തടസ്സങ്ങളോ അസൗകര്യങ്ങളോ ഉണ്ടാകാതെ ഹൃദ്യമായ താമസം ആസ്വദിക്കാൻ കഴിയുന്നതാവണം അതിഥിമുറി. അത്തരമൊരു അതിഥിമുറിയ്ക്ക് നിങ്ങളുടേതായ ഒരു സിഗ്നേച്ചർ സ്റ്റൈൽ പകരാൻ ഇക്കാര്യങ്ങൾ ഓർത്തു വയ്ക്കാം...
മികച്ച രീതിയിൽ അലങ്കരിച്ച അതിഥിമുറി വെറുമൊരു കിടപ്പുമുറി മാത്രമല്ല. അത് ആതിഥ്യ മര്യാദയുടേയും ഊഷ്‌മളതയുടേയും പ്രതിഫലനമാണ്. അതിഥികളെ ശ്രേഷ്ഠമായി സൽക്കരിക്കുകയെന്നത് നമ്മുടെ സാംസ്ക്‌കാരിക പൈതൃകത്തെയാണ് അടയാളപ്പെടുത്തുന്നത്. വീട്ടിൽ എത്തുന്ന അതിഥികൾക്ക് നിങ്ങളുടെ ഇടവും ഹൃദയവും പങ്കിടാനുള്ള സന്നദ്ധതയുടെ പ്രതിഫലനമാണത്.
സുഖകരവും സ്റ്റെലിഷുമായ ഒരു അതിഥിമുറി അല്ലെങ്കിൽ ഗസ്‌റ്റ് റൂം അതിഥികളിൽ സന്തോഷവും മതിപ്പും ഉളവാക്കും. നിങ്ങൾ അതിഥികളെ എത്രമാത്രം വിലമതിക്കുന്നുവെന്ന് അത് എടുത്ത് കാട്ടുന്നു. വർഷങ്ങളോളം അതിഥികളുടെ മനസ്സിൽ ഹൃദ്യമായ ഓർമ്മയായി അത് നിറഞ്ഞു നിൽക്കും. സുഖസൗകര്യങ്ങൾ, പ്രവർത്തനക്ഷമത, വ്യക്‌തിപരമായ താൽപ്പര്യം എന്നിവ സമന്വയിപ്പിച്ചുള്ള ഒരു അതിഥിമുറി അലങ്കരിക്കുന്നതെങ്ങനെ എന്നറിയാം.
അതിഥിമുറിയിലെ ഫർണിച്ചർ
അതിഥിമുറിക്ക് വ്യത്യസ്‌തത പകരുന്നതിന് വ്യത്യസ്ത നിറങ്ങളുടെ ഒരു ശേഖരം ഉപയോഗിച്ച് മുറി അലങ്കരിക്കാം. ഇതിനായി ചെറിയ സോഫയും അലമാര പോലുള്ള വ്യത്യസ്‌ത തരം ഫർണിച്ചറുകളും ഉപയോഗിക്കാം. വേണമെങ്കിൽ തറയിൽ വർണ്ണാഭമായ മെത്തകൾ വിരിച്ചിടുന്നത് മുറിയെ കൂടുതൽ ആകർഷകമാക്കും.
ചെറിയ മുറിയാണെങ്കിൽ കൂടിയും മുറിയുടെ വലിപ്പം കൂട്ടി കാട്ടാൻ ഫർണിച്ചറുകൾ സമർത്ഥമായി തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഫോൾഡിംഗ് മേശകൾ അല്ലെങ്കിൽ ചുമരിൽ ഫിക്സ് ചെയുന്ന കിടക്കകൾ എന്നിങ്ങനെ. ഇങ്ങനെ ചെയ്യുന്നതിലൂടെ മുറി വിശാലമായി കാണപ്പെടും. ഇതിനുപുറമെ ഗസ്‌റ്റ് റൂമിലേക്ക് ഒരു ടേബിൾ ലാമ്പ്, അലമാര, കസേര എന്നിവയും ആവശ്യമാണ്.
സോഫ കം ബെഡ്
വീട്ടിലെ അതിഥിമുറിക്ക് മികച്ചതും ഒതുക്കമുള്ളതുമായ രൂപകൽപ്പനയും അലങ്കാരവുമാണ് ആവശ്യം. ഇതിനായി ഒരു സോഫ കം ബെഡ് വാങ്ങാം. ഒരേസമയം 2 ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ മെച്ചം. സ്വീകരണമുറിയിലും ഇത്തരത്തിലുള്ള ഫർണിച്ചറുകൾ ഉപയോഗിക്കാം. വീട്ടിൽ സ്‌ഥലം കുറവാണെങ്കിൽ പകൽ സമയത്ത് സ്വീകരണ മുറിയായും രാത്രിയിൽ അതിഥിമുറിയായും ലിവിംഗ് സ്പേസിനെ മാറ്റിയെടുക്കാം. അതിഥികൾ വരുമ്പോൾ സോഫ തുറന്ന് ഒരു കിടക്കയുമാക്കാം. ബാക്കിയുള്ള സമയം അത് ദിവാനായി ഉപയോഗിക്കുകയും ചെയ്യാം.
നിലക്കണ്ണാടി സ്ഥാപിക്കുക
അതിഥിമുറിയിൽ ഫുൾ ലെംഗ്ത് കണ്ണാടി സ്‌ഥാപിക്കുക. അതിഥിയ്ക്ക് ശരിയായ വണ്ണം തയ്യാറാവാൻ ഇത് സൗകര്യപ്രദമാകും. ചെറിയ മുറിയുടെ വലിപ്പം കൂട്ടിക്കാണിക്കാനും മുറി പ്രകാശപുരിതമാക്കാനും ചുവരിൽ വലിയ കണ്ണാടി സ്ഥാപിക്കുന്നത് അനുയോജ്യമാണ്.
ഒരു ക്ലോക്കും
സമയം നോക്കാനുള്ള സംവിധാനമൊക്കെ സ്മാർട്ട്ഫോണിൽ ഉണ്ടെങ്കിലും മുറിയിൽ ഒരു ക്ലോക്ക് ഉണ്ടായിരിക്കുന്നത് നിങ്ങളുടെ ജാഗ്രതയെയാണ് കാണിക്കുന്നത്. ഒപ്പം ഗസ്‌റ്റ് റൂം ഉപയോഗശൂന്യമായ മുറിയല്ലെന്നും ഇത് സൂചിപ്പിക്കുന്നു. മുറിയിൽ മനോഹരമായ ഒരു ക്ലോക്ക് ഉണ്ടായിരിക്കുന്നത് ഇന്‍റീരിയറിന്‍റെ പ്രധാന ഭാഗമാണ്. അതിനാൽ ഭംഗിയുള്ള ക്ലോക്ക് കൊണ്ട് അതിഥിമുറി അലങ്കരിക്കുക.
അലമാര കുടി
അതിഥിമുറിയിൽ ഒരു അലമാര ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. അതിഥിയ്ക്ക് ഏതാനും ദിവസം താമസിക്കേണ്ടി വരികയാണെങ്കിൽ അവരുടെ സാധന സാമഗ്രികൾ ക്രമീകരിച്ച് സൂക്ഷിക്കാൻ ഇതുവഴി സാധിക്കും. ചെറിയ ഒരു അലമാരയാണെങ്കിൽ കൂടിയും മുറിയിൽ അത് ക്രമീകരിക്കുന്നത് ആതിഥേയൻ ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്.





