ഇക്കാലത്ത് കുട്ടികളിലും യുവ തലമുറയിലും ജങ്ക് ഫുഡ് കഴിക്കാനുള്ള ആസക്‌തി വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്നത് നിമിത്തം ഒരു ലഹരിക്കടിമപ്പെടുന്ന അവസ്‌ഥ സംജാതമാകുകയാണ്. ഒരാൾക്ക് ആഗ്രഹമുണ്ടെങ്കിൽപോലും ആ ശീലം ഒഴിവാക്കാൻ കഴിയുകയില്ല. അതിനാൽ അവർ പൊണ്ണത്തടിയുള്ളവരായി മാറുകയും ചെറുപ്രായത്തിൽ തന്നെ രോഗങ്ങളാൽ കഷ്‌ടപ്പെടുകയും ചെയ്യുന്നു. ജങ്ക് ഫുഡ് കഴിക്കുന്ന ശീലത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വിവരങ്ങൾ വളരെ ഉപയോഗപ്രദമാകും.
എന്‍റെ മകന് ബിരിയാണി കഴിച്ചശേഷം അപ്പോൾ തന്നെ കൊക്കോകോള പോലെ എന്തെങ്കിലും കുടിച്ചേ മതിയാകു. ഇത് നല്ല ഭക്ഷണ ശീലമല്ല എന്ന് പറഞ്ഞു കൊടുത്താലും മാറ്റമില്ല. അമ്മ വിദ്യ പറയുന്നു. എന്തുചെയ്യണം എന്‍റെ മകന്‍റെ ഈ ശീലം എത്ര ശ്രമിച്ചിട്ടും മാറുന്നില്ല എന്നൊക്കെ ഇങ്ങനെ ചിലർ പറയുന്നത് കേട്ടിട്ടില്ലെ. ഉപേക്ഷിക്കേണ്ട ശീലങ്ങളെ നമ്മൾ നെഗറ്റീവ് രീതിയിലാണ് എടുക്കുന്നത്. എന്നാൽ വാസ്തവത്തിൽ ഒരു വ്യക്തിയുടെ ദൈനംദിന ദിനചര്യ തീരുമാനിക്കുന്നത് ആ വ്യക്തിയുടെ ശീലങ്ങളാണ്.
നമ്മുടെ ശീലങ്ങൾക്കനുസൃതമായാണ് നാമെല്ലാവരും നമ്മുടെ ദൈനംദിന ജോലികളിൽ പലതും ചെയ്യുന്നത്. രാവിലെ ഉണരുന്ന സമയമായാലും രാത്രി ഉറങ്ങുന്ന സമയമായാലും നമ്മൾ എന്ത് കഴിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നതായാലും ശീലങ്ങളാണ് മുഖ്യം. അതു കൊണ്ടാണ് ശീലങ്ങൾ നല്ലതും ചീത്തയും ആകുന്നത്. ശീലം നല്ലതാണെങ്കിൽ അത് നമ്മളിലും കുടുംബത്തിലും സമൂഹത്തിലും നല്ല സ്വാധീനം ചെലുത്തുന്നു. മറുവശത്ത് നമ്മൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ശീലങ്ങൾ മോശമോ നെഗറ്റീവോ ആണെങ്കിൽ അവ ഉപേക്ഷിക്കാൻ പ്രയാസകരവുമാണ്.
ഒരാൾ രാവിലെ ഉണരുമ്പോൾ തന്നെ ചായയോ കാപ്പിയോ ആഗ്രഹിക്കുന്നതുപോലെ എല്ലാ ദിവസവും എത്ര നല്ല ഭക്ഷണം കഴിച്ചാലും ചിലർക്ക് സമൂസ, ബർഗർ, മധുരപലഹാരങ്ങൾ തുടങ്ങിയ ചില ജങ്ക് ഫുഡ് വേണം. അത് കഴിക്കുന്നതുവരെ ആ വ്യക്തിക്ക് സംതൃപ്തി തോന്നുന്നില്ല. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ മറ്റേന്തെങ്കിലും കിട്ടിയാലും അത് ആസ്വദിക്കാനും കഴിയില്ല.
മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പിന്നെ പലപ്പോഴും നമ്മൾ പറയുന്നു ഞാൻ ശ്രമിക്കുന്നുണ്ടെന്ന്. പക്ഷേ ഈ ശീലം മാറുന്നില്ല. ഇതിന് പിന്നിലെ കാരണം എന്താണ്? എല്ലാത്തിനുമുപരി നല്ലതോ ചീത്തയോ ആയ ശീലങ്ങൾ എങ്ങനെയാണ് വളരുന്നത്? നമ്മുടെ ശീലങ്ങൾക്കനുസരിച്ച് നാം നമ്മുടെ ദിനചര്യ പിന്തുടരുന്നത് എന്തുകൊണ്ടാണ്? നമുക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും നമ്മുടെ ശീലങ്ങൾ മാറ്റാനോ ഉപേക്ഷിക്കാനോ കഴിയാത്തത് എന്തുകൊണ്ടാണ്? നമ്മുടെ ശീലങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? ഉപേക്ഷിച്ചതിനുശേഷവും നാം വീണ്ടും ചില ശീലങ്ങളിലേക്ക് മടങ്ങി വരുന്നത് എന്തു കൊണ്ടാണ്?
എന്താണ് ശീലം
ശീലം എന്നത് ഒരു പെരുമാറ്റമാണ്. പതിവായി ആവർത്തിക്കുന്ന ഏതൊരു പെരുമാറ്റവും മിക്കവാറും യാതൊരു ചിന്തയും ആവശ്യമില്ലാത്തതും മറിച്ച് ആവർത്തനത്തിലൂടെ വികസിക്കുന്നതും തുടർന്ന് ആ പ്രവൃത്തി ചിന്തിക്കാതെ യാന്ത്രികമായോ സ്വയമേവയോ സംഭവിക്കാൻ തുടങ്ങുന്നതുമാണ്. ഉദാഹരണത്തിന് എല്ലാ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികൾ അതിന് അടിമപ്പെടുന്നു. പിന്നീട് ജങ്ക് ഫുഡ് അവർക്ക് ഒരു ആസക്‌തിയായി മാറുന്നു. അതിന്‍റെ ഫലമായി അവർ അത് കഴിക്കുന്നതുവരെ അസ്വസ്‌ഥതയോടെ തുടരുന്നു. അവരുടെ അസ്വസ്‌ഥത കോപത്തിന്‍റെയും ക്ഷോഭത്തിന്‍റെയും രൂപത്തിൽ പുറത്തുവരുന്നു.





