മുറ്റത്ത് കാർ വന്നു നിൽക്കുന്നതും അമ്മ അതിൽ നിന്ന് ഇറങ്ങി അകത്തേയ്ക്ക് കയറി വരുന്നതും ജനലിലൂടെ കണ്ടപ്പോഴാണ് ശാരിയ്ക്ക് സമാധാനമായത്. ഇവിടെ ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാനസിക വൈകല്യമുണ്ടെന്നും ഇപ്പോഴേ ചികിത്സിച്ചാൽ ഭേദമാക്കാൻ എളുപ്പമാണെന്നും താൻ എത്രയോ തവണ തന്‍റെ വീട്ടിലോട്ട് വിളിച്ചു പറഞ്ഞിരിക്കുന്നു. ഇപ്പോഴെങ്കിലും അവർക്ക് കാര്യം മനസ്സിലായി എന്നതു തന്നെ ഏറെ ആശ്വാസമെന്ന് ശാരി ചിന്തിച്ചു.

അകത്ത് കടന്ന അമ്മയെ ശാരി നേരെ തന്‍റെ ബെഡ് റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ട് ചെവിയിൽ സ്വകാര്യമായി പറഞ്ഞു.

"ശ്രീയേട്ടനും ശ്രീയേട്ടന്‍റെ അമ്മയ്ക്കും മാത്രമല്ല ഇവരുടെ കുടുംബത്തിൽ പലർക്കും മുമ്പേ തന്നെ മാനസിക നില ശരിയല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴെങ്കിലും അമ്മയ്ക്ക് കാര്യം ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് ഇനി ഒട്ടും വൈകേണ്ടതില്ല, നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടാം." ശാരി തിടുക്കം കൂട്ടി.

"നീയൊന്ന് അടങ്ങ്, ഞാൻ ശ്രീഹരിയേയും അമ്മയെയും ഒന്ന് കാണട്ടെ. തൽക്കാലം നീ ഇവിടെത്തന്നെ ഇരിയ്ക്ക്." അമ്മ ശാരിയെ സാന്ത്വനപ്പെടുത്തി എഴുന്നേറ്റ് മുറിയ്ക്ക് പുറത്തു കടന്നു. അമ്മായിയമ്മയും ഭർത്താവും വല്ല കള്ളവും പറഞ്ഞ് തന്‍റെ അമ്മയെ മാനസാന്തരം വരുത്തുമോ എന്ന ആകുലതയിൽ ശാരി അസ്വസ്ഥയായി മുറിയ്ക്കുള്ളിൽ നടക്കാൻ തുടങ്ങി.

പത്ത് മിനിറ്റിനകം തന്നെ അമ്മ തിരിച്ചെത്തി ശാരിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

"എന്തായാലും നിന്‍റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. നമ്മൾ അവരെ രണ്ടു പേരെയും ഡോക്ടറെ കാണിക്കുവാൻ കൊണ്ടുപോകുകയാണ്. ഇനിയെല്ലാം ഡോക്ടർ തന്നെ തീരുമാനിയ്ക്കട്ടെ. വാ മോളെ, നമുക്ക് ഇറങ്ങാം."

അനുസരണയുള്ള കുട്ടിയായി ശാരി അമ്മയോടൊപ്പം കാറിന്‍റെ പുറകിൽ കയറി. മുൻസീറ്റിൽ കയറിയ ശ്രീഹരി തിരിഞ്ഞ് നോക്കി എല്ലാവരും കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ഡ്രൈവർക്ക് കണ്ണുകൊണ്ട് നിർദ്ദേശം നൽകി.

ഇതിനിടയിലും മറ്റാരും കേൾക്കാതെ അമ്മയുടെ ചെവിയിൽ ഒരു സ്വകാര്യം പറയുവാൻ ശാരി പഴുത് കണ്ടെത്തി.

"ഞങ്ങടെ കല്യാണത്തിനു മുമ്പും ശ്രീയേട്ടന് മുഴുത്ത വട്ടായിരുന്നുവെന്ന് ഇവിടെ അയൽ വീട്ടിലെ കുട്ടികളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ശ്രീയേട്ടൻ ആ കുട്ടികളുമാത്ത് കളിക്കുമ്പോഴെല്ലാം കള്ളക്കളി കളിക്കാറുണ്ടായിരുന്നു എന്ന് അവരെല്ലാം പറഞ്ഞു. ഇതെല്ലാം മറച്ചുവച്ച് ഈ കല്യാണം നടത്തിയതിന് ഇവർക്കെതിരെ ഒരു കേസും അമ്മ, അച്ഛനോട് പറഞ്ഞ് കൊടുപ്പിക്കണം."

"അതൊക്കെ അമ്മ നോക്കിക്കൊള്ളാം. മോൾ അമ്മേടെ തോളിൽ തലവച്ച് ഒന്ന് മയങ്ങിക്കോളൂ. എത്തുമ്പോൾ അമ്മ വിളിയ്ക്കാം." ശാരി സംതൃപ്തിയോടെ അമ്മയുടെ തോളിൽ തലവച്ച് കണ്ണുകളടച്ചു.

ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ എല്ലാവരുമായി ഇരിക്കവേ തന്നെ ഡോക്ടർ ഓരോരുത്തരെയും പ്രത്യേകമായി അരികിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. ശാരി ഇതിനിടെ ഡോക്ടറോട് ചെവിയിൽ 'മുറിയുടെ വാതിൽ കൊളുത്തിടുന്നതാണ് നല്ലത്, ഇൻജക്ഷൻ പേടിച്ച് ശ്രീയേട്ടൻ ഓടിപ്പോയാലോ ' എന്ന മറ്റൊരു സ്വകാര്യം കൂടി സൂചിപ്പിച്ചു. ഡോക്ടർ ചിരിച്ചു കൊണ്ട് 'അതൊക്കെ ഞാനേറ്റു' എന്ന് ശാരിയെ സമാധാനിപ്പിക്കുകയും ചെയ്തു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...