കമ്പനി കണ്ടുപിടിച്ച് മാനേജരുടെ അനുവാദത്തോട മുതലാളിയുടെ ക്യാബിനിലേയ്ക്ക് നേരിയ വിറയലോടെ ഉസ്മാൻ കടന്നു ചെന്നു. തിരക്കിട്ട് ഫയലുകൾ നോക്കിക്കൊണ്ടിരുന്ന മുതലാളിയുടെ ഇരിക്കുവാനുള്ള ക്ഷണം കൈക്കൊണ്ട് വിനയത്തോടെ കസേരയിൽ ഇരുന്നപ്പോൾ തന്നെ അദ്ദേഹം വീണ്ടും ഫയലുകളിലേയ്ക്ക് തിരിഞ്ഞു. ഒപ്പം ഉസ്മാന്‍റെ ചിന്തകൾ പഴയ സംഭവങ്ങളിലേക്കും.
രണ്ടു മാസം മുൻപ് ഒരു ദിവസം രാവിലെയാണ് സംഭവം. ടാക്സി കാർ സ്വന്തമായിട്ടുള്ള അയൽ വീട്ടിലെ രാമൻകുട്ടി വേലിപ്പടി കവച്ചു വച്ച് തന്‍റെ വീട്ടിലേക്ക് വരുന്നത് താൻ ഉമ്മറത്ത് ഇരുന്ന് കാണുന്നുണ്ടായിരുന്നു. അവന് കിട്ടുന്ന ഓട്ടങ്ങളിൽ ചിലത് അവൻ തന്നെയാണ് ഏൽപ്പിക്കാറുള്ളത്. ഓട്ടം പോയിട്ട് കിട്ടിയ കാശ് മുഴുവനായും അവനെ ഏൽപ്പിക്കുമ്പോൾ മാന്യമായ പ്രതിഫലവും അവൻ തരാറുണ്ട്.
രണ്ട് കുടുംബങ്ങളും തമ്മിലുള്ള നിരവധി വർഷങ്ങളുടെ ബന്ധം എല്ലാ ആഘോഷങ്ങളിലും തെളിഞ്ഞു കാണാറുണ്ട്. ഇന്നത്തെ അവന്‍റെ വരവും ഏതെങ്കിലും ഓട്ടം അവന് പകരമായി തന്നെ വിടാൻ വേണ്ടിയിട്ടാകും. ഒരു പക്ഷേ, ഒരു സ്ഥിര വരുമാനമില്ലാത്ത തന്‍റെ അവസ്ഥ കണ്ട് തനിക്ക് ഒരു സഹായമാകട്ടെ എന്ന ചിന്തയും അതിന്‍റെ പുറകിൽ ഉണ്ടാകുമായിരിക്കും.
പക്ഷേ, പതിവിന് വിപരീതമായി രാമൻകുട്ടി തന്നെ തീരെ ഗൗനിക്കാതെ നേരെ അടുക്കളയിലേക്കാണ് പോയത്. അടുക്കളയിൽ ഉമ്മയോട് എന്തോ കുശുകുശുത്ത ശേഷമാണ് അവൻ ഉമ്മറത്ത് വന്ന് തന്നോട് കാര്യം പറഞ്ഞത്. പുറകെ ഉമ്മയുമെത്തി. ശബരിമലയിൽ സീസൺ തുടങ്ങുകയാണത്രെ. വൃശ്ചികം, ധനു രണ്ട് മാസം തീർത്ഥാടകരുടെ പ്രവാഹമായിരിക്കും. ഈ അറുപത് ദിവസവും മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സുരക്ഷാ ഡ്രൈവുകൾക്ക് വേണ്ടി താൽക്കാലികമായി ഡ്രൈവർമാരെ എടുക്കുന്നുണ്ടത്രെ.
അതിന് വേണ്ടി വകുപ്പ് നടത്തുന്ന ടെസ്റ്റിൽ പങ്കെടുക്കാൻ രാമൻകുട്ടി പോകുന്നുണ്ട്. താൻ കൂടെ വരുന്നോ എന്നറിയാനാണ് അവൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ഉമ്മയുടെ അഭിപ്രായവും രാമൻകുട്ടി സൂചിപ്പിച്ച പോലെ ഒന്ന് പങ്കെടുത്ത് നോക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ്. ഉസ്മാൻ സമ്മതം മൂളിയപ്പോൾ, എങ്കിൽ രാവിലത്തെ കഞ്ഞി കുടിച്ച് ഉടനെ പുറപ്പെടാമെന്ന് പറഞ്ഞ് രാമൻകുട്ടി എഴുന്നേറ്റു.
ഇലവുങ്കലിൽ താൽക്കാലികമായി തയ്യാറാക്കിയ സേഫ് സോൺ ക്യാമ്പ് ഓഫീസിൽ വച്ച്, ഒരു മണിക്കൂർ കൊണ്ട് മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന്, എത്തിച്ചേർന്ന മുപ്പത് പേരുടെയും ലൈസൻസ് പരിശോധന പൂർത്തിയാക്കി. തുടർന്ന് ഡ്രൈവിംഗ് മികവ് അറിയുവാനുള്ള പ്രായോഗിക പരീക്ഷ തീർന്നപ്പോഴേക്കും ഉച്ചക്ക് ഒരു മണിയായി. ആൽകോമീറ്റർ ടെസ്റ്റിൽ രണ്ടു പേർ മദ്യപിച്ചതായി കണ്ടതിനാൽ അവരെ ഉടനെ പറഞ്ഞു വിട്ടു. പിന്നെ ഒരാളെപ്പോലും ഒഴിവാക്കാതെ ബാക്കിയുള്ള എല്ലാവരെയും സെലക്ട് ചെയ്തു.
എല്ലാവർക്കും ആഹാരം തന്ന ശേഷം ഒരു മണിക്കൂർ നീണ്ട ക്ലാസ് ഉണ്ടായിരുന്നു. കൊടുംവളവുകളിൽ ശ്രദ്ധിക്കേണ്ടത്, രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ടത്, അപകടത്തിൽ പെടുന്ന തീർത്ഥാടകരെ രക്ഷിക്കേണ്ടുന്ന വിധം, ഫസ്റ്റ് എയിഡ് നൽകേണ്ടുന്ന വിധം, വിവരങ്ങൾ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അറിയിക്കുന്ന രീതികൾ, വന്യമൃഗങ്ങളുടെ സാമീപ്യം ഉണ്ടായാൽ പ്രതികരിക്കേണ്ട രീതികൾ, തീർത്ഥാടകരോട് ഇടപഴകേണ്ട രീതികളും മര്യാദകളും അവർക്ക് ചെയ്തു കൊടുക്കേണ്ടതായ സേവനങ്ങൾ തുടങ്ങി പല വിഷയങ്ങളായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല.