ഫോണെടുക്കാത്തതിൽ അടുത്ത വീട്ടിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു വൈശാലി.

“സാറും കുടുംബവും രാത്രി ഡിന്നറിന് എന്നുപറഞ്ഞ് പുറത്ത് പോയതാ. ഇതുവരെ മടങ്ങി വന്നിട്ടില്ല.” എന്നായിരുന്നു രഞ്ജനെക്കുറിച്ച് തിരക്കുന്നവർക്ക് ശിവയുടെ മറുപടി.

പക്ഷേ, കാര്യങ്ങൾ ശിവ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വഴുതിപ്പോയി. രഞ്ജനും കുടുംബവും മിസ്സായ വിവരം കാട്ടുതീ പോലെയാണ് കോളനിയിൽ പരന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ശിവയുടെ നെറ്റിയിലെ കരിഞ്ഞമുടി പോലീസിന് സംശയത്തിന് ഇടയാക്കി. അവർ അയാളെ അറസ്റ്റ് ചെയ്തു.

വണ്ടി നാലുമണിക്കൂറെങ്കിലും ലേറ്റായതിനായിൽ ഏറെ വൈകിയാണ് വൈശാലി ബ്ലാംഗൂരിലെത്തിയത്. സംഭവത്തെക്കുറിച്ചറിഞ്ഞ അവൾ ആകെ സ്തംഭിച്ചുപോയി. കരയാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ.

പോലീസ് പിടിയിലായിട്ടും ശിവ സത്യം തുറന്നുപറയാൻ കൂട്ടാക്കിയില്ല. പകരം കുറെ കഥകളും നുണക്കഥകളുമായി പോലീസിനെയും വിഡ്ഢിയാക്കി. പക്ഷേ, സത്യമൊക്കെ അറിയാവുന്ന ഒരാൾ ബംഗ്ലാവിലുണ്ടായിരുന്നു, അത് വൈശാലിയായിരുന്നു. അവൾക്ക് ഉറപ്പായിരുന്നു ശിവയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്ന്. എന്നാൽ അതിനെക്കുറിച്ച് വൈശാലി ആരോടും ഒന്നും പറഞ്ഞില്ല.

കേസ് കോടതിയിലെത്തി, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവപ്രസാദിന് കോടതി ജീവപര്യന്ത്യം ശിക്ഷ നൽകി. ശിവപ്രസാദ് ശിക്ഷിക്കപ്പെട്ട അന്നാണ് സാവിത്രി ഒരാൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിൽ സാവിത്രി മരിച്ചു. കുഞ്ഞിന്‍റെ സംരക്ഷണ ചുമതല ഗംഗാദേവി ഏറ്റെടുത്തു. കുട്ടിക്ക് സഞ്ജു എന്ന് പേരിട്ടു. ഇടയ്ക്കിടെ അവർ സഞ്ജുവിനെയും കൂട്ടി ശിവപ്രസാദിനെ കാണാൻ ജയിലിലെത്തുമായിരുന്നു.

ഒരുദിവസം മന്ത്രി രംഗനാഥൻ ജയിലിൽ ശിവപ്രസാദിനെ സന്ദർശിച്ചു. കുറ്റവാളികളെയും രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കളിയായിരുന്നു രംഗനാഥന്‍റേത്. അയാൾ ശിവയോട് വിഷയം അവതരിപ്പിച്ചു.

“ശിവപ്രസാദ്, നിങ്ങളെ ഞാൻ രക്ഷിക്കാം. പകരം എനിക്കും എന്‍റെ പാർട്ടിക്കും വേണ്ടി പ്രവർത്തിക്കണം. നല്ലതുപോലെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി.”

“എനിക്ക് വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. നാല് കൊലപാതകങ്ങളിൽ ഒന്നാം പ്രതിയായ എന്നെപ്പോലെ ഒരാൾക്ക് എങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ കഴിയും?” ജാള്യതയോടെയാണ് ശിവ അത് തിരക്കിയത്.

“അതാണോ പ്രശ്നം. ഏറ്റവും ചെറിയ സർക്കാരുദ്യോഗം ലഭിക്കണമെങ്കിൽ എട്ടാം തരമെങ്കിലും പാസ്സാകണം. പക്ഷേ, രാജ്യം ഭരിക്കുന്ന നേതാവാകണമെങ്കിൽ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല. ഇനി താൻ കൊലപാതകിയെന്നല്ലേ പറഞ്ഞത്. കൊലപാതകവും തട്ടിപ്പുമൊക്കെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുള്ളതാ. രാഷ്ട്രീയത്തിൽ ചുവട് വയ്ക്കണമെങ്കിൽ ഒരു വർഷത്തെ ജയിൽവാസമെങ്കിലും അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾക്കെന്താണൊരു കുറവ്? വലിയ വലിയ കൊള്ളക്കാർക്കും മുൻമന്ത്രിയെ കൊന്നവന്‍റെ ഭാര്യക്കും വരെ രാഷ്ട്രീയത്തിൽ കളിക്കാമെങ്കിൽ തനിക്കെന്തുകൊണ്ടായിക്കൂടാ?” മന്ത്രി രംഗനാഥൻ പ്രോത്സാഹിപ്പിച്ചു.

“പക്ഷേ, ഇത്രയധികം കുറ്റവാളികളിൽ നിന്നും താങ്കളെന്നെത്തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം?” ശിവ സംശയത്തോടെ ചോദിച്ചു.

“നിന്‍റെ വാദം ശക്തമായിരുന്നു. ഇത് രാഷ്ട്രീയമായി പ്രചരിപ്പിക്കുകയാണെങ്കിൽ ജനങ്ങൾക്ക് നിന്നോട് ദയ തോന്നും. വോട്ടിന്‍റെ പ്രവാഹം തന്നെയുണ്ടാകും. ജനങ്ങളുടെ വീക്ക്നെസ്സെന്താണെന്ന് എനിക്ക് നന്നായറിയാം” മന്ത്രി പറഞ്ഞു.

ശിവപ്രസാദ് സമ്മതം മൂളി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രംഗനാഥൻ ഉടനെ അയാളെക്കൊണ്ട് ദയാഹർജി എഴുതിച്ച് രാഷ്ട്രപതിക്ക് അയച്ചു. 20 വർഷത്തെ നല്ലനടപ്പ് കണക്കിലെടുത്ത് രാഷ്ട്രപതി ശിവയുടെ ശിക്ഷ റദ്ദാക്കി. അങ്ങനെ മന്ത്രി രംഗനാഥന്‍റെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച് ശിവപ്രസാദ് ഒടുവിൽ മന്ത്രിയായി.

ശിവപ്രസാദിന്‍റെ മകൻ സഞ്ജുവും അച്ഛനൊപ്പം ഡൽഹിയിലെത്തി. അഞ്ചാറുവർഷമായി ഇടയ്ക്കിടയ്ക്ക് ബോധം നഷ്ടപ്പെടുന്ന ഒരസുഖം ഉണ്ടായിരുന്നു. മന്ത്രിയായതോടെ ശിവപ്രസാദ് മകനെ നല്ലൊരാശുപത്രിയിൽ അഡിമിറ്റ് ചെയ്തപ്പോഴാണ് സഞ്ജുവിന് ഹാർട്ട് പ്രോബ്ലമാണെന്നറിയുന്നത്. ഉടനെതന്നെ ഓപ്പറേഷൻ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.

ഓപ്പറേഷന് രണ്ടുദിവസം മുമ്പ് സഞ്ജുവിന് വീണ്ടും ബോധം നഷ്ടപ്പെട്ടു. അവനെ ഐസിയുവിലേക്ക് മാറ്റി. ശിവപ്രസാദിനും ഗംഗാദേവിക്കും ഡോക്ടർമാക്കുമൊഴികെ മറ്റാർക്കും സഞ്ജുവിന്‍റെ മുറിയിൽ കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. മുറിക്ക് ചുറ്റും കനത്ത പോലീസ് കാവലുണ്ടായിരുന്നു.

ആ സമയം വൈശാലി വിദേശത്തുനിന്നും ഇന്ത്യയിലെത്തിയിരുന്നു. അവൾ ശിവപ്രസാദിന്‍റെ ഓരോ നീക്കങ്ങളും സസൂക്ഷമം വീക്ഷിച്ചു. സഞ്ജുവിന്‍റെ അവസ്ഥ അവളെ സന്തോഷിപ്പിച്ചു. താൻ എന്തുദ്ദേശ്യത്തോടെയാണോ ഇന്ത്യയിൽ വന്നത് അത് സാധ്യമാക്കാൻ വിധിയും തനിക്ക് കൂട്ട് നിൽക്കുകയാണോയെന്ന് വൈശാലിക്ക് തോന്നി.

സമയം രാത്രി 11 മണി. ആശുപത്രി പരിസരവും വരാന്തയുമൊക്കെ വിജനമായി. ഒന്നോരണ്ടോ ആശുപത്രി ജീവനക്കാരൊഴികെ വലിയ തിരക്കൊന്നുമില്ലായിരുന്നു. വൈശാലി വെളുത്ത കോട്ടെടുത്ത് ധരിച്ച് ഐസിയുവിൽ പ്രവേശിച്ചു. പുറത്ത് കാവൽക്കാരൻ നല്ല ഉറക്കത്തിലായിരുന്നു.

തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് വൈശാലി സശ്രദ്ധം നാലുപാടും നോക്കി. ആശുപത്രിയ്ക്കകത്ത് കടന്നത് മുതൽ അവൾ ഏറെ ജാഗരൂകയായിരുന്നു. അവൾ ശബ്ദമുണ്ടാക്കാതെ സഞ്ജുവിന്‍റെ അടുത്തെത്തി. അവൻ നല്ല ഉറക്കത്തിലായിരുന്നു. കൈയിൽ കുത്തിയ സൂചിയിലൂടെ ഗ്ലൂക്കോസ് അവന്‍റെ ശരീരത്തിൽ എത്തുന്നുണ്ടായിരുന്നു. ഒരു നിമിഷം സഞ്ജുവിനെ തുറിച്ചുനോക്കിയ ശേഷം വൈശാലി വെളുത്ത കോട്ടിന്‍റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് പുറത്തെടുത്തു. ഗ്ലൂക്കോസ് ബോട്ടിലിലേക്ക് അത് ഇൻജക്ട് ചെയ്തു.

പെട്ടെന്ന് വാതിലിനടുത്ത് ചെറിയൊരനക്കം കേട്ടു. അവൾ ഓടി ബാത്ത്റൂമിൽ കയറി. അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.

പുറത്ത് കാവൽക്കാരൻ സഞ്ജുവിന്‍റെ മുറി പരിശോധിക്കുകയായിരുന്നു. അകത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി അയാൾ പുറത്തിറങ്ങി വാതിലടച്ചു. അൽപസമയത്തിന് ശേഷം വൈശാലി ബാത്ത്റൂമിൽ നിന്നിറങ്ങി സഞ്ജുവിനരികിലെത്തി. വളരെ മന്ദഗതിയിലായിരുന്നു സഞ്ജുവിന്‍റെ നാടിമിടിപ്പ്. സഞ്ജു പെട്ടെന്ന് വിറച്ചു. സഞ്ജുവിന്‍റെ അന്ത്യമടുത്തിരിക്കുന്നു. “എന്നോട് ക്ഷമിക്കൂ സഞ്ജൂ… എന്‍റെ ഇളയ സഹോദരൻ നിഖിലും സഹോദരി ശുഭാംഗിയും മരണത്തിനുമുമ്പ് ഇതുപോലെ വിറച്ചുകാണും. നിന്നോടെനിക്ക് യാതൊരു പകയുമില്ല കുട്ടീ… പക്ഷേ, ഇപ്പോൾ ഇതെനിക്ക് ചെയ്തേ പറ്റൂ. എന്‍റെ സഹോദരങ്ങൾക്കും കുടുംബത്തിനും നിത്യശാന്തി കിട്ടണം.”

അവൾ പതുക്കെ വാതിൽ തുറന്ന് ഹാന്‍റിൽ തുടച്ച് പുറത്തേക്കിറങ്ങി. വളരെ ശ്രദ്ധയോടെ വെളുത്തകോട്ട് അഴിച്ച് സാരിയുടെ തലപ്പിൽ ഒളിപ്പിച്ച് അവിടെനിന്നും വേഗം നടന്നു.

വൈശാലി ഇന്ത്യയിലുണ്ടെന്ന വിവരം ബന്ധുക്കൾക്ക് പോലുമറിയില്ലായിരുന്നു. പിറ്റേന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് അവൾ വിദേശത്തേക്ക് മടങ്ങി.

സഞ്ജുവിന്‍റെ മരണത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നു. വിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. ശിവപ്രസാദ് തന്‍റെ കഴിവുപയോഗിച്ച് ഹോസ്പിറ്റലിലെ അരഡസനോളം ഡോക്ടർമാരെയും നേഴ്സുമാരെയും കാവൽക്കാരെയും സസ്പെൻഡ് ചെയ്തു.

“ശിവാ, നീയെന്താ അലോചിക്കുന്നേ?” ഗംഗാദേവിയുടെ ശബ്ദംകേട്ട് ശിവ ഓർമ്മകളിൽ നിന്നും മടങ്ങിവന്നു.

“നമുക്കിത് പോലീസിലറിയിച്ച് വൈശാലിയെ കൈയോടെ പിടികൂടിയാലോ?” ഗംഗാദേവി തിരക്കി.

“ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന കാര്യം ചേച്ചി മറക്കരുത്. വൈശാലിയെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, ആ പീറപ്പെണ്ണിന് ഇത്ര ധൈര്യം കാണുമോ? എന്‍റെ മൊഴി എതിർത്ത് പറയാൻ പറ്റാത്ത അവൾ എനിക്കെതിരെ എന്ത് പ്രവർത്തിക്കാനാ? പക്ഷേ, ഇത് അതൊന്നുമല്ല. എന്‍റെ ജീവിതകഥ എല്ലാവർക്കും അറിയാവുന്നതല്ലേ? ഒരുപക്ഷേ, എന്‍റെ രാഷ്ട്രീയ ശത്രുക്കളുടെ വല്ലവരുടെയും അടവായിരിക്കും. നമ്മുടെ ശ്രദ്ധതിരിച്ചുവിടാനായി വൈശാലിയെ കരുവാക്കിയതായിരിക്കും. കൊലയാളി യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല. ലെറ്റർ ടൈപ്പ് ചെയ്താണ് അയയ്ച്ചിരിക്കുന്നത്. രാഷ്ട്രീയമെന്ന ചൂതുകളിയെക്കുറിച്ച് ചേച്ചിക്ക് ശരിക്കുമറിയാഞ്ഞിട്ടാ.”

“കഴിഞ്ഞ മൂന്ന് മാസത്തോളമായി എനിക്ക് രാഷ്ട്രീയത്തിലെ എല്ലാ കളികളും നന്നായറിയാം. നേട്ടങ്ങൾക്കു വേണ്ടി പലതും നഷ്ടപ്പെടുത്തേണ്ടി വരും, സഹിക്കേണ്ടി വരും. രാഷ്ട്രീയക്കളിയിൽ എനിക്കന്‍റെ മകനും കുടുംബവുമാണ് നഷ്ടമായിരിക്കുന്നത്. ഇനി അന്വേഷണം കൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല…” ശിവപ്രസാദ് ഈറൻ കണ്ണുകളോടെ ശില പോലെ ഇരുന്നു.

കൊച്ചു കൊച്ചു സ്വകാര്യങ്ങൾ

മുറ്റത്ത് കാർ വന്നു നിൽക്കുന്നതും അമ്മ അതിൽ നിന്ന് ഇറങ്ങി അകത്തേയ്ക്ക് കയറി വരുന്നതും ജനലിലൂടെ കണ്ടപ്പോഴാണ് ശാരിയ്ക്ക് സമാധാനമായത്. ഇവിടെ ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാനസിക വൈകല്യമുണ്ടെന്നും ഇപ്പോഴേ ചികിത്സിച്ചാൽ ഭേദമാക്കാൻ എളുപ്പമാണെന്നും താൻ എത്രയോ തവണ തന്‍റെ വീട്ടിലോട്ട് വിളിച്ചു പറഞ്ഞിരിക്കുന്നു. ഇപ്പോഴെങ്കിലും അവർക്ക് കാര്യം മനസ്സിലായി എന്നതു തന്നെ ഏറെ ആശ്വാസമെന്ന് ശാരി ചിന്തിച്ചു.

അകത്ത് കടന്ന അമ്മയെ ശാരി നേരെ തന്‍റെ ബെഡ് റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ട് ചെവിയിൽ സ്വകാര്യമായി പറഞ്ഞു.

“ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാത്രമല്ല ഇവരുടെ കുടുംബത്തിൽ പലർക്കും മുമ്പേ തന്നെ മാനസിക നില ശരിയല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴെങ്കിലും അമ്മയ്ക്ക് കാര്യം ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് ഇനി ഒട്ടും വൈകേണ്ടതില്ല, നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടാം.” ശാരി തിടുക്കം കൂട്ടി.

“നീയൊന്ന് അടങ്ങ്, ഞാൻ ശ്രീഹരിയേയും അമ്മയെയും ഒന്ന് കാണട്ടെ. തൽക്കാലം നീ ഇവിടെത്തന്നെ ഇരിയ്ക്ക്.” അമ്മ ശാരിയെ സാന്ത്വനപ്പെടുത്തി എഴുന്നേറ്റ് മുറിയ്ക്ക് പുറത്തു കടന്നു. അമ്മായിയമ്മയും ഭർത്താവും വല്ല കള്ളവും പറഞ്ഞ് തന്‍റെ അമ്മയെ മാനസാന്തരം വരുത്തുമോ എന്ന ആകുലതയിൽ ശാരി അസ്വസ്ഥയായി മുറിയ്ക്കുള്ളിൽ നടക്കാൻ തുടങ്ങി.

പത്ത് മിനിറ്റിനകം തന്നെ അമ്മ തിരിച്ചെത്തി ശാരിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്തായാലും നിന്‍റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. നമ്മൾ അവരെ രണ്ടു പേരെയും ഡോക്ടറെ കാണിക്കുവാൻ കൊണ്ടുപോകുകയാണ്. ഇനിയെല്ലാം ഡോക്ടർ തന്നെ തീരുമാനിയ്ക്കട്ടെ. വാ മോളെ, നമുക്ക് ഇറങ്ങാം.”

അനുസരണയുള്ള കുട്ടിയായി ശാരി അമ്മയോടൊപ്പം കാറിന്‍റെ പുറകിൽ കയറി. മുൻസീറ്റിൽ കയറിയ ശ്രീഹരി തിരിഞ്ഞ് നോക്കി എല്ലാവരും കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ഡ്രൈവർക്ക് കണ്ണുകൊണ്ട് നിർദ്ദേശം നൽകി.

ഇതിനിടയിലും മറ്റാരും കേൾക്കാതെ അമ്മയുടെ ചെവിയിൽ ഒരു സ്വകാര്യം പറയുവാൻ ശാരി പഴുത് കണ്ടെത്തി.

“ഞങ്ങടെ കല്യാണത്തിനു മുമ്പും ശ്രീയേട്ടന് മുഴുത്ത വട്ടായിരുന്നുവെന്ന് ഇവിടെ അയൽ വീട്ടിലെ കുട്ടികളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ശ്രീയേട്ടൻ ആ കുട്ടികളുമാത്ത് കളിക്കുമ്പോഴെല്ലാം കള്ളക്കളി കളിക്കാറുണ്ടായിരുന്നു എന്ന് അവരെല്ലാം പറഞ്ഞു. ഇതെല്ലാം മറച്ചുവച്ച് ഈ കല്യാണം നടത്തിയതിന് ഇവർക്കെതിരെ ഒരു കേസും അമ്മ, അച്ഛനോട് പറഞ്ഞ് കൊടുപ്പിക്കണം.”

“അതൊക്കെ അമ്മ നോക്കിക്കൊള്ളാം. മോൾ അമ്മേടെ തോളിൽ തലവച്ച് ഒന്ന് മയങ്ങിക്കോളൂ. എത്തുമ്പോൾ അമ്മ വിളിയ്ക്കാം.” ശാരി സംതൃപ്തിയോടെ അമ്മയുടെ തോളിൽ തലവച്ച് കണ്ണുകളടച്ചു.

ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ എല്ലാവരുമായി ഇരിക്കവേ തന്നെ ഡോക്ടർ ഓരോരുത്തരെയും പ്രത്യേകമായി അരികിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. ശാരി ഇതിനിടെ ഡോക്ടറോട് ചെവിയിൽ ‘മുറിയുടെ വാതിൽ കൊളുത്തിടുന്നതാണ് നല്ലത്, ഇൻജക്ഷൻ പേടിച്ച് ശ്രീയേട്ടൻ ഓടിപ്പോയാലോ ‘ എന്ന മറ്റൊരു സ്വകാര്യം കൂടി സൂചിപ്പിച്ചു. ഡോക്ടർ ചിരിച്ചു കൊണ്ട് ‘അതൊക്കെ ഞാനേറ്റു’ എന്ന് ശാരിയെ സമാധാനിപ്പിക്കുകയും ചെയ്തു.

വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ ശാരി മോളുടെ മുമ്പാകെ രണ്ട് ഉപാധികൾ വച്ചു. ഒരാഴ്ചക്കാലം ശ്രീഹരി ഇവിടെ താമസിച്ച് ചികിത്സ തേടുമ്പോൾ മറ്റൊരു മുറിയിൽ ശാരിയും അമ്മയും കൂടെ ഇവിടെയുണ്ടാകണം എന്നതായിരുന്നു ഒരു നിബന്ധന. എല്ലാ ദിവസവും രാവിലെയും വൈകിട്ടുമുള്ള കൗൺസിലിംഗ് ക്ലാസ്സിൽ കൃത്യമായി പങ്കെടുക്കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. എല്ലാവരും സന്തോഷപൂർച്ചം അത് സ്വീകരിച്ചതിനാൽ അന്നു തന്നെ മുറിയിലേക്ക് മാറി ചികിത്സയും തുടങ്ങി.

ഓരോ ദിവസവുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കഴിയുമ്പോഴും തനിക്ക് ഇതുവരെ ശ്രീയേട്ടനിലും അമ്മായിഅമ്മയിലും കുഴപ്പങ്ങളായി തോന്നിയ പലതും തന്‍റെ തെറ്റിദ്ധാരണയാലും പകത്വയില്ലായ്മയാലും തോന്നിയതായിരുന്നു എന്ന് ശാരി പതിയെ മനസ്സിലാക്കിത്തുടങ്ങി. മാത്രമല്ല, ഇവിടെ കൗൺസിലിംഗിന് വിധേയമാകുന്നത് താൻ മാത്രമാണെന്നും ശ്രീയേട്ടനും അമ്മായിയമ്മയും ഇവിടെ ഒരു ചികിത്സയ്ക്കും വിധേയമാകുന്നില്ലെന്നും ശാരി തിരിച്ചറിയുവാനും തുടങ്ങി.

ആദ്യത്തെ അഞ്ച് ദിവസത്തെ ക്ലാസ്സുകൾ കഴിഞ്ഞപ്പോഴേയ്ക്കും ഇതുവരെ താൻ കുഴപ്പക്കാരെന്ന് കരുതിയിരുന്ന ശ്രീയേട്ടനിലും അമ്മായിഅമ്മയിലും സത്യത്തിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും തുടർന്നുള്ള രണ്ട് ദിവസത്തെ കൗൺസിലിംഗ് കൂടി കഴിഞ്ഞതോടെ ക്ഷമയുടെയും സഹനത്തിന്‍റെയും പക്വതയുടെയും തന്നോടുള്ള കരുതലിന്‍റെയും കാര്യത്തിൽ അവർക്കൊപ്പമെത്താൻ താനിനിയും ബഹുദൂരം മുന്നേറേണ്ടതുണ്ടെന്ന കാര്യവും കൂടി ശാരി മനസ്സിലാക്കിത്തുടങ്ങി.

എട്ടാം നാൾ എല്ലാവരുമൊത്ത് ആശുപത്രിയുടെ പടികളിറങ്ങവേ ശാരി അമ്മയോട് ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു.

“എനിയ്ക്കായി ഈ ശ്രീയേട്ടനെ കണ്ടുപിടിച്ച് തന്ന അമ്മയോട് ഞാനെങ്ങനെയാണ് എന്‍റെ നന്ദിയും കടപ്പാടും തീർക്കുക എന്ന് എനിക്കറിയില്ല അമ്മേ…”

“നിന്‍റെ അമ്മായിഅമ്മക്കും എനിയ്ക്കുമായി ഓരോ പേരക്കുട്ടികളെ തന്നാൽ ഞങ്ങൾ അതുകൊണ്ട് തൃപ്തിപ്പെട്ടു കൊള്ളാമേ.” അമ്മ ശാരിയുടെ ചെവിയിൽ ഒരു സ്വകാര്യം ചൊല്ലിക്കൊണ്ട് എല്ലാവരുമൊത്ത് കാറിലേയ്ക്ക് കയറി. പതിവുപോലെ കാർ പുറപ്പെടുന്നതിനു മുമ്പായി പുറകിലെ സീറ്റിലേക്ക് തിരിഞ്ഞു നോക്കിയ ശ്രീഹരിയുടെ നയനങ്ങൾ ആർദ്രമായിരുന്നത് ശാരി ആദ്യമായി തിരിച്ചറിഞ്ഞു.

സ്നേഹമർമ്മരങ്ങൾ

സുപ്രിയ താമസിക്കുന്ന കെട്ടിടത്തിന്‍റെ ലീസ് അവസാനിച്ചിരുന്നു. അതിനാൽ കഴിഞ്ഞ ഒരുമാസമായി അവൾ ഭർതൃവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. അതിൽ കുഴപ്പമൊന്നുമില്ല പക്ഷേ അവളുടെ പ്രിയകൂട്ടുകാരി ലത, അവളെ കാണാൻ പഴയ വീട്ടിൽ വരാറുണ്ട്. തങ്ങാറുമുണ്ട്.

ഇപ്പോൾ വീട് മാറിയതു കൊണ്ട് അവൾ വന്നാൽ എവിടെ നിൽക്കും… നാളെ രാവിലെ അവൾ എത്തും!

കോളേജ് കാലത്തെ തീപ്പൊരിയായ സുപ്രിയ കൂട്ടുകുടുംബത്തിൽ കഴിയുന്ന കാര്യം ഓർത്തപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. വീട്ടിലെ പാരമ്പര്യവും നാട്ടുനടപ്പുമൊക്കെ അനുസരിച്ചു ജീവിക്കുന്നതിനാൽ അവൾ സന്തോഷവതിയായിരിക്കുമെന്ന് ലത കരുതി. എന്തൊക്കെയായാലും ശാന്തൻ കൺവെട്ടത്ത് തന്നെയാണല്ലോ. അത് ഒരു സ്ത്രീയെ സംബന്ധിച്ച് ധാരാളമല്ലേ.

രാവിലെ തന്നെ ശാന്തൻ ലതയെ കൂട്ടിക്കൊണ്ടു വരാനായി റെയിൽവേ സ്‌റ്റേഷനിൽ കാറുമായി എത്തിയിരുന്നു. ട്രെയിനിൽ ഉറക്കം ശരിയാകാത്തതിനാൽ വീട്ടിലേക്കുള്ള യാത്രയിൽ അവൾ ശാന്തന്‍റെ തോളിൽ കിടന്നു മയങ്ങിപ്പോയി. ഇങ്ങനെ പോകുമ്പോൾ ഒരു ഉണർവിനിടയിൽ അവൾ ഒരു കാര്യം ആഗ്രഹിച്ചു. ഇനിയും ഇതുപോലെ ശാന്തനുമായി സമയം ചെലവിടാൻ അവസരമുണ്ടാകാതിരിക്കട്ടെ!

വർഷങ്ങൾക്ക് മുൻപ് ശാന്തനുമായി ചിലവഴിച്ച ഒരായിരം നിമിഷങ്ങളുടെ ഓർമ്മകൾ ലതയെ അലട്ടി. അതെല്ലാം ഒരു കാലത്ത് അവളുടെ ജീവശ്വാസം ആയിരുന്നവല്ലോ.

“ഇതു വെറും രണ്ടു ദിവസത്തെ കാര്യമല്ലെയുള്ളൂ. അച്‌ഛനും അമ്മയ്ക്കും യാതൊരു പ്രയാസവും ഉണ്ടാവില്ല.” വീട്ടി ലെത്തിയതും അവളെ സ്നേഹനിർഭരമാ യി കെട്ടിപ്പിടിച്ചു കൊണ്ട് ലതയുടെ ആശങ്കയ്ക്ക് സുപ്രിയ മറുപടി പറഞ്ഞു.

“എടോ നീ എന്‍റെ കൂട്ടുകാരിയല്ലേ ഒരേ മുറിയിൽ കിടന്നു എന്ന് വച്ച് എന്ത് കുഴപ്പമുണ്ടാവാൻ” ഇതു പറഞ്ഞ് ഇരുവരും പൊട്ടിച്ചിരിച്ചു.

“ശാന്തനും പ്രശ്നമൊന്നും ഉണ്ടാവില്ല ചങ്ങാതി.” എന്നാൽ ലത പണ്ടത്തെ മുഴുവൻ കാര്യങ്ങളും സുപ്രിയയോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ കാറിൽ വച്ച് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ വന്നതും. ശാന്തൻ തന്‍റെ കൈവിരലുകളുടെ കുസൃതി തടയാതിരുന്നതും ഒന്നും…

കൂടുതൽ ആളുകൾ ചുറ്റിലും ഉള്ളപ്പോൾ താൻ ശാന്തനുമായി വഴിവിട്ടൊന്നും പെരുമാറില്ലല്ലോ എന്ന് രാവിലെ ബ്രഡിൽ ജാം തേയ്ക്കുമ്പോൾ ലത ഓർത്തു. അതിനേക്കാൾ ഉപരിയായി സുപ്രിയ തന്‍റെ ഉറ്റ ചങ്ങാതിയുമാണല്ലോ. സുപ്രിയയുടെ ഭർത്താവല്ലേ ശാന്തൻ…

അവൾ ശാന്തനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കാൽ തടവാൻ തുടങ്ങി. യാത്ര അവളെ വല്ലാതെ ക്ഷീണി തയാക്കിയിരുന്നു. പക്ഷേ പെട്ടെന്നാണ് ഒരു കാര്യം തീരുമാനിക്കപെട്ടത്. ശാന്തന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാവില്ല. അവർ മകളുടെ വീട്ടിൽ ഒരത്യാവശ്യമായി ഇന്ന് തന്നെ പോവുകയാണ്…

ഒരു പുരുഷനും സ്ത്രീയും തമ്മിൽ സ്പർശനം അനുഭവിച്ചാൽ, ആഗ്രഹിച്ചാൽ, പിന്നെ പ്രകൃതി പോലും അതിനായി അവസരങ്ങൾ ഒരുക്കി തരും. അല്ലെങ്കിൽ ഇതിപ്പോ ഇങ്ങനെ സംഭവിക്കേണ്ടതുണ്ടായിരുന്നോ? ശാന്തൻ വർഷങ്ങളായി സുപ്രിയയുടെതാണ്. അങ്ങനെ ഉള്ള ഒരാളെ രണ്ട് ദിവസം കൊണ്ട് കവർന്നെടുക്കാനൊക്കുമോ?

“എടോ നിന്‍റെ സമയം ഇവിടെ വേഗം ഓടി തീരും. ഞാനുണ്ടാവില്ലെന്ന് കരുതി നിനക്ക് ബോറടിക്കുകയൊന്നും ഇല്ല. ശാന്തന് നൈറ്റ് ഷിഫ്റ്റാണ്. പകൽ സമയം പോകാൻ പുള്ളിയുടെ കത്തി കേട്ടിരിക്കാം.” ചായ പകർന്നു കൊടുക്കുന്നതിനിടയിൽ സുപ്രിയ പറഞ്ഞു.

“എന്‍റെ പ്രിയ ഭർത്താവ് ഭാര്യയ്ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ.”

“ഇവരുടെ വൈവാഹിക ജീവിതം താറുമാറാകുന്ന യാതൊന്നും ഞാൻ ചെയ്യില്ല.” ലത ഉള്ളിൽ പിറുപിറുത്തു. അവൾക്ക് തന്നെ തന്നെ വിശ്വാസം ഇല്ലാത്തതുപോലെ. മനസ്സിനെ ദൃഢപ്പെടുത്താനായി മന്ത്രിച്ചു കൊണ്ടേയിരുന്നു. “ഇല്ല ഞാൻ വഴി വിടില്ല.”

“എടീ, നീ ദിവസം മുഴുവൻ എന്ത് ചെയ്യുമെന്ന ആശങ്കയൊന്നും എനിക്കില്ല. കാരണം നീയൊരു വലിയ സ്‌ഥാപനത്തിന്‍റെ ക്രീയേറ്റീവ് ഡയറക്‌ടറല്ലേ. ക്രിയാത്മ‌കമായി സമയം ഉപയോഗിച്ചോളും” സുപ്രിയ അവളെ ഇളക്കാനായി തട്ടിവിട്ടു.

“ഞാൻ അഡ്‌ജസ്‌റ്റ് ചെയ്തോളാം” ലത നിസംഗതയോടെ പറഞ്ഞു.

സുപ്രിയ അത്ര പൊട്ടിയൊന്നുമായിരുന്നില്ല. ഭർത്താവിന്‍റെ കുപ്പായത്തിൽ നിന്ന് കിട്ടിയ മുടിനാരിഴകൾ ലതയുടെതാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു.

“അപ്പോ അടുത്ത അജണ്ട എന്താണ്?” ലത തലകുലുക്കികൊണ്ട് സുപ്രിയയോട് ചോദിച്ചു.

സുപ്രിയ സ്നേഹിതയുടെ കൈ പിടിച്ചു കൊണ്ട് അകത്തെ ഒരു ചെറിയ മുറിയിൽ കൊണ്ടുപോയി. അവിടെ ഒരു മേശയും രണ്ട് കസേരകളും ഉണ്ടായിരുന്നു. എന്നിട്ട് സുപ്രിയ ലതയുടെ തോളിൽ തലവച്ചുകൊണ്ട് കിടന്നു. ലത സുപ്രിയയുടെ നെറ്റി തടവികൊടുത്തു. കുറച്ചു നേരത്തിനു ശേഷം സുപ്രിയ നിർത്താതെ വിതുമ്പാൻ തുടങ്ങി.

“എന്തുപറ്റി. ഞാൻ വന്നതിൽ നിനക്കൊരു സന്തോഷവും ഇല്ലാത്തപോലെ?” സുപ്രിയയുടെ താടി കൈകൊണ്ട് മെല്ലെ ഉയർത്തിക്കൊണ്ട് ലത ചോദിച്ചു.

“നീയെന്‍റെ ഏറ്റവും അടുത്ത ചങ്ങാതിയല്ലേ. നിനക്കതറിയാൻ പറ്റും.” സുപ്രിയ ഇതു പറഞ്ഞ് പുറത്തേയ്ക്ക് പോയി. സുപ്രിയ കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും വർത്തമാനത്തിൽ നിന്ന് ഒരു കാര്യം വളരെ വ്യക്‌തമായിരുന്നു. സുപ്രിയ ഭർത്താവിനെയും ലതയെയുംആഗ്രഹിക്കുന്നു. രണ്ടുപേരെയും നഷ്ടപ്പെടാൻ അവൾ ആഗ്രഹിക്കുന്നില്ല.

സുപ്രിയ പോയിക്കഴിഞ്ഞാൽ ശാന്തനെ ഇന്ന് മുഴുവനും കാണാതിരിക്കാനായി ലത മനസ്സു കൊണ്ട് നിനച്ചു. ഈ ഉറ്റ ചങ്ങാതിയെ കൂടാതെ തനിക്കാരാണുള്ളത്? ഇവളെ വഞ്ചിക്കുക എന്ന് പറഞ്ഞാൽ സ്വയം വഞ്ചിക്കുന്നതു പോലെയല്ലേ.. രണ്ട് ദിവസം കൊണ്ട് തല്ലിക്കെടുത്തേണ്ട ഒന്നല്ല ഈ ബന്ധം.

“വെള്ളം ചൂടായിട്ടുണ്ട്. വേഗം കുളിച്ച് ഫ്രഷായിക്കോളൂ” സുപ്രിയ അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

“ആ… ഇതാ വരുന്നു…” ലത ഉത്സാഹം വീണ്ടെടുത്ത് എഴുന്നേറ്റു.

“നീയെന്താണ് ചിന്തിക്കുന്നത്. ഈ പഴയ ചൈനീസ് ക്ലേയുടെ പ്ലേറ്റ് പൊട്ടിയത് എന്‍റെ സമയ ദോഷമാണോ കാണിക്കുന്നത്?” സുപ്രിയ വീണുടഞ്ഞ പ്ലേറ്റ് പെറുക്കിയെടുത്തു കൊണ്ട് ചോദിച്ചു.

“പഴയ പ്ലേറ്റ് അല്ല പൊട്ടിയത്. അതേതായാലും നന്നായി. കൈയൊന്നും മുറിഞ്ഞില്ലല്ലോ ഭാഗ്യം”

ലത തന്‍റെ ബാഗിൽ നിന്ന് ഒരു പുതിയ ഇറ്റാലിയൻ ക്രോക്കറി സെറ്റ് പുറത്തെടുത്തു കൊണ്ട് പറഞ്ഞു. എപ്പോഴും ഇതുപോലെ എന്തെങ്കിലും സമ്മാനവുമായാണ് ലത വരുന്നത്.

“പഴയതിനു പകരം ഇനി ഇത് ഉപയോഗിച്ചോളൂ.”

അന്നേരം ശാന്തൻ വാതിൽ തുറന്ന് അകത്തു വന്നു. ലതയുടെ മുഖം ഒന്നു വിളറി. സുപ്രിയ അടുക്കളയിൽ ഒളിച്ചും പാത്തും ഒറ്റയ്ക്ക് പണിയെടുക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ഇങ്ങനെ ഒരേ മേൽക്കൂരയിൽ പരസ്പരം കാര്യമായി മിണ്ടാതെയും സ്നേഹം കാണിക്കാതെയും എങ്ങനെയാണ് കഴിയാനാവുക? ലത ഇങ്ങനെ ഓരോന്ന് അവരെപ്പറ്റി ചിന്തിച്ചു.

“ലത നീയൊന്ന് അൽപനേരം ടെറസ്സിൽ പോയി നിൽക്കുമോ. എനിക്ക് ശാന്തനോട് കുറച്ച് സംസാരിക്കാനുണ്ട്.” സുപ്രിയ ലതയോട് പറഞ്ഞു. ലത വിരലുകൾ വാനിലുയർത്തി അവരോട് തണുത്ത ഒരു ബൈ… ബൈ പറഞ്ഞ് ടെറസിലേയ്ക്ക് കയറി. അവിടെ വിശ്രമിക്കാനായി ഒരു കസേര ഉണ്ടായിരുന്നു. അവൾ കാലുനീട്ടി വച്ച് അതിൽ ഇരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.

ഇടയ്ക്ക് ഞെട്ടി ഉണർന്നു. അപ്പോഴാണ് പരിസരബോധമുണ്ടായത്. ലത താഴേയ്ക്ക് വന്നപ്പോൾ സുപ്രിയ ഓഫീസിൽ പോകാൻ ഒരുങ്ങി നിൽക്കുന്നതാണ് കണ്ടത്. ശാന്തൻ എന്തോ ഫയലുകൾ നോക്കുകയാണ്. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ഇരുവരും നോക്കുന്നുമുണ്ട്. ഇവർക്കിടയിൽ എത്രമാത്രം സ്നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് ലതയ്ക്ക് മനസ്സിലായി.

തന്‍റെ സ്നേഹിതയുടെ പക്കൽ എല്ലാം ഉണ്ട്. വിദ്യാഭ്യാസം, നല്ല പെരുമാറ്റം, നല്ല ജോലി, ഭർത്താവ്, സ്നേഹം… എന്നിട്ടും ഈ സ്നേഹം ഇത്രയും രഹസ്യ സ്വഭാവത്തിലായത് എന്തു കൊണ്ടാണ്? ലത ചിന്തിക്കാതിരുന്നില്ല. ഇവർക്കിടയിലെ പ്രശ്നം ശരിക്കും എന്താണ്?

“നമുക്ക് വൈകിട്ടു കാണാം.” സുപ്രിയ ഇറങ്ങുമ്പോൾ ലതയോട് പറഞ്ഞു. രണ്ടാളും കെട്ടിപ്പിടിച്ചു. ലത സ്നേഹിതയുടെ കവിളിൽ ഒരു മുത്തം കൊടുത്തു.

മെയിൻ ഡോർ അടഞ്ഞപ്പോൾ ലത തന്‍റെ പേഴ്‌സിലെ വിവാഹമോതിരം എടുത്ത് നോക്കി. തന്‍റെ പരാജയപ്പെട്ട വിവാഹത്തിന്‍റെ പ്രതീകം. എടുത്തു പിടിച്ചുള്ള വിവാഹത്തിൻറ ഓർമ്മകൾ പശ്ചാത്താപത്തിനു ഇട നൽകുന്നതായിരുന്നു. ആ ബന്ധത്തിന്‍റെ കയ്പ്പുള്ള ഓർമ്മകൾ പുതിയൊരാളെ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.

“ഐ ആം എ മാൻ, നോട്ട് മെഷീൻ” ഭർത്താവി ന്‍റെ ശബ്ദം അവളുടെ ഓർമ്മകളിൽ മുഴങ്ങി.

തന്നെ രാവും പകലും സ്നേഹിക്കുന്ന ഒരാളെ നോക്കിയിരുന്നിട്ട് കിട്ടിയ ആളാണ്. അതും അന്യ മതത്തിൽപ്പെട്ട ഒരാളെ. പക്ഷേ ഒരു വർഷം പോലും ഒന്നിച്ചു ജീവിക്കാനായില്ല…

“നിന്‍റെ ജോബ് പൊസിഷൻ ഏറെ ഇന്‍ററസ്റ്റിംഗ് ആണ്.” ശാന്തന്‍റെ ഈ ഡയലോഗ് അവളുടെ വിചാരങ്ങളെ മുറിച്ചുകളഞ്ഞു. അയാൾ അടുക്കളയിൽ നിന്ന് രണ്ട് ഗ്ലാസ് കൂൾഡ്രിംഗ്‌സ് എടുത്തു കൊണ്ടു വന്നിരിക്കുകയാണ്. പക്ഷേ മുഖത്ത് പരിഭ്രമം പോലെ…

“നീ നേർവസ് ആണല്ലോ. എന്തുപറ്റി, ഞാൻ അതിഥിയൊന്നുമല്ല കെട്ടോ, വീട്ടുകാരിയാണ്.” ഇതു പറഞ്ഞ് ലത ശാന്തന്‍റെ കൈയിൽ അമർത്തി പിടിച്ചു. തന്‍റെ അടുത്ത് ഇരുത്തി.

മറുപടിയായി ശാന്തൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

“നമ്മൾ അധിക സമയം ഒന്നിച്ചുണ്ടാവാതിരിക്കുന്നതാണ് നല്ലത്.” ലത എന്തോ നിശ്ചയിച്ചതു പോലെ പറഞ്ഞു.

ശാന്തൻ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു. “എന്താ നിനക്ക് സ്വയം നിയന്ത്രിക്കാൻ ആവില്ലെന്നുണ്ടോ?”

“നിനക്ക് എന്നെ കോളേജ് കാലം മുതൽ അറിയാമല്ലോ. എന്നിട്ടും…” ലത ഒന്നു പതറി, പിന്നെ പറഞ്ഞ് തുടങ്ങി.

“ഐ നീഡ് ആ കിസ്സ് അറ്റ്ലീസ്റ്റ്.” എന്നിട്ടവൾ ശാന്തന്‍റെ അടുത്തേയ്ക്ക് വളരെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു.

ശാന്തന്‍റെ തലോടൽ അവൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു. പക്ഷേ അയാൾ അവളുടെ ആഗ്രഹം എന്താണ് സ്വീകരിക്കാത്തത്? അതോർത്ത് ലത പരിഭ്രമിക്കാതിരുന്നില്ല.

ശാന്തൻ ലതയുടെ കൈ തന്‍റെ കൈപ്പത്തിക്കുള്ളിലാക്കി കൊണ്ട് പറഞ്ഞു. “ഈ നിലയിൽ തന്നെ ഞാൻ സംതൃപ്തനാണ്.”

“പക്ഷേ ഞാൻ….” ലത മുഴുവിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കണ്ണുകളിൽ നിന്ന് ധാര ഒഴുകി. ലത വല്ലാതെ ഇമോഷണലായി. കോളേജ് കാലത്ത് ശാന്തനുമൊത്തുള്ള ബന്ധം ഓർത്തു. രണ്ടാളും ഒന്നിച്ച് നാടകം കളിച്ചത്. അത് പ്രണയകാലം കൂടിയായിരുന്നു. മനസ്സും ശരീരവും കെട്ടു പിണഞ്ഞ പൂക്കാലം… ഇന്ന് അതേ സ്നേഹം ശാന്തന്‍റെ കണ്ണുകളിൽ കാണുന്നുണ്ട്. പക്ഷേ….

“ശരിയാണ്. ഞാനാണ് കാമോന്മാദി, അതിന് ശാന്തനെന്തു പിഴച്ചു. തെറ്റ് അയാളുടെതല്ലല്ലോ. നിരന്തരം പ്രലോഭിപ്പിക്കുന്നത് ഞാനല്ലേ…” ലത ഹൃദയത്തിൽ കൈവച്ചു.

“ഓർക്കുന്നുണ്ടോ ശാന്തൻ, നീ കോളേജ് കാലത്ത് എന്നെ ഡയമണ്ട് എന്നാണ് വിളിച്ചിരുന്നത്.” ലത ചുമരിലെ തന്‍റെ നിഴലിനെ നോക്കി കൊണ്ട് ശാന്തനോട് പറഞ്ഞു.

“യസ്, ദാറ്റ് യൂ ആർ ഈവൻ ടുഡേ” ശാന്തൻ പറഞ്ഞു.

“അതെ ഞാൻ വളരെ കഠിനവും തണുപ്പുള്ളതുമാണ്. ഡയമണ്ട് പോലെ….”

“നീ ഹോട്ടാണ്. ആരാണ് പറഞ്ഞത് തണുപ്പുള്ളതാണെന്ന്?” ശാന്തൻ കണ്ണിറുക്കി. കൂടുതൽ എന്തെങ്കിലും പറയും മുമ്പ് ലത ചുണ്ടുകൾ അയാളുടെ ചുണ്ടിൽ അമർത്തി. ശാന്തൻ പുഴയായി ഒഴുകുമെന്ന് അവൾക്കറിയാമായിരുന്നു. തന്‍റെ ഉള്ളിലെ അഗ്നി ശമിപ്പിക്കാൻ ഉള്ള പുഴ… ആ മുറി മുഴുവൻ അവരുടെ ശ്വാസഗതി കൊണ്ട് നിറഞ്ഞു. കുറച്ച് സമയത്തിനു ശേഷം ശാന്തൻ അവളെ തള്ളിമാറ്റി. അയാൾ അവളെ ആശ്ചര്യത്തോടെ നോക്കി. എന്നിട്ട് എന്തോ ഓർത്തശേഷം പറഞ്ഞു.

“നീ എന്നെ എന്തു ചെയ്യാൻ പോവുകയാണ്?”

“നിന്നെ സ്നേഹിച്ചു കൊല്ലാൻ പോകുന്നു” അവൾ ചിരിച്ചു. “ഓഹ്… ഒന്നും അറിയാത്ത പോലെ… ഇതെല്ലാം നമ്മൾ മുമ്പ് ചെയ്തിട്ടുണ്ടല്ലോ.”

അത് കേട്ടപ്പോൾ ശാന്തൻ ഒന്നു പരുങ്ങി. അയാൾ ലതയുടെ കൈപിടിച്ച് അവളെ അടുത്തിരുത്തി. പിന്നെ പതുക്കെ വളരെ പതുക്കെ പറഞ്ഞു തുടങ്ങി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

“പറയൂ, ”

“സുപ്രിയ നിന്നെ സ്നേഹിക്കാനും കരുതലോടെ നോക്കാനും എന്നോട് അപേക്ഷിച്ചിരുന്നു. അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്. നീ ഡിപ്രക്ഷനുള്ള മരുന്ന് കഴിച്ച് വീണ്ടും അസുഖം വരുത്തി വയ്ക്കരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്. മുമ്പ് ഉണ്ടായതു പോലെ ആരോഗ്യപ്രശ്ന‌ം നിനക്കുണ്ടാവരുതെന്ന് അവൾ അതിയായി ആഗ്രഹിക്കുന്നു.”

ഇത് കേട്ടതും ലതയുടെ മുഖം വാടിപ്പോയി. സുപ്രിയ പിറകിൽ വന്ന് തോളിൽ കൈയിട്ട് പിടിച്ചു തൂങ്ങുന്നതു പോലെ അവൾക്ക് തോന്നി. സ്നേഹിതയോട് വല്ലാത്ത അടുപ്പവും ദേഷ്യവും തോന്നി.

“കുറച്ച് നേരം എന്നെ വെറുതെ ഇരിക്കാൻ അനുവദിക്കുമോ?” ശാന്തനോട് ലത ഉറക്കെ പറഞ്ഞു. അത് കേട്ട് ശാന്തൻ മുറി വിട്ടു പോയി.

വൈകുന്നേരം സുപ്രിയ വീട്ടിൽ എത്തിയപ്പോൾ ലത ഏതോ അർജന്‍റ് മീറ്റിംഗിന് പോയതായി മനസ്സിലാക്കി. ലത ഉറ്റ ചങ്ങാതിക്കായി ഒരു കുറിപ്പ് എഴുതി വച്ചിരുന്നു.

“എല്ലാത്തിനും നന്ദി.”

സുപ്രിയ ബെഡിൽ കണ്ണോടിച്ചു. പോകുന്നതിനു മുമ്പ് വിരി തട്ടിവിരിച്ചതു പോലെ തന്നെയുണ്ട്. യാതൊരു ചുളിവും വീണിട്ടില്ല. മനപൂർവ്വം കിടക്കയിൽ വച്ച വലിയ ചീർപ്പും സ്ഥാനം തെറ്റാതെ അവിടെ തന്നെയുണ്ടായിരുന്നു.

Story- എന്നും അരികെ

സർ, എനിക്ക് പിന്നേയും അറേഞ്ച്മെന്‍റ് പിരീയഡ് വച്ചല്ലോ? എട്ടാം ക്ലാസിൽ എനിക്ക് ഇംഗ്ലീഷ് ക്ലാസ് ഉള്ളതാണ്.” അനുജ അൽപം പ്രയാസത്തോടെ രാജേന്ദ്രൻ മാഷിനോട് പറഞ്ഞു.

“മാഡം, ഇന്ന് സീനിയർ ക്ലാസുകളിലെ മൂന്ന് ടീച്ചേഴ്സ് അവധിയിലാ, അതു കൊണ്ടാണ് അറേഞ്ച്‌മെന്‍റ് പിരീയഡ് വേണ്ടി വന്നത്.”

“അഡ്ജസ്റ്റ് ചെയ്യാനാണെങ്കിൽ ഇന്‍റർസെക്‌ഷനിൽ പോവാം. രണ്ട് പിരീയഡ് എടുക്കാം. എന്നാൽ എനിക്ക് പ്ലസ് ‌വൺ ക്ലാസിൽ പോകാൻ ഇഷ്ടമില്ല.

“ശരി മാഡം, പക്ഷേ ഇന്‍റർക്ലാസിലെ കുട്ടികൾ മഹാവികൃതികളാണ്. വർമ്മസാറിനോട് ചോദിക്കൂ ക്ലാസ് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ എന്ന്.” ആകെ അസ്വസ്ഥയായി, അനുജ സ്റ്റാഫ് റൂമിലേക്ക് നടന്നു.

“എന്തുപറ്റി അനുജ?”

“ഒന്നുമില്ല ടീച്ചർ, എനിക്ക് പ്ലസൺ ക്ലാസിൽ പോകാൻ താൽപര്യമില്ല. എന്നിട്ടും കൂടെക്കൂടെ അവിടേക്ക് അറേഞ്ച്മെന്‍റ് ക്ലാസ് തരുന്നു.”

“അവിടെ എന്താ പ്രശ്നം?”

“പ്ലസ്‌ വൺ ക്ലാസിൽ ഒരു പുതിയ കുട്ടി വന്നിട്ടുണ്ട്. അലോക്, അവൻ എപ്പോഴും ഒരു തരം തുറിച്ചു നോട്ടമാണ്. ആദ്യം കുറച്ചു ദിവസം ഞാൻ അവനെ വഴക്കു പറഞ്ഞു. എന്നാൽ അവൻ തിരിച്ചു മിണ്ടുന്നുമില്ല. പക്ഷേ തുറിച്ചു നോട്ടത്തിന് ഒരു കുറവുമില്ല. ഞാൻ അവനോട് എന്തെ ങ്കിലും ചോദിച്ചാൽ മറ്റ് ആൺകുട്ടികൾ വാ പൊത്തി ചിരിക്കാൻ തുടങ്ങും. എന്തോ എനിക്കാകെ പ്രയാസം തോന്നുന്നു. ഞാൻ ടീച്ചറല്ലേ, കുറഞ്ഞത് അവനേക്കാൾ 10 വയസ്സ് കൂടുതലുണ്ട് എനിക്ക്. ബാച്ചിലർ ആണെന്നും കരുതീട്ടാണോ ഈ പെരുമാറ്റം?”

“പക്ഷേ അലോക് ക്ലാസിൽ സ്മാർട്ട് ആണല്ലോ. ഇതുവരെ എന്‍റെ അടുത്ത് അങ്ങനെ പെരുമാറിയിട്ടില്ല.” ഷിനു ടീച്ചർ പുഞ്ചിരിച്ചു.

“അനുജ മിസ് സുന്ദരിയായിട്ടായിരിക്കും.”

“എന്തോ? എനിക്ക് അവന്‍റെ നോട്ടം അത്ര ശരിയായിട്ട് തോന്നുന്നില്ല.” സ്‌റ്റാഫ് റൂമിലെ ചർച്ചയ്ക്ക് വിരാമമിട്ട് അനുജ ക്ലാസിലേക്ക് നടന്നു.

പാലക്കാട്ടെ ഉൾനാടൻ ഗ്രാമത്തിലെ ഒരു സ്ക്കൂളിൽ ജോലിക്ക് കയറിയിട്ട് രണ്ട് വർഷമാകുന്നു. നന്നായി പഠിപ്പിക്കാനുള്ള കഴിവും സഹകരണ മനോഭാവവും കൊണ്ട് സ്‌കൂളിൽ എല്ലാവർക്കും പ്രിയങ്കരിയാണ് അനുജ ടീച്ചർ. പക്ഷേ കഴിഞ്ഞ 2- 3 മാസമായി അലോകിന്‍റെ പ്രശ്നത്തിൽ അനുജ കുറച്ചു പ്രയാസത്തിലാണ്.

ക്രിസ്മസ് അവധി തുടങ്ങാറായി. അധ്യാപകരിൽ പലരും ദൂരെ സ്‌ഥലങ്ങളിൽ നിന്ന് വന്നു ജോലി ചെയ്യുന്നവരാണ്. അവർ വീട്ടിൽ അവധിക്ക് പോകാനുള്ള തിരക്കിലാണ്. ഹാഫ് ഡേ കഴിഞ്ഞപ്പോൾ പല കുട്ടികളും ക്ലാസ് വിട്ട് നേരത്തേയിറങ്ങി. അനുജ സ്റ്റ‌ാഫ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പുറത്ത് ആ കുട്ടി അലോക്, അവൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഷീന മിസ് ചോദിച്ചു.

“എന്താ, നിനക്ക് വീട്ടിലൊന്നും പോകണ്ടേ?”

“അനുജ മിസിനെ കാണാൻ നിന്നതാ.”

“എന്തിന്?”

“ക്രിസ്മസ് ആശംസ…” അലോക് നാണത്തോടെ തല കുനിച്ചു നിന്നു.

“ആഹാ! അതു കൊള്ളാം അനുജ മിസിന് മാത്രം?”

“ഏയ് എല്ലാർക്കും…” അലോകിന്‍റെ മറുപടി കേട്ട് വർമ്മസാർ അമർത്തിയ ചിരിയോടെ അവന്‍റെ തോളത്തു തട്ടി.

“ശരി, ഞങ്ങൾ സ്വീകരിച്ചു. എന്നാൽ പൊയ്ക്കോ?”

“പക്ഷേ അനുജ മിസ് ഒന്നും പറഞ്ഞില്ലല്ലോ.”

“താങ്ക്യു ആന്‍റ് ഹാപ്പി ക്രിസ്മസ്” അനുജ മറുപടി പറഞ്ഞപ്പോൾ അലോക് സന്തോഷത്തോടെ വേഗം നടന്നു പോയി.

എന്തൊരു കുട്ടിയാണിത്? ഇതിനെയാണ് ടീനേജ് എന്നു വിളിക്കുന്നത്. എന്താണ് ചിന്തിക്കുന്നത് എന്താണ് പറയുന്നത് പ്രവർത്തിക്കുന്നത് ഒന്നിനും വ്യക്തതയുണ്ടാവില്ല. പ്രേമം എന്നാൽ ചിരിക്കുക സംസാരിക്കുക കുറെ ദിവസം ഒരുമിച്ച് ചുറ്റിക്കറങ്ങുക ഇതൊക്കെയാ ണെന്നാണ് ചിന്ത. അനുജ എന്തൊക്കെയോ ആലോചിച്ചു പോയി.

“ചായ തണുത്തു.” ആ ശബ്ദമാണ് അനുജയെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

അരുൺ എത്തിക്കഴിഞ്ഞു. വീട്ടിൽ അനുജയ്ക്കൊപ്പം അമ്മയും സഹോദരൻ അരുണും ആണ് താമസം. ഒരു വർഷത്തെ ഇളപ്പമുണ്ട് അരുണിന്. ഐടി കമ്പനിയിലാണ് അവന് ജോലി. ആഴ്ചയിലൊരിക്കൽ വീട്ടിൽ വരും. അവധി ദിനങ്ങളിലാണ് സഹോദരിയും സഹോദരനും തമ്മിൽ കാണാൻ സമയം കിട്ടുന്നത്. അവരുടെ അമ്മയും സ്കൂൾ അദ്ധ്യാപികയാണ്. അതിനാൽ വീട്ടിൽ എല്ലാവർക്കും അവരവരുടേതായ വരുമാനവുമുണ്ട്.

രണ്ടു പേർക്കും വിവാഹപ്രായമായി എങ്കിലും ആദ്യം ആര് എന്ന തർക്കമാണ് രണ്ടുപേർക്കും. ബന്ധുക്കൾ മുറയ്ക്ക് ആലോചനകൾ കൊണ്ടു വരുന്നുണ്ട്. എങ്കിലും എന്തെങ്കിലും തടസ്സങ്ങൾ പറഞ്ഞ് രണ്ടുപേരും വിവാഹം നീട്ടിക്കൊണ്ടു പോവുകയാണ്. ഇവരുടെ പപ്പ കുട്ടിക്കാലത്തെ ഉപേക്ഷിച്ചു പോയി. അമേരിക്കയിൽ ജോലി തേടി പോയതാണ്. എന്നാൽ അയാൾ അവിടെ മറ്റൊരു വിവാഹം ചെയ്തു. പിന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്നിട്ടില്ല.

വിവാഹ ബന്ധത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെ അനുഭവമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ബന്ധങ്ങളിൽ വിശ്വാസമില്ലാതായി.

അങ്ങനെ കല്യാണ ആലോചനകൾ വന്നും പോയുമിരിക്കെ, ഒരു പെൺകുട്ടിയുടെ വിവാഹാലോചനയോട് അരുൺ താൽപര്യം കാണിച്ചു. കാണാൻ ചന്തമുണ്ട്, പഠിത്തമുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം ഡൽഹിയിലാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് നിശ്ചയം. അതിന്‍റെ തയ്യാറെടുപ്പിനായി അനുജ ഒരാഴ്ച്‌ച കൂടി അവധി നീട്ടി. നിശ്ചയത്തിന്‍റെ തലേന്നാണ് ആ ഫോൺ കോൾ വന്നത്.

“അനു നിനക്ക് കോൾ ഉണ്ട്. പാലക്കാട് നിന്നാണെന്നാ പറഞ്ഞത്” അമ്മ ഫോൺ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഹലോ…”

“മിസ്, ഇത് ഞാനാ അലോക്, മിസ് എന്താ സ്‌കൂളിൽ വരാത്തേ?” അലോകിന്‍റെ ശബ്ദം കേട്ട് അനുജ ഞെട്ടിത്തരിച്ചു പോയി.

“നിന്നോട് ചോദിച്ചിട്ടു വേണമായിരുന്നോ അവധി എടുക്കാൻ? എന്‍റെ നമ്പർ എവിടുന്ന് കിട്ടി.”

അനുജ ഇത്രയും പറഞ്ഞ് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്‌തു. ഈ സംഭവത്തിനു ശേഷം ആ ദിവസം മുഴുവൻ അനുജ അസ്വസ്‌ഥയായിരുന്നു. അവൻ സോറി പറഞ്ഞു കൊണ്ട് പിന്നേ യും ഫോൺ ചെയ്തപ്പോൾ അനുജ തിരിച്ച് ഒരുപാടു ശകാരിച്ചു. അവൻ മറുത്തൊന്നും പറയാതെ കേട്ടു കൊണ്ടേയിരുന്നു. എല്ലാം കഴിഞ്ഞ് പതുക്കെ പറഞ്ഞു.

“ടീച്ചറെ കാണാതെ വന്നപ്പോൾ ടെൻഷനായി അതാ.”

അനുജയ്ക്ക് പിന്നേയും ദേഷ്യം വന്നു. “നീ എന്നെക്കുറിച്ച് ഒട്ടും ടെൻഷനാ കണ്ട! സ്വന്തം പഠനത്തിൽ ശ്രദ്ധിക്കൂ. എന്‍റെ കാര്യമൊക്കെ വിട്ടേക്ക്.”

അങ്ങനെ രണ്ടു വർഷം പിന്നിട്ടിരിക്കുന്നു. പ്ലസ് ടു സെക്‌ഷന്‍റെ ഫെയർ വെൽ ഡേ ആണ്. അലോക് ഒരു മൂലയിൽ നിശ്‌ശബ്ദനായി ഇരിക്കുന്നുണ്ടായിരുന്നു. അവൻ ആരോടും ഒന്നും സംസാരിക്കുന്നില്ല. എന്നാൽ പോകാൻ നേരം അനുജയ്ക്ക് ഒരു ഗിഫ്റ്റ് നൽകാൻ അവൻ മറന്നില്ല. അനുജയ്ക്ക് അത് കണ്ടപ്പോൾ വിഷമം തോന്നാതിരുന്നില്ല.

നിന്നെ ഞാൻ ഒത്തിരി വഴക്കു പറഞ്ഞിട്ടുണ്ട്. പക്ഷേ നീ നന്നായി പഠിക്കണം. നല്ല നിലയിൽ എത്തണം.

“യെസ് മാഡം. കാത്തിരുന്നോളൂ.” അലോകിന്‍റെ മറുപടി കേട്ടപ്പോൾ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. എങ്കിലും പുഞ്ചിരിയോടെ ബൈ പറഞ്ഞു. വീട്ടിൽ എത്തിയ ശേഷം അനുജ ഗിഫ്റ്റ് എന്താണെന്ന് തുറന്നു നോക്കി.

20 വർഷത്തേക്കുള്ള മ്യൂസിക്കൽ കലണ്ടർ. അത് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങുന്ന രീതിയിൽ സെറ്റ് ചെയ്‌തിരിക്കുന്നു. ആ കലണ്ടർ അനുജയ്ക്ക് ഇഷ്ടപ്പെട്ടു. അവൾ അത് മേശപ്പുറത്ത് തന്നെ വച്ചു.

അരുൺ വിവാഹശേഷം ഭാര്യയുമൊത്ത് ഡൽഹിയിലേക്ക് താമസം മാറ്റി. വീട്ടിൽ അമ്മയെ തനിച്ചാക്കി നിർത്താൻ വിഷമം തോന്നിയതിനാൽ അവൾ അമ്മയേയും പാലക്കാട്ടേയ്ക്ക് കൂട്ടി. അമ്മ ഇടയ്ക്ക് ഡൽഹിയിലും, കൂടുതൽ സമയം പാലക്കാട്ടുമായി ജീവിക്കാൻ തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ അനുജയ്ക്ക് സ്ഥലം മാറ്റമായി. കൊച്ചിയിലേക്കാണ്. ഒരു ദിവസം അനുജയുടെ വീട്ടിലേയ്ക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി.

“നമസ്തേ മാഡം, ഞാൻ ലഫ്റ്റനന്‍റ് അലോക്.” അനുജ വിസ്‌മയത്തോടെ നോക്കി. അലോക്! അവൻ കുട്ടിത്തമൊക്കെ വിട്ട് യുവാവായിക്കഴിഞ്ഞു.

“വരൂ, അകത്തേക്കു വരൂ…” അനുജ അവനെ ക്ഷണിച്ചു.. എന്നിട്ട് കൂൾഡ്രിങ്ക്‌സ് എടുത്തു കൊണ്ടു വന്നു.

“മാഡം, ഈ വീട്ടിൽ തനിച്ചാണോ?”

“അല്ല, അമ്മയുണ്ട്. ഇക്കഴിഞ്ഞ ദിവസം സഹോദരന്‍റെ വീട്ടിൽ പോയി.”

“എനിക്ക് അമ്മയെയും കാണണമെന്നുണ്ടായിരുന്നു.” അലോക് പറയുന്നതു കേട്ട് അനുജ വീണ്ടും അതിശയത്തോടെ അവനെ നോക്കി.

“എന്തിനാണ് അമ്മയെ കാണുന്നത്?”

“നമ്മുടെ കാര്യം സംസാരിക്കാൻ.”

“വാട്ട്! നമ്മുടെ കാര്യമോ?”

“അതേ, നമ്മുടെ വിവാഹക്കാര്യം.” അലോക് ആത്മവിശ്വാസത്തോടെ ചിരിച്ചു.

“മാഡം അല്ലേ പറഞ്ഞത്, പഠിച്ച് എന്തെങ്കിലും ജോലിയൊക്കെ നേടി വരൂ, എന്നിട്ടാകാം പ്രണയമെന്നൊക്കെ.”

“അതെ, ശരിയാണ്. പക്ഷേ എന്നെ പ്രണയിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞത്. എനിക്ക് നിന്നേക്കാൾ 10 വയസ്സെങ്കിലും കൂടുതലുണ്ടെന്ന് അറിയാമോ?”

“ഉണ്ടായിക്കോട്ടേ! ബന്ധത്തിൽ വയസ്സിനെന്താ കാര്യം?” അതു കേട്ടപ്പോൾ അനുജയ്ക്ക് ചിരിക്കാനാണ് തോന്നിയത്.

“ഈ ഇമോഷനൊക്കെ താൽക്കാലികമാണ് അലോക്. കുറച്ചു കഴിയുമ്പോൾ എല്ലാം ഫിനിഷ് ആകും, എനിക്ക് വയസ്സാകുമ്പോൾ പ്രത്യേകിച്ചും.”

“അതൊക്കെ വെറുതെ പറയുന്നതാ… സ്നേഹം ഉണ്ടെങ്കിൽ എന്നും സ്നേഹം ഉണ്ടാകും.”

അലോകിന്‍റെ നിലപാടിൽ മാറ്റമില്ല. “ബന്ധങ്ങളെക്കുറിച്ച് അലോകിന്  ഒന്നുമറിയില്ല. ഭാര്യയേയും മക്കളേയും മറക്കുന്നവർ, ഭർത്താവിനെ മറക്കുന്നവർ, ഇങ്ങനെ നമുക്കു ചുറ്റും എത്രയോ ശിഥില ബന്ധങ്ങളാണ് ദിനവും കാണേണ്ടി വരുന്നത്. അനുജയ്ക്ക് സ്വന്തം ജീവിതം തന്നെ മുന്നിലുണ്ടല്ലോ അതിന് തെളിവായി. അച്‌ഛൻ അമ്മയെ ഉപേക്ഷിച്ച് പോയത് എന്തു കൊണ്ടായിരിക്കും?

“ഏയ് അങ്ങനെയല്ല, കുറച്ചു ബന്ധങ്ങൾ അങ്ങനെയൊക്കെ ഉണ്ടാകാം. എന്നാൽ എല്ലാവരും അതുപോലെയാണെന്ന ചിന്ത ഉപേക്ഷിക്കണം. അലോകിന്‍റെ വാദങ്ങൾക്കൊന്നും അനുജയുടെ മനം മാറ്റാനായില്ല.

“ഞാൻ വിവാഹം ഇഷ്ടപ്പെടുന്നില്ല അലോക്. എനിക്ക് ആ ലൈഫ് വേണ്ട.”

“ശരി, എന്നെങ്കിലും വിവാഹം കഴി ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ മറക്കരുത്.”

അതുകേട്ടപ്പോൾ അനുജയ്ക്ക് ഇങ്ങനെ പറയാനാണ് തോന്നിയത്. “വെറുതെ ജീവിതം തുലയ്ക്കല്ലേ…” അലോക് മറുപടി ഒരു ചിരിയിലൊതുക്കി നടന്നകലുന്നത് അവൾ നോക്കി നിന്നു.

ഈ സംഭവം കഴിഞ്ഞിട്ട് 4 വർഷമായി. ഇപ്പോൾ അനുജയ്ക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പാൾ ആയി ജോലി ലഭിച്ചു. അതും ശ്രീനഗറിലെ സ്കൂളിലേക്ക്.

ജോയിൻ ചെയ്യാൻ പറഞ്ഞ തീയതിയിൽ തന്നെ അവിടെ ചെന്നുവെങ്കിലും ക്വാർട്ടേഴ്സ് ഒന്നും തന്നെ ഒഴിവില്ലായിരുന്നു. അമ്മയുണ്ട് കൂടെ, അവിടെ ആർമി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തൽക്കാലത്തേക്ക് ഗസ്റ്റ്ഹൗസ് റെഡിയാക്കാം, ക്വാർട്ടേഴ്സ് കിട്ടുന്ന മുറയ്ക്ക് മാറാം എന്നായിരുന്നു മറുപടി. അതല്ലാതെ വേറെ വഴിയില്ല. അനുജ ഗസ്റ്റ് ഹൗസ് അനുവദിക്കുന്ന ആർമി ഓഫീസറെ കാണാനായി ഓഫീസിലേക്ക് ചെന്നു. ഓഫീസറുടെ കസേരയിൽ ഇരിക്കുന്ന ആളെ അനുജ ശ്രദ്ധിച്ചില്ലായിരുന്നു. അലോകാണ് വാതിക്കൽ കാത്തുനിന്ന അനുജയെ ആദ്യം കണ്ടത്.

“മാഡം, പ്ലീസ് കം ഇൻ.” അലോകിനെ അവിടെ കണ്ട് അനു ജയ്ക്ക് അത്ഭുതം ഒതുക്കാനായില്ല.

“മാഡം, എന്തിനാ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. എന്‍റെ വീട്ടിൽ ആരുമില്ല. ക്വാർട്ടേഴ്സ് കിട്ടും വരെ അമ്മയ്ക്കും മാഡത്തിനും അവിടെ കഴിയാമല്ലോ.”

“അയ്യോ! അതൊന്നും വേണ്ട, ഗസ്റ്റ് ഹൗസ് ശരിയാക്കിയാൽ മതി.”

“അതു വേണ്ട മാഡം, ഗസ്റ്റ‌് ഹൗസി ൽ നിങ്ങൾക്ക് താമസം പ്രയാസമായിരിക്കും. പലതരം ആളുകളാണല്ലോ, മദ്യപാനവും ബഹളവും ഒക്കെ ഉണ്ടാകും. അവിടെ ഒട്ടും കംഫർട്ടബിൾ ആവില്ല.”

അതു കേട്ടതോടെ അനുജ നിസ്സഹായയായി. അലോകിനൊപ്പം പോകാതെ നിർവാഹമില്ല. അവൾ അമ്മയേയും കൂട്ടി അലോകിന്‍റെ വണ്ടിയിൽ കയറിയിരുന്നു. വീട്ടിലെത്തിയപ്പോൾ അലോക് വാതിൽ തുറന്നു കൊടുത്തു. അയാൾ അകത്തേക്ക് കയറിയതുപോലുമില്ല.

“അടുക്കളയിൽ ചായ വയ്ക്കാനുള്ള സൗകര്യം ഉണ്ട്. ചായ വച്ചു കുടിച്ചോളൂ. വൈകിട്ടത്തേക്കുള്ള ഭക്ഷണം കൊണ്ടു വരാം. ഇപ്പോൾ ഞാൻ പോകുന്നു.”  അലോക് വണ്ടിയെടുത്ത് വേഗം ഓഫീസിലേക്ക് മടങ്ങി.

അനുജ അകത്തെ സൗകര്യങ്ങൾ നോക്കി. അടുക്കളയിൽ കാര്യമായൊന്നുമില്ല. ചായ കെറ്റിൽ, പഞ്ചസാര, തേയില ഇത്രമാത്രം. ഭക്ഷണം എല്ലാം കാന്‍റീനിൽ നിന്നായതു കൊണ്ടാവാം. അലോകിന്‍റെ ബെഡ് റൂമിലെ ടേബിളിൽ സ്‌കൂൾ ഫെയർവെൽ ഫോട്ടോ! അന്ന് അനുജയ്ക്കൊപ്പം അലോക് കാപ്പി കുടിക്കുന്ന ഫോട്ടോയും സൂക്ഷിച്ചിരിക്കുന്നു.

“എന്തൊരു ഭ്രാന്താണ് ഈ കുട്ടിക്ക്” അനുജയുടെ ചുണ്ടിൽ അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.

15 ദിവസത്തോളം അനുജയ്ക്ക് ആ വീട്ടിൽ കഴിയേണ്ടി വന്നു. ക്വാർട്ടേഴ്സ് കിട്ടിയ ശേഷം സാധനങ്ങളെല്ലാം അവിടേക്ക് മാറ്റി. പക്ഷേ ശ്രീനഗറിലെ കാലാവസ്‌ഥ അമ്മയ്ക്ക് അത്ര സുഖകരമായിരുന്നില്ല. പ്രായത്തിന്‍റെ അവശതകൾ ഏറെയുണ്ടല്ലോ. തണുപ്പ് താങ്ങാൻ പറ്റുന്നില്ല. ഒരു ദിവസം അനുജ സ്‌കൂളിൽ പോയ ശേഷം അമ്മയുടെ ആരോഗ്യനില മോശമായി. കടുത്ത പനിയും ശ്വാസംമുട്ടലും. സ്‌കൂളിലേക്ക് ഫോൺ വന്നപ്പോൾ അനുജയ്ക്ക് അലോകിന്‍റെ സഹായം തേടാതെ നിവൃത്തിയില്ലാതായി. ക്ലാസിൽ നിന്ന് ഉടനെ ഇറങ്ങേണ്ട, അമ്മയെ ആശുപത്രിയിലാക്കാം എന്നു പറഞ്ഞപ്പോൾ അനുജയ്ക്ക് ആശ്വാസമായി. എങ്കിലും അവൾ ആ പിരീഡ് കഴിഞ്ഞപ്പോൾ ഇറങ്ങി.

അലോകിനെ ഫോൺ ചെയ്‌തപ്പോഴാണ് അക്കാര്യം അറിഞ്ഞത്. അമ്മയെ താമസിയാതെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകണം.

“മാഡം, റെഡിയായിരിക്കൂ, ഞാൻ വണ്ടി കൊണ്ടു വരാം. നമുക്ക് രാത്രി ഡെറാഡൂൺ പോയി അമ്മയെ അഡ്‌മിറ്റ് ചെയ്യാം ”

അലോകിന്‍റ സഹായം സ്വീകരിക്കുകയല്ലാതെ അനുജയ്ക്ക് മുന്നിൽ മറ്റൊരു വഴിയും തെളിഞ്ഞില്ല. അവൾ തയ്യാറായിരുന്നു. ബാഗിൽ കുറച്ച് ബിസ്ക്കറ്റും ഒരു ജോടി ഡ്രസും കരുതി വച്ചു. അലോകിന്‍റെ വണ്ടി ഗേറ്റിൽ വന്ന ശബ്ദം കേട്ടപ്പോൾ അനുജ വീട് പൂട്ടി ഇറങ്ങി. അവൾ പരിഭ്രാന്തയായിരുന്നു.

“ഇത്രയും രാത്രിയിൽ ഡെറാഡൂണി ലെങ്ങനെയെത്തും.”

“വിഷമിക്കാതെ, ഞാനില്ലേ കൂടെ…” അനുജയ്ക്ക് ആ മറുപടി ആശ്വാസമായി. ശരിയല്ലേ, അലോക് പറഞ്ഞത്. തനിക്കിപ്പോൾ എന്തിനും ഏതിനും സഹായം ലഭിക്കുന്നത് അലോകിൽ നിന്നാണല്ലോ.ആശുപത്രിയിൽ അമ്മയെ അഡ്‌മിറ്റ് ചെയ്യാനുള്ള ഏർപ്പാടുകളെല്ലാം അലോക് ഓടി നടന്നു ചെയ്തു. ഡോക്ട‌റെ കണ്ടു സംസാരിച്ചു. എല്ലാം കഴിഞ്ഞ് രാത്രി വൈകി അനുജയുടെ സമീപം വന്നിരുന്നു.

“മാഡം, നിങ്ങളുടെ പ്രാർത്ഥനയുടെ ബലം കൊണ്ടാ അമ്മ രക്ഷപ്പെട്ടത്.” “ഏയ്… അതല്ല അലോക്, പ്രാർത്ഥന കൊണ്ടു മാത്രം എന്തു കാര്യം. അലോക് ഇത്രയേറെ കഷ്‌ടപ്പെട്ടു. സമയത്ത് ആശു പത്രിയിലെത്തിച്ചതു കൊണ്ടാണ് അമ്മ രക്ഷപ്പെട്ടത്.”

“എങ്കിൽ ഒരു കാര്യം ചെയ്യു. മോളു പോയി എന്തേലും കഴിക്ക്.” അലോക് തമാശയായി പറഞ്ഞു.

“എന്‍റെ ബാഗിൽ ബിസ്ക്കറ്റുണ്ട്. നമുക്ക് അത് കഴിക്കാം.”

“അയ്യോ! ബിസ്‌കറ്റ്, അതൊക്കെ നിങ്ങൾ പെൺകുട്ടികൾക്ക്. എന്നെപ്പോലുള്ള ഒത്ത ഒരു സൈനികന് ഇതൊന്നും മതിയാവില്ല.” അലോക് ഉറക്കെ ചിരിച്ചു.

“പെൺകുട്ടി…”

അലോകിന്‍റെ സംബോധന കേട്ടപ്പോൾ അനുജയ്ക്ക് അതിരറ്റ ജാള്യത തോന്നി. മാഡം എന്നു വിളിച്ചു കൊണ്ടിരുന്ന ആളാണ്. ഇപ്പോൾ മോൾ, പെൺകുട്ടി എന്നൊക്കെയായി സംബോധന.

സ്വയമറിയാതെ അനുജ മുറിയിലെ കണ്ണാടിക്കു മുന്നിൽ വന്നു നിന്നു തന്നെത്തന്നെ ഉറ്റു നോക്കി. സ്വയം ഒരു ഇരുപതികാരിയായി അവൾ മനസ്സിൽ സങ്കൽപിക്കാൻ തുടങ്ങിയപ്പോഴാണ് നഴ്‌സ് വന്ന് വിളിച്ചത്.

“പേഷ്യന്‍റ് വിളിക്കുന്നു. ശേഖർ എന്നൊക്കെ പറയുന്നുണ്ട്.” അതു കേട്ടപ്പോൾ അനുജ ഒരു ക്ഷണം സ്‌തംഭിച്ചു പോയി.

അമ്മയുടെ മനസ്സിൽ ഇപ്പോഴും അച്‌ഛനെ കാണണമെന്ന മോഹം ഉണ്ട്. പക്ഷേ അച്ഛ‌ൻ എന്താണ് ചെയ്ത‌ത്. ആലോചിച്ചു നിൽക്കവേ അലോക് പിന്നിലൂടെ വന്ന് തോളത്തു തട്ടി, ഭക്ഷണപ്പൊതി നീട്ടി.

“ആരാ ശേഖർ?” അവൾ അയാളെ ഉദാസീനമായി നോക്കി.

“ഒരു പുരുഷൻ സ്നേഹത്തിന്‍റ പേരു പറഞ്ഞ് വഞ്ചിച്ചിട്ടും അത് വഞ്ചനയാണെന്ന് കണക്കാക്കാതെ ആ പുരുഷനെ കുങ്കുമപ്പൊട്ടാക്കി നെറ്റിയിൽ അണിയുന്ന സ്ത്രീ” അവൾ ക്ഷുഭിതയായിരുന്നു.

അലോക് ഒന്നും മിണ്ടിയില്ല.

ഇവിടെ തർക്കിച്ചു നിൽക്കേണ്ട സമയമില്ല. അമ്മയെ കണ്ട് ആശ്വസിപ്പിക്കണം. അച്ഛന്‍റെ പേരുകേട്ടതോടെ അനുജയ്ക്ക് ഇപ്പോൾ അതിനു കഴിയില്ലെന്ന് അലോകിന് മനസ്സിലായി. അയാൾ അകത്തേക്ക് ചെന്ന് അമ്മയെ സമാധാനിപ്പിച്ചു. അലോക് അമ്മയെ സാന്ത്വനിപ്പിക്കുന്നത് നോക്കി നിന്നപ്പോൾ അനുജയ് ക്ക് അയാളോട് അതിശക്‌തമായൊരു സ്നേഹം ഉള്ളിൽ നിന്ന് വന്നു നിറഞ്ഞു.

“അലോക്, നിങ്ങൾ എത്ര ഭംഗിയായിട്ടാണ് ഓരോ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നത്.” അലോക് തല ചെരിച്ച് അവളെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ ഒരു കാര്യം പറയട്ടെ! അലോകിന് എന്‍റെ പ്രായമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും യെസ് പറഞ്ഞേനെ.”

“ആഹാ! അത്രയെങ്കിലും തോന്നിയല്ലോ… എനിക്ക് സ്നേഹം എന്നു വച്ചാൽ പൂജ പോലെയാണ്. അത് കാമമല്ല.” അലോക് നേർത്ത സ്വരത്തിൽ അതു പറഞ്ഞപ്പോൾ എന്തു മറുപടി നൽകണമെന്ന് അനുജ ശങ്കിച്ചു. “അത് അലോകിന്‍റെ മതിഭ്രമം മാത്രം. യാഥാർത്ഥ്യം അതിൽ നിന്നെല്ലാം വിഭിന്നമായിരിക്കും.”

“അതെ, ശരിയായിരിക്കാം, പക്ഷേ എന്തെങ്കിലും ഒക്കെ നേടാൻ ഇത്തരം മതി ഭ്രമം ഇല്ലാതെ പറ്റില്ല.”

“മതിഭ്രമം തീർന്നാലോ?”

“യഥാർത്ഥ സ്നേഹത്തിന്‍റ മതിഭ്രമം ഒരിക്കലും അവസാനിക്കില്ല.” “രത്നസേനന്‍റെ കഥ കേട്ടിട്ടില്ലേ, നാഗമതിക്ക് പ്രായം കൂടിയെന്നു തോന്നിയപ്പോൾ പത്മാവതിയെ കല്യാണം ചെയ്‌തു.”

“അങ്ങനെ ചിന്തിക്കുന്നവർ വെറും ഭോഗികളായിരിക്കും. യോഗികളല്ല. ഞാൻ ഈ ജീവിതം മുഴുവൻ നിങ്ങളെ കാത്തിരിക്കാൻ തയ്യാറാണ്.” അനുജ അതും ചിരിച്ചു തള്ളി.

“അതെ ഇങ്ങനെ എല്ലാം ചിരിച്ചു തള്ളിക്കോളൂ. എന്നാൽ ചില ബന്ധങ്ങളെ അങ്ങനെ തള്ളാൻ പറ്റില്ല. അത് കാലം തെളിയിക്കും.”

“സോറി അലോക്, എനിക്ക് എന്‍റെ അച്‌ഛനിൽ നിന്ന് കിട്ടിയ അനുഭവപാഠം അതായിരുന്നു.” അവളുടെ കണ്ണുകൾ നിറഞ്ഞു. എന്‍റെ മനസ്സിന്‍റെ വാതിൽ ഞാൻ കൊട്ടിയടച്ചത് അതു കൊണ്ടാണ്.”

“ശരി, ഒരു ദിവസം ആ വാതിൽ തുറക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഞാൻ കാത്തിരിക്കാം.”

അമ്മയ്ക്ക് ഏറെക്കുറെ സുഖമായി. ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പ്രയാസമില്ല. അലോക് ഇല്ലായിരുന്നുവെങ്കിൽ താൻ ഈ അപരിചിതമായ സ്‌ഥലത്ത് എങ്ങനെ ജീവിക്കുമായിരുന്നു. അനുജ തന്‍റെ മുറിയിൽ ഇരുന്ന മ്യൂസിക്കൽ കലണ്ടറിലേക്ക് ഉറ്റു നോക്കി. അത് നാലുമണി അടിക്കുന്ന ശബ്ദം കേട്ട് അലോകും മുറിയിലെത്തി.

“അലോക്, നീ എന്നെ ശരിക്കും മാറ്റി മറിച്ചു. അഞ്ചു വിരലുകൾ ഒരിക്കലും ഒരേ പോലെ ആവില്ല. അതു സത്യമാണ്. ബന്ധങ്ങളുടെ കാര്യവും അങ്ങനെ തന്നെ.”

അവൾ മ്യൂസിക്കൽ കലണ്ടറിന്‍റെ അലാറം ഓഫ് ചെയ്‌തു. എന്നിട്ട് അലോകിന്‍റെ വിരലുകളിലേക്ക് സ്വന്തം വിരലുകൾ കോർത്തു പിടിച്ചു.

ഹോട്ടൽ എവറസ്റ്റ്

ചിത്രയുമായുള്ള 9 വർഷത്തെ ദാമ്പത്യം ഏകദേശം ഇങ്ങനെയായിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിലെ തുടക്കത്തിലെ നാല് വർഷങ്ങൾ തങ്ങൾ കാമുകികാമുകന്മാരല്ലെന്ന് തിരിച്ചറിയാൻ വേണ്ടിവന്നു. പിന്നീടുള്ള ഒരു വർഷം ദാമ്പത്യം മധുരിക്കുന്ന പലഹാരമല്ലെന്ന് മനസ്സിലാക്കി ജീവിച്ചു. അതു കഴിഞ്ഞുള്ള നാല് വർഷങ്ങൾ ദാമ്പത്യത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞാനും ചിത്രയുമായുള്ള ബന്ധത്തിൽ അടിപിടിയോ വഴക്കോ ഒന്നും ഇല്ലായിരുന്നു. ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നു. പക്ഷേ അത് ഒറ്റയ്ക്കുള്ള വഴിയിലൂടെ സഞ്ചരിക്കാൻ ആയിരുന്നെന്നുമാത്രം.

വിവാഹമോചനം നേടിയ ശേഷം മൂന്ന് മാസം കൂടുമ്പോൾ ഒരു ആഴ്‌ച മോനെ എന്‍റെ കൂടെ താമസിപ്പിക്കണം എന്നായിരുന്നു ധാരണ. അത് നിയമപരമായി അനുവദിച്ചു കിട്ടിയതായിരുന്നു. ഇതുപ്രകാരം ചിത്ര ലണ്ടനിൽ ഒരു കോൺഫറൻസിന് പോകും മുമ്പ് മോനെ എന്‍റെ വീട്ടിൽ കൊണ്ടുവിട്ടു. ശിവം എന്നാണ് അവന്‍റെ പേര്. ഞാനിട്ട പേര് അന്നേ അവൾക്ക് പിടിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ വേർപിരിഞ്ഞ ശേഷം അവൾ മോന്‍റെ പേര് ഓദ്യോഗികമായി മാറ്റാനൊന്നും പോയില്ല.

“അച്ഛനെ നന്നായി നോക്കണമെന്നാണ് അമ്മ പറഞ്ഞത്” മോൻ എന്നോട് പറഞ്ഞു. അവന്‍റെ നീളത്തേക്കാൾ നീളമുള്ള ഒരു ബാഗ് അവന്‍റെ തോളിൽ ഉണ്ടായിരുന്നു.

“നമ്മൾ പരസ്പ്‌പരം നന്നായി നോക്കും പോരെ” ഞാൻ ചിരിച്ചുകൊണ്ട് എന്‍റെ പൊന്നുമോനോട് പറഞ്ഞു. ഇത് ആദ്യമായിട്ടൊന്നുമല്ല അവൻ എന്‍റൊപ്പം വരുന്നത്. പക്ഷേ അന്നൊക്കെ ചിത്രയും കൂട്ടിനുണ്ടായിരുന്നു. ഇന്ന് എന്‍റെ ഉള്ളിൽ കുറച്ചുകൂടി ഉത്തരവാദിത്വം വേണമെന്ന തോന്നലുണ്ടായിരിക്കുന്നു. സിംഗിൾ പേരന്‍റിംഗിന്‍റെ ഗുണങ്ങൾ ഉണ്ടെങ്കിലും ഒറ്റയ്ക്ക് എല്ലാം നോക്കേണ്ടത് അത്ര എളുപ്പമുള്ള കാര്യമല്ല ഞാൻ സെക്രട്ടറിയോട് പറഞ്ഞ് ഗോവയിൽ മുമ്പേ തന്നെ ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ കൗണ്ടറിൽ നിൽക്കുകയായിരുന്ന റിസപ്ഷനിസ്‌റ്റ് സ്യൂട്ടിന്‍റെ താക്കോൽ തരുന്നതിനിടയിൽ പറഞ്ഞു “സർ, ക്ഷമിക്കണം നിങ്ങൾക്കിപ്പോൾ പൂളിൽ പോകാൻ കഴിയില്ല. അവിടെ ഷൂട്ടിംഗ് നടക്കുകയാണ്” മനസ്സിൽ സന്തോഷം തോന്നിയെങ്കിലും മുഖത്ത് അസംതൃപ്തതി വരുത്തിക്കൊണ്ട് ചോദിച്ചു. “അല്ല, ഈ ഷൂട്ടിംഗ് എത്ര സമയം കാണും. ” “സർ, ഈ ആഴ്‌ച മുഴുവനും ഉണ്ടാവും. പക്ഷേ രാവിലെ 2 മണിക്കൂർ സ്വിമ്മിംഗ് പൂളിൽ പോകുന്നതിനേ വിലക്കുള്ളൂ. ” അപ്പോൾ ഗൗൺ ധരിച്ച ഒരു മോഡൽ റിസപ്ഷനിലേക്ക് വന്നു. ഫ്ളൈറ്റിൽ നിന്ന് ലഭിച്ച മാഗസിനിലെ കവർ ചിത്രം ഈ മോഡൽ ആയിരുന്ന കാര്യം ഞാനപ്പോൾ ഓർത്തെടുത്തു. അവൾ എന്‍റെ അരികിൽ വന്നു നിന്നപ്പോൾ എനിക്ക് സന്തോഷവും ആശ്‌ചര്യവും ഇടകലർന്ന ഒരു വികാരം ഉണ്ടായി. കളർ ചെയ്‌ത മുടി, തിളങ്ങുന്ന ചർമ്മവും വിടർന്ന കണ്ണുകളും എല്ലാം അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു. അവർ ശിവയുടെ തലയിൽ തലോടിക്കൊണ്ട് ഹലോ പറഞ്ഞു. മകന് അവരുടെ പെരുമാറ്റത്തിൽ വലിയ ആഹ്ളാദമൊന്നും കണ്ടില്ല. ഞാൻ ഒരു ചെറിയ കുട്ടിയായാൽ മതിയായിരുന്നു, എനിക്കപ്പോൾ തോന്നി.

“ഡാഡി എനിക്ക് പൂളിൽ പോകണം” ശിവം പറഞ്ഞു.

“പുളിലെ വെള്ളം വളരെ നല്ലതാണ്. കാണുമ്പോൾ തന്നെ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിലേക്ക് ഡൈവ് ചെയ്യാൻ തോന്നും” മോഡൽ പറഞ്ഞു. എന്നിട്ട് കൗണ്ടറിൽ നിന്ന് തന്‍റെ മുറിയുടെ ചാവി വാങ്ങിയ ശേഷം നടന്നകന്നു പോകുന്ന പോക്കിൽ എനിക്ക് ഒരു നോട്ടി സ്മൈൽ തരാനും അവൾ മറന്നില്ല. കുറച്ചുനേരം ഞാനും ശിവയും പൂളിൽ ചെലവഴിച്ചു. എന്നിട്ട് ഡിന്നർ കഴിച്ച ശേഷം ഞങ്ങളുടെ സ്യൂട്ടിൽ പോയി വിശ്രമിച്ചു.

അടുത്തദിവസം രാവിലെ ശിവം നേരത്തെ എഴുന്നേറ്റു. ഞങ്ങൾ പുളിൽ ഇറങ്ങിയപ്പോൾ അവൻ കസർത്ത് കാണിക്കാൻ തുടങ്ങി. വെള്ളത്തിൽ അവൻ ഊളിയിടുകയും ഓടിവന്ന് ചാടുകയും ചെയ്‌തു. അവൻ ഇത്രയും കലാപരമായി പുളിൽ തകർക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മകന്‍റെ വാട്ടർ സ്‌ട്രോക്സ് കണ്ട ഞാൻ തന്നെ ആൾചര്യപ്പെട്ടുപോയി അവൻ ഇതെല്ലാം എവിടുന്നാണ് പഠിച്ചത്? ബ്രേക്ക്ഫാസറ്റിന് കോൺ ഫ്ളെക്സ്‌സാണ് ഓർഡർ ചെയ്തത്. കൂടെ കോഫിയും. ശിവം ചോക്ലേറ്റ് സാൻവിച്ചാണ് ഓർഡർ ചെയ്തത്.

പത്ത് മണിയായപ്പോഴേക്കും എല്ലാ മോഡലുകളും പൂൾ ഏരിയയിൽ വന്നെത്തി ഞാൻ വിവിഐപി പാസ് വാങ്ങി ഷൂട്ട് കാണാനായി ചെന്നു. മോഡലുകൾ പൂളിൽ ഇറങ്ങുന്നതിനു മുമ്പ് വരെ അവരെ ആകർഷിക്കാനായി ഞാൻ വിവിധതരം സ്‌റ്റൈലിൽ നീന്തൽ പ്രകടനം നടത്തി. ഞാൻ ശരീരത്തിന്‍റെ അഴകളവ് പ്രദർശിപ്പിക്കും വിധം നീന്തിത്തുടിച്ചു.

പുളിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്‌ചവച്ചുവെങ്കിലും ശിവം ആയിരുന്നു എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്. 4-5 മോഡലുകൾ അവനോട് കുശലം പറയുകപോലും ചെയ്തു. കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചുള്ള അവന്‍റെ അറിവിൽ അവർ അദ്‌ഭുതപ്പെടുകയും ചെയ്‌തു. കാരണം അവൻ ചില കഥാപാത്രങ്ങളുടെ സ്‌റ്റൈലാണ് നീന്തലിൽ അനുകരിച്ചതത്രേ. എനിക്കിതേപ്പറ്റി യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അടുത്ത രണ്ടു ദിവസം ഞാൻ ഒഴിവു ദിനത്തിന്‍റെ ആലസ്യത്തിൽ അമർന്നെങ്കിലും ശിവം പുളിൽ പിന്നെയും മോഡലുകളുടെ ഇഷ്ട്‌ടം കവർന്നു കൊണ്ടിരുന്നു. എനിക്കും എന്തെങ്കിലും ചെയ്തതേ പറ്റൂ. ഞാൻ ചില നമ്പറുകളൊക്കെയിട്ടു. ഞാനും മോഡലുകളോട് കുശലം പറയാൻ തുടങ്ങി. മുമ്പ് റിസപ്ഷനിൽ വച്ച് കണ്ട മോഡൽ ശിവയുമായി നല്ല കൂട്ടായി. ആ കാര്യം ഞാൻ മനസ്സിലാക്കി. അവൾ ശിവയുടെ ഫ്രണ്ടായി തീർന്നിരുന്നു. കാമ്യ എന്നായിരുന്നു അവരുടെ പേര് എന്ന് പോലും ശിവം പറഞ്ഞാണ് ഞാനറിഞ്ഞത്.

സ്വയം ധൈര്യം സംഭരിച്ചുകൊണ്ട് ഒരു ദിവസം ഞാൻ കാമ്യയെ വൈകുന്നേരം കാപ്പി കുടിക്കാൻ ക്ഷണിച്ചു.

“തീർച്ചയായും” അവൾ പുഞ്ചിരിച്ചു കൊണ്ട് തന്‍റെ തലമുടി പിന്നിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

“എനിക്കും ഇവിടെ ഒരു നല്ല കമ്പനി ആവശ്യമുണ്ടായിരുന്നു” ഞാൻ പറഞ്ഞു.

8 മണിയ്ക്ക് മെൻ ബാറിൽ കണ്ടുമുട്ടാമെന്ന് നിശ്ചയിച്ചു. വിവാഹജീവിതം വേർപെടുത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുമായി ഞാൻ ചങ്ങാത്തത്തിലാവുന്നത്. അതിനാൽ തന്നെ രോമാഞ്ചവും ജാള്യതയും ഒന്നിച്ചുള്ള വല്ലാത്തൊരു മാനസികാവസ്‌ഥയിലൂടെയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരുന്നത്.

“മോനെ ശിവം, ഒരു രാത്രി നീ തനിച്ച്‌ കിടന്നുറങ്ങേണ്ടി വരും” ഞാൻ ശിവത്തോട് പറഞ്ഞു. “ഞാൻ ഹോട്ടലിൽ നിന്ന് ബേബിസിറ്ററെ ഏർപ്പാടാക്കിയിട്ടുണ്ട്. അവർ നിനക്ക് മുഴുവൻ കോമിക്‌സും വായിച്ചു കേൾപ്പിക്കും. ആ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.”

ഹോട്ടലിലെ ബേബി സിറ്റർ 16 വയസ്സുള്ള പെൺകുട്ടിയായിരുന്നു. ഈ ജോലിയിൽ ആഹ്‌ളാദം കണ്ടെത്തുന്ന കുട്ടിയായിരുന്നു അവൾ. കാരണം രാത്രി കുട്ടികൾക്കൊപ്പം കാർട്ടൂൺ കാണുന്നതിനും കോമിക്‌സ് വായിക്കുന്നതിനും അയ്യായിരം രൂപ അവൾക്ക് ലഭിച്ചിരുന്നു. കാമ്യയുമായി ഞാൻ സമയം ചെലവിടുന്നതിൽ ഞാൻ എത്രമാത്രം ആഹ്ളാദിച്ചിരുന്നോ അത്ര തന്നെ സന്തോഷം ബേബി സിറ്റർക്ക് ശിവയ്ക്കൊപ്പം ചെലവിടുന്നതിലും ഉണ്ടായിരുന്നു. ഞാൻ പോകാൻ നേരം ശിവയെ നോക്കിയപ്പോൾ അവൻ സങ്കടത്തോടെ പറഞ്ഞു “ബൈ, ഡാഡി വേഗം വരണേ.”

പാവം അവനെ ഒറ്റയ്ക്കിട്ട് പോകാൻ എനിക്കും സങ്കടമുണ്ടായിരുന്നു. എന്‍റെ ഉത്തരവാദിത്വം കാണിക്കാനായി ഞാൻ ബേബി സിറ്ററോട് ഒരിക്കൽ കൂടി അവനെ നന്നായി ശ്രദ്ധിക്കണമെന്ന് ശട്ടം കെട്ടി. പിന്നെ ധൃതിയിൽ സ്യൂട്ടിൽ നിന്ന് പുറത്തു കടന്നു. റസ്‌റ്റോറന്‍റിൽ എത്തുമ്പോഴേക്കും സമയം 8 കഴിഞ്ഞിരുന്നു. കാമ്യ റ‌സ്റ്റോറന്‍റിലെ ലോണിൽ ഒരു കസേര വലിച്ചിട്ടിരുന്ന് ആകാശ നക്ഷത്രങ്ങൾ നോക്കുകയായിരുന്നു. സമുദ്ര ഭാഗത്തു നിന്ന് ഒഴുകിവരുന്ന കാറ്റ് അവളുടെ മുടിയെ തഴുകുന്നുണ്ടായിരുന്നു. ഗ്ലാസിൽ ബാക്കിവന്ന പെപ്സി വെറുതെ ഇളക്കിക്കൊണ്ടിരിക്കുന്ന അവളെ നിലാവിൽ കാണാൻ നല്ല ചന്തം തോന്നി. ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ എന്‍റെ മനസ്സ് വെമ്പൽ കൊണ്ടു. പിന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.

ഞാൻ മന്ദം മന്ദം അവളുടെ അരികിൽ ചെന്നു, “സോറി അയാം ലേറ്റ്” എന്‍റെ ശബ്ദം കേട്ട് അവൾ പുളകിതയായോ. “നോ ,ഇറ്റ്സ് ഫൈൻ. ഞാൻ ആസ്വദിച്ചിരിക്കുകയായിരുന്നു. നോക്കൂ, കടലിൽ എത്ര ബോട്ടുകളാണ്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവയിൽ വെളിച്ചം എത്ര മനോഹരമായാണ് പ്രകാശിക്കുന്നത്. അവ നീങ്ങുന്ന നക്ഷത്രങ്ങൾ ആണെന്ന് തോന്നും.” അവൾ കൈ ചൂണ്ടിയയിടത്തേക്ക് നോക്കി ഞാൻ വെറുതെ തട്ടിവിട്ടു, “ബോട്ടാണോ അതോ കപ്പലോ?” അപ്പോഴേക്കും വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു. ഞാനും കസേരയിൽ ഇരുന്നു “ഒരു പെപ്‌സി കൂടി പറയട്ടേ?” ഞാൻ ചോദിച്ചു.

“വെർജിൻ മോജീറ്റോ” അവൾ പറഞ്ഞു. ഞാൻ വെയ്റ്ററോട് രണ്ട് ജ്യൂസും വെർജിൻ മോജിറ്റോയും കൊണ്ടു വരാൻ പറഞ്ഞു.

“ശിവം എവിടെപ്പോയി, ഉറങ്ങിയോ?” എന്‍റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് കാമ്യ ചോദിച്ചു.

“സോറി, അതുകാരണമാണ് ഞാൻ ലേറ്റ് ആയത്. അവന് ഒറ്റയ്ക്ക് കഴിയാൻ ഇഷ്ടമല്ല. പക്ഷേ അവൻ ഇപ്പോൾ ഒറ്റയ്‌ക്കല്ല. അടുത്ത് ബേബി സിറ്റർ ഉണ്ട്. ഞാൻ തീരെ ഉത്തരവാദിത്വമില്ലാത്ത അച്ഛഛനാണെന്ന് അവൻ കരുതാൻ പാടില്ലല്ലോ.

“അവനുവേണ്ടി അവൾ കോമിക്ക് വായിക്കുമോ? അവനെ അവൾ ബോറടിപ്പിക്കില്ലല്ലോ? നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഒരുവട്ടം നമുക്ക് അവനെ നോക്കിയിട്ടുവരാം. ”

“വേണ്ട.” ഞാൻ വേഗം തന്നെ മനസ്സ് തുറന്നു.

“അവൻ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവും. വെറുതെ ടെൻഷൻ അടിക്കണ്ട” എന്നിട്ട് ഞാൻ സംസാരം വഴിതിരിച്ചുവിട്ടു.

“നിന്‍റെ ഷൂട്ട് എങ്ങനെ പോകുന്നു?”

“അവർക്ക് ആവശ്യമുള്ളത്രയും നല്ല ഫോട്ടോകൾ കിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ദിവസം ബോറിംഗ് ആയിരുന്നു. ഞാൻ ഒരു പുസ്‌തകം മുഴുവൻ വായിച്ചു തീർത്തു.” അവളുടെ കയ്യിൽ ഷേക്സ്‌പിയറിന്‍റെ ഹാംലെറ്റ് ഉണ്ടായിരുന്നു. ഒരു മോഡലിന്‍റെ കയ്യിൽ ഹാർഡ് കോർ ലിറ്ററേച്ചർ പുസ്‌തകം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി.

“ഞാൻ ഓണേഴ്‌സ് ഫൈനൽ ഇയർ സ്‌റ്റുഡന്‍റ് കൂടിയാണ്” അവൾ പൂഞ്ചരിച്ചു. വെയ്റ്റർ ഡ്രിംഗ്‌സ് കൊണ്ടുവന്നു.

“ഞാൻ അവധി ദിവസങ്ങളിൽ മാത്രമേ മോഡലിംഗ് ചെയ്യാറുള്ളൂ.”

ഞാൻ എന്തെങ്കിലും പറയാനായി ശ്രമിച്ചു “ഞാൻ കരുതി നിങ്ങൾ ഫുൾടൈം മോഡലായിരിക്കുമെന്ന്.”

“ഒഴിവു സമയത്ത് എന്തെങ്കിലുമൊക്കെ ചെയ്‌തു കൊണ്ടിരിക്കും.” അവൾ ജ്യൂസ് സിപ്പ് ചെയ്തു‌കൊണ്ട് പറഞ്ഞു. “കുറച്ചുകാലം തിയറ്റർ ചെയ്തിരുന്നു. കൂടാതെ ജർമ്മനിയിൽ നഴ്സ‌സറി കുട്ടികളെ പഠിപ്പിച്ചിരുന്നു.”

“വെറുതെയല്ല. നിന്‍റെ പേഴ്സണാലിറ്റി അപാരമാണ്.”

അവൾ ചിരിച്ച ശേഷം ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു. “നിങ്ങൾ എന്താണ് ചെയ്യുന്നത്. ഐ മീൻ വർക്ക്?”

“ഞാനൊരു ബാങ്കർ ആണ്, ബാങ്കിംഗ് സെക്ട‌റിൽ ലാഭം ഉണ്ടാക്കാനുള്ള സൂത്രങ്ങൾ പറഞ്ഞുകൊടുക്കുന്നു.”

“ഇന്‍ററസ്റ്റിംഗ്” അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി.

“ഇക്കണോമിക്സിൽ എനിക്ക് അതീവ താൽപര്യമുണ്ട്.” ഞാനപ്പോൾ അവളുടെ ബയോളജിയെപ്പറ്റി ചിന്തിക്കുകയായിരുന്നു. മോഹിപ്പിക്കുന്ന അഴകളവ്!

“നിങ്ങൾക്ക് വിശക്കുന്നുണ്ടോ?” അവൾ ചോദിച്ചു. എന്‍റെ ആലോചന മുറിഞ്ഞു.

ഞാൻ സീ ഫുഡ് ഓർഡർ ചെയ്തു‌. ഡിന്നറിന് ശേഷം നിലാവിൽ ബീച്ചിൽ നടക്കാമെന്ന നിർദ്ദേശം വച്ചു. ഞങ്ങൾ ചെരിപ്പുകൾ കയ്യിൽ ഊരിപ്പിടിച്ച് നടക്കാൻ തുടങ്ങി. അവൾ ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവളുടെ തോളിൽ സ്നേഹപൂർവ്വം കൈ വച്ചു കൊണ്ട് നടന്നു. ചെറിയ തിരകൾ ഞങ്ങളുടെ കാലുകളെ നനച്ചു കൊണ്ടിരുന്നു. ഞങ്ങൾ നിശ്ശബ്ദം കുറേദൂരം നടന്നു. അപ്പോൾ ഒരു പാറമേൽ അപായ ബോർഡ് കണ്ടു. ഇനി മുന്നോട്ട് പോകരുത്!

നേരം വെളുക്കും വരെ ഇങ്ങനെ നടക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞാൻ കൈകൊണ്ട് അവളുടെ മുഖം കോരിയെടുത്ത് ചുംബിച്ചു. അവൾ എന്‍റെ കൈപിടിച്ച് പാറമേൽ കൊണ്ടു പോയി ഇരുത്തി. അവളും എന്‍റെ ചുണ്ടുകളെ ചുണ്ട് കൊണ്ട് സ്‌പർശിച്ചു. പൊടുന്നനെ എന്തൊ ഓർത്തിട്ടെന്ന പോലെ അവൾ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. “എനിക്ക് ശിവയെ ഓർമ്മ വരുന്നൂ.” ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അവളെ ആവേശപൂർവ്വം കെട്ടിപ്പിടിച്ച് ചുംബിച്ചു.

“സോറി” ചിരിച്ചുകൊണ്ട് അവൾ എന്നെ തള്ളിമാറ്റി.“ ഞാൻ ചുംബിക്കുമ്പോൾ നിങ്ങളുടെ മുഖം ശിവയെ പ്പോലെ എനിക്ക് തോന്നിയിരുന്നു. അവൻ കടൽക്കരയിൽ കളിക്കുന്നതുപോലെ തോന്നുന്നു എനിക്കിപ്പോൾ. പ്രണയിക്കുമ്പോൾ മോനെപറ്റി പറയാൻ ഇടയായതിൽ എന്‍റെ വികാരത്തിന് ക്ഷതം പറ്റി. എനിക്ക് ഒരേ സമയം രണ്ട് വികാരങ്ങൾ പറ്റില്ല.

“എന്താ വിജയ് നിങ്ങൾക്ക് വല്ല ടെൻഷനുമുണ്ടോ? മുഖം വല്ലാതിരിക്കുന്നു” അവൾ പൊടുന്നനെ ചോദിച്ചു.

“വിജയ്. നിങ്ങൾ ടെൻഷനിലാണോ? നമ്മൾ ഇവിടെ ആഹ്ളാദിക്കുന്നു. അതേ സമയം ശിവം റൂമിൽ ഒറ്റയ്ക്ക്. അതോർത്തപ്പോൾ അസ്വസ്ഥത തോന്നി.”

“ശരിയാണ്. പക്ഷേ അവിടെ ബേബി സിറ്റർ ഉണ്ടല്ലോ”

“പക്ഷേ അവന് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമല്ലെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്” കാമ്യ ഇടയ്ക്കുകയറി പറഞ്ഞു. “നമുക്ക് ഒരു വട്ടം അവനെ നോക്കി വന്നാലോ. ”

“ബേബി സിറ്റർ നന്നായി നോക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അവൾ എന്നെ വിളിച്ചോളും. എന്‍റെ മൊബൈൽ നമ്പർ അവരുടെ കയ്യിൽ ഉണ്ടല്ലോ.”

ഇതു പറഞ്ഞശേഷം ഒന്ന് അവിടേക്ക് വിളിച്ചു നോക്കാം എന്നു കരുതി പോക്കറ്റിൽ കയ്യിട്ടപ്പോൾ മൊബൈൽ ഇല്ല. അത് ഞാൻ റൂമിൽ മറന്ന് വച്ചിട്ടാണ് പോന്നത്.

“വരു നമുക്ക് പോയി നോക്കാം” കാമ്യ പറഞ്ഞു.

എന്‍റെ സമയം ശരിയല്ല. ഒന്നും ഞാൻ വിചാരിച്ചപോലെ നടക്കുന്നില്ല. ഒരു വശത്ത് സുന്ദരിയായ മോഡൽ, മറ്റൊരു വശത്ത് ഏകനായ മകൻ. അവനെക്കുറിച്ച് എന്നെക്കാൾ ചിന്ത മോഡലിനാണ്. ഇനി അവളുടെ കൂടെ ഈ റൊമാന്‍റിക് മൂഡിൽ നിന്ന് റൂമിലേക്ക് പോകേണ്ടി വരും.

“വേഗം പോകാം” അവൾ ധൃതി വച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോൾ ഞാൻ കാമ്യയോട് ലോണിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. എന്നിട്ട് ഞാൻ റൂമിലേക്ക് നടന്നു. ശിവം ഉറങ്ങുകയായിരുന്നു. ബേബി സിറ്റർ ടിവി കാണുന്നു. വളരെ ശബ്ദം കുറച്ച് സിനിമ ആസ്വദിക്കുകയാണ് ആ പെൺകുട്ടി.

“കുഴപ്പമൊന്നുമില്ലല്ലോ? എന്‍റെ മൊബൈൽ ഇവിടെ വച്ചു മറന്നു പോയി അതാ വന്നേ.” ഞാൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു.

ബേബി സിറ്റർ ടേബിളിൽ നിന്ന് എന്‍റെ മെബൈൽ എടുത്ത് തന്നു. ഞാൻ വേഗം ലിഫ്റ്റിൽ ഓടിക്കയറി. ലോണിൽ ഇരിക്കുകയായിരുന്ന കാമ്യ വീണ്ടും ആകാശക്കാഴ്‌ചയിൽ മുഴുകിയിരിക്കുകയായിരുന്നു. സുന്ദരിയായിരുന്നെങ്കിലും എന്തോ വിഷാദം അവളെ പിടികൂടിയിരുന്നു.

“വല്ലാത്ത ക്ഷീണം കിടന്നോട്ടെ” അവൾ ഇതു പറഞ്ഞതും എന്‍റെ ആഹ്ളാദമെല്ലാം ഒലിച്ചുപോയി.

“ഇന്നത്തെ രാത്രി… എനിക്ക്…” വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ അവൾ ഇടയ്ക്ക് കയറി പറഞ്ഞു. “എന്നെ സ്നേഹിക്കണമായിരുന്നു അല്ലേ?” കാമ്യ പുഞ്ചിരിച്ചു.
“അല്ല… അത്…” ഞാൻ പതറി.

“പിന്നെ ഷേക്‌സ്‌പിയറിന്‍റെ ഹാം ലെറ്റ് ചർച്ച ചെയ്യാനോ?” അവൾ ഉറക്കെ ചിരിച്ചു. തണുത്ത കാറ്റിന് വല്ലാത്ത ചൂട് എനിക്കനുഭവപ്പെട്ടു!

“മകൻ കൂടെയുള്ളപ്പോൾ പ്രണയിക്കാൻ വലിയ പാടാണ്. മാത്രമല്ല നിങ്ങൾ നല്ലൊരു അച്ഛനുമാണല്ലോ.” കാമ്യ മറ്റെങ്ങോ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അല്ല… അല്ല… ഞാൻ അതൊന്നുമല്ല” പെട്ടന്ന് ഞാൻ മറുപടി പറഞ്ഞു.

“ഇന്ന് സംഭവിച്ചതോർത്ത് ടെൻഷൻ വേണ്ട. നിങ്ങൾ ശിവക്കൊപ്പം പൂളിൽ നീന്തിക്കളിക്കുമ്പോഴും അവനെ പരിപാലിക്കുമ്പോഴും ഞാൻ ഒരു അച്ഛന്‍റെ വാത്സല്യം കണ്ടതാണ്. അത് അധികം അച്ഛന്മാരിൽ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിലപ്പെട്ട സമയം മകന് നൽകുന്നു. അത് വളരെ വലിയ കാര്യമാണ്. പലരും മക്കൾക്ക് പണം കൊടുക്കുന്നു. വലിയ ഗിഫ്റ്റുകൾ കൊടുക്കുന്നു. അതോടെ തീർന്നു. കുട്ടികൾക്കൊപ്പം സമയം ചെലവിടുന്നവരാണ് നല്ല രക്ഷിതാക്കൾ.” കാമ്യ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് നിങ്ങളുടെ സൗഹൃദം ഇഷ്ടമാണ്. പക്ഷേ മകന്‍റെയും അച്ഛന്‍റെയും ഇടയിൽ വരാൻ ഞാനാഗ്രഹിക്കുന്നില്ല.” കാമ്യ പറഞ്ഞു.

“പക്ഷേ നീ…” ഞാൻ എന്തോ പറയാൻ ശ്രമിച്ചു. അവൾ എന്‍റെ ചുണ്ടിൽ വിരൽ വച്ച് അത് തടഞ്ഞു.

“നാളെ ഞാൻ തിരിച്ചുപോവുകയാണ്. പക്ഷേ ലഞ്ച് ‌വരെ ഇവിടെ കാണും. ”

“ഞാനും ശിവയും നാളെ നിന്നെ കാണാൻ വരാം.”

“നിങ്ങൾ വളരെ ലക്കിയാണ്. എത്ര നല്ല പുത്രനെയാണ് നിങ്ങൾക്ക് ലഭിച്ചത്” കാമ്യ പറഞ്ഞു. എനിക്കൊന്നും പറയാൻ തോന്നിയില്ല. ലിഫ്റ്റിന്‍റെ ചില്ല് ജാലകത്തിലൂടെ നോക്കിയപ്പോൾ അവൾ ഞാൻ പോകുന്നത് നോക്കി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. എന്‍റെ മനസ്സിലും അവളുടെ മനസ്സിലും ഒരേ കടൽ ഇരമ്പുന്നത് ഞാനറിഞ്ഞു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें